സിദ്ധാന്തങ്ങളുടെ പ്രാമാണികത

ഭാരതീയഗണിതം (Indian Mathematics)

ഗണിതശാസ്ത്രസിദ്ധാന്തങ്ങളുടെ ചരിത്രത്തെപ്പറ്റി പ്രതിപാദിക്കുമ്പോള്‍, അവയുടെ നിഷ്പത്തിയോ (derivation) ഉപപത്തിയോ (proof) ആദ്യമായി കണ്ടുപിടിച്ച ആളുടെ പേരിലായിരിക്കും സാധാരണയായി അവ അറിയപ്പെടുന്നതു്‌. ഉദാഹരണത്തിനു്‌, യൂക്ലിഡിന്റെ (Euclid) പേരില്‍ പ്രസിദ്ധമായ വളരെയധികം ക്ഷേത്രഗണിതസിദ്ധാന്തങ്ങള്‍ അതിനു മുമ്പുള്ളവര്‍ക്കു്‌ അറിവുള്ളവയായിരുന്നു എന്നു തെളിഞ്ഞിട്ടുണ്ടു്‌. യൂക്ലിഡാണു്‌ ആദ്യം അവ തെളിയിച്ചതെന്നു മാത്രം.

വളരെയധികം സിദ്ധാന്തങ്ങളെപ്പറ്റി അവയെ പാശ്ചാത്യര്‍ കണ്ടുപിടിക്കുന്നതിനു വളരെ മുമ്പേ ഭാരതീയര്‍ കണ്ടുപിടിച്ചിരുന്നു എന്നു പറയുമ്പോള്‍, നാം തെളിയിച്ചവരുടെ കാലവുമായല്ല, ആദ്യം അറിഞ്ഞവരുടെ കാലവുമായാണു താരതമ്യം ചെയ്യേണ്ടതു്‌. കാരണം, നിഷ്പത്തിയോ ഉപപത്തിയോ പ്രസിദ്ധീകരിക്കുന്ന സ്വഭാവം ഭാരതീയര്‍ക്കുണ്ടായിരുന്നില്ല. ഫലം മാത്രമേ അവര്‍ കണക്കാക്കിയിരുന്നുള്ളൂ.

സിദ്ധാന്തങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിവുള്ളവര്‍ക്കു്‌ തെളിയിക്കാനും കഴിയുമായിരുന്നു, അവര്‍ അതു ചെയ്തില്ല എന്നേ ഉള്ളൂ എന്ന വാദത്തില്‍ കഴമ്പില്ല. നാനൂറു കൊല്ലങ്ങള്‍ക്കു ശേഷമാണു്‌ ഫെര്‍മയുടെ അന്ത്യസിദ്ധാന്തം (Fermat’s Last theorem) തെളിയിക്കപ്പെട്ടതു്‌. ശരിയാണെന്നു മിക്കവാറും ഉറപ്പുള്ള മറ്റു പല സിദ്ധാന്തങ്ങളും (ഉദാഹരണം: Goldbach’s conjecture) ഇപ്പോഴും തെളിയിക്കപ്പെടാതെ അവശേഷിക്കുന്നുമുണ്ടു്‌.