മരങ്ങളും പരോപകാരികളും

സുഭാഷിതം

ഭര്‍ത്തൃഹരിയുടെ നീതിശതകത്തിലും കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിലും (അഞ്ചാം അങ്കം) കാണുന്ന ഒരു പ്രസിദ്ധശ്ലോകം. ഇതു ഭര്‍ത്തൃഹരിയുടേതാണെന്നും ശാകുന്തളത്തില്‍ ആരോ പിന്നെ കൂട്ടിച്ചേര്‍ത്തതാണെന്നും (പ്രക്ഷിപ്തം) ആണു പണ്ഡിതമതം.

ഭവന്തി നമ്രാസ്തരവഃ ഫലോദ്‌ഗമൈര്‍-
നവാംബുഭിര്‍ ദൂരവിലംബിനോ ഘനാഃ
അനുദ്ധതാഃ സത്‌പുരുഷാഃ സമൃദ്ധിഭിഃ
സ്വഭാവ ഏവൈഷ പരോപകാരിണാം

അര്‍ത്ഥം:

തരവഃ ഫല-ആഗമൈഃ നമ്രാഃ ഭവന്തി : മരങ്ങള്‍ പഴങ്ങളുണ്ടാകുമ്പോള്‍ കുനിയുന്നു
ഘനാഃ നവ-അംബുഭിഃ ദൂര-വിലംബിനഃ (ഭവന്തി) : മേഘങ്ങള്‍ പുതിയ വെള്ളമുണ്ടാകുമ്പോള്‍ കൂടുതല്‍ താഴുന്നു
സത്‌പുരുഷാഃ സമൃദ്ധിഭിഃ അനുദ്ധതാഃ (ഭവന്തി) : നല്ല ആളുകള്‍ ഐശ്വര്യങ്ങളില്‍ അഹങ്കരിക്കില്ല
ഏഷ പരോപകാരിണാം സ്വഭാവഃ ഏവ : ഇതു പരോപകാരികളുടെ സ്വഭാവം തന്നെയാണു്.

“ഫലോദ്‌ഗമൈഃ” എന്നതിനു “ഫലാഗമൈഃ” എന്നും “ദൂരവിലംബിനഃ” എന്നതിനു “ഭൂരിവിലംബിനഃ” എന്നും പാഠഭേദം.

വംശസ്ഥം ആണു് ഇതിന്റെ വൃത്തം.


പരിഭാഷകള്‍:

ശാകുന്തളത്തിന്റെ മിക്കവാറും എല്ലാ പരിഭാഷകരും ഈ ശ്ലോകം പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. മൂന്നെണ്ണം താഴെച്ചേര്‍ക്കുന്നു.

 1. ആറ്റൂര്‍ കൃഷ്ണപ്പിഷാരടി (വൃത്തം: വംശസ്ഥം)
  മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍;
  പരം നമിക്കുന്നു ഘനം നവാംബുവാല്‍;
  സമൃദ്ധിയാല്‍ സജ്ജനമൂറ്റമാര്‍ന്നിടാ;
  പരോപകാരിക്കിതു താന്‍ സ്വഭാവമാം

 2. ഏ. ആര്‍. രാജരാജവര്‍മ്മ (വൃത്തം: വംശസ്ഥം)
  മരങ്ങള്‍ കായേറ്റു കുനിഞ്ഞു ചാഞ്ഞിടും;
  ധരിച്ചു നീരം ജലദങ്ങള്‍ തൂങ്ങിടും;
  ശിരസ്സു സത്തര്‍ക്കുയരാ സമൃദ്ധിയാല്‍;
  പരോപകാരിക്കിതു ജന്മസിദ്ധമാം.

 3. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ (വൃത്തം: ദ്രുതവിളംബിതം)
  ഫലഭരേണ തരുക്കള്‍ നമിച്ചിടും;
  ജലഭരേണ ഘനങ്ങളുമങ്ങനെ;
  അലഘുസമ്പദി സജ്ജനവും തഥാ
  വിലസിടുന്നു-ഗുണം ഗുണികള്‍ക്കിതു്.

അക്ഷരശ്ലോകം ഗ്രൂപ്പിലെ ഇ-സദസ്സില്‍ ഒരു സ-ഫ ശ്ലോകം filler ആയി ആവശ്യം വന്നപ്പോള്‍ ഇതിനെ അവലംബിച്ചു ഞാന്‍ എഴുതിയ ഒരു ശ്ലോകം: (വൃത്തം: ദ്രുതവിളംബിതം)

സ്ഖലിതഭാഗ്യമണഞ്ഞൊരു നാളിലും
നില മറക്കരുതാരുമൊരിക്കലും;
ഫലഗണം പൊഴിയും പൊഴുതേറ്റവും
തലയുയര്‍ത്തുകയാണു തരുവ്രജം.

മക്കളൊക്കെ ഒരു നിലയിലായി വിട്ടുപോകുമ്പോള്‍ അച്ഛനമ്മമാര്‍ക്കുള്ള സ്ഥിതിയാണു് ഇതെന്നായിരുന്നു ബാലേന്ദുവിന്റെ നിരീക്ഷണം :)