ഷൈനിയ്ക്കു് ഒരു ഗീതം

കവിതകള്‍ (My poems)

ഇരുപത്തൊന്നു കൊല്ലം മുമ്പെഴുതിയ ഒരു കവിത. നഷ്ടപ്പെട്ടുപോയെന്നു കരുതിയിരുന്ന ഈ കവിത ഓര്‍ത്തെഴുതാന്‍ ഒരു ശ്രമം നടത്തിയെങ്കിലും മുഴുവന്‍ ഓര്‍മ്മ കിട്ടിയില്ല. ഈയിടെ വീടു മാറിയപ്പോള്‍ ഇതെഴുതിവെച്ചിരുന്ന ഒരു പഴയ നോട്ടുബുക്കു കിട്ടി. ഇത്രയും കാലത്തിനു ശേഷം വായിക്കുമ്പോള്‍ ബാലിശമായിത്തോന്നുന്നു. ഏതായാലും ഇവിടെ ഇടുന്നു. ബാലിശമായതും ഇടാനല്ലേ ബ്ലോഗ്?

സന്ദര്‍ഭം: 1986-ലെ ഏഷ്യാഡ്. അന്നു ഞാന്‍ ആര്‍. ഇ. സി. യില്‍ ഒരു പ്രധാന പരീക്ഷയുടെ സ്റ്റഡിലീവിലായിരുന്നു. അപ്പോഴാണു ട്രാക്ക് മാറി ഓടിയതുകൊണ്ടു ഷൈനി വില്‍‌സനെ (ഷൈനി ഏബ്രഹാം) അയോഗ്യയാക്കിയ വാര്‍ത്ത ആരോ പറഞ്ഞതു്‌. അതു വളരെയധികം വിഷമമുണ്ടാക്കി. ഈ എഞ്ചിനീയറിംഗു തന്നെ തനിക്കിഷ്ടമല്ലാത്ത വിഷയമാണെന്നുള്ള അറിവും അതു പഠിക്കാന്‍ വന്നപ്പോള്‍ അക്ഷരശ്ലോകം, സാഹിത്യം, ചെസ്സ് തുടങ്ങിയ കാ‍ര്യങ്ങള്‍ക്കായി പഠിത്തത്തില്‍ നിന്നു വ്യതിചലിക്കുന്നതിനെപ്പറ്റിയുള്ള ആലോചനയും ചേര്‍ന്നപ്പോള്‍ പരീക്ഷയ്ക്കു പഠിക്കുന്നതിനു പകരം ഈ കവിത എഴുതി.

മാതൃഭൂമി ആഴ്ചപ്പതിപ്പു് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തിയ കവിതാമത്സരത്തിനു്‌ ഇതയച്ചുകൊടുത്തു. സമ്മാനം കിട്ടിയില്ലെന്നു മാത്രമല്ല, “സമ്മാനം അര്‍ഹിക്കുന്ന കവിതകളൊന്നും ഇക്കുറി കിട്ടിയില്ല, തമ്മില്‍ ഭേദമെന്നു തോന്നുന്ന മൂന്നെണ്ണം ഇതാ” എന്നു പറഞ്ഞു മൂന്നു പരട്ടക്കവിതകള്‍ അവര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിലും വലിയ ഒരു അപമാനമില്ല. പത്രമാസികകള്‍ക്കു സൃഷ്ടികള്‍ അയയ്ക്കുന്ന പരിപാടി അതോടെ നിര്‍ത്തി. മലയാളികളുടെ ഭാഗ്യം!

അതിലും വലിയ പ്രശ്നമുണ്ടായതു്‌ വീട്ടില്‍ ഈ കവിത കാണിച്ചപ്പോഴാണു്. മലയാളാദ്ധ്യാപികയായ അമ്മയ്ക്കു് ഇതിഷ്ടപ്പെടുമെന്നാണു ഞാന്‍ കരുതിയതു്. പക്ഷേ അതൊരു ദുരന്തമായി കലാശിച്ചു. ഇതിലെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും “ഇവരാണു നാടിന്റെ ശാപം” എന്നു പറഞ്ഞതു് എന്റെ സ്വന്തം കാര്യമാണെന്നു് എന്റെ അദ്ധ്യാപിക കൂടിയായിരുന്ന അമ്മ തെറ്റിദ്ധരിച്ചു. ഒരു ലക്ഷ്യം മനസ്സില്‍ അടിച്ചുകയറ്റി അതിലേക്കു കുട്ടികളെ തള്ളിവിടുന്നവരെപ്പറ്റിയാണു ഞാന്‍ എഴുതിയതെന്നു ഞാന്‍ പറഞ്ഞതൊന്നും അമ്മയുടെ തലയില്‍ കയറിയില്ല. അതിനു ശേഷം എന്റെ ജീവിതത്തിനെ സംഭവിക്കുന്ന ഒരു കാര്യത്തിലും അമ്മ അഭിപ്രായം പറയാറില്ല. “നീ നിന്റെ വഴി, അതു മാറ്റിപ്പറയാന്‍ ഞാന്‍ ശ്രമിക്കുന്നില്ല” എന്ന മട്ടു്.

ഷൈനി വില്‍‌‌സനു് ഈ കവിത അയച്ചുകൊടുക്കണം എന്നു് ഒരിക്കല്‍ ഞാന്‍ കരുതിയിരുന്നു. ചെയ്തില്ല. ഷൈനിയ്ക്കു കവിത ഇഷ്ടമാണോ എന്നറിയില്ലല്ലോ. പിന്നെ ഇതു് എങ്ങനെ അവരെ ബാധിക്കും എന്നറിയുകയുമില്ലല്ലോ.

എന്റെ ചില അടുത്ത കൂട്ടുകാര്‍ മാത്രമേ അന്നു്‌ ഈ കവിത കണ്ടിട്ടുള്ളൂ. ആദ്യമായാണു് എവിടെയെങ്കിലും ഇതു പ്രസിദ്ധീകരിക്കുന്നതു്. അന്നത്തെ അമിതമായ പ്രാസഭ്രമവും കാല്പനികതാഭ്രമവും സംസ്കൃതപക്ഷപാതിത്വവും എഴുത്തിന്റെ തഴക്കക്കുറവും ഇതില്‍ കാണാം.

ഇനി കവിത:


ഇതു നിന്റെ മാത്രമാമഴലല്ല ഷൈനി, ഈ
ധരണിയുടെ മൊത്തമഴലത്രേ;
ഒരു സ്വര്‍ണ്ണമെഡലിന്റെ കഥയല്ല, പൊയ്പ്പോയ
പെരുമകള്‍ക്കുള്ള കഥയത്രേ.

മെഡലല്ല നീയോടി നേടിയതു, ഭാരത-
ക്ഷിതി തന്റെയഭിമാനചിഹ്നം!
അണ തിങ്ങിയൊഴുകുമാഹ്ലാദമോര്‍ക്കില്‍ വെറും
തൃണതുല്യമഞ്ചു ഗ്രാം സ്വര്‍ണ്ണം!

ഉഷയൊത്തു നീയാര്‍ന്ന വിജയങ്ങളോര്‍ക്കുകില്‍
അഭിമാനസാന്ദ്രം ഹൃദന്തം;
ശരി, പക്ഷേയാരു മറന്നിടും നിന്റെയീ
കഠിനശ്രമത്തിന്‍ ദുരന്തം?


വെടി കേട്ടിടും മുമ്പു പായാതെ, നഗ്നമാം
അടികളെങ്ങും പതറിടാതെ,
നിജവീഥി തെറ്റാതെ, ലക്ഷ്യം മറക്കാതെ,
വിജയാശ കൈവിട്ടിടാതെ,

കുതി കൊണ്ടു നീയെത്ര ട്രാക്കുകളി, ലെത്രയോ
മെഡലുകളരിഞ്ഞു കൊയ്തിട്ടു!
എന്നിട്ടുമാ ലക്ഷ്യമെത്തുവാന്‍ എന്തിനായ്
പിന്നിട്ട പാത നീ വിട്ടു?

ഒരു വേള, മാര്‍ഗ്ഗമ, ല്ലണയേണ്ട ലക്ഷ്യമാ-
ണെവിടെയും വലുതെന്ന തത്ത്വം
അകതാരിലെങ്ങോ കിടന്നതു മൂലമി-
ന്നിളകിയെന്നോ നിന്റെ സ്വത്വം?


അണയേണ്ട ലക്ഷ്യമാണരുളേണ്ട മാര്‍ഗ്ഗത്തില്‍
വലുതെന്ന പ്രാചീനതത്ത്വം
അതു താന്‍-അതാണു യുവതലമുറയെയന്യായ-
പഥി നയിച്ചോരു ദുസ്സത്വം.

ലക്ഷ്യത്തിലെത്താന്‍-ജയിക്കാന്‍-നമുക്കേതു
കുത്സിതമാര്‍ഗ്ഗവുമാമോ?
തെറ്റായ മാര്‍ഗ്ഗത്തിലൂടെ നാം നേടുന്ന-
തൊക്കെ ന്യായീകരിക്കാമോ?

ലക്ഷ്യമല്ലേറ്റം പ്രധാനം-പ്രധാനമോ
നിശ്ചയം പൂതമാം മാര്‍ഗ്ഗം;
തന്നോടിണങ്ങുന്ന ലക്ഷ്യത്തിലെത്തുവാന്‍
മന്നിലതേയുള്ളു മാര്‍ഗ്ഗം.


വളരുന്ന പൈതലിനെ ‘യിഞ്ചിനീ’രാക്കുവാന്‍
തുനിയുന്ന മാതാപിതാക്കള്‍,
“തവ ലക്ഷ്യമെന്തു നീ പറകെടോ,” യെന്നു ചൊ-
ന്നവനെക്കുഴക്കും ഗുരുക്കള്‍

ഇവരൊന്നു ചേര്‍ന്നിട്ടു പൈതലില്‍ ദുരാശ തന്‍
കൊടുവിഷം കുത്തിവെയ്ക്കുന്നു;
അറിയാത്ത ലക്ഷ്യത്തിലറിയാതെ തന്നെയവന്‍
അതിയാകുമാശ വെയ്ക്കുന്നു.

ആശിച്ച ലക്ഷ്യത്തിലെത്താതെ പോയവര്‍-
ക്കാശ്രയമെന്തു? ചൊല്ലില്ല;
ആഞ്ഞോരു ലക്ഷ്യം തനിക്കാവതല്ലെന്നു
തോന്നിയാല്‍ ശാന്തിയേകില്ല.

ഒരു ലക്ഷ്യമില്ലാതെ മുന്നോട്ടു പോകുന്ന-
തിവരോര്‍ക്കുകില്‍ കൊടിയ പാപം;
യുവജനത തന്നില്‍ നിരാശത ചേര്‍ത്തിടും
ഇവരാണു നാടിന്റെ ശാപം.


ഇതു നിന്റെ മാത്രമാം കഥയല്ല ഷൈനി, യുവ-
ജനത തന്‍ കദനകഥയത്രേ;
ഒരു വെറും ട്രാക്കിന്റെ വ്യഥയല്ല, ജീവിത-
പ്പെരുവഴികള്‍ തന്റെ കഥയത്രേ.

കഴിവുണ്ടു ശേഷിയുണ്ടകതാരിനെങ്കിലും
വഴിതെറ്റിയോടുന്നു ഞങ്ങള്‍;
ഗതി മാറിയാണു തന്‍ കുതിയെന്നു കാണവേ
ചിതറുന്നു സ്വര്‍ണ്ണമോഹങ്ങള്‍!

“എല്ലാവരും പിന്നി”ലെന്നുള്ളൊരാ വെറും
ഹുങ്കു മാത്രം സ്വന്തമായി;
സ്വന്തമാം വഴിയിത, ല്ലൊന്നുമിതു നേടുകി-
ല്ലെന്നറിഞ്ഞീടുവാന്‍ വൈകി!

നീയറിഞ്ഞീല നീ ഗതി മാറി, വഴി വിട്ടു
പോയ, തതു തന്റെ വഴിയെന്നേ
ഓര്‍ത്തുള്ളു നീ, യതില്‍ വിജയം വരിച്ചു നീ-
വാഴ്ത്തുമെല്ലാവരും നിന്നെ.

വഴി മാറിയെന്ന കഥയറിയുന്നു ഞങ്ങളി-
ന്നണയവേ കവലയോരോന്നും.
എന്നിട്ടുമോടേണ്ട വഴിയില്‍ മടങ്ങിടാന്‍
വിമ്മിട്ടമാണെന്നു, മിന്നും.

വെങ്കലമെങ്കിലും കിട്ടുമപ്പാതയിനി-
യെങ്കിലും തേടിപ്പിടിച്ചാല്‍
എന്നറിയുന്നു ഞാന്‍-എന്താണു കിട്ടാത്ത-
തിന്നൊന്നു നാം വിചാരിച്ചാല്‍?


അറിയാതെ ഞാന്‍ കാടു കയറി, നിന്‍ പുണ്ണിനി
വലുതാക്കുവാനല്ലയെന്‍ നോട്ടം.
പറയവേ, പറയേണ്ട പലതുമെന്‍ മനസ്സിലൂ-
ടറിയാതെ പോയ്-അത്ര മാത്രം.

ഒരു കോച്ചുമില്ലാതെ, സ്വപ്രയത്നത്തിന്റെ
പെരുമയാലെത്തി നീ മുന്നില്‍.
മതി, ബാക്കി കേള്‍ക്കേണ്ടെനിക്കു, നീ നേടുവാന്‍
ഇതിലേറെയെന്തുണ്ടു മന്നില്‍?