തെറ്റിദ്ധരിക്കപ്പെട്ട ഉദ്ദണ്ഡന്‍ (ഞാനും)

പ്രതികരണം

എന്റെ അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ് എന്ന പോസ്റ്റില്‍ ചരിത്രത്തിനു നിരക്കാത്ത പലതും സാരസ്യത്തിനു വേണ്ടി ചേര്‍ത്തിരുന്നു. അവ ഈ കഥകളെപ്പറ്റി തെറ്റായ ധാരണകള്‍ ഉണ്ടാക്കും എന്നു പലരും ചൂണ്ടിക്കാട്ടി. ഉദ്ദണ്ഡന്റെയും പുനം നമ്പൂതിരിയുടെയും കാക്കശ്ശേരി ഭട്ടതിരിയുടെയും കഥകളായി ചരിത്രത്തിലും ഐതിഹ്യങ്ങളിലും ഉള്ള വസ്തുതകളാ‍ണു് ഈ പോസ്റ്റില്‍.

  1. ഉദ്ദണ്ഡശാസ്ത്രികള്‍, പുനം നമ്പൂതിരി, കാക്കശ്ശേരി ഭട്ടതിരി എന്നിവര്‍ സമകാലികരായിരുന്നു. മൂന്നു പേരും പതിനഞ്ചാം നൂറ്റാണ്ടില്‍ കോഴിക്കോടു മാനവിക്രമരാജാവിന്റെ രാജസദസ്സിലെ സദസ്യരായിരുന്നു. (ശക്തന്‍ തമ്പുരാന്റെ കാലത്താ‍ണു് ഇവര്‍ ജീവിച്ചിരുന്നതെന്നു് `ഐതിഹ്യമാല’യില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി പ്രസ്താവിക്കുന്നതു തെറ്റാണു്. ശക്തന്‍ തമ്പുരാന്‍ പതിനെട്ടാം നൂറ്റാണ്ടിലാണു ജീവിച്ചിരുന്നതു്.) ഇവര്‍ മൂന്നു പേരും പതിനെട്ടരക്കവികളില്‍ ഉള്ളവരാണു്.
  2. ഉദ്ദണ്ഡന്‍ എന്നതും സ്വന്തം പേരല്ല. “ഉദ്ദണ്ഡഃ പരദണ്ഡ…” എന്നു തുടങ്ങുന്ന ഒരു ശ്ലോകം രാജാവിനെപ്പറ്റി ഉണ്ടാക്കി ചൊല്ലിയതിനാല്‍ രാജാവു കൊടുത്ത പേരാണു്. കള്ളപ്പേരുകളെ എതിര്‍ക്കുന്ന ആളായി ഉദ്ദണ്ഡനെ ചിത്രീകരിച്ചതിനാല്‍ മനഃപൂര്‍വ്വം ഈ കാര്യം പോസ്റ്റില്‍ മറച്ചുവെച്ചതാണു്.
  3. ഉദ്ദണ്ഡനു ഭാഷാകവികളെ പുച്ഛമായിരുന്നു. “പലായധ്വം…”, “ഭാഷാകവിനിവഹോയം…” എന്നീ ശ്ലോകങ്ങള്‍ അദ്ദേഹം എഴുതിയതു തന്നെയാണു്‌. എങ്കിലും പുനം നമ്പൂതിരിയെപ്പറ്റി നല്ല മതിപ്പായിരുന്നു. “താരില്‍ത്തന്വീ…” എന്ന ശ്ലോകത്തെ അഭിനന്ദിച്ചു പട്ടു കൊടുത്തതും “അധികേരളം…” എന്ന ശ്ല്ലോകമെഴുതിയതും ഉള്ളതു തന്നെയാണു്. പോസ്റ്റില്‍ പറയുന്നതു പോലെ പുനത്തോടുള്ള ആദരവു് ഒരിക്കലും കുറഞ്ഞിട്ടില്ല.
  4. ആ പോസ്റ്റില്‍ പറയുന്നതു പോലെ ഉദ്ദണ്ഡശാസ്ത്രികള്‍ കാവ്യങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയാത്ത അരസികനായിരുന്നില്ല. കോകിലസന്ദേശം, മല്ലികാമാരുതം എന്നീ കാവ്യങ്ങള്‍ അദ്ദേഹത്തിന്റേതാണെന്നാണു പണ്ഡിതമതം. തന്റെ കുട്ടിയെ കാവ്യം പഠിപ്പിക്കുമോ എന്നു ചോദിച്ച ഒരു അച്ഛനോടു പറഞ്ഞതാണു് “വാചാ വാക്യപദാര്‍ത്ഥ…” എന്ന ശ്ലോകം. അല്ലാതെ ഉദ്ദണ്ഡന്റെ കാവ്യാസ്വാദനത്തിന്റെ അശക്തിയെ സൂചിപ്പിക്കുന്നതല്ല.
  5. ഒരു ക്ഷേത്രത്തില്‍ ഉടുക്കു കൊട്ടുന്നതു കേട്ടിട്ടു് ആ താളത്തിലെഴുതിയ ശ്ലോകമാണു് “നൃത്യദ്ധൂര്‍ജ്ജടി…” എന്നതു്. ആ ശ്ലോകത്തില്‍ ശബ്ദഭംഗിക്കു തന്നെയാണു പ്രാധാന്യം.
  6. പുനത്തിനെ അരക്കവിയാക്കിയതു് ഉദ്ദണ്ഡനല്ല. രാജാവു തന്നെയായിരിക്കണം.
  7. വാദം നടക്കുന്നതു് കാ‍ക്കശ്ശേരിക്കു് ഏഴു വയസ്സുള്ളപ്പോഴാണു്. പിന്നീടു് അദ്ദേഹം രാജസദസ്സില്‍ അംഗമായി. അതിനും വളരെക്കാലം കഴിഞ്ഞാണു് “ഹൃദാകാശേ ചിദാദിത്യ…” എന്ന ശ്ലോകത്തിന്റെ ഉദ്ഭവം.
  8. ഞാനെഴുതിയതു പോലെ “ചിദാകാശേ ഹൃദാദിത്യ…” എന്നല്ല ആ ശ്ലോകം, “ഹൃദാകാശേ ചിദാദിത്യ…” എന്നാണു്. ചൂണ്ടിക്കാണിച്ച മധുരാജിനും ശ്രീകൃഷ്ണനും നന്ദി.

    സാധാരണ ബ്രാഹ്മണരെപ്പോലെ സന്ധ്യാവന്ദനവും മറ്റും ചെയ്യുന്ന പതിവു കാക്കശ്ശേരിക്കില്ലായിരുന്നു. അതെന്തേ എന്നു് ഒരിക്കല്‍ ഒരാള്‍ ചോദിച്ചപ്പോള്‍ കൊടുത്ത മറുപടിയാണു് ആ ശ്ലോകം.
    ശ്ലോകം:

    ഹൃദാകാശേ ചിദാദിത്യഃ
    സദാ ഭാതി നിരന്തരം
    ഉദയാസ്തമയൌ നസ്തഃ
    കഥം സന്ധ്യാമുപാസ്മഹേ?

    അര്‍ത്ഥം:

    ഹൃത്-ആകാശേ : ഹൃദയമാകുന്ന ആകാശത്തില്‍
    ചിത്-ആദിത്യഃ : മനസ്സാകുന്ന സൂര്യന്‍
    സദാ നിരന്തരം ഭാതി : എപ്പോഴും ഇടതടവില്ലാതെ വിളങ്ങുന്നു.
    ഉദയ-അസ്തമയൌ നസ്തഃ : ഉദയവും അസ്തമയവും ഉണ്ടാകുന്നില്ല
    കഥം സന്ധ്യാം ഉപാസ്മഹേ? : എങ്ങനെ (ഞാന്‍) സന്ധ്യയെ വന്ദിക്കും?

    ഉദ്ദണ്ഡനെപ്പോലെ പ്രാസസുന്ദരമായി കാക്കശ്ശേരിക്കും എഴുതാന്‍ കഴിയുമായിരുന്നു എന്നു കാണിക്കാന്‍ മാത്രമാണു് ആ ശ്ലോകാര്‍ദ്ധം പോസ്റ്റില്‍ ഇട്ടതു്.

  9. “പലായധ്വം…” എന്ന ശ്ലോകത്തോടൊപ്പം തന്നെയാണു “ഭാഷാകവിനിവഹോയം…” എന്ന ശ്ലോകവുമെഴുതിയതു്. ഉദ്ദണ്ഡന്‍ കേരളത്തില്‍ വന്ന സമയത്തു്. അല്ലാതെ വാദം കഴിഞ്ഞല്ല.
  10. കാക്കശ്ശേരിക്കു ഭാഷാകവികളോടു പ്രതിപത്തിയൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹവും സംസ്കൃതത്തില്‍ത്തന്നെയാണു് എഴുതിയിരുന്നതു്‌.
  11. “ആപദി കിം കരണീയം…” എന്നതു തര്‍ക്കുത്തരത്തിലുപരി അല്പം തത്ത്വശാസ്ത്രവുമാണു്. അതിന്റെ വിവരണം അവിടെ അസ്ഥാനത്തായതു കൊണ്ടാണു് എഴുതാഞ്ഞതു്. പൂര്‍ണ്ണമായ കഥ വായിക്കാന്‍ ഗുപ്തന്റെ ഈ കമന്റു കാണുക.

    ഗുപ്തന്‍ പറഞ്ഞ കഥ മുഴുവന്‍ ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല. ബാല്യത്തിലാണു് ഈ സംഭാ‍ഷണവും എന്നാണു ഞാന്‍ കരുതിയിരുന്നതു്.

കൂടുതല്‍ വിവരങ്ങള്‍ക്കു് പുനം നമ്പൂതിരി, ഉദ്ദണ്ഡശാസ്ത്രികള്‍ എന്നീ വിക്കിപീഡിയ ലേഖനങ്ങള്‍ നോക്കുക. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ “ഐതിഹ്യമാല”യില്‍ ഉദ്ദണ്ഡശാസ്ത്രികളെപ്പറ്റിയും കാക്കശ്ശേരി ഭട്ടതിരിയെപ്പറ്റിയും കഥകളുണ്ടു്. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിലും (മൂന്നാം വാല്യമാണെന്നു തോന്നുന്നു) ഈ മൂന്നു കവികളെപ്പറ്റിയും വിശദമായി പറയുന്നുണ്ടു്.


ആ പോസ്റ്റില്‍ എന്റെ കയ്യില്‍ നിന്നും ചില നോട്ടപ്പിശകുകളും സംഭവിച്ചിട്ടുണ്ടു്.

  1. “ബ്രഹ്മാദീനപി ച കിങ്കരീകുരുതേ…” എന്നതിനു പകരം “ബ്രഹ്മാദീനപി ച കിങ്കരം കുരുതേ…” എന്നു തെറ്റായി എഴുതിപ്പോയി. തിരുത്തിയിട്ടുണ്ടു്. തെറ്റു ചൂണ്ടിക്കാട്ടിയ മധുരാജിനും ശ്രീകൃഷ്ണനും നന്ദി.
  2. “താരില്‍ത്തന്വീ…” എന്ന ശ്ലോകത്തിലെ “എന്നും” എന്ന വാക്കിനു “ദിവസേന” എന്നര്‍ത്ഥം വ്യാഖ്യാനിച്ചതു അക്ഷന്തവ്യമായ തെറ്റായിപ്പോയി. ചൂണ്ടിക്കാട്ടിയ മധുരാജിനു നന്ദി.
  3. ശ്രീകൃഷ്ണന്‍ ആ ശ്ലോകത്തിന്റെ സാരസ്യം ഈ കമന്റില്‍ വിശദീകരിച്ചിട്ടുണ്ടു്. ഒരിക്കലും രാജാവെന്ന തൊടുകുറി കളയരുതു് എന്നാണു കവിയുടെ ആഗ്രഹം. പക്ഷേ, കുളിക്കുമ്പോള്‍ അതു കളഞ്ഞേ പറ്റൂ. അതിനാല്‍, അതു വരെയെങ്കിലും ആ കുറി മായാതെ ഇരിക്കണേ എന്നാണു പ്രാര്‍ത്ഥന. അപ്പോള്‍ മായുമല്ലോ എന്ന ചിന്തയില്‍ നിന്നുള്ള “ഹന്ത” എന്ന വ്യാക്ഷേപകം അര്‍ത്ഥവത്തുമാണു്.

    ഈ അര്‍ത്ഥവും ചമത്ക്കാരവും വളരെ വാ‍യിച്ചിട്ടുള്ളതാണു്. ആ പോസ്റ്റിലെ ഉദ്ദണ്ഡന്‍ ശബ്ദമാത്രപ്രിയന്‍ മാത്രമാണെന്നു വരുത്താന്‍ മനഃപൂര്‍വ്വം പറയാതിരുന്നതാണു്. മലയാളമുക്തകങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ മുത്തുമണിയാണു് ആ ശ്ലോകം. (അതിനു മുമ്പുണ്ടായിരുന്ന മണിപ്രവാളശ്ലോകങ്ങളില്‍ ഒരു പരിധിയില്‍ കൂടുതല്‍ ചമത്കാരം ഉണ്ടായിരുന്നില്ല. ലീലാതിലകത്തിലെ “പുല്‍കിക്കൊണ്ടാളുറക്കേ…” എന്ന ഉത്തമകാവ്യത്തിനുദാഹരണമായിപ്പറഞ്ഞിരിക്കുന്ന ശ്ലോകത്തില്‍ അശ്ലീലമല്ലാതെ എന്തുണ്ടു്?) പിന്നീടു് ധാരാളം നല്ല മുക്തകങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഹന്തയ്ക്കു് അവിടെ അര്‍ത്ഥവുമുണ്ടു്.

    “ഹന്ത”യ്ക്കു ചമത്ക്കാരമില്ലെന്നും പിന്നീടുള്ളവര്‍ ആ ശ്ലോകത്തിനെ വെറുതേ കൊണ്ടാടിയെന്നും ധ്വനിയുള്ള ഖണ്ഡിക അസ്ഥാനത്താണെന്നു മനസ്സിലാക്കുന്നു. അതു നീക്കം ചെയ്തിട്ടുണ്ടു്.

    ഉദ്ദണ്ഡന്‍ കൊടുത്ത പട്ടു് ആ ശ്ലോകത്തിലെ അര്‍ത്ഥഭംഗിക്കല്ല, മറിച്ചു ശബ്ദഭംഗിക്കാണു് എന്ന അഭിപ്രായം എന്റേതല്ല. ഒരു അക്ഷരശ്ലോകസദസ്സില്‍ ഏതോ സഹൃദയന്‍ (അതു മധുരാജ് തന്നെയായിരുന്നോ? ഓര്‍മ്മയില്ല.) പറഞ്ഞു കേട്ടതാണു്. എന്തായാലും, അതെനിക്കു വളരെ ഇഷ്ടമായി. ഉദ്ദണ്ഡന്റെ ശ്ലോകങ്ങള്‍ വായിച്ചപ്പോള്‍ അതു ശരിയാണെന്നു തോന്നുകയും ചെയ്തു. അതിനാല്‍ അതു മാറ്റിയിട്ടില്ല. ആ പോസ്റ്റില്‍ അതു് ആവശ്യമാണു താനും.


ആ പോസ്റ്റിന്റെ വിമര്‍ശനങ്ങളെപ്പറ്റി:

  1. സുനില്‍ എഴുതുന്നു:

    ഉദ്ദണ്ഡശാസ്ത്രികളെ ((സാക്ഷാല്‍)) ഇത്ര അപമാനിക്കേണ്ടിയിരുന്നില്ല.

    ശരിയാണു്. ആ പോസ്റ്റിലെ ഉദ്ദണ്ഡനു വേണ്ടി അതു ചെയ്യേണ്ടി വന്നു. അതിലെ ഡിസ്ക്ലൈമറും ഈ പോസ്റ്റും ആ ന്യൂനത പരിഹരിച്ചു എന്നു കരുതുന്നു.

  2. മധുരാജ് എഴുതുന്നു:

    പക്ഷേ ഈ മനോധര്‍മങ്ങളെ വേര്‍തിരിച്ചറിയാത്തവര്‍ക്കുണ്ടാകുന്ന തെറ്റിദ്ധാരണകള്‍ക്കു ഉമേഷ്‌ ഉത്തരവാദിത്തം ഏല്‍ക്കുമോ?
    ചാക്യാന്മാര്‍ കൂത്തിലുപയോഗിച്ച പല മനോധര്‍മ്മക്കസര്‍ത്തുകളും പിന്നീടു ചരിത്രത്തിന്റെ ഭാഗമായി തല്‍പരകക്ഷികള്‍ ദുരുപയോഗം ചെയ്ത അനുഭവങ്ങളുണ്ടല്ലൊ? (ഉദാ: ബൂര്‍ഷ്വാ വാമനന്‍ സഖാവു മഹാബലിയെ ചവിട്ടിത്താഴ്ത്തി പാതാളത്തിലാക്കിയ കഥ. മനീഷാ പഞ്ചകം എന്ന പ്രകരണത്തിലെ ഒരുശ്ലോകത്തിന്റെപോലും അര്‍ഥം അറിയാതെയും പറയാതെയും, അങ്ങനെ ഒരു പ്രകരണമെഴുതാനുണായതായി ഒരു സംഭവം പടച്ചുവിട്ടതും.)

    വാസ്തവം. പാവം മുനിയായിരുന്ന ദുര്‍വ്വാസാവിനെ കാളിദാസന്‍ ഒരു നാടകത്തില്‍ കഥ വളച്ചൊടിച്ചതു കൊണ്ടു് ആളുകളെ ആവശ്യമില്ലാതെ ശപിക്കുന്ന മുനിയായി മനുഷ്യര്‍ മനസ്സിലാക്കുന്നതും, എം. ടി. യുടെ ഒരു സിനിമാക്കഥ മൂലം ഉണ്ണിയാര്‍ച്ചയെ ഒരു ദുഷ്ടയായും ചന്തുവിനെ സദ്‌ഗുണസമ്പന്നനായും വളരെയധികം ആളുകള്‍ കരുതുന്നതും മറ്റു ചില ഉദാഹരണങ്ങള്‍.

    എന്റെ പോസ്റ്റു മൂലം അങ്ങനെയൊരു പ്രശ്നം ഉണ്ടാകരുതെന്നു് എനിക്കു നിര്‍ബന്ധമുണ്ടു്. അതിനാല്‍ ആ പോസ്റ്റിന്റെ മുകളില്‍ത്തന്നെ ഈ പോസ്റ്റിലേക്കു് ഒരു ലിങ്കു കൊടുത്തിട്ടുണ്ടു്.

  3. തന്റെ ഇഷ്ടകവിയായ ഉദ്ദണ്ഡനെ അവഹേളിച്ചതില്‍ പ്രതിഷേധിച്ചു് ജ്യോതിര്‍‌മയി ഗുരുത്വദോഷം എന്നൊരു പോസ്റ്റു തന്നെ ഇട്ടു. ഒന്നും ഉദ്ധരിക്കുന്നില്ല. പോസ്റ്റ് മുഴുവന്‍ വായിക്കുക.

    ജ്യോതിര്‍മയി കഥയറിയാതെ ആട്ടം കാണുകയാണെന്നു വ്യക്തം. ആട്ടക്കഥ ഇവിടെ വായിക്കുക. എന്നിട്ടു് ഈ സറ്റയര്‍ ഒന്നു കൂടി വായിക്കുക.

    സംസ്കൃതാദ്ധ്യാപികയായ ജ്യോതിര്‍മയിയോടു് അന്യാപദേശത്തിന്റെ ചമത്ക്കാരത്തെപ്പറ്റി പറയേണ്ട കാര്യമില്ലല്ലോ. “സംസ്കൃതം” എന്നതും ആ പോസ്റ്റില്‍ അച്ചടിമാദ്ധ്യമങ്ങളുടെ പ്രതീകമാണു്, മലയാളം ബ്ലോഗിന്റേതും. അല്ലാതെ ഉദ്ദണ്ഡനെയോ സംസ്കൃതത്തെയോ അവഹേളിച്ചതല്ല.

  4. ഈ പോസ്റ്റില്‍ എന്റെ അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ് എന്ന പോസ്റ്റ് ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളെ നേരെയാക്കാനാണു ശ്രദ്ധിച്ചിരിക്കുന്നതു്. അതിനാല്‍ ജ്യോതിര്‍മയി നടത്തിയ വ്യക്തിപരമായ ആരോപണങ്ങള്‍ക്കു് ഇവിടെ മറുപടി പറയുന്നില്ല. ഇനിയൊരിക്കലാവാം.