പാചകസ്മരണകള്‍

നര്‍മ്മം, സ്മരണകള്‍

1992-ന്റെ തുടക്കത്തില്‍ ജോലി തെണ്ടി നാടു വിട്ടു ബോംബേ നഗരത്തിലെത്തി ഒരു വിധത്തില്‍ സ്ത്രീകളുടെ സൌന്ദര്യവര്‍ദ്ധകവസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി കയറിപ്പറ്റി ആശ്വസിച്ചിരിക്കുമ്പോള്‍ എന്റെ ചേച്ചി അയച്ച ആദ്യത്തെ കത്തിന്റെ കൂടെ ഒരു പാചകപുസ്തകവുമുണ്ടായിരുന്നു.

പാചകവും ഞാനും തമ്മില്‍ അന്നു വരെ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. വെട്ടുകത്തി കൊണ്ടു് തേങ്ങാ പൊതിക്കുക (ഈ കൃത്യത്തിനിടയില്‍ തേങ്ങയുടെ അല്പം ഇളകിയ പുറന്തോടില്‍ പിടിച്ചു വലിച്ചു് കൈയില്‍ ചോര വന്നിട്ടുണ്ടാവും), ചിരവയില്‍ കയറിയിരുന്നു തേങ്ങാ ചിരവുക (തേങ്ങയിലെ നാലിലൊന്നു പീര പിന്നെയും ബാക്കി ഇരിപ്പുണ്ടാവും), ആരെങ്കിലും മാവു കോരിയൊഴിച്ചു തന്നാല്‍ ദോശ തിരിച്ചിടുക (ഓരോ തിരിക്കലിനും അമീബ വംശവര്‍ദ്ധന നടത്തുന്നതു പോലെ കഷണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കും) എന്നീ ക്രിയകള്‍ ഒഴിച്ചാ‍ല്‍ അടുക്കളയുമായി ബന്ധപ്പെട്ട ഒരു പണിയും ജീവിതത്തില്‍ ചെയ്തിട്ടില്ല. അമ്മ ദോശ ചുട്ടു തീരുന്നതു വരെ അടുക്കളയുടെ തറയില്‍ കുത്തിയിരുന്നു് ചുടുന്ന ദോശ ഓരോന്നായി തിന്നു കൊണ്ടു് അമ്മയോടു വാ തോരാതെ വര്‍ത്തമാനം പറഞ്ഞു മോറല്‍ സപ്പോര്‍ട്ടു കൊടുത്തതു മാത്രമാണു് അമ്മയ്ക്ക് അടുക്കളയില്‍ ചെയ്തുകൊടുത്തിട്ടുള്ള ഒരേയൊരു സഹായം.

അങ്ങനെയുള്ള ഞാനാണു് ഇനി മുതല്‍ ബോംബെയില്‍ പാചകം ചെയ്യേണ്ടതു്. ചുമ്മാതല്ല ചേച്ചി ഈ പുസ്തകം തന്നെ അയച്ചതു്.

കോട്ടയത്തോ മറ്റോ ഉള്ള ഒരു അച്ചാമ്മച്ചേടത്തി എഴുതിയ ഒരു കുഞ്ഞുപുസ്തകമായിരുന്നു അതു്. മുട്ട ദോശ, പോര്‍ക്കു് ഉലര്‍ത്തിയ അവിയല്‍, കരിമീന്‍ സാമ്പാര്‍ തുടങ്ങിയ പല ഓതന്റിക് കേരളവിഭവങ്ങളുടെയും പാചകക്രമീകരണവിധികള്‍ അതില്‍ അടങ്ങിയിരുന്നു.

ജിമ്മി വെയില്‍‌സ് വിക്കിപീഡിയ കണ്ടുപിടിക്കുന്നതിനു് ഒരു ദശാബ്ദം മുമ്പു തന്നെ ക്രോസ് റെഫറന്‍സിംഗിന്റെ അനന്തസാദ്ധ്യതകള്‍ മനസ്സിലാക്കിയ ജീനിയസ്സായിരുന്നു ചേടത്തി. “പുളിശ്ശേരി” എന്ന തലക്കെട്ടില്‍ “കുറച്ചു പുളിവെള്ളം ഒരു പാത്രത്തില്‍ എടുക്കുക, ബാക്കിയെല്ലാം എരിശ്ശേരി പോലെ” എന്നു കാണാം. “എരിശ്ശേരി” നോക്കിയാൽ “ഉപ്പേരി ഉണ്ടാക്കുക. എന്നിട്ടു് അതിൽ കുറേ എരിവു് ഇടുക” എന്നു കാണാം. ഇങ്ങനെ റെഫറൻസു നോക്കിപ്പോയി മനുഷ്യനു വട്ടാകും.

ഏതായാലും മൂന്നുനാലു ദിവസങ്ങൾക്കുള്ളിൽ ഞാൻ പാചകപുസ്തകമൊക്കെ ദൂരെക്കളഞ്ഞിട്ടു് സ്വമേധയാ പാചകം തുടങ്ങി.

“സ്വമേധയാ” എന്നു വെച്ചാല്‍ സ്വന്തം ബുദ്ധി ഉപയോഗിച്ചു് എന്നര്‍ത്ഥം. യാതൊരു മുന്‍‌പരിചയവുമില്ലാത്തവനു സ്വന്തം ബുദ്ധി അല്ലാതെ വേറെ എന്തുണ്ടു ശരണം?

എന്തായാലും സ്വമേധ കൊണ്ടു ഭക്ഷണമുണ്ടാവില്ലെന്നു താമസിയാതെ തന്നെ മനസ്സിലായി. വിവരമില്ലെങ്കില്‍ പാചകത്തിനു് അത്യാവശ്യം വേണ്ട കോമണ്‍ സെന്‍സ് എന്ന സാധനം എനിക്കു് ഒരു കാലത്തും ഇല്ലാതിരുന്നതിനാല്‍ പാചകം ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പണിയായി എനിക്കു് അനുഭവപ്പെട്ടു.

മേല്‍‌നോട്ടത്തിനും ഉപദേശങ്ങള്‍ക്കുമായി മൂന്നു സഹമുറിയന്മാര്‍ ഉള്ളതായിരുന്നു എനിക്കു കൂടുതല്‍ ടെന്‍ഷന്‍. ഒറ്റയ്ക്കാണെങ്കില്‍ ഉണ്ടാക്കുന്നതു തനിയെ തിന്നിട്ടു് ആരുമറിയാതെ കിടന്നുറങ്ങിയാല്‍ മതിയല്ലോ.

ബ്രേയ്ക്ക്ഫാസ്റ്റിനു ഉപ്പുമാവാണു സ്ഥിരമായി. റവ എടുത്തു് ആദ്യം അരിപ്പ ഉപയോഗിച്ചു് അരിയ്ക്കണം. എന്നിട്ടു് അതു് കൃത്യമായി അളക്കണം. ഒരാൾക്കു് അരക്കപ്പോ മറ്റോ ആയിരുന്നു അളവു്. അതിനു ശേഷം അതു വറക്കണം. പിന്നീടുള്ള പാചകക്രമമൊക്കെ മറന്നുപോയി. പാചകത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ റവയുടെ അത്രയും അളവു തന്നെ വെള്ളമെടുക്കണം. എവിടെയോ വെച്ചു് ഉള്ളിയും കടുകും കറിവേപ്പിലയും വെള്ളവും ഒക്കെയുള്ള ഒരു പാത്രത്തിലേക്കു് റവ ഇട്ടിട്ടു് (അപ്പോൾ ചൂടുവെള്ളം ദേഹത്തു തെറിക്കാതെ ശ്രദ്ധിക്കണം.) ഉടനെ തന്നെ ഇളക്കണം. ഇളക്കാൻ വൈകിയാൽ എല്ലാം കൂടി കുഴഞ്ഞു കട്ടപിടിക്കും. ചുരുക്കം പറഞ്ഞാൽ അതിഭീകരമായ പ്രൊസീഡിയർ. പ്രീഡിഗ്രിയ്ക്കു കെമിസ്ട്രി ലാബിനു ശേഷം ഇത്ര ഭീകരമായ ഒരു സംഭവം ചെയ്തിട്ടില്ല. പ്രക്രിയ കഴിയുമ്പോഴേയ്ക്കു ഞാൻ വിയർത്തുകുളിച്ചിട്ടുണ്ടാവും.

ഉച്ചയൂണിനു ചോറും ഒരു കറിയും പപ്പടവുമാണു വിഭവങ്ങൾ. ചതുർവിഭവമായ സദ്യയാക്കാൻ ചിലപ്പോൾ ഒരു തോരനോ മെഴുക്കുപുരട്ടിയോ ഉണ്ടായേക്കാം.

കറിയായി ഞങ്ങൾ പുളിശ്ശേരി എന്നു വിളിക്കുന്ന സാധനമായിരുന്നു. ബോംബേയിൽ ഞാൻ ചോറിനോടൊപ്പം പുളിശ്ശേരി വെയ്ക്കാറുണ്ടു് എന്നു കേട്ടു് അഭിമാനാക്രാന്തയായ അമ്മ ഒരിക്കൽ എന്നോടു് ഒരു പുളിശ്ശേരി വെയ്ക്കുവാൻ ആവശ്യപ്പെടുകയുണ്ടായി. അപ്പോഴാണു് കേരളത്തിലെ 99.99% ആളുകളും ആ നാമധേയം കൊണ്ടു വിവക്ഷിക്കുന്ന വിഭവമല്ല ഞങ്ങൾ ഉണ്ടാക്കിയിരുന്നതു് എന്നു മനസ്സിലായതു്. ഞങ്ങളുടെ പാചകവിധി ഇങ്ങനെ: കുറച്ചു് എണ്ണ ഒരു പാത്രത്തിൽ ചൂടാക്കുക. അതിൽ കടുകു പൊട്ടിക്കുക. അതിൽ ഉള്ളി, മഞ്ഞൾപ്പൊടി (മുളകുപൊടി ഉണ്ടോ എന്നു് ഓർമ്മയില്ല), ഉപ്പ് എന്നിവ ചേർക്കുക. അതിലേക്കു തൈരു ചേർക്കുക. ഇളക്കുക. ഞങ്ങളുടെ പുളിശ്ശേരി റെഡി.

ഇങ്ങനെയൊരു പുളിശ്ശേരിയെപ്പറ്റി അമ്മയോ പിന്നെ ഞാൻ കണ്ടുമുട്ടിയ അസംഖ്യം പാചകക്കാരോ കേട്ടിട്ടുണ്ടായിരുന്നില്ല. ഇതിനെ എന്തു വിളിക്കും എന്നു ചോദിച്ചാൽ, മറാട്ടികൾ വീട്ടിൽ ഒരു കുന്തവുമില്ലെങ്കിൽ തട്ടിക്കൂട്ടി ഉണ്ടാക്കുന്ന “കടി” എന്ന കറിയോടാണു് ഇതിനു് ഏറെ സാദൃശ്യം എന്നു ഞാൻ പിന്നീടു കണ്ടുപിടിക്കുകയുണ്ടായി.

ഞായർ മുതൽ ശനി വരെ ഒരാഴ്ചയാണു് ഒരാളുടെ കുക്കിംഗ് ടേൺ. അതു കഴിഞ്ഞാൽ പിന്നെ മൂന്നാഴ്ച ആർമ്മാദിക്കാം. ഞായറാഴ്ച ഐശ്വര്യമായി പാചകം ആരംഭിക്കുന്നു. ഫ്രിഡ്ജും മറ്റും ഇല്ലാത്തതിനാൽ അന്നന്നത്തെ ഭക്ഷണപദാർത്ഥങ്ങൾ അന്നന്നു തന്നെ വാങ്ങി പാചകം ചെയ്തു ഭക്ഷിക്കണം. ഞായറാഴ്ച പാചകക്കാരന്റെ ഫേവറിറ്റ് സാധനം ഉണ്ടാക്കാം. വേറെ ഒന്നും ചെയ്യാനില്ലാത്തതിനാൽ കൂട്ടുകാരും സഹായിക്കും. തിങ്കൾ മുതൽ വെള്ളി വരെ ബ്രേയ്ക്ക്ഫാസ്റ്റും ലഞ്ച് പൊതിയാനുള്ള വഹയും ഉണ്ടാക്കണം. വൈകിട്ടു വന്ന് അത്താഴവും. ശനിയാഴ്ച ചിക്കൻ വെക്കും. വെച്ചിരിക്കണം. ഒരു കൂട്ടാൻ ഒരാഴ്ചയിൽ രണ്ടു തവണയിൽ കൂടുതൽ ഉണ്ടാക്കരുത് എന്നാണ് അലിഖിതനിയമം.

ഈ അലിഖിതനിയമമൊന്നും ബാധകമല്ലാത്ത, അഥവാ ബാധകമാക്കാത്ത, ഒരാൾ ഉണ്ടായിരുന്നു – ജോസ്. കാരണവരാണെങ്കിൽ ഗ്യാസ് സ്റ്റൗവിന്റെ മുകളിലിരുന്നും വിരേചനകർമ്മം നിർവ്വഹിക്കാം എന്നോ മറ്റോ അർത്ഥമുള്ള ഒരു പഴമൊഴിയുണ്ടല്ലോ. അദ്ദന്നേ. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും പാവയ്ക്കാ ഉണ്ടാവും. ബാക്കി ആർക്കും (എന്തും തിന്നാൻ വിരോധമില്ലാത്ത ഞാൻ ഒഴികെ) പാവയ്ക്കാ കണ്ണിനു കണ്ടു കൂടാ. കൂട്ടാനിലെല്ലാം മല്ലിയില വാരിയിടും. ചില സാധനങ്ങളൊന്നും കക്ഷി പാചകത്തിനുപയോഗിക്കില്ല എന്നു മാത്രമല്ല, മറ്റുള്ളവരെ സമ്മതിക്കുകയുമില്ല. ഉദാഹരണത്തിനു തക്കാളി. പണ്ടെങ്ങോ മൂത്രത്തിൽ കല്ലു വരുമെന്നു സ്വപ്നം കണ്ടെന്നോ, അതിനാൽ തക്കാളി തിന്നാൽ പാടില്ല എന്നു ഡോക്ടർ (സ്വപ്നത്തിലെ ഡോക്ടർ ആണോ എന്നു പിടിയില്ല) പറഞ്ഞെന്നോ ഒക്കെയാണു വാദങ്ങൾ. ബാക്കിയുള്ളവർക്കെല്ലാം തക്കാളി എന്നു വെച്ചാൽ കൊതി മൂത്ത് ആർത്തിയായി. പിന്നീട്് ആർത്തി മുത്ത് വട്ടായി. (വെജിറ്റേറിയൻ റെസ്റ്റോറന്റ്സിൽ പോയാൽ റ്റൊമാറ്റോ ഊത്തപ്പവും തക്കാളി സൂപ്പും വാങ്ങിക്കഴിക്കുന്ന സ്വഭാവം അന്നു തുടങ്ങിയതാണ്.) പാവയ്ക്ക എന്നതു പേടിസ്വപ്നവും.

ഇടയ്ക്കിടെ ജോസ് ലീവിൽ നാട്ടിൽ പോകും. ആ സമയത്ത് ബാക്കിയുള്ളവർ കുക്ക്കിംഗ് റ്റേണും ശത്രുതയും ഒക്കെ മറന്നു ഐകമത്യത്തോടെയാണു ജീവിതം. എന്നും ഓഫീസിൽ നിന്നു മടങ്ങി വരുമ്പോൾ ഓരോ ആളിന്റെയും കയ്യിൽ മുക്കാൽക്കിലോ തക്കാളി ഉണ്ടാവും. തക്കാളി സൂപ്പ്, തക്കാളി രസം, തക്കാളി യഥേഷ്ടം ഇട്ട മുട്ട ബുർജി, തക്കാളി ചേർത്ത ചിക്കൻ, തക്കാളി കീറിയിട്ട മീൻ കറി, തക്കാളിനീരു പിഴിഞ്ഞൊഴിച്ച ഉപ്പുമാവ് തുടങ്ങിയ വേറെങ്ങും കാണാറില്ലാത്ത എക്സോട്ടിക് വിഭവങ്ങളുടെ ഒരു പ്രവാഹമാണ്. കൂടാതെ തക്കാളിയും ഉള്ളിയും മറ്റും അരിഞ്ഞിട്ട സാലഡ് എന്നും ഉണ്ടാവും. ഇതൊന്നും പോരാഞ്ഞു് ഇടയ്ക്കിടയ്ക്കു് അടുക്കളയിൽ പോയി അവിടെ നിരത്തി വെച്ചിരിക്കുന്ന തക്കാളികൾ ചുമ്മാ പച്ചയ്ക്കു കടിച്ചു തിന്നൽ, ഒന്നു മുറിച്ചതിനു ശേഷം അതിൽ ഉപ്പോ മുളകോ പഞ്ചസാരയോ വിതറി സ്പൂൺ കൊണ്ടു കോരിക്കുടിക്കൽ എന്നിങ്ങനെയുള്ള കലാപരിപാടികളും എല്ലാവരും നിത്യേന നിർവ്വഹിച്ചു പോന്നു. ജോസ് വരുന്നതിന്റെ തലേ ദിവസം അവിടെ സഹസ്രാബ്ദങ്ങൾക്കു മുമ്പു പോലും തക്കാളി ഉണ്ടായിരുന്നു എന്നതിന്റെ ഒരു സൂചനയും കൊടുക്കാത്ത വിധത്തിൽ വീടു വൃത്തിയാക്കാനും എല്ലാവർക്കും നല്ല സഹകരണമായിരുന്നു.

ജോസ് കഴിഞ്ഞാൽ പിന്നെ സുരേഷാണ് എടുത്തു പറയേണ്ട വ്യക്തി. ഞാനും സുരേഷും കോഴിക്കോട്ട് ആർ. ഇ. സി. യിൽ സഹപാഠികളായിരുന്നു. അന്നൊരിക്കൽ ആകെ അലങ്കോലമായിക്കിടക്കുന്ന എന്റെ മുറി കണ്ട് അവൻ ഇപ്രകാരം പറഞ്ഞു, “എന്നെങ്കിലും ഇവന്റെ കൂടെ ഒന്നിച്ചു താമസിക്കണമെന്നു വന്നാൽ, അന്നു ഞാൻ തൂങ്ങിച്ചാവും!”

പറഞ്ഞത് അറം പറ്റി. തിരുവനന്തപുരത്ത് ഒന്നരക്കൊല്ലം എം. ടെക്. പഠിച്ചപ്പോൾ ഞാൻ സുരേഷിന്റെ റൂം മേറ്റും ക്ലാസ് മേറ്റും ആയിരുന്നു. അതിനു ശേഷം അവൻ ജോലി കിട്ടി ബോംബെയിൽ പോയപ്പോൾ പണിയൊന്നും കിട്ടാതെ തെണ്ടി നടന്ന ഞാൻ ബോംബെയ്ക്കു വണ്ടി കയറിയതും അവന്റെയും കൂട്ടുകാരുടെയും കൂടെ ഒന്നൊന്നരക്കൊല്ലം താമസിച്ചതും ചരിത്രം. പിന്നീട് അവൻ പെണ്ണുകെട്ടി കുടി മാറിയെങ്കിലും, മിക്കവാറും എല്ലാ വീക്കെൻഡിലും ശനിയാഴ്ച രാവിലെ തന്നെ എത്തി രണ്ടു ദിവസം കുളിച്ചുണ്ടുറങ്ങി ഞായറാഴ്ച വൈകിട്ടു മാത്രം തിരിച്ചു പോകാൻ ഞാൻ പ്രത്യേകം നിഷ്കർഷിച്ചിരുന്നു. അവൻ പിന്നീട് മദ്രാസ്സിലും ബാംഗ്ലൂരിലും ഒക്കെ പോയെങ്കിലും, ഹൈദരാബാദിൽ നിന്നും അമേരിക്കയിൽ നിന്നും ഇടയ്ക്കിടെ അവനെ വിസിറ്റു ചെയ്യുകയും അപ്പോഴൊക്കെ ഒരാഴ്ചയെങ്കിലും കൂടെ താമസിക്കുകയും ചെയ്യാൻ ഞാൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ഈ അടുത്തിടെ 2012 ജൂണിൽ നാട്ടിൽ പോയപ്പോൾ ഞങ്ങൾ കുടുംബം മുഴുവാനായി അവൻ ബാംഗ്ലൂരിൽ ആയിടെ പണിയിച്ച ഫ്ലാറ്റിൽ ഒരാഴ്ച താമസിച്ച് അത് അനോണികൾ കയറിയ ബ്ലോഗു പോലെ അലങ്കോലമാക്കിയത് ചരിത്രത്തിന്റെ ക്ലാവു പിടിച്ച ഏതോ ലിപിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

പറഞ്ഞു പറഞ്ഞ് കഥ നോൺ-ലീനിയറായിപ്പോയി. കാലചക്രത്തെ റീവൈൻഡ് ചെയ്ത് വീണ്ടും 1992-ലേക്ക്.

നാലാമത്തെ ആളാണ് ജോർജ് ജോയി എന്ന ജോയി. ജോയി ഒരു പ്രതിഭാസമായിരുന്നു. ആജീവനാന്തം പഠിച്ചു കൊണ്ടിരിക്കുന്ന ഒരു ജീവി. എല്ലാക്കൊല്ലവും സിവിൽ സർവീസ്, എഞ്ചിനീയറിംഗ് സർവീസ്, ഫോറസ്റ്റ് സർവീസ്, പി. എസ്. സി. തുടങ്ങിയ സകലമാന പരീക്ഷകളും എഴുതും. (ഇവയിൽ ഏതെങ്കിലും കിട്ടിയ ചരിത്രമില്ല.) പഠിക്കുന്നതിന്റെ ഭാഗമായി എല്ലാ ദിവസവും പുതിയ പത്ത് ഇംഗ്ലീഷ് വാക്കുകൾ പഠിക്കും. ഞങ്ങളെയും പഠിക്കാൻ പ്രേരിപ്പിക്കുമെങ്കിലും ഞങ്ങൾ അതു ശ്രദ്ധിക്കുന്ന ഭാവമേ നടിച്ചില്ല. എങ്കിലും വിശാലഹൃദയനായ ജോയി പല വാക്കുകളും ഞങ്ങൾക്കു പറഞ്ഞുതരാറുണ്ടായിരുന്നു.

അങ്ങനെയിരിക്കേ കോമൺ ഫണ്ടിൽ വാങ്ങുന്ന സാധനങ്ങളുടെ കണക്കെഴുതുന്ന നോട്ടുപുസ്തകത്തിൽ ഒരു പുതിയ വാക്കു കണ്ട് സുരേഷ് അന്തം വിട്ടു. ആ സാധനം വാങ്ങിയെന്ന് എഴുതിയ ജോയിയോടു ചോദിച്ചു: “ഡാ, ഇതെന്താ ഈ ഗ്രോസറി? അങ്ങനൊരു സാധനം ഇവിടെ കണ്ടില്ലല്ലോ…”

“ഗ്രോസറി എന്നത് ഒരു സാധനമല്ല. പലചരക്ക്, പലവ്യഞ്ജനം എന്നൊക്കെ നമ്മൾ മലയാളത്തിൽ പറയില്ലേ, അതിന്റെ ഇംഗ്ലീഷ് വാക്കാണ് ഗ്രോസറി…”

ഗ്രോസറി മാത്രമല്ല, നൊസ്റ്റാൽജിയ, സെരെനിറ്റി തുടങ്ങി ഒരു പിടി വാക്കുകൾ ഞങ്ങളുടെ വൊക്കാബുലറിയിലേക്ക് ജോയി പിടിച്ചിട്ടു. എങ്കിലും ജോയിയുടെ ഹിന്ദി വൊക്കാബുലറി കേരളത്തിലെ സ്കൂൾ സ്റ്റാന്റേർഡിൽത്തന്നെ തുടർന്നതേ ഉള്ളൂ.

ബാക്കി മൂന്നു പേരും ഫ്രണ്ട് റൂമിൽ കിടന്നുടങ്ങുമ്പോൾ ജോയി അടുക്കളയിലാണ് ഉറക്കം. “കിടപ്പെല്ലാമവനിപ്പോളടുപ്പിലെന്നതു കേട്ടു” എന്നു നമ്പ്യാർ പറഞ്ഞ സ്ഥിതിയെത്തിയില്ലെങ്കിലും അതിനോടടുത്ത സ്ഥിതി.

ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ഞങ്ങളുടെ കൊട്ടാരത്തെ ഒന്നു വർണ്ണിക്കാം. ആന്റോപ് ഹിൽ സെക്ടർ സെവനിൽ അയ്യായിരത്തിഒന്നാമത്തെ ഫ്ലാറ്റ്. നാലാം നില. ഫ്രണ്ട് റൂം, അടുക്കള, അവയ്ക്കിടയിലായി ഒരു കക്കൂസ്, ഒരു കുളിമുറി. കുളിമുറിയിൽ ദിവസം രണ്ടുനേരം ഓരോ മണിക്കൂർ വീതം പൈപ്പിലൂടെ വരുന്ന ശുദ്ധജലം പിടിച്ചു വെയ്ക്കാനായി അതിബൃഹത്തായ ഒരു തകരട്ടാങ്ക്. തീർന്നു.

കയറുകട്ടിൽ രണ്ടെണ്ണം. ഫ്രണ്ട് റൂമിലെ കട്ടിൽ ഇന്ത്യൻ റെയിൽവേയുടെ റിസർവേഷൻ ബെർത്ത് പോലെയാണ്. പകൽ സമയം അതു പൊതുസ്വത്താണ്. രാത്രി അതിൽ സുരേഷ് കിടക്കുന്നു. അടുക്കളയിലെ കട്ടിലിൽ പകലും രാവും ജോയി ജീവിക്കുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളും സോപ്പ്, ചീപ്പ് തുടങ്ങി മറ്റു ജംഗമസാധനങ്ങളും ഈ കട്ടിലിലാണ്. കക്കൂസ്, കുളിമുറി, ഓഫീസ് എന്നീ സ്ഥലങ്ങളിൽ അല്ലാതെ ജോയിയെ കാണപ്പെടുന്നത് ഈ കട്ടിലിൽ ഇരുന്നോ കിടന്നോ ആണ്. ചീട്ടുകളി, ഗോസിപ്പ്, വായിൽനോട്ടം, രാഷ്ട്രീയചർച്ച, സിനിമാ കാണൽ തുടങ്ങി ബാക്കിയുള്ളവർ ചെയ്യുന്ന ഒരു പരിപാടിക്കും ജോയിക്കു താത്പര്യമില്ല. ഞാനും ജോസും ഫ്രണ്ട് റൂമിൽ തറപ്പാർട്ടികൾ.

ഈ ചെറിയ സ്ഥലത്ത് ഞങ്ങൾ നാലുപേർ താമസിക്കുന്നതു കേട്ടിട്ട് നിങ്ങൾക്കു വിഷമം തോന്നുന്നുണ്ടെങ്കിൽ 5002-ൽ താമസിക്കുന്നവരെ പരിചയപ്പെടുക. അടുക്കളയിൽ അച്ഛനും അമ്മയും മൂന്നു പെണ്മക്കളും അടങ്ങിയ കുടുംബം താമസിക്കുന്നു. ഫ്രണ്ട് റൂമിൽ ആറു ബാച്ചിലേഴ്സും. ആറു പേർക്ക് കിടന്നുറങ്ങാൻ സ്ഥലമില്ലാത്തതു കൊണ്ട് രണ്ടു പേർ ഊഴം വെച്ച് ഇരുന്നായിരുന്നു ഉറങ്ങിയിരുന്നത്. അങ്ങനെ ഉറങ്ങിയിരുന്നവരെ ഞങ്ങൾ RAC-ക്കാൻ എന്നു വിളിച്ചിരുന്നു. (ഇത് എന്തെന്നു മനസ്സിലാവാത്തവർ ഒരിക്കലെങ്കിലും ഇന്ത്യൻ റെയിൽവേയിൽ സഞ്ചരിക്കാൻ ക്ഷണിക്കുകയാണ്.) കുടുംബത്തിനും ബാച്ചികൾക്കും വെവ്വേറെ സ്റ്റൗകളും മണ്ണെണ്ണയും കുത്താനുള്ള സൂചികളും ഉണ്ടായിരുന്നു.

“സ്റ്റൗ പൊട്ടിത്തെറിച്ച് വധു മരണമടഞ്ഞു” എന്ന വാർത്ത കേട്ടിട്ടില്ലേ? ഈ വാർത്തകളിലെ വില്ലനായിരുന്നു ഞങ്ങളുടെ പാചകോപകരണം. മണ്ണെണ്ണയാണ് ഇന്ധനം. ഇന്ധനം മാത്രം പോരാ. കത്തിക്കുന്നതിനു മുമ്പ് കുറേ നേരം എയർ പമ്പു ചെയ്യണം. (ഇതിന്റെ ടെക്നോളജി ഇതു വരെ എനിക്കു പിടി കിട്ടിയിട്ടില്ല.) പമ്പു ചെയ്യുന്നതിനു മുമ്പ് പമ്പിലെ കരടുകൾ ഒരു സൂചി കൊണ്ട് കുത്തിക്കളയണം. കുത്ത്, പമ്പ്, കത്തിക്കൽ, കുത്ത്, പമ്പ്, കത്തിക്കൽ,… എന്നിങ്ങനെ ലൂപ്പിലിട്ട് ഏതോ ഒരു സന്ദർഭത്തിൽ സ്റ്റൗ കത്തും. പിന്നെ കത്തി ഉറയിൽ നിന്ന് ഊരിയ നേപ്പാളി ഗൂർഖയ്യുടെ സ്ഥിതിയാണ്. കമ്പ്ലീറ്റ് കുക്കിംഗ് കഴിഞ്ഞിട്ടേ സ്റ്റൗ ഓഫ് ചെയ്യൂ. അതിനാൽ പാചകം ചെയ്യാനുള്ള സാധനങ്ങൾ അടുപ്പിച്ചു വെച്ചിട്ടേ കുത്തു-പമ്പ്-കത്തിക്കൽ പ്രക്രിയ തുടങ്ങൂ. ഇതൊക്കെ ഞങ്ങളുടെ ദിനചര്യയുടെ ഭാഗമായിരുന്നു.

ഈ കഥ നടക്കുന്ന കാലത്തിൽ നിന്ന് കുറേ നാളുകൾക്കു ശേഷം ഞങ്ങൾ ഒരു കുക്കിനെ വെച്ചിരുന്നു. കുക്കിംഗ് ടേണൊക്കെ പഴയ പോലെ തന്നെ. ഞങ്ങൾ പലവ്യഞ്ജനം, സോറി ഗ്രോസറി വാങ്ങിക്കൊണ്ടു വരുന്നു, കുക്ക് അതു പാചകം ചെയ്യുന്നു, ഞങ്ങൾ അത് അവരുടെ പാചകത്തെ ചീത്ത പറഞ്ഞു കൊണ്ടു തിന്നുന്നു. ഇതാണു സെറ്റപ്പ്.

കുക്ക് വന്നതോടുകൂടി ഉപ്പുമാവിനു പകരം ചപ്പാത്തിയും പുളിശ്ശേരിക്കു പകരം മറ്റു ചില കറികളും ഉണ്ടാകാൻ തുടങ്ങി.

ബംഗ്ലാദേശിൽ നിന്നു വന്ന അഭയാർത്ഥിയാണ് കുക്ക്. ബൊംഗാളിയേ അറിയൂ. ഞങ്ങൾക്ക് മലയാളമല്ലാതെ ഫ്ലുവന്റ് ആയ ഒരേയൊരു ഭാഷ ചൊറിച്ചുമല്ലലാണ്. അതിനാൽ കഥകളിയിലായിരുന്നു ആശയവിനിമയം. സ്പോക്കൻ ഹിന്ദിയിൽ മോശമല്ലാതിരുന്ന ജോസ് മാത്രമാണ് ആകെ ഒരു സമാധാനം.

അതിരാവിലെ ആറു മണിക്ക് കുക്ക് വന്നു വാതിലിൽ മുട്ടുമ്പോൾ മുമ്പിലുള്ള മുറിയിൽ കിടന്നുറങ്ങുന്ന ഞങ്ങൾ മൂന്നു പേരിൽ ഒരാൾ പകുതിയുറക്കത്തിൽ എണീറ്റു പോയി വാതിലിന്റെ കുറ്റിയെടുത്തിട്ട് തിരികെ അതുപോലെ കിടന്നുറങ്ങും. അതിനകം ഉണർന്ന് ഫ്രെഷ് ആയി പഠനം തുടങ്ങിയിരിക്കുന്ന ജോയിയുടെ ചുമതലയാണ് കുക്കിന് നിർദ്ദേശങ്ങൾ കൊടുക്കുക എന്നത്. ആരുടെ കുക്കിംഗ് ടേണാണെങ്കിലും ജോയി ആ കൃത്യം മടിയില്ലാതെ ചെയ്തുകൊള്ളും. ഞങ്ങളുടെ കൂട്ടത്തിൽ ഹിന്ദിയിൽ ഏറ്റവും പരിമിതമായ ഹിന്ദി ജ്ഞാനമുള്ള ജോയി കുക്കിനു നിർദ്ദേശങ്ങൾ കൊടുക്കുന്ന “കൗസല്യാ സുപ്രജാ രാമ” കേട്ടുകൊണ്ടാണ് ഞങ്ങൾ ഉണരുന്നത്.

ഏറ്റവും കൂടുതൽ കേൾക്കുന്നത് “ഐസാ നഹീ കർനേ കാ, സാ കർനേ കാ” എന്ന വായ്ത്താരിയാണ്. പയർ അരിയുന്നത് അല്പം കൂടി ചെറുതാവണം എന്നായിരിക്കും വിവക്ഷ. അതു പറയാനുള്ള ഹിന്ദി കൈവശമില്ലാത്തതിനാൽ ജോയി പോയി അവരുടെ അരികിൽ ഇരുന്ന് കത്തിയും പയറും കൈയിൽ വാങ്ങും. എന്നിട്ട് ആദ്യം വലുതായി മുറിക്കും. അതാണ് ആദ്യത്തെ “ഐസാ”. പിന്നെ ചെറുതായി വേണ്ട വലിപ്പത്തിൽ മുറിക്കും. അതാണ് രണ്ടാമത്തെ “ഐഐഐസാ…”.

അങ്ങനെയിരിക്കേ സ്വന്തം കുക്കിംഗ് ടേണിൽ വടക്കേ ഇന്ത്യക്കാരുടെ പരിപ്പിനു പകരം തന്റെ നാട്ടിൽ വെയ്ക്കുന്ന രീതിയിൽ ചെറുപയർ ഇട്ട പരിപ്പ് വെയ്ക്കണം എന്ന് ഇൻസ്ട്രക്ട് ചെയ്തതു കേട്ട് ഗാഢനിദ്രയിലായിരുന്നവർ കൂടി ആർത്തു ചിരിച്ച് ഉണർന്നു പോയി.

“ഡാൽ മേം ഡാൽ നഹീ ഡാൽനേ കാ, ചെറുപയർ ഡാൽനേ കാ…”

ഏതോ ഒരു മലയാളി ബോംബെയിലെ ഓട്ടോ ഡ്രൈവറോടു ചോദിച്ചതായി പറയപ്പെടുന്ന “കാന്തിവിലി ജാനേ കാ കുറുക്കുവഴി മാലൂം ഹൈ?” എന്ന ഡയലോഗിനെ രണ്ടാം സ്ഥാനത്തേയ്ക്കു പിന്തള്ളി നമ്പർ 1 ഡയലോഗാവാൻ ഇതിന് അധികം സമയം ഒന്നും വേണ്ടി വന്നില്ല.

വന്നുവന്ന് നോൺലീനിയറായല്ലാതെ ഒരു വക എഴുതാൻ പറ്റില്ല എന്ന സ്ഥിതിയായി. കാലചക്രം പിന്നെയും പുറകോട്ടു പോകട്ടേ. ണിം ണിം… ണിം ണിം….

ബാക്കി മൂന്നു പേരും സെൻട്രൽ പി. ഡബ്ല്യൂ. ഡി. യിൽ എഞ്ചിനീയർമാരാണ്. (ഞാനും എഴുതിയതാണ് സി. പി. ഡബ്ല്യൂ. ഡി. ടെസ്റ്റ്. ഓ. രാജഗോപാൽ എലക്‌ഷനു നിൽക്കുന്നതു പോലെ ഞാനും മിക്കവാറും ടെസ്റ്റൊക്കെ എഴുതുമായിരുന്നു.) ആഴ്ചയിൽ അഞ്ചു ദിവസം ജോലി. ശനിയും ഞായറും അവധി. എനിക്ക് ആഴ്ചയിൽ അഞ്ചര ദിവസം ജോലി. അതായത് ശനിയാഴ്ച രണ്ടു മണി വരെ ജോലി. അതു കഴിഞ്ഞ് വെയിലു താണ് വീട്ടിലെത്തുമ്പോഴേയ്ക്കും ദിവസം കഴിഞ്ഞിട്ടുണ്ടാവും. സാധാരണയായി ചിക്കനും കൂട്ടി ആർഭാടമായി ഭക്ഷിക്കുന്ന ദിവസമാണ് ശനിയാഴ്ച. എന്റെ കുക്കിംഗ് വീക്കിൽ ഞാൻ രാവിലെ ഉണ്ടാക്കിയിട്ടു പോകുന്ന പുളിശ്ശേരിയും (മുകളിൽ സൂചിപ്പിച്ച സാധനം തന്നെ) കൂട്ടി ചോറുണ്ണണം. ചിലപ്പോൾ സഹികെട്ട് അവർ ആരെങ്കിലും വല്ല ചിക്കനും വാങ്ങി ഉണ്ടാക്കും. അതു ഞാൻ വൈകിട്ടു വന്ന് മൂക്കറ്റം തട്ടുമ്പോൾ “ഉളുപ്പില്ലാതെ ഇവൻ തട്ടുന്നതു കണ്ടില്ലേ…” എന്ന് അവർ പറയുന്നത് ഭിത്തിയിലൂടെ നടന്നുപോകുന്ന പല്ലിയെപ്പറ്റിയാണെന്ന ഭാവത്തിൽ ഞാൻ മുകളിലേയ്ക്കു നോക്കിയിരിക്കും.

ഒരു കാര്യം പറയാൻ വിട്ടുപോയി. എനിക്കു കമ്പനിയിൽ സബ്സിഡൈസ്ഡ് ഫുഡ് ഉണ്ട്. ചോറിനു മുപ്പതു പൈസ, ലസ്സിയ്ക്ക് 20 പൈസ, ചിക്കൻ കറിയ്ക്ക് 40 പൈസ എന്നിങ്ങനെ. രണ്ടു രൂപയ്ക്ക് വയറു നിറയെ ഭക്ഷണം കഴിക്കാം. ഇങ്ങനെ മൃഷ്ടാന്നം ഉള്ളതു കൊണ്ടാണ് എനിക്ക് വീട്ടിൽ നല്ല ഭക്ഷണം പാചകം ചെയ്യാൻ മടി എന്നാണു സഹമുറിയന്മാരുടെ പരാതി.

അങ്ങനെയിരിക്കേ ജോയി ഒരു ആയുർവേദമരുന്നു കഴിച്ചു തുടങ്ങി.

വലിയ പഥ്യമുള്ള മരുന്നാണ്. മത്സ്യമാംസാദികൾ പാടില്ല. എരിയും പുളിയും അധികം പാടില്ല. ഇങ്ങനെ പല നിയന്ത്രണങ്ങളുണ്ടെങ്കിലും തന്റെ കുക്കിംഗ് ടേൺ വന്നപ്പോൾ എല്ലാവർക്കും വേണ്ട ഭക്ഷണം പാകം ചെയ്യുന്നതിൽ ജോയി ഒരു അമാന്തവും കാണിച്ചില്ല. മാത്രമല്ല, ശനിയാഴ്ച ഞാൻ മടങ്ങി വന്നപ്പോൾ ദാ അത്യന്തം രുചികരമായ കോഴിക്കറി ഉണ്ടാക്കി വെച്ചിരിക്കുന്നു!

തനിക്കു കഴിക്കാൻ പറ്റാഞ്ഞിട്ടും ബാക്കിയുള്ളവർക്കു വേണ്ടി ചിക്കൻ കറി ഉണ്ടാക്കിയതോർത്തപ്പോൾ എനിക്കു സങ്കടവും ജോയിയോട് അടങ്ങാത്ത ആദരവും തോന്നി. അതോടൊപ്പം വത്സലച്ചേച്ചിയെ ഓർമ്മവന്നു.

വത്സലച്ചേച്ചി എന്റെ കസിനാണ്. പക്കാ വെജിറ്റേറിയൻ. എങ്കിലും ഞാൻ ഇതു വരെ കഴിച്ചിട്ടുള്ളതിൽ ഏറ്റവും രുചികരമായ ചിക്കൻ കറിയും മീൻ കറിയും വത്സലച്ചേച്ചി ഉണ്ടാക്കിയതാണ്. ഉപ്പു നോക്കുക പോലും വേണ്ട. എല്ലാവർക്കും ഉണ്ടാക്കിത്തരാൻ യാതൊരു മടിയുമില്ല താനും.

“എനിക്കൊരു കസിനുണ്ട്…,” ജോയിയെപ്പോലെ വിശാലഹൃദയമുള്ള വത്സലച്ചേച്ചിയെ ബാക്കിയുള്ളവർക്കു കൂടി പരിചയപ്പെടുത്തിക്കൊടുക്കാമെന്നു കരുതി ഞാൻ പറഞ്ഞു, “നന്നായി ചിക്കൻ ഉണ്ടാക്കും. പക്ഷേ കഴിക്കില്ല…”

“അവൾക്കൊരു കസിനുണ്ട്,” ഇതു കേട്ടുകൊണ്ടു വന്ന സുരേഷ് പറഞ്ഞു, “നന്നായി ചിക്കൻ കഴിക്കും. പക്ഷേ ഉണ്ടാക്കില്ല…”

എന്നോടുള്ള അരിശം മുഴുവനും ആ വാക്കുകളിൽ ഉണ്ടായിരുന്നെങ്കിലും അത് എല്ലാവരും കൂടി ആർത്തട്ടഹസിച്ചുകൊണ്ടുള്ള ഒരു ചിരിയിൽ കലാശിച്ചു.