സാറാ ജോസഫിന്റെ നിഘണ്ടുക്കള്‍

ചുഴിഞ്ഞുനോക്കല്‍, ചോദ്യം, സാഹിത്യം

നിഘണ്ടുക്കള്‍ആലാഹയുടെ പെണ്മക്കള്‍, മാറ്റാത്തി എന്നീ മനോഹരനോവലുകള്‍ എഴുതിയ സാറാ ജോസഫിന്റെ ഈ സീരീസിലെ അടുത്ത നോവലാണു് ഒതപ്പു്. പുസ്തകം വാങ്ങിയെങ്കിലും മുമ്പുള്ള രണ്ടു പുസ്തകങ്ങളും വായിച്ചുതീരാത്തതിനാല്‍ വായിച്ചു തുടങ്ങിയില്ല. എങ്കിലും അതിന്റെ ആമുഖം വായിച്ചു. സെന്‍ ചിന്തകര്‍, ഖലീല്‍ ജിബ്രാന്‍, രജനീഷ്, ജിദ്ദു കൃഷ്ണമൂര്‍ത്തി തുടങ്ങിയവരുടെ ആശയങ്ങള്‍ ഈ പുസ്തകത്തിലുണ്ടത്രേ. വൈകാതെ വായിക്കണം.

ആമുഖത്തിലെ ഈ വാക്യങ്ങള്‍ അല്പം ചിന്തിപ്പിച്ചു.

‘ഒതപ്പു്’ എന്ന വാക്കിനു നിഘണ്ടുവില്‍ അര്‍ത്ഥം പറഞ്ഞുകാണുന്നില്ല. മറ്റൊരാളിനു് ഒതപ്പു് ഉണ്ടാക്കരുതു് എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം തെറ്റു ചെയ്യാനുള്ള പ്രേരണ അഥവാ പ്രലോഭനം ഉണ്ടാക്കരുതു് എന്നാണെന്നു പറയാം. തത്തുല്യമായി ഒരൊറ്റവാക്കു പറയാന്‍ കഴിയുന്നില്ല. ഇംഗ്ലീഷില്‍ scandal എന്ന വാക്കു് ഏകദേശം ഉപയോഗിക്കാം എന്നു തോന്നുന്നു.

ഉരല്‍, ഉലക്ക, ഉറപ്പു്, കുട്ട തുടങ്ങിയവ ഗ്രാമ്യഭാഷയില്‍ ഒരല്‍, ഒലക്ക, ഒറപ്പു്, കൊട്ട എന്നിങ്ങനെ മാറുന്നതുപോലെ ഉതപ്പു് എന്ന വാക്കു മാറിയതാണു് ഒതപ്പു് എന്നു ചിന്തിച്ചാല്‍ നിഘണ്ടുവില്‍ അതു കണ്ടുകിട്ടിയേനേ. ശബ്ദതാരാവലിയില്‍ ഇങ്ങനെ കാണുന്നു:

ഉതപ്പു് – ഇടര്‍ച്ച, എതിര്‍പ്പു്, ചവിട്ടു്, തൊഴി.

വാക്കുണ്ടെങ്കിലും, ഇതൊന്നും സാറാ ജോസഫ് പറഞ്ഞ അര്‍ത്ഥമല്ലല്ലോ. എനിക്കു വീണ്ടും ചിന്താക്കുഴപ്പമായി.

സിബുവാണു് ഈ സംശയത്തിനു സമാധാനമുണ്ടാക്കിയതു്. ബൈബിള്‍ ഭാഷയില്‍ ഇടര്‍ച്ച എന്നു പറഞ്ഞാല്‍ മനസ്സിന്റെ ഇടര്‍ച്ച, പ്രലോഭനം എന്നൊക്കെയാണത്രേ അര്‍ത്ഥം. ഇടര്‍ച്ചയ്ക്കു് ആ അര്‍ത്ഥമാണു് എങ്കില്‍ ഉതപ്പിനും ആ അര്‍ത്ഥം അങ്ങനെ വന്നതായിരിക്കും.

അപ്പോള്‍ എല്ലാം ശരിയായി. ഒന്നൊഴികെ.

ഇതിനോടു് ഏറ്റവും അടുത്തുനില്‍ക്കുന്ന ഇംഗ്ലീഷ് വാക്കു് scandal എന്നാണെന്നു ഗ്രന്ഥകര്‍ത്രി പറയുന്നു. ആ വാക്കിനു് അപവാദം, അപകീര്‍ത്തി, ദൂഷണം എന്നൊക്കെയാണല്ലോ അര്‍ത്ഥം. ഞാന്‍ പരിശോധിച്ച എല്ലാ ഇംഗ്ലീഷ്-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം നിഘണ്ടുക്കളിലും ആ അര്‍ത്ഥമാണു കാണുന്നതു്. അതു് ഒതപ്പിനു് ഏകദേശമെങ്കിലും തത്തുല്യമായ പദമാകുന്നതെങ്ങനെ?

സാറാ ജോസഫിന്റെ കയ്യില്‍ ഏതൊക്കെ നിഘണ്ടുക്കളാവും ഉണ്ടാവുക?

(ചിത്രം വരച്ചതു്: സിബു)