ഓണത്തിനെന്താ വിശേഷം, ഗൂഗിളില്‍?

ഗൂഗിള്‍

Malayalam newsഇത്തവണ ഓണത്തിനു് ഗൂഗിളിന്റെ വകയായി മലയാളികള്‍ക്കു് ഒരു സമ്മാനം. ഇന്നു മുതല്‍ ഗൂഗിള്‍ ന്യൂസ് മലയാളത്തിലും!

ഇതിനെപ്പറ്റിയുള്ള ഗൂഗിളിന്റെ ഔദ്യോഗിക അറിയിപ്പു് ഇവിടെ.

ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ക്കു ശേഷം ഗൂഗിളിന്റെ ഇന്ത്യന്‍ വാര്‍ത്തകള്‍ തമിഴിലും പ്രസിദ്ധീകരണമാരംഭിച്ചതു് ഒരു വലിയ വാര്‍ത്തയായിരുന്നു. ഹിന്ദിയ്ക്കും തമിഴിനും ശേഷം മൂന്നാമത്തെ ഇന്ത്യന്‍ ഭാഷയായി ഗൂഗിള്‍ തിരഞ്ഞെടുത്തതു് മലയാളമാണെന്നതു വളരെ സന്തോഷകരം തന്നെ.

മലയാളവാര്‍ത്തകള്‍ സംഭരിക്കുന്ന ധാരാളം സ്ഥലങ്ങളുണ്ടെങ്കിലും പല പത്രങ്ങളിലെയും സമാനവാര്‍ത്തകള്‍ ഒന്നിച്ചു കാണിക്കുന്നതു് ഇതാദ്യമായാണെന്നു തോന്നുന്നു. വാര്‍ത്തകളെ പല വിഭാഗങ്ങളാക്കുന്നതിനു പുറമേയാണിതു്. ഇങ്ങനെ വാര്‍ത്തകളെ തരംതിരിക്കുന്നതും സമാനവാര്‍ത്തകള്‍ ഒന്നിച്ചുകാണിക്കുന്നതും മനുഷ്യരുടെ സഹായമില്ലാതെ കമ്പ്യൂട്ടര്‍ തന്നെ അതിന്റെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിലാണു്. മലയാളമറിയാത്ത ഒരു തലച്ചോറാണു് ഇതിനു പിന്നിലെന്നതു് അദ്ഭുതാവഹമാണു്. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ഇവ മാറി പുതിയ വാര്‍ത്തകള്‍ വന്നു നിറയുകയും ചെയ്യും.

പ്രധാന വാര്‍ത്തകള്‍, ലോകം, ഇന്ത്യ, കേരളം, അറബിനാടുകള്‍, വാണിജ്യം, കായികം, വിനോദം തുടങ്ങി പല വിഭാഗങ്ങളുണ്ടു്. മലയാളികളില്‍ ഒരു നല്ല പങ്കു് ഗള്‍ഫ് രാജ്യങ്ങളിലായതുകൊണ്ടു് “അറബിനാടുകള്‍” എന്നൊരു പ്രത്യേകവിഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ടു്. ഓരോ വിഭാഗത്തിലും വാര്‍ത്തകള്‍ ഏതൊക്കെ, എങ്ങനെ, എത്രയെണ്ണം വേണം എന്നും അവ ഏതു ക്രമത്തില്‍ കാണണമെന്നും വായനക്കാരനു നിയന്ത്രിക്കാം. ഒന്നിലധികം ഭാഷകളിലെ വാര്‍ത്തകള്‍ ഒന്നിച്ചു് ഒരു പേജില്‍ കാണാനും സാധിക്കും.

പത്രങ്ങളിലെ മാത്രമല്ല, വെബ്‌ദുനിയാ, യാഹൂ, ദാറ്റ്സ് മലയാളം തുടങ്ങിയ വെബ്‌പോര്‍ട്ടലുകളിലെയും വാര്‍ത്തകള്‍ കാണിക്കുന്നുണ്ടു്. ഗൂഗിള്‍ ഉദ്ധരിക്കുന്ന പല പത്രങ്ങളും യൂണിക്കോഡിലല്ല എന്നതാണു മറ്റൊരു പ്രത്യേകത. ആസ്കി ഫോണ്ടുകളിലുള്ള ആ പത്രങ്ങളിലെ വാര്‍ത്തകള്‍ യൂണിക്കോഡിലേയ്ക്കു മാറ്റിയാണു് കാണിക്കുന്നതു്.

യൂണിക്കോഡിലേയ്ക്കു മാറാന്‍ പത്രങ്ങള്‍ക്കു് ഒരു പ്രചോദനം കൂടി.

http://news.google.com/news?ned=ml_in