കയ്പയ്ക്കയും കവിതയും

കവിതകള്‍ (My poems), ശ്ലോകങ്ങള്‍ (My slokams), സരസശ്ലോകങ്ങള്‍

കയ്പയ്ക്ക‍മധുരാജിന്റെ കയ്പയ്ക്കക്കൊണ്ടാട്ടം എന്ന ശ്ലോകം വായിച്ചു. നല്ല ശ്ലോകം. മധുരാജിന്റെ ശ്രീകൃഷ്ണസ്തുതികള്‍ വളരെ മനോഹരങ്ങളാണു്.

എനിക്കു ശ്ലോകത്തെക്കാള്‍ ഇഷ്ടപ്പെട്ടതു് അതിന്റെ ടിപ്പണിയാണു്. കയ്പയ്ക്കയെയും കവിതയെയും താരതമ്യപ്പെടുത്തിക്കൊണ്ടു് ഒരു ശ്ലോകമാക്കേണ്ട ആശയത്തെയാണു മധുരാജ് ടിപ്പണി ആക്കിയതു്. അതിനെ ശ്ലോകമാക്കിയതാണു താഴെ.

ഒരു വരിയില്‍ ഇരുപത്തൊന്നക്ഷരമുള്ള സ്രഗ്ദ്ധരയില്‍ ആണു് എഴുതിയതെങ്കിലും, മധുരാജിന്റെ ടിപ്പണിയില്‍ പറഞ്ഞിരിക്കുന്ന ആശയം മൊത്തം ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയില്ല. അല്പസ്വല്പം മാറ്റിയിട്ടുമുണ്ടു്. കുറേക്കാലമായി ശ്ലോകം എഴുതാത്തതിന്റെ കുഴപ്പം കാണുന്നുണ്ടു്. ശ്ലോകം ആകെ ക്ലിഷ്ടമാണു്. ദൂരാന്വയവും യതിഭംഗവുമുണ്ടു്. എങ്കിലും ശ്ലോകമല്ലേ, ഇവിടെ കിടക്കട്ടേ!


ആകെക്കയ്പാണു, ദുര്‍വാസന കഠിനവു, മെന്നാലുമാക്കര്‍മ്മസാക്ഷി-
യ്ക്കാകും നന്നാക്കിയേറ്റം രുചിയരുളിടുവാന്‍, വൃത്തമൊപ്പിച്ചു വെച്ചാല്‍
ഏകും കയ്പയ്ക്ക പോലാം കവിത രസമറിഞ്ഞോര്‍ക്കു സന്തുഷ്ടി, തപ്ത-
സ്നേഹത്തില്‍ കൃഷ്ണഭാവം വഴിയുമതിനു ലാവണ്യവും ചേര്‍ത്തിടേണം!

കവിത കയ്പയ്ക്ക പോലെയാണത്രേ!

  • ആകെ കയ്പ്പാണു്.
  • വാസന (കവിതാവാസന എന്നും മണം എന്നും) എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നുമില്ല.
  • എങ്കിലും കര്‍മ്മസാക്ഷിയ്ക്കു് (കര്‍മ്മസാക്ഷിയ്ക്കു് കാലം എന്നര്‍ത്ഥമുണ്ടു്. കാലം ചെല്ലുമ്പോള്‍ കവിത നന്നാകും എന്നു പറയാം. കയ്പയ്ക്കയുടെ കാര്യത്തില്‍ കര്‍മ്മസാക്ഷിയ്ക്കു സൂര്യന്‍ എന്നര്‍ത്ഥം.) അതിനെ നന്നാക്കാന്‍ കഴിയും. (വെയിലത്തു വെച്ചുണക്കിയാല്‍ കയ്പയ്ക്ക നന്നാവുമല്ലോ.)
  • വൃത്തം (കവിതയില്‍ പദ്യം വാര്‍ക്കുന്ന തോതു്. കയ്പയ്ക്കയ്ക്കു് വൃത്താകൃതി.) ഒപ്പിച്ചാണു് ഉണ്ടാക്കുന്നതെങ്കില്‍ നല്ല ഭംഗിയുണ്ടാവും. രസം (കവിതയിലെ രസം എന്നും രുചി എന്നും.) ആസ്വദിക്കുന്നവര്‍ക്കു സന്തോഷമുണ്ടാകും.
  • തപ്തസ്നേഹത്തില്‍ (ദുഃഖം കലര്‍ന്ന പ്രേമത്തില്‍ എന്നും ചൂടുള്ള എണ്ണയില്‍ എന്നും) കൃഷ്ണഭാവം (ശ്രീകൃഷ്ണന്റെ ഭാവം എന്നും കറുത്ത നിറം എന്നും) വരുന്ന അതില്‍ ലാവണ്യം (സൌന്ദര്യം, ഉപ്പു്) നന്നായി ചേര്‍ക്കണം.

വൃത്തം ഒത്തു. കര്‍മ്മസാക്ഷിയുടെ അനുഗ്രഹവും ലാവണ്യവും ഒക്കെ എത്രയുണ്ടെന്നു നിശ്ചയമില്ല :)