വിമര്‍ശകരുടെ വായടപ്പിച്ച വിജയം

ചെസ്സ് (Chess)

ജെര്‍മനിയിലെ ബോണില്‍ ഈയിടെ നടന്ന ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പ് അങ്കത്തില്‍ (World chess championship match) റഷ്യക്കാരനായ വ്ലാഡിമിര്‍ ക്രാംനിക്കിനെ 6½ – 4½ എന്ന സ്കോറില്‍ പരാജയപ്പെടുത്തി ഭാരതത്തിന്റെ വിശ്വനാഥന്‍ ആനന്ദ് വീണ്ടും ലോകചെസ്സ് ചാമ്പ്യനായി.

ഇതു മൂന്നാമത്തെ തവണയാണു് ആനന്ദ് ലോകചാമ്പ്യനാവുന്നതു്. പക്ഷേ, പലരും അദ്ദേഹത്തെ ഇതുവരെ ലോകചാമ്പ്യനായി അംഗീകരിച്ചിരുന്നില്ല. കാരണം, ഒരു അങ്കത്തിലൂടെ (match) അല്ല അദ്ദേഹം കഴിഞ്ഞ രണ്ടു തവണയും ചാമ്പ്യനായതു്. ആനന്ദ് ഒരു നല്ല ടൂര്‍ണമെന്റ് കളിക്കാരന്‍ മാത്രമാണു്, ലോകചാമ്പ്യനാകാന്‍ യോഗ്യനല്ല എന്നു പറഞ്ഞു നടന്ന വിമര്‍ശകരുടെയൊക്കെയും വായടപ്പിക്കുന്നതായിരുന്നു ആനന്ദിന്റെ ഉജ്വലപ്രകടനം.

ലോകചെസ്സ് ഫെഡറേഷന്റെ ചതുരംഗപ്പലകയ്ക്കു വെളിയിലുള്ള കളികളെപ്പറ്റിയും കുരുക്ഷേത്രയുദ്ധങ്ങളെപ്പറ്റിയും മറ്റും എഴുതാന്‍ ഒരുപാടുണ്ടു്. മറ്റൊരു പോസ്റ്റിലാവട്ടേ.

സ്റ്റെയിനിറ്റ്സ്-സുക്കര്‍ട്ടോര്‍ട്ട് മുതലുള്ള ഒരു വിധം എല്ലാ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് അങ്കങ്ങളിലെയും എല്ലാ കളികളും ഞാന്‍ കണ്ടിട്ടുണ്ടു്. മിക്കവാറും എല്ലാം തരക്കേടില്ലാതെ ബോറാണു്. പത്തുപതിനഞ്ചു നീക്കത്തില്‍ സമനില സമ്മതിക്കുന്ന കളികള്‍ ധാരാളം. ജയങ്ങളും മിക്കപ്പോഴും ജീവനില്ലാത്ത കളികള്‍. അവസാനം ഒരുത്തന്‍ എന്തെങ്കിലും അബദ്ധം ചെയ്തിട്ടു് (ഈ അബദ്ധം എന്താണെന്നു സാധാരണക്കാരനു് ആരെങ്കിലും പറഞ്ഞു തരേണ്ടിയും വരും!) മറ്റവന്‍ ബുദ്ധിമുട്ടി ജയിക്കുന്നവ. കാസ്പറോവ്-കാര്‍പ്പോവ് മത്സരം പോലും ഇതില്‍ നിന്നു വ്യത്യസ്തമായിരുന്നില്ല.

ടൂര്‍ണമെന്റ് പോലെ ഊര്‍ജ്ജസ്വലമായ ലോകചാമ്പ്യന്‍ഷിപ്പ് ഇതിനു മുമ്പു് ഒരിക്കലേ ഉണ്ടായിട്ടുള്ളൂ – 1972-ലെ ഫിഷര്‍-സ്പാസ്കി മത്സരം. ലോകത്തില്‍ ചെസ്സുകളിക്കു് ഒരു ഉണര്‍വുണ്ടാക്കിയ സംഭവമായിരുന്നു അതു്.

ഫിഷര്‍-സ്പാസ്കി മത്സരത്തിനു ശേഷം ആദ്യമായാണു് കാണികള്‍ക്കു് സന്തോഷം നല്‍കുന്ന ഒരു ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് മാച്ച് ഉണ്ടാകുന്നതു്. ഈ മാച്ചിലെ എല്ലാ കളികളിലും – സമനിലകളിലുള്‍പ്പെടെ – ആനന്ദും ക്രാംനിക്കും കാണികളെ നിരാശരാക്കാതെ വളരെ ആക്റ്റീവായി കളിച്ചു.

മറ്റൊരു വിധത്തിലും ഈ അങ്കത്തിനു ഫിഷര്‍-സ്പാസ്കി അങ്കവുമായി സാമ്യമുണ്ടു്. 1956-നു ശേഷം റഷ്യയ്ക്കു വെളിയില്‍ നിന്നു് നിസ്തര്‍ക്കനായ ചാമ്പ്യന്‍ (undisputed champion) ആയി ബോബി ഫിഷറും ആനന്ദും മാത്രമേ ഉണ്ടായിട്ടുള്ളൂ.

ഇതാണു് അങ്കത്തിന്റെ ഫലം:

 
1
2
3
4
5
6
7
8
9
10
11
12
 
ആനന്ദ്
½
½
1
½
1
1
½
½
½
0
½
ക്രാംനിക്ക്
½
½
0
½
0
0
½
½
½
1
½
 

ഇനി കളികള്‍ കാണാം.

ഈ അങ്കത്തിലെ കളികള്‍ വളരെ പ്രഗല്ഭരായ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ വിശകലനം ചെയ്തതു പല ഇന്റര്‍നെറ്റ് സൈറ്റുകളിലും ഉണ്ടു്. അങ്ങനെയൊരു വിശകലനത്തിനു ഞാന്‍ തുനിയുന്നില്ല. കളി കണ്ടപ്പോള്‍ തോന്നിയ വളരെ സാമാന്യമായ നിരീക്ഷണങ്ങള്‍ മാത്രമാണു്. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാട്ടുക.

ഇതിലെ കളികള്‍ ജാവാസ്ക്രിപ്റ്റ് അനുവദിച്ചിട്ടുള്ള ഏതു ബ്രൌസറിലും കളിച്ചുനോക്കാം. കളങ്ങള്‍ക്കു താഴെയുള്ള ബട്ടനുകള്‍ അമര്‍ത്തി മുന്നോട്ടും പിറകോട്ടും പോകാം. അല്ലെങ്കില്‍ കളിയിലെ ഏതെങ്കിലും നീക്കത്തില്‍ ക്ലിക്കു ചെയ്താല്‍ ആ സ്ഥിതി ബോര്‍ഡില്‍ വരും.

മലയാളം ബ്ലോഗില്‍ ഇങ്ങനെയൊന്നു് ആദ്യമാണെന്നു തോന്നുന്നു. ഇതിനു മുമ്പു് മൂര്‍ത്തി മാത്രമാണു ചെസ്സിനെപ്പറ്റി എഴുതിയിട്ടുള്ളതു്. പക്ഷേ കളികള്‍ ഇതുപോലെ പ്രസിദ്ധീകരിച്ചിട്ടില്ല.

Game 1

കളി രസകരമായിരുന്നെങ്കിലും അത്ര വലിയ തീപ്പൊരികളൊന്നും ഇതില്‍ ചിതറിയില്ല. രസകരമായ ഒരേയൊരു കാര്യം പത്താം നീക്കത്തില്‍ ക്രാംനിക്കിന്റെ ആന ആനന്ദിന്റെ കുതിരയെ വെട്ടിയപ്പോള്‍ തിരിച്ചു് കാലാള്‍ കൊണ്ടു വെട്ടാതെ പതിനാലാം നീക്കം വരെ അതിനെ പിന്‍ ചെയ്തിട്ടു് തേരു കൊണ്ടു വെട്ടിയതാണു്. ഈ അഭ്യാസത്തില്‍ ആനന്ദിനു് ഒരു കാലാള്‍ നഷ്ടമായെങ്കിലും തന്റെ തേരുകള്‍ സി-ഫയലില്‍ ഉറപ്പിക്കാന്‍ കഴിഞ്ഞതു് ആ നഷ്ടത്തെ നികത്തും എന്നും, മറിച്ചു് പത്താം നീക്കത്തില്‍ കാലാള്‍ കൊണ്ടു വെട്ടിയാല്‍ കാലാളുകളുടെ നിര ദുര്‍ബലമാകും എന്നും അതു ക്രാംനിക്കിനെതിരേ അപകടമായിരിക്കും എന്നും ആനന്ദ് തീരുമാനിച്ചു. നഷ്ടപ്പെട്ട കാലാള്‍ ആനന്ദിനു തിരിച്ചുകിട്ടുന്നതു് ഇരുപത്തഞ്ചാം നീക്കത്തിലാണു്.

ചെസ്സിലെ സമനിലയാവാന്‍ ഏറ്റവും സാദ്ധ്യതയുള്ള വ്യത്യസ്ത കളങ്ങളിലൂടെ പോകുന്ന ആനകളുടെ അന്ത്യഘട്ടം (Opposite colored Bishop’s ending) എത്തിയപ്പോഴാണു് സമനില സമ്മതിച്ചതു്. ഈ അന്ത്യഘട്ടത്തില്‍ ഒരാള്‍ക്കു് ഒരു കാലാള്‍ കൂടുതലുണ്ടെങ്കില്‍ പോലും ജയിക്കാന്‍ വിഷമമാണു്. ചിലപ്പോള്‍ രണ്ടു കാലാള്‍ കൂടുതലുള്ളതു പോലും ജയിക്കാന്‍ പര്യാപ്തമല്ല. ഇവിടെ കാലാളുകളുടെ എണ്ണം തുല്യമായിരുന്നു. മുപ്പതാം നീക്കത്തിലാണു് ഇരുവരും തേരുകളെ ഒഴിവാക്കി സമനില ഉറപ്പാക്കിയതു്.


Game 2

ആനന്ദ് മന്ത്രിയുടെ മുന്നിലെ കാലാളിനെ നീക്കി കളി തുടങ്ങിയതു് ഒരു അദ്ഭുതമായി. സാധാരണയായി ആനന്ദ് രാജാവിനു മുമ്പിലെ ആളിനെയാണു് ആദ്യം നീക്കാറുള്ളതു്. ഈ മാച്ചിലെ അവസാനത്തെ കളിയില്‍ മാത്രമാണു് ആനന്ദ് രാജാവിന്റെ മുമ്പിലെ കാലാള്‍ നീക്കി കളി തുടങ്ങിയതു്.

ക്രാംനിക്ക് ആണു് ഈ കളിയില്‍ മുന്നിട്ടു നിന്നതു്. രണ്ടു് ആനകളെ (bishop pair) നഷ്ടപ്പെടുത്താതിരിക്കാന്‍ നടത്തിയ ശ്രമം ആനന്ദിനെ ഒരു കൂച്ചുവിലങ്ങിട്ട നിലയിലെത്തിച്ചു. ഒരു കാലാളിനെ ബലികഴിച്ചു് ക്രാംനിക്ക് നടത്തിയ ആക്രമണം മന്ത്രിമാര്‍ കളത്തിലില്ലാത്തതിനാല്‍ ഒരു പരിധിയില്‍ കൂടുതല്‍ ഫലവത്തായില്ല. കളി കഴിയുമ്പോഴും ക്രാംനിക്കിനാണു കൂടുതല്‍ നല്ല സ്ഥിതി എന്നാണു് എന്റെ അഭിപ്രായം.


Game 3

ആനന്ദിന്റെ ആദ്യത്തെ ജയം. ഒരു തകര്‍പ്പന്‍ കളി!

ഒരു നൂറ്റാണ്ടു പഴക്കമുള്ള ഒരു ഓപ്പനിംഗില്‍ ഇതു വരെ ആരും കളിച്ചിട്ടില്ലാത്ത ഒരു പതിന്നാലാം നീക്കം (14… Bb7) നടത്തിക്കൊണ്ടാണു് ആനന്ദ് ക്രാംനിക്കിനെ ആദ്യം ഞെട്ടിച്ചതു്. പതിനേഴാം നീക്കത്തിനു ശേഷം ആനന്ദ് …Ke7, …Rag8, …d3, …Rxg3 എന്നിങ്ങനെയുള്ള ആക്രമണങ്ങള്‍ക്കുള്ള ഭീഷണിയുമായി എത്തിയപ്പോള്‍ ക്രാംനിക്ക് കളിച്ച 18. Bf4 നല്ലതു തന്നെ. എങ്കിലും 18… Bxf4-നു ശേഷം ആനയെയും കുതിരയെയും ഒന്നിച്ചു് ആക്രമിച്ചു് നഷ്ടമായ കരു തിരിച്ചുപിടിക്കുന്ന 19. Rxd4 കളിക്കാതെ 19. Nxd4 കളിച്ചതാണു് ക്രാംനിക്കിന്റെ അധോഗതിയ്ക്കു കാരണമായതു്. ഈ കളി മൂലം ക്രാംനിക്കിനു് ബലി കഴിച്ച കരു തിരികെ കിട്ടുകയും അവസാനം രണ്ടു കാലാളിന്റെ മുന്‍‌തൂക്കം ഉണ്ടാവുകയും ചെയ്തെങ്കിലും, ക്രാംനിക്കിന്റെ രാജാവിനെതിരെ ശക്തിയായ ആക്രമണം അഴിച്ചുവിടാന്‍ ഇതു് ആനന്ദിനെ സഹായിച്ചു. കിട്ടിയ കരുവിനെ തിരിച്ചു കൊടുത്തുകൊണ്ടും ക്രാംനിക്കിന്റെ ആക്രമണത്തെ നിര്‍വീര്യമാക്കിക്കൊണ്ടും ആനന്ദ് നടത്തിയ ഇരുപത്തിരണ്ടാം നീക്കം ഈ ആക്രമണത്തിനു തുടക്കം കുറിച്ചു.

സമയക്കുറവു കൊണ്ടാകണം, നേരേ ചൊവ്വേ പ്രതിരോധിക്കാതെ ഏറ്റവും ഇടത്തുള്ള കാലാളിനെ ഉന്തി മന്ത്രിയാക്കാന്‍ ക്രാംനിക്ക് ശ്രമിച്ചതാണു് പരാജയത്തിലേക്കു നയിച്ചതു്. തന്റെ മന്ത്രി നഷ്ടപ്പെട്ടാലും ഈ കാലാള്‍ മന്ത്രിയാവും എന്നു കരുതിയ ക്രാംനിക്കിനു തെറ്റി. ആനന്ദ് ക്രാംനിക്കിന്റെ മന്ത്രിയെ വെട്ടി എന്നു മാത്രമല്ല, ഈ കാലാളിനെ മന്ത്രിയാകുന്നതില്‍ നിന്നു തടയാന്‍ വഴിയൊരുക്കുകയും ചെയ്തു എന്നു കണ്ടപ്പോഴാണു് (42. Kb3 Qxf3+/43… Be4; 42… Ka1?? Bc2+ 43. Ka2 Qb1 mate.) ക്രാംനിക്ക് തോല്‍‌വി സമ്മതിച്ചതു്.

മുപ്പത്തിമൂന്നാം നീക്കത്തില്‍ രണ്ടുപേര്‍ക്കും തെറ്റു പറ്റി എന്നും പറയണം. 33. Bd3-യ്ക്കു പകരം 33. Kb3 ക്രാംനിക്കിനു സമനിലയ്ക്കു കൂടുതല്‍ സാദ്ധ്യത കൊടുത്തേനേ. അതുപോലെ 33… Bxd3 ആയിരുന്നു ആനന്ദിനു കൂടുതല്‍ നല്ലതു്. (34. Rxd3 Qc4+ 35. Kd2 Qc1 mate, അല്ലെങ്കില്‍ 36. Qxd3 Rg2+ താമസിയാതെ അടിയറവു കൊടുക്കും.) ആനന്ദ് കളിച്ച നീക്കവും ജയിക്കുന്നതു തന്നെ.


Game 4

കാര്യമായ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു കളി. ആദ്യം തന്നെ ക്രാംനിക്കിനു് ഒരു കൂട്ടം വിട്ട കാലാളിനെ (isolated pawn) ഉണ്ടാക്കാന്‍ ആനന്ദിനു കഴിഞ്ഞെങ്കിലും അതിനെ ആക്രമിക്കാനുള്ള ശ്രമമെല്ലാം വിഫലമായി. ഇരുപത്തേഴാം നീക്കത്തില്‍ ആ കാലാളിനെ ഒഴിവാക്കാന്‍ ക്രാംനിക്കിനു കഴിഞ്ഞതോടെ കളി സമനിലയിലേയ്ക്കു നീങ്ങുകയായിരുന്നു.


Game 5

ആനന്ദിനു വിജയം നേടിക്കൊടുത്ത മൂന്നാം കളിയില്‍ ഉപയോഗിച്ച ക്വീന്‍സ് ഗാംബിറ്റ് മെറാന്‍ സിസ്റ്റം തന്നെയാണു് ഇവിടെയും കളിച്ചതു്. ക്രാംനിക്കിന്റെ തയ്യാറെടുപ്പിനെ തകര്‍ക്കാനാവണം ആനന്ദ് പതിനഞ്ചാം നീക്കത്തില്‍ മാറ്റിക്കളിച്ചു. (മൂന്നാം കളിയില്‍ കളിച്ച 15… Bd6 ആണു് ഇവിടെ കളിച്ച 15…Rg8-നേക്കാള്‍ നല്ലതു് എന്നതു മറ്റൊരു കാര്യം.)

ഇരുപത്തൊമ്പതാം നീക്കത്തില്‍ ഒരു കുതിരയെ ബലികഴിക്കുകയും പിന്നീടു് ഒരു കരുവിനെ തിരിച്ചു കിട്ടുകയും അതുവഴി ഒരു കാലാളിനെ നേടിയെടുക്കുകയും ചെയ്യുന്ന ഒരു വ്യൂഹം (combination) ക്രാംനിക്ക് മെനഞ്ഞെങ്കിലും ആനന്ദ് അല്പം കൂടുതല്‍ കണ്ടിരുന്നു. 34… Ne3+! എന്ന നീക്കം ഒരു വെള്ളിടി പോലെ ആയിരുന്നു. ഒരു കുതിരയെ ബലി കഴിച്ച ആനന്ദിന്റെ കാലാള്‍ എട്ടാം നിരയിലെത്തി മന്ത്രിയാവുന്നതു തടയാന്‍ പറ്റാതെ ക്രാംനിക്ക് തോല്‍‌വി സമ്മതിച്ചു. ഒരു മനോഹരമായ കളി!

ആനന്ദ് ഇപ്പോള്‍ രണ്ടു കളികള്‍ക്കു മുന്നിലാണു്.


Game 6

ചെറിയ മുന്‍‌തൂക്കം വലുതാക്കി അവസാനം ക്രാംനിക്കിനു് ഒരു പഴുതും കൊടുക്കാതെ സ്റ്റൈലായി വിജയിച്ച ആനന്ദിനെയാണു് ഈ കളിയില്‍ കാണാന്‍ കഴിയുക. പതിനെട്ടാം നീക്കത്തില്‍ ഒരു കാലാളിനെ കളഞ്ഞ ക്രാംനിക്കിനു് അതിന്റെ ഗുണമൊന്നും കിട്ടിയില്ല. പതുക്കെപ്പതുക്കെ ആനന്ദ് പിടി മുറുക്കി. അവസാനം ആനന്ദ് 45. Rc3 കളിച്ചപ്പോള്‍ ക്രാംനിക്കിനു നിവൃത്തിയില്ലാതെയായി. കാലാള്‍ മന്ത്രിയാകുന്നതിനു പകരം ഒരു തേരിനെയും കുതിരയെയും എടുക്കാമന്ന പ്ലാനും തെറ്റി. ക്രാംനിക്ക് തോല്‍‌വി സമ്മതിച്ച നിലയില്‍ അദ്ദേഹത്തിനു് തേരും നഷ്ടപ്പെടും. 47. Bg7+ Kf5 48. Bxe5 Kxe5 49. Qg7+ and the rook at c3 is lost. തകര്‍പ്പന്‍ കളി!


മത്സരം പകുതിയായപ്പോള്‍ ആനന്ദ് 4½ – 1½-യ്ക്കു മുന്നിട്ടു നില്‍ക്കുന്നു. ആദ്യത്തെ ആറു കളികളില്‍ ഒന്നിടവിട്ടു് ക്രാംനിക്കും ആനന്ദും വെളുത്ത കരുക്കള്‍ എടുത്തിരുന്നു. രണ്ടാമത്തെ പകുതിയില്‍ ഒന്നിടവിട്ടു് ആനന്ദും ക്രാംനിക്കും വെള്ളക്കരുക്കള്‍ എടുക്കും. അതുകൊണ്ടു് അടുപ്പിച്ചു് രണ്ടു കളികളില്‍ (6, 7) ആനന്ദിനു വെള്ളക്കരുക്കള്‍ കിട്ടി.


ഒരു പൊസിഷണല്‍ ഗെയിം. അവസാനത്തെ സ്ഥിതിയില്‍ ആനന്ദിനു് ഒരു കാലാള്‍ കൂടുതലുണ്ടെങ്കിലും ജയിക്കാന്‍ അതു പോരാ.

Game 7


Game 8

രണ്ടു പേരും വളരെ ഊര്‍ജ്ജസ്വലമായി കളിച്ച മറ്റൊരു കളി. ആനന്ദിന്റെ കളി വളരെ വിശേഷം തന്നെ. സമനില ഉറപ്പാക്കാന്‍ വേണ്ടി അപകടം കുറവുള്ള ശാന്തമായ തുടക്കങ്ങളല്ല, വളരെ അപകടം പിടിച്ച തുടക്കങ്ങളാണു് അദ്ദേഹം തിരഞ്ഞെടുക്കുന്നതു്. രണ്ടു വിജയം നേടിക്കൊടുത്ത മെറാന്‍ സിസ്റ്റം ഏതായാലും ഇത്തവണ കളിച്ചില്ല. പകരം, അപകടത്തിനു യാതൊരു കുറവുമില്ലാത്ത സ്ലാവ് ഗാംബിറ്റാണു് ഇത്തവണ കളിച്ചതു്. ആ ഉശിരിനു് ഒരു പ്രണാമം!

കളിയുടെ പകുതി കഴിഞ്ഞപ്പോഴേയ്ക്കും ക്രാംനിക്കിനായിരുന്നു കൂടുതല്‍ ആക്രമണസാദ്ധ്യതകള്‍. എങ്കിലും ആനന്ദിന്റെ കനത്ത പ്രതിരോധത്തിനു മുന്നില്‍ (“തിരിച്ചു് ആക്രമിക്കുകയാണു് പ്രതിരോധത്തിന്റെ ഏറ്റവും നല്ല വഴി” എന്ന തത്ത്വം പ്രകടമാക്കുന്നവയാണു് ആനന്ദിന്റെ പല കളികളും.) ഒരു പരിധിയില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ ക്രാംനിക്കിനു കഴിഞ്ഞില്ല. അവിരാമമായി അരശു കൊടുക്കാന്‍ (perpetual check) ഉള്ള പല സാദ്ധ്യതകളും ക്രാംനിക്ക് വേണ്ടെന്നു വെച്ചതില്‍ നിന്നു് ജയിക്കാന്‍ അദ്ദേഹം കിണഞ്ഞു ശ്രമിക്കുകയായിരുന്നു എന്നു വ്യക്തം. അവസാനം അവിരാമമായ അരശു മൂലം രണ്ടു തവണ സ്ഥിതി ആവര്‍ത്തിച്ചാണു് സമനിലയില്‍ എത്തിയതു്.


Game 9

സമനിലയില്‍ അവസാനിച്ചെങ്കിലും വളരെ വാശിയേറിയ മത്സരമായിരുന്നു ഇതു്. ആര്‍ക്കാണു മുന്‍‌തൂക്കം എന്നു പറയാന്‍ പറ്റാത്ത വിധം അപരിമേയമായിരുന്നു കളിയുടെ ഗതി. ഒരു നീക്കം പിശകിയാല്‍ ക്രാംനിക്കിനാണു മുന്‍‌തൂക്കം എന്നു കരുതിയ സമയത്താണു് ആനന്ദിന്റെ 38. Rd7! എന്ന നീക്കം ക്രാംനിക്കിനെ തകര്‍ത്തതു്. പിന്നീടു് സൂക്ഷ്മതയോടെ കളിച്ചാലേ സമനില കിട്ടൂ എന്ന സ്ഥിതിയായി. ഏതായാലും ഉദ്വേഗജനകമായ പത്തുപന്ത്രണ്ടു നീക്കങ്ങള്‍ക്കു ശേഷം കളി സമനിലയില്‍ കലാശിച്ചു.


Game 10

ഒരു കളി പോലും ജയിക്കാതെ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോല്‍ക്കുക എന്ന നാണക്കേടില്‍ നിന്നു് ക്രാംനിക്കിനെ രക്ഷിച്ച കളി. (ഇതിനു മുമ്പു് 1921-ല്‍ കപ്പാബ്ലാന്‍‌കയ്ക്കെതിരേ ഇമ്മാനുവേല്‍ ലാസ്കറിനു മാത്രമേ അതു പറ്റിയുള്ളൂ: +0-4=10.) ജയിക്കാന്‍ ഒരു സമനില മാത്രം വേണ്ടിയിരുന്നപ്പോള്‍ ആനന്ദിനെ ഞെട്ടിപ്പിച്ച കളി.

ക്രാംനിക്ക് വളരെ മനോഹരമായി ഈ കളി കളിച്ചു. ആനന്ദിന്റെ നിംസോ ഇന്ത്യന്‍ പ്രതിരോധത്തിനെതിരായി കാസ്പറോവ് പ്രസസ്തമാക്കിയ 4. Nf3 c5 5. g3 ലൈന്‍ കളിച്ചുകൊണ്ടു് ക്രാംനിക്ക് തുടക്കത്തില്‍ കിട്ടിയ മുന്‍‌തൂക്കം നന്നായി വര്‍ദ്ധിപ്പിച്ചുകൊണ്ടു വന്നു. ക്രാംനിക്കിന്റെ 23 മുതല്‍ 29 വരെയുള്ള ഓരോ നീക്കവും ഒന്നിനൊന്നു മെച്ചമായിരുന്നു. ഇരുപത്തിമൂന്നാം നീക്കത്തില്‍ത്തന്നെ നില പരുങ്ങലിലായ ആനന്ദിനു കാര്യമായി അതിനു ശേഷം ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഏഴാം നിരയില്‍ കയറിയ തേരും മന്ത്രിയും കൂടി എല്ലാ വിധത്തിലുമുള്ള ഭീഷണികളും ഉയര്‍ത്തിയപ്പോള്‍ ആനന്ദിനു തോല്‍‌വി സമ്മതിക്കാതെ ഗത്യന്തരമില്ലാതെ വന്നു.


Game 11

രണ്ടു പേരും പരസ്പരം അമ്പരപ്പിച്ചു എന്നതാണു് ഈ കളിയുടെ ഒരു പ്രത്യേകത.

മന്ത്രിയുടെ മുന്നിലെ കാലാള്‍ നീക്കി (1. d2-d4) എല്ലാ കളികളും തുടങ്ങിയ ആനന്ദ് പെട്ടെന്നു് രാജാവിന്റെ മുന്നിലെ കാലാള്‍ നീക്കി (1. e2-e4) തുടങ്ങി എന്നതാണു് ആദ്യത്തെ സര്‍പ്രൈസ്. അതിനു മറുപടിയായി ക്രാംനിക്ക് സിസിലിയന്‍ പ്രതിരോധത്തിലെ (1… c7-c5) നജ്ഡോര്‍ഫ് രീതി (5… a7-a6) ഉപയോഗിച്ചു എന്നതാണു് അടുത്ത സര്‍പ്രൈസ്.

പക്ഷേ, ഈ സര്‍പ്രൈസുകള്‍ ആനന്ദിനാണു ഗുണമാകുന്നതു്. 1. e4 ആനന്ദ് ഇരുപത്തഞ്ചു കൊല്ലമായി കളിക്കുന്നതാണു്. ക്രാംനിക്കാകട്ടേ, സിസിലിയന്‍ നജ്ഡോര്‍ഫ് വേരിയേഷന്‍ കാര്യമായി കളിച്ചിട്ടു തന്നെയില്ല. ഒരു പക്ഷേ, ഈ മാച്ചിനു വേണ്ടി തയ്യാറായിട്ടുണ്ടാവാം. അല്ലെങ്കില്‍ ആനന്ദിനെ അമ്പരപ്പിക്കാന്‍ ശ്രമിച്ചതാവാം.

കുറേക്കാലമായി അത്ര പോപ്പുലറല്ലാത്ത 8. Bg5 ആനന്ദ് കളിച്ചു എന്നതു ശ്രദ്ധേയമാണു്. ആ വേരിയേഷനിലെ പോയിസണ്‍‌ഡ് പോണ്‍ വേരിയേഷ(8. Bg5 e6 9. f4 Qb6)ന്റെ തിയറി അടുത്ത കാലത്തു വലിയ പുരോഗതി പ്രാപിച്ചതാണു് അതിന്റെ പോപ്പുലാരിറ്റി കുറയാന്‍ കാരണം. ആ വേരിയേഷനില്‍ വെളുത്ത കരുക്കള്‍ കൊണ്ടു കളിക്കുന്നവനു് ഒരു സമനിലയില്‍ കൂടുതല്‍ പ്രതീക്ഷിക്കാന്‍ പറ്റില്ല. സമനിലയിലേയ്ക്കു പോകുന്ന ആ വേരിയേഷന്‍ ക്രാംനിക്ക് കളിക്കില്ല എന്ന ഉറപ്പുള്ളതു കൊണ്ടാണു് ആനന്ദ് അതു കളിച്ചതു്.

സമനിലയ്ക്കു വേണ്ടി നിഷ്ക്രിയമായി കളിക്കാതെ ആനന്ദ് പന്ത്രണ്ടാം നീക്കത്തില്‍ ഒരു കാലാളിനെ ബലി കഴിച്ചതും തന്റെ രാജാവിന്റെ മുന്നിലുള്ള വഴി അപകടകരമാം വിധം തുറന്നു കൊണ്ടു് ക്രാംനിക്ക് ആ ബലി സ്വീകരിച്ചതും അങ്കം കാണാന്‍ എത്തിയവര്‍ക്കു ആഹ്ലാദമേകി.

ഇരുപതാം നീക്കത്തില്‍ ആനയുടെയും മന്ത്രിയുടെയും ആക്രമണത്തില്‍ നിന്നു മുന്‍‌കൂട്ടി രാജാവിനെ ഒഴിഞ്ഞുമാറ്റിക്കൊണ്ടു് ആനന്ദ് നീക്കിയ നീക്കം ക്രാംനിക്കിന്റെ സാദ്ധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചു. ആനന്ദിന്റെ മന്ത്രിയും തേരും കൂടി ഒരുക്കിയ ആക്രമണത്തില്‍ നിന്നു രാജാവിനെ രക്ഷപ്പെടുത്താന്‍ ക്രാംനിക്ക് ഇരുപത്തിരണ്ടാം നീക്കത്തില്‍ മന്ത്രികളെ പരസ്പരം വെട്ടിമാറ്റാന്‍ നിര്‍ബന്ധിതനായി. (ഒരു സമനില പോരാതെ ആയിരുന്നെങ്കില്‍ ആനന്ദ് 22. Qd6! കളിച്ചേനേ.) അതിനു ശേഷം ക്രാംനിക്കിനു് ഒരു സമനിലയില്‍ കൂടുതലായി ഒന്നുമില്ല. ക്രാംനിക്ക് തന്നെയാണു് സമനില നിര്‍ദ്ദേശിച്ചതും അങ്ങനെ ആനന്ദിനെ ലോകചാമ്പ്യനാക്കിയതും.