ആനന്ദ് ജയിക്കുമോ? (ജയിച്ചു!)

ചെസ്സ് (Chess)

ആനന്ദ്‍ഒന്‍പതു കളികളില്‍ മൂന്നു ജയവും ആറു സമനിലകളുമായി മുന്നേറവേ, അവസാനത്തെ മൂന്നു കളികളില്‍ നിന്നു് ജയിക്കാന്‍ ഒരു സമനില മാത്രം ആവശ്യമായിരുന്നപ്പോള്‍, വിശ്വനാഥന്‍ ആനന്ദ് ലോകചെസ് ചാമ്പ്യന്‍ഷിപ്പിന്റെ പത്താമത്തെ കളിയില്‍ ക്രാംനിക്കിനോടു തോറ്റു.

അതിനെന്തു്? ഇനി രണ്ടു കളികളില്‍ ഒരു സമനില കിട്ടിയാല്‍ പോരേ?

മതി. പക്ഷേ, തോല്‍‌വിയില്‍ അടിപതറിപ്പോകുന്ന കളിക്കാരനായിരുന്നു എന്നും ആനന്ദ്.

1995-ലെ പി. സി. എ. ലോക ചാമ്പ്യന്‍ഷിപ്പ് ഓര്‍മ്മയില്ലേ? ആദ്യത്തെ എട്ടു കളികളില്‍ സമനില വഴങ്ങിയതിനു ശേഷം ഒമ്പതാമത്തെ കളിയില്‍ ആനന്ദ് കാസ്പറോവിനെ തോല്‍പ്പിച്ചതു്. അടുത്ത ചാമ്പ്യന്‍ ആനന്ദു തന്നെ എന്നുറപ്പിച്ചപ്പോഴാണു് പത്താമത്തെ കളിയില്‍ കാസ്പറോവ് ജയിച്ചതു്. അടി പതറിയ ആനന്ദ് പിന്നീടുള്ള അഞ്ചു കളികളില്‍ നാലും തോറ്റു. പതിനൊന്നാമത്തെ കളിയിലെ പരാജയം ഒരു സാധാരണ കളിക്കാരനു പോലും പറ്റാത്ത തരത്തിലുള്ളതായിരുന്നു.

ജയിക്കുന്തോറും അജയ്യനായി മുന്നോട്ടു പോകുമ്പോഴും, തോല്‍‌വിയില്‍ നിന്നു കര കയറാന്‍ ആനന്ദ് പലപ്പോഴും പണിപ്പെട്ടിരുന്നു. 1978-ല്‍ കോര്‍ച്ച്നോയ്ക്കെതിരേ തകര്‍ന്ന നിലയില്‍ നിന്നു കര കയറി അവസാനം ജയിച്ച കാര്‍പ്പോവിനെപ്പോലെയോ, 1984-ലെ ലോകചാമ്പ്യന്‍ഷിപ്പില്‍ 0-5-നു പുറകിലായിട്ടു (6 കളികള്‍ ജയിക്കുന്ന ആളായിരുന്നു ചാമ്പ്യന്‍) പിന്നെ ഒരു കളിയും തോല്‍ക്കാതെ മൂന്നു കളികള്‍ ജയിച്ച കാസ്പറൊവിനെപ്പോലെയോ (ഈ മാച്ച് പിന്നെ നിര്‍ത്തിവെയ്ക്കുകയായിരുന്നു.) തോല്‍‌വിയില്‍ നിന്നു തിരിച്ചുകയറിയ ചരിത്രം ആനന്ദിനില്ല.

എങ്കിലും ഇവിടെ ആനന്ദ് ജയിക്കുമെന്നു തന്നെ കരുതാം. പത്തു കളി കഴിഞ്ഞപ്പോള്‍ ക്രാംനിക്ക് രണ്ടു പോയിന്റ് പുറകിലാണു് (6-4). ജയിക്കാന്‍ ആനന്ദിനു് ഇനിയുള്ള രണ്ടു കളിയില്‍ ഒരു സമനില മാത്രം മതി. അടുത്ത കളിയില്‍ ആനന്ദിനു വെളുത്ത കരുക്കളുമാണു്. മാത്രമല്ല, അടുത്ത രണ്ടു കളിയും തോറ്റാല്‍ത്തന്നെ ടൈബ്രേക്കറില്‍ ജയിക്കാനും അവസരമുണ്ടു്.

എന്തുകൊണ്ടും ആനന്ദ് ജയിക്കും എന്നു തന്നെയാണു് എന്റെ പ്രതീക്ഷയും ആഗ്രഹവും. എങ്കിലും…

(ഫോട്ടോ കടപ്പാടു്: വിക്കിപീഡിയ)


ആനന്ദ്‍[2008-10-29]: പതിനൊന്നാമത്തെ കളിയില്‍ 24 നീക്കങ്ങള്‍ക്കുള്ളില്‍ സമനില നേടി ആനന്ദ് വീണ്ടും ലോകചാമ്പ്യനായി. സമനിലയ്ക്കു വേണ്ടി കളിക്കാതെ വളരെ ഊര്‍ജ്ജസ്വലമായി കളിച്ചാണു് ആനന്ദ് ഇതു സാധിച്ചതു്. അപകടം നിറഞ്ഞ ഓപ്പനിംഗ് ഉപയോഗിക്കുക മാത്രമല്ല, പന്ത്രണ്ടാം നീക്കത്തില്‍ ഒരു കാലാളിനെ ബലി കഴിക്കുക കൂടി ചെയ്തു ആനന്ദ്.

ഇരുപത്തിരണ്ടാം നീക്കത്തില്‍ ഒന്നുകില്‍ അടിയറവു സംഭവിക്കുക, അല്ലെങ്കില്‍ മന്ത്രിമാരെ പരസ്പരം വെട്ടിമാറ്റുക എന്ന സ്ഥിതിയിലെത്തിയപ്പോള്‍ ക്രാംനിക്കിനു് മന്ത്രിമാരെ ഒഴിവാക്കി സമനിലയില്‍ കൂടുതലായി ഒന്നുമില്ലാത്ത ഒരു സ്ഥിതിയിലേയ്ക്കു പോകേണ്ടി വന്നു.

വെല്‍ ഡണ്‍ ആനന്ദ്! ഇങ്ങനെ തന്നെയാണു സമനില നേടേണ്ടതു്. ഞങ്ങളെല്ലാവരും അഭിമാനിക്കുന്നു.

(ഫോട്ടോ കടപ്പാടു്: സൂസന്‍ പോള്‍ഗാറിന്റെ ബ്ലോഗ്)