ക്യാ കരൂം?

നര്‍മ്മം, പ്രശ്നങ്ങള്‍ (Problems)

ബ്ലോഗെഴുതാൻ മൂന്നു മണിക്കൂർ സമയം ഫ്രീ കിട്ടി. എന്തു ചെയ്യണം?

ഒരുപാടു കാലത്തിനു ശേഷമാണു് തടസ്സങ്ങളില്ലാതെ ഇത്രയും സമയം കിട്ടുന്നതു്. തിരക്കിനിടയിൽ വീണുകിട്ടുന്ന മിനിറ്റുകളിൽ എഴുതുന്ന തുണ്ടുകളെ ചേർത്തുവെച്ചാണു പലപ്പോഴും പോസ്റ്റുകളാക്കുന്നതു്. ഒരു ആശയം കിട്ടിയാൽ ഒരു പുതിയ പോസ്റ്റ് തുടങ്ങി ഒരു തലക്കെട്ടും കൊടുത്തു് രണ്ടു വാക്യങ്ങളും എഴുതി അവിടെയിടും. അല്പം സമയം കിട്ടുമ്പോൾ ഡ്രാഫ്റ്റ് പോസ്റ്റുകളുടെ തലക്കെട്ടു നോക്കി അന്നേരത്തെ മൂഡനുസരിച്ചു് തോന്നുന്ന ഒന്നിൽ കുറേക്കൂടി ചേർക്കും. ഇടയ്ക്കു് ഒരു അരമുക്കാൽ മണിക്കൂർ കിട്ടുകയും ഏതെങ്കിലും ഒരു പോസ്റ്റ് തീരാറായിരിക്കുകയും ചെയ്യുമ്പോഴാണു് അവസാനപണികൾ ചെയ്തു് അതു പൂർത്തിയാക്കി പ്രസിദ്ധീകരിക്കുന്നതു്. (ഈ പോസ്റ്റു പോലെയുള്ള വയറിളക്കങ്ങൾക്കു് ഇതു ബാധകമല്ല)

ചുരുക്കം പറഞ്ഞാൽ ബ്ലോഗെഴുത്തിനു് അനോണി ആന്റണി തരുന്ന പെരുമാറ്റച്ചട്ടങ്ങളിൽ ഒന്നു പോലും ഞാൻ പാലിക്കാറില്ല എന്നർത്ഥം. ചുമ്മാതല്ല പോസ്റ്റുകൾ ഉണ്ടാകാത്തതു്!

അതു പോട്ടേ. എനിക്കിന്നു മൂന്നു മണിക്കൂർ സമയമുണ്ടു്. എഴുതിത്തീരാറായ ഏതെങ്കിലും പോസ്റ്റ് തീർക്കണമെന്നുണ്ടു്. ഇവയിൽ ഏതു തീർക്കും?

2006 ജൂണിൽ എഴുതിത്തുടങ്ങിയ “വൃത്തനിർണ്ണയം” എന്ന മൾട്ടിമീഡിയ പോസ്റ്റ് മുതൽ മധുരാജിന്റെ ഈ കമന്റ് കണ്ടപ്പോൾ തോന്നിയ “ചിന്തയുടെ ഭാഷ” എന്ന പോസ്റ്റ് വരെ ഡ്രാഫ്റ്റ് ആയി കിടക്കുന്ന 56 പോസ്റ്റുകളിലെ പലതും കാലഹരണപ്പെട്ടതാണു്. എങ്കിലും ഒരു പത്തുനാല്പതെണ്ണമെങ്കിലും ഇന്നും പ്രസക്തിയുള്ളവയാണു്. അവയിൽ പത്തെണ്ണമെങ്കിലും മിക്കവാറും തീർന്നിരിക്കുന്നതുമാണു്. ഏതെടുക്കണമെന്നു് ഒരു ചിന്താക്കുഴപ്പം.

അഞ്ചു മിനിട്ടു മാത്രം കിട്ടുമ്പോൾ ഈ ചിന്താക്കുഴപ്പം ഉണ്ടാകാറില്ല. തിരഞ്ഞെടുക്കാൻ സമയമില്ല. ഏതെങ്കിലും ഒന്നെടുക്കും. കൂടുതൽ സമയമുള്ളപ്പോൾ തിരഞ്ഞെടുക്കാനാണു സമയം മുഴുവൻ പോകുക. ഇടയ്ക്കിടെ, “അയ്യോ, കിട്ടിയ സമയം വെയ്സ്റ്റാക്കരുതല്ലോ” എന്നു വ്യാകുലപ്പെടാൻ പോകുന്ന സമയം വേറെയും.

അതെന്താ അങ്ങനെ?