ഇതു് “എന്റേ” ഉത്തരങ്ങൾ

ചുഴിഞ്ഞുനോക്കല്‍, നര്‍മ്മം, ബ്ലോഗ് ഇവന്റ്

മല്ലുവിനെ പള്ളു പറയൽ, യൂണിക്കോഡിനെ ആണിയടിക്കൽ, പോട്ടം പിടിക്കൽ, പോഡ് കാസ്റ്റു നടത്തൽ തുടങ്ങിയ കലാപരിപാടികൾക്കു ശേഷം നിഷാദ് കൈപ്പള്ളി അടുത്തിടയ്ക്കു കൈ വെച്ച മേഖലയാണു ഗോമ്പറ്റീഷൻ. അതു തുടങ്ങിയിട്ടു് ഇപ്പോൾ അതു കൈപ്പള്ളിക്കും നാട്ടുകാർക്കും അഡിൿഷൻ ആയെന്നാണു് റിപ്പോർട്ടു്. ഗോമ്പറ്റീഷൻ തുടങ്ങിയതിൽ പിന്നെ മറ്റു ബ്ലോഗ് പോസ്റ്റുകൾ വായിക്കാൻ ആളെക്കിട്ടുന്നില്ല എന്നാണു മിക്ക ബ്ലോഗന്മാരുടെയും ബ്ലോഗിനികളുടെയും പരാതി.

“ഇതാരുടെ പുസ്തകശേഖരം?” എന്ന സൂപ്പർഹിറ്റ് സീരീസിനു ശേഷം ഗോമ്പറ്റീഷനിലെ പുതിയ ഇനമാണു് “ഇതാരുടേ ഉത്തരങ്ങൾ”. (ആരുടേ എന്നു നീട്ടുന്നതു് മാള അരവിന്ദൻ ചോദിക്കുന്നതു പോലെയാണെന്നു കരുതിയാൽ മതി.) കുറേപ്പേരോടു കുറേ പൊട്ടച്ചോദ്യങ്ങൾ ചോദിക്കും. ആ ചോദ്യങ്ങളും അവർ കൊടുക്കുന്ന പൊട്ട ഉത്തരങ്ങളും കൂടി കൈപ്പള്ളി പ്രസിദ്ധീകരിക്കും. അതിൽ നിന്നു് വായനക്കാർ ഉത്തരം പറഞ്ഞ ആളെ കണ്ടുപിടിക്കണം. ഇതാണു മത്സരം. പലരോടു പല ചോദ്യങ്ങളാണു ചോദിക്കുക.

എന്നോടും ചോദിച്ചു മുപ്പതു ചോദ്യങ്ങൾ. തല്ലിക്കൊന്നാലും ബൂലോഗത്തിലെ ഏറ്റവും ബുദ്ധിശാലിക്കു പോലും മനസ്സിലാവരുതു് എന്ന വാശിയോടെ ഞാൻ വളഞ്ഞുകുത്തി തിരിഞ്ഞമർന്നു് ഓതിരം കടകം തുടങ്ങി പണി പതിനെട്ടും നോക്കി ഉത്തരം പറഞ്ഞു. അതിനനുഭവിച്ച വേദന ചെറുതല്ലായിരുന്നു. സംവൃതോകാരത്തെ ഉപേക്ഷിച്ചു. (പുഷ്പപാദുകം മാത്രം അകത്തേയ്ക്കു സ്വീകരിച്ചു് സംവൃതാ സുനിലിനെ പുറത്തു നിർത്തിയതിൽ സിജുവിനുണ്ടായ മാനസികവിഷമത്തിൽ മാപ്പു ചോദിക്കുന്നു.) അദ്ധ്യാപകനെ അധ്യാപകൻ എന്നെഴുതി. കഷ്ടപ്പെട്ടു മനസ്സിനെ നിയന്ത്രിച്ചു് ഒരു ശ്ലോകം പോലും ക്വോട്ടു ചെയ്തില്ല. ശ്ലോകം ചോദ്യമായി വന്നപ്പോൾ ഉത്തരമായി തോന്നിയവാസം പറഞ്ഞു. എന്നിട്ടും ഇടിവാളും തൊട്ടു പിന്നാലെ സിദ്ധാർത്ഥനും എന്നെ പൊക്കി. (“പ്രത്യക്ഷരലക്ഷം എന്നു് ഇനി എഴുതില്ല” എന്നു പ്രത്യക്ഷരലക്ഷം എഴുതണം!) നമിച്ചു മച്ചാ, നമിച്ചു!

ഇനി ആ ചോദ്യങ്ങളും എന്റെ ഉത്തരങ്ങളുടെ പൊരുളും.

  1. എന്താണു് സമൂഹിക പ്രതിബദ്ധത?
    ഇതു് എന്നെ കുഴക്കിയിട്ടുള്ള ഒരു പ്രശ്നമാണു്. സമൂഹത്തിനു നല്ലതായതൊക്കെ സമൂഹത്തിനു കൊടുക്കുക എന്നൊക്കെ ഒഴുക്കൻ മട്ടിൽ പറയാമെങ്കിലും, കാര്യത്തിലേക്കു കടക്കുമ്പോൾ സംഗതി വളരെ അവ്യക്തമാകും.

    ഉദാഹരണമായി, പത്തുപതിനഞ്ചു കൊല്ലം മുമ്പു് ഗ്രഹനില, ജാതകം തുടങ്ങിയവ ഉണ്ടാക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ലൈബ്രറി ഞാൻ ഉണ്ടാക്കിയിരുന്നു. അതു് ഇപ്പോഴും എന്റെ കയ്യിൽത്തന്നെ ഇരിക്കുന്നു. സ്വതന്ത്രമാക്കിയില്ല. ആക്കണോ വേണ്ടയോ എന്നു് തർക്കിക്കുമ്പോൾ ഈ സാമൂഹികപ്രതിബദ്ധത മനസ്സിൽ വരും.

    • വളരെയധികം ആളുകൾക്കു് ഉപയോഗമുള്ളതു്. കണ്ട കമ്പ്യൂട്ടർ ജാതകക്കാർക്കു് ആളുകൾ കൊടുക്കുന്ന കാശു നോക്കിയാൽ ഇതൊരു വലിയ ഉപകാരമാവും. സമൂഹത്തിനു് ഉപകാരമുണ്ടാവുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കുക തന്നെ വേണം. മാത്രമല്ല, അതിനെ നന്നാക്കി വിവാഹപ്പൊരുത്തം, ഗൃഹപ്രവേശം, ചോറൂണു്, തിരണ്ടുകല്യാണം തുടങ്ങിയവയും ചേർക്കണം. അതാണു സാമൂഹികപ്രതിബദ്ധത – എന്നു് ഒരു വാദം.
    • ഭാരതത്തെ കാർന്നു തിന്നുന്ന ഏറ്റവും വലിയ ദുരിതങ്ങളിലൊന്നായ ജ്യോതിഷത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നതാണു സാമൂഹികപ്രതിബദ്ധത. ഇതു പ്രസിദ്ധീകരിച്ചാൽ ഇതുപയോഗിച്ചു് ആളുകൾ കൂടുതൽ ജ്യോതിഷ-അന്ധവിശ്വാസ-ബിസിനസ്സുകൾ ഉണ്ടാക്കും. ഇത്രയും വലിയ ഒരു തെറ്റു സമൂഹത്തോടു ചെയ്യാനില്ല.

    ഇതു് ഒരു ഉദാഹരണം മാത്രം. സംസ്കൃതം, ശ്ലോകം, ഗണിതം, സമസ്യാപൂരണങ്ങൾ തുടങ്ങിയ പല വിഷയങ്ങളിലും ഈ സാമൂഹികപ്രതിബദ്ധതാപ്രഹേളിക പൊന്തി വരുന്നതു കാണാം. അതിനാൽ എന്റെ ഉത്തരം

    ആ…
  2. എന്താണ്‌ സൌന്ദര്യം?

    സൌന്ദര്യത്തിനു് ശ്രീഹർഷൻ കൊടുത്ത നിർവ്വചനത്തെക്കാളും നല്ലതു് ഒരെണ്ണം ഞാൻ ഇതു വരെ കണ്ടിട്ടില്ല.

    ക്ഷണേ ക്ഷണേ യന്നവതാമുപൈതി
    തദേവ രൂപം രമണീയതായാഃ

    യത് (എന്താണോ) ക്ഷണേ ക്ഷണേ (ഓരോ നിമിഷത്തിലും) നവതാം ഉപൈതി (പുതുമ കൈക്കൊള്ളുന്നതു്), തത് ഏവ (അതു തന്നെയാണു്) രമണീയതായാഃ രൂപം (സൌന്ദര്യത്തിന്റെ രൂപം).

    അതു തന്നെയായിരുന്നു എന്റെ ഉത്തരവും:

    ഓരോ തവണ കാണുമ്പോഴും പുതിയതായി തോന്നുന്നത്.

    (ആരെങ്കിലും ഇതു വെച്ചു് എന്നെ മനസ്സിലാക്കുമെന്നു കരുതി. ഉണ്ടായില്ല.)

  3. ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?

    ചെയ്യാൻ പറ്റുന്ന രണ്ടു പണിയേ ഇതിലുള്ളൂ. അദ്ധ്യാപകനും കോമാളിയും. ഇതു രണ്ടും ഒരുപാടു കാലം ചെയ്തു പരിചയമുള്ളതുമാണു്. അതിനാൽ എന്റെ ഉത്തരം:

    അധ്യാപകൻ. ഞാൻ അല്ലെങ്കിലും കോമാളിയാണ്. മറ്റേ ജോലി പോയാലും രക്ഷപ്പെടും. സൈഡ് ബിസിനസ്സായി വേണമെങ്കിലും ചെയ്യാം.

    മറ്റു മൂന്നും രക്ഷയില്ല.

    വേണമെങ്കിൽ ആശാരിയുടെ കുശിനിക്കാരനെ പാട്ടു പഠിപ്പിക്കുന്ന കോമാളിയാവാം.

  4. എന്താണ്‌ ദൈവം?

    സംസ്കൃതത്തിൽ “ദൈവം” എന്നു പറഞ്ഞാൽ “വിധി” എന്നാണു് അർത്ഥം. ക്രിസ്ത്യൻ പാതിരിമാരാണു് ഈശ്വരൻ എന്ന അർത്ഥത്തിൽ ആ വാക്കു് ഉപയോഗിച്ചു തുടങ്ങിയതു്. പിന്നെ അതു മലയാളത്തിൽ പ്രചാരത്തിലായി. “ദൈവമേ കൈതൊഴാം കേൾക്കുമാറാകണം” എന്നു പന്തളം കേരളവർമ്മ എഴുതുമ്പോഴേയ്ക്കും ഈ അർത്ഥം പ്രചാരത്തിലായിരുന്നു…

    …എന്നു വല്ലതും എഴുതിയാൽ ആ നിമിഷം എന്നെ പൊക്കും. പിന്നെ ദൈവത്തെപ്പറ്റി കുറേ ഫിലോസഫി ആലോചിച്ചു. ഒന്നും അങ്ങോട്ടു് ഇഷ്ടപ്പെട്ടില്ല. പിന്നെ ഇങ്ങനെ എഴുതി.

    ഒരു മിനിറ്റ്… ജബ്ബാർ മാഷിനോടു ചോദിച്ചിട്ടു പറയാം…
  5. കായംകുളം കൊച്ചുണ്ണി, വെള്ളായണി പറമു, മുളമൂട്ടില്‍ അടിമ, ഇത്തിക്കര പക്കി, ജംബുലിംഗം തുടങ്ങിയവര്‍ ധനികരെ കവര്‍ന്ന് പാവങ്ങള്‍ക്കു നല്‍കുകയും നാട്ടുനീതി നടപ്പാക്കുകയും ചെയ്തിരുന്നു എന്ന വീരചരിതങ്ങള്‍ ഇഷ്ടമാണോ?
    ഫിക്‌ഷൻ എന്ന നിലയ്ക്കു വായിക്കാൻ ഇഷ്ടമാണ്. എന്നാൽ ഈ കഥകളെ ചരിത്രമാക്കുന്നതിനോടു യോജിപ്പില്ല. ഇവന്മാരൊക്കെ കള്ളന്മാരായിരുന്നു. ആടിനെ പട്ടിയും പട്ടിയെ ആടും ആക്കാൻ ആർക്കാണു കഴിയാത്തത്?

    ഇതു് എന്റെ ഉത്തരം തന്നെ.

  6. കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം?
    കൊറ്റി. കറുത്തതിനെക്കാൾ വെളുത്തതിനെ ഇഷ്ടപ്പെടുന്നതാണല്ലോ നാട്ടുനടപ്പ്?

    ഇതിനെക്കാൾ നല്ല ഉത്തരം കിട്ടിയില്ല. “കൊറ്റി. കുയിലിന്റെ ടേസ്റ്റ് കാക്കയുടേതുപോലെ അല്ലേ?” എന്നതായിരുന്നു റണ്ണർ അപ്.

  7. ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?
    ഒരിക്കലുമില്ല. ഏകാന്തത അനുഭവപ്പെടുന്നത് സമാനമായ അഭിപ്രായമില്ലാത്തവരുടെ കൂടെ വർത്തമാനം പറയേണ്ടി വരുമ്പോഴാണ്.

    ഹൃദയത്തിൽ തട്ടിയുള്ള ഉത്തരം.

  8. കഷ്ടകാലം എന്നാലെന്താണ്‌?
    ഇങ്ങനെയുള്ള പണ്ടാറമടങ്ങുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതേണ്ടി വരുന്നത്.

    ഹൃദയത്തിൽ തട്ടിയുള്ള വേറൊരു ഉത്തരം.

  9. മോഹന്‍ലാല്‍ എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌?

    ഒരു മോഹൻ‌ലാൽ ഫാൻ ആയിരുന്ന ഞാൻ രണ്ടു പാരഗ്രാഫിൽ അദ്ദേഹത്തിന്റെ ഗുണഗണങ്ങൾ ഉദാഹരണസഹിതം വിവരിച്ചിട്ടു്, അതു മഹാബോറാണെന്നു തോന്നുകയാൽ മൊത്തം മായ്ച്ചു കളഞ്ഞിട്ടു് ഇങ്ങനെ എഴുതി:

    ആരു പറയുന്നു ലവൻ സൂപ്പറാണെന്ന്? ഫാൻസോ? ഫാൻസിനു ഷക്കീലാമ്മയും സൂപ്പറുകൾ തന്നേ?

    പെരിയോന്റെ പെരുമ എളിയോന്റെ പൃഷ്ഠത്തിലാണ് എന്നൊരു ചൊല്ലുണ്ട്. ഫാൻസ് ആണ് ഇവരെയൊക്കെ സൂപ്പർസ്റ്റാർ ആക്കുന്നത്.

    (പൃഷ്ഠത്തിന്റെ സ്പെല്ലിംഗ് ശരിയായതു കൊണ്ടു് എന്നെ കണ്ടുപിടിക്കുമെന്നു കരുതി. ഉണ്ടായില്ല.)

  10. ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി?
    ഒരു വാർത്ത വായിച്ചപ്പോൾ ചൊറിഞ്ഞുകയറി. പ്രതികരിക്കണമെന്നു തോന്നി. പ്രതികരിച്ചു. അത്രമാത്രം.

    വഴിതെറ്റിക്കുന്നതും എന്നാൽ സത്യസന്ധവുമായ ക്ലൂ. പോസ്റ്റായിരുന്നു എന്റെ അവസാനത്തെ പോസ്റ്റ്.

  11. മോതിരം, മാല, വാച്ച്‌, ബ്രേസ്‌ലെറ്റ്‌ തുടങ്ങിയവ ധരിക്കാന്‍ ഇഷ്ടമാണോ?

    ആഭരണങ്ങൾ ഇഷ്ടമല്ല. പക്ഷേ അതെഴുതിയാൽ കള്ളമാകും. എന്റെ ഓർക്കുട്ട് പ്രൊഫൈലിൽ മാല വ്യക്തമായി കാണാം. അതുകൊണ്ടു്…

    ബ്രേസ്‌ലെറ്റ് ഇതു വരെ ധരിച്ചിട്ടില്ല. സമയം അറിയാനുള്ള ഏറ്റവും നല്ല വഴിയായി വാച്ച് കെട്ടാറുണ്ട്. കല്യാണത്തിനു ഭാര്യ (അയ്യോ, ഇതൊരു ക്ലൂ ആണല്ലോ, ബാച്ചി അല്ലെന്ന്! ആ, പോട്ടേ!) ഇട്ട മോതിരവും മാലയും ധരിക്കാറുണ്ട് കുടുംബകലഹം പേടിച്ച്.

    ഇതൊന്നും ധരിക്കാൻ അത്ര ഇഷ്ടം അല്ല.

    എന്നു മാത്രം എഴുതി വിട്ടു.

  12. പുരുഷന്മാര്‍ മാര്‍സില്‍ നിന്നും സ്ത്രീകള്‍ വീനസില്‍ നിന്നുമുള്ളവരാണെന്ന് വിശ്വസിക്കുന്നോ?

    ഈ ചോദ്യത്തിന്റെ കൂടെ നൂറു വാക്കിൽ കുറയാതെ എന്നും ഉണ്ടായിരുന്നു. അതുകൊണ്ടാണു്

    ഇല്ല എന്നു നൂറു പ്രാവശ്യം എഴുതിയാൽ മതിയോ?

    എന്ന ഉത്തരം എഴുതിയതു്.

    പിന്നെ തോന്നി അതു പോരാ എന്നു്. മാഴ്സ് വീനസ് സീരീസിലെ മൂന്നു പുസ്തകം വായിച്ചിട്ടുള്ളതുകൊണ്ടു് (എന്റെ ശേഖരത്തിൽ ഒരെണ്ണം ഉണ്ടായിരുന്നു) അതിനെപ്പറ്റി നാലു ഡയലോഗ് പൂശണമെന്നു തോന്നി. അതുകൊണ്ടു്….

    സ്ത്രീപുരുഷന്മാരുടെ സ്വഭാവവൈചിത്ര്യം വിശദീകരിക്കാനുള്ള ഒരു തിയറി ആണത്. ആ തിയറി ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

    അതിനു പകരം, “”Why men don’t listen and women cannot read maps”” എന്ന പുസ്തകം വായിക്കുക.

  13. എന്നെഴുതി.

  14. നിങ്ങൾ Ernest Hemingway-യെ ചന്തയിൽ മീൻ വാങ്ങൻ പോകുമ്പോൾ കണ്ടുമുട്ടിയാൽ എന്തു ചോദിക്കും?

    എന്തൊരു പൊട്ടച്ചോദ്യം! ഒരു കിഴവൻ കടലിൽ മീൻ പിടിക്കാൻ പോയ കഥ ഉള്ള കൊച്ചു പുസ്തകത്തിനു നോബൽ സമ്മാനം വാങ്ങിയ കക്ഷിയാണു് ഹെമിംഗ്‌വേ എന്നു പറഞ്ഞാൽ അങ്ങേരെപ്പറ്റിയുള്ള എന്റെ വിവരം തീർന്നു. ഇതല്ലാതെ ഒന്നും തോന്നിയില്ല.

    ഇതിൽ ഏതു മീനിനെ പിടിച്ചാൽ നോബൽ സമ്മാനം കിട്ടാൻ വകുപ്പുണ്ടാവും എന്ന്.
  15. ഏറ്റവും വലുതെന്താണ്‌?

    കളിയിൽ അല്പം കാര്യം എന്ന സിനിമയിൽ മോഹൻലാൽ പറയുന്ന ആപ്തവാക്യം കട്ടെടുത്തു:

    എളിമ.
  16. മലയാള ഭാഷയും, മാദ്ധ്യമവും എന്ന വിഷയത്തെ കുറിച്ചു് 200 വാക്കിൽ കുറയാതെ ഒരു ലേഖനം എഴുതുക.

    എഴുതിത്തുടങ്ങി. ഒരു പാരഗ്രാഫ് വായിച്ചപ്പോൾ അതിൽ എന്നെ മുഴുവനോടെ എഴുതിവെച്ചിരിക്കുന്നു. വെള്ളെഴുത്തു സ്റ്റൈലിൽ മാറ്റിയെഴുതിയാലോ എന്നു കരുതി. സമയം കിട്ടിയില്ല. അവസാനം സഹികെട്ടു് ഇങ്ങനെ എഴുതി:

    ഇരുനൂറു വാക്കിൽ കുറയാതെയോ? എനിക്കു വേറേ പണിയുണ്ട്…

    (ഇരുനൂറു വാക്ക് എഴുതാൻ സമയവും വകുപ്പും ഉണ്ടെങ്കിൽ ഞാനൊരു പോസ്റ്റിട്ടേനേ…)

  17. പാമ്പിന്റെ രത്നം, കൊതിയന്റെ വിത്തം, സതീകുചം, കേസരി തന്റെ കേശം. തങ്കളുടെ അഭിപ്രായത്തില്‍ ഈ ഗണത്തില്‍ പെടുന്ന ഒരു മൂന്നെണ്ണം കൂടി പറയാമോ?

    ഉണ്ടെന്നു കേൾക്കുന്നതല്ലാതെ നേരിട്ടു കാണാനോ തൊടാനോ പറ്റാത്ത സാധനങ്ങളാണു് ഇവയെല്ലാം. (സതി = നല്ല സ്വഭാവമുള്ളവൾ, കേസരി = സിംഹം)

    എനിക്കു് ഈ ശ്ലോകം മുഴുവൻ അറിയില്ല. ദേവൻ ഇവിടെ പറഞ്ഞു കേട്ടിട്ടുണ്ടു്. കൈപ്പള്ളിയ്ക്കു് ഇതു പറഞ്ഞുകൊടുത്തതും ദേവനായിരിക്കും. സീയേക്കാരനാനെന്നു പറയുന്നു. സീയേയ്ക്കു പഠിക്കുന്നതല്ലാതെ ആ സാധനം പാസ്സായ ആരെയും ഇതു വരെ കണ്ടിട്ടില്ലാത്ത ഞാൻ അതു കൊണ്ടു്

    പാമ്പിന്റെ രത്നം, കൊതിയന്റെ വിത്തം,
    സതീകുചം, കേസരി തന്റെ കേശം
    സീയേയ്ക്കു പോയിട്ടു ജയിച്ച പത്രം
    ദേവോ ന ജാനാതി കുതോ മനുഷ്യഃ

    എന്നൊരു ശ്ലോകം കാച്ചിയാലോ എന്നു കരുതി. (“കുതോ മനുഷ്യഃ” എന്നു വെച്ചാൽ മനുഷ്യന്റെ കാര്യം പിന്നെ പറയേണ്ടല്ലോ എന്നു് അർത്ഥാപത്തിയതോ പിന്നെ വക്കാരി ചൊല്ലാനില്ലെന്ന യുക്തിയാം. അല്ലാത ദേവൻ കണ്ടിട്ടില്ലാത്ത ആറാമത്തെ സാധനമല്ല.) ശ്ലോകം കാച്ചിയാൽ ആളുകൾ ആ സെക്കന്റിൽ എന്നെ കാച്ചും എന്നറിയാവുന്നതു കൊണ്ടു കൺ‌ട്രോൾ ചെയ്തു. തോന്നിയവാസം എഴുതാം എന്നു കരുതി.

    സതിയുടെ കുചവും കേസരി ബാലകൃഷ്ണപിള്ളയുടെ കേശവും വെളുത്തതാണ്. കൊതിയന്റെ വിത്തം പൂത്തുപൂത്ത് വെളുത്തിട്ടുണ്ടാവും. പാമ്പിന്റെ രത്നം ഞാൻ കണ്ടിട്ടില്ല. അതും വെളുത്തതായിരിക്കും.

    അപ്പോൾ വെളുത്ത സാധനങ്ങൾ; പാൽ, മുട്ട, ഐരാവതം.

  18. അല്ലാ, പൂച്ച ഏതു നിറമായാലും എലിയെപ്പിടിച്ചാല്‍ പോരേ?
    എലിയെ പിടിക്കുന്നതു മാത്രമാണു പൂച്ചയുടെ ധർമ്മം എന്നു കരുതുന്നതു തന്നെ തെറ്റ്. നിറം നോക്കി ഒരു മൃഗം പൂച്ചയാണോ പട്ടിയാണോ എന്നു തീരുമാനിക്കുന്ന പഴയ രീതിയെ പരിഷ്കരിച്ചതല്ലേ ഇത്?

    പൂച്ച എലിയെപ്പിടിച്ചു കൊണ്ടു വരുമ്പോൾ അതിന്റെ നിറം നോക്കാതിരുന്നാൽ മതി. എലിയുടെയും.

    സംഗതി സീരിയസ് ആയി. പണ്ടാറം!

  19. നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
    1) ഗാന്ധി
    2) ഉമ്മർ ഫറൂഖ് (Kalifa)
    3) Jack the Ripper
    4) മമ്മൂട്ടി
    5) Nelson Madela
    6) Superman
    7) Stephen Spielberg
    8) Jimmy Wales
    9) Paulo Coelho
    10) Khalil Gibran
    11) Salman Rushdie
    12) കുറുമാൻ
    13) സാമ്പശിവൻ (കാഥികൻ)
    14) കൈപ്പള്ളി
    15) നാറാണത്തു ഭ്രാന്തൻ
    16) കുമാരനാശാൻ
    17) മാമുക്കോയ
    18) Charlie Chaplin
    19) വിശാല മനസ്കൻ (സജീവ് ഇടത്താടൻ)
    20) ഇഞ്ചിപ്പെണ്ണു്

    ഇങ്ങനെയുള്ള ചോദ്യം ചോദിക്കുന്നവരെയാണു് വേലിപ്പത്തലു വെച്ചു തല്ലേണ്ടതു്. കൈപ്പള്ളിയെ ഡിന്നറിനു വിളിച്ചിട്ടു കുറച്ചു മുളകുപൊടിയും വിമ്മും കലക്കിയ പുളിശ്ശേരി കുടിപ്പിക്കാം എന്നെഴുതണമെന്നു വിചാരിച്ചതാണു്. കൂട്ടിനാരെ വിളിക്കും എന്നു കിട്ടിയില്ല. അതിനാൽ വിശാലനെ വിളിക്കാം എന്നു കരുതി. ആര്യഭവനിൽ നിന്നു് ഒരു പഴം‌പൊരി വാങ്ങിക്കൊടുക്കാം എന്നു പറഞ്ഞാൽ അതും വലിയ ക്ലൂ ആകുമെന്നു പേടിച്ചു് പിന്നെയും കണ്ട്രോൾ ചെയ്തു.

    ഗാന്ധിയെയും വിശാലമനസ്കനെയും.

    ഗാന്ധി മിക്ക ദിവസവും ഉപവാസമാണ്. വിശാലന് കട്ടൻ കാപ്പിയും ആറു മുട്ട പുഴുങ്ങിയതും കൊടുത്താൽ മതി.

    ഡിന്നർ കൊടുക്കാൻ കോപ്പുണ്ടായിരുന്നെങ്കിൽ ഞാൻ മൂന്നാം ചോദ്യത്തിൽ കുശിനിക്കാരന്റെ പണി എടുത്തേനേ…

  20. കൊട്ടാരക്കര ശ്രീധരൻ നായരെ ഉച്ചക്ക് 12 മണിക്കു റോടരുകിൽ കണ്ടാൽ എന്തു ചോദിക്കും?
    കൊട്ടാരക്കര എന്ന സ്ഥലപ്പേരും നായർ എന്ന വാലും സിനിമാനടന്റെ അച്ഛൻ ആണെന്നുള്ള പേരും കഴിഞ്ഞ തിരുവനന്തപുരം സമ്മേളനത്തിനു ശേഷവും ചുമന്നു കൊണ്ടു നടക്കാൻ നാണമില്ലേ എന്നു ചോദിക്കും.

    ഇതിലും നല്ല ഉത്തരം ഇതിനു കൊടുക്കാൻ എനിക്കറിയില്ല.

  21. മാര്‍ജ്ജാരപ്രണയമോ ഹംസലീലയോ കൂടുതല്‍ മനോഹരം?
    രണ്ടും കണ്ടിട്ടില്ല. ശുനകഭോഗത്തെപ്പറ്റി വേണമെങ്കിൽ പറയാം.

    അറിയുന്നതല്ലേ പറയാൻ പറ്റൂ?

  22. മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ്‌ എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം?
    അങ്ങനെ എഴുതുന്നവരെ മുക്കാലിയിൽ കെട്ടി പ്രത്യക്ഷരലക്ഷം തല്ലണം.

    ഐതിഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി ചവറു പോലെ പ്രയോഗിച്ച പ്രത്യക്ഷരലക്ഷം ക്വോട്ടു ചെയ്തതു കൊണ്ടു മാത്രം എന്നെ സിദ്ധാർത്ഥൻ പൊക്കുമെന്നു കരുതിയില്ല. ഇതെന്താ വേറേ ആരും ഐതിഹ്യമാല വായിച്ചിട്ടില്ലേ?

    (“പ്രത്യക്ഷരലക്ഷം” എന്നു വെച്ചാൽ ഓരോ അക്ഷരത്തിനും ലക്ഷം എന്നർത്ഥം.)

  23. കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?
    ഒരിക്കലും ഭാവിയെപ്പറ്റി ചിന്തിച്ചിരുന്നില്ല. ആരോ പറഞ്ഞ് ഐ. ഏ. എസ്. കാരനാകണമെന്നു പറഞ്ഞു കുറേക്കാലം നടന്നു. പിന്നെ അതു വിട്ടു. അതാകാഞ്ഞതിൽ സങ്കടമില്ല.

    മുതിർന്ന ശേഷം ആകണമെന്ന് ആഗ്രഹിച്ച കാര്യങ്ങളിൽ (ലിസ്റ്റു തന്നാൽ ക്ലൂ ആവും) ജേർണലിസ്റ്റ് ഒഴികെ എല്ലാം അല്പസമയത്തേക്കെങ്കിലും ആയി. സന്തോഷമേ ഉള്ളൂ.

    മുതിർന്നു കഴിഞ്ഞു് ആകാൻ ആഗ്രഹിച്ച കാര്യങ്ങൾ:

    1. സോഫ്റ്റ്‌വെയർ എഞ്ചിനീയർ: സിവിൽ എഞ്ചിനീയറിംഗ് പഠിച്ച കാലത്തു് കമ്പ്യൂട്ടറിലായിരുന്നു താത്പര്യം. സോഫ്റ്റ്വെയർ എഞ്ചിനീയർ ആകണമെന്നു് വലിയ ആഗ്രഹമായിരുന്നു. ആയി. കഴിഞ്ഞ പതിനെട്ടു കൊല്ലമായി അതു തന്നെ പണി.
    2. അദ്ധ്യാപകൻ: ഏറ്റവും ഇഷ്ടമുള്ള പണി. തിരുവനന്തപുരത്തു് ശ്രീകാര്യത്തു് ഒരു ട്യൂഷൻ സെന്ററിൽ കണക്കും ഫിസിക്സും പഠിപ്പിച്ചു. എൻ‌ട്രൻസ് കോച്ചിംഗും. ജോലി ചെയ്ത ഒരു കമ്പനിയിലെ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റിൽ ഏഴു മാസം ജോലി ചെയ്തു. കോബോൾ മുതൽ സീപ്ലസ്പ്ലസ് വരെയും ടെസ്റ്റിംഗ് തൊട്ടു് ഒബ്ജക്ട് ഓരിയന്റഡ് ഡിസൈൻ വരെയും പഠിപ്പിച്ചു. ഓറിഗണിലും കാലിഫോർണിയയിലും പിള്ളേരെ മലയാളം പഠിപ്പിക്കുന്ന സംരംഭങ്ങളിൽ പങ്കെടുത്തു. ഇപ്പോഴും തരം കിട്ടുമ്പോൾ പഠിപ്പിക്കുന്നു.
    3. ചെസ്സുകളിക്കാരൻ: നാട്ടിൽ വെച്ചു കളിച്ചിട്ടുണ്ടെങ്കിലും എസ്റ്റാബ്ലിഷ്ഡ് റേറ്റിംഗ് കിട്ടിയതു് അമേരിക്കയിൽ വന്നിട്ടാണു്. കറസ്പോണ്ടൻസ് ചെസ്സും കുറേ കളിച്ചു. അതിൽ രണ്ടു തവണ ഇന്ത്യയെ പ്രതിനിധീകരിച്ചു. പിന്നെ സമയക്കുറവു മൂലം നിർത്തി. എങ്കിലും വളരെ കളിച്ചു.
    4. എഴുത്തുകാരൻ: അവസാനം ബ്ലോഗിലൂടെ അതും സാധിച്ചു!

    അധികം ആഗ്രഹങ്ങളൊന്നും ബാക്കിയില്ല. ഹാപ്പി!

  24. എന്താണ്‌ ശരിയല്ലാത്തത്‌?
    തെറ്റ്

    സിമ്പിൾ ചോദ്യം. സിമ്പിൾ ഉത്തരം!

  25. എന്താണ്‌ സന്തോഷം?
    ഒരു കാര്യം മാത്രം മനസ്സിൽ നിറയുന്ന അവസ്ഥ.

    ഇതു് ഒറിജിനൽ ആണെന്നു തോന്നുന്നു. കൈപ്പള്ളിയുടെ ചോദ്യം കണ്ടതിനു ശേഷം തോന്നിയതു്. സന്തോഷിക്കുമ്പോൾ നമ്മുടെ മനസ്സിൽ സന്തോഷമുണ്ടാക്കിയ കാര്യം മാത്രമേ ഉണ്ടാവൂ. ദുഃഖിക്കുമ്പോൾ ഒരുപാടു കാര്യങ്ങൾ തിക്കിത്തിരക്കി വന്നു ബുദ്ധിമുട്ടിക്കും.

  26. ആധുനിക കവിതകളെ കുറിച്ച് എന്താണു അഭിപ്രായം

    എന്റെ ഇനിയും എഴുതിത്തീരാത്ത “കവിതയും പദ്യവും” എന്ന പോസ്റ്റിൽ നിന്നു്:

    കവിത പഴയതായാലും പുതിയതായാലും ഒരു പോലെയാണ്. അത് ആസ്വദിക്കാൻ പറ്റുന്നവർക്ക് അത് ഇഷ്ടമാണ്. അല്ലാത്തവർക്ക് അത് അനാവശ്യവും.

    ആധുനികകവിത എന്നതു കൊണ്ട് ഉദ്ദേശിച്ചത് എന്താണ്? വൃത്തമില്ലാത്തതോ? അതു കവിതയുടെ വളർച്ചയിലെ ഒരു ഘട്ടം മാത്രം. ഏതു നാട്ടിലെ കവിത നോക്കിയാലും കാണാം, ആദ്യം പ്രാസം പോയി, പിന്നെ വൃത്തം പോയി, അതിനിടയിൽ കവിതയിൽ എന്തു പാടില്ല എന്നതിന്റെ അതിർവരമ്പുകൾ പോയി.

    ചവറുകൾ എല്ലാ സാഹിത്യത്തിലുമുണ്ട്. അടുത്ത കാലത്തെ കവിതകളിൽ അതല്പം കൂടുതലുണ്ട്. അതിനെ ആധുനികകവിതയായി ജെനറലൈസ് ചെയ്യേണ്ട കാര്യമില്ല.

  27. ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം
    വിശാലൻ എഴുതുന്നതുപോലെ രണ്ടാഴ്ചയിൽ ഒന്നു മാത്രം എഴുതുക. അല്ലെങ്കിൽ സ്റ്റോക്കു തീർന്നു പോകും.

    അല്ലെങ്കിൽ വക്കാരിയുടെ ഗതി വരും. ഡെയിലി മൂന്നു പോസ്റ്റിട്ട മനുഷ്യനാ. ഉറവ വറ്റി വറ്റി ഇപ്പോൾ തരിശായിപ്പോയില്ലേ…

  28. മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്.
    പ്രമോദ്

    ലാപുടയാണു് ആദ്യം മനസ്സിൽ വന്നതു്. പക്ഷേ ഈയിടെയായി പ്രമോദിനെയാണു് കൂടുതൽ ഇഷ്ടം (ശ്ലോകവും എഴുതുന്നതു കൊണ്ടല്ല).

    (കൈപ്പള്ളിയും മോശമില്ല)

    “Poetry uses particular forms and conventions to suggest at alternative meanings in the words, or to evoke emotional or sensual responses.” എന്നു വിക്കിപീഡിയ. ഈ നിർവ്വചനമനുസരിച്ചു് കൈപ്പള്ളി എഴുതുന്നതും കവിതയല്ലേ? മനുഷ്യൻ മുമ്പു കണ്ടിട്ടില്ലാത്ത എന്തൊക്കെ രീതികളാണു് അങ്ങേർ മലയാളഭാഷയിൽ കൊണ്ടുവന്നതു്? ആരും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത എന്തൊക്കെ അർത്ഥങ്ങളാണു് ഉണ്ടാക്കിയതു്? (പ്രവാസി, നാടു് തുടങ്ങിയവ ലേറ്റസ്റ്റ് ഉദാഹരണങ്ങൾ.) എല്ലാറ്റിലും അടങ്ങിയിരിക്കുന്ന ഇമോഷണലും സെൻഷ്വലും… ഹോ, അതൊന്നും പറയാതിരിക്കുകയാണു ഭേദം!

  29. മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു്
    അരവിന്ദൻ (മൊത്തം ചില്ലറ ഓർമ്മക്കുറിപ്പാണെങ്കിൽ)

    ഇടിവാൾ പറഞ്ഞതു പോലെ, ഞാൻ എന്നും അരവിന്ദന്റെ കട്ട ഫാൻ തന്നെ. അടുത്ത തവണ ഈ ക്ലൂ കൊടുക്കാതിരിക്കാൻ ശ്രമിക്കാം.

  30. താങ്കളുടെ Camera ഏതാണു്?
    Point and Shoot

    ഒരു എസ്സെല്ലാർ വാങ്ങണമെന്നു് ഒരുപാടു കാലമായി വിചാരിക്കുന്നു. കാനൻ പവർ ഷോട്ടിലെ തന്നെ എല്ലാ സെറ്റിംഗ്സും ഇതു വരെ അറിയില്ല. പിന്നാ…

    (എന്നാലും ഇതു വായിച്ചിട്ടു് കൈപ്പള്ളി, സിബു എന്നൊക്കെ പറഞ്ഞവരെ സമ്മതിക്കണം!)

  31. ഫോട്ടോ ബ്ലോഗുകളെ കുറിച്ചുള്ള അഭിപ്രായം
    ഫോട്ടോ ബ്ലോഗോ ഫോട്ടോഷോപ്പ് ബ്ലോഗോ?
  32. ഡിജിറ്റൽ യുഗം ഫോട്ടോകളുടെ ചാരുത നഷ്ടപ്പെടുത്തി എന്നു കരുതുന്ന ഒരു പഴഞ്ചനാണു ഞാൻ.