കവിതയെ അളന്നു മുറിച്ചപ്പോൾ…

നര്‍മ്മം, ശ്ലോകങ്ങള്‍ (My slokams), സാഹിത്യം

പഞ്ചായത്തിൽ തിരഞ്ഞെടുപ്പു പോലെയാണു ബ്ലോഗുലകത്തിൽ കവിതയുടെ പേരിൽ തല്ലു നടക്കുന്നതു്. നടക്കുമ്പോൾ പൊരിഞ്ഞ തല്ലാണു്. കഴിഞ്ഞാൽ പിന്നെ കുറേക്കാലം അനക്കമൊന്നുമില്ല. അതു കഴിഞ്ഞു് എല്ലാവരും അതു മറന്നിരിക്കുമ്പോഴാണു പിന്നെയും വരുന്നതു്.

ഒന്നു തുടങ്ങിയാലോ? കവിതയ്ക്കു വൃത്തം വേണോ, വൃത്തത്തിനു കേന്ദ്രം വേണോ, കേന്ദ്രത്തിൽ മുന്നണി വേണോ, മുന്നണിയ്ക്കു പിന്നണി വേണോ, പിന്നണിയ്ക്കു കോറസ് വേണോ എന്നിങ്ങനെ ഓഫായി ഓഫായി അവസാനം തെറിയായി, അടിയായി, ഇടിയായി, ഭീഷണിയായി, ബ്ലോഗുപൂട്ടലായി, ബ്ലോഗുതുറക്കലായി… ഒന്നും പറയണ്ടാ.

പദ്യത്തിലെഴുതിയാലേ കവിതയാവുകയുള്ളോ, പദ്യത്തിൽ എഴുതാതിരുന്നാലേ കവിതയാവുകയുള്ളോ എന്ന രണ്ടു പ്രഹേളികകൾക്കിടയിൽ കിടന്നു കറങ്ങുന്നതാണു് ഈ വാഗ്വാദങ്ങളെല്ലാം തന്നെ. പദ്യവും കവിതയും രണ്ടു സംഗതിയാണു്, അവ ഒന്നിച്ചും സംഭവിക്കാം, അല്ലാതെയും സംഭവിക്കാം എന്നു മനസ്സിലാക്കിയാൽ പ്രശ്നം തീർന്നു. അതു ജന്മകാലം ഒരുത്തനും മനസ്സിലാവില്ല.

ഇതോടു ചേർന്നു്, മലയാള കവിതയിൽ ഇംഗ്ലീഷ് പാടുണ്ടോ, തമിഴിനെക്കാൾ നല്ലതു സംസ്കൃതമല്ലേ, ജനനേന്ദ്രിയങ്ങളെപ്പറ്റി പറയുമ്പോൾ നക്ഷത്രചിഹ്നം കൊടുക്കണോ സംസ്കൃതം ഉപയോഗിക്കണോ അതോ തമിഴു മതിയോ എന്നിങ്ങനെ പല സംഭവങ്ങളും പഞ്ചായത്തു് ഉപതിരഞ്ഞെടുപ്പു പോലെ വരാറുണ്ടു്. അവസാനം രണ്ടു മുന്നണികളും തങ്ങൾ ജയിച്ചു എന്ന അവകാശവാദവുമായി പോകുമ്പോൾ അതുവരെ അതൊക്കെ വായിച്ചു വോട്ടു ചെയ്ത പാവം ജനം തിരിച്ചുപോകും, അടുത്ത സംഭവം ഇനി എന്നു വരുമെന്നു നോക്കി.

ഇതിൽ കേൾക്കുന്ന ഒരു വാദമാണു് കഴിവുള്ളവനേ പദ്യമെഴുതാൻ പറ്റൂ, കഴിവില്ലാത്തവനാണു ഗദ്യത്തിൽ കവിതയെഴുതുന്നതെന്നു്. ഗദ്യകവിത അസ്സലായെഴുതുന്ന ലാപുടയും പ്രമോദും സനാതനനുമൊക്കെ പദ്യത്തിൽ കവിതയെഴുതിക്കാണിച്ചിട്ടും ഈ വാദത്തിനു കുറവൊന്നും വന്നിട്ടില്ല.

പത്തുമുപ്പതു കൊല്ലമായി തരക്കേടില്ലാതെ പദ്യമെഴുതുന്ന എനിക്കു് ഇതു വരെ ഒരു നാലു വരി നല്ല കവിത എഴുതാൻ കഴിഞ്ഞിട്ടില്ല എന്നതു് ഇങ്ങേയറ്റത്തെ ഉദാഹരണം.


സ്കൂളിൽ വെച്ചാണു പദ്യമെഴുത്തുകമ്പം തുടങ്ങിയതു്. കത്തുകൾ, ഡയറികൾ, ഓട്ടോഗ്രാഫുകൾ തുടങ്ങി ആശയം കിട്ടിയാൽ എന്തും പദ്യത്തിലാക്കുന്ന അഭ്യാസം തുടർന്നു തുടർന്നു് അത്യാവശ്യം പദ്യത്തിൽ വർത്തമാനം പറയാം എന്ന സ്ഥിതിയിലെത്തി. എന്നാലും എനിക്കു് ഇതു വരെ ഒരു നല്ല കവിതയെഴുതാൻ കഴിഞ്ഞിട്ടില്ല. കവിത മാത്രമല്ല, കഥയും.

ആശയം കിട്ടിയാൽ അവനെ നീറ്റായി പദ്യത്തിലാക്കുന്നതു കൊണ്ടാണു് പരിഭാഷകളിൽ കൈ വെച്ചതു്. കേട്ടാൽ മനസ്സിലാകുന്ന എല്ലാ ഭാഷകളിൽ നിന്നും എഴുതാൻ അറിയാവുന്ന എല്ലാ ഭാഷകളിലേയ്ക്കും. അങ്ങനെ How beautiful is the rain! എന്ന പാട്ടു് बरसात कितना सुन्दर है എന്നു ഹിന്ദിയിലേക്കു്. चाह नहीं मैं सुरबाला की गहनों में गूंधा जाऊं എന്ന ഹിന്ദിപ്പാട്ടു് ആശയെനിക്കില്ലമരവധുക്കൾക്കാഭരണങ്ങളിലണിയാവാൻ എന്നു മലയാളത്തിലേയ്ക്കു്. വിസ്മയം പോലെ ലഭിക്കും നിമിഷത്തിനർത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം എന്ന കടമ്മനിട്ടക്കവിത The moment we get like a sudden surprise, Make it meaningful, sterling and nice എന്നു് ഇംഗ്ലീഷിലേയ്ക്കു്. ഫ്രോസ്റ്റിന്റെ The woods are lovely, dark and deep എന്നതു് മനോഹരം ശ്യാമമഗാധമാണീ വനാന്തരം എന്നു മലയാളത്തിലേയ്ക്കു്, Ревет ли зверь в лесу глухом, Трубит ли рог, гремит ли гром, Поет ли дева за холмом എന്ന റഷ്യൻ വരികൾ ഇടിവെട്ടു മുഴങ്ങിടുമ്പൊഴും, വനജീവികളാര്‍ത്തിടുമ്പൊഴും, കുഴലിന്‍ വിളി കേട്ടിടുമ്പൊഴും, കളവാണികള്‍ പാടിടുമ്പൊഴും എന്നു മലയാളത്തിലേയ്ക്കു് അങ്ങനെയങ്ങനെ. സംസ്കൃതത്തിൽ നിന്നു മലയാളത്തിലേയ്ക്കും ഇംഗ്ലീഷിലേയ്ക്കും ആക്കിയതിനു കണക്കില്ല. കുറേക്കഴിഞ്ഞപ്പോൾ ക്ഷീണിച്ചു നിർത്തി.

ഈ എഴുതിയതിൽ ഒന്നു പോലും ഗുണം പിടിച്ചില്ല എന്നതു മറ്റൊരു വസ്തുത. എല്ലാം നല്ല വൃത്തമൊത്ത പദ്യങ്ങൾ തന്നെ. പക്ഷേ കവിതയുടെ അംശം കാര്യമായി ഒന്നിലുമില്ല. വായിക്കാൻ ധൈര്യമുള്ളവർക്കു് ഇവിടെ വായിക്കാം.


അങ്ങനെയിരിക്കുമ്പോഴാണു ബ്ലോഗിലെത്തിയതു്. ഇവിടെ പദ്യത്തിൽ കവിതയെഴുതുന്നവരെ മഷിയിട്ടു നോക്കിയാലും കാണാൻ ബുദ്ധിമുട്ടാണു്. കുറേ ശ്ലോകരോഗികൾ അവിടെയുമിവിടെയും ചില കാർട്ടൂൺ ശ്ലോകങ്ങൾ എഴുതിയിരിക്കുന്നതൊഴിച്ചാൽ പദ്യകവിതകൾ എന്ന സാധനം തന്നെ വിരളം. എങ്കിലും കവിതയുടെ കാര്യത്തിൽ ബൂലോഗം സമ്പന്നമായിരുന്നു. അലമ്പു കവിതകൾ ധാരാളമുണ്ടായിരുന്നെങ്കിലും നല്ല പല കവികളും കവിതകളും അവിടെ ഉണ്ടായിരുന്നു. അവിടെയും വൃത്തമില്ലായ്മയുടെ പ്രശ്നങ്ങളെപ്പറ്റിയും ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നതിനെപ്പറ്റിയും അശ്ലീലവാക്കുകൾക്കു് പഴയ കവികൾ ചെയ്തിരുന്നതു പോലെ നക്ഷത്രചിഹ്നങ്ങൾ ഇടണം എന്ന ആവശ്യങ്ങളുമായും ധാരാളം ബഹളങ്ങൾ ഇടയ്ക്കിടെ കേട്ടിരുന്നു.

അങ്ങനെയാണു് ഗദ്യകവിതകളെ പദ്യത്തിലേയ്ക്കു് പരിഭാഷപ്പെടുത്താനുള്ള ഒരു പരീക്ഷണം ലോകത്താദ്യമായി ഞാൻ നടത്തിയതു്. (അതിനു മുമ്പു് ചങ്ങമ്പുഴയുടെ “കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി…” എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷയെ സച്ചിദാനന്ദൻ മലയാളത്തിലാക്കിയതു് എന്നൊരു തമാശ മാത്രമേ കണ്ടിരുന്നുള്ളൂ.)

ലാപുടയുടെ ചിഹ്നങ്ങൾ എന്ന കവിത ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേർന്ന ഉപജാതിയിൽ തർജ്ജമ ചെയ്തുകൊണ്ടായിരുന്നു തുടക്കം. ആ ശ്രമത്തിനു് വായനക്കാരെല്ലാം കൂടി ഓടിച്ചിട്ടു തല്ലി. ലാപുടയുടെ കവിതയ്ക്കു വൃത്തത്തിന്റെ ചട്ടക്കൂടു് യാതൊരു ഭംഗിയും കൊടുത്തില്ല എന്നു മാത്രമല്ല, കവിതയ്ക്കുണ്ടായിരുന്ന മുറുക്കം നഷ്ടപ്പെടുകയും ചെയ്തു. കവിതയിലെ പല ആശയങ്ങളും (ചോദ്യചിഹ്നത്തിന്റെ ഒലിക്കൽ ഉദാഹരണം) വൃത്തത്തിൽ ഒതുങ്ങാത്തതു കൊണ്ടു് ഒഴിവാകുകയും ചെയ്തു.

രണ്ടാമതായി, ശ്രീജിത്തിന്റെ മരണം എന്ന കവിത. ഇവിടെ സ്ഥിതി നേരേ വിപരീതമായിരുന്നു. വൃത്തത്തിലൊതുങ്ങിയതോടെ കവിത അല്പം മെച്ചപ്പെട്ടു. വൃത്തത്തിലെഴുതാൻ ശ്രമിച്ചിട്ടു് ഇല്ലത്തു നിന്നിറങ്ങിയിട്ടു് അമ്മാത്തെത്താത്ത സ്ഥിതിയിലായിരുന്നു ആ കവിത. അതു കൊണ്ടു തന്നെ, വൃത്തം അതിനു് ഭംഗി കൂട്ടുകയാണു ചെയ്തതു്.

അടുത്തതു് ഇഞ്ചിപ്പെണ്ണിന്റെ ബ്യൂട്ടിപാർലർ എന്ന കവിതയെയാണു കൈ വെച്ചതു്. ഇവിടെ അല്പം വ്യത്യാസമുണ്ടായി. ഇഞ്ചിപ്പെണ്ണിന്റെ കവിതയ്ക്കു് അനുഷ്ടുപ്പുവൃത്തത്തിൽ ഒരല്പം കൂടി ഒതുക്കമുണ്ടായെങ്കിലും മൂലകവിതയെക്കാൾ അല്പം പോലും മെച്ചമായില്ല. പദ്യത്തിലോ ഗദ്യത്തിലോ എഴുതാൻ പറ്റിയ ഒരു കവിതയായിരുന്നു അതു്. രണ്ടിനും അതാതിന്റെ ഭംഗി ഉണ്ടായിരുന്നു.

ഗദ്യത്തെ പദ്യമാക്കുന്ന പരീക്ഷണങ്ങൾ ഞാൻ അവിടെ നിർത്തി. പരീക്ഷണത്തിൽ നിന്നുള്ള നിഗമനങ്ങളും മറ്റും ചേർത്തു് “പദ്യവും കവിതയും” എന്നൊരു പോസ്റ്റ് എഴുതിത്തുടങ്ങിയതു് ഇതു വരെ തീർന്നുമില്ല.


കുറേക്കാലമായി ഈ അസുഖമൊന്നുമില്ലാതെ ഇരിക്കുമ്പോഴാണു് പാക്കരന്റെ പൊട്ടസ്ലേറ്റിൽ ശ്രീഹരിയുടെ ചോദ്യക്കടലാസിൽ നിന്നു്


മനസ്സിലൊരു പൂമാല
കൊരുത്തുവെച്ചതാരാണ്?
മണിച്ചിക്കലമാനോ പൂമീനോ?
വരണുണ്ടേ വിമാനച്ചിറകില്‍
സുല്‍ത്താന്‍മാര്‍ ഒത്തൊരുമിച്ചിരിക്കാന്‍
ആരാണാ ബീവി ഇതിലാരാണാ ഹൂറി?

എന്ന ഉത്തരാധുനികകവിത പൊക്കിയെടുത്തു് അവലോകനം ചെയ്തു് ആസ്വദിക്കുന്നതു കണ്ടതു്. സകലമാന കൺ‌ട്രോളും വിട്ടു. ആധുനികനെ വസന്തതിലകത്തിലാക്കി ദ്വിതീയാക്ഷരപ്രാസവും ചേർത്തു് ഈ കമന്റ് ഇട്ടു. അതു് ഇവിടെ വരുന്ന വായനക്കാരുടെ സൌകര്യാർത്ഥം താഴെച്ചേർക്കുന്നു:


കോർത്താരു വെച്ചു മമ ചിത്തമതിൽ സുമത്തിൻ
സത്താർന്ന മാല? കലമാൻ, ഉത പുഷ്പമത്സ്യം?
സുൽത്താരൊടൊത്തിരി വിമാനമെടുത്തു പത്രം
എത്തുന്നു ഹന്ത ഹഹ, ബീവി ച ഹൂറി കാ കാ?

അർത്ഥം:

  • കോർത്താരു് എന്നു വെച്ചാൽ അമ്മ്യാരു്, നമ്പ്യാരു്, നങ്ങ്യാരു് എന്നൊക്കെ പറയുന്നതു പോലെയുള്ള ജാതിപ്പേരൊന്നുമല്ല. കോർത്തു് + ആരു്. ആരു കോർത്തു എന്നർത്ഥം.
  • മമ = എന്റെ. ചത്ത മതിലും ചീത്ത മതിലും ഒന്നുമല്ല. ചിത്തമതിൽ. ചിത്തം + അതിൽ. ചിത്തം = മനസ്സു്. അതിൽ എന്നതു ചുമ്മാ. ചിത്തത്തിൽ എന്നു പദ്യത്തിൽ പറഞ്ഞാൽ വൃത്തത്തിൽ ഒതുങ്ങാത്തതു കൊണ്ടു് ചിത്തമതിൽ. മഹാകവി സന്തോഷിന്റെ ഒരു ശ്ലോകത്തിൽത്തന്നെ ചോറതു്, കാര്യമതു്, കൂട്ടിയതു്, മാറിയതു്, മില്ലിയതു് എന്നു് അഞ്ചു് അതുകളെ ചേർത്ത നൂറുശ്ലോകവും ആധുനികകവി പ്രമോദിന്റെ അതു്, ഇതു്, അങ്ങു്, ഇങ്ങു് ഒക്കെ നിറഞ്ഞ ത്രിശ്ലോകിയും ഇവിടെ സ്മരണീയം. എന്റെ മനസ്സിൽ എന്നർത്ഥം.
  • സുമത്തിൻ സത്താർന്ന മാല = പൂമാല. സുമം = പൂവു്. സത്തു പ്രാസത്തിനു്. കലമാൻ = കലമാൻ. കലൈമാൻ എന്നു തമിഴു്. മണിച്ചി വൃത്തത്തിലൊതുങ്ങുന്നില്ല.
  • ഉത = അതോ എന്നതിന്റെ സംസ്കൃതം. “ഉത ഹരിണികളോടു വാഴുമാറോ സതതമിയം മദിരേക്ഷണപ്രിയാഭിഃ” എന്നു കേരളവർമ്മ വലിയ കോയിത്തമ്പുരാൻ. കലമാൻ ഉത പുഷ്പമത്സ്യം എന്നു വെച്ചാൽ കലമാനോ പൂമീനോ എന്നർത്ഥം.
  • സുൽത്താർ = സുൽത്താൻ എന്നതിന്റെ ബഹുവചനം. സുൽത്താന്മാർ എന്നതു വൃത്തത്തിലൊതുങ്ങില്ല. ഒത്തിരി = ഒരുപാടു് എന്ന അർത്ഥമല്ല, ഒത്തു് ഇരിക്കാൻ എന്നർത്ഥം. വിമാനമെടുത്തു പത്രം എന്നതു് “വിമാനപത്രം എടുത്തു” എന്നന്വയിക്കണം. അതായതു്, വിമാനമാകുന്ന പത്രം, ചിറകു് (അലങ്കാരം രൂപകം) എടുത്തു് എന്നർത്ഥം.
  • ഹന്ത, ഹഹ = വൃത്തം തികയ്ക്കാൻ കയറ്റിയതു്. എത്തുന്നതു കണ്ടപ്പോൾ ഉള്ള ആഹ്ലാദപ്രകടനം.
  • കാ എന്നു വെച്ചാൽ സംസ്കൃതത്തിൽ ആരു് (ഏതവൾ?) എന്നർത്ഥം. “കാ ത്വം ബാലേ?” എന്നു കാളിദാസൻ. ച എന്നു വെച്ചാൽ and എന്നും. ബീവി ച ഹൂറി കാ കാ = ബീവിയും ഹൂറിയും ആരാണു്, ആരാണു് എന്നു കവി സന്ദേഹിക്കുന്നു. (അലങ്കാരം സസന്ദേഹം).

ആരാ പറഞ്ഞതു് അർത്ഥത്തിനു കോട്ടം വരാതെ ആധുനികനെ വൃത്തത്തിലാക്കാൻ കഴിയില്ല എന്നു്?


അനുബന്ധം:

പദ്യമെഴുതുന്നതു് ഒരു ക്രാഫ്റ്റാണു്. വളരെയധികം പദ്യങ്ങൾ വായിച്ചു്, മനസ്സിൽ ചൊല്ലി നോക്കി, കുറേ ഉണ്ടാക്കി നോക്കി തഴക്കം വന്നാലേ നല്ല പദ്യമെഴുതാൻ പറ്റൂ. കൂടാതെ പര്യായങ്ങളും ഇതരപ്രയോഗങ്ങളും അറിയണം ഒരു ആശയത്തെ വൃത്തത്തിൽ ഒതുക്കാൻ. വൃത്തസഹായി പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചു് ഇന്നു് പലർക്കും നന്നായി പദ്യമെഴുതാൻ കഴിയുന്നുണ്ടു്. ഭാവിയിൽ ഒരു മലയാളം ഓൺ‌ലൈൻ നിഘണ്ടു, വൃത്തസഹായി എന്നിവ ഉപയോഗിച്ചു് ഗദ്യത്തെ പദ്യമാക്കുന്ന ഒരു സോഫ്റ്റ്വെയർ ആരെങ്കിലും എഴുതില്ല എന്നു് ആരു കണ്ടു?

ഗദ്യമെഴുതുന്നതും ഒരു ക്രാഫ്റ്റാണു് – പലപ്പോഴും പദ്യമെഴുതുന്നതിലും ശ്രമകരമായതു്. പ്രാസത്തിന്റെയും താളത്തിന്റെയും പകിട്ടുകളില്ലാതെ ഉള്ളടക്കത്തിന്റെ കരുത്തു കൊണ്ടു മാത്രം പിടിച്ചു നിൽക്കണം. ഒരു സന്ദർഭത്തിനു് ഏറ്റവും അനുയോജ്യമായ വാക്കുകൾ കണ്ടുപിടിക്കണം. അതു കാച്ചിക്കുറുക്കി അവതരിപ്പിക്കണം. ഇവിടെയും വായിച്ചു പരിചയം തന്നെ വേണം.

കവിതയെഴുതുന്നതു് ഒരു കലയാണു്. അനുഭവങ്ങളും അനുഭവങ്ങളെ വിശകലനം ചെയ്യാനും അതു് മറ്റുള്ളവർക്കു് അനുഭവവേദ്യമാക്കാനും ഉള്ള കഴിവുമാണു് കവിതയിൽ വെളിവാകുന്നതു്.

ക്രാഫ്റ്റും കലയും ചേരുമ്പോഴാണു് ഒരു കലാസൃഷ്ടി ഉണ്ടാവുന്നതു്. ശില്പകല, ചിത്രകല തുടങ്ങിയ ഇതരകലകളിലും അതു കാണാം. പലപ്പോഴും ഒന്നു വളരെ നന്നായാൽ മറ്റേതു് അല്പം മോശമായാലും ആകെക്കൂടി സൃഷ്ടി നന്നായെന്നു തോന്നും. പ്രാസസുന്ദരവും നിരർത്ഥകവുമായ പദ്യങ്ങളും ഒരു ചട്ടവട്ടവും പാലിക്കാതെ ഹൃദയത്തിൽ നിന്നും പുറത്തു വരുന്ന പ്രസംഗങ്ങളും പലപ്പോഴും കവിതയെന്ന വിധത്തിൽ നന്നാകുന്നതു് അതു കൊണ്ടാണു്.

അർത്ഥവും ആശയവും ചോർന്നു പോകാതെ തന്നെ കവിതകൾ വൃത്തത്തിൽ എഴുതുന്ന ധാരാളം കവികൾ ഉണ്ടായിട്ടുണ്ടു്. ഉത്തമകവിതയുടെ നിർവ്വചനം കാലക്രമേണ മാറിക്കൊണ്ടിരുന്നു എന്നു മാത്രം. ശ്ലോകങ്ങളെ മാത്രം നല്ല കവിതയായി കരുതിയിരുന്ന കാലമുണ്ടായിരുന്നു. ചങ്ങമ്പുഴയുടെ കവിതകളെ അവയുടെ വൃത്തങ്ങൾ വൃത്തമഞ്ജരിയിൽ ഇല്ലാത്തതിനാൽ “പാട്ടു്” എന്നു വിളിച്ചിട്ടുണ്ടു് മഹാകവി ഉള്ളൂർ. പിന്നീടു ഭാഷാവൃത്തങ്ങൾ മലയാളികൾക്കു പ്രിയങ്കരങ്ങളായി. പ്രസിദ്ധവൃത്തങ്ങൾ വിട്ടു് ഉറച്ച താളത്തിന്റെ വക്താക്കളായ കടമ്മനിട്ട, കക്കാടു്, അയ്യപ്പപ്പണിക്കർ തുടങ്ങിയവരെയും, വൃത്തവും താളവും വിട്ടു് മുറുക്കത്തിന്റെ ബലത്തിൽ കവിതയെഴുതിയ കുഞ്ഞുണ്ണിയെയും മലയാളി അംഗീകരിച്ചു. ഇപ്പോൾ ഗദ്യകവിതകളും മലയാളികൾക്കു പ്രിയങ്കരം തന്നെ. അതിനർത്ഥം ശ്ലോകവും കിളിപ്പാട്ടും താളങ്ങളും തിരസ്കരിക്കപ്പെട്ടിരിക്കുന്നു എന്നല്ല. കവിതയുടെ സാദ്ധ്യതകൾ വർദ്ധിക്കുന്നു എന്നു മാത്രമാണു്.

കവിതയുടെ പ്രതിപാദനത്തെപ്പറ്റിയുള്ള അഭിപ്രായത്തിലും ഈ വിധത്തിലുള്ള വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടു്. ആശാന്റെ വീണപൂവു് വായിച്ചിട്ടു് മഹാകവി ഉള്ളൂർ എഴുതി: “ഇപ്പോൾ ഒരാൾ വീണ പൂവിനെപ്പറ്റി എഴുതി. ഇനിയൊരാൾ കീറത്തലയണയെപ്പറ്റിയും വേറേ ഒരാൾ ഉണക്കച്ചാണകത്തെപ്പറ്റിയും എഴുതും…” (“വിജ്ഞാനദീപിക”യിൽ ഉള്ള ഒരു ലേഖനത്തിൽ നിന്നു്. ഓർമ്മയിൽ നിന്നു് എഴുതുന്നതു്.) കാലം കഴിഞ്ഞപ്പോൾ കീറത്തലയണയെപ്പറ്റി വള്ളത്തോൾ എഴുതി. (ഒരു ചവറു കവിത.) ഉള്ളൂർ തന്നെ തുമ്പപ്പൂവിനെപ്പറ്റി എഴുതി. ശ്ലോകം മാത്രമെഴുതിയിരുന്ന ഉള്ളൂർ തന്നെ പിന്നീടു് ഭാഷാവൃത്തങ്ങളും “ഒരൊറ്റ മതമുണ്ടുലകിന്നുയിരാം…” എന്നും മറ്റും വൃത്തമഞ്ജരിയിലില്ലാത്ത താളങ്ങളും ഉപയോഗിച്ചതും ഇവിടെ ഓർക്കാം.

ലോകസാഹിത്യത്തിൽ കവിതയ്ക്കു വന്ന പരിണാമങ്ങൾ മാത്രമേ മലയാളത്തിലും സംഭവിച്ചിട്ടുള്ളൂ. അതു് ആരോഗ്യകരമായ മാറ്റമാണെന്നും കവിത വളരുകയാണെന്നും നമുക്കു് ആശിക്കാം. ഷേയ്ക്ക്സ്പിയറും ഷെല്ലിയും കാളിദാസനും കടമ്മനിട്ടയും ഒന്നും ഒരിക്കലും വിസ്മൃതരാവില്ല എന്നും.