കാമാതുരന്മാരുടെ മാദ്ധ്യമങ്ങൾ

സാമൂഹികം, സുഭാഷിതം

കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്തുമസ് അവധി പ്രമാണിച്ചു് ഇന്റർനെറ്റിനു തീണ്ടാപ്പാടകലെയായിരുന്നു ജീവിതം. രാജ്‌മോഹൻ ഉണ്ണിത്താൻ സംഭവമായിരുന്നു വായിച്ച അവസാനത്തെ വാർത്ത.

അങ്ങനെയിരിക്കുമ്പോഴാണു് പ്രതീക്ഷിക്കാത്ത ചില ആളുകളിൽ നിന്നു് ഒരു ശ്ലോകത്തെപ്പറ്റിയുള്ള ചോദ്യം വന്നതു്: “കാമാതുരാണാം ന ഭയം ന ലജ്ജാ” എന്ന ഭാഗം ഏതു പുസ്തകത്തിൽ നിന്നുള്ളതാണെന്നും, ആ ശ്ലോകത്തിന്റെ പൂർണ്ണരൂപം എന്താണെന്നുമായിരുന്നു ചോദ്യങ്ങൾ. പെട്ടെന്നു് എങ്ങനെ ഈ സുഭാഷിതം പ്രശസ്തമായി എന്നു് അന്വേഷിച്ചപ്പോഴാണു് (ഇതിനു മുമ്പു് ഇങ്ങനെയൊരു കൂട്ട ആവശ്യം ഉയർന്നതു് ഏതോ ആഭരണക്കടയോ തുണിക്കടയോ മറ്റോ “ഉഡുരാജമുഖീ…” എന്ന ശ്ലോകമെടുത്തു് അടിച്ചു പരത്തി വലിച്ചു നീട്ടി ഒരു പരസ്യം ഉണ്ടാക്കിയപ്പോളായിരുന്നു.) കോൺഗ്രസ്സിന്റെ തല മൂത്ത നേതാവു് നാരായൺ ദത്ത് തിവാരിയുടെ വിക്രിയകൾ റിപ്പോർട്ടു ചെയ്ത ചാനൽ അവതാരകൻ ഈ വരിയും ഉദ്ധരിച്ചിരുന്നു എന്നറിഞ്ഞതു്. അങ്ങനെ ആ വാർത്ത കേട്ടറിഞ്ഞു ചെന്നപ്പോളേയ്ക്കും ആ ശ്ലോകവും തിവാരീലീലകളുടെ സ്പെഷ്യൽ വീഡിയോ ഫുട്ടേജും അടങ്ങിയ യൂട്യൂബ് വീഡിയോ അപ്രത്യക്ഷമായിരുന്നതിനാൽ സംഗതി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഇന്നാണു് സംഗതി ഇവിടെ കണ്ടതു്. സംഭവം ശരി തന്നെ. അവതാരകൻ ഈ വരി ഉദ്ധരിക്കുന്നുണ്ടു്.

സന്ദർഭത്തിനനുസരിച്ചുള്ള സംസ്കൃതശ്ലോകങ്ങൾ ഉദ്ധരിക്കാൻ മാത്രം വിവരം വെച്ചോ ആന്ധ്രയിലെ ചാനലുകാർ എന്നായിരുന്നു എന്റെ ആദ്യപ്രതികരണം. അതിനു് സരസനായ ഒരു സുഹൃത്തു് പറഞ്ഞതിങ്ങനെ: ചില ശ്ലോകങ്ങൾ ചില സ്ഥലങ്ങളിൽ വളരെ പ്രസിദ്ധമായിരിക്കും. “വിദ്യാധനം സർ‌വ്വധനാത് പ്രധാനം” എന്നതു് കേരളത്തിലെ ഏതു കൊച്ചുകുട്ടിക്കും അറിയാവുന്ന വരിയല്ലേ? അതുപോലെ ആന്ധ്രയിലെ ഏതു കൊച്ചു കുട്ടിക്കും അറിയാവുന്ന വരിയായിരിക്കും കാമാതുരന്റേതു്!

എന്തായാലും ശ്ലോകം താഴെ. ഗരുഡപുരാണത്തിലേതാണു സംഭവം.

അർത്ഥാതുരാണാം ന സുഹൃന്ന ബന്ധുഃ
കാമാതുരാണാം ന ഭയം ന ലജ്ജാ
ചിന്താതുരാണാം ന സുഖം ന നിദ്രാ
ക്ഷുധാതുരാണാം ന ബലം ന തേജഃ

അർത്ഥ-ആതുരാണാം ന സുഹൃത്, ന ബന്ധുഃ : ധനരോഗികൾക്കു് സുഹൃത്തും ഇല്ല, ബന്ധുവുമില്ല
കാമ-ആതുരാണാം ന ഭയം, ന ലജ്ജാ : കാമരോഗികൾക്കു് പേടിയുമില്ല, നാണവുമില്ല
ചിന്ത-ആതുരാണാം ന സുഖം, ന നിദ്രാ : ചിന്താരോഗികൾക്കു് സുഖവുമില്ല, ഉറക്കവുമില്ല
ക്ഷുത്-ആതുരാണാം ന ബലം, ന തേജഃ : വിശപ്പു രോഗമായവർക്കു് ബലവുമില്ല, തേജസ്സുമില്ല

ഈ ശ്ലോകത്തിനു പല പാഠഭേദങ്ങളും ഉണ്ടു്.

  1. ഒന്നാം വരിയിൽ “ന സുഹൃത്, ന ബന്ധുഃ” എന്നതിനു പകരം “ന സഖാ, ന ബന്ധുഃ” എന്നു്. അർത്ഥം അതു തന്നെ. (അല്ലാതെ കാശുള്ളവനു കമ്യൂണിസ്റ്റുകാരൻ – സഖാവു് – ബന്ധുവല്ല എന്നല്ല.)
  2. മൂന്നാം വരിയിൽ ചിന്താതുരനു പകരം വിദ്യാതുരനെയും കണ്ടിട്ടുണ്ടു്. പഠിത്തം തലയ്ക്കു പിടിച്ചാൽ പിന്നെ സുഖിക്കാനും ഉറങ്ങാനും നിൽക്കില്ല എന്നു്.
  3. നാലാം വരി “ക്ഷുധാതുരാണാം ന രുചിർന്ന പക്വം” എന്നും ആവാം. വിശന്നുവലയുന്നവനു ഭക്ഷണത്തിന്റെ രുചിയും പാകവും പ്രശ്നമല്ല എന്നർത്ഥം.

ഈ ശ്ലോകത്തിലെ രണ്ടാം വരിയാണു് ചാനലുകാരൻ എടുത്തു ചാമ്പിയതു്. ആ വാർത്ത മുഴുവൻ തിവാരിയുടെ പ്രവൃത്തികളെ വളരെ വൃത്തികെട്ട രീതിയിൽ അധിക്ഷേപിക്കുന്നതാണെന്നു മനസ്സിലാകാൻ തെലുങ്ക് അറിയേണ്ട കാര്യമില്ല. രണ്ടോ മൂന്നോ ചിത്രങ്ങൾ തന്നെ തിരിച്ചും മറിച്ചും കാണിച്ചു് ഏതോ തെലുങ്കുപാട്ടിന്റെ അകമ്പടിയോടുകൂടി അത്രയും വലിച്ചുനീട്ടിയ ആ ചാനൽ അഭ്യാസികളുടെ ജുഗുപ്സാവഹമായ കാമരോഗത്തെക്കാൾ കൂടുതലാണോ തിവാരിയിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കാമരോഗം?

ചാനലുകളുടെയും പൊതുജനത്തിന്റെയും അവർക്കു കൂട്ടുനിൽക്കുന്ന പോലീസിന്റെയും കാമരോഗങ്ങൾക്കു് ഉദാഹരണങ്ങൾ ഈയിടെയായി ഏറെയാണു്. പ്രായപൂർത്തിയായ ആണും പെണ്ണും വിവാഹത്തിനു വെളിയിൽ രഹസ്യമായി ബന്ധപ്പെടുന്നതു കുറ്റകരമല്ലാതിരിക്കേ, അങ്ങനെയുള്ള ഏതു വാർത്തയെയും ചൊറിഞ്ഞിളക്കി പടമെടുത്തു് വീണ്ടും വീണ്ടും ടെലിവിഷനിൽ കാണിച്ചു രസിക്കുന്നതു രോഗമല്ലെങ്കിൽ പിന്നെന്താണു്? (കൊലപാതകങ്ങളെയും അക്രമങ്ങളെയും അവർ ഇങ്ങനെ തന്നെ ആസ്വദിക്കുന്നു എന്നതു മറ്റൊരു കാര്യം.) ഒരു വീട്ടിൽ നടക്കുന്ന അനാശ്യാസപ്രവർത്തനങ്ങൾ നാട്ടുകാരുടെ, പ്രത്യേകിച്ചു കൊച്ചുകുട്ടികളുടെ സന്മാർഗ്ഗതയെ ബാധിക്കുന്നു എന്നതാണു വാദമെങ്കിൽ, അവ ഇങ്ങനെ പച്ചയായി ടെലിവിഷനിൽ കാണിച്ചാൽ അതു കാണുന്നവരുടെ സന്മാർഗ്ഗതയെ ബാധിക്കില്ലേ?

തിവാരിക്കു മുമ്പേ രാജ്‌മോഹൻ ഉണ്ണിത്താനെ നമ്മൾ കണ്ടു. നാട്ടുകാരെക്കൊണ്ടു പടമെടുപ്പിക്കാനും പുലഭ്യം പറയിക്കാനും അനുവദിച്ച പോലീസിന്റെ പ്രവൃത്തിയെപ്പറ്റി എന്തു പറയാൻ? എന്തു കാര്യത്തിൽ അഭിപ്രായം പ്രകടിപ്പിക്കുമ്പോഴും അതിൽ അശ്ലീലം കൊണ്ടുവരുന്ന ഉണ്ണിത്താനെ “കാമാതുരൻ” എന്നു വിളിക്കുന്നതിൽ തെറ്റൊന്നുമില്ലെങ്കിലും, ഈ സംഭവത്തിൽ കാമരോഗം അദ്ദേഹത്തെക്കാൾ പൊതുജനത്തിനാണു്.

അതിനെക്കാൾ ഭീകരമായ ഒരു സംഭവം അതിനും കുറച്ചു മുമ്പു നടന്നു. അനാശാസ്യപ്രവർത്തനം നടക്കുന്നു എന്നു സംശയിച്ച ഒരു വീട്ടിൽ മാദ്ധ്യമങ്ങൾ – പോലീസല്ല, മാദ്ധ്യമങ്ങൾ – ഇരച്ചുകയറി അവിടെയുണ്ടായ ഒരു പെണ്ണിന്റെ പൂർണ്ണനഗ്നതയും അതിനു ശേഷം അവൾ വസ്ത്രം ധരിക്കുന്നതും ക്യാമറയിൽ പകർത്തി ടീവിയിൽ കാണിച്ചു. തെണ്ടികൾ. എന്നിട്ടു് അതിനോടു ചേർന്നു് കുറേ ഊഹാപോഹങ്ങളും അപവാദപ്രചാരണങ്ങളും. “ബിനീഷ് കോടിയേരിയെ ഒരു വേശ്യാലയത്തിൽ നിന്നും പിടികൂടി” എന്നു തുടങ്ങിയ ആരോപണം അവസാനം “ബിനീഷ് കോടിയേരിയോടു രൂപസാദൃശ്യമുള്ള ഒരാളും ആ പെണ്ണും ഉള്ള തീരെ ആഭാസമല്ലാത്ത ഒരു സാധാരണഫോട്ടോ അവളുടെ ലാപ്‌ടോപ്പിൽ നിന്നു കണ്ടെടുത്തു” എന്നു പരിണമിച്ചതു കാണുമ്പോൾ കാക്കയെ ഛർദ്ദിച്ച കഥയാണു് ഓർമ്മ വന്നതു്. ഒരു പെണ്ണിന്റെയും, അവളോടു യാതൊരു ബന്ധവുമില്ലാത്ത ഒരു പുരുഷന്റെയും സ്വകാര്യതയിൽ ഒളിഞ്ഞുനോക്കി നിയമവിരുദ്ധമല്ലാത്ത കാര്യങ്ങളെ അനാവശ്യമായി ചൊറിഞ്ഞിളക്കുന്ന ഇവരെത്തന്നെയല്ലേ “കാമാതുരന്മാർ” എന്നു വിളിക്കേണ്ടതു്?

വിവാഹിതനായ ഒരുവൻ പരസ്ത്രീയോടോ, വിവാഹിതയായ ഒരുവൾ പരപുരുഷനോടോ ബന്ധപ്പെടുകയോ ഒരു മുറിയിൽ താമസിക്കുകയോ ചെയ്യുന്നതു് തെറ്റല്ലേ? ആകാം. ഭാര്യയോടു കള്ളം പറഞ്ഞു കള്ളു കുടിക്കാൻ പോവുന്നതും, പൊതുസ്ഥലങ്ങളിൽ പുകവലിക്കുകയും ആഭാസത്തരം പറയുകയും ചെയ്യുന്നതും, പെണ്ണുങ്ങളെ കാണുമ്പോൾ വഴിയിൽ മൂത്രമൊഴിക്കാൻ ഇരിക്കുന്നതും, പെണ്ണുങ്ങളുടെയോ വികലാംഗന്റെയോ സീറ്റിൽ ഇരുന്നിട്ടു് അതിനു് അർഹതയുള്ളവർ വരുമ്പോൾ ഉറക്കം നടിക്കുന്നതും, വഴിയേ പോകുന്ന പെണ്ണിനെ അടിമുടി നോക്കി കമന്റടിക്കുന്നതും, കൈക്കൂലി കൊടുത്തു കാര്യം കാണുന്നതും, കള്ളജാതകം കാട്ടി കല്യാണം നടത്തുന്നതും പോലെയുള്ള വഞ്ചനയാകാം അവയൊക്കെ. ഇവയിലൊക്കെ വഞ്ചിക്കപ്പെടുന്നവർക്കു വഞ്ചകർക്കെതിരേ നിയമപരമായോ അല്ലാതെയോ നടപടിയെടുക്കാൻ അവകാശമുണ്ടു്. ബന്ധങ്ങൾ ഉലയാൻ ഇതൊക്കെ മതി. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ബ്ലോഗിലെഴുതുന്നവരുടെ ഭാര്യയോ ഭർത്താവോ ഇത്തരം പ്രവൃത്തികൾ ചെയ്താൽ അതിനോടു പ്രതികരിക്കുക തന്നെ വേണം. പക്ഷേ, അതു് പടമെടുക്കാനും ചൊറി മാന്താനും വരുന്നവരെ പുറം‌കാലു കൊണ്ടു തട്ടിമാറ്റിയിട്ടാവണം എന്നു മാത്രം.


ബാലൻ കെ. നായരും ജോസ് പ്രകാശും മറ്റും അവതരിപ്പിച്ചിരുന്ന റേപ്പിസ്റ്റുകളായ വില്ലന്മാരല്ല കാമാതുരന്മാർ. എല്ലാറ്റിലും കാമം മാത്രം കാണുന്നവരാണു്. ഒരു യഥാർത്ഥകാമാതുരനെ ലോകസാഹിത്യത്തിൽ ആദ്യമായി അവതരിപ്പിച്ചതു് ആരാണു്? ഒരു പക്ഷേ കാളിദാസനാവാം. അദ്ദേഹത്തിന്റെ മേഘസന്ദേശത്തിലെ യക്ഷൻ കാമാതുരനാണു്. ഭാര്യയെ പിരിഞ്ഞു് ഏതാനും മാസം ഒരു മലയിൽ ഒറ്റയ്ക്കു കഴിയേണ്ടി വന്നപ്പോൾ ഒരു ഭ്രാന്തനെപ്പോലെ ആയ അയാൾ കാണുന്നതിലൊക്കെ കാമം കാണാൻ തുടങ്ങി. മൊട്ടക്കുന്നിന്റെ മുകളിൽ മേഘം ഇരിക്കുന്നതു് അയാൾക്കു് മലർന്നു കിടക്കുന്ന ഭൂമിയുടെ ചുറ്റും വെളുത്തും അറ്റം മാത്രം കറുത്തതുമായ മുലയാണു്. കുന്നുകൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന നദി മടിക്കുത്തഴിഞ്ഞു് ഇളകിയോടുന്ന പെണ്ണാണു്. രാത്രിയിൽ കാമുകസംഗമത്തിനായി പോകുന്ന പെണ്ണുങ്ങൾക്കു മിന്നൽ വഴി വെളിച്ചം കാണിച്ചു കൊടുക്കണം എന്നും, അവരെ ശല്യപ്പെടുത്തുന്നവരെ ഇടി വെട്ടി പേടിപ്പിക്കണമെന്നും ഒക്കെ മേഘത്തിനോടു് കവി ആവശ്യപ്പെടുന്നുണ്ടു്. ചുറ്റും കാണുന്ന വള്ളികളിൽ പ്രിയയുടെ ശരീരവും, മാനിന്റെ കണ്ണുകളിൽ അവളുടെ നോട്ടവും ഒക്കെ അയാൾ കാണുന്നു. ജോസഫ് മുണ്ടശ്ശേരിയുടെ വാക്കുകൾ കടമെടുത്താൽ, കാമത്തിന്റെ കുഴൽക്കണ്ണാടിയിലൂടെ ലോകത്തെ നോക്കിക്കണ്ട ഒരുവന്റെ ജല്പനങ്ങളാണു് മേഘസന്ദേശം മുഴുവൻ. മറ്റുള്ള കവികൾ വീരഗാഥകൾ മാത്രം എഴുതിക്കൊണ്ടിരുന്ന കാലത്തു് നൂറ്റാണ്ടുകൾക്കു ശേഷം മാത്രം ലോകം കണ്ട കാല്പനികകവിതയുടെ ആദ്യത്തെ ഉദാഹരണം അതിമനോഹരമായി ചമച്ച കാളിദാസനെ വ്യത്യസ്തനാക്കുന്നതും മനുഷ്യമനസ്സിനെ അപഗ്രഥിക്കാനുള്ള ഈ പാടവമാണു്.

ദൗർഭാഗ്യവശാൽ, അന്തസ്സത്ത അധികം മനസ്സിലാക്കപ്പെടാത്ത ഒരു കൃതിയാണു മേഘസന്ദേശം. അതിനെ ഒരു ഭർത്താവു ഭാര്യയ്ക്കു കൊടുത്തയയ്ക്കുന്ന സന്ദേശവും അതിനോടു ചേർന്ന റൂട്ട്‌മാപ്പുമായി ജനം തെറ്റിദ്ധരിച്ചു. അതിനെ അവലംബിച്ചു സന്ദേശകാവ്യങ്ങൾ എന്ന പേരിൽ വന്ന ക്ഷുദ്രകൃതികളെല്ലാം (അതിൽ നമ്മുടെ മയൂരസന്ദേശവും ഉൾപ്പെടും) കാളിദാസന്റെ ഭാവനയെ കൊന്നു കൊലവിളിച്ചു. സന്ദേശം കൊണ്ടുപോകേണ്ട മയിൽ ഇരുന്നു പോകേണ്ട വള്ളത്തെയും ശുകം സന്ദർശിക്കുന്ന ക്ഷേത്രത്തിലെ ശാന്തിക്കാരൻ തലയിൽ വഹിക്കുന്ന വിഗ്രഹത്തെയും മറ്റും വർണ്ണിച്ചും, വഴിയിലുള്ള നഗരങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും വിസ്തരിച്ചും, സന്ദേശമയയ്ക്കുന്നവന്റെ മാനസികാവസ്ഥയെ തീരെ ഗൗനിക്കാതെ പടച്ചുവിട്ട ഈ കൃതികളിൽ കാളിദാസൻ പറഞ്ഞതു പോലെ തന്നെ വഴി അല്പം വളച്ചായാലും ഒരു പ്രത്യേകസ്ഥലത്തു പോകാതെ പോകരുതു് എന്നും പറയുന്നുണ്ടു്. ഗതാനുഗതികത്വത്തിന്റെ ഏറ്റവും വികൃതമായ ഉദാഹരണങ്ങളിലൊന്നാണു് സന്ദേശകാവ്യങ്ങൾ. മേഘസന്ദേശവും ശീവൊള്ളിയുടെ ദാത്യൂഹസന്ദേശവും മാത്രം അപവാദങ്ങൾ.

കാമം രോഗമായ രണ്ടു കഥാപാത്രങ്ങളെ ഈയിടെ രണ്ടു ബ്ലോഗുകഥാകൃത്തുകൾ കാണിച്ചു തന്നു. പപ്പൂസിന്റെ സെക്സ്കാപെയ്ഡ് എന്ന കഥ ചുറ്റും കാണുന്നതിലെല്ലാം കാമം മാത്രം കാണുന്ന ഒരു ഹൈസ്കൂൾ കുട്ടിയുടെ ചിത്രം വളരെ മനോഹരമായി വരച്ചുകാട്ടുന്നു. സമകാലികമലയാളത്തിന്റെ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച രാജേഷ് വർമ്മയുടെ കാമകൂടോപനിഷത്തു് എന്ന നീണ്ടകഥയിലെ കെ. സി. കൃഷ്ണകുമാറിനും പപ്പൂസിന്റെ കഥാപാത്രത്തോടു വളരെ സാദൃശ്യമുണ്ടു്.

ഷാനിമോളുടെ ചരിത്രത്തിലും ബൃന്ദാ കാരാട്ടിന്റെ തുടയിലും സൂഫിയാ മദനിയുടെ ശരീരത്തിലും അശ്ലീലം മാത്രം കണ്ട ഉണ്ണിത്താനു് കാമാതുരൻ എന്ന പേരു നന്നായി ചേരും. അതു മഞ്ചേരി സംഭവം കൊണ്ടല്ല എന്നു മാത്രം.


പണ്ടു് ആരോ സാഹിത്യത്തെ മൂന്നായി തരം തിരിച്ചു:

  1. മണ്ണുനോക്കിസ്സാഹിത്യം: ഭൂമി, രാജ്യം, ധനം എന്നിവയെ ചുറ്റിപ്പറ്റിയുള്ള കഥ പറയുന്ന സാഹിത്യം. ഉദാഹരണം: മഹാഭാരതം, മാക്ബത്ത്.
  2. പെണ്ണുനോക്കിസ്സാഹിത്യം: പെണ്ണിനെ ചുറ്റിപ്പറ്റിയുള്ള സാഹിത്യം. ഉദാഹരണം: രാമായണം, ഇലിയഡ്, ഒഥല്ലോ.
  3. വിണ്ണുനോക്കിസ്സാഹിത്യം: ആദ്ധ്യാത്മികം, ഫിലോസഫി. ഉദാഹരണം: ഭഗവദ്ഗീത, ബൈബിൾ (പുതിയ നിയമം), ഖുറാൻ.

ഈ മൂന്നു വിഭാഗങ്ങളും അവയുടെ സങ്കരങ്ങളും ചേർന്നു് ലോകത്തെ എല്ലാ സാഹിത്യത്തെയും നിർ‌വചിക്കുന്നു എന്നായിരുന്നു ഈ സമ്പ്രദായം ഉണ്ടാക്കിയ ആളുടെ കണക്കുകൂട്ടൽ. പക്ഷേ, പിൽക്കാലത്തു്, എല്ലാ സാഹിത്യത്തെയും സൂചിപ്പിക്കണമെങ്കിൽ ഒരു വിഭാഗം കൂടി വേണമെന്നു മനസ്സിലായതിനാൽ ആരോ ഒന്നു കൂടി ചേർത്തു: പുണ്ണുനോക്കിസ്സാഹിത്യം. എവിടെ പുണ്ണുണ്ടോ എന്നു നോക്കി അതിനെപ്പറ്റി മാത്രം എഴുതുന്ന സാഹിത്യം. (ഉദാഹരണങ്ങൾ നമ്മുടെ മലയാളം ബ്ലോഗുലകത്തിൽ ഇഷ്ടം പോലെ ഉണ്ടു്.)

ദൃശ്യകലകൾക്കും ഇങ്ങനെയൊരു തരംതിരിവുണ്ടാക്കിയാൽ, ടെലിവിഷൽ ചാനലുകാർ അവതരിപ്പിക്കുന്ന കലയെ “പുണ്ണുനോക്കിക്കല” എന്നു വിളിച്ചാൽ പോരാ, “പുണ്ണുണ്ടാക്കിനോക്കിക്കല” എന്നു വിളിക്കേണ്ടി വരും. സമൂഹത്തിൽ പ്രദർശിപ്പിക്കാൻ പുണ്ണില്ലെങ്കിൽ അതുണ്ടാക്കാനും അവർ മടിക്കില്ല. ഒരു ബോളിവുഡ് നടനെ അനാശാസ്യപ്രവർത്തനത്തിനു കുടുക്കാൻ ഒരു ചാനൽ പെണ്ണു് അയാളുടെ അടുത്തു ചെന്നു് ശൃംഗരിച്ചു് രതി വാഗ്ദാനം ചെയ്തു് അതു ക്യാമറയിൽ പകർത്തിയതു് അല്പകാലം മുമ്പാണു്. (രാജേഷ് വർമ്മയുടെ കഥ ഇവിടെയും ഓർമ്മിക്കാം.) തിവാരിയുടെ കഥയിലും ഇത്രയും കാലം അദ്ദേഹത്തിനു പെൺ‌കുട്ടികളെ കൂട്ടിക്കൊടുത്ത പെൺ‌പിമ്പ് ചോദിച്ചതൊക്കെ കൊടുക്കാഞ്ഞപ്പോൾ കരുതിക്കൂട്ടി കുടുക്കിയതാണു് എന്നല്ലേ മാദ്ധ്യമഭാഷ്യം.

തിവാരിയുടെ കഥയിൽ മറ്റു ചില പ്രശ്നങ്ങളുണ്ടു്. ഒന്നാമതായി, ഇതു കെട്ടിച്ചമച്ചതാണോ എന്നറിയില്ല. ചില ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണു് ആരോപണം. അവ യഥാർത്ഥമോ ഉണ്ടാക്കിയതോ എന്നറിയില്ല. രണ്ടാമതായി, അദ്ദേഹം തന്റെ പദവിയെ ദുരുപയോഗം ചെയ്തു് ഈ പെൺ‌കുട്ടികളെ ചൂഷണം ചെയ്തതാണെങ്കിൽ അതു വെറും ലൈംഗികാപവാദത്തേക്കാൾ വലിയ കുറ്റമാണു്. (“പരിപാവനമായ രാജ്‌ഭവൻ” എന്നൊക്കെയുള്ളതു വെറും നിരർത്ഥകമായ വാദങ്ങൾ മാത്രം.)

ഇതിനോടു സാദൃശ്യമുള്ള ഒരു സംഭവം ഇതിനു മുമ്പു നടന്നതു് ബിൽ ക്ലിന്റൺ/മോണിക്കാ ലെവിൻസ്കി സംഭവമാണു്. പ്രതിപക്ഷം കരുതിക്കൂട്ടി കുടുക്കിയ ലൈംഗികാപവാദക്കേസ്. “പരിപാവനമായ” ഓവൽ ഓഫീസിൽ വെച്ചു് അമേരിക്കൻ പ്രെസിഡന്റ് ചെയ്ത ആ കുറ്റത്തിനു് അദ്ദേഹത്തെ പുറത്താക്കാൻ പോലും കഴിഞ്ഞില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ അമേരിക്കൻ പ്രെസിഡന്റ് പദത്തിനു വളരെ അടുത്തെത്തുക വരെ ചെയ്തു.


ഏതായാലും കാമാതുരന്മാർക്കു പേടിയും നാണവുമില്ല എന്നു പറഞ്ഞ പഴയ കവിക്കു നമോവാകം. ഈ കാമരോഗികൾ ഉളുപ്പില്ലാതെ ഇതു തന്നെ വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുന്നതു കാണുമ്പോൾ. “കാമാതുരാണാം” എന്നതിനു പകരം “വാർത്താതുരാണാം” എന്നോ “വ്രണാതുരാണാം” എന്നോ വേണമെങ്കിലും പറയാം, പുണ്ണു മൂടി നാറുന്ന വാർത്തകൾ ഒരു രോഗമായ ഈ മാദ്ധ്യമങ്ങളെ കാണുമ്പോൾ.