നഷ്ടപ്രണയവും വിഷുവും ഒടുക്കത്തെ നൊസ്റ്റാൽജിയയും

കലണ്ടര്‍ (Calendar), കവിതകള്‍ (My poems), നൊസ്റ്റാൽ‌ജിയ

ഏഴര വെളുപ്പിനു മൃദുസ്പർ‌ശത്താൽ നിദ്രാ-
ലോലനാമെന്നെ വിളിച്ചുണർ‌ത്തി, നേത്രങ്ങളെ
തുറക്കും മുമ്പു പൊത്തി, ഐശ്വര്യസമ്പത്തുകൾ
നിരത്തി വെച്ചിരിക്കുമാ വിഷുക്കണി കാട്ടി
“കൈനീട്ടം തരു”കെന്നു ചെന്തൊളിർക്കൊത്ത തന്റെ
കൈ നീട്ടി…

മുപ്പതു കൊല്ലം മുമ്പു്, കൗമാരത്തിന്റെ റൊമാൻസ് കരളിൽ കിടന്നിരുന്ന കാലത്തു് എഴുതിയ ഒരു കവിതയിലെ വിഷു. കഥകളിൽ കാണുന്നതുപോലെയുള്ള ഒരു സഖി ജീവിതത്തിലില്ലാതിരുന്നതു കൊണ്ടു് (പ്രേമലേഖനത്തിലെ അക്ഷരത്തെറ്റു തിരുത്തി മറുപടി സംസ്കൃതത്തിൽ എഴുതിയതു കൊണ്ടാണു് ഒരു പെൺ‌പിള്ളേരും എന്നെ തിരിഞ്ഞു നോക്കാതിരുന്നതെന്നു് അസൂയക്കാർ പറയും. വിശ്വസിക്കരുതു്. നുണയാണതു്.) അങ്ങനെയൊരാളെ കവിതയിലെങ്കിലും സൃഷ്ടിച്ചു സംതൃപ്തിയടയാനുള്ള കൗമാരവാഞ്ഛ ഇവിടെക്കാണാം.

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും ഈ ബാല്യകാലസഖിയെത്തന്നെ കെട്ടി പണ്ടാരമടങ്ങി ജീവിക്കാൻ എന്നിലെ കുഞ്ഞുകവി തയ്യാറായിരുന്നില്ല. കാരണം, പിൽക്കാലത്തു് ഏതോ അന്യനാട്ടിൽ (എന്നു വെച്ചാൽ വല്ല പൊള്ളാച്ചിയോ കോയമ്പത്തൂരോ, അതിനപ്പുറത്തേയ്ക്കു് അന്നു ചിന്തിച്ചിട്ടേയില്ല!) ഒറ്റയ്ക്കു ഗതി കെട്ടു താമസിക്കുമ്പോൾ ചിന്തിക്കുന്നതായാണു് ഇതിവൃത്തം. എന്നാലേ കോൺ‌ട്രാസ്റ്റ് വരൂ. (ചങ്ങമ്പുഴയെ അന്നു വായിച്ചിട്ടില്ല. അല്ലെങ്കിൽ മദ്യവും ആത്മഹത്യയുമൊക്കെ കവിതയിൽ വന്നേനേ!) അവളെ കെട്ടിച്ചു വിടണോ കൊന്നുകളയണോ എന്നു കുറച്ചുകാലം കൺഫ്യൂഷനായിരുന്നു. പിന്നെ അവൾ മരിച്ചുപോയി എന്നാണു കവിത. (ചത്താലും മറ്റൊരുത്തന്റെ കൂടെ ആ ഇല്ലാത്ത പ്രേമഭാജനം പോകുന്നതു് ആ കുഞ്ഞുപുരുഷാധിപത്യപ്പന്നപ്പന്നിയ്ക്കു സഹിച്ചുകാണില്ല!)

സംഭവം ആകെ നൊസ്റ്റാൽജിയയും വിഷാദവുമാണു്.

ഈയാണ്ടും വിഷു വന്നു, തൂപ്പുകാരന്റെ ചൂലി-
ന്നോരാണ്ടത്തേയ്ക്കു ഫലമായി ഞാൻ കണി കണ്ടു…

എന്ന ഒരു വിലാപം അതിലുണ്ടു്. വീട്ടിൽത്തന്നെ താമസിച്ചു് ഒരു കിലോമീറ്റർ മാത്രം ദൂരെയുള്ള സ്കൂളിൽ നടന്നു പോയി പഠിച്ചിരുന്ന ഒരു പതിന്നാലുകാരനു് അപ്പോഴുള്ള ഗൃഹാനുകൂല്യം ഇല്ലാതെ ഗൃഹാതുരത്വത്താൽ വലയുന്ന ഒരു ഭാവികാലത്തെപ്പറ്റി ഗൃഹാതുരത്വം കൊള്ളുന്ന മാനസികാവസ്ഥ വളരെ വിചിത്രം തന്നെ. ഒരു പക്ഷേ, ദാരിദ്ര്യമോ പ്രേമഭംഗമോ ബന്ധുക്കളുടെ വിയോഗമോ വഞ്ചനയോ മനസ്സിനെ വല്ലാതെ ബാധിച്ച പീഡനങ്ങളോ അനുഭവിച്ചിട്ടില്ലാത്ത കാലത്തു് ഇതൊക്കെയുള്ള സംഭവബഹുലമായ ഒരു കാലത്തെയായിരിക്കും സ്വപ്നം കണ്ടിട്ടുണ്ടാവുക. (എന്തോ കുറ്റം ചെയ്തതിനു തൂക്കുമരം കയറുന്ന ഒരു കഥ അന്നെഴുതിയിട്ടുണ്ടു്.)

ആ കവിതയുടെ തുടക്കം എനിക്കു് എന്നും പ്രിയപ്പെട്ടതായിരുന്നു.

എങ്ങനെയുറങ്ങും ഞാൻ, മൃത്യു പോൽ നിദ്ര വന്നെൻ
കൺ‌കളെക്കനം‌കൂട്ടിത്തിരുമ്മിയടച്ചാലും,…

പിൽക്കാലത്തെഴുതിയ പല കവിതകളുടെയും തുടക്കമായി ഈ ഈരടി ഫിറ്റു ചെയ്തിട്ടുണ്ടു്. ഒന്നും ക്ലച്ചു പിടിച്ചില്ല എന്നു മാത്രം 🙂

ഇതെഴുതിയിട്ടു നാലഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ ഇതേ പോലെ ഒരു കവിതയെഴുതിയ മറ്റൊരു പതിന്നാലുകാരനെ കണ്ടുമുട്ടി. എം. ടി-ഹരിഹരൻ ടീമിന്റെ ‘നഖക്ഷതങ്ങൾ’ എന്ന സിനിമയിലെ വിനീത് അവതരിപ്പിച്ച കഥാപാത്രം. ആ കഥാപാത്രത്തിന്റെ കവിതയായി ഒ. എൻ. വി. എഴുതിയ

മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി
മഞ്ഞക്കുളിർ(?)മുണ്ടു ചുറ്റി…

എന്നു തുടങ്ങുന്ന റൊമാന്റിക് എന്നു തോന്നിക്കുന്ന കവിതയുടെയും അവസാനം

അന്തി മയങ്ങിയ നേരത്തു നീയൊന്നും
മിണ്ടാതെ മിണ്ടാതെ പോയി…

എന്നാണല്ലോ. മോഹങ്ങളെപ്പറ്റി പാടുമ്പോൾ “ഒടുവിൽ പിണങ്ങിപ്പറന്നു പോം പക്ഷിയോടു് അരുതേയെന്നോതുവാൻ” മോഹിക്കുന്ന ഒ. എൻ. വി. യുടെ ഉള്ളിൽ എന്നും ഒരു നഷ്ടപ്രണയത്തിന്റെ വ്യഥയുണ്ടായിരുന്നു (അല്ലെങ്കിൽ എനിക്കുണ്ടായിരുന്നതു പോലെ ഒരു നഷ്ടപ്രണയം ഉണ്ടായിരുന്നെങ്കിൽ എന്ന ചിന്ത) എന്നു വേണം കരുതാൻ.

ഈ കവിത എങ്ങും എഴുതി വെച്ചിട്ടില്ല. ഇഷ്ടപ്പെടാഞ്ഞതു കൊണ്ടു തന്നെ. അങ്ങുമിങ്ങും നിന്നു് ഇത്രയും വരികൾ ഓർമ്മ വന്നു.

എല്ലാവർക്കും വിഷു ആശംസകൾ!


വിഷു എന്നതു് മേടം ഒന്നിനാണെന്നായിരുന്നു ഞാൻ കേട്ടിട്ടുള്ളതു്. ഞാൻ എല്ലാക്കൊല്ലവും പ്രസിദ്ധീകരിക്കുന്ന കലണ്ടർ ഉണ്ടാക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിലും ആ നിർ‌വ്വചനമാണു് ഉപയോഗിക്കുന്നതു്. പക്ഷേ ഇതു ശരിയാണെന്നു തോന്നുന്നില്ല. ഇക്കൊല്ലം മേടം രണ്ടിനാണു വിഷുവെന്നാണു് കേരളത്തിലെ കലണ്ടറുകളൊക്കെ പറയുന്നതു്.

ഇതിനു കാരണമായി രണ്ടു കാര്യമാണു പറഞ്ഞു കേട്ടതു്.

  1. സൂര്യോദയത്തിനു സൂര്യൻ മേടം രാശിയിലുള്ള ആദ്യത്തെ ദിവസമാണു വിഷു. ഇക്കൊല്ലം മേടസംക്രമം ഏപ്രിൽ 14-നു രാവിലെ ഇന്ത്യൻ സമയം 6:56-നാണു്. കേരളത്തിൽ സൂര്യോദയം അതിനു മുമ്പേ സംഭവിക്കുന്നതിനാൽ അന്നു വിഷു ആഘോഷിക്കാതെ പിറ്റേന്നു് ആഘോഷിക്കുന്നു. അമേരിക്കയിൽ 13-നു വൈകിട്ടു തന്നെ മേടസംക്രമം കഴിഞ്ഞതിനാൽ വിഷു 14-നു തന്നെ.
  2. എന്റെ പഴയ ഒരു പോസ്റ്റിൽ ഈ കമന്റിട്ട രശ്മി പറഞ്ഞതനുസരിച്ചു് ഏപ്രിൽ 14 അമാവാസിയായതിനാലാണു് വിഷു 15-ലേയ്ക്കു മാറ്റിയതു്. ഇതു് ആദ്യമായാണു കേൾക്കുന്നതു്. ശരിയാവാം. അങ്ങനെയാണെങ്കിലും അമേരിക്കയിലും 15-നു തന്നെ.

എന്തായാലും ഞാൻ 13-നു വൈകിട്ടു കണി വെച്ചു. 14-നു രാവിലെ കണി കണ്ടു. കൈനീട്ടം കൊടുത്തു. സമാധാനം!


ഈ വക കാര്യങ്ങൾ ഇതു വരെ ആരും എഴുതി വെച്ചിട്ടില്ല എന്നതു ദൗർഭാഗ്യകരം തന്നെ. കൊല്ലവർഷക്കലണ്ടറിന്റെ നിയമങ്ങൾ ഏതോ സംസ്കൃതപുസ്തകങ്ങളിൽ ഉണ്ടെന്നു കേട്ടിട്ടുള്ളതല്ലാതെ ഇതു വരെ കണ്ടിട്ടില്ല. എന്റെ കലണ്ടറുകളിൽ ഉപയോഗിച്ച നിർ‌വ്വചനങ്ങൾ ഈ പുസ്തകത്തിൽ ഉണ്ടു്. കൂടുതൽ വിവരങ്ങൾ അറിയുന്നവർ ദയവായി പറഞ്ഞുതരുക. ആവശ്യമായ തിരുത്തുകൾ പുസ്തകത്തിലും പ്രോഗ്രാമിലും കലണ്ടറിലും വരുത്താം.

വിഷു കണ്ടുപിടിക്കുന്നതിനെപ്പറ്റി ജോഷി ഒരു കമന്റിൽ എഴുതിയ വിവരങ്ങൾ അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇവിടെ ചേർക്കുന്നു.

  1. വിഷു മേടമാസം ഒന്നാം തിയ്യതിയോ?

    കേരളത്തിൽ ഇത്തവണ (2010) വിഷു ഏപ്രിൽ 15-നാണ് ആഘോഷിക്കുന്നത് – അതായത് മേടമാസം 2-ആം തിയ്യതി. എന്താണ് ഇത്തവണ വിഷു മേടമാസം രണ്ടാം തിയതി ആയത്‌? അല്ലെങ്കിൽ നാം കാണാതെ പഠിക്കുന്ന ‘മേടമാസം ഒന്നാം തിയ്യതിയാണ് വിഷു’ -എന്നതിന് എന്തു സംഭവിച്ചു? ഇതിന് തൃപ്തികരമായ ഒരു വിശദീകരണം നൽകാൻ വേണ്ട ഡോക്ക്യുമെന്റേഷൻ ഒന്നും നിലവിലില്ല എന്നു തോന്നുന്നു. പണ്ട് മുതലേ മേടമാസം ഒന്നാം തിയ്യതി ആണ് വിഷു എന്നതല്ലേ പിന്തുടർന്നു വരുന്നത്‌. ഈ അടുത്ത കാലങ്ങളിൽ മേടം രണ്ടിനും വിഷു വന്നു തുടങ്ങിയതെങ്ങനെ എന്നു കൃത്യമായി അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ കമന്റടിക്കൂ‍. ഇല്ലെങ്കിൽ തത്കാലം പത്രങ്ങളിലും (ഉമേഷ്ജിയുടെ പഴയ പോസ്റ്റുകളിലും) മറ്റും കാണുന്നതു വെച്ച് ഒരു അലക്ക് അലക്കി നോക്കാം.

  2. എന്നാണ് മലയാളമാസങ്ങൾ ആരംഭിക്കുന്നത്‌? (ഉമേഷ്ജിയുടെ പഴയ മനോരമ-മാതൃഭൂമി പോസ്റ്റിൽ നിന്നും)

    സൂര്യൻ ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്കു കടക്കുന്നതിനെയാണ് ‘സംക്രമം’ എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നത്‌. സൂര്യന്റെ രാശിസംക്രമം നടക്കുന്നത്‌ മദ്ധ്യാഹ്ന്നം കഴിയുന്നതിന് മുൻപാണെങ്കിൽ ആ ദിവസം മലയാളമാസം ഒന്നാം തിയ്യതി ആയി കണക്കാക്കും. മദ്ധ്യാഹ്ന്നം കഴിഞ്ഞാണ് സംക്രമം എങ്കിൽ അടുത്തദിവസമാവും മലയാളമാസം ഒന്നാം തിയ്യതി ആയി കണക്കാക്കുക. [ഇനി, “മദ്ധ്യാഹ്നം കഴിയുക” എന്നു വെച്ചാല്‍ നട്ടുച്ച കഴിയുക എന്നല്ല. ഒരു പകലിനെ അഞ്ചായി വിഭജിച്ചതിന്റെ (പ്രാഹ്ണം, പൂര്‍വാഹ്നം, മദ്ധ്യാഹ്നം, അപരാഹ്നം, സായാഹ്നം) മൂന്നാമത്തെ അഹ്നമാണു മദ്ധ്യാഹ്നം. അതുകൊണ്ടു “മദ്ധ്യാഹ്നം കഴിയുക” എന്നു പറഞ്ഞാല്‍ ദിവസത്തിന്റെ അഞ്ചില്‍ മൂന്നു സമയം കഴിയുക എന്നാണു്. ഉദയവും അസ്തമയവും എപ്പോഴെന്നു നോക്കീട്ടു കണക്കാക്കണം. (ലോകത്തിന്റെ പല ഭാഗത്തു് ഇതു പല സമയത്താണെന്നു് ഓര്‍ക്കണം.) ആറു മണി മുതല്‍ ആറു മണി വരെയുള്ള ഒരു പകലില്‍ ഇതു് ഏകദേശം 1:12 PM-നു് ആയിരിക്കും.] (നോട്ട് 1: ഇന്റർനെറ്റിൽ ചില സൈറ്റുകളിൽ “മദ്ധ്യാഹ്നം കഴിയുക” എന്നതിനു പകരം ‘പൂർവാഹ്ന്നം കഴിയുക’ എന്നു കാണുന്നു. ഏതാണ് ശരി എന്നു എനിക്കറിയില്ല).

  3. വിഷു എന്നാണ്?

    നാം ഇപ്പോൾ വിഷു ആഘോഷിക്കുന്നത് മേടസംക്രമം (സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക്‌ കടക്കുന്നത്‌) നടക്കുന്ന ദിവസം ആണ്. മേടസംക്രമം നടക്കുന്നത് (ഇത്‌ കലണ്ടർ/പഞ്ചാംഗത്തിൽ നിന്നും ലഭിക്കും) ഉദയത്തിന് മുൻപാണെങ്കിൽ ആ ദിവസം ആണ് വിഷു. മേടസംക്രമം നടക്കുന്നത് ഉദയത്തിനു ശേഷമാണെങ്കിൽ വിഷു പിറ്റേ ദിവസമാകും. അതായത്‌ വിഷുപുലരി കണികണ്ടുണരേണ്ടത് മേടം രാശിയിൽ ഉദിച്ചുയർന്നു നിൽക്കുന്ന സൂര്യനെ ആണ്. അക്ഷരാർത്ഥത്തിൽ വിഷു ആഘോഷിക്കേണ്ടത്‌ പകലും രാത്രിയും തുല്യദൈർഘ്യം വരുന്ന വസന്തവിഷുവദിനമായ മാർച്ച് 20/21-ന് ആണെന്നും ഒരു വാദമുണ്ട്. പക്ഷേ നൂറ്റാണ്ടുകളായി നമ്മൾ മേടം ഒന്ന് എന്ന കണക്കിനാണ് ഈ ഉത്സവം ആഘോഷിക്കുന്നത്‌.

  4. 2010-ഉം വിഷുവും

    മനോരമ കലണ്ടർ പ്രകാരം ഇത്തവണ മേടസംക്രമം നടക്കുന്നത് ഏപ്രിൽ 14, രാവിലെ 6:56-ന് ആണ്. തിരുവനന്തപുരത്ത് ഉദയം രാവിലെ 6:17-നും (വിവിധ കലണ്ടറുകൾ തമ്മിൽ ഈ സമയങ്ങളിൽ ഏതാനും മിനുട്ടുകൾ വ്യത്യാസമുണ്ടാവാറുണ്ട്. ചിലപ്പോളൊക്കെ അതു പ്രശ്നങ്ങളിൽ എത്തിപ്പെടാറുമുണ്ട്). ഉദയം കഴിഞ്ഞ് മേടസംക്രമം നടക്കുന്നതിനാൽ (അതായത്‌ സൂര്യൻ ഉദിക്കുന്നത്‌ മീനം രാശിയിൽ തന്നെ ആയതിനാൽ) വിഷു തൊട്ടടുത്തദിവസമായ ഏപ്രിൽ 15-ന് ആയിരിക്കും. എന്നാൽ മേടസംക്രമം നടക്കുന്നത് മദ്ധ്യാഹ്ന്നത്തിന് മുൻപായതിനാൽ മേടം ഒന്നാം തിയ്യതി ഏപ്രിൽ 14 -ന് തന്നെ ആണ്. അങ്ങനെ ഈ വർഷം വിഷു മേടം 2-നായി 😀

  5. അങ്ങനെയാണെങ്കിൽ ഈ വർഷം അമേരിക്കയിൽ എന്നാണ് വിഷു?

    മേടസംക്രമം നടക്കുന്നത് ന്യൂയോർക്ക് സമയം ഏപ്രിൽ 13 രാത്രി 9:26 നാണ് (9:26 പി. എം.). ഇത്‌ ഇവിടുത്തെ ഏപ്രിൽ 14 ഉദയത്തിന് മുൻപായതിനാൽ ന്യൂയോർക്കിലുള്ളവർക്ക് വിഷു ഏപ്രിൽ 14 തന്നെയാണ്. അമേരിക്കയുടെ ബാക്കി ഭാഗത്തുള്ളവർക്കും ഇതുപോലെ തന്നെ വിഷു ഏപ്രിൽ 14-നാണ്.

  6. ഈ വർഷം ദുബായ്-ഇൽ എന്നാണ് വിഷു?

    മേടസംക്രമം നടക്കുന്നത് ദുബായ് സമയം ഏപ്രിൽ 14 രാവിലെ 5:26 നാണ് (5:26 എ. എം.). ഇത്‌ ഇവിടുത്തെ ഏപ്രിൽ 14 ഉദയത്തിന് മുൻപായതിനാൽ ദുബായിലുള്ളവർക്കും വിഷു ഏപ്രിൽ 14 തന്നെയാണ്. ബാക്കി ഗൾഫ് രാജ്യങ്ങളിലും ഇതു ശരിയാവാനാണ് സാധ്യത.

  7. വിഷുവും ജ്യോത്സ്യവുമായി എന്താ ബന്ധം?

    വിഷു എന്ന ഉത്സവം ആചരിക്കേണ്ടത് എന്നാണ് എന്നു കണ്ടുപിടിക്കാൻ ‘ജ്യോതിശാസ്ത്ര’ത്തിലെ കണക്കുകൾ ഉപയോഗിക്കുന്നു എന്നതിൽ കവിഞ്ഞ് മറ്റു ബന്ധമൊന്നും ഉണ്ടെന്നു തോന്നുന്നില്ല (ഈസ്റ്റർ എന്നാണെന്നു കണ്ടുപിടിക്കാനും ഇത്തരത്തിലുള്ള കണക്കുകൾ ഉപയോഗിക്കുന്നു എന്നതു ശ്രദ്ധിക്കുക). (നോട്ട് 2: വിഷുമായി ബന്ധപ്പെട്ടു വരുന്ന ഫലപ്രവചനങ്ങളും മറ്റും ശുദ്ധ അസംബന്ധങ്ങളായി ഞാൻ കരുതുന്നു. നിങ്ങൾ അന്ധവിശ്വാസിയാണെങ്കിൽ അതിലും വിശ്വസിച്ചോളൂ. എനിക്ക് എന്റെ വിശ്വാസം നിങ്ങൾക്ക് നിങ്ങളുടേത് 🙂 )

(എന്നെ ക്വോട്ടു ചെയ്താൽ ഇങ്ങനെയിരിക്കും. ആ ക്വോട്ടുൾപ്പെടെ ഞാൻ തിരിച്ചും ക്വോട്ടു ചെയ്യും. എന്നോടാണോടാണോടാണോടാ കളി?)