കയ്യക്ഷരമോ കൈയക്ഷരമോ?

വ്യാകരണം (Grammar)

ഹൈസ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കു്‌ എനിക്കുള്ള ഒരു സംശയമാണിതു്‌.

ഹൈസ്കൂളില്‍ മലയാളപരീക്ഷകളില്‍ തെറ്റും ശരിയും വേര്‍തിരിച്ചു കണ്ടുപിടിക്കുവാനുള്ള ഒരു ചോദ്യമുണ്ടു്‌. ഒരു വാക്കു രണ്ടു വിധത്തില്‍ തന്നിട്ടുണ്ടാവും. അവയില്‍ ശരിയേതു്‌ എന്നു നാം കണ്ടുപിടിച്ചു്‌ എഴുതണം – യാദൃശ്ചികവും യാദൃച്ഛികവും പോലെ.

ഈ വിഭാഗത്തില്‍ സാധാരണ കാണുന്ന ഒരു ചോദ്യമുണ്ടു്‌ – കൈയക്ഷരമോ കയ്യക്ഷരമോ ശരി? (കൈയെഴുത്തു്‌, കയ്യെഴുത്തു്‌ എന്നിവയും കാണാറുണ്ടു്‌). അദ്ധ്യാപകര്‍ അതിന്റെ ഉത്തരം പറഞ്ഞുതന്നിട്ടുമുണ്ടു്‌ – കൈയക്ഷരം ശരി, കയ്യക്ഷരം തെറ്റു്‌.

എന്തുകൊണ്ടു്‌ എന്നു ചോദിച്ചാല്‍ മിക്കവാറും “അതങ്ങനെയാണു്‌” എന്നാവും ഉത്തരം കിട്ടുക. വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ ഒരു അദ്ധ്യാപിക കേരളപാണിനീയത്തിലെ പൂര്‍വ്വം താലവ്യമാണെങ്കില്‍ യകാരമതിലേല്‍ക്കണം എന്ന പരാമര്‍ശം കാണിച്ചുതന്നു.

പക്ഷേ, സ്വരം പരമായാല്‍ ‘ഐ’യ്ക്കു ‘അയ്‌’ ആദേശം വരികയില്ലേ എന്നായിരുന്നു എന്റെ സംശയം. ഉദാഹരണങ്ങള്‍:


ഐ + ആയിരം = അയ്യായിരം
ഐ + അമ്പന്‍ = അയ്യമ്പന്‍
തൈ + ആയ = തയ്യായ
കൈ + ആല്‍ = കയ്യാല്‍
കൈ + ആല = കയ്യാല

ഐയമ്പന്‍, തൈയായ, കൈയാല്‍ എന്നും കണ്ടിട്ടുണ്ടെങ്കിലും ഐയായിരം, കൈയാല എന്നൊന്നും എഴുതിക്കണ്ടിട്ടില്ല.

ഉള്ളൂരിന്റെ ഉമാകേരളത്തിലെ ഈ ശ്ലോകം ഈ നിയമത്തെ സാധൂകരിക്കുന്നു.


തയ്യായ നാളിലലിവാര്‍ന്നൊരു തെല്ലു നീര്‍ തന്‍
കയ്യാലണപ്പവനു കാമിതമാക നല്‍കാന്‍
അയ്യായിരം കുല കുലയ്പൊരു തെങ്ങുകള്‍ക്കു-
മിയ്യാളുകള്‍ക്കുമൊരു ഭേദമശേഷമില്ല.

ഇങ്ങനെയൊക്കെയായിട്ടും കയ്യക്ഷരത്തിനും കയ്യെഴുത്തിനും എന്താണു്‌ ഇത്ര കുഴപ്പം?

ഈ രണ്ടു പ്രയോഗങ്ങളും ശരിയാണെന്നാണു്‌ എനിക്കു തോന്നിയതു്‌. ഒരു പരീക്ഷയ്ക്കു്‌ ഉദാഹരണസഹിതം ഞാന്‍ എഴുതുകയും ചെയ്തു. മാര്‍ക്കു കിട്ടിയില്ല എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

നിങ്ങളുടെ അഭിപ്രായം?