രാപ്പകലും രാപകലും

വ്യാകരണം (Grammar)

സിനിമകളുടെ പേരിടുമ്പോള്‍ അബദ്ധം കാണിക്കുന്നതു പുതിയ വാര്‍ത്തയല്ല. സാക്ഷാല്‍ എം. ടി. വാസുദേവന്‍ നായര്‍ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു ചിത്രത്തിന്റെ പേരു്‌ “അമൃതം ഗമയഃ” എന്നാണു്‌. സംസ്കൃതമല്ലേ, ഗാംഭീര്യത്തിനു വേണ്ടി ഒരു വിസര്‍ഗ്ഗം ഇരുന്നോട്ടേ എന്നു കരുതിക്കാണും. “അമൃതം ഗമയ” എന്നാണു ശരിയായ രൂപം. “അന്തപ്പുരം” (അന്തഃപുരം ശരി) തുടങ്ങി വേറെയുമുണ്ടു്‌ ഉദാഹരണങ്ങള്‍.

ഉടനെ ഇറങ്ങാന്‍ പോകുന്ന ഒരു ചിത്രത്തിന്റെ വാര്‍ത്ത കണ്ടു – രാപ്പകല്‍. എന്താ, എന്തെങ്കിലും കുഴപ്പം കാണുന്നുണ്ടോ? പണ്ടു്‌ ഒന്നാം ക്ലാസ്സില്‍ പഠിച്ച “തീവണ്ടി” എന്ന പാട്ടാണു്‌ ഓര്‍മ്മ വരുന്നതു്‌:

കൂ കൂ കൂകും തീവണ്ടി
കൂകിപ്പായും തീവണ്ടി

രാപ്പകലോടും തീവണ്ടി

ഒന്നാം ക്ലാസ്സിലെ മലയാളം പുസ്തകത്തില്‍ മുതല്‍ നാം തെറ്റു പഠിക്കാന്‍ തുടങ്ങി എന്നു ചുരുക്കം. രാപ്പകല്‍ എന്ന തെറ്റായ രൂപം പ്രചരിക്കാന്‍ പ്രധാനകാരണം ഈ പാട്ടാണു്‌.തുല്യപ്രാധാന്യമുള്ള രണ്ടു വാക്കുകള്‍ സമാസിക്കുമ്പോള്‍ (വ്യാകരണത്തില്‍ ഇതിനു്‌ ദ്വന്ദ്വസമാസം എന്നു പറയുന്നു) ഉത്തരപദത്തിലെ ആദ്യവ്യഞ്ജനം ഇരട്ടിക്കുകയില്ല. കൈകാലുകള്‍, അടിപിടി, ആനമയിലൊട്ടകം, രാമകൃഷ്ണന്മാര്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. “രായും പകലും” എന്ന അര്‍ത്ഥത്തില്‍ രാപകല്‍ എന്നേ വരൂ – രാപ്പകല്‍ ആവില്ല.”രാപക”ലിന്റെ നിര്‍മ്മാതാക്കള്‍ ഇതു വായിച്ചിട്ടു തെറ്റു തിരുത്തുമെന്നു്‌ എനിക്കു പ്രതീക്ഷയില്ല. തിരുത്തിയാലും “രാപ്പകലോടും തീവണ്ടി…” ഉരുവിട്ടു പഠിച്ച കേരളജനത അതു ശരിയാണെന്നു്‌ അംഗീകരിക്കുമെന്നും എനിക്കു പ്രതീക്ഷയില്ല. ഏതായാലും, ഇനി കുട്ടികളെ ഈ പാട്ടു പഠിക്കുമ്പോള്‍ ശരിയായി പഠിപ്പിക്കുക. പാട്ടു പൂര്‍ണ്ണമായി താഴെച്ചേര്‍ക്കുന്നു :


കൂ കൂ കൂകും തീവണ്ടി
കൂകിപ്പായും തീവണ്ടി
കല്‍ക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി
രാപകലോടും തീവണ്ടി
തളര്‍ന്നു നില്‍ക്കും തീവണ്ടി
വെയിലത്തോടും തീവണ്ടി
മഴയത്തോടും തീവണ്ടി
വേഗം പായും തീവണ്ടി
ഹാ ഹാ ഹാ ഹാ തീവണ്ടി

വാല്‍ക്കഷണങ്ങള്‍ (2005/05/05) : 

  1. “രാത്രിപോലെയുള്ള പകല്‍” എന്നര്‍ത്ഥത്തില്‍ “രാപ്പകല്‍” എന്നു പറയാം. ഒരു പക്ഷേ “രാപ്പകല്‍” എന്ന സിനിമയ്ക്കു്‌ അങ്ങനെയൊരു കഥയാവാം. അലാസ്കയിലോ അന്റാര്‍ട്ടിക്കയിലോ എത്തിപ്പെടുന്ന ഒരാളുടെ കഥ. Insomnia എന്ന ഇംഗ്ലീഷ്‌ സിനിമ പോലെ.
  2. “രാത്രിപോലെയുള്ള പകലില്‍ ഓടുന്ന തീവണ്ടി” അല്ലെങ്കില്‍ “രാത്രിയും പകലാക്കി ഓടുന്ന തീവണ്ടി” എന്നോ മറ്റോ വേണമെങ്കില്‍ “രാപ്പകലോടും തീവണ്ടി”യ്ക്കു്‌ അര്‍ത്ഥം പറയാം. അങ്ങനെയാണെങ്കില്‍, അങ്ങനെയാണോ അദ്ധ്യാപകര്‍ കുട്ടികളെ പഠിപ്പിച്ചതു്‌ എന്ന ചോദ്യം ഉയരുന്നു. ഒന്നാം ക്ലാസ്സില്‍ നാം തെറ്റു പഠിച്ചു എന്ന കാര്യത്തില്‍ ഏതായാലും സംശയം വേണ്ട.