ജിതിൻ ദാസിന്റെ മൂർഖന്മാർ

സുഭാഷിതം

ഞാൻ വാഗ്ഭൂഷണം ഭൂഷണം! എന്ന പോസ്റ്റിട്ടപ്പോൾ ജിതിൻ ദാസിനു (ഇങ്ങേർ മഹാവിഷ്ണുവിനെപ്പോലെയാണു്. ഞാൻ ഓരോ പ്രാവശ്യവും ബ്ലോഗിംഗ് പുനരാരംഭിക്കുമ്പോൾ ഇങ്ങേർക്കു് ഓരോ പുതിയ അവതാരമാണു്.) സഹിച്ചില്ല. ഒന്നേ, രണ്ടേ, മൂന്നേ എന്നു് എണ്ണി അഞ്ചു ശ്ലോകങ്ങൾ ഫേസ്ബുക്കിൽ ഇട്ടിരിക്കുന്നു. എല്ലാം ഭർത്തൃഹരിയുടേതു്. “ഏതെങ്കിലും മീഡിയ പ്രൊഫൈലുകള്‍ ഇതു വായിക്കുമ്പോള്‍ ഓര്‍മ്മ വന്നാല്‍ വെറും യാദൃച്ഛികമാണു്” എന്നു ഡിസ്ക്ലെയിമറും ഉണ്ടു്.

ഞാൻ അതെല്ലാം പൊക്കി ദാ ഇവിടെ ഇടുകയാണു്. ഫേസ്ബുക്കിലിട്ട വിജ്ഞാനവും പുതുമണവാട്ടിയുടെ സൗന്ദര്യവും ഫിനാൻഷ്യൽ അഡ്വൈസറുടെ കയ്യിൽ കൊടുത്ത പണവും ഒരുപോലെ ആണെന്നാണു്. ഒന്നു രണ്ടു ദിവസം കാണുമായിരിക്കും. പിന്നെ നോക്കിയാൽ ആയുഷ്കാലത്തേയ്ക്കു കാണില്ല.

ഇതിന്റെ ശീർഷകത്തെപ്പറ്റി: മൂർഖൻ എന്ന വാക്കിനു് ക്രൂരൻ എന്നൊരു അർത്ഥമേ എനിക്കറിയാമായിരുന്നുള്ളൂ. ഇവിടെ ഉദ്ധരിച്ചിരിക്കുന്ന പല ശ്ലോകങ്ങളിലും അതു മൂഢൻ എന്ന അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നതു കണ്ടു. നോക്കിയപ്പോൾ ശബ്ദതാരാവലിയിൽ ആദ്യത്തെ അർത്ഥം തന്നെ മൂഢൻ എന്നാണു്. (വിപരീതപദമായി “പണ്ഡിതൻ” എന്ന വാക്കും കൊടുത്തിട്ടുണ്ടു്.) അമരകോശത്തിലാകട്ടേ, ഊളകളുടെ പര്യായപദങ്ങളായി അജ്ഞൻ, മൂഢൻ, യഥാജാതൻ, മൂർഖൻ, വൈധേയൻ, ബാലിശൻ എന്നിവ കൊടുത്തിരിക്കുന്നു. (അജ്ഞേ മൂഢയഥാജാതമൂർഖവൈധേയബാലിശാഃ വിശേഷനിഘ്നവർഗ്ഗം, ശ്ലോകം 48.) “മുഹേഃ ഖോ മൂർച്ച” എന്നാണു പോലും നിരുക്തം. അതായതു്, വിവരത്തിന്റെ കാര്യത്തിൽ സീറോ. ജിതിൻ ഉപയോഗിച്ച “ഊള” എന്ന വാക്കാണു മലയാളത്തിൽ അനുയോജ്യം.

ഈ ഒരറിവു കിട്ടിയതിനു ശേഷം ഉപകാരോ ഹി മൂർഖാനാം പ്രകോപായ ന ശാന്തയേ (മൂർഖന്മാർക്കു ഉപകാരം ചെയ്താൽ അതു് അവരെ കോപിപ്പിക്കുകയേ ഉള്ളൂ, സമാധാനിപ്പിക്കുകയില്ല) തുടങ്ങിയ മറ്റു പല ശ്ലോകങ്ങൾക്കും ഒന്നു കൂടി നല്ല അർത്ഥം തോന്നുന്നുണ്ടു്.

  1. ശ്ലോകം:

    അജ്ഞഃ സുഖമാരാധ്യഃ
    സുഖതരമാരാധ്യതേ വിശേഷജ്ഞഃ
    ജ്ഞാനലവദുർവിദഗ്ധം
    ബ്രഹ്മാപി തം നരം ന രഞ്ജയതി

    അര്‍ത്ഥം:

    അജ്ഞഃ സുഖം ആരാദ്ധ്യഃ : വിവരമില്ലാത്തവനെ എളുപ്പം വശത്താക്കാം.
    വിശേഷജ്ഞഃ സുഖതരം ആരാദ്ധ്യഃ : നല്ല വിവരമുള്ളവനെ അതിലും എളുപ്പത്തിൽ വശത്താക്കാം.
    തം ജ്ഞാന-ലവ-ദുർ-വിദഗ്ദ്ധം നരം : അല്പജ്ഞാനിയായ മനുഷ്യനെ
    ബ്രഹ്മാപി ന രഞ്ജയതി : ബ്രഹ്മാവിനു പോലും വശത്താക്കാൻ കഴിയില്ല.

    ഒരു കാര്യം ശ്രദ്ധേയമാണു്. ആരാധന എന്ന വാക്കിന്റെ അർത്ഥം. മലയാളത്തിൽ അതിനു പൂജ ചെയ്യുക, താണു വീണു നമസ്കരിക്കുക എന്നൊക്കെ അർത്ഥം വന്നെങ്കിലും സംസ്കൃതത്തിൽ അതിനു് സന്തോഷിപ്പിക്കുക, പ്രീണിപ്പിക്കുക, വശത്താക്കുക എന്നൊക്കെയേ അർത്ഥമുള്ളൂ. എന്തു പറഞ്ഞാലും അല്പജ്ഞാനിയെ സന്തോഷിപ്പിക്കാനോ സമ്മതിപ്പിക്കാനോ പറ്റില്ല എന്നു സാരം.

    “ഒന്നുമറിയാത്ത ആളിനെ പറഞ്ഞു മനസ്സിലാക്കാന്‍ എളുപ്പമാണ്. വിവരമുള്ള ആളിനെ ഒരു കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ അതിലും എളുപ്പമാണ്. എന്നാല്‍ അല്പബുദ്ധികളെ ഒരു കാര്യം മനസ്സിലാക്കിക്കാന്‍ പടച്ചതമ്പുരാന്‍ വിചാരിച്ചാലും കഴിയില്ല” എന്നു ജിതിൻ ദാസിന്റെ തർജ്ജമ.

  2. ശ്ലോകം:

    പ്രസഹ്യ മണിമുദ്ധരേന്മകരവക്ത്രദംഷ്ട്രാന്തരാത്
    സമുദ്രമപി സന്തരേത് പ്രചലദൂർമിമാലാകുലം
    ഭുജങ്ഗമപി കോപിതം ശിരസി പുഷ്പവദ്ധാരയേത്
    ന തു പ്രതിനിവിഷ്ടമൂർഖജനചിത്തമാരാധയേത്

    അര്‍ത്ഥം:

    മകര-വക്ത്ര-ദംഷ്ട്ര-അന്തരാത് : മുതലയുടെ വായിലെ ദംഷ്ട്രങ്ങളുടെ ഇടയിൽ നിന്നു്
    പ്രസഹ്യ മണിം ഉദ്ധരേത് : അല്പം ബുദ്ധിമുട്ടിയാൽ രത്നം വലിച്ചെടുക്കാം
    പ്രചലത്-ഊർമി-മാലാ-കുലം : ഇളകുന്ന തിരമാലകൾ നിറഞ്ഞ
    സമുദ്രം അപി സന്തരേത് : കടലു പോലും നീന്തിക്കടക്കാം
    കോപിതം ഭുജംഗം അപി : ചീറ്റുന്ന പാമ്പിനെപ്പോലും
    ശിരസി പുഷ്പ-വത് ധാരയേത് : തലയിൽ പൂ പോലെ ചൂടാം
    പ്രതി-നിവിഷ്ട-മൂർഖ-ജന-ചിത്തം : ദുരഭിമാനിയായ ഒരു ഊളയുടെ മനസ്സിനെ
    ന ആരാധയേത് : വശത്താക്കാൻ പറ്റില്ല.

    ഇവിടെയും ആരാധന എന്ന വാക്കു് ഉപയോഗിച്ചിരിക്കുന്നതു് ഏതാണ്ടു് “പറഞ്ഞു മനസ്സിലാക്കുക” എന്ന അർത്ഥത്തിലാണു്. മൂർഖനെയും ശ്രദ്ധിക്കുക.

    നിങ്ങള്‍ വിചാരിച്ചാല്‍ മുതലയുടെ വാ പിടിച്ചു തുറന്ന് അതില്‍ കുടുങ്ങിയ മുത്ത് എടുക്കാം. പ്രക്ഷുബ്ധമായ കടല്‍ നീന്തിക്കടക്കാം. വേലിയില്‍ ഇരിക്കുന്ന പാമ്പിനെ ഒരു പൂമാല പോലെ മുടിയില്‍ ചൂടാം. എന്നാല്‍ ഊളകളോട് സം‌വദിച്ചു ജയിക്കാന്‍ കഴിയില്ല, ഒരിക്കലും എന്നു ജിതിൻ ദാസ്.

  3. ശ്ലോകം:

    ശക്യോ വാരയിതും ജലേന ഹുതഭുൿ ഛത്രേണ സൂര്യാതപോ
    നാഗേന്ദ്രോ നിശിതാങ്കുശേന സമദോ ദണ്ഡേന ഗോഗർദ്ദഭൗ
    വ്യാധിർഭേഷജസങ്ഗ്രഹൈശ്ച വിവിധൈർമന്ത്രപ്രയോഗൈർവിഷം
    സർവസ്യൗഷധമസ്തി ശാസ്ത്രവിഹിതം മൂർഖസ്യ നാസ്ത്യൗഷധിം

    അര്‍ത്ഥം:

    ജലേന ഹുതഭുൿ : വെള്ളം കൊണ്ടു തീയെയും
    ഛത്രേണ സൂര്യാതപഃ : കുട കൊണ്ടു വെയിലിനെയും
    നിശിത-അങ്കുശേന നാഗേന്ദ്രഃ : മൂർച്ചയുള്ള തോട്ടി കൊണ്ടു് ആനയെയും
    ദണ്ഡേന ഗോ-ഗർദ്ദഭൗ : വടി കൊണ്ടു് പശു, കഴുത എന്നിവയെയും
    ഭേഷജ-സങ്ഗ്രഹൈഃ വ്യാധിഃ : മരുന്നുകൂട്ടുകൾ കൊണ്ടു രോഗങ്ങളെയും
    വിവിധൈഃ മന്ത്ര-പ്രയോഗൈഃ വിഷം : പല തരം മന്ത്രപ്രയോഗങ്ങൾ കൊണ്ടു രോഗങ്ങളെയും
    വാരയിതും ശക്യഃ : തടയാൻ സാധിക്കും
    സർവ്വസ്യ ശാസ്ത്രവിഹിതം ഔഷധം അസ്തി : എല്ലാത്തിനും ശാസ്ത്രത്തിൽ മരുന്നുണ്ടു്.
    മൂർഖസ്യ ഔഷധിം ന അസ്തി : ഊളത്തരത്തിനു മാത്രം മരുന്നൊന്നും ഇല്ല.

    “തീപിടിച്ചാല്‍ വെള്ളമൊഴിച്ച് അണയ്ക്കാം, സണ്‍ബേണ്‍ ഉണ്ടാകാതിരിക്കാന്‍ കുടപിടിക്കാം. കൊലകൊമ്പനെ തോട്ടികൊണ്ടും പശുവിനെയും കഴുതയെയും വടിയെടുത്തും അടക്കി നിര്‍ത്താം. അസുഖത്തിനു മരുന്നു കഴിക്കാം വിഷം തീണ്ടിയാല്‍ മന്ത്രവാദം നടത്താം. അങ്ങനെ സകല പ്രശ്നങ്ങള്‍ക്കും ശാസ്ത്രത്തിനു പോം വഴിയുണ്ട് എന്നാല്‍ വിഡ്ഢിത്തരം പറയുന്നതിനു മരുന്നില്ല.” എന്നു ജിതിൻ ദാസ്.

  4. ശ്ലോകം:

    ദുർജനഃ പരിഹർത്തവ്യോ
    വിദ്യയാഽലങ്കൃതോഽപി സൻ
    മണിനാ ഭൂഷിതഃ സർപ്പഃ
    കിമസൗ ന ഭയങ്കരഃ

    അര്‍ത്ഥം:

    ദുർജ്ജനഃ : ചീത്ത ആളുകൾ
    വിദ്യയാ അലങ്കൃതഃ അപി സൻ : വിദ്യ ഉള്ളവരാണെങ്കിൽ കൂടി
    പരിഹർത്തവ്യഃ : കുറവില്ലാത്തവരല്ല.
    മണിനാ ഭൂഷിതഃ സർപ്പഃ : പാമ്പു രത്നം ധരിച്ചാലും
    ന ഭയങ്കരഃ അസൗ കിം? : ഭയങ്കരം തന്നെ അല്ലേ?

    “പരിഹർത്തവ്യഃ” എന്നതിനു പരിഹരിക്കാൻ അഥവാ നന്നാക്കാൻ പറ്റുന്നതു് എന്നർത്ഥം. ദോഷം ഉണ്ടെങ്കിലല്ലേ നന്നാക്കാൻ പറ്റൂ.

    “നീചന്മാര്‍ ഉന്നത വിദ്യാഭ്യാസം ലഭിച്ചവരാണെന്നു കരുതി അവര്‍ മെച്ചപ്പെട്ടവരാകുന്നില്ല മൂര്‍ഖന്‍ പാമ്പ് മുത്തുമാലയിട്ടാന്‍ അതിന്റെ വിഷം കുറയുമെന്ന് കരുതരുത്.” എന്നു ജിതിൻ ദാസ്.

  5. ശ്ലോകം:

    ബോദ്ധോരോ മത്സരഗ്രസ്താഃ പ്രഭവഃ സ്മയദൂഷിതാഃ
    അബോധോപഹതാശ്ചാന്യേ ജീർണമങ്ഗേ സുഭാഷിതം

    അര്‍ത്ഥം:

    ബോദ്ധാരഃ മത്സര-ഗ്രസ്താഃ : ബുദ്ധിയുള്ളവർ മത്സരബുദ്ധിയുള്ളവർ ആകുന്നു
    പ്രഭവഃ സ്മയ-ദൂഷിതാഃ : പ്രഭുക്കൾ അഹങ്കാരികളാകുന്നു
    അബോധ-ഉപഹതാഃ അന്യേ ച : ബാക്കിയുള്ളവർ ബോധമില്ലാത്തവരും ആകുന്നു.
    അംഗേ ജീർണ്ണം സുഭാഷിതം : (അതിനാൽ) സുഭാഷിതം ശരീരത്തിൽ തന്നെ നശിക്കുന്നു.

    പറഞ്ഞിട്ടു കാര്യമില്ലാത്തതു കൊണ്ടു സുഭാഷിതം പറയാതെ വായിൽത്തന്നെ ഒതുങ്ങിപ്പോകുന്നു എന്നു താത്പര്യം. നീതിശതകത്തിലെ ആദ്യത്തെ ശ്ലോകമാണു് ഇതു്. എന്നിട്ടാണു് ഭർത്തൃഹരി പിന്നുള്ള തൊണ്ണൂറ്റൊമ്പതു ശ്ലോകവും ചൊല്ലിയതു്.

    “വിവരമുള്ളവര്‍ പരസ്പരം മത്സരിച്ചു നശിക്കുന്നു. അധികാരികള്‍ അഹങ്കാരം കൊണ്ട് നശിക്കുന്നു. വിവരമില്ലാത്തവര്‍ വിവരമില്ലായ്മകൊണ്ട് നശിക്കുന്നു.ആരോട്‌ പറയാൻ, ആരു കേൾക്കാൻ… ഈ സുഭാഷിതം എന്റെയുള്ളില്‍ തന്നെ കിടന്ന് നശിച്ചോട്ടെ” എന്നു ജിതിൻ ദാസ്.