മാതൃദിനചിന്തകള്‍

പലവക (General)

അമേരിക്കക്കാരുടെ മാതൃദിനത്തില്‍ ശങ്കരാചാര്യരുടെ മാതൃപഞ്ചകത്തില്‍ നിന്നുള്ള ഈ ശ്ലോകം ഓര്‍ത്തുപോയി:

ആസ്താം താവദിയം പ്രസൂതിസമയേ ദുര്‍വാരശൂലവ്യഥാ,
നൈരുച്യം, തനുശോഷണം, മലമയീ ശയ്യാ ച സാംവത്സരീ,
ഏകസ്യാപി ന ഗര്‍ഭഭാരഭരണക്ലേശസ്യ യസ്യാഃ ക്ഷമോ
ദാതും നിഷ്കൃതിമുന്നതോപി തനയസ്തസ്യൈ ജനന്യൈ നമഃ

ഈ ശ്ലോകത്തിനു കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചെയ്ത ഈ തര്‍ജ്ജമയും വളരെ പ്രശസ്തമാണു്‌:

നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചി കുറയും കാല, മേറും ചടപ്പും
പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ മലമതിലൊരു കൊല്ലം കിടക്കും കിടപ്പും,
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലി പോലും
തീര്‍ക്കാവല്ലെത്ര യോഗ്യന്‍ മകനു, മതു നിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍!

ഇതു പഴയ അമ്മയുടെ കഥ. പുതിയ അമ്മമാര്‍ക്കു്‌ അല്‍പം വ്യത്യാസമുണ്ടു്‌. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ, മുകളില്‍ ഉദ്ധരിച്ച ശ്ലോകത്തിനു രാജേഷ്‌ വര്‍മ്മയുടെ പാരഡി കാണുക:

പൊയ്പ്പോയീ പേറ്റുനോവിന്‍ കഥ, രുചികുറവിന്നുണ്ടു നല്ലൌഷധങ്ങള്‍
കയ്യല്‍പം വൃത്തികേടായിടുവതുമൊഴിവായ്‌ – വന്നുവല്ലോ ഡയപ്പര്‍,
ശോഷിക്കുന്നില്ല ദേഹം, “പുനരൊരു വിഷമം ഡോക്ടറേ, ഗര്‍ഭഭാരം
കൂടിത്തെല്ലൊന്നിളയ്ക്കാന്‍ തരിക ഗുളിക”യെന്നോതുമമ്മേ, തൊഴുന്നേന്‍!

Happy mother’s day!