ചെകുത്താന്റെ ഊഞ്ഞാല്‍ (Fyodor Sologub)

പരിഭാഷകള്‍ (Translations), റഷ്യന്‍ (Russian)

റഷ്യന്‍ കവിയും ഗദ്യകാരനും പരിഭാഷകനുമായിരുന്ന Fyodor Sologub-ന്റെ “ചെകുത്താന്റെ ഊഞ്ഞാല്‍” എന്നും “നശിച്ച ഊഞ്ഞാല്‍” എന്നും അര്‍ത്ഥം പറയാവുന്ന ഒരു മനോഹരകവിതയുടെ മലയാളപരിഭാഷ (1989).

ഒരു ഇംഗ്ലീഷ്‌ പരിഭാഷ ഇവിടെ കാണാം.

ഈ കവിത അത്രയേറെ പ്രശസ്തമല്ലെങ്കിലും എനിക്കു വളരെ പ്രിയപ്പെട്ടതാണു്‌.

ഒന്നാമതായി, ആദ്യശ്രമത്തില്‍ത്തന്നെ വലിയ ബുദ്ധിമുട്ടില്ലാതെയും അതേ സമയം മൂലകവിതയുടെ അര്‍ത്ഥഭംഗി ചോര്‍ന്നുപോകാതെയും തര്‍ജ്ജമ ചെയ്യാന്‍ സാധിച്ച ഒരു കവിതയാണിതു്‌.

രണ്ടാമതായി, ജീവിതത്തിന്റെ ഓരോ ഘട്ടവും കടന്നുപോകുമ്പോഴും ഈ കവിതയ്ക്കു കൂടുതല്‍ കൂടുതല്‍ പ്രസക്തി കിട്ടുന്നു. നാം ചെയ്യുന്ന പ്രവൃത്തികളുടെയും ജീവിതവൃത്തികളുടെയും 90%-വും തനിക്കിഷ്ടപ്പെടാത്തതും നിവൃത്തിയില്ലാതെ സാമ്പത്തികലാഭത്തിനോ താത്കാലികസുഖത്തിനോ വേണ്ടി ചെയ്തുകൂട്ടുന്നവയുമല്ലേ? ചെയ്യുന്ന ജോലി, താമസിക്കുന്ന ദേശം, കൊണ്ടുനടക്കുന്ന കൂട്ടുകെട്ടു്‌ അങ്ങനെ പലതും. ഭാവിയെപ്പറ്റി ആലോചിക്കുമ്പോള്‍ ഭയം തോന്നുമെങ്കിലും ഇപ്പോള്‍ പിടിച്ചുതൂങ്ങിയിരിക്കുന്ന ചെകുത്താന്റെ ഊഞ്ഞാലിനെ വിണ്ടും കൂടുതല്‍ മുറുക്കെപ്പിടിക്കുന്നവരല്ലേ നമ്മളിലോരൊരുത്തരും?

പരിഭാഷ (1989) മൂലകവിത (1907)
അലറുന്ന നദിയുടെ മുകളിലൂ, ടിരുള്‍ മൂടു-
മരയാലിന്‍ ശിഖരങ്ങള്‍ക്കിടയിലൂടെ,
അറപ്പേകും രോമമാകെ നിറഞ്ഞോരു കരം കൊണ്ടു
ചെകുത്താനെന്നൂഞ്ഞാലിനെയുന്തിവിടുന്നു. 
В тени косматой ели,
Над шумною рекой
Качает черт качели
Мохнатою рукой.
മുന്നിലേക്കും, പുറകോട്ടും – മുന്നിലേക്കും, പുറകോട്ടും –
എന്നെയുന്തിയട്ടഹസിക്കുന്നു ചെകുത്താന്‍
ഇളകി മുറിഞ്ഞു പോകുന്നിരിക്കും പലക, കുറ്റി-
ച്ചെടിയിലുരഞ്ഞു കയറിഴപിഞ്ചുന്നു.
Качает и смеется,
  Вперед, назад,
  Вперед, назад,
Доска скрипит и гнется,
О сук тяжелый трется
Натянутый канат.
വളയുന്നു, വിണ്ടുകീറിത്തുടങ്ങുന്നു പലക, യി-
ന്നിളകുന്നിതാ താഴേയ്ക്കും മുകളിലേക്കും.
അലറിച്ചിരിച്ചുകൊണ്ടു ചെകുത്താനാപ്പലക ത-
ന്നിരുവശത്തും പിടിച്ചു കുലുക്കിടുന്നു.
Снует с протяжным скрипом
Шатучая доска,
И черт хохочет с хрипом,
Хватаясь за бока.
മുന്നിലേക്കും, പുറകോട്ടും – മുന്നിലേക്കും, പുറകോട്ടും –
തെന്നിത്തെറിച്ചൂഞ്ഞാലാടിയുലഞ്ഞിടുന്നു.
താഴെനില്‍ക്കും പിശാചിനെ ഭീതികൊണ്ടു നോക്കിടാതെ
ഞാനിതിലിളകിയാടിപ്പിടിച്ചിരിപ്പൂ.
Держусь, томлюсь, качаюсь,
  Вперед, назад,
  Вперед, назад,
Хватаюсь и мотаюсь,
И отвести стараюсь
От черта томный взгляд.
അരയാലിന്‍ മുകളിലൂടാടിപ്പോകെ, നീലവാനിന്‍
പുറകില്‍ നിന്നൊരു സ്വരം ഹസിച്ചു ചൊല്‍വൂ :
“ഒരിക്കല്‍ നീയിരുന്നു പോയീയൂഞ്ഞാലില്‍ – ഇനിയിതി-
ലിരിക്കുക നിന്റെ വിധി – ചെകുത്താനൊപ്പം!”
Над верхом темной ели
Хохочет голубой:
«Попался на качели,
Качайся, черт с тобой!»
അരയാലിന്നിരുള്‍ മൂടിക്കിടക്കുന്ന നിഴലില്‍ നി-
ന്നൊരു നൂറു ശബ്ദമൊന്നിച്ചിങ്ങനെ കേട്ടൂ :
“ഒരിക്കല്‍ നീയിരുന്നു പോയീയൂഞ്ഞാലില്‍ – ഇനിയിതി-
ലിരിക്കുക തന്നെ വിധി – ചെകുത്താനൊപ്പം!”
В тени косматой ели
Визжат, кружась гурьбой:
«Попался на качели,
Качайся, черт с тобой!»
ചീറിപ്പായുമൂഞ്ഞാലിന്റെ പടിമേലെപ്പിടിത്തമീ
ക്രൂരന്‍ ചെകുത്താന്‍ വിടില്ലെന്നറിയുന്നു ഞാന്‍
പടിയില്‍ നിന്നൊരിക്കല്‍ ഞാനിടിയേറ്റ പോലെ തെറ്റി-
പ്പിടിവിട്ടു ഹന്ത! താഴെപ്പതിക്കും വരെ –
Я знаю, черт не бросит
Стремительной доски,
Пока меня не скосит
Грозящий взмах руки,
കയറിന്റെയവസാനയിഴകളൊടുക്കം പൊട്ടി-
ച്ചിതറിയീപ്പടി നിലംപതിക്കും വരെ –
എന്റെ സ്വന്തം നാടു മേലോട്ടുയര്‍ന്നുവന്നൊരു നാളി-
ലെന്നെയവസാനമായിപ്പുണരും വരെ –
Пока не перетрется,
Крутяся, конопля,
Пока не подвернется
Ко мне моя земля.
അവസാനമിടിയേറ്റു മരത്തിനും മുകളിലേ-
ക്കുയരും ഞാന്‍, തലകുത്തി താഴേയ്ക്കു വീഴും
എങ്കിലും മുകളിലേക്കു തന്നെയെനിക്കേറെയിനി-
പ്പൊന്തണം – ഇനിയുമെന്നെയുന്തൂ പിശാചേ!-
Взлечу я выше ели,
И лбом о землю трах!
Качай же, черт, качели,
Все выше, выше… ах!