നിരീശ്വരവാദം എന്ന കാപട്യം

ഏതെങ്കിലും വിധത്തിലുള്ള ദൈവസങ്കല്പമില്ലാത്ത സമൂഹങ്ങൾ കുറയും. ലോകത്തു കാണുന്ന പല കാര്യങ്ങളുടെയും കാരണം മനസ്സിലാവാത്തപ്പോൾ എല്ലാത്തിനും ഒരു ഒറ്റമൂലി ഉത്തരം എന്ന നിലയ്ക്കാണു് ദൈവസങ്കല്പം പലയിടത്തും. ഇതിന്റെ പലതിന്റെയും കാരണം മനുഷ്യൻ കണ്ടുപിടിച്ചതിനു ശേഷം ദൈവത്തിന്റെ പ്രവർത്തനമണ്ഡലം ചെറുതായിട്ടുണ്ടു്. ഉദാഹരണമായി, വാക്സിനേഷനുകൾ കണ്ടുപിടിക്കുകയും മസൂരി (smallpox) എന്ന രോഗം ലോകത്തു നിന്നു് ഏതാണ്ടു തുടച്ചുമാറ്റുകയും ചെയ്തതിനു ശേഷം ഈ സംഭവം (ഇതിനെ “കുരിപ്പ്” എന്നു വിളിച്ചിരുന്നു) ലോകത്തു പരത്തുന്ന ജോലിയിൽ നിന്നു് ഭദ്രകാളിക്കു് (അതോ ദുർഗ്ഗയോ? ഇപ്പോഴും ഉത്തരേന്ത്യയിൽ ചിക്കൻ പോക്സിനെ വരെ “മാതാ” എന്നു വിളിക്കുന്നുണ്ടു്.) വിടുതൽ കിട്ടിയിട്ടുണ്ടു്. ഹിമാലയത്തിലെയും മറ്റും കൊടുമുടികളിൽ മനുഷ്യൻ കയറിയതിൽ പിന്നെ കൈലാസത്തിലും മാനസസരോവരത്തിലും മറ്റും ദൈവവാസം ഗണ്യമായി കുറഞ്ഞിട്ടുണ്ടു്. മേഘങ്ങളുടെ മുകളിലൂടെ പറക്കുന്ന വിമാനത്തിലിരുന്നു് മേഘം എന്താണെന്നു സ്വന്തം കണ്ണുകൾ കൊണ്ടു് കണ്ടതിൽപ്പിന്നെ മേഘത്തിന്റെ മുകളിലുള്ള സ്വർഗ്ഗത്തിൽ നിന്നു് മേഘങ്ങളുടെ മുകളിൽ കയറി സഞ്ചരിക്കുന്ന ദേവന്മാരും മുനിമാരും നീലാ സ്റ്റുഡിയോയുടെ സിനിമകളിൽ മാത്രമേ ഉള്ളൂ എന്നും മനുഷ്യനു ബോദ്ധ്യമായിട്ടുണ്ടു്. ഗ്രഹണങ്ങളുണ്ടാക്കുന്ന രാഹു, കേതു എന്ന അസുരന്മാരെപ്പോലെ മഴ പെയ്യിക്കുകയും ഇടി വെട്ടിക്കുകയും ചെയ്യുന്ന ഇന്ദ്രനെയും സ്യൂസിനെയും മറ്റും മനുഷ്യൻ തള്ളിക്കളഞ്ഞിരിക്കുന്നു.

ഇങ്ങനെയാണെങ്കിലും, ഈ സങ്കല്പങ്ങൾ നിന്നാൽ ബിസിനസ് മെച്ചപ്പെടുമെന്നു മനസ്സിലാക്കിയ കള്ളന്മാർ ചെറുപ്പത്തിൽ തന്നെ മനുഷ്യന്റെ മനസ്സിൽ അടിച്ചുകയറ്റിയ കപടവിശ്വാസങ്ങളെ ചൂഷണം ചെയ്തുകൊണ്ടു് അക്ഷയതൃതീയയിലൂടെയും പുത്രകാമേഷ്ടിയാഗത്തിലൂടെയും മഹാസുദർശനഹോമത്തിലൂടെയും രോഗശുശ്രൂഷായോഗങ്ങളിലൂടെയും ധ്യാനകേന്ദ്രങ്ങളിലൂടെയും ജപിച്ചു ചൊല്ലലിലൂടെയും മന്ത്രവാദത്തിലൂടെയും ലോകാവസാനഭീഷണിയിലൂടെയും മറ്റും മനുഷ്യരെ കബളിപ്പിച്ചുകൊണ്ടു കീശ വീർപ്പിക്കുന്നു. പുരോഹിതവർഗ്ഗം മുതൽ നാട്ടുജ്യോത്സ്യന്മാർ വരെയും സീരിയൽ കില്ലേഴ്സ് മുതൽ കവലസുവിശേഷകർ വരെയുമുള്ള ഒരു വലിയ ജനവിഭാഗം തങ്ങളുടെ കാപട്യത്തിനു സമാധാനം വിളമ്പുന്നതു്, ഉണ്ടെന്നുള്ളതിനു് ആർക്കും തെളിവു കാണിക്കാൻ പറ്റിയിട്ടില്ലാത്ത അഭൗമശക്തികളുടെ പേരുപറഞ്ഞു് മനുഷ്യനെ ഭയപ്പെടുത്തിയാണു്.

വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിർവരമ്പു് വ്യക്തമായി നിർവ്വചിച്ചിട്ടില്ല. താൻ അന്ധവിശ്വാസിയല്ല എന്നു് അഭിമാനിക്കുന്നവരാണു ഭൂരിപക്ഷവും. പക്ഷേ, അന്ധവിശ്വാസം എവിടെത്തുടങ്ങുന്നു എന്ന കാര്യത്തിൽ ഓരോരുത്തർക്കും അവനവന്റെ നിർവ്വചനമുണ്ടു്. ഇവരിൽ നല്ല ഒരു പങ്ക് താൻ യുക്തിവാദിയും നിരീശ്വരവാദിയും ആണെന്നു് അഭിമാനിക്കുന്നവരാണു്. വലിയ താടിയും തടവി സ്വർഗ്ഗത്തിൽ ഇരുന്നു് ലോകത്തെ നിയന്ത്രിക്കുന്ന മനുഷനെപ്പോലെയുള്ള ഒരു ദൈവം ഇല്ല എന്ന അഭിപ്രായക്കാരാണു് അവർ. എങ്കിലും, ഈ പ്രപഞ്ചം ഈ രീതിയിൽ നിന്നു പോകാൻ വളരെ ബുദ്ധിയുള്ള ഒരു സ്രഷ്ടാവും നടത്തിക്കൊണ്ടു പോകാൻ വളരെ കഴിവുള്ള ഒരു നിയന്ത്രകനും ആയ ഒരു ശക്തി ഉണ്ടു് എന്ന വിശ്വാസം ഈ നിരീശ്വരവാദികൾക്കു പലർക്കും ഉണ്ടെന്നതാണു സത്യം. ചിലർ ഒരു പടി കൂടെ കടന്നു് “എന്തായാലും അങ്ങനെ ഒരു ശക്തി ഉണ്ടു്. അതിനെ നിങ്ങൾ വേണമെങ്കിൽ പ്രകൃതി എന്നു വിളിച്ചുകൊള്ളൂ. ഞാൻ അതിനെ ദൈവം എന്നു വിളിക്കും” എന്നു വരെ പറഞ്ഞുകളയും.

ഇത്തരം യുക്തിവാദത്തിനും കടുത്ത ഈശ്വരവിശ്വാസത്തിനും തമ്മിൽ കാര്യമായ വ്യത്യാസമില്ല. അന്ധവിശ്വാസത്തെ വിശ്വാസത്തിൽ നിന്നു വേർതിരിക്കുന്ന അതിർവരമ്പു് അല്പം കൂടി നീങ്ങി എന്നു മാത്രമേ ഉള്ളൂ. അതിർവരമ്പിന്റെ ഈ നീക്കവും യുക്തിയിൽ നിന്നുണ്ടായതല്ല. ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടിത്തങ്ങൾ മൂലം ഒരു കാലത്തു സത്യമാണെന്നു കരുതിയിരുന്ന വിശ്വാസങ്ങൾ പിന്നീടു് നിവൃത്തിയില്ലാതെ അന്ധവിശ്വാസമാകേണ്ടി വന്നതാണു്. മാത്രമല്ല, ഇസ്ലാം മതത്തിലെ അമൂർത്തമായ അല്ലാഹുവിനും ഹിന്ദുമതത്തിലെ പരബ്രഹ്മത്തിനും ഏതാണ്ടു് ഈ ഘടനയാണു് – ഞങ്ങൾ ദൈവമെന്നും നിങ്ങൾ പ്രകൃതിയെന്നും വിളിക്കുന്ന, എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ശക്തി. ഇങ്ങനെ ഉള്ള ആ ശക്തി ലോകത്തിന്റെ ഗുണത്തിനു വേണ്ടിയല്ല നിലകൊണ്ടിട്ടുള്ളതെന്നു് ലോകചരിത്രം പരിശോധിച്ചാൽ അറിയാം. തിന്മകളുടെ വിളയാട്ടവും വിജയവും ലോകത്തു് എന്നുമുണ്ടായിട്ടുണ്ടു്. തിന്മയുടെ വിളയാട്ടം ഒരു പരിധി വരെ നിയന്ത്രിക്കാൻ നിയമപാലകർക്കും കോടതിക്കും മറ്റും മാത്രമേ കഴിഞ്ഞിട്ടുമുള്ളൂ.


പുരാണകഥകളുടെയും മറ്റും കാലം ഏറെക്കുറെ കഴിഞ്ഞെങ്കിലും, ഇന്ത്യയിലെ സിനിമകളിൽ വിശ്വാസം ഒരു പ്രധാനഘടകമാണു്. സിനിമ നിർമ്മിക്കുന്നതിന്റെ അടിസ്ഥാനലക്ഷ്യം ലാഭമുണ്ടാക്കുക എന്നതായതിനാൽ ഭൂരിപക്ഷത്തിനു രുചിക്കുന്ന തത്ത്വങ്ങൾ കൂട്ടിവിളക്കി കഥയെഴുതുക എന്ന ബിസിനസ് തന്ത്രം തന്നെയാണു് ഇവിടെയും. നന്മ ചെയ്യുന്നവരും അവസാനം നല്ലതു വരുന്നവരും ഈശ്വരവിശ്വാസികളായിരിക്കും. വില്ലന്മാർ എല്ലാം നാസ്തികരും. ഇനി വല്ല സന്ന്യാസിയോ മറ്റോ വില്ലനായാൽ അവസാനം അയാൾ ഒരു കള്ളസന്ന്യാസിയായിരുന്നു എന്നു വരുത്തിത്തീർക്കും. സന്ന്യാസിമാർ, അച്ചന്മാർ, മൊല്ലാക്കമാർ തുടങ്ങിയവരെ പരിഹസിക്കുന്ന സിനിമകൾ പലതും ഉണ്ടെങ്കിലും കാതലായ ഈശ്വരവിശ്വാസത്തെ ചോദ്യം ചെയ്യുന്ന സിനിമകൾ കുറവാണു്. രാശി നോക്കി പൂജ ചെയ്തിട്ടാണല്ലോ സിനിമയെടുക്കാൻ തുടങ്ങുന്നതു്, പിന്നെ അതിനെതിരെ പറയാൻ പറ്റുമോ?

1978-ൽ റിലീസ് ചെയ്ത “രാജു റഹീം” എന്ന സിനിമയിൽ പ്രേം നസീർ അവതരിപ്പിച്ച കഥാപാത്രം നിരീശ്വരവാദിയായിരുന്നു. പകൽ ശാന്തനും സത്സ്വഭാവിയും ആയ രാജു; രാത്രി പണക്കാരെ കൊള്ളയടിച്ചു് അതു പാവപ്പെട്ടവർക്കു വിതരണം ചെയ്യുന്ന ടൈഗർ. രാജുവിന്റെ ജൈത്രയാത്രയ്ക്കു വിഘാതമായി കെ. പി. ഉമ്മർ അവതരിപ്പിക്കുന്ന റഹീം എത്തുന്നു. റഹീം കടുത്ത ഈശ്വരവിശ്വാസിയാണു്. പിന്നെ രാജുവും റഹീമും തമ്മിൽ കടുത്ത വാദപ്രതിവാദങ്ങൾ നടക്കുന്നു. എല്ലാത്തിലും നിരീശ്വരവാദിയായ രാജു ജയിക്കുന്നു. റഹീമിനു പലതിനും ഉത്തരമില്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കിലും രാജുവും റഹീമും ചേർന്നു് വില്ലന്മാരെ ഒതുക്കാൻ നടക്കുന്നു. (വില്ലന്മാർ ഒന്നൊഴിയാതെ അവിശ്വാസികളാണെന്നു പറയേണ്ടല്ലോ.) സിനിമ കാണുന്ന യുക്തിവാദികൾ രാജുവിന്റെ വിജയം കണ്ടു കോരിത്തരിക്കുന്നു. ഇന്റർവെല്ലിനു ശേഷം തന്റെ അച്ഛനെ മരണത്തിൽ നിന്നു രക്ഷിക്കാൻ (റഹീമിന്റെ അച്ഛനെ കൊന്നതു് വില്ലനായ ജി. കെ. പിള്ളയാണു്. അതു് രാജുവിന്റെ അച്ഛനാണെന്നാണു് എല്ലാവരുടെയും വിചാരം. അയാൾ ജീവപര്യന്തം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന ദിവസം റഹീം അയാളെ കൊല്ലാൻ പോകുന്നു. പുറകേ പോകുന്ന രാജു വണ്ടി ബ്രേയ്ക്ക്ഡൗണായോ മറ്റോ ഒരു അമ്പലത്തിനടുത്തു സ്റ്റക്കാവുന്നു. ഇതാണു പശ്ചാത്തലം.) ഒരു വഴിയും കാണാതെ രാജു അടുത്തുള്ള അമ്പലത്തിൽ കയറി പ്രാർത്ഥിക്കുന്നു. പ്രാർത്ഥന ദൈവം കേട്ടിട്ടെന്നോണം, റഹീമിനു കൊല്ലാൻ കഴിയുന്നതിനു മുമ്പേ രാജുവിന്റെ അച്ഛനെ വില്ലന്മാർ പിടിച്ചു കൊണ്ടു പോകുന്നു. രാജു പിന്നെ വില്ലന്മാരുടെ സങ്കേതത്തിൽ പോയി അവിടെ വന്ന റഹീമിന്റെ മനസ്സു മാറ്റി വില്ലന്മാരെ അടിച്ചു മലർത്തി പോലീസിനു കൊടുത്തു് അച്ഛനെ രക്ഷപ്പെടുത്തി തിരിച്ചു വരുന്നു. സിനിമയുടെ അവസാനത്തിൽ റഹീമിനെക്കാൾ വലിയ ഈശ്വരവിശ്വാസിയായി രാജു മാറുമ്പോൾ അതിലുണ്ടായിരുന്ന ഒരേയൊരു പൊരുത്തക്കേടു് (നല്ലവനും അവസാനം നല്ലതു വരുന്നവനുമായ നിരീശ്വരവാദി) ഒഴിവായി “ശുഭം” എന്നു് എഴുതിക്കാണിച്ചു് അതു് അവസാനിക്കുന്നു. അല്ലെങ്കിൽ സിനിമ കാണാൻ ഭൂരിപക്ഷം ആളുകളും വരില്ല എന്നു് സിനിമ എടുത്തവർക്കറിയാം. മാത്രമല്ല, നിരീശ്വരവാദി വിശ്വാസിയാവുന്നതിനു് എഫക്റ്റു കൂടും. വിശ്വാസിയായാലേ നല്ലതു വരൂ എന്നതിനു് ഒരു ഉദാഹരണം കൂടിയാവും. ആദ്യപകുതിയിലെ നിരീശ്വരവാദപ്രസംഗം (കഥയിൽ ഇതിനു വലിയ പ്രാധാന്യമൊന്നുമില്ല) ഈ എഫക്റ്റു കൂട്ടാൻ വേണ്ടി മാത്രമാണെന്നു ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാവും.

ഇത്തരം വിശ്വാസപ്രചരണങ്ങൾ ചേർത്താൽ വിശ്വാസികൾ വന്നുകൊള്ളും എന്നതിനൊപ്പം, ഇതുള്ളതു കൊണ്ടു് അവിശ്വാസികൾ വരാതിരിക്കില്ല എന്നും സിനിമക്കാരനറിയാം. കാരണം, അവിശ്വാസികളിൽ ഒരു നല്ല പങ്കു് മുൻപേ പറഞ്ഞ പ്രകൃത്യതീതശക്തിയിൽ വിശ്വസിക്കുന്നവരാണു്. ഇനി അല്ലാത്തവരിൽ ഒരു നല്ല പങ്കാകട്ടേ, ഈ വക കാര്യങ്ങൾ സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണു്, അതിനാൽ ഒരു സമൂഹജീവിയെന്ന നിലയ്ക്കു് അവയ്ക്കൊപ്പം പോകുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല എന്നു ചിന്തിക്കുന്നവരും. താൻ വിശ്വാസിയല്ലെങ്കിലും, വിശ്വാസിയായ ഭാര്യയുടെ സന്തോഷത്തിനായി ശയനപ്രദക്ഷിണം നടത്തുകയും കഴുത്തിലും അരയിലും ജപിച്ച തകിടു കെട്ടുകയും ചെയ്യുകയും, എന്നാൽ ഇതിലൊന്നും ഒരു കാര്യവുമില്ലെന്നു് ഉറച്ചു വിശ്വസിക്കുകയും, എന്നാൽ എന്തെങ്കിലും ഗുണമുണ്ടാകുകയാണെങ്കിൽ ഭാര്യയുടെ ചെലവിൽ അതുണ്ടായ്ക്കോട്ടേ എന്നു നിഗൂഢമായി ചിന്തിക്കുകയും ചെയ്യുന്ന യുക്തിവാദികൾ. മേൽപ്പറഞ്ഞ സിനിമ ഒരു നല്ല ഫിക്്ഷൻ എന്ന രീതിയിൽ കണ്ടു് ആസ്വദിക്കാൻ അവർക്കു് യാതൊരു ബുദ്ധിമുട്ടുമില്ല.


Paithrukamമലയാളത്തിൽ ഏറ്റവുമധികം യുക്തിവാദം പ്രസംഗിക്കുന്നതു് “പൈതൃകം” എന്ന സിനിമയിലാണു്. അതിൽ സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രത്തിന്റെ വായിൽ റിച്ചാർഡ് ഡോക്കിൻസ് ആയുഷ്കാലം പറഞ്ഞതിൽ കൂടുതൽ യുക്തിവാദം ആദ്യത്തെ രണ്ടു മണിക്കൂറിനുള്ളിൽ തിരുകിക്കയറ്റിയിട്ടുണ്ടു്. സുരേഷ് ഗോപിയും ഭാര്യ ഗീതയും ഒടുക്കത്തെ യുക്തിവാദികളാണു്. രാഹുകാലത്തിൽ ഇടത്തുകാൽ ചവിട്ടിയേ ഒരു വീട്ടിൽ ആദ്യം കയറൂ. അമ്പലം, സന്ന്യാസിമാർ, യാഗം, പൂജ തുടങ്ങിയ സകലമാനസംഭവങ്ങളെയും വിമർശിക്കും. അയാളുടെ അച്ഛൻ നരേന്ദ്രപ്രസാദ് പൂജയും ഹോമവും മന്ത്രവാദവുമൊക്കെ ചെയ്യുന്ന ആളാണു്. പരമസാത്വികനെന്നു പറഞ്ഞാൽ പരമസാത്വികൻ. മകൻ അച്ഛനെ പലയിടത്തും അവഹേളിക്കുന്നു. അച്ഛൻ തികച്ചും ശാന്തൻ. “നിന്റെ മകൻ യുക്തിവാദിയാകണമെന്നു് നിനക്കെന്തിനു നിർബന്ധം? എന്റെ മകൻ വിശ്വാസിയാകണമെന്നു് ഞാൻ നിർബന്ധിച്ചില്ലല്ലോ..” എന്നു തികച്ചും നിഷ്കളങ്കവും നിരുപദ്രവകാരിയുമായ താരതമ്യം നിരത്തുന്ന മഹാമനസ്കൻ. (ഇതിനോടു സാദൃശ്യമുള്ള ഒരു താരതമ്യം ഈയിടെ ഒരു ഐ. ഐ. റ്റി. യിലെ ഒരു പ്രൊഫസർ പറഞ്ഞതായി കേട്ടു. “നമ്മൾ എല്ലാ സയൻസും റിസർച്ചു ചെയ്യണം. ജ്യോതിഷവും മന്ത്രവാദവും ശിവലിംഗത്തിൽ നിന്നു വരുന്ന മാഗ്നറ്റിക് രശ്മികളുമൊക്കെ ഗവേഷണവിഷയമാക്കണം, ഫിസിക്സിലും കെമിസ്ട്രിയിലുമൊക്കെ ഗവേഷണം ചെയ്യുന്നതു പോലെ…”. എത്ര നിഷ്കളങ്കവും ന്യായയുക്തവുമായ താരതമ്യം, അല്ലേ?) സിനിമ തീരുന്നതിനു് അര മണിക്കൂർ മുമ്പു് എന്തോ നിമിത്തങ്ങളൊക്കെ കണ്ടു് ഗീത വിശ്വാസിയാകുന്നു. പത്തു മിനിറ്റു മുമ്പു് നരേന്ദ്രപ്രസാദിന്റെ പൂജ കഴിഞ്ഞപ്പോൾ മഴ പെയ്തതു കണ്ടു് സുരേഷ് ഗോപിയും. വിശ്വാസിയായെന്നു മാത്രമല്ല, കക്ഷി പിന്നെ പൂജയും മന്ത്രവാദവുമൊക്കെ തുടങ്ങുകയാണു്. സിനിമയുടെ അവസാനം “ശുഭം” എന്നെഴുതിക്കാണിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ?

വീഴ്ചയുടെ ആഘാതം ഏറ്റവും ഉണ്ടാവണമെങ്കിൽ ഏറ്റവും ഉയരത്തിൽ കൊണ്ടു പോയിട്ടു വേണം താഴെയിടാൻ എന്ന തത്ത്വം അനുസരിച്ചാണു് സുരേഷ് ഗോപിയുടെ കഥാപാത്രത്തെക്കൊണ്ടു് ഒരു സാധാരണ യുക്തിവാദി ചെയ്യുന്നതിൽ കൂടുതൽ ആക്ടിവിസം സിനിമയിൽ കാണിക്കുന്നതു്. അത്രയ്ക്കു് അവിശ്വാസിയായിരുന്ന ഒരാളിനെപ്പോലും യുക്തിയുക്തമായി വിശ്വാസിയാക്കാൻ കഴിഞ്ഞു എന്നതാണു് സിനിമയുടെ വിജയം. ആദ്യന്തം അന്ധവിശ്വാസം നിറഞ്ഞു നിൽക്കുന്ന “കൃഷ്ണപ്പരുന്ത്” പോലെയുള്ള സിനിമകളെക്കാൾ ആപത്കരമാണു് മുക്കാൽ ഭാഗവും യുക്തിവാദം മുഴങ്ങുന്ന പൈതൃകം.


Sadanadante samayamഇനി, ദിലീപ് പ്രധാന വേഷത്തിൽ അഭിനയിച്ച “സദാനന്ദന്റെ സമയം” എന്ന സിനിമയെടുക്കാം. അന്ധവിശ്വാസിയായ നായകൻ അവസാനം തന്റെ തെറ്റു മനസ്സിലാക്കി ജ്യോതിഷത്തിലുള്ള വിശ്വാസം കളയുന്നതാണു കഥ. ഇത്രയും പുരോഗമനപരവും സോദ്ദേശ്യവുമായ ഒരു സിനിമ മലയാളത്തിലുണ്ടോ? അന്ധവിശ്വാസം ചൂഴ്ന്നിറങ്ങിയ മലയാളിയുടെ മനസ്സിലേക്കു് യുക്തിചിന്തയുടെ രജതരേഖ ഷോക്കടിച്ചു കയറ്റിയ മഹത്തായ ചിത്രമല്ലേ അതു്?

സൂക്ഷിച്ചു നോക്കിയാൽ, നേരെ മറിച്ചാണു സത്യം എന്നു മനസ്സിലാവും. രാജു റഹീമിനെക്കാളും പൈതൃകത്തെക്കാളും വിദഗ്ദ്ധമായാണു് ഇതിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതു് എന്നു മാത്രം. ഇതിൽ ജ്യോത്സ്യം തെറ്റാണെന്നു പറഞ്ഞിട്ടില്ല. ജ്യോത്സ്യത്തിനായി സദാനന്ദൻ സമീപിക്കുന്നതു് കള്ളജ്യോത്സ്യനായ ജഗതിയുടെ അടുത്താണു്. ജഗതി കള്ളനാണെന്നു സിനിമയിൽ വ്യക്തമായി കാണിക്കുന്നുണ്ടു്. അപ്പോൾ സദാനന്ദനു പറ്റിയ തെറ്റു് ജ്യോത്സ്യത്തിൽ വിശ്വസിച്ചതല്ല, കള്ളനായ ജ്യോത്സ്യന്റെ അടുത്തു പോയതാണു്. മാത്രമല്ല, ജ്യോത്സ്യം ശരിയാണു് എന്നതിനു പല തെളിവുകളും സിനിമ തരുന്നുണ്ടു്. ഉദാഹരണമായി, സദാനന്ദന്റെ പെങ്ങളുടെ (ബിന്ദു പണിക്കർ അവതരിപ്പിച്ച കഥാപാത്രം) മകളുടെ കല്യാണം അപശകുനം കണ്ടതിനെത്തുടർന്നു് സദാനന്ദൻ വിലക്കുന്നുണ്ടു്. അതു കണക്കാക്കാതെ ആ കല്യാണം നടത്തുകയും അതു പിന്നെ പരാജയമാവുകയും ചെയ്യുമ്പോൾ “അന്നു സദാനന്ദൻ പറഞ്ഞതു കേട്ടാൻ മതിയായിരുന്നു” എന്നു പെങ്ങൾ വിലപിക്കുന്നുണ്ടു്. ചേട്ടന്റെ നക്ഷത്രഫലം അനുസരിച്ചു് വാഹനത്തിൽ സഞ്ചരിക്കരുതു് എന്നു സദാനന്ദൻ പറയുമ്പോൾ “സാരമില്ല, അതിനുള്ള പ്രതിവിധിയായി ഞാൻ പൂജ (അതോ വഴിപാടോ? ഓർമ്മയില്ല) ചെയ്തിട്ടുണ്ടു്” എന്നു കൂടി പറയിക്കുന്നുണ്ടു്. അല്ലാതെ, പ്രതിവിധി ചെയ്യാതെ ഫലം മാത്രം പറഞ്ഞതു് അവഗണിച്ചിട്ടു പോയിട്ടും ചേട്ടനു് അപകടമൊന്നും സംഭവിച്ചില്ല എന്നു കാണിക്കാനുള്ള ആർജ്ജവം പുരോഗമനവാദിയായ തിരക്കഥാകൃത്തിനില്ല. ചേട്ടനു് അപകടം സംഭവിക്കാഞ്ഞതു് പൂജയുടെ ശക്തി കൊണ്ടാണു് എന്നു് കാണുന്നവൻ ധരിച്ചുകൊള്ളണം.

ഈ സിനിമയിൽ തെറ്റെന്നു തെളിയിക്കുന്നതു് ഒരു ജ്യോതിഷവിശ്വാസിക്കു് വിരോധമില്ലാത്ത വസ്തുതകളാണു്. ഒന്നാമതായി, കള്ളജ്യോത്സ്യന്റെ അടുത്തു പോയതു്. കള്ളന്മാരായ ജ്യോത്സ്യന്മാരെക്കൊണ്ടും സന്ന്യാസിമാരെക്കൊണ്ടും ശരിക്കുള്ള ആളുകളെയും ആർക്കും വിശ്വാസമില്ലാതായി എന്നാണല്ലോ പൊതുവായ പരാതി. രണ്ടാമതായി, സദാനന്ദൻ അവസാനത്തിൽ ഒഴിവാക്കുന്നതു് ജ്യോതിഷമോ ഈശ്വരവിശ്വാസമോ അല്ല, ശകുനം നോക്കൽ മാത്രമാണു്. ശകുനം നോക്കലാകട്ടേ, മലയാളിയുടെ മാറിയ അതിർവരമ്പുകളുടെ ഭാഗമായി അന്ധവിശ്വാസമായി മാറിയ ഒരു കാര്യമാണു്. ആരും ഇപ്പോൾ “വേശ്യാസ്ത്രീ, തയിർ, തേൻ, കരിമ്പു ഗജവും…” എന്നൊക്കെ പറഞ്ഞു ശകുനം നോക്കാറില്ല. അപ്പോൾ, സദാനന്ദന്റെ അവസാനത്തിലെ മനംമാറ്റം ആരെയും നോവിക്കുന്നില്ല; മറിച്ചു്, കാലാനുസൃതമായി പരിഷ്കരിച്ച അന്ധവിശ്വാസത്തിലേക്കു് പഴഞ്ചനായ സദാനന്ദനെ ഉദ്ധരിക്കുക മാത്രമാണു ചെയ്യുന്നതു്.

യുക്തിവാദത്തെ പിന്തുണയ്ക്കാൻ ഇന്ത്യൻ സിനിമയ്ക്കു് ഇന്നും ബുദ്ധിമുട്ടാണു് എന്നു സാരം. ഹിന്ദിയിലാകട്ടേ, അതും കഴിഞ്ഞു് പുനർജന്മവും (ഓം ശാന്തി ഓം) പ്രേതം വരലും മറ്റും സാധാരണ കഥകളിൽ മിക്സു ചെയ്തു കാണിക്കുന്നു. മലയാളത്തെക്കാൾ ബുദ്ധിമുട്ടാണു് അവിടെ അന്ധവിശ്വാസത്തിൽ നിന്നു മുക്തമാകാൻ.


OMG!അങ്ങനെയുള്ള ഹിന്ദിസിനിമയിലാണു് ഇപ്പോൾ ഒരു വിപ്ലവം സംഭവിച്ചിരിക്കുന്നതു്. സിനിമയുടെ പേരു് “OMG: Oh my God!”. ഹിന്ദിസിനിമയിൽ ആദ്യമായി യുക്തിവാദവും നിരീശ്വരവാദവും പ്രധാന തീം ആയി ഒരു സിനിമ. Very daring. ഈശ്വരവിശ്വാസികൾ ഇതിനെതിരേ രംഗത്തെത്തിക്കഴിഞ്ഞു. മുസ്ലീങ്ങൾക്കെതിരെയുള്ള പരാമർശങ്ങൾ മൂലം യു. എ. ഇ. -യിൽ ഈ സിനിമ നിരോധിച്ചു. ഇതിൽ മിഥുൻ ചക്രവർത്തി അവതരിപ്പിച്ച സന്ന്യാസികഥാപാത്രത്തെ ശ്രീ ശ്രീ രവിശങ്കറിനെ അപഹസിക്കാൻ ഉണ്ടാക്കിയതാണു് എന്നു പറഞ്ഞു് അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ രോഷാകുലരായി. ഹിന്ദുവികാരങ്ങൾ വ്രണപ്പെടുത്തി എന്നു പറഞ്ഞു് ആ സിനിമയിലെ രണ്ടു നടന്മാർക്കെതിരേ (അതിലൊന്നു് സാക്ഷാൽ ശ്രീകൃഷ്ണനായി അഭിനയിച്ച അക്ഷയ് കുമാറിനു് എതിരേയാണു്!) കേസ്. Wow! This must be a must-see for atheists!

ഈ ബഹളങ്ങളൊക്കെ സിനിമയുടെ പ്രചരണത്തിനായി കെട്ടിപ്പടച്ചതാണോ എന്നു് എനിക്കറിയില്ല. ഒരു പക്ഷേ ആയിരിക്കാം. കാരണം, ഈ സിനിമയിൽ മതവികാരം വ്രണപ്പെടാൻ കാര്യമായി ഒന്നും തന്നെയില്ല എന്നതാണു സത്യം.

മൂന്നു ഹിന്ദുമതാചാര്യന്മാർക്കെതിരേ കേസു കൊടുക്കുന്നതാണു പ്രമേയം. (ഒരു പള്ളീലച്ചനും മൊല്ലാക്കയുമൊക്കെ ഒരു സീനിൽ വരുന്നുണ്ടു്. പക്ഷേ, അവർക്കു കാര്യമായ റോളൊന്നുമില്ല.) പക്ഷേ, ഈ മൂന്നു പേരെയും സാത്വികരായല്ല ചിത്രീകരിച്ചിരിക്കുന്നതു്. (ഇതിൽ സാത്വികനായി ഒരു സന്ന്യാസിയുണ്ടു്. അദ്ദേഹം നായകനെ പിന്തുണയ്ക്കുന്നതായാണു കാണിച്ചിരിക്കുന്നതു്. ) തീറ്റ മാത്രം പ്രിയമായ, പെട്ടെന്നു ദേഷ്യം വരുന്ന ഒരു പൂജാരി മഹാരാജ്, സ്ത്രൈണമോ നാപുംസകമോ എന്നു തിരിച്ചറിയാത്ത ചേഷ്ടകളോടെ നടക്കുന്ന കള്ളനായ ഒരു ആൾദൈവം, ലിപ്‌സ്റ്റിക്കും ആടയാഭരണങ്ങളും അണിഞ്ഞു് അതീവസെക്സിയായി നടക്കുന്ന ഒരു സന്ന്യാസിനി എന്നിവരാണു് ഇവർ. ഇവർ മൂന്നും സദാനന്ദന്റെ സമയത്തിലെ ജഗതിയെപ്പോലെ പരമഫ്രോഡുകളാണെന്നു് ആദ്യം തന്നെ മനസ്സിലാവും. ഇവരാണു് നായകന്റെ മുന്നിൽ തോൽക്കുന്ന മൂന്നു പേർ. “ഇങ്ങനെയുള്ള ചില ഫ്രോഡുകൾ സമൂഹത്തിലുണ്ടു്, അവർക്കു് ഇങ്ങനെ തന്നെ വരണം. എന്നാലേ യഥാർത്ഥ സന്ന്യാസികളെയും ആചാര്യന്മാരെയും ആളുകൾക്കു മനസ്സിലാവുകയും ഈശ്വരവിശ്വാസം വർദ്ധിക്കുകയും ഉള്ളൂ…” എന്നേ ഏതു വിശ്വാസിക്കും തോന്നൂ.

ദോഷം പറയരുതല്ലോ, പരേഷ് റാവൽ അവതരിപ്പിക്കുന്ന നായകകഥാപാത്രം എല്ലാ അന്ധവിശ്വാസങ്ങളെയും എതിർക്കുന്നുണ്ടു്. പാലു കുടിക്കുന്ന ശിവലിംഗം (യഥാർത്ഥത്തിൽ സംഭവിച്ചതു പാലു കുടിക്കുന്ന ഗണപതിയായിരുന്നു. അതു തന്നെ കാണിച്ചാൽ മതവികാരം വ്രണപ്പെടുമോ എന്നു കരുതിയായിരിക്കും അങ്ങനെയാക്കിയതു്!) എന്ന പേരിൽ മനുഷ്യരെ പറ്റിച്ചു് ഒഴിക്കുന്ന പാൽ ഒരു ഓവിലൂടെ ഒഴുക്കിക്കളയുന്ന കള്ളത്തരത്തെപ്പറ്റി പറയുന്നുണ്ടു്. കൃഷ്ണവിഗ്രഹം വെണ്ണ തിന്നുന്നു എന്ന പ്രചാരണം ഒരു ഉത്സവം കലക്കാൻ ഒരു നിരീശ്വരവാദി നടത്തിയ ശ്രമത്തിന്റെ ഫലമാണെന്നും പറയുന്നുണ്ടു്. ഭക്തജനത്തിന്റെ മുറിച്ച തലമുടി അമേരിക്കയിലേക്കും മറ്റും കയറ്റിയയ്ക്കുന്ന ബിസിനസ്സിനെപ്പറ്റിയും ക്ഷേത്രങ്ങളിൽ ഇടുന്ന കാണിക്കപ്പണം അധികാരികൾ ധൂർത്തടിക്കുന്നതിനെപ്പറ്റിയും പറയുന്നുണ്ടു്. ഗംഗാജലം എന്ന പേരിൽ പൈപ്പുവെള്ളവും ഏതോ അമ്പലത്തിലെ അമൂല്യവിഗ്രഹം ഒരു സിദ്ധൻ തന്നെന്നു പറഞ്ഞു് വിലയില്ലാത്ത ഒരെണ്ണം ഒരാളെ പിടിച്ചേൽപ്പിച്ചു് അയാളുടെ സ്വർണ്ണമാലയും മറ്റും അടിച്ചുമാറ്റുന്ന നിരീശ്വരവാദിയെ കാണിക്കുന്നുമുണ്ടു്. ഇവിടെയൊക്കെ പ്രതി ബുദ്ധിയില്ലാത്ത പൊതുജനമാണു്. ഇവയിൽ പലതും വിശ്വാസികൾ തന്നെ എതിർക്കുന്ന കാര്യങ്ങളാണു താനും. അഭൗമശക്തിയിൽ വിശ്വസിക്കുന്ന യുക്തിവാദികളുടെ കാര്യം പറയാനുമില്ല.

യുക്തിവാദിക്കു സ്വാഭാവികമായും വിശ്വാസികളുടെ എതിർപ്പുണ്ടാവും. അവർ അയാളെ കൊല്ലാൻ നോക്കുന്നു. അപ്പോൾ രക്ഷയ്ക്കെത്തുന്നതാരാണെന്നറിയണ്ടേ? സാക്ഷാൽ ശ്രീകൃഷ്ണൻ! യേശുവും അള്ളായും ഒക്കെ താനാണെന്നു പറയുന്നുണ്ടെങ്കിലും, ഫ്രിഡ്ജിൽ നിന്നു വെണ്ണ കട്ടു തിന്നുകയും, ഓടക്കുഴൽ വായിക്കുകയും മയിൽപ്പീലി കൊണ്ടുനടക്കുകയും, കീചെയിൻ കയ്യിൽ സുദർശനചക്രം പോലെ കറക്കുകയും ചെയ്തു് കൃഷ്ണനായിത്തന്നെയാണു് അക്ഷയ് കുമാർ അവതരിപ്പിക്കുന്ന ഈ കഥാപാത്രം ജീവിക്കുന്നതു്. (“വാസുദേവ് കൃഷ്ണ് യാദവ്” എന്നോ മറ്റോ ആണു പേരും.) തരക്കേടില്ലാത്ത പല അദ്ഭുതങ്ങളും (വലിയ കെട്ടിടങ്ങളുടെ മുകളിൽ നിന്നു മോട്ടോർ സൈക്കിൾ ചാടിക്കുക, കൈ ഞൊടിച്ചു ലൈറ്റു കത്തിക്കുകയും കെടുത്തുകയും ചെയ്യുക, തളർന്ന ശരീരം തൊട്ടു സുഖപ്പെടുത്തുക തുടങ്ങി) കാണിക്കുന്നുമുണ്ടു്. അവസാനത്തിൽ നാലു കൈകളോടും കൂടിയുള്ള വിശ്വരൂപവും കാണിക്കുന്നു. (എന്നിട്ടു്, “ഇതൊന്നുമല്ല ഞാൻ. ഇതു നിങ്ങൾ സിനിമയിൽ കാണുന്ന രൂപം. ഞാൻ എല്ലായിടത്തും ഉണ്ടു്” എന്നൊരു ഡയലോഗും.) അതോടെ നമ്മുടെ നിരീശ്വരവാദി ക്ലൈമാക്സിൽ അപാരദൈവവിശ്വാസിയായി (ഈ ദൈവവിശ്വാസം എന്നു വെച്ചാൽ നിങ്ങൾ കരുതുന്നതു പോലെ വിഗ്രഹാരാധനയും പൂജയും ഒന്നുമല്ല. മാത്രമല്ല, ഇദ്ദേഹം പിന്നെ വിഗ്രഹങ്ങളൊക്കെ തച്ചുടയ്ക്കുകയും ചെയ്യുന്നുണ്ടു്.) തീരുകയും “യഥാർത്ഥ” ദൈവത്തെ മനസ്സിലാക്കുകയും ചെയ്യുന്നു. അതിനു മുമ്പു തന്നെ ഭഗവാൻ നായകനു ഭഗവദ്‌ഗീതയും ബൈബിളും ഖുറാനും വായിക്കാൻ കൊടുക്കുന്നുണ്ടു്. “ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉത്തരം ഇവയിലുണ്ടു്” എന്നു പറയുകയും ചെയ്യുന്നു. ബെസ്റ്റ് യുക്തിവാദം!

മാത്രമല്ല, നായകൻ ദൈവദോഷം പറയുകയും മഹാരാജ് പൂജാരി അയാളെ ശപിക്കുകയും ചെയ്യുന്ന ദിവസം രാത്രിയിൽ ഒരു ഭൂകമ്പം ഉണ്ടായി നായകന്റെ കട മാത്രം നശിക്കുന്നുണ്ടു്. അതുപോലെ കോടതിയിൽ ആൾദൈവത്തിനെതിരേ ശബ്ദമുയർത്തുന്ന സമയത്തു് തളർന്നു വീണു കോമയിലാവുകയും ചെയ്യുന്നുണ്ടു്. (“ഹൃദയത്തിൽ നിന്നു് നീ ദൈവത്തെ ചീത്ത വിളിച്ചില്ലേ? ആ ഹൃദയം കിടക്കുന്ന ഇടത്തുവശം അങ്ങനെ തളർന്നു…” എന്നു് പിന്നീടു വാസുദേവ് കൃഷ്ണ് യാദവ് പറയുന്നുണ്ടു്. തന്റെ ചക്രം/മയിൽപ്പീലി തൊട്ടു് അതു സുഖപ്പെടുത്തുകയും ചെയ്യുന്നുണ്ടു്.) ദൈവദോഷം പറഞ്ഞാൽ ഉടനെ നാശമുണ്ടാവും എന്നു് ഒന്നല്ല, രണ്ടു ദൃഷ്ടാന്തങ്ങളാണു് ഈ സിനിമയിൽ. (ദൈവദോഷം പറയുന്ന റിച്ചാർഡ് ഡോക്കിൻസും ജെയിംസ് റാൻഡിയും വാർദ്ധക്യം വരെ ജീവിക്കുന്നു. എ ടി കോവൂരും ഇടമറുകും അങ്ങനെ തന്നെ. ഇന്ത്യയിലെ സ്വാമിമാരെയൊക്കെ വെല്ലു വിളിച്ചു് അവരൊക്കെ ഫ്രോഡാണെന്നു തെളിയിച്ചു നടക്കുന്ന സനൽ ഇടമറുകും അവരുടെ പലരുടെയും ശാപവും പേറി സുഖമായി നടക്കുന്നു. പക്ഷേ നമ്മുടെ യുക്തിവാദി നായകൻ ദൈവദോഷം പറഞ്ഞാൽ, ഉടനടി ഫലം കിട്ടിയിരിക്കും!)

ചുരുക്കം പറഞ്ഞാൽ, ശാസ്ത്രജ്ഞരും യുക്തിവാദികളും ഒക്കെക്കൂടി ജീവൻ തൃണവദ്ഗണിച്ചു് നടന്നു് മകരജ്യോതി തന്നെ കത്തുന്നതും ഗണപതി പാലു കുടിക്കുന്നതും മാതാവു വിയർക്കുന്നതും ഈശോ രക്തം വാർക്കുന്നതുമൊക്കെ പോയി പരിശോധിച്ചു് ശുദ്ധതട്ടിപ്പാണെന്നു തെളിയിച്ചപ്പോൾ പകൽ പോലെ വ്യക്തമായ ഏതാനും അന്ധവിശ്വാസങ്ങൾ തുറന്നുകാട്ടിയതിനു ശേഷം, ചിലപ്പോഴൊക്കെ അള്ളാവിന്റെയും യേശുവിന്റെയുമൊക്കെ രൂപത്തിൽ വരുന്ന സാക്ഷാൽ ശ്രീകൃഷ്ണൻ എന്നൊരു മഹാസംഭവം ഉണ്ടെന്നും, എല്ലാം നിയന്ത്രിക്കുന്നതു കക്ഷിയാണെന്നും പറഞ്ഞു് അവസാനിപ്പിക്കുകയാണു് ഈ സിനിമ. അങ്ങനെ കൃഷ്ണഭക്തരൊക്കെ ആനന്ദസാഗരത്തിൽ ആറാടുന്നു, നന്ദനം സിനിമയിൽ കൃഷ്ണനെ നേരിട്ടു കണ്ടു് ആടിയതു പോലെ. ഇനി അക്ഷയ് കുമാറിന്റെ പടം വെച്ചും പൂജിക്കുമായിരിക്കും. പിന്നെ, കൃഷ്ണനെയും ഒന്നും വിശ്വസിക്കാത്ത, എന്നാൽ അതീതശക്തിയിൽ വിശ്വസിക്കുന്ന യുക്തിവാദികൾക്കു വേണ്ടി “ഇതു് എന്റെ രൂപമല്ല, എന്റെ രൂപം ഇങ്ങനെയല്ല” എന്നു പറയുകയും നായകനെക്കൊണ്ടു വിഗ്രഹം തല്ലിപ്പൊളിക്കുകയും ചെയ്യുന്നു. (നായകൻ കോമയിലായിരുന്ന സമയത്തു് അയാളെ ദൈവമാക്കി എന്നൊക്കെ പറയുന്നതു് ഇന്ത്യയിലെ മൂഢന്മാരിൽ മൂഢർ പോലും ചെയ്യാത്ത അസംബന്ധവുമാണു്.)

പൈതൃകത്തെക്കാളും സദാനന്ദസമയത്തെക്കാളും ഈശ്വരവിശ്വാസത്തിനും അന്ധവിശ്വാസത്തിനും ഓശാന പാടുന്ന ചിത്രമാണു് OMG. ഇതു് യുക്തിവാദികളുടെയോ നിരീശ്വരവാദികളുടെയോ സിനിമയല്ല. അധികം നിലവാരമില്ലാത്ത ഒരു സിനിമാ നിർമ്മിച്ചു്, അതിന്റെ പേരിൽ കുറച്ചു ബഹളങ്ങളൊക്കെയുണ്ടാക്കി മുടക്കുമുതൽ വമ്പിച്ച ലാഭത്തോടെ തിരിച്ചുപിടിക്കുക എന്നൊരു ലക്ഷ്യമേ ഇതിനുള്ളൂ. അല്ലാതെ ഇതിൽ ഒരു വിധത്തിലുമുള്ള ധീരതയോ പുരോഗമനചിന്തയോ സാമൂഹികവിപ്ലവമോ ഇല്ല.


ഡിസ്ക്ലെയിമറുകൾ:

  1. അഞ്ചു മണിക്കൂറെടുത്തു് ഒറ്റയിരുപ്പിനു് എഴുതിയതാണു് ഇതു്. രാജു റഹീം, പൈതൃകം, സദാനന്ദന്റെ സമയം എന്നിവ പണ്ടു കണ്ട ഓർമ്മയേ ഉള്ളൂ. ഞാൻ ഉദ്ധരിച്ച സംഭവങ്ങളും ഡയലോഗുകളും അതു പോലെ ആവണമെന്നില്ല. അതിനു വേണ്ടി ആ സിനിമകൾ തപ്പിയെടുത്തു കാണാൻ നിവൃത്തിയില്ല.
  2. OMG ഇന്നു കണ്ടു. ഒരു തവണ. ക്യാപ്ഷനില്ലാതെ. ആറുകൊല്ലം മലയാളം മീഡിയത്തിൽ ഹിന്ദി പഠിച്ച അറിവേ ഉള്ളൂ. പല ഡയലോഗുകളും മനസ്സിലായിട്ടില്ല. മനസ്സിലായവ വെച്ചാണു് ഇതെഴുതിയതു്. ചില ചില്ലറ തെറ്റുകൾ പറ്റിയിട്ടുണ്ടാവാം. അതു തിരുത്താൻ ഇതു് ഒന്നു കൂടി കാണാൻ ഉദ്ദേശ്യമില്ല. തെറ്റു ചൂണ്ടിക്കാണിച്ചാൽ തിരുത്താം.

സാധാരണ ഈ ബ്ലോഗിൽ പോസ്റ്റുകളെഴുതുന്നതു് വളരെ സമയമെടുത്തു് നന്നായി റിസർച്ചു ചെയ്താണു്. ഇതങ്ങനെയല്ല. അതു കൊണ്ടാണു ഡിസ്ക്ലെയിമറുകൾ.