വിഘ്നേശ്

അനോണികളും കുട്ടികളും കരിവാരവും ടൂത്ത്‌പേസ്റ്റും

രണ്ടുമൂന്നു വയസ്സുള്ള കുട്ടികൾ താമസിക്കുന്ന വീടുകൾ അനോണിമസ് ഓപ്ഷൻ തുറന്നു വെച്ചിരിക്കുന്ന ബ്ലോഗുകൾ പോലെയാണു്. എത്ര നന്നാക്കി വെച്ചാലും മിനിട്ടുകൾക്കുള്ളിൽ താറുമാറാകും. ബാക്കിയുള്ളവർക്കു് നാണം, മാനം, ഭയം, ഔചിത്യം, വൃത്തി, വെടിപ്പു് തുടങ്ങിയ ചില സ്വഭാവങ്ങൾ ഉണ്ടെങ്കിലും അനോണികൾക്കും കൊച്ചുകുട്ടികൾക്കും ഈ വക സംഭവങ്ങളൊന്നും ഏഴയലത്തു കൂടി പോയിട്ടില്ലാത്തതാണു കാരണം.

ഇതൊക്കെ പറഞ്ഞാലും കുട്ടികളില്ലെങ്കിൽ എന്തു വീടു്? ശ്മശാനമാണു ഭേദം. അനോണികൾ ഇല്ലാത്ത ബ്ലോഗും അങ്ങനെ തന്നെ.

കുട്ടികളെക്കൊണ്ടും അനോണികളെക്കൊണ്ടും ചില ഗുണങ്ങളൊക്കെയുണ്ടു്. ബാക്കിയുള്ളവർക്കു് ഒരു പിടിയുമില്ലാത്ത ഒരുപാടു കാര്യങ്ങൾ ഇവർ കണ്ടുപിടിച്ചു തരും. എന്റെ ലാപ്ടോപ്പിൽ ഏഴോ എട്ടോ മൌസ്‌ക്രിയകൾ കൊണ്ടു ചെയ്യുന്ന പല കാര്യങ്ങളും ഒന്നോ രണ്ടോ കീസ്ട്രോക്കുകൾ കൊണ്ടു സാധിക്കാം എന്നു് എന്റെ മക്കൾ കാണിച്ചു തന്നിട്ടുണ്ടു്. അതിനിടെ കമ്പ്യൂട്ടറിൽ ചെന്നു രണ്ടുമൂന്നു കീ അമർത്തുന്നതു കാണാം. അതുവരെ കണ്ടിട്ടില്ലാത്ത ചില സംഭവങ്ങളൊക്കെ സംഭവിക്കുന്നതും കാണാം. “ഇതു നീ എങ്ങനെ ചെയ്തു? ഒന്നു കാണിച്ചു തരൂ…” എന്നു പറഞ്ഞാൽ അവനു് ഒരു പിടിയുമില്ല. മുണ്ടേമ്പള്ളി കൃഷ്ണമാരാർ ചെണ്ട കൊട്ടുന്നതു പോലെയാണു്. കൊട്ടുമ്പോൾ കൊട്ടുന്നു. പിന്നെ അതുപോലെ കാണിക്കാൻ നോക്കാറുമില്ല. നോക്കിയാൽ നടക്കുകയുമില്ല.

അനോണികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആരെങ്കിലും ഒരു ഉപദേശം തന്നാൽ അതിന്റെ കൂടുതൽ വിവരങ്ങൾ അയാളോടു് ഈ മെയിൽ അയച്ചു ചോദിക്കാം. അനോണിയാണെങ്കിൽ എന്തു ചെയ്യും? 11:17-നു പറഞ്ഞ അനോണി, സുനിൽ കൃഷ്ണനു മുമ്പു പറഞ്ഞ അനോണി, ചിത്രകാരനെ തെറി വിളിച്ച അനോണി എന്നൊക്കെ വിശേഷണങ്ങൾ ചേർത്തു വേണം ചോദിക്കാൻ. അതിനൊക്കെ മറുപടി കിട്ടുമെന്നോ കിട്ടിയാൽ ശരിയായ ആളിൽ നിന്നു തന്നെയാണോ എന്നോ ഒരു നിശ്ചയവുമില്ല.

എന്റെ ഇളയ സന്താനത്തിനു് വയസ്സു രണ്ടര. രണ്ടു തലമുറ മുമ്പു ജനിച്ചിരുന്നെങ്കിൽ (എന്നു വെച്ചാൽ ഏകദേശം എന്റെയൊക്കെ തലമുറ) പാമ്പു പടം പൊഴിക്കുന്നതു പോലെ ചന്തിയിലെ തൊലിയുടെ പല പടലങ്ങൾ ഇതിനകം ഊർന്നുപോയിട്ടുണ്ടാവും. അത്ര കുരുത്തക്കേടാണു്. ഇക്കാലത്തു് അതു വല്ലതും നടക്കുമോ? രാജവത് പഞ്ചവർഷാണി എന്നതു പോരാഞ്ഞു രാജവത് പതിനഞ്ചു വർഷാണി എന്ന രീതിയിലാണു പിള്ളേരെ വളർത്തുന്നതു്. വേണ്ടതെല്ലാം ചെയ്തു കൊടുക്കും. എന്തു ചെയ്താലും സഹിക്കും. അമേരിക്കയിലാണെങ്കിൽ തല്ലുന്നതു പോകട്ടേ, കുട്ടികളോടു ശബ്ദമുയർത്തി സംസാരിക്കുകയോ ബലം പ്രയോഗിച്ചു് എന്തെങ്കിലും ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ഒറ്റയ്ക്കാക്കിയിട്ടു മുന്നോട്ടു പോകുന്നതായി നടിക്കുകയോ ചെയ്താൽ കണ്ടുനിൽക്കുന്നവർ പോലീസിനെ വിളിക്കും. കുട്ടിയെ അവർ കൊണ്ടുപോകും. നമുക്കു് അമേരിക്കൻ ജെയിലിന്റെ അകം കാണാനുള്ള സുവർണ്ണാവസരവും ഉണ്ടാകും. ഗോതമ്പുണ്ട തിന്നണ്ടാ. സാൻഡ്‌വിച്ചാണെന്നാണു കേട്ടതു്.

വീട്ടിലുള്ള സകല ഇലക്ട്രോണിക് സാധനങ്ങളും കേടാണു്. മൊബൈൽ ഫോണിൽ ഇന്റർനെറ്റിൽ നിന്നു് ഓഡിയോ/വീഡിയോ ക്ലിപ്പുകൾ ഡൌൺലോഡു ചെയ്തു് കോണ്ടാക്റ്റ്സിൽ ഉള്ളവർക്കൊക്കെ എസ്സെമ്മെസ് അയയ്ക്കാൻ കഴിവുള്ളവനാണെങ്കിലും വീസീയാറും ട്രാഷ് കാനും തമ്മിലുള്ള വ്യത്യാസം അവനു് ഇതു വരെ അറിയില്ല. ഡിജിറ്റൽ ക്യാമറയിലെ 90% പടങ്ങളും ആളുകളുടെ കാൽ‌വിരലുകൾ, തറയിൽ വിരിച്ചിരിക്കുന്ന പുൽ‌പ്പായുടെ ഡിസൈനുകൾ, സോഫയുടെ കീറലുകൾ, മനുഷ്യശരീരങ്ങളുടെ മനുഷ്യന്മാർ ചിത്രീകരിക്കാൻ മടിക്കുന്ന ചില ഭാഗങ്ങളുടെ ക്ലോസപ്പുകൾ തുടങ്ങിയവയാണു്. ആദിത്യനും ശ്രീജിത്തുമൊക്കെയാണു തമ്മിൽ ഭേദം.

ചിത്രകലയാണു് അദ്ദേഹം പ്രാവീണ്യം പ്രദർശിപ്പിക്കുന്ന മറ്റൊരു മേഖല. വല്ലഭനു പുല്ലുമായുധം എന്നു പറയുന്നതു പോലെ ലോകം മുഴുവൻ അവനു കാൻ‌വാസും വൃത്തികെട്ട സകല സാധനങ്ങളും ബ്രഷും ആണു്. വീടിന്റെ ഭിത്തി, ചേട്ടന്റെ നോട്ട്ബുക്ക്, അച്ഛന്റെ പുസ്തകങ്ങൾ, അമ്മയുടെ ചുരീദാർ തുടങ്ങി കാറിന്റെ മേൽക്കൂരയിൽ വരെ കലാസൃഷ്ടികൾ മെനഞ്ഞിട്ടുള്ള അവൻ ഭാവിയിൽ ഒരു മൈക്കൽ ആഞ്ചലോയോ പിക്കാസോയോ ആവും (പടങ്ങളുടെ സ്റ്റൈൽ കണ്ടിട്ടു് രണ്ടാമത്തേതാകാനാണു സാദ്ധ്യത.) എന്നാണു ഞങ്ങളുടെ പ്രതീക്ഷ.

സ്മര്യപുരുഷന്റെ അന്നത്തെ കാൻ‌വാസ് എന്റെ കമ്പ്യൂട്ടർ മോണിറ്റർ ആയിരുന്നു. സാധാരണ ലാപ്‌ടോപ്പിലാണു പണിയെങ്കിലും, വീട്ടിലിരുന്നു ജോലി ചെയ്യേണ്ട ആവശ്യമുണ്ടായാൽ വിശാലമായി കൃത്യം നിർവ്വഹിക്കാൻ ഒടുക്കത്തെ വില കൊടുത്തു വാങ്ങിച്ച പത്തൊമ്പതിഞ്ചിന്റെ എൽ. സി. ഡി. മോണിറ്റർ. ആകെ രണ്ടു വിൻഡോയേ ഉപയോഗിക്കൂ. വെബ് ബ്രൌസിംഗ് ലാപ്ടോപ്പിലെ ഫയർഫോക്സിൽ. ഈമെയിൽ (ഓഫീസും പേഴ്സണലും), കലണ്ടർ, സിനിമ കാണൽ, പാട്ടു കേൾക്കൽ, നിഘണ്ടു നോക്കൽ, എൻസൈക്ലോപീഡിയ നോക്കൽ, ഫിനാൻസ്, ബ്ലോഗെഴുത്തു് തുടങ്ങിയ സംഗതികളെല്ലാം വെബ് ബ്രൌസറിലിലൂടെ ആയതിനാൽ (ഫയർ ഫോക്സിൽ പല ടാബുകളുള്ളതു് എന്തൊരു സുഖം!) ഒരു ഫയർ ഫോക്സ് വിൻഡോ. ഓഫീസിലെ ലിനക്സ് മെഷീനിൽ ലോഗിൻ ചെയ്ത വിൻഡോ പത്തൊമ്പതിഞ്ചിൽ. അവിടെയും ഒരു വിൻഡോ മതി. രാവിലെ ഇമാക്സ് എന്നു പറയുന്ന കുന്ത്രാണ്ടം തുറക്കും. പിന്നെ എഡിറ്റിംഗും ടെർമിനലും ഷെല്ലും മാൻ‌പേജും ഡിഫും ഗ്രെപ്പും കുളിയും തേവാരവും എല്ലാം അതിൽത്തന്നെ. (കുറച്ചു കാലം മുമ്പു് ഈമെയിൽ, വെബ് ബ്രൌസിംഗ് തുടങ്ങിയവയും ഇമാക്സിൽത്തന്നെ ചെയ്തിരുന്നു. ഇപ്പോൾ ഏതായാ‍ലും അതില്ല.) സെറ്റപ്പ് പരമസുഖം.

ഏപ്രിലിൽ ഒന്നു വീടു മാറിയതിനു ശേഷം (പന്ത്രണ്ടു കൊല്ലത്തിനിടയിലെ പത്തൊമ്പതാമത്തെ വീടുമാറ്റം. എല്ലാം പെട്ടെന്നായിരുന്നു. ആരെയും അറിയിക്കാൻ പറ്റിയില്ല.) പത്തൊമ്പതിഞ്ചു് അധികം ഉപയോഗിക്കാതെ വെച്ചിരിക്കുകയായിരുന്നു. അപ്പോഴാണു് രണ്ടു കാലിനും ഒരു വേദന. അക്കില്ലസ് ടെൻഡനൈറ്റിസ് ആണെന്നാണു ഡോക്ടർ പറഞ്ഞതു്. ഇതിനു തന്നെയാണോ നാട്ടിൽ വാതം വാതം എന്നു പറയുന്നതു് എന്തോ? എന്തായാലും നാണക്കേടായി. ഇനി കാലിൽ ഒരു ഹെലിക്കോപ്ടർ വന്നിടിച്ചു എന്നോ മറ്റോ പറയാം. ഏതായാലും ഒരാഴ്ചത്തേയ്ക്കു നടക്കുകയും ഒന്നും ചെയ്യാതെ വിശ്രമിക്കാൻ ഡോക്ടർ വിധിച്ചു. അങ്ങനെ വീട്ടിലിരുന്നു വിശാലമായി ജോലി ചെയ്യാൻ പത്തൊമ്പതിഞ്ചിനെ പൊടി തട്ടിയെടുത്തപ്പോഴാണു് ഹൃദയഭേദകമായ ആ കാഴ്ച കണ്ടതു്.

ഒന്നാന്തരം കറുത്ത പെർമനന്റ് മാർക്കർ കൊണ്ടു് മോണിറ്ററിൽ പിക്കാസോയ്ക്കു പോലും മനസ്സിലാകാത്ത ഒരു മോഡേൺ ആർട്ട്!

മൂത്ത മകന്റെ സ്കൂൾ സാധനങ്ങളും മറ്റും വെയ്ക്കാൻ വേണ്ടി തട്ടിൻ‌പുറത്തുള്ള (ആറ്റിക് എന്നു പറയും) ഒരു മുറി കൊടുത്തിരുന്നു. അതിന്റെ ഒരു മൂലയ്ക്കാണു് മുകളിൽ പറഞ്ഞ പത്തൊമ്പതിഞ്ചും വെച്ചിരുന്നതു്. സ്ക്രീനിനു കുഴപ്പമുണ്ടാകാതിരിക്കാൻ അതു ഭിത്തിയോടു ചേർത്തു വെച്ചിരുന്നു. മേൽ‌പ്പടി സാധനമാണു്, അതു തിരിച്ചു വെയ്ക്കാനുള്ള ത്രാണിയില്ലെങ്കിലും മുകളിലൂടെ കമിഴ്ന്നു കിടന്നോ മറ്റോ പിക്കാസോയുടെ കാൻ‌വാസ് ആക്കിയതു്.

ശുദ്ധജലം കൊണ്ടും സോപ്പുവെള്ളം കൊണ്ടും കമ്പ്യൂട്ടർ മോണിറ്റർ ക്ലീൻ ചെയ്യാൻ അത്യുത്തമം എന്നു കണ്ടു പണ്ടു മേടിച്ച ഒരു ദ്രാവകം കൊണ്ടും തുടച്ചു നോക്കി. പെർമനന്റ് മാർക്കറിന്റെ മാർക്ക് പൂർവ്വാധികം തിളക്കത്തോടെ അവശേഷിച്ചു.

അല്ലെങ്കിലും പല ക്ലീനിംഗ് ലിക്വിഡുകളുടെയും കാര്യം കണക്കാണു്. വൈറ്റ് ബോർഡുള്ള ഓഫീസുകളിൽ അതു വൃത്തിയാക്കാൻ ഒരു ദ്രാവകവും തുടയ്ക്കാൻ ഒരു സാധനവും വെച്ചിട്ടുണ്ടാവും – ഡ്രൈ ഇറേസ് മാർക്ക് തുടയ്ക്കാൻ. അതുപയോഗിച്ചു തുടച്ചാൽ ബോർഡു മുഴുവൻ ചാണകം മെഴുകിയ തറ പോലെയാകും. അതു വൃത്തിയാക്കാൻ ഏറ്റവും നല്ല വഴി: ക്ലീനക്സ് പോലെയുള്ള ഫേസ് ടിഷ്യു എടുക്കുക. സാധാരണ വെള്ളത്തിൽ നനയ്ക്കുക. തുടയ്ക്കുക. ബോർഡ് അച്ഛസ്ഫടികാഭമാകും.

എന്തായാലും ഇതു് എനിക്കു ഒരു വലിയ പ്രശ്നമായി. കാലു ശരിയാകുന്നതു വരെ വീട്ടിലിരുന്നു ജോലി ചെയ്യേണ്ടതാണു്. എന്റെ ഇമാക്സ് വിൻഡോ ആണെങ്കിൽ വെളുത്ത പശ്ചാത്തലത്തിൽ “ഒരു ദേശത്തിന്റെ കഥ”യിൽ ഫിറ്റർ കുഞ്ഞപ്പു പെയിന്റു ചെയ്ത വീടു പോലെ വർണ്ണശബളാഭമാണു്. കീവേർഡുകൾക്കും ഐഡന്റിഫയേഴ്സിനും കാരക്ടർ സ്ട്രിംഗ്സിനുമൊക്കെ പല പല നിറങ്ങൾ. (ഇതൊക്കെ വെറും പകിട്ടിനു വേണ്ടി മാത്രം. പ്രോഗ്രാം ചെയ്യാൻ ഈ നിറങ്ങൾ ഏതെങ്കിലും വിധത്തിൽ സഹായിക്കും എന്നു തോന്നുന്നില്ല. എന്നാലും അതൊരു ശീലമായിപ്പോയി.) ഈ നിറങ്ങളും പെർമനന്റ് മാർക്കറിന്റെ കറുത്ത നിറവും ഒക്കെക്കൂടി ആകെ ഒന്നും മനസ്സിലാകുന്നില്ല. രാജു ഇരിങ്ങലിന്റെ കവിത മാതിരി ഉണ്ടു്.

അവസാനം നാം ജീവിക്കുന്ന ലോകത്തിന്റെ രീതിയനുസരിച്ചു് സ്വയം മാറിയാലേ പുരോഗതിയുണ്ടാകൂ എന്ന മഹത്തായ സാമൂഹികശാസ്ത്രതത്ത്വം സ്വജീവിതത്തിലേക്കു പകർത്തിയാണു് ഞാൻ ഈ പ്രശ്നം പരിഹരിച്ചതു്. അതായതു്, ഇമാക്സിന്റെ പശ്ചാത്തലം കറുപ്പാക്കി. ബാക്കി നിറങ്ങളും പെർമനന്റ് മാർക്കർ പ്രശ്നമുണ്ടാക്കാത്ത വിധത്തിലാക്കി. പല കളർ സ്കീമുകൾ ശ്രമിച്ചു നോക്കാൻ color-theme എന്നൊരു പാക്കേജുള്ളതു് എന്തായാലും നന്നായി.

ഇപ്പോൾ എന്റെ ഡെസ്ക് ടോപ്പ് കരിവാരം ആചരിക്കുന്ന ബ്ലോഗു പോലെയുണ്ടു്. കറുത്ത പശ്ചാത്തലം. അതിൽ നീലയും പച്ചയും ചുവപ്പുമൊക്കെയായി കുറേ അക്ഷരങ്ങൾ. ഈ രീതിയിലുള്ള ബ്ലോഗുകൾ പോലും വായിക്കാൻ മടിയുണ്ടായിരുന്ന ആളാണു്. ജീവിതസാഹചര്യങ്ങൾ മനുഷ്യനെക്കൊണ്ടു ചെയ്യിക്കുന്ന ഓരോ കാര്യം നോക്കണേ!

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ കറുപ്പു് ഒരു ശീലമായി. കറുപ്പിനേഴഴകു് എന്ന പാട്ടു പാടിത്തുടങ്ങി. കറുത്ത പശ്ചാത്തലമില്ലെങ്കിൽ മനുഷ്യനു് എങ്ങനെ കമ്പ്യൂട്ടറിൽ ജോലി ചെയ്യാൻ പറ്റും എന്നു് അദ്ഭുതപ്പെട്ടു തുടങ്ങി. വെളുത്ത പശ്ചാത്തലം ഉപയോഗിക്കുന്നവരെ വെറുക്കാൻ തുടങ്ങി.

അങ്ങനെയിരിക്കേ, ഒരു ദിവസം അതിരാവിലെ, “കിച്ചു ഇപ്പം പല്ലും തേച്ചിട്ടു വരാം…” എന്നു പറഞ്ഞിട്ടു് ഒറ്റപ്പോക്കു പോയ സന്തതിയെ കുറേ നേരം കഴിഞ്ഞിട്ടും കാണാഞ്ഞു ഞാൻ പുറകേ ചെന്നു നോക്കിയപ്പോഴാണു് ആ കാഴ്ച കണ്ടതു്.

മേശപ്പുറത്തു വലിഞ്ഞുകയറി മോണിറ്റർ എന്ന കാൻ‌വാസിൽ കലാസൃഷ്ടി നടത്തുകയാണു കഥാനായകൻ. ഇത്തവണ പിക്കാസോയല്ല, വാൻ ഗോഗാണു്. നീല നിറത്തിലുള്ള ടൂത്ത് പേസ്റ്റാണു മീഡിയം.

വാൻ ഗോഗ് ജീവിച്ചിരുന്ന കാലത്തു് അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കു് ആരും വില കൽ‌പ്പിച്ചിരുന്നില്ല എന്നു കേട്ടിട്ടുണ്ടു്. വലിയ കലാകാരന്മാരുടെയൊക്കെ സ്ഥിതി ഇതാണു്. പ്രത്യേകിച്ചു് അവരുടെ തന്തമാർ കലയുടെ അംശം തൊട്ടുതെറിച്ചില്ലാത്തവരായിരിക്കും. ഇവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അഭിനവ വാൻ‌ഗോഗിനെ ഞാൻ ചെവിക്കു പിടിച്ചു് മേശപ്പുറത്തു നിന്നു താഴെയിറക്കി. പൈതലിൻ ഭാവം മാറി. വദനാംബുജം വാടി. കൈതവം ഹോൾസെയിലായി കിട്ടുന്ന കണ്ണു് കണ്ണുനീർത്തടാകമായി. സപര്യ ചിത്രകലയെ വിട്ടു സംഗീതമായി. എട്ടു ദിക്കും പൊട്ടി അഷ്ടദിൿപാലകർ ഞെട്ടുന്ന രീതിയിൽ സാധകം ചെയ്തു കൊണ്ടു് അവൻ മുകളിലേക്കു് ഓടിപ്പോയി.

ഇനി ഈ ടൂത്ത്‌പേസ്റ്റ് എന്തൊക്കെ പ്രശ്നങ്ങളാണോ ഉണ്ടാക്കുക? ഞാൻ ഒരു കടലാസ് നനച്ചു് ഒരു മൂല തുടച്ചു. ആകെ പത. അതൊരു ഉണങ്ങിയ കടലാസു കൊണ്ടു വീണ്ടും തുടച്ചു. അഞ്ചാറു തവണ തുടച്ചപ്പോൾ പതയൊക്കെ പോയി സംഗതി ക്ലീൻ. ഒന്നു ഫ്ലോസ്സു ചെയ്താലോ എന്നു തോന്നി.

അപ്പോഴാണു ലോകത്തിലെ എട്ടാമത്തെ അദ്ഭുതം കണ്ടതു്. ടൂത്ത് പേസ്റ്റ് ഉണ്ടായിരുന്ന സ്ഥലത്തെ പെർമനന്റ് മാർക്കുകളും അപ്രത്യക്ഷമായിരിക്കുന്നു! പല്ലിലെ വൃത്തികേടുകളും പറ്റിയാൽ ഇനാമലും വരെ നിർമാർജ്ജനം ചെയ്യാൻ ഉണ്ടാക്കിയിരിക്കുന്ന സാധനമല്ലേ? അതിനു് പെർമനന്റ് മാർക്കർ വെറും തൃണം!

മോണിറ്ററിലെ പാടുകൾ കളയാൻ വഴി കിട്ടി. ഞാൻ ടൂത്ത് പേസ്റ്റെടുത്തു് മോണിറ്ററിന്റെ മറ്റേ മൂലയിൽ തേയ്ക്കാൻ തുടങ്ങി.

ടൂത്ത് പേസ്റ്റ് പല്ലു തേക്കാനുള്ളതാണെന്നും, അതു മോണിറ്ററിൽ തേക്കരുതെന്നും, നേരത്തേ പെർമനന്റ് മാർക്കർ വെച്ചു വരച്ചതു തന്നെ അച്ഛനു കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമുണ്ടാക്കി വെച്ചു എന്നും, ടൂത്ത് പേസ്റ്റ് വെച്ചു തേച്ചാൽ മോണിട്ടർ പൊടിഞ്ഞുപോകുമെന്നും, ടൂത്ത് പേസ്റ്റില്ലാതായാൽ നമുക്കു പല്ലു തേക്കാൻ പറ്റാതെ പല്ലിനു് അസുഖം വന്നു് അതെല്ലാം കൊഴിഞ്ഞു പോകുമെന്നും, അതിനു ശേഷം ചോക്ലേറ്റ് തിന്നാൻ പറ്റില്ലെന്നും, ലോകത്തു ടൂത്ത്പേസ്റ്റില്ലാതെ ആയിരക്കണക്കിനു കുട്ടികൾ പല്ലു വേദന വന്നു മരിച്ചു പോകുന്നു എന്നും മകനെ പറഞ്ഞു മനസ്സിലാക്കിക്കൊണ്ടു് ഇറങ്ങി വന്ന സിന്ധു കണ്ടതു് ഞാൻ മോണിറ്റർ മുഴുവനും പേസ്റ്റ് വാരിപ്പൂശുന്നതാണു്.

“രാവിലെ തന്നെ ഈ ചെറുക്കനെ കരയിപ്പിച്ചിട്ടു് ഇപ്പോൾ അതു തന്നെ ചെയ്യുകയാണോ?” രാവിലത്തെ ഉറക്കം കുളമായതിന്റെ ദേഷ്യത്തിൽ തത്രഭവതി അലറി, “ഇങ്ങേരിനി എന്നാണോ ഈ കുട്ടിക്കളിയൊക്കെ വിട്ടിട്ടു് അല്പം വെളിവും പക്വതയുമൊക്കെ വരുന്നതു് ഈശ്വരാ!…”

ടൂത്ത്പേസ്റ്റിന്റെ (ഞാൻ പത്തു മിനിട്ടു മുമ്പു കണ്ടുപിടിച്ച) ഔഷധശക്തിയെപ്പറ്റി ഒരു ചെറിയ പ്രഭാഷണം നടത്തിയിട്ടേ സംഗതി ശരിയായുള്ളൂ.


എന്തെങ്കിലും പുതിയ അറിവു കിട്ടിയാൽ തുണിയില്ലാതെ റോഡിലൂടെ ഓടുന്ന ഒരു ശീലം ആർക്കിമിഡീസ് എന്ന ഗ്രീക്ക് ശാസ്ത്രജ്ഞനുണ്ടായിരുന്നു. എനിക്കേതായാലും ആ സ്വഭാവമില്ലാത്തതു ഭാഗ്യം. പകരം ഞാൻ ചെയ്യാറുള്ളതു് അറിവിന്റെ ചൂടു മാറുന്നതിനു മുമ്പു തന്നെ നാട്ടുകാർക്കു പങ്കു വെയ്ക്കുകയാണു്. രണ്ടു വയസ്സിന്റെ പ്രാന്തപ്രദേശങ്ങളിൽ പ്രായമുള്ള കുട്ടികളുള്ള തന്തമാർ ചിലർ സുഹൃത്തുക്കളായുണ്ടു്. അവർക്കൊക്കെക്കൂടി ഒരു ഈമെയിൽ അയച്ചു. എന്റെ പുതിയ കണ്ടുപിടിത്തത്തിന്റെ വിശദാംശങ്ങളുമായി.

അര മണിക്കൂർ കഴിയുന്നതിനു മുമ്പു തന്നെ ഒരാളുടെ മറുപടി വന്നു. “നീ ഗൂഗിൾ എന്നൊരു സാധനത്തെപ്പറ്റി കേട്ടിട്ടുണ്ടോ? അടിപൊളി സാധനമാണു്. അവിടെ ചെന്നു് How to remove permanent marker from computer monitor എന്നോ മറ്റോ എന്നു സേർച്ചു ചെയ്തു നോക്കൂ. ബിംഗ് ആയാലും മതി.”

സേർച്ചു ചെയ്തപ്പോൾ കിട്ടിയ ആദ്യത്തെ മൂന്നു സൈറ്റുകളിലും പ്രസ്തുത സംഭവത്തിനു് ടൂത്ത് പേസ്റ്റിനുള്ള കഴിവിനെപ്പറ്റിയുള്ള വിശദമായ പരാമർശം കണ്ടു. ടൂത്ത്‌പേസ്റ്റു കൂടാതെ റബ്ബിംഗ് ആൽക്കഹോൾ (അതൊരു ക്യൂടിപ്പിൽ പുരട്ടി തൂക്കാനാണു നിർദ്ദേശം), മാജിക് ഇറേസർ എന്നിവയും ഇതിനു ഫലപ്രദമാണത്രേ!

അടുത്ത തവണ ഗത്യന്തരമില്ലാതെ കരിവാരം ആചരിക്കാൻ തീരുമാനിക്കുന്നതിനു മുമ്പു് ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

നര്‍മ്മം
വിഘ്നേശ്
വൈയക്തികം (Personal)

Comments (41)

Permalink

വിക്കിയെ ചുമക്കുന്നവൻ

ഈ അടുത്തിടെ ഒരു പാർക്കിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മടങ്ങിപ്പോകുമ്പോൾ എന്റെ സുഹൃത്തു് ദുലീപ് എടുത്ത ചിത്രം:

ജനിച്ചപ്പോൾ വിഘ്നേശിനെ “വിക്കി” എന്നു വിളിച്ചിരുന്നു. ഇപ്പോൾ കുറേക്കാലമായി “കിച്ചു” ആണു്.

(“പാർക്കു ക്രോപ്പു ചെയ്യണം” എന്നും മറ്റും പറഞ്ഞു വരുന്ന ഫോട്ടോപ്പുലികളുടെ നാക്കു ഞാൻ ക്രോപ്പു ചെയ്യും, പറഞ്ഞില്ലെന്നു വേണ്ടാ. ഐഫോണിന്റെ ക്യാമറയിലെടുത്ത ഒരു സാധാരണ ചിത്രം മാത്രമാണിതു്.)

ഈ ചിത്രം കണ്ടപ്പോൾ ഈ തലക്കെട്ടു നിർദ്ദേശിച്ചതു് പൂർവ്വാശ്രമത്തിൽ ഒരു ബ്ലോഗറും ഇപ്പോൾ വിക്കിപ്പീഡിയയെ ചുമക്കുന്നവരിൽ ഒരാളുമായ ശനിയൻ ആണു്.

ദുലീപിനും ശനിയനും നന്ദി.

“തലയില്ലെങ്കിലും തലക്കെട്ടു നന്നാവണം” എന്ന ബ്ലോഗറുടെ പതിനൊന്നാം കല്പന ഒരിക്കൽക്കൂടി പാലിക്കുന്നു – രാം മോഹൻ പാലിയത്തിനെ സ്മരിച്ചുകൊണ്ടു്.


ആർക്കെങ്കിലും വേറേ അടിക്കുറിപ്പു് എന്തെങ്കിലും തോന്നുന്നുണ്ടോ?

ചിത്രങ്ങള്‍ (Photos)
വിഘ്നേശ്
വൈയക്തികം (Personal)

Comments (9)

Permalink

കുമാരസംഭവം

രാജേഷ് വര്‍മ്മയ്ക്കു നന്ദി.

കൂപമണ്ഡൂക”ത്തിന്റെ കമന്റില്‍ കുമാരസംഭവത്തെ പരസ്യമാക്കിയതിനു്.

മനഃപൂര്‍വ്വം പറയാതിരുന്നതാണു്. ബൂലോഗര്‍ക്കു് ഒരു സര്‍പ്രൈസായ്ക്കോട്ടേ എന്നു കരുതി. ഒരുപിടി കുഞ്ഞുവാവകളുടെ മൂത്ത ജ്യേഷ്ഠനാകുമെന്നു കരുതിയതാണു്. പവിത്രക്കുട്ടി ഓവര്‍ടേക്ക് ചെയ്തു മൂത്തോപ്പോള്‍ ആയി. അതു മറ്റൊരു സര്‍പ്രൈസ്! യാത്രാമൊഴിക്കും പവിത്രക്കുട്ടിയ്ക്കും ആശംസകള്‍!

പേരു് ഊഹിക്കുന്നതില്‍ മീനാക്ഷി സമ്മാനാര്‍ഹയായി. രാജേഷ് വര്‍മ്മ എന്തു സമ്മാനമാണോ നിശ്ചയിച്ചിരിക്കുന്നതു്? സാധാരണയായി അദ്ദേഹം 101 പവനില്‍ കുറച്ചൊന്നും സമ്മാനമായി കൊടുക്കാറില്ല 🙂

കൂടുതല്‍ വിവരങ്ങള്‍:

പേരു് : വിഘ്നേശ് *
ചെല്ലപ്പേരു് : വിക്കി**
ജനനസമയം (പോര്‍ട്ട്‌ലാന്‍ഡ്) : 2006 നവംബര്‍ 5 11:53 AM PST (1182 തുലാം 20)
ജനനസമയം (ഭാരതം) : 2006 നവംബര്‍ 6 01:23 AM IST (1182 തുലാം 19)
ജനനസ്ഥലം : St. Vincent Hospital, Portland, Oregon, USA.
തൂക്കം : 5 lb 15.8 oz (2.716 Kg)
നീളം : 20 ഇഞ്ച് (50.8 സെന്റിമീറ്റര്‍)
നക്ഷത്രം : ഭരണി
തിഥി : പ്രഥമ (കൃഷ്ണപക്ഷം)
ആഴ്ച : ഞായര്‍
കരണം : സിംഹം
നിത്യയോഗം : വ്യതീപാത

* മിന്നലിന്റെ ചേട്ടന്‍ ഇടിവാളിന്റെ മകന്‍ കൊടുങ്കാറ്റിന്റെ പേരു്
** “വിക്കി ക്വിസ് ടൈം” എന്ന ബ്ലോഗിന്റെ ഉടമസ്ഥനായ മന്‍‌ജിത്തിന്റെ ഏറ്റവും പ്രിയങ്കരമായ വസ്തു


ഏറ്റവും സന്തോഷം വിശാഖിനു തന്നെ. ഇതാ അനുജനെ കണ്ടു് “മുഴുതിങ്കളുദയേന കുമുദമെന്നതുപോലെ” ചിരിച്ചു കൊണ്ടിരിക്കുന്ന വിശാഖ്:

കൂടുതല്‍ പടങ്ങള്‍ക്കു് ഇവിടെ നോക്കുക.


മൂപ്പര്‍ക്കു പേരിട്ടതു് ഒരു കഥയാണു്.

ആണ്‍‌കുട്ടിയാണെന്നറിഞ്ഞതു മുതല്‍ ഒരു പേരിനായി ഞങ്ങള്‍ ചര്‍ച്ചകളും വട്ടമേശസമ്മേളനങ്ങളും നടത്തുകയുണ്ടായി. എനിക്കു ശിവന്റെ പേരും (ഉമേഷ്) മകനു സുബ്രഹ്മണ്യന്റെ പേരും (വിശാഖ്) ആയതിനാല്‍ അടുത്തയാള്‍ക്കു ഗണപതിയുടെ പേരിടണമെന്നു് എനിക്കൊരാഗ്രഹം.

“പെണ്‍‌കുഞ്ഞാകാഞ്ഞതു നന്നായി. അല്ലെങ്കില്‍ അതിനു “ഭദ്രകാളി” എന്ന പേരിടണം എന്നു് ഇങ്ങേരു പറഞ്ഞേനേ” എന്നു സിന്ധു.

എനിക്കും സിന്ധുവിനും പ്രാസത്തില്‍ വലിയ താത്പര്യമില്ലെങ്കിലും (ഇതിനു മുമ്പിടാനായി പേരിടുന്നതിലെ പ്രാസത്തെപ്പറ്റി എഴുതിക്കൊണ്ടിരുന്ന പോസ്റ്റ് സമയത്തു തീര്‍ന്നില്ല. അതു് ഇനിയൊരിക്കല്‍ ഇടാം.) അഭ്യുദയകാംക്ഷികളൊക്കെ വിശാഖിനു ചേരുന്ന “വി”യില്‍ തുടങ്ങുന്ന പേരിടണമെന്ന അഭിപ്രായക്കാരായിരുന്നു.

ഇതെല്ലാമൊത്ത വിനായകന്‍, വിഘ്നേശന്‍, വക്രതുണ്ഡന്‍ എന്നു മൂന്നു പേരുകള്‍ മാത്രമേ കിട്ടിയുള്ളൂ.

വക്രതുണ്ഡന്‍ എന്നതു വക്കാരിയുടെ പേരായതുകൊണ്ടു് ഉപേക്ഷിച്ചു.

വക്കാരിയുടെ പേരു്” എന്നൊരു ഗവേഷണപ്രബന്ധം ഓഫ്‌യൂണിയനില്‍ പ്രസിദ്ധീകരിക്കണം എന്നു വിചാരിച്ചിട്ടു് ഇതുവരെ പറ്റിയില്ല. ഒന്നിലധികം വര്‍ഷത്തെ ഗവേഷണഫലമായി കണ്ടുപിടിച്ചതാണു്. ഇത്രയുമായ സ്ഥിതിയ്ക്കു് ഇവിടെ ചുരുക്കി പറഞ്ഞേക്കാം.

കോട്ടയം ജില്ലയിലെ കുറിച്ചിയ്ക്കും കടുത്തുരുത്തിയ്ക്കും ഇടയ്ക്കു റോഡ്‌സൈഡിലാണു വക്കാരിയുടെ വീടെന്നു് അദ്ദേഹത്തിന്റെ കൃതികളില്‍ നിന്നു വ്യക്തമാണു്. ഗവേഷണഫലമായി അതു കാരിത്താസ് എന്ന സ്ഥലമാണെന്നു ഞാന്‍ കണ്ടുപിടിച്ചു. ഇതിനു് ഉപോദ്ബലകമായ വസ്തുതകള്‍ പ്രബന്ധത്തില്‍ വിശദീകരിച്ചിട്ടുണ്ടു്.

വക്കാരി തന്റെ പ്രൊഫൈലില്‍ ഇട്ടിരിക്കുന്ന പടം ആനയുടേതാണെന്നു ചിലരും ഗണപതിയുടേതാണെന്നു മറ്റു ചിലരും തെറ്റിദ്ധരിച്ചിട്ടുണ്ടു്. ഇതു രണ്ടുമല്ല, അല്ലെങ്കില്‍ ഇതു രണ്ടുമാണു സത്യം എന്നതാണു വസ്തുത. മുഴുവന്‍ ശരീരം വരയ്ക്കാതെ മുഖം മാത്രം വരച്ചതു് ആനയ്ക്കും ഗണപതിയ്ക്കും യോജിക്കുന്ന വക്രതുണ്ഡന്‍ എന്ന പേരിനെ സൂചിപ്പിക്കാനാണെന്നു സംശയാതീതമായി തെളിഞ്ഞിട്ടുണ്ടു്.

ഇപ്പോള്‍ ഗവേഷണവിദ്യാര്‍ത്ഥിയായ ഇദ്ദേഹം കുറച്ചുകാലം ഇന്ത്യയുടെ വടക്കുകിഴക്കേ കോണിലുള്ള ഒരു കലാലയത്തില്‍ അദ്ധ്യാപകനായിരുന്നെന്നും അവിടുത്തെ ഭാഷയില്‍ “മാസ്റ്റര്‍” എന്നതിനു പകരം “മഷ്ടാര്‍” എന്നാണു പറയുക എന്നും എന്റെ ഗവേഷണം വ്യക്തമാക്കുന്നു. ഇദ്ദേഹത്തിന്റെ പുര്‍ണ്ണനാമമായ വക്‌റതുണ്ഡന്‍ കാരിത്താസ് മഷ്‌ടാര്‍ എന്നതിന്റെ ചുരുക്കരൂപമാണു് വക്കാരിമഷ്ടാ എന്നതു് എന്നതു നിസ്തര്‍ക്കമത്രേ.

ഈ പേര്‍ ജാപ്പനീസില്‍ “മനസ്സിലായി” എന്നര്‍ത്ഥമുള്ള ഒരു വാക്കില്‍ നിന്നാണു കിട്ടിയതെന്നു പറയുന്നതു കേവലം ഒരു മറ മാത്രമാണു്. “വകരിമസ്റ്റ” എന്നാണു് ആ വാക്കു്. “ഓക്കേ”, “അതു ശരി”, “അപ്പോള്‍ ശരി”, “പിന്നെക്കാണാം” എന്നൊക്കെയാണു് ആ വാക്കിന്റെ അര്‍ത്ഥം, “മനസ്സിലായി” എന്നല്ല.

ഈ ഗവേഷണത്തിനു് എനിക്കൊരു പി. എഛ്. ഡി. അടുത്തു തന്നെ തരമാകും എന്നൊരു കിംവദന്തിയുമുണ്ടു്.

മാത്രമല്ല, അടുത്ത കുട്ടിക്കു വേണ്ടി കുട്ട്യേടത്തി നോക്കി വെച്ചിരിക്കുന്ന പേരാണതു്.

ഭൂരിഭാഗം ആളുകളും വിനായകിനോടൊപ്പമായിരുന്നു. വിഘ്നേശ് എന്ന പേരിന്റെ കൂടെ ഞാനും വിശാഖും മാത്രം.

ബൂലോഗത്തിലെ കുറേ പുലികളോടു് അഭിപ്രായം ചോദിച്ചു. അവിടെയും വിനായകനായിരുന്നു പിന്തുണ കൂടുതല്‍. വിഘ്നേശിനെ പിന്തുണച്ചതു് ആകെ മന്‍‌ജിത്ത് മാത്രം. അതും ചെല്ലപ്പേരായി “വിക്കി” എന്നു വിളിക്കാം എന്നതുകൊണ്ടു്. വിക്കിപീഡിയ തലയ്ക്കുപിടിച്ചാല്‍ മനുഷ്യന്റെ അഭിപ്രായങ്ങളെ വരെ അതു ബാധിക്കും എന്നു മനസ്സിലായില്ലേ?

അവസാനം കഴിഞ്ഞ പ്രാവശ്യം ചെയ്തതു പോലെ കുറേ സായിപ്പുകളെക്കൊണ്ടു പറയിച്ചു നോക്കി. ഫലം അവിശ്വസനീയമായിരുന്നു. വിനായക് ആര്‍ക്കും വഴങ്ങുന്നില്ല. നീളം കൂടിപ്പോയി എന്നാണു പരാതി. അതേ സമയം വിഘ്നേശ് എല്ലാവരും നന്നായി പറഞ്ഞു. (വിഗ്നേശ് എന്നായിപ്പോയെന്നു മാത്രം. അതു പിന്നെ ഇന്ത്യക്കാരും അങ്ങനെ തന്നെയല്ലേ പറയുന്നതു്?) അങ്ങനെ വിഘ്നേശ് ഏതാണ്ടു് ഉറച്ചു.


UMESH-നു് 5 അക്ഷരം. SINDHU-വിനു് 6 അക്ഷരം. VISHAKH-നു 7 അക്ഷരം. VIGHNESH-നു 8 അക്ഷരം. ഏതായാലും പുരോഗതിയുണ്ടു്. ഒമ്പതക്ഷരമുള്ള ശിവന്റെ മക്കള്‍ ഉണ്ടോ എന്തോ? SHASTHAVU?


എനിക്കു ശിവന്റെ പേരും മക്കള്‍ക്കു രണ്ടും ശിവന്റെ പിള്ളേരുടെ പേരും ആയതു കൊണ്ടു് ഇനി സിന്ധുവിന്റെ പേരു മാറ്റണം. പാര്‍വ്വതിയുടെ ഒരു പേരാക്കണം. “സിന്ധു” എന്ന പദത്തിനു ധാരാളം അര്‍ത്ഥങ്ങള്‍ ശബ്ദതാരാവലി നിരത്തുന്നുണ്ടെങ്കിലും അവയില്‍ ജീവനുള്ളതു് “ആന” മാത്രം.

പെണ്‍‌കുട്ടിയായിരുന്നെങ്കില്‍ ഇടാന്‍ പണ്ടു തൊട്ടേ നോക്കി വെച്ചിരുന്ന പ്രിയപ്പെട്ട പേരുകളൊക്കെ പാര്‍വ്വതിയുടെ പര്യായങ്ങളായിരുന്നു-പാര്‍വ്വതി, ഗൌരി, അപര്‍ണ്ണ, ഉമ,… അതിലെതെങ്കിലും ഒന്നിടാം.

സിന്ധുവിനു് ഒരു സങ്കടമുണ്ടു്-തന്റെ പേരു വളരെ ചെറുതായിപ്പോയെന്നു്. അതിനാല്‍ ചെറിയ ചെല്ലപ്പേരൊന്നും ഉണ്ടായിട്ടില്ല എന്നു്.

Sin എന്ന ചെല്ലപ്പേരു് ഞങ്ങള്‍ നിര്‍ദ്ദേശിച്ചതാണു്. നല്ല അര്‍ത്ഥമുള്ള പേരുമാണു്-ഇംഗ്ലീഷില്‍!

വളരെ നീളമുള്ള ഒരു പേരു്; അതിനു വളരെ ചെറിയ ഒരു വിളിപ്പേരു്. അതാണു സിന്ധുവിന്റെ സ്വപ്നം.

പാര്‍വ്വതിയ്ക്കു പര്യായമായി നീളമുള്ളതും ചെറിയ ചുരുക്കപ്പേരുള്ളതുമായ പേരുകള്‍ വേണമെങ്കില്‍ വലിയ വിഷമമൊന്നുമില്ല. ലളിതാസഹസ്രനാമം നോക്കിയാല്‍ ആയിരം പേരു കിട്ടും. ഞങ്ങള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്ന പേരുകള്‍ അക്ഷരമാലാക്രമത്തില്‍ താഴെച്ചേര്‍ക്കുന്നു.

പേരു് : ചെല്ലപ്പേരു്
അജ്ഞാനദ്ധ്വാന്തദീപിക : അജ്ഞാന
അശ്വാരൂഢാധിഷ്ഠിതാശ്വകോടികോടിഭിരാവൃതാ : അശ്വ
ഇച്ഛാശക്തിജ്ഞാനശക്തിക്രിയാശക്തിസ്വരൂപിണി : ഇച്ഛ
ഉന്മേഷനിമിഷോത്‌പന്നവിപന്നഭുവനാവലി : ഉന്മേഷ
കാമേശ്വരാസ്ത്രനിര്‍ദഗ്ദ്ധസഭണ്ഡാസുരശൂന്യകാ : കാമ
കാളരാത്ര്യാദിശക്ത്യൌഘവൃത : കാള
കുരുവിന്ദമണിശ്രേണീകനത്‌കോടീരമണ്ഡിത : കുരു
കൂര്‍മ്മപൃഷ്ഠജയിഷ്ണുപ്രപദാന്വിത : കൂര്‍മ്മ
ക്രോധാകാരാങ്കുശോജ്ജ്വല : ക്രോധ
ചണ്ഡമുണ്ഡാസുരനിഷൂദിനി : ചണ്ഡ
ചക്രരാജരഥാരൂഢസര്‍വ്വായുധപരിഷ്കൃത : ചക്ര
ജന്മമൃത്യുജരാതപ്തജനവിശ്രാന്തിദായിനി : ജന്മ
ഡാകിനീശ്വരി : ഡാകിനി
താടങ്കയുഗളീഭൂതതപനോഡുപമണ്ഡല : താട (താടക)
പായസാന്നപ്രിയ : പായസ
മന്ത്രിണ്യംബാവിരചിതവിഷംഗവധതോഷിത : മന്ത്രി
മാണിക്യമകുടാകാരജാനുദ്വയവിരാജിത : മാണി
സംസാരപങ്കനിര്‍മഗ്നസമുദ്ധരണപണ്ഡിത : സംസാര

ഏതു പേരാണു് അവസാനം സ്വീകരിച്ചുതെന്നു് ഗസറ്റ് വിജ്ഞാപനം വഴി അറിയിക്കുന്നതാണു്.

പ്രത്യേക അറിയിപ്പു്: കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിയ്ക്കു് ഗംഗ എന്നോ ഗംഗയുടെ പര്യായങ്ങളോ പേരുള്ള ഒരാളും പോര്‍ട്ട്‌ലാന്‍ഡിലോ പരിസരത്തിലോ വരാന്‍ പാടില്ല എന്നും വന്നാല്‍ പ്രത്യാഘാതങ്ങള്‍ (മേഘത്തിന്റെ ഘ) ഗുരുതരമായിരിക്കും എന്നും സിന്ധു മുന്നറിയിപ്പു നല്‍കിയിരിക്കുന്നു.


മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടു് ഗുരുകുലവും എന്റെ മറ്റു പരിപാടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചുപൂട്ടുകയാണു്. എല്ലാവരും വെക്കേഷന്‍ അടിച്ചുപൊളിക്കുക. അഭിവാദ്യങ്ങള്‍. അടുത്ത സ്കൂള്‍വര്‍ഷം മഴ തുടങ്ങുമ്പോള്‍ കാണാം.

ചിത്രങ്ങള്‍ (Photos)
നര്‍മ്മം
വിഘ്നേശ്
വൈയക്തികം (Personal)

Comments (33)

Permalink