ജ്യോത്സ്യം

ജ്യോതിഷവും ശാസ്ത്രവും – പി. ഡി. എഫ്. രൂപത്തിൽ

Download e-book
ജ്യോതിഷത്തിനു ശാസ്ത്രസാധുത ഉണ്ടെന്നും ആധുനികജ്യോതിശ്ശാസ്ത്രത്തോടു കിടപിടിക്കുന്ന തിയറികൾ സഹസ്രാബ്ദങ്ങൾക്കു മുമ്പു് ഭാരതീയജ്യോതിഷത്തിലുണ്ടായിരുന്നു എന്നും ഊന്നിപ്പറയുന്ന ‘ന്യൂ ഏജ് സയന്റിസ്റ്റ് ‘ ഡോ. ഗോപാലകൃഷ്ണന്റെ ഒരു വീഡിയോ സീരീസിനെ വിമർശിച്ചു ഞാൻ എഴുതിയ “സർ‌വ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ” എന്ന പോസ്റ്റിനും സൂരജ് രാജൻ എഴുതിയ “ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസർത്തുകൾ” എന്ന പോസ്റ്റിനും വളരെ നല്ല സ്വീകരണമാണു് വായനക്കാരിൽ നിന്നു കിട്ടിയതു്. ഇവ രണ്ടും ചേർത്തു് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കണം എന്നു പലരും ആവശ്യപ്പെട്ടു. അതനുസരിച്ചു്, ആ രണ്ടു പോസ്റ്റുകളും, അതോടൊപ്പം ശ്രീഹരി (കാൽ‌വിൻ) കുറച്ചു കാലം മുമ്പെഴുതിയ “അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!” എന്ന പോസ്റ്റും ചേർത്തു് ഒരു പി. ഡി. എഫ്. രൂപത്തിൽ ഒരു പുസ്തകം തയ്യാറാക്കിയിട്ടുണ്ടു്. അതു ഡൗൺ‌ലോഡ് ചെയ്യാൻ വലത്തു വശത്തുള്ള ഐക്കണിൽ ക്ലിക്ക് ചെയ്യുക.

പോസ്റ്റുകളിൽ ഉണ്ടായിരുന്ന ചില അക്ഷരത്തെറ്റുകളും മറ്റും തിരുത്തുകയും അവയെ അല്പം കൂടി നന്നാക്കുകയും ചെയ്തിട്ടുണ്ടു്. കൂടാതെ അവയിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾക്കു് വിപുലമായ റെഫറൻസുകൾ അനുബന്ധമായി ചേർത്തിട്ടുമുണ്ടു്. ഉള്ളടക്കത്തിന്റെ സൂചികയും ഫുട്ട്‌നോട്ടുകളും പോസ്റ്റുകളെ അപേക്ഷിച്ചു് ഇതിന്റെ പ്രത്യേകതയാണു്.

പ്രിന്റു ചെയ്തോ കമ്പ്യൂട്ടറിലോ വായിക്കാൻ ഉതകുന്ന വിധത്തിലാണു് ഇതിന്റെ രൂപകല്പന. ഇതിലെ ഫുട്ട്‌നോട്ട് റെഫറൻസുകൾ, ലിങ്കുകൾ, ഉള്ളടക്കത്തിന്റെ സൂചിക എന്നിവ ക്ലിക്കബിൾ ലിങ്കുകളാണു്. പുസ്തകത്തിൽത്തന്നെയുള്ള ലിങ്കുകളിലേയ്ക്കു ക്രോസ് റെഫറൻസിംഗും വെളിയിലുള്ളവ നേരേ ബ്രൗസറിൽ തുറക്കാനുമുള്ള സം‌വിധാനമുണ്ടു്. ഡോ. ഗോപാലകൃഷ്ണന്റെ വിമർ‌ശനവിധേയമായ എല്ലാ വീഡിയോയിലേക്കുമുള്ള ലിങ്കുകളും പുസ്തകത്തിലുണ്ടു്.

മലയാളം യൂണിക്കോഡ് കമ്പ്യൂട്ടറിൽ കാണാൻ കഴിയാത്തവർ, അച്ചടിച്ച പുസ്തകം വായിക്കാൻ താത്പര്യമുള്ളവർ, യൂണിക്കോഡ് സപ്പോർ‌ട്ടില്ലെങ്കിലും പി. ഡി. എഫ്. വായിക്കാൻ പറ്റുന്ന മൊബൈൽ ഫോണുകളും മറ്റും ഉള്ളവർ തുടങ്ങിയവർക്കു് ഈ പുസ്തകം പ്രയോജനപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. ഇത്തരം പുസ്തകങ്ങൾ കൂടുതൽ ആളുകളിലേക്കു് എത്തേണ്ടതു് ശാസ്ത്രബോധമുള്ള സമൂഹത്തിന്റെ ആവശ്യമാണു്. ഇതു് ഉപയോഗപ്രദമെന്നു തോന്നിയാൽ കൂടുതൽ ആളുകളുമായി പങ്കുവെയ്ക്കുക.


Update (April 19, 2010):

Download e-bookഈ പുസ്തകം മലയാളം പഴയ ലിപിയിൽ കിട്ടിയാൽ കൊള്ളാം എന്നു പലരും ആവശ്യപ്പെട്ടിരുന്നു. അതു് വലത്തു വശത്തുള്ള ഐക്കണിൽ ക്ലിക്കു ചെയ്തു ഡൗൺ‌ലോഡ് ചെയ്യാം.

ഇന്നു് അച്ചടിക്കുന്ന പുസ്തകങ്ങളിൽ ഭൂരിഭാഗവും പുതിയ ലിപിയിൽ ആയതുകൊണ്ടാണു് ഇതും ആദ്യം പുതിയ ലിപിയിൽ തയ്യാർ ചെയ്തതു്. സാധാരണയായി ഞാൻ ഉപയോഗിക്കുന്നതും ബഹുഭൂരിപക്ഷം ഉപയോഗിക്കാത്തതുമായ ഉകാരം ചേർത്ത സം‌വൃതോകാരവും ഈ പുസ്തകത്തിൽ വേണ്ടെന്നു വെച്ചിരുന്നു.

ചുഴിഞ്ഞുനോക്കല്‍
ജ്യോതിശ്ശാസ്ത്രം
ജ്യോത്സ്യം
ഭാരതീയഗണിതം (Indian Mathematics)

Comments (118)

Permalink

സർ‌വ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ – അനുബന്ധം

സർവ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ, ആളു നോക്കി മാറുന്ന യോജന എന്നീ പോസ്റ്റുകളിൽ പ്രതിപാദിച്ചിരിക്കുന്ന വസ്തുതകളുടെ റെഫറൻസുകൾ ചേർക്കാനുള്ള പോസ്റ്റാണു്‌ ഇതു്‌. ഇതിന്റെ പണി മുഴുവനായിട്ടില്ല. സമയം കിട്ടുന്നതനുസരിച്ചു്‌ ഇതിൽ കൂടുതൽ വിവരങ്ങൾ ചേർത്തുകൊണ്ടിരിക്കും.ഭൂമിയുടെ ഗോളാകൃതി

 1. ആര്യഭടീയം ഗോളപാദത്തിലെ ആറാം ശ്ലോകം:

  വൃത്തഭപഞ്ജരമദ്ധ്യേ
  കക്ഷ്യാപരിവേഷ്ടിതഃ ഖമദ്ധ്യഗതഃ
  മൃജ്ജലശിഖിവായുമയോ
  ഭൂഗോളഃ സർ‌വ്വതോവൃത്തഃ

 2. പഞ്ചസിദ്ധാന്തിക (വരാഹമിഹിരൻ) 13.1:

  പഞ്ചമഹാഭൂതമയ-
  സ്താരാഗണപഞ്ജരേ മഹീഗോളഃ
  ഖേഽയസ്കാന്താന്തസ്ഥോ
  ലോഹ ഇവാവസ്ഥിതോ വൃത്തഃ

 3. ബ്രാഹ്മസ്ഫുടസിദ്ധാന്തം (ബ്രഹ്മഗുപ്തൻ) ഗോള 2:

  ശശിബുധഭൃഗുരവികുജഗുരു-
  ശനികക്ഷ്യാവേഷ്ടിതോ ഭകക്ഷ്യാന്തഃ
  ഭൂഗോളഃ സത്ത്വാനാം
  ശുഭാശുഭൈഃ കർമ്മഭിരുപാത്തഃഗ്രഹങ്ങൾ പല ഭാവങ്ങളിൽ നിന്നാലുള്ള ഫലങ്ങൾ – വരാഹമിഹിരന്റെ ബൃഹജ്ജാതകത്തിൽ (ഹോര) നിന്നു്

 1. ചൊവ്വ (കുജൻ)

  ലഗ്നേ കുജേ ക്ഷതതനുർധനഗേ കദന്നോ
  ധർമ്മേഽഘവാൻ ദിനകരപ്രതിമോഽന്യസംസ്ഥഃ (18:6)

  ലഗ്നേ കുജേ ക്ഷതതനുഃ : ചൊവ്വ ലഗ്നത്തിൽ നിന്നാൽ ശരീരത്തിൽ മുറിവുണ്ടാകും.
  ധനഗേ കദന്നഃ : രണ്ടിൽ നിന്നാൽ ചീത്ത ആഹാരം ഭക്ഷിക്കുന്നവനാകും
  ധർമ്മേ അഘവാൻ : ഒമ്പതിൽ നിന്നാൽ പാപിയായിരിക്കും
  അന്യസംസ്ഥഃ ദിനകരപ്രതിമഃ : ബാക്കി സ്ഥലങ്ങളിൽ സൂര്യനെപ്പോലെ തന്നെ ഫലം.
 2. ബുധൻ

  വിദ്വാൻ ധനീ പ്രബലപണ്ഡിതമന്ത്ര്യശത്രുഃ
  ധർമ്മജ്ഞവിശ്രുതഗുണഃ പരതോർക്കവത് ജ്ഞേ. (18:6)

  ജ്ഞേ : ബുധൻ (ലഗ്നം മുതൽ എട്ടു വരെ നിന്നാൽ യഥാക്രമം)
  വിദ്വാൻ : വിദ്വാൻ (1)
  ധനീ : ധനമുള്ളവൻ (2)
  പ്രബല : ബലമുള്ളവൻ (3)
  പണ്ഡിത : പണ്ഡിതൻ (4)
  മന്ത്രി : മന്ത്രി (5)
  അശത്രുഃ : ശത്രുവില്ലാത്തവൻ (6)
  ധർമ്മജ്ഞ : ധർമ്മജ്ഞൻ (7)
  വിശ്രുതഗുണഃ : പ്രസിദ്ധമായ ഗുണങ്ങളുള്ളവൻ (8) (എന്നിവ ഫലം.)
  പരതഃ അർക്ക-വത് : ബാക്കിയുള്ളവയിൽ സൂര്യനെപ്പോലെ.
 3. ശുക്രൻ

  സ്മരനിപുണഃ സുഖിതശ്ച വിലഗ്നേ
  പ്രിയകലഹോഽസ്തഗതേ സുരതേപ്സുഃ
  തനയഗതേ സുഖിതോ ഭൃഗുപുത്രേ
  ഗുരുവദതോഽന്യഗൃഹേ സധനോഽന്ത്യേ (18:8)

  ഭൃഗുപുത്രേ : ശുക്രൻ
  വിലഗ്നേ സ്മരനിപുണഃ സുഖിതഃ : ലഗ്നത്തിൽ കാമശാസ്ത്രത്തിൽ സമർത്ഥനും സുഖമുള്ളവനും
  അസ്തഗതേ പ്രിയകലഹഃ സുരത-ഈപ്സുഃ : ഏഴിൽ കലഹപ്രിയനും സുരതത്തിൽ അത്യാഗ്രഹമുള്ളവനും
  തനയഗതേ സുഖിതഃ : അഞ്ചിൽ സുഖമുള്ളവനും
  അന്ത്യേ സധനഃ : പന്ത്രണ്ടിൽ ധനമുള്ളവനും
  അന്യഗൃഹേ ഗുരുവദതഃ : ബാക്കി ഭാവങ്ങളിൽ വ്യാഴത്തെപ്പോലെ
 4. വ്യാഴം (ഗുരു)

  വിദ്വാൻ സുവാക്യഃ കൃപണഃ സുഖീ ച
  ധീമാനശത്രുഃ പിതൃതോഽധികശ്ച
  നീചസ്തപസ്വീ സധനഃ സലോഭോ
  ഖലശ്ച ജീവേ ക്രമശോ വിലഘ്നാത് (18:7)

  ജീവഃ വിലഘ്നാത് : വ്യാഴം ലഗ്നം തൊട്ടു നിന്നാൽ
  ക്രമശഃ : യഥാക്രമം
  വിദ്വാൻ : (ലഗ്നത്തിൽ) വിദ്വാൻ
  സുവാക്യഃ : (രണ്ടിൽ) നന്നായി സംസാരിക്കുന്നവൻ
  കൃപണഃ (ച) : (മൂന്നിൽ) ദാനം ചെയ്യാത്തവൻ
  സുഖീ : (നാലിൽ) സുഖി
  ധീമാൻ : (അഞ്ചിൽ) ബുദ്ധിമാൻ
  അശത്രുഃ : (ആറിൽ) ശത്രുവില്ലാത്തവൻ
  പിതൃതഃ അധികഃ (ച) : (ഏഴിൽ) പിതാവിനെക്കാളും വലുതായവൻ
  നീചഃ : (എട്ടിൽ) നീചൻ
  തപസ്വീ : (ഒമ്പതിൽ) തപസ്വി
  സ-ധനഃ : (പത്തിൽ) ധനമുള്ളവൻ
  സ-ലോഭഃ : (പതിനൊന്നിൽ) ലോഭമുള്ളവൻ
  ഖലഃ (ച) : (പന്ത്രണ്ടിൽ) ഏഷണിക്കാരൻ
  : (എന്നിവ ഫലം)
 5. ശനി

  അദൃഷ്ടാർത്ഥോ രോഗീ മദനവശഗോഽത്യന്തമലിനഃ
  ശിശുത്വേ പീഡാർത്തഃ സവിതൃസുതലഗ്നേഽത്യലസവാക്
  ഗുരുസ്സ്വർക്ഷോച്ചസ്ഥേ നൃപതിസദൃശോ ഗ്രാമപുരപഃ
  സുവിദ്വാംശ്ചാർവ്വംഗോ ദിനകരസമോഽന്യത്ര കഥിതഃ (18:9)

  സവിതൃസുതലഗ്നേ : ശനി ലഗ്നത്തിലാണെങ്കിൽ
  അദൃഷ്ടാർത്ഥഃ : ധനം കണ്ടിട്ടില്ലാത്തവനും
  രോഗീ : രോഗിയും
  മദനവിവശഃ : കാമാർത്തനും
  അത്യന്തമലിനഃ : വൃത്തികെട്ടവനും
  ശിശുത്വേ പീഡാർത്തഃ : ബാല്യത്തിൽ രോഗമുള്ളവനും
  അതി അലസവാക് : വളരെ അലസമായി സംസാരിക്കുന്നവനും
  : (ആയിരിക്കും. എന്നാൽ)
  ഗുരുഃ-സ്വ-ഋക്ഷ-ഉച്ച-സ്ഥേ : വ്യാഴത്തിന്റെ സ്വക്ഷേത്രമോ ഉച്ചക്ഷേത്രമോ ആയാൽ
  നൃപതി-സദൃശഃ : രാജാവിനെപ്പോലെയുള്ളവനും
  ഗ്രാമ-പുര-പഃ : ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും അധിപനും
  സുവിദ്വാൻ ച : വിദ്വാനും
  അർവ്വംഗഃ : സുന്ദരനും (ആയിരിക്കും)
  അന്യത്ര കഥിതഃ ദിനകരസമഃ : ബാക്കി സ്ഥലങ്ങളിൽ സൂര്യനെപ്പോലെ
 6. സൂര്യൻ (ആദിത്യൻ)

  മുകളിൽ പറഞ്ഞ പല ഫലങ്ങളിലും സൂര്യൻ പല ഭാവങ്ങളിൽ നിൽക്കുന്ന ഫലത്തിന്റെ റെഫറൻസുള്ളതിനാൽ അതും താഴെ.

  മതിവിക്രമവാംസ്തൃതീയഗേഽർക്കേ
  വിസുഖഃ പീഡിതമാനസശ്ചതുർത്ഥേ
  അസുതോ ധവവർജ്ജിതസ്ത്രികോണേ
  ബലവാൻ ശത്രുജിതശ്ച ശത്രുയാതേ. (18:2)

  സ്ത്രീഭിർഗതഃ പരിഭവം മതഗേ പതംഗേ
  സ്വല്പാത്മജോ നിധനഗേ വികലേക്ഷണശ്ച
  ധർമ്മേ സുതാർത്ഥസുഖഭാക് ശ്രുതശൗര്യഭാക് ഖേ
  ലാഭേ പ്രഭൂതധനവാൻ പതിതസ്തു രിഃഫേ (18:3)

  3: ബുദ്ധിമാൻ, പരാക്രമശാലി
  4: ദുഃഖിതൻ, മനസ്സിൽനു് ആധിയുള്ളവൻ
  5: പുത്രനില്ലാത്തവൻ
  6: ബലവാൻ, ശത്രുക്കളെ ജയിക്കുന്നവൻ

  7: സ്ത്രീജനങ്ങളാൽ അപമാനിതൻ
  8: സന്താനം കുറവു്, കാഴചക്കുറവു്
  9: പുത്രന്മാരും ധനവും സുഖവും ഉണ്ടാവും.
  10: ശ്രുതികൾ പഠിച്ചവൻ, ശൗര്യത്തോടു കൂടിയവൻ
  11: വലിയ ധനവാൻ
  12: ജാതിഭ്രംശം വരും

ഗ്രഹങ്ങൾ പല ഭാവങ്ങളിൽ നിന്നാലുള്ള ഫലങ്ങൾ – മന്ത്രേശ്വരന്റെ ഫലദീപികയിൽ നിന്നു്

 1. ചൊവ്വ (കുജൻ)

  ക്ഷതതനുരതിക്രൂരോഽല്പായുസ്തനൗ ഘനസാഹസീ
  വചസി വിമുഖോ നിർ‌വിദ്യാർത്ഥഃ കുജേ കുജനാശ്രിതഃ
  സുഗുണധനവാഞ്ഛൂരോഽധൃഷ്യഃ സുഖീ വ്യനുജോഽനുജേ
  സുഹൃദി വിസുഹൃന്മാതൃക്ഷോണീസുഖാലയവാഹനഃ (8:8)

  കുജേ : ചൊവ്വ
  തനൗ : ലഗ്നത്തിൽ നിന്നാൽ
  ക്ഷതതനുഃ : ദേഹത്തു മുറിവുള്ളവനും
  അതിക്രൂരഃ : വളരെ ക്രൂരനും
  അല്പായുഃ : അല്പായുസ്സും
  ഘന-സാഹസീ : സാഹസികനും (ആയിരിക്കും)
  :
  വചസി : രണ്ടിൽ നിന്നാൽ
  വിമുഖഃ : വിരൂപനും
  നിർ‌-വിദ്യ-അർത്ഥഃ : വിദ്യയും ധനവും ഇല്ലാത്തവനും
  കു-ജന-ആശ്രിതഃ : ചീത്ത ജനത്തെ ആശ്രയിക്കുന്നവനും (ആയിരിക്കും)
  :
  അനുജേ : മൂന്നിൽ നിന്നാൽ
  സു-ഗുണ-ധനവാൻ : നല്ല ഗുണങ്ങളും ധനവും ഉള്ളവനും
  ശൂരഃ : ശൂരനും
  അധൃഷ്യഃ : തോൽ‌പ്പിക്കാൻ കഴിയാത്തവനും
  സുഖീ : സുഖമുള്ളവനും
  വി-അനുജഃ : സഹോദരന്മാരില്ലാത്തവനും (ആയിരിക്കും)
  :
  സുഹൃദി : നാലിൽ നിന്നാൽ
  വിസുഹൃത്-മാതൃ-ക്ഷോണീ-സുഖ-ആലയ-വാഹനഃ : സുഹൃത്തുക്കൾ, അമ്മ, ഭൂമി, സുഖം, വീടു്, വാഹനം ഇവ ഇല്ലാത്തവനും (ആയിരിക്കും)

  വിസുഖതനയോഽനർ‌ത്ഥപ്രായഃ സുതേ പിശുനോഽല്പധീഃ
  പ്രബലമദനഃ ശ്രീമാൻ ഖ്യാതോ രിപൗ വിജയീ നൃപഃ
  അനുചിതകരോ രോഗാർത്തോഽസ്തേഽധ്വഗോ മൃതദാരവാൻ
  കുതനുരധനോല്പായുശ്ഛിദ്രേ കുജേ ജനനിന്ദിതഃ (8:9)

  കുജേ : ചൊവ്വ
  സുതേ : അഞ്ചിൽ നിന്നാൽ
  വി-സുഖ-തനയഃ : സുഖവും മക്കളും ഇല്ലാത്തവനും
  അനർ‌ത്ഥപ്രായഃ : ചെയ്യുന്നതെല്ലാം കുളമാക്കുന്നവനും
  പിശുനഃ : പിശുക്കനും
  അല്പധീഃ : ബുദ്ധി കുറഞ്ഞവനും
  :
  രിപൗ : ആറിൽ നിന്നാൽ
  പ്രബലമദനഃ : കാമകലാവിദഗ്ദ്ധനും
  ശ്രീമാൻ : ഐശ്വര്യമുള്ളവനും
  ഖ്യാതഃ : പ്രശസ്തനും
  വിജയീ : ജയിക്കുന്നവനും
  നൃപഃ : രാജാവും
  :
  അസ്തേ : ഏഴിൽ നിന്നാൽ
  അനുചിതകരഃ : ഉചിതമല്ലാത്തതു ചെയ്യുന്നവനും
  രോഗാർത്തഃ : രോഗാർത്തനും
  അധ്വഗഃ : യാത്ര ചെയ്യുന്നവനും
  മൃതദാരവാൻ : ഭാര്യ മരിച്ചവനും
  :
  ഛിദ്രേ : എട്ടിൽ നിന്നാൽ
  കു-തനുഃ : ചീത്ത ശരീരമുള്ളവനും
  അധനഃ : ധനമില്ലാത്തവനും
  അല്പായുഃ : ആയുസ്സു കുറഞ്ഞവനും
  ജന-നിന്ദിതഃ : ആളുകൾ നിന്ദിക്കുന്നവനും (ആയിരിക്കും)
 2. ബുധൻ

  ദീർഘായുർ‌ജന്മനി ജ്ഞേ മധുരചതുരവാക് സർ‌വ്വശാസ്ത്രാർത്ഥബോധഃ (8:11)
  ….
  സിദ്ധാരംഭഃ സുവിദ്യാബലമതിസുഖസത്കർമ്മസത്യാന്വിതഃ ഖേ (8:13)

  വളരെ സുഖം, നല്ല കർമ്മം, സത്യം ഇവ ഉള്ളവനും (ആയിരിക്കും)

  ജ്ഞേ ജന്മനി : (ബുധൻ) ലഗ്നത്തിൽ ആണെങ്കിൽ
  ദീർഘായുഃ : ദീർഘായുസ്സുള്ളവനും
  മധുര-ചതുര-വാക് : മധുരമായും സമർത്ഥമായും സംസാരിക്കുന്നവനും
  സർ‌വ്വ-ശാസ്ത്ര-അർത്ഥ-ബോധഃ : എല്ലാ ശാസ്ത്രത്തിലും വിവരമുള്ളവനും (ആയിരിക്കും)
  :
  ഖേ : (ബുധൻ) പത്തിൽ ആണെങ്കിൽ
  സിദ്ധ-ആരംഭഃ : നടക്കുന്ന സംരംഭങ്ങൾ തുടങ്ങുന്നവനും
  സു-വിദ്യാ-ബലം : നല്ല വിദ്യയും ബലവും ഉള്ളവനും
  അതി-സുഖ-സത്കർമ്മ-സത്യ-അന്വിതഃ :
 3. ശുക്രൻ

  തനൗ സുതനുദൃക്പ്രിയഃ സുഖിനമേവ ദീർഘായുഷം
  കരോതി കവിരർഥഗഃ കവിമനേകവിത്താന്വിതം ….(8:17)

  കവിഃ : ശുക്രൻ
  തനൗ : ലഗ്നത്തിൽ നിന്നാൽ
  സു-തനു-ദൃക്-പ്രിയഃ സുഖിനം : നല്ല ശരീരവും കാഴ്ചയും ആരോഗ്യവും സുഖവും ഉള്ളവനും
  ഏവ ദീർഘായുഷം : ദീർഘായുസ്സുള്ളവനും
  :
  അർഥഗഃ : രണ്ടിൽ നിന്നാൽ
  കവിം അനേക-വിത്ത-അന്വിതം : കവിയും വളരെ ധനം സമ്പാദിക്കുന്നവനും (ആയിരിക്കും)
 4. വ്യാഴം (ഗുരു)

  …വാഗ്മീ ഭോജനസാരവാംശ്ച സുമുഖോ വിത്തേ ധനീ കോവിദഃ… (8:14)

  വിത്തേ : (വ്യാഴം) രണ്ടിൽ നിന്നാൽ
  വാഗ്മീ : വാഗ്മിയും
  ഭോജന-സാരവാൻ ച : ഭക്ഷണത്തിന്റെ സാരം അറിയുന്നവനും
  സുമുഖഃ : സുമുഖനും
  ധനീ : ധനികനും
  കോവിദഃ : സമർത്ഥനും (ആയിരിക്കും)
 5. ശനി

  സ്വോച്ചേ സ്വകീയഭവനേ ക്ഷിതിപാലതുല്യോ
  ലഗ്നാഽർക്കജേ ഭവതി ദേശപുരാധിനാഥഃ
  ശേഷേഷു ദുഃഖപരിപീഡിത ഏവ ബാല്യേ
  ദാരിദ്ര്യസുഃഖവശഗോ മലിനോഽലസശ്ച (8:20)

  ലഗ്ന-അർക്കജേ : ശനി ലഗ്നത്തിൽ നിന്നാൽ
  സ്വ-ഉച്ചേ സ്വകീയ-ഭവനേ : അതു്‌ ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ ആയാൽ
  ക്ഷിതി-പാല-തുല്യഃ : രാജാവിനു തുല്യനായ
  ദേശ-പുര-അധി-നാഥഃ : നാടുകളുടെയും പട്ടണങ്ങളുടെയും നാഥനാകും.
  ശേഷേഷു : ബാക്കിയുള്ള ഇടങ്ങളിൽ
  ദുഃഖ-പരി-പീഡിതഃ ഏവ ബാല്യേ : ബാല്യത്തിൽത്തന്നെ ദുഃഖം കൊണ്ടു പീഡിതനും
  ദാരിദ്ര്യ-ദുഃഖ-വശഗഃ : ദാരിദ്ര്യം കൊണ്ടു വലഞ്ഞവനും
  മലിനഃ : മലിനനും
  അലസഃ ച : അലസനും
  ഭവതി : ആയിരിക്കും

  വിമുഖമധനമർഥേഽന്യായവന്തം ച പശ്ചാ-
  ദിതരജനപദസ്ഥം യാനഭോഗാർഥയുക്തം
  വിപുലമതിമുദാരം ദാരസൗഖ്യം ച ശൗര്യേ
  ജനയതി രവിപുത്രശ്ചാലസം വിക്ലവം ച (8:21)

  രവി-പുത്രഃ : ശനി
  അർഥേ : രണ്ടിൽ നിന്നാൽ
  വിമുഖം : വിരൂപനും
  അധനം : ധനമില്ലാത്തവനും
  അന്യായവന്തം ച : അന്യായം ചെയ്യുന്നവനും
  പശ്ചാത് : വയസ്സുകാലത്തു്‌
  ഇതര-ജന-പദ-സ്ഥം : അന്യനാട്ടിൽ താമസിക്കുന്നവനും
  യാന-ഭോഗ-അർഥ-യുക്തം : വാഹനവും ആഡംബരവും ധനവും ഉള്ളവനും ആകും.

  ശനൈശ്ചരേ മൃതിസ്ഥിതേ മലീമസോഽർ‌ശസോഽവസുഃ
  കരാളധീർ‌ബുഭുക്ഷിതഃ സുഹൃജ്ജനാവമാനിതഃ (8:23)

  ശനൈശ്ചരേ മൃതിസ്ഥിതേ : ശനി എട്ടിൽ നിന്നാൽ
  മലീമസഃ : വൃത്തികെട്ടവനും
  അർശസഃ : മൂലക്കുരു ഉള്ളവനും
  അവസുഃ : ധനമില്ലാത്തവനും
  കരാള-ധീഃ : ക്രൂരനും
  ബുഭുക്ഷിതഃ : എപ്പോഴും വിശപ്പുള്ളവനും
  സുഹൃത്-ജന-അവമാനിതഃ : കൂട്ടുകാർ മാനിക്കാത്തവനും (ആകും)

ചുഴിഞ്ഞുനോക്കല്‍
ജ്യോത്സ്യം
ഭാരതീയഗണിതം (Indian Mathematics)

Comments Off on സർ‌വ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ – അനുബന്ധം

Permalink

സർവ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ*

*ചൊവ്വാദോഷം എന്ന പ്രയോഗം തെറ്റാണു്. ചൊവ്വദോഷം എന്നു മതി. എങ്കിലും വഞ്ചിതരാകുന്ന മലയാളികളുടെ കണ്ണിലെ വലിയ കോലുകൾ എടുത്തു കളയാൻ ശ്രമിക്കുന്ന ഈ പോസ്റ്റിന്റെ ശീർഷകത്തിൽ ഒരു ചെറിയ കരടെങ്കിലും വേണ്ടേ?

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ ഡോ. എൻ. ഗോപാലകൃഷ്ണനെപ്പറ്റി ഞാൻ ഒന്നിലധികം തവണ ഈ ബ്ലോഗിൽ എഴുതിയിട്ടുണ്ടു്. മതപ്രസംഗങ്ങൾ പുരാണകഥകളിലും മനുഷ്യന്റെ തലയ്ക്കു മുകളിൽ കൂടി മാത്രം പോകുന്ന ആദ്ധ്യാത്മികതത്ത്വങ്ങളിലും മാത്രം ഒതുങ്ങി നിന്ന കാലത്തു് ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ഹൈന്ദവതത്ത്വങ്ങൾ വിശദീകരിച്ചു കൊണ്ടു് ശ്രദ്ധ നേടിയ പ്രഭാഷകനാണു് അദ്ദേഹം. ഹൈന്ദവസമൂഹത്തിൽ ഉണ്ടായിരുന്ന പല അന്ധവിശ്വാസങ്ങളെയും മിഥ്യാധാരണകളെയും തിരുത്താൻ ശ്രമിക്കുക വഴി ഒരു പുരോഗമനവാദി എന്ന പേരും ആദ്യകാലത്തു് അദ്ദേഹം നേടിയിരുന്നു.

IISH-ന്റെ നേതൃത്വത്തിൽ ഭാരതീയപൈതൃകത്തെയും ഭാരതത്തിന്റെ ശാസ്ത്രപാരമ്പര്യത്തെയും പറ്റി ധാരാളം പുസ്തകങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പലയിടത്തു നിന്നായി ശേഖരിച്ച വിവരങ്ങൾ അടങ്ങിയ Indian Scientific Heritage എന്ന പുസ്തകം അബദ്ധങ്ങൾ നിറഞ്ഞതാണെങ്കിലും ഇത്തരത്തിൽ ആദ്യത്തേതാണു്. ആര്യഭടീയം തുടങ്ങി പല പുസ്തകങ്ങളും അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുമുണ്ടു്.

ഇത്തരം ചില ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നു സമ്മതിക്കുമ്പോള്‍ തന്നെ, പ്രസിദ്ധീകരണങ്ങളും പ്രഭാഷണങ്ങളും വഴി അദ്ദേഹം പ്രചരിപ്പിക്കുന്ന കള്ളത്തരങ്ങളും പ്രതിലോമകരങ്ങളായ ആശയങ്ങളും കണ്ടില്ലെന്നു നടിക്കാന്‍ വയ്യ. സ്വയം ശാസ്ത്രജ്ഞനെന്ന് അവകാശപ്പെടുമ്പോഴും, അദ്ദേഹം ചരിത്രത്തെ സമീപിക്കുന്നതു് ശാസ്ത്രീയത ഒട്ടുമില്ലാതെ, വ്യക്തമായ സ്ഥാപിത താത്പര്യങ്ങൾ വെച്ചാണു്. പ്രാചീനഭാരതത്തിനു് ഇല്ലാത്ത മഹത്ത്വം ചാർത്താനും മറ്റു രാജ്യങ്ങളിലുണ്ടായിരുന്ന വിദ്യയെ ഇകഴ്ത്താനുമുള്ള ഇദ്ദേഹത്തിന്റെ ശ്രമത്തിനു തെളിവുകളായി സത്യവിരുദ്ധമായ പ്രസ്താവനകളാണു് പ്രാചീനഭാരതീയഗ്രന്ഥങ്ങളിൽ നിന്നു് എന്നു പറഞ്ഞു് ഇദ്ദേഹം നിരത്തുന്നതു്.

ഡോ. ഗോപാലകൃഷ്ണൻ നടത്തിയ ഒരു പ്രഭാഷണപരമ്പരയിൽ ഡാർ‌വിന്റെ പരിണാമസിദ്ധാന്തവും ഹൈസൻബെർഗിന്റെ അൺസേർട്ടന്റി പ്രിൻസിപ്പിളും പ്രാചീനഭാരതീയകൃതികളിലുണ്ടെന്നു പറഞ്ഞതിനെ സൂരജ് സയന്റിഫിക് ഉഡായിപ്പ്: ഗോപാലകൃഷ്ണന്റെ ‘വാത’ങ്ങൾ എന്ന പോസ്റ്റിൽ പൊളിച്ചടുക്കിയിരുന്നു. സായണന്റെ ഒരു വാക്യത്തിന്റെ അർത്ഥം പ്രകാശപ്രവേഗം കൃത്യമായി തരുന്നതാണെന്നുള്ള വാദം ഉന്നയിച്ച പലരും അതിനു പല കണക്കുകളും ഉപയോഗിക്കുന്നതിനെ വിമർശിച്ച എന്റെ ആളു നോക്കി മാറുന്ന യോജന എന്ന പോസ്റ്റിൽ ഡോ. ഗോപാലകൃഷ്ണന്റെ മറ്റൊരു കള്ളത്തരത്തെപ്പറ്റി പരാമർശിച്ചിരുന്നു. ഈ രണ്ടു പോസ്റ്റുകളുടെ ഫലമാണെന്നു തോന്നുന്നു, ഡോ. ഗോപാലകൃഷ്ണന്റെ ആ വീഡിയോ സീരീസ് യൂട്യൂബിൽ നിന്നു് അപ്രത്യക്ഷമായി. ഈ വീഡിയോകളിൽ പൊട്ടത്തെറ്റുകളാണെന്നു ബോദ്ധ്യമായതു കൊണ്ടാവണമല്ലോ സംഘാടകർക്കു് അതു മാറ്റണമെന്നു തോന്നിയതു്.

പക്ഷേ, ഒരു സെറ്റു വീഡിയോകൾ എടുത്തുകളഞ്ഞതുകൊണ്ടു മാത്രം ഈ കള്ളത്തരങ്ങളുടെ തെളിവുകൾ ഇല്ലാതാവുന്നില്ല. ഡോ. ഗോപാലകൃഷ്ണൻ നടത്തിയ അസംഖ്യം പ്രഭാഷണങ്ങൾ ഓഡിയോ കാസറ്റുകളായി വിറ്റഴിച്ചിട്ടുണ്ടു്. അതുപോലെ, അദ്ദേഹം എഴുതിയ പല പുസ്തകങ്ങളും അബദ്ധപ്പഞ്ചാംഗങ്ങളായി ഇംഗ്ലീഷിലും മലയാളത്തിലും പല രൂപങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. ഇവയൊക്കെ അല്പസ്വല്പം വിദ്യാഭ്യാസമുള്ളവരെ നോക്കി പല്ലിളിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു സെറ്റു വീഡിയോകൾ ഡിലീറ്റു ചെയ്തു് ആളുകളുടെ കണ്ണുകളിൽ പൊടിയിടാമെന്ന മൗഢ്യം ഡോ. ഗോപാലകൃഷ്ണനും IISH-നും ഉണ്ടാവില്ല എന്നു പ്രതീക്ഷിക്കുന്നു.

ഡിലീറ്റു ചെയ്ത വീഡിയോകൾ വലിയ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണു്. അതിലുള്ളതിലും വലുതും ഭീകരവുമായ അബദ്ധങ്ങളും അവകാശവാദങ്ങളും അടങ്ങിയ പലതും ഇനിയും കിടക്കുന്നതേയുള്ളൂ. കഴിഞ്ഞ വർഷം നടന്ന ഒരു ഹിന്ദുമഹാസമ്മേളനത്തിൽ ശ്രീ ഗോപാലകൃഷ്ണൻ നടത്തിയ ഒരു പ്രഭാഷണം 13 എപിസോഡുകളായി ഇപ്പോഴും യൂട്യൂബിലുണ്ടു്. (Link: 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13. ഇന്നു തന്നെ എല്ലാം കാണുക. നാളെ ഒരു പക്ഷേ അവ ഡിലീറ്റ് ചെയ്തെന്നിരിക്കും!) ജ്യോതിഷം എന്നു പറയുന്ന കപടശാസ്ത്രത്തിന്റെ ശാസ്ത്രീയതയും വിശ്വാസ്യതയും ഊന്നിപ്പറയുകയാണു് ഈ സീരീസിൽ ചെയ്യുന്നതു്. കൂട്ടത്തിൽ ജ്യോത്സ്യന്മാർ (താനും തന്നെപ്പോലെ ശാസ്ത്രജ്ഞന്മാർ രൂപഭേദം വന്ന ചിലരും ഒഴികെ), ജ്യോതിഷം പഠിച്ചവർ, പൊതുജനം, തന്റെ പ്രസംഗം കേൾക്കുന്നവർ, യുക്തിവാദികൾ തുടങ്ങിയവർ പരമമണ്ടന്മാരാണെന്നു പ്രഖ്യാപിക്കുകയും തനിക്കു കിട്ടിയ ബിരുദങ്ങളെയും ബഹുമതികളെയും പേറ്റന്റുകളെയും പറ്റി പൊങ്ങച്ചം പറയുകയും തന്റെ പ്രസംഗം ഒരുപാടു് ആളുകളെ ഹഠാദാകർഷിച്ചിട്ടുണ്ടെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ടു് ഇദ്ദേഹം.

അസംബന്ധങ്ങളുടെ ഘോഷയാത്രയാണു് ഈ സീരീസ്. ഇദ്ദേഹത്തിനു സയൻസ് മാത്രമല്ല, ജ്യോതിഷവും അറിയില്ല എന്നു് ഈ പ്രസംഗം വെളിവാക്കുന്നു. ചില ഉദാഹരണങ്ങൾ താഴെ.

(ഈ പോസ്റ്റിനോടൊപ്പം സൂരജിന്റെ ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസർത്തുകൾ എന്ന പോസ്റ്റു കൂടി വായിക്കുക. ഈ പോസ്റ്റ് ഡോ. ഗോപാലകൃഷ്ണന്റെ പ്രഭാഷണത്തിലെ വസ്തുതകളിലുള്ള മണ്ടത്തരങ്ങളും വളച്ചൊടിക്കലും ചൂണ്ടിക്കാണിക്കുമ്പോൾ, സൂരജിന്റെ പോസ്റ്റ് അതു പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ആശയങ്ങളുടെ പൊള്ളത്തരവും കാമ്പില്ലായ്മയും ഭംഗിയായി വിശദീകരിക്കുന്നു.)


ആ!

ഡോ. ഗോപാലകൃഷ്ണന്റെ ഈ പ്രസംഗപരമ്പരയുടെ സാരാംശം അദ്ദേഹം തന്നെ ആറ്റിക്കുറുക്കി നാലാമത്തെ വീഡിയോയിൽ 10:29 മുതൽ 10:58 വരെയുള്ള ഭാഗത്തു പറയുന്നുണ്ടു്.

ഒരു പ്രത്യേകഗ്രഹത്തിനു കുറെ കാരകങ്ങളു കൊടുത്തിരിക്കാം. ആരാ കൊടുത്തത്? ഋഷിവര്യന്മാര്. എന്തുകൊണ്ടാ കൊടുത്തത്? അങ്ങനെയുള്ളതാ ഗ്രഹത്തിനെന്തുകൊണ്ടാ കൊടുത്തത്, ഒരൊറ്റ ഉത്തരേയുള്ളൂ. എന്തുകൊണ്ട് ഈ ഗ്രഹത്തിനു ഇങ്ങനെയുള്ള കാരകത്വം കൊടുത്തുയെന്നുള്ളതിനെന്താ ഉത്തരം? മലയാളത്തില് രണ്ടാമത്തെ അക്ഷരം. എന്താ ഉത്തരം? ആ!
download MP3

ഇതു് ഈ സീരീസിൽ പലയിടത്തും ആവർത്തിക്കുന്നുണ്ടു്. ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കൊക്കെ “ആ…” എന്നൊരുത്തരവും ചോദ്യകർത്താവിനെ അവഹേളിച്ചുകൊണ്ടു് ഒരു ചിരിയും.

ഇദ്ദേഹം എന്താണു പറയുന്നതെന്നുള്ളതിന്റെ ഉത്തരവും ഇതു തന്നെ. ആ! നമുക്കു് ആ ആപ്തവാക്യങ്ങൾ ഓരോന്നായി കേൾക്കാം.കലിവർഷം സ്പെയിനിലും ജെർമനിയിലും അമേരിക്കയിലും!


ഏറ്റവും വിചിത്രമായ അവകാശവാദം വീഡിയോ 2-ൽ 05:47 മുതൽ 06:22 വരെയാണു്. കേൾക്കുക:

ഒന്നുകൂടി നമ്മളറിയണം. 1820 വരെ ഏ.ഡിയുമുണ്ടായിരുന്നില്യ, ബി.സിയുമുണ്ടായിരുന്നില്ല്യ… ലോകമെമ്പാടും, സ്പെയിനിലാണെങ്കിലും ഇംഗ്ലണ്ടിലാണെങ്കിലും ജെർമനിയിലാണെങ്കിലും അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരായിരുന്ന… സോറി… റെഡ് ഇന്ത്യന്‍സും ഉപയോഗിച്ചിരുന്നത് K.E ആണ് – കലി ഇറ! കലിവര്‍ഷം ആരംഭിച്ചത് ഏത് ദിവസം മുതല്‍ക്കാണോ ആ ദിവസമാണ് എടുത്തിരുന്നത്. ഏ.ഡി , ബി.സി ഒക്കെ പിന്നീടാ വന്നത്. കെ.ഇ കുറേ കാലമായിട്ടുണ്ട്.
download MP3

അതായതു് 1820 വരെ AD, BC എന്നിവ ആരും ഉപയോഗിച്ചിരുന്നില്ല. പകരം KE (കലി ഇറ) ആണു് സ്പെയിൻ, ജെർമനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്നതത്രേ! ഇത്തരം ഉഡായിപ്പു് ഒരു സദസ്സിന്റെ മുന്നിൽ നിന്നു വിളിച്ചു പറയാൻ ഇങ്ങേർക്കു് ഒരു ഉളുപ്പുമില്ലായിരുന്നു എന്നതും, അതു കേട്ട വിദ്യാസമ്പന്നന്മാരായ മലയാളികൾ ഒരക്ഷരം പോലും ചോദിച്ചില്ല എന്നതും വിചിത്രമായിരിക്കുന്നു. ഏഡിയും ബീസിയും ആറാം നൂറ്റാണ്ടു തൊട്ടേ ഉപയോഗിച്ചിരുന്നു എന്നതിനു തെളിവുണ്ടു്. പതിനാറാം നൂറ്റാണ്ടിൽ ഈ കലണ്ടറിനെ പരിഷ്കരിച്ചു് ജൂലിയൻ രീതിക്കു പകരം ഗ്രിഗോറിയൻ രീതി മൂന്നുനാലു നൂറ്റാണ്ടു കൊണ്ടു് ലോകം മുഴുവൻ നടപ്പിലാക്കിയ കാര്യം അല്പസ്വല്പം വിദ്യാഭ്യാസമുള്ള എല്ലാവർക്കും അറിയാം. എന്നിട്ടാണു് ഇങ്ങനെയൊരു ഉദീരണം!

ഇതു കഴിഞ്ഞു് ഗ്രീനിച്ച് രേഖ അംഗീകരിക്കുന്നതിനു മുമ്പു് ലോകം മുഴുവൻ ഭാരതത്തിലെ ഉജ്ജയിനിയിലൂടെ പോകുന്ന രേഖാംശമാണു് സമയനിർണ്ണയത്തിനുപയോഗിച്ചിരുന്നതു് എന്നും പറയുന്നുണ്ടു്. എന്തൊരു തമാശ!1473-ൽ നിന്നു് 500 കുറച്ചാൽ 2500!

ഒന്നാം വീഡിയോയിൽ 09:13 മുതൽ 10:21 വരെ ഒരു തകർപ്പുണ്ടു്. കേൾക്കുക:

ഈ ജ്യോതിഷത്തില്‍ ഉപയോഗിച്ചിരിക്കുന്ന അസ്ട്രോണമിക്കല്‍ കണ്‍സെപ്റ്റ് — അത് നൂറ് ശതമാനവും അള്‍ട്രാ മോഡേണ്‍ അസ്ട്രോണമിയാണ്. ഭൂമി ഉരുണ്ടതാണ് എന്നുള്ളത് നമ്മുടെ ജ്യോതിഷത്തിലുമുണ്ട് : “മൃത് ജല ശിഖി വായുമയോ ഭൂഗോളഃ സര്‍വ്വതോ വൃത്തഃ”. മൃത്- മണ്ണ്; ജലം, ശിഖി-അഗ്നി; വായുമയോ ഭൂഗോള – ഗോളമെന്ന വാക്കിന്റെ അര്‍ത്ഥമറിയാം… സര്‍വ്വതോ വൃത്തഃ ചന്ദ്രനെ എവിടെനിന്ന് നോക്കിയാലും വൃത്താകൃതിയിലാകുന്നത് പോലെ ഭൂമിയെ എവിടെ നിന്ന് നോക്കിയാലും spherical shape ഉള്ള ഭൂമി വൃത്താകൃതിയിലാണ്.

അതുകൊണ്ട് ജ്യോതിഷത്തിലെ കാല്‍ക്കുലേഷന്‍ നടത്തിയിരിക്കുന്നത്, കോപ്പര്‍നിക്കസും ഗലീലിയോയും കെല്‍‌വിനും സര്‍ ഐസക് ന്യൂട്ടനും അതേ പോലെയുള്ളവരും ജനിക്കുന്നതിന് 2500 വര്‍ഷങ്ങള്‍ക്ക് മുന്‍പാണെങ്കിലും അന്നും ഭാരതീയര്‍ക്ക് ഭൂഗോളമെന്ന കണ്‍സെപ്റ്റ് തന്നെയുണ്ടായിരുന്നു – അത് ഭാഗവതത്തില് വായിച്ചാല്‍ ഭൂഗോളവിവരണാധ്യായം എന്ന നാലധ്യായങ്ങളുണ്ട്…

download MP3

കോപ്പർനിക്കസിന്റെയും ഗലീലിയോയുടെയും ന്യൂട്ടന്റെയും കൂടെ കെൽ‌വിനെ എന്തിനു കൂട്ടിക്കെട്ടി എന്നു മനസ്സിലാകുന്നില്ല. ഒരു പക്ഷേ കെപ്ലറെയായിരിക്കും കെൽ‌വിൻ എന്നു പറഞ്ഞതു്. (കീറ്റ്സ് എന്നു പറഞ്ഞില്ലല്ലോ, ഭാഗ്യം!) കോപ്പർനിക്കസ് ജനിച്ചതു് 1473-ൽ. അതിനു് 2500 വർഷം മുമ്പെന്നു പറഞ്ഞാൽ ബി. സി. 1028. ആദ്യത്തെ ശുൽബസൂത്രത്തിനു പോലും ബി. സി. എട്ടാം നൂറ്റാണ്ടിൽ കൂടുതൽ പഴക്കമില്ല എന്നാണു് അനുമാനം. അതിനു മുമ്പു് ഭൂമി സൂര്യനെ ചുറ്റുന്നു എന്നു് അറിഞ്ഞിരുന്നത്രേ!

ഇതിൽ ഉദ്ധരിക്കുന്ന സംസ്കൃതവാക്യം ആര്യഭടീയം ഗോളപാദത്തിലെ ആറാം ശ്ലോകത്തിൽ നിന്നാണു്. (ആര്യഭടനു ശേഷം ബ്രഹ്മഗുപ്തനും വരാഹമിഹിരനും ഇതു പറഞ്ഞിട്ടുണ്ടു്. നാലു മൂലകങ്ങൾ അവിടെ പഞ്ചഭൂതങ്ങളായി എന്നു മാത്രം. വിശദവിവരങ്ങൾ ഇവിടെ.)

വൃത്തഭപഞ്ജരമദ്ധ്യേ
കക്ഷ്യാപരിവേഷ്ടിതഃ ഖമദ്ധ്യഗതഃ
മൃജ്ജലശിഖിവായുമയോ
ഭൂഗോളഃ സർ‌വ്വതോവൃത്തഃ

അർത്ഥം: വൃത്താകൃതിയിലുള്ള നക്ഷത്രക്കൂട്ടത്തിന്റെ നടുക്കു സ്ഥിതി ചെയ്യുന്നതും, ഗ്രഹങ്ങൾ നിറഞ്ഞ ആകാശത്തിന്റെ (ബ്രഹ്മാണ്ഡത്തിന്റെ എന്നാണു ഭാസ്കരൻ ഒന്നാമന്റെ വ്യാഖ്യാനം) മദ്ധ്യത്തിലുള്ളതും, മണ്ണു്, ജലം, അഗ്നി, വായു എന്നിവ നിറഞ്ഞതുമായ ഭൂഗോളം എല്ലായിടത്തും വൃത്താകൃതി ഉള്ളതാണു്.

ഓഫ്‌ടോപ്പിക്: ഈ ചതുർഭൂതസിദ്ധാന്തം ബാബിലോണിയയിൽ നിന്നു വന്നതാണു്. അനു (അഗ്നി), ഈയ (ജലം) എന്‍‌ലില്‍ (വായു) മാര്‍ദൂക് (ഭൂമി). നാലു ദിക്കുകൾക്കു് അധിപർ. അരിസ്റ്റോട്ടലിന്റെ കാലത്തു് ഇതു “ശാസ്ത്രം” ആയി. മണ്ണു്, ജലം, വായു, അഗ്നി എന്നിവ ക്രമാൽ മുകളിലായി സ്ഥിതി ചെയ്യുന്നുവെന്നും, ഓരോന്നും അതിന്റെ സവിശേഷസ്വഭാവം തേടുന്നു എന്നും, അതിനാൽ വെള്ളത്തിലെ വായു മുകളിലേക്കും, വായുവിലെ അഗ്നി മുകളിലേക്കും, വെള്ളത്തിൽ മണ്ണു കീഴേയ്ക്കും പോകുന്നു എന്നൊരു ഗമണ്ടൻ ഗ്രാവിറ്റി തിയറി അരിസ്റ്റോട്ടിൽ കൊണ്ടുവന്നിരുന്നു! ഇന്ത്യയിൽ ഇതു് എപ്പോഴോ ആകാശവും കൂടെ കൂടി പഞ്ചഭൂതമായി.

ക്രിസ്തുവിനു ശേഷം അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എഴുതിയ ആര്യഭടീയത്തിലെ ഒരു ഭാഗമാണു് പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കോപ്പർനിക്കസിനും 2500 വർഷം മുമ്പിലുള്ള ആർഷഭാരതജ്ഞാനമായി എടുത്തു കീച്ചുന്നതു്! (ബാക്കി ഉദ്ധരണികൾക്കൊക്കെ പുസ്തകത്തിന്റെയോ ആളിന്റെയോ പേരും എഴുതിയ തീയതിയുമൊക്കെ പറയുന്ന വിദ്വാൻ ഇവിടെ അതിനെപ്പറ്റി സൗകര്യപൂർ‌വ്വം വിട്ടുകളഞ്ഞതു കണ്ടോ?) കണക്കുകൾ കൃത്യം കൃത്യമായി ഉദ്ധരിക്കുന്ന ശ്രീ ഗോപാലകൃഷ്ണനു നൂറ്റാണ്ടുകളുടെ കണക്കു തെറ്റി എന്നു ഞാൻ കരുതുന്നില്ല. ആര്യഭടീയത്തിന്റെ വ്യാഖ്യാനമെഴുതിയ അദ്ദേഹത്തിനു് ഈ ശ്ലോകം ആര്യഭടീയത്തിലേതാണെന്നു് അറിയില്ലായിരുന്നു എന്നും വിശ്വസിക്കാൻ കഴിയില്ല. പിന്നെ എന്തുകൊണ്ടാണു് അദ്ദേഹം ഇതു് കോപ്പർ‌നിക്കസിനും 2500 കൊല്ലം മുമ്പുള്ളതാണെന്ന പച്ചക്കള്ളം തട്ടിവിടുന്നതു്?

മാത്രമല്ല, ഭൂമിയാണു പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നു വ്യക്തമായി പറഞ്ഞിരിക്കുന്ന ശ്ലോകമാണു് ഭൂമി സൂര്യനെ ചുറ്റുന്നു എന്നതിന്റെ തെളിവായി ഉദ്ധരിക്കുന്നതു്! ഭൂമിയാണു കേന്ദ്രം എന്നർത്ഥമുള്ള ഭാഗം മറച്ചുവെച്ചതു വെറുതെയാണോ?

എന്തായാലും പ്രാചീനഗ്രീക്ക് ഫിലോസഫിയിൽ ഭൂമി ഗോളമാണെന്നു പറഞ്ഞിരുന്നു. ബി.സി. ആറാം നൂറ്റാണ്ടിൽ പിഥഗോറസ് വ്യക്തമായി അതു പറഞ്ഞിരുന്നു. അതിനു് ആദ്യമായി ഒരു ശാസ്ത്രീയവിശദീകരണം നൽകിയതു് അരിസ്റ്റോട്ടിൽ (ബി. സി. നാലാം നൂറ്റാണ്ടു്) ആണു്. ചില സ്ഥലങ്ങളിൽ നിന്നു ദൃശ്യമായ ചില നക്ഷത്രങ്ങൾ മറ്റു ചില സ്ഥലങ്ങളിൽ നിന്നു ദൃശ്യമല്ല എന്നതായിരുന്നു ആ വിശദീകരണം. ബി. സി. മൂന്നാം നൂറ്റാണ്ടിൽ ഐതിഹാസികമായ ഒരു പരീക്ഷണത്തിലൂടെ ഇറാത്തോസ്തനീസ് ഭൂമിയുടെ വലിപ്പം കണക്കുകൂട്ടി.

ഭാരതീയർ ഭൂഗോളത്തെ മനസ്സിലാക്കുന്നതു് ഇതിനു ശേഷമാണു്. ആര്യഭടൻ ഭൂമിയും മറ്റു ഗ്രഹങ്ങളും ഗോളാകൃതിയിലാണെന്നു പറയുകയും അവയുടെ വലിപ്പം പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടു്. എന്തായാലും, ഇവരാരും തന്നെ ഭൂമി സൂര്യനെ ചുറ്റുന്നു എന്നു പറഞ്ഞിട്ടില്ല. അരിസ്റ്റാർക്കസിനെ (ക്രി. മു. മൂന്നാം നൂറ്റാണ്ടു്) ഒഴിച്ചുനിർത്തിയാൽ, കോപ്പർനിക്കസിനു മുമ്പു് ഈ സിദ്ധാന്തം ആരും പറഞ്ഞിട്ടില്ല. ആര്യഭടനും (അഞ്ചാം നൂറ്റാണ്ടു്) ബ്രഹ്മഗുപ്തനും(ഏഴാം നൂറ്റാണ്ടു്) ഭാസ്കരനും (പന്ത്രണ്ടാം നൂറ്റാണ്ടു്) ഒക്കെ ഭൂകേന്ദ്രസിദ്ധാന്തികളായിരുന്നു. സൗരയൂഥസിദ്ധാന്തത്തോടു് ഏറ്റവും അടുത്തു നിൽക്കുന്ന തിയറി ആവിഷ്കരിച്ച ഭാരതീയശാസ്ത്രജ്ഞൻ മാധവൻ (പതിനാലാം നൂറ്റാണ്ടു്) ആണു്. സൂര്യനും ചന്ദ്രനും ഭൂമിയെ ചുറ്റുന്നുവെന്നും മറ്റു ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നുവെന്നുമുള്ള സിദ്ധാന്തമായിരുന്നു അതു്. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രഹങ്ങളുടെ വക്രഗതി (Retrograde motion)യെ വിശദീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. (വക്രഗതിയെപ്പറ്റി സൂരജിന്റെ ലേഖനത്തിൽ വിശദമായി വായിക്കാം.)

ഭൂമി ഒരു ഗോളമാണെന്ന അറിവു വേറേ; അതു സൂര്യനെ ചുറ്റുന്നു എന്ന അറിവു വേറേ. ആദ്യത്തേതു് ആര്യഭടീയത്തിലുണ്ടു്. അതു വ്യാഖ്യാനിക്കുമ്പോൾ അതിനു് രണ്ടാമത്തെ അർത്ഥവുമുണ്ടു് എന്നു് ഡോ. ഗോപാലകൃഷ്ണൻ തെറ്റായി പലയിടത്തും പറഞ്ഞിട്ടുണ്ടു്.

ഇനി, ഭാഗവതത്തിൽ ഭൂഗോളവിവരണാദ്ധ്യായം എന്ന പേരിൽ നാലദ്ധ്യായം പോയിട്ടു് ഒരദ്ധ്യായം പോലുമില്ല. “ഭുവനകോശവർണ്ണനം” എന്ന പേരിൽ ഒരെണ്ണമുണ്ടു്. അഞ്ചാം സ്കന്ധത്തിലെ പതിനാറാം അദ്ധ്യായം. ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ച ഭാഗവതം (മൂലം – മലയാളം) പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ (Table of contents) ഈ അദ്ധ്യായത്തിന്റെ പേരു് “ഭൂഗോളവർണ്ണനം” എന്നാണെന്നു പറഞ്ഞിട്ടുണ്ടു്. (എവിടെയൊക്കെ ആരൊക്കെ കൂട്ടിച്ചേർക്കുന്നുണ്ടു ഭഗവാനേ!) ആ അദ്ധ്യായത്തിന്റെ ശരിയായ പേരു് “ഭുവനകോശവർണ്ണനം” എന്നാണു്. പൂർണ്ണമായും ഗദ്യത്തിലുള്ള ഈ അദ്ധ്യായത്തിൽ (ഭാഗവതത്തിൽ ഗദ്യത്തിലുള്ള ഭാഗങ്ങൾ പിൽക്കാലത്തു കൂട്ടിച്ചേർത്തതാണെന്നാണു പണ്ഡിതാഭിപ്രായം) “ഭൂഗോളകവിശേഷം” എന്ന ഒരു വാക്കു മാത്രമാണു് ആകെ ഗോളപരാമർശം. അതിനു ശേഷമുള്ള വർണ്ണന ബഹുവിശേഷം: യോ വായം ദ്വീപഃ കുവലയകമലകോശാഭ്യന്തരകോശോ നിയുതയോജനവിശാലഃ സമവർത്തുളോ യഥാ പുഷ്കരപത്രം. യസ്മിൻ നവവർഷാണി നവയോജനസഹസ്രായാമാന്യഷ്ടിർമര്യാദാ ഗിരിഭിഃ സുവിഭക്താനി ഭവന്തി. ഏഷാം മദ്ധ്യേ ഇളാവൃതം നാമാഭ്യന്തരവർഷം യസ്യ നാഭ്യാമവസ്ഥിതഃ സർ‌വ്വതഃ സൗവർണ്ണഃ… എന്നു പോകുന്നു. അർത്ഥം ചുരുക്കിപ്പറഞ്ഞാൽ: താമരയില പോലെ കൃത്യം വട്ടത്തിൽ നിയുതം (നിയുതത്തിനു ലക്ഷം, പത്തു ലക്ഷം, പതിനായിരം കോടി എന്നൊക്കെ അർത്ഥം കണ്ടിട്ടുണ്ടു്. സൗകര്യം പോലെ എടുക്കാം.) യോജന (ദാ പിന്നെയും വന്നു യോജന!) വിസ്താരത്തിൽ ഉള്ള സാധനമാണു ഭൂമി. ഒമ്പതിനായിരം യോജന വീതം വലിപ്പമുള്ള ഒമ്പതു ദേശങ്ങളും അവയ്ക്കിടയിലായി എട്ടു പർ‌വ്വതങ്ങളുമുണ്ടു്. ഇവയുടെ കൃത്യം മദ്ധ്യത്തിൽ സ്വർണ്ണമയമായ ഇള സ്ഥിതി ചെയ്യുന്നു…

ഈപ്പറയുന്ന താമരയില സൗരയൂഥമാണെന്നും ഇള സൂര്യനാണെന്നും ഒമ്പതു ദേശങ്ങൾ ബുധൻ മുതൽ പ്ലൂട്ടോ വരെയുള്ള ഗ്രഹങ്ങളാണെന്നും ഒക്കെ പറയാമല്ലോ എന്നു് കമന്റുകൾ എഴുതുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്കു്: ഇവ തുല്യം അകലത്തിലാണെന്നു പറയുന്നതിന്റെയും, രണ്ടു ഗ്രഹങ്ങൾക്കിടയിൽ പർ‌വ്വതമുണ്ടെന്നു പറയുന്നതിന്റെയും ഈ സ്വർണ്ണമയം എന്നു പറയുന്നതിന്റെയും ഒക്കെ സമാധാനവും കൂടി നോക്കിവെച്ചേക്കണേ! ഇള എന്നതു ഭൂമി എന്ന അർത്ഥത്തിലല്ലാതെ സൂര്യൻ എന്ന അർത്ഥത്തിൽ വേറെ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും!

ഭൂമി പരന്നതാണു് എന്നു് ഇതിലും വ്യക്തമായി എങ്ങനെ പറയാൻ പറ്റും? താമരയില പോലെ വൃത്തത്തിൽ. ഒമ്പതു ദേശത്തിനിടയിൽ അതിരുകളായി എട്ടു പർ‌വ്വതങ്ങളേ ഉള്ളൂ എങ്കിൽ ഭൂമി പരന്നതാവണ്ടേ? (ഉരുണ്ടതാണെങ്കിൽ ഇടയ്യ്ക്കു് ഒമ്പതു പർ‌വ്വതങ്ങളുണ്ടാവണം.) ഈ പരാമർശത്തെയാണു ഡോ. ഗോപാലകൃഷ്ണൻ ഭാഗവതത്തിൽ ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞിട്ടുണ്ടു് എന്നു പറയുന്നതു്!

ഇനി, എട്ടാം നൂറ്റാണ്ടിനു ശേഷം രചിക്കപ്പെട്ട ഭാഗവതത്തിൽ ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞാലും അദ്ഭുതമില്ല. ഒരു ആദ്ധ്യാത്മികഗ്രന്ഥമായ ഭാഗവതത്തിൽ ഇതൊക്കെ കൃത്യമായി പറയണമെന്നു് അഭിപ്രായവുമില്ല. പക്ഷേ, ഇതു് അതാണു് എന്ന കള്ളം പറയാൻ പാടില്ല എന്നേ എനിക്കു പറയാനുള്ളൂ.

മഹാഭാരതം ശാന്തിപർ‌വ്വത്തിൽ ഭൂമിയുടെ ഗോളാകൃതിയെപ്പറ്റി പറയുന്നുണ്ടു് എന്നൊരു പരാമർശം കണ്ടിരുന്നു. ഇതിനെപ്പറ്റി കൂടുതൽ അറിയില്ല.ലഗ്നമെന്തെന്നു ഞാനറിയും…

നാലാം വീഡിയോയിൽ 08:54 മുതൽ 09:15 വരെ ലഗ്നത്തെപ്പറ്റി പറയുന്നുണ്ടു്.

യഥാർത്ഥത്തില്, ഈ ജാതകത്തില് നാലു പരാമീറ്ററുപയോഗിച്ച്, ലഗ്നം അഥവാ right ascension, ഇംഗ്ലീഷില് right ascension അതെഴുതിക്കഴിഞ്ഞ്, പിന്നെ celestial bodies എവിടെയാണെന്ന് കറക്ട് മാതൃഭൂമി കലണ്ടറില് ഒരു കോളമുണ്ട്. അതു നോക്കിയാൽ നിങ്ങൾക്കു കാൽക്കുലേറ്റ് ചെയ്യാം.
download MP3

ലഗ്നം എന്നു വെച്ചാൽ Right ascension ആണെന്നാണു പറയുന്നതു്. (ലഗ്നം കണ്ടുപിടിക്കുന്നതെങ്ങനെ എന്നു ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞിരിക്കുന്നതും പരമാബദ്ധമാണു്.) ഒരു പ്രത്യേകസമയത്തു് നേരേ കിഴക്കു കാണുന്ന രാശി/ആംഗിൾ ആണു ലഗ്നം. ഇതിനെ ഇംഗ്ലീഷിൽ ascendant എന്നാണു പറയുക. Right ascension എന്നു പറഞ്ഞാൽ First point of Aries-ൽ നിന്നു് ഭൂമദ്ധ്യരേഖയിലൂടെ കിഴക്കോട്ടു് അളന്നാൽ ഏതു് ആംഗിളിലാണു് ഒരു ഗോളം സ്ഥിതിചെയ്യുന്നതു് എന്നതിന്റെ അളവാണു്. Ascendant ഒരു പ്രത്യേക സമയത്തു് ഒരു പ്രത്യേക സ്ഥലത്തു് ഒന്നേ ഉള്ളൂ, അതു് സ്ഥലമനുസരിച്ചു മാറുകയും ചെയ്യും. Right ascension ഒരു പ്രത്യേകസമയത്തു് ഓരോ ഗോളത്തിനും വ്യത്യസ്തമാണു്.

ജ്യോതിശ്ശാസ്ത്രം പഠിക്കുന്നവർ ആദ്യത്തെ ക്ലാസ്സിൽ പഠിക്കുന്നതാണു് right ascension. ജ്യോത്സ്യം പഠിക്കുന്നവർ ആദ്യം പഠിക്കുന്നതാണു് ascendant. ഡോ. ഗോപാലകൃഷ്ണനു് രണ്ടിനെപ്പറ്റിയും ഒരു വിവരവുമില്ല എന്നു സാരം.കലി തുടങ്ങിയ ദിവസത്തിൽ…


ഇനി നമുക്കു് രണ്ടാം വീഡിയോയിലെ 07:43 മുതൽ 08:55 വരെയുള്ള ഭാഗം കേൾക്കാം.

യഥാര്‍ത്ഥത്തില്‍ കലിയുഗം ആരംഭിച്ചത് — കറക്റ്റ് പൊസിഷനാണ് — ബി.സി 3102, ഫെബ്രുവരി മാസം 17 വ്യാഴാഴ്ച രാത്രി 11:55ന്. ഇത് കാല്‍ക്കുലേയ്റ്റഡ് ആണ്! ഭൂമി,സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, ഗുരു, ശുക്രന്‍, ശനി — ആല്ഫാ ഏറീസ് പോയിന്റെന്ന മേടസംക്രാന്തി രേഖയില് വരുന്നത് –ഒറ്റ ലൈന്‍ …. ആര്യഭടനും ഭാസ്കരാചാര്യനും ബ്രഹ്മഗുപ്തനും എല്ലാവരും പറയുന്നു, ഒരാള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു — ഭാസ്കരാചാര്യര്‍ രണ്ടാമന്‍. ആല്ഫാ ഏറീസ് പോയിന്റില്‍ നിന്ന് 4 ഡിഗ്രി മാറീട്ടാണ് ചന്ദ്രന്‍ നില്‍ക്കുന്നു എന്ന്, ബാക്കിയെല്ലാ ഗ്രഹങ്ങളും അക്കൂട്ടത്തിലായിരുന്നു എന്ന് ഒരു സയന്റിസ്റ്റിന് അഭിപ്രായമുണ്ടായിരുന്നു…
download MP3

കലിയുഗം തുടങ്ങിയ സമയത്തു് എല്ലാ ഗ്രഹങ്ങളും ഒരേ രേഖയിൽ വന്നു എന്നു് ശ്രീ ഗോപാലകൃഷ്ണൻ ഇവിടെ പറയുന്നു. ഇതു് ഏറെക്കുറെ ശരിയാണു്. എന്നാൽ ശ്രീ ഗോപാലകൃഷ്ണൻ പറയുന്നതു പോലെ കിറുകൃത്യമല്ല. അദ്ദേഹം പറയുന്നതനുസരിച്ചു് ആര്യഭടനും ബ്രഹ്മഗുപ്തനും ഭാസ്കരാചാര്യനും ഇവ നേർ‌രേഖയിലായിരുന്നു എന്നു പറഞ്ഞിരുന്നു എന്നും അവരിൽ ഭാസ്കരാചാര്യൻ മാത്രം ഒരു അല്പം ഭേദഗതി – ചന്ദ്രൻ നാലു ഡിഗ്രി മാറിയാണു് എന്നു് – നിർദ്ദേശിച്ചു എന്നുമാണു ഭാഷ്യം.

ആദ്യമായി ആര്യഭടനും ബ്രഹ്മഗുപ്തനും ഭാസ്കരനും എന്താണു പറഞ്ഞതെന്നു നോക്കാം. (വിശദവിവരങ്ങൾ ഇവിടെ.) അതോടൊപ്പം, ഈ സമയത്തെ ഈ ഗ്രഹങ്ങളുടെ യഥാർത്ഥ സ്ഥാനം എന്തായിരുന്നെന്നും. അതനുസരിച്ചു് ജൂലിയൻ കലണ്ടർ പ്രകാരം ബി. സി. 3102 ഫെബ്രുവരി 17 രാത്രി 11:55-നുള്ള ഗ്രഹങ്ങളുടെ നിരയനസ്ഫുടങ്ങൾ ആധുനികജ്യോതിശ്ശാസ്ത്രമുപയോഗിച്ചു കണക്കുകൂട്ടിയതാണു് രണ്ടാം കോളത്തിൽ. മൂന്നു്, നാലു് അഞ്ചു് കോളങ്ങളിൽ യഥാക്രമം ആര്യഭടൻ, ബ്രഹ്മഗുപ്തൻ, ഭാസ്കരൻ എന്നിവർ പറഞ്ഞ മൂല്യങ്ങളും.

ഗ്രഹം ശരിയായ സ്ഥാനം ആര്യഭടൻ ബ്രഹ്മഗുപ്തൻ ഭാസ്കരൻ രണ്ടാമൻ
സൂര്യൻ 349:55 (-10:05) 0:0 0:0 0:0
ചന്ദ്രൻ 357:52 (-2:08) 0:0 0:0 0:0
ബുധൻ 334:41 (-25:19) 0:0 357:24:29 (-2:35:31) 357:24:29 (-2:35:31)
ശുക്രൻ 2:32 0:0 358:42:14 (-1:17:46) 358:42:14 (-1:17:46)
ചൊവ്വ 346:31 (-13:29) 0:0 359:3:50 (-0:56:10) 359:3:50 (-0:56:10)
വ്യാഴം 3:07 0:0 359:27:36 (-0:32:24) 359:27:36 (-0:32:24)
ശനി 324:17 (-35:43) 0:0 358:46:34 (-1:13:26) 358:46:34 (-1:13:26)
രാഹു 193:20 180:0 153:12:58 153:12:58
കേതു 13:20 0:0 333:12:58 333:12:58

ഇനി ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞ കാര്യങ്ങൾ ഓരോന്നായി പരിശോധിക്കാം.

 1. ഗ്രഹങ്ങളെല്ലാം മേടസംക്രാന്തിയിൽ ഒരേ രേഖയിലാണെന്നു് ആര്യഭടനും ബ്രഹ്മഗുപ്തനും പറഞ്ഞപ്പോൾ, ഭാസ്കരൻ രണ്ടാമൻ ചന്ദ്രൻ മാത്രം 4 ഡിഗ്രി മാറിയാണെന്നും ബാക്കിയെല്ലാം മേടസംക്രാന്തിയിലാണെന്നും പറഞ്ഞു.
  തെറ്റൂ്. ആര്യഭടൻ മാത്രമേ അങ്ങനെ പറഞ്ഞിട്ടുള്ളൂ. ബ്രഹ്മഗുപ്തനും ഭാസ്കരനും ഒന്നു തന്നെയാണു പറഞ്ഞതു്. അവർ പറഞ്ഞതനുസരിച്ചു്,

  • സൂര്യനും ചന്ദ്രനും മേടസംക്രാന്തിയിൽ ആണു്.
  • ബാക്കിയുള്ളവ അവിടെയല്ല. ഒരു ഡിഗ്രി 18 മിനിട്ടു വരെ വ്യത്യാസമുണ്ടു്. രാഹുകേതുക്കൾ 27 ഡിഗ്രിയോളം മാറിയാണു്.
 2. ഈ കണക്കൊക്കെ കിറുകൃത്യമാണു്. അതായതു്, നാലു ഡിഗ്രിയിൽ കൂടുതൽ വ്യത്യാസം ഇല്ലായിരുന്നു. രാഹുവൊഴികെ എല്ലാം പൂജ്യം ഡിഗ്രിയിൽ (മേഷസംക്രാന്തി) നിന്നു (രാഹു 180-ലും).
  തെറ്റൂ്. -36 ഡിഗ്രി മുതൽ +14 ഡിഗ്രി വരെ 50 ഡിഗ്രിയുടെ അന്തരാളത്തിലാണു് ഇവ നിന്നിരുന്നതു്. അല്ലാതെ അങ്ങേയറ്റം നാലു ഡിഗ്രിയുടെ വ്യത്യാസത്തിലല്ല.
 3. ഈ മേടസംക്രമത്തെ പാശ്ചാത്യർ Alpha-Aries എന്നു വിളിക്കുന്നു.
  ഇതിനെ അങ്ങനെ വിശേഷിപ്പിക്കുന്ന സമ്പ്രദായം ഞാൻ ഇതു വരെ കണ്ടിട്ടില്ല. (Alpha Arietis എന്നതു് ഒരു നക്ഷത്രത്തിന്റെ പേരാണു്.) ഇതിനെ First point of Aries എന്നാണു വിളിക്കുന്നതു്. നിർവ്വചനം മാത്രമേ ഉള്ളൂ. ഭാരതീയരുടെ മേടസംക്രമവും പാശ്ചാത്യരുടെ First point of Aries-ഉം ഒന്നിച്ചല്ല സംഭവിക്കുന്നതു്. ആര്യഭടന്റെ കാലത്തു് മേടസംക്രാന്തിയും FPA-യും ഒരിടത്തായിരുന്നു. ബി സി 3102-ൽ FPA മേടസംക്രാന്തിയെക്കാൾ 46 ഡിഗ്രി മുന്നിലായിരുന്നു. ഇപ്പോൾ അതു് ഏകദേശം 23 ഡിഗ്രി പുറകിലാണു്.

കലിയുഗം എന്ന കാലഗണനാസമ്പ്രദായം തുടങ്ങിയതു് ഇങ്ങനെ എല്ലാ ഗ്രഹങ്ങളും ഏകദേശം ഒരേ രേഖയിൽ വരുന്ന ജ്യോതിശ്ശാസ്ത്രസംഭവത്തിൽ നിന്നായിരിക്കാം. (ബാക്കി മൂന്നു യുഗങ്ങളുടെയും കാലം അതിൽ നിന്നു പുറകോട്ടു നിശ്ചയിച്ചതുമാവാം.) വളരെക്കാലം മുമ്പു തന്നെ ഇതു കണ്ടെത്തി കണക്കുകൂട്ടി രേഖപ്പെടുത്തി വെച്ചിരുന്നു എന്ന വസ്തുത അഭിമാനിക്കത്തക്കതു തന്നെ. എങ്കിലും അതിൽ ഇല്ലാത്ത കൃത്യത ആരോപിക്കുന്നതും അതിനെപ്പറ്റി ഇല്ലാത്ത കാര്യങ്ങൾ പറയുന്നതും മനുഷ്യരെ വഴി തെറ്റിക്കാൻ തന്നെയാണു്.വരാഹമിഹിരൻ പറഞ്ഞതൊന്നു്, ഗോപാലകൃഷ്ണൻ കേട്ടതു വേറൊന്നു്…


ദാ വരുന്നു അടുത്ത സാധനം. ഇതു് രണ്ടാം വീഡിയോയിൽ 09:46 മുതൽ അവസാനം (10:29) വരെയും മൂന്നാം വീഡിയോയിൽ ആദ്യം മുതൽ 0:28 വരെയും കേൾക്കാം:

വരാഹമിഹിരാചാര്യന്‍ 605 ഏ.ഡിയില് ബൃഹത് സംഹിത എന്ന പുസ്തകത്തില്, അതേപോലെത്തന്നെ പഞ്ചസിദ്ധാന്തികയില്‍ എഴുതിക്കഴിഞ്ഞാല്‍ — എഴുതിക്കഴിഞ്ഞത് വായിച്ചാല്‍ — വരാഹമിഹിരാചാര്യന്റെ ഏറ്റവും ക്ലോസായിട്ടുള്ള ഒരു ഫ്രണ്ടുണ്ടായിരുന്നു — അദ്ദേഹത്തിന്റെ പേര് യവനാചാര്യന്‍ എന്നാണ്. അലക്സാണ്ട്രിയക്കാരനാണ് അദ്ദേഹം. ആ യവനാചാര്യന്റെ വീട് ഉജ്ജയിനിയിൽ നിന്നു് ഏതു latitude-ലും longitude-ലും ആണെന്ന് വരാഹമിഹിരാചാര്യന്‍ ഏ.ഡി 605-ല്‍ കാൽക്കുലേറ്റ് ചെയ്ത് പറഞ്ഞിട്ടുണ്ട്, 23 ഡിഗ്രി 05 മിനിറ്റ് west-ലാണ്, ഉജ്ജയിനിയില്‍ നിന്ന് – അദ്ദേഹത്തിന്റെ വീട് സ്ഥിതിചെയ്യുന്നത്. ഇപ്പം കാല്‍ക്കുലേറ്റ് ചെയ്താല്‍ 23 ഡിഗ്രി, 16 മിനിറ്റ് എന്ന് കാണാന്‍ സാധിക്കും. അത്ര ഷാര്‍പ്പ് കാല്‍ക്കുലേഷനാണ് 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമുക്ക്…
download MP3
download MP3

അതായതു്, വരാഹമിഹിരൻ (ആറാം നൂറ്റാണ്ടു്) തന്റെ ബൃഹത്‌സംഹിത, പഞ്ചസിദ്ധാന്തിക എന്നീ പുസ്തകങ്ങളിൽ അലക്സാൻഡ്രിയയിൽ നിന്നുള്ള യവനാചാര്യനെപ്പറ്റി പറയുന്നുണ്ടു്. ഉജ്ജയിനിയിൽ നിന്നു് അലക്സാൻഡ്രിയയിലേയ്ക്കുള്ള രേഖാംശവ്യത്യാസം 23 ഡിഗ്രി 5 മിനിട്ട് ആണെന്നും പറഞ്ഞിട്ടുണ്ടു്. ഇന്നത്തെ കണക്കനുസരിച്ചു് അതു് 23 ഡിഗ്രി 16 മിനിട്ടാണു്. ഇതാണു് ഗോപാലകൃഷ്ണഭാഷ്യം.

ഇന്നത്തെ മദ്ധ്യപ്രദേശിൽ ഉള്ള ഉജ്ജയിനിയുടെ അക്ഷാംശവും രേഖാംശവും യഥാക്രമം 23:09 N, 75:43 E ആണു്. ഈജിപ്തിലുള്ള അലക്സാൻഡ്രിയയുടേതു് 31:13 N, 29:58 E എന്നും. അതായതു്, ഉജ്ജയിനിയെ അപേക്ഷിച്ചു് 8 ഡിഗ്രി 34 മിനിട്ട് വടക്കു് അക്ഷാംശവും 45 ഡിഗ്രി 45 മിനിട്ട് പടിഞ്ഞാറു് രേഖാംശവുമുള്ള സ്ഥലമാണു് അലക്സാൻഡ്രിയ. ഈ നാല്പത്തഞ്ചു ഡിഗ്രി നാല്പത്തഞ്ചു മിനിട്ടു വ്യത്യാസത്തെയാണു് ഡോ. ഗോപാലകൃഷ്ണൻ 23 ഡിഗ്രി 16 മിനിട്ടാക്കിയതു്. ഇനി ഈ ഡിഗ്രി, മിനിട്ട് എന്നൊക്കെപ്പറയുന്നതും ആര്യഭടന്റെ യോജന പോലെ ഡോ. ഗോപാലകൃഷ്ണന്റെ സ്പെഷ്യൽ അർത്ഥം ഉണ്ടാവുമോ?

ഇനി വരാഹമിഹിരൻ യഥാർത്ഥത്തിൽ പറഞ്ഞതു് എന്താണെന്നു നോക്കാം. പഞ്ചസിദ്ധാന്തികയിലെ മൂന്നാമദ്ധ്യായമായ പൗലിശസിദ്ധാന്തത്തിലെ പതിമൂന്നാമത്തെ ശ്ലോകം: (ചില പുസ്തകങ്ങളിൽ ശ്ലോകങ്ങളുടെ നമ്പർ തുടർച്ചയായാണു കൊടുത്തിരിക്കുന്നതു്‌. അങ്ങനെയാണെങ്കിൽ ശ്ലോകം 51.)

യവനാന്തരജാ നാഡ്യഃ
സപ്താവന്ത്യാസ്ത്രിഭാഗസംയുക്താഃ
വാരാണസ്യാം ചികൃതിഃ
സാധനമത്യ ച വക്ഷ്യാമി

അർത്ഥം: യവനപുരത്തിൽ നിന്നു്‌ ഏഴും മൂന്നിലൊന്നും നാഴിക ദൂരത്താണു്‌ അവന്തി. (ഉജ്ജയിനി അവന്തിരാജ്യത്തിലായിരുന്നു.) വാരാണസി ഒമ്പതു നാഴികയും.

ഒരു നാഴിക ഇന്നത്തെ 24 മിനിറ്റായതിനാൽ അവന്തി 176 മിനിറ്റും വാരാണസി 216 മിനിറ്റും മുമ്പിലാണെന്നർത്ഥം. നാലു മിനിറ്റു സമയം ഒരു ഡിഗ്രി ആംഗിളിനു തുല്യമായതിനാൽ (360 ഡിഗ്രി = 24 മണിക്കൂർ) യവനപുരത്തിൽ നിന്നും യഥാക്രമം 44 ഡിഗ്രിയും 54 ഡിഗ്രിയും മാറിയാണു്‌ ഉജ്ജയിനിയും വാരാണസിയും സ്ഥിതിചെയ്യുന്നതു്‌ എന്നു മനസ്സിലാക്കാം. ഇതു ശരിയാണു്‌. അലക്സാൻഡ്രിയ, ഉജ്ജയിനി, വാരണാസി ഇവയുടെ രേഖാംശം യഥാക്രമം 29:58, 75:43, 83:0 എന്നിവയാണു്‌. അതായതു്‌, അലക്സാൻ‌ഡ്രിയയിൽ നിന്നു് ഉജ്ജയിനി 45 ഡിഗ്രി 45 മിനിട്ടും വാരണാസി 53 ഡിഗ്രി 2 മിനിട്ടും. ഇവ വരാഹമിഹിരന്റെ മൂല്യങ്ങളോടു്‌ വളരെ യോജിച്ചു പോകുന്നു.

ചുരുക്കം പറഞ്ഞാൽ വരാഹമിഹിരൻ പറഞ്ഞ വളരെ കൃത്യമായ ഒരു കാര്യത്തെ ഡോ. ഗോപാലകൃഷ്ണൻ വളച്ചൊടിച്ചപ്പോഴേയ്ക്കും തികഞ്ഞ അസംബന്ധമായി മാറി! അതുപോലെ യവനപുരത്തെ വരാഹമിഹിരന്റെ “ക്ലോസ് ഫ്രണ്ട്” ആയ യവനാചാര്യന്റെ വീടാക്കി.

ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടിലാണു് “യവനജാതകം” എന്ന പുസ്തകത്തിന്റെ കർത്താവും അലക്സാന്‍ഡറുടെ ഭാരതാധിനിവേശത്തിനു ശേഷം ഇന്ത്യയില്‍ താമസമാക്കിയ ഗ്രീക്കുകാരുടെ തലമുറയിലെ ഒരു പണ്ഡിതനും ഗുജറാത്തും മഹാരാഷ്ട്രയുടെ കുറേ ഭാഗങ്ങളും ചേരുന്ന പശ്ചിമസത്രപ ഭൂവിഭാഗത്തിലെ രുദ്രദാമന്‍ ചക്രവര്‍ത്തിയുടെ സദസ്യനും ആയിരുന്ന യവനാചാര്യൻ എന്ന യവനേശ്വരൻ ജീവിച്ചിരുന്നതു്. ഏ.ഡി 150-നോടടുത്ത് യവനാചാര്യന്‍ സംസ്കൃതത്തില്‍ അവതരിപ്പിച്ച “യവനജാതക”ത്തിന്റെ ഒറിജിനല്‍ നഷ്ടപ്പെട്ടുവെന്നും അതിന്റെ പദ്യരൂപമാണ് സ്ഫുജിധ്വജന്‍ ഏ.ഡി 269-ല്‍ അവതരിപ്പിച്ച “യവനജാതകം” എന്നും കരുതപ്പെടുന്നു. (പ്രസ്തുത ഗ്രന്ഥത്തില്‍ തന്നെ ശകയുഗവുമായി ബന്ധപ്പെട്ട ശകവര്‍ഷങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതും പുസ്തകം ആദ്യം എഴുതിയത് ഇന്നയാളാണെന്ന് സ്ഫുജിധ്വജന്‍ തന്നെ വര്‍ഷം പറഞ്ഞ് സൂചിപ്പിച്ചിരിക്കുന്നതും ആണ് ഈ ഡേറ്റുകള്‍ ഇത്ര കൃത്യമായി കിട്ടാന്‍ കാരണം.) ഈ യവനാചാര്യനെയാണു് ഡോ. ഗോപാലകൃഷ്ണൻ അതിനും നാലു നൂറ്റാണ്ടുകൾക്കു ശേഷം ജീവിച്ചിരുന്ന വരാഹമിഹിരന്റെ “ക്ലോസ് ഫ്രണ്ട്” ആക്കുന്നതു്! എന്നിട്ടു് ക്ലോസ് ഫ്രണ്ടിന്റെ വീടിന്റെ രേഖാംശം കണക്കുകൂട്ടിയിരുന്നത്രേ! യവനപുരി, സിദ്ധപുരി, യവകോടി, രോമകം തുടങ്ങിയ പല സ്ഥലങ്ങളെപ്പറ്റിയും ജ്യോതിശ്ശാസ്ത്രജ്ഞർ പ്രസ്താവിക്കുന്നുണ്ടു്. ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു് ജ്യോതിശ്ശാസ്ത്രപഠനങ്ങൾ നടക്കുകയും ആ വിജ്ഞാനം അങ്ങോട്ടുമിങ്ങോട്ടും പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ടാവണം അക്കാലത്തു്.

“ക്ലോസ് ഫ്രണ്ട്” ആയ യവനാചാര്യനെപ്പറ്റി പറഞ്ഞിട്ടില്ലെങ്കിലും യവനപുരിയെപ്പറ്റിയും യവനന്മാരെപ്പറ്റിയും വരാഹമിഹിരൻ പറഞ്ഞിട്ടുണ്ടു്. യവനന്മാരെപ്പറ്റി ബൃഹത്‌സംഹിത രണ്ടാം ആദ്ധ്യായത്തിൽ പതിനഞ്ചാം ശ്ലോകത്തിൽ ഇങ്ങനെ:

മ്ലേച്ഛാ ഹി യവനാസ്തേഷു സമ്യക് ശാസ്ത്രമിദം സ്ഥിതം
ഋഷിവത്തേഽപി പൂജ്യന്തേ കിം പുനർദൈവവിദ്‌ദ്വിജഃ

“മ്ലേച്ഛന്മാരാണെങ്കിലും യവനന്മാർക്കു് ഈ ശാസ്ത്രമൊക്കെ നല്ലതു പോലെ പിടിയുള്ളതു കൊണ്ടു് അവരെപ്പോലും ഋഷിമാരോടൊപ്പം പൂജിക്കുന്നു. വിധിയെ അറിയുന്ന ബ്രാഹ്മണന്റെ കാര്യം പിന്നെ പറയേണ്ടല്ലോ…” എന്നർത്ഥം. ക്ലോസ് ഫ്രണ്ടിന്റെ വർഗ്ഗക്കാരോടു് വരാഹമിഹിരനുള്ള ബഹുമാനം മനസ്സിലായല്ലോ!

ഇനി ഭാവിയിൽ ആർക്കെങ്കിലും പ്രസംഗിക്കാം: “ഡോക്ടർ ഗോപാലകൃഷ്ണനു് സർ ഐസക് ന്യൂട്ടൺ എന്നൊരു ക്ലോസ് ഫ്രണ്ട് ഉണ്ടായിരുന്നു. ഒരിക്കൽ ഈ ക്ലോസ് ഫ്രണ്ട് ഒരു ആപ്പിൾ മരത്തിന്റെ കീഴിൽ ഇരിക്കുമ്പോൾ ഗോപാലകൃഷ്ണൻ മരത്തിന്റെ മുകളിൽ നിന്നു് ഗ്രാവിറ്റിയും റിലേറ്റിവിറ്റിയും ഒക്കെ കൃത്യമായി കാൽക്കുലേറ്റ് ചെയ്തു് ഒരു ആപ്പിൾ താഴേയ്ക്കിട്ടു. അതു തലയിൽ വീണപ്പോഴാണു് ന്യൂട്ടൻ ഗ്രാവിറ്റിയുടെ തിയറി ഉണ്ടാക്കിയതു്…”മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ആര്യഭടൻ!


രണ്ടാം വീഡിയോയിൽ 01:10 മുതൽ 02:09 വരെ ഭൂമി ഒരു ഡിഗ്രി തിരിയാൻ നാലു മിനിറ്റെടുക്കും എന്നു് ആര്യഭടൻ കൃത്യമായി കണ്ടുപിടിച്ചതിനെപ്പറ്റി ഗോപാലകൃഷ്ണൻ വാചാലനാകുന്നുണ്ടു്.

… രണ്ടാമത്തെ പോയിന്റ്, ഭൂമികറങ്ങുന്ന സ്പീഡ് – കറക്റ്റായിട്ടാണ് ഭാരതീയരെടുത്തിരിക്കുന്നത് — “പ്രാണേനൈതി കലാംബൂഃ ഭ്രമണതി” ഒരു ശ്വാസോച്ഛ്വാസം വിടുന്ന സമയത്തില്‍ ഭൂമി ഒരു ആംഗുലര്‍ മിനിറ്റ് കറങ്ങുന്നു എന്ന് അസന്ദിഗ്ധമായിട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒരു ശ്വാസോച്ഛ്വാസം വിടുന്ന സമയമെത്രയാണ് ? സാധാരണ നമ്മളെപ്പോലെയുള്ളവര് ഒരു മിനിറ്റില്‍ 16 പ്രാവശ്യമാണ് ശ്വാസോച്ഛ്വാസം വിടുന്നത്… എക്സാം റിസൽറ്റു വരുന്ന ദിവസത്തെ അല്ല… സാധാരണ ദിവസത്തിലെ… എങ്കില് 60 ഡിവൈഡഡ് ബൈ 16, അപ്രോക്സിമേറ്റ്ലീ 4 സെക്കന്റ് ! ഭൂമി ഒരു ആംഗുലര്‍ മിനിറ്റ് കറങ്ങാന്‍ കറക്റ്റ് 4 സെക്കന്റ് എടുക്കുന്നു; മോഡേണ്‍ വാല്യൂവും 2500 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വാല്യുവും ഒന്നു തന്നെയാണു്…
download MP3

360 ഡിഗ്രി തിരിയാൻ 24 മണിക്കൂർ (60 നാഴിക) വേണമെങ്കിൽ ഒരു ഡിഗ്രി തിരിയാൻ എത്ര സമയം വേണം എന്നതു് മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ചെയ്യും. അതു വലിയ കണക്കായി എഴുന്നള്ളിക്കുന്നതു് ആര്യഭടനെ അപമാനിക്കലാണു്. ഭൂമി സ്വയം തിരിയുന്നതുകൊണ്ടാണു രാത്രിയും പകലും ഉണ്ടാകുന്നതെന്നു് ആര്യഭടൻ വ്യക്തമായി പറഞ്ഞിട്ടുണ്ടു്. ആ നിരീക്ഷണം വളരെ മഹത്താണു്. പക്ഷേ, ഈപ്പറഞ്ഞ കണക്കുകൂട്ടൽ വളരെ ലളിതമാണു്. ഇതു വളരെ സങ്കീർ‌ണ്ണമാണെന്നു വരുത്താൻ ശ്വാസം വിടാൻ മനുഷ്യൻ എടുക്കുന്ന സമയവും മറ്റും ജീവശാസ്ത്രത്തെ അടിസ്ഥാനമാക്കി ഡോ. ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നതു കാണുമ്പോൾ സഹതാപം തോന്നുന്നു.‘100% ആക്കുറേറ്റ്’ ആയ ജനനം

ജനനസമയം കണക്കാക്കാൻ ഭൂസ്പർശനം, രോദനം, കടീബന്ധനം, ശിരോദർശനം എന്നിവയ്ക്കു പുറമേ ബീജവും അണ്ഡവും ചേർന്ന സമയം കണക്കാക്കിയാലേ ശരിയാവൂ എന്നു ജ്യോതിഷഗ്രന്ഥങ്ങൾ പറഞ്ഞിട്ടുണ്ടത്രേ! (നാലാം വീഡിയോ, 00:27 – 02:21)

ഈ ജാതകം എന്നു പറയുന്നതെന്താ ശരിക്കും? നമ്മളീ ഭൂമിയിലേക്ക് വീഴുന്ന സമയത്ത്, വരുന്ന സമയത്ത് ഈ celestial constellations എങ്ങനെയുണ്ടെന്ന് എഴുതലാണ് ജാതകം. അത്രയേയുള്ളൂ. അത് ആ ജാതകമെഴുത്ത് പ്യുവർ സയന്റിഫിക്കാ. പ്യുവർലി സയന്റിഫിക്കാണ്. Prediction പാർട്ടിലേയ്ക്ക് ഞാൻ കടന്നില്ല, എന്റെ മകൻ ആഗസ്റ്റ് 8ആം തിയതി അഷ്ടമിരോഹിണിയുടന്ന്, രാവിലെ ഏഴുമണി കഴിഞ്ഞ്, മൂന്നാമത്തെ മിനിറ്റ് ഭൂമിയിൽ ശിരസ്സ് സ്പർശിച്ചു എങ്കിൽ, അതല്ല, ആ സമയം കൃത്യം അറിഞ്ഞുകൂട, അപ്പോൾ കരഞ്ഞ സമയമെടുക്കാം. അതും കൃത്യം അറിഞ്ഞുകൂട, അപ്പോൾ പിന്നെ പൊക്കിൾക്കൊടി മുറിച്ച സമയമെടുക്കാം. അതല്ലെങ്കിൽ ശിരസ്സ് കണ്ട; നാലെണ്ണമാണു സാധിക്കുന്നത്. ഒന്നുകിൽ ഭൂസ്പർശനം, അല്ലെങ്കിൽ രോദനം, അല്ലെങ്കിൽ കടീബന്ധനം, അതല്ലെങ്കിൽ ശിരോദർശനം. ഈ നാലെണ്ണവും തമ്മിൽ കുറച്ചു വ്യത്യാസമുണ്ടാകും. എന്നാലും ഈ നാലെണ്ണത്തിനെയേ ആധാരമാക്കാൻ പറ്റുകയുള്ളൂ. ജ്യോതിഷപ്പുസ്തകം വായിച്ചാൽ നിങ്ങൾക്കു മനസ്സിലാകും അഞ്ചെണ്ണമുണ്ടെന്ന്. ഞാൻ പറഞ്ഞത്, ശിരോദർശനം , ഭൂസ്പർശനം, കടീബന്ധനം (പൊക്കിൾക്കൊടി മുറിയ്ക്കുന്നത്), രോദനം(കരയുന്നത്). അതല്ലാതെ ഒരെണ്ണണ്ട്. അച്ഛന്റെ ബീജം അമ്മയുടെ അണ്ഡവുമായിട്ട് ചേരുന്ന സമയം. അതു കാൽക്കുലേറ്റ് ചെയ്യാനാർക്കും പറ്റില്യ. അപ്പോഴെന്താ സംഭവിക്യാ, അതു വിട്ടുകളഞ്ഞേക്കുക. അതും കാൽക്കുലേറ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കില്, കറക്ട് എഴുതേണ്ടത് അവിടം മുതൽക്കാണ്
download MP3

ഏതു ഗ്രന്ഥമാണോ അവസാനത്തേതു പറഞ്ഞതു്? എന്തായാലും കൊള്ളാം. ജ്യോതിഷം തെറ്റിയാൽ പറയാൻ ഒരു കാരണം കൂടിയായല്ലോ: “ബീജവും അണ്ഡവും ചേർന്ന സമയമാണു നോക്കേണ്ടതു്. അതു നോക്കാതെ ജനിച്ച സമയം നോക്കിയാൽ ഫലം വ്യത്യാസമുണ്ടാകും…” ഇനി ശാസ്ത്രം ബുദ്ധിമുട്ടി ബീജാണ്ഡസംഗമസമയം നിർണ്ണയിക്കാനുള്ള വഴി കണ്ടുപിടിച്ചാൽ ഇവരെല്ലാവരും പുതിയ, 100% ‘ആക്കുറേറ്റ്’ ആയ, നമ്മുടെ കെരന്തങ്ങളിൽ പണ്ടേ പറഞ്ഞിട്ടുള്ള, തിയറിയുമായി വരും!അറുപത്താറു ശതമാനം ഗ്യാസ്

ശ്രീ ഗോപാലകൃഷ്ണന്റെ വാക്കുകളുടെ ആധികാരിത വെളിവാക്കുന്ന ഒരു വാക്യം (നാലാമത്തെ വീഡിയോയിൽ 07:21 മുതൽ 07:29 വരെ):

ജീവിതത്തില്‍ 66 ശതമാനം കാര്യങ്ങളും – നമ്മള്‍ടെ ജീവിതത്തിലുള്ളത് – സയന്‍സുകൊണ്ട് എക്സ്പ്ലെയിന്‍ ചെയ്യാന്‍ സാധ്യല്ല.
download MP3

എന്തൊരു കൃത്യമായ ശതമാനക്കണക്കു്! ഇതു് ശുദ്ധഗണിതം ഉപയോഗിച്ചാണോ ഡാറ്റ കളക്ടു ചെയ്തു് സ്റ്റാറ്റിസ്റ്റിക്സ്, സിമുലേഷൻ മുതലായവ ഉപയോഗിച്ചു് കണ്ടുപിടിച്ചതാണോ അതോ പഴയ ഏതെങ്കിലും ഗ്രന്ഥത്തിലുള്ളതാണോ (“ശാസ്ത്രം ചിത്തേന നാസ്തി” എന്നോ മറ്റോ ഒരു വാക്യം എവിടെ നിന്നെങ്കിലും തപ്പിയെടുത്തിട്ടു് –“മനസ്സു കൊണ്ടു മാത്രം ശാസ്ത്രം അപഗ്രഥിക്കാൻ പറ്റില്ല” എന്നർത്ഥം– ചിത്തം എന്നതു പരൽ‌പ്പേരു് പ്രകാരം 66 ആയതിനാൽ 66% സംഭവങ്ങൾക്കും ശാസ്ത്രം പറ്റില്ല എന്നൊരു അർത്ഥം ഉണ്ടാക്കിയെടുക്കാൻ വലിയ ബുദ്ധിമുട്ടില്ല!) എന്നറിയില്ല. എന്തായാലും ഇങ്ങനെയൊരു കാര്യം ഒരു ശതമാനത്തിന്റെ കൃത്യതയോടെ പറയാൻ നമുക്കു് ഒരാളുണ്ടല്ലോ, ഭാഗ്യം!കടപയാദിയും മൈക്രോസെക്കന്റും കർണ്ണാടകസംഗീതവും… O my!

പതിനൊന്നാം വീഡിയോയിൽ (07:10 – 08:24) കടപയാദി (പരൽ‌പ്പേരു്) രീതിയെപ്പറ്റി ഒരു വിവരണമുണ്ടു്.

കുറേയുണ്ട്… അക്ഷരങ്ങള്‍ക്ക് അക്കങ്ങളുമായിട്ട് ബന്ധമുണ്ട്… നമ്മള് യഥാര്‍ത്ഥത്തില്, ഏത് രീതിയിലാണെന്ന് ചോദിച്ചാല്‍ കടപയാദി നമ്പര്‍ സിസ്റ്റത്തില്, ഗോപാജ്ഞയാ ദിനധാമ എന്ന് നമ്മള്‍ പറയാറുണ്ട്. എന്നുവച്ചാല്‍, 58 മിനിറ്റ് 9 സെക്കന്റ് 13 ഡെസീസെക്കന്റ് 10 മൈക്രോ സെക്കന്റ് – അതിനൊരുവാക്കാണ് ഗോപാജ്ഞയാ ദിനധാമ – ഗ-3,പ-1,ഞ-0, യ-1, ദി-8, ന-0 ധ-9,മ-5. അതായത് … 59 മിനിറ്റ് 8 സെക്കന്റ് 10ഡെസീ സെക്കന്റ് 13 മൈക്രോ സെക്കന്റ് ഭൂമി സൂര്യനു ചുറ്റും കറങ്ങുന്ന വെലോസിറ്റി നമ്പറുപയോഗിച്ച് പറഞ്ഞിരിക്കുകയാണ്…അക്ഷരങ്ങളുപയോഗിച്ച് പറഞ്ഞിരിക്കുകയാണ്… ഇത് കടപയാദി നമ്പര്‍ സിസ്റ്റമെന്ന് പറയും.
ആ കടപയാദി നമ്പര്‍ സിസ്റ്റമനുസരിച്ചാണ് പാട്ടിലെ 72 രാഗങ്ങളു കൊടുത്തിരിക്കുന്നത്. ആദ്യത്തെ അക്ഷരം കേട്ടാല്‍ ഇത് എത്രാമത്തെ രാഗമാണെന്നു ഇവർക്കു പറയാന്‍ പറ്റുന്നതു്… “ഹരഹരപ്രിയ” രാഗം കേട്ടാല്‍, ഹ എത്രാമത്തെ അക്ഷരമാണെന്ന് നോക്ക്ക, അത്രാമത്തെ നമ്പരിലായിരിക്കും ആ രാഗം വരുന്നതു്. കാംബോജി രാഗത്തിന് ‘ക’ ‘ംബ‘ എടുത്തുകഴിഞ്ഞാല്‍ പറയാന്‍ സാധിക്കും…
download MP3

ന്യൂമറോളജിയെപ്പറ്റിയുള്ള ഒരു ചോദ്യത്തിനു് ഉത്തരമായി അക്ഷരവും അക്കവും തമ്മിലുള്ള ബന്ധമായി ഈ മഹത്തായ അക്ഷരസംഖ്യാസമ്പ്രദായത്തെ വ്യാഖ്യാനിക്കുകയാണു് ചെയ്യുന്നതു്. എന്നിട്ടു പറയുന്നതോ ആകെ അബദ്ധവും.

58 മിനിറ്റ് 9 സെക്കന്റ് 13 ഡെസീസെക്കന്റ് 10 മൈക്രോ സെക്കന്റ് എന്നു് ആദ്യം പറഞ്ഞതു് എങ്ങനെ പിന്നീടു് 59 മിനിറ്റ് 8 സെക്കന്റ് 10ഡെസീ സെക്കന്റ് 13 മൈക്രോ സെക്കന്റ് എന്നു മാറിയതു പോകട്ടേ. “ഗോപാജ്ഞയാ ദിനധാമ” എന്നതു് പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന പുതുമന സോമയാജിയുടെ ‘കരണപദ്ധതി’ എന്ന ഗണിതഗ്രന്ഥത്തിൽ നിന്നുള്ളതാണു്. (സോമയാജിയെപ്പറ്റിയും കരണപദ്ധതിയെയും പറ്റി ഞാൻ മുമ്പു് എഴുതിയിട്ടുണ്ടു്. പൈയുടെ മൂല്യം പരല്‍പ്പേരുപയോഗിച്ചു്‌, ചില അനന്തശ്രേണികള്‍, അനന്തശ്രേണികളുടെ സാധുത എന്നീ പോസ്റ്റുകൾ കാണുക.) പരൽ‌പ്പേരനുസരിച്ചു് 59081013 എന്നു കിട്ടും. അതായതു് 59 ആംഗുലർ മിനിറ്റ്, 08 സെക്കന്റ്, 10/60 സെക്കന്റ്, 13/3600 സെക്കന്റ് = 59.1361… മിനിട്ട് എന്ന ആംഗിളാണു് ഒരു ദിവസത്തിൽ സൂര്യൻ ഭൂമിക്കു ചുറ്റും കറങ്ങുന്ന ആംഗുലർ സ്പീഡ്. ഭാരതീയരും (മറ്റുള്ളവരും) അറുപതു് ബേസായി എടുത്താണു് സമയവും ആംഗിളും അളന്നിരുന്നതു്. അതിനെയാണു ഡോ. ഗോപാലകൃഷ്ണൻ ഡെസിസെക്കന്റ്, മൈക്രോസെക്കന്റ് എന്നൊക്കെ കീച്ചുന്നതു്. ഡെസിസെക്കന്റ് സെക്കന്റിന്റെ പത്തിലൊന്നും മൈക്രോസെക്കന്റ് സെക്കന്റിന്റെ പത്തുലക്ഷത്തിലൊന്നും ആണെന്നു പോലും ഈ “ശാസ്ത്രജ്ഞനു്” അറിയില്ലേ?

മുകളിൽ കൊടുത്ത 59.1361… മിനിട്ട് എന്ന മൂല്യം 59.1387… എന്ന ആധുനികമൂല്യത്തോടു് (ഭൂമിയുടെ സൂര്യനു ചുറ്റുമുള്ള ശരാശരി ആംഗുലർ വേഗത) വളരെ അടുത്താണു്. ഇതു് ഒരു വലിയ കണ്ടുപിടിത്തമല്ലേ എന്നു ചോദിച്ചേക്കാം. അല്ല എന്നാണു് ഉത്തരം. ഒരു വർഷത്തിൽ 360 ഡിഗ്രി = 360 x 60 മിനിറ്റ് സഞ്ചരിക്കുന്നതു കൊണ്ടു് ഒരു ദിവസത്തിൽ 360 x 60 / 365.2425 = 59.1387… എന്നു കണക്കുകൂട്ടാൻ മുമ്പേ പറഞ്ഞതു പോലെ മൂന്നാം ക്ലാസ്സുകാരന്റെ കണക്കു മതി. പുതുമന സോമയാജിയുടെ കണക്കുകൂട്ടലിലെ സൗരവർഷത്തിന്റെ ദൈർഘ്യത്തിൽ ഉള്ള ചെറിയ വ്യത്യാസം കൊണ്ടാണു് ഈ മൂല്യങ്ങളിലുള്ള ചെറിയ വ്യത്യാസം.

കർ‌ണ്ണാടകസംഗീതത്തിലെ രാഗങ്ങളുടെ പേരിൽ അതിന്റെ ക്രമനമ്പർ കടപയാദിയിലുണ്ടെന്നു പറയുന്നു. കർണ്ണാടകസംഗീതത്തിനു ക്രമനമ്പർ ഉണ്ടാക്കിയതു് പതിനേഴാം നൂറ്റാണ്ടിൽ വെങ്കടമഖി എന്ന ആളാണു്. പല രാഗങ്ങളുടെയും പേരിന്റെ കൂടെ ഒരു ഉപസർഗ്ഗം ചേർത്തു (മേച-കല്യാണി, ധീര-ശങ്കരാഭരണം, ഹരി-കാംബോജി) കടപയാദി ശരിയാക്കിയതു് പിന്നീടാണെന്നും അല്ലെന്നും വാദമുണ്ടു്. (കർണ്ണാടകസംഗീതത്തിലെ മേളകർത്താരാഗങ്ങളും അവയുടെ ക്രമനമ്പറുകളും ഇവിടെ കാണാം.) അതിനെപ്പറ്റി ഡോ. ഗോപാലകൃഷ്ണൻ പറയുന്നതും തെറ്റാണു്.

ഹരഹരപ്രിയ എന്ന രാഗത്തിന്റെ ആദ്യത്തെ അക്ഷരമായ “ഹ” നോക്കിയാൽ അതു് എത്രാമത്തെ രാഗമാണെന്നു പറയുമത്രേ! “ഹ” പരൽ‌പ്പേരനുസരിച്ചു് 8 ആണു്. എട്ടാമത്തെ രാഗം തോഡി (ഹനുമത്തോഡി) ആണു്.

പ്രശ്നം എന്താണെന്നു ചോദിച്ചാൽ ആദ്യത്തെ രണ്ടക്ഷരങ്ങൾ നോക്കണം. “അങ്കാനാം വാമനോ ഗതിഃ” എന്ന നിയമമനുസരിച്ചു് അവ തിരിച്ചിടണം. (കൂടുതൽ വിവരങ്ങൾക്കു് പരൽ‌പ്പേരു് എന്ന പോസ്റ്റ് വായിക്കുക.) അതു ഡോ. ഗോപാലകൃഷ്ണനു് അറിയില്ലെന്നു തോന്നുന്നു. അപ്പോൾ “ഹര”എന്നു വെച്ചാൽ 28 ആണു്. ഇരുപത്തെട്ടാമത്തെ രാഗം കാംബോജി (ഹരികാംബോജി) ആണു്. എവിടെയാണു പ്രശ്നം?

പ്രശ്നം ആ രാഗത്തിന്റെ പേരു് “ഖരഹരപ്രിയ” എന്നാണു് (ഖരനെ കൊന്ന ശ്രീരാമന്റെ പ്രിയയായ സീത എന്നർത്ഥം), അല്ലാതെ “ഹരഹരപ്രിയ” എന്നല്ല. അപ്പോൾ “ഖര” എന്നതു് 22-നെ സൂചിപ്പിക്കുന്നു. മേളകർത്താരാഗങ്ങളിൽ ഇരുപത്തിരണ്ടാമത്തെ രാഗമാണു് ഖരഹരപ്രിയ.

തീർന്നില്ല. കാംബോജിരാഗത്തിന്റെ “ബോ” എടുത്താൽ അതിന്റെ സംഖ്യ കിട്ടുമത്രേ! കാംബോജിയുടെ “ഹരികാംബോജി” എന്ന പേരുപയോഗിച്ചിട്ടു് അതിലെ “ഹരി” എന്നതിന്റെ പരൽ‌പ്പേരനുസരിച്ചിട്ടുള്ള “28” എടുക്കണം. അവിടെയാണു കാംബോജി. അല്ലാതെ “ബോ ബോ” എന്നു പറഞ്ഞു കൊണ്ടിരുന്നാൽ കാംബോജിയാവില്ല.

അറിയാവുന്ന കാര്യത്തെപ്പറ്റി പറഞ്ഞാൽ പോരേ സർ? ഈ സംഗീതത്തെപ്പറ്റിയൊക്കെ പറഞ്ഞു നാണം കെടണോ, മുമ്പിലിരിക്കുന്നവർക്കു് ഇതൊന്നും അറിയില്ലെന്നു വെച്ചു്?ഗണപതിയെ മാത്രം വരച്ച ക്രിസ്ത്യാനിക്കുട്ടി


ആറാമത്തെ വീഡിയോയിൽ 05:56 മുതൽ 06:35 വരെ “ജന്മനാ ഉണ്ടാകുന്നതും പൂർ‌വ്വജന്മത്തിന്റെ ശേഷിപ്പായി കിട്ടുന്നതും” ആയ ഗുണങ്ങളെപ്പറ്റി പറയുമ്പോൾ വളരെ ചെറുപ്പത്തിൽ മരിക്കുന്നതിനു മുമ്പു് ധാരാളം ചിത്രങ്ങൾ വരച്ച ക്ലിന്റ് എന്ന കുട്ടിയെപ്പറ്റി പരാമർശിക്കുന്നുണ്ടു്.

ചില വ്യക്തികള് ജനിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് ചിത്രം രചനയില് നല്ല കപ്പാസിറ്റി…നിങ്ങള്‍ കേട്ടിട്ടുണ്ടാകും ആന്റോ എന്നോ റ്റിന്റോ എന്നോ പേരുള്ള ഒരു കുട്ടി… – രണ്ടരവയസ്സില്‍ ആ കുട്ടി മരിച്ചു – (സദസ്യരിലാരോ തിരുത്തിയപ്പോൾ) ആ… ക്ലിന്റ് … ആ കുട്ടി വരച്ച എത്രയോ ചിത്രങ്ങളെടുത്ത് തിരുവനന്തപുരം വി.ജെ.റ്റി ഹോളില് പ്രദര്‍ശനം നടത്തി… ആ കുട്ടി വരച്ചിരിക്കുന്ന ചിത്രങ്ങള്‍ മുഴുവനും ഒന്നുകില്‍ ആനയുടെ അല്ലെങ്കിൽ ഗണപതീടെ. ഈ കുട്ടി ക്രിസ്ത്യന്‍ ഫാമിലീലെയാ. ആ കുട്ടി ഗണപതിയെ ഒന്നും വീട്ടിലേക്ക് കൊണ്ടുപോയിട്ടില്യ..അതെന്ത് കൊണ്ടു വരച്ചു ?
download MP3

അകാലത്തിൽ മണ്മറഞ്ഞുപോയ പ്രതിഭാധനനായ ഒരു പിഞ്ചുകുട്ടിയെപ്പറ്റിയാണു് നട്ടാൽ കിളുർക്കാത്ത പൊളി പറയുന്നതു്. ക്ലിന്റ് ആനയെയും ഗണപതിയെയും മാത്രമേ വരച്ചിട്ടുള്ളത്രേ! ക്രിസ്ത്യാനിയായിരുന്ന ക്ലിന്റ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഗണപതിയെ വരച്ചതു് ഹൈന്ദവധർമ്മത്തിന്റെ മഹത്ത്വത്തെയല്ലാതെ എന്താണു സൂചിപ്പിക്കുന്നതു്? കഴിഞ്ഞ ജന്മത്തിൽ ഏതോ സുകൃതം ചെയ്ത ഗണപതിഭക്തനായിരുന്നിരിക്കണം. അല്ലാതെ ഈ പ്രതിഭയൊന്നും വരാൻ വഴിയില്ല!

മഹാഹിന്ദുസമ്മേളനമല്ലേ, അല്പം ഹിന്ദുത്വവാദവും കൂടി ഇടയ്ക്കു തിരുകാം എന്നായിരിക്കും ഡോ. ഗോപാലകൃഷ്ണന്റെ ഉള്ളിലിരിപ്പു്. കേരളത്തിൽ വളർന്ന കുട്ടി, അവൻ ക്രിസ്ത്യാനിയോ മുസ്ലീമോ ആയിക്കൊള്ളട്ടേ, ഒരിക്കലും ഗണപതിയുടെ പടമോ പ്രതിമയോ കാണാതിരിക്കാൻ പറ്റുമോ സർ?

ക്ലിന്റ് ആനയെയും ഗണപതിയെയും മാത്രമല്ല, സൂര്യാസ്തമയം പോലെയുള്ള പ്രകൃതിദൃശ്യങ്ങളെയും, തെയ്യം പോലെയുള്ള കാഴ്ചകളെയും വരച്ചിരുന്നു. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും പറഞ്ഞു കേട്ട അറിവു വെച്ചു മൂങ്ങയെയും വരച്ചിട്ടുണ്ടു്. കുഞ്ഞുണ്ണിമാഷിന്റെ കവിതകൾ ക്ലിന്റിനു് ഇഷ്ടമായിരുന്നു. ഈ കുട്ടിയെപ്പറ്റിയാണു്, അവന്റെ പേരു പോലും ഓർമ്മയില്ലാത്ത ഡോ. ഗോപാലകൃഷ്ണൻ ഹൈന്ദവതയുമായി കൂട്ടിക്കെട്ടാൻ നോക്കുന്നതു്.

ഇനി, പുനർ‌ജന്മമോ ജാതകഗുണമോ അല്ലാതെ ഇത്രയും ചെറിയ കുട്ടികൾക്കു് ഇത്രയും കഴിവുണ്ടാകുന്നതെങ്ങനെ എന്നു സംശയമുള്ളവർ പടം വരയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഏതെങ്കിലും നേഴ്സറിയിലോ പ്ലേ സ്കൂളിലോ പഠിക്കുന്ന കുട്ടികൾ വരയ്ക്കുന്ന പടങ്ങൾ നോക്കിയാൽ മതി. അക്കാഡമിക് പഠിത്തമല്ലാതെ മറ്റൊന്നും കുഞ്ഞിന്റെ തലയിൽ അടിച്ചുകയറ്റാത്ത കേരളത്തിൽ ക്ലിന്റിനെപ്പോലെയുള്ള കുട്ടികളെ അധികം കാണാത്തതു് അദ്ഭുതമല്ല. ആ കുട്ടിക്കു ചിത്രം വരയ്ക്കാൻ താത്പര്യം കൊടുക്കുകയും അതു പ്രോത്സാഹിപ്പിക്കുകയും ചെയ്ത ആ മാതാപിതാക്കളോടു നന്ദി പറയാം. ബേബി ശാലിനി ചെറുപ്പത്തിൽ നന്നായി അഭിനയിച്ചതു് ഏതെങ്കിലും കഥകളിനടന്റെ പുനർജന്മമായതു കൊണ്ടല്ലല്ലോ!വായിൽ തോന്നുന്നതു ഗോപാലകൃഷ്ണനു ജ്യോതിഷം!

ഇനി, ശാസ്ത്രത്തെപ്പറ്റി മാത്രമല്ല ശ്രീ ഗോപാലകൃഷ്ണൻ വായിൽത്തോന്നുന്ന പുളു തട്ടിവിടുന്നതു്. പ്രസംഗത്തിലുടനീളം ജ്യോതിഷത്തിലെ പല ഫലങ്ങളെപ്പറ്റിയും സരസമായി വിവരിക്കുന്നുണ്ടു്. അതൊന്നും ജ്യോതിഷപ്രകാരം ശരിയല്ല. അന്നേരം തോന്നുന്ന മനോധർമ്മം മാത്രമാണു്.

“ജ്യോതിഷപ്രകാരം” ശരിയല്ല എന്നു പറഞ്ഞതു കൊണ്ടു് ജ്യോതിഷപ്രകാരം ശരിയായ എന്തിനെങ്കിലും ജ്യോതിഷപ്രകാരം ശരിയല്ലാത്ത എന്തിനെയെങ്കിലും അപേക്ഷിച്ചു് എന്തെങ്കിലും മെച്ചമുണ്ടെന്നു് അഭിപ്രായമില്ല. ജ്യോതിഷം പറയുന്നതും ഗോപാലകൃഷ്ണൻ പറയുന്നതും മാസികകളിലെ വാരഫലം പറയുന്നതും ചൈനീസ് റെസ്റ്റോറന്റിലെ ഫോർച്യൂൺ കുക്കിയിലെ കടലാസുകഷണം പറയുന്നതും റെയിൽ‌വേ സ്റ്റേഷനിലൊക്കെ കാണുന്ന യന്ത്രം ഭാരം അച്ചടിച്ചു തരുന്ന കാർഡിന്റെ മറുവശത്തുള്ള ഫലം പറയുന്നതും കൈനോട്ടക്കാരൻ കൈ നോക്കി പറയുന്നതും കാക്കാത്തി മുഖം നോക്കി പറയുന്നതും എല്ലാം ഒരു പോലെ അബദ്ധമാണു്. അബദ്ധമാണെന്നു് എനിക്കുറപ്പുള്ള ബൃഹജ്ജാതകവും ഫലദീപികയും വായിച്ചു് അതിലെ ശ്ലോകങ്ങളുടെ അർത്ഥം മനസ്സിലാക്കി താഴെക്കൊടുക്കുന്ന വിവരങ്ങൾ ഞാൻ ഇവിടെ എഴുതുന്നതു്, ഡോ. ഗോപാലകൃഷ്ണൻ ജ്യോതിഷത്തിലെ ഫലങ്ങളായി ഇവിടെ കുറേ കാര്യങ്ങൾ തട്ടിവിടുന്നതു് ഇതൊക്കെ തനിക്കു് മനഃപാഠമാണെന്നും തന്നെപ്പോലുള്ള പണ്ഡിതരെ സമീപിച്ചാൽ ശരിയായ ഫലം അറിയാം എന്നും കേൾക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാനാണെന്നു് വ്യക്തമാക്കാനാണു്.

ഉദാഹരണമായി ഈ ഭാഗങ്ങൾ കേൾക്കുക.

 1. Video 1: 02:47 – 02:50
  എട്ടാം ഭാവത്തിലു ശനിയാണെങ്കില്‍ കുറേ കാലം കിടക്കും.
  download MP3
 2. Video 1: 06:14-06:29
  പന്ത്രണ്ടാം ഭാവത്തില് ശുക്രനുള്ള വ്യക്തിയെ വീട്ടില്‍ കണ്ടില്ലെങ്കില്‍ കള്ളുഷോപ്പിലുണ്ടാവും. രണ്ടോപ്ഷനേ അയാള്‍ക്കുള്ളൂ – പന്ത്രണ്ടാം ഭാവത്തിലെ ശുക്രന്‍ – അത് നീചത്തിലാണെങ്കില് അയാള് വീട്ടിലെയ്ക്ക് വരികയേ ഇല്ല, അവിടെത്തന്നെയുണ്ടാവും !
  download MP3
 3. Video 3: 02:38 – 04:07
  അതായത്, ചൊവ്വ എന്നുപറയുന്നത് രണ്ടാം ഭാവത്തിലുണ്ടെങ്കില്, അങ്ങനെ രണ്ടാം ഭാവത്തില്‍ ചൊവ്വയുള്ള ഒരു പെണ്‍കുട്ടിയെക്കെട്ടിയാല്‍ ഇരുപത്തേഴ് പ്രാവശ്യം കുളിച്ച ഇഫക്റ്റാന്ന് പറയും ! ആ സ്ത്രീ സംസാരിക്കുന്നതെല്ലാം കൊള്ളിവച്ചായിരിക്കും…എല്ലാറ്റിലും രണ്ട് മീനിംഗ് കാണും…വാച്യാര്‍ത്ഥം വ്യംഗ്യാര്‍ത്ഥം ലക്ഷ്യാര്‍ത്ഥം ഇങ്ങനെ മൂന്നര്‍ത്ഥം കൂടാതെ നാലാമതൊരര്‍ത്ഥവും കൂടിയുണ്ട് – താന്‍ ശരിയാവില്ലാന്ന് ഒരര്‍ത്ഥം കൂടി – അപ്പോ യഥാര്‍ഥത്തില് രണ്ടാംഭാവത്തില്‍ ചൊവ്വവരുമ്പോള്‍ വാക്കിന്റെ പ്രയോഗത്തിലുണ്ടാവുന്ന നെഗറ്റീവ് എന്നത് അവിടെയിരിക്കുന്ന ചൊവ്വ തരുന്നില്ലാ നമുക്കാര്‍ക്കും… അവിടെയാണ് നമുക്ക് ഇന്റര്‍പ്രെട്ടേഷന്‍ തെറ്റിയത്. അവിടിരിക്കുന്ന ചൊവ്വയ്ക്ക് ഇയാളുടെ വാക്കിനകത്ത് ഇന്‍ഫ്ലുവെന്‍സ് ചെയ്യാനൊന്നും സാധ്യമല്ല…

  മൂന്നാം ഭാവത്തില് ചൊവ്വയുണ്ടെങ്കില് ഒരുതരത്തിലും റെസ്റ്റെടുക്കാത്ത ഒരു ചേട്ടനും അനിയനുമുണ്ടായിരിക്കും. എന്നും പ്രശ്നമുണ്ടാക്കുന്ന അയല്‍ക്കാരുണ്ടായിരിക്കും.
  നാലാം ഭാവത്തില് ചൊവ്വയുണ്ടെങ്കില് അമ്മ തീപ്പൊരി അമ്മയായിരിക്കും !
  അഞ്ചാം ഭാവത്തില്‍ ചൊവ്വയുണ്ടെങ്കില് അതേ പോലൊരു മകനുണ്ടായിരിക്കും..
  ആറാം ഭാവത്തില്‍ ചൊവ്വയുണ്ടെങ്കില് കള്ളത്തരം ഭയങ്കരമായി ചെയ്തോണ്ടിരിക്കും..
  ഏഴാം ഭാവത്തില്‍ ചൊവ്വയുണ്ടെങ്കില് ഭാര്യയായാലും ഭര്‍ത്താവായാലും അവരുടെ കാര്യം മിക്കവാറും പോക്കാ..!
  എട്ടാം ഭാവത്തില് ചൊവ്വയുണ്ടെങ്കില് ആക്സിഡെന്റല്‍ ഡെത്താണ് – blood ooze ചെയ്തിട്ടായിരിക്കും വര്വാ.
  ആറേ,ഏഴ്, എട്ട് പന്ത്രണ്ട് ഒരുമിച്ച് വന്നാല്‍ ആശുപത്രിയില്‍ കിടന്ന് മരണം..!

  download MP3
 4. Video 5: 01:08 – 01:14
  അതേപോലെതന്നെ വാഹനത്തിനകത്തു മൊത്തം ആടയാഭരണമിട്ടിട്ടുണ്ടെങ്കിൽ ഇയാളുടെ ലഗ്നം ശുക്രനാണെന്ന് നോക്കാൻ വേറെയൊരുസ്ഥലത്തും പോകണ്ടാ.
  download MP3
 5. Video 5: 01:19 – 01:23
  ബി.കോം പഠിച്ചോ, ലഗ്നത്തിൽ പത്താം ഭാവത്തില് ബുധൻ ഉണ്ടാവും.
  download MP3
 6. Video 5: 03:21 – 03:53
  വ്യാഴവുമായിട്ട് ഭാര്യയെങ്ങാനും ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ പറയും:
  നിങ്ങളാവശ്യമില്ലാതെ ഗോപാലകൃഷ്ണന്റെ ലക്ചറൊന്നും കേൾക്കാൻ പോകണ്ട, അതൊന്നും ശരിയാവില്ല്യ. ഞാനെത്ര പ്രാവശ്യം പറഞ്ഞു നിങ്ങൾക്കീ വീട്ടിലെ കാര്യം നോക്കിയാൽ പോരേ? എന്തിനാ നിങ്ങൾ പോകുന്നേ? എന്തേ ഞാൻ പറയുന്നതിനെ നിങ്ങളൊരിക്കലും വില വെയ്ക്കില്ല. ഇതാണു നമ്മളു തമ്മിലുള്ള പ്രശ്നം.
  ആ പറയുന്ന രീതി നോക്ക്, ങ്ങനെ ഉപദേശത്തോടു കൂടി. അതു കേൾക്കുമ്പോത്തന്നെ മനസ്സിലാക്കാം വേറെ ജാതകമൊന്നും നോക്കണ്ട, പാർട്ടിയുടെ രണ്ടില് ഗുരുവാണ്.
  download MP3
 7. Video 6: 00:45 – 04:05
  ഇനിയാ ലഗ്നത്തിലാരൊക്കെയുണ്ടെന്ന് നോക്കുക. ചൊവ്വയുണ്ടെങ്കിൽ ഗോപാലകൃഷ്ണന് ഒരു സ്ഥലത്തും ഇരിക്കാൻ പറ്റില്ല്യ. കാരണം ചോരത്തിളപ്പുണ്ടാകും. ഇങ്ങനെ എഴുന്നേറ്റ് നടന്നുകൊണ്ടേയിരിക്കും. അതുകഴിഞ്ഞാലിത്, ഇതുകഴിഞ്ഞാലിത് അങ്ങനെ ചെയ്തുകൊണ്ടേയിരിക്കും. അപ്പോൾ ചൊവ്വയുണ്ടെങ്കില്, ഭയങ്കര എനർജെറ്റിക്കായിരിക്കും, ലഗ്നത്തില് ചൊവ്വയുണ്ടെങ്കില്. അതേ സമയത്തു ശനിയാണെങ്കില് അയാളു പതുക്കെ ഇങ്ങനെയേ നടക്കുകയുള്ളൂ. പതുക്കെയേ നടക്കുകയുള്ളൂ. നമ്മുടെ ആ ജുറാസിക് പാർക്കില് അതു വരണത് കണ്ടിട്ടില്ലേ, കാലെടുത്ത് വെയ്ക്കുമ്പോൾത്തന്നെ വെള്ളം ഇളകുന്നുണ്ടാകും. ആ മൃഗത്തിനു ലഗ്നത്തില് ശനിയുള്ളതു കൊണ്ടല്ല, അതിന്റെ സ്വഭാവം അങ്ങനെയായതുകൊണ്ടാ. അപ്പോൾ യഥാർത്ഥത്തിലെന്താ സംഭവിക്യാ, ലഗ്നത്തില് ശനിയുള്ള വ്യക്തി വീട്ടിലിരിക്കുന്നതു കണ്ടാ മനസ്സിലാക്കാം ബാത്ത്‌റൂമിലേക്ക് പോകാനും വെള്ളമൊരുഗ്ലാസ് കുടിക്കാനും ടിവി ഓൺ ചെയ്യാനും ഫാനിന്റെ സ്വിച്ച് ഓൺ ചെയ്യാനും അടുക്കളയിലെന്താണു കറിയുണ്ടാക്കുന്നതെന്നറിയാനും കൂടി, എല്ലാം‌കൂടി ചേർത്ത് ഒരു പ്രാവശ്യമേ എണീക്കുകയുള്ളൂ. അയാള് സ്ലോയാണ്. മന്ദൻ, വളരെ സ്ലോയാണ്. അത് ലഗ്നത്തില് ശനി വരുമ്പോ പലരേം നോക്കിക്കൊള്ളൂ. അയാള് വളരെ പതുക്കയേ പോകുകയുള്ളൂ.
  സാരമൊന്നുല്ല്യ, പതുക്കെ മതി, എന്തിനാന്നേ. ഇന്നലെ ഗോപാലകൃഷ്ണൻ പറഞ്ഞു കഴിഞ്ഞ നൂറ്റാണ്ടിലീദിവസം ഭൂമിയിലുണ്ടായിരുന്നില്ല. അടുത്ത് നൂറ്റാണ്ടിലീദിവസവും ഭൂമീലില്ല. എന്തിനിപ്പോ ഇത്ര ധൃതി പിടിക്കുന്നത്. ഇങ്ങനെയൊക്കെ മതിയെന്നേ.
  അയാളുടെ ജീവിതത്തിന്. അപ്പോൾ ലഗ്നത്തിൽ ശനി വന്നാൽ തളർന്ന്, അവിടെയെന്തു ചെയ്യും നമ്മള്? നമ്മള് ഡോക്ടറുടെയടുത്ത് ചെന്ന് പറയും. എന്റെ കുട്ടി വളരെ വളരെ സൈലന്റാണ്, ഒരു എനർജെറ്റിക്കുമല്ല; അപ്പോൾ അവരു പറയും. എക്സ്ട്രാ ഗ്രോയിംഗ് പവർ അടിച്ചു കേറ്റാൻ പറയും. Boost is the secret of my energy; അതു കൊടുത്താലൊന്നും മാറില്ല. Inherent, Intrinsic ആയിട്ട് കുട്ടി അങ്ങനെയാണ്. അത് ശനിയുടെ കുഴപ്പമല്ല, ശനി ഇവിടെയൊന്നുമല്ല ഇരിക്കുന്നത്. മില്ല്യൺസ് ആൻഡ് മില്ല്യൺസ് ഓഫ് കിലോമീറ്റേഴ്സ്, കാരണം, ശനിക്കു കൊടുത്തിരിക്കുന്ന കാരകത്വത്തില് ഈ കുട്ടി lazy-യാണ്. സ്ലോലിയെ പോകുള്ളൂ. ചില വ്യക്തികളുടെ ഓഫീസ് കണ്ടാലറിയാം പെർഫക്ടായിട്ട് വെച്ചിട്ടുണ്ടാകും. വളരെ ക്ലീനായിട്ട് വെച്ചിട്ടുണ്ടാകും. അവിടെ ഗണപതിയുടെ വിഗ്രഹമോ അല്ലെങ്കിൽ അതിന്റെ വിഗ്രഹം ഈ വിഗ്രഹം, പുസ്തകങ്ങളടുക്കി വെച്ചിട്ടുണ്ടാകും ഇതു വെച്ചിട്ടുണ്ടാകും; ഒന്നും താഴെ വെയ്ക്കുന്നതുമയാൾക്കിഷ്ടമല്ല, എന്താ കാരണം? ലഗ്നത്തില് ശനിയാ. ലഗ്നത്തിൽ ശനിയുള്ളവൻ സിസ്റ്റമാറ്റിക്കായിട്ടേ കാര്യങ്ങൾ ചെയ്യുകയുള്ളൂ. പ്ലേറ്റൊക്കെ എടുത്ത് വെക്കുന്നതു കണ്ടാൽ പത്മശ്രീ കിട്ടിയവനെപ്പോലെയിരിക്കും. വളരെ പതുക്കെയാണ്. അപ്പോൾ ലഗ്നത്തിൽ ശനി വന്നാൽ ഇതൊക്കെയാ. ഇനി ലഗ്നത്തിൽ ശുക്രൻ വന്നാൽ, ശുക്രന്റെ കാരകത്വമാണു വ്യക്തിക്കു കിട്ടുക. ആ ശുക്രന്റെ കാരകത്വം കിട്ടുമ്പോഴേക്ക്, ചിലര് നോക്കിക്കൊള്ളൂ, ഷാഡോ ഗോപിനാഥൻ. ഷാഡോ ഗോപിനാഥൻ എങ്ങനാ സംസാരിക്കുക?
  ഞാൻ വിചാരിക്യായിരുന്നു നിങ്ങളെങ്ങനാ ഇങ്ങനെ വരികാന്നുള്ളത്. ബസിലാണോ വന്നത്, അതല്ല പ്ലെയിനിലാണോ വന്നത്.
  കൈയൊക്കെ പോയ പോക്ക് കണ്ടില്ലേ? മുദ്രകളാ എല്ലാം. സ്ത്രൈണഭാവം പുരുഷനില്, അപ്പോൾ ലഗ്നത്തിൽ ശുക്രൻ വന്നാൽ, വളരെ നൃത്തഭാവത്തിലായിരിക്കും വാക്കുകൾ വരിക. ഫേഷ്യൽ ആക്ഷൻ, എക്സ്പ്രെഷൻ, എല്ലാം വരിക. അതേ പോലെത്തന്നെ ലഗ്നത്തിൽ ബുധൻ വന്നാൽ, അച്ഛൻ പറയും,
  “നല്ലോണം പഠിക്കണം കേട്ടോ മോനെ.”
  “ഞാൻ പഠിക്കാം. എനിക്കെന്ത് തരും?”
  ഒക്കെ ബിസിനസ് ടേംസാ. ഫുൾ ബിസിനസ് ടേംസാ.
  “നീ നാളെ രാവിലെ പോയിട്ട് റേഷൻ കൊണ്ടുവരണം.”
  “റേഷൻ കൊണ്ടുവരാം, പക്ഷേ എന്തു തരും?”
  എന്തു വേണേൽ ചെയ്യാം. എന്തു തരും. ഇതിനൊക്കെ എന്താ ഉത്തരം?
  download MP3
 8. Video 6: 08:53 – 10:21, Video 7: 00:00 – 01:13
  വീരപ്പനെന്തുകൊണ്ടു വീരപ്പനായി? ലഗ്നാധിപൻ നേരെ ആറിലുണ്ട്. അതു നീചത്തിലാ. നോക്കിയാൽ വീരപ്പനെന്തുകൊണ്ട് അങ്ങനെയായി എന്നു മനസ്സിലാകും. അടൽ ബിഹാർ വാജ്പേയി പ്രഭാഷണം നടത്തണത് കേട്ടിട്ടുണ്ടോ? ഭായിയോ ഓർ ബഹനോ എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾക്ക് പുറത്തുപോയി ചായകുടിച്ച് വരാനുള്ള നേരമുണ്ട്. പിന്നെ അടുത്തത് പതുക്കയെ..വേറൊന്നും നോക്കണ്ട, രണ്ടാം ഭാവത്തില് ശനിയുണ്ട്. അതുകൊണ്ട് വാക്ക് സ്ലോ ആയിട്ടേ വരുള്ളൂ. വളരെ സ്ലോ ആയിട്ടേ വരുള്ളൂ. ജഗതി, ജഗതിയുടെ രണ്ടാം ഭാവത്തില് ശുക്രനുണ്ട്. അതുകൊണ്ട് സ്ത്രൈണഭാവത്തിലാ ചിലപ്പൊഴൊക്കെ സംസാരിക്ക്യ. വീരശൂരപരാക്രമിയായിട്ടുള്ള രവീന്ദ്രനുമായിട്ടുള്ള ഇന്റർവ്യൂവില് ചിലപ്പോ സ്ട്രോങ്ങായിട്ട് പറഞ്ഞൂന്ന് വരും. പിന്നേം നേരെ ആ നോർമലിലേക്ക് പോകും. അതുപോലെ എന്തു ഗംഭീരമായിട്ടാ ജയറാം പെണ്ണിന്റെ വേഷത്തില് പെണ്ണുങ്ങളെപ്പോലെ സംസാരിക്കുന്നത്, എന്താ കാരണം? രണ്ടാം ഭാവത്തില് ശുക്രനുണ്ട്. ഉച്ചത്തിലായതുകാരണം വലിയ കുഴപ്പമില്ല. നീചത്തിലോ മറ്റോ ആയിരുന്നെങ്കിൽ കൊഞ്ചിക്കൊണ്ടേ സംസാരിക്കുള്ളൂ. അപ്പൊ യഥാർത്ഥത്തില് ഇതിനൊക്കെ ഉത്തരം പറയണമെന്ന് ആഗ്രഹമുള്ളവർക്ക് വേണമെങ്കിൽ, അതൊന്നും എടുക്കണമെന്ന് നിർബന്ധമൊന്നുല്ല്യ, ഈ ഒരു അപ്രോച്ച് ഉണ്ട്, ഇതിന്റെ പ്രയോജനം എന്താ? ഇതിന്റെ പ്രയോജനം ഞാൻ നിങ്ങളോട് പറയുന്നു, രണ്ടാം ഭാവത്തിൽ ശുക്രനുണ്ട് നിങ്ങളുടെ മകൾക്ക് എന്ന് അറിഞ്ഞാൽ, ഇവിടെ വെച്ച് ഗോപാലകൃഷ്ണൻ വാക്കു തരുന്നു, ആ കുട്ടിയെ പാട്ടു പഠിപ്പിക്കുക. ആ കുട്ടിയെ പാട്ടു പഠിപ്പിച്ചാൽ അസാധാരണമായ ഉയർച്ച ആ കുട്ടിയ്ക്കുണ്ടാകും.
  download MP3
  അതേ പോലെത്തന്നെ, പത്താം ഭാവത്തിലു ബുധനാണെങ്കില്, ആ കുട്ടിയെ ചാര്‍ട്ടേഡ് അക്കൌണ്ടന്‍സിയിലേയ്ക്ക് വിട്കാ..നിര്‍ബന്ധിച്ച് എഞ്ചിനിയറിങ്ങിനും എം.ബി.ബി എസിനും വിടാതിരിക്ക്യാ. ഇത് നിങ്ങള്‍ അഡോപ്റ്റ് ചെയ്യണംന്നല്ല, ഇങ്ങനെയുള്ള ഓപ്ഷന്‍സ്ണ്ട്…

  അഞ്ചാം ഭാവത്തില്, ശനി നീചത്തിലു നില്‍ക്കുന്നു – ശനി മേടം രാശിയിലാണെങ്കില് – ആ പെണ്‍കുട്ടീടട്ത്ത് പറയ്കാ, അഞ്ചാം ഭാവം വളരെ ആക്റ്റീവയിട്ടുള്ളൊരു പുരുഷനെയേ വിവാഹം കഴിക്കാവൂ, ഇല്ലെങ്കില്‍ കുട്ടികളുണ്ടാവില്ല്യ… ഒരു മെഡിക്കല്‍ സയന്‍സിനും പറയാന്‍ സാധ്യമല്ല.

  അപ്പോ ഇത് പറഞ്ഞത് സയന്റിഫിക് ആണോ ? സയന്റിഫിക്കേ അല്ല. വീണ്ടും ഞാനാ വരി പറയാം.. ഏത് സയന്‍സുപയോഗിച്ചാ പറയ്യാ? അഞ്ചാം ഭാവത്തില് നീചത്തില് ശനിയിരിക്കുന്നെങ്കില് – അതായത് മേടം രാശിയില്‍ ശനിയിരിക്കുന്നെങ്കില്, കുട്ടികളുണ്ടാവില്ലാന്ന് പറയുന്നത് കാരകത്വം കൊട്ടുത്തിട്ടാണ്. ആ കാരകത്വത്തിന് സയന്‍സില്ല. സയന്‍സില്ലാത്ത ഒരു പദപ്രയോഗത്തിലൂടെയാണ് ജാതകം വര്‍ക്ക് ചെയ്യുന്നത്. അപ്പോ എന്താ ചെയ്യാ, അതിനനുസരിച്ച് നന്മകള് ചെയ്യാന്‍…..

  download MP3

ഇതിൽ ചില ഗ്രഹങ്ങൾ ചില ഭാവങ്ങളിൽ നിൽക്കുമ്പോഴുള്ള ഫലങ്ങളായി ശ്രീ ഗോപാലകൃഷ്ണൻ പറയുന്നതും, ജ്യോതിഷഫലഭാഗത്തിന്റെ രണ്ടു പ്രാമാണികഗ്രന്ഥങ്ങളായി കരുതപ്പെടുന്ന വരാഹമിഹിരന്റെ ഹോരാശാസ്ത്രത്തിലും (പതിനെട്ടാമദ്ധ്യായം) മന്ത്രേശ്വരന്റെ ഫലദീപികയിലും (എട്ടാമദ്ധ്യായം) പറഞ്ഞിരിക്കുന്ന ഫലങ്ങളും താഴെച്ചേർക്കുന്നു. (ഈ രണ്ടു ഗ്രന്ഥങ്ങളിലെയും ഉദ്ധരണികൾ ശ്ലോകങ്ങളും അർത്ഥവും സഹിതം ഇവിടെ വായിക്കാം.)

ഗ്രഹസ്ഥിതി ഗോപാലകൃഷ്ണൻ വരാഹമിഹിരൻ മന്ത്രേശ്വരൻ
ലഗ്നത്തിൽ ചൊവ്വ Energetic ശരീരത്തിൽ മുറിവുണ്ടാകും. അവയവങ്ങളിൽ മുറിവു്, ക്രൂരൻ, അല്പായുസ്സു്, സാഹസികൻ
രണ്ടിൽ ചൊവ്വ കൊള്ളിവാക്കുകൾ മാത്രമേ പറയൂ. ചീത്ത ആഹാരം വിരൂപൻ, വിദ്യയും ധനവും ഇല്ലാത്തവൻ, ചീത്ത ആളുകളെ ആശ്രയിക്കൽ.
മൂന്നിൽ ചൊവ്വ റെസ്റ്റ് ഇല്ലാത്ത ചേട്ടനും അനിയനും. പ്രശ്നമുണ്ടാക്കുന്ന അയൽക്കാർ. ബുദ്ധിയും പരാക്രമവും ഉള്ളവൻ നല്ല സ്വഭാവവും ധനവും ശൗര്യവും തോല്പിക്കാൻ പറ്റാത്തവനും സുഖിമാനും അനുജന്മാരില്ലാത്തവനും
നാലിൽ ചൊവ്വ അമ്മ തീപ്പൊരിയായിരിക്കും. സുഖമില്ലാത്തവനും മനസ്സു വിഷമിച്ചവനും കൂട്ടുകാർ, അമ്മ, ഭൂമി, സുഖം, വീടു്, വാഹനം ഇവ ഇല്ലാത്തവൻ
അഞ്ചിൽ ചൊവ്വ അതു പോലെയുള്ള ഒരു മകൻ ഉണ്ടായിരിക്കും. പുത്രനില്ലാത്തവനും ദരിദ്രനും സുഖമില്ലാത്തവൻ, മക്കളില്ലാത്തവൻ, എല്ലാം അനർത്ഥമാകുന്നവൻ, പിശുക്കൻ, ധൈര്യം കുറഞ്ഞവൻ
ആറിൽ ചൊവ്വ കള്ളത്തരം ചെയ്യും ബലവാൻ, ശത്രുക്കളെ ജയിക്കുന്നവൻ കാമകലാവിദഗ്ദ്ധൻ, ഐശ്വര്യം, കീർത്തി, ശത്രുക്കളെ ജയിക്കുന്ന രാജാവു്.
ഏഴിൽ ചൊവ്വ ഭാര്യയും ഭർത്താവും പോക്കാണു്. സ്ത്രീകളിൽ നിന്നു് അപമാനം രോഗി, ഭാര്യയെ നഷ്ടപ്പെട്ടവൻ, തെണ്ടി നടക്കുന്നവൻ
എട്ടിൽ ചൊവ്വ ബ്ലഡ് ഊസ് ചെയ്തു മരിക്കും. ആക്സിഡന്റ് ഡെത്ത്. സന്താനം കുറവു്, കാഴ്ചക്കുറവു് അംഗവൈകല്യം, ദാരിദ്ര്യം, അല്പായുസ്സു്, ആളുകളിൽ നിന്നു നിന്ദ.
ലഗ്നത്തിൽ ബുധൻ എല്ലാവരോടും ബിസിനസ് ടേംസിലേ സംസാരിക്കൂ. പണ്ഡിതൻ ദീർഘായുസ്സുള്ളവൻ, മധുരമായും സമർത്ഥമായും സംസാരിക്കുന്നവൻ, എല്ലാ ശാസ്ത്രവും പഠിച്ചവൻ.
പത്തിൽ ബുധൻ ബി. കോം. പഠിക്കും. സൂര്യൻ പത്തിൽ നിൽക്കുന്ന ഫലം തന്നെ. അതായതു്, പ്രശസ്തനും (ശ്രുതി പഠിച്ചവൻ എന്നും അർത്ഥം പറയാം) ശൂരനും. വലിയ സം‌രംഭങ്ങൾ തുടങ്ങൽ, അറിവു്, വളരെ സുഖം, സത്കർമ്മം, സത്യം ഇവ ഉണ്ടാവും.
രണ്ടിൽ വ്യാഴം എപ്പോഴും ഉപദേശിക്കും. നന്നായി സംസാരിക്കും. വാഗ്മി, ഭക്ഷണത്തെപ്പറ്റി നന്നായി അറിയുന്നവൻ, സുമുഖൻ, ധനവാനും സമർത്ഥനും
ലഗ്നത്തിൽ ശുക്രൻ സ്ത്രൈണഭാവം കാമശാസ്ത്രത്തിൽ സമർത്ഥനും സുഖിയും. ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരം, സന്തോഷവും ദീർഘായുസ്സും.
രണ്ടിൽ ശുക്രൻ സ്ത്രൈണഭാവം (ജഗതിയെയും ജയറാമിനെയും ഉദാഹരണം പറഞ്ഞു) സുന്ദരമായി സംസാരിക്കുന്നവൻ കവിത്വവും ധനവും.
ലഗ്നത്തിൽ ശനി മടി, slow, systematic, അടുക്കും ചിട്ടയും. ലഗ്നം തുലാം, ധനു, മകരം, കുംഭം, മീനം ആയാൽ രാജാവിനു തുല്യനും, ഗ്രാമം, പട്ടണം തുടങ്ങിയവയുടെ അധിപനും, വിദ്വാനും സുന്ദരനും ആയിരിക്കും. അല്ലെങ്കിൽ (ലഗ്നം മറ്റു് എഴു രാശികളിൽ ആണെങ്കിൽ) ദരിദ്രനും, രോഗിയും, കാമവിവശനും, വൃത്തികെട്ടവനും, ചെറുപ്പത്തിൽ രോഗമുള്ളവനും, അവ്യക്തമായി സംസാരിക്കുന്നവനും ആയിരിക്കും. ലഗ്നം തുലാം, മകരം, കുംഭം ഇവയിലൊന്നായാൽ രാജാവിനു തുല്യനും ഗ്രാമവും പട്ടണവും ഭരിക്കുന്നവനും ആയിരിക്കും. അല്ലെങ്കിൽ ദുഃഖമുള്ളവനും ബാല്യത്തിൽ തൊട്ടേ ദരിദ്രനും മലിനനും അലസനും ആയിരിക്കും.
രണ്ടിൽ ശനി പതുക്കെയേ എന്തും ചെയ്യൂ (വാജ്പേയി ഉദാഹരണം) രണ്ടിൽ സൂര്യൻ നിന്നാലുള്ള ഫലം തന്നെ. അതായതു്, വലിയ ധനവാനാണെങ്കിലും അതിന്റെ ഒരു ഭാഗം രാജാവു് അപഹരിച്ചവനും, മുഖത്തു രോഗമുള്ളവനും ആയിരിക്കും. വിരൂപൻ, ധനമില്ലാത്തവൻ, അന്യായം ചെയ്യുന്നവൻ, പ്രായമാകുമ്പോൾ വിദേശവാസം, വാഹനങ്ങളും ധനവും ആഡംബരങ്ങളും ഉണ്ടാവും.
എട്ടിൽ ശനി കട്ടിലിൽ ഒരുപാടു കിടക്കും. (ആദിത്യൻ 8-ലുള്ള ഫലം തന്നെ) സന്താനം കുറവു്, കാഴ്ചക്കുറവു് വൃത്തികെട്ടവൻ, ദരിദ്രൻ, ക്രൂരൻ, സുഹൃത്തുക്കൾ മാനിക്കാത്തവൻ.

ഇവ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും: വരാഹമിഹിരനും മന്ത്രേശ്വരനും പറയുന്ന ഫലങ്ങൾ മിക്കവാറും ഒത്തുപോകുന്നുണ്ടു്. ജ്യോതിഷത്തിൽ അംഗീകരിക്കപ്പെട്ടിരുന്ന ഫലങ്ങളായിരിക്കാം രണ്ടു പേരും പറഞ്ഞതു്. ഗോപാലകൃഷ്ണൻ പറഞ്ഞതു മുഴുവൻ ഗ്യാസാണു്. (അഞ്ചിൽ ചൊവ്വ നിന്നാലുള്ള ഫലം നോക്കൂ. വരാഹമിഹിരനും മന്ത്രേശ്വരനും പറയുന്നതു് പുത്രനുണ്ടാവില്ലെന്നാണു്. ഗോപാലകൃഷ്ണൻ പറയുന്നതു് അതു പോലെയൊരു പുത്രൻ ഉണ്ടാവും എന്നും!) സദസ്യരെ ചിരിപ്പിക്കാൻ വായിൽ തോന്നുന്ന ഫലങ്ങൾ പറയുക, എന്നിട്ടു് അതു സ്വന്തം അനുഭവത്തിൽ നിന്നുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തിൽ (ഇതും പുളുവാണെന്നു വ്യക്തം. അദ്ദേഹത്തിന്റെ വീടിനു് എതിരേ ഉള്ള വീട്ടിലെ മരുമകൾക്കു ആശുപത്രിയിൽ ക്ഷൗരമാണോ ജോലി എന്നു് ആരെങ്കിലും അന്വേഷിക്കുമോ?) എന്നു പറഞ്ഞു് എന്തു പറഞ്ഞാലും വെള്ളം തൊടാതെ വിഴുങ്ങുന്ന ഒരു സദസ്സിനു മുകളിൽ അടിച്ചേല്പിക്കുക, പിന്നെ ഇതൊന്നും പഠിക്കാത്തവർ തോന്നുന്നതുപോലെ പ്രയോഗിച്ചതു കൊണ്ടാണു് ഇതിന്റെയൊക്കെ വില പോയതു് എന്നു പ്രസംഗിക്കുക! സത്യം പറഞ്ഞാൽ, വഴിവക്കിലിരുന്നു ഭാവി പ്രവചിക്കുന്ന ജ്യോത്സ്യൻ പോലും ഇത്ര അബദ്ധങ്ങൾ ജ്യോതിഷത്തെപ്പറ്റി പറയില്ല എന്നതാണു വാസ്തവം.അജ്ഞാനം പലവിധം!

ഒരു സ്ഥലത്തു് ജ്യോതിഷം പഠിച്ചു് പ്രാക്റ്റീസ് ചെയ്യുന്ന ജ്യോത്സ്യന്മാരുടെയും കാലടി സർ‌വ്വകലാശാലയിൽ ജ്യോതിഷം പഠിക്കുന്ന വിദ്യാർത്ഥികളുടെയും (അവരുടെ ഡിഗ്രിയെ മാസ്റ്റർ ഓഫ് അജ്ഞാനം എന്നാണു വിളിക്കുന്നതു്) അറിവു ശരിയല്ല എന്നു പറയുന്ന ശ്രീ ഗോപാലകൃഷ്ണൻ (ക്രിക്കറ്റു കളിച്ചതു കൊണ്ടു മാത്രം പരീക്ഷ പാസ്സായ ഒരു ഡെന്റിസ്റ്റിന്റെ കെട്ടുകഥ തട്ടിവിടുന്നുമുണ്ടു്) ചില യുക്തിവാദികൾ ഇദ്ദേഹം പറയുന്നതൊന്നും സയൻസല്ല എന്നു പറഞ്ഞപ്പോൾ തന്റെ (അ)ജ്ഞാനങ്ങളുടെ ലിസ്റ്റ് നിരത്തുന്നുണ്ടു് (Video 12, 06:44-08:20).

കൈരളീ ടീവിയില് എന്റെ ഒരു ഇന്റര്‍‌വ്യൂ ഉണ്ടായിരുന്നു. എന്റെ ഇപ്പുറത്ത് കമലാനാഥനെന്ന് പറയുന്ന യുക്തിവാദി, ഇപ്പുറത്ത് മിശ്രവിവാഹ സംഘത്തിന്റെ സെക്രട്ടറി – അതും യുക്തിവാദിയാ – ഞാന്‍ നടുക്ക്. എന്റെ ഈ യുക്തിവാദത്തെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞു…അപ്പോ ഞാന്‍ പറഞ്ഞു : എന്റെ ഇവിടത്തെ അവസ്ഥ യേശുക്രിസ്തുവിന്റെ അവസ്ഥയാണ് – ഇവരുടെ രണ്ടുപേരുടെയും നടുക്കാണ് ഞാന്‍…

ഏറ്റവും വലിയ പ്രശ്നം- ഞാനത് ടീവിയില്‍ പറയ്കയുണ്ടായി – ഇയാള്‍ക്കും സയന്‍സ് മനസ്സിലാവില്യ, ഇതു മിശ്രവിവാഹ സംഘമാണ് – ഇയാള്‍ക്കും സയന്‍സ് മനസ്സിലാവില്ല്യ …അപ്പൊ സയന്‍സുപയോഗിച്ചിട്ട് ഈശ്വരനെന്താണെന്ന് പറഞ്ഞാല്‍ അത് ഇവര്‍ക്ക് മനസ്സിലാവില്യ – അതു പറഞ്ഞ് തീരുന്നതിനു മുന്‍പ് പറയുന്നു : “ഇയാള്‍ സയന്‍സെന്ന് പറഞ്ഞ് പറയുന്നതൊന്നും സയന്‍സല്ല”. അപ്പോ ഞാന്‍ പറഞ്ഞു, “സയന്‍സെന്ന് പറയുന്നത് സയന്‍സല്ലെന്ന് പറയല്ലേ, നിങ്ങള്‍ക്ക് മനസ്സിലാവിണില്യാന്ന് പറ !” കാരണമെന്താന്ന് വച്ചാല്, ഒരു സയന്റിഫിക് ഫീല്‍ഡില്, ലോകമറിയപ്പെടുന്ന 56 ഇന്റര്‍നാഷനല്‍ റിസര്‍ച്ച് പേയ്പ്പറും 6പേയ്റ്റന്റും, 13 – അമേരിക്കയിലെ ക്ലീവ് ലന്റ് യൂണിവേഴ്സിറ്റിയിലെ അവാര്‍ഡും ഉള്‍പ്പടെ ഞാനിവിടെ നിക്കുമ്പം എന്നെ അത്ര യൂസ്‌ലെസ് ആക്കല്ലെ. കൊറച്ചെങ്കിലും കോമണ്‍ സെന്‍സുണ്ട്, ഇല്ലെങ്കില്‍ ഗവണ്മെന്റ് ഒഫ് ഇന്ത്യ യൂജീസിയുടെ റൂള്‍ മാറ്റിയിട്ട് – 1947 ആഗസ്റ്റ് 15ന് ശേഷം ഒരാള്‍ക്കേ ഡീ-ലിറ്റ് കൊടുത്തിട്ടുള്ളൂ ഇന്ത്യേല്, ഒരു സയന്റിസ്റ്റിനേ കിട്ടിയിട്ടുള്ളൂ, അത് വാങ്ങിക്കാന്‍ ഭാഗ്യം കിട്ടിയ ഞാന്‍ ശുദ്ധ യൂസ്‌ലെസ്സാ പറഞ്ഞതെന്ന് താന്‍ പറഞ്ഞാല്‍ ശരിയാവില്യ എന്ന് ഞാന്‍ പറയുകയുണ്ടായി. ആ ഭാഗം മാത്രം കൈരളീ ടീവിയില് കാണിച്ചു, ഈശ്വരാനുഗ്രഹംകൊണ്ട് !

download MP3

ഇതൊന്നും അജ്ഞാനമല്ല, കാലടി സർ‌വ്വകലാശാലയുടേതു മാത്രമാണു് മാസ്റ്റർ ഓഫ് അജ്ഞാനം! എന്തായാലും വയറ്റുപിഴപ്പിനു് ജാതകം നോക്കുന്ന ജ്യോത്സ്യന്മാരൊക്കെ പുസ്തകം നോക്കിയും ഗ്രഹനില കണക്കുകൂട്ടിയിട്ടും ഒക്കെയാണു ജാതകമെഴുതുന്നതു്. അല്ലാതെ ഡോ. ഗോപാലകൃഷ്ണനെപ്പോലെ വായിൽ തോന്നിയതു ജ്യോതിഷഫലഭാഗമായി പുലമ്പുകയല്ല.

(അല്ലാശാനേ, ഈ മോഹൻ‌ലാലിനു വരെ കിട്ടിയ സാധനമല്ലേ ഈ ഡി. ലിറ്റ്?)ശാസ്ത്രജ്ഞന്റെ ശാസ്ത്രബോധം!


നാലാം വീഡിയോ 04:18 മുതൽ 05:16 വരെ. കേൾക്കേണ്ട സംഭവമാണു്.

ചെലപ്പോ ചെലര് പറയാറുണ്ടെന്റടുത്ത്, സാറിന്റടുത്ത് ഞാനൊരു ജാതകം തരാം. ഞാൻ ജാതകം നോക്കാൻ പോകാറില്ല. ആണോ പെണ്ണോ എന്നു പറയ്യ്‌വോ? ആ ജാതകതിന്റെയാള് ആണോ പെണ്ണോ ; അത് ഞാൻ പറയാറുണ്ട് ഈ ജാതകം നോക്കണതെന്തിനാ. ആ പെണ്ണിനോടു പോയി ചോദിച്ചാൽ പോരേ? ഇത് നോക്കാൻ പോണതെന്തിനാ? അതിൽ ചെന്നു നോക്കിക്കഴിഞ്ഞാൽ ആണോ പെണ്ണോ എന്നറിയാൻ സാധിക്കും. നമുക്ക് ജാതകം ശരിയാണോ എന്ന് പ്രൂവ് ചെയ്യലാണോ ഉദ്ദേശ്യം അതല്ല, അത് ആണോ പെണ്ണോ ആണോയെന്ന് തെളിയിക്കലാണോ ലക്ഷ്യം? പിന്നേം ചെലരു പറയാറുണ്ട്; ഒരിക്കൽ കുറെ രാഷ്ട്രീയക്കാരിരിക്കുന്നുണ്ടായിരുന്നു. എന്നോടു ചോദിച്ചു, സാറിന്റടുത്ത് പതിനഞ്ച് ജാതകം തരാം, ഇതില് ജീവിച്ചിരിക്കുനവരാരൊക്കെയാണ് മരിച്ചവരാരൊക്കെയാണ് ? ഞാൻ പറഞ്ഞു, മൊബൈൽ ഉള്ള സ്ഥിതിയ്ക്ക് വിളിച്ച് ചോദിക്യാ. അല്ലാണ്ട് ജാതകം നോക്കിയിട്ട് ഇത് അന്വേഷിക്കാൻ പോകുന്നതെന്തിനാ? അപ്പോൾ യഥാർത്ഥത്തില്, നമ്മള് ഏതിനെയെങ്കിലും വെല്ലുവിളിക്കാനോ ഏതിനെയെങ്കിലും നിഷേധിക്കാനോ ഏതിനെയെങ്കിലും പുച്ഛിക്കാനോ വേണ്ടിയിട്ട് ഇത് പഠിക്കാനോ ഉപയോഗിക്കാനോ ശ്രമിച്ചാൽ അതുകൊണ്ടൊരു പ്രയോജനവുമില്ല.
download MP3

ഗംഭീരമായ ശാസ്ത്രബോധം തന്നെ! ശാസ്ത്രജ്ഞൻ എന്നു് ഇങ്ങേരെത്തന്നെ വിളിക്കണം!

ഈ രണ്ടു ടെസ്റ്റുകളും ജ്യോത്സ്യന്മാർക്കു് യുക്തിവാദിസംഘം കൊടുത്ത പ്രശസ്തമായ വെല്ലുവിളികളാണു്. ഇതു സ്വീകരിക്കാൻ ധൈര്യമുള്ള ഒരൊറ്റ ജ്യോത്സ്യനും ഇതു വരെ ഉണ്ടായിട്ടില്ല. ഇത്തരം ഭീരുക്കൾക്കു് ഇത്തരം കൊട്ടത്താപ്പു് ഉത്തരം പറയാനും ചോദിക്കുന്നവരെ അവഹേളിക്കാനുമല്ലാതെ നട്ടെല്ലു നിവർത്തി ഒരുത്തരം പറയാൻ കൂടി കഴിയില്ല എന്നതു് ഖേദകരമായ ഒരു സത്യമാണു്.ഒന്നിച്ചു മരിക്കാൻ പറന്നെത്തിയ 440 പേർ

പതിനൊന്നാം വീഡിയോയിൽ 1:43 മുതൽ 3:08 വരെ.

ഈ ഒരു ചോദ്യത്തിന്- ഇതിനു മാത്രമല്ല ഞാന്‍ ജ്യോതിഷത്തിനെക്കുറിച്ച് പറയുകയാണ് – തിരുവനന്തപുരത്തിലെ ജില്ലാക്കളക്റ്ററായിരുന്ന, ഡോക്ടറേറ്റ് ഉള്ള നന്ദകുമാര്‍ – ഇപ്പോ അദ്ദേഹം ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസിന്റെ ചീഫ് സെക്രട്ടറിയാണ് – ഇതിലേതാണ്ട് പത്തിരുപതു വര്‍ഷം വര്‍ക്ക് ചെയ്തു… അതിനു അദ്ദേഹം കൊടുക്കുന്ന ഒരു ഉത്തരമുണ്ട്. പറയുന്നത് …. ഇത് അദ്ദേഹത്തിന്റെ ഉത്തരമല്ല, അമേരിക്കക്കാരന്റെ ഉത്തരമാണ് — ആ‍ ഉത്തരം അതേ പോലെ നിങ്ങളോട് പറയാം : ചില ആക്സിഡന്റുകള്, ചില ദുരന്തങ്ങള്, ചില വലിയ സങ്കീര്‍ണങ്ങളായ പ്രശ്നങ്ങള് … എമ്പറര്‍ അശോകാ വിമാനം പോയപ്പം 440 പേര്‍ ഒരുമിച്ച് വെള്ളത്തിനടിയില്പോയി മരിച്ചൂ എങ്കില്, ഈ 440പേര്‍ക്കും അന്ന് മരിക്കാന്‍ യോഗമുണ്ടായിരുന്നോ (എന്ന ചോദ്യത്തിന്) അതിനദ്ദേഹം കൊടുത്ത മറുപടി – ഇന്ത്യാക്കാരനല്ല, ജര്‍മ്മന്‍കാരനോ അമേരിക്കക്കാരനോ കൊടുത്ത ഉത്തരം – ഇതായിരുന്നു : ചില പ്രത്യേക ദുരന്തങ്ങള്‍ നടക്കുമ്പോള്‍ ലോകത്തിന്റെ പലസ്ഥലത്തുമുള്ളവര് ഒരുമിച്ച് മരിക്കും എന്ന ഗ്രൂപ്പ് അസ്റ്റ്രോളജിക്കല്‍ പ്രഡിക്ഷന്‍ ഉള്ളവര്, അറിഞ്ഞോ അറിയാതെയോ അതിനകത്തേയ്ക്ക് എത്തപ്പെടുന്നു എന്നുമാത്രമേ പറയാനാവൂ. സയന്റിഫിക്കലീ ഈ വരിക്ക് ഒരു വാലിഡിറ്റിയുമില്ല. സയന്‍സുപയോഗിച്ച് ഇപ്പ പറഞ്ഞത് ഈ പറഞ്ഞത് അബ്സല്യൂട്ട് നോണ്‍സെന്‍സ്…

ചിലരെല്ലാം മരിക്കാന്‍, അവരുടെ സമയമാകുമ്പോള്‍ They are flocking together, coming together for accepting the death together..അതാണ് അവിടെ സംഭവിക്കുന്നത് എന്നദ്ദേഹം വിവരിക്കയുണ്ടായി…

download MP3

വലിയ ആക്സിഡന്റുകളിൽ പെട്ടു് ഒന്നിച്ചു മരിക്കുന്ന മനുഷ്യരുടെയെല്ലാം ജാതകത്തിൽ മരണയോഗം ഉണ്ടോ എന്നാണു ചോദ്യം. ഉത്തരമായി ഏതോ നന്ദകുമാർ (ഇങ്ങേർക്കും ഉണ്ടു് ഡോക്ടറേറ്റും ഐ. ഏ. എസ്സും ഒക്കെ. അപ്പോൾ വിശ്വാസ്യത കൂടുമല്ലോ!) പറഞ്ഞ വാക്യമാണു് ഉദ്ധരിക്കുന്നതു്: “ലോകത്തിന്റെ പല സ്ഥലത്തുമുള്ള ഗ്രൂപ്പ് അസ്ട്രോളജിക്കൽ പ്രെഡിക്‌ഷൻ ഉള്ളവർ അറിഞ്ഞുകൊണ്ടോ അറിയാതെയോ ഒന്നിച്ചു വന്നു് മരണം ഒന്നിച്ചു കൈവരിക്കുന്നു…” ഇതു നന്ദകുമാർ പറഞ്ഞെന്നും ഏതോ അമേരിക്കക്കാരൻ പറഞ്ഞെന്നും അല്ല ഏതോ ജെർമൻ‌കാരനാണു പറഞ്ഞതെന്നും ഒറ്റ വായിൽത്തന്നെ ശ്രീ ഗോപാലകൃഷ്ണൻ പറയുന്നുണ്ടു്. എന്തരോ എന്തോ!

ഈ “ഗ്രൂപ്പ് അസ്ട്രോളജിക്കൽ പ്രെഡിക്‌ഷൻ” എന്നു പറഞ്ഞാൽ എന്താണു്? വരാഹമിഹിരൻ പറഞ്ഞതു വല്ലതും ആണോ? അതോ അമേരിക്കയിലുള്ള ജെർമൻ‌കാരൻ നന്ദകുമാറിന്റെ തിയറിയോ?

ഇവിടെ “എമ്പറർ അശോകാ ഫ്ലൈറ്റ്” തകർന്നു് 440 പേരാണു മരിച്ചതെന്നു് സംശയലേശമെന്യേ ശ്രീ ഗോപാലകൃഷ്ണൻ പറഞ്ഞതു കേട്ടല്ലോ? 1978-ലെ പുതുവത്സരദിനത്തിൽ ബോംബെയിൽ തകർന്നു വീണ ആ ഫ്ലൈറ്റിൽ (എയർ ഇന്ത്യ 855) മരിച്ചതു് 213 പേരാണു്. (കൂടുതൽ വിവരങ്ങൾ ഈ വിക്കി പേജിൽ ഉണ്ടു്.) അതാണു ഗോപാലകൃഷ്ണനു 440 ആയതു്. ഭാരതീയഗണിതത്തിലെയും ജ്യോതിഷത്തിലെയും നമ്പരുകളെപ്പോലെ ഇതും അപ്പോൾ തോന്നിയ നമ്പരാണെന്നു ചുരുക്കം!വിദഗ്ദ്ധമായ കബളിപ്പിക്കൽ

ചുരുക്കം പറഞ്ഞാൽ, ഈ പതിമൂന്നു വീഡിയോകളിൽക്കൂടി ഡോ. ഗോപാലകൃഷ്ണൻ അവതരിപ്പിക്കുന്ന സിദ്ധാന്തങ്ങളിൽ ഭൂരിഭാഗവും പൊട്ടത്തെറ്റാണെന്നു മാത്രമല്ല, ചില സ്ഥാപിതതാത്പര്യങ്ങൾ സ്ഥിരീകരിക്കാൻ യാതൊരു അടിസ്ഥാനവുമില്ലാതെ ഫാബ്രിക്കേറ്റ് ചെയ്ത വൻ തട്ടിപ്പുകളാണു്. പ്രസംഗത്തിനിടയിൽ കേൾക്കുന്ന നീണ്ട കൈയടികൾ സൂചിപ്പിക്കുന്നതു് അഭ്യസ്തവിദ്യരായ മലയാളികളിൽ പലരും (ഈ പ്രസംഗത്തിന്റെ കേൾ‌വിക്കാർ ഒരു ഹിന്ദുമഹാസമ്മേളനത്തിൽ കാശും കൊടുത്തു വന്നു സംബന്ധിച്ചവർ മാത്രമാണെന്നു മറക്കുന്നില്ല) ഇത്തരം അവകാശവാദങ്ങൾ കേട്ടാൽ അതിനെപ്പറ്റി അല്പം പോലും ആലോചിക്കാതെ വെള്ളം തൊടാതെ വിഴുങ്ങുന്നു എന്നാണു്. എന്തു കൊണ്ടു്?

ഒന്നാമത്തെ കാരണം ഡോ. ഗോപാലകൃഷ്ണന്റെ വാക്കുകളിലുള്ള സ്ഥിരതയാണു്. ഈ ഭൂലോകപൊട്ടത്തരങ്ങളൊക്കെ എത്ര ആത്മവിശ്വാസത്തോടെയാണു് അദ്ദേഹം പറയുന്നതു്! കേൾക്കുന്നവനു് ഇതിൽ അല്പമെങ്കിലും തെറ്റുണ്ടെന്നു തോന്നുമോ? കോൺഫിഡൻസോടു കൂടി പറയുന്ന വാക്കുകളെ അവിശ്വസിക്കാൻ സാധാരണജനം മടിക്കും. നല്ല ഒരു പ്രഭാഷകനായ അദ്ദേഹം തന്റെ പ്രഭാഷണപാടവത്തെ മനുഷ്യരിൽ അജ്ഞാനവും അന്ധവിശ്വാസവും കുത്തിവെയ്ക്കാനാണു് ഉപയോഗിക്കുന്നതു്.

രണ്ടാമതായി, അദ്ദേഹം ഇടയ്ക്കിടെ ഉദ്ധരിക്കുന്ന സംസ്കൃതം. ഞാൻ നേരത്തേ പറഞ്ഞതു പോലെ, മൃതഭാഷയായ സംസ്കൃതത്തിലുള്ള ഒരു ഉദ്ധരണി കേട്ടാൽ അതു ബി സി മൂന്നാം നൂറ്റാണ്ടിലെയാണോ അതോ ഏ ഡി പത്തൊമ്പതാം നൂറ്റാണ്ടിലേതാണോ എന്നു തിരിച്ചറിയാൻ പ്രയാസം. അതു നന്നായി ഉച്ചരിച്ചാൽ വളരെ പുരാതനമായ അറിവാണെന്നുള്ള മിഥ്യാബോധം ഉണ്ടാകും. ഓരോന്നും എഴുതിയ സമയവും അന്നു ശാസ്ത്രം എത്രത്തോളം വളർന്നിരുന്നു എന്നും പരിശോധിച്ചാൽ പല അവകാശവാദങ്ങളുടെയും പൂച്ചു പുറത്താകും.

ജ്യോതിഷത്തിനു ശാസ്ത്രീയതയില്ലെന്നു് പല വിധത്തിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണു്. (ജ്യോതിഷം നൂറ്റാണ്ടുകളിലൂടെ വികസിച്ചു വന്നതിന്റെ ചരിത്രവും അതിന്റെ പൊള്ളത്തരവും സൂരജ് എഴുതിയിരിക്കുന്നതു വായിക്കുക. ചിലപ്പോഴൊക്കെ ജ്യോതിഷം ശരിയാകുന്നു എന്ന മിഥ്യാധാരണയുടെ അടിസ്ഥാനത്തെപ്പറ്റി കാൽ‌വിൻ എഴുതിയ അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ! എന്ന പോസ്റ്റും നോക്കുക.) ആ വഴിക്കു പോയിട്ടു കാര്യമില്ല എന്നറിയാവുന്നതു കൊണ്ടു് പുതിയ ഒരു അടവുമായാണു് ഇത്തവണ ഡോ. ഗോപാലകൃഷ്ണന്റെ വരവു്. ജ്യോതിഷം സയന്റിഫിക് അല്ല, പക്ഷേ യൂസ്‌ഫുൾ ആണത്രേ! സയന്റിഫിക് അല്ലെങ്കിലും ഇങ്ങേരുടെ പ്രവചനങ്ങൾ എല്ലാം ശരിയായിട്ടുണ്ടത്രേ! അച്ഛൻ മരിച്ച സമയം, അയൽ‌വക്കത്തെ മരുമകൾക്കു് ആശുപത്രിയിൽ ഷേവു ചെയ്യലാണു ജോലി എന്നതു് കൃത്യമായി ഭർത്താവിന്റെ ജാതകത്തിൽ നിന്നു പറഞ്ഞതു്, ഒരു പയ്യന്റെ ജാതകം നോക്കി അവൻ കല്യാണം കഴിഞ്ഞാലും അമ്മയുടെ കൂടെ മാത്രമേ കിടക്കൂ എന്നു പറഞ്ഞതും ആ പയ്യന്റെ കല്യാണം ഒരാഴ്ചയ്ക്കുള്ളിൽ വിവാഹമോചനത്തിൽ കലാശിച്ചതും,… എന്നിങ്ങനെ ഒരിക്കലും ജാതകം നോക്കാത്ത ഗോപാലകൃഷ്ണൻ നടത്തിയ പല പ്രവചനങ്ങളും സത്യമായിട്ടുണ്ടത്രേ! ഇതു വരെ മുകളിൽ‌പ്പറഞ്ഞ കാര്യങ്ങൾ വെച്ചു നോക്കുമ്പോൾ ഇതൊക്കെ ഗ്യാസാകാനാണു സാദ്ധ്യത. അല്ലെങ്കിൽ കാൽ‌വിൻ വിശദീകരിച്ച സെലക്ടീവ് അംനീഷ്യ. “പുലി വരുന്നേ…” എന്നു നിലവിളിച്ച ബാലനെപ്പോലെ ഇനി ഇങ്ങേർ എത്ര കോൺഫിഡൻസോടെ പറഞ്ഞാലും അതു ഗ്യാസാണെന്നു ജനം ധരിച്ചാൽ അദ്ഭുതപ്പെടാനില്ല.ആ…

നേരത്തേ ഉദ്ധരിച്ച, ഡോ. ഗോപാലകൃഷ്ണന്റെ പ്രഭാഷണപരമ്പരയുടെ സാരാംശമായ, “ആ!” എന്ന മഹദ്വചനത്തെ (നാലാമത്തെ വീഡിയോയിൽ 10:29 മുതൽ 10:58 വരെ) ഒന്നുകൂടി ഉദ്ധരിച്ചു കൊണ്ടു് ഈ പോസ്റ്റ് അവസാനിപ്പിക്കുകയാണു്.

ഒരു പ്രത്യേകഗ്രഹത്തിനു കുറെ കാരകങ്ങളു കൊടുത്തിരിക്കാം. ആരാ കൊടുത്തത്? ഋഷിവര്യന്മാര്. എന്തുകൊണ്ടാ കൊടുത്തത്? അങ്ങനെയുള്ളതാഗ്രഹത്തിനെന്തുകൊണ്ടാ കൊടുത്തത്, ഒരൊറ്റ ഉത്തരേയുള്ളൂ. എന്തുകൊണ്ട് ഈ ഗ്രഹത്തിനു ഇങ്ങനെയുള്ള കാരകത്വം കൊടുത്തുയെന്നുള്ളതിനെന്താ ഉത്തരം ? മലയാളത്തില് രണ്ടാമത്തെ അക്ഷരം. എന്താ ഉത്തരം? ആ!
download MP3

ഇനി, ഞാൻ കുറേ ചോദ്യങ്ങൾ തന്നെ ചോദിച്ചിട്ടു് ഉത്തരവും പറയട്ടേ:

 1. തുടക്കം മുതൽ ഒടുക്കം വരെ ഇങ്ങനെ വായിൽത്തോന്നിയ ഉഡായിപ്പുകൾ മാത്രം പറഞ്ഞു് എന്തൊക്കെയോ ഫലിപ്പിക്കുവാൻ ശ്രമിക്കുന്ന ഇദ്ദേഹത്തെപ്പോലെയുള്ള ആളുകളെ അഭ്യസ്തവിദ്യരായ ആളുകൾ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നതു് എന്തു കൊണ്ടു്?
  ഉത്തരം: ആ…
 2. ഇത്രയും കാലം ഇദ്ദേഹത്തിന്റെ കള്ളത്തരങ്ങളെപ്പറ്റി ഒരാളും എഴുതാഞ്ഞതു് എന്തുകൊണ്ടു്?
  ഉത്തരം: ആ…
 3. എത്രയൊക്കെ പഴുതടച്ചു പൊളിച്ചടുക്കിയാലും ഈ പോസ്റ്റിന്റെ കമന്റുകളിൽ ഇനിയും ഏതെങ്കിലും ചെറിയ കാര്യത്തിന്റെ വാലിൽ തൂങ്ങി ഇദ്ദേഹത്തെ ന്യായീകരിക്കാൻ ആളുകൾ വരുന്നതു് എന്തുകൊണ്ടു്?
  ഉത്തരം: ആ…

ഉഡായിപ്പുകൾ
ചുഴിഞ്ഞുനോക്കല്‍
ജ്യോതിശ്ശാസ്ത്രം
ജ്യോത്സ്യം
ഭാരതീയഗണിതം (Indian Mathematics)

Comments (287)

Permalink

ലന്തന്‍ ബത്തേരിയിലെ കണക്കും എഴുത്തുകാരന്റെ സ്വാതന്ത്ര്യവും

(മുന്നറിയിപ്പു്: ശ്രീ എന്‍. എസ്. മാധവന്റെ “ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍” എന്ന നോവലിലെ ക്ലൈമാക്സുള്‍പ്പെടെയുള്ള ചില കഥാതന്തുക്കള്‍ ഈ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ടു്. ആ പുസ്തകം ഇതു വരെ വായിച്ചിട്ടില്ലാത്ത, ഇനി വായിക്കാന്‍ ആഗ്രഹിക്കുന്ന, ക്ലൈമാക്സ് പൊളിഞ്ഞ പുസ്തകം വായിച്ചാല്‍ ഹൃദയസ്തംഭനം ഉണ്ടാകുന്ന, ആരെങ്കിലും ഇതു വായിക്കുന്നുണ്ടെങ്കില്‍ വായന ഇവിടെ നിര്‍ത്തുക.)

ബ്ലോഗുകളൊഴികെ മലയാളം എന്തെങ്കിലും വായിക്കുന്നതു വളരെ ചുരുക്കമാണു്. ആനുകാലികപ്രസിദ്ധീകരണങ്ങളൊന്നും വരുത്തുന്നില്ല. കയ്യിലുള്ള പുസ്തകങ്ങളാകട്ടേ, പല തവണ വായിച്ചിട്ടുള്ളവയുമാണു്. വല്ലപ്പോഴും ഏതെങ്കിലും സുഹൃത്തിന്റെ കയ്യില്‍ നിന്നു കടം വാങ്ങി വായിക്കുന്ന പുസ്തകങ്ങള്‍ മാത്രമേ ഉള്ളൂ. അതും നൂറു പേജു വായിക്കാന്‍ ഞാന്‍ നാലഞ്ചു മാസമെടുക്കും.

ഈയിടെ സിബുവിന്റെ കയ്യില്‍ നിന്നു് എന്‍. എസ്. മാധവന്റെ “ലന്തന്‍ ബത്തേരിയയിലെ ലുത്തിനിയകള്‍” കിട്ടി. വളരെയധികം കേട്ടിട്ടുള്ള പുസ്തകമാണു്. വളരെ ഇഷ്ടപ്പെടുകയും ചെയ്തു. ഇതു തിരിച്ചു കൊടുത്തിട്ടു് സാറാ ജോസഫിന്റെ “ആലാഹയുടെ പെണ്മക്കള്‍”, മുകുന്ദന്റെ “ദൈവത്തിന്റെ വികൃതികള്‍” എന്നിവയില്‍ ഏതാണു് ആദ്യം കടം വാങ്ങേണ്ടതു് എന്നു് ഇതു വരെ തീരുമാനിച്ചില്ല.

വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍, മനോഹരമായ ആഖ്യാനരീതി, പ്രത്യേകതകള്‍ നിറഞ്ഞ സംസാരഭാഷ, ലന്തന്‍ ബത്തേരിയിലെയും ചുറ്റുമുള്ള ലോകത്തിലെയും സംഭവങ്ങള്‍ കഥാനായികയായ ജെസീക്കയുടെ ജീവിതമായി കൊരുത്തു കൊണ്ടു പോകുന്നതിന്റെ വൈദഗ്ദ്ധ്യം മുതലായവ കൊണ്ടു് ഈയടുത്ത കാലത്തു വായിച്ച നോവലുകളില്‍ ഏറ്റവും പ്രിയപ്പെട്ടതായി ലന്തന്‍ ബത്തേരിയയിലെ ലുത്തിനിയകള്‍.

ലന്തന്‍ ബത്തേരിയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചതു് അതിലെ ചരിത്രാഖ്യാനത്തിന്റെ ചാരുതയാണു്. അമ്പതുകളുടെ മദ്ധ്യം മുതല്‍ അറുപതുകളുടെ മദ്ധ്യം വരെയുള്ള പതിറ്റാണ്ടിലെ കേരള-ഭാരത-ലോക ചരിത്രം (കമ്യൂണിസത്തിന്റെ മുന്നേറ്റം, ഇ. എം. എസ്. മന്ത്രിസഭ, വിമോചനസമരം, ചൈനായുദ്ധം, നെഹ്രുവിന്റെ മരണം, കെന്നഡിയുടെ വധം, ജീവിതനൌക, ചെമ്മീന്‍, ഭാര്യ, കണ്ടം ബെച്ച കോട്ടു് തുടങ്ങിയ പല മലയാളസിനിമകളും ഇറങ്ങിയതു് തുടങ്ങി വളരെയധികം സംഭവങ്ങള്‍) ലന്തന്‍ ബത്തേരിയിലെ മനുഷ്യരുടെ കണ്ണുകളില്‍ കൂടി വിവരിക്കുന്നതു് ഒരു വശം; വിദേശികളുടെ അധിനിവേശത്തെപ്പറ്റി പല കഥാപാത്രങ്ങളുടെയും വാക്കുകളിലൂടെ വിശകലനം ചെയ്യുന്നതു മറ്റൊരു വശം. ലന്തന്‍ ബത്തേരിക്കാരുടെ സംസ്കാരത്തിന്റെ ഭാഗമായ ചവിട്ടുനാടകം നോവല്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അതിനിടയിലും, തടിയിലെ വാര്‍ഷികവലയങ്ങളെപ്പറ്റി മത്തേവുശാരി ജെസിക്കയ്ക്കു പറഞ്ഞു കൊടുക്കുമ്പോഴും ഇടയില്‍ പരാമര്‍ശിക്കുന്ന ഗാന്ധിവധം, സൈഗാള്‍ തുടങ്ങിയ ഹിന്ദി ഗായകരെപ്പറ്റിയുള്ള പരാമര്‍ശം തുടങ്ങി പറഞ്ഞുകേട്ടു മാത്രമുള്ള പല സംഭവങ്ങളും മനോഹരമായി കഥയില്‍ കടന്നു വരുന്നുണ്ടു്.


ലന്തന്‍ ബത്തേരിയയില്‍ പതിനാറു കൊല്ലക്കാലം ഫെര്‍മയുടെ (ഫെര്‍മാറ്റ് എന്നാണു പുസ്തകത്തില്‍. ശരിയായ ഉച്ചാരണം ഫെര്‍മ എന്നായതു കൊണ്ടു് ഞാന്‍ അതുപയോഗിക്കുന്നു.) അവസാനത്തെ തിയറം തെറ്റാണെന്നു തെളിയിക്കാന്‍ രാപകല്‍ പരിശ്രമിച്ച പുഷ്പാംഗദന്‍ എന്ന കണക്കുസാറിനെപ്പറ്റി പറയുന്നുണ്ടു്. ഫെര്‍മയുടെ അവസാനത്തെ തിയറം ലോകചരിത്രത്തിലെ ഒരു പ്രധാനസംഭവമാണു്. അതു ശരിയാണെന്നോ തെറ്റാണെന്നോ തെളിയിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച അനേകം ഗണിതജ്ഞര്‍ ഉണ്ടായിട്ടുണ്ടു് – പ്രസിദ്ധരും അപ്രസിദ്ധരും. അവരുടെ പ്രതിനിധിയായി നോവലില്‍ പ്രത്യക്ഷപ്പെടുന്ന പുഷ്പാംഗദന്‍ മിഴിവുള്ള കഥാപാത്രമാണു്. പക്ഷേ, ഫെര്‍മയുടെ അവസാനത്തെ തിയറത്തെപ്പറ്റി നോവലിസ്റ്റ് പറയുന്ന കാര്യങ്ങളൊക്കെ പരമാബദ്ധവും.

ഇതിനെപ്പറ്റി പെരിങ്ങോടന്‍ രണ്ടു കൊല്ലം മുമ്പു് ഫെര്‍മായുടെ അവസാനത്തെ തിയൊറം എന്നൊരു പോസ്റ്റ് എഴുതിയിരുന്നു. മാതൃഭൂമിയില്‍ വന്ന ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തിലാണു് അദ്ദേഹം അതെഴുതിയതു്. മാതൃഭൂമിയിലെ ലേഖനം ഞാന്‍ വായിച്ചിട്ടില്ല. പെരിങ്ങോടന്റെ (അതു മാതൃഭൂമി ലേഖനത്തിലേതാവാം) നിരീക്ഷണത്തിലും ചില തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടു് എന്നാണു് എനിക്കു തോന്നുന്നതു്.


കണക്കു താത്പര്യമില്ലാത്തവര്‍ ദയവായി വലത്തുവശത്തുള്ള ഭാഗം വിട്ടുകളഞ്ഞു താഴേയ്ക്കു വായിക്കുക. ചുരുക്കം ഇത്രമാത്രം: എന്‍. എസ്. മാധവന്‍ നോവലില്‍ ഫെര്‍മയുടെ അന്ത്യസിദ്ധാന്തത്തെപ്പറ്റി പറഞ്ഞിരിക്കുന്നതു പൊട്ടത്തെറ്റാണു്. അതില്‍ വിശദീകരിച്ചിരിക്കുന്നതു് ആ സിദ്ധാന്തമല്ല. അതു് ആരുടെയും സിദ്ധാന്തവുമല്ല-ഒരു സ്കൂള്‍കുട്ടിക്കും പത്തു മിനിട്ടു കൊണ്ടു തെളിയിക്കാവുന്ന ഒരു പൊട്ടനിയമം മാത്രമാണു്.
ഭാഷാദ്ധ്യാപകനായ രാഘവന്‍ മാഷിന്റെ വാക്കുകളിലൂടെയാണു് (പേജ് 117) ഫെര്‍മയുടെ അന്ത്യസിദ്ധാന്തത്തെപ്പറ്റി വായനക്കാരന്‍ അറിയുന്നതു്:

ഫെര്‍മാറ്റിന്റെ അവസാനത്തെ തിയൊറം എന്നു പറയും. രണ്ടു പ്രൈം നമ്പറുകളുടെ വര്‍ഗ്ഗങ്ങള്‍ കൂട്ടിയാല്‍ മൂന്നാമതൊരു പ്രൈം നമ്പര്‍ കിട്ടില്ലാ എന്നു ഫെര്‍മാറ്റ്. ഇതു തെറ്റാണെന്നു തെളിയിക്കാനാ ഈക്കണ്ട പാടെല്ലാം.

പെരിങ്ങോടന്‍ ചൂണ്ടിക്കാട്ടുന്നതു പോലെ ഇതു തെറ്റാണു്. xn + yn = zn എന്ന സമവാക്യത്തിനു് x, y, z എന്നിവ പൂജ്യമല്ലാത്ത പൂര്‍ണ്ണസംഖ്യകളും n രണ്ടില്‍ കൂടിയ ഒരു പൂര്‍ണ്ണസംഖ്യയുമായാല്‍ നിര്‍ദ്ധാരണം ഇല്ല എന്നതാണു് ഫെര്‍മയുടെ അന്ത്യസിദ്ധാന്തം. (ഉദാഹരണത്തിനു്, x3 + y3 = z3 എന്ന സമവാക്യത്തിനു് x, y, z എന്നിവ പൂജ്യമല്ലാത്ത പൂര്‍ണ്ണസംഖ്യകളായാല്‍ നിര്‍ദ്ധാരണം ഇല്ല. x2 + y2 = z2-നു് ഉണ്ടു താനും. ഉദാഹരണമായി, 32 + 42 = 52.)

പക്ഷേ, പെരിങ്ങോടന്‍ പറയുന്നതു പോലെ, ഇതു ക്രിസ്തുമസ് തിയറവും അല്ല. ക്രിസ്തുമസ് തിയറം (വിശദവിവരങ്ങള്‍ക്കു് വിക്കിപീഡിയയില്‍ ഇവിടെ നോക്കുക.) എന്താണെന്നു ചുരുക്കി താഴെ ചേര്‍ക്കുന്നു.

രണ്ടിനേക്കാള്‍ വലിയ അഭാജ്യസംഖ്യകളെല്ലാം ഒറ്റ സംഖ്യകളാണല്ലോ. അതിനാല്‍ അവയെ 4 കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം ഒന്നോ മൂന്നോ ആയിരിക്കും. ഇവയില്‍ ശിഷ്ടം ഒന്നു് ആയ അഭാജ്യസംഖ്യകള്‍ക്കു് (5, 13, 17,… തുടങ്ങിയവ) മറ്റേ വിഭാഗത്തില്‍ പെടുന്ന അഭാജ്യസംഖ്യകള്‍ക്കു് (3, 7, 11,… തുടങ്ങിയവ) ഇല്ലാത്ത ഒരു പ്രത്യേകതയുണ്ടു്. അവയെ x2 + y2 എന്ന രീതിയില്‍ എഴുതാന്‍ പറ്റും എന്നതാണു് അതു്. മാത്രമല്ല, ഒരു രീതിയില്‍ മാത്രമേ അങ്ങനെ എഴുതാന്‍ പറ്റൂ. ഉദാഹരണമായി

എന്നിങ്ങനെ.

നാലു കൊണ്ടു ഹരിച്ചാല്‍ 3 ശിഷ്ടം വരുന്ന അഭാജ്യസംഖ്യകളെ (3, 7, 11,… തുടങ്ങിയവ) ഇങ്ങനെ എഴുതാന്‍ നോക്കൂ. പറ്റില്ലെന്നു കാണാം. അതേ സമയം, മറ്റേ വിഭാഗത്തില്‍ പെടുന്ന സംഖ്യകളെ, എത്ര വലുതായാലും, ഒരു രീതിയില്‍ മാത്രമേ ഇങ്ങനെ എഴുതാന്‍ കഴിയൂ എന്നും കാണാം. ഇതാണു് ഫെര്‍മയുടെ ക്രിസ്തുമസ് തിയറം.

വിക്കിപീഡിയയിലെ നിര്‍വ്വചനം താഴെച്ചേര്‍ക്കുന്നു.

an odd prime p is expressible as with x and y integers, if and only if .

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍,

A prime number p, other than 2, is expressible as with x and y integers, if and only if .

ഈ സിദ്ധാന്തം ഫെര്‍മ പറഞ്ഞുവെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. തെളിയിച്ചതു് ഓയ്‌ലറും (Leonhard Euler) ഗാസ്സും (Carl Friedrich Gauss)ചേര്‍ന്നു് ആണു്.

ഇവര്‍ രണ്ടുപേരും കൂടി ഒന്നിച്ചിരുന്നു് എഴുതിയെന്നല്ല. 1783-ല്‍ ഓയ്‌ലര്‍ മരിക്കുമ്പോള്‍ ഗാസ്സിനു് ആറു വയസ്സേ ഉണ്ടായിരുന്നുള്ളൂ. പ്രധാന സിദ്ധാന്തം ഓയ്‌ലര്‍ തെളിയിച്ചു. അതു് ഒരു വിധത്തില്‍ മാത്രമേ പറ്റൂ എന്നു ഗാസ്സും.

മുകളില്‍ പറഞ്ഞ സിദ്ധാന്തം എന്നെ വളരെയധികം ആകര്‍ഷിച്ച ഒന്നാണു്. 1990-കളില്‍ ജീവിതത്തില്‍ ഇഷ്ടം പോലെ സമയമുണ്ടായിരുന്ന കാലത്തു്, ലോകത്തു് ബ്ലോഗിംഗും എനിക്കു സ്വന്തമായി കമ്പ്യൂട്ടറും ഉണ്ടാകുന്നതിനു മുമ്പു്, നമ്പര്‍ തിയറിയുടെ ധാരാളം പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. അപ്പോഴാണു് ഈ സിദ്ധാന്തത്തിനു സദൃശമായി മറ്റു വല്ലതും ഉണ്ടോ എന്നു ചിന്തിച്ചതു്. അങ്ങനെയാണു് x2+xy+y2 എന്ന രീതിയില്‍ എഴുതാന്‍ പറ്റുന്ന അഭാജ്യസംഖ്യകളെയെല്ലാം ആറു കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം 1 കിട്ടുമെന്നും, മറിച്ചു് ആറു കൊണ്ടു ഹരിച്ചാല്‍ 1 ശിഷ്ടം കിട്ടുന്ന എല്ലാ അഭാജ്യസംഖ്യകളെയും x2+xy+y2 എന്ന രീതിയില്‍ എഴുതാന്‍ കഴിയും എന്നും, അങ്ങനെ ഒരു രീതിയില്‍ മാത്രമേ എഴുതാന്‍ കഴിയൂ എന്നും കണ്ടുപിടിച്ചതു്.

ഇതിനെ ഇങ്ങനെ എഴുതാം. മുകളില്‍ കൊടുത്ത സിദ്ധാന്തവുമായുള്ള സാദൃശ്യം ശ്രദ്ധിക്കുക.

A prime number p, other than 3, is expressible as with x and y integers, if and only if .

കണ്ടുപിടിച്ചതു് നിരീക്ഷണം വഴിയാണു്. പിന്നീടു് ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതി അതിനു താങ്ങാന്‍ കഴിയുന്ന സംഖ്യ വരെയുള്ള എല്ലാ സംഖ്യകള്‍ക്കും ഇതു ശരിയാണെന്നു കണ്ടുപിടിച്ചു. ഇതു മാത്രമല്ല, x2+y2 എന്ന രീതിയില്‍ എഴുതാന്‍ പറ്റുന്ന സംഖ്യകള്‍ക്കുള്ള മറ്റു് എട്ടു പ്രത്യേകതകള്‍ക്കു സമാനമായ പ്രത്യേകതകള്‍ x2+xy+y2 എന്ന രീതിയില്‍ എഴുതാവുന്ന സംഖ്യകള്‍ക്കും ഉണ്ടെന്നു കണ്ടുപിടിച്ചു. (ഈ ഒന്‍പതു പ്രത്യേകതകള്‍ ഈ പേപ്പറില്‍ പത്താം പേജില്‍ ഉണ്ടു്.)

നിരീക്ഷണം പോരല്ലോ. സിദ്ധാന്തങ്ങള്‍ക്കു തെളിവുകളും ആവശ്യമാണു്. 1993-ല്‍ ആരംഭിച്ച ആ പണി പൂര്‍ത്തിയായതു് 2004-ല്‍ ആണു്. പതിനൊന്നു കൊല്ലക്കാലം ഇടയില്‍ കിട്ടുന്ന സമയത്തൊക്കെ ഈ സിദ്ധാന്തങ്ങള്‍ തെളിയിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ അമേരിക്കയില്‍ മൂന്നു തവണ പോയി വരികയും പിന്നീടു് അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയും കല്യാണം കഴിക്കുകയും ഒരു മകന്‍ ഉണ്ടാവുകയും ഒക്കെ ചെയ്തു. എങ്കിലും ഇതിനിടെ വല്ലപ്പോഴും ഉണ്ടിരുന്ന നായര്‍ക്കു വിളി വരുന്നതു പോലെ ഈ സിദ്ധാന്തവുമായി കുത്തിയിരിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഈ സിദ്ധാന്തവുമായി ഇരിക്കുന്നതു കണ്ടവരൊക്കെ, എന്റെ ഭാര്യ ഉള്‍പ്പെടെ, പുഷ്പാംഗദന്‍ മാഷ് ഫെര്‍മയുടെ അവസാനത്തെ സിദ്ധാന്തവുമായി മല്‍പ്പിടിത്തം നടത്തുന്നതു കണ്ടു നിന്ന ലന്തന്‍ ബത്തേരിക്കാരെപ്പോലെ, അന്തം വിടുകയും എന്റെ തലയ്ക്കു് ഇടയ്ക്കിടെ സ്ഥിരത നഷ്ടപ്പെടുന്നുണ്ടോ എന്നു് ആശങ്കിക്കുകയും ചെയ്തു.

2004 ജൂണ്‍ ആയപ്പോഴേയ്ക്കും മിക്കവാറും എല്ലാ സിദ്ധാന്തങ്ങള്‍ക്കും തെളിവുകള്‍ കിട്ടി. ഇക്കാലത്തു് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ നാപ്കിനില്‍ വരെ തെളിവുകള്‍ എഴുതിയിട്ടുണ്ടു്. ഫലം കിട്ടുമെന്നു് ഏതാണ്ടു് ഉറപ്പായിക്കഴിഞ്ഞപ്പോള്‍ പിന്നെ വീട്ടിലിരിക്കുന്ന സമയത്തും വഴിയിലൂടെ നടക്കുന്ന സമയത്തും ഇതു തന്നെയായിരുന്നു ചിന്ത. ഒന്നു രണ്ടു മാസമെടുത്തു അതൊന്നു വൃത്തിയായി എഴുതി ഒരു പ്രബന്ധത്തിന്റെ രൂപത്തിലാക്കാന്‍‌. അതു് കോര്‍ണല്‍ യൂണിവേഴ്സിറ്റിയുടെ arXiv എന്ന സ്ഥലത്തു പ്രസിദ്ധീകരിച്ചു. (ഇതു് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരണത്തിനു മുമ്പു് താത്കാലികമായി സൂക്ഷിക്കാനുള്ള സ്ഥലമാണു്. ഇപ്പോള്‍ ഇതു് സ്ഥിരമായി സ്വതന്ത്രപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള സ്ഥലം ആയിട്ടുണ്ടു്. ധാരാളം ആളുകള്‍ ജേണലുകള്‍ക്കു് അയച്ചുകൊടുക്കാതെ arXiv-ല്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ടു്.)

ഇതാണു് ആ പേപ്പറിലേക്കുള്ള ലിങ്ക്. അതിന്റെ PDF രൂപം ഇവിടെ കാണാം. ഈ പേപ്പറില്‍ ഗുരുതരമായ ഒരു തെറ്റു് (എടുത്തെഴുതിയപ്പോള്‍ സംഭവിച്ചതു്) ഉണ്ടു്. ഗണിതജ്ഞര്‍ക്കാര്‍ക്കെങ്കിലും കണ്ടുപിടിക്കാമോ?

പക്ഷേ, ഈ അദ്ധ്വാനം ഒരു ആന്റിക്ലൈമാക്സിലാണു് എത്തിയതു്. ഈ പേപ്പര്‍ വായിച്ച പല ഗണിതജ്ഞരും അതിനെ വിമര്‍ശിച്ചു് എനിക്കു് എഴുതി. ഇങ്ങനെ ഒരു പേപ്പറിന്റെ ആവശ്യമെന്താണെന്നാണു പലരും ചോദിച്ചതു്. ഇരുനൂറു കൊല്ലം മുമ്പായിരുന്നെങ്കില്‍ ഇതിനു വിലയുണ്ടാവുമായിരുന്നു. ഇപ്പോള്‍ അറിയാവുന്ന തിയറി ഉപയോഗിച്ചു് ഈ സിദ്ധാന്തങ്ങള്‍ ഉണ്ടാക്കാനും തെളിയിക്കാനും വളരെ എളുപ്പമാണത്രേ! അതിലൊരാള്‍ Primes of the form x2 + ny2 എന്ന പുസ്തകം വായിക്കാന്‍ പറഞ്ഞു. ഒടുക്കത്തെ വില കൊടുത്തു് അതു വാങ്ങി വായിച്ചപ്പോഴാണു് നമ്പര്‍ തിയറി വളരെയധികം മുന്നോട്ടു പോയെന്നും സംഖ്യകളുമായി പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലാത്ത പല സങ്കീര്‍ണ്ണഗണിതശാഖകളുപയോഗിച്ചു് നമ്പര്‍ തിയറിയിലെ പലതും തെളിയിക്കാന്‍ പറ്റുമെന്നും മനസ്സിലായതു്.

എന്തുകൊണ്ടാണെന്നറിയില്ല, പതിനൊന്നു കൊല്ലത്തെ അദ്ധ്വാനം (പുഷ്പാംഗദനെപ്പോലെ അവിരാമമായ അദ്ധ്വാനമായിരുന്നില്ല. വല്ലപ്പോഴും മാത്രം. എങ്കിലും ഇതിനു വേണ്ടി ഇക്കാലത്തിനിടയ്ക്കു് ഏതാനും മാസങ്ങള്‍ ചെലവഴിച്ചിട്ടുണ്ടാവും.) വെറുതെയായി എന്ന അറിവു് ഒരുതരം നിര്‍വികാരതയാണു് ഉണ്ടാക്കിയതു്. ഏതായാലും ഇതല്ലാതെ എനിക്കു് ഒരു ജീവിതമുണ്ടായിരുന്നതു കൊണ്ടും, ജെസീക്കയെപ്പോലെ ആരും പ്രശ്നമുണ്ടാക്കാന്‍ വരാഞ്ഞതു കൊണ്ടും പുഷ്പാംഗദനെപ്പോലെ എനിക്കു് ആത്മഹത്യ ചെയ്യേണ്ടി വന്നില്ല. ഭാഗ്യം!

മറ്റു കാര്യങ്ങള്‍ക്കിടയില്‍ താത്പര്യം കൊണ്ടു മാത്രം അമേച്വേഴ്സിനു ചെയ്യാന്‍ പറ്റുന്ന കാര്യമല്ല ഗവേഷണം എന്നു് അന്നു മനസ്സിലായി. ഈ പേപ്പര്‍ “Some elementary proofs of …” എന്നോ മറ്റോ ഒരു ശീര്‍ഷകവുമായി മാറ്റിയെഴുതാന്‍ വിചാരിച്ചിട്ടു് ഇതു വരെ നടന്നില്ല. അതെങ്ങനെയാ, അതിനു ശേഷം നാലഞ്ചു മാസങ്ങള്‍ക്കു ശേഷം ഞാന്‍ ബ്ലോഗിംഗ് എന്ന സാധനം തുടങ്ങി. പിന്നെ എവിടെ സമയം കിട്ടാന്‍?


ഇനി, രാഘവന്‍ മാഷ് പറഞ്ഞ സിദ്ധാന്തം എന്താണെന്നു നോക്കാം.

രണ്ടു് അഭാജ്യസംഖ്യകളുടെ വര്‍ഗ്ഗത്തിന്റെ തുക ഒരു അഭാജ്യസംഖ്യ ആവില്ല എന്നാണല്ലോ ആ സിദ്ധാന്തം. രണ്ടിനെ ഒഴിവാക്കണം എന്നും അതിനു ശേഷം പറയുന്നുണ്ടു്. അതു കൊണ്ടു് അഭാജ്യസംഖ്യകള്‍ രണ്ടും ഒറ്റസംഖ്യകളായിരിക്കും. അവയുടെ വര്‍ഗ്ഗങ്ങളും. അവയുടെ തുക ഒരു ഇരട്ടസംഖ്യയായിരിക്കും. അതൊരിക്കലും അഭാജ്യസംഖ്യയാവില്ല. (കാരണം, അതു് രണ്ടിന്റെ ഗുണിതമാണു്.) ഇതു തെളിയിക്കാന്‍ പതിനാറു കൊല്ലം പോയിട്ടു പതിനാറു നിമിഷം പോലും വേണ്ട.

ഇനി, രണ്ടിനെ കണക്കാക്കുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ സിദ്ധാന്തം തെറ്റാണെന്നു തെളിയിക്കാനും ഒരു ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിവരം മതി. അപവാദങ്ങള്‍ ആദ്യത്തിലുള്ള സംഖ്യകളില്‍ തന്നെയുണ്ടു്. 22+32 = 13, 22+52 = 29, 22+72 = 53 ഇവയൊക്കെ അഭാജ്യസംഖ്യകള്‍ തന്നെ.

ഒരു സ്കൂളിലെ കണക്കുമാഷ് ഇങ്ങനെയൊരു പൊട്ടസിദ്ധാന്തത്തിനു മുകളില്‍ പതിനാറു കൊല്ലം കുത്തിയിരിക്കുമോ? എനിക്കു തോന്നുന്നില്ല.


കണക്കു താത്പര്യമില്ലാത്തവര്‍ ദയവായി വലത്തുവശത്തുള്ള ഭാഗം വിട്ടുകളഞ്ഞു താഴേയ്ക്കു വായിക്കുക. ചുരുക്കം ഇത്രമാത്രം: അതുപോലെ തന്നെ, പുസ്തകത്തില്‍ ജ്യോതിഷത്തിലെ ഗ്രഹങ്ങളുടെ സ്ഥാനത്തെപ്പറ്റിയും സംഗീതത്തിലെ സ്വരങ്ങളുടെ ആവൃത്തിയെപ്പറ്റിയും പറഞ്ഞിരിക്കുന്നതും തെറ്റാണു്.

ഫെര്‍മയുടെ തിയറത്തില്‍ മാത്രമല്ല പുഷ്പാംഗദനു തെറ്റിയതു്. ആത്മഹത്യയ്ക്കു മുമ്പു് (പുസ്തകം വായിച്ചിട്ടില്ലാത്തവരേ, ആന്റിക്ലൈമാക്സ് പൊളിച്ചതിനു മാപ്പു്) പുഷ്പാംഗദന്‍ അമ്മയ്ക്കും പോലീസിനുമായി എഴുതി വെച്ച കത്തില്‍ ഇങ്ങനെ പറയുന്നു:

(പേജ് 244) എന്റെ അച്ഛന്‍ കെ. സൂര്യനാരായണക്കര്‍ത്താവിനെക്കുറിച്ചു് നിങ്ങളെല്ലാവരും കേട്ടുകാണും. കേരളം മുഴുവനും അറിയുന്ന ജ്യോത്സ്യനായിരുന്നു. സൌരയൂഥത്തെ കവിടിസഞ്ചിയില്‍ കൊണ്ടുനടന്ന മഹാപണ്ഡിതന്‍. ഒരു ദിവസം അച്ഛന്‍ ഒരേയൊരു മകനായ എന്നെയും അമ്മയെയും വിളിച്ചു പറഞ്ഞു: “ഇന്നു വൈകിട്ടു് ആറു മണിക്കു ഞാന്‍ മരിക്കും. അറുപത്തിരണ്ടു വയസ്സും, മൂന്നു മാസവും മൂന്നു ദിവസവും തീരുന്ന ആ സമയത്തു ശനിദശ അവസാനിക്കുന്നു. ശേഷം ചിന്ത്യം എന്നാണു ജാതകത്തില്‍ കാണുന്നതു്. മരണസന്ധിയാണു്.” അന്നു വൈകുന്നേരമായപ്പോള്‍ അച്ഛന്‍ എന്നോടു പറഞ്ഞു: “ക്ലോക്ക് ഇരുപത്തിരണ്ടര മിനിട്ടു പുറകോട്ടാക്കൂ.” എന്നാലേ ലോക്കല്‍ ടൈമാകുകയുള്ളൂ. ഗ്രഹങ്ങള്‍ ചരിക്കുന്നതു ലോക്കല്‍ ടൈമിലാണു്; അതതു സ്ഥലത്തെ അക്ഷാംശം നിര്‍ണ്ണയിക്കുന്ന സമയം.

ഗ്രഹങ്ങള്‍ ലോക്കല്‍ ടൈം അനുസരിച്ചാണു ചരിക്കുന്നതു് എന്ന കണ്ടുപിടിത്തം വിചിത്രമായിരിക്കുന്നു. ഭൂമിയില്‍ എവിടെയാണെങ്കിലും ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നതു് ഒരേ സമയത്തു തന്നെയാണു്. അതിനെ ഉപയോഗിക്കുന്ന ആളുടെ സ്റ്റാന്‍ഡാര്‍ഡ് ടൈമിലേയ്ക്കു മാത്രം മാറ്റിയാല്‍ മതി. അതു് ഏതു ജ്യോത്സ്യനും കണക്കുകൂട്ടുന്നതു് ഏതെങ്കിലും പഞ്ചാംഗം നോക്കിയാണു്. ആ പഞ്ചാംഗത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം ആയിരിക്കും ഉള്ളതു്, അല്ലാതെ നോക്കുന്ന ആളുടെ ലോക്കല്‍ ടൈമല്ല. ഏതെങ്കിലും നിരീക്ഷണശാലയില്‍ കാണുന്നതനുസരിച്ചോ സൂര്യസിദ്ധാന്തം തുടങ്ങിയ പുസ്തകങ്ങളനുസരിച്ചു് ഫോര്‍മുലകളുപയോഗിച്ചോ ആണു് പഞ്ചാംഗത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനം കണ്ടുപിടിക്കുന്നതു്, അല്ലാതെ ജ്യോത്സ്യന്‍ വീട്ടിലിരുന്നു ഗണിക്കുന്നതല്ല. (എങ്ങനെയാണു് ഇപ്പോള്‍ പഞ്ചാംഗമുണ്ടാക്കുന്നവര്‍ ഗണിക്കുന്നതെന്നറിയാന്‍ ഈ പോസ്റ്റ് വായിക്കുക.) ലഗ്നം സ്ഥലമനുസരിച്ചു മാറും. (ആ സ്ഥലത്തു നേരേ കിഴക്കുള്ള രാശിയാണു ലഗ്നം.) പക്ഷേ, ഗ്രഹസ്ഥാനങ്ങളും നക്ഷത്രവും ഒന്നും ലോക്കല്‍ സ്ഥലമനുസരിച്ചു മാറുന്നില്ല.

“അതതു സ്ഥലത്തെ അക്ഷാംശം നിര്‍ണ്ണയിക്കുന്ന സമയം” എന്നതും ശ്രദ്ധിക്കുക. അക്ഷാംശമല്ല, രേഖാംശമാണു് പ്രാദേശികസമയത്തെ നിര്‍ണ്ണയിക്കുന്നതു്. ലഗ്നം തുടങ്ങിയ കാര്യങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ അക്ഷാംശത്തിനു സ്ഥാനമുണ്ടു്, സമയനിര്‍ണ്ണയത്തില്‍ ഇല്ല.


തീര്‍ന്നില്ല. പുഷ്പാംഗദന്‍ തുടര്‍ന്നെഴുതുന്നു:

എന്താണു സംഗീതം? അതു ഗണിതത്തിന്റെ വകഭേദമാണു്. ‘സ’ ഒന്നാണെങ്കില്‍ ‘രി’യുടെ ശ്രുതി 11/8 ആണു്, ‘ഗ’ 11/4 ആണു്. അങ്ങനെയാണെങ്കില്‍ പ്രൈം നമ്പരുകളുടെ സംഗീതം 11-ല്‍ തുടങ്ങട്ടെ. അടുത്ത പ്രൈം നമ്പര്‍ 13, അതു പതിനൊന്നിന്റെ 12/11 ആണു്, അടുത്തതു 17, പതിനൊന്നിന്റെ 16/11 ആണു്…

എനിക്കാകെ ചിന്താക്കുഴപ്പമായി. സംഗീതത്തില്‍ അടുത്ത ഓക്ടേവില്‍ എത്തുമ്പോള്‍ ആവൃത്തി ഇരട്ടിയാവുന്നു. 12 സ്വരസ്ഥാനമുള്ള ഭാരതീയസംഗീതത്തില്‍ അപ്പോള്‍ അടുത്തടുത്ത സ്വരസ്ഥാനങ്ങള്‍ തമ്മിലുള്ള അനുപാതം ഏകദേശം രണ്ടിന്റെ പന്ത്രണ്ടാമത്തെ മൂലം () ആണു്. ഡോ. എസ്. വെങ്കടസുബ്രഹ്മണ്യയ്യരുടെ “സംഗീതശാസ്ത്രപ്രവേശിക” അനുസരിച്ചു് ആ അനുപാതങ്ങള്‍ താഴെപ്പറയുന്നവയാണു്. (ഷഡ്ജത്തിന്റെ ആവൃത്തി 1 എന്നതിനനുസരിച്ചുള്ള അനുപാതങ്ങളാണു് രണ്ടാം നിരയില്‍. ഷഡ്ജത്തിന്റെ ആവൃത്തി 256 എന്നതിനനുസരിച്ചുള്ള ആവൃത്തികളാണു് മൂന്നാം നിരയില്‍.)

സ്വരം ആവൃത്തി
(സ = 1) (സ = 256)
സ: ഷഡ്ജം 1 256
രി1: കോമള (ശുദ്ധ) ഋഷഭം 16/15 273
രി2: തീവ്ര (ചതുഃശ്രുതി) ഋഷഭം 9/8 288
ഗ1: കോമള (സാധാരണ) ഗാന്ധാരം 6/5 307
ഗ2: തീവ്ര (അന്തര) ഗാന്ധാരം 5/4 320
മ1: കോമള (ശുദ്ധ) മദ്ധ്യമം 4/3 341
മ2: തീവ്ര (പ്രതി) മദ്ധ്യമം 64/45 364
പ: പഞ്ചമം 3/2 384
ധ1: കോമള (ശുദ്ധ) ധൈവതം 8/5 410
ധ2: തീവ്ര (ചതുഃശ്രുതി)ധൈവതം 27/16 432
നി1: കോമള (കൈശികി) നിഷാദം 9/5 461
നി2: ശുദ്ധ (കാകളി) നിഷാദം 15/8 480
അടുത്ത ഷഡ്ജം 2 512
 1. ഇവിടെ കൊടുത്തതനുസരിച്ചു് രി1 – 256/243, ഗ1 – 32/27, മ2 – 45/32, ധ1 – 128/81, ധ2 – 5/3, നി1 – 9/5 എന്നിങ്ങനെ ചെറിയ വ്യത്യാസങ്ങളുണ്ടു്.
 2. 22 സ്വരസ്ഥാനങ്ങളും പരിഗണിക്കാറുണ്ടു്. അവയുടെ ആവൃത്തികള്‍ ഈ പേജില്‍ കാണാം.

പുഷ്പാംഗദന്റെ കണക്കനുസരിച്ചു് സ-യുടെ ആവൃത്തി 256 ആണെങ്കില്‍ രി-യുടെ ആവൃത്തി 256 x 11/8 = 352, ഗ-യുടെ ആവൃത്തി 256 x 11/4 = 704 എന്നു കിട്ടും. ഈ മൂല്യങ്ങള്‍ ഏതായാലും പരമാബദ്ധം തന്നെ. സംഗീതത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നവര്‍ ദയവായി പറഞ്ഞുതരൂ.

അതു പോകട്ടേ. കണക്കുമാഷിനു് സംഗീതം അറിയില്ല എന്നു വെയ്ക്കാം. പക്ഷേ 13 എന്ന സംഖ്യ 11-ന്റെ 12/11 ആണെന്നു പറയുമോ? ഈ 12/11, 16/11 എന്നിവയ്ക്കു് എന്തു താളമാണെന്നു് മനസ്സിലാകുന്നില്ല. അഥവാ എന്തെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ അടുത്ത അഭാജ്യസംഖ്യയായ 19-ല്‍ (പുഷ്പാംഗദന്റെ കണക്കനുസരിച്ചു് അതു് 11-ന്റെ 18/11 ആയിരിക്കാം!) ഈ താളം തെറ്റുന്നുണ്ടല്ലോ.

പ്ലീസ്, ആരെങ്കിലും ഒന്നു സഹായിക്കൂ…


മുകളില്‍പ്പറഞ്ഞ തെറ്റുകള്‍ നോവലിസ്റ്റ് പറഞ്ഞതല്ല, മറിച്ചു് പുഷ്പാംഗദന്‍ പറഞ്ഞതാണു് എന്നൊരു വാദം ഉണ്ടാവാം. എങ്കിലും ഒരു സ്കൂളിലെ കണക്കുമാഷ് ഇങ്ങനെയുള്ള ഭീമാബദ്ധങ്ങള്‍ കണക്കില്‍ വരുത്തുമോ? ഒരു ആറാം ക്ലാസ്സു കാരനു ഒറ്റ നോട്ടത്തില്‍ തെളിയിക്കാവുന്ന ഒരു സിദ്ധാന്തത്തില്‍ പതിനാറു കൊല്ലം ഒരു ചെലവാക്കുമോ? പോട്ടേ, 11-നെ 11 കൊണ്ടു ഹരിച്ചു 12 കൊണ്ടു ഗുണിച്ചാല്‍ 13 കിട്ടും എന്നു പറയുമോ?

“ഇങ്ങനെയുള്ള അബദ്ധങ്ങള്‍ മാത്രം പറഞ്ഞും ജീവിച്ചും ജീവിതം മുഴുവന്‍ ഒരു അബദ്ധമായ സിദ്ധാന്തമായി പരിണമിച്ച ദാര്‍ശനികവ്യഥയുടെ പ്രതീകമാണു കഥയിലെ പുഷ്പാംഗദന്‍” എന്നോ മറ്റോ പറഞ്ഞു വേണമെങ്കില്‍ തടിയൂരാം. അങ്ങനെ മനഃപൂര്‍വ്വം വരുത്തിയ തെറ്റല്ലെങ്കില്‍, ഒന്നേ പറയാനുള്ളൂ. തന്റെ പുസ്തകത്തില്‍ ചരിത്രം, വള്ളപ്പണി, ചവിട്ടുനാടകം, ബിരിയാണിയുടെ പാചകക്രമം, ഹിന്ദുസ്ഥാനിസംഗീതം തുടങ്ങി പല വിഷയങ്ങളെപ്പറ്റി ശ്രീ മാധവന്‍ വിവരിക്കുന്നുണ്ടു്. ഇവയൊക്കെ അദ്ദേഹത്തിനു് അറിവുള്ള വിഷയങ്ങളാവണമെന്നില്ല. അതിനാല്‍ അവ വായിച്ചോ ആരോടെങ്കിലും ചോദിച്ചോ ആവാം അദ്ദേഹം മനസ്സിലാക്കിയതു്. അതു പോലെ ഗണിതവും കഥയില്‍ ഉള്‍ക്കൊള്ളിക്കണമെന്നു് അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കാം. പക്ഷേ, അതിനായി അദ്ദേഹം ആശ്രയിച്ച ആള്‍ തെറ്റിപ്പോയി എന്നേ പറയാനുള്ളൂ.


നോവലില്‍ പ്രതിപാദിക്കുന്ന പല സംഭവങ്ങളെപ്പറ്റിയും ശ്രീ എന്‍. എസ്. മാധവനു് ആധികാരികമായ വിവരം ഇല്ലെന്നു തോന്നുന്നു. പുസ്തകത്തിന്റെ ആദിയിലുള്ള നന്ദിപ്രകാശനത്തില്‍ പലരും ചൂണ്ടിക്കാട്ടിയ തെറ്റുകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ടു്. വിശാലമായ ഒരു കാന്‍‌വാസില്‍ കഥ പറയുമ്പോള്‍ പലപ്പോഴും അതിനാവശ്യമായ വിവരങ്ങള്‍ മറ്റു പലയിടത്തു നിന്നും നേടേണ്ടതായി വരും. അതു സ്വാഭാവികം.

നേരേ മറിച്ചു്, ചരിത്രവസ്തുതകളെയും ശാസ്ത്രസത്യങ്ങളെയും മാറ്റിയെഴുതുന്നതു് ക്രിയേറ്റീവ് റൈറ്റിംഗിന്റെ ഭാഗമാണെന്ന വാദം ഉണ്ടായേക്കാം. അതിശയോക്തി മുതലായ അലങ്കാരങ്ങള്‍ തൊട്ടു മാജിക്കല്‍ റിയലിസം വരെ പല സാഹിത്യസങ്കേതങ്ങളും ഇതിനെ അനുവദിക്കുന്നുമുണ്ടു്. പക്ഷേ ഈ വിധത്തില്‍ വസ്തുതകള്‍ മാറ്റിമറിക്കുമ്പോള്‍ അതു മാറ്റിമറിച്ചവയാണു് എന്ന ബോധം വായനക്കാരനുണ്ടാവാറുണ്ടു്. നളചരിതവും കുഞ്ചന്‍ നമ്പ്യാരുടെ കഥയും പൊളിച്ചെഴുതിയ വി. കെ. എന്‍. പലപ്പോഴും വസ്തുതാകഥനങ്ങളില്‍ കാണിക്കുന്ന കൃത്യത അദ്ഭുതകരമാണു്. സിഡ്നി ഷെല്‍ഡനെപ്പോലെയുള്ള ത്രില്ലര്‍ എഴുത്തുകാരാകട്ടേ, ഓരോ പുസ്തകത്തിനും പിന്നില്‍ വളരെയധികം ഗവേഷണങ്ങള്‍ നടത്തിയിട്ടാണു് അതു പ്രസിദ്ധീകരിക്കുന്നതു്.

ആനന്ദിന്റെ “നാലാമത്തെ ആണി”, കസാന്ദ് സാക്കീസിന്റെ “ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം”, ഡാന്‍ ബ്രൌണിന്റെ “ഡാവിഞ്ചി കോഡ്” തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചു് ആരും ബൈബിളിലെ കഥ തെറ്റിദ്ധരിക്കില്ല. കാരണം അവയില്‍ ഫിക്‍ഷനാണു കൂടുതല്‍ എന്നു് വായനക്കാര്‍ക്കറിയാം. എന്നാല്‍ അതുപോലെയല്ല യാഥാര്‍ത്ഥ്യത്തിലേക്കു കൂടുതല്‍ അടുത്തു നില്‍ക്കുന്ന “ലന്തന്‍ ബത്തേരി” പോലെയുള്ള പുസ്തകങ്ങള്‍. ഈ യഥാര്‍ത്ഥാഭാസാഖ്യാനം വസ്തുതകളെ തെറ്റായി കാണാന്‍ വായനക്കാരെ പ്രേരിപ്പിച്ചേക്കാം. (നെഹ്രുവിന്റെ മുന്നില്‍ ചവിട്ടുനാടകം കാണിച്ച ഒരു സംഭവം മാത്രമേ ഇതില്‍ യാഥാര്‍ത്ഥ്യമല്ല എന്ന തോന്നല്‍ ഉണ്ടാക്കിയുള്ളൂ.)

ഉദാഹരണമായി, കൊളംബസിനും വാസ്കോ ഡി ഗാമയ്ക്കും മറ്റും യാത്ര ചെയ്യാന്‍ ഫണ്ടു കിട്ടിയതു് ഭൂമിയുടെ ചുറ്റളവിനെപ്പറ്റി അന്നുണ്ടായിരുന്ന അബദ്ധധാരണ കൊണ്ടാണു് എന്നു പുസ്തകത്തില്‍ പറയുന്നുണ്ടു്. ഈ വസ്തുത ശരിയാണോ തെറ്റാണോ എന്നു് എനിക്കറിയില്ല. പക്ഷേ, ഈ പുസ്തകത്തില്‍ നിന്നു് അതൊരു പുതിയ അറിവായി ഞാന്‍ കൈക്കൊണ്ടു. പണ്ടു് ഓട്ടവയെ ഒഷാവ എന്നു വിളിച്ചതു പോലെ അതു് മറ്റു പലര്‍ക്കും കൈമാറി എന്നു വന്നേക്കാം. ലന്തക്കാരുടെയും മറ്റും അധിനിവേശത്തെപ്പറ്റിയും പല വാക്കുകളുടെയും ഉത്പത്തിയെപ്പറ്റിയും കേരളത്തിലെ രാഷ്ട്രീയചരിത്രത്തെപ്പറ്റിയും ഹിന്ദുസ്ഥാനി സംഗീതത്തെപ്പറ്റിയും പലതരം പാചകവിധികളെപ്പറ്റിയും ഇതു പോലെ ധാരാളം പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ടു്. ഇവയില്‍ എത്രത്തോളം ശരിയാണെന്നറിയാനുള്ള അവകാശം വായനക്കാരനില്ലേ?

ഇതിനോടു സമാനമായ ഒരു ആരോപണം എന്റെ അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ് എന്ന പോസ്റ്റിനെപ്പറ്റി ഉണ്ടായിട്ടുണ്ടു്. അതിലെ വസ്തുതകള്‍ ചരിത്രവുമായി യോജിച്ചു പോകുന്നില്ല എന്നു്. അതു ചരിത്രത്തോടു നീതി പുലര്‍ത്തുന്നില്ല എന്ന ഡിസ്ക്ലൈമറും “ആക്ഷേപഹാസ്യം” എന്ന ലേബലും അതിലെ ചരിത്രസംഭവങ്ങളെ യഥാര്‍ത്ഥമായി എടുക്കരുതു് എന്ന സന്ദേശം വായനക്കാര്‍ക്കും നല്‍കും എന്നു ഞാന്‍ കരുതുന്നു.

ചരിത്രം പറയുന്ന കഥകള്‍ക്കുള്ള ഒരു പ്രശ്നം ആ കഥകളില്‍ കൂടി വായനക്കാരന്‍ ചരിത്രത്തെ കാണും എന്നതാണു്. സി. വി. രാമന്‍ പിള്ളയുടെ ആഖ്യായികള്‍ തിരുവിതാംകൂര്‍ ചരിത്രത്തെ വളച്ചൊടിച്ചതു് ഇവിടെ ഓര്‍ക്കാം. എം. ടി. യുടെ തിരക്കഥകള്‍ക്കു ശേഷം പെരുന്തച്ചനും ഉണ്ണിയാര്‍ച്ചയുമൊക്കെ വേറേ രൂപം പൂണ്ടു് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചതു മറ്റൊരുദാഹരണം. ഒരു കാട്ടുപെണ്ണിനെ വളച്ചു ഗര്‍ഭിണിയാക്കിയതിനു ശേഷം കയ്യൊഴിഞ്ഞ ദുഷ്ടനായ രാജാവിനെ ധീരോദാത്തനതിപ്രതാപഗുണവാനാക്കി വെള്ളയടിക്കാന്‍ ഒരു പാവം മുനിയെ വില്ലനാക്കിയ കാളിദാസന്റെ പ്രവൃത്തിയും ഈക്കാര്യത്തില്‍ വ്യത്യസ്തമല്ല.

എന്തായാലും, കോട്ടയത്തെ തന്റെ വീട്ടിലിരുന്നു സ്വന്തം ഭാവനയിലൂടെ കാര്‍പാത്യന്‍ മലയിടുക്കുകളിലെ ഭൂപ്രകൃതി വര്‍ണ്ണിച്ച കോട്ടയം പുഷ്പനാഥിന്റെയും, വടക്കന്‍ പാട്ടുകളിലെ നായികമാരെ ബ്രേസിയറും ബ്ലൌസും ധരിപ്പിച്ച കുഞ്ചാക്കോയുടെയും വഴിയേ എന്‍. എസ്. മാധവന്‍ പോകരുതു് എന്നു് ആഗ്രഹമുണ്ടു്-എഴുത്തുകാരനു് സത്യം വളച്ചൊടിക്കാന്‍ എത്ര സ്വാതന്ത്ര്യം കൊടുക്കണമെന്നു വാദിച്ചാലും.

ഗണിതം (Mathematics)
ചുഴിഞ്ഞുനോക്കല്‍
ജ്യോതിശ്ശാസ്ത്രം
ജ്യോത്സ്യം
വായിച്ച പുസ്തകങ്ങള്
സാഹിത്യം

Comments (26)

Permalink

പുഴ.കോമിലെ മകരസംക്രമഫലം – ഒരു വിശകലനം

എന്റെ കഴിഞ്ഞ ഒരു പോസ്റ്റില്‍ പെരിങ്ങോടന്‍ (രാജ് നായര്‍) പുഴ.കോമിലെ ഡോ. കെ. ദിവാകരന്റെ പ്രവചനത്തെപ്പറ്റി ഒരു കമന്റ് ഇട്ടിരുന്നു. ഇന്നാണു് അതു മുഴുവനും വായിക്കാന്‍ കഴിഞ്ഞതു്. കുറേ പ്രവചനങ്ങളുണ്ടു്. നമുക്കു് ജനുവരിയില്‍ പ്രവചിച്ച ഇക്കൊല്ലത്തെ ഫലം ഒന്നു നോക്കാം.

(ഏതായാലും പുഴ.കോമിലെ ജ്യോതിഷത്തിന്റെ പേജില്‍ പോയാല്‍ ഈ പ്രവചനമൊക്കെ New എന്നു പറഞ്ഞാണു കാണുന്നതു്. ഓ വിവരമില്ലാത്ത കമ്പ്യൂട്ടര്‍ പോസ്റ്റു ചെയ്ത ദിവസം നോക്കിയിടുന്ന ലേബലാണല്ലോ അതു്, ജനുവരിയില്‍ത്തന്നെ പ്രവചിച്ചിരുന്നു, അല്ലേ?)

ഉള്ളതു് ഉള്ളതുപോലെ പറയണമല്ലോ. ഗണിതക്രിയകളൊക്കെ കിറുകൃത്യം. ആധുനികരീതികളാണുപയോഗിച്ചിരിക്കുന്നതെന്നു മനസ്സിലായി. കാരണം, ഞാന്‍ ഉണ്ടാക്കിയ പഞ്ചാംഗവുമായി ഒത്തുപോകുന്നുണ്ടു്.

ഇതില്‍ ഗവേഷണം നടത്തണമെന്നു് ആഗ്രഹിക്കുന്ന ആളുകള്‍ ദയവായി ആലുവയ്ക്കു വേണ്ടി ഞാന്‍ കണക്കു കൂട്ടിയ പഞ്ചാംഗം (അതു് ഇവിടെ ഉണ്ടു്.) വേറെ ഒരു വിന്‍‌ഡോയില്‍ തുറന്നു വയ്ക്കുക. ഞാന്‍ ഇനി പേജ് നമ്പര്‍ പറയുന്നതു് ആ പുസ്തകത്തില്‍ നിന്നാണു്.

നമുക്കു പ്രവചനങ്ങളിലേക്കു കടക്കാം. പൂര്‍ണ്ണമായി ശരിയായതു പച്ച നിറത്തിലും തെറ്റിയതു ചുവപ്പു നിറത്തിലും കൊടുത്തിരിക്കുന്നു. ശരിയായോ എന്നു പരിശോധിക്കേണ്ടാത്ത കാര്യങ്ങള്‍ ഈ നിറത്തിലും. ഓരോ പ്രവചനത്തിന്റെയും കാലം കഴിഞ്ഞാല്‍ ഈ നിറങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും.

പുണര്‍തം നക്ഷത്രം വൈധുതനാമ നിത്യയോഗം

മകരസംക്രമം രാഷ്‌ട്രീയ പഞ്ചാംഗത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. സൂര്യന്‍ ധനുരാശിയില്‍നിന്ന്‌ മകരം രാശിയിലേക്ക്‌ സംക്രമിക്കുന്നു. സമയത്തെ ഗൃഹനിലയനുസരിച്ച്‌ ലോകത്ത്‌ 1181-ല്‍ എന്തെല്ലാം സംഭവിക്കുമെന്നത്‌ പ്രവചിക്കാം. 14-1-2006 പകല്‍ 11 മണി 54 മിനിറ്റ്‌ ഈ വര്‍ഷത്തെ മകര സംക്രമം. അതനുസരിച്ച്‌ ശനിയാഴ്‌ചയും പൗര്‍ണ്ണമി തിഥിയും പുണര്‍തം നക്ഷത്രവും സിംഹക്കരണവും ചേര്‍ന്ന ശുഭദിനേ മിഥുനകൂറില്‍ ചന്ദ്രന്‍ നിന്ന സമയം മീതെ ലഗ്നം കൊണ്ടാണ്‌ മകര സംക്രമണം സംഭവിക്കുന്നത്‌. സൂര്യന്റെ സ്ഥിതി ഒരു രാജ്യത്തെ ഭരണത്തെ സൂചിപ്പിക്കുന്നു. സൂര്യന്‍, ശനി വക്രഗതിയോടുകൂടി പൂയം നക്ഷത്രത്തില്‍ കര്‍ക്കടകം രാശിയില്‍ ചൊവ്വയുടെ യോഗത്തില്‍ സ്ഥിതി ചെയ്യുന്നു.

പേജ് 10 നോക്കുക. ഏറ്റവും മുകളില്‍ മകരസംക്രമത്തിന്റെ സമയം കൊടുത്തിട്ടുണ്ടു്. 11:53. ഒരു മിനിട്ടിന്റെ വ്യത്യാസം. ത്രൈരാശികം ചെയ്തു കണ്ടുപിടിച്ച മൂല്യം കമ്പ്യൂട്ടറില്‍ കൃത്യമായി കണക്കുകൂട്ടിയതിനോടു് ഒന്നോ രണ്ടോ മിനിട്ടു മാറുന്നതു സ്വാഭാവികം. ആ പേജില്‍ ജനുവരി 14-നു നേരേ നോക്കിയാല്‍ നക്ഷത്രവും തിഥിയും ആഴ്ചയുമൊക്കെ ശരിയാണെന്നു കാണാം. ഞാന്‍ മുകളില്‍ പറഞ്ഞതുപോലെ, ഇതു കിറുകൃത്യം.

ആവശ്യ സാധനങ്ങള്‍ക്കു വില ക്രമാതീതമായി വര്‍ദ്ധിക്കും. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുഃസ്സഹമാകും. സാധനങ്ങള്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക്‌ വില വര്‍ദ്ധിക്കും, ഗ്യാസ്‌, ഡീസല്‍, പെട്രോള്‍ ഇവയുടെയും വില വര്‍ദ്ധിക്കും. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകും. ഗ്യാസിന്‌ കൃത്രിമമായി ക്ഷാമം സൃഷ്‌ടിക്കും. അതുമൂലം പല കുഴപ്പങ്ങളും രാജ്യത്തുണ്ടാകും. സ്വര്‍ണ്ണത്തിന്റെ വില സര്‍വ്വകാല റിക്കാഡായി വര്‍ദ്ധിക്കും. സ്വര്‍ണ്ണം, വെളളി, ഭക്ഷ്യധാന്യങ്ങള്‍ ഇവയ്‌ക്ക്‌ വില വര്‍ദ്ധിക്കും. ഭരണമാറ്റം വരെ സംഭവിക്കും. ഭീകരപ്രവര്‍ത്തകര്‍ നക്സലൈറ്റുകള്‍ ഇവരുടെ പ്രവര്‍ത്തനം ഇന്ത്യാ പാക്കിസ്ഥാന്‍ ബന്ധം കൂടുതല്‍ നല്ല നിലയിലാക്കും. കാഷ്‌മീരിന്റെ അതിര്‍ത്തികളില്‍ ഭീകരപ്രവര്‍ത്തനം ശക്തിപ്രാപിക്കും.

ഇത്രയും പ്രവചിക്കാന്‍ നമുക്കു ജ്യോതിഷം വേണ്ടല്ലോ. എല്ലാക്കൊല്ലവും സംഭവിക്കുന്നതല്ലേ, ഗ്രഹങ്ങള്‍ എവിടെ നിന്നാലും? ഇതൊക്കെ ഏതു ഗ്രഹങ്ങള്‍ എവിടെയൊക്കെ നില്‍ക്കുന്നതുകൊണ്ടാണെന്നും ഏതു നിയമങ്ങള്‍ കൊണ്ടാണെന്നും പറഞ്ഞിട്ടില്ലല്ലോ. ഏതോ ഗ്രഹയോഗങ്ങള്‍ “ഗ്യാസിന്‌ കൃത്രിമമായി ക്ഷാമം സൃഷ്‌ടിക്കും..” എന്നതു വരാഹമിഹിരന്‍ പറഞ്ഞതാണോ അന്തോ മോഡേണ്‍ ഇന്റര്‍പ്രെട്ടേഷനാണോ?

വിദേശരാജ്യങ്ങളായ ഇറാന്‍, ഇറാക്ക്‌ അറേബ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, ജപ്പാന്‍, കൊറിയ, ഇംഗ്ലണ്ട്‌ ഈ രാഷ്‌ട്രങ്ങളില്‍ ഭീകരര്‍ മൂലവും പ്രകൃതിക്ഷോഭങ്ങള്‍ നിമിത്തവും അനേക മരണങ്ങള്‍ 2006-ല്‍ സംഭവിക്കും.

ഇന്ത്യയില്‍ ഇപ്പറഞ്ഞ പ്രശ്നങ്ങളൊന്നുമില്ല, ഭാഗ്യം. ബോംബെയിലെ കാര്യമോ? നമുക്കു മേല്‍പ്പറഞ്ഞ രാജ്യങ്ങളുടെ കാര്യം ഡിസംബറില്‍ ഒന്നുകൂടി നോക്കാം.

ഡാലിയേ, ഇസ്രയേലിലൊരു പ്രശ്നവുമില്ല കേട്ടോ. ഫുള്‍ പീസ്‌ഫുള്‍…

മാര്‍ച്ച്‌ 15-നു മുതല്‍ സൂര്യന്‍ രാഹുവുമായി ഒന്നിക്കുമ്പോഴും ജൂലായ്‌ 17 മുതല്‍ ആഗസ്‌റ്റ്‌ 16-വരെ ശനിയും സൂര്യനും ഒന്നിക്കുമ്പോഴും ഭരണതലത്തിലുളളവര്‍ക്ക്‌ കുഴപ്പങ്ങള്‍ ഉണ്ടാകും. കേന്ദ്രഭരണത്തിലും കുഴപ്പങ്ങള്‍ ഉണ്ടാകും. മിക്കവാറും കേന്ദ്രത്തിലെ മന്ത്രിസഭ പിരിച്ചുവിടേണ്ടിവരും. ഭരണസാരഥ്യം വഹിക്കുന്ന കൂട്ടുകക്ഷി സഭയ്‌ക്ക്‌ പതനം സംഭവിക്കും.

പേജ് 26 നോക്കുക. രാഹു മീനത്തിലാണു്. പതിനഞ്ചാം തീയതി സൂര്യനും മീനത്തിലെത്തുന്നു. അവയ്ക്കു യോഗമില്ലെന്നു ശ്രദ്ധിക്കുക. തമ്മില്‍ ഇപ്പോഴും 11 ഡിഗ്രിയുടെ വ്യത്യാസമുണ്ടു്. അവ തമ്മില്‍ യോഗമുണ്ടാകുന്നതു് മാര്‍ച്ച് 25-നാണു്. സൂര്യന്‍ മീനം 10:01, രാഹു മീനം 10:39. എന്തെങ്കിലും ഉണ്ടായതായി അറിയാമോ ഈ ദിവസം?

ഏതായാലും ഏപ്രില്‍ 14-നു സൂര്യന്‍ മീനത്തില്‍ നിന്നു മേടത്തിലേക്കു കടക്കും. അപ്പോള്‍ ഒരു കഷ്ടകാലം അങ്ങേയറ്റം മാര്‍ച്ച് 15-നും ഏപ്രില്‍ 14-നും ഇടയ്ക്കു് (മീനമാസം).

ഇനി, ശനി കര്‍ക്കടകത്തിലാണു കുറെക്കാലമായി. ജൂലായ് 17 മുതല്‍ ആഗസ്റ്റ് 16 വരെ സൂര്യനും അവിടെയാണു്. (ഇതിനെയാണു നമ്മള്‍ കര്‍ക്കടകമാസം എന്നു വിളിക്കുന്നതു്.) ഇവയ്ക്കു തമ്മില്‍ ശരിക്കു യോഗമുണ്ടാകുന്നതു് ജൂലായ് 21-നാണു്. രണ്ടും ഏകദേശം കര്‍ക്കടകം 4 ഡിഗ്രിയില്‍.

അപ്പോള്‍ പ്രശ്നമുള്ള സമയങ്ങള്‍: (1) മാര്‍ച്ച് 15 – ഏപ്രില്‍ 13 (2) ജൂലായ് 17 – ആഗസ്റ്റ് 16. ഇതില്‍ മാര്‍ച്ച് 25, ജൂലായ് 21 എന്നീ ദിവസങ്ങളില്‍ എന്തോ വലിയ പ്രശ്നം ഉണ്ടാകാന്‍ വഴിയുണ്ടു്.

ഈ ദിവസങ്ങളില്‍ ബാക്കിയുള്ള ദിവസങ്ങളെ അപേക്ഷിച്ചു് എന്തെങ്കിലും വലിയ പ്രശ്നങ്ങള്‍ ഉണ്ടായോ എന്നു നമുക്കു നോക്കാം വര്‍ഷാവസാനത്തില്‍.

ആഗസ്‌റ്റ്‌ 16-ന്‌ മുമ്പുവരെ കേന്ദ്രഭരണത്തില്‍ ഏറ്റവും കഷ്‌ടമായ കാലമാണ്‌. പ്രതിസന്ധികള്‍ ഒരുപാട്‌ ഉണ്ടാകും. ചരിത്ര പ്രാധാന്യമുളള പല സംഭവങ്ങളും ഇക്കാലത്ത്‌ ലോകത്ത്‌ നടക്കും. കമ്യൂണിസ്‌റ്റ്‌ ഭരണം നടത്തുന്ന ലോകരാഷ്‌ട്രങ്ങളില്‍ വന്‍തോതില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും.

ചരിത്രപ്രാധാന്യമുള്ള സംഭവങ്ങള്‍ എന്നും നടന്നുകൊണ്ടിരിക്കുന്നു. അതു കണക്കാക്കേണ്ടാ. എന്താണു പറഞ്ഞുവരുന്നതു്? ചരിത്രപ്രാധാന്യമുള്ള സംഭവങ്ങള്‍ എല്ലാം സൂര്യനും ശനിയും ചേരുമ്പോഴാണു് എന്നാണോ? ലീഗ് ഓഫ് നേഷന്‍സ് ഉണ്ടായതു്, ഐക്യരാഷ്ട്രസംഘടന ഉണ്ടായതു്, റഷ്യ ഛിന്നഭിന്നമായതു്, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതു് തുടങ്ങി കുറേ സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ടല്ലോ. അവയില്‍ എത്രയെണ്ണത്തില്‍ ഇതു സംഭവിച്ചിട്ടുണ്ടു്?

കേന്ദ്ര സര്‍ക്കാര്‍ പാവങ്ങള്‍ക്കുവേണ്ടി ഒത്തിരി നിയമനിര്‍മ്മാണം നടത്തും. ആദിവാസികള്‍ക്കും ദരിദ്രര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന്‌ കഴിയും.

അതു ശരി. കഷ്ടകാലത്തു് ഇതും നടക്കുമോ? ഈ സമയത്താണോ പാര്‍ലമെന്റു കൂടുന്നതു്? നേരത്തെ അറിയുന്ന കാര്യം വല്ലതുമാണോ?

മെയ്‌മാസം 24 മുതല്‍ ചൊവ്വയും ശനിയും ഒന്നിക്കും. ആ യോഗം 2006 ജൂലായ്‌ 13നു വരെ നിലനില്‍ക്കും. ഈ കാലയളവില്‍ ഭൂലോകത്ത്‌ ഏറ്റവും കുഴപ്പങ്ങളും കഷ്‌ടതയും നിറഞ്ഞ കാലമായിരിക്കും. ഭൂമിയില്‍ പതിനായിരക്കണക്കിന്‌ മനുഷ്യ ജീവന്‍ ബലിയര്‍പ്പിക്കപ്പെടും. പ്രവചനാതീതമായ ധാരാളം സംഭവങ്ങള്‍ ഭൂമിയില്‍ സംഭവിക്കും. പ്രത്യേകിച്ച്‌ ഇന്ത്യയില്‍ പല പ്രമുഖരെ നമുക്ക്‌ നഷ്‌ടമാകും. ലോക നേതാക്കളെ വെടിവെച്ചു കൊല്ലും.

പേജ് 28 കാണുക. ശനി കര്‍ക്കടകത്തിലാണെന്നു പറഞ്ഞല്ലോ. ചൊവ്വ (കുജന്‍) മെയ് 24 മുതല്‍ ജൂലായ് 13 വരെ കര്‍ക്കടകത്തിലാണു്. അതാണു പറഞ്ഞിരിക്കുന്നതു്. ഇതില്‍ ഏകദേശം ജൂണ്‍ 20-നാണു് ഏറ്റവും വലിയ പ്രശ്നം ഉണ്ടാകേണ്ടതു്. രണ്ടും 15 ഡിഗ്രിയില്‍.

പതിനായിരക്കണക്കിന്‌ എന്ന പ്രയോഗം ശ്രദ്ധിക്കുക. വരാഹമിഹിരന്‍ മഹാന്‍ തന്നെ. വെടിവെച്ചു കൊല്ലും എന്നു വരെ കൃത്യമായി പറഞ്ഞല്ലോ, വെടിമരുന്നു കണ്ടുപിടിച്ചതു കുറേക്കഴിഞ്ഞാണെങ്കിലും!

പ്രവചനാതീതമായ ധാരാളം സംഭവങ്ങള്‍ ഭൂമിയില്‍ സംഭവിക്കും. ബലേ ഭേഷ്! എന്നാല്‍ ഈ ഒരു വാക്യം മാത്രം മതിയല്ലോ. ഇതൊക്കെ എന്തിനു വലിച്ചു വാരി എഴുതണം? “നോക്കേണ്ടതിഹ സര്‍വ്വത്ര കേള്‍വിക്കുള്ളൊരു ഭംഗി താന്‍” എന്നു് അനുഷ്ടുപ്പ് വൃത്തത്തിന്റെ ലക്ഷണത്തിന്റെ അവസാനത്തില്‍ ഏ. ആര്‍. പറഞ്ഞതു പോലെയാണല്ലോ ഇതു്?

പ്രകൃതിക്ഷോഭങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നിമിത്തം അനേകമായിരം മനുഷ്യജീവനും അവരുടെ സ്വത്തുവകകളും നഷ്‌ടമാകും.

ഇന്ത്യയില്‍ ന്യൂതന ശാസ്‌ത്ര ഗവേഷണങ്ങളും പദ്ധതികളും നടപ്പില്‍ വരുത്തും. വിദേശരാജ്യങ്ങളില്‍നിന്ന്‌ വന്‍തോതില്‍ രാജ്യത്ത്‌ നിക്ഷേപം ക്ഷണിച്ചുവരുത്തും. പല രാജ്യങ്ങളുമായി ഇന്ത്യ വ്യാപാരകരാറുകളില്‍ ഒപ്പുവയ്‌ക്കും.

ദാ അതു വീണ്ടും വന്നു. പ്രകൃതിക്ഷോഭവും ഭീകരപ്രവര്‍ത്തനവും. അനേകമായിരം എന്ന പ്രയോഗം ശ്രദ്ധിക്കുക.

2006 ജൂണ്‍ മുതല്‍ സെപ്‌തംബര്‍ വരെയുളള കാലഘട്ടം ഒഴിവാക്കിയാല്‍ പല നല്ല കാര്യങ്ങളും സര്‍ക്കാരിന്‌ ജനങ്ങള്‍ക്കുവേണ്ടി ചെയ്യുവാന്‍ കഴിയും. വനിതകള്‍ക്കുവേണ്ടി ചില നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കും. ഇന്ത്യയുടെ ആത്മചൈതന്യങ്ങള്‍ വര്‍ദ്ധിക്കും.

അതെന്തിനു് ഒഴിവാക്കണം? ഏതു ഗ്രഹയോഗമാണു് ഇതിനു കാരണം? ഈ “ഇന്ത്യയുടെ ആത്മചൈതന്യങ്ങള്‍ വര്‍ദ്ധിക്കും..” എന്നു പറഞ്ഞാല്‍ എന്താണു്?

2006 ഒക്‌ടോബര്‍ 27-ന്‌ വ്യാഴം തുലാം രാശിയില്‍ നിന്ന്‌ വൃശ്ചികം രാശിയിലും പരിവര്‍ത്തനം ചെയ്യുന്നു.

ശരിയാണു്. പേജ് 33 കാണുക. അന്നു് എന്തു സംഭവിക്കും എന്നു പറഞ്ഞില്ലല്ലോ.

ശനി ചൊവ്വയോഗം നടക്കുന്ന കാലയളവില്‍ പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങള്‍ ഉണ്ടാകും.

അതായതു് മെയ് 24 മുതല്‍ ജൂലായ് 13 വരെ. ജൂണ്‍ 20-നു് ഏറ്റവും അടുത്തു വരുന്നു. അല്ലാ, എന്തു സംഭവമാണു മനുഷ്യന്‍ പ്രതീക്ഷിച്ചിട്ടു മാത്രം ബാക്കി സമയത്തു് ഉണ്ടാകുന്നതു്?

2006 ഒക്‌ടോബര്‍ രാഹു മീനം രാശിയില്‍ നിന്ന്‌ കുംഭത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്നു.

ശരിയാണു്. 13-നു്. പേജ് 33 കാണുക.

2006 ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ സര്‍ക്കാരിന്‌ തലവേദനയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഉടലെടുക്കും.

ബാക്കി സമയത്തു യാതൊരു തലവേദനയുമില്ല. കൊള്ളാം. ഏതു ഗ്രഹയോഗം കൊണ്ടെന്നു പറഞ്ഞില്ല.

കേരളത്തില്‍ 2006-ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭ രൂപീകരിക്കും.

ഇതു നിരീശ്വരവാദികള്‍ വരെ പ്രവചിച്ചതാണല്ലോ. “കമ്യൂണിസ്റ്റ് മന്ത്രിസഭ” എന്നു് അവര്‍ പറഞ്ഞില്ല. അപ്പോള്‍ കമ്യൂണിസ്റ്റുകാരല്ലാത്ത ആരും മന്ത്രിസഭയിലില്ല, അല്ലേ? ഇതൊക്കെ ആരുടെ ഗ്രഹനില നോക്കി, ഏതു നിയമം ഉപയോഗിച്ചു പറയുന്നു?

ഡി.ഐ.സി വലിയ ശക്തിയായി ഭരണത്തില്‍ പ്രവേശിക്കും.

കരുണാകരന്റെയോ മുരളിയുടെയോ ഗ്രഹനില പരിശോധിച്ചതു തെറ്റിപ്പോയിരിക്കും. ജനുവരിയിലെ നില വെച്ചു് അങ്ങനെയാണു തോന്നിയതു്, അല്ലേ?

ഇന്ന്‌ ഭരിക്കുന്ന കക്ഷി പ്രതിപക്ഷത്ത്‌ നിലയുറപ്പിക്കും.

ആവര്‍ത്തനം. ഇടത്തുപക്ഷം ഭരണത്തില്‍ കയറിയെന്നു പറഞ്ഞാല്‍ മറ്റവര്‍ പ്രതിപക്ഷത്താണെന്നു പറയാനും ഗ്രഹനില നോക്കണോ?

രാഹുവിന്റെ പരിവര്‍ത്തനം വീണ്ടും നിത്യോപയോഗ സാധനങ്ങള്‍ക്കും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും വില വര്‍ദ്ധിപ്പിക്കും.

വെറുതേ എന്തിനു രാഹുവിനെ കുറ്റം പറയുന്നു? എന്തു് എവിടെ നില്‍ക്കുമ്പോള്‍ വില കൂടില്ല എന്നൊന്നു പറഞ്ഞുതരൂ.

സൂര്യഗ്രഹണം 29 മാര്‍ച്ച്‌ 2006 ബുധനാഴ്‌ച സംഭവിക്കും. പകല്‍ 5 മണി 2 മിനിട്ടു മുതല്‍ 5.45 പി.എം.വരെ തെക്കേ ഇന്ത്യയില്‍ ഇത്‌ ദൃശ്യമല്ല. ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഗ്രഹണം ദൃശ്യമാണ്‌. ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഭൂമി കുലുക്കും ഉണ്ടാകും. രണ്ടാമത്തെ സൂര്യഗ്രഹണം 2006 സെപ്‌തംബര്‍ 22-ന്‌ പകല്‍ 5.15 മുതല്‍ തുടങ്ങും. ഉത്രം നക്ഷത്രത്തില്‍ കന്നിരാശിയില്‍ ഈ സമയത്ത്‌ ചൊവ്വയും ബുധനും സൂര്യനോട്‌ ചേര്‍ന്ന്‌ കന്നിരാശിയില്‍ സഞ്ചരിക്കുന്നു.

100 ശതമാനം ശരി. ഗ്രീനിച്ചിലുള്ള അണ്ണന്മാര്‍ ആരാണെന്നാ വിചാരം? എത്ര കൃത്യമായി പ്രവചിച്ചിരിക്കുന്നു? ജ്യോതിഷം ശരിയാണെന്നതിനു് ഇതില്‍ കൂടുതല്‍ എന്തു തെളിവാണു വേണ്ടതു്?

ബൃഹദ്‌സംഹിതയില്‍ പറയുന്നതനുസരിച്ച്‌ ഗംഗയുടെയും യമുനയുടെയും സരയുനദികളുടെയും തീരത്തുളള രാജ്യങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും.

അവിടൊക്കെ ഇപ്പോള്‍ ഒരു രാജ്യമേ ഉള്ളൂ – ഇന്ത്യ. അറിഞ്ഞില്ലേ? ഗ്രഹണം നടക്കുമ്പോള്‍ എന്തു സംഭവിക്കുമെന്നാണു്? ഞാഞ്ഞൂലുകള്‍ തല പൊക്കുമെന്നോ? ഇതും നമുക്കു കാത്തിരുന്നു കാണാം.

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭരണാധികാരികള്‍ക്കും സൈന്യാധിപന്‍മാര്‍ക്കും ഈ ഗ്രഹണം ദോഷഫലങ്ങളെ ഉണ്ടാക്കും.

ഹാവൂ, രക്ഷപ്പെട്ടു. എല്‍‌ജിയും ഹന്നമോളും ജോര്‍ജ് ബുഷുമൊക്കെ പേടിച്ചാല്‍ മതി.

ചന്ദ്രഗ്രഹണം, 2006 സെപ്തംബര്‍ 7-ാ‍ം തീയതി സംഭവിക്കുന്നത്‌ രാത്രി 12.23 മുതല്‍ സംഭവിക്കും. ഇന്ത്യയില്‍ ദൃശ്യമാണ്‌. 29 മാര്‍ച്ച്‌ നടക്കുന്ന സൂര്യഗ്രഹണം ഇടവം, മിഥുനം, തുലാം, മകരം കൂറുകള്‍ക്ക്‌ ഗുണഫലങ്ങളെ ചെയ്യും.

ദോഷം പറയരുതല്ലോ. ഈ ഗ്രഹണമൊക്കെ കിറുകൃത്യം സമയത്തു തന്നെ നടന്നു/നടക്കും. മൊത്തം ആളുകളില്‍ മൂന്നിനൊന്നിനു സന്തോഷം കിട്ടുകയും ചെയ്തു!.


അവസാനമായി, ഇതില്‍ നിന്നു് നാം ഒരു നിഗമനത്തിലും എത്തുന്നില്ല. ജ്യോതിഷം ശരിയാണെന്നോ തെറ്റാണെന്നോ ഇതില്‍ നിന്നു തെളിയുന്നില്ല. ഈ ജ്യോത്സന്‍ പറഞ്ഞ ചില കാര്യങ്ങള്‍ തെറ്റി എന്നും, ചിലതു കാത്തിരുന്നു കാണണം എന്നും ചിലതു വളരെ അസ്പഷ്ടമാണെന്നും മാത്രം അര്‍ത്ഥം…

…എന്നു വക്കാരി പറഞ്ഞേക്കും :-)

ബാക്കി നിങ്ങള്‍ ആലോചിച്ചു തീരുമാനിച്ചുകൊള്ളൂ.

ജ്യോത്സ്യം
പ്രവചനങ്ങള്‍

Comments (67)

Permalink

പഞ്ചാംഗഗണനം

എന്റെ കഴിഞ്ഞ പോസ്റ്റ് വായിച്ചതിനു ശേഷം പഞ്ചാംഗത്തിലെ വിവരങ്ങള്‍ കണ്ടുപിടിക്കാനുള്ള തിയറി അല്പം കൂടി വിശദമായി എഴുതണമെന്നു് ഒന്നുരണ്ടു പേര്‍ അപേക്ഷിച്ചിരുന്നു. അല്‍ഗരിതങ്ങള്‍ മുഴുവനും എഴുതാന്‍ സമയമെടുക്കും. തത്കാലം, എന്റെ കൈവശം ഇതുവരെ എഴുതിവെച്ചിട്ടുള്ളവ ഞാന്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടു്.

ഞാന്‍ എല്ലാക്കൊല്ലവും തയ്യാറാക്കുന്ന കേരളപഞ്ചാംഗത്തിനു വേണ്ടി തയ്യാറാക്കിയ കേരളപഞ്ചാംഗഗണനം എന്ന ലേഖനം (PDF) ഇവിടെ.

ഇതനുസരിച്ചു് ആലുവാ, ടോക്കിയോ, ദുബായ്, ന്യൂ യോര്‍ക്ക്, പോര്‍ട്ട്‌ലാന്‍ഡ് എന്നീ സ്ഥലങ്ങള്‍ക്കു വേണ്ടി കണക്കുകൂട്ടിയ 2006-ലെ പഞ്ചാംഗങ്ങള്‍ ഇവിടെ ഇട്ടിട്ടുണ്ടു്.

തെറ്റുകള്‍ കാണുന്നതു ദയവായി ചൂണ്ടിക്കാണിക്കുക. Algorithms പിന്നീടു പ്രസിദ്ധീകരിക്കാം. മറ്റു സ്ഥലങ്ങള്‍ക്കു വേണ്ടിയുള്ള പഞ്ചാംഗങ്ങളും ആവശ്യക്കാരുണ്ടെങ്കില്‍ ഇവിടെത്തന്നെ ഇടാം.

എല്‍‌ജീ, പ്രാപ്ര, ഇപ്പോള്‍ മുഴുവന്‍ തിയറിയും ആയില്ലേ? :-)

കലണ്ടര്‍ (Calendar)
ജ്യോത്സ്യം

Comments (12)

Permalink

ജ്യോതിഷവും ശാസ്ത്രവും : ജ്യോത്സ്യന്മാര്‍ ചെയ്യുന്നതെന്തു്?

ഇന്ദുലേഖ ബ്ലോഗില്‍ കാട്ടുമാടം നാരായണന്റെ മന്ത്രവാദവും മനശ്ശാസ്ത്രവും എന്ന പുസ്തകത്തെപ്പറ്റി കൊടുത്ത പോസ്റ്റിനുള്ള പ്രതികരണമാണിതു്‌:

ശാസ്ത്രമോ വിശ്വാസമോ അന്ധവിശ്വാസമോ ആയിക്കൊള്ളട്ടേ. ഇങ്ങനെയുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനോടു് എനിക്കു യോജിപ്പാണു്. വസ്തുനിഷ്ഠമായിരിക്കണം എന്നു മാത്രം. നമ്മുടെ നാട്ടിലുള്ള പല അറിവുകളെപ്പറ്റിയും അറിയാന്‍ ഇവ സഹായിക്കും. പലതും ശരിയാവാം. പലതും തെറ്റാവാം. പലതും സംസ്കാരത്തിന്റെ ഭാഗമാവാം. ഇന്നത്തെ നിയമങ്ങളുമായി യോജിച്ചുപോകുന്നില്ല എന്ന കാരണം കൊണ്ടു മനുസ്മൃതിയെപ്പോലെയുള്ള പുസ്തകങ്ങള്‍ കത്തിക്കണമെന്നു പറയുന്നതു പരമാബദ്ധമാണു്. ജ്യോതിഷത്തെപ്പറ്റിയും മന്ത്രവാദത്തെയും മറ്റും പറ്റി ഇനിയും ഇങ്ങനെ പുസ്തകങ്ങളുണ്ടാവട്ടേ.

ജ്യോത്സ്യന്മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിവിധികളും മന്ത്രവാദങ്ങളും പൂജകളും കൊണ്ടു കാലയാപനം നടത്തിയ ആളായതുകൊണ്ടു ശ്രീ നാരായണന്‍ ജ്യോത്സ്യത്തിനനുകൂലമായിപ്പറഞ്ഞതിനു തെറ്റില്ല. അദ്ദേഹം ഉന്നയിച്ച ഉദാഹരണങ്ങളും വാദങ്ങളും അംഗീകരിക്കുന്നു. ഏതൊരു ജ്യോതിഷവിശ്വാസിയ്ക്കും ആഹ്ലാദം നല്‍കുന്ന അനുഭവകഥകളാണു്‌ അവ.

എനിക്കു പറയാനുള്ളതു്‌ അതിലെ ശാസ്ത്രത്തെപ്പറ്റിയുള്ള പരാമര്‍ശമാണു്‌. ലേഖകന്റെ വാക്കുകള്‍ ശ്രദ്ധിക്കുക:

ഒരു ദൂരദര്‍ശിനിയുടെ സഹായം പോലുമില്ലാതെ അടുത്ത നൂറു കൊല്ലക്കാലത്തെ സൂര്യോദയവും അസ്തമയവും വേലിയേറ്റവും ഇറക്കവും, സൂര്യചന്ദ്രഗ്രഹണങ്ങളും നാമമാത്രപോലും തെറ്റാതെ പ്രവചിക്കാന്‍ കഴിയുന്ന ഈ അദ്ഭുതത്തെ ആദരവോടെ നോക്കിനിക്കാനേ എനിക്കു പറ്റൂ.

അതായതു്‌, ജ്യോത്സ്യന്മാര്‍ക്കു്‌ ഈ വക കുന്ത്രാണ്ടങ്ങളൊന്നുമില്ലാതെ മേല്‍പ്പറഞ്ഞവയൊക്കെ കണക്കുകൂട്ടി കണ്ടുപിടിക്കാന്‍ കഴിയുമെന്നു്‌. ഉവ്വുവ്വേ!

ഇനി എന്താണു സംഭവിക്കുന്നതെന്നു പറയാം.

 1. എല്ലാ വര്‍ഷവും, ഇംഗ്ലണ്ടിലെ ഗ്രീനിച്ചില്‍, ആധുനികശാസ്ത്രസിദ്ധാന്തങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചു്‌ ഗ്രഹങ്ങളുടെ ഒരു കൊല്ലത്തെ സ്ഥാനങ്ങള്‍ കണ്ടുപിടിച്ചു്‌ ഒരു അല്‍മനാക്‌ പ്രസിദ്ധീകരിക്കുന്നു. ഇതാണു്‌ പല രാജ്യങ്ങളിലെയും അല്‍മനാക്കുകളുടെയും പഞ്ചാംഗങ്ങളുടെയും റെഫറന്‍സ്‌. GMT-യില്‍ ഓരോ ദിവസവും തുടങ്ങുമ്പോള്‍ (അതായതു്‌ അര്‍ദ്ധരാത്രിയ്ക്കു്‌) ഗ്രഹങ്ങളുടെ പല കോ-ഓര്‍ഡിനേറ്റുകളും ഈ പുസ്തകത്തില്‍ കാണാം. ഇവയില്‍ geocentric longitude മാത്രമേ ജ്യോത്സ്യന്മാര്‍ക്കു്‌ ആവശ്യമുള്ളൂ. അതിനെ അവര്‍ “സ്ഫുടം” എന്നു വിളിക്കുന്നു.
 2. കല്‍ക്കട്ടയില്‍, ഭാരത സര്‍ക്കാര്‍ നടത്തുന്ന Positional Astronomy Centre എന്ന സ്ഥാപനമുണ്ടു്‌, അവര്‍ എല്ലാക്കൊല്ലവും ഒരു Indian Astronomical Almanac പുറത്തിറക്കുന്നു. എല്ലാ ദിവസവും രാവിലെ അഞ്ചരയ്ക്കുള്ള ഗ്രഹസ്ഫുടങ്ങള്‍ അതില്‍ കാണാം.

  എന്തിനു്‌ ഈ ഒന്നുമല്ലാത്ത അഞ്ചരമണി സ്വീകരിച്ചു എന്നു്‌ എനിക്കു വളരെക്കാലം സംശയമുണ്ടായിരുന്നു. സൂര്യോദയമാകാന്‍ വഴിയില്ല. അതു സാധാരണയായി ആറു മണിക്കാണല്ലോ. പിന്നെ മനസ്സിലായി. GMT അര്‍ദ്ധരാത്രിയാവുമ്പോള്‍ IST രാവിലെ അഞ്ചര. അപ്പോള്‍ ബിലാത്തിയിലെ അല്‍മനാക്‌ ഒരു വ്യത്യാസവും കൂടാതെ നേരെ എടുക്കാം. കണക്കു കൂട്ടി ബുദ്ധിമുട്ടേണ്ടാ!

  കണക്കുകൂട്ടേണ്ടാ എന്നതു്‌ അത്ര ശരിയല്ല. താഴെപ്പറയുന്ന കണക്കുകളുണ്ടു്‌.

  • ഭാരതീയജ്യോതിശാസ്ത്രവും പാശ്ചാത്യജ്യോതിശാസ്ത്രവും തമ്മില്‍ ഒരു വ്യത്യാസമുണ്ടു്‌. പാശ്ചാത്യര്‍ First Point of Aries-നെ അവലംബിച്ചുള്ള സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുമ്പോള്‍, ഭാരതീയര്‍ ചിത്തിരനക്ഷത്രത്തെ (ഇതിലും അഭിപ്രായവ്യത്യാസമുണ്ടു്‌) അടിസ്ഥാനമാക്കിയാണു കണക്കാക്കുന്നതു്‌. അതിനാല്‍ ഇവ തമ്മില്‍ 23 ഡിഗ്രിയില്‍ കൂടുതല്‍ വ്യത്യാസമുണ്ടു്‌. (മാതൃഭൂമിക്കെവിടെയാണു തെറ്റു പറ്റിയതു് എന്ന പോസ്റ്റില്‍ ഇതിനെപ്പറ്റി വിശദമായി പറയുന്നുണ്ടു്‌.) പാശ്ചാത്യരുടെ ഗണനത്തെ ഭാരതീയര്‍ “സായനസ്ഫുടം” എന്നു പറയുന്നു. ഭാരതീയരുടേതു്‌ “നിരയനസ്ഫുടം” എന്നും. തമ്മിലുള്ള വ്യത്യാസത്തെ “അയനാംശം” എന്നും.

   ഓരോ ദിവസത്തെയും അയനാംശം കണ്ടുപിടിച്ചു്‌ അതു്‌ ബിലാത്തിക്കാര്‍ കൊടുത്ത മൂല്യത്തില്‍ നിന്നു്‌ കുറച്ചു്‌ എഴുതണം. അതു്‌ ഒരു കണക്കുകൂട്ടല്‍.

  • ഭാരതീയര്‍ക്കു കൂടുതല്‍ താത്പര്യമുള്ള നക്ഷത്രം, തിഥി തുടങ്ങിയവ കണക്കുകൂട്ടണം. ഇതു വളരെ എളുപ്പമാണു്‌. ചന്ദ്രന്റെ നിരയനസ്ഫുടമെടുക്കുക. ഇരുപത്തേഴു കൊണ്ടു ഹരിക്കുക. അതിലെ ഓരോ ഭാഗത്തെയും അശ്വതി തുടങ്ങി ഓരോ നക്ഷത്രത്തിന്റെ പേരു വിളിക്കുക. ഇനി സൂര്യന്റെയും ചന്ദ്രന്റെയും സ്ഫുടങ്ങളുടെ വ്യത്യാസം കണ്ടുപിടിച്ചു മുപ്പതു കൊണ്ടു ഹരിക്കുക. ഓരോന്നിനെയും പ്രഥമ, ദ്വിതീയ തുടങ്ങിയ പേരിട്ടു വിളിക്കുക (രണ്ടു പക്ഷത്തിലും 15 തിഥി വീതം ആകെ 30). ഈ തിഥിയെയോരോന്നിനെയും രണ്ടായി മുറിച്ചു്‌ ഓരോന്നിനും പേരിട്ടാല്‍ കരണമായി. സൂര്യന്റെയും ചന്ദ്രന്റെയും സ്ഫുടങ്ങള്‍ കൂട്ടി 27 കൊണ്ടു ഹരിച്ചാല്‍ നിത്യയോഗവുമായി. അങ്ങനെ പഞ്ചാംഗത്തിന്റെ അഞ്ചു കാര്യങ്ങളുമായി.
  • കൂടാതെ, ചില ഇന്ത്യന്‍ വിശേഷദിവസങ്ങളും കണ്ടുപിടിക്കും. അവ മുകളില്‍ കിട്ടിയ വിവരങ്ങളില്‍ നിന്നു കിട്ടും.
 3. ഇനി, നമ്മുടെ കേരളത്തില്‍ പഞ്ചാംഗം, കലണ്ടര്‍ തുടങ്ങിയവ ഉണ്ടാക്കുന്ന ആളുകള്‍ എന്തു ചെയ്യുന്നു? അവര്‍ കല്‍ക്കട്ടക്കാരുടെ പഞ്ചാംഗത്തെ തപ്പിയെടുക്കുന്നു. (അല്ല പിന്നെ! ആര്‍ക്കു കഴിയും അയനാംശം കണ്ടുപിടിക്കാനും കുറയ്ക്കാനുമൊക്കെ!) സകലമാന സാധനങ്ങളും അവിടെയുണ്ടു്‌. ഇനി പഞ്ചാംഗം ഏതു സ്ഥലത്താണെന്നു വെച്ചാല്‍ അവിടത്തെ ഒരു കൊല്ലത്തെ ഉദയം കണ്ടുപിടിക്കുന്നു. (കണ്ടുപിടിക്കുകയൊന്നും വേണ്ടാ, അതൊക്കെ മറ്റു പലയിടത്തു നിന്നും കിട്ടും) ഓരോ നക്ഷത്രവും തിഥിയും തുടങ്ങുന്നതു്‌ സൂര്യന്‍ ഉദിച്ചതിനു ശേഷം എത്ര സമയത്തിനു ശേഷമാണെന്നു കണ്ടുപിടിക്കുക. അതിനെ നാഴികവിനാഴികളാക്കുക. (ഒരു നാഴിക 24 മിനിട്ട്‌. അറുപതു വിനാഴിക ഒരു നാഴിക) സമയമറിയാന്‍ ക്ലോക്കും വാച്ചും ഉപയോഗിക്കുന്ന ഇക്കാലത്തു്‌ ഈ ഉദയാല്‍പ്പരനാഴിക കലണ്ടറില്‍ കൊടുത്തിട്ടു്‌ എന്തു കാര്യമെന്നു്‌ എനിക്കു്‌ ഒരു പിടിയുമില്ല.

  പിന്നെ, രാഹുകാലം, ഗുളികകാലം, യമകണ്ടകകാലം തുടങ്ങിയവ. ഇവ അന്നന്നത്തെ ദിവസദൈര്‍ഘ്യം നോക്കി വേണം കണക്കുകൂട്ടാന്‍ എന്നാണു തിയറി. അതൊക്കെ കാറ്റില്‍ പറത്തി, തിങ്കളാഴ്ച ഏഴര മുതല്‍ ഒമ്പതു വരെ രാഹു എന്നിങ്ങനെ അച്ചടിച്ചുവെച്ചിരിക്കുന്ന പട്ടിക ചേര്‍ക്കുക. മുസ്ലീം നമസ്കാരസമയം ഇസ്ലാമിക്‌ പണ്ഡിതര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഏതെങ്കിലും സ്ഥലത്തിനിന്നു്‌ അടിച്ചുമാറ്റുക. എല്ലാ ദിവസത്തെയും വേണ്ട. പത്തോ പതിനഞ്ചോ ദിവസത്തിലൊരിക്കല്‍ മാത്രമുള്ളതു മതി.

  ഇനി സൂര്യന്‍ ഓരോ മാസത്തിലും കടക്കുന്ന സമയം നോക്കിയിട്ടു്‌ (അതു കല്‍ക്കട്ടക്കാര്‍ പറഞ്ഞിട്ടുണ്ടാവും) ഓരോ മലയാളമാസത്തിന്റെയും ഒന്നാം തീയതി എന്നാണെന്നു കണ്ടുപിടിക്കുക. (ഇവിടെയാണു്‌ ശരിക്കും അടി നടക്കുക. മാതൃഭൂമിയും മനോരമയും തമ്മില്‍ കുറെക്കാലമായി ഇറാനും ഇറാക്കും പോലെ തല്ലിക്കൊണ്ടിരിക്കുന്നു. ഇക്കൊല്ലവുമുണ്ടായിരുന്നു വിഷുവിനു്‌.) ഒന്നാം തീയതി കിട്ടിയാല്‍ ആ മാസത്തെ മറ്റു ദിവസങ്ങള്‍ എല്ലാം ഈസി.

  പ്രധാന പണി ഇനി കിടക്കുന്നതേ ഉള്ളൂ. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള അമ്പലങ്ങളിലെയും പള്ളികളിലെയും ഉത്സവം, ആറാട്ടു്‌, പെരുന്നാള്‍ തുടങ്ങിയവ ഏതു മാസം ഏതു ദിവസം ആണെന്നു നോക്കി അതൊക്കെ രേഖപ്പെടുത്തുക.

ഇങ്ങനെയാണു പഞ്ചാംഗം ഉണ്ടാക്കുന്നതു്‌. ഇവിടെ എവിടെയാണു ഭാരതീയജ്യോതിശ്ശാസ്ത്രത്തെ ഉപയോഗിക്കുന്നതു്‌?

ഭാരതീയജ്യോതിശ്ശാസ്ത്രത്തില്‍ ഇതൊന്നും ഇല്ലെന്നല്ല. ഉണ്ടു്‌. ആര്യഭടീയം, സൂര്യസിദ്ധാന്തം, വടേശ്വരസംഹിത, തന്ത്രസംഗ്രഹം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇവ എങ്ങനെ കണ്ടുപിടിക്കും എന്നു വിശദമായി പറഞ്ഞിട്ടുണ്ടു്‌. സായനം കണ്ടുപിടിച്ചു കുറയ്ക്കാതെ തന്നെ. പക്ഷേ അവയൊക്കെ കാലഹരണപ്പെട്ടുപോയിരിക്കുന്നു. സൂര്യന്റെയും മറ്റും വ്യാസം (ഗ്രഹണം കണ്ടുപിടിക്കാന്‍), ഭൂമിയില്‍ നിന്നു്‌ അവയിലേക്കുള്ള ദൂരം, ഭൂമിക്കു ചുറ്റും ഈ ഗോളങ്ങളുടെ ഭ്രമണപഥം (എല്ലാം വൃത്തങ്ങളും ഉപവൃത്തങ്ങളുമായാണു്‌ കണക്കുകൂട്ടല്‍. ക്രിസ്തുവിനോടടുത്തു്‌ ടോളമി ആവിഷ്കരിച്ച തിയറി) എന്നിവയെപ്പറ്റിയുള്ള പ്രാചീനഭാരതീയരുടെ അറിവില്‍ നിന്നു നാം വളരെ മുന്നോട്ടു പോയിരിക്കുന്നു. ഈ ഗ്രന്ഥങ്ങള്‍ അനുസരിച്ചു ഗ്രഹണം കണ്ടുപിടിച്ചാല്‍ ഇപ്പോള്‍ ഒന്നുരണ്ടു ദിവസത്തെയെങ്കിലും വ്യത്യാസമുണ്ടാവും. അതിനു്‌ ഇപ്പോഴത്തെ തിയറി ഉപയോഗിച്ചേ മതിയാവൂ.

ഇതാണു സത്യം. ഇനി ഇവ കണക്കുകൂട്ടാന്‍ ജ്യോത്സ്യം പഠിക്കുകയുമൊന്നും വേണ്ടാ. Astronomyയുടെ ഒരു പുസ്തകവും, ഫിസിക്സിലും കണക്കിലും സാമാന്യജ്ഞാനവും ഒരു സയന്റിഫിക്‌ കാല്‍ക്കുലേറ്ററും (കമ്പ്യൂട്ടര്‍ ഉണ്ടെങ്കില്‍ വളരെ നല്ലതു്‌) ഉണ്ടെങ്കില്‍ ആര്‍ക്കും കണ്ടുപിടിക്കാവുന്നതേയുള്ളൂ.

ഇനി നമ്മുടെ ജ്യോത്സ്യന്മാര്‍ ചെയ്യുന്നതെന്താണെന്നു നോക്കാം. മുകളില്‍ മൂന്നാമതു പറഞ്ഞ പഞ്ചാംഗം എടുക്കും. നോക്കേണ്ട ദിവസത്തെ ഗ്രഹനില വരയ്ക്കും. കൃത്യ സമയത്തെ ഗ്രഹനില അറിയാന്‍ (പഞ്ചാംഗത്തില്‍ ഓരോ ദിവസത്തിലെയും ചിലതില്‍ പത്തു ദിവസത്തിലൊരിക്കലെയും സ്ഫുടങ്ങളേ ഉള്ളല്ലോ) ഉള്ള വിലകളൊക്കെ വെച്ചു് ത്രൈരാശികം എന്നു വിളിക്കുന്ന linear interpolation ചെയ്യും. (പല ജ്യോത്സ്യന്മാരും ഇതു ചെയ്യാറില്ല. തലേന്നത്തെയോ പിറ്റേന്നത്തെയോ സ്ഫുടം എടുക്കും. കണക്കുകൂട്ടാന്‍ അറിഞ്ഞിട്ടു വേണ്ടേ?) ഗ്രഹങ്ങളുടെ സഞ്ചാരം linear അല്ല. എങ്കിലും ഒന്നുമില്ലാത്തതില്‍ ഭേദമല്ലേ ഇന്റര്‍പൊളേഷന്‍? അങ്ങനെ കിട്ടുന്ന സ്ഫുടങ്ങള്‍ ഗ്രഹനിലയോടുകൂടി എഴുതും. അവയെ ഒമ്പതുകൊണ്ടു ഹരിച്ചു നവാംശങ്ങള്‍ കണ്ടുപിടിച്ചു് അതുമെഴുതും. എന്നിട്ടു് ഇവയെല്ലാം കൂടി വെച്ചു് അറിയാവുന്ന തിയറി ഉപയോഗിച്ചു് യോഗങ്ങളൊക്കെ കണ്ടുപിടിച്ചു് ഭാവിഫലങ്ങള്‍ പ്രവചിക്കും. വിംശോത്തരിദശ, ഗോചരം (transit) തുടങ്ങിയ മറ്റു ചില ടെക്‍നിക്കുകളും ഉപയോഗിക്കാറുണ്ടു്. (അവയെപ്പറ്റി പിന്നീടു്.) ഇതില്‍ ഗണിതശാസ്ത്രമോ ജ്യോതിശ്ശാസ്ത്രമോ ഏഴയലത്തുപോലും വരുന്നില്ല. മുകള്‍പ്പറഞ്ഞ പല പടവുകള്‍ കടന്നു വരുമ്പോഴുള്ള പിശകുകള്‍ കൂടിച്ചേര്‍ന്നു് ജ്യോതിഷത്തിന്റെ തിയറി അനുസരിച്ചുപോലും പരമാബദ്ധമായ ജാതകമാണു് അവസാനം കിട്ടുക.

ശ്രീ നാരായണന്‍ ഇങ്ങനെയും പറയുന്നുണ്ടു്:

പന്ത്രണ്ടു സ്ഥാനങ്ങള്‍ക്കും വ്യക്തമായ കാരകത്വമുണ്ടു്. ലഗ്നഭാവമായ (ഒരു വ്യക്തി ജനിക്കുന്ന സമയം കണക്കാക്കിയാണു് അതു നിശ്ചയിക്കുക. കവടി നിരത്തി രാശി വെയ്ക്കുമ്പോഴും കിട്ടുക ലഗ്നം തന്നെ.)….

ഇതിന്റെ അര്‍ത്ഥം മുകളില്‍ പറഞ്ഞതുപോലെ കണക്കുകൂട്ടി കണ്ടുപിടിക്കുന്ന ഗ്രഹനിലയും മറ്റു വിവരങ്ങളും കവടി നിരത്തിയും കണ്ടുപിടിക്കാമെന്നാണു്. ഇതു സത്യവിരുദ്ധമാണു്. ഗ്രഹനില വരച്ചിട്ടു് അതില്‍ കവടി വിതറി ചില രീതികള്‍ ഉപയോഗിച്ചു് ഗ്രഹസ്ഥിതി കണ്ടുപിടിക്കുന്ന രീതിയാണു കവടി നിരത്തല്‍. ഈ ഗ്രഹസ്ഥിതിയും വന്ന ആളിന്റെ ജനനസമയത്തെ ഗ്രഹസ്ഥിതിയും തമ്മില്‍ ഒരു ബന്ധവുമില്ല. (ഒരു പ്രത്യേക സമയത്തെ ഗ്രഹസ്ഥിതി കണക്കു കൂട്ടാതെ കവടി നിരത്തി ആര്‍ക്കെങ്കിലും കണ്ടുപിടിക്കാം എന്നു് അവകാശവാദമുണ്ടെങ്കില്‍ ദയവായി എന്നെ അറിയിക്കുക.) വേണ്ട ഗ്രഹസ്ഥിതിക്കു പകരം കവടി നിരത്തിക്കിട്ടുന്ന ഗ്രഹസ്ഥിതി ഉപയോഗിച്ചു ഫലം പറയുന്ന രീതിയാണു് ഇവിടെ ഉപയോഗിക്കുന്നതു്. ഇതു മറ്റേതിനെക്കാള്‍ എളുപ്പമാണു്. കണക്കുകൂട്ടേണ്ട, പഞ്ചാംഗം നോക്കേണ്ട, ത്രൈരാശികം ചെയ്യേണ്ട, എന്തു സുഖം!

ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ മനുഷ്യന്റെ സ്വഭാവത്തെ ബാധിക്കുന്നു എന്ന “ശാസ്ത്ര“തത്ത്വം നമുക്കു് അംഗീകരിച്ചുകൊടുക്കാം. പക്ഷേ ഗ്രഹസ്ഥിതിയുമായി യാതൊരു ബന്ധവുമില്ലാത്ത, എണ്ണിപ്പെറുക്കിവെച്ച കവടിയുടെ എണ്ണത്തെ മാത്രം അടിസ്ഥാനമാക്കിയ ഇതു് എങ്ങനെയാണു് മനുഷ്യന്റെ ഭാവിയെയും സ്വഭാവത്തെയും ബാധിക്കുക?

ജ്യോതിഷം ഒരു വിശ്വാസമാണു്. ആ വിശ്വാസത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. വിശ്വാസങ്ങള്‍ക്കും ജീവിതഗതിയില്‍ വലിയ സ്വാധീനമുണ്ടു്. അവയില്‍ എത്രത്തോളം ശാസ്ത്രമുണ്ടെന്നുള്ള കാര്യത്തെ മാത്രമേ ഞാന്‍ വിമര്‍ശിക്കുന്നുള്ളൂ.

ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സ് എന്ന നിലയ്ക്കു് ജ്യോതിഷത്തിനു പ്രസക്തിയുണ്ടു്. പാകപ്പിഴകളുമുണ്ടു്. അതു് അടുത്ത ലേഖനത്തില്‍.

കലണ്ടര്‍ (Calendar)
ജ്യോത്സ്യം

Comments (112)

Permalink