ചുഴിഞ്ഞുനോക്കല്‍

ഇതു് “എന്റേ” ഉത്തരങ്ങൾ

മല്ലുവിനെ പള്ളു പറയൽ, യൂണിക്കോഡിനെ ആണിയടിക്കൽ, പോട്ടം പിടിക്കൽ, പോഡ് കാസ്റ്റു നടത്തൽ തുടങ്ങിയ കലാപരിപാടികൾക്കു ശേഷം നിഷാദ് കൈപ്പള്ളി അടുത്തിടയ്ക്കു കൈ വെച്ച മേഖലയാണു ഗോമ്പറ്റീഷൻ. അതു തുടങ്ങിയിട്ടു് ഇപ്പോൾ അതു കൈപ്പള്ളിക്കും നാട്ടുകാർക്കും അഡിൿഷൻ ആയെന്നാണു് റിപ്പോർട്ടു്. ഗോമ്പറ്റീഷൻ തുടങ്ങിയതിൽ പിന്നെ മറ്റു ബ്ലോഗ് പോസ്റ്റുകൾ വായിക്കാൻ ആളെക്കിട്ടുന്നില്ല എന്നാണു മിക്ക ബ്ലോഗന്മാരുടെയും ബ്ലോഗിനികളുടെയും പരാതി.

“ഇതാരുടെ പുസ്തകശേഖരം?” എന്ന സൂപ്പർഹിറ്റ് സീരീസിനു ശേഷം ഗോമ്പറ്റീഷനിലെ പുതിയ ഇനമാണു് “ഇതാരുടേ ഉത്തരങ്ങൾ”. (ആരുടേ എന്നു നീട്ടുന്നതു് മാള അരവിന്ദൻ ചോദിക്കുന്നതു പോലെയാണെന്നു കരുതിയാൽ മതി.) കുറേപ്പേരോടു കുറേ പൊട്ടച്ചോദ്യങ്ങൾ ചോദിക്കും. ആ ചോദ്യങ്ങളും അവർ കൊടുക്കുന്ന പൊട്ട ഉത്തരങ്ങളും കൂടി കൈപ്പള്ളി പ്രസിദ്ധീകരിക്കും. അതിൽ നിന്നു് വായനക്കാർ ഉത്തരം പറഞ്ഞ ആളെ കണ്ടുപിടിക്കണം. ഇതാണു മത്സരം. പലരോടു പല ചോദ്യങ്ങളാണു ചോദിക്കുക.

എന്നോടും ചോദിച്ചു മുപ്പതു ചോദ്യങ്ങൾ. തല്ലിക്കൊന്നാലും ബൂലോഗത്തിലെ ഏറ്റവും ബുദ്ധിശാലിക്കു പോലും മനസ്സിലാവരുതു് എന്ന വാശിയോടെ ഞാൻ വളഞ്ഞുകുത്തി തിരിഞ്ഞമർന്നു് ഓതിരം കടകം തുടങ്ങി പണി പതിനെട്ടും നോക്കി ഉത്തരം പറഞ്ഞു. അതിനനുഭവിച്ച വേദന ചെറുതല്ലായിരുന്നു. സംവൃതോകാരത്തെ ഉപേക്ഷിച്ചു. (പുഷ്പപാദുകം മാത്രം അകത്തേയ്ക്കു സ്വീകരിച്ചു് സംവൃതാ സുനിലിനെ പുറത്തു നിർത്തിയതിൽ സിജുവിനുണ്ടായ മാനസികവിഷമത്തിൽ മാപ്പു ചോദിക്കുന്നു.) അദ്ധ്യാപകനെ അധ്യാപകൻ എന്നെഴുതി. കഷ്ടപ്പെട്ടു മനസ്സിനെ നിയന്ത്രിച്ചു് ഒരു ശ്ലോകം പോലും ക്വോട്ടു ചെയ്തില്ല. ശ്ലോകം ചോദ്യമായി വന്നപ്പോൾ ഉത്തരമായി തോന്നിയവാസം പറഞ്ഞു. എന്നിട്ടും ഇടിവാളും തൊട്ടു പിന്നാലെ സിദ്ധാർത്ഥനും എന്നെ പൊക്കി. (“പ്രത്യക്ഷരലക്ഷം എന്നു് ഇനി എഴുതില്ല” എന്നു പ്രത്യക്ഷരലക്ഷം എഴുതണം!) നമിച്ചു മച്ചാ, നമിച്ചു!

ഇനി ആ ചോദ്യങ്ങളും എന്റെ ഉത്തരങ്ങളുടെ പൊരുളും.

  1. എന്താണു് സമൂഹിക പ്രതിബദ്ധത?
    ഇതു് എന്നെ കുഴക്കിയിട്ടുള്ള ഒരു പ്രശ്നമാണു്. സമൂഹത്തിനു നല്ലതായതൊക്കെ സമൂഹത്തിനു കൊടുക്കുക എന്നൊക്കെ ഒഴുക്കൻ മട്ടിൽ പറയാമെങ്കിലും, കാര്യത്തിലേക്കു കടക്കുമ്പോൾ സംഗതി വളരെ അവ്യക്തമാകും.

    ഉദാഹരണമായി, പത്തുപതിനഞ്ചു കൊല്ലം മുമ്പു് ഗ്രഹനില, ജാതകം തുടങ്ങിയവ ഉണ്ടാക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ലൈബ്രറി ഞാൻ ഉണ്ടാക്കിയിരുന്നു. അതു് ഇപ്പോഴും എന്റെ കയ്യിൽത്തന്നെ ഇരിക്കുന്നു. സ്വതന്ത്രമാക്കിയില്ല. ആക്കണോ വേണ്ടയോ എന്നു് തർക്കിക്കുമ്പോൾ ഈ സാമൂഹികപ്രതിബദ്ധത മനസ്സിൽ വരും.

    • വളരെയധികം ആളുകൾക്കു് ഉപയോഗമുള്ളതു്. കണ്ട കമ്പ്യൂട്ടർ ജാതകക്കാർക്കു് ആളുകൾ കൊടുക്കുന്ന കാശു നോക്കിയാൽ ഇതൊരു വലിയ ഉപകാരമാവും. സമൂഹത്തിനു് ഉപകാരമുണ്ടാവുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കുക തന്നെ വേണം. മാത്രമല്ല, അതിനെ നന്നാക്കി വിവാഹപ്പൊരുത്തം, ഗൃഹപ്രവേശം, ചോറൂണു്, തിരണ്ടുകല്യാണം തുടങ്ങിയവയും ചേർക്കണം. അതാണു സാമൂഹികപ്രതിബദ്ധത – എന്നു് ഒരു വാദം.
    • ഭാരതത്തെ കാർന്നു തിന്നുന്ന ഏറ്റവും വലിയ ദുരിതങ്ങളിലൊന്നായ ജ്യോതിഷത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നതാണു സാമൂഹികപ്രതിബദ്ധത. ഇതു പ്രസിദ്ധീകരിച്ചാൽ ഇതുപയോഗിച്ചു് ആളുകൾ കൂടുതൽ ജ്യോതിഷ-അന്ധവിശ്വാസ-ബിസിനസ്സുകൾ ഉണ്ടാക്കും. ഇത്രയും വലിയ ഒരു തെറ്റു സമൂഹത്തോടു ചെയ്യാനില്ല.

    ഇതു് ഒരു ഉദാഹരണം മാത്രം. സംസ്കൃതം, ശ്ലോകം, ഗണിതം, സമസ്യാപൂരണങ്ങൾ തുടങ്ങിയ പല വിഷയങ്ങളിലും ഈ സാമൂഹികപ്രതിബദ്ധതാപ്രഹേളിക പൊന്തി വരുന്നതു കാണാം. അതിനാൽ എന്റെ ഉത്തരം

    ആ…
  2. എന്താണ്‌ സൌന്ദര്യം?

    സൌന്ദര്യത്തിനു് ശ്രീഹർഷൻ കൊടുത്ത നിർവ്വചനത്തെക്കാളും നല്ലതു് ഒരെണ്ണം ഞാൻ ഇതു വരെ കണ്ടിട്ടില്ല.

    ക്ഷണേ ക്ഷണേ യന്നവതാമുപൈതി
    തദേവ രൂപം രമണീയതായാഃ

    യത് (എന്താണോ) ക്ഷണേ ക്ഷണേ (ഓരോ നിമിഷത്തിലും) നവതാം ഉപൈതി (പുതുമ കൈക്കൊള്ളുന്നതു്), തത് ഏവ (അതു തന്നെയാണു്) രമണീയതായാഃ രൂപം (സൌന്ദര്യത്തിന്റെ രൂപം).

    അതു തന്നെയായിരുന്നു എന്റെ ഉത്തരവും:

    ഓരോ തവണ കാണുമ്പോഴും പുതിയതായി തോന്നുന്നത്.

    (ആരെങ്കിലും ഇതു വെച്ചു് എന്നെ മനസ്സിലാക്കുമെന്നു കരുതി. ഉണ്ടായില്ല.)

  3. ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?

    ചെയ്യാൻ പറ്റുന്ന രണ്ടു പണിയേ ഇതിലുള്ളൂ. അദ്ധ്യാപകനും കോമാളിയും. ഇതു രണ്ടും ഒരുപാടു കാലം ചെയ്തു പരിചയമുള്ളതുമാണു്. അതിനാൽ എന്റെ ഉത്തരം:

    അധ്യാപകൻ. ഞാൻ അല്ലെങ്കിലും കോമാളിയാണ്. മറ്റേ ജോലി പോയാലും രക്ഷപ്പെടും. സൈഡ് ബിസിനസ്സായി വേണമെങ്കിലും ചെയ്യാം.

    മറ്റു മൂന്നും രക്ഷയില്ല.

    വേണമെങ്കിൽ ആശാരിയുടെ കുശിനിക്കാരനെ പാട്ടു പഠിപ്പിക്കുന്ന കോമാളിയാവാം.

  4. എന്താണ്‌ ദൈവം?

    സംസ്കൃതത്തിൽ “ദൈവം” എന്നു പറഞ്ഞാൽ “വിധി” എന്നാണു് അർത്ഥം. ക്രിസ്ത്യൻ പാതിരിമാരാണു് ഈശ്വരൻ എന്ന അർത്ഥത്തിൽ ആ വാക്കു് ഉപയോഗിച്ചു തുടങ്ങിയതു്. പിന്നെ അതു മലയാളത്തിൽ പ്രചാരത്തിലായി. “ദൈവമേ കൈതൊഴാം കേൾക്കുമാറാകണം” എന്നു പന്തളം കേരളവർമ്മ എഴുതുമ്പോഴേയ്ക്കും ഈ അർത്ഥം പ്രചാരത്തിലായിരുന്നു…

    …എന്നു വല്ലതും എഴുതിയാൽ ആ നിമിഷം എന്നെ പൊക്കും. പിന്നെ ദൈവത്തെപ്പറ്റി കുറേ ഫിലോസഫി ആലോചിച്ചു. ഒന്നും അങ്ങോട്ടു് ഇഷ്ടപ്പെട്ടില്ല. പിന്നെ ഇങ്ങനെ എഴുതി.

    ഒരു മിനിറ്റ്… ജബ്ബാർ മാഷിനോടു ചോദിച്ചിട്ടു പറയാം…
  5. കായംകുളം കൊച്ചുണ്ണി, വെള്ളായണി പറമു, മുളമൂട്ടില്‍ അടിമ, ഇത്തിക്കര പക്കി, ജംബുലിംഗം തുടങ്ങിയവര്‍ ധനികരെ കവര്‍ന്ന് പാവങ്ങള്‍ക്കു നല്‍കുകയും നാട്ടുനീതി നടപ്പാക്കുകയും ചെയ്തിരുന്നു എന്ന വീരചരിതങ്ങള്‍ ഇഷ്ടമാണോ?
    ഫിക്‌ഷൻ എന്ന നിലയ്ക്കു വായിക്കാൻ ഇഷ്ടമാണ്. എന്നാൽ ഈ കഥകളെ ചരിത്രമാക്കുന്നതിനോടു യോജിപ്പില്ല. ഇവന്മാരൊക്കെ കള്ളന്മാരായിരുന്നു. ആടിനെ പട്ടിയും പട്ടിയെ ആടും ആക്കാൻ ആർക്കാണു കഴിയാത്തത്?

    ഇതു് എന്റെ ഉത്തരം തന്നെ.

  6. കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം?
    കൊറ്റി. കറുത്തതിനെക്കാൾ വെളുത്തതിനെ ഇഷ്ടപ്പെടുന്നതാണല്ലോ നാട്ടുനടപ്പ്?

    ഇതിനെക്കാൾ നല്ല ഉത്തരം കിട്ടിയില്ല. “കൊറ്റി. കുയിലിന്റെ ടേസ്റ്റ് കാക്കയുടേതുപോലെ അല്ലേ?” എന്നതായിരുന്നു റണ്ണർ അപ്.

  7. ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?
    ഒരിക്കലുമില്ല. ഏകാന്തത അനുഭവപ്പെടുന്നത് സമാനമായ അഭിപ്രായമില്ലാത്തവരുടെ കൂടെ വർത്തമാനം പറയേണ്ടി വരുമ്പോഴാണ്.

    ഹൃദയത്തിൽ തട്ടിയുള്ള ഉത്തരം.

  8. കഷ്ടകാലം എന്നാലെന്താണ്‌?
    ഇങ്ങനെയുള്ള പണ്ടാറമടങ്ങുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതേണ്ടി വരുന്നത്.

    ഹൃദയത്തിൽ തട്ടിയുള്ള വേറൊരു ഉത്തരം.

  9. മോഹന്‍ലാല്‍ എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌?

    ഒരു മോഹൻ‌ലാൽ ഫാൻ ആയിരുന്ന ഞാൻ രണ്ടു പാരഗ്രാഫിൽ അദ്ദേഹത്തിന്റെ ഗുണഗണങ്ങൾ ഉദാഹരണസഹിതം വിവരിച്ചിട്ടു്, അതു മഹാബോറാണെന്നു തോന്നുകയാൽ മൊത്തം മായ്ച്ചു കളഞ്ഞിട്ടു് ഇങ്ങനെ എഴുതി:

    ആരു പറയുന്നു ലവൻ സൂപ്പറാണെന്ന്? ഫാൻസോ? ഫാൻസിനു ഷക്കീലാമ്മയും സൂപ്പറുകൾ തന്നേ?

    പെരിയോന്റെ പെരുമ എളിയോന്റെ പൃഷ്ഠത്തിലാണ് എന്നൊരു ചൊല്ലുണ്ട്. ഫാൻസ് ആണ് ഇവരെയൊക്കെ സൂപ്പർസ്റ്റാർ ആക്കുന്നത്.

    (പൃഷ്ഠത്തിന്റെ സ്പെല്ലിംഗ് ശരിയായതു കൊണ്ടു് എന്നെ കണ്ടുപിടിക്കുമെന്നു കരുതി. ഉണ്ടായില്ല.)

  10. ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി?
    ഒരു വാർത്ത വായിച്ചപ്പോൾ ചൊറിഞ്ഞുകയറി. പ്രതികരിക്കണമെന്നു തോന്നി. പ്രതികരിച്ചു. അത്രമാത്രം.

    വഴിതെറ്റിക്കുന്നതും എന്നാൽ സത്യസന്ധവുമായ ക്ലൂ. പോസ്റ്റായിരുന്നു എന്റെ അവസാനത്തെ പോസ്റ്റ്.

  11. മോതിരം, മാല, വാച്ച്‌, ബ്രേസ്‌ലെറ്റ്‌ തുടങ്ങിയവ ധരിക്കാന്‍ ഇഷ്ടമാണോ?

    ആഭരണങ്ങൾ ഇഷ്ടമല്ല. പക്ഷേ അതെഴുതിയാൽ കള്ളമാകും. എന്റെ ഓർക്കുട്ട് പ്രൊഫൈലിൽ മാല വ്യക്തമായി കാണാം. അതുകൊണ്ടു്…

    ബ്രേസ്‌ലെറ്റ് ഇതു വരെ ധരിച്ചിട്ടില്ല. സമയം അറിയാനുള്ള ഏറ്റവും നല്ല വഴിയായി വാച്ച് കെട്ടാറുണ്ട്. കല്യാണത്തിനു ഭാര്യ (അയ്യോ, ഇതൊരു ക്ലൂ ആണല്ലോ, ബാച്ചി അല്ലെന്ന്! ആ, പോട്ടേ!) ഇട്ട മോതിരവും മാലയും ധരിക്കാറുണ്ട് കുടുംബകലഹം പേടിച്ച്.

    ഇതൊന്നും ധരിക്കാൻ അത്ര ഇഷ്ടം അല്ല.

    എന്നു മാത്രം എഴുതി വിട്ടു.

  12. പുരുഷന്മാര്‍ മാര്‍സില്‍ നിന്നും സ്ത്രീകള്‍ വീനസില്‍ നിന്നുമുള്ളവരാണെന്ന് വിശ്വസിക്കുന്നോ?

    ഈ ചോദ്യത്തിന്റെ കൂടെ നൂറു വാക്കിൽ കുറയാതെ എന്നും ഉണ്ടായിരുന്നു. അതുകൊണ്ടാണു്

    ഇല്ല എന്നു നൂറു പ്രാവശ്യം എഴുതിയാൽ മതിയോ?

    എന്ന ഉത്തരം എഴുതിയതു്.

    പിന്നെ തോന്നി അതു പോരാ എന്നു്. മാഴ്സ് വീനസ് സീരീസിലെ മൂന്നു പുസ്തകം വായിച്ചിട്ടുള്ളതുകൊണ്ടു് (എന്റെ ശേഖരത്തിൽ ഒരെണ്ണം ഉണ്ടായിരുന്നു) അതിനെപ്പറ്റി നാലു ഡയലോഗ് പൂശണമെന്നു തോന്നി. അതുകൊണ്ടു്….

    സ്ത്രീപുരുഷന്മാരുടെ സ്വഭാവവൈചിത്ര്യം വിശദീകരിക്കാനുള്ള ഒരു തിയറി ആണത്. ആ തിയറി ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

    അതിനു പകരം, “”Why men don’t listen and women cannot read maps”” എന്ന പുസ്തകം വായിക്കുക.

  13. എന്നെഴുതി.

  14. നിങ്ങൾ Ernest Hemingway-യെ ചന്തയിൽ മീൻ വാങ്ങൻ പോകുമ്പോൾ കണ്ടുമുട്ടിയാൽ എന്തു ചോദിക്കും?

    എന്തൊരു പൊട്ടച്ചോദ്യം! ഒരു കിഴവൻ കടലിൽ മീൻ പിടിക്കാൻ പോയ കഥ ഉള്ള കൊച്ചു പുസ്തകത്തിനു നോബൽ സമ്മാനം വാങ്ങിയ കക്ഷിയാണു് ഹെമിംഗ്‌വേ എന്നു പറഞ്ഞാൽ അങ്ങേരെപ്പറ്റിയുള്ള എന്റെ വിവരം തീർന്നു. ഇതല്ലാതെ ഒന്നും തോന്നിയില്ല.

    ഇതിൽ ഏതു മീനിനെ പിടിച്ചാൽ നോബൽ സമ്മാനം കിട്ടാൻ വകുപ്പുണ്ടാവും എന്ന്.
  15. ഏറ്റവും വലുതെന്താണ്‌?

    കളിയിൽ അല്പം കാര്യം എന്ന സിനിമയിൽ മോഹൻലാൽ പറയുന്ന ആപ്തവാക്യം കട്ടെടുത്തു:

    എളിമ.
  16. മലയാള ഭാഷയും, മാദ്ധ്യമവും എന്ന വിഷയത്തെ കുറിച്ചു് 200 വാക്കിൽ കുറയാതെ ഒരു ലേഖനം എഴുതുക.

    എഴുതിത്തുടങ്ങി. ഒരു പാരഗ്രാഫ് വായിച്ചപ്പോൾ അതിൽ എന്നെ മുഴുവനോടെ എഴുതിവെച്ചിരിക്കുന്നു. വെള്ളെഴുത്തു സ്റ്റൈലിൽ മാറ്റിയെഴുതിയാലോ എന്നു കരുതി. സമയം കിട്ടിയില്ല. അവസാനം സഹികെട്ടു് ഇങ്ങനെ എഴുതി:

    ഇരുനൂറു വാക്കിൽ കുറയാതെയോ? എനിക്കു വേറേ പണിയുണ്ട്…

    (ഇരുനൂറു വാക്ക് എഴുതാൻ സമയവും വകുപ്പും ഉണ്ടെങ്കിൽ ഞാനൊരു പോസ്റ്റിട്ടേനേ…)

  17. പാമ്പിന്റെ രത്നം, കൊതിയന്റെ വിത്തം, സതീകുചം, കേസരി തന്റെ കേശം. തങ്കളുടെ അഭിപ്രായത്തില്‍ ഈ ഗണത്തില്‍ പെടുന്ന ഒരു മൂന്നെണ്ണം കൂടി പറയാമോ?

    ഉണ്ടെന്നു കേൾക്കുന്നതല്ലാതെ നേരിട്ടു കാണാനോ തൊടാനോ പറ്റാത്ത സാധനങ്ങളാണു് ഇവയെല്ലാം. (സതി = നല്ല സ്വഭാവമുള്ളവൾ, കേസരി = സിംഹം)

    എനിക്കു് ഈ ശ്ലോകം മുഴുവൻ അറിയില്ല. ദേവൻ ഇവിടെ പറഞ്ഞു കേട്ടിട്ടുണ്ടു്. കൈപ്പള്ളിയ്ക്കു് ഇതു പറഞ്ഞുകൊടുത്തതും ദേവനായിരിക്കും. സീയേക്കാരനാനെന്നു പറയുന്നു. സീയേയ്ക്കു പഠിക്കുന്നതല്ലാതെ ആ സാധനം പാസ്സായ ആരെയും ഇതു വരെ കണ്ടിട്ടില്ലാത്ത ഞാൻ അതു കൊണ്ടു്

    പാമ്പിന്റെ രത്നം, കൊതിയന്റെ വിത്തം,
    സതീകുചം, കേസരി തന്റെ കേശം
    സീയേയ്ക്കു പോയിട്ടു ജയിച്ച പത്രം
    ദേവോ ന ജാനാതി കുതോ മനുഷ്യഃ

    എന്നൊരു ശ്ലോകം കാച്ചിയാലോ എന്നു കരുതി. (“കുതോ മനുഷ്യഃ” എന്നു വെച്ചാൽ മനുഷ്യന്റെ കാര്യം പിന്നെ പറയേണ്ടല്ലോ എന്നു് അർത്ഥാപത്തിയതോ പിന്നെ വക്കാരി ചൊല്ലാനില്ലെന്ന യുക്തിയാം. അല്ലാത ദേവൻ കണ്ടിട്ടില്ലാത്ത ആറാമത്തെ സാധനമല്ല.) ശ്ലോകം കാച്ചിയാൽ ആളുകൾ ആ സെക്കന്റിൽ എന്നെ കാച്ചും എന്നറിയാവുന്നതു കൊണ്ടു കൺ‌ട്രോൾ ചെയ്തു. തോന്നിയവാസം എഴുതാം എന്നു കരുതി.

    സതിയുടെ കുചവും കേസരി ബാലകൃഷ്ണപിള്ളയുടെ കേശവും വെളുത്തതാണ്. കൊതിയന്റെ വിത്തം പൂത്തുപൂത്ത് വെളുത്തിട്ടുണ്ടാവും. പാമ്പിന്റെ രത്നം ഞാൻ കണ്ടിട്ടില്ല. അതും വെളുത്തതായിരിക്കും.

    അപ്പോൾ വെളുത്ത സാധനങ്ങൾ; പാൽ, മുട്ട, ഐരാവതം.

  18. അല്ലാ, പൂച്ച ഏതു നിറമായാലും എലിയെപ്പിടിച്ചാല്‍ പോരേ?
    എലിയെ പിടിക്കുന്നതു മാത്രമാണു പൂച്ചയുടെ ധർമ്മം എന്നു കരുതുന്നതു തന്നെ തെറ്റ്. നിറം നോക്കി ഒരു മൃഗം പൂച്ചയാണോ പട്ടിയാണോ എന്നു തീരുമാനിക്കുന്ന പഴയ രീതിയെ പരിഷ്കരിച്ചതല്ലേ ഇത്?

    പൂച്ച എലിയെപ്പിടിച്ചു കൊണ്ടു വരുമ്പോൾ അതിന്റെ നിറം നോക്കാതിരുന്നാൽ മതി. എലിയുടെയും.

    സംഗതി സീരിയസ് ആയി. പണ്ടാറം!

  19. നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
    1) ഗാന്ധി
    2) ഉമ്മർ ഫറൂഖ് (Kalifa)
    3) Jack the Ripper
    4) മമ്മൂട്ടി
    5) Nelson Madela
    6) Superman
    7) Stephen Spielberg
    8) Jimmy Wales
    9) Paulo Coelho
    10) Khalil Gibran
    11) Salman Rushdie
    12) കുറുമാൻ
    13) സാമ്പശിവൻ (കാഥികൻ)
    14) കൈപ്പള്ളി
    15) നാറാണത്തു ഭ്രാന്തൻ
    16) കുമാരനാശാൻ
    17) മാമുക്കോയ
    18) Charlie Chaplin
    19) വിശാല മനസ്കൻ (സജീവ് ഇടത്താടൻ)
    20) ഇഞ്ചിപ്പെണ്ണു്

    ഇങ്ങനെയുള്ള ചോദ്യം ചോദിക്കുന്നവരെയാണു് വേലിപ്പത്തലു വെച്ചു തല്ലേണ്ടതു്. കൈപ്പള്ളിയെ ഡിന്നറിനു വിളിച്ചിട്ടു കുറച്ചു മുളകുപൊടിയും വിമ്മും കലക്കിയ പുളിശ്ശേരി കുടിപ്പിക്കാം എന്നെഴുതണമെന്നു വിചാരിച്ചതാണു്. കൂട്ടിനാരെ വിളിക്കും എന്നു കിട്ടിയില്ല. അതിനാൽ വിശാലനെ വിളിക്കാം എന്നു കരുതി. ആര്യഭവനിൽ നിന്നു് ഒരു പഴം‌പൊരി വാങ്ങിക്കൊടുക്കാം എന്നു പറഞ്ഞാൽ അതും വലിയ ക്ലൂ ആകുമെന്നു പേടിച്ചു് പിന്നെയും കണ്ട്രോൾ ചെയ്തു.

    ഗാന്ധിയെയും വിശാലമനസ്കനെയും.

    ഗാന്ധി മിക്ക ദിവസവും ഉപവാസമാണ്. വിശാലന് കട്ടൻ കാപ്പിയും ആറു മുട്ട പുഴുങ്ങിയതും കൊടുത്താൽ മതി.

    ഡിന്നർ കൊടുക്കാൻ കോപ്പുണ്ടായിരുന്നെങ്കിൽ ഞാൻ മൂന്നാം ചോദ്യത്തിൽ കുശിനിക്കാരന്റെ പണി എടുത്തേനേ…

  20. കൊട്ടാരക്കര ശ്രീധരൻ നായരെ ഉച്ചക്ക് 12 മണിക്കു റോടരുകിൽ കണ്ടാൽ എന്തു ചോദിക്കും?
    കൊട്ടാരക്കര എന്ന സ്ഥലപ്പേരും നായർ എന്ന വാലും സിനിമാനടന്റെ അച്ഛൻ ആണെന്നുള്ള പേരും കഴിഞ്ഞ തിരുവനന്തപുരം സമ്മേളനത്തിനു ശേഷവും ചുമന്നു കൊണ്ടു നടക്കാൻ നാണമില്ലേ എന്നു ചോദിക്കും.

    ഇതിലും നല്ല ഉത്തരം ഇതിനു കൊടുക്കാൻ എനിക്കറിയില്ല.

  21. മാര്‍ജ്ജാരപ്രണയമോ ഹംസലീലയോ കൂടുതല്‍ മനോഹരം?
    രണ്ടും കണ്ടിട്ടില്ല. ശുനകഭോഗത്തെപ്പറ്റി വേണമെങ്കിൽ പറയാം.

    അറിയുന്നതല്ലേ പറയാൻ പറ്റൂ?

  22. മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ്‌ എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം?
    അങ്ങനെ എഴുതുന്നവരെ മുക്കാലിയിൽ കെട്ടി പ്രത്യക്ഷരലക്ഷം തല്ലണം.

    ഐതിഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി ചവറു പോലെ പ്രയോഗിച്ച പ്രത്യക്ഷരലക്ഷം ക്വോട്ടു ചെയ്തതു കൊണ്ടു മാത്രം എന്നെ സിദ്ധാർത്ഥൻ പൊക്കുമെന്നു കരുതിയില്ല. ഇതെന്താ വേറേ ആരും ഐതിഹ്യമാല വായിച്ചിട്ടില്ലേ?

    (“പ്രത്യക്ഷരലക്ഷം” എന്നു വെച്ചാൽ ഓരോ അക്ഷരത്തിനും ലക്ഷം എന്നർത്ഥം.)

  23. കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?
    ഒരിക്കലും ഭാവിയെപ്പറ്റി ചിന്തിച്ചിരുന്നില്ല. ആരോ പറഞ്ഞ് ഐ. ഏ. എസ്. കാരനാകണമെന്നു പറഞ്ഞു കുറേക്കാലം നടന്നു. പിന്നെ അതു വിട്ടു. അതാകാഞ്ഞതിൽ സങ്കടമില്ല.

    മുതിർന്ന ശേഷം ആകണമെന്ന് ആഗ്രഹിച്ച കാര്യങ്ങളിൽ (ലിസ്റ്റു തന്നാൽ ക്ലൂ ആവും) ജേർണലിസ്റ്റ് ഒഴികെ എല്ലാം അല്പസമയത്തേക്കെങ്കിലും ആയി. സന്തോഷമേ ഉള്ളൂ.

    മുതിർന്നു കഴിഞ്ഞു് ആകാൻ ആഗ്രഹിച്ച കാര്യങ്ങൾ:

    1. സോഫ്റ്റ്‌വെയർ എഞ്ചിനീയർ: സിവിൽ എഞ്ചിനീയറിംഗ് പഠിച്ച കാലത്തു് കമ്പ്യൂട്ടറിലായിരുന്നു താത്പര്യം. സോഫ്റ്റ്വെയർ എഞ്ചിനീയർ ആകണമെന്നു് വലിയ ആഗ്രഹമായിരുന്നു. ആയി. കഴിഞ്ഞ പതിനെട്ടു കൊല്ലമായി അതു തന്നെ പണി.
    2. അദ്ധ്യാപകൻ: ഏറ്റവും ഇഷ്ടമുള്ള പണി. തിരുവനന്തപുരത്തു് ശ്രീകാര്യത്തു് ഒരു ട്യൂഷൻ സെന്ററിൽ കണക്കും ഫിസിക്സും പഠിപ്പിച്ചു. എൻ‌ട്രൻസ് കോച്ചിംഗും. ജോലി ചെയ്ത ഒരു കമ്പനിയിലെ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റിൽ ഏഴു മാസം ജോലി ചെയ്തു. കോബോൾ മുതൽ സീപ്ലസ്പ്ലസ് വരെയും ടെസ്റ്റിംഗ് തൊട്ടു് ഒബ്ജക്ട് ഓരിയന്റഡ് ഡിസൈൻ വരെയും പഠിപ്പിച്ചു. ഓറിഗണിലും കാലിഫോർണിയയിലും പിള്ളേരെ മലയാളം പഠിപ്പിക്കുന്ന സംരംഭങ്ങളിൽ പങ്കെടുത്തു. ഇപ്പോഴും തരം കിട്ടുമ്പോൾ പഠിപ്പിക്കുന്നു.
    3. ചെസ്സുകളിക്കാരൻ: നാട്ടിൽ വെച്ചു കളിച്ചിട്ടുണ്ടെങ്കിലും എസ്റ്റാബ്ലിഷ്ഡ് റേറ്റിംഗ് കിട്ടിയതു് അമേരിക്കയിൽ വന്നിട്ടാണു്. കറസ്പോണ്ടൻസ് ചെസ്സും കുറേ കളിച്ചു. അതിൽ രണ്ടു തവണ ഇന്ത്യയെ പ്രതിനിധീകരിച്ചു. പിന്നെ സമയക്കുറവു മൂലം നിർത്തി. എങ്കിലും വളരെ കളിച്ചു.
    4. എഴുത്തുകാരൻ: അവസാനം ബ്ലോഗിലൂടെ അതും സാധിച്ചു!

    അധികം ആഗ്രഹങ്ങളൊന്നും ബാക്കിയില്ല. ഹാപ്പി!

  24. എന്താണ്‌ ശരിയല്ലാത്തത്‌?
    തെറ്റ്

    സിമ്പിൾ ചോദ്യം. സിമ്പിൾ ഉത്തരം!

  25. എന്താണ്‌ സന്തോഷം?
    ഒരു കാര്യം മാത്രം മനസ്സിൽ നിറയുന്ന അവസ്ഥ.

    ഇതു് ഒറിജിനൽ ആണെന്നു തോന്നുന്നു. കൈപ്പള്ളിയുടെ ചോദ്യം കണ്ടതിനു ശേഷം തോന്നിയതു്. സന്തോഷിക്കുമ്പോൾ നമ്മുടെ മനസ്സിൽ സന്തോഷമുണ്ടാക്കിയ കാര്യം മാത്രമേ ഉണ്ടാവൂ. ദുഃഖിക്കുമ്പോൾ ഒരുപാടു കാര്യങ്ങൾ തിക്കിത്തിരക്കി വന്നു ബുദ്ധിമുട്ടിക്കും.

  26. ആധുനിക കവിതകളെ കുറിച്ച് എന്താണു അഭിപ്രായം

    എന്റെ ഇനിയും എഴുതിത്തീരാത്ത “കവിതയും പദ്യവും” എന്ന പോസ്റ്റിൽ നിന്നു്:

    കവിത പഴയതായാലും പുതിയതായാലും ഒരു പോലെയാണ്. അത് ആസ്വദിക്കാൻ പറ്റുന്നവർക്ക് അത് ഇഷ്ടമാണ്. അല്ലാത്തവർക്ക് അത് അനാവശ്യവും.

    ആധുനികകവിത എന്നതു കൊണ്ട് ഉദ്ദേശിച്ചത് എന്താണ്? വൃത്തമില്ലാത്തതോ? അതു കവിതയുടെ വളർച്ചയിലെ ഒരു ഘട്ടം മാത്രം. ഏതു നാട്ടിലെ കവിത നോക്കിയാലും കാണാം, ആദ്യം പ്രാസം പോയി, പിന്നെ വൃത്തം പോയി, അതിനിടയിൽ കവിതയിൽ എന്തു പാടില്ല എന്നതിന്റെ അതിർവരമ്പുകൾ പോയി.

    ചവറുകൾ എല്ലാ സാഹിത്യത്തിലുമുണ്ട്. അടുത്ത കാലത്തെ കവിതകളിൽ അതല്പം കൂടുതലുണ്ട്. അതിനെ ആധുനികകവിതയായി ജെനറലൈസ് ചെയ്യേണ്ട കാര്യമില്ല.

  27. ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം
    വിശാലൻ എഴുതുന്നതുപോലെ രണ്ടാഴ്ചയിൽ ഒന്നു മാത്രം എഴുതുക. അല്ലെങ്കിൽ സ്റ്റോക്കു തീർന്നു പോകും.

    അല്ലെങ്കിൽ വക്കാരിയുടെ ഗതി വരും. ഡെയിലി മൂന്നു പോസ്റ്റിട്ട മനുഷ്യനാ. ഉറവ വറ്റി വറ്റി ഇപ്പോൾ തരിശായിപ്പോയില്ലേ…

  28. മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്.
    പ്രമോദ്

    ലാപുടയാണു് ആദ്യം മനസ്സിൽ വന്നതു്. പക്ഷേ ഈയിടെയായി പ്രമോദിനെയാണു് കൂടുതൽ ഇഷ്ടം (ശ്ലോകവും എഴുതുന്നതു കൊണ്ടല്ല).

    (കൈപ്പള്ളിയും മോശമില്ല)

    “Poetry uses particular forms and conventions to suggest at alternative meanings in the words, or to evoke emotional or sensual responses.” എന്നു വിക്കിപീഡിയ. ഈ നിർവ്വചനമനുസരിച്ചു് കൈപ്പള്ളി എഴുതുന്നതും കവിതയല്ലേ? മനുഷ്യൻ മുമ്പു കണ്ടിട്ടില്ലാത്ത എന്തൊക്കെ രീതികളാണു് അങ്ങേർ മലയാളഭാഷയിൽ കൊണ്ടുവന്നതു്? ആരും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത എന്തൊക്കെ അർത്ഥങ്ങളാണു് ഉണ്ടാക്കിയതു്? (പ്രവാസി, നാടു് തുടങ്ങിയവ ലേറ്റസ്റ്റ് ഉദാഹരണങ്ങൾ.) എല്ലാറ്റിലും അടങ്ങിയിരിക്കുന്ന ഇമോഷണലും സെൻഷ്വലും… ഹോ, അതൊന്നും പറയാതിരിക്കുകയാണു ഭേദം!

  29. മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു്
    അരവിന്ദൻ (മൊത്തം ചില്ലറ ഓർമ്മക്കുറിപ്പാണെങ്കിൽ)

    ഇടിവാൾ പറഞ്ഞതു പോലെ, ഞാൻ എന്നും അരവിന്ദന്റെ കട്ട ഫാൻ തന്നെ. അടുത്ത തവണ ഈ ക്ലൂ കൊടുക്കാതിരിക്കാൻ ശ്രമിക്കാം.

  30. താങ്കളുടെ Camera ഏതാണു്?
    Point and Shoot

    ഒരു എസ്സെല്ലാർ വാങ്ങണമെന്നു് ഒരുപാടു കാലമായി വിചാരിക്കുന്നു. കാനൻ പവർ ഷോട്ടിലെ തന്നെ എല്ലാ സെറ്റിംഗ്സും ഇതു വരെ അറിയില്ല. പിന്നാ…

    (എന്നാലും ഇതു വായിച്ചിട്ടു് കൈപ്പള്ളി, സിബു എന്നൊക്കെ പറഞ്ഞവരെ സമ്മതിക്കണം!)

  31. ഫോട്ടോ ബ്ലോഗുകളെ കുറിച്ചുള്ള അഭിപ്രായം
    ഫോട്ടോ ബ്ലോഗോ ഫോട്ടോഷോപ്പ് ബ്ലോഗോ?
  32. ഡിജിറ്റൽ യുഗം ഫോട്ടോകളുടെ ചാരുത നഷ്ടപ്പെടുത്തി എന്നു കരുതുന്ന ഒരു പഴഞ്ചനാണു ഞാൻ.

ചുഴിഞ്ഞുനോക്കല്‍
നര്‍മ്മം
ബ്ലോഗ് ഇവന്റ്

Comments (15)

Permalink

അക്കുത്തിക്കുത്തുകളിയും ഗണിതശാസ്ത്രവും

അക്കുത്തിക്കുത്തുകളി ഒരിക്കലെങ്കിലും കളിച്ചിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ഇതു കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കളിയല്ല. ലോകത്തിൽ മിക്ക സ്ഥലങ്ങളിലും ഇതിന്റെ വകഭേദങ്ങൾ റാൻഡമായി ഒരാളെ തിരഞ്ഞെടുക്കാൻ കുട്ടികൾ ഉപയോഗിക്കുന്നുണ്ടു്.

ഇസ്രയേലിൽ റഷ്യൻ ജൂതക്കുട്ടികൾ ഈ കളി കളിക്കുന്നതു കണ്ടിട്ടു് ഡാലി ഫോട്ടോ സഹിതം ഇട്ട കുട്ടികളികൾ (കുട്ടികളികൾ അല്ല ഡാലീ, കുട്ടിക്കളികൾ. ദ്വിത്വസന്ധി!) ആണു് മലയാളം ബ്ലോഗിൽ ഈ കളിയെപ്പറ്റി വന്ന ആദ്യത്തെ വിശദമായ പോസ്റ്റ്. അതിനു കിട്ടിയ കമന്റുകളിൽ നിന്നു പ്രചോദിതയായ ഡാലി പിന്നീടു് ‘അത്തള പിത്തള തവളാച്ചി’ കളികൾ എന്നും ഒരു പോസ്റ്റെഴുതി. പിന്നീടു മഷിത്തണ്ടിൽ വന്ന അത്തള പിത്തള തവളാച്ചിയും വിക്കിച്ചൊല്ലുകളിൽ ചേർക്കാനുള്ള അനൂപിന്റെ നിർദ്ദേശവും ഇതുപോലെയുള്ള വായ്ത്താരികൾ ധാരാളം നൽകി. എല്ലാവർക്കും നന്ദി.

ഡാലിയുടെ ആദ്യത്തെ പോസ്റ്റിനു് രണ്ടു മാസം മുമ്പു് എഴുതിയ പോസ്റ്റാണു് ഇതു്. ഡാലിയുടെ പോസ്റ്റുകളിലെയും അവയുടെ കമന്റുകളിലെയും വിവരങ്ങൾ ചേർത്തു് പോസ്റ്റ് അപ്‌ഡേറ്റ് ചെയ്യാം എന്നു കരുതി നീട്ടിവെച്ചു. ആ നീട്ടിവെയ്പ്പു് ഒന്നരക്കൊല്ലത്തിലധികം നീളും എന്നു കരുതിയില്ല.

ഇതിൽ ആദ്യം ചേർത്ത വായ്ത്താരികൾ കുറേപ്പേർക്കു് ഈമെയിലയച്ചു കിട്ടിയ മറുപടികളിൽ നിന്നാണു ശേഖരിച്ചതു്. ഇതിലെ വായ്ത്താരികള്‍ അയച്ചു തന്ന അനില്‍, കണ്ണൂസ്, കല്യാണി, തുളസി, ദില്‍ബാസുരന്‍, പച്ചാളം, ബിന്ദു, ബിരിയാണിക്കുട്ടി, മഞ്ജിത്ത്, രാജേഷ് വര്‍മ്മ, ശ്രീജിത്ത്, സന്തോഷ്, സിദ്ധാര്‍ത്ഥന്‍, സിബു എന്നിവര്‍ക്കു നന്ദി. (ഇവരൊക്കെ ഇതു മറന്നുപോയിട്ടുണ്ടാവും. 2007 ഫെബ്രുവരിയിലാണു സംഭവം!)


സൂക്ഷിച്ചു നോക്കിയാൽ ഈ കളിക്കുപയോഗിക്കുന്ന വായ്ത്താരികൾക്കെല്ലാം ഒരു പ്രത്യേകതയുണ്ടെന്നു കാണാം.

കുറേ കുട്ടികൾ തങ്ങളുടെ രണ്ടു കൈകളും (എണ്ണുന്ന ആൾ മാത്രം ഒരു കൈ) തറയിൽ കമഴ്ത്തി വെച്ചാണു കളി തുടങ്ങുക. ഏതെങ്കിലും ഒരു കൈയിൽ നിന്നു് എണ്ണിത്തുടങ്ങും. അവസാനത്തെ വാക്കു് നിൽക്കുന്ന കൈ മലർത്തിവെയ്ക്കും. മലർന്നിരിക്കുന്ന കൈയിലാണു വാക്കെത്തുന്നതെങ്കിൽ ആ കൈ കളിയിൽ നിന്നു മാറ്റും. അടുത്ത എണ്ണം തുടങ്ങുന്നതു് ആ കൈയുടെ പിന്നിലുള്ള കൈയിലാണു്. കളിയിൽ നിന്നു മാറിയ കൈകളെ പിന്നീടു കളിയിൽ ചേർക്കില്ല. അങ്ങനെ അവസാനം ഒരു കൈ ബാക്കി വരും.

ഈ കളി കളിച്ചിട്ടുള്ളവരെല്ലാം ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും. എല്ലാ കൈകളും മലർന്നതിനു ശേഷമേ സാധാരണയായി ഒരു കൈ കളിക്കു പുറത്തു പോകാറുള്ളൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എല്ലാ കൈകളും മലർക്കുന്നതു വരെ വായ്ത്താരി തീരുന്നതു് ഒരു കമഴ്ന്ന കൈയിൽ ആയിരിക്കും. കുട്ടികളുടെ(കൈകളുടെ) എണ്ണം എത്രയായാലും ഇതു മിക്കപ്പോഴും ശരിയായിരിക്കും.

ഈ പ്രത്യേകത മൂലം ഇത്തരത്തിലുള്ള വായ്ത്താരികൾ ഏകദേശം റാൻഡമായി, എന്നാൽ എല്ലാവർക്കും തുല്യമായ അവസരം കൊടുത്തു്, ഒരാളെ തിരഞ്ഞെടുക്കാനും ഉപയോഗിക്കാം. ഉദാഹരണമായി, ഒരു കൂട്ടായ്മയിൽ അടുത്ത പാട്ടു പാടേണ്ടതു് ആരാണെന്നു തീരുമാനിക്കാൻ. എല്ലാവരും പാടിക്കഴിഞ്ഞേ ആദ്യം പാടിയ ആൾക്കു വീണ്ടും അവസരം ലഭിക്കൂ.

ഇതെങ്ങനെ സംഭവിക്കുന്നു എന്നു് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇതിന്റെ ഉള്ളുകള്ളി മനസ്സിലാക്കാൻ അല്പം നമ്പർ തിയറിയുടെ സഹായം വേണ്ടി വരും.

ഇതു സംഭവിക്കുന്നതു് വായ്ത്താരിയിലെ വാക്കുകളുടെ എണ്ണവും കുട്ടികളുടെ എണ്ണവും തമ്മിൽ ആപേക്ഷിക-അഭാജ്യം (Relatively prime/Coprime) ആകുമ്പോഴാണു്.

രണ്ടു സംഖ്യകൾക്കു് ഒന്നിനു മുകളിൽ പൊതുഘടകം ഇല്ലാതെ വരുമ്പോഴാണു് അവ ആപേക്ഷിക-അഭാജ്യങ്ങൾ ആകുന്നതു്. 8, 15 എന്നിവ ആപേക്ഷിക-അഭാജ്യങ്ങൾ ആണു്. (8 = 2 x 2 x 2, 15 = 3 x 5.) എല്ലാ അഭാജ്യസംഖ്യകളും (Prime numbers) പരസ്പരം ആപേക്ഷിക-അഭാജ്യങ്ങളാണു്.

ഉദാഹരണത്തിനു്, ഒരു വായ്ത്താരിയ്ക്കു് 9 വാക്കുകളുണ്ടെന്നിരിക്കട്ടേ. ഏഴു കുട്ടികൾ/കൈകൾ ഉള്ള ഒരു കളിയിൽ ആദ്യം രണ്ടാമത്തെ കൈ മലർക്കും. പിന്നെ 4, 6, 1, 3, 5, 7 എന്നീ കൈകളും. ഒമ്പതും ഏഴും ആപേക്ഷികമായി അഭാജ്യങ്ങളായതു കൊണ്ടാണു് ഇതു്. അതേ സമയം, ആറു കുട്ടികളേയുള്ളെങ്കിൽ 3, 6 എന്നീ കൈകൾ മലർന്നതിനു ശേഷം ബാക്കി കൈകൾ മലർത്തുന്നതിനു മുമ്പു് വീണ്ടും മൂന്നിൽത്തന്നെ എത്തും. ഒമ്പതും ആറും ആപേക്ഷികമായി അഭാജ്യങ്ങളല്ലാത്തതു കൊണ്ടാണു് (രണ്ടിനെയും 3 കൊണ്ടു ഹരിക്കാം.) ഇതു സംഭവിക്കുന്നതു്.

ഇനി, കുട്ടികളുടെ എണ്ണം എത്രയായാലും ഇതു സംഭവിക്കാൻ എന്താണു വഴി? മിക്കവാറും എല്ലാ സംഖ്യകളോടും ആപേക്ഷികമായി അഭാജ്യമായ ഒരു സംഖ്യ വായ്ത്താരികളുടെ എണ്ണമായി ഉപയോഗിച്ചാൽ മതി. അതിനു് ഏറ്റവും നല്ല വഴി ഒരു അഭാജ്യസംഖ്യ (Prime number) തന്നെ ഉപയോഗിക്കുന്നതാണു്.

പറഞ്ഞു വന്നതു്, അക്കുത്തിക്കുത്തുകളിക്കുപയോഗിക്കുന്ന എല്ലാ നല്ല വായ്ത്താരികൾക്കും ഉള്ള ഭാഗങ്ങളുടെ എണ്ണം അഭാജ്യസംഖ്യകൾ ആയിരിക്കും എന്നാണു്. അഭാജ്യസംഖ്യകൾ 2, 3, 5, 7, 11, 13, 17, 19, 23, 29, 31, 37, 41, 43, 47, 53,… എന്നിങ്ങനെ പോകുന്നു. വായ്ത്താരികളിലെ ഖണ്ഡങ്ങളുടെ എണ്ണം ഇവയിൽ ഒരെണ്ണമായിരിക്കും.

ആവണമെന്നു നിർബന്ധമില്ല. മിക്കവാറും സംഖ്യകളോടു പ്രശ്നമില്ലാതിരുന്നാൽ മതി. ഉദാഹരണമായി 25 ഒരു അഭാജ്യമല്ലെങ്കിലും മൊത്തം സംഖ്യകളിൽ അഞ്ചിലൊന്നിനോടേ അതിനു പ്രശ്നമുള്ളൂ എന്നതുകൊണ്ടു് അത്ര ഖണ്ഡങ്ങളുള്ള വായ്ത്താരി ഉപയോഗിക്കാം.

അതുപോലെ, കളിയനുസരിച്ചു് ഇതു മാറാം. ഉദാഹരണമായി അക്കുത്തിക്കുത്തു കളി തുടങ്ങുമ്പോൾ കയ്യുകളുടെ എണ്ണം ഒറ്റസംഖ്യയാണു്. (എണ്ണുന്ന ആളിന്റെ ഒരു കൈയേ എണ്ണുന്നുള്ളൂ.) എല്ലാ കൈയും മലർന്നതിനു ശേഷം ഈ പ്രത്യേകതയുടെ ആവശ്യവുമില്ല. അതിനാൽ അതിന്റെ വായ്ത്താരി ഇരട്ടസംഖ്യയാവുന്നതിൽ പ്രശ്നമില്ല. സത്യത്തിൽ 2np (ഇവിടെ p ഒരു അഭാജ്യസംഖ്യ, n ഏതെങ്കിലും സംഖ്യ) എന്ന രീതിയിലുള്ള ഏതു സംഖ്യയും ഇവിടെ ഉപയോഗിക്കാം. 14, 28 തുടങ്ങിയവയ്ക്കു കുഴപ്പമില്ല എന്നർത്ഥം.)

വിശ്വസിക്കാൻ കഴിയുന്നില്ല, അല്ലേ? നമുക്കറിയാവുന്ന വായ്ത്താരികളൊക്കെ ഒന്നു പരിശോധിച്ചു നോക്കാം. നിർത്തുന്ന ഭാഗങ്ങൾ ഒരു വര (-) കൊണ്ടു കാണിച്ചിരിക്കുന്നു. ഖണ്ഡങ്ങളുടെ എണ്ണം ബ്രായ്ക്കറ്റിലും.

  1. അത്തിള്‍-ഇത്തിള്‍-പറങ്കി-പ്പാള-ചട്ടുമ-ചിട്ടുമ-ചള്‍ (7)
  2. അത്തിളി-മുത്തളി-പറങ്കീ-താളി-സെറ്റുമ്മ-സെറ്റുമ്മ-സാ (7)
    ഇതു മുകളില്‍ കൊടുത്തതു തന്നെയാണെന്നു തോന്നുന്നു.
  3. അക്കു-ത്തിക്കു-ത്താനവ-രുമ്പം-
    കല്ലേ-ക്കുത്ത് ക-രിങ്കു-ത്ത്-
    അക്കര-നിക്കണ-ചക്കി-പ്പെണ്ണിന്റെ-
    കയ്യോ-കാലോ-അടിച്ചൊ-ടിച്ച് -വാ. (17)
  4. അക്കു-ത്തിക്കു-ത്താന വ-രമ്പേല്‍-
    കല്ലേ-ക്കുത്തു ക-ടുംകു-ത്ത്‌
    ചീപ്പു-വെള്ളം-താറാ-വെള്ളം-
    താറാ-മ്മക്കടെ-കയ്യേ-ലൊരു-
    വാങ്ക്‌ (17)
  5. അത്തള-പിത്തള-തവളാ-ച്ചി-
    മുക്കിലി-രിക്കണ -ചൂലാ-പ്പ്‌-
    മറിയം-വന്ന് വി-ളക്കൂ-തി
    ഉണ്ടോ-മാണി-സാറാ-പീറാ-കോട്ട്‌. (17)
  6. അരിപ്പോ-തിരിപ്പോ-
    പന്ത്ര-ണ്ടാനേം-
    ചക്കിട്ട-പൊക്കിട്ട-
    പതിനാം-വള്ളികെ-ന്തൂമ്പു?-
    മുരിക്കിന്‍ -പു (11)
  7. മുരിക്കീലൊ-രിക്കി കെ-ടന്നോ-നെ-
    കൊങ്ങാ-യെണ്ണ കു-ടിച്ചോ-നെ-
    അത്തര-മുള്ളൊരു -മാട-പ്രാ-വിന്റെ-
    കയ്യൊ-കാലോ-ചെത്തി-കൂട്ട് മ-ടംകൂ-ട്ട് (19)
  8. പരിപ്പു -കുത്തി- പാച്ചോ-റാക്കി
    ഞാനു-മുണ്ട് -സീതേ-മുണ്ട് –
    സീ‍തേ-ടപ്പന്റെ- പേരെന്ത് (11)
  9. inki -pinki -ponki-
    uncle -has a -donkey-
    donkey – died -uncle – cried-
    inki -pinki -ponki (13)
  10. uncle – called the – doctor
    doctor -called the – nurse
    nusre – called the – ambu – lance
    A – B – C (13)
  11. Eena, – meena, – mina, – mo, –
    Catch a – tiger – by his – toe. –
    If – he – squeals, – let ‘im – go, –
    Eena, – meena, – mina, – mo. (17)

    ഈ പാട്ടിനു് അതിഭീകരമായ ഒരു ചരിത്രമുണ്ടു്.

    Eena, meena, mina, mo,
    Catch a nigger by his toe;
    If he squeals, let him go,
    Eena, meena, mina, moe

    എന്നായിരുന്നു ഇതിന്റെ ആദ്യത്തെ രൂപം.

  12. Ring – around the – ro – sey-
    A pocket – full of – po – sies –
    Ashes, – ashes –
    We all – fall – down (13)
  13. അഡുപ്പും – തിഡുപ്പും –
    പാദര-പ്പള്ളില്‍-
    ബാങ്ക്‌ – കൊടുക്കും –
    ഏനുപ്പു? (7)
  14. ഞാ-നൊ-രു-മ-നു-ഷ്യ-നെ- ക-ണ്ടു
    അ-യാ-ളു-ടെ-നി-റം-എ-ന്ത്?
    പ-ച്ച. (17)
  15. ഒന്ന്, – രണ്ട്, – മൂന്ന്, – നാല് –
    അഞ്ച്, – ആറു്, – ഏഴ്, – എട്ട് –
    എട്ടും – മുട്ടും – താമര – മൊട്ടും –
    വടക്കോ-ട്ടുള്ള – അച്ഛനു-മമ്മയും
    പൊ-ക്കോ-ട്ടെ. (19)
  16. അത്തിള്‍ – ഇത്തിള്‍ – ബെന്തി-പ്പൂ
    സ്വര്‍ഗ – രാജാ – പിച്ചി-പ്പൂ
    ബ്ലാം – ബ്ലീം – ബ്ലൂം (11)
  17. അരിപ്പോ – തിരിപ്പോ – തോരണി – മംഗലം –
    പരിപ്പൂ – പന്ത്ര – ണ്ടാനേം – കുതിരേം –
    കുളിച്ച് – ജപിച്ച് – വരുമ്പം –
    എന്തമ്പൂ? മുരിക്കുമ്പൂ! (13)
  18. മുരിക്കി – ചെരിക്കി – കെടന്നോ – ളേ
    അണ്ണാ-യെണ്ണ കു-ടിച്ചോ – ളേ
    അക്കര – നിക്കണ – മാട – പ്രാവിന്റെ –
    കയ്യോ – കാ‍ലോ – രണ്ടാ – ലൊന്ന് –
    കൊത്തി – ച്ചെത്തി –
    മടം കാട്ട് (19)
  19. അരിപ്പ – തരിപ്പ – താലി – മംഗലം –
    പരിപ്പു – കുത്തി – പഞ്ചാ -രെട്ട്
    ഞാനു – മെന്റെ – ചിങ്കിരി – പാപ്പന്റെ
    പേരെന്ത്??? (13)

അക്കുത്തിക്കുത്തുകളിയിൽ ഓരോരുത്തരായി പുറത്തായി അവസാനം ശേഷിക്കുന്ന ആൾ ജയിക്കുമല്ലോ. എവിടെ നിന്നാൽ ഈ അവസാനത്തെ ആൾ ആകാം എന്നു മുൻ‌കൂട്ടി അറിയാമെങ്കിൽ എപ്പോഴും ജയിക്കാമല്ലോ. അതിനു് എന്തെങ്കിലും വഴിയുണ്ടോ?

വാക്കുകളുടെ എണ്ണം 2 ആയാലുള്ള (അതായതു്, ഒന്നിടവിട്ട ആളുകളെ ഒഴിവാക്കിയാൽ) സ്ഥിതിയെപ്പറ്റി ധാരാളം പഠനങ്ങൾ ഉണ്ടായിട്ടുണ്ടു്. കുട്ടികളുടെ എണ്ണം 1, 2, 3, 4, …. എന്നിങ്ങനെ ആയാൽ അവസാനം അവശേഷിക്കുന്ന കുട്ടിയുടെ നമ്പർ (ഇവിടെ ഒന്നു തൊട്ടാണു് എണ്ണുന്നതു്) 1, 1, 3, 1, 3, 5, 1, 3, 5, 7, 1, 3, 5, 7, 9, …. എന്നിങ്ങനെ ആയിരിക്കും.

ഇതു കണ്ടുപിടിക്കാൻ മറ്റൊരു എളുപ്പവഴിയുണ്ടു്. കുട്ടികളുടെ എണ്ണത്തെ ദ്വയാങ്കരീതിയിൽ (binary system) എഴുതുക. അങ്ങനെ കിട്ടുന്ന ബിറ്റുകളെ ഇടത്തേയ്ക്കു് ഒരു സ്ഥാനം ചാക്രികമായി നീക്കുക (cyclic bit shift). കിട്ടുന്ന സംഖ്യയായിരിക്കും ഒടുക്കം വരുന്ന കുട്ടിയുടെ നമ്പർ.

ഉദാഹരണമായി, നമ്മുടെ വായ്ത്താരി “അടി, ഇടി” എന്നാണെന്നിരിക്കട്ടേ. “ഇടി” എന്നു പറഞ്ഞു തൊടുന്ന ആൾ പുറത്താകും. ഈ കളി പതിനായിരം കുട്ടികൾ കളിച്ചാൽ ആരു് അവസാനം അവശേഷിക്കും?

10000 എന്ന സംഖ്യ ബൈനറിയിൽ എഴുതിയാൽ 10011100010000. ഇടത്തേയ്ക്കു് ഒരു സ്ഥാനം സൈക്ലിക് ബിറ്റ്-ഷിഫ്റ്റ് നടത്തിയാൽ ഏറ്റവും ഇടത്തേ 1 ഏറ്റവും വലത്തു പോകും. അതായതു് 00111000100001 അഥവാ 111000100001. ഇതു് 3617 എന്ന ദശാംശസംഖ്യയ്ക്കു തുല്യമായ ദ്വയാങ്കസംഖ്യയാണു്. അതായതു് ഈ കളിയിൽ 3617-)ം സ്ഥാനത്തു നിൽക്കുന്ന കുട്ടിയായിരിക്കും ജയിക്കുക.


വായ്ത്താരിയിലെ വാക്കുകളുടെ എണ്ണം എത്രയായാലും ഇതു കണക്കുകൂട്ടാൻ ഇതുപോലെ സരളമായ ഒരു രീതി ഇതു വരെ ആരും കണ്ടുപിടിച്ചിട്ടില്ല.

കുട്ടികളുടെ എണ്ണം k എന്നും വായ്ത്താരിയിലെ വാക്കുകളുടെ എണ്ണം v എന്നും ഇരിക്കട്ടേ. അപ്പോൾ ഒന്നു തൊട്ടെണ്ണിയാൽ എന്ന കുട്ടി ആദ്യം പുറത്താകും. എന്ന കുട്ടി രണ്ടാമതും. ഇങ്ങനെ അവശേഷിക്കുന്ന ആളെയാണു് കണ്ടുപിടിക്കേണ്ടതു്. നമുക്കു് അയാളുടെ നമ്പറിനെ എന്നു വിളിക്കാം.

ഇതു കണ്ടുപിടിക്കാനുള്ള സൂത്രവാക്യം (formula) ഒന്നും ആരും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, constant time algorithms ഒന്നുമില്ല.

നമ്മൾ സാധാരണ ചെയ്യുന്നതുപോലെ ചെയ്തുനോക്കാം. എണ്ണിത്തന്നെ. എണ്ണി ഓരോരുത്തരെ ഒഴിവാക്കുന്നതിനു പകരം ഓരോ റൌണ്ടിലും ഒഴിവാക്കേണ്ടവരെ ഒന്നിച്ചു് ഒഴിവാക്കിയിട്ടു് (ഉദാഹരണമായി, v = 11 ആണെങ്കിൽ, 11, 22, 33, … എന്നീ നമ്പരുകാരെ ഒന്നിച്ചു് ഒഴിവാക്കുക.) അതിനു ശേഷം എല്ലാവർക്കും പുതിയ നമ്പരുകൾ കൊടുക്കുക. ഇതു് O(v.(log k)) സമയത്തിനുള്ളിൽ ചെയ്യാം. കുട്ടികളുടെ എണ്ണം കൂടുതലാണെങ്കിൽ ഇതുതന്നെ ഏറ്റവും എളുപ്പമുള്ള വഴി.

കുട്ടികളുടെ എണ്ണം കുറവും വാക്കുകളുടെ എണ്ണം കൂടുതലുമാണെങ്കിൽ O(k) സങ്കീർണ്ണതയുള്ള ഒരു അൽഗരിതം ഉണ്ടു്. താഴെക്കൊടുക്കുന്ന ആവർത്തക-ഏകദം (recurrence relation) ഉപയോഗിച്ചു ക്രമമായി കണക്കുകൂട്ടുന്നതു്.

ഇവിടെ കുട്ടികളെ 0, 1, …, (k-1) എന്നു് എണ്ണണം.

ഉദാഹരണമായി, വായ്ത്താരിയിലെ വാക്കുകളുടെ എണ്ണം 11 ആണെന്നിരിക്കട്ടേ. അതായതു്, v = 11.

എന്നിങ്ങനെ. അതായതു് 6 കുട്ടികൾ ഉണ്ടെങ്കിൽ തുടങ്ങുന്ന കുട്ടി മുതൽ നാലാമതു് (3 എന്നാണു് മുകളിൽ ഉത്തരം. പക്ഷേ നമ്മൾ പൂജ്യത്തിൽ നിന്നാണു് എണ്ണൽ തുടങ്ങുന്നതു് എന്നു് ഓർക്കുക.) നിൽക്കുന്ന ആളായിരിക്കും ജയിക്കുക എന്നർത്ഥം. ഒരേ വായ്ത്താരി തന്നെയാണു നമ്മൾ എപ്പോഴും ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ പട്ടിക നേരത്തേ ഉണ്ടാക്കി അതിനനുസരിച്ചു നിന്നു് എപ്പോഴും ജയിക്കാം.

ജോസഫസ് പ്രശ്നം (Josephus Problem) എന്നാണു് ഇതിനെ വിളിക്കുന്നതു്. ക്രിസ്തുവിനു ശേഷം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്ലേവിയസ് ജോസഫസ് എന്ന ജൂതചരിത്രകാരനുമായി ബന്ധപ്പെട്ട ഒരു കഥയിൽ നിന്നാണു് ഈ പേരുണ്ടായതു്. അന്നു റോമക്കാർ ജൂതന്മാരെ കൂട്ടമായി വേട്ടയാടുന്ന കാലമാണു്. ജോസഫസ് ഉൾപ്പെടെ 41 പേർ ഒരു ഗുഹയിൽ പെട്ടുപോയി. ചുറ്റും റോമൻ പട്ടാളവും. കീഴടങ്ങലിനേക്കാൾ ഭേദം ആത്മഹത്യയാണെന്നു തീരുമാനിച്ച ജൂതർ ഒരു വൃത്തത്തിൽ നിൽക്കാനും ജീവനോടെ നിൽക്കുന്ന ഓരോ മൂന്നാമത്തെ ആളെയും ബാക്കിയുള്ളവർ ചേർന്നു കൊല്ലാനും തീരുമാനിച്ചു. എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നുണ്ടായിരുന്ന ജോസഫസ് തന്റെ ഗണിതശാസ്ത്രപാടവം കൊണ്ടു് അവസാനം വരുന്ന ആൾ മുപ്പത്തൊന്നാമനായിരിക്കും എന്നു കണക്കുകൂട്ടി അവിടെ ആദ്യം തന്നെ ചെന്നു നിന്നു് മരണത്തിൽ നിന്നു രക്ഷപ്പെട്ടു എന്നാണു് ഐതിഹ്യം.

ജോസഫസിനു് ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു എന്നും ഒരു കഥയുണ്ടു്. അങ്ങനെയാണെങ്കിൽ അയാൾ പതിനാറാമതായിരിക്കണം നിന്നതു്. രണ്ടുപേർ അവശേഷിച്ചപ്പോൾ ജോസഫസ് അയാളെ പറഞ്ഞു മാനസാന്തരപ്പെടുത്തിയതാവാനും മതി.

കണ്ടോ ഗണിതശാസ്ത്രത്തിന്റെ മാഹാത്മ്യം! ചുമ്മാതാണോ ആടുതോമയുടെ അച്ഛൻ തിലകൻ പറഞ്ഞതു് ലോകം മുഴുവൻ മാത്തമാറ്റിക്സാണെന്നു്!

ജോസഫസ് പ്രശ്നത്തെപ്പറ്റി കൂടുതലറിയാൻ വിക്കിപീഡിയയോ വൂൾഫ്രം മാത്ത് വേൾഡോ വായിക്കുക.


19 വാക്കുകളുള്ള ഒരു വായ്ത്താരിയുപയോഗിച്ചൂ് പതിനായിരം കുട്ടികൾ അത്തള പിത്തള തവളാച്ചി കളിച്ചാൽ അവസാനം ആരു ജയിക്കും എന്നു മുൻ‌കൂട്ടി പറയാൻ കമ്പ്യൂട്ടർ ഉപയോഗിക്കാതെ ഇന്നും ബുദ്ധിമുട്ടാണെന്നു ചുരുക്കം. ഗണിതശാസ്ത്രത്തിൽ കണ്ടുപിടിക്കാത്ത അനേകം കാര്യങ്ങൾ ഇനിയുമുണ്ടെന്നു മനസ്സിലായില്ലേ? നമ്മുടെ അത്തളപിത്തളക്കളി ആളു പുലിയാണെന്നും!

ഇതെങ്ങനെ ജോസഫസ് കണ്ടുപിടിച്ചു എന്നാണു് എന്റെ സംശയം. അങ്ങേർ 41 കല്ലുകൾ വട്ടത്തിൽ വെച്ചു് ഓരോന്നും എടുത്തുകളഞ്ഞു് ഏതു് അവസാനം വരും എന്നു കണ്ടുപിടിച്ചുകാണും. ഒരു പക്ഷേ, ഗണിതശാസ്ത്രം പരാജയപ്പെടുന്നിടത്തു് സിമുലേഷൻ ജയിക്കും എന്നതിന്റെ ആദ്യത്തെ ഉദാഹരണം ആവാം അതു്. കമ്പ്യൂട്ടറുകളുടെ പ്രചാരത്തോടെ ഇന്നു് പല പ്രശ്നങ്ങളും ഇങ്ങനെ ശുദ്ധഗണിതം ഉപയോഗിക്കാതെ സ്റ്റാറ്റിസ്റ്റിക്സും സിമുലേഷനും ഉപയോഗിച്ചു് നിർദ്ധരിക്കുന്നുണ്ടു്.


ഒരു തവണ ഒരാളെ ‘റാൻഡം’ ആയി കണ്ടുപിടിക്കാനും കുട്ടികൾ ഇതുപയോഗിക്കാറുണ്ടു്. (അമേരിക്കയിൽ “ഈനാ, മീനാ…” വായ്ത്താരിയാണു് ഇങ്ങനെ ഉപയോഗിക്കുന്നതു കണ്ടിട്ടുള്ളതു്.) ഇത്തരം ആവശ്യങ്ങൾക്കു് വായ്ത്താരികളുടെ എണ്ണം അഭാജ്യസംഖ്യയാകണമെന്നു നിർബന്ധമില്ല.

ഇത്തരം സാദ്ധ്യതകൾ അനന്തമാണു്. വളി വിട്ടതാരാണെന്നു കണ്ടുപിടിക്കാൻ ഈ ടെക്നിക് ഉപയോഗിക്കാറുണ്ടു് എന്നാണു ദേവൻ പറയുന്നതു്. മനുഷ്യന്റെ ക്രിയേറ്റിവിറ്റി പോകുന്ന പോക്കേ!

കൃത്യമായി ഒരു നിശ്ചിതസംഖ്യയ്ക്കു ശേഷം സംഭവിക്കുന്ന ഇതിനെ റാൻഡം എന്നു വിളിക്കാനും പറ്റില്ല. എങ്കിലും റാൻഡം നമ്പർ (റാൻഡം നമ്പറാഭാസം എന്നു പറയണം –pseudo-random number) ഉണ്ടാക്കാനുള്ള ഒരു വഴി ഈ അക്കുത്തിക്കുത്തുകളി തന്നെയാണെന്നതാണു സത്യം.

അക്കുത്തിക്കുത്തുകളിയിൽ ആളുകൾ പുറത്താകുന്നില്ല എന്നു കരുതുക. v വാക്കുകളും k കുട്ടികളും (0 മുതൽ k-1 വരെ നമ്പരുകൾ) ഉള്ള കളിയിൽ ഓരോ തവണയും ഏതു കുട്ടിയാണെന്നു നോക്കാം.

എന്നിങ്ങനെ. ചുരുക്കത്തിൽ

ഇതിനെ അല്പം കൂടി ഭേദപ്പെടുത്തിയാൽ, അതായതു് വലത്തുവശത്തെ ആദ്യത്തെ പദത്തെ ഒരു സ്ഥിരസംഖ്യ കൊണ്ടു ഗുണിച്ചാൽ, താഴെപ്പറയുന്ന രീതി കിട്ടും.

ഇതു തന്നെയാണു് മിക്കവാറും സോഫ്റ്റ്‌വെയറുകളിലും റാൻഡം നമ്പർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലീനിയർ കോൺഗ്ര്വെൻഷ്യൽ (Linear congruential) രീതി. a എന്ന സംഖ്യയ്ക്കു ചില പ്രത്യേകതകൾ ഉണ്ടെന്നു മാത്രം. സാധാരണയായി k, v എന്നിവ അഭാജ്യസംഖ്യകളായിരിക്കും.

അക്കുത്തിക്കുത്തു കളിക്കു് ഇത്രയധികം ഗണിതശാസ്ത്രപ്രാധാന്യമുണ്ടെന്നു് ആരെങ്കിലും കരുതിയോ?


ഇത്രയും പറഞ്ഞതിൽ‌നിന്നു് അക്കുത്തിക്കുത്തുകളിയുടെ വായ്ത്താരി ഉണ്ടാക്കിയവർക്കു് നമ്പർ തിയറിയിലെ മുകളിൽ പറഞ്ഞ സിദ്ധാന്തങ്ങൾ അറിവുണ്ടായിരുന്നു എന്നു പറയാൻ സാധിക്കുമോ? ആ സിദ്ധാന്തങ്ങൾ പ്രസ്താവിച്ചു തെളിയിച്ചവരല്ല, അക്കുത്തിക്കുത്തു വായ്ത്താരി പോലെയുള്ളവ ഉണ്ടാക്കിയവരാണു യഥാർത്ഥത്തിൽ ആ സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാക്കൾ എന്നു പറയാൻ സാധിക്കുമോ?

സിദ്ധാന്തങ്ങളുടെ പൈതൃകത്തെപ്പറ്റിയുള്ള അവകാശവാദങ്ങൾ പലപ്പോഴും ഈ വിധത്തിലാണു് പോകുന്നതു്. അങ്ങനെയാണു് പിംഗളൻ ബൈനോമിയൽ തിയറം കണ്ടുപിടിക്കുന്നതും വേദങ്ങളിൽ കാൽക്കുലസ് ഉണ്ടാകുന്നതും വാല്മീകിയുടെ കാലത്തു വിമാനം കണ്ടുപിടിക്കുന്നതും മറ്റും.

അക്കുത്തിക്കുത്തുകളിയുടെ വായ്ത്താരി ഉണ്ടാക്കിയവർക്കു് തിരഞ്ഞെടുക്കപ്പെടുന്നവർ ആവർത്തിക്കാതെ കഴിയുന്നത്ര വിതരണം ചെയ്തു പോകണമെന്നുണ്ടായിരുന്നു. ചില എണ്ണങ്ങൾ ആവർത്തിക്കുന്നതും ചിലവ ആവർത്തിക്കാതിരിക്കുന്നതും അവർ ശ്രദ്ധിച്ചിട്ടുണ്ടാവാം. അങ്ങനെ പലതു ശ്രമിച്ചിട്ടാവാം ഇന്നു പ്രചാരത്തിലുള്ള വായ്ത്താരികൾ ഉണ്ടായതു്. അല്ലെങ്കിൽ, വായ്ത്താരികളിൽ നിന്നു് ഈ പ്രത്യേകത ഉള്ളവ മാത്രം പ്രചാരത്തിലായി എന്നുമാവാം. അവയ്ക്കും അഭാജ്യസംഖ്യകൾക്കും തമ്മിലുള്ള ബന്ധം ആരും ശ്രദ്ധിച്ചു കാണില്ല. അതുകൊണ്ടാണു് ആരും ഇതുവരെ അതിനെപ്പറ്റി എഴുതി വെയ്ക്കാഞ്ഞതു്.

മറിച്ചു്, സിദ്ധാന്തങ്ങളുണ്ടാക്കിയവർ അതു് ഒരു ദിവസം കൊണ്ടു് ഉണ്ടാക്കിയതല്ല. (ആപ്പിൾ തലയിൽ വീണപ്പോൾ പെട്ടെന്നു ബോധോദയം ഉണ്ടായി ന്യൂട്ടൻ ഗുരുത്വാകർഷണനിയമം ഉണ്ടാക്കി എന്ന കള്ളക്കഥയാണല്ലോ നമുക്കു കൂടുതൽ പരിചയം!) അക്കുത്തിക്കുത്തു കളികൾ പോലെ നാട്ടിൽ പ്രചരിക്കുന്ന പല കളികളുടെയും പ്രസ്താവനകളുടെയും പസിലുകളുടെയും ഉള്ളുകള്ളികളിലേയ്ക്കു ചുഴിഞ്ഞാലോചിച്ചവർ അവരുടെ നിരീക്ഷണങ്ങൾ എഴുതിവെയ്ക്കുകയും പിന്നീടു വന്നവർ അവയെപ്പറ്റി കൂടുതൽ പഠിച്ചു് സിദ്ധാന്തങ്ങളാക്കി തെളിയിക്കുകയും ചെയ്തതാവാം. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ശാസ്ത്രവികാസത്തിന്റെ ക്രെഡിറ്റ് “അമ്പത്താറു്” കളിയിൽ അവസാനം വിളിച്ചുനിർത്തുന്നവൻ മാത്രം കുണുക്കിറക്കുന്നതു പോലെ അവസാനത്തെ കുരുക്കഴിച്ചവന്റെ പേരിൽ മാത്രം പതിയുന്നു എന്നു മാത്രം. കാൽക്കുലസ് കണ്ടുപിടിച്ച ന്യൂട്ടൻ/ലൈബ്നിറ്റ്സും ഫെർമയുടെ അന്ത്യസിദ്ധാന്തം തെളിയിച്ച വെയിൽ‌സും ഇതിനു് ഉദാഹരണങ്ങൾ മാത്രം.


ഞാൻ മലയാളം ബ്ലോഗിംഗു തുടങ്ങിയിട്ടു് നാലു വർഷം തികയുന്നു. 2005 ജനുവരി 19-നെഴുതിയ ആദ്യ പോസ്റ്റ്. ഇതു് ഇരുനൂറ്റിമുപ്പത്തേഴാമത്തെ പോസ്റ്റ്. അതായതു്, ഏകദേശം ആറു ദിവസത്തിൽ ഒരു പോസ്റ്റു വീതം. അനോണി ആന്റണി, ബെർലി, നമതു് തുടങ്ങിയവരെ അപേക്ഷിച്ചു നോക്കുമ്പോൾ ഒന്നുമല്ലെങ്കിലും ഇത്രയും നാൾ വലിയ മുടക്കമില്ലാതെ എഴുതാൻ കഴിഞ്ഞതിൽ സന്തോഷം.

കുട്ടികള്‍ക്കുള്ളവ
ഗണിതം (Mathematics)
ചുഴിഞ്ഞുനോക്കല്‍

Comments (15)

Permalink

സയന്‍സ് അങ്കിളിന്റെ കരിങ്കല്ലുകള്‍

തുലാസ്സയന്‍സ് അങ്കിളിന്റെ ദാസിന്റെ പച്ചക്കറിക്കട – ഒരു ചെറിയ ഗണിതപ്രശ്നം എന്ന പ്രശ്നത്തിന്റെ ഉത്തരം കമന്റായി കൊടുക്കാമെന്നു കരുതിയപ്പോള്‍ <sup></sup> എന്ന ടാഗു പോലും അവിടെ അനുവദിക്കുകയില്ലെന്നു കണ്ടു. അതിനാല്‍ അതു് ഇവിടെച്ചേര്‍ക്കുന്നു.

ചോദ്യം:

പച്ചക്കറി വ്യാപാരിയായ ദാസിന്റെ കടയില്‍ നാല്പതു കിലോ തൂക്കമുള്ള ഒരു കട്ടിയുണ്ടായിരുന്നു. കരിങ്കല്ലില്‍ നിര്‍മ്മിച്ച ഈ കട്ടിയുപയോഗിച്ച് അദ്ദേഹം മരച്ചീനിയും മറ്റും മൊത്തമായി തൂക്കി വാങ്ങി ചില്ലറ കച്ചവടം നടത്തി ജീവിച്ചു പോരുന്നു. അങ്ങനെയിരിക്കെയാണ് ആ ദുരന്തമുണ്ടായത്. തൂക്കുന്നതിന്നിടയില്‍ നാല്പതു കിലോ കരിങ്കല്‍ക്കട്ടി നിലത്തു വീണ് നാലു കഷണമായി. ദാസ് സങ്കടത്തിലായി.

ദാസിന്റെ ഭാര്യ തൂക്ക കട്ടിയുടെ കഷണങ്ങള്‍ പരിശോധിച്ചു നോക്കിയപ്പോള്‍ അത്ഭുതം! ത്രാസിന്റെ ഇരുതട്ടുകളിലും കഷണങ്ങള്‍ മാറിയും തിരിഞ്ഞും പെറുക്കി വെച്ചാല്‍ ഒന്നു മുതല്‍ 40 വരെയുള്ള ഏതു തൂക്കവും (1കിലോ,2 കിലോ, 3കിലോ ……, 39 കിലോ, 40 കിലോ) ഒറ്റയടിക്ക് ഇപ്പോള്‍ തൂക്കിയെടുക്കാം. ദാസിനും ഭാര്യയ്ക്കും സന്തോഷത്തിന്നതിരില്ല.

പൊട്ടിയ നാലുകഷണങ്ങള്‍ക്കും എത്ര കിലോ വീതം ഭാരമുണ്ടെന്ന് കൂട്ടുകാര്‍ക്കറിയാമോ?

ഉത്തരം:

1, 3, 9, 27 എന്നതാണു് ഉത്തരം. കൂടാതെ 2, 3, 9, 27 എന്ന ഉത്തരവും ശരിയാവുമെന്നു തോന്നുന്നു.

ഞാന്‍ ചെയ്ത വഴി:

സൌകര്യത്തിനായി പച്ചക്കറി ഇടത്തേ തട്ടിലും കട്ടികള്‍ വലത്തേ തട്ടിലുമാണു് ഇടുന്നതെന്നു കരുതുക. തൂക്കം ശരിയാക്കാന്‍ കുറേ കട്ടികള്‍ ഇടത്തേ തട്ടിലും ഇട്ടേയ്ക്കാം.

1 എന്തായാലും വേണ്ടി വരും. അല്ലെങ്കില്‍ 1, 39 എന്നിവ തൂക്കാന്‍ പറ്റില്ല. 1 കഴിഞ്ഞാല്‍ 2 തൂക്കാനായി 3 വേണ്ടിവരും. 1, 3 ഇവ ഉണ്ടെങ്കില്‍ 4 വരെ തൂക്കാം. പിന്നെ 5 തൂക്കാന്‍ ഏറ്റവും നല്ലതു് ഈ 4 കട്ടികളും ഇടത്തേ തട്ടിലിട്ടിട്ടു് 9 വലത്തേ തട്ടിലിടുകയാണു്. 1, 3, 9 എന്നിവ ഉപയോഗിച്ചു് 13 വരെ തൂക്കാം. പിന്നെ 14 തൂക്കാന്‍ 13 + 14 = 27-ന്റെ കട്ടി വേണം. 1 + 3 + 9 + 27 = 40 ആയതുകൊണ്ടു് ഇത്ര മതി.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ n കട്ടികള്‍ കൊണ്ടു്

വരെ തൂക്കാം. അതായതു് n = 4 ആകുമ്പോള്‍ 40 വരെ.


നാലു വ്യത്യസ്ത കട്ടികള്‍ ഉണ്ടെങ്കില്‍ എത്ര വ്യത്യസ്ത തൂക്കങ്ങള്‍ തൂക്കാം?

ഓരോ കട്ടിയും മൂന്നു വിധത്തില്‍ വെയ്ക്കാം – ഒന്നുകില്‍ വലത്തേ തട്ടില്‍, അല്ലെങ്കില്‍ ഇടത്തേ തട്ടില്‍. അതുമല്ലെങ്കില്‍ രണ്ടിടത്തും വെയ്ക്കാതെ.

ഓരോ കട്ടിയ്ക്കും ഇങ്ങനെ മൂന്നു നിലകളുള്ളതുകൊണ്ടു് മൊത്തം 3 x 3 x 3 x 3 = 81 തരത്തില്‍ അവയെ വിന്യസിക്കാം. ഈ 81 നിലകളെ അടുത്തടുത്തായി ആവര്‍ത്തിക്കാതെ വരത്തക്കവിധത്തില്‍ വിന്യസിക്കുകയാണു വേണ്ടതു്.

1, 3, 9, 27 എന്നിവ ഉപയോഗിച്ചു് -40, -39, … -2, -1, 0, 1, 2, …., 39, 40 എന്നീ 81 വിവിധ തൂക്കങ്ങള്‍ ഉണ്ടാക്കാം. അവയില്‍ നമുക്കു വേണ്ടതു് 1 മുതലുള്ളവയായതുകൊണ്ടാണു് (81 – 1) /2 = 40 തൂക്കങ്ങളായതു്.

സാമാന്യമായിപ്പറഞ്ഞാല്‍, n കട്ടികളെക്കൊണ്ടു് 3n കോംബിനേഷന്‍ ഉണ്ടാക്കാം. അവയിലെ പൂജ്യവും നെഗറ്റീവ് തൂക്കങ്ങളും ഒഴിവാക്കിയാല്‍ (3n – 1) / 2 എന്നു കിട്ടും. മുകളില്‍ കൊടുത്ത സൂത്രവാക്യം കിട്ടാന്‍ മറ്റൊരു വഴി ഇതാണു്.


സാധാരണ പലചരക്കുകടകളിലും മറ്റും കാണുന്ന തൂക്കങ്ങളില്‍ 20 വരെ തൂക്കാന്‍ 1, 2, 2, 5, 10 എന്നീ കട്ടികളാണുള്ളതു്. ഇവിടെ ഇടത്തുതട്ടില്‍ കട്ടികള്‍ വെയ്ക്കേണ്ട ആവശ്യമില്ല.

അഞ്ചു കട്ടികള്‍ ശരിക്കുപയോഗിച്ചാല്‍ 20 വരെയല്ല, 31 വരെ ഉപയോഗിക്കാം. 1, 2, 4, 8, 16 എന്നിവയാണു് ആ കട്ടികള്‍. അതായതു് 20, 21, 22, …, 2n-1 എന്നീ n കട്ടികള്‍ ഉപയോഗിച്ചാല്‍ 0 മുതല്‍ 2n – 1 വരെയുള്ള 2n വരെയുള്ള തൂക്കങ്ങള്‍ തൂക്കാം.

ഒരു പ്രത്യേക തൂക്കം തൂക്കാന്‍ ഏതൊക്കെ കട്ടികള്‍ ഉപയോഗിക്കണം എന്നു കണ്ടുപിടിക്കാനും എളുപ്പമാണു്. അതിനെ ദ്വ്യങ്കസമ്പ്രദായത്തില്‍ (ബൈനറി സിസ്റ്റം) ആക്കുക. എന്നിട്ടു വലത്തു വശത്തുള്ള ഓരോ അക്കവും നോക്കുക. അവ 1, 2, 4,… എന്നീ തൂക്കങ്ങളെ സൂചിപ്പിക്കുന്നു. അവയില്‍ 1 എന്നു വരുന്നതു മാത്രം എടുക്കുക.

ഉദാഹരണത്തിനു്, 19 തൂക്കാന്‍ 19-നെ ബൈനറി സിസ്റ്റത്തില്‍ എഴുതുക. 10011 എന്നു കിട്ടും. അപ്പോള്‍ 1, 2, 16 എന്നീ കട്ടികള്‍ എടുക്കുക. (4, 8 എന്നിവ വേണ്ട.) 1 + 2 + 16 = 19.


ഇടത്തേ തട്ടില്‍ക്കൂടി വെയ്ക്കാനാണെങ്കില്‍ സംഗതി കുറച്ചുകൂടി സങ്കീര്‍ണ്ണമാകും. ബൈനറിയ്ക്കു പകരം ത്ര്യങ്കസമ്പ്രദായം (ടേര്‍നറി സിസ്റ്റം) ഉപയോഗിക്കേണ്ടിവരും. (കാരണം മുമ്പു പറഞ്ഞതു തന്നെ. ഒരു കട്ടിയ്ക്കു മൂന്നുതരം സ്ഥിതിയുണ്ടു് ഇപ്പോള്‍.) എന്നിട്ടു് അതിനെ ദ്വ്യങ്ക-അക്കങ്ങള്‍ മാത്രമുള്ള രണ്ടു സംഖ്യകളുടെ വ്യത്യാസമായി എഴുതുകയും വേണം.

വിശദവിവരങ്ങള്‍ ഉദാഹരണങ്ങള്‍ വഴി താഴെച്ചേര്‍ക്കുന്നു.


ഉദാഹരണമായി 10 എങ്ങനെ തൂക്കണം എന്നു നോക്കാം. ത്ര്യങ്കസമ്പ്രദായത്തില്‍ 10 എഴുതുന്നതു് 101 എന്നാണു് (1 x 9 + 0 x 3 + 1 x 1). ഇതില്‍ 1, 0 എന്നിവ മാത്രമേ ഉള്ളൂ, 2 ഇല്ല. ഇങ്ങനെ വന്നാല്‍ എളുപ്പമാണു്. വലത്തുവശത്തു മാത്രമേ കട്ടികള്‍ ആവശ്യമുള്ളൂ. വലത്തുവശത്തുനിന്നുള്ള ഓരോ സ്ഥാനത്തിനും 1, 3, 9, … എന്നിങ്ങനെ കൊടുത്തിട്ടു് 1 എന്നുള്ളവ മാത്രം എടുത്താല്‍ ഉത്തരമായി. അതായതു് 1, (3 വേണ്ട), 9 എന്നിവ വലത്തേ തട്ടില്‍ ഇടുക.


പ്രശ്നം വരുന്നതു് 32 പോലെയുള്ള തൂക്കങ്ങളിലാണു്. ത്ര്യങ്കസമ്പ്രദായത്തില്‍ 32 എഴുതുന്നതു് 1012 എന്നാണു്. (1 x 27 + 0 x 9 + 1 x 3 + 2 x 1). ഇതില്‍ 2-നെ നമുക്കു് ഒഴിവാക്കണം. 1012 എന്ന ത്ര്യങ്കസംഖ്യയെ 1, 0 എന്നിവ മാത്രമുള്ള രണ്ടു ത്ര്യങ്കസംഖ്യകളുടെ വ്യത്യാസമായി എഴുതണം. അതെങ്ങനെയെന്നു നോക്കാം.

വലത്തു വശത്തു നിന്നു തുടങ്ങാം. ഒറ്റയുടെ സ്ഥാനത്തു് 2 ആണു്. അതിനോടു് 1 കൂട്ടിയാല്‍ 2 + 1 = 10 (ത്ര്യങ്കം) ആകും. അതായതു് 1012 + 1 = 1020 (ത്ര്യങ്കം). അവസാനത്തെ അക്കം 0 ആയി. ഇനി മൂന്നിന്റെ സ്ഥാനത്തുള്ള 2-നെ ഒഴിവാക്കാന്‍ 10 കൂട്ടുക. 1020 + 10 = 1100 (ത്ര്യങ്കം). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, 1012 + 11 = 1100. അതായതു്

1012 = 1100 – 11 (ദശാംശസമ്പ്രദായത്തില്‍ 32 = 36 – 4)

ഇത്രയും ആയാല്‍ ഉത്തരമായി. പോസിറ്റീവ് സംഖ്യ വലത്തേ തട്ടിലിടുന്ന കട്ടികളെയും നെഗറ്റീവ് സംഖ്യ ഇടത്തേ തട്ടില്‍ ഇടുന്ന കട്ടികളെയും സൂചിപ്പിക്കുന്നു. അങ്ങനെ വലത്തേ തട്ടില്‍ (1, 3 വേണ്ട), 9, 27 എന്നിവയും, ഇടത്തേ തട്ടില്‍ 1, 3 എന്നിവയും ഇടണം എന്നു കിട്ടും.


ഇനി ഒരു വലിയ ഉദാഹരണം നോക്കാം. 617 എങ്ങനെ തൂക്കും? നമ്മുടെ കയ്യില്‍ 1, 3, 9, 27, 81, 243, 729, … എന്നിങ്ങനെ മൂന്നിന്റെ ഘാതങ്ങളായ കട്ടികള്‍ ഉണ്ടെന്നു കരുതുക.

617 ത്ര്യങ്കരീതിയില്‍ 211212 ആണു് (ഇവിടെ സംഖ്യകളെ ഒരു ബേസില്‍ നിന്നു മറ്റൊന്നിലേയ്ക്കു മാറ്റാം.). നമുക്കു വലത്തു വശത്തു നിന്നു തുടങ്ങി 2-കളെ 0 ആക്കാം. (പൂജ്യങ്ങളെയും ഒന്നുകളെയും വെറുതേ വിടുക.)

 211212 +
      1
------------
 211220 +
     10
-----------
 212000 +
   1000
------------
 220000 +
  10000
-----------
1000000

ഒറ്റ സ്റ്റെപ്പായി എഴുതിയാല്‍,

 211212 +
  11011
-----------
1000000

അതായതു്, 211212 = 1000000 – 11011 (ദശാംശസമ്പ്രദായത്തില്‍ 617 = 729 – 112)

വലത്തേ തട്ടില്‍ (1000000) : (1, 3, 9, 27, 81, 243 വേണ്ട), 729
ഇടത്തേ തട്ടില്‍ (11011) : 1, 3, (9 വേണ്ട), 27, 81.

അതായതു്, വലത്തേ തട്ടില്‍ 729, ഇടത്തേ തട്ടില്‍ 1, 3, 27, 81.

617 = 729 – 81 – 27 – 3 – 1 എന്നു കാണാം.


ഒരുദാഹരണം കൂടി. 574.

574 = 210021 (ത്ര്യങ്കം). കണക്കുകൂട്ടലുകള്‍ ഒരു സ്റ്റെപ്പില്‍ താഴെച്ചേര്‍ക്കുന്നു.

 210021 +
 100010
-----------
1010101

അതായതു് 210021 = 1010101 – 100010 (ദശാംശസമ്പ്രദായത്തില്‍ 574 = 820 – 246)

വലത്തേ തട്ടിലിടണ്ടതു്: 1, (3 വേണ്ട), 9, (27 വേണ്ട), 81, (243 വേണ്ട), 729
ഇടത്തേ തട്ടിലിടേണ്ടതു്: (1 വേണ്ട), 3, (9, 27, 81, വേണ്ട), 243

അതായതു്, വലത്തേ തട്ടില്‍ 1, 9, 81, 729, ഇടത്തേ തട്ടില്‍ 3, 243.

574 = 1 + 9 + 81 + 729 – 2 – 243 എന്നതു ശരിയാണെന്നു കാണാം.

ഇതു ചെയ്യാന്‍ അല്പം കൂടി എളുപ്പമുള്ള ഒരു വഴി സിബു നിര്‍ദ്ദേശിച്ചു:

തൂക്കേണ്ട സംഖ്യയെ (y) ത്ര്യങ്കരീതിയില്‍ എഴുതുക. പക്ഷേ, 0, 1, 2 എന്നിവ ഉപയോഗിക്കുന്നതിനു പകരം -1, 0, 1 എന്നിവ ഉപയോഗിക്കുക.

0, 1, 2 എന്നിവ ഉപയോഗിച്ചുള്ള രീതിയെ -1, 0, 1 എന്നിവ ഉപയോഗിച്ചുള്ള രീതി എങ്ങനെയാക്കും?

അതു് ഇങ്ങനെ ചെയ്യാം.

  1. y-യെ സാധാരണ ത്ര്യങ്കരീതിയില്‍ എഴുതുക.
    ഉദാഹരണമായി, 574 = 210021 (ത്ര്യങ്കം)
  2. ത്ര്യങ്കരീതിയില്‍ എത്ര അക്കങ്ങളുണ്ടോ, അത്രയും ഒന്നുകളുള്ള സംഖ്യ അതിനോടു കൂട്ടുക.
    ഇവിടെ

    210021 +
    111111
    —————-
    1021202

    ഇതിനു് ഒരു എളുപ്പവഴിയുണ്ടു്. y-യെക്കാള്‍ ചെറുതും (3n – 1)/2 എന്ന രീതിയിലുള്ളതുമായ ഏറ്റവും വലിയ സംഖ്യ കണ്ടുപിടിക്കുക. 1, 4, 13, 40, 121, 364, 1093,… എന്നിങ്ങനെ പോകുന്നു ഈ സംഖ്യകള്‍. അതു നേരേ കൂട്ടിയിട്ടു് തുകയുടെ ത്ര്യങ്കരീതി കണ്ടുപിടിച്ചാല്‍ മതി.

    ഇവിടെ 574 + 364 = 938. അതിന്റെ ത്ര്യങ്കരീതി 1021202.
  3. തുകയില്‍ നിന്നു് കൂട്ടിയ സംഖ്യ തന്നെ കുറയ്ക്കുക. ഇപ്പോള്‍ കടമെടുക്കലും മറ്റുമില്ലാതെ ഓരോ അക്കമായി കുറയ്ക്കുക. അപ്പോള്‍ ഉത്തരം -1, 0, 1 എന്നിവയില്‍ ഒന്നു കിട്ടും.
    ഇവിടെ

    1  0  2  1  2  0  2 -
       1  1  1  1  1  1
    -------------------------------
    1 -1  1  0  1 -1  1
    
  4. ഇതു് y-യുടെ ത്ര്യങ്കരീതി തന്നെയാണു്. ഇതില്‍ ഓരോ അക്കവും വലത്തു നിന്നു് ഇടത്തോട്ടു് 1, 3, 9, …. എന്നീ സംഖ്യകളെ സൂചിപ്പിക്കുന്നു.
    ഇവിടെ,

    574 = 1 – 3 + 9 + ( 0 x 27) + 81 – 243 + 729

    അപ്പോള്‍ 1, 9, 81, 729 എന്നിവ വലത്തേ തട്ടില്‍. 3, 243 എന്നിവ ഇടത്തേ തട്ടിലും.

വളരെ ബുദ്ധിമുട്ടു തന്നെ. സാധാരണ പച്ചക്കറിക്കടക്കാരന്‍ കുഴങ്ങിപ്പോവുകയേ ഉള്ളൂ. എങ്കിലും കണക്കറിയാമെങ്കില്‍ ചെയ്യാന്‍ കഴിയും എന്നു സാരം.


കണക്കറിയാത്തവര്‍ക്കും ജീവിക്കണ്ടേ സാര്‍? ഈ ത്ര്യങ്കസമ്പ്രദായം ഉപയോഗിക്കാതെ എന്തെങ്കിലും വഴിയുണ്ടോ?

മുകളില്‍ കൊടുത്തിരിക്കുന്ന പട്ടിക സൂക്ഷിച്ചു പരിശോധിച്ചാ‍ല്‍ വലിയ കണക്കൊന്നും ഉപയോഗിക്കാതെ ഇതു ചെയ്യാന്‍ പറ്റും.

നമുക്കു് y എന്ന തൂക്കമാണു ഒരു തട്ടില്‍ ഇടേണ്ടതെന്നിരിക്കട്ടേ. 1, 3, 9, 27, … എന്നിങ്ങനെയുള്ള തൂക്കങ്ങളില്‍ ഒന്നാണു y എങ്കില്‍ നമുക്കു് അവിടെ നിര്‍ത്താം.
അല്ലെങ്കില്‍ 1, 3, 9, 27, … എന്നിങ്ങനെയുള്ള തൂക്കങ്ങളില്‍ y-യ്ക്കു തൊട്ടു താഴെയുള്ളതു് x എന്നും മുകളിലുള്ളതു് z എന്നും ഇരിക്കട്ടേ.
(ഉദാഹരണമായി y = 30 ആണെങ്കില്‍ x = 27, z = 81.)
y > (z/2) ആണെങ്കില്‍ തട്ടില്‍ z ഇടുക, എന്നിട്ടു് മറ്റേ തട്ടില്‍ (z – y) ഇടാനുള്ള വഴി കണ്ടുപിടിക്കുക.
അല്ലെങ്കില്‍ തട്ടില്‍ x ഇടുക. എന്നിട്ടു് ആ തട്ടില്‍ത്തന്നെ (y-x) ഇടാനുള്ള വഴി കണ്ടുപിടിക്കുക.

ഓരോ സ്റ്റെപ്പു കഴിയുമ്പോഴും y-യുടെ വില കുറഞ്ഞുവരും. അവസാനം അതു് 1, 3, 9, … ഇവയില്‍ ഒന്നാവും. അപ്പോള്‍ നിര്‍ത്താം.

മുകളില്‍ക്കൊടുത്തതില്‍ രണ്ടാമത്തെ ഉദാഹരണം ഒന്നു ചെയ്തു നോക്കാം.


574 തൂക്കണം.

  • അതായതു്, 574 വലത്തേ തട്ടില്‍.
    • 729-ന്റെ പകുതിയില്‍ കൂടുതലായതു കൊണ്ടു് 729 വലത്തേ തട്ടില്‍ ഇടുക. ബാക്കി 729 – 574 = 155 ഇടത്തേ തട്ടില്‍ ഇടണം.
    • 155 ഇടത്തേ തട്ടില്‍.
      • 243-ന്റെ പകുതിയില്‍ കൂടുതലായതുകൊണ്ടു്, 243 ഇടത്തേ തട്ടില്‍ ഇടുക. ബാക്കി 243 – 155 = 88 വലത്തേ തട്ടില്‍ ഇടണം.
      • 88 വലത്തേ തട്ടില്‍.
        • 243-ന്റെ പകുതിയില്‍ കുറവായതുകൊണ്ടു്, 81 വലത്തേ തട്ടില്‍ ഇടുക. ബാക്കി 88 – 81 = 7 വലത്തേ തട്ടില്‍ ഇടണം.
        • 7 വലത്തേ തട്ടില്‍.
          • 9-ന്റെ പകുതിയില്‍ കൂടുതലായതുകൊണ്ടു്, 9 വലത്തേ തട്ടില്‍ ഇടുക. ബാക്കി 9 – 7 = 2 ഇടത്തേ തട്ടില്‍ ഇടണം.
          • 2 ഇടത്തേ തട്ടില്‍.
            • 3-ന്റെ പകുതിയില്‍ കൂടുതലായതുകൊണ്ടു്, 3 ഇടത്തേ തട്ടില്‍ ഇടുക. ബാക്കി 3 – 2 = 1 വലത്തേ തട്ടില്‍.
            • 1 വലത്തേ തട്ടില്‍.

അപ്പോള്‍,

  • വലത്തേ തട്ടില്‍: 729, 81, 9, 1
  • ഇടത്തേ തട്ടില്‍: 243, 3

ഇങ്ങനെയും ഇതു ചെയ്യാം എന്നു സാരം.

ഗണിതം (Mathematics)
ചുഴിഞ്ഞുനോക്കല്‍
പ്രതികരണം

Comments (10)

Permalink

സാറാ ജോസഫിന്റെ നിഘണ്ടുക്കള്‍

നിഘണ്ടുക്കള്‍ആലാഹയുടെ പെണ്മക്കള്‍, മാറ്റാത്തി എന്നീ മനോഹരനോവലുകള്‍ എഴുതിയ സാറാ ജോസഫിന്റെ ഈ സീരീസിലെ അടുത്ത നോവലാണു് ഒതപ്പു്. പുസ്തകം വാങ്ങിയെങ്കിലും മുമ്പുള്ള രണ്ടു പുസ്തകങ്ങളും വായിച്ചുതീരാത്തതിനാല്‍ വായിച്ചു തുടങ്ങിയില്ല. എങ്കിലും അതിന്റെ ആമുഖം വായിച്ചു. സെന്‍ ചിന്തകര്‍, ഖലീല്‍ ജിബ്രാന്‍, രജനീഷ്, ജിദ്ദു കൃഷ്ണമൂര്‍ത്തി തുടങ്ങിയവരുടെ ആശയങ്ങള്‍ ഈ പുസ്തകത്തിലുണ്ടത്രേ. വൈകാതെ വായിക്കണം.

ആമുഖത്തിലെ ഈ വാക്യങ്ങള്‍ അല്പം ചിന്തിപ്പിച്ചു.

‘ഒതപ്പു്’ എന്ന വാക്കിനു നിഘണ്ടുവില്‍ അര്‍ത്ഥം പറഞ്ഞുകാണുന്നില്ല. മറ്റൊരാളിനു് ഒതപ്പു് ഉണ്ടാക്കരുതു് എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം തെറ്റു ചെയ്യാനുള്ള പ്രേരണ അഥവാ പ്രലോഭനം ഉണ്ടാക്കരുതു് എന്നാണെന്നു പറയാം. തത്തുല്യമായി ഒരൊറ്റവാക്കു പറയാന്‍ കഴിയുന്നില്ല. ഇംഗ്ലീഷില്‍ scandal എന്ന വാക്കു് ഏകദേശം ഉപയോഗിക്കാം എന്നു തോന്നുന്നു.

ഉരല്‍, ഉലക്ക, ഉറപ്പു്, കുട്ട തുടങ്ങിയവ ഗ്രാമ്യഭാഷയില്‍ ഒരല്‍, ഒലക്ക, ഒറപ്പു്, കൊട്ട എന്നിങ്ങനെ മാറുന്നതുപോലെ ഉതപ്പു് എന്ന വാക്കു മാറിയതാണു് ഒതപ്പു് എന്നു ചിന്തിച്ചാല്‍ നിഘണ്ടുവില്‍ അതു കണ്ടുകിട്ടിയേനേ. ശബ്ദതാരാവലിയില്‍ ഇങ്ങനെ കാണുന്നു:

ഉതപ്പു് – ഇടര്‍ച്ച, എതിര്‍പ്പു്, ചവിട്ടു്, തൊഴി.

വാക്കുണ്ടെങ്കിലും, ഇതൊന്നും സാറാ ജോസഫ് പറഞ്ഞ അര്‍ത്ഥമല്ലല്ലോ. എനിക്കു വീണ്ടും ചിന്താക്കുഴപ്പമായി.

സിബുവാണു് ഈ സംശയത്തിനു സമാധാനമുണ്ടാക്കിയതു്. ബൈബിള്‍ ഭാഷയില്‍ ഇടര്‍ച്ച എന്നു പറഞ്ഞാല്‍ മനസ്സിന്റെ ഇടര്‍ച്ച, പ്രലോഭനം എന്നൊക്കെയാണത്രേ അര്‍ത്ഥം. ഇടര്‍ച്ചയ്ക്കു് ആ അര്‍ത്ഥമാണു് എങ്കില്‍ ഉതപ്പിനും ആ അര്‍ത്ഥം അങ്ങനെ വന്നതായിരിക്കും.

അപ്പോള്‍ എല്ലാം ശരിയായി. ഒന്നൊഴികെ.

ഇതിനോടു് ഏറ്റവും അടുത്തുനില്‍ക്കുന്ന ഇംഗ്ലീഷ് വാക്കു് scandal എന്നാണെന്നു ഗ്രന്ഥകര്‍ത്രി പറയുന്നു. ആ വാക്കിനു് അപവാദം, അപകീര്‍ത്തി, ദൂഷണം എന്നൊക്കെയാണല്ലോ അര്‍ത്ഥം. ഞാന്‍ പരിശോധിച്ച എല്ലാ ഇംഗ്ലീഷ്-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം നിഘണ്ടുക്കളിലും ആ അര്‍ത്ഥമാണു കാണുന്നതു്. അതു് ഒതപ്പിനു് ഏകദേശമെങ്കിലും തത്തുല്യമായ പദമാകുന്നതെങ്ങനെ?

സാറാ ജോസഫിന്റെ കയ്യില്‍ ഏതൊക്കെ നിഘണ്ടുക്കളാവും ഉണ്ടാവുക?

(ചിത്രം വരച്ചതു്: സിബു)

ചുഴിഞ്ഞുനോക്കല്‍
ചോദ്യം
സാഹിത്യം

Comments (6)

Permalink

ലന്തന്‍ ബത്തേരിയിലെ കണക്കും എഴുത്തുകാരന്റെ സ്വാതന്ത്ര്യവും

(മുന്നറിയിപ്പു്: ശ്രീ എന്‍. എസ്. മാധവന്റെ “ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍” എന്ന നോവലിലെ ക്ലൈമാക്സുള്‍പ്പെടെയുള്ള ചില കഥാതന്തുക്കള്‍ ഈ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ടു്. ആ പുസ്തകം ഇതു വരെ വായിച്ചിട്ടില്ലാത്ത, ഇനി വായിക്കാന്‍ ആഗ്രഹിക്കുന്ന, ക്ലൈമാക്സ് പൊളിഞ്ഞ പുസ്തകം വായിച്ചാല്‍ ഹൃദയസ്തംഭനം ഉണ്ടാകുന്ന, ആരെങ്കിലും ഇതു വായിക്കുന്നുണ്ടെങ്കില്‍ വായന ഇവിടെ നിര്‍ത്തുക.)

ബ്ലോഗുകളൊഴികെ മലയാളം എന്തെങ്കിലും വായിക്കുന്നതു വളരെ ചുരുക്കമാണു്. ആനുകാലികപ്രസിദ്ധീകരണങ്ങളൊന്നും വരുത്തുന്നില്ല. കയ്യിലുള്ള പുസ്തകങ്ങളാകട്ടേ, പല തവണ വായിച്ചിട്ടുള്ളവയുമാണു്. വല്ലപ്പോഴും ഏതെങ്കിലും സുഹൃത്തിന്റെ കയ്യില്‍ നിന്നു കടം വാങ്ങി വായിക്കുന്ന പുസ്തകങ്ങള്‍ മാത്രമേ ഉള്ളൂ. അതും നൂറു പേജു വായിക്കാന്‍ ഞാന്‍ നാലഞ്ചു മാസമെടുക്കും.

ഈയിടെ സിബുവിന്റെ കയ്യില്‍ നിന്നു് എന്‍. എസ്. മാധവന്റെ “ലന്തന്‍ ബത്തേരിയയിലെ ലുത്തിനിയകള്‍” കിട്ടി. വളരെയധികം കേട്ടിട്ടുള്ള പുസ്തകമാണു്. വളരെ ഇഷ്ടപ്പെടുകയും ചെയ്തു. ഇതു തിരിച്ചു കൊടുത്തിട്ടു് സാറാ ജോസഫിന്റെ “ആലാഹയുടെ പെണ്മക്കള്‍”, മുകുന്ദന്റെ “ദൈവത്തിന്റെ വികൃതികള്‍” എന്നിവയില്‍ ഏതാണു് ആദ്യം കടം വാങ്ങേണ്ടതു് എന്നു് ഇതു വരെ തീരുമാനിച്ചില്ല.

വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍, മനോഹരമായ ആഖ്യാനരീതി, പ്രത്യേകതകള്‍ നിറഞ്ഞ സംസാരഭാഷ, ലന്തന്‍ ബത്തേരിയിലെയും ചുറ്റുമുള്ള ലോകത്തിലെയും സംഭവങ്ങള്‍ കഥാനായികയായ ജെസീക്കയുടെ ജീവിതമായി കൊരുത്തു കൊണ്ടു പോകുന്നതിന്റെ വൈദഗ്ദ്ധ്യം മുതലായവ കൊണ്ടു് ഈയടുത്ത കാലത്തു വായിച്ച നോവലുകളില്‍ ഏറ്റവും പ്രിയപ്പെട്ടതായി ലന്തന്‍ ബത്തേരിയയിലെ ലുത്തിനിയകള്‍.

ലന്തന്‍ ബത്തേരിയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചതു് അതിലെ ചരിത്രാഖ്യാനത്തിന്റെ ചാരുതയാണു്. അമ്പതുകളുടെ മദ്ധ്യം മുതല്‍ അറുപതുകളുടെ മദ്ധ്യം വരെയുള്ള പതിറ്റാണ്ടിലെ കേരള-ഭാരത-ലോക ചരിത്രം (കമ്യൂണിസത്തിന്റെ മുന്നേറ്റം, ഇ. എം. എസ്. മന്ത്രിസഭ, വിമോചനസമരം, ചൈനായുദ്ധം, നെഹ്രുവിന്റെ മരണം, കെന്നഡിയുടെ വധം, ജീവിതനൌക, ചെമ്മീന്‍, ഭാര്യ, കണ്ടം ബെച്ച കോട്ടു് തുടങ്ങിയ പല മലയാളസിനിമകളും ഇറങ്ങിയതു് തുടങ്ങി വളരെയധികം സംഭവങ്ങള്‍) ലന്തന്‍ ബത്തേരിയിലെ മനുഷ്യരുടെ കണ്ണുകളില്‍ കൂടി വിവരിക്കുന്നതു് ഒരു വശം; വിദേശികളുടെ അധിനിവേശത്തെപ്പറ്റി പല കഥാപാത്രങ്ങളുടെയും വാക്കുകളിലൂടെ വിശകലനം ചെയ്യുന്നതു മറ്റൊരു വശം. ലന്തന്‍ ബത്തേരിക്കാരുടെ സംസ്കാരത്തിന്റെ ഭാഗമായ ചവിട്ടുനാടകം നോവല്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അതിനിടയിലും, തടിയിലെ വാര്‍ഷികവലയങ്ങളെപ്പറ്റി മത്തേവുശാരി ജെസിക്കയ്ക്കു പറഞ്ഞു കൊടുക്കുമ്പോഴും ഇടയില്‍ പരാമര്‍ശിക്കുന്ന ഗാന്ധിവധം, സൈഗാള്‍ തുടങ്ങിയ ഹിന്ദി ഗായകരെപ്പറ്റിയുള്ള പരാമര്‍ശം തുടങ്ങി പറഞ്ഞുകേട്ടു മാത്രമുള്ള പല സംഭവങ്ങളും മനോഹരമായി കഥയില്‍ കടന്നു വരുന്നുണ്ടു്.


ലന്തന്‍ ബത്തേരിയയില്‍ പതിനാറു കൊല്ലക്കാലം ഫെര്‍മയുടെ (ഫെര്‍മാറ്റ് എന്നാണു പുസ്തകത്തില്‍. ശരിയായ ഉച്ചാരണം ഫെര്‍മ എന്നായതു കൊണ്ടു് ഞാന്‍ അതുപയോഗിക്കുന്നു.) അവസാനത്തെ തിയറം തെറ്റാണെന്നു തെളിയിക്കാന്‍ രാപകല്‍ പരിശ്രമിച്ച പുഷ്പാംഗദന്‍ എന്ന കണക്കുസാറിനെപ്പറ്റി പറയുന്നുണ്ടു്. ഫെര്‍മയുടെ അവസാനത്തെ തിയറം ലോകചരിത്രത്തിലെ ഒരു പ്രധാനസംഭവമാണു്. അതു ശരിയാണെന്നോ തെറ്റാണെന്നോ തെളിയിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച അനേകം ഗണിതജ്ഞര്‍ ഉണ്ടായിട്ടുണ്ടു് – പ്രസിദ്ധരും അപ്രസിദ്ധരും. അവരുടെ പ്രതിനിധിയായി നോവലില്‍ പ്രത്യക്ഷപ്പെടുന്ന പുഷ്പാംഗദന്‍ മിഴിവുള്ള കഥാപാത്രമാണു്. പക്ഷേ, ഫെര്‍മയുടെ അവസാനത്തെ തിയറത്തെപ്പറ്റി നോവലിസ്റ്റ് പറയുന്ന കാര്യങ്ങളൊക്കെ പരമാബദ്ധവും.

ഇതിനെപ്പറ്റി പെരിങ്ങോടന്‍ രണ്ടു കൊല്ലം മുമ്പു് ഫെര്‍മായുടെ അവസാനത്തെ തിയൊറം എന്നൊരു പോസ്റ്റ് എഴുതിയിരുന്നു. മാതൃഭൂമിയില്‍ വന്ന ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തിലാണു് അദ്ദേഹം അതെഴുതിയതു്. മാതൃഭൂമിയിലെ ലേഖനം ഞാന്‍ വായിച്ചിട്ടില്ല. പെരിങ്ങോടന്റെ (അതു മാതൃഭൂമി ലേഖനത്തിലേതാവാം) നിരീക്ഷണത്തിലും ചില തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടു് എന്നാണു് എനിക്കു തോന്നുന്നതു്.


കണക്കു താത്പര്യമില്ലാത്തവര്‍ ദയവായി വലത്തുവശത്തുള്ള ഭാഗം വിട്ടുകളഞ്ഞു താഴേയ്ക്കു വായിക്കുക. ചുരുക്കം ഇത്രമാത്രം: എന്‍. എസ്. മാധവന്‍ നോവലില്‍ ഫെര്‍മയുടെ അന്ത്യസിദ്ധാന്തത്തെപ്പറ്റി പറഞ്ഞിരിക്കുന്നതു പൊട്ടത്തെറ്റാണു്. അതില്‍ വിശദീകരിച്ചിരിക്കുന്നതു് ആ സിദ്ധാന്തമല്ല. അതു് ആരുടെയും സിദ്ധാന്തവുമല്ല-ഒരു സ്കൂള്‍കുട്ടിക്കും പത്തു മിനിട്ടു കൊണ്ടു തെളിയിക്കാവുന്ന ഒരു പൊട്ടനിയമം മാത്രമാണു്.
ഭാഷാദ്ധ്യാപകനായ രാഘവന്‍ മാഷിന്റെ വാക്കുകളിലൂടെയാണു് (പേജ് 117) ഫെര്‍മയുടെ അന്ത്യസിദ്ധാന്തത്തെപ്പറ്റി വായനക്കാരന്‍ അറിയുന്നതു്:

ഫെര്‍മാറ്റിന്റെ അവസാനത്തെ തിയൊറം എന്നു പറയും. രണ്ടു പ്രൈം നമ്പറുകളുടെ വര്‍ഗ്ഗങ്ങള്‍ കൂട്ടിയാല്‍ മൂന്നാമതൊരു പ്രൈം നമ്പര്‍ കിട്ടില്ലാ എന്നു ഫെര്‍മാറ്റ്. ഇതു തെറ്റാണെന്നു തെളിയിക്കാനാ ഈക്കണ്ട പാടെല്ലാം.

പെരിങ്ങോടന്‍ ചൂണ്ടിക്കാട്ടുന്നതു പോലെ ഇതു തെറ്റാണു്. xn + yn = zn എന്ന സമവാക്യത്തിനു് x, y, z എന്നിവ പൂജ്യമല്ലാത്ത പൂര്‍ണ്ണസംഖ്യകളും n രണ്ടില്‍ കൂടിയ ഒരു പൂര്‍ണ്ണസംഖ്യയുമായാല്‍ നിര്‍ദ്ധാരണം ഇല്ല എന്നതാണു് ഫെര്‍മയുടെ അന്ത്യസിദ്ധാന്തം. (ഉദാഹരണത്തിനു്, x3 + y3 = z3 എന്ന സമവാക്യത്തിനു് x, y, z എന്നിവ പൂജ്യമല്ലാത്ത പൂര്‍ണ്ണസംഖ്യകളായാല്‍ നിര്‍ദ്ധാരണം ഇല്ല. x2 + y2 = z2-നു് ഉണ്ടു താനും. ഉദാഹരണമായി, 32 + 42 = 52.)

പക്ഷേ, പെരിങ്ങോടന്‍ പറയുന്നതു പോലെ, ഇതു ക്രിസ്തുമസ് തിയറവും അല്ല. ക്രിസ്തുമസ് തിയറം (വിശദവിവരങ്ങള്‍ക്കു് വിക്കിപീഡിയയില്‍ ഇവിടെ നോക്കുക.) എന്താണെന്നു ചുരുക്കി താഴെ ചേര്‍ക്കുന്നു.

രണ്ടിനേക്കാള്‍ വലിയ അഭാജ്യസംഖ്യകളെല്ലാം ഒറ്റ സംഖ്യകളാണല്ലോ. അതിനാല്‍ അവയെ 4 കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം ഒന്നോ മൂന്നോ ആയിരിക്കും. ഇവയില്‍ ശിഷ്ടം ഒന്നു് ആയ അഭാജ്യസംഖ്യകള്‍ക്കു് (5, 13, 17,… തുടങ്ങിയവ) മറ്റേ വിഭാഗത്തില്‍ പെടുന്ന അഭാജ്യസംഖ്യകള്‍ക്കു് (3, 7, 11,… തുടങ്ങിയവ) ഇല്ലാത്ത ഒരു പ്രത്യേകതയുണ്ടു്. അവയെ x2 + y2 എന്ന രീതിയില്‍ എഴുതാന്‍ പറ്റും എന്നതാണു് അതു്. മാത്രമല്ല, ഒരു രീതിയില്‍ മാത്രമേ അങ്ങനെ എഴുതാന്‍ പറ്റൂ. ഉദാഹരണമായി

എന്നിങ്ങനെ.

നാലു കൊണ്ടു ഹരിച്ചാല്‍ 3 ശിഷ്ടം വരുന്ന അഭാജ്യസംഖ്യകളെ (3, 7, 11,… തുടങ്ങിയവ) ഇങ്ങനെ എഴുതാന്‍ നോക്കൂ. പറ്റില്ലെന്നു കാണാം. അതേ സമയം, മറ്റേ വിഭാഗത്തില്‍ പെടുന്ന സംഖ്യകളെ, എത്ര വലുതായാലും, ഒരു രീതിയില്‍ മാത്രമേ ഇങ്ങനെ എഴുതാന്‍ കഴിയൂ എന്നും കാണാം. ഇതാണു് ഫെര്‍മയുടെ ക്രിസ്തുമസ് തിയറം.

വിക്കിപീഡിയയിലെ നിര്‍വ്വചനം താഴെച്ചേര്‍ക്കുന്നു.

an odd prime p is expressible as with x and y integers, if and only if .

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍,

A prime number p, other than 2, is expressible as with x and y integers, if and only if .

ഈ സിദ്ധാന്തം ഫെര്‍മ പറഞ്ഞുവെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. തെളിയിച്ചതു് ഓയ്‌ലറും (Leonhard Euler) ഗാസ്സും (Carl Friedrich Gauss)ചേര്‍ന്നു് ആണു്.

ഇവര്‍ രണ്ടുപേരും കൂടി ഒന്നിച്ചിരുന്നു് എഴുതിയെന്നല്ല. 1783-ല്‍ ഓയ്‌ലര്‍ മരിക്കുമ്പോള്‍ ഗാസ്സിനു് ആറു വയസ്സേ ഉണ്ടായിരുന്നുള്ളൂ. പ്രധാന സിദ്ധാന്തം ഓയ്‌ലര്‍ തെളിയിച്ചു. അതു് ഒരു വിധത്തില്‍ മാത്രമേ പറ്റൂ എന്നു ഗാസ്സും.

മുകളില്‍ പറഞ്ഞ സിദ്ധാന്തം എന്നെ വളരെയധികം ആകര്‍ഷിച്ച ഒന്നാണു്. 1990-കളില്‍ ജീവിതത്തില്‍ ഇഷ്ടം പോലെ സമയമുണ്ടായിരുന്ന കാലത്തു്, ലോകത്തു് ബ്ലോഗിംഗും എനിക്കു സ്വന്തമായി കമ്പ്യൂട്ടറും ഉണ്ടാകുന്നതിനു മുമ്പു്, നമ്പര്‍ തിയറിയുടെ ധാരാളം പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. അപ്പോഴാണു് ഈ സിദ്ധാന്തത്തിനു സദൃശമായി മറ്റു വല്ലതും ഉണ്ടോ എന്നു ചിന്തിച്ചതു്. അങ്ങനെയാണു് x2+xy+y2 എന്ന രീതിയില്‍ എഴുതാന്‍ പറ്റുന്ന അഭാജ്യസംഖ്യകളെയെല്ലാം ആറു കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം 1 കിട്ടുമെന്നും, മറിച്ചു് ആറു കൊണ്ടു ഹരിച്ചാല്‍ 1 ശിഷ്ടം കിട്ടുന്ന എല്ലാ അഭാജ്യസംഖ്യകളെയും x2+xy+y2 എന്ന രീതിയില്‍ എഴുതാന്‍ കഴിയും എന്നും, അങ്ങനെ ഒരു രീതിയില്‍ മാത്രമേ എഴുതാന്‍ കഴിയൂ എന്നും കണ്ടുപിടിച്ചതു്.

ഇതിനെ ഇങ്ങനെ എഴുതാം. മുകളില്‍ കൊടുത്ത സിദ്ധാന്തവുമായുള്ള സാദൃശ്യം ശ്രദ്ധിക്കുക.

A prime number p, other than 3, is expressible as with x and y integers, if and only if .

കണ്ടുപിടിച്ചതു് നിരീക്ഷണം വഴിയാണു്. പിന്നീടു് ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതി അതിനു താങ്ങാന്‍ കഴിയുന്ന സംഖ്യ വരെയുള്ള എല്ലാ സംഖ്യകള്‍ക്കും ഇതു ശരിയാണെന്നു കണ്ടുപിടിച്ചു. ഇതു മാത്രമല്ല, x2+y2 എന്ന രീതിയില്‍ എഴുതാന്‍ പറ്റുന്ന സംഖ്യകള്‍ക്കുള്ള മറ്റു് എട്ടു പ്രത്യേകതകള്‍ക്കു സമാനമായ പ്രത്യേകതകള്‍ x2+xy+y2 എന്ന രീതിയില്‍ എഴുതാവുന്ന സംഖ്യകള്‍ക്കും ഉണ്ടെന്നു കണ്ടുപിടിച്ചു. (ഈ ഒന്‍പതു പ്രത്യേകതകള്‍ ഈ പേപ്പറില്‍ പത്താം പേജില്‍ ഉണ്ടു്.)

നിരീക്ഷണം പോരല്ലോ. സിദ്ധാന്തങ്ങള്‍ക്കു തെളിവുകളും ആവശ്യമാണു്. 1993-ല്‍ ആരംഭിച്ച ആ പണി പൂര്‍ത്തിയായതു് 2004-ല്‍ ആണു്. പതിനൊന്നു കൊല്ലക്കാലം ഇടയില്‍ കിട്ടുന്ന സമയത്തൊക്കെ ഈ സിദ്ധാന്തങ്ങള്‍ തെളിയിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ അമേരിക്കയില്‍ മൂന്നു തവണ പോയി വരികയും പിന്നീടു് അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയും കല്യാണം കഴിക്കുകയും ഒരു മകന്‍ ഉണ്ടാവുകയും ഒക്കെ ചെയ്തു. എങ്കിലും ഇതിനിടെ വല്ലപ്പോഴും ഉണ്ടിരുന്ന നായര്‍ക്കു വിളി വരുന്നതു പോലെ ഈ സിദ്ധാന്തവുമായി കുത്തിയിരിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഈ സിദ്ധാന്തവുമായി ഇരിക്കുന്നതു കണ്ടവരൊക്കെ, എന്റെ ഭാര്യ ഉള്‍പ്പെടെ, പുഷ്പാംഗദന്‍ മാഷ് ഫെര്‍മയുടെ അവസാനത്തെ സിദ്ധാന്തവുമായി മല്‍പ്പിടിത്തം നടത്തുന്നതു കണ്ടു നിന്ന ലന്തന്‍ ബത്തേരിക്കാരെപ്പോലെ, അന്തം വിടുകയും എന്റെ തലയ്ക്കു് ഇടയ്ക്കിടെ സ്ഥിരത നഷ്ടപ്പെടുന്നുണ്ടോ എന്നു് ആശങ്കിക്കുകയും ചെയ്തു.

2004 ജൂണ്‍ ആയപ്പോഴേയ്ക്കും മിക്കവാറും എല്ലാ സിദ്ധാന്തങ്ങള്‍ക്കും തെളിവുകള്‍ കിട്ടി. ഇക്കാലത്തു് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ നാപ്കിനില്‍ വരെ തെളിവുകള്‍ എഴുതിയിട്ടുണ്ടു്. ഫലം കിട്ടുമെന്നു് ഏതാണ്ടു് ഉറപ്പായിക്കഴിഞ്ഞപ്പോള്‍ പിന്നെ വീട്ടിലിരിക്കുന്ന സമയത്തും വഴിയിലൂടെ നടക്കുന്ന സമയത്തും ഇതു തന്നെയായിരുന്നു ചിന്ത. ഒന്നു രണ്ടു മാസമെടുത്തു അതൊന്നു വൃത്തിയായി എഴുതി ഒരു പ്രബന്ധത്തിന്റെ രൂപത്തിലാക്കാന്‍‌. അതു് കോര്‍ണല്‍ യൂണിവേഴ്സിറ്റിയുടെ arXiv എന്ന സ്ഥലത്തു പ്രസിദ്ധീകരിച്ചു. (ഇതു് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരണത്തിനു മുമ്പു് താത്കാലികമായി സൂക്ഷിക്കാനുള്ള സ്ഥലമാണു്. ഇപ്പോള്‍ ഇതു് സ്ഥിരമായി സ്വതന്ത്രപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള സ്ഥലം ആയിട്ടുണ്ടു്. ധാരാളം ആളുകള്‍ ജേണലുകള്‍ക്കു് അയച്ചുകൊടുക്കാതെ arXiv-ല്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ടു്.)

ഇതാണു് ആ പേപ്പറിലേക്കുള്ള ലിങ്ക്. അതിന്റെ PDF രൂപം ഇവിടെ കാണാം. ഈ പേപ്പറില്‍ ഗുരുതരമായ ഒരു തെറ്റു് (എടുത്തെഴുതിയപ്പോള്‍ സംഭവിച്ചതു്) ഉണ്ടു്. ഗണിതജ്ഞര്‍ക്കാര്‍ക്കെങ്കിലും കണ്ടുപിടിക്കാമോ?

പക്ഷേ, ഈ അദ്ധ്വാനം ഒരു ആന്റിക്ലൈമാക്സിലാണു് എത്തിയതു്. ഈ പേപ്പര്‍ വായിച്ച പല ഗണിതജ്ഞരും അതിനെ വിമര്‍ശിച്ചു് എനിക്കു് എഴുതി. ഇങ്ങനെ ഒരു പേപ്പറിന്റെ ആവശ്യമെന്താണെന്നാണു പലരും ചോദിച്ചതു്. ഇരുനൂറു കൊല്ലം മുമ്പായിരുന്നെങ്കില്‍ ഇതിനു വിലയുണ്ടാവുമായിരുന്നു. ഇപ്പോള്‍ അറിയാവുന്ന തിയറി ഉപയോഗിച്ചു് ഈ സിദ്ധാന്തങ്ങള്‍ ഉണ്ടാക്കാനും തെളിയിക്കാനും വളരെ എളുപ്പമാണത്രേ! അതിലൊരാള്‍ Primes of the form x2 + ny2 എന്ന പുസ്തകം വായിക്കാന്‍ പറഞ്ഞു. ഒടുക്കത്തെ വില കൊടുത്തു് അതു വാങ്ങി വായിച്ചപ്പോഴാണു് നമ്പര്‍ തിയറി വളരെയധികം മുന്നോട്ടു പോയെന്നും സംഖ്യകളുമായി പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലാത്ത പല സങ്കീര്‍ണ്ണഗണിതശാഖകളുപയോഗിച്ചു് നമ്പര്‍ തിയറിയിലെ പലതും തെളിയിക്കാന്‍ പറ്റുമെന്നും മനസ്സിലായതു്.

എന്തുകൊണ്ടാണെന്നറിയില്ല, പതിനൊന്നു കൊല്ലത്തെ അദ്ധ്വാനം (പുഷ്പാംഗദനെപ്പോലെ അവിരാമമായ അദ്ധ്വാനമായിരുന്നില്ല. വല്ലപ്പോഴും മാത്രം. എങ്കിലും ഇതിനു വേണ്ടി ഇക്കാലത്തിനിടയ്ക്കു് ഏതാനും മാസങ്ങള്‍ ചെലവഴിച്ചിട്ടുണ്ടാവും.) വെറുതെയായി എന്ന അറിവു് ഒരുതരം നിര്‍വികാരതയാണു് ഉണ്ടാക്കിയതു്. ഏതായാലും ഇതല്ലാതെ എനിക്കു് ഒരു ജീവിതമുണ്ടായിരുന്നതു കൊണ്ടും, ജെസീക്കയെപ്പോലെ ആരും പ്രശ്നമുണ്ടാക്കാന്‍ വരാഞ്ഞതു കൊണ്ടും പുഷ്പാംഗദനെപ്പോലെ എനിക്കു് ആത്മഹത്യ ചെയ്യേണ്ടി വന്നില്ല. ഭാഗ്യം!

മറ്റു കാര്യങ്ങള്‍ക്കിടയില്‍ താത്പര്യം കൊണ്ടു മാത്രം അമേച്വേഴ്സിനു ചെയ്യാന്‍ പറ്റുന്ന കാര്യമല്ല ഗവേഷണം എന്നു് അന്നു മനസ്സിലായി. ഈ പേപ്പര്‍ “Some elementary proofs of …” എന്നോ മറ്റോ ഒരു ശീര്‍ഷകവുമായി മാറ്റിയെഴുതാന്‍ വിചാരിച്ചിട്ടു് ഇതു വരെ നടന്നില്ല. അതെങ്ങനെയാ, അതിനു ശേഷം നാലഞ്ചു മാസങ്ങള്‍ക്കു ശേഷം ഞാന്‍ ബ്ലോഗിംഗ് എന്ന സാധനം തുടങ്ങി. പിന്നെ എവിടെ സമയം കിട്ടാന്‍?


ഇനി, രാഘവന്‍ മാഷ് പറഞ്ഞ സിദ്ധാന്തം എന്താണെന്നു നോക്കാം.

രണ്ടു് അഭാജ്യസംഖ്യകളുടെ വര്‍ഗ്ഗത്തിന്റെ തുക ഒരു അഭാജ്യസംഖ്യ ആവില്ല എന്നാണല്ലോ ആ സിദ്ധാന്തം. രണ്ടിനെ ഒഴിവാക്കണം എന്നും അതിനു ശേഷം പറയുന്നുണ്ടു്. അതു കൊണ്ടു് അഭാജ്യസംഖ്യകള്‍ രണ്ടും ഒറ്റസംഖ്യകളായിരിക്കും. അവയുടെ വര്‍ഗ്ഗങ്ങളും. അവയുടെ തുക ഒരു ഇരട്ടസംഖ്യയായിരിക്കും. അതൊരിക്കലും അഭാജ്യസംഖ്യയാവില്ല. (കാരണം, അതു് രണ്ടിന്റെ ഗുണിതമാണു്.) ഇതു തെളിയിക്കാന്‍ പതിനാറു കൊല്ലം പോയിട്ടു പതിനാറു നിമിഷം പോലും വേണ്ട.

ഇനി, രണ്ടിനെ കണക്കാക്കുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ സിദ്ധാന്തം തെറ്റാണെന്നു തെളിയിക്കാനും ഒരു ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിവരം മതി. അപവാദങ്ങള്‍ ആദ്യത്തിലുള്ള സംഖ്യകളില്‍ തന്നെയുണ്ടു്. 22+32 = 13, 22+52 = 29, 22+72 = 53 ഇവയൊക്കെ അഭാജ്യസംഖ്യകള്‍ തന്നെ.

ഒരു സ്കൂളിലെ കണക്കുമാഷ് ഇങ്ങനെയൊരു പൊട്ടസിദ്ധാന്തത്തിനു മുകളില്‍ പതിനാറു കൊല്ലം കുത്തിയിരിക്കുമോ? എനിക്കു തോന്നുന്നില്ല.


കണക്കു താത്പര്യമില്ലാത്തവര്‍ ദയവായി വലത്തുവശത്തുള്ള ഭാഗം വിട്ടുകളഞ്ഞു താഴേയ്ക്കു വായിക്കുക. ചുരുക്കം ഇത്രമാത്രം: അതുപോലെ തന്നെ, പുസ്തകത്തില്‍ ജ്യോതിഷത്തിലെ ഗ്രഹങ്ങളുടെ സ്ഥാനത്തെപ്പറ്റിയും സംഗീതത്തിലെ സ്വരങ്ങളുടെ ആവൃത്തിയെപ്പറ്റിയും പറഞ്ഞിരിക്കുന്നതും തെറ്റാണു്.

ഫെര്‍മയുടെ തിയറത്തില്‍ മാത്രമല്ല പുഷ്പാംഗദനു തെറ്റിയതു്. ആത്മഹത്യയ്ക്കു മുമ്പു് (പുസ്തകം വായിച്ചിട്ടില്ലാത്തവരേ, ആന്റിക്ലൈമാക്സ് പൊളിച്ചതിനു മാപ്പു്) പുഷ്പാംഗദന്‍ അമ്മയ്ക്കും പോലീസിനുമായി എഴുതി വെച്ച കത്തില്‍ ഇങ്ങനെ പറയുന്നു:

(പേജ് 244) എന്റെ അച്ഛന്‍ കെ. സൂര്യനാരായണക്കര്‍ത്താവിനെക്കുറിച്ചു് നിങ്ങളെല്ലാവരും കേട്ടുകാണും. കേരളം മുഴുവനും അറിയുന്ന ജ്യോത്സ്യനായിരുന്നു. സൌരയൂഥത്തെ കവിടിസഞ്ചിയില്‍ കൊണ്ടുനടന്ന മഹാപണ്ഡിതന്‍. ഒരു ദിവസം അച്ഛന്‍ ഒരേയൊരു മകനായ എന്നെയും അമ്മയെയും വിളിച്ചു പറഞ്ഞു: “ഇന്നു വൈകിട്ടു് ആറു മണിക്കു ഞാന്‍ മരിക്കും. അറുപത്തിരണ്ടു വയസ്സും, മൂന്നു മാസവും മൂന്നു ദിവസവും തീരുന്ന ആ സമയത്തു ശനിദശ അവസാനിക്കുന്നു. ശേഷം ചിന്ത്യം എന്നാണു ജാതകത്തില്‍ കാണുന്നതു്. മരണസന്ധിയാണു്.” അന്നു വൈകുന്നേരമായപ്പോള്‍ അച്ഛന്‍ എന്നോടു പറഞ്ഞു: “ക്ലോക്ക് ഇരുപത്തിരണ്ടര മിനിട്ടു പുറകോട്ടാക്കൂ.” എന്നാലേ ലോക്കല്‍ ടൈമാകുകയുള്ളൂ. ഗ്രഹങ്ങള്‍ ചരിക്കുന്നതു ലോക്കല്‍ ടൈമിലാണു്; അതതു സ്ഥലത്തെ അക്ഷാംശം നിര്‍ണ്ണയിക്കുന്ന സമയം.

ഗ്രഹങ്ങള്‍ ലോക്കല്‍ ടൈം അനുസരിച്ചാണു ചരിക്കുന്നതു് എന്ന കണ്ടുപിടിത്തം വിചിത്രമായിരിക്കുന്നു. ഭൂമിയില്‍ എവിടെയാണെങ്കിലും ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നതു് ഒരേ സമയത്തു തന്നെയാണു്. അതിനെ ഉപയോഗിക്കുന്ന ആളുടെ സ്റ്റാന്‍ഡാര്‍ഡ് ടൈമിലേയ്ക്കു മാത്രം മാറ്റിയാല്‍ മതി. അതു് ഏതു ജ്യോത്സ്യനും കണക്കുകൂട്ടുന്നതു് ഏതെങ്കിലും പഞ്ചാംഗം നോക്കിയാണു്. ആ പഞ്ചാംഗത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം ആയിരിക്കും ഉള്ളതു്, അല്ലാതെ നോക്കുന്ന ആളുടെ ലോക്കല്‍ ടൈമല്ല. ഏതെങ്കിലും നിരീക്ഷണശാലയില്‍ കാണുന്നതനുസരിച്ചോ സൂര്യസിദ്ധാന്തം തുടങ്ങിയ പുസ്തകങ്ങളനുസരിച്ചു് ഫോര്‍മുലകളുപയോഗിച്ചോ ആണു് പഞ്ചാംഗത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനം കണ്ടുപിടിക്കുന്നതു്, അല്ലാതെ ജ്യോത്സ്യന്‍ വീട്ടിലിരുന്നു ഗണിക്കുന്നതല്ല. (എങ്ങനെയാണു് ഇപ്പോള്‍ പഞ്ചാംഗമുണ്ടാക്കുന്നവര്‍ ഗണിക്കുന്നതെന്നറിയാന്‍ ഈ പോസ്റ്റ് വായിക്കുക.) ലഗ്നം സ്ഥലമനുസരിച്ചു മാറും. (ആ സ്ഥലത്തു നേരേ കിഴക്കുള്ള രാശിയാണു ലഗ്നം.) പക്ഷേ, ഗ്രഹസ്ഥാനങ്ങളും നക്ഷത്രവും ഒന്നും ലോക്കല്‍ സ്ഥലമനുസരിച്ചു മാറുന്നില്ല.

“അതതു സ്ഥലത്തെ അക്ഷാംശം നിര്‍ണ്ണയിക്കുന്ന സമയം” എന്നതും ശ്രദ്ധിക്കുക. അക്ഷാംശമല്ല, രേഖാംശമാണു് പ്രാദേശികസമയത്തെ നിര്‍ണ്ണയിക്കുന്നതു്. ലഗ്നം തുടങ്ങിയ കാര്യങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ അക്ഷാംശത്തിനു സ്ഥാനമുണ്ടു്, സമയനിര്‍ണ്ണയത്തില്‍ ഇല്ല.


തീര്‍ന്നില്ല. പുഷ്പാംഗദന്‍ തുടര്‍ന്നെഴുതുന്നു:

എന്താണു സംഗീതം? അതു ഗണിതത്തിന്റെ വകഭേദമാണു്. ‘സ’ ഒന്നാണെങ്കില്‍ ‘രി’യുടെ ശ്രുതി 11/8 ആണു്, ‘ഗ’ 11/4 ആണു്. അങ്ങനെയാണെങ്കില്‍ പ്രൈം നമ്പരുകളുടെ സംഗീതം 11-ല്‍ തുടങ്ങട്ടെ. അടുത്ത പ്രൈം നമ്പര്‍ 13, അതു പതിനൊന്നിന്റെ 12/11 ആണു്, അടുത്തതു 17, പതിനൊന്നിന്റെ 16/11 ആണു്…

എനിക്കാകെ ചിന്താക്കുഴപ്പമായി. സംഗീതത്തില്‍ അടുത്ത ഓക്ടേവില്‍ എത്തുമ്പോള്‍ ആവൃത്തി ഇരട്ടിയാവുന്നു. 12 സ്വരസ്ഥാനമുള്ള ഭാരതീയസംഗീതത്തില്‍ അപ്പോള്‍ അടുത്തടുത്ത സ്വരസ്ഥാനങ്ങള്‍ തമ്മിലുള്ള അനുപാതം ഏകദേശം രണ്ടിന്റെ പന്ത്രണ്ടാമത്തെ മൂലം () ആണു്. ഡോ. എസ്. വെങ്കടസുബ്രഹ്മണ്യയ്യരുടെ “സംഗീതശാസ്ത്രപ്രവേശിക” അനുസരിച്ചു് ആ അനുപാതങ്ങള്‍ താഴെപ്പറയുന്നവയാണു്. (ഷഡ്ജത്തിന്റെ ആവൃത്തി 1 എന്നതിനനുസരിച്ചുള്ള അനുപാതങ്ങളാണു് രണ്ടാം നിരയില്‍. ഷഡ്ജത്തിന്റെ ആവൃത്തി 256 എന്നതിനനുസരിച്ചുള്ള ആവൃത്തികളാണു് മൂന്നാം നിരയില്‍.)

സ്വരം ആവൃത്തി
(സ = 1) (സ = 256)
സ: ഷഡ്ജം 1 256
രി1: കോമള (ശുദ്ധ) ഋഷഭം 16/15 273
രി2: തീവ്ര (ചതുഃശ്രുതി) ഋഷഭം 9/8 288
ഗ1: കോമള (സാധാരണ) ഗാന്ധാരം 6/5 307
ഗ2: തീവ്ര (അന്തര) ഗാന്ധാരം 5/4 320
മ1: കോമള (ശുദ്ധ) മദ്ധ്യമം 4/3 341
മ2: തീവ്ര (പ്രതി) മദ്ധ്യമം 64/45 364
പ: പഞ്ചമം 3/2 384
ധ1: കോമള (ശുദ്ധ) ധൈവതം 8/5 410
ധ2: തീവ്ര (ചതുഃശ്രുതി)ധൈവതം 27/16 432
നി1: കോമള (കൈശികി) നിഷാദം 9/5 461
നി2: ശുദ്ധ (കാകളി) നിഷാദം 15/8 480
അടുത്ത ഷഡ്ജം 2 512
  1. ഇവിടെ കൊടുത്തതനുസരിച്ചു് രി1 – 256/243, ഗ1 – 32/27, മ2 – 45/32, ധ1 – 128/81, ധ2 – 5/3, നി1 – 9/5 എന്നിങ്ങനെ ചെറിയ വ്യത്യാസങ്ങളുണ്ടു്.
  2. 22 സ്വരസ്ഥാനങ്ങളും പരിഗണിക്കാറുണ്ടു്. അവയുടെ ആവൃത്തികള്‍ ഈ പേജില്‍ കാണാം.

പുഷ്പാംഗദന്റെ കണക്കനുസരിച്ചു് സ-യുടെ ആവൃത്തി 256 ആണെങ്കില്‍ രി-യുടെ ആവൃത്തി 256 x 11/8 = 352, ഗ-യുടെ ആവൃത്തി 256 x 11/4 = 704 എന്നു കിട്ടും. ഈ മൂല്യങ്ങള്‍ ഏതായാലും പരമാബദ്ധം തന്നെ. സംഗീതത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നവര്‍ ദയവായി പറഞ്ഞുതരൂ.

അതു പോകട്ടേ. കണക്കുമാഷിനു് സംഗീതം അറിയില്ല എന്നു വെയ്ക്കാം. പക്ഷേ 13 എന്ന സംഖ്യ 11-ന്റെ 12/11 ആണെന്നു പറയുമോ? ഈ 12/11, 16/11 എന്നിവയ്ക്കു് എന്തു താളമാണെന്നു് മനസ്സിലാകുന്നില്ല. അഥവാ എന്തെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ അടുത്ത അഭാജ്യസംഖ്യയായ 19-ല്‍ (പുഷ്പാംഗദന്റെ കണക്കനുസരിച്ചു് അതു് 11-ന്റെ 18/11 ആയിരിക്കാം!) ഈ താളം തെറ്റുന്നുണ്ടല്ലോ.

പ്ലീസ്, ആരെങ്കിലും ഒന്നു സഹായിക്കൂ…


മുകളില്‍പ്പറഞ്ഞ തെറ്റുകള്‍ നോവലിസ്റ്റ് പറഞ്ഞതല്ല, മറിച്ചു് പുഷ്പാംഗദന്‍ പറഞ്ഞതാണു് എന്നൊരു വാദം ഉണ്ടാവാം. എങ്കിലും ഒരു സ്കൂളിലെ കണക്കുമാഷ് ഇങ്ങനെയുള്ള ഭീമാബദ്ധങ്ങള്‍ കണക്കില്‍ വരുത്തുമോ? ഒരു ആറാം ക്ലാസ്സു കാരനു ഒറ്റ നോട്ടത്തില്‍ തെളിയിക്കാവുന്ന ഒരു സിദ്ധാന്തത്തില്‍ പതിനാറു കൊല്ലം ഒരു ചെലവാക്കുമോ? പോട്ടേ, 11-നെ 11 കൊണ്ടു ഹരിച്ചു 12 കൊണ്ടു ഗുണിച്ചാല്‍ 13 കിട്ടും എന്നു പറയുമോ?

“ഇങ്ങനെയുള്ള അബദ്ധങ്ങള്‍ മാത്രം പറഞ്ഞും ജീവിച്ചും ജീവിതം മുഴുവന്‍ ഒരു അബദ്ധമായ സിദ്ധാന്തമായി പരിണമിച്ച ദാര്‍ശനികവ്യഥയുടെ പ്രതീകമാണു കഥയിലെ പുഷ്പാംഗദന്‍” എന്നോ മറ്റോ പറഞ്ഞു വേണമെങ്കില്‍ തടിയൂരാം. അങ്ങനെ മനഃപൂര്‍വ്വം വരുത്തിയ തെറ്റല്ലെങ്കില്‍, ഒന്നേ പറയാനുള്ളൂ. തന്റെ പുസ്തകത്തില്‍ ചരിത്രം, വള്ളപ്പണി, ചവിട്ടുനാടകം, ബിരിയാണിയുടെ പാചകക്രമം, ഹിന്ദുസ്ഥാനിസംഗീതം തുടങ്ങി പല വിഷയങ്ങളെപ്പറ്റി ശ്രീ മാധവന്‍ വിവരിക്കുന്നുണ്ടു്. ഇവയൊക്കെ അദ്ദേഹത്തിനു് അറിവുള്ള വിഷയങ്ങളാവണമെന്നില്ല. അതിനാല്‍ അവ വായിച്ചോ ആരോടെങ്കിലും ചോദിച്ചോ ആവാം അദ്ദേഹം മനസ്സിലാക്കിയതു്. അതു പോലെ ഗണിതവും കഥയില്‍ ഉള്‍ക്കൊള്ളിക്കണമെന്നു് അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കാം. പക്ഷേ, അതിനായി അദ്ദേഹം ആശ്രയിച്ച ആള്‍ തെറ്റിപ്പോയി എന്നേ പറയാനുള്ളൂ.


നോവലില്‍ പ്രതിപാദിക്കുന്ന പല സംഭവങ്ങളെപ്പറ്റിയും ശ്രീ എന്‍. എസ്. മാധവനു് ആധികാരികമായ വിവരം ഇല്ലെന്നു തോന്നുന്നു. പുസ്തകത്തിന്റെ ആദിയിലുള്ള നന്ദിപ്രകാശനത്തില്‍ പലരും ചൂണ്ടിക്കാട്ടിയ തെറ്റുകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ടു്. വിശാലമായ ഒരു കാന്‍‌വാസില്‍ കഥ പറയുമ്പോള്‍ പലപ്പോഴും അതിനാവശ്യമായ വിവരങ്ങള്‍ മറ്റു പലയിടത്തു നിന്നും നേടേണ്ടതായി വരും. അതു സ്വാഭാവികം.

നേരേ മറിച്ചു്, ചരിത്രവസ്തുതകളെയും ശാസ്ത്രസത്യങ്ങളെയും മാറ്റിയെഴുതുന്നതു് ക്രിയേറ്റീവ് റൈറ്റിംഗിന്റെ ഭാഗമാണെന്ന വാദം ഉണ്ടായേക്കാം. അതിശയോക്തി മുതലായ അലങ്കാരങ്ങള്‍ തൊട്ടു മാജിക്കല്‍ റിയലിസം വരെ പല സാഹിത്യസങ്കേതങ്ങളും ഇതിനെ അനുവദിക്കുന്നുമുണ്ടു്. പക്ഷേ ഈ വിധത്തില്‍ വസ്തുതകള്‍ മാറ്റിമറിക്കുമ്പോള്‍ അതു മാറ്റിമറിച്ചവയാണു് എന്ന ബോധം വായനക്കാരനുണ്ടാവാറുണ്ടു്. നളചരിതവും കുഞ്ചന്‍ നമ്പ്യാരുടെ കഥയും പൊളിച്ചെഴുതിയ വി. കെ. എന്‍. പലപ്പോഴും വസ്തുതാകഥനങ്ങളില്‍ കാണിക്കുന്ന കൃത്യത അദ്ഭുതകരമാണു്. സിഡ്നി ഷെല്‍ഡനെപ്പോലെയുള്ള ത്രില്ലര്‍ എഴുത്തുകാരാകട്ടേ, ഓരോ പുസ്തകത്തിനും പിന്നില്‍ വളരെയധികം ഗവേഷണങ്ങള്‍ നടത്തിയിട്ടാണു് അതു പ്രസിദ്ധീകരിക്കുന്നതു്.

ആനന്ദിന്റെ “നാലാമത്തെ ആണി”, കസാന്ദ് സാക്കീസിന്റെ “ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം”, ഡാന്‍ ബ്രൌണിന്റെ “ഡാവിഞ്ചി കോഡ്” തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചു് ആരും ബൈബിളിലെ കഥ തെറ്റിദ്ധരിക്കില്ല. കാരണം അവയില്‍ ഫിക്‍ഷനാണു കൂടുതല്‍ എന്നു് വായനക്കാര്‍ക്കറിയാം. എന്നാല്‍ അതുപോലെയല്ല യാഥാര്‍ത്ഥ്യത്തിലേക്കു കൂടുതല്‍ അടുത്തു നില്‍ക്കുന്ന “ലന്തന്‍ ബത്തേരി” പോലെയുള്ള പുസ്തകങ്ങള്‍. ഈ യഥാര്‍ത്ഥാഭാസാഖ്യാനം വസ്തുതകളെ തെറ്റായി കാണാന്‍ വായനക്കാരെ പ്രേരിപ്പിച്ചേക്കാം. (നെഹ്രുവിന്റെ മുന്നില്‍ ചവിട്ടുനാടകം കാണിച്ച ഒരു സംഭവം മാത്രമേ ഇതില്‍ യാഥാര്‍ത്ഥ്യമല്ല എന്ന തോന്നല്‍ ഉണ്ടാക്കിയുള്ളൂ.)

ഉദാഹരണമായി, കൊളംബസിനും വാസ്കോ ഡി ഗാമയ്ക്കും മറ്റും യാത്ര ചെയ്യാന്‍ ഫണ്ടു കിട്ടിയതു് ഭൂമിയുടെ ചുറ്റളവിനെപ്പറ്റി അന്നുണ്ടായിരുന്ന അബദ്ധധാരണ കൊണ്ടാണു് എന്നു പുസ്തകത്തില്‍ പറയുന്നുണ്ടു്. ഈ വസ്തുത ശരിയാണോ തെറ്റാണോ എന്നു് എനിക്കറിയില്ല. പക്ഷേ, ഈ പുസ്തകത്തില്‍ നിന്നു് അതൊരു പുതിയ അറിവായി ഞാന്‍ കൈക്കൊണ്ടു. പണ്ടു് ഓട്ടവയെ ഒഷാവ എന്നു വിളിച്ചതു പോലെ അതു് മറ്റു പലര്‍ക്കും കൈമാറി എന്നു വന്നേക്കാം. ലന്തക്കാരുടെയും മറ്റും അധിനിവേശത്തെപ്പറ്റിയും പല വാക്കുകളുടെയും ഉത്പത്തിയെപ്പറ്റിയും കേരളത്തിലെ രാഷ്ട്രീയചരിത്രത്തെപ്പറ്റിയും ഹിന്ദുസ്ഥാനി സംഗീതത്തെപ്പറ്റിയും പലതരം പാചകവിധികളെപ്പറ്റിയും ഇതു പോലെ ധാരാളം പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ടു്. ഇവയില്‍ എത്രത്തോളം ശരിയാണെന്നറിയാനുള്ള അവകാശം വായനക്കാരനില്ലേ?

ഇതിനോടു സമാനമായ ഒരു ആരോപണം എന്റെ അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ് എന്ന പോസ്റ്റിനെപ്പറ്റി ഉണ്ടായിട്ടുണ്ടു്. അതിലെ വസ്തുതകള്‍ ചരിത്രവുമായി യോജിച്ചു പോകുന്നില്ല എന്നു്. അതു ചരിത്രത്തോടു നീതി പുലര്‍ത്തുന്നില്ല എന്ന ഡിസ്ക്ലൈമറും “ആക്ഷേപഹാസ്യം” എന്ന ലേബലും അതിലെ ചരിത്രസംഭവങ്ങളെ യഥാര്‍ത്ഥമായി എടുക്കരുതു് എന്ന സന്ദേശം വായനക്കാര്‍ക്കും നല്‍കും എന്നു ഞാന്‍ കരുതുന്നു.

ചരിത്രം പറയുന്ന കഥകള്‍ക്കുള്ള ഒരു പ്രശ്നം ആ കഥകളില്‍ കൂടി വായനക്കാരന്‍ ചരിത്രത്തെ കാണും എന്നതാണു്. സി. വി. രാമന്‍ പിള്ളയുടെ ആഖ്യായികള്‍ തിരുവിതാംകൂര്‍ ചരിത്രത്തെ വളച്ചൊടിച്ചതു് ഇവിടെ ഓര്‍ക്കാം. എം. ടി. യുടെ തിരക്കഥകള്‍ക്കു ശേഷം പെരുന്തച്ചനും ഉണ്ണിയാര്‍ച്ചയുമൊക്കെ വേറേ രൂപം പൂണ്ടു് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചതു മറ്റൊരുദാഹരണം. ഒരു കാട്ടുപെണ്ണിനെ വളച്ചു ഗര്‍ഭിണിയാക്കിയതിനു ശേഷം കയ്യൊഴിഞ്ഞ ദുഷ്ടനായ രാജാവിനെ ധീരോദാത്തനതിപ്രതാപഗുണവാനാക്കി വെള്ളയടിക്കാന്‍ ഒരു പാവം മുനിയെ വില്ലനാക്കിയ കാളിദാസന്റെ പ്രവൃത്തിയും ഈക്കാര്യത്തില്‍ വ്യത്യസ്തമല്ല.

എന്തായാലും, കോട്ടയത്തെ തന്റെ വീട്ടിലിരുന്നു സ്വന്തം ഭാവനയിലൂടെ കാര്‍പാത്യന്‍ മലയിടുക്കുകളിലെ ഭൂപ്രകൃതി വര്‍ണ്ണിച്ച കോട്ടയം പുഷ്പനാഥിന്റെയും, വടക്കന്‍ പാട്ടുകളിലെ നായികമാരെ ബ്രേസിയറും ബ്ലൌസും ധരിപ്പിച്ച കുഞ്ചാക്കോയുടെയും വഴിയേ എന്‍. എസ്. മാധവന്‍ പോകരുതു് എന്നു് ആഗ്രഹമുണ്ടു്-എഴുത്തുകാരനു് സത്യം വളച്ചൊടിക്കാന്‍ എത്ര സ്വാതന്ത്ര്യം കൊടുക്കണമെന്നു വാദിച്ചാലും.

ഗണിതം (Mathematics)
ചുഴിഞ്ഞുനോക്കല്‍
ജ്യോതിശ്ശാസ്ത്രം
ജ്യോത്സ്യം
വായിച്ച പുസ്തകങ്ങള്
സാഹിത്യം

Comments (27)

Permalink

സ്വന്തം തെറ്റു്‌

വിശേഷണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവ ഏതിനെയാണു വിശേഷിപ്പിക്കുന്നതു്‌ എന്നതില്‍ സംശയമുണ്ടാകാതെ ഉപയോഗിക്കണമെന്നു്‌ എ. ആര്‍. രാജരാജവര്‍മ്മ പലയിടത്തു പറഞ്ഞിട്ടുണ്ടു്‌. അങ്ങനെ സംശയമുണ്ടാക്കുകയാണെങ്കില്‍ അതു്‌ ഒരു കാവ്യദോഷമാണെന്നും അദ്ദേഹം ഭാഷാഭൂഷണത്തില്‍ ഉദാഹരണസഹിതം പ്രസ്താവിച്ചിട്ടുണ്ടു്‌.

ഈ ദോഷത്തിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണം എ.ആര്‍.-ന്റെ തന്നെയായിട്ടുണ്ടെന്നതു്‌ വിചിത്രം തന്നെ. അദ്ദേഹത്തിന്റെ കുമാരസംഭവം തര്‍ജ്ജമയില്‍ “പുഷ്പം പ്രവാളാപഹിതം…” എന്ന കാളിദാസശ്ലോകത്തിന്റെ തര്‍ജ്ജമയായ ചുവടെച്ചേര്‍ക്കുന്ന ശ്ലോകമാണു്‌ ഞാന്‍ ഉദ്ദേശിച്ചതു്‌.


ചേലൊത്ത പുഷ്പമൊരു ചെന്തളിരില്‍പ്പതിച്ചാല്‍
അല്ലെങ്കില്‍ മുത്തുമണി നല്‍പ്പവിഴത്തില്‍ വച്ചാല്‍
തൊണ്ടിപ്പഴത്തിനെതിരാം മദിരാക്ഷി തന്റെ
ചുണ്ടില്‍പ്പരക്കുമൊരു പുഞ്ചിരിയോടെതിര്‍ക്കും.

ഈ ശ്ലോകത്തില്‍ “തൊണ്ടിപ്പഴത്തിനെതിരായതു്‌” എന്താണു്‌? മദിരാക്ഷിയോ ചുണ്ടോ പുഞ്ചിരിയോ? (ചുണ്ടാണു കവി ഉദ്ദേശിച്ചതു്‌)

ചുഴിഞ്ഞുനോക്കല്‍
വ്യാകരണം (Grammar)

Comments (5)

Permalink

കരിക്കലവും പൊതിച്ചോറും

അക്ഷരശ്ലോകത്തിനു വേണ്ടിയുള്ള യാഹൂ ഗ്രൂപ്പില്‍ പ്രേംജിയുടെ “നഞ്ഞാളും കാളിയന്‍ തന്‍…” എന്ന ശ്ലോകത്തെപ്പറ്റിയുള്ള സംവാദത്തിനിടയിലാണു്‌ ഇതിനെപ്പറ്റി കൂടുതല്‍ ചിന്തിക്കാനിടയായതു്‌.

(ഈ സംവാദത്തില്‍ പങ്കെടുത്ത ജ്യോതിര്‍മയി, വിശ്വപ്രഭ, ശ്രീധരന്‍ കര്‍ത്താ എന്നിവര്‍ക്കു നന്ദി.)

മേല്‍പ്പറഞ്ഞ ശ്ലോകത്തില്‍ “കുഞ്ഞാത്തോല്‍ പാലുകാച്ചും കരികലമതുതന്നുള്ളിലും തുള്ളിയോനേ” എന്നൊരു പ്രയോഗമുണ്ടു്‌. അതിലെ “കരികലം” എന്ന വാക്കിനു പകരം “കരിക്കലം” എന്നു വേണ്ടേ എന്നാണു സംശയം. ഇതു പറഞ്ഞപ്പോള്‍ കുഞ്ചന്‍ നമ്പ്യാര്‍ “പൊതിചോറുമെടുത്തു കൂട്ടുവാന്‍…” എന്നു പ്രയോഗിച്ചിട്ടുള്ളതും ഒരാള്‍ ചൂണ്ടിക്കാട്ടി.

കരികലം”, “പൊതിചോറു്‌” എന്നീ പ്രയോഗങ്ങള്‍ തെറ്റല്ലേ എന്നും, അവ “കരിക്കലം”, “പൊതിച്ചോറു്‌” എന്നു വേണ്ടേ എന്നുമാണു ചോദ്യങ്ങള്‍.

മലയാളത്തില്‍, വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായി സമാസിച്ചാല്‍ ഉത്തരപദത്തിന്റെ ആദിയിലുള്ള ദൃഢാക്ഷരം ഇരട്ടിക്കും. (വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായ്‌ സമാസിക്കിലിരട്ടിപ്പൂ ദൃഢം പരപരാദികം എന്നു കേരളപാണിനീയം.) ക-ഘ, ച-ഝ, ട-ഢ, ത-ധ, പ-ഭ, ശ, ഷ, സ എന്നിവയാണു ദൃഢങ്ങള്‍. (ഖരാതിഖരമൂഷ്മാവും മൃദുഘോഷങ്ങളും ദൃഢം; പഞ്ചമം മദ്ധ്യമം ഹാവും ശിഥിലാഭിധമായ്‌ വരും – കേരളപാണിനീയം).

ഇതനുസരിച്ചു്‌, “പൊതിയായ ചോറു്‌” എന്നര്‍ത്ഥത്തില്‍ “പൊതിച്ചോറു്‌” എന്നും, “കരിപിടിച്ച കലം” എന്നര്‍ത്ഥത്തില്‍ “കരിക്കലം” എന്നും വേണം.(കരിമണല്‍, കരിനാക്കു്‌ തുടങ്ങിയവയില്‍ ദ്വിത്വം വേണ്ട – കാരണം, മ, ന, എന്നിവ ദൃഢങ്ങളല്ല.)

ഊഷ്മാക്കള്‍ ദൃഢങ്ങളാണെങ്കിലും അവ എപ്പോഴും ഇരട്ടിക്കുമെന്നു തോന്നുന്നില്ല. കണ്ടകശനി, കള്ളുഷാപ്പു്, തുണിസഞ്ചി മുതലായവ ഉദാഹരണങ്ങള്‍. ശ, സ എന്നിവയുടെ ഇരട്ടിച്ച രൂപങ്ങളും കാണാറുണ്ടെങ്കിലും ഷ ഒരിക്കലും ഇരട്ടിക്കാറില്ല.

പക്ഷേ, “പൊതിഞ്ഞ ചോറു്‌” എന്നര്‍ത്ഥത്തില്‍ “പൊതിചോറു്‌” എന്നും, “കരിഞ്ഞ കലം” എന്നര്‍ത്ഥത്തില്‍ “കരികലം” എന്നും പറയാം എന്നൊരു വാദവും ഉയര്‍ന്നുവന്നു. ഈ വാക്കുകളില്‍, പൂര്‍വ്വപദം ഒരു ക്രിയാധാതുവായതുകൊണ്ടു്‌ ദ്വിത്വം ഉണ്ടാവുകയില്ല (അലുപ്താഖ്യസമാസത്തില്‍ധാതുപൂര്‍വ്വത്തിലും വരാ എന്നു കേരളപാണിനീയം.)എന്നാണു്‌ ഈ വാദം. എരിതീ, കടകോല്‍, ചാപിള്ള, അരകല്ല്‌, ഇടികട്ട തുടങ്ങിയവയെപ്പോലെ.

അവസാനം, നമ്പ്യാര്‍ക്കും പ്രേംജിയ്ക്കും തെറ്റുപറ്റിയിട്ടില്ല എന്നാണു്‌ തീരുമാനം. ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടോ?

ചുഴിഞ്ഞുനോക്കല്‍
വ്യാകരണം (Grammar)

Comments (1)

Permalink