ചുമ്മാ ഇരിക്കുമ്പോള്‍ പണ്ടു സ്കൂളില്‍ പഠിച്ച കാര്യങ്ങളൊക്കെ ഓര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ദുശ്ശീലം എനിക്കുണ്ടു്. (ദൈവകൃപയാല്‍ സ്കൂളിനു ശേഷമുള്ളതൊന്നും ഓര്‍മ്മയില്ല.) പദ്യങ്ങളാണു പ്രധാനമായി. ഒന്നാം ക്ലാസ്സിലെ “കുഞ്ഞിത്തത്തേ പോകല്ലേ…”, രണ്ടിലെ “തൂമ തൂകുന്ന തൂമരങ്ങള്‍…”, മൂന്നിലെ “കാനനത്തിന്‍ ശരല്‍ക്കാല…”, നാലിലെ “സത്വരം ലോകമനോഹരമായുള്ള…”, അഞ്ചിലെ “ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവേ…”, ആറിലെ “എന്‍കുഞ്ഞുറങ്ങിക്കൊള്‍കെന്‍…”, ഏഴിലെ “കന്യാകുമാരിക്ഷിതിയാദ്യമായ്…”, എട്ടിലെ “തോളത്തു ഘനം തൂങ്ങും…”, ഒമ്പതിലെ “ക്ഷോണീന്ദ്രപത്നിയുടെ…” എന്നീ കവിതകള്‍ ഓര്‍ത്തെടുത്തതു് ഇങ്ങനെയാണു്. (പത്താം ക്ലാസ്സില്‍ അല്പം വിശദമായി പഠിച്ചതു കൊണ്ടു് “കണ്ണനെത്തേടി” മുതല്‍ “ശകുന്തളാപരിത്യാഗം” വരെയുള്ള മിക്കവാറും കവിതകളൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ടു്.)
രാഷ്ട്രഭാഷ അത്ര ഓര്‍മ്മയില്ല. അഞ്ചാം ക്ലാസ്സു മുതലാണു ഹിന്ദി പഠിച്ചുതുടങ്ങിയതു്. ഏതൊക്കെ ക്ലാസ്സിലാണെന്നു് ഓര്‍മ്മയില്ല- “ഊണ്ഠോം നേ ജബ് വ്യാഹ്…”, “മോട്ടേ മോട്ടേ അഞ്ചര്‍ പഞ്ചര്‍…”, “ദയാകര്‍ ദാനഭക്തീ കാ…”, “വന്‍ മേം മോര്‍ ഖുശീ സേ നാച്ചാ…”, “നയീ ദിശാ നയീ ഉഷാ…”, “ചാഹ് നഹീം മേം സുരബാലാ കേ…”, “സുഖീ സീ അധഖിലീ കലീ ഹൈ…” തുടങ്ങി ചില സംഭവങ്ങള്‍ അങ്ങുമിങ്ങും ഓര്‍മ്മകിട്ടുന്നുണ്ടു്.
കവിതാസ്വാദനത്തിനും മറ്റും ഹിന്ദി വാദ്ധ്യാന്മാര്‍ വലിയ പ്രാധാന്യമൊന്നും കല്പിച്ചിരുന്നില്ല. വ്യാകരണമായിരുന്നു അവരുടെ പ്രധാന വിഷയം. ഹിന്ദി വ്യാകരണങ്ങളുടെ പല നൂലാമാലകളും അതുകൊണ്ടു് ഇപ്പോഴും ഓര്‍മ്മയുണ്ടു്. बोल, भूल, ला എന്നിവ സകര്‍മ്മകങ്ങളാണെങ്കിലും അകര്‍മ്മകങ്ങളെപ്പോലെ ने ചേര്‍ക്കാതെ ഉപയോഗിക്കണമെന്നും (मैं ने कहा, मैं बोला), ने വന്നാല്‍ ക്രിയ കര്‍ത്താവനുസരിച്ചല്ല കര്‍മ്മമനുസരിച്ചാണു മാറുക എന്നും (मैं ने किताब पठा, मैं ने पुस्तक पठी) മറ്റും അങ്ങനെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടു്.
അങ്ങനെ പഴയ ഹിന്ദി പാഠങ്ങള്‍ ഓര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോഴാണു് ആറുതരം ഭൂതകാലങ്ങളുണ്ടെന്നു് ഓര്‍ത്തതു്.
എന്നെ ഹിന്ദി പഠിപ്പിച്ചിരുന്ന ടീച്ചര്‍ എന്നും ക്ലാസ്സില്‍ വരുമ്പോള്‍ ആദ്യം ആറുതരം ഭൂതങ്ങളെപ്പറ്റി പറയും. കുട്ടികളെക്കൊണ്ടു പറയിക്കും. ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കും. ദിവസവും ഇതു കേട്ടുകേട്ടു് കുട്ടികള്‍ അവരെ “ഭൂതം” എന്നും പിന്നീടു് “പൂര്‍ണ്ണഭൂതം” എന്നും വിളിക്കാന്‍ തുടങ്ങിയതില്‍ അദ്ഭുതമൊന്നും തോന്നുന്നില്ല.
ഭൂതങ്ങള്‍ ആറെണ്ണമുണ്ടെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. പക്ഷേ, അഞ്ചെണ്ണം മാത്രമേ ഓര്‍മ്മ കിട്ടിയുള്ളൂ - സാമാന്യഭൂതം, സന്ദിഗ്ദ്ധഭൂതം, ആസന്നഭൂതം, പൂര്‍ണ്ണഭൂതം, ഹേതുഹേതുമദ്‌ഭൂതം. ഇവയിലോരോന്നും എന്താണെന്നു് എനിക്കു വലിയ പിടിയൊന്നുമില്ല. അതിനെനിക്കു പ്രശ്നവുമില്ല. എങ്കിലും ആറാമത്തേതു കിട്ടാത്തതില്‍ അതിയായ വ്യസനം കുറേക്കാലത്തേയ്ക്കു് ഉണ്ടായിരുന്നു.
മറ്റാര്‍ക്കെങ്കിലും ഈ അസുഖം ഉണ്ടോ എന്നറിയില്ല. ചിലപ്പോള്‍ തികച്ചും അപ്രധാനമായ ഒരു കാര്യം ആലോചിച്ചിട്ടു കിട്ടാത്തതു് ദിവസങ്ങളോളം മനസ്സമാധാനം കെടുത്തുന്നതു് എന്റെ ഒരു പ്രശ്നമാണു്. ഓര്‍മ്മവന്ന ഒരു സിനിമാപ്പാട്ടു് ഏതു സിനിമയിലേതാണെന്നുള്ള ആലോചനയാണു് ഇതില്‍ മുഖ്യം. ചിലപ്പോള്‍ സിനിമയുടെ കഥ ഓര്‍മ്മ വരും, പേരു കിട്ടില്ല. ചിലപ്പോള്‍ ചില ആളുകളുടെ മുഖം ഓര്‍മ്മവരും, പേരു കിട്ടില്ല. പാട്ടിലെ ഇടയ്ക്കുള്ള വരി ഓര്‍മ്മവരും, തുടക്കം മറന്നു പോകും. അല്ലെങ്കില്‍ ഏതെങ്കിലും സിനിമയിലെ കഥാപാത്രത്തിന്റെ പേരു് മറന്നുപോകും. ഈ കിട്ടാത്ത സാധനം എത്ര അക്ഷരമാണെന്നു വരെ ഓര്‍മ്മയുണ്ടായിരിക്കും. അതു മാത്രം കിട്ടില്ല.
ഇങ്ങനെ ഒന്നു തലയില്‍ കയറിയാല്‍ പിന്നെ യാതൊരു സമാധാനവുമില്ല. രാത്രിയില്‍ ഉറക്കം ഞെട്ടി അതാലോചിക്കും. പകല്‍ പത്തിരുപതു മിനിട്ടില്‍ ഒരിക്കലെങ്കിലും ഇതാലോചിക്കും. ബാക്കിയുള്ളവ മാറ്റിവെച്ചിട്ടു് ഇതാലോചിക്കും. ഇതു കിട്ടിയിട്ടു് യാതൊരു പ്രയോജനവുമുണ്ടാവില്ല. എങ്കിലും ഇതു കിട്ടാതെ യാതൊരു സമാധാനവുമുണ്ടാവില്ല.
ഭാഗ്യവശാല്‍ നാലഞ്ചു ദിവസം കഴിയുമ്പോള്‍ അതു വിടും. എങ്കിലും ചില സംഗതികള്‍ കുറേക്കാലത്തിനു ശേഷം വീണ്ടും ചികയാന്‍ തുടങ്ങും.
ഇങ്ങനെ വീണ്ടും വീണ്ടും എന്നെ ബുദ്ധിമുട്ടിച്ച പ്രശ്നമാണു് ആറാമത്തെ ഭൂതം. പലരോടും ചോദിച്ചു. ഹിന്ദിക്കാര്‍ ഉള്‍പ്പെടെ. ഒരു രക്ഷയുമില്ല. ഇതൊന്നു കിട്ടിയിട്ടു വേണം അടുത്ത എന്തെങ്കിലും കാര്യത്തെപ്പറ്റി തല പുണ്ണാക്കാന്‍!
അങ്ങനെയിരിക്കുമ്പോള്‍ കുട്ട്യേടത്തി പാട്ടുപാടുന്ന ഒരു പോസ്റ്റില്‍ (ചമ്മല്‍ കേ സംബന്ധം) അതുല്യ എന്തോ ഹിന്ദി പറഞ്ഞു. ഇതു തന്നെ തക്കം. ഞാന്‍ ആ ചോദ്യം അവിടെ ചോദിച്ചു.
ഈ ബ്ലോഗ് എന്നു പറയുന്നതു് അനന്തവിജ്ഞാനത്തിന്റെ അക്ഷയഖനിയാണു്. ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ അപരിമേയമാണു്. ഒരു ചോദ്യം ചോദിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഉത്തരം കിട്ടും. എന്നൊക്കെ കേട്ടാണു് ഞാന്‍ ഈ കടുംകൈ ചെയ്തതു്. അതിന്റെ മറുപടിയായി കുട്ട്യേടത്തി താന്‍ ഹിന്ദി പാസ്സായതിന്റെ കദനകഥ കണ്ണുനീരോടെ പറഞ്ഞുകേള്‍പ്പിക്കുകയും ആ ചോദ്യം നാട്ടുകാരോടു് അല്പം കൂടി ഉറക്കെ ചോദിക്കുകയും ചെയ്തു. തീര്‍ന്നു. പിന്നെ ആരും അതിനെപ്പറ്റി കേട്ടിട്ടില്ല. ആളുകള്‍ ഹിന്ദിയില്‍ അബദ്ധം പറഞ്ഞ കഥകള്‍ പറയുകയും കുറുമാന്‍, വക്കാരി, കണ്ണൂസ് തുടങ്ങിയ ഭൂതങ്ങള്‍ എത്തി അതിനെ ഒരു വഴിക്കാക്കുകയും ചെയ്തു. എന്റെ ചോദ്യത്തിനു് ഉത്തരം കിട്ടിയുമില്ല.
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഒരു സുഹൃത്തിന്റെ മകളെ പരിചയപ്പെട്ടു. സീബീഎസ്സൈയിലോ മറ്റോ പഠിക്കുന്നു. വേറെയൊന്നും വായിക്കാനില്ലായിരുന്നതിനാല്‍ അവളുടെ ടെക്സ്റ്റ്‌ബുക്കുകള്‍ എടുത്തു വായിച്ചു. അപ്പോള്‍ ദാ കിടക്കുന്നു ഒരു ഹിന്ദി വ്യാകരണപുസ്തകം. അതില്‍ കാലങ്ങളെപ്പറ്റി (tenses) പറയുന്ന അദ്ധ്യായം വായിച്ചു. ഭൂതങ്ങളെ കിട്ടി. യുറേക്കാ!
ആറാമത്തെ ഭൂതത്തിന്റെ പേരു് അപൂര്‍ണ്ണഭൂതം! (അടിയെടാ സിംബല്‍!)
ആദ്യം തോന്നിയതു് ചമ്മലാണു്. പൂര്‍ണ്ണഭൂതം എന്നൊരു സാധനം ഉള്ള സ്ഥിതിക്കു് അപൂര്‍ണ്ണഭൂതവും ഉണ്ടായിരിക്കും എന്നതു് എലിമെന്ററി മിസ്റ്റര്‍ വാട്ട്സണ്‍ ആയിരുന്നു. ഇതോര്‍ത്താണല്ലോ ഇത്രയും കൊല്ലം ഞാന്‍ തല പുണ്ണാക്കിയതു്!
ഏതായാലും എനിക്കിനി സമാധാനമായി ഉറങ്ങാം.
ഈ ആറു ഭൂതകാലങ്ങള്‍ ഉദാഹരണസഹിതം ഇവിടെ വിശദീകരിക്കുന്നില്ല. ബോറടിക്കും. നിങ്ങള്‍ക്കും എനിക്കും.
ഈ പോസ്റ്റ് കവിയും കഥാകൃത്തുമായ രാജേഷ് വര്‍മ്മയ്ക്കു സമര്‍പ്പിക്കുന്നു. എന്തുകൊണ്ടെന്നറിയാന്‍ ഈ പോസ്റ്റിന്റെ അവസാനം വരെ വായിക്കുക. (ഇതു് അവസാനം വരെ വായിപ്പിക്കാന്‍ വേറേ വഴിയില്ല!)
ഇതു വായിക്കുന്നതിനു മുമ്പോ ശേഷമോ വായിക്കുന്നതിനിടയിലോ രാജേഷിന്റെ സ്വാതന്ത്ര്യദിനസ്മരണകള്‍ എന്ന പോസ്റ്റ് വായിക്കുന്നതു നന്നായിരിക്കും.
ഒരു സിനിമയില്‍ (ഏതോ ഏസ് വെഞ്ചുറ) ജിം കാരി ഒരുത്തനെ പീഡിപ്പിക്കുന്ന രംഗമുണ്ടു്. അയാളെ ഒരു കസേരയില്‍ കെട്ടിയിട്ടിട്ടു് ജിം കൂര്‍ത്ത ഒരു സ്റ്റീല്‍ കത്തിയും അതുപോലെയുള്ള വേറേ ഒരു ആയുധവും കൊണ്ടുവരുന്നു. അവ രണ്ടും കാട്ടി അയാളെ ഭയപ്പെടുത്തുന്നു. അയാള്‍ക്കു ഭയം തീരെയില്ല. അപ്പോഴാണു് ജിം അറ്റകൈ എടുക്കുന്നതു്. ആയുധങ്ങള്‍ രണ്ടും കൂടി കൂട്ടിയുരച്ചും ഒരു സ്റ്റീല്‍ പാത്രത്തില്‍ മുട്ടിച്ചും ശബ്ദമുണ്ടാക്കുന്നു. അതു സഹിക്കാന്‍ വയ്യാതെ അയാള്‍ സത്യം സമ്മതിക്കുന്നു.
ഇതു് അതിശയോക്തിയാണെന്നു പലര്‍ക്കും തോന്നുന്നുണ്ടാവും. പക്ഷേ, ലോഹമോ അതു പോലെയുള്ള എന്തെങ്കിലുമോ ഒരു പ്രതലത്തില്‍ ഉരയുന്ന ശബ്ദം തീരെ സഹിക്കാന്‍ പറ്റാത്ത പലരുമുണ്ടു്. ഞാന്‍ അത്തരത്തിലൊരാളാണു്. വെടി പൊട്ടുന്നതു പോലെയുള്ള വലിയ ശബ്ദങ്ങള്‍ ഞാന്‍ സഹിക്കും. പക്ഷേ, ഒരു സ്പൂണ്‍ ഒരു പാത്രത്തിലിട്ടുരയ്ക്കുന്ന ശബ്ദം എനിക്കു സഹിക്കാന്‍ കഴിയില്ല. എല്ലിനുള്ളിലൂടെ ഒരു ആളല്‍ ആണു്.
ഇതു് ഏതോ പോഷകാംശത്തിന്റെ കുറവാണു് എന്നു് ആരോ പറഞ്ഞിരുന്നു. നേരാണോ എന്തോ? ഡോ. സൂരജ് ഈ ബ്ലോഗ് വായിക്കുന്നുണ്ടോ ഇതിനു് ഉത്തരം തരാന്‍?
ഇതുപോലെ ഒരെണ്ണം പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഒരു കഥയിലുണ്ടു്. ഒരു തീവ്രവാദിയെ ചോദ്യം ചെയ്യുകയാണു പോലീസുകാര്‍. അവന്റെ നേതാവു് എവിടെയാണു് ഒളിച്ചിരിക്കുന്നതു് എന്നാണു് അറിയേണ്ടതു്. അടിച്ചു, ഇടിച്ചു, കുത്തി, ഉരുട്ടി, മൊട്ടുസൂചിയും ഈര്‍ക്കിലും പ്രയോഗിച്ചു, ഗരുഡന്‍ തൂക്കവും കസേരയില്ലാത്ത ഇരുത്തലും നടത്തി, മൂലക്കുരുവില്‍ മുളകുപൊടി വിതറി, കാല്‍വെള്ള അടിച്ചു പൊളിച്ചു-പക്ഷേ, പുള്ളി സത്യം പറഞ്ഞില്ല.
അപ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ അറ്റ കൈ പ്രയോഗിച്ചു. താന്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലിലെ ഒരു അദ്ധ്യായം വായിച്ചു കേള്‍പ്പിച്ചു. പീഡനം സഹിക്കവയ്യാതെ പുള്ളി സത്യം പറഞ്ഞു.
അതിശയോക്തി കലര്‍ന്നതാണെങ്കിലും ഈ ജനുസ്സില്‍ പെടുന്ന പീഡനങ്ങള്‍ പലപ്പോഴും വെള്ളെഴുത്തുംരാം മോഹനും മറ്റും പറയുന്ന പീഡനമുറകളെക്കാള്‍ ദുസ്സഹമോ ചിലപ്പോള്‍ അസഹ്യമോ ആണെന്നതാണു സത്യം.
2005-ല്‍ അമേരിക്കയുടെ വടക്കുപടിഞ്ഞാറേ കോണിലുള്ള പോര്‍ട്ട്‌ലാന്‍ഡ് എന്ന കൊച്ചുപട്ടണത്തിലെ സാധുക്കളായ മലയാളികള്‍ക്കു് ഇതുപോലെ ഒരു പീഡനം സഹിക്കേണ്ടി വന്നു.
പോര്‍ട്ട്‌ലാന്‍ഡില്‍ വളരെക്കുറച്ചു മലയാളികളേ ഉള്ളൂ. ഉള്ളവര്‍ വളരെ യോജിപ്പിലും രമ്യതയിലുമാണു കഴിയുന്നതു്. ഒരു മലയാളി സംഘടനയേ ഉള്ളൂ-സ്വരം. (SWORAM: Southwest Washington and Oregon Association of Malayalees) കൊല്ലത്തിലൊരിക്കല്‍ രണ്ടുമൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു കലാസായാഹ്നം അതിന്റെ ആഭിമുഖ്യത്തില്‍ നടത്താറുണ്ടു്.
പ്രധാനമായും കുട്ടികളുടെ കലാപരിപാടികളാണു് അവിടെ അരങ്ങേറുന്നതു്. ഒന്നു-രണ്ടു വയസ്സുള്ള കുട്ടികളുടെ ഫാന്‍സിഡ്രെസ്, രണ്ടു-മൂന്നു വയസ്സുള്ളവരുടെ പാട്ടു്, മൂന്നു-നാലു വയസ്സുള്ളവരുടെ കുഞ്ഞുഡാന്‍സ്, അതിനു മുകളിലുള്ളവരുടെ വലിയ ഡാന്‍സ്, സ്കിറ്റ്, പ്രസംഗം, മാജിക് ഷോ തുടങ്ങിയ വിവിധപരിപാടികള്‍. പെര്‍ഫോമന്‍സ് എങ്ങനെയായാലും ഒരു കുട്ടിയെയും അവിടെ പങ്കെടുപ്പിക്കാതിരിക്കില്ല.
ബാക്കിയുള്ള സമയത്താണു് മുതിര്‍ന്നവരുടെ പരിപാടികള്‍. പാട്ടു്, പലതരം ഡാന്‍സുകള്‍, ഗ്രൂപ്പ് സോംഗ് എന്നിവയാണു് പ്രധാന ഇനങ്ങള്‍. മിക്കവാറും സ്ത്രീകള്‍ അവതരിപ്പിക്കുന്നവ. ധാരാളം നല്ല കലാകാരികള്‍ പോര്‍ട്ട്‌ലാന്‍ഡിലുണ്ടു്. ചെറുപ്പം മുതലേ നൃത്തവും സംഗീതവും അഭ്യസിച്ചവര്‍, അഭ്യസിപ്പിക്കുന്നവര്‍, കലാബോധമുള്ളവര്‍, കലാതിലകവും മറ്റും ആയിട്ടുള്ളവര്‍, കലയോടു് ഒടുങ്ങാത്ത താത്പര്യമുള്ളവര്‍ അങ്ങനെ ഒരുപാടു പേര്‍.
ഇതിനു നേരേ വിപരീതമാണു് പുരുഷന്മാര്‍. അമ്പത്താറുകളി, വെള്ളമടി, സ്റ്റോക്ക് മാര്‍ക്കറ്റ്, ഇലക്ട്രോണിക് സാധനങ്ങളുടെ ക്രയവിക്രയം തുടങ്ങിയ കലാപരിപാടികളില്‍ നിഷ്ണാതരാണെങ്കിലും പാട്ടു്, കൂത്തു്, സ്കിറ്റ് തുടങ്ങിയ സംഭവങ്ങളുടെ ഏഴയലത്തുകൂടിപ്പോലും ഈ പുരുഷകേസരികള്‍ പോകാറില്ല.
ആകെ പുരുഷന്മാര്‍ കൂടുന്ന പരിപാടി ഗ്രൂപ്പ് സോംഗ് ആണു്. പക്ഷേ, പെണ്ണുങ്ങളുടെ പിച്ച് വളരെ വലുതായതിനാല്‍ ആണുങ്ങള്‍ ചുണ്ടനക്കുന്നതല്ലാതെ ശബ്ദം പുറപ്പെടുവിക്കുന്നതു പലപ്പോഴും കേള്‍ക്കാറില്ല. ഇവരൊന്നും ഒറ്റയ്ക്കൊരു പാട്ടുപാടി ആരും കേട്ടിട്ടുമില്ല.
പോര്‍ട്ട്‌ലാന്‍ഡിലെ തരുണീമണികള്‍ വ്യസനാക്രാന്തരായി. എന്തെങ്കിലും ഒരു സ്കിറ്റോ മിമിക്രിയോ ഒപ്പനയോ വല്ലതും അവതരിപ്പിക്കണമെന്നു് അവര്‍ കേണപേക്ഷിക്കാന്‍ തുടങ്ങിയിട്ടു കൊല്ലം കുറേയായി. നോ രക്ഷ!
അങ്ങനെയിരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍, പോര്‍ട്ട്‌ലാന്‍ഡിലെ പ്രധാന കലാകാരിയും ഓര്‍ഗനൈസറുമായ മിനി, എന്തോ പരദൂഷണം പറഞ്ഞുകൊണ്ടിരുന്ന രാജേഷ് വര്‍മ്മയുടെയും എന്റെയും അടുത്തെത്തി.
“രാജേഷ് ഒരു കലാകാരനാണെന്നു കേട്ടിട്ടുണ്ടല്ലോ. എന്തെങ്കിലും ഒരു പ്രോഗ്രാം…”
ബെസ്റ്റ്! രാജേഷിനെ ആരെങ്കിലും കലാകാരന്‍ എന്നു വിളിച്ചിട്ടുണ്ടെങ്കില്‍ അതു കലത്തിന്റെ ആകാരമുള്ളവന്‍ എന്ന അര്‍ത്ഥത്തിലാണു്. വേറേ എന്തൊക്കെ വിളിച്ചാലും രാജേഷിനെ കലാകാരന്‍ എന്നു് അദ്ദേഹത്തിന്റെ ഭാര്യയായ ബിന്ദു പോലും കരുതുന്നില്ല. പണ്ടു് കൊല്ലം ടി. കെ. എം. എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ട്ട്സ് ക്ലബ് സെക്രട്ടറിയായതു നമ്മുടെ സുധാകരന്‍ ദേവസ്വം ബോര്‍ഡ് മന്ത്രിയായതുപോലെ മാത്രമേ ഉള്ളൂ.
“അയ്യോ, ഞാന്‍ എന്തു ചെയ്യാന്‍? സ്റ്റേജില്‍ കയറിയാല്‍ എനിക്കു തല കറങ്ങും…” എന്നു രാജേഷ്.
“ഒറ്റയ്ക്കു വേണ്ടാ. നിങ്ങള്‍ രണ്ടു പേരും കൂടി മതി. നിങ്ങളെന്തോ മലയാളം എഴുത്തുകാരോ മറ്റോ ആണെന്നു് ആരോ പറഞ്ഞു കേട്ടു…”
ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും അന്നേ ബ്ലോഗുണ്ടു്. എന്നാലും അതൊന്നും നാട്ടുകാര്‍ അറിഞ്ഞിട്ടില്ല. ഇതു വേറേ ഏതോ കേട്ടുകേള്‍വിയാണു്.
“ഞങ്ങള്‍ക്കു രണ്ടു പേരും കൂടിയോ? വേണമെങ്കില്‍ അക്ഷരശ്ലോകം ചൊല്ലാം,” ഞാന്‍ പറഞ്ഞു.
“വേണമെങ്കില്‍ ഞങ്ങള്‍ വെള്ളമടിച്ചു പൂസായി മുണ്ടു പറിച്ചു തലയില്‍ കെട്ടി സ്റ്റേജിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാം” എന്നു പറയുന്നതില്‍ കൂടുതല്‍ വിലയൊന്നും ഈ പ്രസ്താവനയ്ക്കു കൊടുക്കില്ല എന്നാണു ഞാന്‍ കരുതിയതു്. പക്ഷേ, പിന്നീടു് പരിപാടിയുടെ ലിസ്റ്റ് ഈ-മെയിലായി വന്നപ്പോള്‍ ഞാന്‍ ഞെട്ടി. ദാ കിടക്കുന്നു-“അക്ഷരശ്ലോകം: രാജേഷ് വര്‍മ്മ & ഉമേഷ് നായര്‍”!
രാജേഷിനെ വിളിച്ചു.
“ഡോ, ആ മിനിയെ വിളിച്ചു പറ, അക്ഷരശ്ലോകം എടുത്തു മാറ്റാന്‍…”
അക്ഷരശ്ലോകം രാജേഷിന്റെ എന്നത്തേയും ജീവിതാഭിലാഷമായിരുന്നു. പക്ഷേ ജനിച്ചതു് സുവിശേഷപ്രസംഗങ്ങളുടെയും റബ്ബര്‍ കൃഷിയുടെയും നാടായ തിരുവല്ലയില്‍ ആയിപ്പോയി. അക്ഷരശ്ലോകം പോയിട്ടു് അക്ഷരമറിയാവുന്നവരെ കണ്ടുകിട്ടാന്‍ വിഷമമുള്ള സ്ഥലം. “അപ്പയ്യാഖ്യന്‍ പടി കുവലയാനന്ദമുണ്ടാക്കിടുന്നോര്‍” എന്നൊക്കെ മഹാകവി ഉള്ളൂര്‍ പറഞ്ഞിട്ടുണ്ടെങ്കിലും, തിരുവല്ലക്കാരുടെ സാഹിത്യകൌതുകം മെഴുവേലി ബാബുവിനു് അപ്പുറത്തേയ്ക്കു പോയിരുന്നില്ല.
രാജേഷ് വിവാഹം കഴിച്ച ബിന്ദു പൂര്‍വ്വാശ്രമത്തില്‍ ഒരു അക്ഷരശ്ലോകബാലതാരമായിരുന്നു. പക്ഷേ ശ്ലോകം ചൊല്ലാനുള്ള രാജേഷിന്റെ അപേക്ഷയൊക്കെ ആ സാദ്ധ്വി നിഷ്കരുണം തള്ളിക്കളയുകയാണുണ്ടായതു്.
വളരെയധികം വിരളമായി മാത്രം കണ്ടുവരുന്ന ഒരു വിശിഷ്ടദാമ്പത്യമാണു് രാജേഷിന്റെയും ബിന്ദുവിന്റെയും. “അച്ചിയ്ക്കു് ഇഞ്ചി പക്ഷം, നായര്‍ക്കു് കൊഞ്ചു പക്ഷം” എന്നാണല്ലോ ചൊല്ലു്. (“ഇഞ്ചിപക്ഷം” എന്നു വെച്ചാല്‍ ഇഞ്ചി എന്ന ഭക്ഷണസാധനം ഇഷ്ടമാണു് എന്നാണു് അര്‍ത്ഥം, ഇഞ്ചിപ്പെണ്ണിന്റെ പക്ഷം ചേര്‍ന്നു് ബ്ലോഗ് കറുപ്പിക്കും എന്നല്ല.) എന്നാല്‍ ഇവരുടെ കാര്യത്തില്‍ “വര്‍മ്മയ്ക്കു് എരിശ്ശേരി പക്ഷം, വര്‍മ്മണിയ്ക്കും എരിശ്ശേരി പക്ഷം” എന്നാണു്. സമാനമായ ഇഷ്ടങ്ങളും അഭിരുചികളും സ്വഭാവങ്ങളും ഉള്ള ദമ്പതികളെ ഇതുപോലെ ഞാന്‍ എങ്ങും കണ്ടിട്ടില്ല. ഒരാള്‍ക്കു് താത്പര്യമുള്ളതും മറ്റേയാള്‍ക്കു് താത്പര്യമില്ലാത്തതുമായ ഒരു സാധനം പോലും സൂര്യനു താഴെയില്ല.
ഇങ്ങനെ പറഞ്ഞതുകൊണ്ടു് രണ്ടുപേരും എല്ലാ കാര്യങ്ങളും കൂട്ടായി, സഹകരിച്ചു്, ഒന്നിച്ചാണു ചെയ്യുന്നതു് എന്നു് ആരും സംശയിച്ചു പോകരുതു്. രണ്ടുപേരും ഒന്നിച്ചു് ഒരു സിനിമ പോലും കാണുന്നതോ ചായ കുടിക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല.
സിനിമയെപ്പറ്റി പറഞ്ഞാല്‍ പറയാന്‍ ഒരുപാടു കഥകളുണ്ടു്.
പണ്ടു്, രാജേഷ് ബിന്ദുവിനെ പെണ്ണുകാണാന്‍ പോയ സമയം. പതിവുള്ള ചായകുടിക്കും ബിസ്കറ്റുതീറ്റിക്കും ശേഷം രണ്ടുപേര്‍ക്കും എന്തെങ്കിലും ചോദിച്ചുപറഞ്ഞിരിക്കാന്‍ ബന്ധുക്കള്‍ അണിയറയിലേയ്ക്കു നിഷ്കാസനം ചെയ്തതിനു ശേഷമുള്ള സുരഭിലമുഹൂര്‍ത്തം. “മൈ നെയിം ഈസ് വര്‍മ്മ, രാജേഷ് വര്‍മ്മ”, “ബിന്ദുവിന്റെ പേരെന്താ?” തുടങ്ങിയ സ്ഥിരം ഡയലോഗുകള്‍ക്കു ശേഷം രാജേഷ് ചോദിച്ചു:
“ഭവതിയ്ക്കു് സിനിമാ കാണാന്‍ ഇഷ്ടമാണോ?”
“പിന്നേ, ഒരുപാടു് ഇഷ്ടമാണു്”
“ഞാന്‍ ആഴ്ചയില്‍ ഒരു സിനിമയെങ്കിലും തീയേറ്ററില്‍ പോയി കാണും. മിക്കവാറും ആഴ്ചയില്‍ രണ്ടുമൂന്നെണ്ണം. പിന്നെ വീട്ടില്‍ കാസറ്റ് എടുത്തും കാണും. ഡെയിലി.”
ബിന്ദു ആനന്ദതുന്ദിലയായി. ഇതില്‍പ്പരം സന്തോഷമുണ്ടാകാനുണ്ടോ? “വിവാഹനാളണയുവാന്‍ നേര്‍ച്ച നേര്‍ന്നു്” കാത്തിരുന്ന അവള്‍ക്കു് ഓരോ നിമിഷവും ഓരോ യുഗം പോലെ അനുഭവപ്പെട്ടു. സാധാരണ പെണ്‍കുട്ടികള്‍ക്കു വിവാഹത്തിനു ശേഷമുള്ള സ്വപ്നങ്ങളൊന്നുമായിരുന്നില്ല ബിന്ദുവിനു്. ദിവസവും സിനിമയ്ക്കു പോകുന്നതിനെപ്പറ്റിയാണു് തത്രഭവതി സ്വപ്നം കണ്ടതു്.
കല്യാണം കഴിഞ്ഞു പോര്‍ട്ട്‌ലാന്‍ഡില്‍ എത്തിയതിന്റെ പിറ്റേദിവസം രാജേഷ് പറഞ്ഞു, “വരൂ പ്രിയേ, നമുക്കൊരു സിനിമ കാണാന്‍ പോകാം. വളരെ നല്ല ഒരു സിനിമ ഉണ്ടു്.”
ആ പാവം വനിത, ആ ഗൃഹലക്ഷ്മി, ആ മഹിളാരത്നം ഉടുത്തൊരുങ്ങി കാന്തനോടൊത്തു പുറപ്പെട്ടു. (ഈ പ്രയോഗത്തിനു് രാജേഷ് വര്‍മ്മയോടു തന്നെ കടപ്പാടു്.)
ബിന്ദുവിന്റെ മാതാപിതാക്കള്‍ കണ്ടുമുട്ടുന്നതിനു് ഒന്നര ദശാബ്ദം മുമ്പു് ജാപ്പനീസ് ഭാഷയില്‍ നിര്‍മ്മിച്ച ഒരു ബ്ലായ്ക്ക് ആന്‍ഡ് വൈറ്റ് സിനിമയായിരുന്നു അന്നു് - Tôkyô monogatari (Tokyo Story). ദാമ്പത്യജീവിതം തുടങ്ങുന്നവര്‍ക്കു പറ്റിയ പടം. ഒരു വല്യപ്പനും വല്യമ്മയും കൂടി മക്കളെയും കൊച്ചുമക്കളെയും കാണാന്‍ പോകുന്നു. അവരുടെ ജീവിതം കണ്ടിട്ടു തങ്ങള്‍ കല്യാണം കഴിച്ചതെന്തിനു് എന്നു് അവര്‍ സ്വയം ചോദിക്കുന്നു. ഭാഷ അറിയാത്തതുകൊണ്ടും ഇരുപതു മിനിട്ടിനു ശേഷം ഉറങ്ങിപ്പോയതുകൊണ്ടും സിനിമയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ടു് വിവാഹജീവിതമേ ഉപേക്ഷിക്കാന്‍ ബിന്ദു തയ്യാറായില്ല എന്നതു ഭാഗ്യം!
അടുത്ത ദിവസം സിനിമയ്ക്കു പോകാന്‍ അത്ര താത്പര്യമുണ്ടായിരുന്നില്ല. എങ്കിലും ആയിടെ ഇറങ്ങിയ ഒരു കളര്‍സിനിമയാണെന്നു പറഞ്ഞതുകൊണ്ടു പോയി. കളര്‍ തന്നെ. ഇറാനിയന്‍ പടം. Ta’m e guilass (The taste of cherry). ആദി മുതല്‍ അവസാനം വരെ ബിന്ദു അതു കണ്ണു മിഴിച്ചിരുന്നു കണ്ടെങ്കിലും ഒന്നും മനസ്സിലായില്ല. ഒരുത്തന്‍ ഒരു വണ്ടിയില്‍ പോകുന്നു. ഇടയ്ക്ക് നിര്‍ത്തി ചിലരോട് എന്തോ ചോദിക്കുന്നു. ഒടുക്കം, സിനിമാ നടനും സംവിധായകനും ക്യാമറാമാനും എല്ലാം കൂടി പായ്ക്കപ്പ് ചെയ്ത് പോകുന്നു. ഇതെന്തൊരു കുന്തം?
മടങ്ങി വരുന്ന സമയത്തു രാജേഷ് സിനിമയെപ്പറ്റി വാ തോരാതെ സംസാരിച്ചു. സിനിമയിലെ നായകന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണു്. അയാളെ കുഴി വെട്ടി മൂടാന്‍ തയ്യാറുള്ള ഒരു സഹായിയെ അന്വേഷിച്ചു നടപ്പാണു്. അവസാനം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു പരിചയമുള്ള ഒരു വല്യപ്പനെ കിട്ടി. രണ്ടു പേരും കൂടി ജീവിതത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റിയും ആത്മഹത്യയുടെ സാങ്കേതികവശങ്ങളെപ്പറ്റിയും പറ്റി സിനിമ മുഴുവന്‍ വിശകലനം ചെയ്യുന്നു. ക്ലാസ് പടം!
മൂന്നാം ദിവസം ബിന്ദുവിനെ സിനിമയ്ക്കു കൊണ്ടുപോകാന്‍ രാജേഷിനു ബലം പ്രയോഗിക്കേണ്ടി വന്നു. ബെര്‍ഗ്മാന്‍ എന്ന സംവിധായകന്റെ സിനിമയാണെന്നു കേട്ടപ്പോള്‍ പാതിമനസ്സോടെ പോയതാണു്. ഇങ്ങേര്‍ അസാദ്ധ്യസംവിധായകനാണെന്നു് അച്ഛന്‍ വീട്ടില്‍ വരുത്തുന്ന “കലാകൌമുദി”യിലോ മറ്റോ ബിന്ദു കണ്ടിട്ടുണ്ടു്. പിന്നെ ഭാഷ സ്വീഡിഷും ലാറ്റിനും ആണു്. മലയാളിക്കു തമിഴും സംസ്കൃതവും മനസ്സിലാകുന്നതുപോലെ ഇംഗ്ലീഷ് അറിയാവുന്നവനു് ആ ഭാഷകളും മനസ്സിലാവും എന്നാണു രാജേഷ് പറഞ്ഞതു്.
Sjunde inseglet, Det (The seventh seal). സംഭവം വീണ്ടും ബ്ലായ്ക്ക് ആന്‍ഡ് വൈറ്റ്. മധുവിധു കഴിയുന്നതിനു മുമ്പു് താന്‍ വര്‍ണ്ണാന്ധയായിപ്പോകുമോ എന്നു ബിന്ദുവിനു ഭയമായി. സിനിമ മുഴുവന്‍ ചെസ്സുകളിയാണു്. ഒരു പഴയ മാടമ്പിയും മരണവും തമ്മിലുള്ള ചെസ്സുകളി. തീയേറ്ററിന്റെ നാലഞ്ചു മൂലകളില്‍ കഷണ്ടിക്കാരന്റെ ചെവിക്കു കീഴിലെ മുടിപോലെ ഇരുന്ന ആളുകള്‍ ഓരോ ഡയലോഗിനും കൈയടിച്ചുകൊണ്ടിരുന്നു. മലയാളിക്കു് തമിഴും സംസ്കൃതവും തീരെ മനസ്സിലാകില്ല എന്നു് അന്നു ബിന്ദുവിനു മനസ്സിലായി.
അടുത്ത ദിവസം ബിന്ദു പറഞ്ഞു, “ഇനി മുതല്‍ സിനിമയ്ക്കു് ആര്യപുത്രന്‍ ഒറ്റയ്ക്കു പോയാല്‍ മതി. ഞാന്‍ ടീവിയിലെ സോപ്പ് ഓപ്പറാ സീരിയല്‍ കില്ലറുകള്‍ കണ്ടു ശിഷ്ടകാലം തള്ളിനീക്കിക്കൊള്ളാം.”
പിന്നീടു് അവര്‍ ഒന്നിച്ചു സിനിമാ കാണാറില്ല. ഇടയ്ക്കിടെ വീഡിയോ സ്റ്റോറില്‍ നിന്നു മലയാളം ഡീവീഡികള്‍ എടുക്കും. രാജേഷ് ഓഫീസില്‍ നിന്നു വരുന്നതിനു മുമ്പു് ബിന്ദു അവ കണ്ടുതീര്‍ക്കും. ബിന്ദു ഉറങ്ങിക്കഴിഞ്ഞതിനു ശേഷം രാജേഷ് രാത്രിയിലിരുന്നു് അവ കാണും. എന്തായാലും രണ്ടുപേര്‍ക്കും സിനിമാ കാണാന്‍ വളരെ ഇഷ്ടമാണു്.
പിന്നെ അവര്‍ ഒന്നിച്ചിരുന്നു് ഒരു സിനിമാ കണ്ടതു് ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ബന്ധുക്കളൊക്കെക്കൂടി പിടിച്ചു വലിച്ചു് “ഉദയനാണു താരം” കാണാന്‍ പോയപ്പോഴാണു്. അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു സിനിമാ കാണാന്‍ പോകാം എന്ന രാജേഷിന്റെ നിര്‍ദ്ദേശം ഒന്നിനെതിരേ പതിനേഴു വോട്ടുകള്‍ക്കു തള്ളിപ്പോയി.
സിനിമ പോലെ തന്നെയാണു് ബാക്കി എല്ലാ കാര്യങ്ങളും. എക്സര്‍സൈസ്, സൈക്കിള്‍ ചവിട്ടല്‍, പരദൂഷണം പറയല്‍, മരം കയറല്‍, ചായ കുടിക്കല്‍, വില പേശല്‍, കുട്ടിയോടൊത്തു കളിക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളും രണ്ടു പേര്‍ക്കും താത്പര്യമുള്ളവ തന്നെ. എങ്കിലും ഒരേ സമയത്തു ചെയ്യില്ല. ആരെങ്കിലും ഒരു തമാശ പറഞ്ഞാല്‍ പോലും രാജേഷ് ചിരി നിര്‍ത്തിക്കഴിഞ്ഞിട്ടേ ബിന്ദു ചിരി തുടങ്ങുകയുള്ളൂ.
അക്ഷരശ്ലോകത്തിന്റെ കാര്യവും അങ്ങനെ തന്നെ. ഞാന്‍ രാജേഷിന്റെ കൂടെയും ബിന്ദുവിന്റെ കൂടെയും ശ്ലോകം ചൊല്ലിയിട്ടുണ്ടു്. ഇതു വരെ, രണ്ടു പേരോടുമൊത്തു ചൊല്ലിയിട്ടില്ല.
പീഡനത്തിന്റെ കഥ പറഞ്ഞുവന്നു് സംഗതി വ്യക്തിപീഡനമായിപ്പോയി. (കേരള്‍സ്.കോമിനെ കൈകാര്യം ചെയ്തതിന്റെ ഹാങ്ങോവറായിരിക്കാം.) എന്റെയൊരു കാര്യം! കഥയിലേക്കു തിരിച്ചുവരുന്നു.
അങ്ങനെ, സ്വരത്തിന്റെ കലാസായാഹ്നത്തില്‍ ഞാനും രാജേഷ് വര്‍മ്മയും കൂടി അക്ഷരശ്ലോകം അവതരിപ്പിക്കാന്‍ തീരുമാനമായി. (ബിന്ദുവിനെയും വിളിച്ചു. വന്നില്ല. രാജേഷ് ഇല്ലെങ്കില്‍ കൂടാം എന്നു പറഞ്ഞു.) ഇനി മനുഷ്യര്‍ അക്രമാസക്തരാകാത്ത വിധത്തില്‍ ഇതു് എങ്ങനെ അവതരിപ്പിക്കും എന്നതായി ചിന്ത. സ്റ്റേജില്‍ കയറി അപ്പോള്‍ തോന്നുന്ന ശ്ലോകങ്ങള്‍ ചൊല്ലണ്ടാ എന്നു തീരുമാനിച്ചു. പകരം, ഏതൊക്കെ ശ്ലോകങ്ങളാണു ചൊല്ലേണ്ടതു് എന്നു നേരത്തേ ഒരു ധാരണയുമായി പോകാന്‍ ധാരണയായി. ഞങ്ങള്‍ രണ്ടുപേരും കൂടി കുറേ തല്ലുകൂടി അവസാനം 11 ശ്ലോകങ്ങള്‍ തിരഞ്ഞെടുത്തു. താഴെപ്പറയുന്ന പ്രത്യേകതകള്‍ ഉള്ളവയായിരുന്നു ഈ ശ്ലോകങ്ങള്‍.
മലയാളശ്ലോകങ്ങള്‍ മാത്രം. ശുദ്ധസംസ്കൃതം കേട്ടാല്‍ ആളുകള്‍ക്കു ബോധം പോയാലോ?
തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഞാന്‍ ആയിരിക്കും. ഞാന്‍ 6 ശ്ലോകം. രാജേഷ് 5 ശ്ലോകം.
പല വൃത്തങ്ങള്‍ ഉപയോഗിക്കും. ഞാന്‍ ചൊല്ലുന്ന വൃത്തത്തില്‍ത്തന്നെ രാജേഷ് തുടരും. പ്രാസം, ഭാവം തുടങ്ങി ഞാന്‍ ചൊല്ലുന്ന ശ്ലോകങ്ങള്‍ക്കുള്ള പ്രത്യേകതകളുള്ള ശ്ലോകങ്ങളായിരിക്കും രാജേഷ് തുടര്‍ന്നു ചൊല്ലുന്നതു്.
അക്ഷരം മുട്ടിക്കുന്ന ക്രൂരവിനോദമല്ല അക്ഷരശ്ലോകം, പിന്നെയോ, ഭാവത്തിനനുസൃതമായി താദാത്മ്യം പ്രാപിക്കുന്ന അമൂര്‍ത്തവും അനവദ്യവുമായ അസാദ്ധ്യകലയാണു് എന്നു ചൂണ്ടിക്കാട്ടുകയായിരുന്നു ലക്ഷ്യം. എന്തു ചെയ്യാന്‍, ചീറ്റിപ്പോയി!
മൂന്നാമത്തെ വരി എവിടെയാണു തുടങ്ങുന്നതെന്നു കേള്‍വിക്കാര്‍ക്കു മനസ്സിലാകാന്‍ മൂന്നാം വരി തുടങ്ങുന്നതിനു തൊട്ടു മുമ്പു് ശ്ലോകം ചൊല്ലാത്ത ആള്‍ ഒരു ആംഗ്യം കാണിക്കും.
ഇതും ചീറ്റിപ്പോയി. അവിടെ ചെന്നപ്പോള്‍ അതൊക്കെ മറന്നു പോയി. ഞാന്‍ ഇടയ്ക്കിടെ ഗോഷ്ടി കാണിക്കുന്നതു് ഇതാണെന്നു മനസ്സിലാക്കുക.
ഇതൊക്കെ പാലിച്ചു് ഞങ്ങള്‍ അവതരിപ്പിച്ച അക്ഷരശ്ലോകപരിപാടി താഴെക്കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണുകയും കേള്‍ക്കുകയും ചെയ്യാം.
മുന്നറിയിപ്പു്:
ഈ വീഡിയോ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതു് നിങ്ങളുടെ സ്വന്തം റിസ്കില്‍ ആണു്. അതു വല്ലതും ചെയ്തിട്ടു് ചെവിക്കല്ലു പൊട്ടുക, ബുദ്ധിസ്ഥിരത നശിക്കുക, അക്രമാസക്തി ഉണ്ടാവുക, സീരിയല്‍ കില്ലര്‍ ആവുക, വിഷാദരോഗം വരുക, ബ്ലോഗ് കറുപ്പിക്കുക, അനോണിയാവുക, കോമ സംഭവിക്കുക തുടങ്ങി ശാരീരികമോ മാനസികമോ രണ്ടും കൂടിയതോ ആയ വൈകല്യങ്ങള്‍ സംഭവിച്ചാല്‍ ഞാനോ രാജേഷ് വര്‍മ്മയോ യൂട്യൂബോ ഗൂഗിളോ വേര്‍ഡ്പ്രെസ്സോ എന്റെ ഹോസ്റ്റിംഗ് കമ്പനിയോ അഗ്രിഗേറ്ററുകളോ ഈ പോസ്റ്റ് ഇനി അടിച്ചുമാറ്റിയേക്കാവുന്ന കോരല്‍സ് കമ്പനികളോ ഉത്തരവാദികളല്ല.
(ഇവിടെ കാണാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇവിടെ നിന്നു കാണുക.)
ഈ പ്രോഗ്രാമിനെപ്പറ്റി രാജേഷ് പറയുന്നതു കേള്‍ക്കുക. അക്ഷരശ്ലോകം ഗ്രൂപ്പിലേയ്ക്കു് അദ്ദേഹമയച്ച മെയില്‍ നിന്നു്:
The crowd here in Portland has a large number of Malayalees who were born and brought up outside Kerala. When it is a torture for even an average Malayalee to sit through 7 minutes of Slokam recitation, need we say about these wretched souls? As soon as our performance started, people started showing signs of pain. Little babies started crying and I could hear some grown-ups groaning in agony. People were not prepared for this, so they were so shocked that they could not even get up and leave the auditorium. A few people with hypertension and diabetes even fainted. Needless to say, it was a lot of fun for us, the participants. There is nothing I enjoy more than reciting Slokams, but it is all the more enjoyable when you are inflicting suffering on others. You can try this at your local gatherings also.
If any of the people in the audience were prepared with weapons, I wouldn’t be here now to tell you the story. But, luckily for us, they were not. But, that is the kind of risk you take when you want to propagate unpopular things that are dear to your heart. The following lines from a Slokam recited in our e-sadass (#546) gave me the courage to do this:
ശ്ലോകമോതി മരണം വരിക്കിലോ
നാകലോകമവനാണു നിര്‍ണ്ണയം.
ദോഷം പറരുതല്ലോ. പ്രോഗ്രാമിനു ശേഷം പ്രേക്ഷകരില്‍ നിന്നു നല്ല പ്രതികരണമാണു കിട്ടിയതു്. ചില പ്രതികരണങ്ങള്‍:
ഒറ്റയ്ക്കു ചെയ്യാന്‍ ധൈര്യമില്ലാത്തതു കൊണ്ടായിരിക്കും രണ്ടു പേര്‍ കൂടി ചെയ്തതു്, അല്ലേ?
ഈ ഗോമ്പറ്റീഷനില്‍ ആരാ ജയിച്ചതു്?
നിങ്ങളുടെ മിമിക്രി കൊള്ളാമായിരുന്നു. ശ്ലോകം ചൊല്ലുന്നവരെ ശരിക്കു കളിയാക്കി!
ഡാന്‍സുകാര്‍ക്കു തുണി മാറാന്‍ ഏഴു മിനിറ്റു സമയം വേണമെങ്കില്‍ അതു പറഞ്ഞാല്‍ പോരായിരുന്നോ? ഇങ്ങനെ ഞങ്ങളെ പീഡിപ്പിക്കണമായിരുന്നോ?
ഇതു ഞാന്‍ കൊച്ചിലേ മുതല്‍ കേള്‍ക്കുന്നതാ. എന്റെ രണ്ടമ്മാവന്മാര്‍ ഇതില്‍ എക്സ്പേര്‍ട്ട്സായിരുന്നു. ഒരാള്‍ മൃദംഗത്തിലും മറ്റേയാള്‍ വയലിനിലും.
മുഴുവന്‍ സംസ്കൃതമായതുകൊണ്ടു് എനിക്കെല്ലാം മനസ്സിലായി. ഞാന്‍ ആറു കൊല്ലം സംസ്കൃതം പഠിച്ചിട്ടുണ്ടു്.
ഈ അക്ഷരശ്ലോകം എന്നു പറയുന്നതു് കുച്ചിപ്പുഡി പോലെ എന്തോ ഒരു സാധനമാണെന്നു കരുതിയാണു് ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും ഇതിന്റെ പടമെടുത്തതു്. ഡീവീഡി ഉണ്ടാക്കിക്കഴിഞ്ഞപ്പോഴാണു് പറ്റിയ അബദ്ധം മനസ്സിലായതു്. പിന്നീടു് ഡീവീഡി പുനഃപ്രകാശനം ചെയ്തപ്പോള്‍ അതില്‍ നിന്നു് അക്ഷരശ്ലോകം വെട്ടിമാറ്റിയിരുന്നു.
ഏതായാലും അഞ്ചു കൊല്ലത്തേയ്ക്കു സ്റ്റേജില്‍ കയറിപ്പോകരുതു് എന്നു് എനിക്കും രാജേഷിനും വിലക്കു കിട്ടി. സ്റ്റേജില്‍ കയറുന്നതു് ഒരു വീക്ക്‍നെസ്സായതുകൊണ്ടു് ഞാന്‍ നാടു വിട്ടു കാലിഫോര്‍ണിയയ്ക്കു പോന്നു. വളരെയധികം അപേക്ഷകള്‍ക്കു ശേഷം (അതിനു വേണ്ടി എന്നെ തള്ളിപ്പറയുക വരെ ചെയ്തു) രാജേഷിനെ ഇപ്പോള്‍ സ്റ്റേജില്‍ കയറാന്‍ സമ്മതിച്ചു. അടുത്ത പ്രോഗ്രാമിനു കര്‍ട്ടന്‍ വലിക്കാന്‍ താന്‍ സ്റ്റേജില്‍ കയറുന്നുണ്ടെന്നു രാജേഷ് അത്യാഹ്ലാദത്തോടെ ഈയിടെ പറഞ്ഞു.
എന്തൊക്കെ പറഞ്ഞാലും പോര്‍ട്ട്‌ലാന്‍ഡിലെ അമ്മമാര്‍ ഞങ്ങളോടു് കൃതജ്ഞരാണു്. “ദാ, അക്ഷരശ്ലോകം ചൊല്ലുന്ന അങ്കിളുമാരെ വിളിക്കും” എന്നു പറഞ്ഞാണു് അവര്‍ കുട്ടികളെ അനുസരിപ്പിക്കുന്നതും ഉറക്കുന്നതും.
ഇതില്‍ ചൊല്ലിയ ശ്ലോകങ്ങള്‍ കിട്ടണമെന്നു് ആഗ്രഹമുള്ളവര്‍ക്കായി അവ താഴെച്ചേര്‍ക്കുന്നു. നേരത്തേ തയ്യാറെടുത്തിരുന്നെങ്കിലും (ഞങ്ങള്‍ ഒന്നിച്ചിരുന്നു ചൊല്ലിനോക്കിയിരുന്നില്ല, ശ്ലോകങ്ങള്‍ തീരുമാനിച്ചതേ ഉള്ളൂ.) ചൊല്ലിയപ്പോള്‍ എനിക്കു മൂന്നിടത്തു തെറ്റുപറ്റി. രാജേഷ് തെറ്റൊന്നുമില്ലാതെ ഭംഗിയാക്കി.
ചൊല്ലിയതു്: ഉമേഷ്, കവി: വി. കെ. ജി., വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം തേടിത്തേടി നടന്നു കാലടി കഴയ്ക്കട്ടേ, ഭവത്കീര്‍ത്തനം
പാടിപ്പാടി വരണ്ടൂണങ്ങുകിലുണങ്ങീടട്ടെ ജിഹ്വാഞ്ചലം
കൂടെക്കൂടെ നടത്തുമര്‍ച്ചന തളര്‍ത്തീടട്ടെ കൈ രണ്ടു, മി-
ക്കൂടാത്മാവു വെടിഞ്ഞിടും വരെ ഹരേ! നിന്നെ സ്മരിച്ചാവു ഞാന്‍!
ചൊല്ലിയതു്: രാജേഷ്, കവി: വി. കെ. ജി., വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം കാളിന്ദിപ്പുഴവക്കിലുണ്ടൊരരയാല്‍വൃക്ഷം, കണിക്കൊന്നയെ-
ക്കാളും മഞ്ജുളമായ മഞ്ഞവസനം ചാര്‍ത്തുന്നൊരാളുണ്ടതില്‍,
കാളാബ്ദാഞ്ചിതകോമളാകൃതികലാപാലംകൃതോഷ്ണീഷനാ-
ണാ, ളെന്‍ നിര്‍ഭരഭാഗ്യമേ, മദനഗോപാലന്‍ മദാലംബനം!
പോസ്റ്റിന്റെ രസത്തിനു വേണ്ടി പല പൊടിപ്പും തൊങ്ങലും ചേര്‍ത്തിട്ടുണ്ടു്. അവയില്‍ പലതും സത്യവിരുദ്ധമാണു്. എന്‍. എസ്. മാധവനു ചെയ്യാമെങ്കില്‍ എനിക്കും ആയിക്കൂടേ?
പോര്‍ട്ട്‌ലാന്‍ഡിലെ പുരുഷന്മാരും കലാകാരന്മാരാണു്. ഗ്രൂപ്പ് സോംഗ് കൂടാതെ സ്കിറ്റ്, ഒപ്പന, മൈം, സോളോ സോംഗ്, ഡ്യുവറ്റ് സോംഗ്, കഥാപ്രസംഗം, മിമിക്രി, കവിതാപാരായണം തുടങ്ങി വിവിധകലകളില്‍ പ്രാവീണ്യം പ്രദര്‍ശിപ്പിച്ചിട്ടുള്ളവരാണു്. രാജേഷും ഒരു നല്ല നടനും സംവിധായകനുമാണു്.
രാജേഷും ബിന്ദുവും കൂടി സിനിമാ കാണാന്‍ പോയ കഥ നടന്നതു തന്നെയാണു്. സിനിമകള്‍ ഇവയായിരുന്നില്ല എന്നു മാത്രം. ഈ പോസ്റ്റിനു പറ്റിയ സിനിമകളുടെ ലിസ്റ്റ് തന്നു സഹായിച്ച രാജേഷ് വര്‍മ്മ (പാവം, തനിക്കുള്ള പാരയാണെന്നു് അറിഞ്ഞില്ല!), റോബി കുര്യന്‍ എന്നിവര്‍ക്കു നന്ദി.
തിരുവല്ലയില്‍ സാഹിത്യകുതുകികള്‍ ഇല്ലെന്നു പറഞ്ഞതു ശരിയല്ല. ജി. കുമാരപിള്ള, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയ കവികളുടെയും, എം. ജി. സോമന്‍, മീരാ ജാസ്മിന്‍, നയനതാര തുടങ്ങിയ സിനിമാതാരങ്ങളുടെയും, ബ്ലെസ്സി തുടങ്ങിയ സംവിധായകരുടെയും ജന്മസ്ഥലമായ ശ്രീവല്ലഭപുരം മദ്ധ്യകേരളത്തിന്റെ സാംസ്കാരികതലസ്ഥാനമാകുന്നു. “കിളിപാടും കാവുകള്‍, അലഞൊറിയും പാടങ്ങള്‍, അവിടെയൊരു രാഗാര്‍ദ്ര സിന്ദൂരക്കുറിപോല്‍…” എന്നു് ആകാശവാണിയിലെ പരസ്യമെഴുത്തു കവി. ബ്ലോഗില്‍ത്തന്നെ രാജേഷ് വര്‍മ്മ, കൈത്തിരി, അനൂപ് തിരുവല്ല, അരവിന്ദന്‍, ബാജി ഓടംവേലി, തമനു, സാബു പ്രയാര്‍, പിന്നെ ഞാന്‍ തുടങ്ങിയവര്‍ തിരുവല്ലയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള പ്രാന്തന്മാരാകുന്നു.
വീഡിയോ എടുത്തതു് കുട്ടന്‍ എന്ന കൃഷ്ണന്‍ കൊളാടിയും സംഘവുമാണു്. എല്ലാവര്‍ക്കും നന്ദി.
ആളുകളുടെ പ്രതികരണങ്ങളായി ഉദ്ധരിച്ച ചോദ്യങ്ങളില്‍ മിക്കവയും സാങ്കല്‍പ്പികമാണു്.
ചില പോസ്റ്റുകള്‍ കുട്ടികളെപ്പോലെയാണു്. മറ്റു ചിലവ വയറിളക്കം പോലെയും.
വളരെയധികം കാലം ആലോചിച്ചിട്ടാണു് ആദ്യത്തെ ജനുസ്സില്‍ പെടുന്ന പോസ്റ്റുകളില്‍ ഒരെണ്ണം ഉണ്ടാക്കുന്നതു്. വരുംവരായ്കകളെപ്പറ്റി ആലോചിക്കും, അതു പുറത്തു വരുമ്പോള്‍ ഏറ്റവും മികച്ചതാവാന്‍ കഴിയുന്നത്ര ശ്രമിക്കും, അതിനെപ്പറ്റി ആരെങ്കിലും നല്ല അഭിപ്രായം പറഞ്ഞാല്‍ അഭിമാനം കൊള്ളും, പിഴവുകള്‍ ചൂണ്ടിക്കാട്ടിയാല്‍ അതിനെ തിരുത്താന്‍ ശ്രമിക്കും, എത്ര പ്രായമായാലും വീണ്ടും വീണ്ടും പോയി അതിനെ ഓമനിക്കും.
പലപ്പോഴും ഉണ്ടാവണമെന്നു നാം ആഗ്രഹിക്കുന്ന സമയത്തൊന്നും അതു് ഉണ്ടാവണമെന്നില്ല. അതിനു് അതിന്റേതായ സമയമുണ്ടു്.
കുറേക്കാലം വേണമെന്നു വിചാരിച്ചിട്ടു് പ്രായോഗികബുദ്ധിമുട്ടുകള്‍ പരിഗണിച്ചു വേണ്ടെന്നു വെയ്ക്കുകയും ചെയ്താറുണ്ടു്. എങ്കിലും സൃഷ്ടി ആരംഭിച്ച ഒന്നിനെയും ഡിലീറ്റ് ചെയ്തു കളയാന്‍ ഒരിക്കലും തോന്നാറില്ല. ഗാന്ധാരിയുടെ ഗര്‍ഭം പോലെ, അവ പലപ്പോഴും കുറേക്കാലത്തിനു ശേഷം നൂറു കഷണങ്ങളായി ചിന്നിച്ചിതറുന്നതും കാണാറുണ്ടു്.
രണ്ടാമത്തെ ജനുസ്സില്‍ പെടുന്നവ പ്രായേണ കാലികപ്രാധാന്യമുള്ളവയായിരിക്കും. അപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ പശ്ചാത്തപിച്ചിട്ടു കാര്യമില്ല എന്ന ചിന്തയില്‍ നിന്നാണു് അവ ഉണ്ടാകുന്നതു്. എഴുതണമെന്നു തോന്നിയാല്‍ പിന്നെ ഒരു കണ്ട്രോളും ഉണ്ടാവില്ല, തീരുന്നതു വരെ. എഴുതിക്കഴിഞ്ഞാലും തൃപ്തിയാകാത്തതു പോലെ തോന്നും. ചിലപ്പോള്‍ തുടര്‍ച്ചയായി പിന്നെയും ഉണ്ടായെന്നും വരും. ഉള്ളിലേയ്ക്കു കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണമാണോ എന്തോ, ഭാഗ്യവശാല്‍ ഇതു വരെ അവ വലിയ നാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല.
രണ്ടിനും വേദനയുണ്ടു്. ആദ്യത്തേതിന്റെ വേദനയാണു വലുതെന്നു ഭൂരിപക്ഷം ആളുകളും പറയുന്നു. എങ്കിലും കൂടുതല്‍ സുഖവും ആനന്ദവും തരുന്നതും ആദ്യത്തേതാണു് എന്റെ വിശ്വാസം.
വയറിളക്കങ്ങളുടെ ഇടയില്‍ വലയുമ്പോഴും വല്ലപ്പോഴും ഒരു കുട്ടിയുണ്ടാവണേ എന്നാണു പ്രാര്‍ത്ഥന.
പോസ്റ്റിലെ ഉള്ളടക്കത്തോളം തന്നെ പ്രാധാന്യം തലക്കെട്ടിനാണു് എന്നു രാം മോഹന്‍ പാലിയത്തു് പറഞ്ഞിട്ടുള്ളതായി ഒരു കിംവദന്തി പ്രചരിക്കുന്നുണ്ടു്. അതൊന്നു പരീക്ഷിച്ചു കളയാം എന്നു കരുതി. ഇനി വയറിളകുന്ന ഒരു കുട്ടിയുടെ പടം കൂടി കിട്ടിയിരുന്നെങ്കില്‍ വലിപ്പം കുറച്ചു് ഈ പോസ്റ്റിന്റെ മുകളില്‍ ഇടത്തുവശത്തായി കൊടുക്കാമായിരുന്നു
സുജനികയിലെ ഒരു പോസ്റ്റിലാണു് ഈ ശ്ലോകത്തെ പരാമര്‍ശിച്ചിരിക്കുന്നതു കണ്ടതു്. ഇപ്പോള്‍ ആ പോസ്റ്റ് കാണുന്നില്ല. എന്തിനു ഡിലീറ്റ് ചെയ്തോ ആവോ?
രാജേഷ് വര്‍മ്മയും പറയുന്നതു കേട്ടു സുജനികയിലെ ഏതോ പോസ്റ്റ് കാണാനില്ലെന്നു്. ഇതെന്താ പോസ്റ്റുകള്‍ കൂട്ടമായി കാണാതാവുകയാണോ?
എന്റെ ചെറുപ്പത്തില്‍ പഴങ്കഥകള്‍ പറയുന്ന ഒരു അപ്പൂപ്പന്‍ പറഞ്ഞാണു് ഈ ശ്ലോകം കേട്ടതു്. രസകരമായതിനാല്‍ അതു് എഴുതിയെടുക്കുകയും പഠിക്കുകയും ചെയ്തു. പിന്നീടു് അതിനെപ്പറ്റി കാണുന്നതു് ഇപ്പോഴാണു്. അപ്പോഴേയ്ക്കും ശ്ലോകം മറന്നുപോയിരുന്നു. സുജനികയുടെ പോസ്റ്റില്‍ കൊടുത്തിരുന്ന അര്‍ത്ഥവിവരണമനുസരിച്ചു് ശ്ലോകം ഓര്‍ത്തെടുത്തതു താഴെച്ചേര്‍ക്കുന്നു. ഈ ശ്ലോകം അറിയാവുന്നവര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം എന്നു് അപേക്ഷിക്കുന്നു.
രാവണവധത്തിനും വിഭീഷണാഭിഷേകത്തിനും ശേഷം എന്തോ കാര്യത്തില്‍ കുപിതനായ രാമന്‍ താന്‍ നേടിക്കൊടുത്തതെല്ലാം തിരിച്ചുകൊടുക്കാന്‍ വിഭീഷണനോടു പറയുന്നതു കേട്ടു് ജാംബവാന്‍ പറയുന്നതായാണു് ആ അപ്പൂപ്പന്‍ ഈ ശ്ലോകം ചൊല്ലിയതു്. ആരെഴുതിയതെന്നോ ഏതു പുസ്തകത്തിലേതെന്നോ അറിയില്ല.
ജാംബവാന്‍ വളരെ പഴയ ആളാണെന്നു കാണിക്കാനാണു താന്‍ കണ്ടിട്ടുള്ള പഴയ കാര്യങ്ങള്‍ അക്കമിട്ടു നിരത്തുന്നതു്. ഓരോന്നിന്റെയും പിറകില്‍ ഓരോ കഥയുണ്ടു്.
രണ്ടു കണ്ണുള്ള ഇന്ദ്രന്‍: ദേവേന്ദ്രനു് ആദിയില്‍ മറ്റെല്ലാവരെയും പോലെ രണ്ടു കണ്ണുകളായിരുന്നു. ഗൌതമന്റെ ഭാര്യ അഹല്യയുടെ അടുത്തു വേണ്ടാതീനത്തിനു പോയപ്പോള്‍ ഗൌതമന്‍ ശപിച്ചു് ഇന്ദ്രനെ സഹസ്രഭഗനാക്കി. ദേഹം മുഴുവന്‍ മുണ്ടിട്ടു മൂടിയല്ലാതെ പുറത്തിറങ്ങാന്‍ പറ്റാതെ ഇന്ദ്രന്‍ അവസാനം ഗൌതമനെത്തന്നെ ശരണം പ്രാപിച്ചു. ഗൌതമന്‍ ആയിരം ജനനേന്ദ്രിയങ്ങളെയും കണ്ണുകളാക്കി. (പിന്നെ ജനനേന്ദ്രിയമില്ലാതെ വലഞ്ഞ ഇന്ദ്രനു് ഒരു ആടിന്റെ ജനനേന്ദ്രിയം വെച്ചുപിടിപ്പിച്ചു എന്നും കേട്ടിട്ടുണ്ടു്.) അങ്ങനെ ഇപ്പോള്‍ ഇന്ദ്രനു് ആയിരം കണ്ണുകളുണ്ടു്. അതാണു് എല്ലാവരും കാണുന്നതു്. അഹല്യാസംഭവത്തിനു മുമ്പും ഇന്ദ്രനെ കണ്ടവനാകുന്നു ഈ ജാംബവാന്‍!
പത്തു തലയുള്ള രാവണനെയും പാമ്പിനെ ചൂടുന്ന ശിവനെയും മറ്റും തന്മയത്വത്തോടു കൂടി കാണിച്ച തമിഴ് പുരാണസിനിമക്കാര്‍ എന്തുകൊണ്ടാണു് ഇന്ദ്രനെ ആയിരം കണ്ണുകളുള്ളവനായി കാണിക്കാഞ്ഞതു് (അഹല്യാ എപ്പിസോഡിനു തൊട്ടു ശേഷമുള്ള ഇന്ദ്രനെ കാണിക്കാത്തതു നമ്മുടെ ഭാഗ്യം!) എന്നു് എനിക്കു മനസ്സിലായിട്ടില്ല.
ഇളക്കുന്നതിനു മുമ്പുള്ള കടല്‍: സമുദ്രത്തില്‍ തിരമാലകളുണ്ടായതെങ്ങനെ എന്നതിനെപ്പറ്റി പുരാണത്തില്‍ എന്തെങ്കിലും കഥയുണ്ടാവും. എനിക്കറിഞ്ഞുകൂടാ. അറിയാവുന്നവര്‍ ദയവായി പറഞ്ഞുതരൂ.
സുജനിക തന്നെ പറഞ്ഞു തന്നു:
പാലാഴിമഥനത്തെയാണു് ഇവിടെ സൂചിപ്പിക്കുന്നതു്. ദേവന്മാരും അസുരന്മാരും കൂടി അമൃതു കിട്ടാന്‍ വേണ്ടി പാലാഴി കടഞ്ഞപ്പോഴാണു് ആദ്യമായി സമുദ്രം ഇളകിയതു്. അതിനു മുമ്പുള്ള സമുദ്രത്തെയും ജാംബവാന്‍ കണ്ടിട്ടുണ്ടു്.
അഞ്ചു തലയുള്ള ബ്രഹ്മാവു്: ബ്രഹ്മാവിനു് ഇപ്പോള്‍ നാലു ദിക്കിലേക്കും നോക്കിയിരിക്കുന്ന നാലു തലകളേ ഉള്ളൂ. (ചില ചിത്രങ്ങളില്‍ മൂന്നു തലയേ കാണുന്നുണ്ടാവൂ. അശോകസ്തംഭത്തിലെ സിംഹത്തിനെപ്പോലെ നാലാമത്തെ തല പുറകിലുണ്ടു്.) സരസ്വതിയെ സൃഷ്ടിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ സൌന്ദര്യം നോക്കി ഇരുന്നുപോയത്രേ ബ്രഹ്മാവു്. അച്ഛന്‍ (സൃഷ്ടിച്ചവന്‍) നോക്കുന്നതില്‍ ജാള്യം തോന്നിയ സരസ്വതി ബ്രഹ്മാവിന്റെ പുറകിലേക്കു മാറി. തല തിരിച്ചു നോക്കാനുള്ള മടി കൊണ്ടോ എന്തോ, ബ്രഹ്മാവു് അവിടെയും ഒരു തല ഉണ്ടാക്കി. സരസ്വതി ഇടത്തോട്ടും വലത്തോട്ടും മാറിയപ്പോള്‍ അവിടെയും ഓരോ തലയുണ്ടായി. രക്ഷയില്ലെന്നു കണ്ട സരസ്വതി ചാടി മുകളിലേയ്ക്കു പോയി. മുകളിലേയ്ക്കു നോക്കുന്ന ഒരു തല കൂടി ഉണ്ടായി. നിവൃത്തിയില്ലാതെ വന്ന സരസ്വതി അവസാനം ഒളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ബ്രഹ്മാവു സരസ്വതിയെ ഭാര്യയാക്കുകയും ചെയ്തു.
ചുറ്റി. ചിത്രകാരന്‍ ഇതു വല്ലതും കണ്ടാല്‍ ഇനി ബ്രഹ്മാവിന്റെയും സരസ്വതിയുടെയും അഗമ്യഗമനത്തെപ്പറ്റി (ഇതിനു പകരം ചിത്രകാരന്‍ എന്തു വാക്കുപയോഗിക്കും എന്നു് എനിക്കു ചിന്തിക്കാന്‍ പോലും വയ്യ!) നാലു പേജില്‍ ഒരു പോസ്റ്റെഴുതിയേക്കും. കുന്തിയ്ക്കു ശേഷം കാര്യമായി ഒന്നും പുരാണത്തില്‍ നിന്നു തടഞ്ഞിട്ടില്ലെന്നു തോന്നുന്നു
പിന്നീടു്, ശിവന്‍ ഒരിക്കല്‍ വിഷ്ണുവിനോടും ബ്രഹ്മാവിനോടും ചോദിച്ചു, “നിങ്ങള്‍ക്കെന്റെ അറ്റങ്ങള്‍ കണ്ടുപിടിക്കാമോ?”. ഇതു പറഞ്ഞു് ശിവന്‍ വലിയ രൂപമെടുത്തു നിന്നു. താഴേയ്ക്കു പോയ വിഷ്ണു ശിവന്റെ കാല്‍ കാണാന്‍ പറ്റാതെ തോല്‍വി സമ്മതിച്ചു തിരിച്ചു പോന്നു. മുകളിലേയ്ക്കു പോയ ബ്രഹ്മാവിനു് ശിവന്റെ തലയില്‍ നിന്നു് ഊര്‍ന്നുവീണ ഒരു കൈതപ്പൂവിനെ കിട്ടി. ശിവന്റെ തല കണ്ടുവെന്നും അവിടെ നിന്നു് എടുത്തതാണെന്നും ബ്രഹ്മാവു് കള്ളം പറഞ്ഞു. കൈതപ്പൂവും കള്ളസാക്ഷി പറഞ്ഞു. ദേഷ്യം വന്ന ശിവന്‍ ബ്രഹ്മാവിന്റെ മുകളിലേക്കു നോക്കുന്ന തല മുറിച്ചെടുത്തു. (കൈതപ്പൂവിനും കിട്ടി ശാപം-പൂജയ്ക്കെടുക്കാത്ത പൂവു് ആകട്ടേ എന്നു്.) ബ്രഹ്മാവു തിരിച്ചൊരു ശാപവും കൊടുത്തു. ആ തലയോടും എടുത്തു ശിവന്‍ ദിവസവും തെണ്ടാന്‍ ഇടയാവട്ടേ എന്നു്. അങ്ങനെ ശിവന്‍ തെണ്ടിയും കപാലിയുമായി. (ചുമ്മാതല്ല ലക്ഷ്മി പാര്‍വ്വതിയോടു് ഇങ്ങനെയൊക്കെ ചോദിച്ചതു്!)
അപ്പോള്‍ പറഞ്ഞു വന്നതു്, കൈതപ്പൂ കള്ളസാക്ഷി പറഞ്ഞ കേസ് പരിഗണനയ്ക്കു വരുന്നതിനു മുമ്പു തന്നെ ജാംബവാന്‍ ബ്രഹ്മാവിനെ കണ്ടിട്ടുണ്ടെന്നു്!
ചിറകുള്ള പര്‍വ്വതങ്ങള്‍: ആദിയില്‍ പര്‍വ്വതങ്ങളുണ്ടായിരുന്നു. പര്‍വ്വതങ്ങള്‍ ചിറകുകളോടുകൂടി ആയിരുന്നു. അന്നു് അവ ഒരിടത്തു കിടക്കുകയായിരുന്നില്ല. ഇടയ്ക്കിടയ്ക്കു പറന്നു വേറൊരിടത്തേയ്ക്കു പോകും.
തലയ്ക്കു മുകളിലൂടെ ഈ ഭീമാകാരങ്ങളായ പര്‍വ്വതങ്ങള്‍ പറന്നു പോകുന്നതു കണ്ട മുനിമാര്‍ക്കു പേടിച്ചിട്ടു വെളിയിലിറങ്ങാന്‍ പറ്റാതായി. അവര്‍ ദേവേന്ദ്രനോടു പരാതി പറഞ്ഞു. ദേവേന്ദ്രന്‍ വജ്രായുധം കൊണ്ടു് എല്ലാ പര്‍വ്വതങ്ങളുടെയും ചിറകുകള്‍ വെട്ടിക്കളഞ്ഞു. അവ “പ്ധും” എന്നു താഴേയ്ക്കു വീണു. അവ വീണ സ്ഥലത്താണു് ഇപ്പോള്‍ ഉള്ളതു്.
എല്ലാ പര്‍വ്വതങ്ങളെയും കിട്ടിയില്ല. ഹിമവാന്റെ മകനും പാര്‍വ്വതിയുടെ സഹോദരനുമായ മൈനാകം ഓടിപ്പോയി കടലില്‍ ഒളിച്ചു. (വരുണന്‍ രാഷ്ട്രീയാഭയം കൊടുത്തതാണെന്നാണു റിപ്പോര്‍ട്ട്.) ആ പര്‍വ്വതത്തിനു മാത്രം ചിറകുകളുണ്ടു്. വല്ലപ്പോഴും കക്ഷി കടലില്‍ നിന്നു് അല്പം പൊങ്ങിവരാറുണ്ടു്. ഹനുമാന്‍ ലങ്കയിലേക്കു ചാടിയപ്പോള്‍ മൈനാകം പൊങ്ങിവന്നു് കാല്‍ ചവിട്ടാന്‍ സ്ഥലം കൊടുത്തിരുന്നു. പിന്നെ പൊങ്ങിയതു് 1970-കളിലാണു്. “മൈനാകം കടലില്‍ നിന്നുയരുന്നുവോ…” എന്ന സിനിമാപ്പാട്ടു് എഴുതിക്കാന്‍ വേണ്ടി.
ഈ സംഭവം ഉണ്ടാകുന്നതിനു മുമ്പും ജാംബവാന്‍ ഉണ്ടായിരുന്നു. ചിറകുള്ള പര്‍വ്വതങ്ങളെയും കണ്ടിട്ടുണ്ടു്. ജാംബവാനാരാ മോന്‍!
ചിറകുകളുള്ള കുതിരകള്‍: ചിറകുള്ള കുതിരകളെപ്പറ്റി എന്തോ ഒരു കഥ കേട്ടിട്ടുണ്ടു്. എന്താണെന്നു് ഓര്‍മ്മയില്ല. ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ?
ശരീരമുള്ള കാമദേവന്‍: തപസ്സു ചെയ്തിരുന്ന ശിവന്‍ കണ്ണു തുറന്നപ്പോള്‍ പരിചരിച്ചു കൊണ്ടു നിന്ന പാര്‍വ്വതിയെ കാണുകയും ദേവന്മാരുടെ അപേക്ഷപ്രകാരം അപ്പോള്‍ കാമദേവന്‍ “സമ്മോഹനം” എന്ന അമ്പയയ്ക്കുകയും അപ്പോള്‍ ശിവനു മനശ്ചാഞ്ചല്യം വരുകയും ചെയ്തു.
ഇതിനു കാരണക്കാരനായ കാമദേവനെ മൂന്നാം കണ്ണു തുറന്നു് ശിവന്‍ ദഹിപ്പിച്ചു കളഞ്ഞു. അതില്‍പ്പിന്നെ കാമദേവനു ശരീരമില്ല. കാമികളുടെ മനസ്സില്‍ മാത്രം ജീവിക്കുന്ന മനോജന്‍ അഥവാ മനോജ് ആണു് കക്ഷി പിന്നീടു്.
കാമദേവനു പിന്നെ ശരീരം കിട്ടുന്നതു കൃഷ്ണന്റെ മകനായ പ്രദ്യുമ്നനായി ജനിക്കുമ്പോഴാണു്. പക്ഷേ, ജാംബവാന്‍ രാമനോടു സംസാരിക്കുമ്പോള്‍ എന്തു പ്രദ്യുമ്നന്‍?
ഈ സംഭവത്തിനു മുമ്പു തന്നെ ജാംബവാനു കാമദേവനെ നല്ല പരിചയമായിരുന്നത്രേ. ആളു കൊള്ളാമല്ലോ!
ശുദ്ധജലമുള്ള കടല്‍: കടലിലെ വെള്ളത്തിനു് ഉപ്പുരസം വന്നതെങ്ങനെ എന്നതിനെപ്പറ്റി പല കഥകളും കേട്ടിട്ടുണ്ടു്. എന്തു ചോദിച്ചാലും തരുന്ന കുടുക്ക ഉപ്പുണ്ടാക്കിക്കൊണ്ടിരുന്നപ്പോള്‍ കപ്പലില്‍ നിന്നു കടലില്‍ വീണു പോയതും എപ്പോഴും ജോലി ചെയ്തുകൊണ്ടിരുന്ന ജിന്നിനെ അവസാനം കടലില്‍ ഉപ്പു കലക്കുന്ന ജോലി കൊടുത്തു് ഒതുക്കിയതും മറ്റും. എങ്കിലും ഭാരതീയപുരാണങ്ങളില്‍ ഇതിനുള്ള കഥ എന്താണെന്നു് എനിക്കറിയില്ല. എന്തെങ്കിലും കാണും. ആര്‍ക്കെങ്കിലും അറിയാമോ?
ഒരിക്കല്‍ അഗസ്ത്യമുനി ദേഷ്യം വന്നിട്ടു സമുദ്രത്തെ മുഴുവന്‍ കുടിച്ചു. പിന്നെ ദേവന്മാരും മുനിമാരുമൊക്കെക്കൂടി താണു കേണപേക്ഷിച്ചപ്പോള്‍ സമുദ്രത്തെ ചെവിയിലൂടെ പുറത്തേയ്ക്കു വിട്ടു. അഗസ്ത്യന്റെ ശരീരത്തിനുള്ളില്‍ക്കൂടി കടന്നു പോയ ഈ പ്രക്രിയയിലാണത്രേ സമുദ്രത്തിനു് ഉപ്പുരസം ഉണ്ടായതു്!
ഇതും ജാംബവാന്‍ കണ്ടിരിക്കുന്നു. എന്താ കഥ!
ശിവന്റെ വെളുത്ത കഴുത്തു്: ദേവന്മാരും അസുരന്മാരും കൂടി പാലാഴി കടഞ്ഞപ്പോള്‍ അതില്‍നിന്നു കാളകൂടവിഷം പൊങ്ങിവന്നു. അതു വീണു ലോകം നശിക്കാതിരിക്കാന്‍ ശിവന്‍ അതെടുത്തു കുടിച്ചു. അതു വയറ്റില്‍ പോകാതിരിക്കാന്‍ പാര്‍വ്വതി ശിവന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. അതു തിരിച്ചു വെളിയില്‍ വരാതിരിക്കാന്‍ വിഷ്ണു വായും പൊത്തിപ്പിടിച്ചു. അങ്ങനെ വിഷം കഴുത്തില്‍ ഉറച്ചു. അങ്ങനെയാണു ശിവന്‍ നീലകണ്ഠനായതു്. (നീലകണ്ഠനിലെ “നീലം” വിഷമാണു്, നീലനിറമല്ല.) ജാംബവാന്‍ അതിനു മുമ്പു തന്നെ ശിവനെ കണ്ടിട്ടുണ്ടത്രേ!
എനിക്കൊരു സംശയമുണ്ടു്. ശിവന്റെ നിറം വെളുപ്പായിരുന്നോ? ഭാരതത്തിലെ ദേവന്മാരൊക്കെ കറുത്തവരായിരുന്നില്ലേ? ദേവന്മാര്‍ക്കൊക്കെ വെളുപ്പുനിറം കിട്ടിയതു് എന്നാണു്? വെള്ളക്കാര്‍ വന്നതിനു ശേഷമാണോ അതോ