സ്മരണകള്‍

മനസ്സിന്റെ താളുകള്‍ക്കിടയില്‍…

തെറ്റുകള്‍ക്കെതിരേ പ്രതികരിക്കുന്ന കാര്യം പറഞ്ഞപ്പോഴാണു് ഈ സംഭവം ഓര്‍മ്മ വന്നതു്.

പണ്ടു പണ്ടു്, ടെലിവിഷനും പാട്ടുപെട്ടിയും ഒന്നും വീട്ടിലില്ലായിരുന്ന കാലത്തു്, പാട്ടു കേള്‍ക്കാന്‍ ആകെ ആലംബം റേഡിയോ ആയിരുന്നു. എന്റെ വീട്ടിലെ റേഡിയോ ആലപ്പുഴ സ്റ്റേഷനിലേക്കു സ്ഥിരമായി ട്യൂണ്‍ ചെയ്തു വെച്ചിരുന്നതുകൊണ്ടു് 550 എന്ന സംഖ്യയ്ക്കു മുകളില്‍ വര വീണതായിരുന്നു. എന്റെ ചെറുപ്പത്തില്‍ അതില്‍ നിന്നു് “ആകാശവാണി-തൃശ്ശൂര്‍, ആലപ്പുഴ” എന്നു് ഇടയ്ക്കിടെ കേള്‍ക്കാമായിരുന്നു. പിന്നീടു് തിരുവനന്തപുരവും ആ ലിസ്റ്റില്‍ വന്നു. വല്ലപ്പോഴും കോഴിക്കോടും. ആലപ്പുഴ ഒരു റിലേ സ്റ്റേഷന്‍ മാത്രമാണെങ്കിലും, ഞങ്ങള്‍ക്കതു് അഭിമാനത്തിന്റെ പ്രതീകമായിരുന്നു.

റേഡിയോ സാമാന്യം നന്നായിത്തന്നെ കേട്ടിരുന്നു. ആറു് അമ്പതിന്റെ പ്രാദേശികവാര്‍ത്തകള്‍ തൊട്ടുള്ള വാര്‍ത്തകള്‍ (മലയാളത്തിലുള്ളവ മാത്രം), ഏഴരയ്ക്കോ മറ്റോ ഉള്ള ലളിതസംഗീതപാഠം, ഇടയ്ക്കിടയ്ക്കുള്ള ചലച്ചിത്രഗാനങ്ങള്‍ എന്നിവയും, ആഴ്ചയിലൊരിക്കലുള്ള നിങ്ങളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളടങ്ങിയ രഞ്ജിനി, ബാലലോകം, രാത്രി എട്ടു മണിക്കുള്ള “കണ്ടതും കേട്ടതും,” രാത്രി ഒമ്പതേകാലിനുള്ള തുടര്‍‌നാടകം എന്നിവയും വല്ലപ്പോഴും രാത്രി ഒമ്പതരയ്ക്കുള്ള ചലച്ചിത്ര ശബ്ദരേഖ, കൊല്ലത്തില്‍ ഒരിക്കലുള്ള നാടകവാരം, അതില്‍ ഒരു ദിവസമുള്ള ചലച്ചിത്രതാരങ്ങള്‍ പങ്കെടുക്കുന്ന നാടകം എന്നിവയും എന്നിങ്ങനെ ആലപ്പുഴ നിലയത്തിലെ ഒരുമാതിരി പരിപാടികള്‍ മുഴുവന്‍ കേട്ടിരുന്നെങ്കിലും, ഏറ്റവും പ്രിയങ്കരം ചലച്ചിത്രഗാനങ്ങള്‍ തന്നെ. വീട്ടിലുള്ള ഏതു സമയത്തും ചലച്ചിത്രഗാനങ്ങള്‍ റേഡിയോയിലുണ്ടെങ്കില്‍ വെച്ചിരിക്കും-ഏതു പരീക്ഷയുടെ നടുക്കാണെങ്കിലും.

സ്കൂള്‍ കഴിഞ്ഞു് കോളേജില്‍ പോയപ്പോഴും ഈ ശീലം വിട്ടില്ല. ആര്‍. ഇ. സി. യില്‍ ചലച്ചിത്രഗാനസമയത്തു് എന്നെ കാണണമെങ്കില്‍ സ്വന്തമായി റേഡിയോ ഉണ്ടായിരുന്ന ആരുടെയെങ്കിലും മുറിയില്‍ പോകണം എന്ന സ്ഥിതിയായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണു് ആ അത്യാഹിതം ഉണ്ടായതു്. ചലച്ചിത്രഗാനങ്ങള്‍ക്കിടയില്‍ കല്ലുകടിയായി പരസ്യങ്ങള്‍. നാലു മിനിട്ടു പാട്ടു്. പിന്നെ പത്തു മിനിട്ടു പരസ്യം. ആരോടു പ്രതികരിക്കാന്‍? അന്നു ബ്ലോഗും ഒന്നും ഉണ്ടായിരുന്നില്ലല്ലോ.

ക്രമേണ ഈ പരസ്യങ്ങളും ജീവിതത്തിന്റെ ഭാഗമായി മാറി. അവയിലെ ഭംഗിയുള്ള പ്രയോഗങ്ങളും വൈകൃതങ്ങളും ചലച്ചിത്രഗാനങ്ങള്‍ പോലെ തന്നെ ചുണ്ടില്‍ തത്തിക്കളിക്കാന്‍ തുടങ്ങി.

പരസ്യങ്ങളില്‍ ഒട്ടു വ്യത്യസ്തത പുലര്‍ത്തിയിരുന്നു പുളിമൂട്ടില്‍ സില്‍ക്ക് ഹൌസിന്റേതു്. കവിത തുളുമ്പുന്ന പരസ്യവാക്യങ്ങള്‍. പുളിമൂട്ടിലില്‍ ആരോ കവികളുണ്ടെന്നു് ഞാന്‍ അനുമാനിച്ചു.

അങ്ങനെയിരിക്കേ പുളിമൂട്ടില്‍ സില്‍ക്ക് ഹൌസിന്റെ ഒരു പരസ്യം കേട്ടു:

മന‍സ്സിന്റെ താളുകള്‍ക്കിടയില്‍ മയില്‍പ്പീലിത്തണ്ടു പോലെ നിങ്ങള്‍ സൂക്ഷിച്ച ആ സ്വപ്നം…

സംഭവമൊക്കെ കൊള്ളാം. പക്ഷേ താളുകള്‍ക്കിടയില്‍ മയില്‍പ്പീലിത്തണ്ടോ? കുറേ ദിവസം ഇതു കേട്ടതിനു ശേഷം സഹിക്കാന്‍ വയ്യാതെ ഞാന്‍ ഒരു പോസ്റ്റ് കാര്‍ഡെടുത്തു് ഇങ്ങനെ എഴുതി:

സുഹൃത്തേ,
താളുകള്‍ക്കിടയില്‍ ആരും മയില്‍പ്പീലിത്തണ്ടു വെയ്ക്കാറില്ല. മയില്‍പ്പീലിയാണു വെയ്ക്കുക. ഇത്തരമൊരു മണ്ടത്തരം ദയവായി മലയാളികളെ മൊത്തം കേള്‍പ്പിക്കാതിരിക്കുക.

ഈ കത്തു് “മാനേജര്‍, പുളിമൂട്ടില്‍ സില്‍ക്ക് ഹൌസ്, കോട്ടയം” എന്ന വിലാസത്തില്‍ അയച്ചു. തൊടുപുഴയിലാണു ഹെഡ് ഓഫീസ് എന്നു് അറിയില്ലായിരുന്നു. “കോട്ടയം, തൊടുപുഴ” എന്നു പറയുന്നതുകൊണ്ടു് കോട്ടയമാണെന്നു കരുതി.

ഒരു മാസത്തിന്റെ അവസാനത്തോടടുപ്പിച്ചായിരുന്നു ഇതയച്ചതു്. എന്റെ പൂര്‍ണ്ണമായ മേല്‍‌വിലാസവും എഴുതിയിരുന്നെങ്കിലും, അതിനു മറുപടി എനിക്കു കിട്ടിയില്ല.

ഒരു പരസ്യത്തിന്റെ കോണ്ട്രാക്ട് ഒരു മാസത്തേക്കാണു്. അടുത്ത മാസം ആദ്യമേ പിന്നെ മാറ്റാന്‍ പറ്റൂ. അടുത്ത മാസം പുളിമൂട്ടില്‍ സില്‍ക്ക് ഹൌസിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ഒരു പരസ്യമായിരുന്നു-“പുളിമൂട്ടില്‍ സില്‍ക്ക് ഹൌസ്” എന്നു് ഒരു പെമ്പ്രന്നോര്‍ അഞ്ചാറു തവണ “ഗപധപധപ” എന്ന ശ്രുതിയില്‍ പറയുന്ന ഒരു പരസ്യം. ഷോര്‍ട്ട് നോട്ടീസില്‍ കിട്ടിയ പ്രമാദം അവര്‍ മനസ്സിലാക്കിയെന്നും പകരം ഒന്നുണ്ടാക്കാന്‍ കുറഞ്ഞ സമയത്തില്‍ പറ്റിയില്ല എന്നും മനസ്സിലായി.

ഞാന്‍ കാത്തിരുന്നു, അടുത്ത മാസത്തിനു വേണ്ടി.

പ്രതീക്ഷിച്ച പോലെ, അടുത്ത മാസത്തില്‍ അവര്‍ പരസ്യം മാറ്റി:

മനസ്സിന്റെ താളുകള്‍ക്കിടയില്‍ മയില്‍പ്പീലിത്തുണ്ടു പോലെ…

തെറ്റു തിരുത്തി. അതേ സമയം നേരത്തേ കേട്ടിട്ടുള്ളവര്‍ തെറ്റുണ്ടായിരുന്നു എന്നു മനസ്സിലാക്കുകയും ഇല്ല! മിടുക്കന്മാര്‍!

എന്നിട്ടും ഞാന്‍ പുളിമൂട്ടില്‍ ഏതോ കവിയുണ്ടെന്നു വിശ്വസിച്ചു പോന്നു. കുറേക്കാലം കഴിഞ്ഞപ്പോഴാണു് ഇത്രയും ചലച്ചിത്രഗാനങ്ങള്‍ കേട്ടിട്ടും ഞാന്‍ വിട്ടുപോയ ഒരു ഗാനത്തില്‍ ഓ. എന്‍. വി. എഴുതിയതാണു് ഈ കല്പന എന്നറിഞ്ഞതു്:

മനസ്സിന്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു
മയില്‍പ്പീലിയൊളിച്ചു വെച്ചു….

ആ ഗാനം അതിനു ശേഷം എന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായി മാറി.


[2006/08/17] ഈ ഗാനം അചിന്ത്യ, ചേച്ച്യമ്മ, ഉമാചിന്ത്യ എന്നു പല പേരുകളിലും അറിയപ്പെടുന്ന ഉമച്ചേച്ചി അയച്ചുതന്നതു്:

download MP3

ശബ്ദം (Audio)
സ്മരണകള്‍

Comments (55)

Permalink

ഹൈസ്കൂള്‍ അദ്ധ്യാപകരുടെ ഹാന്‍ഡ്‌ബുക്ക്

ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തു് മലയാളാദ്ധ്യാപകര്‍ക്കു പഠിപ്പിക്കാന്‍ (മറ്റു വിഷയങ്ങള്‍ക്കും ഉണ്ടായിരുന്നോ എന്നറിയില്ല) വിദ്യാഭ്യാസവകുപ്പു് ഒരു ഹാന്‍ഡ്‌ബുക്കു കൊടുക്കുമായിരുന്നു. (ഇപ്പോഴുണ്ടോ എന്നറിയില്ല) അതില്‍ നോക്കിയാണു് അവര്‍ ഓരോന്നിന്റെയും വൃത്തമേതു്, അലങ്കാരമേതു്, വ്യാകരണനിയമമേതു്, ഏതു പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണിയാണു്, സൂചിതകഥയെന്താണു് എന്നൊക്കെ മനസ്സിലാക്കുന്നതു്. (മലയാളം മാഷന്മാരൊക്കെ സര്‍വ്വജ്ഞരാണെന്നാണു നിങ്ങള്‍ വിചാരിച്ചതു്, അല്ലേ? :-) )

ഇതിലെ അബദ്ധങ്ങള്‍ കണ്ടുപിടിക്കുന്നതു് സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ വിനോദമായിരുന്നു. അമ്മ മലയാളാദ്ധ്യാപികയായിരുന്നതുകൊണ്ടു് ഈ ഹാന്‍ഡ്‌ബുക്കു വായിക്കാന്‍ എനിക്കു് അവസരം കിട്ടിയിരുന്നു. ശരിയായ അലങ്കാരങ്ങള്‍ പറയുന്നതിലും, ഉദ്ധരണികളുടെ യഥാര്‍ത്ഥപ്രഭവസ്ഥാനം കണ്ടുപിടിക്കുന്നതിലും അതു ഭീമാബദ്ധങ്ങള്‍ വരുത്തിയിരുന്നു. ഉദാഹരണങ്ങള്‍ താഴെ:

  1. ഒമ്പതാം ക്ലാസ്സിലെ ഒരേ ഈണത്തിലുള്ള രണ്ടു കവിതകളില്‍ (താണവരും വ്യഥിതരും മര്‍ദ്ദിതര്‍…, തൂമ തേടും തന്‍ പാള കിണറ്റിലിട്ട്…) ആദ്യത്തേതു ദ്രുതകാകളിയാണെന്നും രണ്ടാമത്തേതു സര്‍പ്പിണിയാണെന്നും അതില്‍ കൊടുത്തിരുന്നു. വിശദവിവരങ്ങള്‍ക്കു് ഈ പോസ്റ്റു കാണുക.
  2. പത്താം ക്ലാസ്സില്‍ ഉള്ളൂരിന്റെ പ്രേമസംഗീതം (“ഒരൊറ്റ മതമുണ്ടുലകിന്നുയിരാം…”) പഠിക്കാനുണ്ടായിരുന്നു. അതില്‍ “പരാര്‍ദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും…” എന്നുണ്ടു്. ഇതില്‍ ‘പരാര്‍ദ്ധം’ എന്ന വാക്കിനു ഹാന്‍ഡ്‌ബുക്കിലെ അര്‍ത്ഥം ഇങ്ങനെയാണു്:

    നാല്പത്തിമൂന്നുകോടി ഇരുപതുലക്ഷം മനുഷ്യവര്‍ഷമാണു് ദേവന്മാരുടെ ഒരു ചതുര്‍‌യുഗം. ആയിരം ദേവചതുര്‍യുഗം ചേര്‍ന്നതിനെ ഒരു മഹായുഗമെന്നു പറയുന്നു. ഒരു മഹായുഗം ബ്രഹ്മാവിന്റെ ഒരു പകലാണു്. ബ്രഹ്മാവിന്റെ ആയുസ്സു നൂറു വര്‍ഷമാണു്. ബ്രഹ്മാവിന്റെ ആയുസ്സിന്റെ പകുതിയാണു പരാര്‍ദ്ധം.

    പരാര്‍ദ്ധം എന്ന വാക്കിനു് ഈ അര്‍ത്ഥമുണ്ടെന്നതു ശരി തന്നെ. എന്നാല്‍ ഇവിടെ ഉള്ളൂര്‍ ഉദ്ദേശിച്ചിരിക്കുന്നതു് ഒരു സംഖ്യയാണു്. ഒന്നെഴുതി പതിനേഴു പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യയെ പരാര്‍ദ്ധം (ഇതു നോക്കുക) എന്നാണു പറയുന്നതു്. അനന്തമെന്നര്‍ത്ഥത്തിലാണു് ഉള്ളൂര്‍ ഉപയോഗിച്ചിരിക്കുന്നതു്. ഇവിടെ സംഖ്യാവാചിയായി പറഞ്ഞിരിക്കുന്ന ഈ വാക്കിനെ കാലവാചിയാക്കി അര്‍ത്ഥം പറഞ്ഞതു് “കല്യാണം കഴിഞ്ഞിട്ടു ഒരുപാടു പ്രകാശവര്‍ഷങ്ങള്‍ കഴിഞ്ഞതുപോലെ തോന്നുന്നു” എന്നു പറയുന്നതു പോലെയാണു്. ഒരു കൊല്ലം കൊണ്ടു പ്രകാശം സഞ്ചരിക്കുന്ന ദൂരമാണു പ്രകാശവര്‍ഷം (light year). അതു ദൂരത്തിന്റെ അളവാണു്, സമയത്തിന്റെയല്ല.

  3. ഒന്‍‌പതാം ക്ലാസ്സില്‍ കുമാരനാശാന്റെ “ചണ്ഡാലഭിക്ഷുകി”യില്‍ നിന്നൊരു ഭാഗം പഠിക്കാനുണ്ടായിരുന്നു. അതിലെ
    ഒരു ഭാഗത്തിലെ അലങ്കാരം “അന്യാനിദര്‍ശന” ആണെന്നായിരുന്നു ഹാന്‍ഡ്‌ബുക്കില്‍ ഉണ്ടായിരുന്നതു്. ലക്ഷണവും കൊടുത്തിരുന്നു:

    ഒന്നിന്റെ ധര്‍മ്മം മറ്റൊന്നില്‍
    ചൊന്നാലന്യാനിദര്‍ശന

    “അന്യാനിദര്‍ശന” എന്ന അലങ്കാരം ‘ശബ്ദതാരാവലി’യില്‍ ഒരു വാക്കായോ ‘ഭാഷാഭൂഷണ’ത്തിന്റെ സൂചികയിലോ കാണാന്‍ കഴിയാതെ ഞാന്‍ ഭാഷാഭൂഷണം വായിച്ചുനോക്കിയപ്പോഴാണു കാര്യം പിടികിട്ടിയതു്. ‘നിദര്‍ശന’ എന്നൊരു അലങ്കാരമുണ്ടു്. അതിന്റെ ലക്ഷണവും ഉദാഹരണങ്ങളും എഴുതിയതിനു ശേഷം ഏ. ആര്‍. മുകളില്‍ കൊടുത്ത ലക്ഷണം കൊടുത്തിട്ടു് ഇങ്ങനെ പറയുന്നു.

    ഒന്നിന്റെ ധര്‍മ്മം മറ്റൊന്നില്‍
    ചൊന്നാലന്യാ നിദര്‍ശന
    വെണ്മതിക്കുള്ള സൌഭാഗ്യം
    കാണ്മതുണ്ടിഹ നിന്മുഖേ

    ഉപമാനധര്‍മ്മം ഉപമേയത്തില്‍ കാണുന്നതായി പറയുന്നതു മറ്റൊരു മാതിരി നിദര്‍ശന. ഇതിനു ‘പദാര്‍ത്ഥവൃത്തിനിദര്‍ശന’ എന്നു പേര്‍. ജയദേവന്‍ ഇതിനെ ഉപമയുടെ വകഭേദമായി ഗണിച്ചു് ‘ലളിതോപമ’ എന്നു വിളിക്കുന്നു…

    അപ്പോള്‍ “അന്യാ നിദര്‍ശന” എന്നു വച്ചാല്‍ “വേറേ ഒരു തരം നിദര്‍ശന” എന്നര്‍ത്ഥം. അലങ്കാരം നിദര്‍ശന തന്നെ. അന്യാനിദര്‍ശന അല്ല. വേണമെങ്കില്‍ പദാര്‍ത്ഥവൃത്തിനിദര്‍ശന എന്നോ ലളിതോപമ എന്നോ വിളിക്കാം. ഹാന്‍ഡ്‌ബുക്കെഴുതിയ പണ്ഡിതനു ഭാഷാഭൂഷണം വായിച്ചിട്ടു മനസ്സിലായില്ല എന്നര്‍ത്ഥം.

  4. സംസ്കൃതവ്യാകരണത്തിലേക്കു കൂടുതല്‍ കടന്നാല്‍ അബദ്ധങ്ങളും കൂടും. ഉദാഹരണത്തിനു്, നിശ്ശേഷം, ദുശ്ശീലം തുടങ്ങിയവയെ നിഃ+ശേഷം, ദുഃ+ശീലം എന്നു പിരിച്ചാണു് ഈ പുസ്തകങ്ങള്‍ കൊടുത്തിരുന്നതു്. സംസ്കൃതത്തില്‍ നിഃ, ദുഃ എന്നൊന്നും വാക്കുകളില്ല. നിസ്, നിര്, ദുസ്, ദുര് എന്നീ ഉപസര്‍ഗ്ഗങ്ങളുണ്ടു്. നിസ് + ശേഷം = നിശ്ശേഷം, ദുസ് + ശീലം = ദുശ്ശീലം എന്നാണു ശരി.
  5. കാലാനുസൃതമല്ലാത്ത പല വിവരങ്ങളും അതിലുണ്ടായിരുന്നു. ഉദാഹരണത്തിനു്, ഒമ്പതാം ക്ലാസ്സില്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനെപ്പറ്റിയുള്ള പാഠത്തിന്റെ വിശദീകരണത്തില്‍ മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം അദ്ദേഹത്തിന്റെ മയൂരസന്ദേശം ആണെന്ന വിവരം ഉണ്ടായിരുന്നു. ഉണ്ണുനീലിസന്ദേശം എന്ന പ്രാചീനമലയാളസന്ദേശകാവ്യം കണ്ടെടുക്കുന്നതിനു മുമ്പുള്ള ഏതോ പുസ്തകത്തില്‍ നിന്നായിരിക്കാം ഈ വിവരം കിട്ടിയതു്.

    രസകരമായ വസ്തുത, ഉണ്ണുനീലിസന്ദേശത്തിലെ കുറേ ശ്ലോകങ്ങള്‍ (ആറ്റിന്‍ നേരായ് കരിവരമദം…) ഹൈസ്കൂളില്‍ത്തന്നെ പഠിക്കാനുണ്ടായിരുന്നു (എട്ടാം ക്ലാസ്സിലായിരുന്നു എന്നു തോന്നുന്നു) എന്നതാണു്.

സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന ഹാന്‍ഡ്‌ബുക്കിലെ സ്ഥിതി ഇതാണെങ്കില്‍ ഗൈഡുകളുടെ കാര്യം പറയേണ്ടല്ലോ. പല അദ്ധ്യാപകരും അവയെയും അവലംബിക്കാറുണ്ടായിരുന്നു. കുട്ടികളുടെ കാര്യം ബഹുകഷ്ടം!

സ്മരണകള്‍

Comments (6)

Permalink