ശ്ലോകങ്ങള്‍ (My slokams)

അയ്യായിരത്തിന്റെ കലാശം

അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പില്‍ 2005 ജനുവരി 6-നു തുടങ്ങിയ ഇ-സദസ്സ് 2008 മാര്‍ച്ച് 13-നു് അയ്യായിരം ശ്ലോകങ്ങള്‍ തികച്ചു. 1162 ദിവസം കൊണ്ടു് 5000 ശ്ലോകങ്ങള്‍. (ശരാശരി ഒരു ദിവസം 4.3 ശ്ലോകങ്ങള്‍). ലോകത്തിലെ ഏറ്റവും നീണ്ടുനിന്ന അക്ഷരശ്ലോകസദസ്സാണു് ഇതു്. ഇതില്‍ സംഭരിച്ച ശ്ലോകങ്ങള്‍ ഏറ്റവും വലിയ ശ്ലോകക്കൂട്ടവും ആവാം. (ഇതെഴുതുമ്പോള്‍ ശ്ലോകങ്ങളുടെ എണ്ണം 5200 കഴിഞ്ഞു).

(അക്ഷരശ്ലോകസദസ്സിനെപ്പറ്റി കൂടുതലായി ഇവിടെ വായിക്കാം.)

ശ്ലോ‍കങ്ങളുടെ എണ്ണം നൂറു്, ആയിരം തുടങ്ങിയവ തികയുമ്പോള്‍ സദസ്സിലുള്ള ആ‍രെങ്കിലും തന്നെ ഒരു ശ്ലോകമെഴുതി അതു് ആഘോഷിക്കാറുണ്ടു്. (ഇങ്ങനെ ഞാനെഴുതിയ ശ്ലോകങ്ങള്‍ അക്ഷരശ്ലോകസദസ്സിലെ നാഴികക്കല്ലുകള്‍ എന്ന പോസ്റ്റില്‍ കാണാം.) ഇത്തവണ കുറേക്കൂടി വിപുലമായ രീതിയിലാണു് ആഘോഷിച്ചതു്. താഴെപ്പറയുന്ന കാര്യങ്ങള്‍ നിഷ്കര്‍ഷിച്ചു.

  1. ശ്ലോകങ്ങളുടെ എണ്ണം 4990 ആകുമ്പോള്‍ ശ്ലോകം ചൊല്ലല്‍ നിര്‍ത്തുക. അടുത്ത പത്തു ശ്ലോകങ്ങള്‍ സദസ്യര്‍ എഴുതുന്നതാവണം.
  2. ആ 10 ശ്ലോകങ്ങള്‍ ഇ-സദസ്സിനെപ്പറ്റിയോ അതു് 5000 തികച്ചതിനെപ്പറ്റിയോ ആവണം.
  3. ചെറിയതില്‍ നിന്നു വലുതിലേക്കു പോകുന്ന വൃത്തങ്ങളിലായിരിക്കണം അവ എഴുതുന്നതു്. ഓരോ ശ്ലോകവും താഴെക്കൊടുക്കുന്ന വൃത്തങ്ങളില്‍ ഒന്നിലായിരിക്കണം.
    1. ആര്യ / ഗീതി (മാത്രാവൃത്തം)
    2. രഥോദ്ധത / ശാലിനി (11 അക്ഷരം)
    3. ഉപജാതി (ഇന്ദ്രവജ്ര / ഉപേന്ദ്രവജ്ര / ഇന്ദ്രവംശ / വംശസ്ഥം) (11-12 അക്ഷരം)
    4. ദ്രുതവിളംബിതം / തോടകം / ഭുജംഗപ്രയാതം (12 അക്ഷരം)
    5. വിയോഗിനി / വസന്തമാലിക / പുഷ്പിതാഗ്ര (അര്‍ദ്ധസമവൃത്തം - 10-13 അക്ഷരം)
    6. വസന്തതിലകം / മഞ്ജുഭാഷിണി (13-14 അക്ഷരം)
    7. മാലിനി / പഞ്ചചാമരം / ഹരിണി (15-16 അക്ഷരം)
    8. ശിഖരിണി / പൃഥ്വി / മന്ദാക്രാന്ത (17 അക്ഷരം)
    9. മല്ലിക / ശങ്കരചരിതം / ശാര്‍ദ്ദൂലവിക്രീഡിതം (18-19 അക്ഷരം)
    10. സ്രഗ്ദ്ധര / കുസുമമഞ്ജരി (21 അക്ഷരം)
  4. തീര്‍ച്ചയായും, ശ്ലോകങ്ങള്‍ അക്ഷരശ്ലോകരീതിയിലായിരിക്കണം. അതായതു്, ഒരു ശ്ലോകത്തിന്റെ മൂന്നാം വരിയിലെ ആദ്യാക്ഷരത്തില്‍ വേണം അടുത്ത ശ്ലോകം തുടങ്ങാന്‍.
  5. കഴിയുന്നതും വികടാക്ഷരമൊന്നും കൊടുക്കാതെ നല്ല അക്ഷരങ്ങള്‍ മാത്രം കൊടുക്കുക.

ഒരു ശ്ലോകരചനാഭ്യാസമായി വിഭാവനം ചെയ്ത ഈ ആഘോഷം ഒരാഴ്ച കൊണ്ടു തീര്‍ക്കാനായിരുന്നു വിചാരിച്ചതു്. എന്നാല്‍ ഒരു ദിവസം കൊണ്ടു തന്നെ 10 ശ്ലോകങ്ങള്‍ ഉണ്ടായി. സദസ്സിലെ പ്രമുഖകവികളായ രാജേഷ് വര്‍മ്മ, മധുരാജ്, ഡോ. പണിക്കര്‍, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ അറിഞ്ഞു വന്നപ്പോഴേയ്ക്കും പത്തു ശ്ലോകങ്ങളും കഴിഞ്ഞിരുന്നു. (വിശ്വപ്രഭ അറിഞ്ഞെത്തിയെങ്കിലും ജോലിത്തിരക്കു മൂലം ശ്ലോകം എഴുതാന്‍ പറ്റിയില്ല.)

ആ പത്തു ശ്ലോകങ്ങളും താഴെച്ചേര്‍ക്കുന്നു. അതാതു കവികളെക്കൊണ്ടു തന്നെ ചൊല്ലിച്ചു് ഇവിടെ ഇടണമെന്നു കരുതിയതാണു്. അതിനു് ഇനിയും സമയമെടുക്കുന്നതിനാല്‍ ഞാന്‍ തന്നെ എല്ലാ ശ്ലോകങ്ങളും ചൊല്ലുന്നു. (ഇതു വായിക്കുന്ന കവികള്‍ അവരവരുടെ ശ്ലോകങ്ങള്‍ ചൊല്ലി MP3 എനിക്കു് ഉമേഷ്.പി.നായര്‍ അറ്റ് ജീമെയില്‍.കോം എന്ന വിലാസത്തില്‍ അയച്ചു തരുക. ഇവിടെ ചേര്‍ക്കാം.)

  1. ഉമേഷ് (വൃത്തം: ഗീതി):

    വയ്യാതായ് ഞാന്‍, നമ്മുടെ
    കയ്യാല്‍ നന്നായ് നനച്ചു പാലിച്ച
    തയ്യിന്നൊരു വന്മരമായ്
    അയ്യായിരമായ് ഫലങ്ങളന്യൂനം!

    download MP3
    മറ്റു പല തിരക്കുകള്‍ മൂലം ഞാന്‍ ഇ-സദസ്സില്‍ പോയിട്ടു് ഒരുപാടു കാലമായി. 3000-ത്തിനു ശേഷം പോയിട്ടില്ല എന്നു തന്നെ പറയാം. ഇ-സദസ്സ് പൂര്‍വ്വാധികം ഭംഗിയായി പോകുന്നതു കണ്ടതിലുള്ള സന്തോഷത്തില്‍ നിന്നാണു് ഈ ശ്ലോകം. ഉള്ളൂരിന്റെ ഉമാകേരളത്തിലെ

    തയ്യായ നാളിലലിവാര്‍ന്നൊരു തെല്ലു നീര്‍ തന്‍
    കയ്യാലണപ്പവനു കാമിതമാകെ നല്‍കാന്‍
    അയ്യായിരം കുല കുലയ്പ്പൊരു തെങ്ങുകള്‍ക്കും
    ഇയ്യാളുകള്‍ക്കുമൊരു ഭേദമശേഷമില്ല.

    എന്ന ശ്ലോകത്തോടു കടപ്പാടു്.

  2. ബാലേന്ദു (വൃത്തം: രഥോദ്ധത):

    തീരെയില്ല സമയം പലര്‍ക്കുമെ-
    ന്നാലുമെത്തിയവര്‍ ഈ-സദസ്സിതില്‍
    ചേലിയന്ന രചനാസുമങ്ങളാല്‍
    മാലയിട്ടു, കവിതാംബ തന്‍ ഗളേ.

    download MP3
    ഈ സദസ്സിലെ ഏറ്റവും പ്രഗല്‍ഭനായ കവിയാണു് പ്രശസ്ത ബാലസാഹിത്യകാരനും കവിയും ഭാഗവതപ്രഭാഷകനുമായ കെ. കെ. ചന്ദ്രശേഖരന്‍ നായര്‍ എന്ന ബാലേന്ദു. കുഞ്ഞിക്കുട്ടന്‍ തമ്പുരാനെപ്പോലെ ശ്ലോകമെഴുത്തു് അദ്ദേഹത്തിനു് ഒരു കുട്ടിക്കളി മാത്രം.
  3. ശ്രീധരന്‍ കര്‍ത്താ (വൃത്തം: ഇന്ദ്രവജ്ര):

    ചൊല്ലാതിരുന്നില്ല സദസ്സിലെന്നും
    എന്നാലുമിന്നെന്നിലുണര്‍ന്നു മോഹം
    അയ്യായിരം കൂടി “റിസൈറ്റു” ചെയ്യാം
    അയ്യാ, യിതത്യാഗ്രഹമെന്റെ ദാഹം.

    download MP3
    ഇ-സദസ്സിലെ ഏറ്റവും സജീവമായ പങ്കാളിത്തം കര്‍ത്തായുടേതായിരുന്നു. രണ്ടാമത്തെ ശ്ലോകം ചൊല്ലിയ കര്‍ത്താ ഒരിക്കലും മുടക്കം വരാതെ ഇപ്പോഴും ചൊല്ലിക്കൊണ്ടിരിക്കുന്നു, മറ്റേ അറ്റത്തു് ആളുകള്‍ ഔട്ടായിക്കൊണ്ടിരിക്കുമ്പോഴും ഇങ്ങേ അറ്റത്തു നിന്നു് സ്ഥിരമായി ബാറ്റു ചെയ്യുന്ന ഓപ്പനിംഗ് ബാറ്റ്സ്മാനെപ്പോലെ. ജീവിതത്തില്‍ ഒരിക്കലും അക്ഷരശ്ലോകം ചൊല്ലിയിട്ടില്ലാത്ത, ഇപ്പോഴും കാര്യമായി ശ്ലോകങ്ങളൊന്നും കാണാതെ അറിയാത്ത കര്‍ത്താ മലയാളഭാഷയോടുള്ള അത്യധികമായ സ്നേഹം കൊണ്ടാണു് സദസ്സില്‍ പങ്കെടുക്കുന്നതു്. 5000 ശ്ലോകങ്ങളില്‍ 842 ശ്ലോകങ്ങള്‍ (ഏകദേശം 17%) ചൊല്ലിയ അദ്ദേഹം എന്നും ഏറ്റവും കൂടുതല്‍ ശ്ലോകം ചൊല്ലിയ ആളാണു്. വിനയരാജ് (705), ഉമേഷ് (469), ഋഷി കപ്ലിങ്ങാടു് (412), ബാലേന്ദു (383), ഡോ. പണിക്കര്‍ (358), ജ്യോതിര്‍മയി (287) എന്നിവരാണു് 5 ശതമാനത്തില്‍ കൂടുതല്‍ ശ്ലോകങ്ങള്‍ ചൊല്ലിയിട്ടുള്ള മറ്റുള്ളവര്‍. ആകെയുള്ള 191 അംഗങ്ങളില്‍ 40 പേര്‍ സദസ്സില്‍ പങ്കെടുത്തിട്ടുണ്ടു്.

    ഈ കളരിയില്‍ കൂടി ശ്ലോകമെഴുതാനും കര്‍ത്താ പ്രാപ്തി നേടി. അയ്യായിരാമത്തെ ശ്ലോകം കൂടി റിസൈറ്റ് ചെയ്യണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹമാണു് ഈ ശ്ലോകത്തില്‍.

  4. ഋഷി കപ്ലിങ്ങാടു് (വൃത്തം: ഭുജംഗപ്രയാതം):

    അബദ്ധങ്ങളുണ്ടെന്നു വന്നാലുമെന്നും
    സുബദ്ധങ്ങളാക്കിത്തരുന്നോരു ബന്ധം
    ഇതില്‍ക്കൂടുതല്‍ ഭാഗ്യമെന്താണു കിട്ടാന്‍
    സദസ്സിന്നൊരയ്യായിരം വന്ദനങ്ങള്‍!

    download MP3
    രാജേഷ് വര്‍മ്മ, ജ്യോതിര്‍മയി, ഋഷി, ഹരിദാസ്, സിദ്ധാര്‍ത്ഥന്‍ തുടങ്ങി പലരും ശ്ലോകമെഴുതാന്‍ പഠിച്ച കളരിയായിരുന്നു ഈ ഗ്രൂപ്പ്. വൃത്തമോ അര്‍ത്ഥമോ തെറ്റിയാലും ആരെങ്കിലും സഹായിച്ചു് ശ്ലോകങ്ങള്‍ നന്നാക്കാന്‍ ഇവിടെ കവികള്‍ക്കു കഴിഞ്ഞിരുന്നു. ഈ കാര്യമാണു് ഋഷി ഇവിടെ സൂചിപ്പിക്കുന്നതു്.
  5. ഉമേഷ് (വൃത്തം: പുഷ്പിതാഗ്ര):

    ഇതു സുദിന, മനേകകാവ്യവിദ്യാ-
    ചതുരരൊടൊത്തൊരു നല്ല സദ്യ കൂടാന്‍!
    മധുരവുമെരിവും പുളിപ്പുമെല്ലാം
    വിധിയൊടു ചേര്‍ന്നു വരട്ടെ ഭോജ്യജാലം!

    download MP3
    സ്തോത്രങ്ങള്‍ തൊട്ടു യുക്തിവാദം വരെയും, ദുര്‍ഗ്രഹങ്ങളായ സംസ്കൃതശ്ലോകങ്ങള്‍ തൊട്ടു പാരഡിശ്ലോകങ്ങള്‍ വരെയും നിറഞ്ഞ ഒരു രസികന്‍ സദ്യ തന്നെയായിരുന്നു ഇതു്.
  6. ഹരിദാസ് മംഗലപ്പള്ളി (വൃത്തം: വസന്തതിലകം):

    മാളത്തില്‍ നിന്നു പുറമേക്കു വരുന്നു ഞാനീ
    മേളത്തിലേക്കു, ചെറു പൂങ്കുഴലൂതുവാനായ്‌
    ശ്ലോകാങ്കണത്തിലിത, വേദിയൊരുക്കി നില്‍പൂ
    കേളിക്കു വന്നിടുക കാവ്യകലാംഗനേ നീ!

    download MP3
    കുറേക്കാലമായി ഹരിദാസും ശ്ലോകസദസ്സില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. 5000 തികയ്ക്കുന്നതു കേട്ടു് ഓടി വന്നതാണു്. അതിനെയാണു “മാളത്തില്‍ നിന്നു പുറമേയ്ക്കു വരുന്നു ഞാന്‍” എന്നതു കൊണ്ടു് ഉദ്ദേശിക്കുന്നതു്.
  7. ശ്രീധരന്‍ കര്‍ത്താ (വൃത്തം: മാലിനി):

    ശ്രമമൊടു വിളവെല്ലാം കൊയ്തു കൂട്ടീട്ടുമെന്നും
    പുതുപുതു തളിര്‍ വാച്ചീടുന്നൊരീപ്പാടമേതോ?
    തുനിയണമിനിയും നാം ശ്ലോകമാം കറ്റ കൊയ്യാന്‍
    പരിചൊടൊരരിവാള്‍ തീര്‍ത്തേകുവാന്‍ കൊല്ലനെങ്ങോ?

    download MP3
    നല്ല ശ്ലോകം. ശ്ലോകങ്ങളുടെ എണ്ണം രണ്ടായിരമായിടുമ്പോഴേയ്ക്കു് അവയുടെ സ്റ്റോക്കു തീരും എന്നാണു് ആദ്യം കരുതിയിരുന്നതു്. ഇപ്പോള്‍ ഇതാ 5000 കവിഞ്ഞിട്ടും ദിവസവും അക്ഷരശ്ലോകരീതിയില്‍ എട്ടുപത്തു ശ്ലോകങ്ങള്‍ സദസ്സിലേയ്ക്കു വരുന്നു. കൊയ്യും തോറും കൂടുതല്‍ വിള മുളയ്ക്കുന്ന പാടമായാണു് കവി ഇതിനെ ഉപമിക്കുന്നതു്. ഇവയെ ശരിക്കു ക്രോഡീകരിക്കുവാന്‍ തന്നെ നമുക്കു കഴിയുന്നില്ല. വായിക്കുന്ന കാര്യം പോകട്ടേ. ആസ്വാദനക്ഷമതയാണു് ഇവിടെ അരിവാള്‍.

    “മാലിനി” സ്വന്തം മകളുടെ പേരായതു കൊണ്ടു് കര്‍ത്തായ്ക്കു മാലിനിവൃത്തത്തോടു പ്രത്യേകം മമതയുമുണ്ടു്.

  8. ഉമേഷ് (വൃത്തം: ശിഖരിണി):

    തുടക്കം രണ്ടാളാ, ണിതു പൊഴുതില്‍ നൂറ്റെണ്‍പതു ജനം;
    മുടക്കം വന്നീലാ - ഉടനെ വരുമയ്യായിരമിതാ.
    കടുക്കും താത്‌പര്യം സഹൃദയരിലെന്നെന്നുമരുളീ-
    ട്ടൊടുക്കം വിട്ടെന്നും തുടരു കവിതക്കൂട്ടുകളി നീ!

    download MP3
    ഈ ഗ്രൂപ്പു തുടങ്ങുമ്പോള്‍ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ-രാജേഷ് വര്‍മ്മയും ഞാനും. ഇപ്പോള്‍ 191 പേരുണ്ടു്. ഒരിക്കലും മുടങ്ങാതെ നടന്ന ഗ്രൂപ്പില്‍ ഇതു വരെ 10702 ഈമെയിലുകള്‍ വഴി ആളുകള്‍ ശ്ലോകങ്ങള്‍ ചൊല്ലുകയും സാഹിത്യചര്‍ച്ചകള്‍ നടത്തുകയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇ-സദസ്സ് എന്ന സംരംഭവും വളരെ വിജയമായിരുന്നു. ഇതു് ഇനിയും തുടര്‍ന്നു പോകട്ടേ എന്നാണു് ആഗ്രഹം.
  9. ബാലേന്ദു (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം):

    കെഞ്ചും നെഞ്ചു ഗൃഹാതുരത്വകിടില-
          ത്താലേറെ നീറീടവേ-
    യഞ്ചാറാളുകളൊത്തു; നെറ്റിലുളവായ്‌
          ശബ്ദാര്‍ത്ഥവിക്രീഡിതം
    അഞ്ചായായിരമിത്രവേഗമിതുപോല്‍
          മുന്നോട്ടു പോയാല്‍ നമു-
    ക്കഞ്ചാണ്ടിന്നിട കൊണ്ടു കോര്‍ത്തുകഴിയാ-
          മുള്ളത്ര നന്മുത്തുകള്‍.

    download MP3
    “അമ്പത്തൊന്നക്ഷരാദി…” ശ്ലോകം ജ്യോതി നേരത്തേ അയച്ചിട്ടു് അതു് അയ്യായിരാമത്തെ ശ്ലോകമായി പരിഗണിക്കാമോ എന്നു് ജ്യോതി ചോദിച്ചു. “അതു പറ്റില്ല, തൊട്ടു മുമ്പുള്ള ആള്‍ തരുന്ന അക്ഷരത്തില്‍ ചൊല്ലണം” എന്നു ഞാന്‍. അപ്പോള്‍ “ഏതക്ഷരം തന്നാലും ഞാന്‍ ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ ജ്യോതിക്കു് അ കൊടുത്തോളാം” എന്നു ബാലേന്ദു പറഞ്ഞു. അങ്ങനെ എഴുതിയ ശ്ലോകമാണിതു്.
  10. ജ്യോതിര്‍മയി (വൃത്തം: സ്രഗ്ദ്ധര);

    അമ്പത്തൊന്നക്ഷരാദിപ്പെരുമഴ പൊഴിവൂ,
          കമ്പിതക്കോളിളക്ക-
    ക്കമ്പത്തമ്പോടു തുമ്പോലകളിലുതിരുമ-
          ഞ്ചായിരം സൂര്യദീപം
    വമ്പത്താനന്തര്‍ജാലം! ചെറുതിട വിടവില്‍-
          ജ്ജാലകം തള്ളിനോക്കീ-
    ട്ടിമ്പത്താലമ്പരന്നേ, നവിടെയൊരു മഹാ-
          ശ്ലോകവാരാശി കാണ്‍കേ!

    (ഉമേഷ്)  
    download MP3
     
    (ജ്യോതി)  
    download MP3
  11. ശ്ലോകപ്പെരുമഴ ജനലിലൂടെ നോക്കി നില്‍ക്കുമ്പോള്‍ അയ്യായിരം മഴത്തുള്ളികളില്‍ അയ്യായിരം സൂര്യഗോളം പ്രതിബിംബിച്ചു കണ്ടു് ആനന്ദിച്ചും അമ്പരന്നും നില്‍ക്കുന്ന കുട്ടിയായാണു് ജ്യോതി തന്നെ കാണുന്നതു്. ഈ ശ്ലോകത്തെപ്പറ്റി ജ്യോതി ഇവിടെ എഴുതിയിട്ടുണ്ടു്.

    ഇതിനു ശേഷം ഹരിദാസ് മുന്‍‌കൈയെടുത്തു് ലോകത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് ലൈവ് അക്ഷരശ്ലോകവും നടന്നു. സ്കൈപ്പില്‍ക്കൂടി അഞ്ചു പേര്‍-ബാംഗ്ലൂരില്‍ നിന്നു ബാലേന്ദുവും ജ്യോതിയും, ഒഹായോയില് (അമേരിക്ക)‍ നിന്നു ഹരിദാസ്, ഓറിഗണില്‍ (അമേരിക്ക) നിന്നു രാജേഷ് വര്‍മ്മ, കാലിഫോര്‍ണിയയില്‍ (അമേരിക്ക) നിന്നു ഞാന്‍-രണ്ടു മണിക്കൂറിലധികം ശ്ലോകം ചൊല്ലി. അതും ഒരു വ്യത്യസ്ത അനുഭവമായിരുന്നു.


    അന്യം നിന്നു പോയെന്നു പലരും എഴുതിത്തള്ളിയ ഈ കല ഇപ്പോഴും നിലനില്‍ക്കുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ടു്. അതു പോലെ, ഇപ്പോഴും ശ്ലോകമെഴുതാന്‍ കഴിയുന്നവര്‍ ഉണ്ടെന്നുള്ളതും.

    ശ്ലോകങ്ങള്‍ ക്രോഡീകരിക്കുന്ന ജോലി നടന്നുകൊണ്ടിരിക്കുന്നു. ഇവിടെ ആദ്യത്തെ 2646 ശ്ലോകങ്ങളേ ഉള്ളൂ. താമസിയാതെ 5000 ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിക്കും.

ശ്ലോകങ്ങള്‍ (My slokams)
ശബ്ദം (Audio)
ആലാപനം (Recital)
അക്ഷരശ്ലോകം

Comments (17)

Permalink

സമസ്യ: …എനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ? (കുറേ ആര്‍. ഇ. സി. സ്മരണകളും)

സമസ്യ:

- - - - - - - - - - -
- - - - - - - - - - -
- - - - - - - - - - -
- - - എനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ?

വൃത്തം:

വസന്തതിലകം (ത ഭ ജ ജ ഗ ഗ : - - v - v v v - v v - v - -).


ഈ സമസ്യയുടെ കര്‍ത്താവു് ഞാന്‍ തന്നെ. എണ്‍പതുകളില്‍ കോഴിക്കോടു് ആര്‍. ഇ. സി.-യില്‍ പഠിച്ചിരുന്ന കാലത്തു നടത്തിയിരുന്ന “മന്ഥര” എന്ന ഹാസ്യ-കയ്യെഴുത്തുമാസികയില്‍ പ്രസിദ്ധീകരിച്ചതു്. സമസ്യയും പലരുടെ പേരില്‍ എഴുതിച്ചേര്‍ത്ത പൂരണങ്ങളും ഞാന്‍ തന്നെ എഴുതിയതായിരുന്നു.

ഈ പൂരണങ്ങളുടെ പിന്നിലെ കഥകള്‍ പറഞ്ഞാലേ മനസ്സിലാവൂ. അതിനാല്‍ അതും താഴെച്ചേര്‍ക്കുന്നു.

  1. ഞങ്ങള്‍ ഏഴാം സെമസ്റ്ററില്‍ (അവസാനവര്‍ഷം) പഠിക്കുമ്പോള്‍ ഞങ്ങളെ ഇലക്‍ട്രോണിക്സ് പഠിപ്പിക്കാന്‍ വന്നതു് അവിടെത്തന്നെ എം. ടെക്കിനു പഠിക്കുന്ന ഒരു ചേച്ചിയായിരുന്നു. (അന്നു് അങ്ങനെ പി.ജി.-യ്ക്കു പഠിക്കുന്നവര്‍ക്കു ചില ചെറിയ ക്ലാസ്സുകള്‍ എടുക്കാന്‍ അവസരം കൊടുക്കുമായിരുന്നു.) ഈ ചേച്ചി ഞങ്ങളുടെ ക്ലാസ്സിലുള്ള പെണ്‍‌കുട്ടികളുടെ സുഹൃത്തും അതിലൊരാളുടെ റൂം‌മേറ്റും ആയിരുന്നു. കൂടാതെ അവര്‍ പ്രോജക്റ്റു ചെയ്യാന്‍ കമ്പ്യൂട്ടര്‍ സെന്ററില്‍ വന്നു “മെഴുക്കസ്യാ” എന്നിരിക്കുമ്പോള്‍ ഞാനുള്‍പ്പെടെ പലരും പ്രോഗ്രാം എഴുതാനും കമ്പൈല്‍ ചെയ്യാനും മറ്റും സഹായിച്ചിരുന്നു. ചുരുക്കം പറഞ്ഞാല്‍, ആര്‍ക്കും അവരെ ഒരു വിലയും ഉണ്ടായിരുന്നില്ല എന്നര്‍ത്ഥം. അതിനാല്‍ ക്ലാസ്സില്‍ ആകെ ബഹളമായിരുന്നു. ടീച്ചര്‍ ക്ലാസ്സില്‍ കാതോഡിനെയും ആനോഡിനെയും പറ്റി പഠിപ്പിക്കും; കുട്ടികള്‍ പുറകിലത്തെ ബെഞ്ചിലിരുന്നു് “കാതോടു കാതോരം…” എന്ന പാട്ടു പാടും.

    കുറെക്കഴിഞ്ഞപ്പോള്‍ ടീച്ചര്‍ക്കു മതിയായി. ഡിപ്പാര്‍ട്ട്മെന്റ് തലവനോടു പരാതി പറയുക, ക്ലാസ്സില്‍ ദേഷ്യപ്പെടുക, കരച്ചില്‍ വരുക അങ്ങനെ ആകെ ബഹളമായി. ഇതിന്റെ ഇടയില്‍ പെട്ടു് ചെയ്തുകൊണ്ടിരുന്ന തീസിസ് മുമ്പോട്ടു പോകുന്നില്ല എന്ന ടെന്‍ഷനും. കുറെക്കഴിഞ്ഞു് അവര്‍ ഞങ്ങളെ പഠിപ്പിക്കുന്നതു നിര്‍ത്തി.

    ഈ ടീച്ചര്‍ എഴുതുന്നതായാണു് ഈ പൂരണം:

    ധാരാളമേറ്റു പരിഹാസ, മതാണു നേട്ടം!
    വാരാശി പോലൊരു തിസീസു കിടപ്പു മുന്നില്‍,
    തീരാത്ത വേദന ചെവി, ക്കൊരു ടീച്ചറായി-
    ച്ചേരാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?

  2. ഒരു പഞ്ചപാവമായ ഒരുത്തനുണ്ടായിരുന്നു. പഠിക്കാന്‍ തരക്കേടില്ല. രാഷ്ട്രീയമില്ല. യാതൊരു വിധ അലമ്പിനുമില്ല. സുന്ദരന്‍. സുശീലന്‍.

    ആയിടയ്ക്കു് “ആന്റി-പൊളിറ്റിക്സ്‌” എന്നൊരു പാര്‍ട്ടി തുടങ്ങി. രാഷ്ട്രീയമില്ലാത്തവരുടെ പാര്‍ട്ടി എന്നര്‍ത്ഥം. അവര്‍ ഇവനെപ്പിടിച്ചു് തെരഞ്ഞെടുപ്പിനു നിര്‍ത്തി. എട്ടുനിലയില്‍ പൊട്ടി. കാശു കുറേ പോയി. ജയിച്ച എസ്‌. എഫ്‌. ഐ.-ക്കാര്‍ ഇവന്മാരെ എടുത്തു തല്ലി. ഇവന്മാരും തല്ലി. കേസായി, എന്‍ക്വയറിയായി, സസ്‌പെന്‍ഷനായി, വീട്ടില്‍ നിന്നു് അച്ഛനെ വിളിച്ചുകൊണ്ടു വരലായി. ഇതിലൊക്കെ ഈ പാവവും ഉള്‍പ്പെട്ടു.

    ഇവന്‍ എഴുതുന്നതായാണു് ഈ പൂരണം:

    തത്ക്കാലമുള്ള പണമൊക്കെ നശിച്ചു; തല്ലു,
    വക്കാണ, മെന്‍‌ക്വയറി, കേസ്സുകള്‍, മാനനഷ്ടം,
    ദുഷ്കാലവൈഭവ-മിലക്‍ഷനു കേറിയൊന്നു
    നില്‍ക്കാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?

  3. ഞങ്ങള്‍ ഒരു സ്റ്റഡീലീവ്‌ കാലത്തു കാര്യമായി ഒന്നും ചെയ്യാനില്ലാതെ കോളേജില്‍ തേരാപ്പാരാ നടക്കുന്നു. അപ്പോഴാണു് ഒരു കൂട്ടുകാരന്റെ ചേട്ടന്റെ കല്യാണം വന്നതു്. അടുത്തു തന്നെയുള്ള തിരുവമ്പാടിയിലാണു കല്യാണം. എല്ലാവരും പോയി. ആര്‍ക്കും വാഹനമില്ലെങ്കിലും എങ്ങനെയെങ്കിലും പോയി. ബസ്സ്‌, കാര്‍, ജീപ്പ്, ബൈക്ക്‌ എന്നിങ്ങനെ പല വിധത്തിലും. (ഞാന്‍ ബസ്സിലാണു പോയതു്.) കല്യാണം അടിച്ചുപൊളിച്ചു. ഭക്ഷണത്തിനു് ഒരു ദാക്ഷിണ്യവുമുണ്ടായിരുന്നില്ല. “മാഷേ, എന്തൊരു പിശുക്കാ ഇതു്, ഒരു രണ്ടു മൂന്നു ചിക്കന്‍ കഷണം കൂടി തന്നേ. ദാ ഇവനു് ഒരു രണ്ടു പഴവും…” എന്നിങ്ങനെ പറഞ്ഞു് വിശദമായി, പല തവണ ഏമ്പക്കം വിട്ടു്, വിയര്‍ത്തു് അദ്ധ്വാനം ചെയ്തു് ഭക്ഷിച്ചു. ബാക്കി എല്ലാവരും കൂടി തിന്നതിനേക്കാള്‍ കൂടുതല്‍ ആറീസിയില്‍ നിന്നു വന്ന പിള്ളേര്‍ തിന്നു എന്നാണു പിന്നീടു കേട്ടതു്.

    അന്നു കല്യാണം കഴിച്ച ആള്‍ എഴുതുന്നതായാണു് ഈ പൂരണം:

    മുട്ടാളരെത്ര ശകടങ്ങളിലായി വന്നു
    മൃഷ്ടാന്നഭോജനമടിച്ചു തിരിച്ചു പോയി!
    കുട്ടന്റെ കോഴ്സു കഴിയുന്നതു മുമ്പു പെണ്ണു
    കെട്ടാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?

  4. ക്ലെപ്റ്റോമാനിയ ചെറിയ തോതിലുണ്ടായിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു ഞങ്ങള്‍ക്കു്. പോകുന്നിടത്തെല്ലാം എന്തെങ്കിലും അടിച്ചുമാറ്റും. സ്റ്റഡി ടൂറിനു പോകുമ്പോഴാണു് ഇതു് അധികം. വഴിയിലുള്ള കടകളില്‍ നിന്നും മറ്റും വിദഗ്ദ്ധമായി സാധനങ്ങള്‍ അടിച്ചുമാറ്റും.

    (അതു താമസിയാതെ മറ്റാരെങ്കിലും അവന്റെ കയ്യില്‍ നിന്നു് അടിച്ചുമാറ്റും. അതിനവനു സങ്കടമില്ല. സാധനങ്ങള്‍ക്കായല്ല, അതു് അടിച്ചുമാറ്റുന്ന ത്രില്ലിനായിരുന്നു അവനതു ചെയ്തിരുന്നതു്.)

    ഒരിക്കല്‍ ആളുകള്‍ പറഞ്ഞു പിരി കയറ്റി ഒരു ബെറ്റു വെച്ചു് അവന്‍ ഒരു സാഹസത്തിനു മുതിര്‍ന്നു.

    അടുത്തുള്ള ഫോട്ടോ സ്റ്റുഡിയോയുടെ മേശപ്പുറത്തുള്ള ചില്ലിനു കീഴില്‍ ധാരാളം ഫോട്ടോകളുണ്ടായിരുന്നു. അതിന്റെ കൃത്യം നടുക്കായി ഞങ്ങളുടെയൊക്കെ ഒരു സ്വപ്നസുന്ദരിയുടെ ഫോട്ടോ സ്ഥിതി ചെയ്തിരുന്നു. സ്വപ്നസുന്ദരി എന്നു പറഞ്ഞാല്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ പഠിക്കുന്ന ജാതി പെണ്ണു് എന്നു വായനക്കാര്‍ തെറ്റിദ്ധരിക്കരുതു്. കൊളേജിനടുത്തുള്ള ഒരു വീട്ടില്‍ പ്രീഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുന്ന സുന്ദരി. അവളുടെ ആരോ ആണു് ഈ സ്റ്റുഡിയോ നടത്തുന്നതു്.

    എന്തും എവിടെനിന്നും അടിച്ചുമാറ്റും എന്നു വീമ്പിളക്കിയ നമ്മുടെ കഥാനായകനെ ഒരു ബെറ്റിന്റെ പുറത്തു് ഞങ്ങള്‍ സ്റ്റുഡിയോയിലേക്കു വിട്ടു. ഈ ഫോട്ടോ പൊക്കണം. അതാണു മിഷന്‍ ഇമ്പോസ്സിബിള്‍.

    അവനതു ചെയ്തു. സ്റ്റുഡിയോ ഉടമ തൊണ്ടിയോടെ പിടികൂടി. തല്ലു കിട്ടിയില്ലെങ്കിലും അതിനടുത്തു പലതും കിട്ടി. നാട്ടുകാര്‍ മൊത്തം അറിഞ്ഞു. (അറിയാത്തവരെ ഞാന്‍ ഈ സമസ്യാപൂരണം വഴി അറിയിച്ചു.) അങ്ങനെ ഒരു ദിവസം കൊണ്ടു് അദ്ദേഹം കോളേജിലാകെ പ്രശസ്തനായി.

    ഇദ്ദേഹം എഴുതുന്നതായാണു് ഈ പൂരണം:

    കക്കാനെനിക്കു വലുതായ പടുത്വമുണ്ടെ-
    ന്നിക്കാലമേവരുമുരയ്പതു കേള്‍ക്കയാലേ
    മുക്കാല്‍ പണത്തിനൊരു പന്തയമായി ഫോട്ടോ
    പൊക്കാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?


നിങ്ങളുടെ പൂരണങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു. ഞാന്‍ ചെയ്തതുപോലെ വേണമെങ്കില്‍ വേറേ ആരെങ്കിലും എഴുതുന്നതായും എഴുതാം. വ്യക്തിഹത്യ പാടില്ല.

ഇതിന്റെ വൃത്തം വസന്തതിലകം. വളരെ എളുപ്പം എഴുതാവുന്ന ഒരു വൃത്തമാണു്. ഇതിനെപ്പറ്റി വിശദമായി ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ടു്. വൃത്തം തെറ്റാതെ എഴുതുക. തെറ്റിയാല്‍ മറ്റാരെങ്കിലും ദയവായി ശരിയാക്കിക്കൊടുക്കുക. നല്ല പൂരണങ്ങള്‍ ഇവിടെ എടുത്തു പ്രസിദ്ധീകരിക്കും. ചീത്ത പൂരണങ്ങള്‍ ഉള്ള കമന്റുകള്‍ ഡിലീറ്റ്‌ ചെയ്യും.

ഗുരുകുലത്തിലെ മൂന്നാമത്തെ സമസ്യാപൂരണത്തിലേക്കു് എല്ലാവര്‍ക്കും സ്വാഗതം. മുമ്പു നടന്ന സമസ്യാപൂരണങ്ങള്‍ ഇവിടെ വായിക്കാം.

ശ്ലോകങ്ങള്‍ (My slokams)
നര്‍മ്മം
സമസ്യാപൂരണം
സ്മരണകള്‍

Comments (87)

Permalink

ഒരു ബ്ലോഗു ശ്ലോകവും കുറേ ലിങ്കുകളും

ജ്യോതിര്‍മയിയുടെ ബ്ലോഗിലെ പുപ്പുലിക്കളി (കിം ലേഖനം) എന്ന വാഗ്‌ജ്യോതി പോസ്റ്റിനു കമന്റായി ഇട്ട ശ്ലോകം. പതിനഞ്ചു മിനിട്ടു കൊണ്ടെഴുതിയതാണെങ്കിലും (എഴുതിയതു് എന്നതു ശരിയല്ല, ടൈപ്പുചെയ്തതു് എന്നതു ശരി) പിന്നീടു വായിച്ചപ്പോള്‍ അതു കൂടുതല്‍ രസകരമായിത്തോന്നി. അതിനാല്‍ ഇവിടെയും ഇടുന്നു.

ബ്ലോഗാറില്ല, കമന്റുവാന്‍ കഴികയി, ല്ലേവൂര്‍ജി തന്‍ സര്‍വറില്‍
പോകാറി, ല്ലൊരു തേങ്ങയില്ലെറിയുവാ, നാര്‍മ്മാദമില്ലൊട്ടുമേ,
ഹാ, കഷ്ടം! “ഹിഹി”, സ്മൈലി തൊട്ട ചിരിയി, ല്ലോഫില്ല-പിന്നെന്തരോ
ആകട്ടേ, ഗഡി, പോസ്റ്റുവായനയെ നിര്‍ത്തീടൊല്ല, ശുട്ടീടുവേന്‍!

(കമന്റിട്ടപ്പോള്‍ “തേങ്ങയില്ലുടയുവാന്‍…” എന്നും “ശുട്ടീടുവന്‍” എന്നുമായിരുന്നു.)

ആരെങ്കിലും ഈ ബൂലോഗം എന്താണെന്നറിയാന്‍ ആദ്യമായി എന്റെ ബ്ലോഗിലെങ്ങാനും എത്തി അന്ധാളിച്ചു നില്‍ക്കുകയാണെങ്കില്‍ അവര്‍ക്കു വേണ്ടി ഒരു വ്യാഖ്യാനവും താഴെ:

  • ബ്ലോഗാറില്ല: ബ്ലോഗുക എന്നു വെച്ചാല്‍ ബ്ലോഗ് എഴുതുക എന്നര്‍ത്ഥം. To blog.
  • കമന്റുക: കമന്റു ടൈപ്പു ചെയ്യുക. To comment.
  • ഏവൂര്‍ജി: ബൂലോഗത്തില്‍ ആളുകളെ ഏട്ടന്‍, ചേട്ടന്‍, ജി, മാഷ്, സാര്‍, ഗുരു, ലഘു എന്നൊക്കെ വിളിച്ചാല്‍ വിളിക്കുന്ന ആളുകള്‍ക്കു പ്രായം കുറവാണെന്നു തോന്നും എന്നൊരു മിഥ്യാധാരണയുണ്ടു്. പാപ്പാനെ ഒഴികെ ആരെയും “ജി” എന്നു വിളിക്കാം. പാപ്പാനെ “പാപ്പാന്‍‌ജി” എന്നു വിളിച്ചാല്‍ (വരമൊഴിയില്‍ ഇടയിലൊരു _ ഇട്ടില്ലെങ്കില്‍ “പാപ്പാഞി” ആയിപ്പോകും എന്നു വേറൊരു കുഴപ്പം) ആനയെക്കൊണ്ടു ചവിട്ടിക്കും എന്നു കേള്‍ക്കുന്നു. ഒരേ പ്രായമുള്ളവരെ “ഗഡി” എന്നു വിളിക്കണം. പ്രായം കുറവായവരെ “ഉണ്ണി” എന്നോ “കുട്ടി” എന്നോ (കുട്ടി എന്നു സമപ്രായക്കാരെയും വിളിക്കാം എന്നും ഒരു മതമുണ്ടു്.) “ഊട്ടി” (as in ബിന്ദൂട്ടി) എന്നോ വെറും പേരോ വിളിക്കാം. അചിന്ത്യയ്ക്കു മാത്രം ആരെയും എന്തും വിളിക്കാം.

    ഇവിടെ സ്മര്യപുരുഷന്‍ ഏവൂരാന്‍ ആണു്. അദ്ദേഹം തനിമലയാളത്തിനും മറ്റും ചെയ്യുന്ന സംഭാവനകളെ ആദരിക്കാന്‍ ഏവൂര്‍‌ജി എന്നു വിളിക്കുന്നു. ഏവൂരാന്‍‌ജി എന്നും (അണ്ടര്‍സ്കോര്‍ മറക്കരുതു്) വിളിക്കാം. പാപ്പാനെപ്പോലെ വയലന്റല്ല ഈ ജി.

  • സര്‍വര്‍: ഏവൂരാന്റെ തനിമലയാളം സര്‍വര്‍. ഇവിടെച്ചെന്നാല്‍ പുതിയ പോസ്റ്റുകളുടെ ലിസ്റ്റു കാണാം.

    അവിടെ പരസ്യങ്ങള്‍ മൂലം കാലതാമസമുള്ളതിനാല്‍ പോകില്ല എന്നും പകരം പോളിന്റെ സര്‍വറിലാണു പോകുന്നതെന്നും ഇതിനെ ആരെങ്കിലും ദുര്‍വ്യാഖ്യാനം ചെയ്താല്‍ കവി ഉത്തരവാദിയല്ല.

  • തേങ്ങ: Coconut. പോസ്റ്റു വായിക്കാന്‍ സമയമില്ലെങ്കില്‍ തേങ്ങയടിക്കാം പിന്നെ വായിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നു കണ്ടുപിടിച്ചതു അഗ്രജനും സുല്ലുമാണു്. ഒരു തേങ്ങാക്കാരന്‍ മറ്റൊരു തേങ്ങാക്കാരന്റെ തെങ്ങിന്‍തോപ്പില്‍ പോയി തേങ്ങയടിച്ചതിന്റെ ഉദാഹരണം ഇവിടെ.
  • ആര്‍മ്മാദം: ഇതിന്റെ അര്‍ത്ഥം മലയാളം എമ്മേ (എന്റമ്മേ!) പാസ്സായ സിജിയ്ക്കു പോലും അറിയില്ല (അലങ്കാരം അര്‍ത്ഥാപത്തി). ഏതോ സിനിമയില്‍ ഇന്നസെന്റു പറയുന്നു എന്നു സൂ പറയുന്നു. ഏതായാലും ബൂലോഗത്തില്‍ ആദിത്യനും ദില്‍ബാസുരനുമൊക്കെ സ്ഥാനത്തും അസ്ഥാനത്തും ഇതെടുത്തു പൂശാറുണ്ടു്. ബൂലോഗക്ലബ്ബിന്റെ പ്രഖ്യാപിതലക്ഷ്യവാക്യത്തിലും ഇതുണ്ടു്. “അടിച്ചു പൊളിക്കുക” എന്നര്‍ത്ഥം. ഇതൊരു തൃശ്ശൂര്‍ സ്ലാങ്ങാണെന്നാണു് ഏറ്റവും ഒടുവില്‍ കിട്ടിയ അറിവു്.
  • ഹാ, കഷ്ടം: വൃത്തത്തിനും പ്രാസത്തിനും വേണ്ടി തിരുകിക്കയറ്റിയതു്. ഇങ്ങനെയുള്ള ഒരാളിന്റെ സ്ഥിതിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞുപോകും എന്നു് ആരെങ്കിലും വ്യാഖ്യാനിക്കാന്‍ സാദ്ധ്യതയുണ്ടു്.
  • ഹി ഹി: ബൂലോഗത്തില്‍ ചിരിക്കേണ്ടതു് ഇങ്ങനെയാണു് എന്നു കണ്ടു പിടിച്ചതു ജ്യോതിയാണു്. പെരിങ്ങോടനു മാത്രം “ഹാ ഹാ” എന്നു ചിരിക്കാം. അട്ട എന്ന ജീവി ഹസിക്കുന്നതും അങ്ങനെ തന്നെ.
  • സ്മൈലി: “വായിച്ചു, കൂടുതലൊന്നും പറയാനില്ല” എന്ന അര്‍ത്ഥത്തില്‍ കമന്റിലിടുന്ന സാധനം. ഏറ്റവും കൂടുതല്‍ കമന്റുകളില്‍ ഇതിട്ടതു സൂ ആണു്.

    അങ്ങനെയല്ലാതെ പുട്ടിനിടയില്‍ തേങ്ങാപ്പീര ഇടുന്നതുപൊലെയും ഇതു് ഇടാം. “തല്ലണ്ടാ, വിരട്ടി വിട്ടാല്‍ മതി…” എന്നര്‍ത്ഥം. (കട: പതാലി) അങ്ങനെ ഇതു് ഏറ്റവും കൂടുതല്‍ ഇട്ടിട്ടുള്ളതു വക്കാരി.

  • ഓഫ്: ഓഫ്‌ടോപ്പിക്കിന്റെ ചുരുക്കരൂപം. “ഓ. ടോ.” (ഓട്ടോ അല്ല), “ഓ. പൂ.” (ഓണത്തിനിടയ്ക്കു പൂട്ടുകച്ചവടം) എന്നൊക്കെ പറയും. ആദിത്യന്‍, ഇഞ്ചിപ്പെണ്ണു്, ബിന്ദു തുടങ്ങിയവര്‍ പുനരുജ്ജീവിപ്പിച്ച പ്രാചീനകല. ഇതിനൊരു യൂണിയനും ഉണ്ടു്. പ്രെസിഡണ്ട് ദില്‍ബാസുരന്‍. സെക്രട്ടറി ബിന്ദു. കജാഞ്ചി (ഖജാന്‍‌ജി എന്നതിന്റെ ബൂലോഗവാക്കു്) ആദിത്യന്‍. സാങ്കേതികസഹായം ശ്രീജിത്ത്. ശബ്ദം സുല്ല് & അഗ്രജന്‍ (“ഠോ”). വെളിച്ചം ഇത്തിരിവെട്ടം. ഗ്രാഫിക്സ് കുമാര്‍.

    “ദില്‍ബാസ്വരന്‍” ലോപിച്ചാണു “ദില്‍ബാസുരന്‍” ആയതു്‌. “ഓഫ്‌ യൂണിയന്‍” എന്നതു സ്വരത്തില്‍ തുടങ്ങുന്നതു കൊണ്ടു്‌ സ്വരത്തില്‍ തുടങ്ങുന്ന പേരുള്ളവരേ പ്രെസിഡന്റാകാവൂ എന്നൊരു കീഴ്‌വഴക്കമുണ്ടായിരുന്നു. (ഇതിനു മുമ്പുള്ള രണ്ടു പ്രെസിഡന്റുകളുടെയും-ഉമേഷ്‌, ഇടിവാള്‍- പേരു്‌ സ്വരത്തിലായിരുന്നു തുടങ്ങിയിരുന്നതു്‌.) ദില്‍ബനു്‌ പ്രെസിഡന്റാവുകയും വേണം. ഈ ദുഃസ്ഥിതി ഒഴിവാക്കാന്‍ ദില്‍ബനു്‌ “അസ്വരന്‍” എന്ന പേരു കൊടുത്തു. സ്വരമില്ലാത്തവന്‍ എന്നര്‍ത്ഥം. അതു്‌ ആളുകള്‍ വിളിച്ചുവിളിച്ചു്‌ “അസുരന്‍” എന്നായി. ഒരു ഇള്ളാവാവയുടെ മുഖമുള്ള ആ സാധുവിനെ എന്തിനു്‌ അസുരന്‍ എന്നു വിളിക്കുന്നു എന്നു്‌ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ തീര്‍ന്നല്ലോ.

    ഇതിന്റെ മറ്റൊരു വകഭേദമാണു് നൂറടിക്കുക, ഇരുനൂറടിക്കുക തുടങ്ങിയവ. സന്തോഷും ബിന്ദുവുമാണു് ഇതിനു വിദഗ്ദ്ധര്‍. എത്ര തവണ നൂറടിച്ചാലും തലയുടെ സ്ഥിരതയില്‍ കാര്യമായ മാറ്റം ഇവര്‍ക്കു വരാറില്ല.

  • എന്തരോ ആകട്ടേ: രാജമാണിക്യത്തില്‍ നിന്നും ദേവരാഗത്തില്‍ നിന്നും ബൂലോഗം കടം കൊണ്ട ഭാഷ. ഈ ചിന്താഗതിയെ “അരാഷ്ട്രീയത” എന്നു ചന്ത്രക്കാറനും ബെന്നിയും വിളിക്കുന്നു.
  • ഗഡി: ബൂലോഗത്തിനു വിശാലമനസ്കന്‍ നല്‍കിയ രണ്ടാമത്തെ മികച്ച സംഭാവന. ഇപ്പോള്‍ ഇതു പബ്ലിക്ക് ഡൊമൈനില്‍. ആദ്യത്തെ സംഭാവന കറന്റ് ബൂക്സിന്റെ പ്രൈവറ്റ് ഡൊമൈനിലും. കൂട്ടുകാരന്‍, കാശിനു കൊള്ളാത്തവന്‍ എന്നൊക്കെ അര്‍ത്ഥം. സുന്ദരന്‍ എന്ന അര്‍ത്ഥമില്ല. അതിനു “ചുള്ളന്‍” എന്നു പറയണം.
  • പോസ്റ്റ്: ബ്ലോഗില്‍ ഒരു സമയത്തു വരുന്ന സാധനം. ഇതിനെന്തിനു പോസ്റ്റ് എന്നു പറയുന്നതെന്നറിയണമെങ്കില്‍ ഉമേഷിന്റെ ബ്ലോഗില്‍ നോക്കിയാല്‍ മതി. അവസാനം എത്തുമ്പോഴേയ്ക്കു് ആദ്യത്തിലുള്ളതു മറന്നുപോകും, വല്ലതും മനസ്സിലായെങ്കില്‍!
  • ശുട്ടീടുവേന്‍: ബൂലോഗത്തിനു വക്കാരിയുടെ പല സംഭാവനകളില്‍ ഒന്നു്. തനിമലയാളം ഓടിക്കാന്‍ ഒരു ലിനക്സ് സര്‍വറും നല്ല ഇന്റര്‍നെറ്റ് കണക്‍ഷനും നോക്കി നടന്ന ഏവൂരാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഒരെണ്ണം സെറ്റപ്പ് ചെയ്യാഞ്ഞ ഉമേഷിനെ അതിനു പ്രേരിപ്പിക്കാന്‍ ഏവൂരാന്‍ ഇട്ട പോസ്റ്റില്‍ വക്കാരി ഉമേഷിനെ ഭീഷണിപ്പെടുത്തിയതു്. മണിച്ചിത്രത്താഴു് സിനിമയില്‍ നിന്നു പൊക്കിയതാണെന്നു തോന്നുന്നു.

അര്‍ത്ഥം:

ബ്ലോഗെഴുതാറില്ല, കമന്റിടുവാന്‍ സമയമില്ല, തനിമലയാളം പേജില്‍ പോകാറുപോലുമില്ല, വായിച്ചില്ലെങ്കിലും പേജു വരെ പോയി ഒരു തേങ്ങായടിക്കുകയും കൂടിയില്ല, വായിച്ചു കമന്റിട്ടു അതിന്റെ ബാക്കി കമന്റിട്ടു നൂറടിച്ചു രസിക്കാറില്ല. ഹാ, കഷ്ടമെന്നേ പറയേണ്ടൂ… ഒരു ചിരി പോലും -“ഹി ഹി” എന്നോ ഒരു സ്മൈലി ഇട്ടോ-ചിരിക്കാറില്ല, ഒരു ഓഫ്‌ടോപ്പിക് കമന്റു പോലും ഇടാറില്ല… എന്തു പറ്റി ഉണ്ണീ നിനക്കു്? എന്തെങ്കിലും ആകട്ടേ, പോസ്റ്റു വായിക്കുന്നതു നീ നിര്‍ത്തരുതു്. നിര്‍ത്തിയാല്‍ കൊന്നുകളയും ഞാന്‍!

[ഞാന്‍ ഓടി പാലത്തില്‍ നിന്നു വെള്ളത്തിലേക്കെടുത്തു ചാടി നീന്തി തുമ്പയിലെത്തി ഒരു റോക്കറ്റിന്റെ മൂട്ടില്‍ പിടിച്ചു ചന്ദ്രനിലേക്കു പോകട്ടേ-പുറകേ ജ്യോതി മാത്രമല്ല, കവിതയില്‍ ഇമ്മാതിരി ഭാഷയും ഇംഗ്ല്ലീഷും ഉപയോഗിച്ചതിനു് അനംഗാരിയും അതിനെ വ്യാഖ്യാനിച്ചതുകൊണ്ടു് അങ്ങനെ പറ്റുന്നതിനു പകരം ഇങ്ങനെ പറ്റിയില്ലേ എന്നു ചോദിച്ചു വക്കാരിയും ഉണ്ടു്!]


ബ്ലോഗുഭാഷയിലെ പദങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയില്ല. ശാര്‍ദ്ദൂലവിക്രീഡിതത്തിനു് ഒരു വരിയില്‍ പത്തൊന്‍പതക്ഷരമല്ലേ ഉള്ളൂ.

ഇതുപോലെയുള്ള ബ്ലോഗുഭാഷയിലെഴുതിയ ബ്ലോഗുകവിതകള്‍ കമന്റുകളായി ക്ഷണിച്ചുകൊള്ളുന്നു. ഏറ്റവും നല്ല കവിതയ്ക്കു് ജ്യോതി ഒരു സമ്മാനം കൊടുക്കുമായിരിക്കും. കൊടുത്തില്ലെങ്കില്‍ വക്കാരിയെക്കൊണ്ടു് “ശുട്ടിടുവേന്‍” എന്നു പറയിച്ചു നോക്കാം :)


(അടുത്ത തവണ പുഴ.കോമിന്റെ കൊളാഷില്‍ ഇതായിരിക്കും എന്റെ ടിപ്പിക്കല്‍ പോസ്റ്റായി വരുന്നതു്. ആര്‍ക്കറിയാം!)

ശ്ലോകങ്ങള്‍ (My slokams)
നര്‍മ്മം

Comments (27)

Permalink

ലാപുടയുടെ ചിഹ്നങ്ങള്‍-ഒരു മൊഴിമാറ്റം

നല്ല കവിതകള്‍ കാണുമ്പോള്‍ പരിഭാഷപ്പെടുത്താന്‍ തോന്നുക എന്നതു് എനിക്കു പണ്ടു തൊട്ടേയുള്ള ഒരു അസുഖമാണു്. (ഇവിടെ അതിനെപ്പറ്റി പറഞ്ഞിട്ടുണ്ടു്.) ലാപുടയുടെ ഓരോ കവിത വായിക്കുമ്പോഴും ഇതു തോന്നിയിരുന്നു. ഇംഗ്ലീഷിലാക്കാനാണു തോന്നിയിരുന്നതു്.

അദ്ദേഹത്തിന്റെ പുതിയ കവിതയായ “ചിഹ്നങ്ങള്‍” വായിച്ചപ്പോള്‍ അതു മലയാളത്തില്‍ തന്നെ “പരിഭാഷ”പ്പെടുത്തിയാലോ എന്നു തോന്നി. അതേ ഭാഷയില്‍ മാറ്റിയെഴുതുന്നതിനെ പരിഭാഷ എന്നു വിളിക്കാമോ എന്നറിയില്ല. വേണമെങ്കില്‍ “പദ്യപരിഭാഷ” എന്നു വിളിക്കാമെന്നു തോന്നുന്നു.

ലാപുട ദയവായി ക്ഷമിക്കുക. താങ്കളുടെ മനോഹരമായ ഗദ്യകവിതയ്ക്കു് ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേര്‍ന്ന ഉപജാതിയില്‍ വികലമായ ഒരു പദ്യപരിഭാഷ.

കുനിഞ്ഞിരിപ്പൂ ത്രപയോടെ ചോദ്യ-
ചിഹ്നം മുഖം താഴ്ത്തി വളഞ്ഞുകുത്തി;
പിറുപ്പുമല്ലാത്തതുമിന്നു ചോദ്യ-
മാക്കുന്ന സങ്കോചമതിന്നു കാണും!

എഴുത്തു തീരാത്തൊരു വിസ്മയങ്ങള്‍,
വായിച്ചു തീരാ ക്ഷുഭിതങ്ങളെന്നീ
സദാ തിളയ്ക്കുന്ന വികാരമാവാം
ആശ്ചര്യചിഹ്നത്തെയുരുക്കിടുന്നൂ.

ഗര്‍ഭത്തിലെക്കുഞ്ഞു കണക്കു ശാന്ത-
ധ്യാനത്തിലേക്കൊന്നു ചുരുണ്ടു കൂടാന്‍
കോമയ്ക്കു പറ്റുന്നതു മൂലമാണോ
വാചാലലോകത്തതു ബോധമാര്‍ന്നു?

ഭാരിച്ച ഭൂതത്തിനെ വാച്യമാക്കി-
ത്തൂക്കിക്കൊലയ്ക്കിട്ടു കൊടുത്തിടുമ്പോള്‍
പ്രാര്‍ത്ഥിക്കുവാനേയിനി വര്‍ത്തമാന-
വ്യംഗ്യങ്ങളോടുദ്ധരണിയ്ക്കു പറ്റൂ.

പറഞ്ഞിടാനാവുകയില്ല “യൊന്നും
തീരില്ല” യെന്നുള്ള പ്രപഞ്ചസത്യം;
അതിന്റെ ദുഃഖത്തിലമര്‍ന്നു നീറി-
ച്ചുരുങ്ങിടും പൂര്‍ണ്ണവിരാമമെന്നും.

ഒറ്റ എഴുത്തില്‍ എഴുതിയതാണു്. ഇനിയും നന്നാക്കാമെന്നു തോന്നുന്നു. ചില സ്വാതന്ത്ര്യങ്ങള്‍ എടുത്തിട്ടുണ്ടു്. പ്രത്യേകിച്ചു നാലാം പദ്യത്തില്‍.


ലാപുടയുടെ പോസ്റ്റില്‍ നളന്‍ ഇട്ട ഈ കമന്റിലുള്ള ആശയത്തിന്റെ പരിഭാഷ:

മുടിഞ്ഞുപോകേണ്ട വിചാരധാര
ചികഞ്ഞെടുക്കുന്നൊരു മൌഢ്യമാകെ
കണ്ടിട്ടു പേടിച്ചു ചുരുങ്ങിയില്ലാ-
താകുന്നുവോ പൂര്‍ണ്ണവിരാമചിഹ്നം?

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)
കവിതകള്‍ (My poems)

Comments (16)

Permalink

സംഗീതത്തിനോടു്

ദുര്‍ഗ്ഗയുടെ പരമാനന്ദം സംഗീതം… വായിച്ചപ്പോള്‍ ഓര്‍മ്മ വന്നതു്. ശാസ്ത്രീയസംഗീതം പഠിക്കാന്‍ അവസാനമായി ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ 1992-ല്‍ ബോംബെയില്‍ വെച്ചു് എഴുതിയതു്.

നാവെപ്പോള്‍ മുരളുന്നതും പരുഷമാം ഹുങ്കാരമാണെങ്കിലും,
ഭാവം താളമിതൊക്കെയെന്റെ ധിഷണയ്ക്കപ്രാപ്യമാണെങ്കിലും,
നീ വാഗ്വര്‍ഷിണി, നൂപുരധ്വനിയുതിര്‍ത്തെത്തീടവേ, കേള്‍ക്കുവാ-
നാവും മച്ഛ്രുതികള്‍ക്കു - ഞാനവനിയില്‍ സംഗീതമേ, ഭാഗ്യവാന്‍!

(മത് + ശ്രുതി = മച്ഛ്രുതി. “എന്റെ ചെവി” എന്നര്‍ത്ഥം.)

ശ്ലോകങ്ങള്‍ (My slokams)
കവിതകള്‍ (My poems)

Comments (5)

Permalink

ഷോലേ സിനിമയും കാളിദാസനും

ഷോലേ (Sholay) എന്ന ഹിന്ദിസിനിമയിലെ അമിതാഭ് ബച്ചനും ഹേമമാലിനിയുടെ അമ്മായിയും തമ്മിലുള്ള സംഭാഷണം പലര്‍ക്കും ഓര്‍മ്മയുണ്ടാവും. ധര്‍മ്മേന്ദ്രയ്ക്കു കല്യാണമാലോചിക്കാന്‍ ചെന്ന അമിതാഭ് പ്രതിശ്രുതവരന്റെ ചെറിയ കുറ്റങ്ങള്‍ പറഞ്ഞുതുടങ്ങി അതു വലിയ കുറ്റങ്ങളിലെത്തുന്നതു്. ആ സംഭാഷണം ഹിംഗ്ലീഷില്‍ ഇവിടെ കാണാം.

ഈ ഫലിതം പല രൂപത്തിലും കാണാറുണ്ടു്. സ്വന്തം വീടു കത്തിപ്പോയി ഭാര്യയും മരിച്ച ഒരുത്തനോടു മറ്റൊരുവന്‍ ആ വാര്‍ത്ത അറിയിക്കാന്‍ അയല്‍‌വക്കത്തെ പൂച്ച മരിച്ച വിവരത്തില്‍ തുടങ്ങുന്നതു്, ജീര‍കം തിന്നുക എന്നൊരു ദുശ്ശീലം മാത്രമുള്ള മകന്റെ കഥ അങ്ങനെ പലതും.

ഞാന്‍ അറിഞ്ഞിടത്തോളം ഈ ഫലിതം ആദ്യമായി കാണുന്നതു് കാളിദാസന്റെ ഒരു ശ്ലോകത്തിലാണു്. ഭ്രഷ്ടസ്യ കാന്യാ ഗതിഃ (ഭ്രഷ്ടനു് എന്താണു വേറേ വഴി?) എന്ന സമസ്യയുടെ പൂരണമായി കാളിദാസന്‍ രചിച്ച താഴെക്കൊടുത്തിരിക്കുന്ന ശ്ലോകം.

“ഭിക്ഷോ, മാംസനിഷേവണം കിമുചിതം?”, “കിം തേന മദ്യം വിനാ?”;
“മദ്യം ചാപി തവ പ്രിയം?”, “പ്രിയമഹോ വാരാംഗനാഭിസ്സമം.”;
“വാരസ്ത്രീരതയേ കുതസ്തവ ധനം?”, “ദ്യൂതേന ചൌര്യേണ വാ.”;
“ചൌര്യദ്യൂതപരിശ്രമോऽസ്തി ഭവതഃ?”, “ഭ്രഷ്ടസ്യ കാന്യാ ഗതിഃ?”

ഒരു കള്ളസന്ന്യാസി വഴിയരികിലുള്ള കടയില്‍ നിന്നു മാംസം വാങ്ങുകയായിരുന്നു. അതു കണ്ട ഒരു വഴിപോക്കനും സന്ന്യാസിയുമായുള്ള സംഭാഷണരൂപത്തിലാണു് ഈ ശ്ലോകം. അര്‍ത്ഥം താഴെച്ചേര്‍ക്കുന്നു.

ഭിക്ഷോ, മാംസനിഷേവണം കിം ഉചിതം? : സന്ന്യാസീ, ഇറച്ചി കഴിക്കുന്നതു ഉചിതമാണോ?
മദ്യം വിനാ തേന കിം? : (അതു ശരിയാ), മദ്യമില്ലാതെ എന്തോന്നു് ഇറച്ചി?
തവ മദ്യം ച അപി പ്രിയം? : ഓ, നിങ്ങള്‍ക്കു മദ്യവും ഇഷ്ടമാണോ?
അഹോ പ്രിയം, വാരാംഗനാഭിഃ സമം : പിന്നേ, ഇഷ്ടം തന്നെ. വേശ്യകളെപ്പോലെ തന്നെ.
(ഈ സന്ന്യാസി ഒരു ഫ്രോഡാണെന്നു വഴിപോക്കനു മനസ്സിലായി.)
വാരസ്ത്രീരതയേ തവ ധനം കുതഃ? : വേശ്യകളുടെ അടുത്തു പോകാന്‍ നിങ്ങള്‍ക്കു് എവിടെ നിന്നു പണം കിട്ടും?
ദ്യൂതേന വാ ചൌര്യേണ : ചൂതുകളിച്ചോ മോഷ്ടിച്ചോ.
ഭവതഃ ചൌര്യദ്യൂതപരിശ്രമഃ അസ്തി? : (ഒരു സന്ന്യാസിയായ) നിങ്ങള്‍ക്കു മോഷണവും ചൂതുകളിയും ബുദ്ധിമുട്ടല്ലേ?
ഭ്രഷ്ടസ്യ കാ അന്യാ ഗതിഃ? : ഭ്രഷ്ടനു വേറേ എന്തു വഴി?

ഇതിന്റെ പിന്നില്‍ ചില ഐതിഹ്യങ്ങളൊക്കെയുണ്ടു്. കാളിദാസന്‍ ഒരിക്കല്‍ നാടുവിട്ടുപോയെന്നും, അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ ഭോജരാജാവു് ഒരു സമസ്യ നാട്ടിലെങ്ങും പ്രസിദ്ധപ്പെടുത്തിയെന്നും, ആരും നന്നായി പൂരിപ്പിച്ചില്ലെന്നും, രാജാവൊരിക്കല്‍ വഴിയിലൂടെ പോകുമ്പോള്‍ ഒരു സന്ന്യാസി ഇറച്ചി വാങ്ങുന്നതു കണ്ടുവെന്നും, അപ്പോള്‍ രാജാവും കാളിദാസനും തമ്മില്‍ നടന്ന സംഭാഷണമാണു് ഈ ശ്ലോകമെന്നും പറയുന്ന ഒരു കഥ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കാണാം. (ആ കണക്കിനു് ഇതു കാളിദാസനും ഭോജരാജാവും കൂടി എഴുതിയതാണു്.) ഇതു കെട്ടുകഥയാകാനേ വഴിയുള്ളൂ. അന്നൊക്കെയുള്ള ആളുകള്‍ ശാര്‍ദ്ദൂലവിക്രീഡിതത്തിലാണോ സംസാരിച്ചിരുന്നതു്, എന്തോ?

ഇതു കാളിദാസന്റേതു തന്നെയാണെന്നുള്ളതിനും ഒരുറപ്പുമില്ല. നല്ല സമസ്യാപൂരണങ്ങളുടെയെല്ലാം കര്‍ത്തൃത്വം കാളിദാസന്റെ മേല്‍ കെട്ടിവയ്ക്കുന്ന പ്രവണതയുടെ ഭാഗമായി കാളിദാസന്റേതായതാവാം. എന്തായാലും ഒരു രസികന്‍ ശ്ലോകം!

ഈ ശ്ലോകത്തിനു് എന്റെ ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തില്‍ തന്നെയുള്ള പരിഭാഷ:

“തിന്നാനെന്തിതിറച്ചിയോ വരമുനേ?” - “കള്ളില്ലയെന്നാലതി–
ന്നെന്തി?”; “ന്നെന്തു കുടിക്കുമോ?” - “കുടി ഹരം താനാണു, പെണ്ണുങ്ങളും”;
“പെണ്ണുങ്ങള്‍ക്കു കൊടുപ്പതിന്നു പണമോ?” - “ചൂതാട്ടവും കക്കലും”;
“നിന്നെക്കൊണ്ടിവ പറ്റുമോ?” - “മുറ മുടിഞ്ഞോനെന്തു വേറേ ഗതി?


സമസ്യാപൂരണം എന്നൊരു പുതിയ വിഭാഗവും തുടങ്ങി - ഇങ്ങനെ കിട്ടുന്ന ശ്ലോകങ്ങള്‍ ചേര്‍ക്കാന്‍.

പലവക (General)
പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)
സമസ്യാപൂരണം
സാഹിത്യം

Comments (9)

Permalink

കഷ്ടം ഗൃഹസ്ഥാശ്രമം!

അക്ഷരശ്ലോകസദസ്സിനു വേണ്ടി എഴുതിയ മറ്റൊരു ശ്ലോകം:


കേഴും കുട്ടികള്‍, വൃത്തികെട്ട തൊടിയും, ചോരുന്ന മ, ച്ചെപ്പൊഴും
വാഴും മൂട്ടകളുള്ള ശയ്യ, പുക മൂടീടുന്ന വീട്ടിന്നകം,
പോഴത്തം പറയുന്ന ഭാര്യ, കലിയാല്‍ തുള്ളുന്ന കാന്തന്‍, തണു-
പ്പാഴും വെള്ളമഹോ കുളിപ്പതിനു - ഹാ കഷ്ടം ഗൃഹസ്ഥാശ്രമം!

ഇതു്‌ താഴെക്കൊടുക്കുന്ന സംസ്കൃതശ്ലോകത്തിന്റെ പരിഭാഷയാണു്‌.


ക്രോശന്തഃ ശിശവഃ, സവാരിസദനം, പങ്കാവൃതം ചാങ്കണം,
ശയ്യാ ദംശവതീ ച രൂക്ഷമശനം, ധൂമേന പൂര്‍ണ്ണം ഗൃഹം,
ഭാര്യാ നിഷ്ഠുരഭാഷിണീ, പ്രഭുരപി ക്രോധേന പൂര്‍ണ്ണഃ സദാ
സ്നാനം ശീതളവാരിണാഹി സതതം — ധിഗ്‌ ധിഗ്‌ ഗൃഹസ്ഥാശ്രമം!

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)
കവിതകള്‍ (My poems)

Comments (9)

Permalink

കല്യാണം പഞ്ചേന്ദ്രിയാകര്‍ഷണം!

കലേഷിന്റെ കല്യാണമൊക്കെ പൊടിപൊടിക്കാന്‍ പോവുകയാണല്ലോ. ലൈവ്‌ അപ്ഡേറ്റും കിട്ടുന്നുണ്ടു്‌. ഇതുപോലെ ലോകം മുഴുവന്‍ ആഘോഷിക്കുന്ന ഒരു വിവാഹം ചാള്‍സ്‌ - ഡയാന സംഭവത്തിനു ശേഷം ഉണ്ടായിട്ടില്ലെന്നു തോന്നുന്നു.

നാട്ടിലെ വിവാഹത്തെപ്പറ്റി പറഞ്ഞപ്പോള്‍ പണ്ടു്‌ അക്ഷരശ്ലോകസദസ്സില്‍ “ഛ” എന്ന അക്ഷരം വന്നപ്പോള്‍ എഴുതിയ ഈ ശ്ലോകം ഓര്‍മ്മവന്നു.


ഛായാഗ്രാഹകപൃഷ്ഠദര്‍ശന, മലര്‍ച്ചെണ്ടിന്റെ ചീയും മണം,
തീയൊക്കും വെയിലത്തു മേനികള്‍ വിയര്‍ത്തീടുന്നതില്‍ സ്പര്‍ശനം,
മായം ചേര്‍ത്തൊരു ഭക്ഷണം, ചെകിടടച്ചീടും വിധം ഭാഷണം,
നായന്മാര്‍ക്കു വിവാഹഘോഷണ, മഹോ! പഞ്ചേന്ദ്രിയാകര്‍ഷണം!

“നായന്മാര്‍ക്കു്‌” എന്നതു ദ്വിതീയാക്ഷരപ്രാസത്തിനു വേണ്ടി ചേര്‍ത്തതാണു്‌. എല്ലാവരുടെയും കല്യാണം കണക്കു തന്നെ.

പലവക (General)
ശ്ലോകങ്ങള്‍ (My slokams)
കവിതകള്‍ (My poems)

Comments (3)

Permalink

ശ്ലോകമോഷണം

അക്ഷരശ്ലോകം യാഹൂഗ്രൂപ്പിന്റെ ഇ-സദസ്സില്‍ ഒരിക്കല്‍ ബാലേന്ദു ഈ സ്വന്തം ശ്ലോകം ചൊല്ലി:


“അല്ലാ ഡീയെസ്പിസാറെന്തിവിടെ?”, “ഒരു മഹാ കള്ളനുണ്ടിങ്ങു വാഴ്വൂ
ഇല്ലാ ചെയ്യാത്തതായിട്ടിവനൊരു കളവും, കണ്ണനെന്നാണു നാമം,
മല്ലാണേറെപ്പിടിക്കാനൊരുവനിതുവരേയ്ക്കായതില്ലെങ്കിലിന്നി-
ങ്ങില്ലാ ഭാവം വിടാനാ വിരുതനെയുടനേയുള്ളിലാക്കീട്ടു കാര്യം!”

ശ്രീകൃഷ്ണന്റെ മോഷണത്തെപ്പറ്റി പറയുന്ന ഈ ശ്ലോകത്തിനെ അക്ഷരശ്ലോകരീതിയില്‍ത്തന്നെ പിന്തുടരുന്ന മറ്റൊരു ശ്ലോകവും അദ്ദേഹം എഴുതിയിട്ടുണ്ടു്. “മ”യില്‍ തുടങ്ങുന്ന മറ്റൊരു മോഷണശ്ലോകം:


മോഷ്ടാവായി വധങ്ങള്‍ ചെയ്തു കൊലയില്‍പ്പാര്‍ത്ഥന്നു കൂട്ടാളിയായ്‌
കഷ്ടം, സ്ത്രീഹരണത്തിലില്ലൊരുവനും നീയൊത്തു വേറേ തഥാ;
തൊട്ടാല്‍ത്തൊട്ട വകുപ്പുകൊണ്ടുനിറയും നിന്‍ കുറ്റപത്രം ഹരേ!
തെറ്റില്ലിങ്ങു കിടക്കയെന്‍ ഹൃദയമാം ലോക്കപ്പിലെന്നെന്നുമേ.

പക്ഷേ, ഇ-സദസ്സിന്റെ നിയമങ്ങളനുസരിച്ചു് അടുത്തടുത്ത രണ്ടു ശ്ലോകങ്ങള്‍ ഒരാള്‍ തന്നെ ചൊല്ലാന്‍ പാടില്ല. അതുകൊണ്ടു് ബാലേന്ദു ഇപ്രകാരം ഒരു വെല്ലുവിളി (challenge എന്നേ ഉദ്ദേശിച്ചുള്ളൂ. യുദ്ധകാഹളമല്ല) നടത്തി:

ആര്‍ക്കെങ്കിലും “മ”യില്‍ത്തുടങ്ങി “മ” തന്നെ കൊടുക്കുന്നതും ശ്രീകൃഷ്ണനെപ്പറ്റിയുള്ളതുമായ മറ്റൊരു ശ്ലോകം ചൊല്ലാമോ? മോഷണശ്ലോകമായാല്‍ വളരെ നല്ലതു്.

ആലോചിച്ചിട്ടു് അങ്ങനെയൊരു ശ്ലോകം കിട്ടിയില്ല. അതുകൊണ്ടു് ഞാന്‍ ഒരെണ്ണം എഴുതി. അതാണു താഴെക്കൊടുക്കുന്നതു്. കൃഷ്ണന്റെ മോഷണത്തെപ്പറ്റിത്തന്നെ:


മാടിന്‍ പാലൊരു തുള്ളിവിട്ടു മുഴുവന്‍ തൂവെണ്ണയോ, ടാറ്റില്‍ നീ–
രാടും ഗോപവധുക്കള്‍ തന്‍ തുണി ഹൃദന്തത്തോടെ, ദുശ്ചിന്തകള്‍
മൂടും മാനസമാര്‍ന്നൊരെന്നഴലിതാ പാപങ്ങളോടും ഹരി–
ച്ചോടുന്നൂ ഹരി, യെന്തു ചെയ്‌വു തടയാന്‍? കാലില്‍ പിടിക്കുന്നു ഞാന്‍!

ശ്രീകൃഷ്ണന്റെ മോഷണത്തെപറ്റിയുള്ള ഒരു ശ്ലോകമെന്നതിലുപരി, ഈ ശ്ലോകം മുഴുവന്‍ ഒരു മോഷണമാണു്. “ആറ്റില്‍ നീരാടും ഗോപവധുക്കള്‍ തന്‍ തുണി ഹൃദന്തത്തോടെ” എന്നതു് വി. കെ. ജി. യുടെ “വല്ലവികള്‍ തന്‍ ചേതസ്സുമച്ചേലയും കൂടിക്കട്ടുമുടിച്ച” എന്നതിന്റെ (“ഗൂഢം പാതിരയില്‍…” എന്ന ശ്ലോകത്തില്‍ നിന്നു്) മോഷണം. “തൂവെണ്ണയോടു്” എന്നതും “പാപങ്ങളോടും” എന്നതും “വ്രജേ വസന്തം…” എന്ന ശ്ലോകത്തില്‍ നിന്നു മോഷ്ടിച്ചതു്. “ഓടുന്നൂ ഹരി, യെന്തു ചെയ്‌വു തടയാന്‍? കാലില്‍ പിടിക്കുന്നു ഞാന്‍” എന്നതു പണ്ടു് “കവനകൌതുക”ത്തില്‍ വന്ന ഒരു ശ്ലോകത്തില്‍ നിന്നു മോഷ്ടിച്ചതാണു്. (ശ്ലോകം മറന്നുപോയി. ആര്‍ക്കെങ്കിലും അറിയാമോ?)

എന്തുകൊണ്ടും ഒരു മോഷണശ്ലോകം തന്നെ!

( ഈ ശ്ലോകങ്ങള്‍ ഇവിടെ വായിക്കാം.)

ശ്ലോകങ്ങള്‍ (My slokams)
കവിതകള്‍ (My poems)

Comments (0)

Permalink