വൈയക്തികം (Personal)

പന്ത്രണ്ടില്‍ എത്തിനില്‍ക്കുന്ന വിക്രീഡിതം

ശാര്‍ദ്ദൂലവിക്രീഡിതം‍“പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം…”

ഹൈസ്കൂളിലെ മലയാളവ്യാകരണപാഠങ്ങള്‍ മുച്ചൂടും മറന്നു പോയവര്‍ കൂടി ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തിന്റെ ഈ ലക്ഷണം ഓര്‍ക്കുന്നുണ്ടാകും. “പന്ത്രണ്ടാം മാസത്തില്‍ ജനിച്ചവന്‍ സ്വന്തം തന്തയുടെയും ഗുരുവിന്റെയും നെഞ്ചത്തു പുലികളി കളിക്കുന്നു” എന്നു് ഇതിനൊരു തമാശ നിറഞ്ഞ അര്‍ത്ഥവും.

പന്ത്രണ്ടാമത്തെ മാസത്തിൽ ജനിച്ചവനു പൊളപ്പും പ്രസരിപ്പും കൂടുമെന്നാണു് അരീക്കോടൻ പറയുന്നതു്. തന്തയുടെയും ഗുരുവിന്റെയും നെഞ്ചത്തു കയറി പുലി കളിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ :)

ശാർദ്ദൂലവിക്രീഡിതവൃത്തത്തിൽ മ, സ, ജ, സ, ത, ത എന്നീ ഗണങ്ങളും ഗുരുവും അടങ്ങുന്ന വര്‍ണ്ണവ്യവസ്ഥ പാലിക്കുന്നതിനോടൊപ്പം, പന്ത്രണ്ടാമത്തെ അക്ഷരത്തിൽ യതി വേണമെന്നാണു് ഇതിന്റെ അർത്ഥം. എന്നു വെച്ചാൽ പന്ത്രണ്ടാമത്തെ അക്ഷരം കഴിഞ്ഞാൽ ഒരു നിർത്തുണ്ടാവണം. പൂര്‍ണ്ണമായ നിര്‍ത്തു വേണമെന്നു നിര്‍ബന്ധമില്ല. സന്ധി ആയാലും മതി. “നിന/ക്കെന്നോടു” എന്നൊക്കെ ആവാം എന്നര്‍ത്ഥം.

യതിഭംഗം ഒരു വല്ലാത്ത കല്ലുകടിയാണു്. ഉദാഹരണത്തിനു് വി. കെ. ഗോവിന്ദൻ നായരുടെ ഈ പ്രസിദ്ധശ്ലോകം നോക്കുക.

നിന്നാദ്യസ്മിത, മാദ്യചുംബന, മനു-
    സ്യൂതസ്ഫുരന്മാധുരീ–
മന്ദാക്ഷം, പുളകാഞ്ചിതസ്തനയുഗം,
    പ്രേമാഭിരാമാനനം,
കുന്ദാസ്ത്രോത്സവചഞ്ചലത്പൃഥുനിതം-
    ബശ്രീസമാശ്ലേഷസ-
മ്പന്നാനന്ദമഹോ മനോഹരി! മരി-
    പ്പിക്കും സ്മരിപ്പിച്ചു നീ!
download MP3

ശ്ലോകം വളരെ റൊമാന്റിക്കാണെങ്കിലും യതിഭംഗം നാലിൽ മൂന്നു വരികളിലും മുഴച്ചുനില്‍ക്കുന്നു. അവയില്‍ അനു‌+സ്യൂതം അവിടെ ഒരു സന്ധിയുള്ളതുകൊണ്ടു കുഴപ്പമില്ല. എങ്കിലും, നിതം-ബശ്രീ, മരി-പ്പിക്കും എന്നിവ ദുശ്ശ്രവമാണു്. അതിനെക്കാൾ ഭീകരമാണു് സമ്പന്നം എന്നതിനെ മുറിച്ചു് സം-പന്നം ആക്കിയതു്. ഇവിടെയും ഒരു സന്ധിയുണ്ടെങ്കിലും, “പന്ന” എന്ന വാക്കിനു് മലയാളത്തിൽ “ചീത്ത” എന്ന അർത്ഥമുള്ളതുകൊണ്ടു് ആ ഒരൊറ്റ യതിഭംഗം ഈ ശ്ലോകത്തിന്റെ ഭംഗിയെല്ലാം കളഞ്ഞു എന്നു പറഞ്ഞാൽ മതിയല്ലോ.

ഇതിലെ “മരിപ്പിക്കും സ്മരിപ്പിച്ചു നീ” എന്നതു് ഒരു ഒന്നര പ്രയോഗമാണു്. ഓര്‍മ്മിപ്പിച്ചു നീ എന്നെ കൊല്ലും എന്ന അര്‍ത്ഥം മാത്രമല്ല അതിനു്. സ്മരന്‍ എന്നതിനു കാമദേവന്‍ എന്നും അര്‍ത്ഥമുണ്ടു്. കാമവികാരം ഉണ്ടാക്കി നീ എന്നെ കൊല്ലും എന്നും അര്‍ത്ഥം പറയാം.

യതിഭംഗമില്ലാത്ത ശാര്‍ദ്ദൂലവിക്രീതത്തിനു് ജയദേവന്റെ ഗീതഗോവിന്ദത്തില്‍ നിന്നൊരു പദ്യം കേള്‍ക്കൂ:

പാണൌ മാ കുരു ചൂതസായകമമും;
    മാ ചാപമാരോപയ;
ക്രീഡാനിര്‍ജ്ജിതവിശ്വമൂര്‍ച്ഛിതജനാ-
    ഘാതേന കിം പൌരുഷം?
തസ്യാ ഏവ മൃഗീദൃശോ മനസിജ-
    പ്രേംഖത്കടാക്ഷാശുഗ-
ശ്രേണീജര്‍ജ്ജരിതം മനാഗപി മനോ
    നാദ്യാപി സന്ധുക്ഷതേ.
download MP3

ചങ്ങമ്പുഴ ഇതിനെ മനോഹരമായി യതിഭംഗമില്ലാതെ തന്നെ പരിഭാഷപ്പെടുത്തിയിട്ടുണ്ടു്.

ലോകം ലീലയില്‍ വെന്ന മന്മഥ, കുല-
    ച്ചെന്‍ നേര്‍ക്കു വന്‍‌വില്ലു നീ
തൂകായ്കസ്ത്രശതങ്ങള്‍, മൂര്‍ച്ഛിതരെയെ-
    ന്തര്‍ദ്ദിപ്പതില്‍ പൌരുഷം?
ഹാ, കഷ്ടം! ഹരിണാക്ഷി തന്‍ കടമിഴി-
    ക്കോണെയ്ത കൂരമ്പു കൊ-
ണ്ടാകെച്ഛാദിതമെന്‍ ഹൃദന്ത, മതിനി-
    ല്ലാശ്വാസമിന്നല്പവും!
download MP3

ജയദേവനും ചങ്ങമ്പുഴയും ശ്ലോകങ്ങള്‍ കൊണ്ടല്ല പ്രസിദ്ധരായതെങ്കിലും, ശ്ലോകത്തിലും അവരുടെ “മധുരകോമളകാന്തപദാവലി” വിളങ്ങിനില്‍ക്കുന്നതു കാണാം.



“സൂര്യാശ്വൈർമസജസ്തതഃ സഗുരവഃ ശാർദ്ദൂലവിക്രീഡിതം” എന്നാണു ശാർദ്ദൂലവിക്രീഡിതത്തിന്റെ സംസ്കൃതത്തിലെ ലക്ഷണം. ഭൂതസംഖ്യ അനുസരിച്ചു് സൂര്യൻ പന്ത്രണ്ടിനെയും അശ്വം ഏഴിനെയും സൂചിപ്പിക്കുന്നു. പന്ത്രണ്ടാം അക്ഷരത്തിനു ശേഷവും പിന്നീടു് ഏഴക്ഷരങ്ങൾക്കു ശേഷവും (അതായതു് വരിയുടെ അവസാനത്തിൽ, ശാർദ്ദൂലവിക്രീഡിതത്തിന്റെ ഒരു വരിയിൽ 19 അക്ഷരമാണുള്ളതു്.) നില്‍ക്കണം. എങ്കിലേ ശാര്‍ദ്ദൂലവിക്രീഡിതത്തിനു ഭംഗിയുണ്ടാവൂ.

ഹൈന്ദവപുരാണമനുസരിച്ചു് പന്ത്രണ്ടു സൂര്യന്മാരുണ്ടത്രേ. അഗ്നിപുരാണമനുസരിച്ചു് അവർ വരുണൻ, സൂര്യൻ, സഹസ്രാംശു, ധാതാവു്, തപനൻ, സവിതാവു്, ഗഭസ്തി, രവി, പർജ്ജന്യൻ, ത്വഷ്ടാവു്, മിത്രൻ, വിഷ്ണു എന്നിവരാണെന്നു വെട്ടം മാണിയുടെ പുരാണിക് എൻസൈക്ലോപീഡിയയിൽ കാണുന്നു.

കാലഗണനത്തിൽ പന്ത്രണ്ടിനു വളരെ പ്രാധാന്യമുണ്ടു്. സൂര്യചലനത്തെ അടിസ്ഥാനമാക്കി വർഷവും ചന്ദ്രചലനത്തെ അടിസ്ഥാനമാക്കി മാസവും കാലഗണനത്തിൽ ഉൾപ്പെടുത്തിയ ജ്യോതിശ്ശാസ്ത്രജ്ഞർ ഒരു വർഷത്തെ പന്ത്രണ്ടു മാസങ്ങളായി വിഭജിച്ചു. പലതരം കലണ്ടറുകൾ ലോകത്തുണ്ടെങ്കിലും വർഷത്തിലെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണെന്ന കാര്യത്തിൽ മിക്കവാറും കലണ്ടറുകൾക്കു സാദൃശ്യമുണ്ടു്.

മിക്കവാറും എന്നു പറഞ്ഞതു് ചില അപവാദങ്ങളുള്ളതു കൊണ്ടാണു്. പല സൌര-ചാന്ദ്രകലണ്ടറുകളിലും (lunisolar calendars) ചില വർഷങ്ങളിൽ പതിമൂന്നു മാസങ്ങളുണ്ടു്-പതിമൂന്നാമത്തേതായി ഒരു അധിമാസം (leap month) ഉൾപ്പെടെ. ഭാരതത്തിൽ പണ്ടുണ്ടായിരുന്ന പല പഞ്ചാംഗങ്ങളിലും ഇസ്രയേലിൽ ഇപ്പോഴും നിലവിലുള്ള ഹീബ്രു കലണ്ടറിലും അധിവര്‍ഷങ്ങളില്‍ പതിമൂന്നാമതായി ഒരു മാസമുണ്ടു്. എന്നാൽ ചൈനീസ് കലണ്ടറിൽ അധിമാസം വർഷത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും ആവാം.

ശരിക്കുള്ള അപവാദം ബഹായി കലണ്ടറാണു്. അതിലെ ഒരു വർഷത്തിൽ 19 മാസങ്ങളുണ്ടു്. ഓരോ മാസത്തിലും 19 ദിവസവും. ഇതു കൂടാതെ പിന്നെ അധിമാസവുമുണ്ടു്. പത്തൊൻപതു് ബഹായിക്കാരുടെ വിശുദ്ധസംഖ്യയാണത്രേ.

ലോകത്തുള്ള പല ജ്യൌതിഷികളും അവരുടെ ഫലപ്രഖ്യാപനത്തില്‍ അജഗജാന്തരമുണ്ടെങ്കിലും രാശികളുടെ കാര്യത്തില്‍ പന്ത്രണ്ടു് എന്ന എണ്ണം സൂക്ഷിച്ചിരുന്നു. ജ്യോതിശ്ശാസ്ത്രത്തില്‍ വന്നപ്പോള്‍ സൂര്യപഥത്തില്‍ (ecliptic) മാത്രമുള്ള ഈ പന്ത്രണ്ടു രാശികള്‍ പോരാതെ വന്നപ്പോള്‍ മറ്റു പല രാശികളും (constellations) ഉണ്ടാക്കി. എങ്കിലും ഇപ്പോഴും നക്ഷത്രബംഗ്ലാവുകളില്‍ ഏറീസ്, ടോറസ് തുടങ്ങിയ രാശികളുടെ പടം വരച്ചു കാണിക്കുന്നതു് ആളുകള്‍ക്കു് ജ്യോതിഷത്തോടുള്ള അമിതമായ താത്പര്യം കൊണ്ടാവണം.

ഭാരതീയര്‍ ഇങ്ങനെ രാശി, ദൃഷ്ടി, യോഗം എന്നൊക്കെ പറഞ്ഞു നടന്നു. അതുകൊണ്ടു നാലു കാശുണ്ടാക്കിയതു് ലിന്‍ഡാ ഗുഡ്‌മാന്‍ തുടങ്ങിയ പാശ്ചാത്യരാണു്. ലൌ സൈന്‍, സണ്‍ സൈന്‍, മൂണ്‍ സൈന്‍, പ്ലൂട്ടോ സൈന്‍,… അങ്ങനെ എത്രയെത്ര സൈനുകള്‍!

ഓരോ രാശിയില്‍പ്പെട്ട ഓരോ പെണ്ണിനെ വീതം മൊത്തം പന്ത്രണ്ടു പെണ്ണുങ്ങളെ കണ്ടിട്ടു് അവസാനം സൂത്രധാരന്റെ മകളുമായി മുങ്ങിയ ഒരു മിസ്റ്റര്‍ യോഗിയുടെ (വൈ. ഐ. പട്ടേല്‍) കഥ ഒരിക്കല്‍ ദൂരദര്‍ശന്‍ കാണിച്ചിരുന്നു.

പറയി പെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടു മക്കളും (മേഴത്തോള്‍ അഗ്നിഹോത്രി, രജകന്‍, പെരുന്തച്ചന്‍, വള്ളോന്‍, വായില്ലാക്കുന്നിലപ്പന്‍, വടുതല നായര്‍, കാരയ്ക്കല്‍ മാതാ, ഉപ്പുകൂറ്റന്‍, പാണനാര്‍, നാറാണത്തു ഭ്രാന്തന്‍, അകവൂര്‍ ചാത്തന്‍, പാക്കനാര്) പന്ത്രണ്ടു ജാതിയായിരുന്നു എന്നു മാത്രമല്ല, ജ്യോതിഷപ്രകാരം പന്ത്രണ്ടു രാശിയിലാണു ജനിച്ചതെന്നും പറയപ്പെടുന്നു. (പതിനൊന്നു മാസം ഇടവിട്ടു് മൊത്തം പതിനൊന്നു വര്‍ഷം കൊണ്ടാവണം വരരുചിയുടെ ഭാര്യ ഇവര്‍ക്കു ജന്മം നല്‍കിയതു് :) ) അതാണല്ലോ

പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ, നിന്റെ
മക്കളിൽ ഞാനാണു ഭ്രാന്തൻ!
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ, നിന്റെ
മക്കളിൽ ഞാനാണനാഥൻ!

എന്നു മധുസൂദനന്‍ നായര്‍ പാടിയതു്.


ശാര്‍ദ്ദൂലവിക്രീഡിതത്തിണു് എല്ലാ രസത്തെയും പ്രകടിപ്പിക്കാന്‍ അസാമാന്യപാടവമുണ്ടെങ്കിലും ശൃംഗാരം അവയില്‍ മികച്ചുനില്‍ക്കുന്നു. കാളിദാസന്റെ ശാര്‍ദ്ദൂലവിക്രീതങ്ങള്‍ മനോഹരമാണു്.

ഒറ്റക്കയ്യതു കങ്കണങ്ങളെളിയില്‍-
    ത്തട്ടുന്ന മട്ടൂന്നിയും,
മറ്റേതല്‍പമയച്ചുവിട്ടു ലഘുവാം
    ശ്യാമാലതാശാഖ പോല്‍,
പുഷ്പം കാല്‍വിരല്‍ കൊണ്ടു ചിക്കിന നില-
    ത്തര്‍പ്പിച്ച നോട്ടത്തൊടേ
സ്വല്‍പം നീണ്ടു നിവര്‍ന്ന നില്‍പിതു തുലോം
    നൃത്തത്തിലും നന്നഹോ!
download MP3

എന്ന മാളവികയുടെ നില്പായാലും (മാളവികാഗ്നിമിത്രം - ഏ. ആറിന്റെ പരിഭാഷ),

ക്ഷാമക്ഷാമകപോലമാനന, മുരഃ
    കാഠിന്യമുക്തസ്തനം,
മദ്ധ്യഃ ക്ലാന്തതരഃ, പ്രകാമവിനതാ-
    വംസൌ, ഛവിഃ പാണ്ഡുരാ
ശോച്യാ ച പ്രിയദര്‍ശനാപി മദന-
    ക്ലിഷ്ടേയമാലക്ഷ്യതേ
പത്രാണാമിവ ശോഷണേന മരുതാ
    സ്പൃഷ്ടാ ലതാ മാധവീ
download MP3

എന്ന ശകുന്തളയുടെ വിരഹാതുരമായ കിടപ്പായാലും പന്ത്രണ്ടില്‍ നില്‍ക്കുന്ന ശാര്‍ദ്ദൂലവിക്രീഡിതത്തിന്റെ ചാരുത ഒന്നു വേറെ തന്നെയാണു്.


ആധുനികകവിത്രയത്തില്‍ വള്ളത്തോളിന്റെ ശാര്‍ദ്ദൂലവിക്രീഡിതത്തിനു് ഒരു പ്രത്യേക ഭംഗിയുണ്ടു്. വിലാസലതികയിലും സാഹിത്യമഞ്ജരിയിലും ഇവ ധാരാളം കാണാം. യതിഭംഗമില്ലാത്ത ശാര്‍ദ്ദൂലവിക്രീഡിതത്തിനു് ഉത്തമോദാഹരണങ്ങളാണു് അവ.

വിലാസലതികയിലെ ഈ ശ്ലോകം കേള്‍ക്കൂ:

സദ്വര്‍ണ്ണാഞ്ചിതശയ്യ ചേര്‍, ന്നഴകെഴും
    ഭാവപ്രഭാവത്തൊടും,
മൃദ്വംഗാനുഗുണപ്രയുക്തവിവിധാ-
    ലങ്കാരസമ്പത്തൊടും,
വിദ്വല്ലാളിതകാളിദാസകവിത-
    യ്ക്കൊപ്പം വിളങ്ങുന്ന നീ
മദ്വക്ഷോമണിമാലികേ, കിമപി കൈ-
    ക്കൊള്‍കാ പ്രസാദത്തെയും!

download MP3

അല്ലെങ്കില്‍ സാഹിത്യമഞ്ജരിയിലെ ഈ ശ്ലോകം:

കോരിക്കൂട്ടിയ പാഴ്ക്കരിക്കിടയിലെ-
    ത്തീക്കട്ടയോ, പായലാല്‍
പൂരിച്ചുള്ള ചെളിക്കുളത്തിലുളവാം
    പൊന്‍‌താമരപ്പുഷ്പമോ,
മാരിക്കാറണിചൂഴുമിന്ദുകലയോ
    പോലേ മനോജ്ഞാംഗിയാ-
ളാരിക്കാണ്മൊരിരുണ്ട കൊച്ചുപുരതന്‍
    കോലായില്‍ നില്‍ക്കുന്നവള്‍?
download MP3

അപ്പോള്‍ പറഞ്ഞുവന്നതു്,

ഇന്നു്, 2008 ഓഗസ്റ്റ് 31-നു്, എന്റെയും സിന്ധുവിന്റെയും വിവാഹജീവിതം പന്ത്രണ്ടിലെത്തി നില്‍ക്കുന്നു. നല്ല ശാര്‍ദ്ദൂലവിക്രീഡിതത്തെപ്പോലെ. യതിഭംഗമില്ലാതെ, പ്രസാദാത്മകമായി. നില്‍ക്കേണ്ടിടത്തു നിന്നും, ഒഴുകേണ്ടിടത്തു് ഒഴുകിയും, തിരിയേണ്ടിടത്തു തിരിഞ്ഞും.

പത്തു വര്‍ഷത്തില്‍ എഴുതാന്‍ കഴിയാത്ത പോസ്റ്റിനെപ്പറ്റി പതിനൊന്നു വര്‍ഷം തികഞ്ഞപ്പോള്‍ എഴുതിയിരുന്നു. അന്നു് ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ “ബൂലോഗം ഒരു കൊല്ലം കൂടി ഉണ്ടാവുമെന്നോ അന്നു ഞാന്‍ ബ്ലോഗ് ചെയ്യുമെന്നോ യാതൊരു ഗ്യാരണ്ടിയുമില്ല” എന്നെഴുതിയെങ്കിലും ഇന്നും ബൂലോഗം ഉണ്ടു്, ഞാന്‍ എഴുതുന്നുമുണ്ടു്.

പിന്നെ കാണിക്കാന്‍ ഒരു ലൈസന്‍സ് പ്ലേറ്റു പോലും ഇല്ലാത്ത ഞാന്‍ എന്തു ചെയ്യും, ശാര്‍ദ്ദൂലവിക്രീഡിതത്തെപ്പറ്റി എഴുതി മനുഷ്യരെ ബോറടിപ്പിക്കുകയല്ലാതെ?

വൈയക്തികം (Personal)
ശബ്ദം (Audio)
ഛന്ദശ്ശാസ്ത്രം (Meters)
സരസശ്ലോകങ്ങള്‍
യതിഭംഗം

Comments (15)

Permalink

ഏകാദശവര്‍ഷാണി ദാസവത്

2006 ഓഗസ്റ്റ് 31 ഞങ്ങള്‍ക്കു് വളരെ പ്രാധാന്യമുള്ള ഒരു ദിവസമായിരുന്നു.

ഞങ്ങളുടെ വിവാഹജീവിതം പത്തു വര്‍ഷം തികയ്ക്കുന്ന ദിവസം.

മോഹന്‍ ലാലിന്റെ ക്ലീഷേ പോലെ, ബൂലോഗരില്ലാതെ എന്താഘോഷം? ഒരു പോസ്റ്റിടാമെന്നു കരുതി. വിവാഹവാര്‍ഷികത്തിനെടുത്ത ഒരു അടിപൊളി ഫോട്ടോയുമൊക്കെയായി.

പോസ്റ്റിനൊരു ടൈറ്റില്‍ വേണം. തലപുകഞ്ഞാലോചിച്ചു് ഒരെണ്ണം കിട്ടി. ദശവര്‍ഷാണി ദാസവത് (പത്തുകൊല്ലം വേലക്കാരനെപ്പോലെ). ഇതു് ഇട്ടിട്ടു തന്നെ ബാക്കി കാര്യം!

ഒരു ചെറിയ പ്രശ്നം. ഈ സംസ്കൃതം പറഞ്ഞാല്‍ ആളുകള്‍ക്കു മനസ്സിലാകുമോ? ഇതൊരു പഴയ സംസ്കൃതശ്ലോകത്തിലെ വരികളാണെന്നു് ആര്‍ക്കെങ്കിലും തോന്നുമോ? അതു പോസ്റ്റില്‍ത്തന്നെ ചേര്‍ക്കുന്നതു കമ്പ്ലീറ്റ് കുളമാക്കലല്ലേ?

അതിനു വഴി കിട്ടി. വാര്‍ഷികദിനത്തിനു രണ്ടു ദിവസം മുമ്പു് (2006 ഓഗസ്റ്റ് 29-ാ‍ം തീയതി) ബുദ്ധിമുട്ടി സുഭാഷിതത്തില്‍ പുത്രനും മിത്രവും എന്ന ശ്ലോകവും വ്യാഖ്യാനവും പ്രസിദ്ധീകരിച്ചു. ശ്ലോകം വായിക്കാനും അര്‍ത്ഥം മനസ്സിലാക്കാനും “ദശവര്‍ഷാണി ദാസവത്” എന്നു കാണുമ്പോള്‍ “അതാണല്ലോ ഇതു്” എന്നു വര്‍ണ്യത്തിലാശങ്ക കൈവരിക്കാനും രണ്ടു ദിവസം ധാരാളം മതിയല്ലോ എന്നു കരുതി.

എന്നിട്ടെന്തുണ്ടായി?

ഒന്നുമുണ്ടായില്ല. കുഛ് നഹീം ഹുവാ!

വീട്ടില്‍ പല തിരക്കുണ്ടായിരുന്നതു കൊണ്ടു പത്താം വിവാഹവാര്‍ഷികത്തിനു് ആഘോഷമുണ്ടായിരുന്നില്ല. കാര്യമായി എങ്ങും പോയി ഭക്ഷണം കഴിച്ചുപോലുമില്ല. നല്ല വസ്ത്രം ധരിച്ചിട്ടുവേണ്ടേ ഫോട്ടോ എടുക്കാന്‍?

പത്താം വാര്‍ഷികം ആഘോഷിക്കാഞ്ഞതില്‍ കൂടുതല്‍ സങ്കടം നല്ല ഒരു ടൈറ്റില്‍ നഷ്ടപ്പെട്ടതിലായിരുന്നു.

എന്നാല്‍ അതിനെപ്പറ്റി പതിനൊന്നാം വാര്‍ഷികമായ ഈ 31-ാ‍ം തീയതി ഒരു പോസ്റ്റിടാമെന്നു കരുതി. ഇക്കൊല്ലവും ആഘോഷമൊക്കെ തഥൈവ. ഫോട്ടോ എടുക്കാന്‍ നമ്മുടെ ഫോട്ടോപിടുത്തപ്പുലി സിബു അധികം ദൂരെയല്ലാതെ ഉണ്ടു്. പക്ഷേ ഇതൊക്കെ ഒന്നു സെറ്റപ്പാക്കാന്‍ സമയം കിട്ടണ്ടേ?

ഇക്കുറിയും ആഘോഷവും ഭക്ഷണവും ഫോട്ടോ പിടിത്തവും നടന്നില്ല.

എന്നാല്‍ ഇനി പന്ത്രണ്ടാം വാര്‍ഷികത്തിനിട്ടാലോ?

അതു വേണ്ട. അന്നത്തേയ്ക്കു വല്ല “വ്യാഴവട്ടസ്മരണങ്ങള്‍” എന്നോ മറ്റോ വേറേ ഒരു ടൈറ്റില്‍ കിട്ടില്ല എന്നാരറിഞ്ഞു? അതു മാത്രമല്ല, ഇന്നത്തെ പോക്കു കണ്ടാല്‍ ബൂലോഗം ഒരു കൊല്ലം കൂടി ഉണ്ടാവുമെന്നോ അന്നു ഞാന്‍ ബ്ലോഗ് ചെയ്യുമെന്നോ യാതൊരു ഗ്യാരണ്ടിയുമില്ല.

മഹാഭാരതത്തില്‍ കര്‍ണ്ണന്‍ കൃഷ്ണനോടു പറയുന്ന ഒരു ശ്ലോകവും ഓര്‍മ്മ വന്നു:

ക്ഷണം ചിത്തം, ക്ഷണം വിത്തം
ക്ഷണം ജീവിതമാവയോഃ
യമസ്യ കരുണാ നാസ്തി
ധര്‍മ്മസ്യ ത്വരിതാ ഗതിഃ

നമ്മുടെ മനസ്സു പെട്ടെന്നു മാറും, നമ്മുടെ പണം പെട്ടെന്നു പോകും, നമ്മുടെ ജീവിതവും ക്ഷണികമാണു്. യമനു കരുണയില്ല. ധര്‍മ്മന്റെ (ധര്‍മ്മത്തിന്റെ) പോക്കു് വളരെ വേഗത്തിലാണു്.

അതിനാല്‍ ചെയ്യണമെന്നു തോന്നുന്ന കര്‍മ്മം ഉടനേ തന്നെ ചെയ്യണമെന്നു താത്പര്യം. (ഈ സംഗതി കൃഷ്ണന്‍ കുറെക്കഴിഞ്ഞു കര്‍ണ്ണന്റെ അനിയനോടു പറഞ്ഞു എന്നതു മറ്റൊരു കാര്യം.)

അപ്പോ ദാ ഈ പോസ്റ്റിടുന്നു. താഴെ കൊടുക്കുന്ന ഫോട്ടോയും വിവാഹവാര്‍ഷികവുമായി ബന്ധമില്ല. ഇവിടെ നടന്ന ഒരു ഓണപ്പരിപാടിക്കു് ആരോ എടുത്തതാണു്.


ഈ പോസ്റ്റിന്റെ മറ്റു ചില ശീര്‍ഷകങ്ങള്‍:

  1. ഏകാദശവര്‍ഷാണി ദാസവത് അഥവാ ഒരു ടൈറ്റിലിന്റെ കഥ
  2. ഒരു ടൈറ്റിലിന്റെ കഥ
  3. ദീര്‍ഘസൂത്രം (procrastination എന്നും നെടും‌മംഗല്യം എന്നും അര്‍ത്ഥമുള്ള ദീര്‍ഘസൂത്രം എന്ന വാക്കു് ഈ കമന്റിലൂടെ പറഞ്ഞു തന്ന രാജേഷ് വര്‍മ്മയാണു്.)

വൈയക്തികം (Personal)
ചിത്രങ്ങള്‍ (Photos)

Comments (32)

Permalink

ദീര്‍ഘദര്‍ശനം

പണ്ടുപണ്ടു്‌, ദ്വാപരയുഗത്തില്‍, ദീര്‍ഘദര്‍ശിയായ ഒരു പിതാവുണ്ടായിരുന്നു. തന്റെ മകള്‍ ഒരിക്കല്‍ കടത്തുവള്ളം തുഴഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു മുനിയില്‍ നിന്നു ഗര്‍ഭിണിയായതു മുതല്‍ അയാള്‍ മകളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുവായിരുന്നു. പില്‍ക്കാലത്തു് ഒരു രാജാവു് അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അയാള്‍ അവളെ പട്ടമഹിഷിയാക്കണമെന്നും അവളുടെ മക്കള്‍ക്കു രാജ്യം കൊടുക്കണമെന്നും ആവശ്യപ്പെട്ടു.

സത്യവതി എന്നായിരുന്നു മകളുടെ പേരു്. അവളെ മോഹിച്ച രാജാവിന്റെ പേരു് ശന്തനു എന്നും.

അരയത്തിപ്പെണ്ണിനെ പട്ടമഹിഷിയാക്കാന്‍ രാജാവു മടിച്ചു. അദ്ദേഹത്തിനു് ഉന്നതകുലജാതനും സമര്‍ത്ഥനുമായ ഒരു പുത്രനുണ്ടായിരുന്നു-ദേവവ്രതന്‍. അവനെ രാജാവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എങ്കിലും സത്യവതിയെ മറക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

അച്ഛന്റെ ദുഃഖം മനസ്സിലാക്കിയ ദേവവ്രതന്‍ രാജ്യം ഉപേക്ഷിക്കാന്‍ തയ്യാറായി. സത്യവതിയുടെ മക്കള്‍ക്കു രാജ്യത്തിന്റെ അവകാശം പൂര്‍ണ്ണമായി നല്‍കാന്‍ സ്വമേധയാ സമ്മതിച്ചു.

ദാശന്റെ ദീര്‍ഘദര്‍ശിത്വം അവിടെ അവസാനിച്ചില്ല. ദേവവ്രതന്റെ സന്തതിപരമ്പരയും സത്യവതിയുടെ സന്തതിപരമ്പരയും തമ്മില്‍ അധികാരത്തിനു വേണ്ടി വഴക്കുണ്ടാക്കിയേക്കാം എന്നു് അയാള്‍ ഭയപ്പെട്ടു. ദേവവ്രതന്‍ വിവാഹം കഴിക്കരുതു് എന്നു് അയാള്‍ ശഠിച്ചു.

അച്ഛനു വേണ്ടി ദേവവ്രതന്‍ അതിനും വഴങ്ങി. അങ്ങനെ പുരാണത്തിലെ ഏറ്റവും ഭീഷ്മമായ പ്രതിജ്ഞയ്ക്കു വഴിയൊരുങ്ങി.

എന്നിട്ടെന്തുണ്ടായി?

സത്യവതിയ്ക്കു രണ്ടു മക്കളുണ്ടായി. മൂത്തവന്‍ തന്റെ പേരു് മറ്റൊരുത്തനുണ്ടാകുന്നതു സഹിക്കാതെ വഴക്കുണ്ടാക്കി മരിച്ചു. നിത്യരോഗിയായിരുന്ന രണ്ടാമന്‍ കുട്ടികളുണ്ടാകുന്നതിനു മുമ്പു മരിച്ചു.

അവിടെ തീര്‍ന്നു ശന്തനുവിന്റെ വംശം. എങ്കിലും തന്റെ വംശം കുറ്റിയറ്റു പോകരുതു് എന്നു സത്യവതി ആഗ്രഹിച്ചു. അതിനു വേണ്ടി ലൌകികസുഖങ്ങള്‍ ഉപേക്ഷിച്ചു മുനിയായ മൂത്ത മകനെക്കൊണ്ടു് ഇളയവന്റെ ഭാര്യമാരില്‍ കുട്ടികളെ ഉണ്ടാക്കി.

എന്നിട്ടെന്തുണ്ടായി?

മക്കളില്‍ ഇളയവനു കുട്ടികളുണ്ടായില്ല. വേറെ അഞ്ചു പേരില്‍ നിന്നു് അവന്റെ ഭാര്യമാര്‍ ഗര്‍ഭം ധരിച്ചു. മൂത്തവന്റെ പുത്രന്മാരും പൌത്രന്മാരും ഇളയവന്റെ ഭാര്യമാരുടെ മക്കളോടു തല്ലി മരിച്ചു.

ചുരുക്കം പറഞ്ഞാല്‍, സത്യവതിയുടെ സന്തതിപരമ്പര നാലു തലമുറയ്ക്കപ്പുറത്തേയ്ക്കു രാജ്യം ഭരിക്കുന്നതു പോകട്ടേ, ജീവിച്ചു തന്നെയില്ല. ദീര്‍ഘദര്‍ശനം എത്രയുണ്ടായാലും ചില കാര്യങ്ങളൊക്കെ അതിനെതിരായി വരും.

അന്യഥാ ചിന്തിതം കാര്യം
ദൈവമന്യത്ര ചിന്തയേത്

എന്നു പറഞ്ഞതു വെറുതെയാണോ? (സംസ്കൃതത്തില്‍ “ദൈവം” എന്ന വാക്കിന്റെ അര്‍ത്ഥം “വിധി” എന്നാണു്-ഈശ്വരന്‍ എന്നല്ല.)


കലിയുഗത്തിലെ ആറാം സഹസ്രാബ്ദത്തില്‍ കേരളത്തിലെ ഒരു അമ്മ ഇതുപോലെ അല്പം കടന്നു ചിന്തിച്ചു.

എഞ്ചിനീയറിംഗ് പാസ്സായി സ്വന്തം ജില്ലയില്‍ ജോലി കിട്ടാഞ്ഞതിനാല്‍ ജോലിയ്ക്കു പോകാതെ നാലുകൊല്ലം ഹിന്ദി സിനിമകളും കല്യാണാലോചനകളുമായി മകള്‍ പുര നിറഞ്ഞു നിന്നപ്പോള്‍ കല്യാണത്തിനു ശേഷം മകള്‍ കഷ്ടപ്പെടരുതു് എന്നു് അമ്മയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു.

ആയിടെ നല്ല ഒരു ആലോചന വന്നു.

പയ്യന്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എഞ്ചിനീയര്‍. സുന്ദരന്‍. സത്സ്വഭാവി. ജാതകപ്പൊരുത്തമാണെങ്കില്‍ ബഹുകേമം. വളരെ നല്ല സ്വഭാവമുള്ള വീട്ടുകാര്‍. വീടു് അധികം ദൂരെയല്ല താനും. ഇനിയെന്തു വേണം?

പക്ഷേ…

ഇലക്ട്രിസിറ്റി ബോര്‍ഡില്‍ മൂന്നുകൊല്ലത്തൊലൊരിക്കല്‍ സ്ഥലം‌മാറ്റം ഉണ്ടാവും. ഓരോ മൂന്നു കൊല്ലത്തിലും തന്റെ മകള്‍ കുട്ടികളേയും കൊണ്ടു് സാധനങ്ങളും പെറുക്കിക്കെട്ടി വീടു മാറുന്നതോര്‍ത്തപ്പോള്‍ അമ്മയ്ക്കു സങ്കടം തോന്നി. ജോലിയ്ക്കായി പല സ്ഥലത്തു പോകേണ്ടി വന്നതു മൂലമുള്ള പ്രശ്നങ്ങള്‍ നന്നായി അറിയാവുന്നതു കൊണ്ടു് മകള്‍ സ്ഥിരമായി ഒരു സ്ഥലത്തു താമസിക്കണമെന്നും അവളുടെ മക്കള്‍ ഇടയ്ക്കിടെ സ്കൂള്‍ മാറാതെ പഠിക്കണം എന്നും ആ അമ്മ ആഗ്രഹിച്ചു.

അങ്ങനെ ആ കല്യാണം വേണ്ടെന്നു വെച്ചു. മകള്‍ തിരികെ ഹിന്ദി സിനിമകളിലേക്കു മടങ്ങി.

കുറെക്കാലത്തിനു ശേഷം മറ്റൊരു ആലോചന വന്നു. പയ്യന്‍ ബോംബെയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍. ഇപ്പോള്‍ അമേരിക്കയിലാണു്. ചിലപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കാനും മതി.

സൌന്ദര്യം, സ്വഭാവം തുടങ്ങിയവയൊന്നും വലിയ ഗുണമൊന്നുമില്ല. മകളെക്കാള്‍ പത്തിഞ്ചു പൊക്കം കൂടുതലുമുണ്ടു്. എങ്കിലും സ്ഥിരതയുണ്ടല്ലോ. അതല്ലേ പ്രധാനം?

അങ്ങനെ ആ കല്യാണം നടന്നു.

എന്നിട്ടെന്തുണ്ടായി?

അവരുടെ ദാമ്പത്യജീവിതത്തിലെ ആദ്യത്തെ പത്തുകൊല്ലത്തിന്റെ രത്നച്ചുരുക്കം താഴെച്ചേര്‍ക്കുന്നു:

  1. 1996 ഓഗസ്റ്റ്: വിവാഹം.
  2. 1996 സെപ്റ്റംബര്‍: ബോംബെയിലുള്ള ജോലിസ്ഥലത്തേയ്ക്കു്.
  3. 1996 നവംബര്‍: ബോബെയില്‍ത്തന്നെ മറ്റൊരിടത്തേയ്ക്കു താമസം മാറ്റം.
  4. 1996 ഡിസംബര്‍: ബോംബെയില്‍ മൂന്നാമതൊരിടത്തേയ്ക്കു താമസം മാറ്റം.
  5. 1997 ജനുവരി: ജോലിസംബന്ധമായി അമേരിക്കയില്‍ ഷിക്കാഗോയ്ക്കടുത്തു വുഡ്‌റിഡ്ജിലേക്കു്-ഓഫീസില്‍ നിന്നും ഒമ്പതു മൈല്‍ ദൂരെ.
  6. 1997 ജൂലൈ: ഓഫീസ് ദൂരെയാണെന്നു തോന്നുകയാല്‍ ഓഫീസില്‍ നിന്നു വെറും നാലു മൈല്‍ ദൂരെയുള്ള അപ്പാര്‍ട്ട്‌മെന്റിലേയ്ക്കു (നേപ്പര്‍‌വില്‍) താമസം മാറ്റം.
  7. 1997 ഡിസംബര്‍: പ്രോജക്റ്റ് ക്യാന്‍സല്‍ ചെയ്തതിനാല്‍ തിരിച്ചു ബോംബെയിലേക്കു്.
  8. 1998 ഫെബ്രുവരി: മറ്റൊരു കമ്പനി വഴി വീണ്ടും ഷിക്കാഗോയ്ക്കടുത്തു്.

    (ഇതു് ഓഫീസില്‍ നിന്നും പന്ത്രണ്ടു മൈല്‍ അകലെ. ഭാഗ്യത്തിനു് ഓഫീസിനടുത്തേയ്ക്കു മാറാന്‍ തോന്നിയില്ല.)

  9. 1999 ജനുവരി: ജോലി മാറി 2000 മൈല്‍ ദൂരെയുള്ള പോര്‍ട്ട്‌ലാന്‍ഡിലേക്കു്. താമസം ആങ്ങളയുടെ അപ്പാര്‍ട്ട്‌മെന്റിനടുത്തു് (ബീവര്‍ട്ടണ്‍). ഓഫീസില്‍ നിന്നു് 20 മൈല്‍ ദൂരെ.
  10. 1999 നവംബര്‍: ഓഫീസിനടുത്തേയ്ക്കു് (വില്‍‌‌സണ്‍‌വില്‍-2 മൈല്‍ ദൂരം.)
  11. 2000 ജൂലൈ: ഗര്‍ഭിണിയായതിനാല്‍ മുകളിലത്തെ നിലയിലുള്ള രണ്ടു മുറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു് താഴത്തെ നിലയിലുള്ള മൂന്നു മുറി അപ്പാ‍ര്‍ട്ട്‌മെന്റിലേയ്ക്കു്.
  12. 2001 ജൂലൈ: ലീസ് തീര്‍ന്നതുകൊണ്ടും ഉടന്‍ തന്നെ നാട്ടില്‍ പോകേണ്ടതു കൊണ്ടും 20 മൈല്‍ ദൂരെയുള്ള ആങ്ങളയുടെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്കു താത്‌‌ക്കാലികമായ താമസം മാറ്റം.
  13. 2001 ഓഗസ്റ്റ്: കമ്പനിയുടെ ഹൈദരാബാദിലുള്ള ഓഫീസിലേയ്ക്കു്. തിരിച്ചു് ഇന്ത്യയില്‍. ഖൈരത്താബാദില്‍ താമസം.

    (ഭാഗ്യം, ഇവിടെ താമസം മാറിയില്ല.)

  14. 2002 ഡിസംബര്‍: തിരിച്ചു മാതൃസ്ഥാപനത്തിലേക്കു്. താമസം ആങ്ങളയുടെ അപ്പാര്‍ട്ട്‌മെന്റിനടുത്തു് (ഹിത്സ്‌ബൊറോ). ഓഫീസില്‍ നിന്നു് 22 മൈല്‍ ദൂരെ.
  15. 2003 നവംബര്‍: ഓഫീസിനടുത്തേയ്ക്കു (വില്‍‌സണ്‍‌വില്‍-2 മൈല്‍) താമസം മാറ്റം. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയം ഇവിടെ താമസിച്ചു-രണ്ടു വര്‍ഷം.
  16. 2005 ഡിസംബര്‍: ആറു മാസം കൊണ്ടു സ്വന്തമായി പണിയിച്ച വീട്ടിലേയ്ക്കു (പോര്‍ട്ട്‌ലാന്‍ഡ്) താമസം മാറ്റം. ഓഫീസില്‍ നിന്നു് 21 മൈല്‍.

    ഒമ്പതു കൊല്ലത്തിനിടയില്‍ പതിനഞ്ചു തവണ വീടു മാറിയ ഈ നെട്ടോട്ടം ഇതോടെ അവസാനിച്ചു എന്നു കരുതി മുപ്പതു കൊല്ലത്തെ ഫിക്സഡ് ലോണുമെടുത്തു താമസം. വീടുമാറ്റം ഇതോടെ അവസാനിച്ചു എന്നു കരുതി. എവിടെ?

  17. 2007 ഏപ്രില്‍: 600 മൈല്‍ ദൂരെ കാലിഫോര്‍ണിയയില്‍ മറ്റൊരു ജോലി കിട്ടുന്നു. വീടു വില്‍ക്കാനായി തത്‌കാലത്തേയ്ക്കു് ആങ്ങളയുടെ വീട്ടിലേയ്ക്കു താമസം മാറ്റം.
  18. 2007 മെയ്: വീടു വിറ്റു. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കാലിഫോര്‍ണിയയില്‍ സാന്‍ ഫ്രാന്‍സിസ്കോയ്ക്കടുത്തേയ്ക്കു്. താമസം കമ്പനി കൊടുത്ത താല്‍ക്കാലിക അപ്പാര്‍ട്ട്‌മെന്റില്‍ (സാന്റാ ക്ലാര).
  19. 2007 ജൂണ്‍: അടുത്ത വാടകവീട്ടിലേയ്ക്കു്-ക്യൂപ്പര്‍ട്ടീനോയില്‍.

അങ്ങനെ ഈ ജൂണ്‍ 13-നു് എന്റെ ഹതഭാഗ്യയായ ഭാര്യ സിന്ധു പതിനൊന്നു കൊല്ലത്തെ ദാമ്പത്യജീവിതത്തിലെ പതിനെട്ടാമത്തെ വീടുമാറ്റത്തിനു തയ്യാറെടുക്കുകയാണു്. പഴയ ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ കുടുംബം അങ്ങേയറ്റം മൂന്നു തവണ സ്ഥലം മാറി സുഖമായി കഴിയുന്നുണ്ടാവും!

അന്യഥാ ചിന്തിതം കാര്യം
ദൈവമന്യത്ര ചിന്തയേത്


“ആറു മാസമെടുത്തു് സ്വന്തം അഭിരുചിയ്ക്കനുസരിച്ചു പണിയിച്ച, 2700 ചതുരശ്ര അടി വലിപ്പമുള്ള മനോഹരമായ വീടു വിറ്റിട്ടു് അതിന്റെ മൂന്നിലൊന്നു മാത്രം വലിപ്പമുള്ള വാടകവീട്ടിലേയ്ക്കു മാറാന്‍ എന്തേ കാരണം?”

പലരും എന്നോടു ചോദിക്കുന്ന ചോദ്യമാണു്‌.

ഒന്നാമതായി, ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയില്‍ ചില പ്രശ്നങ്ങള്‍. (ബ്ലോഗിംഗു കൊണ്ടല്ല.) ആളുകളെ പറഞ്ഞുവിടുന്നു. പ്രോജക്ടുകള്‍ ക്യാന്‍സല്‍ ചെയ്യുന്നു. മറ്റെവിടെയെങ്കിലും ജോലി കണ്ടുപിടിക്കണമെന്നു കരുതിയിട്ടു കുറേ നാളായി. വീട്ടിനടുത്തു ജോലിയൊന്നും കിട്ടാഞ്ഞപ്പോഴാണു് ദൂരെ ശ്രമിച്ചതു്.

രണ്ടാമതായി, ജോലി കിട്ടിയതു് ഒരു നല്ല സ്ഥലത്തു്-ഗൂഗിളില്‍. എന്നും മഴയുള്ള ഓറിഗണില്‍ നിന്നു സൂര്യപ്രകാശമുള്ള കാലിഫോര്‍ണിയ കൂടുതല്‍ സുഖപ്രദമാവും എന്നൊരു (തെറ്റായ) വിചാരവുമുണ്ടായിരുന്നു.

മൂന്നാ‍മതായി, ഇഷ്ടമുള്ള വിഷയത്തില്‍ ജോലി. ഭാഷാശാസ്ത്രം, കലണ്ടര്‍ തുടങ്ങി എനിയ്ക്കിഷ്ടമുള്ള പല വിഷയങ്ങളുമായി ബന്ധപ്പെട്ടതു്. ഗൂഗിളില്‍ ഇന്റര്‍നാഷണലൈസേഷന്‍ ഗ്രൂപ്പിലാണു് ആദ്യത്തെ പ്രോജക്റ്റ്.

നാലാമതായി, ബ്ലോഗും മലയാളവും വഴി പരിചയപ്പെട്ട, രണ്ടു കൊല്ലമായി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായ സിബുവിനെ നേരിട്ടു പരിചയപ്പെടാനും കൂടെ ജോലി ചെയ്യാനും ഒരു അവസരം.

അങ്ങനെ ഞങ്ങള്‍ തത്‌ക്കാലം ഇവിടെ. അടുത്ത മാറ്റം ഇനി എന്നാണാവോ?


ഈ മാറ്റത്തെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല്ല. സ്ഥിരമായി ഫോണ്‍ ചെയ്യുകയോ ഇ-മെയില്‍ അയയ്ക്കുകയോ ചെയ്തിരുന്ന പെരിങ്ങോടന്‍, ദേവന്‍, വിശ്വം, മഞ്ജിത്ത് തുടങ്ങിയവരോടു പോലും. എല്ലാവര്‍ക്കും സര്‍പ്രൈസായി ഇങ്ങനെയൊരു പോസ്റ്റിടാമെന്നു കരുതി. അതിനു വേണ്ടി എഴുതി വെച്ചിരുന്ന പോസ്റ്റ് പഴയ കമ്പനിയിലെ ലാപ്‌ടോപ്പ് തിരിച്ചു കൊടുത്തപ്പോള്‍ അതിനോടൊപ്പം പോയി. പിന്നീട്ടു് എഴുതിയതാണു് ഇതു്. പക്ഷേ വൈകിപ്പോയി. ഇതിനിടെ നമ്മുടെ തൊമ്മന്‍ ഇങ്ങനെയൊരു പോസ്റ്റിട്ടു സംഗതി പുറത്താക്കി. ഞാന്‍ തൊമ്മനോടു ക്ഷമിച്ചതുപോലെ നിങ്ങള്‍ എന്നോടും ക്ഷമിക്കുക :)

വൈയക്തികം (Personal)
നര്‍മ്മം
സ്മരണകള്‍

Comments (40)

Permalink

കുമാരസംഭവം

രാജേഷ് വര്‍മ്മയ്ക്കു നന്ദി.

കൂപമണ്ഡൂക”ത്തിന്റെ കമന്റില്‍ കുമാരസംഭവത്തെ പരസ്യമാക്കിയതിനു്.

മനഃപൂര്‍വ്വം പറയാതിരുന്നതാണു്. ബൂലോഗര്‍ക്കു് ഒരു സര്‍പ്രൈസായ്ക്കോട്ടേ എന്നു കരുതി. ഒരുപിടി കുഞ്ഞുവാവകളുടെ മൂത്ത ജ്യേഷ്ഠനാകുമെന്നു കരുതിയതാണു്. പവിത്രക്കുട്ടി ഓവര്‍ടേക്ക് ചെയ്തു മൂത്തോപ്പോള്‍ ആയി. അതു മറ്റൊരു സര്‍പ്രൈസ്! യാത്രാമൊഴിക്കും പവിത്രക്കുട്ടിയ്ക്കും ആശംസകള്‍!

പേരു് ഊഹിക്കുന്നതില്‍ മീനാക്ഷി സമ്മാനാര്‍ഹയായി. രാജേഷ് വര്‍മ്മ എന്തു സമ്മാനമാണോ നിശ്ചയിച്ചിരിക്കുന്നതു്? സാധാരണയായി അദ്ദേഹം 101 പവനില്‍ കുറച്ചൊന്നും സമ്മാനമായി കൊടുക്കാറില്ല :)

കൂടുതല്‍ വിവരങ്ങള്‍:

പേരു് : വിഘ്നേശ് *
ചെല്ലപ്പേരു് : വിക്കി**
ജനനസമയം (പോര്‍ട്ട്‌ലാന്‍ഡ്) : 2006 നവംബര്‍ 5 11:53 AM PST (1182 തുലാം 20)
ജനനസമയം (ഭാരതം) : 2006 നവംബര്‍ 6 01:23 AM IST (1182 തുലാം 19)
ജനനസ്ഥലം : St. Vincent Hospital, Portland, Oregon, USA.
തൂക്കം : 5 lb 15.8 oz (2.716 Kg)
നീളം : 20 ഇഞ്ച് (50.8 സെന്റിമീറ്റര്‍)
നക്ഷത്രം : ഭരണി
തിഥി : പ്രഥമ (കൃഷ്ണപക്ഷം)
ആഴ്ച : ഞായര്‍
കരണം : സിംഹം
നിത്യയോഗം : വ്യതീപാത
ഗ്രഹനില*** : ഇവിടെ

* മിന്നലിന്റെ ചേട്ടന്‍ ഇടിവാളിന്റെ മകന്‍ കൊടുങ്കാറ്റിന്റെ പേരു്
** “വിക്കി ക്വിസ് ടൈം” എന്ന ബ്ലോഗിന്റെ ഉടമസ്ഥനായ മന്‍‌ജിത്തിന്റെ ഏറ്റവും പ്രിയങ്കരമായ വസ്തു
*** വിശ്വാസമുണ്ടായിട്ടല്ല. വിവരങ്ങള്‍ തരുമ്പോള്‍ സമഗ്രമായ്ക്കോട്ടേ എന്നു കരുതി.


ഏറ്റവും സന്തോഷം വിശാഖിനു തന്നെ. ഇതാ അനുജനെ കണ്ടു് “മുഴുതിങ്കളുദയേന കുമുദമെന്നതുപോലെ” ചിരിച്ചു കൊണ്ടിരിക്കുന്ന വിശാഖ്:

കൂടുതല്‍ പടങ്ങള്‍ക്കു് ഇവിടെ നോക്കുക.


മൂപ്പര്‍ക്കു പേരിട്ടതു് ഒരു കഥയാണു്.

ആണ്‍‌കുട്ടിയാണെന്നറിഞ്ഞതു മുതല്‍ ഒരു പേരിനായി ഞങ്ങള്‍ ചര്‍ച്ചകളും വട്ടമേശസമ്മേളനങ്ങളും നടത്തുകയുണ്ടായി. എനിക്കു ശിവന്റെ പേരും (ഉമേഷ്) മകനു സുബ്രഹ്മണ്യന്റെ പേരും (വിശാഖ്) ആയതിനാല്‍ അടുത്തയാള്‍ക്കു ഗണപതിയുടെ പേരിടണമെന്നു് എനിക്കൊരാഗ്രഹം.

“പെണ്‍‌കുഞ്ഞാകാഞ്ഞതു നന്നായി. അല്ലെങ്കില്‍ അതിനു “ഭദ്രകാളി” എന്ന പേരിടണം എന്നു് ഇങ്ങേരു പറഞ്ഞേനേ” എന്നു സിന്ധു.

എനിക്കും സിന്ധുവിനും പ്രാസത്തില്‍ വലിയ താത്പര്യമില്ലെങ്കിലും (ഇതിനു മുമ്പിടാനായി പേരിടുന്നതിലെ പ്രാസത്തെപ്പറ്റി എഴുതിക്കൊണ്ടിരുന്ന പോസ്റ്റ് സമയത്തു തീര്‍ന്നില്ല. അതു് ഇനിയൊരിക്കല്‍ ഇടാം.) അഭ്യുദയകാംക്ഷികളൊക്കെ വിശാഖിനു ചേരുന്ന “വി”യില്‍ തുടങ്ങുന്ന പേരിടണമെന്ന അഭിപ്രായക്കാരായിരുന്നു.

ഇതെല്ലാമൊത്ത വിനായകന്‍, വിഘ്നേശന്‍, വക്രതുണ്ഡന്‍ എന്നു മൂന്നു പേരുകള്‍ മാത്രമേ കിട്ടിയുള്ളൂ.

വക്രതുണ്ഡന്‍ എന്നതു വക്കാരിയുടെ പേരായതുകൊണ്ടു് ഉപേക്ഷിച്ചു.

വക്കാരിയുടെ പേരു്” എന്നൊരു ഗവേഷണപ്രബന്ധം ഓഫ്‌യൂണിയനില്‍ പ്രസിദ്ധീകരിക്കണം എന്നു വിചാരിച്ചിട്ടു് ഇതുവരെ പറ്റിയില്ല. ഒന്നിലധികം വര്‍ഷത്തെ ഗവേഷണഫലമായി കണ്ടുപിടിച്ചതാണു്. ഇത്രയുമായ സ്ഥിതിയ്ക്കു് ഇവിടെ ചുരുക്കി പറഞ്ഞേക്കാം.

കോട്ടയം ജില്ലയിലെ കുറിച്ചിയ്ക്കും കടുത്തുരുത്തിയ്ക്കും ഇടയ്ക്കു റോഡ്‌സൈഡിലാണു വക്കാരിയുടെ വീടെന്നു് അദ്ദേഹത്തിന്റെ കൃതികളില്‍ നിന്നു വ്യക്തമാണു്. ഗവേഷണഫലമായി അതു കാരിത്താസ് എന്ന സ്ഥലമാണെന്നു ഞാന്‍ കണ്ടുപിടിച്ചു. ഇതിനു് ഉപോദ്ബലകമായ വസ്തുതകള്‍ പ്രബന്ധത്തില്‍ വിശദീകരിച്ചിട്ടുണ്ടു്.

വക്കാരി തന്റെ പ്രൊഫൈലില്‍ ഇട്ടിരിക്കുന്ന പടം ആനയുടേതാണെന്നു ചിലരും ഗണപതിയുടേതാണെന്നു മറ്റു ചിലരും തെറ്റിദ്ധരിച്ചിട്ടുണ്ടു്. ഇതു രണ്ടുമല്ല, അല്ലെങ്കില്‍ ഇതു രണ്ടുമാണു സത്യം എന്നതാണു വസ്തുത. മുഴുവന്‍ ശരീരം വരയ്ക്കാതെ മുഖം മാത്രം വരച്ചതു് ആനയ്ക്കും ഗണപതിയ്ക്കും യോജിക്കുന്ന വക്രതുണ്ഡന്‍ എന്ന പേരിനെ സൂചിപ്പിക്കാനാണെന്നു സംശയാതീതമായി തെളിഞ്ഞിട്ടുണ്ടു്.

ഇപ്പോള്‍ ഗവേഷണവിദ്യാര്‍ത്ഥിയായ ഇദ്ദേഹം കുറച്ചുകാലം ഇന്ത്യയുടെ വടക്കുകിഴക്കേ കോണിലുള്ള ഒരു കലാലയത്തില്‍ അദ്ധ്യാപകനായിരുന്നെന്നും അവിടുത്തെ ഭാഷയില്‍ “മാസ്റ്റര്‍” എന്നതിനു പകരം “മഷ്ടാര്‍” എന്നാണു പറയുക എന്നും എന്റെ ഗവേഷണം വ്യക്തമാക്കുന്നു. ഇദ്ദേഹത്തിന്റെ പുര്‍ണ്ണനാമമായ വക്‌റതുണ്ഡന്‍ കാരിത്താസ് മഷ്‌ടാര്‍ എന്നതിന്റെ ചുരുക്കരൂപമാണു് വക്കാരിമഷ്ടാ എന്നതു് എന്നതു നിസ്തര്‍ക്കമത്രേ.

ഈ പേര്‍ ജാപ്പനീസില്‍ “മനസ്സിലായി” എന്നര്‍ത്ഥമുള്ള ഒരു വാക്കില്‍ നിന്നാണു കിട്ടിയതെന്നു പറയുന്നതു കേവലം ഒരു മറ മാത്രമാണു്. “വകരിമസ്റ്റ” എന്നാണു് ആ വാക്കു്. “ഓക്കേ”, “അതു ശരി”, “അപ്പോള്‍ ശരി”, “പിന്നെക്കാണാം” എന്നൊക്കെയാണു് ആ വാക്കിന്റെ അര്‍ത്ഥം, “മനസ്സിലായി” എന്നല്ല.

ഈ ഗവേഷണത്തിനു് എനിക്കൊരു പി. എഛ്. ഡി. അടുത്തു തന്നെ തരമാകും എന്നൊരു കിംവദന്തിയുമുണ്ടു്.

മാത്രമല്ല, അടുത്ത കുട്ടിക്കു വേണ്ടി കുട്ട്യേടത്തി നോക്കി വെച്ചിരിക്കുന്ന പേരാണതു്.

ഭൂരിഭാഗം ആളുകളും വിനായകിനോടൊപ്പമായിരുന്നു. വിഘ്നേശ് എന്ന പേരിന്റെ കൂടെ ഞാനും വിശാഖും മാത്രം.

ബൂലോഗത്തിലെ കുറേ പുലികളോടു് അഭിപ്രായം ചോദിച്ചു. അവിടെയും വിനായകനായിരുന്നു പിന്തുണ കൂടുതല്‍. വിഘ്നേശിനെ പിന്തുണച്ചതു് ആകെ മന്‍‌ജിത്ത് മാത്രം. അതും ചെല്ലപ്പേരായി “വിക്കി” എന്നു വിളിക്കാം എന്നതുകൊണ്ടു്. വിക്കിപീഡിയ തലയ്ക്കുപിടിച്ചാല്‍ മനുഷ്യന്റെ അഭിപ്രായങ്ങളെ വരെ അതു ബാധിക്കും എന്നു മനസ്സിലായില്ലേ?

അവസാനം കഴിഞ്ഞ പ്രാവശ്യം ചെയ്തതു പോലെ കുറേ സായിപ്പുകളെക്കൊണ്ടു പറയിച്ചു നോക്കി. ഫലം അവിശ്വസനീയമായിരുന്നു. വിനായക് ആര്‍ക്കും വഴങ്ങുന്നില്ല. നീളം കൂടിപ്പോയി എന്നാണു പരാതി. അതേ സമയം വിഘ്നേശ് എല്ലാവരും നന്നായി പറഞ്ഞു. (വിഗ്നേശ് എന്നായിപ്പോയെന്നു മാത്രം. അതു പിന്നെ ഇന്ത്യക്കാരും അങ്ങനെ തന്നെയല്ലേ പറയുന്നതു്?) അങ്ങനെ വിഘ്നേശ് ഏതാണ്ടു് ഉറച്ചു.


UMESH-നു് 5 അക്ഷരം. SINDHU-വിനു് 6 അക്ഷരം. VISHAKH-നു 7 അക്ഷരം. VIGHNESH-നു 8 അക്ഷരം. ഏതായാലും പുരോഗതിയുണ്ടു്. ഒമ്പതക്ഷരമുള്ള ശിവന്റെ മക്കള്‍ ഉണ്ടോ എന്തോ? SHASTHAVU?


എനിക്കു ശിവന്റെ പേരും മക്കള്‍ക്കു രണ്ടും ശിവന്റെ പിള്ളേരുടെ പേരും ആയതു കൊണ്ടു് ഇനി സിന്ധുവിന്റെ പേരു മാറ്റണം. പാര്‍വ്വതിയുടെ ഒരു പേരാക്കണം. “സിന്ധു” എന്ന പദത്തിനു ധാരാളം അര്‍ത്ഥങ്ങള്‍ ശബ്ദതാരാവലി നിരത്തുന്നുണ്ടെങ്കിലും അവയില്‍ ജീവനുള്ളതു് “ആന” മാത്രം.

പെണ്‍‌കുട്ടിയായിരുന്നെങ്കില്‍ ഇടാന്‍ പണ്ടു തൊട്ടേ നോക്കി വെച്ചിരുന്ന പ്രിയപ്പെട്ട പേരുകളൊക്കെ പാര്‍വ്വതിയുടെ പര്യായങ്ങളായിരുന്നു-പാര്‍വ്വതി, ഗൌരി, അപര്‍ണ്ണ, ഉമ,… അതിലെതെങ്കിലും ഒന്നിടാം.

സിന്ധുവിനു് ഒരു സങ്കടമുണ്ടു്-തന്റെ പേരു വളരെ ചെറുതായിപ്പോയെന്നു്. അതിനാല്‍ ചെറിയ ചെല്ലപ്പേരൊന്നും ഉണ്ടായിട്ടില്ല എന്നു്.

Sin എന്ന ചെല്ലപ്പേരു് ഞങ്ങള്‍ നിര്‍ദ്ദേശിച്ചതാണു്. നല്ല അര്‍ത്ഥമുള്ള പേരുമാണു്-ഇംഗ്ലീഷില്‍!

വളരെ നീളമുള്ള ഒരു പേരു്; അതിനു വളരെ ചെറിയ ഒരു വിളിപ്പേരു്. അതാണു സിന്ധുവിന്റെ സ്വപ്നം.

പാര്‍വ്വതിയ്ക്കു പര്യായമായി നീളമുള്ളതും ചെറിയ ചുരുക്കപ്പേരുള്ളതുമായ പേരുകള്‍ വേണമെങ്കില്‍ വലിയ വിഷമമൊന്നുമില്ല. ലളിതാസഹസ്രനാമം നോക്കിയാല്‍ ആയിരം പേരു കിട്ടും. ഞങ്ങള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്ന പേരുകള്‍ അക്ഷരമാലാക്രമത്തില്‍ താഴെച്ചേര്‍ക്കുന്നു.

പേരു് : ചെല്ലപ്പേരു്
അജ്ഞാനദ്ധ്വാന്തദീപിക : അജ്ഞാന
അശ്വാരൂഢാധിഷ്ഠിതാശ്വകോടികോടിഭിരാവൃതാ : അശ്വ
ഇച്ഛാശക്തിജ്ഞാനശക്തിക്രിയാശക്തിസ്വരൂപിണി : ഇച്ഛ
ഉന്മേഷനിമിഷോത്‌പന്നവിപന്നഭുവനാവലി : ഉന്മേഷ
കാമേശ്വരാസ്ത്രനിര്‍ദഗ്ദ്ധസഭണ്ഡാസുരശൂന്യകാ : കാമ
കാളരാത്ര്യാദിശക്ത്യൌഘവൃത : കാള
കുരുവിന്ദമണിശ്രേണീകനത്‌കോടീരമണ്ഡിത : കുരു
കൂര്‍മ്മപൃഷ്ഠജയിഷ്ണുപ്രപദാന്വിത : കൂര്‍മ്മ
ക്രോധാകാരാങ്കുശോജ്ജ്വല : ക്രോധ
ചണ്ഡമുണ്ഡാസുരനിഷൂദിനി : ചണ്ഡ
ചക്രരാജരഥാരൂഢസര്‍വ്വായുധപരിഷ്കൃത : ചക്ര
ജന്മമൃത്യുജരാതപ്തജനവിശ്രാന്തിദായിനി : ജന്മ
ഡാകിനീശ്വരി : ഡാകിനി
താടങ്കയുഗളീഭൂതതപനോഡുപമണ്ഡല : താട (താടക)
പായസാന്നപ്രിയ : പായസ
മന്ത്രിണ്യംബാവിരചിതവിഷംഗവധതോഷിത : മന്ത്രി
മാണിക്യമകുടാകാരജാനുദ്വയവിരാജിത : മാണി
സംസാരപങ്കനിര്‍മഗ്നസമുദ്ധരണപണ്ഡിത : സംസാര

ഏതു പേരാണു് അവസാനം സ്വീകരിച്ചുതെന്നു് ഗസറ്റ് വിജ്ഞാപനം വഴി അറിയിക്കുന്നതാണു്.

പ്രത്യേക അറിയിപ്പു്: കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിയ്ക്കു് ഗംഗ എന്നോ ഗംഗയുടെ പര്യായങ്ങളോ പേരുള്ള ഒരാളും പോര്‍ട്ട്‌ലാന്‍ഡിലോ പരിസരത്തിലോ വരാന്‍ പാടില്ല എന്നും വന്നാല്‍ പ്രത്യാഘാതങ്ങള്‍ (മേഘത്തിന്റെ ഘ) ഗുരുതരമായിരിക്കും എന്നും സിന്ധു മുന്നറിയിപ്പു നല്‍കിയിരിക്കുന്നു.


മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടു് ഗുരുകുലവും എന്റെ മറ്റു പരിപാടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചുപൂട്ടുകയാണു്. എല്ലാവരും വെക്കേഷന്‍ അടിച്ചുപൊളിക്കുക. അഭിവാദ്യങ്ങള്‍. അടുത്ത സ്കൂള്‍വര്‍ഷം മഴ തുടങ്ങുമ്പോള്‍ കാണാം.

വൈയക്തികം (Personal)
ചിത്രങ്ങള്‍ (Photos)
നര്‍മ്മം
വിഘ്നേശ്

Comments (32)

Permalink

അമ്മ ഇന്നാളു പറഞ്ഞല്ലോ…

“പിന്നെ അമ്മ ഇന്നാളു പറഞ്ഞല്ലോ…”

രാവിലെ അമ്മയും മകനും കൂടി പുസ്തകം വായിക്കുകയാണു്. മകനു കൂട്ടിവായന ശരിയായിട്ടില്ല. “മാര്‍ത്തോമ്മാ വലിയ പള്ളി” എന്നതു “മാറു തോമാ വലിയ പല്ലി” എന്നു വായിക്കുന്ന പരുവം. എങ്കിലും വായിക്കാന്‍ ഇഷ്ടമാണു്. ആരെങ്കിലും വായിച്ചു കൊടുക്കണം. അങ്ങനെ വായിച്ചു കൊടുത്തതില്‍ ഏതോ കാര്യത്തിനു മുമ്പു പറഞ്ഞ എന്തോ കാര്യത്തിനു വിരുദ്ധമായ എന്തോ കണ്ടു. അതാണു് ചോദ്യത്തിനു കാരണം.


സംസാരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ വായിക്കാന്‍ തുടങ്ങുന്ന കാലം വരെയാണു് കുട്ടികള്‍ സ്വയം നന്നായി പഠിക്കുന്നതെന്നു തോന്നിയിട്ടുണ്ടു്. ഈ പ്രായത്തിലുള്ള കുട്ടികളോടു സംസാരിക്കാനും അവരുടെ ചെയ്തികള്‍ നോക്കിനില്‍ക്കാനും എന്തൊരു രസമാണു്! എന്തു സംശയങ്ങളാണു് അവര്‍ക്കു്? എത്ര ലോജിക്കലായി ആണു് അവര്‍ ചിന്തിക്കുന്നതു്? (Calvin and Hobbes എന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പ് ഇഷ്ടമുള്ളവര്‍ക്കു ഞാന്‍ ഉദ്ദേശിക്കുന്നതെന്താണെന്നു മനസ്സിലാകും.) ചോദിക്കാന്‍ അവര്‍ക്കു ലജ്ജയുമില്ല, അറിയേണ്ടതു് എങ്ങനെയെങ്കിലും മനസ്സിലാക്കുകയും ചെയ്യും.

വായിക്കാറാവുമ്പോള്‍ പുസ്തകത്തിലെ അറിവു് അവന്റെ പ്രകൃത്യാ ഉള്ള കഴിവിനെ കെടുത്തിക്കളഞ്ഞു് മറ്റാരുടെയോ അറിവിനെ സ്പൂണ്‍‌ഫീഡ് ചെയ്യുന്നു. സ്കൂള്‍ വിദ്യാഭാസവും മുതിര്‍ന്നവരോടുള്ള ഇടപെടലും അവന്റെ ചോദ്യം ചെയ്യാനുള്ള താത്‌പര്യത്തെ നശിപ്പിച്ചുകളയുന്നു. ഉത്തരം മുട്ടുമ്പോള്‍ മുതിര്‍ന്നവര്‍ കൊഞ്ഞനം കുത്തുകയും “ഇവനിതെന്തൊരു ചെറുക്കന്‍! എന്റെയൊന്നും ചെറുപ്പത്തില്‍ ഇമ്മാതിരി ചോദ്യമൊന്നും ചോദിക്കില്ലായിരുന്നല്ലോ, പ്രായമായവര്‍ പറയുന്നതു് അങ്ങു വിശ്വസിക്കും. അതാണു വേണ്ടതു്.” എന്നു പറയുകയും ചെയ്യും.

രണ്ടര/മൂന്നു വയസ്സുള്ളപ്പോഴുള്ള ഒരു ചോദ്യം:

“അച്ഛാ, അച്ഛാ, മൂണിനെ നമുക്കു കാണാമായിരുന്നല്ലോ. ഇപ്പോള്‍ കാണുന്നില്ലല്ലോ. അതെന്താ?”

മലയാളം പറയാന്‍ പഠിപ്പിച്ചിരുന്നെങ്കിലും പല വസ്തുക്കളുടെയും ഇംഗ്ലീഷ് വാക്കുകള്‍ മാത്രമേ പറഞ്ഞുകൊടുത്തിരുന്നുള്ളൂ. ഭാഷകള്‍ തമ്മില്‍ ചിന്താക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍. അതാണു “മൂണ്‍” എന്നു പറയാന്‍ കാരണം.

“അതു മോനേ, നമ്മുടെ കണ്ണിന്റെയും മൂണിന്റെയും ഇടയ്ക്കു ട്രാന്‍സ്പെരന്റ് അല്ലാത്ത ഒരു സാധനം വന്നതുകൊണ്ടാ…”

“അതെന്താ ഈ ട്രാന്‍സ്…?”

“ലൈറ്റ് കടന്നുപോകുന്ന സാധനമാണു ട്രാന്‍സ്പെരെന്റ്. കണ്ണാടി, വെള്ളം അതുപോലെയുള്ളവ…”

“അപ്പോള്‍ നമ്മുടെ പുറകിലുള്ളതെന്താ കാണാത്തതു്?”

“അതു്…” (ഒന്നു പരുങ്ങി‌) “നമ്മുടെ കണ്ണിനും അതിനും ഇടയ്ക്കു നമ്മുടെ തല വരുന്നുണ്ടല്ലോ. അതു ട്രാന്‍സ്പെരെന്റ് അല്ലല്ലോ…”

കണ്ണിന്റെ ലെന്‍സ്, റെറ്റീന തുടങ്ങിയവ പറഞ്ഞുകൊടുക്കാന്‍ നിന്നാല്‍ ഇന്നത്തെ ദിവസം പോകും. തത്കാലം ഇതുകൊണ്ടു ശരിയാകുമോ എന്നു നോക്കട്ടേ.

“അപ്പോ എന്താ നമ്മള്‍ നമ്മളുടെ തല കാണാത്തതു്?”

ചുറ്റി. “വീട്ടില്‍ ചെല്ലട്ടേ. അപ്പോള്‍ അച്ഛന്‍ എല്ലാം പറഞ്ഞുതരാം.”

അതാണെന്റെ പത്തൊമ്പതാമത്തെ അടവു്. വീട്ടില്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഗൂഗിള്‍, വിക്കിപീഡിയ എന്നിവയൊക്കെ ഉണ്ടല്ലോ. അതില്‍ നോക്കിയിട്ടു പറഞ്ഞുകൊടുക്കാം.

അന്നൊക്കെ ഇങ്ങനെയുള്ള ചീളുകാര്യങ്ങള്‍ക്കു വിക്കിപീഡിയ നോക്കാന്‍ മടിയാണു്. പിന്നെയാണു മനസ്സിലായതു് സര്‍വ്വവിജ്ഞാനകോശം എന്നു ഞാന്‍ വിചാരിച്ചിരുന്ന പലരും മുട്ട പുഴുങ്ങുന്നതെങ്ങനെ എന്നതിനു പോലും വിക്കിപീഡിയ നോക്കുമെന്നു്!

“അച്ഛാ, പിന്നെ അമ്മ ഇന്നാളു പറഞ്ഞല്ലോ…”

“അമ്മ എന്തു പറഞ്ഞു?”

“മൂണിനെ കാണാതായതു് കാര്‍ ഒരു ടേണെടുത്തതുകൊണ്ടാണെന്നു്…”

“അതും ശരി തന്നെ.”

“അതെങ്ങനാ ശരിയാവുന്നതു്?”

“കാര്‍ ഒരു ടേണെടുത്തപ്പോള്‍ നമ്മുടെ കണ്ണിന്റെയും മൂണിന്റെയും ഇടയ്ക്കു് ട്രാന്‍സ്പരന്റല്ലാത്ത ഒരു സാധനം വന്നു. ഉദാഹരണത്തിനു കാറിന്റെ റൂഫ്…”

“അല്ലെങ്കില്‍ മൂണ്‍ നമ്മുടെ പുറകിലായിക്കാണും…” ഇപ്പോള്‍ കിട്ടിയ വിജ്ഞാനത്തില്‍ നിന്നൊരു ചീന്തു്.

“ശരിയാ, അങ്ങനെയും ആവാം.”

അങ്ങനെ തത്ക്കാലം ആ പ്രശ്നം ഒഴിവായി. വീട്ടില്‍ വന്നപ്പോള്‍ അവന്‍ മറ്റേ കാര്യം എടുത്തിട്ടു. ഗൂഗിള്‍, വിക്കിപീഡിയ തുടങ്ങിയവ ഉപയോഗിച്ചു കണ്ണില്‍ പ്രതിബിംബം പതിയുന്നതും, കണ്ണടയുടെ ഉപയോഗവും, ക്യാമറയുടെ പിന്നിലെ തത്ത്വവും-ഒക്കെയായി നാലഞ്ചു മണിക്കൂര്‍ പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.

അന്നു മുതല്‍ എന്നും വൈകിട്ടു ഞാന്‍ ഓഫീസില്‍ നിന്നു വന്നാല്‍ ഞാനും സിന്ധുവും കൂടി ഒരു ഡിസ്കഷനുണ്ടു്. ഇന്നു് അവന്‍ എന്തു ചോദ്യങ്ങള്‍ ചോദിച്ചു, അവയ്ക്കു് എന്തുത്തരങ്ങള്‍ ആണു പറഞ്ഞതു് എന്നതിനെപ്പറ്റി. അതേ ചോദ്യം മറ്റേ ആളോടു ചോദിച്ചാല്‍ അതേ ഉത്തരം തന്നെ പറയാനുള്ള ഒരു മുന്‍‌കരുതല്‍. ഇതിനെ നമുക്കു് ഉത്തരസമാനത (Equivalence of answers) എന്നു വിളിക്കാം.


ഈ ഉത്തരസമാനത ടെസ്റ്റു ചെയ്യല്‍ അവന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടു് എന്നു തോന്നും. ഒരു ചോദ്യം നമ്മളോടു തന്നെ പത്തു തവണ ചോദിക്കും. മറ്റുള്ളവരോടും ചോദിക്കും. വ്യത്യാസമുണ്ടെങ്കില്‍ അതില്‍ കടിച്ചുതൂങ്ങും. രണ്ടുപേര്‍ ഒരുപോലെ പറഞ്ഞാല്‍ മൂന്നാമതായി ഒരാളോടു ചോദിക്കും.

ഇവനു പറ്റിയ പണി വക്കീല്‍പ്പണി ആണെന്നു തോന്നിയിട്ടുണ്ടു്. പിന്നീടു മനസ്സിലായി ഈ പ്രായത്തിലുള്ള കുട്ടികള്‍ മുഴുവന്‍ വക്കീല്‍പ്പണിക്കു പഠിക്കുന്നവരാണെന്നു്. “കുട്ടികള്‍ വക്കീലന്മാരായി ജനിക്കുന്നു. മുതിര്‍ന്നവര്‍ അവരെ മറ്റു പലതും ആക്കുന്നു.” എന്നു പറയാന്‍ തോന്നിയിട്ടുണ്ടു്.


ഇരുപതു മൈല്‍ ദൂരെ സകുടുംബം താമസിക്കുന്ന ഭാര്യാസഹോദരന്റെ വീട്ടില്‍ പോയതാണു ഞങ്ങള്‍. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെയൊരു പോക്കു പതിവുണ്ടു്. അവിടെ അടുത്തുള്ള ഇന്ത്യന്‍ പലചരക്കുകടയില്‍ നിന്നും മറ്റും ആവശ്യമായ ഷോപ്പിംഗ്, വല്ല ബെര്‍ത്‌ഡേ പാര്‍ട്ടിയോ മറ്റോ ഉണ്ടെങ്കില്‍ അതില്‍ സംബന്ധിക്കല്‍ തുടങ്ങിയുള്ള അല്ലറചില്ലറ കാര്യങ്ങള്‍ക്കായി. ഉച്ചയ്ക്കു മുമ്പു് അവിടെയെത്തി അവിടെ നിന്നു് ഉച്ചഭക്ഷണവും പിന്നെ രാത്രി വരെ വര്‍ത്തമാനം പറഞ്ഞിരുന്നു് ആ ഭക്ഷണവും അവിടെ നിന്നാക്കി പാതിരാത്രിയ്ക്കു തൊട്ടു മുമ്പു കൂടു പൂകും.

അഭിരുചികളുടെ കാര്യത്തില്‍ നാലു ധ്രുവങ്ങളില്‍ സ്ഥിതിചെയ്യുന്ന ഞങ്ങള്‍ക്കു നാലു പേര്‍ക്കും താത്പര്യമുള്ള വിഷയം സൂര്യനു കീഴില്‍ ഇല്ലാത്തതുകൊണ്ടു് പത്തുപതിനഞ്ചു മിനിട്ടുകള്‍ക്കുള്ളില്‍ ഞങ്ങളുടെ സംഭാഷണം അരവിന്ദന്റെ അവാര്‍ഡുസിനിമയിലെപ്പോലെ ഒറ്റ വാക്കിലുള്ള ചോദ്യവും (“ഉറങ്ങിയോ?”) ഒരു ഞരക്കത്തിലുള്ള ഉത്തരവും (“ങൂം ങൂം”) ആയി പരിണമിക്കും. അപ്പോഴുള്ള ആകെ ആശ്വാസം മൂന്നര-നാലു വയസ്സുള്ള മകന്റെ അടിസ്ഥാനസംശയങ്ങളാണു്. നാലു പേരും മത്സരിച്ചു് അവന്റെ ചോദ്യങ്ങള്‍ക്കുത്തരം കൊടുക്കാന്‍ വിഫലശ്രമം നടത്തി ഉത്തരസമാനതയുടെ എല്ലാ നിയമങ്ങളും തെറ്റിച്ചു് പിന്നെ ഒരാഴ്ചത്തേക്കു് “അച്ഛന്‍/ അമ്മ/ അമ്മാവന്‍/ അമ്മായി ഇന്നാളു പറഞ്ഞല്ലോ…” എന്നു പറയാന്‍ വകുപ്പുണ്ടാക്കിക്കൊടുക്കും.

അന്നു് അദ്ദേഹം അമ്മാവന്‍ വാങ്ങിക്കൊടുത്ത ഒരു കളിപ്പാട്ടത്തിലെ ചെറിയ ഒരു കുഴലിനകത്തു് വലിയ ഒരു കോല്‍ കടക്കാത്തതു് എന്തുകൊണ്ടു് എന്നതിനെപ്പറ്റി ഫണ്ടമെന്റല്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. ചെറുതില്‍ വലുതു പോകാത്തതിനെപ്പറ്റി ഞങ്ങള്‍ നാലു് എഞ്ചിനീയര്‍മാര്‍ ഘോരഘോരം ക്ലാസ്സുകളെടുത്തു. അതു കേട്ടിട്ടു് അവന്‍ ഒരു സിമ്പിള്‍ ചോദ്യം ചോദിക്കും, “അതെന്താ?” അതിനു ഞങ്ങള്‍ക്കുത്തരമില്ല. വ്യാപ്തം, തന്മാത്രകളുടെ ജഡത്വവും ചാലകതയും, കണികാസിദ്ധാന്തം, ക്വാണ്ടം മെക്കാനിക്സ്, വേദാന്തം, ഫിലോസഫി തുടങ്ങിയവയൊക്കെ പരീക്ഷിച്ചിട്ടും (ഇതൊക്കെ ഞങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമെന്നു തെറ്റിദ്ധരിക്കരുതു്. പറയാന്‍ ശ്രമിച്ചു എന്നേ ഉള്ളൂ.) “എഗൈന്‍ ശങ്കര്‍ ഇസ് ഓണ്‍ ദ കോക്കനട്ട് ട്രീ” എന്ന സ്ഥിതി. അവസാനം യൂക്ലിഡിന്റെ അഞ്ചാം പ്രമാണം പോലെ ഞങ്ങള്‍ പ്രഖ്യാപിച്ചു, “വലിയ ദ്വാരങ്ങളിലൂടെ വലിയ വസ്തുക്കള്‍ക്കും ചെറിയ വസ്തുക്കള്‍ക്കും പോകാം. എന്നാല്‍ ചെറിയ ദ്വാരങ്ങളിലൂടെ ചെറിയ വസ്തുക്കള്‍ക്കു മാത്രമേ പോകാന്‍ കഴിയൂ. ഇതു നീ സമ്മതിച്ചേ പറ്റൂ.”

ഇതിനു കൊടുക്കേണ്ടി വന്ന വില ചെറുതല്ലായിരുന്നു. അടുക്കും ചിട്ടയുമായി കിടന്നിരുന്ന വീടു് നെയില്‍ പോളിഷ് ട്യൂബുകള്‍, ക്യാമറ, കുപ്പികള്‍, പാത്രങ്ങള്‍, പെട്ടികള്‍, ഇപ്പറഞ്ഞ സാധനങ്ങളില്‍ ഇടാന്‍ വേണ്ടി എടുത്ത ചെറുതും വലുതുമായ പല വലിപ്പത്തിലുള്ള സാധനങ്ങള്‍ ഇവയെക്കൊണ്ടു നിറഞ്ഞു. അവനിരിക്കാന്‍ വേണ്ടി വാങ്ങിയ ഒരു കുഞ്ഞു പ്ലാസ്റ്റിക്ക് കസേരയില്‍ വലിയ ഒരാള്‍ക്കിരിക്കാന്‍ പറ്റില്ല എന്നു ഡെമോണ്‍‌സ്ട്രേറ്റു ചെയ്തു് അതു പല കഷണമായി. ഖരവസ്തുക്കള്‍ക്കു പറഞ്ഞ തത്ത്വം ദ്രാവകങ്ങള്‍ക്കും ബാധകമാണോ എന്നു് അദ്ദേഹം ഞങ്ങളുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ പരീക്ഷിച്ചതിന്റെ ഫലമായി ഓറഞ്ച്‌ജ്യൂസ്‌കുപ്പി കാര്‍പെറ്റില്‍ കമഴ്ന്നു. ആകെ വീടു് അനോണികള്‍ കയറിയ ബ്ലോഗു പോലെയായി.

പക്ഷേ ഏറ്റവും വലിയ അപകടം സംഭവിച്ചതു ന്യൂട്ടനാണു്. അതേ, ഗുരുത്വാകര്‍ഷണപ്രമാണം കണ്ടുപിടിച്ച സാക്ഷാല്‍ ഐസക് ന്യൂട്ടനു്. മുകളില്‍പ്പറഞ്ഞ സിദ്ധാന്തം വിശദീകരിക്കുന്നതിനിടയില്‍ ന്യൂട്ടന്‍ പണ്ടു് തന്റെ രണ്ടു പട്ടിക്കുട്ടികളെയും ഇടാന്‍ ഒരു കൂടു പണിഞ്ഞതും, വലിയ പട്ടിയ്ക്കു കയറാന്‍ വലിയ വാതിലും ചെറിയ പട്ടിയ്ക്കു കയറാന്‍ ചെറിയ വാതിലും വേണമെന്നു് ആശാരിയോടു പറഞ്ഞതും, വലിയ വാതിലില്‍ക്കൂടി ചെറിയ പട്ടിക്കും കയറിക്കൂടേ എന്നു് ആശാരി ചോദിച്ചതും ഒക്കെ വിശദീകരിക്കുന്ന കഥ പറഞ്ഞുകൊടുത്തു. (അതു ന്യൂട്ടനല്ല ആമ്പിയറാണെന്നും, പട്ടിയല്ല പൂച്ചയാണെന്നും ഒന്നും പറഞ്ഞു് ആരും വന്നേക്കരുതു്. സൌകര്യത്തിനു വിക്കിപീഡിയ അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്കു നാലു പേര്‍ക്കും മുട്ട പുഴുങ്ങാന്‍ അറിയാവുന്നതു കൊണ്ടു് അതിന്റെ ആവശ്യവും തോന്നിയിരുന്നില്ല.) ഈ കഥയില്‍ നിന്നു് ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായിരുന്ന ആ മനുഷ്യനെ ഒരു ഭൂലോകമണ്ടന്‍ എന്ന രീതിയിലാണു് അവന്‍ പിന്നെ കരുതിയിരുന്നതു്. ഉദാഹരണമായി, ശ്രീജിത്തിന്റെ ബ്ലോഗ് വല്ലതും അവനെ കാണിച്ചാല്‍ “ഇതു ന്യൂട്ടന്‍ എഴുതിയതാണോ” എന്നു് അവന്‍ ചോദിക്കും. പാറപ്പുറത്തു നിന്നു താഴോട്ടു വീണപ്പോള്‍ തനിക്കു 9.8 km/sec സ്പീഡുണ്ടായിരുന്നു എന്നെഴുതിയ മഹാന്റെ പേരു ചേര്‍ത്തു തന്റെ പേരു പറഞ്ഞെന്നു കേട്ടാല്‍ വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലെ ഒരു ശവകുടീരത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന ന്യൂട്ടന്റെ അസ്ഥിപഞ്ജരം പല തവണ തകിടം മറിയും.

പക്ഷേ, ഏറ്റവും വലിയ അത്യാഹിതം വരാനിരിക്കുന്നതേ ഉള്ളൂ. മേല്‍പ്പറഞ്ഞ സംഭവത്തിനു ശേഷം നാലഞ്ചു ദിവസത്തിനുള്ളില്‍ (ഇതിനിടയില്‍ ഏതെങ്കിലും വാതില്‍ കണ്ടാല്‍ അതിലൂടെ ആന പോകുമോ, ഇതിലൂടെ ബ്ലൂ വെയില്‍ പോകുമോ എന്നൊക്കെ ചോദിച്ചു ഞങ്ങളുടെ തല പറപ്പിച്ചിരുന്നു എന്നതു വെറൊരു കാര്യം.) തഥാഗതനെ പ്രീ-സ്കൂളില്‍ കൊണ്ടുവിടാന്‍ കാറില്‍ യാത്ര ചെയ്യുമ്പോഴാണു് കാര്‍ണിവല്‍ നടക്കുന്ന ഒരു പറമ്പിന്റെ അടുത്തു കൂടി പോയതു്. അവിടെ വലിയ ശബ്ദമായതുകൊണ്ടു ഞാന്‍ ജനല്‍ അടച്ചു.

അപ്പോള്‍ വന്നു ചോദ്യം, “അച്ഛാ, എന്താ ഇപ്പോള്‍ ശബ്ദം കേള്‍ക്കാത്തേ…?”

ഹാവൂ, എനിക്കറിയാവുന്ന ഒരു ചോദ്യം കിട്ടി! ശബ്ദതരംഗങ്ങളെപ്പറ്റിയും അവ ചെവിയില്‍ വന്നു തട്ടുമ്പോള്‍ നമ്മള്‍ അതു കേള്‍ക്കുന്നതിനെപ്പറ്റിയും പറഞ്ഞുകൊടുത്തു. അമ്മ പറഞ്ഞുകൊടുത്തു് അവനു് ഇതിനെപ്പറ്റി കുറേ വിവരമുണ്ടായിരുന്നു. പക്ഷേ സംശയം അവിടെക്കൊണ്ടു തീര്‍ന്നില്ല.

“എന്താ കുറച്ചു ശബ്ദം കേള്‍ക്കാമല്ലോ…”

“അതു മോനേ, ഈ ചില്ലിന്റെ ഇടയ്ക്കും ചെറിയ സുഷിരങ്ങളുണ്ടു്. നമുക്കു കാണാന്‍ പറ്റില്ല എന്നു മാത്രം. ശബ്ദം അതിലൂടെ നുഴഞ്ഞുകയറി നമ്മുടെ ചെവിയിലെത്തും. എല്ലാ ശബ്ദത്തിനും അങ്ങനെ പറ്റാത്തതുകൊണ്ടു് കുറച്ചു മാത്രമേ നമുക്കു കേള്‍ക്കാന്‍ പറ്റൂ.”

ചെറിയ ശബ്ദങ്ങള്‍ സുഷിരങ്ങളിലൂടെ നുഴഞ്ഞുകയറുന്നതും വലിയ ശബ്ദങ്ങള്‍ വെളിയില്‍ വഴിമുട്ടി നില്‍ക്കുന്നതുമോര്‍ത്തു് അവന്‍ കുറേ നേരം ചാരിയിരുന്നു.

അപ്പോഴാണു് ഞങ്ങളെ ഞെട്ടിച്ചുകൊണ്ടു് (അതിനേക്കാള്‍ വലിയ ഞെട്ടല്‍ വരാനിരിക്കുന്നതേ ഉള്ളൂ എന്നു ഞാനറിഞ്ഞില്ല) ഒരു വെടിശബ്ദം കേട്ടതു്. കാര്‍ണിവല്‍ പറമ്പില്‍ നിന്നാണു്.

“ജനല്‍ അടച്ചിട്ടും നമ്മളെന്താ അതു കേട്ടതു്?” പേടിച്ചരണ്ട ഒരു ശബ്ദം പുറകില്‍ നിന്നു്.

“ഓ അതൊരു വലിയ ശബ്ദമായതുകൊണ്ടാണു മോനേ…”

“അപ്പോള്‍ ചെറിയ ശബ്ദം ഈ ജനലില്‍ക്കൂടി കടക്കില്ല, വലുതു കടക്കും, അല്ലേ..”