പണ്ടു തൊട്ടേ സംസ്കൃതകവികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു വിനോദമായിരുന്നു സമസ്യാപൂരണം. പല ഭാഷകളിലും ഇതു പോലെയുള്ള വിനോദങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, സംസ്കൃതത്തിലും അതിന്റെ ചുവടുപിടിച്ചു മലയാളത്തിലും ഉണ്ടായിട്ടുള്ളതുപോലെ മറ്റൊരു ഭാഷയിലും ഈ വിനോദം വ്യാപകമായിട്ടുണ്ടു് എന്നു തോന്നുന്നില്ല.
ഒരു ശ്ലോകത്തിന്റെ ഒരു ഭാഗം തന്നിട്ടു് ബാക്കി ഭാഗങ്ങളെഴുതി അതു പൂരിപ്പിക്കുവാനുള്ള പ്രശ്നമാണു സമസ്യാപൂരണം. തന്നിരിക്കുന്ന ഭാഗത്തിനെ “സമസ്യ” എന്നും പൂരിപ്പിക്കുന്ന ഭാഗത്തിനെ “പൂരണം” എന്നും വിളിക്കുന്നു.
സമസ്യയുടെ വൃത്തത്തിനും ശൈലിയ്ക്കും മറ്റു രീതികള്‍ക്കും (ഉദാഹരണത്തിനു പ്രാസം) അനുസരിച്ചു്, അര്‍ത്ഥം ശരിയാകത്തക്ക വിധത്തില്‍ പൂരിപ്പിക്കുന്നതാണു് ഇതിന്റെ രസം.
നാലാമത്തെ വരി തന്നിട്ടു് ബാക്കി മൂന്നു വരികളും പൂരിപ്പിക്കുക എന്നതാണു് ഏറ്റവുമധികം കണ്ടുവരുന്ന സമസ്യ. ഇവിടെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങളധികവും ഈ വിഭാഗത്തില്‍ പെടുന്നു.
ചിലപ്പോള്‍ നാലാമത്തെ വരിയുടെ ഒരു ഭാഗം തന്നിട്ടു് പൂരിപ്പിക്കാന്‍ പറയും. താഴെക്കൊടുത്തിരിക്കുന്നതില്‍ “ഭ്രഷ്ടസ്യ കാന്യാഗതിഃ”, “സ്വര്‍ല്ലോകമാവില്ലയോ?”, “മലമകളേ, ജാതകം ജാതി തന്നെ!” എന്നിവ ഉദാഹരണം.
അല്ലാത്തവയും കണ്ടിട്ടുണ്ടു്. ഉദാഹരണത്തിനു്, “കുസുമേ കുസുമോല്‍പത്തി ശ്രൂയതേ ന ച ദൃശ്യതേ” എന്നതില്‍ പൂര്‍വ്വാര്‍ദ്ധം തന്നിട്ടു് ഉത്തരാര്‍ദ്ധം എഴുതാനായിരുന്നു സമസ്യ.
സമസ്യാപൂരണത്തില്‍ ഏറ്റവും പ്രഗല്‌ഭനായി അറിയപ്പെടുന്നതു വിശ്വമഹാകവി കാളിദാസനാണു്. അദ്ദേഹത്തിന്റേതെന്നു പറയപ്പെടുന്ന അനവധി സമസ്യാപൂരണങ്ങള്‍ പ്രസിദ്ധമാണു്. ഇവയില്‍ പലതും കാളിദാസന്റേതു തന്നെയാണോ എന്നു സംശയമാണു്. നല്ല സമസ്യാപൂരണങ്ങളുടെയെല്ലാം കര്‍ത്തൃത്വം കാളിദാസനില്‍ കെട്ടിവെയ്ക്കുന്നതു കണ്ടുവരുന്നുണ്ടു്.
കാളിദാസന്റേതെന്നു പ്രസിദ്ധമായ ചില സമസ്യാപൂരണങ്ങള്‍ ഇനി വരുന്ന ചില ഭാഗങ്ങളില്‍ കൊടുത്തിട്ടുണ്ടു്. ഇവയിലേതെങ്കിലും കാളിദാസന്റേതല്ലെന്നു് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി ഒരു കമന്റിടുക.
അര്‍ത്ഥശൂന്യമായ സമസ്യയ്ക്കു പോലും കാളിദാസന്‍ നല്ല പൂരണങ്ങള്‍ ഉണ്ടാക്കിയിരുന്നു എന്നതാണു് അദ്ദേഹത്തെപ്പറ്റി പറയുന്ന ഒരു മേന്മ. ചില ഉദാഹരണങ്ങള്‍:
- ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു (വൃത്തം: അനുഷ്ടുപ്പ്)
ഒരര്‍ത്ഥവുമില്ലാത്ത ഈ സമസ്യ കാളിദാസന്‍ പൂരിപ്പിച്ചതു് ഇങ്ങനെ:
ജാംബൂഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപികമ്പിതശാഖാഭ്യാം
ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു
കപികമ്പിതശാഖാഭ്യാം (കുരങ്ങന്മാര്‍ കുലുക്കുന്ന കൊമ്പുകളില്‍ നിന്നു്) പക്വാനി ജാംബൂഫലാനി (പഴുത്ത ഞാവല്‍പ്പഴങ്ങള്‍) വിമലേ ജലേ പതന്തി (ശുദ്ധജലത്തില്‍ വീഴുന്നു)-“ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു”.
എന്തു മനോഹരമായ പൂരണം!
- ടം ടം ടടം ടം ടടടം ടടംടം (വൃത്തം: ഉപജാതി)
ഇതാ മറ്റൊരെണ്ണം. ഇതെന്തു ശബ്ദമാണോ എന്തോ?
കാളിദാസന്റെ പൂരണം:
രാജാഭിഷേകേ മദവിഹ്വലായാഃ
ഹസ്താച്ച്യുതോ ഹേമഘടോ യുവത്യാഃ
സോപാനമാര്‍ഗ്ഗേഷു കരോതി ശബ്ദം
ടം ടം ടടം ടം ടടടം ടടംടം
രാജ-അഭിഷേകേ (രാജാവിന്റെ അഭിഷേകത്തിനു്) മദ-വിഹ്വലായാഃ യുവത്യാഃ (മദം കൊണ്ടു വലഞ്ഞ യുവതിയുടെ) ഹസ്താത് ച്യുതഃ ഹേമ-ഘടഃ (കയ്യില്‍ നിന്നു വീണ സ്വര്‍ണ്ണക്കുടം) സോപാനമാര്‍ഗ്ഗേഷു (കൊണിപ്പടികളിലൂടെ) ശബ്ദം കരോതി (ഉണ്ടാക്കുന്ന ശബ്ദമാണു്)-“ടം ടം ടടം ടം ടടടം ടടംടം”!
- പിപീലികാ ചുംബതി ചന്ദ്രബിംബം (വൃത്തം: ഉപജാതി)
ഇതിന്റെ അര്‍ത്ഥം “ഉറുമ്പു് ചന്ദ്രബിംബത്തെ ചുംബിക്കുന്നു” എന്നാണു്. ഇതെങ്ങനെ പൂരിപ്പിക്കും? കാളിദാസനാണോ ബുദ്ധിമുട്ടു്?
അസജ്ജനം സജ്ജനസംഗിസംഗാത്
കരോതി ദുസ്സാദ്ധ്യമപീഹ സാദ്ധ്യം
പുഷ്പാശ്രയാച്ഛംഭുശിരോധിരൂഢാ
പിപീലികാ ചുംബതി ചന്ദ്രബിംബം
അസജ്ജനം (സജ്ജനം അല്ലാത്തവര്‍) സജ്ജന-സംഗി-സംഗാത് (സജ്ജനത്തോടു കൂട്ടുകൂടുന്നവരുടെ കൂട്ടുകൊണ്ടു്) ദുസ്സാദ്ധ്യം അപി സാദ്ധ്യം കരോതി (ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ പോലും ചെയ്യുന്നു); പുഷ്പ-ആശ്രയാത് (പുഷ്പത്തിനെ ആശ്രയിച്ചിട്ടു്) ശംഭു-ശിരഃ-അധിരൂഢാ (ശിവന്റെ തലയില്‍ കയറിയ) പിപീലികാ (ഉറുമ്പു്) ചന്ദ്രബിംബം (ചന്ദ്രബിംബത്തെ) ചുംബതി (ചുംബിക്കുന്നു).
എത്ര മനോഹരമായ പൂരണം! ശിവന്റെ തലയില്‍ ചന്ദ്രനും കൈതപ്പൂവുമുണ്ടു് എന്ന സങ്കേതത്തെ അടിസ്ഥാനമാക്കിയുള്ള ഈ ശ്ലോകം ഒരു സമസ്യാപൂരണമാണെന്നു തോന്നില്ല.
സജ്ജനത്തിന്റെ കൂട്ടുകെട്ടു കൊണ്ടല്ല, സജ്ജനത്തിന്റെ കൂട്ടുകാരുടെ കൂട്ടുകെട്ടു കൊണ്ടാണെന്നതു പ്രത്യേകം ശ്രദ്ധിക്കുക. ഒരു സുഭാഷിതം എന്ന നിലയ്ക്കാണു് ഇതിനു കൂടുതല്‍ പ്രശസ്തി.
“ക്രമം” എന്നൊരു അലങ്കാരമുണ്ടു സംസ്കൃതത്തില്‍. ക്രമത്തില്‍ കുറേ കാര്യങ്ങള്‍ പറഞ്ഞിട്ടു് അതുമായി ബന്ധപ്പെട്ട കുറേക്കാര്യങ്ങള്‍ ക്രമമായി പിന്നീടു പറയുന്നതാണു് ഇതിന്റെ രീതി. മലയാളത്തില്‍ ഇതു് അഭംഗിയാണെങ്കിലും സംസ്കൃതത്തില്‍ ഇതു ഭംഗിയാണു്. തുളസി ചൊല്ലിയ ശ്ലോകം എന്ന ലേഖനത്തില്‍ ഞാന്‍ ഇതിനെപ്പറ്റി വിശദമായി പറഞ്ഞിട്ടുണ്ടു്.
ബുദ്ധിമുട്ടുള്ള ചില സമസ്യകള്‍ പൂരിപ്പിക്കാന്‍ കവികള്‍ ഇതുപയോഗിച്ചിട്ടുണ്ടു്. കാളിദാസന്റെ തന്നെ ചില ഉദാഹരണങ്ങള്‍:
- പിപീലികാ ദന്തിവരം പ്രസൂതേ (വൃത്തം: ഉപജാതി)
ഇതു് അപകടം പിടിച്ച ഒരു സമസ്യയാണു്. “ഉറുമ്പു് ആനയെ പ്രസവിക്കുന്നു” എന്നര്‍ത്ഥം. കാളിദാസനുപോലും ക്രമാലങ്കാരത്തെ ആശ്രയിക്കേണ്ടി വന്നു. മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു് അവയുടെ ഉത്തരങ്ങളായാണു് നാലാമത്തെ വരി.
കാ ഖാദതേ ഭൂമിഗതാന്‍ മനുഷ്യാന്‍?
കം ഹന്തി സിംഹപ്രകടപ്രഭാവഃ?
കരോതി കിം വാ പരിപൂര്‍ണ്ണഗര്‍ഭാ?
പിപീലികാ ദന്തിവരം പ്രസൂതേ
ഭൂമി-ഗതാന്‍ മനുഷ്യാന്‍ (ഭൂമിയില്‍ നടക്കുന്ന മനുഷ്യരെ) കാ ഖാദതേ (എന്തു കടിക്കുന്നു?), സിംഹ-പ്രകട-പ്രഭാവഃ (സിംഹത്തിന്റെ പ്രകടമായ പ്രഭാവം) കം ഹന്തി (എന്തിനെയാണു കൊല്ലുന്നതു്?), പരിപൂര്‍ണ്ണ-ഗര്‍ഭാ (പൂര്‍ണ്ണഗര്‍ഭിണി) കിം കരോതി (എന്തു ചെയ്യുന്നു?) (എന്ന മൂന്നു ചോദ്യങ്ങളുടെ ഉത്തരം യഥാക്രമം) പിപീലികാ (ഉറുമ്പു്), ദന്തി-വരം (ശ്രേഷ്ഠനായ ആനയെ), പ്രസൂതേ (പ്രസവിക്കുന്നു) (എന്നിവയാണു്).
ഇതിനെക്കാള്‍ മനോഹരമാണു് അടുത്തതു്.
- ആയാതി നായാതി ന യാതി യാതി (വൃത്തം: ഉപജാതി)
“വരുന്നു, വരുന്നില്ല, പോകുന്നില്ല, പോകുന്നു” (മലയാളസിനിമാനിര്‍മ്മാതാക്കള്‍ കേള്‍ക്കണ്ട, അവരിതൊരു സിനിമാപ്പേരാക്കും
) എന്നാണു സമസ്യ. ഇതെന്തു കുന്തം? പൂരണം നോക്കുക.
വീടീകരാഗ്രാ വിരഹാതുരാ സാ
ചേടീമവാദീദിഹ - ചിത്തജന്മാ
പ്രാണേശ്വരോ ജീവിതമര്‍ദ്ധരാത്രം
ആയാതി നായാതി ന യാതി യാതി
വിരഹ-ആതുരാ സാ (വിരഹാതുരയായ അവള്‍) വീടീ-കര-അഗ്രാ (കയ്യില്‍ മുറുക്കാനും പിടിച്ചു കൊണ്ടു്) ചേടീം (തോഴിയോടു്) അവാദീത് (പറഞ്ഞു): ചിത്ത-ജന്മാ പ്രാണേശ്വരഃ ജീവിതം അര്‍ദ്ധ-രാത്രം (കാമദേവനും പ്രാണേശ്വരനും ജീവിതവും അര്‍ദ്ധരാത്രിയും) ആയാതി, ന ആയാതി, ന യാതി, യാതി (വരുന്നു, വരുന്നില്ല, പോകുന്നില്ല, പോകുന്നു).
പ്രാണേശ്വരനെ കാത്തിരിക്കുകയാണു പാവം, കയ്യില്‍ അയാള്‍ക്കു കൊടുക്കാന്‍ മുറുക്കാനും പിടിച്ചുകൊണ്ടു്. കാമവികാരം വരുന്നു, പ്രാണേശ്വരന്‍ വരുന്നില്ല, രാത്രി പൊയ്ക്കൊണ്ടിരിക്കുന്നു, ജീവിതം പോകുന്നുമില്ല (മരിക്കുകയാണു് ഇതില്‍ ഭേദമെന്നു വ്യംഗ്യം) എന്നാണു തോഴിയൊടു പറയുന്നതു്.
ക്രമം ഉപയോഗിച്ചുള്ള സമസ്യാപൂരണങ്ങളുടെ പരമകാഷ്ഠയാണു് താഴെക്കൊടുക്കുന്നതു്.
- വീരമര്‍ക്കടകമ്പിതാ (വൃത്തം: അനുഷ്ടുപ്പ്)
“വീര-മര്‍ക്കട-കമ്പിതാ” എന്നു വെച്ചാല്‍ “വീരനായ കുരങ്ങന്‍ വിറപ്പിച്ചതു്” എന്നര്‍ത്ഥം. സമസ്യ പൂരിപ്പിച്ച ആള്‍ ഈ അര്‍ത്ഥം കൂടാതെ ഇതിനെ പലതായി മുറിച്ച അര്‍ത്ഥവും പരിഗണിച്ചു.
വീരമര്‍ക്കടകമ്പിതാഃ = വിഃ + രമാ + ഋക് + കടകം + പിതാ
പൂരണം ഇങ്ങനെ:
കഃ ഖേ ചരതി, കാ രമ്യാ
കിം ജപ്യം, കിന്തു ഭൂഷണം,
കോ വന്ദ്യഃ, കീദൃശീ ലങ്കാ,
വീരമര്‍ക്കടകമ്പിതാ
കഃ ഖേ ചരതി (ആരാണു് ആകാശത്തു സഞ്ചരിക്കുന്നതു്?), കാ രമ്യാ (ആരാണു രമ്യ?), കിം ജപ്യം (എന്താണു ജപിക്കേണ്ടതു്?), കിം തു ഭൂഷണം (എന്താണു് അലങ്കാരം?), കഃ വന്ദ്യഃ (ആരെയാണു വന്ദിക്കേണ്ടതു്?), ലങ്കാ കീദൃശീ (ലങ്കാ എങ്ങനെയുള്ളതാണു്?); (ഉത്തരങ്ങള്‍:) വിഃ (പക്ഷി), രമാ (ലക്ഷ്മീദേവി), ഋക് (ഋഗ്വേദസൂക്തം), കടകം (വള), പിതാ (അച്ഛന്‍), വീരമര്‍ക്കടകമ്പിതാഃ (വീരനായ കുരങ്ങന്‍-ഹനുമാന്‍-വിറപ്പിച്ചതു്)!
ഇതു് ആരുടേതെന്നു് അറിയില്ല.
കാളിദാസന്റെ മറ്റു പല സമസ്യാപൂരണങ്ങള്‍ താഴെച്ചേര്‍ക്കുന്നു.
- ഭ്രഷ്ടസ്യ കാന്യാഗതിഃ (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം)
“ഭ്രഷ്ടനു വേറേ എന്തു വഴി?” എന്നര്‍ത്ഥം.
“ഭിക്ഷോ, മാംസനിഷേവണം കിമുചിതം?”, “കിം തേന മദ്യം വിനാ?”;
“മദ്യം ചാപി തവ പ്രിയം?”, “പ്രിയമഹോ വാരാംഗനാഭിസ്സമം.”;
“വാരസ്ത്രീരതയേ കുതസ്തവ ധനം?”, “ദ്യൂതേന ചൌര്യേണ വാ.”;
“ചൌര്യദ്യൂതപരിശ്രമോऽസ്തി ഭവതഃ?”, “ഭ്രഷ്ടസ്യ കാന്യാ ഗതിഃ?”
അര്‍ത്ഥത്തിനും പരിഭാഷയ്ക്കും “ഷോലേ സിനിമയും കാളിദാസനും” എന്ന ലേഖനം നോക്കുക.
- ഭോജനം ദേഹി… (വൃത്തം: അനുഷ്ടുപ്പ്)
ഇതൊരു സമസ്യയാണെന്നും, അല്ല ഒരു ബ്രാഹ്മണനെഴുതിയ ശ്ലോകം കാളിദാസന്‍ പൂരിപ്പിച്ചതാണെന്നും രണ്ടു കഥയുണ്ടു്.
ഭോജനം ദേഹി രാജേന്ദ്ര,
ഘൃതസൂപസമന്വിതം
രാജേന്ദ്ര (രാജാക്കന്മാരുടെ രാജാവേ,) ഘൃത-സൂപ-സമന്വിതം (നെയ്യും പരിപ്പും ചേര്‍ത്ത) ഭോജനം (ഭക്ഷണം) ദേഹി (തന്നാലും).
എന്നതാണു ശ്ലോകത്തിന്റെ പൂര്‍വ്വാര്‍ദ്ധം (സമസ്യ). പൂരണത്തില്‍ കാളിദാസന്‍ അത്യാവശ്യം വേണ്ട ഒരു സാധനം കൂടി ചേര്‍ത്തു.
മാഹിഷഞ്ച ശരച്ചന്ദ്ര-
ചന്ദ്രികാധവളം ദധി
ചന്ദ്രികാ-ധവളം (നിലാവു പോലെ വെളുത്ത) മാഹിഷം ദധി ച (എരുമത്തൈരും) (വേണം)
അപ്പോള്‍ “നെയ്യും പരിപ്പും നിലാവുപോലെ വെളുത്ത എരുമത്തൈരും കൂട്ടി ഭക്ഷണം തരിക” എന്നര്‍ത്ഥം. രാജാവു് ഈ പൂരണത്തില്‍ വളരെ തൃപ്തനായി എന്നാണു് ഐതിഹ്യം.
ഒരു സമസ്യാപൂരണമാണു കാളിദാസന്റെ മരണത്തിനിടയാക്കിയതെന്നും ഒരു കഥയുണ്ടു്. അജ്ഞാതവാസത്തിലായിരുന്ന കാളിദാസനെ കണ്ടുപിടിക്കാന്‍ വേണ്ടി ഒരു രാജാവു് (അദ്ദേഹത്തിനു് ഈ സമസ്യ കാളിദാസനു മാത്രമേ നന്നായി പൂരിപ്പിക്കാന്‍ പറ്റൂ എന്നു്-അല്ലെങ്കില്‍, കാളിദാസന്റെ പൂരണം കണ്ടാല്‍ അദ്ദേഹത്തിനു മനസ്സിലാകും എന്നു്-ഉറപ്പുണ്ടായിരുന്നത്രേ!) താഴെപ്പറയുന്ന സമസ്യ പ്രസിദ്ധീകരിച്ചു:
കുസുമേ കുസുമോത്‌പത്തിഃ
ശ്രൂയതേ ന ച ദൃശ്യതേ
കുസുമേ (പൂവിനുള്ളില്‍) കുസുമ-ഉത്‌പത്തിഃ (പൂവുണ്ടാകുന്നു) ന ശ്രൂയതേ വാ ന ദൃശ്യതേ (കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല) എന്നര്‍ത്ഥം.
ഇതു് ആദ്യത്തെ രണ്ടു വരിയാണു്. ബാക്കി രണ്ടു വരികള്‍ പൂരിപ്പിക്കണം.
കാളിദാസന്‍ എഴുതിയ ഉത്തരാര്‍ദ്ധം ഇങ്ങനെ:
ബാലേ, തവ മുഖാംഭോജേ
കഥമിന്ദീവരദ്വയം?
ബാലേ (പെണ്ണേ), തവ (നിന്റെ) മുഖ-അംഭോജേ (മുഖമാകുന്ന താമരയില്‍) ഇന്ദീവര-ദ്വയം (രണ്ടു കരിംകൂവളപ്പൂവുകള്‍) കഥം (എങ്ങനെ ഉണ്ടായി?)
പൂവില്‍ നിന്നു പൂവുണ്ടായതു കണ്ടല്ലോ. മുഖം താമര പോലെ ചുവന്നതും മൃദുലവുമാണെന്നും, കണ്ണുകള്‍ കരിംകൂവളപ്പൂവിതള്‍ പോലെ കറുത്തതും നീണ്ടതുമാണെന്നു വ്യംഗ്യം.
ഇതു പൂരിപ്പിച്ച സമയത്തു കാളിദാസന്‍ വേഷപ്രച്ഛന്നനായി ഒരു വേശ്യയുടെ കൂടെ താമസിക്കുകയായിരുന്നു എന്നും,സമസ്യാപൂരണത്തിനു വാഗ്ദാനം ചെയ്തിരുന്ന സമ്മാനം കിട്ടാന്‍ അവള്‍ ആളറിയാതെ അദ്ദേഹത്തെ കൊന്നിട്ടു് ശ്ലോകവുമായി രാജസന്നിധിയില്‍ പോയെന്നും, രാജാവു് അതു കണ്ടുപിടിച്ചെന്നുമാണു് ഐതിഹ്യം.
ഈ കഥ എത്രത്തോളം വാസ്തവമാണെന്നറിയില്ല. എന്തായാലും കാളിദാസനെയും പുഷ്കിനെയും പോലെയുള്ള പല കവികളും പെണ്ണു മൂലം നശിച്ചിട്ടുണ്ടു് എന്നു കഥകള്‍ പറയുന്നു. “ഇന്തിരന്‍ കെട്ടതും പെണ്ണാലേ, ചന്തിരന്‍ കെട്ടതും പെണ്ണാലേ,…”
മറ്റു ചില സംസ്കൃതസമസ്യാപൂരണങ്ങള്‍:
- ഭസ്മീചകാര ഗിരിശം കില ചിത്തജന്മാ (വൃത്തം: വസന്തതിലകം)
“കാമദേവന്‍ ശിവനെ ചുട്ടുകരിച്ചു പോലും” എന്നാണു സമസ്യ. ഇതെന്തു കാര്യം, തിരിച്ചാണല്ലോ കേട്ടിരിക്കുന്നതു്?
വൈക്കത്തു പാച്ചുമൂത്തതിന്റെ പൂരണം:
ക്രുദ്ധാമുവാച ഗിരിശോ ഗിരിരാജകന്യാം:
“മഹ്യം പ്രസീദ ദയിതേ, ത്യജ വൈപരീത്യം;
നോ ചേദ് ഭവിഷ്യതി ജഗത്യധുനൈവ വാര്‍ത്താ
ഭസ്മീചകാര ഗിരിശം കില ചിത്തജന്മാ”
ഗിരിശഃ (ശിവന്‍) ക്രുദ്ധാം ഗിരി-രാജ-കന്യാം (ദേഷ്യപ്പെട്ടു നില്‍ക്കുന്ന പാര്‍വ്വതിയോടു) ഉവാച (പറഞ്ഞു): ദയിതേ (പ്രിയേ), മഹ്യം പ്രസീദ (എന്നില്‍ പ്രസാദിക്കണം), വൈപരീത്യം ത്യജ (ഈ എടങ്ങേടു കളയണം). നോ ചേത് (അല്ലെങ്കില്‍) ജഗതി (ഭൂമിയില്‍) അധുനാ (ഇപ്പോള്‍) വാര്‍ത്താ ഭവിഷ്യതി ഏവ (ഇങ്ങനെയൊരു വാര്‍ത്ത ഉണ്ടാകും): “ചിത്ത-ജന്മാ (കാമദേവന്‍) ഗിരിശം (ശിവനെ) ഭസ്മീചകാര കില (ചാമ്പലാക്കി പോലും)!”
നീ കനിഞ്ഞില്ലെങ്കില്‍ ഞാന്‍ ചത്തുപോകും എന്നു വ്യംഗ്യം. രസികന്‍ പൂരണം!
- അംഭോദിര്‍ജ്ജലധിഃ പയോധിരുദധിര്‍വ്വാരാന്നിധിര്‍വാരിധിഃ (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം)
സമുദ്രത്തിന്റെ ആറു പര്യായങ്ങള്‍ പറഞ്ഞിരിക്കുകയാണു സമസ്യയില്‍-അംബോധി, ജലധി, പയോധി, ഉദധി, വാരാന്നിധി, വാരിധി. ഈ സമസ്യ എങ്ങനെ