സരസശ്ലോകങ്ങള്‍

പഴശ്ശിരാജാവിന്റെ ശൃംഗാരം

Pazhassi
ഏറെ കൊട്ടിഗ്ഘോഷങ്ങളോടെ അവസാനം പഴശ്ശിരാജാ സിനിമയും തീയേറ്ററുകളിലെത്തി. സിനിമ ഞാൻ കണ്ടില്ല. ബ്ലോഗിൽ വന്ന നിരൂപണങ്ങളൊക്കെ വായിച്ചു് ആകെ കൺഫ്യൂഷനായി. ബെൻ ഹർ, ബ്രേവ് ഹാർട്ട് തുടങ്ങിയ വിശ്വപ്രസിദ്ധചിത്രങ്ങളോടു കിട പിടിക്കും, ഓസ്കാറിനു തിരഞ്ഞെടുക്കാൻ സാദ്ധ്യതയുണ്ടു് എന്നൊക്കെ ഈ സിനിമയുടെ അണിയറശില്പികളും അവരുടെ സ്തുതിപാഠകരും കുറേക്കാലമായി പറഞ്ഞു കൊണ്ടു നടക്കുന്നുണ്ടെങ്കിലും, പടത്തിനു് ഒരു ആവറേജ് നിലവാരം പോലുമില്ല എന്നാണു് പലരുടെയും (ഹരീ, യാരിദ്, പതാലി, അർജുൻ കൃഷ്ണ തുടങ്ങിയവർ ഉദാഹരണം) അഭിപ്രായം. അതേ സമയം ഇതൊരു വളരെ നല്ല സിനിമയാണെന്നു് മറ്റു പലരും (പപ്പൂസ്, ദൃശ്യൻ, കാളിദാസൻ തുടങ്ങിയവർ) അഭിപ്രായപ്പെടുന്നു. കുറിച്യരുടെ ജീവിതം യഥാതഥമായി ചിത്രീകരിച്ചിരിക്കുന്നു എന്നു ജി. പി. രാമചന്ദ്രൻ പറയുമ്പോൾ, കുറിച്യരെ ആഫ്രിക്കൻ ആദിവാസികളെപ്പോലെ ചിത്രീകരിച്ചു് അപമാനിച്ചു എന്നാണു് പഴയ വീടു് എന്ന ബ്ലോഗറുടെ (‘ചരിത്രത്തെ കൊഞ്ഞനം കുത്തി പഴശ്ശി’ എന്ന പോസ്റ്റ് ഇപ്പോൾ കാണുന്നില്ല) അഭിപ്രായം.

വടക്കൻ വീരഗാഥയുടെ പ്രശ്നം എം. ടി. വാസുദേവൻ നായർ ചരിത്രത്തെ വളച്ചൊടിച്ചു എന്നതായിരുന്നെങ്കിൽ, പഴശ്ശിരാജായുടെ പ്രശ്നം ചരിത്രത്തെ ഒട്ടും മാറ്റിയില്ല എന്നതാണു് എന്നും കേട്ടു. അതു് അതിലും വിചിത്രം! ചിത്രം ചരിത്രത്തോടു നീതി പുലർത്തുന്നില്ല എന്നു് ആരോപിക്കുന്ന ജി. പി. രാമചന്ദ്രൻ ഒരിടത്തു് അതു് ഒരേയൊരു ചരിത്രരേഖയായ മലബാർ മാന്വലിനെ അനുവർത്തിക്കുന്നതിനെയും വിമർശിക്കുന്നുണ്ടു്!

ഇങ്ങനെ പല അഭിപ്രായങ്ങളുണ്ടെങ്കിലും, ചില കാര്യങ്ങളിൽ നിരൂപകർക്കു് അഭിപ്രായൈക്യമുണ്ടു്. യുദ്ധരംഗങ്ങളിൽ മമ്മൂട്ടിയെയും മറ്റും കയറു കെട്ടി പറക്കാൻ വിട്ടതു് വളരെ മോശമായിപ്പോയി എന്നതാണു് ഒന്നു്. ഇന്ത്യക്കാരോടു സോഫ്റ്റ് കോർണറുള്ള മദാമ്മയെ കൊണ്ടുവന്നതു് (‘ലഗാൻ’ എന്ന ഹിന്ദി സിനിമയിലും കണ്ടിട്ടുണ്ടു് ഇങ്ങനെ ഒരാളെ. എഡ്വിന മൗണ്ട് ബാറ്റൻ ആയിരിക്കും ഇവരുടെയൊക്കെ പ്രചോദനം. എഡ്വിന അല്ലാതെ ഏതെങ്കിലും മദാമ്മയ്ക്കു് ഇങ്ങനെ വല്ലതും തോന്നിയതായി ആരെങ്കിലും കേട്ടിട്ടുണ്ടോ എന്തോ?) എല്ലാവരും എതിർക്കുന്നു. കഥയിൽ ആവശ്യമില്ലാത്ത കൈതേരി മാക്കം എന്ന കഥാപാത്രത്തിനെ എഴുന്നള്ളിച്ചതും ആ കഥാപാത്രത്തെ അവതരിപ്പിച്ച നടി ശരീരപ്രദർശനം നടത്തിയതല്ലാതെ നേരേ ചൊവ്വേ അഭിനയിച്ചില്ല എന്നതുമാണു് മറ്റൊരു കാര്യം.

കൈതേരി മാക്കം ചരിത്രകഥാപാത്രമാണോ എന്നു് എനിക്കറിയില്ല. എന്തായാലും പഴശ്ശിരാജാവിനെപ്പറ്റിയുള്ള കഥകളിലെല്ലാം ഈ സുന്ദരിയെപ്പറ്റി പരാമർശമുണ്ടു്. സി. വി. രാമൻ പിള്ളയ്ക്കു ശേഷം മലയാളത്തിൽ “ചരിത്രനോവലുകൾ” എഴുതാൻ അഗ്രഗണ്യനായിരുന്ന സർദാർ കെ. എം. പണിക്കരുടെ “കേരളസിംഹം” എന്ന നോവലിലെ നായികയും കൈതേരി മാക്കം തന്നെ. പഴശ്ശിരാജാവിന്റെ ചരിത്രം ഇപ്പോൾ അധികം ആളുകൾ അറിയുന്നതു് ഈ കേരളസിംഹത്തിലൂടെയാണു്. പണിക്കരുടെ ചരിത്രനോവലുകളേക്കാൾ കൂടുതൽ ചരിത്രത്തോടു നീതി പുലർത്തുന്നതു വടക്കൻ വീരഗാഥ തന്നെയാണു്. കുളക്കടവിൽ വെള്ളം തെറിച്ചതിനു് കുടുംബം കുളംതോണ്ടിയ നമ്പൂതിരിമാരോടു പ്രതികാരം ചെയ്യാൻ പറങ്കികളോടു ചേർന്ന നാരായണൻ നായർ എന്ന പറങ്കിപ്പടയാളിയെ ചരിത്രപുരുഷനാക്കി നാം കുഞ്ഞാലിമരയ്ക്കാർ സിനിമയിൽ വരെ കണ്ടു. കേരളസിംഹത്തിലെ കഥയും സന്ദർഭങ്ങളും ചരിത്രമായി അംഗീകരിക്കപ്പെട്ടാലും അദ്ഭുതപ്പെടാനില്ല.

ഞാൻ “പഴശ്ശിരാജാ” കണ്ടില്ല. കഥാസാരവും വിശദമായി അറിഞ്ഞില്ല. കേട്ടിടത്തോളം കഥ “കേരളസിംഹ”ത്തെ പിന്തുടരുന്നു എന്നു തോന്നുന്നു. എടച്ചേന കുങ്കനും തലയ്ക്കൽ ചന്തുവും കൈതേരി മാക്കവും കൈതേരി അമ്പുവുമൊക്കെ കേരളസിംഹത്തിലെ കഥാപാത്രങ്ങളാണു്. ചരിത്രത്തിലും ഉണ്ടായിരുന്നിരിക്കാം. അറിയില്ല.

മാക്കത്തിനെ നാട്ടിൽ വിട്ടിട്ടാണു് രാജാവു് ഒളിയുദ്ധത്തിനു കാടു കയറിയതു്. അവിടെ കൂടെ കുഞ്ഞാനിക്കെട്ടിലമ്മ എന്നോ മറ്റോ കെ. എം. പണിക്കർ വിളിക്കുന്ന വലിയ ഭാര്യയുമുണ്ടായിരുന്നു. (സിനിമയിൽ ഇവർ ഉണ്ടോ എന്തോ? റിവ്യൂവിലൊന്നും കണ്ടില്ല.) ഈ മാക്കത്തെ നാട്ടിൽ വിട്ടിട്ടു പോകുമ്പോൾ “ബ്രിട്ടീഷുകാർ പെണ്ണുങ്ങളോടു് അപമര്യാദയായി പെരുമാറില്ല” എന്നു പറഞ്ഞ പഴശ്ശിരാജാവിലൂടെ സിനിമയുടെ ശില്പികൾ ബ്രിട്ടീഷ് കൊളോണിയലിസത്തിനെ ന്യായീകരിക്കുന്നു എന്നും കുളിക്കടവിൽ നിന്നു കയറിവരുന്ന മാക്കത്തിന്റെ മുലകൾ കുലുങ്ങുന്നതു് എന്തോ “മലയാളസിനിമയുടെ ഗതിനിര്‍ണായകസൃഷ്ടിയുടെ പുറകില്‍ അര്‍പ്പണം ചെയ്തവരുടെ ആണ്‍നോട്ട(Male gaze)ത്തിന്റെ ഉദാഹരണം” ആണെന്നും ആണു ജി. പി. രാമചന്ദ്രഭാഷ്യം. “കുന്നത്തെ കൊന്നക്കും പൊന്‍മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേപോയി” എന്ന പാട്ടു യൂട്യൂബിൽ കണ്ടപ്പോൾ രാമചന്ദ്രൻ പറഞ്ഞ പ്രശ്നമൊന്നും തോന്നിയിരുന്നില്ല. ലേഖനം വായിച്ചിട്ടു് ഒന്നുകൂടി കണ്ടിട്ടും വലിയ വ്യത്യാസമൊന്നും തോന്നിയില്ല. രാമചന്ദ്രൻ എഴുതുന്നതു വായിച്ചാൽ “മഴു”വിൽ രതീദേവിയും പല കുഞ്ചാക്കോ ചിത്രങ്ങളിലും വിജയശ്രീയും ഒക്കെ കുളികഴിഞ്ഞു കയറി വരുന്നതു പോലെയാണെന്നു തോന്നും.

ജി. പി. രാമചന്ദ്രൻ പലപ്പോഴും എഴുത്തിന്റെ ആവേശത്തിൽ ഒരല്പം കടന്നു ചിന്തിക്കുന്നു എന്നു തോന്നിയിട്ടുണ്ടു്. 2 ഹരിഹർ നഗർ-നെ വിമർശിച്ചപ്പോൾ വില്ലന്റെ ജാതി-മതത്തിലേക്കു് വിശകലനം കടന്നതു് ഒരുദാഹരണം. (ആ ലേഖനം വളരെ പ്രസക്തമാണു്. അതു മറ്റൊരു കാര്യം.)

പഴശ്ശിരാജാ ഒരു കവിയും കൂടി ആയിരുന്നു എന്നു പറയപ്പെടുന്നു. “കോട്ടം വിട്ടൊരു കോട്ടയം കഥകൾ നാലു്” എന്നു പറയുന്ന നാലു് ആട്ടക്കഥകളുടെ (കിർമ്മീര വധം, നിവാതകവചകാലകേയ വധം, കല്യാണസൌഗന്ധികം, ബകവധം) കർത്താവായ കോട്ടയം തമ്പുരാൻ പഴശ്ശിരാജാവു തന്നെയാണെന്നും അല്ലെന്നും അഭിപ്രായമുണ്ടു്.

ആട്ടക്കഥകൾ എഴുതിയ കോട്ടയം കേരളവർമ്മ കൊല്ലവർഷം ഒമ്പതാം ശതകത്തിലും പഴശ്ശിരാജാ എന്ന കോട്ടയം കേരളവർമ്മ കൊല്ലവർഷം പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിലുമാണു ജീവിച്ചിരുന്നതു് എന്നാണു് അയ്മനം കൃഷ്ണക്കൈമൾ അഭിപ്രായപ്പെടുന്നതു്. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിലും ഇവർ രണ്ടുപേരാണു് എന്നു പ്രസ്താവിച്ചിട്ടുണ്ടു്. ഇവർ രണ്ടും ഒരാളാണെന്നു വാദിക്കുന്നതു് ഒരു പറ്റം അറം‌പറ്റൽ‌ഗവേഷകരാണു്. കിർമ്മീരവധം ആട്ടക്കഥയിലെ “കാടേ ഗതി നമുക്കു്” എന്ന പദത്തിനു് അറം പറ്റാതിരിക്കാൻ പറ്റാത്തതിനാൽ അതിന്റെ കർത്താവു് പഴശ്ശിരാജാവല്ലാതെ മറ്റാരുമാവില്ല എന്ന രീതിയിലാണു് വാദത്തിന്റെ പോക്കു്.

അറം പറ്റൽ ഗവേഷകർ കൈവെയ്ക്കാത്ത എഴുത്തുകാർ കുറവാണു്. ഉണ്ണായിവാര്യരുടെ “എന്നാൽ കുലവുമറുതി വന്നിതു” എന്ന ഹംസവാക്യവും അറം പറ്റിയത്രേ. വാര്യർക്കു ശേഷം അദ്ദേഹത്തിന്റെ വംശം അന്യം നിന്നു പോയി. കുമാരനാശാന്റെ “അന്തമില്ലാത്തൊരാഴത്തിലേയ്ക്കതാ ഹന്ത താഴുന്നു…” എന്നതു് അറം പറ്റിയതു കൊണ്ടാണു് അദ്ദേഹം ബോട്ടു മുങ്ങി മരിച്ചതു് എന്നും ഈ ഗവേഷകർ സമർത്ഥിക്കുന്നു.

എഴുത്തുകാരും അഭിനേതാക്കളും മരിക്കുമ്പോഴും ഇത്തരം അറം പറ്റൽ ഗവേഷകർ തല പൊക്കാറുണ്ടു്. പരേത(ൻ) എഴുതിയ കൃതികളിൽ നിന്നോ അഭിനയിച്ചപ്പോൾ പറഞ്ഞ സംഭാഷണങ്ങളിൽ നിന്നോ മരിച്ച സാഹചര്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും ചികഞ്ഞു കണ്ടെത്തി അതു് അറം പറ്റിയതാണെന്നു സമർത്ഥിക്കുകയാണു് ഇതിന്റെ രീതി. ബൂലോഗകവി ജ്യോനവൻ അന്തരിച്ചപ്പോഴും ഇത്തരം അറം‌പറ്റൽ ഗവേഷകരെ കാണാനുണ്ടായിരുന്നു.

ഏതായാലും, ചെറുപ്പക്കാരിയും സുന്ദരിയുമായിരുന്ന കൈതേരി മാക്കത്തെപ്പറ്റി പഴശ്ശിരാജാവു് എഴുതിയ ഒരു പ്രസിദ്ധശ്ലോകത്തെപ്പറ്റി “കേരളസിംഹ”ത്തിൽ സവിസ്തരം പ്രസ്താവിക്കുന്നുണ്ടു്. കാടുകയറിയ പഴശ്ശിരാജാവു് ഒളിപ്പോരു നടത്തുമ്പോഴും അദ്ദേഹത്തിന്റെ ഹൃദയം വിരഹവേദനയിൽ വ്യഥിതമായിരുന്നത്രേ. അങ്ങനെ വെന്തു വെന്തു് ആ ഹൃദയത്തിൽ നിന്നു് ഒരു ശ്ലോകം ഉണ്ടായി. അതു് അദ്ദേഹം തലയിണയ്ക്കടിയിൽ സൂക്ഷിച്ചിരുന്നതു ഭാര്യ കുഞ്ഞാനിക്കെട്ടിലമ്മ കണ്ടെടുത്തു. (പേടിക്കണ്ടാ, അടിയൊന്നും ഉണ്ടായില്ല. ത്രികോണപ്രേമപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. കുഞ്ഞാനിക്കു് മാക്കത്തിനെ വലിയ വാത്സല്യമായിരുന്നത്രേ.) എന്നിട്ടു് ആ ശ്ലോകം ചൊല്ലി രാജാവിനെയും മാക്കത്തിനെയും കളിയാക്കുന്നുണ്ടു് ആ വിശാലഹൃദയ.

വിപ്രലംഭശൃംഗാരത്തിന്റെ മകുടോദാഹരണം എന്നു പലരും പ്രകീർത്തിച്ചിട്ടുള്ളതാണു് ഈ ശ്ലോകം.

കടുകട്ടി വാക്കുകൾ പ്രയോഗിച്ചതിനു് വെള്ളെഴുത്തിനെ ക്രൂശിച്ചതു പോലെ എന്നോടു ചെയ്യരുതേ. ശൃംഗാരം രണ്ടു വിധം. നായകനും നായികയും അടുത്തിരിക്കുമ്പോൾ ഉള്ള ശൃംഗാരം സംഭോഗശൃംഗാരം. അകന്നിരിക്കുമ്പോൾ ഉള്ള ശൃംഗാരം വിപ്രലംഭശൃംഗാരം. “വെൺ‌ചന്ദ്രലേഖയൊരപ്സരസ്ത്രീ, വിപ്രലംഭശൃംഗാരനൃത്തമാടാൻ വരും അപ്സരസ്ത്രീ” എന്ന പാട്ടിന്റെ അർത്ഥം സത്യമായും എനിക്കറിയില്ല. അനോണി ആന്റണിയോടു ചോദിക്കണം.

സംഭവം മലയാളശ്ലോകമാണെങ്കിലും സംസ്കൃതം ഏറെയുള്ള മണിപ്രവാളമായതിനാൽ അർത്ഥം കൂടി താഴെച്ചേർക്കുന്നു.

ശ്ലോകം:

ജാതീ, ജാതാനുകമ്പാ ഭവ, ശരണമയേ! മല്ലികേ, കൂപ്പുകൈ തേ
കൈതേ, കൈതേരി മാക്കം കബരിയിലണിവാന്‍ കയ്യുയര്‍ത്തും ദശായാം
ഏതാ, നേതാന്‍ മദീയാനലര്‍ശരപരിതാപോദയാ, നാശു നീ താന്‍
നീ താന്‍, നീ താനുണര്‍ത്തീടുക ചടുലകയല്‍ക്കണ്ണി തന്‍ കര്‍ണ്ണമൂലേ!

വൃത്തം: സ്രഗ്ദ്ധര.

അര്‍ത്ഥം:

ജാതീ, ജാത-അനുകമ്പാ ഭവ : പിച്ചകപ്പൂവേ, അനുകമ്പ ഉള്ളവളായിത്തീരണേ
അയേ! മല്ലികേ ശരണം : അല്ലയോ മുല്ലപ്പൂവേ (എന്നെ) രക്ഷിക്കണേ
കൈതേ, തേ കൂപ്പുകൈ : കൈതപ്പൂവേ, നിനക്കു നമസ്കാരം!
കൈതേരി മാക്കം കബരിയിൽ അണിവാന്‍ : കൈതേരി മാക്കം കെട്ടിവെച്ച തലമുടിയിൽ അണിയാൻ
കൈ ഉയര്‍ത്തും ദശായാം : കൈ ഉയർത്തുന്ന സമയത്തു്
ഏതാൻ : ഏതാനും (അല്പം)
ഏതാൻ മദീയാൻ അലർ-ശര-പരിതാപ-ഉദയാൻ : കാമദേവൻ മൂലം എനിക്കുണ്ടാകുന്ന ഈ വിഷമങ്ങളെ
ആശു നീ താന്‍ നീ താന്‍ നീ താന്‍ : പെട്ടെന്നു് നീ (പിച്ചകപ്പൂവു്) തന്നെ നീ (മുല്ലപ്പൂവു്) തന്നെ നീ (കൈതപ്പൂവു്) തന്നെ
ചടുല-കയല്‍-ക്കണ്ണി തന്‍ കര്‍ണ്ണ-മൂലേ : (ആ) സുന്ദരിയുടെ (ഇളകുന്ന മീൻ പോലെയുള്ള കണ്ണുകളുള്ളവൾ എന്നു വാച്യാർത്ഥം) ചെവിയിൽ
ഉണര്‍ത്തീടുക : പറയണം

ഒരു വശത്തേയ്ക്കാണല്ലോ തലമുടി പണ്ടു കാലത്തു കെട്ടി വെയ്ക്കുന്നതു്. പൂ കയ്യിലെടുത്തു് അവിടെ മുടിയിൽ തിരുകുന്ന അല്പസമയത്തേയ്ക്കു് പൂ ചെവിയുടെ സമീപത്തായിരിക്കുമല്ലോ. അപ്പോൾ നീ എന്റെ ഈ കാമപാരവശ്യം അവളുടെ ചെവിയിൽ പറയണേ എന്നു താത്പര്യം.

ജാതീ ജാതാ, കൈതേ കൈതേ, ഏതാൻ ഏതാൻ, നീ താൻ നീ താൻ എന്ന പ്രാസങ്ങളും, കൂപ്പു കൈ തേ കൈതേ, ഏതാൻ ഏതാൻ എന്നിടങ്ങളിലെ യമകങ്ങളും (ആദ്യത്തെ നീതാൻ എന്നതിനു് നയിക്കപ്പെട്ടവ എന്ന അർത്ഥം വിവക്ഷിച്ചിട്ടുണ്ടോ എന്നറിയില്ല. അങ്ങനെയാണെങ്കിൽ ഒരു യമകവും കൂടി ഉണ്ടു്. എന്നാൽ “നീ താൻ” എന്നു പറയുന്നിടത്തു് ഒരു പൂവു കുറയുകയും ചെയ്യും.) കൂടി ആകെപ്പാടെ ശബ്ദാലങ്കാരസുന്ദരമാണു് ഈ ശ്ലോകം.


അക്ഷരശ്ലോകം ചൊല്ലുന്നവരുടെ ഒരു ചിന്താക്കുഴപ്പമാണു് ഒരു ശ്ലോകം ചൊല്ലുമ്പോൾ അതിന്റെ അർത്ഥം വ്യക്തമാകുന്ന രീതിയിൽ ചൊല്ലണോ അതോ അതിന്റെ വൃത്തത്തിന്റെ താളത്തിനും യതിയ്ക്കുമൊക്കെ യോജിക്കുന്ന രീതിയിൽ ചൊല്ലണോ എന്നതു്. രണ്ടു രീതിയുടെയും വക്താക്കളുണ്ടു്. അർത്ഥസമ്പുഷ്ടമായ ശ്ലോകങ്ങളെ അർത്ഥമനുസരിച്ചും, പ്രാസഭംഗിയുള്ള ശ്ലോകങ്ങളെ വൃത്തവും പ്രാസവും അനുസരിച്ചും ചൊല്ലുക എന്നതാണു് എന്റെ ഒരു രീതി. അർത്ഥവും ശബ്ദഭംഗിയുമുള്ള ഇത്തരം ശ്ലോകങ്ങളെ എങ്ങനെ ചൊല്ലും? രണ്ടു രീതിയിലും ചൊല്ലിയേക്കാം.

അർത്ഥത്തിനനുസരിച്ചു്:
download MP3
വൃത്തത്തിനനുസരിച്ചു്:
download MP3

ഈ ശ്ലോകത്തെ സിനിമയിൽ പരാമർശിക്കുന്നുണ്ടോ എന്നറിയില്ല. ശ്ലോകങ്ങൾ സിനിമയിലെത്തുമ്പോൾ പാട്ടുകളാവുകയാണു പതിവു്. ശകുന്തള സിനിമയിൽ കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിലെ “അനാഘ്രാതം പുഷ്പം…” എന്ന ശ്ലോകം “സ്വർണ്ണത്താമരയിതളിലുറങ്ങും…” എന്നും, “തവ ന ജാനാമി ഹൃദയം…” എന്ന ശ്ലോകം “പ്രിയതമാ, പ്രിയതമാ, പ്രണയലേഖനം എങ്ങനെയെഴുതണം…” എന്നും, കാളിദാസന്റെ മറ്റൊരു കൃതിയായ മേഘസന്ദേശത്തിലെ “ശ്യാമാസ്വംഗം, ചകിതഹരിണീപ്രേക്ഷണേ…” എന്ന ശ്ലോകത്തിന്റെ കാതൽ “ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ…” എന്നും വയലാർ പാട്ടുകളാക്കിയതു് ഉദാഹരണം.


പണ്ടു്, സിനിമാമാസികകളിലെ വാർത്തകളും വഴിയരികിലെ പോസ്റ്ററുകളും മാത്രം കണ്ടിട്ടു് സിനിമകളെപ്പറ്റി ആധികാരികമായി സംസാരിക്കുന്ന എന്നോടു് ആദ്യദിവസം തന്നെ ഇടി കൊണ്ടു ടിക്കറ്റു കിട്ടാതെ കരിഞ്ചന്തയിൽ ടിക്കറ്റു വാങ്ങി കഷ്ടപ്പെട്ടു സിനിമ കണ്ട കൂട്ടുകാർ സുരേഷും വിനോദനും പറയുമായിരുന്നു, “ഡാ, ഡാ, ഞങ്ങൾക്കു ചെലവായ കാശിന്റെ പകുതിയെങ്കിലും വെച്ചിട്ടു മതി ഈ വാചകമടി…”.

സുരേഷേ, നീയിതു കാണുന്നുണ്ടോ, ഞാൻ റിവ്യൂ വായിക്കുക മാത്രം ചെയ്തിട്ടു “പഴശ്ശിരാജാ”യെപ്പറ്റി ഇത്ര വലിയ ഒരു പോസ്റ്റ് എഴുതിയതു്? :)

(ഈ പോസ്റ്റിലേയ്ക്കു് ആവശ്യമായ ചില വിവരങ്ങൾ സംഘടിപ്പിച്ചു തന്ന എതിരൻ കതിരവനു നന്ദി.)

ശബ്ദം (Audio)
സരസശ്ലോകങ്ങള്‍
സിനിമ

Comments (34)

Permalink

താമരയും ശശിയും

ഒരു കാലത്തെഴുതിയ കൃതികൾക്കു് പിൽക്കാലത്തു് അതിനോടു യാതൊരു ബന്ധവുമില്ലാത്ത ഒരു അർത്ഥം യാദൃച്ഛികമായി ഉണ്ടാവുന്നതു നിരീക്ഷിക്കുന്നതു രസാവഹമാണു്. ഹരിനാമകീർത്തനത്തിലെ “ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചും…” എന്ന പദ്യത്തിലെ “ഉദകപ്പോള” എന്ന വാക്കിനെ “അപ്പോളോ” എന്നായി തെറ്റിദ്ധരിച്ചു് അമേരിക്ക ആകാശത്തേയ്ക്കു വിട്ട പേടകം എന്നർത്ഥം കൊടുത്തു് ആ പദ്യത്തിന്റെ അർത്ഥം മനസ്സിലാക്കിയതും, “അങ്കുശമില്ലാത്ത ചാപല്യമേ, മന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ” എന്ന ഈരടിയിലെ “അങ്കുശം” എന്ന വാക്കിനു് ചങ്ങമ്പുഴയുടെ കാലത്തു പ്രചാരത്തിലില്ലാത്ത അർദ്ധവിരാമം (comma) എന്ന അർത്ഥമെടുത്തു് അതിന്റെ ശരിയായ അർത്ഥത്തെക്കാളും സമഞ്ജസമായ ഒരു അർത്ഥം ഉണ്ടാക്കിയെടുത്തതും ഞാൻ അബദ്ധധാരണകൾ എന്ന പോസ്റ്റിൽ വിവരിച്ചിട്ടുണ്ടു്. ചരിത്രം എഴുതപ്പെടാത്ത കാലത്തെ സാഹിത്യകൃതികളെ വ്യാഖ്യാനിക്കുമ്പോൾ ഇങ്ങനെയുള്ള എത്രയെത്ര തെറ്റായ അർത്ഥങ്ങൾ ഉണ്ടാകുന്നെന്നു് ആർക്കറിയാം!

ഹരിനാമകീർത്തനത്തിലെ “ഒന്നായ നിന്നെയിഹ…” എന്ന ശ്ലോകത്തിനു കള്ളുകുടിയന്റെ വ്യൂപോയിന്റിൽ ഒരു അർത്ഥവും, “ശുക്ലാംബരധരം വിഷ്ണും…” എന്നതിനു തനി അശ്ലീലമായ ഒരു അർത്ഥവും, ഒരു റഷ്യൻ പാട്ടിനു് “ചിന്താഭാരം തോട്ടിൽ, മാവോയിസം വീട്ടിൽ” എന്ന അനർത്ഥവും കണ്ടുപിടിക്കുന്ന അസംബന്ധത്തെയല്ല ഇവിടെ ഉദ്ദേശിച്ചതു്. ശരിക്കു തന്നെ വേറെ ഒരു അർത്ഥം പറയാവുന്ന സംഗതിയെയാണു്.

ഇതു് ഇപ്പോൾ എഴുതാൻ കാരണം കഴിഞ്ഞാഴ്ച കുറേ മലയാളിസുഹൃത്തുക്കളുമായി ഒത്തു ചേർന്നപ്പോഴുള്ള സംഭാഷണവും അതിൽ നിന്നു് എനിക്കു് ഒരു പഴയ ശ്ലോകത്തിനു് പുതിയ ഒരർത്ഥം തോന്നിയതുമാണു്.

ലോൿസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ സ്വാഭാവികമായും മലയാളികളുടെ സൌഹൃദകൂടിക്കാഴ്ചകളിൽ തിരഞ്ഞെടുപ്പു തന്നെയായിരുന്നു മുഖ്യവിഷയം.

അമേരിക്കൻ മലയാളികളിൽ ഇടത്തുപക്ഷചിന്താഗതിയുള്ളവരെ മരുന്നിനു പോലും കാണാനില്ല. കോൺഗ്രസ്സാണോ ബി. ജെ. പി. യാണോ അതോ രണ്ടുമല്ലാത്ത അരാഷ്ട്രീയമാണോ എന്നു വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത ഒരു നിലപാടാണു പൊതുവേ. അഹിന്ദുക്കളിൽ നിന്നു പോലും ശ്രീരാമസേനയെപ്പോലുള്ള സംഭവങ്ങളെപ്പറ്റി അസഹിഷ്ണുത കണ്ടിട്ടില്ല. ചിരിച്ചുതള്ളാനുള്ള വാർത്തകൾ മാത്രമാണു് നാട്ടിൽ നടക്കുന്ന പല ദുഃഖകരമായ സംഭവങ്ങളും. നാട്ടിലെ ന്യൂനപക്ഷങ്ങളുടെ നേർക്കുള്ള അക്രമം ഒരു പ്രശ്നമല്ലെങ്കിലും അമേരിക്കയിൽ വടക്കേ ഇന്ത്യക്കാരും തെലുങ്കരും മലയാളികളെ പാര വെയ്ക്കുന്നതും വെള്ളക്കാർ നീഗ്രോകളോടു പോലും കാണിക്കാത്ത വിവേചനം ഇന്ത്യാക്കാരോടു ചില സന്ദർഭങ്ങളിൽ (ഉദാഹരണമായി ഒരു കാർ ആക്സിഡന്റ് വന്നാൽ അമേരിക്കക്കാരൻ പോലീസ് അമേരിക്കക്കാരന്റെ കൂടെ മാത്രമേ നിൽക്കുകയുള്ളത്രേ!) കാണിക്കാറുള്ളതും ഒക്കെ ദൈവം മനുഷ്യരെ തുല്യരായി സൃഷ്ടിച്ചെങ്കിലും മനുഷ്യൻ മനുഷ്യനോടു കാണിക്കുന്ന അധർമ്മത്തിന്റെ ഉദാഹരണങ്ങളായി ചർച്ച ചെയ്യപ്പെടാറുണ്ടു്.

ലോൿസഭാ തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ചർച്ച അധികം കഴിയുന്നതിനു മുമ്പേ ശശി തരൂരിലെത്തി. ഇത്രയും കഴിവുള്ള ഒരു മനുഷ്യൻ പാർലമെന്റിൽ എത്തേണ്ടതു കേരളത്തിന്റെ ആവശ്യമാണെന്നും (ഒരു പാർലമെന്റംഗത്തിന്റെ അടിസ്ഥാനയോഗ്യത ഇംഗ്ലീഷും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യാൻ അറിവുണ്ടായിരിക്കുക എന്നതാണെന്നും, മലയാളവും കേരളവും ജനസേവനവും രാഷ്ട്രീയപരിചയവും ഒന്നും പ്രശ്നമേ അല്ല എന്നും ഉള്ള അഭിപ്രായം കേരള ഫാർമർക്കു മാത്രമല്ല എന്നു മനസ്സിലായി. അല്ലെങ്കിലും, വിമാനം ഓടിച്ചു നടന്ന രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയവരാണല്ലോ നമ്മൾ!) അദ്ദേഹത്തെ ജയിപ്പിക്കാൻ മണ്ണിനോടു സ്നേഹമുള്ള മലയാളികൾ കഷിരാഷ്ട്രീയം നോക്കാതെ ഒന്നിച്ചു നിൽക്കണം എന്നും പരക്കെ അഭിപ്രായമുണ്ടായി. കേരളീയർ പൊതുവേ നിർഭാഗ്യവാന്മാരാണെന്നും നല്ല കഴിവുള്ള ആളുകൾ തിരഞ്ഞെടുപ്പിനു നിൽക്കുമ്പോൾ അവരെ ജയിപ്പിക്കാതെ പാർലമെന്റിൽ പെർഫോം ചെയ്യാൻ കഴിവില്ലാത്തവരെ ജയിപ്പിച്ചു വിടുന്നതു കൊണ്ടാണു നമുക്കു മന്ത്രിമാരെ കിട്ടാതെ കേരളത്തിന്റെ വികസനം മുരടിച്ചു പോകുന്നതെന്നും ഉള്ള അഭിപ്രായങ്ങൾ കേട്ടു. എന്തു പറഞ്ഞാലും കാര്യമില്ലാത്ത ഇടതന്മാരുടെ കാര്യം പോകട്ടേ, കോൺഗ്രസ്സും ബി. ജെ. പി. യും ഒന്നിച്ചു നിന്നു് ശശി തരൂരിനെ പാർലമെന്റിൽ എത്തിക്കാൻ ശ്രമിക്കും എന്നായിരുന്നു ആകെയുള്ള ഒരു പ്രതീക്ഷ.

ഇതു കേട്ടപ്പോൾ എനിക്കു് പഴയ ഒരു ശ്ലോകം ഓർമ്മ വന്നു. നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകത്തിലെ “നാംഭോജായ ശശീ ന ചാപി ശശിനേ…” എന്ന ശ്ലോകത്തിനു് (ഈ ശ്ലോകം എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല. കയ്യിലുള്ള പുസ്തകങ്ങളിലും കാണുന്നില്ല. ആർക്കെങ്കിലും അറിയാമെങ്കിൽ ദയവായി പറഞ്ഞുതരൂ!) കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ പരിഭാഷ. വൃത്തം കുസുമമഞ്ജരി.

താമരയ്ക്കു ശശിയോടുമില്ലിഹ ശശിക്കു താമരയൊടും തഥാ
പ്രേമ, മെന്നതു നിമിത്തമേതുമൊരു ചേതമില്ലതിനു രണ്ടിനും
സാമരസ്യനിലയാണു വേണ്ടതഭിരാമരാമവരു തങ്ങളില്‍
കാമമിന്നതുളവായിടായ്കിലയശസ്സതീവ നിയതിക്കു താന്‍!
download MP3

പകൽ മാത്രം വിടരുന്ന താമര സൂര്യന്റെ ഭാര്യയാണെന്നും അവൾ ചന്ദ്രന്റെ ശത്രുവാണെന്നും ആണു് കവിസങ്കേതം. (ചന്ദ്രൻ പകലും ഉദിക്കും എന്നും പക്ഷേ സൂര്യന്റെ പ്രകാശത്തിൽ അസ്തപ്രജ്ഞനായി ഇരിക്കുകയാണെന്നും ഉള്ള ശാസ്ത്രസത്യം അവിടെ നിൽക്കട്ടേ.) അവർക്കു തമ്മിൽ യാതൊരു ഇടപാടുമില്ല. അതുകൊണ്ടു് രണ്ടു പേർക്കും ഒരു ചേതവുമില്ല. എങ്കിലും രണ്ടു കൂട്ടർക്കും വളരെയധികം സൌന്ദര്യമുണ്ടു് (അഭിരാമരാമവരു…). അവർ ചേരേണ്ടവർ തന്നെയാണു്. അങ്ങനെ ചേർന്നില്ലെങ്കിൽ അതു വിധിയുടെ പേരുദോഷം എന്നു മാത്രം പറഞ്ഞാൽ മതി. അവർ ചേർന്നിരുന്നെങ്കിൽ എന്നാണു കവിയുടെ ആഗ്രഹം എന്നർത്ഥം.

ഏതെങ്കിലും ഒരു കാര്യം പറഞ്ഞിട്ടു് മറ്റൊരു കാര്യം അതിനേക്കാൾ പ്രാധാന്യത്തോടെ പറയാതെ പറയുന്ന അലങ്കാരമാണു് അന്യാപദേശം. ഈ ബ്ലോഗിൽ അഹോ രൂപമഹോ സ്വരം!, കുന്നിക്കുരു, സൂകരപ്രസവം, തേളും ബ്ലോഗറും, കാക്കയും കുയിലും, കൂപമണ്ഡൂകം തുടങ്ങി പല പോസ്റ്റുകളിലും ഇതു പോലെയുള്ള മറ്റു ചില അന്യാപദേശങ്ങൾ വിവരിക്കുന്നുണ്ടു്.

താമരയും ശശിയും തമ്മിലുള്ള ബന്ധത്തിന്റെ ആവശ്യകതയെപ്പറ്റി ഊന്നിപ്പറയുന്ന ഈ ശ്ലോകത്തിനു് യാദൃച്ഛികമായെങ്കിലും (ചന്ദ്രനു വേറേ പല പര്യായങ്ങളുണ്ടെങ്കിലും കുസുമമഞ്ജരി കേരളവർമ്മയെക്കൊണ്ടു് “ശശി” എന്നു തന്നെ എഴുതിച്ചല്ലോ!) ഇങ്ങനെയൊരു വ്യാഖ്യാനം ഉണ്ടാകാൻ സാധിക്കുന്നതു രസകരമാണു്. ഈ വിധത്തിൽ ആലോചിച്ചാൽ ഈ ശ്ലോകം ഇങ്ങനെ ആരെങ്കിലും മാറ്റിയെഴുതുന്നതാണു നല്ലതെന്നു തോന്നി.

താമരയ്ക്കു ശശിയോടുമില്ലിഹ ശശിക്കു താമരയൊടും തഥാ
പ്രേമ, മെന്നതു നിമിത്തമേറുമൊരു ചേതമുണ്ടതിനു രണ്ടിനും
സാമരസ്യനിലയാണു വേണ്ടതഭിരാമരാമവരു തങ്ങളില്‍ –
വാമപക്ഷമടി തെറ്റുവാൻ, ഒരുമയോടെ പള്ളികളുടയ്ക്കുവാൻ!
download MP3

ഇതെഴുതിക്കഴിഞ്ഞപ്പോഴാണു് തൊമ്മൻ കാണിച്ചു തന്ന (അമേരിക്കൻ മലയാളിക്കു ശശി തരൂരിനോടു് ഒരു ചായ്‌വുണ്ടെന്നു് തൊമ്മൻ പരോക്ഷമായി പറഞ്ഞുവെയ്ക്കുന്നുമുണ്ടു്) ഈ ലിങ്ക് കണ്ടതു്. അതുപോലെ ബി. ജെ. പി. ക്കു വോട്ടു ചെയ്യാനും, ശശി തരൂരിനെ ജയിപ്പിക്കാനും ഒരേ ബ്ലോഗ് തന്നെ ആഹ്വാനം ചെയ്യുന്നതും.

രാഷ്ട്രീയം
സരസശ്ലോകങ്ങള്‍
സുഭാഷിതം

Comments (22)

Permalink

തുടങ്ങിയിടത്തു് എത്തുന്നവ

Mouse-Cookie‍ചില പുസ്തകങ്ങള്‍ എങ്ങനെയാണു പ്രശസ്തമാകുന്നതു് എന്നാലോചിച്ചാല്‍ ഒരു പിടിയും കിട്ടില്ല. പ്രത്യേകിച്ചു കുട്ടികളുടെ പുസ്തകങ്ങള്‍. എന്തെങ്കിലും ഒരു ചെറിയ കഥയോ ആശയമോ ലക്ഷക്കണക്കിനു കുട്ടികളുടെ പ്രിയപ്പെട്ടതാവുന്നതിന്റെ രസതന്ത്രം പലപ്പോഴും ദുരൂഹമാണു്. പലപ്പോഴും യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്ന കഥകളെക്കാള്‍ അസംബന്ധമാവും കുട്ടികള്‍ക്കു പ്രിയം. അസംബന്ധം മാത്രം എഴുതുന്ന ഡോക്ടര്‍ സ്യൂസ് ദശാബ്ദങ്ങളായി അമേരിക്കയിലെ കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാണു്.

1980-കളുടെ ആദ്യപകുതിയില്‍ ലോറ ന്യൂമറോഫ് എന്ന എഴുത്തുകാരി കുട്ടികള്‍ക്കു വേണ്ടി ഒരു പുസ്തകമെഴുതി. പല പ്രസാധകര്‍ക്കും അതു് അയച്ചുകൊടുത്തെങ്കിലും ഒന്‍പതു പ്രാവശ്യം അതു തിരസ്കരിക്കപ്പെട്ടു. അവസാനം 1985-ല്‍ ഹാര്‍പ്പര്‍ അതു പ്രസിദ്ധീകരിക്കുമ്പോള്‍ ലക്ഷക്കണക്കിനു കുട്ടികളെ ആകര്‍ഷിക്കുന്ന ഒരു പുസ്തകശ്രേണിയുടെ തുടക്കമാണു് ആ പുസ്തകം എന്നു് ആരും കരുതിയില്ല.

If you give a mouse a cookie എന്നായിരുന്നു ആ പുസ്തകത്തിന്റെ പേരു്. ഒരു ആണ്‍കുട്ടി ഒരു എലിക്കു് ഒരു ബിസ്കറ്റ് കൊടുക്കുന്നിടത്താണു കഥ തുടങ്ങുന്നതു്. സത്യത്തില്‍ അതൊരു കഥയല്ല. ബിസ്കറ്റ് കൊടുത്താല്‍ എന്തു സംഭവിക്കും എന്നു് ആ കുട്ടി ആലോചിച്ചുണ്ടാക്കുന്നതാണു്. ബിസ്കറ്റ് കൊടുത്താന്‍ അതു തൊണ്ടയില്‍ ഇറങ്ങാന്‍ പാല്‍ ചോദിക്കും. പാല്‍ കൊടുത്താല്‍ അതു കുടിക്കാന്‍ സ്ട്രോ ചോദിക്കും. സ്ട്രോ കിട്ടി പാല്‍ കുടിച്ചു കഴിഞ്ഞാല്‍ മുഖം തുടയ്ക്കാന്‍ നാപ്കിന്‍ ചോദിക്കും. മുഖം തുടച്ചു കഴിഞ്ഞാല്‍ പാല്‍ ശരിക്കു പോയോ എന്നു നോക്കാന്‍ കണ്ണാടി ചോദിക്കും. കണ്ണാടിയില്‍ നോക്കുമ്പോള്‍ മുടി വളര്‍ന്നതു കണ്ടു് മുടി വെട്ടാന്‍ കത്രിക ചോദിക്കും. കത്രിക കിട്ടി മുടി വെട്ടിക്കഴിഞ്ഞാല്‍ താഴെ വീണ മുടിയൊക്കെ വൃത്തിയാക്കാന്‍ ചൂലു ചോദിക്കും. വൃത്തിയാക്കല്‍ ചൂലു കൊണ്ടു തുടങ്ങി തറ കഴുകലും വീടു മൊത്തം വൃത്തിയാക്കലുമായി പുരോഗമിച്ചു് അവസാനം അതു ക്ഷീണിച്ചു് ഉറങ്ങണമെന്നു പറഞ്ഞു് ഒരു കിടക്ക ചോദിക്കും. കിടക്കയില്‍ കിടന്നു കഴിഞ്ഞാല്‍ ഒരു കഥ വായിച്ചു കൊടുക്കണം എന്നു പറയും. കഥ കേള്‍ക്കുമ്പോള്‍ പുസ്തകത്തിലെ പടങ്ങള്‍ കാണണം എന്നു പറയും. പടം കാണുമ്പോള്‍ അതു പോലെ ഒരെണ്ണം വരയ്ക്കണം എന്നു പറഞ്ഞു കിടക്കയില്‍ നിന്നു വെളിയിലിറങ്ങി പടം വരയ്ക്കും. പടം തീര്‍ന്നു കഴിയുമ്പോള്‍ അതിനു താഴെ സ്വന്തം പേരെഴുതാന്‍ പേന ചോദിക്കും. പൂര്‍ത്തിയായ ചിത്രം ഫ്രിഡ്ജില്‍ തൂക്കാന്‍ സ്കോച്ച് ടേപ്പ് ചോദിക്കും. പടം തൂക്കിയിരിക്കുന്ന ഫ്രിഡ്ജില്‍ കുറേ നോക്കിനില്‍ക്കുമ്പോള്‍ ദാഹിക്കും. പാലു ചോദിക്കും. പാല്‍ കിട്ടിക്കഴിയുമ്പോള്‍ അതിന്റെ കൂടെ തിന്നാന്‍ ഒരു ബിസ്കറ്റ് ചോദിക്കും!

ഈ കഥയിലെ എലി കുട്ടി തന്നെയാണു്. കുട്ടികള്‍ ഓരോ കാര്യവും ചെയ്യുമ്പോഴും ശ്രദ്ധ മാറി മറ്റു പലതിലേക്കു പോകുന്നതും, അച്ഛനമ്മമാര്‍ അവരുടെ പിറകേ അവര്‍ ചോദിക്കുന്ന ഓരോ സാധനവുമായി എത്തുന്നതും, ഉറക്കാന്‍ കൂട്ടാക്കാതെ അവര്‍ ചാടിയെഴുനേല്‍ക്കുന്നതും ഒക്കെ സാധാരണസംഭവങ്ങളാണു്. തങ്ങളുടെ ജീവിതത്തോടു് ഇത്ര സാദൃശ്യമുള്ളതുകൊണ്ടാവാം ഈ പുസ്തകം ഇത്ര പ്രിയപ്പെട്ടതായതു്.

ഇതിന്റെ മറ്റൊരു പ്രത്യേകത ബിസ്കറ്റില്‍ (കുക്കി) തുടങ്ങി ബിസ്കറ്റില്‍ അവസാനിക്കുന്നതാണു്. ഈ പ്രക്രിയ അനന്തമായി തുടരുന്നു എന്നൊരു പ്രതീതി അതുണ്ടാക്കുന്നു. അവസാനത്തിലെ ഈ നര്‍മ്മവും പുസ്തകത്തെ പ്രിയപ്പെട്ടതാക്കിയിട്ടുണ്ടാവും. ഫെലീസിയ ബോണ്ടിന്റെ വരയും അതിനെ വളരെ ഹൃദ്യമാക്കി.

ഏതായാലും, ഈ പുസ്തകം വിജയിച്ചതോടെ, അതു പോലെ ഒരു പറ്റം പുസ്തകങ്ങള്‍ ലോറയും ഫെലീസിയയും ചേര്‍ന്നു് ഉണ്ടാക്കി. If you give a moose a muffin, If you give a pig a pancake, If you give a pig a party എന്നിങ്ങനെ. ഈ സിരീസിലെ ഏറ്റവും അവസാനത്തെ പുസ്തകം 2008 ഒക്ടോബറില്‍ ഇറങ്ങിയ If you give a cat a cupcake ആണു്.

അവസാനം ലോറ ഒരു ആത്മകഥ എഴുതിയപ്പോള്‍ അതിനു കൊടുത്ത പേരു് If you give an author a pencil എന്നാണു്. പെന്‍സിലില്‍ തുടങ്ങി പെന്‍സിലില്‍ തീരുന്നതാണോ എന്നറിയില്ല :)

ഇതുപോലെ തുടങ്ങിയടത്തു് അവസാനിക്കുന്ന ഏതെങ്കിലും കഥയോ പാട്ടോ മലയാളത്തിലോ ഭാരതീയപുരാണങ്ങളിലോ മറ്റോ ഉണ്ടോ എന്നു് ആലോചിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്നതു മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയതാണു്. പക്ഷേ അതു് ഇത്തരത്തിലുള്ള ഒരു കഥയല്ല. മൂഷികസ്ത്രീയ്ക്കു വരനെ അന്വേഷിച്ചു നടക്കുന്ന മുനി തുടങ്ങുന്നതു സൂര്യനിലാണു്, മൂഷികനിലല്ല.

ആ കഥയുടെ ഗുണപാഠങ്ങള്‍ മറ്റു പല വഴിക്കുമാണു പോകുന്നതു്. ആരും ആരെക്കാള്‍ മികച്ചതല്ല എന്നൊരു ഗുണപാഠം. ഒരു ചെറിയ എലി പോലും സൂര്യന്‍, മേഘം, കാറ്റു്, പര്‍വ്വതം എന്നിവയെക്കാള്‍ മികച്ച ആളാവാന്‍ പറ്റും എന്നൊരു ഗുണപാഠം. മഹത്ത്വം നോക്കുന്നവന്റെ കണ്ണുകളിലാണു് എന്നു മറ്റൊരു ഗുണപാഠം.

ഈ വക ഗുണപാഠങ്ങളോടൊപ്പം തന്നെ ഒരു സാമൂഹികസന്ദേശം കൂടി ആ കഥ നല്‍കുന്നുണ്ടു്. തനിക്കു പറ്റിയ ആളെ കല്യാണം കഴിച്ചാല്‍ മതി, വലിയ കൊമ്പത്തെ ആളെ നോക്കരുതു് എന്നു്. എന്തായാലും പെണ്ണെലിയ്ക്കു് അവസാനം ആണെലി തന്നെയാണു് ഏറ്റവും നല്ലതു് എന്നു്. ചുഴിഞ്ഞാലോചിക്കുന്നവര്‍ക്കു് ഇതു മിശ്രവിവാഹത്തിനെതിരായ ഒരു പ്രതിലോമകഥയാനെന്നു വാദിക്കാം.

അതെന്തെങ്കിലുമാകട്ടേ. തുടങ്ങിയ ഇടത്തു തന്നെ അവസാനിക്കുന്ന കഥയ്ക്കു് ഈ ഉദാഹരണം പോരാ.


തുടങ്ങിയ സ്ഥലത്തു തിരി‍ച്ചെത്തുന്ന ഒരു കുട്ടിപ്പാട്ടാണു പിന്നെ ഓര്‍മ്മ വന്നതു്. ഒരു അസംബന്ധപ്പാട്ടു തന്നെ.

രാരിത്തത്തമ്മേ, എന്നെ-
ക്കോഴി കൊത്തല്ലേ…

കോഴി കൊത്ത്യാലു് – എന്റെ
മാല പൊട്ടൂലോ…

മാല പൊട്ട്യാലു് – എന്റെ
വീട്ടിലറിയൂലോ…

വീട്ടിലറിഞ്ഞാലു് – എന്നെ
അമ്മ തല്ലൂലോ…

(ചൊല്ലിയതു്: വിശാഖ്)
download MP3
അമ്മ തല്ല്യാലു് – എന്നെ
അച്ഛന്‍ കൊല്ലൂലോ…

അച്ഛന്‍ കൊന്നാലു് – എന്നെ
വലിച്ചെറിയൂലോ…

വലിച്ചെറിഞ്ഞാലു് – എന്നെ
ചിതലരിക്കൂലോ…

ചിതലരിച്ചാലോ – എന്നെ
കോഴി കൊത്തൂലോ…

രാരിത്തത്തമ്മേ, എന്നെ-
ക്കോഴി കൊത്തല്ലേ…

 

മാല പൊട്ടിയാല്‍ അച്ഛന്‍ കൊല്ലുമെന്നുള്ള ഭീകരമായ സന്ദേശം നല്‍കുന്ന ഈ പാട്ടു് കളിയായിട്ടു പോലും കുട്ടികളുടെ മുമ്പില്‍ പാടരുതു് എന്നു് എനിക്കു കര്‍ശനമായ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ടു്. മാത്രമല്ല, മരിച്ചു കഴിഞ്ഞാല്‍ ശവത്തിനു സംഭവിക്കുന്ന പരിണാമം ഹൊറര്‍ സിനിമകളില്‍ കാണുന്നതുപോലെ വിവരിക്കുന്നതു പിഞ്ചുമനസ്സുകളെ ചഞ്ചലമാക്കും എന്നും. എന്തായാലും അത്ര ചഞ്ചലമല്ലാത്തെ പിഞ്ചുമനസ്സുകളൊക്കെ അവസാനം കോഴി കൊത്തുന്നതിലേയ്ക്കു തിരിച്ചെത്തുന്ന ഈ പാട്ടു് വളരെ സന്തോഷത്തോടെ പാടി നടക്കുന്നതു കണ്ടിട്ടുണ്ടു്. കോഴി കൊത്തുന്നതില്‍ത്തന്നെ തിരിച്ചെത്തുന്നതാണു് മിക്കവരും ഇതിഷ്ടപ്പെടാന്‍ കാരണം.


ഒന്നുകൂടി ആലോചിച്ചപ്പോള്‍ തുടങ്ങിയിടത്തു തിരിച്ചെത്തുന്ന ഒരു ശ്ലോകം കിട്ടി.

എന്താണെന്നറിയില്ല, ഈയിടെയായി എന്തു പറഞ്ഞാലും ഞാന്‍ ശ്ലോകത്തിലെത്തും. ഇതൊരു മാനസികരോഗമാണോ ഡോക്ടര്‍? :)

ത്രിപുരദഹനം നടത്തിയ ശിവനെപ്പറ്റിയാണു ശ്ലോകം. ത്രിപുരന്മാരെ കൊല്ലുക അത്ര എളുപ്പമായിരുന്നില്ല. ഭൂമി, സ്വര്‍ഗ്ഗം, പാതാളം എന്നിവിടങ്ങളില്‍ മൂന്നു പുരങ്ങള്‍. വിമാനം പോലെ സഞ്ചരിക്കുന്നവയാണു്. ഓരോന്നിലും ഓരോരുത്തന്‍. ആയിരം കൊല്ലം കൂടുമ്പോള്‍ ഇവ മൂന്നും ഒന്നിക്കും. അപ്പോള്‍ ഒരൊറ്റ അമ്പു കൊണ്ടു് അവയെ ഒന്നിച്ചു നശിപ്പിക്കണം. എന്നാലേ അവര്‍ മരിക്കൂ. ബ്രഹ്മാവു കൊടുത്ത വരമാണു്.

ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോള്‍ ദേവന്മാര്‍ അവരെ കൊല്ലുന്ന ജോലി ലോകത്തെ ഏറ്റവും വലിയ വില്ലാളിയായ ശിവനെയാണു് ഏല്‍പ്പിച്ചതു്. ഈ കര്‍മ്മത്തിനു സാധാരണ ആയുധങ്ങളൊന്നും പോരാത്തതുകൊണ്ടു് സ്പെഷ്യല്‍ വെപ്പണ്‍സ് ആക്റ്റ് കൊണ്ടുവന്നു. മഹാമേരുവാണു വില്ലായതു്. (ഇതിന്റെ മുകളിലാണു ദേവന്മാരുടെ താമസം. അതായതു് വില്ലിന്റെ മുകളില്‍ ദേവന്മാര്‍ മുഴുവനും ഉണ്ടു്.) വാസുകി എന്ന സര്‍പ്പമാണു വില്ലിന്റെ ഞാണ്‍. (പാവം വാസുകി! പാലാഴി കടഞ്ഞാലും ത്രിപുരന്മാരെ കൊന്നാലും വലിക്കുന്നതു വാസുകിയെത്തന്നെ!) മഹാവിഷ്ണുവാണു് അമ്പു്. അമ്പിന്റെ തലയ്ക്കു് അഗ്നി. കൊണ്ടാല്‍ കൊള്ളുന്നതു കത്തിപ്പോകും. അമ്പിന്റെ കടയ്ക്കല്‍ വായു. അമ്പു സ്പീഡില്‍ പറക്കും.

ഇനിയും കുറേ സംഭവങ്ങള്‍ കൂടി ഇതിനോടനുബന്ധിച്ചുണ്ടു്. എല്ലാം ഇവിടെ പറയുന്നില്ല. വില്ലായതു് മഹാമേരുവല്ല, മന്ദരപര്‍വ്വതമാണു് എന്നൊരു മതവുമുണ്ടു്. അതും പോകട്ടേ…

ഇങ്ങനെയുള്ള സെറ്റപ്പിലാണു ശിവന്‍ ത്രിപുരദഹനത്തിനൊരുങ്ങിയതു്. പ്ലാന്‍ ചെയ്തതു പോലെ ഒരൊറ്റ അമ്പു കൊണ്ടു് ത്രിപുരന്മാരുടെ കഥ കഴിച്ചു.

ഇനി ശ്ലോകം.

കാറ്റേല്‍ക്കുമ്പോള്‍ തിളങ്ങും തൊടുകുറി, കുറിയില്‍-
    ച്ചേര്‍ത്തുവെച്ചൂതിയെന്നാല്‍
മാറ്റേറും വില്ലു, വില്ലിന്‍ മുകളിലമരുവോര്‍-
    ക്കല്ലല്‍ തീര്‍പ്പോരു ബാണം,
പോറ്റീ! ബാണം കിടക്കും മണിമയസദനം
    കങ്കണം, കങ്കണത്തി-
ന്നൂറ്റം കാ, റ്റെത്ര നന്നിത്തൊഴിലുകള്‍, ശിവപേ-
    രൂരെഴും തിങ്കള്‍മൌലേ!

download MP3

ശിവന്റെ നെറ്റിയിലെ തൊടുകുറി കാറ്റു കൊണ്ടാല്‍ തിളങ്ങുന്നതാണു്. കാറ്റു കൊണ്ടാല്‍ തിളങ്ങുന്നതു തീക്കനല്‍. ശിവന്റെ മൂന്നാം കണ്ണു് തീക്കനലാണെന്നാണല്ലോ സങ്കല്പം. ഇനി, ആ തീക്കനില്‍ വെച്ചു് ഊതിയാല്‍ മാറ്റു കൂടുന്നതാണു വില്ലു്. അതായതു വില്ലു സ്വര്‍ണ്ണമാണു്. മഹാമേരു സ്വര്‍ണ്ണം കൊണ്ടുള്ള മലയാണെന്നാണു സങ്കല്പം. വില്ലിന്റെ (മഹാമേരുവിന്റെ) മുകളില്‍ താമസിക്കുന്നവര്‍ക്കു് (ദേവന്മാര്‍ക്കു്) ദുഃഖം ഇല്ലാതാക്കുന്ന അമ്പു് (വിഷ്ണു). അമ്പു് (വിഷ്ണു) കിടക്കുന്ന കിടക്ക (പാമ്പു്. വിഷ്ണു കിടക്കുന്നതു് അനന്തന്‍ എന്ന പാമ്പിന്റെ പുറത്താണല്ലോ) ആഭരണമാണു്. (ശിവന്റെ ആഭരണം പാമ്പാണല്ലോ.) ഈ ആഭരണത്തിന്റെ (പാമ്പിന്റെ) ഭക്ഷണം കാറ്റാണു്. (പാമ്പു കാറ്റു തിന്നാണു ജീവിക്കുന്നതു് എന്നു മറ്റൊരു സങ്കല്പം.) ഒരു രക്ഷയുമില്ലാത്തെ തൊഴിലുകളാണല്ലോ നിന്റേതു് എന്നു തൃശ്ശൂര്‍ വടക്കുന്നാഥനോടു ചോദിക്കുകയാണു കവി.

നാലാം വരി “കങ്കണത്തിന്നൂണ്‍ കാറ്റാ, ണെത്ര നന്നി…” എന്നാണെന്നും ഏതോ അക്ഷരശ്ലോകക്കാരന്‍ ദ്വിതീയാക്ഷരപ്രാസത്തിനു വേണ്ടി ഇങ്ങനെ മാറ്റിയതാണെന്നും ഒരു അഭിപ്രായമുണ്ടു്.

അങ്ങനെ കാറ്റില്‍ തുടങ്ങി കാറ്റില്‍ അവസാനിക്കുന്നു ഈ ശ്ലോകം. കവി ആരാണെന്നു് അറിയില്ല.

ഇതുപോലെ തുടങ്ങിയിടത്തു തന്നെ അവസാനിക്കുന്ന എന്തെങ്കിലും (പാട്ടോ കഥയോ ശ്ലോകമോ മറ്റോ) നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമോ?

കുട്ടികള്‍ക്കുള്ളവ
വിശാഖ്
ശബ്ദം (Audio)
സരസശ്ലോകങ്ങള്‍

Comments (14)

Permalink

കയ്പയ്ക്കയും കവിതയും

കയ്പയ്ക്ക‍മധുരാജിന്റെ കയ്പയ്ക്കക്കൊണ്ടാട്ടം എന്ന ശ്ലോകം വായിച്ചു. നല്ല ശ്ലോകം. മധുരാജിന്റെ ശ്രീകൃഷ്ണസ്തുതികള്‍ വളരെ മനോഹരങ്ങളാണു്.

എനിക്കു ശ്ലോകത്തെക്കാള്‍ ഇഷ്ടപ്പെട്ടതു് അതിന്റെ ടിപ്പണിയാണു്. കയ്പയ്ക്കയെയും കവിതയെയും താരതമ്യപ്പെടുത്തിക്കൊണ്ടു് ഒരു ശ്ലോകമാക്കേണ്ട ആശയത്തെയാണു മധുരാജ് ടിപ്പണി ആക്കിയതു്. അതിനെ ശ്ലോകമാക്കിയതാണു താഴെ.

ഒരു വരിയില്‍ ഇരുപത്തൊന്നക്ഷരമുള്ള സ്രഗ്ദ്ധരയില്‍ ആണു് എഴുതിയതെങ്കിലും, മധുരാജിന്റെ ടിപ്പണിയില്‍ പറഞ്ഞിരിക്കുന്ന ആശയം മൊത്തം ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയില്ല. അല്പസ്വല്പം മാറ്റിയിട്ടുമുണ്ടു്. കുറേക്കാലമായി ശ്ലോകം എഴുതാത്തതിന്റെ കുഴപ്പം കാണുന്നുണ്ടു്. ശ്ലോകം ആകെ ക്ലിഷ്ടമാണു്. ദൂരാന്വയവും യതിഭംഗവുമുണ്ടു്. എങ്കിലും ശ്ലോകമല്ലേ, ഇവിടെ കിടക്കട്ടേ!


ആകെക്കയ്പാണു, ദുര്‍വാസന കഠിനവു, മെന്നാലുമാക്കര്‍മ്മസാക്ഷി-
യ്ക്കാകും നന്നാക്കിയേറ്റം രുചിയരുളിടുവാന്‍, വൃത്തമൊപ്പിച്ചു വെച്ചാല്‍
ഏകും കയ്പയ്ക്ക പോലാം കവിത രസമറിഞ്ഞോര്‍ക്കു സന്തുഷ്ടി, തപ്ത-
സ്നേഹത്തില്‍ കൃഷ്ണഭാവം വഴിയുമതിനു ലാവണ്യവും ചേര്‍ത്തിടേണം!

കവിത കയ്പയ്ക്ക പോലെയാണത്രേ!

 • ആകെ കയ്പ്പാണു്.
 • വാസന (കവിതാവാസന എന്നും മണം എന്നും) എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നുമില്ല.
 • എങ്കിലും കര്‍മ്മസാക്ഷിയ്ക്കു് (കര്‍മ്മസാക്ഷിയ്ക്കു് കാലം എന്നര്‍ത്ഥമുണ്ടു്. കാലം ചെല്ലുമ്പോള്‍ കവിത നന്നാകും എന്നു പറയാം. കയ്പയ്ക്കയുടെ കാര്യത്തില്‍ കര്‍മ്മസാക്ഷിയ്ക്കു സൂര്യന്‍ എന്നര്‍ത്ഥം.) അതിനെ നന്നാക്കാന്‍ കഴിയും. (വെയിലത്തു വെച്ചുണക്കിയാല്‍ കയ്പയ്ക്ക നന്നാവുമല്ലോ.)
 • വൃത്തം (കവിതയില്‍ പദ്യം വാര്‍ക്കുന്ന തോതു്. കയ്പയ്ക്കയ്ക്കു് വൃത്താകൃതി.) ഒപ്പിച്ചാണു് ഉണ്ടാക്കുന്നതെങ്കില്‍ നല്ല ഭംഗിയുണ്ടാവും. രസം (കവിതയിലെ രസം എന്നും രുചി എന്നും.) ആസ്വദിക്കുന്നവര്‍ക്കു സന്തോഷമുണ്ടാകും.
 • തപ്തസ്നേഹത്തില്‍ (ദുഃഖം കലര്‍ന്ന പ്രേമത്തില്‍ എന്നും ചൂടുള്ള എണ്ണയില്‍ എന്നും) കൃഷ്ണഭാവം (ശ്രീകൃഷ്ണന്റെ ഭാവം എന്നും കറുത്ത നിറം എന്നും) വരുന്ന അതില്‍ ലാവണ്യം (സൌന്ദര്യം, ഉപ്പു്) നന്നായി ചേര്‍ക്കണം.

വൃത്തം ഒത്തു. കര്‍മ്മസാക്ഷിയുടെ അനുഗ്രഹവും ലാവണ്യവും ഒക്കെ എത്രയുണ്ടെന്നു നിശ്ചയമില്ല :)

കവിതകള്‍ (My poems)
ശ്ലോകങ്ങള്‍ (My slokams)
സരസശ്ലോകങ്ങള്‍

Comments (14)

Permalink

ശ്രീകൃഷ്ണന്‍ മരത്തില്‍ കയറിയതെന്തിനു്?

തൂങ്ങുന്ന ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണന്‍ മരത്തില്‍ കയറിയതെന്തിനാണെന്നു് കൊച്ചുകുട്ടികള്‍ക്കു പോലുമറിയാം. കാളിന്ദിയില്‍ കുളിച്ചുകൊണ്ടു നിന്ന ഗോപസ്ത്രീകളുടെ തുണികളുമെടുത്തു് മരത്തില്‍ കയറിയിരുന്നതും പിന്നെ അവര്‍ കൈ പൊക്കി തൊഴുതു പ്രാര്‍ത്ഥിക്കുന്നതുവരെ കൊടുക്കാതിരുന്നതുമൊക്കെ പ്രശസ്തമായ കഥയാണു്.

പിന്നീടു് കുറേക്കാലത്തേയ്ക്കു് അദ്ദേഹം മരത്തില്‍ കയറിയതായി ചരിത്രരേഖകളൊന്നുമില്ല. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം വയോവൃദ്ധനായതിനു ശേഷം ഒരിക്കല്‍ക്കൂടി കയറി – മരിക്കുന്നതിനു തൊട്ടു മുമ്പു്. അങ്ങനെ മയില്‍പ്പീലിയുമൊക്കെ ചൂടി മരത്തിനു മുകളില്‍ കുറുമാനെപ്പോലെ കാലുമാട്ടി ഇരുന്ന ശ്രീകൃഷ്ണനെ ഒരു വേടന്‍ മയിലാണെന്നു തെറ്റിദ്ധരിച്ചു് എയ്ത അമ്പു് പണ്ടു ദുര്‍വ്വാസാവു പറഞ്ഞതനുസരിച്ചു പായസം ദേഹത്താകെ പുരട്ടിയപ്പോള്‍ തെന്നിവീഴുമെന്നു പേടിച്ചാണോ എന്തോ ഒഴിവാക്കിയ കാല്‍‌വെള്ളയില്‍ ചെന്നു തറച്ചു് ശ്രീകൃഷ്ണന്റെ അന്ത്യം സംഭവിച്ചു എന്നാണു പുരാണം.

കാലില്‍ ഒരു അമ്പു കൊണ്ടാല്‍ ഒരാള്‍ മരിക്കുമോ എന്നു ചില നവശാസ്ത്രജ്ഞന്മാര്‍ ചോദിച്ചേക്കാം. അവരോടു് ഗ്രീക്കുകാരന്‍ (അതോ റോമാക്കാരനോ?) അക്കില്ലീസ് മരിച്ചതും കാലില്‍ അമ്പുകൊണ്ടാണെന്നു പറയുക. (കഥയും ഏതാണ്ടു് ഇതുപോലെ തന്നെ. ചെറുപ്പത്തില്‍ അക്കില്ലീസിന്റെ അമ്മ മകനു് ആയുധം കൊണ്ടു മുറിവേല്‍ക്കാതിരിക്കാന്‍ ഒരു വിശുദ്ധവെള്ളത്തില്‍ മുക്കിയെടുത്തപ്പോള്‍ കാലിലെ നെരിയാണിയുടെ ഭാഗത്തു് ഒരു ഇല പറ്റിപ്പിടിച്ചിരുന്നത്രേ. അവിടെയാണു് പാരീസിന്റെ അമ്പേറ്റു് അക്കില്ലീസ് സിദ്ധികൂടിയതു്.) ഗ്രീസ്, യൂറോപ്പ്, പടിഞ്ഞാറു് എന്നൊക്കെ പറഞ്ഞാല്‍ ഏതു ശാസ്ത്രജ്ഞനും അംഗീകരിക്കും, നമ്മുടെ കൃഷ്ണന്റെ കഥ പറഞ്ഞാല്‍ മാത്രം ഒരു സംശയം. ഇതു നല്ല കാര്യം!

ഈ കഥ നൂറ്റാണ്ടുകളായി പറഞ്ഞുകേള്‍ക്കുന്നതാണെങ്കിലും ഇതില്‍ ചില പാകപ്പിഴകളുണ്ടെന്നാണു് അടുത്ത കാലത്തു നടന്ന ചില ആര്‍ക്കിയോളജിക്കല്‍ റിസര്‍ച്ചുകള്‍ സൂചിപ്പിക്കുന്നതു്.

അടുത്ത കാലത്തു ഗുജറാത്തില്‍ നടന്ന ബോംബു ഭീഷണിയെപ്പറ്റി അന്വേഷിക്കാന്‍ പല മരത്തിലും കയറിയവരില്‍ ഒരു പുലയി ഒരു മരക്കൊമ്പില്‍ അരിവാളു കൊണ്ടു വെട്ടിയത്രേ. വെട്ടിയ ഭാഗത്തു നിന്നു രക്തം കുടുകുടാ ഒഴുകുന്നതു കണ്ടപ്പോള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിച്ചിട്ടുള്ളതുകൊണ്ടു് ദൈവസാന്നിദ്ധ്യമാണെന്നു മനസ്സിലാക്കിയ പുലയി ഉടനടി ആര്‍ക്കിയോളജിസ്റ്റുകളെ വരുത്തുകയായിരുന്നു. അവരുടെ ഗവേഷണഫലമായി മരത്തില്‍ കയര്‍ ചുറ്റിക്കിടന്ന പാടുകള്‍ കാണുകയും അതു കലിയുഗം തുടങ്ങുന്നതിനു തൊട്ടുമുമ്പു് ശ്രീകൃഷ്ണന്‍ മരിച്ച ദിവസം തന്നെ ഉണ്ടായ പാടാണെന്നു കണ്ടുപിടിക്കുകയും ചെയ്തു.

“അല്ലാ, ഇമ്മാതിരി സംഭവമാണോ ആര്‍ക്കിയോളജി?” എന്നു ചോദിക്കുന്നവര്‍ മൂക്കില്‍ നിന്നു വിരല്‍ ദയവായി മാറ്റുക. നമ്മള്‍ നാസയെ വരെ കൂട്ടുപിടിച്ചു രാമസേതു തെളിയിക്കുന്നവരാകുന്നു. കാളയെ കുതിര ആക്കുന്നവരാകുന്നു. ഇനി പടിഞ്ഞാറു നിന്നു് ഉദാഹരണങ്ങള്‍ വേണമെങ്കില്‍ നോഹയുടെ പെട്ടകവും പഴയ ശിവലിംഗവും ആര്‍തര്‍ രാജാവിന്റെ ചഷകവും മായന്മാരുടെ പളുങ്കുതലയോടുമൊക്കെ അന്വേഷിച്ചു പോകുന്ന ഇന്‍ഡ്യാനാ ജോണ്‍സ് മുതല്‍ ഇമ്മാതിരി കാര്യങ്ങള്‍ ആര്‍ക്കിയോളജി എന്ന പേരില്‍ കാണിക്കുന്ന ഡിസ്കവറി/ഹിസ്റ്ററി ചാനലുകള്‍ വരെ ഉദാഹരിക്കാം.

അതായതു്, ശ്രീകൃഷ്ണന്‍ മരിച്ച ദിവസം ആ മരത്തില്‍ ഒരു കയര്‍ കെട്ടിയിരുന്നു എന്നു്! ആരു കെട്ടി?

ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നതു് കൃഷ്ണന്‍ തന്നെയാണു് അതു കെട്ടിയതെന്നാണു്. കെട്ടിന്റെ പാടില്‍ നിന്നു് ഒറ്റക്കൈ കൊണ്ടു കെട്ടിയതാണെന്നു് ഉറപ്പാണു്. ഒരു കയ്യില്‍ ഓടക്കുഴല്‍ എപ്പോഴും കൊണ്ടു നടക്കാറുള്ള കൃഷ്ണന്‍ മാത്രമേ ഒറ്റക്കൈ കൊണ്ടു കയര്‍ കെട്ടൂ എന്നതു തര്‍ക്കമില്ലാത്ത സംഗതിയാണു്.

കെട്ടിയ കയര്‍ കിട്ടിയിട്ടില്ലാത്തതിനാല്‍ എന്തിനു കെട്ടി എന്നു് ഇതു വരെ കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഭൂരിഭാഗം ഗവേഷകരുടെയും അഭിപ്രായം ശ്രീകൃഷ്ണന്‍ ആത്മഹത്യ ചെയ്യാന്‍ കെട്ടിയതാണു് എന്നാണു്. വളരെക്കാലമായി മരത്തില്‍ കയറാതിരുന്ന കൃഷ്ണന്‍ അന്നു കയറിയതും കയര്‍ കെട്ടിയതും മറ്റൊന്നിനല്ല എന്നാണു നിഗമനം.

എല്ലാവര്‍ക്കും പ്രിയങ്കരനും പെണ്ണുങ്ങളുടെ കാമുകനും ജീവിച്ചിരുന്നപ്പോള്‍ തന്നെ ദൈവമായി അംഗീകരിക്കപ്പെട്ടവനും ത്രികാലജ്ഞാനിയും ഗീത പോലെയുള്ള കൃതികളുടെ കര്‍ത്താവും ദ്വാരക പോലെയുള്ള മനോഹരമായ പട്ടണങ്ങളുടെ അധിപതിയും പാണ്ഡവരെപ്പോലെ പ്രബലരായ രാജാക്കന്മാരുടെ ബന്ധുവും ആയ കൃഷ്ണന്‍ എന്തിനിങ്ങനെ ഒരു കടും‌കൈ ചെയ്യാന്‍ തുനിഞ്ഞു?

ഇവിടെ ഒരു കാര്യം ഓര്‍ക്കണം. കൃഷ്ണനെപ്പറ്റിയുള്ള മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ പണ്ടു്. സംഭവം നടക്കുന്ന കാലത്തു് മൂപ്പര്‍ പടുവൃദ്ധനാണു്. മഹാഭാരതകാലത്തെപ്പറ്റിയുള്ള ഈ ഗവേഷണം അനുസരിച്ചു് യുദ്ധമൊക്കെക്കഴിഞ്ഞു രാജാവാകുമ്പോള്‍ യുധിഷ്ഠിരനു വയസ്സു തൊണ്ണൂറ്റൊന്നു്. യുധിഷ്ഠിരനേക്കാള്‍ ഒരു വയസ്സു് ഇളപ്പമുള്ള ഭീമനെക്കാള്‍ ഇളയവനും രണ്ടു വയസ്സു് ഇളയവനായ അര്‍ജ്ജുനനെക്കാള്‍ മൂത്തവനും ആകയാല്‍ കൃഷ്ണന്റെ പ്രായം ഏകദേശം എണ്‍പത്തൊന്‍പതു്. പിന്നെയും മുപ്പത്താറു കൊല്ലം കഴിഞ്ഞാണു കൃഷ്ണന്‍ മരിക്കുന്നതു്. അപ്പോള്‍ വയസ്സു 125. മുന്‍പേ പറഞ്ഞ നല്ല കാലമൊക്കെ കഴിഞ്ഞു എന്നര്‍ത്ഥം.

മാത്രമല്ല, കുടുംബത്തില്‍ പ്രാരബ്ധവും ദുഃഖങ്ങളും വേണ്ടുവോളം ഉണ്ടു താനും.


പണ്ടു് ഇന്ദ്രനെ കാണാന്‍ പോയപ്പോള്‍ ഒരു പൂവു കിട്ടി. അതു വേണമെന്നു പറഞ്ഞു രണ്ടു ഭാര്യമാര്‍ – രുക്മിണിയും സത്യഭാമയും – പൊരിഞ്ഞ അടി. അതു ശരിയാക്കാന്‍ ഇന്ദ്രലോകത്തു പോയി വഴക്കുണ്ടാക്കി പരിജാതവൃക്ഷത്തെ മൂടോടെ പറിച്ചു കൊണ്ടുവരേണ്ടി വന്നു. ഇതു രണ്ടു ഭാര്യമാരുടെ കാര്യമാണു്. ഇങ്ങനെ പതിനാറായിരത്തെട്ടു് എണ്ണമാണു ഭാര്യമാര്‍. ഒരു ദിവസമുണ്ടാകുന്ന പ്രശ്നങ്ങള്‍ പറയേണ്ട കാര്യമുണ്ടോ?

പിന്നെ, ഒരു ചേട്ടനുണ്ടു്. ബലരാമന്‍. ഫുള്‍ടൈം വെള്ളമടിച്ചു പാമ്പാണു്. അനന്തന്‍ എന്ന പാമ്പിന്റെ അവതാരമാണു പോലും. (പുള്ളിയുടെ സ്ഥിരം വെള്ളമടി മൂലം പുള്ളി പാമ്പിന്റെ അവതാരമാണെന്നു പറയുന്നു എന്നും, അല്ല പാമ്പിന്റെ അവതാരമായ പുള്ളിയുടെ വെള്ളമടി മൂലം വെള്ളമടിച്ചു പൂസാകുന്നവരെ പാമ്പു് എന്നു വിളിച്ചു പോന്നു എന്നും രണ്ടു മതമുണ്ടു്.) ഇടയ്ക്കു കലപ്പയെടുത്തു കിളയ്ക്കാന്‍ പോകുമെങ്കിലും കുടുംബത്തിനു യാതൊരു ഗുണവുമില്ല.

പിന്നെയുള്ളതു് ഒരു പെങ്ങളാണു്. സുഭദ്ര. താനും കൂടി കൂട്ടുനിന്നു് അവള്‍ ഒരുത്തന്റെ കൂടെ ഒളിച്ചോടി. വലിയ വില്ലാളിവീരനാണെന്നൊക്കെയായിരുന്നു കേള്‍വി. എന്തായാലും അധികകാലം കഴിയുന്നതിനു മുമ്പേ അവന്റെ ചേട്ടന്‍ അവനെയും സ്വന്തം ഭാര്യയെയുമൊക്കെ പണയം വെച്ചു ചൂതുകളിച്ചിട്ടു് പന്ത്രണ്ടു കൊല്ലം വനത്തിലും പിന്നെ ഒരു കൊല്ലം ഒളിവിലും ആയിരുന്നു. (ഇടയ്ക്കു കുറച്ചുകാലം ഷണ്ഡനായിരുന്നു എന്നും കേട്ടു. ശിവ ശിവ!) മനഃസമാധാനം ഇല്ലാതാവാന്‍ വേറേ എന്തെങ്കിലും വേണോ?

അതൊക്കെ പോകട്ടേ. അവരൊക്കെ ഇപ്പോള്‍ നല്ല നിലയിലാണു്. അവളുടെ മകന്‍ മരിച്ചു പോയെങ്കിലും മകന്റെ മകന്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. വലിയ കുഴപ്പമില്ലാതെ പോകുന്നു. സ്വന്തം വീട്ടിലെ കാര്യമാണു കഷ്ടം. ഈയിടെ ഒരു പെണ്ണുകേസിന്റെ പുറകേ പോകേണ്ടി വന്നു. ചെറുമകന്‍ അനിരുദ്ധനാണു പണി പറ്റിച്ചതു്. അവനു പ്രേമിക്കാന്‍ ഒരു അസുരന്റെ മകളെയേ കണ്ടുള്ളൂ. ഉഷ. അവള്‍ വലിയ ആര്‍ട്ടിസ്റ്റാണെന്നോ, ഇവനെ സ്വപ്നം കണ്ടെന്നോ, ഇവന്റെ പടം വരച്ചെന്നോ, വര മൂത്തു മുഴുത്ത പ്രേമമായെന്നോ ഒക്കെ കേട്ടു. എന്തായാലും അവളുടെ തന്ത ബാണാസുരന്‍ അവനെ പിടിച്ചുകെട്ടി ഒരു തടവറയിലിട്ടു പൂട്ടി. അവനെ ഒന്നു് ഇറക്കിക്കൊണ്ടു വരാന്‍ പെട്ട പാടു്! എല്ലാം സഹിക്കാം, അതിനു വേണ്ടി ആ പരമശിവനെക്കൂടി കൂട്ടിനു കൂട്ടേണ്ടി വന്നു. ചെറുമകനെ പെണ്ണുകേസില്‍ നിന്നു് ഇറക്കാന്‍ അപ്പൂപ്പന്‍ പോയി യുദ്ധം ചെയ്യുന്നതു് വേറേ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?

ഏതായാലും, നെടുമുടി വേണു ഒരുപാടു സിനിമകളില്‍ പറയുന്നതു പോലെ, മടുത്തു. ഏതായാലും ഇത്രയും കാലം ജീവിച്ചു. ഒരുപാടു കളികള്‍ കളിച്ചു. ഇനി വയ്യ. ദ്വാരകയിലും എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്നു കേള്‍ക്കുന്നു. ഇനി അതും കൂടി കാണുന്നതിനു മുമ്പേ കണ്ണടഞ്ഞാല്‍ മതി. ഏതാണ്ടു് ഈ സമയത്തു തീരുമെന്നാണു പണ്ടു ഗാന്ധാരിയമ്മ ശപിച്ചതു്. ഞാനായിട്ടു് അതു ഫലിപ്പിച്ചില്ല എന്നു വേണ്ടാ. ഇന്നു തന്നെ ഏതെങ്കിലും മരത്തില്‍ കയറി തൂങ്ങാം…


…എന്നിങ്ങനെ വിചാരിച്ചു് ഒരു മരത്തില്‍ കയറി കയറ് കെട്ടി തൂങ്ങാന്‍ വിചാരിച്ചപ്പോഴാണു് ആന്റിക്ലൈമാക്സ് സംഭവിച്ചതു്. ഇളകുന്ന മയില്‍പ്പീലിയും മറ്റും കണ്ടു് ഒരു വേടന്‍ മയിലാണെന്നു തെറ്റിദ്ധരിച്ചു് അമ്പെയ്തു. അമ്പു കൊണ്ടപ്പോള്‍ ബാലന്‍സു തെറ്റി മരത്തില്‍ നിന്നു താഴെ വീണ ആഘാതത്തിലാണു മരണം സംഭവിച്ചതു്. ഓടി വന്ന വേടനോടു് “ഇതു നിന്റെ കുഴപ്പമല്ല, അല്ലെങ്കിലും ഞാന്‍ മരിക്കേണ്ടതായിരുന്നു” എന്നു പറഞ്ഞതു കേട്ടു് അവന്‍ അന്തം വിട്ടു നിന്നു. അവനറിയുമോ കാര്യങ്ങളുടെ കിടപ്പു്!


വി. കെ. ഗോവിന്ദന്‍ നായരുടെ താഴെക്കൊടുക്കുന്ന പ്രസിദ്ധശ്ലോകം വായിച്ചപ്പോള്‍ ചിന്ത കാടു കയറിയതാണു് മുകളില്‍ കൊടുത്തതു്. കൃഷ്ണന്‍ ആത്മഹത്യ ചെയ്യാനായിരിക്കും മരത്തില്‍ കയറിയതു് എന്നു് ആദ്യം പറഞ്ഞതു് വി. കെ. ജി. ആയിരുന്നു.

ചൂടും പൂവിനു ശണ്ഠകൂടുമിരുപേര്‍ദ്ദാരങ്ങള്‍, കള്ളും കുടി-
ച്ചാടും ജ്യേഷ്ഠ, നുഴന്നു കാട്ടിലലയും ബന്ധുക്കളും തോഴരും,
കൂടും പെണ്‍കൊതിയാല്‍ പരന്റെ തടവില്‍ പാര്‍ത്തോരു പൌത്രന്‍ – ഹരേ!
വേടന്‍ തന്‍ കണ ശാഖിയില്‍ തവ ശവം തൂങ്ങാതെ രക്ഷിച്ചതോ?

“ചൂടുന്ന പൂവിനു ശണ്ഠ കൂടുന്ന രണ്ടു ഭാര്യമാര്‍, കള്ളും കുടിച്ചു് ആടുന്ന ജ്യേഷ്ഠന്‍, കാട്ടില്‍ ബുദ്ധിമുട്ടി അലയുന്ന ബന്ധുക്കളും തോഴരും, പെണ്‍‌കൊതി മൂത്തു് വേറൊരുത്തന്റെ തടവില്‍ പെട്ട ചെറുമകന്‍ – കൃഷ്ണാ, വേടന്റെ അമ്പു് നിന്റെ ശവം മരത്തില്‍ തൂങ്ങാതെ രക്ഷിച്ചു എന്നു വരുമോ?” എന്നര്‍ത്ഥം.

നര്‍മ്മം
സരസശ്ലോകങ്ങള്‍

Comments (45)

Permalink

പന്ത്രണ്ടില്‍ എത്തിനില്‍ക്കുന്ന വിക്രീഡിതം

ശാര്‍ദ്ദൂലവിക്രീഡിതം‍“പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം…”

ഹൈസ്കൂളിലെ മലയാളവ്യാകരണപാഠങ്ങള്‍ മുച്ചൂടും മറന്നു പോയവര്‍ കൂടി ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തിന്റെ ഈ ലക്ഷണം ഓര്‍ക്കുന്നുണ്ടാകും. “പന്ത്രണ്ടാം മാസത്തില്‍ ജനിച്ചവന്‍ സ്വന്തം തന്തയുടെയും ഗുരുവിന്റെയും നെഞ്ചത്തു പുലികളി കളിക്കുന്നു” എന്നു് ഇതിനൊരു തമാശ നിറഞ്ഞ അര്‍ത്ഥവും.

പന്ത്രണ്ടാമത്തെ മാസത്തിൽ ജനിച്ചവനു പൊളപ്പും പ്രസരിപ്പും കൂടുമെന്നാണു് അരീക്കോടൻ പറയുന്നതു്. തന്തയുടെയും ഗുരുവിന്റെയും നെഞ്ചത്തു കയറി പുലി കളിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ :)

ശാർദ്ദൂലവിക്രീഡിതവൃത്തത്തിൽ മ, സ, ജ, സ, ത, ത എന്നീ ഗണങ്ങളും ഗുരുവും അടങ്ങുന്ന വര്‍ണ്ണവ്യവസ്ഥ പാലിക്കുന്നതിനോടൊപ്പം, പന്ത്രണ്ടാമത്തെ അക്ഷരത്തിൽ യതി വേണമെന്നാണു് ഇതിന്റെ അർത്ഥം. എന്നു വെച്ചാൽ പന്ത്രണ്ടാമത്തെ അക്ഷരം കഴിഞ്ഞാൽ ഒരു നിർത്തുണ്ടാവണം. പൂര്‍ണ്ണമായ നിര്‍ത്തു വേണമെന്നു നിര്‍ബന്ധമില്ല. സന്ധി ആയാലും മതി. “നിന/ക്കെന്നോടു” എന്നൊക്കെ ആവാം എന്നര്‍ത്ഥം.

യതിഭംഗം ഒരു വല്ലാത്ത കല്ലുകടിയാണു്. ഉദാഹരണത്തിനു് വി. കെ. ഗോവിന്ദൻ നായരുടെ ഈ പ്രസിദ്ധശ്ലോകം നോക്കുക.

നിന്നാദ്യസ്മിത, മാദ്യചുംബന, മനു-
    സ്യൂതസ്ഫുരന്മാധുരീ–
മന്ദാക്ഷം, പുളകാഞ്ചിതസ്തനയുഗം,
    പ്രേമാഭിരാമാനനം,
കുന്ദാസ്ത്രോത്സവചഞ്ചലത്പൃഥുനിതം-
    ബശ്രീസമാശ്ലേഷസ-
മ്പന്നാനന്ദമഹോ മനോഹരി! മരി-
    പ്പിക്കും സ്മരിപ്പിച്ചു നീ!
download MP3

ശ്ലോകം വളരെ റൊമാന്റിക്കാണെങ്കിലും യതിഭംഗം നാലിൽ മൂന്നു വരികളിലും മുഴച്ചുനില്‍ക്കുന്നു. അവയില്‍ അനു‌+സ്യൂതം അവിടെ ഒരു സന്ധിയുള്ളതുകൊണ്ടു കുഴപ്പമില്ല. എങ്കിലും, നിതം-ബശ്രീ, മരി-പ്പിക്കും എന്നിവ ദുശ്ശ്രവമാണു്. അതിനെക്കാൾ ഭീകരമാണു് സമ്പന്നം എന്നതിനെ മുറിച്ചു് സം-പന്നം ആക്കിയതു്. ഇവിടെയും ഒരു സന്ധിയുണ്ടെങ്കിലും, “പന്ന” എന്ന വാക്കിനു് മലയാളത്തിൽ “ചീത്ത” എന്ന അർത്ഥമുള്ളതുകൊണ്ടു് ആ ഒരൊറ്റ യതിഭംഗം ഈ ശ്ലോകത്തിന്റെ ഭംഗിയെല്ലാം കളഞ്ഞു എന്നു പറഞ്ഞാൽ മതിയല്ലോ.

ഇതിലെ “മരിപ്പിക്കും സ്മരിപ്പിച്ചു നീ” എന്നതു് ഒരു ഒന്നര പ്രയോഗമാണു്. ഓര്‍മ്മിപ്പിച്ചു നീ എന്നെ കൊല്ലും എന്ന അര്‍ത്ഥം മാത്രമല്ല അതിനു്. സ്മരന്‍ എന്നതിനു കാമദേവന്‍ എന്നും അര്‍ത്ഥമുണ്ടു്. കാമവികാരം ഉണ്ടാക്കി നീ എന്നെ കൊല്ലും എന്നും അര്‍ത്ഥം പറയാം.

യതിഭംഗമില്ലാത്ത ശാര്‍ദ്ദൂലവിക്രീതത്തിനു് ജയദേവന്റെ ഗീതഗോവിന്ദത്തില്‍ നിന്നൊരു പദ്യം കേള്‍ക്കൂ:

പാണൌ മാ കുരു ചൂതസായകമമും;
    മാ ചാപമാരോപയ;
ക്രീഡാനിര്‍ജ്ജിതവിശ്വമൂര്‍ച്ഛിതജനാ-
    ഘാതേന കിം പൌരുഷം?
തസ്യാ ഏവ മൃഗീദൃശോ മനസിജ-
    പ്രേംഖത്കടാക്ഷാശുഗ-
ശ്രേണീജര്‍ജ്ജരിതം മനാഗപി മനോ
    നാദ്യാപി സന്ധുക്ഷതേ.
download MP3

ചങ്ങമ്പുഴ ഇതിനെ മനോഹരമായി യതിഭംഗമില്ലാതെ തന്നെ പരിഭാഷപ്പെടുത്തിയിട്ടുണ്ടു്.

ലോകം ലീലയില്‍ വെന്ന മന്മഥ, കുല-
    ച്ചെന്‍ നേര്‍ക്കു വന്‍‌വില്ലു നീ
തൂകായ്കസ്ത്രശതങ്ങള്‍, മൂര്‍ച്ഛിതരെയെ-
    ന്തര്‍ദ്ദിപ്പതില്‍ പൌരുഷം?
ഹാ, കഷ്ടം! ഹരിണാക്ഷി തന്‍ കടമിഴി-
    ക്കോണെയ്ത കൂരമ്പു കൊ-
ണ്ടാകെച്ഛാദിതമെന്‍ ഹൃദന്ത, മതിനി-
    ല്ലാശ്വാസമിന്നല്പവും!
download MP3

ജയദേവനും ചങ്ങമ്പുഴയും ശ്ലോകങ്ങള്‍ കൊണ്ടല്ല പ്രസിദ്ധരായതെങ്കിലും, ശ്ലോകത്തിലും അവരുടെ “മധുരകോമളകാന്തപദാവലി” വിളങ്ങിനില്‍ക്കുന്നതു കാണാം.


“സൂര്യാശ്വൈർമസജസ്തതഃ സഗുരവഃ ശാർദ്ദൂലവിക്രീഡിതം” എന്നാണു ശാർദ്ദൂലവിക്രീഡിതത്തിന്റെ സംസ്കൃതത്തിലെ ലക്ഷണം. ഭൂതസംഖ്യ അനുസരിച്ചു് സൂര്യൻ പന്ത്രണ്ടിനെയും അശ്വം ഏഴിനെയും സൂചിപ്പിക്കുന്നു. പന്ത്രണ്ടാം അക്ഷരത്തിനു ശേഷവും പിന്നീടു് ഏഴക്ഷരങ്ങൾക്കു ശേഷവും (അതായതു് വരിയുടെ അവസാനത്തിൽ, ശാർദ്ദൂലവിക്രീഡിതത്തിന്റെ ഒരു വരിയിൽ 19 അക്ഷരമാണുള്ളതു്.) നില്‍ക്കണം. എങ്കിലേ ശാര്‍ദ്ദൂലവിക്രീഡിതത്തിനു ഭംഗിയുണ്ടാവൂ.

ഹൈന്ദവപുരാണമനുസരിച്ചു് പന്ത്രണ്ടു സൂര്യന്മാരുണ്ടത്രേ. അഗ്നിപുരാണമനുസരിച്ചു് അവർ വരുണൻ, സൂര്യൻ, സഹസ്രാംശു, ധാതാവു്, തപനൻ, സവിതാവു്, ഗഭസ്തി, രവി, പർജ്ജന്യൻ, ത്വഷ്ടാവു്, മിത്രൻ, വിഷ്ണു എന്നിവരാണെന്നു വെട്ടം മാണിയുടെ പുരാണിക് എൻസൈക്ലോപീഡിയയിൽ കാണുന്നു.

കാലഗണനത്തിൽ പന്ത്രണ്ടിനു വളരെ പ്രാധാന്യമുണ്ടു്. സൂര്യചലനത്തെ അടിസ്ഥാനമാക്കി വർഷവും ചന്ദ്രചലനത്തെ അടിസ്ഥാനമാക്കി മാസവും കാലഗണനത്തിൽ ഉൾപ്പെടുത്തിയ ജ്യോതിശ്ശാസ്ത്രജ്ഞർ ഒരു വർഷത്തെ പന്ത്രണ്ടു മാസങ്ങളായി വിഭജിച്ചു. പലതരം കലണ്ടറുകൾ ലോകത്തുണ്ടെങ്കിലും വർഷത്തിലെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണെന്ന കാര്യത്തിൽ മിക്കവാറും കലണ്ടറുകൾക്കു സാദൃശ്യമുണ്ടു്.

മിക്കവാറും എന്നു പറഞ്ഞതു് ചില അപവാദങ്ങളുള്ളതു കൊണ്ടാണു്. പല സൌര-ചാന്ദ്രകലണ്ടറുകളിലും (lunisolar calendars) ചില വർഷങ്ങളിൽ പതിമൂന്നു മാസങ്ങളുണ്ടു്-പതിമൂന്നാമത്തേതായി ഒരു അധിമാസം (leap month) ഉൾപ്പെടെ. ഭാരതത്തിൽ പണ്ടുണ്ടായിരുന്ന പല പഞ്ചാംഗങ്ങളിലും ഇസ്രയേലിൽ ഇപ്പോഴും നിലവിലുള്ള ഹീബ്രു കലണ്ടറിലും അധിവര്‍ഷങ്ങളില്‍ പതിമൂന്നാമതായി ഒരു മാസമുണ്ടു്. എന്നാൽ ചൈനീസ് കലണ്ടറിൽ അധിമാസം വർഷത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും ആവാം.

ശരിക്കുള്ള അപവാദം ബഹായി കലണ്ടറാണു്. അതിലെ ഒരു വർഷത്തിൽ 19 മാസങ്ങളുണ്ടു്. ഓരോ മാസത്തിലും 19 ദിവസവും. ഇതു കൂടാതെ പിന്നെ അധിമാസവുമുണ്ടു്. പത്തൊൻപതു് ബഹായിക്കാരുടെ വിശുദ്ധസംഖ്യയാണത്രേ.

ലോകത്തുള്ള പല ജ്യൌതിഷികളും അവരുടെ ഫലപ്രഖ്യാപനത്തില്‍ അജഗജാന്തരമുണ്ടെങ്കിലും രാശികളുടെ കാര്യത്തില്‍ പന്ത്രണ്ടു് എന്ന എണ്ണം സൂക്ഷിച്ചിരുന്നു. ജ്യോതിശ്ശാസ്ത്രത്തില്‍ വന്നപ്പോള്‍ സൂര്യപഥത്തില്‍ (ecliptic) മാത്രമുള്ള ഈ പന്ത്രണ്ടു രാശികള്‍ പോരാതെ വന്നപ്പോള്‍ മറ്റു പല രാശികളും (constellations) ഉണ്ടാക്കി. എങ്കിലും ഇപ്പോഴും നക്ഷത്രബംഗ്ലാവുകളില്‍ ഏറീസ്, ടോറസ് തുടങ്ങിയ രാശികളുടെ പടം വരച്ചു കാണിക്കുന്നതു് ആളുകള്‍ക്കു് ജ്യോതിഷത്തോടുള്ള അമിതമായ താത്പര്യം കൊണ്ടാവണം.

ഭാരതീയര്‍ ഇങ്ങനെ രാശി, ദൃഷ്ടി, യോഗം എന്നൊക്കെ പറഞ്ഞു നടന്നു. അതുകൊണ്ടു നാലു കാശുണ്ടാക്കിയതു് ലിന്‍ഡാ ഗുഡ്‌മാന്‍ തുടങ്ങിയ പാശ്ചാത്യരാണു്. ലൌ സൈന്‍, സണ്‍ സൈന്‍, മൂണ്‍ സൈന്‍, പ്ലൂട്ടോ സൈന്‍,… അങ്ങനെ എത്രയെത്ര സൈനുകള്‍!

ഓരോ രാശിയില്‍പ്പെട്ട ഓരോ പെണ്ണിനെ വീതം മൊത്തം പന്ത്രണ്ടു പെണ്ണുങ്ങളെ കണ്ടിട്ടു് അവസാനം സൂത്രധാരന്റെ മകളുമായി മുങ്ങിയ ഒരു മിസ്റ്റര്‍ യോഗിയുടെ (വൈ. ഐ. പട്ടേല്‍) കഥ ഒരിക്കല്‍ ദൂരദര്‍ശന്‍ കാണിച്ചിരുന്നു.

പറയി പെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടു മക്കളും (മേഴത്തോള്‍ അഗ്നിഹോത്രി, രജകന്‍, പെരുന്തച്ചന്‍, വള്ളോന്‍, വായില്ലാക്കുന്നിലപ്പന്‍, വടുതല നായര്‍, കാരയ്ക്കല്‍ മാതാ, ഉപ്പുകൂറ്റന്‍, പാണനാര്‍, നാറാണത്തു ഭ്രാന്തന്‍, അകവൂര്‍ ചാത്തന്‍, പാക്കനാര്) പന്ത്രണ്ടു ജാതിയായിരുന്നു എന്നു മാത്രമല്ല, ജ്യോതിഷപ്രകാരം പന്ത്രണ്ടു രാശിയിലാണു ജനിച്ചതെന്നും പറയപ്പെടുന്നു. (പതിനൊന്നു മാസം ഇടവിട്ടു് മൊത്തം പതിനൊന്നു വര്‍ഷം കൊണ്ടാവണം വരരുചിയുടെ ഭാര്യ ഇവര്‍ക്കു ജന്മം നല്‍കിയതു് :) ) അതാണല്ലോ

പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ, നിന്റെ
മക്കളിൽ ഞാനാണു ഭ്രാന്തൻ!
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ, നിന്റെ
മക്കളിൽ ഞാനാണനാഥൻ!

എന്നു മധുസൂദനന്‍ നായര്‍ പാടിയതു്.


ശാര്‍ദ്ദൂലവിക്രീഡിതത്തിണു് എല്ലാ രസത്തെയും പ്രകടിപ്പിക്കാന്‍ അസാമാന്യപാടവമുണ്ടെങ്കിലും ശൃംഗാരം അവയില്‍ മികച്ചുനില്‍ക്കുന്നു. കാളിദാസന്റെ ശാര്‍ദ്ദൂലവിക്രീതങ്ങള്‍ മനോഹരമാണു്.

ഒറ്റക്കയ്യതു കങ്കണങ്ങളെളിയില്‍-
    ത്തട്ടുന്ന മട്ടൂന്നിയും,
മറ്റേതല്‍പമയച്ചുവിട്ടു ലഘുവാം
    ശ്യാമാലതാശാഖ പോല്‍,
പുഷ്പം കാല്‍വിരല്‍ കൊണ്ടു ചിക്കിന നില-
    ത്തര്‍പ്പിച്ച നോട്ടത്തൊടേ
സ്വല്‍പം നീണ്ടു നിവര്‍ന്ന നില്‍പിതു തുലോം
    നൃത്തത്തിലും നന്നഹോ!
download MP3

എന്ന മാളവികയുടെ നില്പായാലും (മാളവികാഗ്നിമിത്രം – ഏ. ആറിന്റെ പരിഭാഷ),

ക്ഷാമക്ഷാമകപോലമാനന, മുരഃ
    കാഠിന്യമുക്തസ്തനം,
മദ്ധ്യഃ ക്ലാന്തതരഃ, പ്രകാമവിനതാ-
    വംസൌ, ഛവിഃ പാണ്ഡുരാ
ശോച്യാ ച പ്രിയദര്‍ശനാപി മദന-
    ക്ലിഷ്ടേയമാലക്ഷ്യതേ
പത്രാണാമിവ ശോഷണേന മരുതാ
    സ്പൃഷ്ടാ ലതാ മാധവീ
download MP3

എന്ന ശകുന്തളയുടെ വിരഹാതുരമായ കിടപ്പായാലും പന്ത്രണ്ടില്‍ നില്‍ക്കുന്ന ശാര്‍ദ്ദൂലവിക്രീഡിതത്തിന്റെ ചാരുത ഒന്നു വേറെ തന്നെയാണു്.


ആധുനികകവിത്രയത്തില്‍ വള്ളത്തോളിന്റെ ശാര്‍ദ്ദൂലവിക്രീഡിതത്തിനു് ഒരു പ്രത്യേക ഭംഗിയുണ്ടു്. വിലാസലതികയിലും സാഹിത്യമഞ്ജരിയിലും ഇവ ധാരാളം കാണാം. യതിഭംഗമില്ലാത്ത ശാര്‍ദ്ദൂലവിക്രീഡിതത്തിനു് ഉത്തമോദാഹരണങ്ങളാണു് അവ.

വിലാസലതികയിലെ ഈ ശ്ലോകം കേള്‍ക്കൂ:

സദ്വര്‍ണ്ണാഞ്ചിതശയ്യ ചേര്‍, ന്നഴകെഴും
    ഭാവപ്രഭാവത്തൊടും,
മൃദ്വംഗാനുഗുണപ്രയുക്തവിവിധാ-
    ലങ്കാരസമ്പത്തൊടും,
വിദ്വല്ലാളിതകാളിദാസകവിത-
    യ്ക്കൊപ്പം വിളങ്ങുന്ന നീ
മദ്വക്ഷോമണിമാലികേ, കിമപി കൈ-
    ക്കൊള്‍കാ പ്രസാദത്തെയും!

download MP3

അല്ലെങ്കില്‍ സാഹിത്യമഞ്ജരിയിലെ ഈ ശ്ലോകം:

കോരിക്കൂട്ടിയ പാഴ്ക്കരിക്കിടയിലെ-
    ത്തീക്കട്ടയോ, പായലാല്‍
പൂരിച്ചുള്ള ചെളിക്കുളത്തിലുളവാം
    പൊന്‍‌താമരപ്പുഷ്പമോ,
മാരിക്കാറണിചൂഴുമിന്ദുകലയോ
    പോലേ മനോജ്ഞാംഗിയാ-
ളാരിക്കാണ്മൊരിരുണ്ട കൊച്ചുപുരതന്‍
    കോലായില്‍ നില്‍ക്കുന്നവള്‍?
download MP3

അപ്പോള്‍ പറഞ്ഞുവന്നതു്,

ഇന്നു്, 2008 ഓഗസ്റ്റ് 31-നു്, എന്റെയും സിന്ധുവിന്റെയും വിവാഹജീവിതം പന്ത്രണ്ടിലെത്തി നില്‍ക്കുന്നു. നല്ല ശാര്‍ദ്ദൂലവിക്രീഡിതത്തെപ്പോലെ. യതിഭംഗമില്ലാതെ, പ്രസാദാത്മകമായി. നില്‍ക്കേണ്ടിടത്തു നിന്നും, ഒഴുകേണ്ടിടത്തു് ഒഴുകിയും, തിരിയേണ്ടിടത്തു തിരിഞ്ഞും.

പത്തു വര്‍ഷത്തില്‍ എഴുതാന്‍ കഴിയാത്ത പോസ്റ്റിനെപ്പറ്റി പതിനൊന്നു വര്‍ഷം തികഞ്ഞപ്പോള്‍ എഴുതിയിരുന്നു. അന്നു് ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ “ബൂലോഗം ഒരു കൊല്ലം കൂടി ഉണ്ടാവുമെന്നോ അന്നു ഞാന്‍ ബ്ലോഗ് ചെയ്യുമെന്നോ യാതൊരു ഗ്യാരണ്ടിയുമില്ല” എന്നെഴുതിയെങ്കിലും ഇന്നും ബൂലോഗം ഉണ്ടു്, ഞാന്‍ എഴുതുന്നുമുണ്ടു്.

പിന്നെ കാണിക്കാന്‍ ഒരു ലൈസന്‍സ് പ്ലേറ്റു പോലും ഇല്ലാത്ത ഞാന്‍ എന്തു ചെയ്യും, ശാര്‍ദ്ദൂലവിക്രീഡിതത്തെപ്പറ്റി എഴുതി മനുഷ്യരെ ബോറടിപ്പിക്കുകയല്ലാതെ?

ഛന്ദശ്ശാസ്ത്രം (Meters)
യതിഭംഗം
വൈയക്തികം (Personal)
ശബ്ദം (Audio)
സരസശ്ലോകങ്ങള്‍

Comments (16)

Permalink

പെണ്ണു കഞ്ഞി പോലെ!

ഉദ്ദണ്ഡശാസ്ത്രികളുടെ ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു് അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ് എന്ന പോസ്റ്റെഴുതിയപ്പോള്‍ ഈ ശ്ലോകം ഓര്‍മ്മ വന്നില്ല. അവിടെ അതു വളരെ യോജിക്കുമായിരുന്നു. “കേരളത്തിലെ അമ്പതു ഭാവങ്ങള്‍, ഭാവം 37: കഞ്ഞി” എന്നു കാച്ചാമായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ? :)

ഉദ്ദണ്ഡശാസ്ത്രികള്‍ കഞ്ഞിയെപ്പറ്റി എഴുതിയ ശ്ലോകമാണു് ഇതു്. കഞ്ഞി ഒരു സുന്ദരിയെപ്പോലെയാണന്നാണു് “പ്രൌഢസ്ത്രീരസിക”നായ ഉദ്ദണ്ഡന്‍ പറയുന്നതു്. ശ്ലേഷം ഉപയോഗിച്ചാണു് ഈ ഉപമ ഉണ്ടാക്കുന്നതു്.

ശ്ലോകം:

അംഗജതാപനിഹന്ത്രീ
സുരുചിരലാവണ്യസമ്പദാ മധുരാ
അധരാമൃതോപദംശാ
ശ്രാണാ ശോണാധരീവ രമണീയാ

അര്‍ത്ഥം:

അംഗ-ജ-താപ-നിഹന്ത്രീ : ശരീരത്തില്‍ ഉണ്ടാവുന്ന ചൂടു് ഇല്ലാതാക്കുന്നതും (സുന്ദരി അംഗജന്‍ (കാമദേവന്‍) മൂലമുള്ള ദുഃഖം ഇല്ലാതാക്കുന്നു. താപം = ചൂടു്, ദുഃഖം.)
സുരുചിരലാവണ്യസമ്പദാ : നല്ല രുചിയുള്ള ഉപ്പു ചേര്‍ന്നതും (ലാവണ്യം = ലവണത്വം = ഉപ്പു്. സുന്ദരിയെപ്പറ്റി പറയുമ്പോള്‍ സൌന്ദര്യം എന്നര്‍ത്ഥം. ലാവണ്യം എന്ന വാക്കിനു രണ്ടര്‍ത്ഥവും ഉണ്ടു്.)
മധുരാ : രുചിയുള്ളതും (മാധുര്യമുള്ളവളും)
അധര-അമൃത-ഉപദംശാ : ചുണ്ടിനു് അമൃതായ തൊട്ടുകൂട്ടാന്‍ (ചുട്ട പപ്പടം, അച്ചാര്‍, അസ്ത്രം തുടങ്ങിയവ) ഉള്ളതും (ചുണ്ടിനു് അമൃതു നല്‍കിക്കൊണ്ടു് മെല്ലെ കടിക്കുന്നവള്‍ എന്നു് സുന്ദരിയ്ക്കു് അര്‍ത്ഥം)
ശ്രാണാ : (ആയ) കഞ്ഞി
ശോണാധരീ ഇവ : ചുവന്ന ചുണ്ടുള്ള സുന്ദരിയെപ്പോലെ
രമണീയാ : ആനന്ദദായിനിയാണു്.

ശരീരത്തിലുള്ള ചൂടു കുറയ്ക്കാന്‍ കഞ്ഞി വളരെ നല്ലതാണത്രേ. അതുകൊണ്ടാണല്ലോ പനിയുള്ളവര്‍ക്കു കഞ്ഞി കൊടുക്കുന്നതു്. ചൂടുള്ള ദിവസം കുടിക്കാന്‍ ഏറ്റവും നല്ലതു കഞ്ഞിയാണെന്നും പറഞ്ഞുകേട്ടിട്ടുണ്ടു്.

നിഹന്ത്രീ എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം പറഞ്ഞു തന്ന ശ്രീ ഏ. ആര്‍. ശ്രീകൃഷ്ണനു നന്ദി.

ഇനി ഉദ്ദണ്ഡന്‍ പെണ്ണുങ്ങളെ “കഞ്ഞി” എന്നു വിളിച്ചെന്നും അതിനു ഞാന്‍ അര്‍ത്ഥമെഴുതിയെന്നും ഒക്കെ പറഞ്ഞു സ്ത്രീവിമോചന-വനിതാലോകക്കാര്‍ ബഹളം ഉണ്ടാക്കാതിരുന്നാല്‍ മതിയായിരുന്നു :)

പ്രചോദനം: കഞ്ഞിവെള്ളത്തെപ്പറ്റി ഡാലി ഇട്ട “ഒഴക്ക് കഞ്ഞെര്‍ള്ളം” എന്ന ജീ‌ടോക്ക് സ്റ്റാറ്റസ് മെസ്സേജ്.

സരസശ്ലോകങ്ങള്‍

Comments (5)

Permalink

മനോരമയും ഇക്കാവമ്മയും

ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗ് ഇവന്റിനു വേണ്ടി ഡാലി എഴുതിയ കവിത എഴുതിയ കന്യാസ്ത്രീയും മലയാളത്തിലെ എഴുത്തുകാരികളും എന്ന പോസ്റ്റിലെ ചില പരാമര്‍ശങ്ങളാണു് ഈ പോസ്റ്റിനു് ആധാരം.

മനോരമത്തമ്പുരാട്ടി തന്റേടിയും പണ്ഡിതയുമായ ഒരു കവയിത്രിയായിരുന്നു. (ഷാജി എന്‍. കരുണിന്റെ “വാനപ്രസ്ഥം” എന്ന സിനിമയില്‍ സുഹാസിനി അവതരിപ്പിച്ച കഥാപാത്രം മനോരമത്തമ്പുരാട്ടിയില്‍ നിന്നു പ്രചോദനം കൊണ്ടതാണെന്നു കേട്ടിട്ടുണ്ടു്.) ആ കാലത്തെ അതിശയിക്കുന്ന നിലപാടു് എടുത്തിട്ടുള്ള മനോരമയെ കേരളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

വിവാഹാഭ്യര്‍ത്ഥനയുമായി വന്ന ഒരു പാമരനെപ്പറ്റി മനോരമത്തമ്പുരാട്ടി എഴുതിയ ഒരു ശ്ലോകം പ്രസിദ്ധമാണു്.

ശ്ലോകം:

യസ്യ ഷഷ്ഠീ ചതുര്‍ത്ഥീ ച
വിഹസ്യ ച വിഹായ ച
അഹം കഥം ദ്വിതീയാ സ്യാദ്
ദ്വിതീയാ സ്യാമഹം കഥം?

അര്‍ത്ഥം:

യസ്യ : ആര്‍ക്കാണോ
വിഹസ്യ ച വിഹായ : വിഹസ്യ, വിഹായ എന്നിവ
ഷഷ്ഠീ ച ചതുര്‍ത്ഥീ : ഷഷ്ഠിയും ചതുര്‍ത്ഥിയും ആകുന്നതു്,
അഹം കഥം ദ്വിതീയാ സ്യാത് : (അതു പോലെ) അഹം, കഥം എന്നിവ ദ്വിതീയയും ആകുന്നതു്,
അഹം കഥം ദ്വിതീയാ സ്യാം? : ഞാന്‍ എങ്ങനെ (അയാളുടെ) ഭാര്യ ആകും?

അകാരാന്തങ്ങളായ നാമങ്ങള്‍ (ഉദാ: രാമഃ) ഷഷ്ഠീവിഭക്തിയില്‍ “അസ്യ” എന്നവസാനിക്കുന്നതും (ഉദാ: രാമസ്യ = രാമന്റെ) ചതുര്‍ത്ഥീവിഭക്തിയില്‍ “ആയ” എന്നവസാനിക്കുന്നതും (ഉദാ: രാമായ = രാമനു്) ദ്വിതീയയില്‍ “അം” എന്നവസാനിക്കുന്നതും (ഉദാ: രാമം = രാമനെ) സാധാരണയാണു്. ഇതു മാത്രമറിയുന്ന വിവരമില്ലാത്തവര്‍ അസ്യ, ആയ, അം എന്നിങ്ങനെ അവസാനിക്കുന്നതൊക്കെ ഷഷ്ഠിയും ചതുര്‍ത്ഥിയും ദ്വിതീയയും ഒക്കെയാണെന്നു കരുതി അബദ്ധങ്ങള്‍ വരുത്താറുണ്ടു്. തന്റെ ഭര്‍ത്താവും അത്തരത്തിലൊരാളാണെന്നാണു മനോരമ പറയുന്നതു്. ക്രിയാവിശേഷണങ്ങളായ വിഹസ്യ (അര്‍ത്ഥം: ചിരിച്ചിട്ടു്), വിഹായ (അര്‍ത്ഥം: ഉപേക്ഷിച്ചിട്ടു്) എന്നിവയും സര്‍വ്വനാമമായ അഹം (അര്‍ത്ഥം: ഞാന്‍), ക്രിയാവിശേഷണമായ കഥം (അര്‍ത്ഥം: എങ്ങനെ) എന്നീ വാക്കുകള്‍ അദ്ദേഹത്തിനു് ഏതോ നാമങ്ങളുടെ ഷഷ്ഠിയും ചതുര്‍ത്ഥിയും ദ്വിതീയയും ഒക്കെ ആയി തോന്നുമത്രേ! ഞാന്‍ അങ്ങേരുടെ ഭാര്യയായി എങ്ങനെ കഴിയും എന്നാണു മനോരമ വിലപിക്കുന്നതു്!

ഈ ശ്ലോകത്തിന്റെ ഭംഗി ഇതിലെ മൂന്നാമത്തെ വരിയിലെ “അഹം കഥം ദ്വിതീയാ സ്യാത്” എന്ന നാലു വാക്കുകളെ അര്‍ത്ഥവ്യത്യാസത്തോടെ നാലാം വരിയില്‍ ക്രമം മാറ്റി “ദ്വിതീയാസ്യാമഹം കഥം” എന്നെഴുതിയതാണു്. ഇത്തരത്തിലുള്ള യമകത്തിനു് ഇതിലും ഭംഗിയുള്ള ഒരു ഉദാഹരണം ഞാന്‍ കണ്ടിട്ടില്ല.


മനോരമത്തമ്പുരാട്ടിയുടെ സമകാലികനായിരുന്നു കവിയും തരക്കേടില്ലാത്ത സ്ത്രീലമ്പടനും ആയിരുന്ന ചേലപ്പറമ്പു നമ്പൂതിരി. അദ്ദേഹത്തിന്റെ ചഞ്ചല്‍ച്ചില്ലീലതയ്ക്കും…, അംഭോരാശികുടുംബിനീതിലകമേ… തുടങ്ങിയ ശൃംഗാരശ്ലോകങ്ങളും, തൊണ്ണൂറു വയസ്സു വരെ കണ്ടമാനം നടന്നിട്ടു് അതിനു ശേഷം ദൈവത്തിനെ സ്തുതിക്കുകയും അതിനൊരു വിശദീകരണം കൊടുക്കുകയും ചെയ്യുന്ന അബ്ദാര്‍ദ്ധേന ഹരിം… എന്ന ശ്ലോകവും (ഇതിനു രാജേഷ് വര്‍മ്മ എഴുതിയ പാരഡി ഇവിടെ വായിക്കുക.) പ്രസിദ്ധങ്ങളാണു്.

മനോരമത്തമ്പുരാട്ടിയുടെ ചെറുപ്പകാലത്തു് ഇദ്ദേഹം വയസ്സനായിരുന്നു. എങ്കിലും ചെറുപ്പക്കാരികള്‍ അദ്ദേഹത്തിന്റെ സൌന്ദര്യത്തില്‍ ഭ്രമിക്കുന്നു എന്നദ്ദേഹം ധരിച്ചിരുന്നു. ഒരിക്കല്‍ മനോരമയുടെ മുന്നില്‍ വെച്ചു് കണ്ണാടിയില്‍ നോക്കി തലയിലെ നരച്ച മുടി പിഴുതുകൊണ്ടിരുന്നപ്പോള്‍ മനോരമ അതു വഴി വന്നു. അപ്പോള്‍ ചേലപ്പറമ്പു നമ്പൂതിരി ഒരു ശ്ലോകത്തിന്റെ പകുതി ഉണ്ടാക്കിച്ചൊല്ലി:

പലിതാനി ശശാങ്കരോചിഷാം
ശകലാനീതി വിതര്‍ക്കയാമ്യഹം

അര്‍ത്ഥം:

പലിതാനി : നരച്ച മുടികള്
ശശാങ്ക-രോചിഷാം : ചന്ദ്രകിരണങ്ങളുടെ
ശകലാനി ഇതി : കഷണങ്ങളാണു് എന്നാണു്
അഹം വിതര്‍ക്കയാമി : ഞാന്‍ സംശയിക്കുന്നതു്

അതു കേട്ടുവന്ന മനോരമത്തമ്പുരാട്ടി ശ്ലോകം ഇങ്ങനെ പൂരിപ്പിച്ചുകൊണ്ടു തിരിച്ചടിച്ചു:

അത ഏവ വിതേനിരേതരാം
സുദൃശാം ലോചനപദ്മമീലനം

അര്‍ത്ഥം:

അതഃ ഏവ : ചുമ്മാതല്ല
സുദൃശാം : സുന്ദരിമാരുടെ
ലോചന-പദ്മ-മീലനം വിതേനിതേതരാം : കണ്ണുകളാകുന്ന താമരകള്‍ കൂമ്പിപ്പോകുന്നതു്!

ചന്ദ്രന്‍ പ്രകാശിക്കുമ്പോഴേയ്ക്കും താമരപ്പൂക്കള്‍ കൂമ്പിപ്പോകുമല്ലോ. അതു പോലെ ഈ നമ്പൂതിരിയുടെ മോന്ത കാണുമ്പോഴേയ്ക്കും പെണ്ണുങ്ങളുടെ മുഖമൊക്കെ കൂമ്പുമെന്നു്!


കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ മനോരമത്തമ്പുരാട്ടിയുടെ കവിതയെപ്പറ്റി ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ടുണ്ടു്.

ശ്ലോകം:

വിദ്യാവിദഗ്ദ്ധവനിതാജനവല്ലികള്‍ക്കൊ-
രുദ്യാനമീ രുചിരകേരളഭൂവിഭാഗം
ഹൃദ്യാ മനോരമനരേശ്വരി തന്റെ സൂക്തി-
രദ്യാപി കോവിദമനസ്സു കവര്‍ന്നീടുന്നു

അര്‍ത്ഥം:

വിദ്യാവിദഗ്ദ്ധവനിതാജനവല്ലികള്‍ക്കു് : വിദ്യയില്‍ വിദഗ്ദ്ധകളായ പെണ്ണുങ്ങള്‍ എന്ന വള്ളികള്‍ക്കു്
ഈ കേരള-ഭൂ-വിഭാഗം ഒരു ഉദ്യാനം (ആണു്) : കേരളം എന്ന ഈ ഭൂവിഭാഗം ഒരു പൂന്തോട്ടം ആണു്.
മനോരമ-നര-ഈശ്വരി തന്റെ ഹൃദ്യാ സൂക്തിഃ : മനോരമത്തമ്പുരാട്ടിയുടെ ഹൃദ്യമായ വാക്കു്
അദ്യ-അപി കോവിദ-മനസ്സു കവര്‍ന്നീടുന്നു : ഇപ്പോഴും പണ്ഡിതരുടെ മനസ്സു കവരുന്നു.

അന്നു് എഴുതിയിരുന്ന എല്ലാവര്‍ക്കും പ്രചോദനവും പ്രോത്സാഹനവും വാരിക്കോരി കൊടുത്ത ആളായിരുന്നു കേരളവര്‍മ്മ. എങ്കിലും മനോരമ ഈ പ്രശംസ തീര്‍ച്ചയായും അര്‍ഹിച്ചിരുന്നു എന്നതു സത്യമാണു്.


ഇതുപോലെ വിനോദത്തിനു വേണ്ടിയുള്ള ശ്ലോകങ്ങള്‍ സംസ്കൃതത്തില്‍ എഴുതിയിരുന്ന കവയിത്രിയായിരുന്നു മനോരമത്തമ്പുരാട്ടിയെങ്കില്‍, സംസ്കൃതത്തിലുള്ള കാവ്യങ്ങളുടെയും നാടകങ്ങളുടെയും രീതിയിലുള്ള കൃതികള്‍ മലയാളത്തില്‍ രചിച്ച കവയിത്രിയായിരുന്നു ഇക്കാവമ്മ. കാവ്യങ്ങള്‍ എഴുതുന്നതു പോയിട്ടു് വായിച്ചു മനസ്സിലാക്കാന്‍ തന്നെ പെണ്ണുങ്ങള്‍ക്കു ബുദ്ധിമുട്ടാണു് എന്നു ധരിച്ചുവശായിരുന്ന സൂരിനമ്പൂതിരിപ്പാടിനെപ്പോലെയുള്ള പുരുഷാധിപത്യസൂകരങ്ങള്‍ക്കിടയില്‍ ഇക്കാവമ്മ തലയുയര്‍ത്തി നിന്നു. ഇക്കാവമ്മയുടെ സുഭദ്രാര്‍ജ്ജുനം നാടകം അന്നത്തെ നാടകങ്ങളുടെ സ്വഭാവത്തില്‍ നിന്നും വ്യത്യസ്തമായി നായികയായ സുഭദ്രയ്ക്കും വേണ്ടത്ര പ്രാധാന്യം കൊടുത്തിട്ടുള്ളതാണു്. അതിന്റെ പ്രവേശകത്തില്‍ “പെണ്ണുങ്ങള്‍ കവിത എഴുതുമോ?” എന്ന ചോദ്യത്തിനു സൂത്രധാരന്‍ കൊടുക്കുന്ന മറുപടി സുപ്രസിദ്ധമാണു്.

മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ? തേര്‍ തെളി–
ച്ചില്ലേ പണ്ടു സുഭദ്ര? പാരിതു ഭരിക്കുന്നില്ലെ വിക്ടോറിയാ?
മല്ലാക്ഷീമണികള്‍ക്കു പാടവമിവയ്ക്കെല്ലാം ഭവിച്ചീടുകില്‍
ചൊല്ലേറും കവിതയ്ക്കു മാത്രമവരാളല്ലെന്നു വന്നീടുമോ?

പക്ഷേ അന്നത്തെ പുരുഷകേസരികള്‍ക്കു് ഇത്ര നല്ല ഒരു കൃതി ഒരു പെണ്ണെഴുതിയതാണെന്നു് അംഗീകരിക്കാന്‍ വിഷമമായിരുന്നു. ആണുങ്ങളാരോ എഴുതിക്കൊടുത്തതായിരുന്നു എന്നായിരുന്നു പൊതുവേയുള്ള സംസാരം.

ഒന്നാമതായ്‌ സുമുഖി! ബുക്കു പകുത്തെടുത്തു
നന്നായി നോക്കി നടുതൊട്ടൊടുവാക്കുവോളം
എന്നാലതിന്റെ പുതുരീതിയിലെന്മനസ്സു
മന്നാടിയാരുടെയിതെന്നൊരു ശങ്ക തോന്നി

എന്നു വെണ്മണി മഹന്‍ എഴുതിയ അഭിപ്രായത്തില്‍ ഇക്കാവമ്മയുടെ കൃതി നടുവമോ (നടുവത്തു് അച്ഛന്‍ നമ്പൂതിരിയോ മകനോ) ഒടുവിലോ (ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍) മന്നാടിയാരോ (ചമ്പത്തില്‍ ചാത്തുക്കുട്ടി മന്നാടിയാരോ) ആയിരിക്കും എഴുതിയതു് എന്ന ദുസ്സൂചനയുണ്ടു്.

ഇക്കാവമ്മയെ പ്രത്യക്ഷത്തില്‍ അഭിനന്ദിച്ച ഒരാള്‍ മുകളില്‍ പറഞ്ഞ കേരളവര്‍മ്മ വലിയകോയിത്തമ്പുരാനായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പ്രശംസയിലും സ്ത്രീകള്‍ പൊതുവേ തെറ്റില്ലാതെ ഒരു വാക്യം പോലും എഴുതാന്‍ കഴിവില്ലാത്തവരാണു് എന്നൊരു സൂചനയുണ്ടു്.

ഇക്കാലത്തൊരു പെണ്ണു തെറ്റുകളകന്നുള്ളോരെഴുത്തെങ്കിലും
മുക്കാലും ശരിയാക്കിയിങ്ങെഴുതിയാലൊട്ടല്ലതാശ്ചര്യമാം
ഇക്കാണുന്നൊരു ചാരുനാടകമദുഷ്ടാക്ലിഷ്ടശബ്ദാര്‍ത്ഥമാ–
യിക്കാവമ്മ ചമച്ചതോര്‍ത്തു മുഴുകുന്നുള്ളദ്‌ഭുതാംഭോനിധൌ.

(ഇക്കാലത്തു് ഒരു പെണ്ണു് തെറ്റുകളില്ല്ലാതെ ഒരു കത്തു പോലും മുക്കാലും ശരിയാക്കി എഴുതിയാല്‍ അതു വലിയ അദ്ഭുതമാണു്. ഈ കാണുന്ന നാടകം ഒരു കുറ്റവും ഇല്ലാതെ ക്ലിഷ്ടതയില്ലാത്ത ശബ്ദവും അര്‍ത്ഥവും ചേര്‍ന്നു് ഇക്കാവമ്മ ഉണ്ടാക്കിയതു് ഓര്‍ത്തു് അദ്ഭുതക്കടലില്‍ എന്റെ മനസ്സു് മുഴുകുന്നു.)

പെണ്ണുങ്ങളുടെ അറിവിനെപ്പറ്റി കേരളവര്‍മ്മയ്ക്കും ഇത്രയേ അഭിപ്രായമുള്ളൂ എന്നര്‍ത്ഥം. എന്നാല്‍ എന്തുകൊണ്ടു് അങ്ങനെ സംഭവിച്ചു എന്നതിനെപ്പറ്റി ആരെങ്കിലും ആലോചിച്ചിട്ടുണ്ടാവുമോ എന്തോ?


അഭിനന്ദിച്ചില്ലെങ്കിലും, ഇക്കാവമ്മയെയും ഇക്കാവമ്മയെപ്പോലുള്ള മറ്റു് എഴുത്തുകാരികളെപ്പറ്റിയും തെറിക്കഥകള്‍ ഉണ്ടാക്കാന്‍ പുരുഷകേസരികള്‍ ധാരാളമുണ്ടായിരുന്നു. അവയിലൊന്നാണു് ഡാലി ആദ്യം ലിങ്കു കൊടുത്ത ഈ ലേഖനം. അതിന്റെ രണ്ടാം പേജില്‍ (ആദ്യത്തെ പേജില്‍ മുകളില്‍ക്കൊടുത്ത “മല്ലാരിപ്രിയയായ…” എന്ന ശ്ലോകം നിറയെ അക്ഷരത്തെറ്റോടു കൂടി കൊടുത്തിരിക്കുന്നു) ഈ തെറിക്കഥ വിസ്തരിച്ചിട്ടുണ്ടു്. ഒരു പെണ്ണു് ഇങ്ങനെ തങ്ങളോടു പറഞ്ഞല്ലോ എന്നു് ഭാവനയില്‍ കണ്ടു് സാക്ഷാല്‍ക്കാരമടയുന്ന ഏതോ പുരുഷന്റെ കൃതിയാണിതു്. ഇക്കാവമ്മയെപ്പറ്റി മാത്രമല്ല, ബാലാമണിയമ്മ, മാധവിക്കുട്ടി, സുഗതകുമാരി എന്നിവരെപ്പറ്റിയും ഈ കെട്ടുകഥ ആളുകള്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ടു്. ഈ കഥ പറഞ്ഞവരൊന്നും ആ ശ്ലോകം മുഴുവനുമായും ഉദ്ധരിച്ചു കണ്ടിട്ടുമില്ല. “കവച്ചതു മതിയോ നിനക്കു്” എന്നതു് സാധാരണ പ്രചാരത്തിലുള്ള ഒരു വൃത്തത്തിലും ഒതുങ്ങുന്നതല്ല എന്നതു് മറ്റൊരു കാര്യം.

തങ്ങളെക്കാള്‍ മികച്ചു നില്‍ക്കുന്ന സ്ത്രീകളെപ്പറ്റി അശ്ലീലകഥകള്‍ ഉണ്ടാക്കുക എന്നതു് പല പുരുഷന്മാര്‍ക്കുമുള്ള മാനസികവൈകല്യമാണു്. ഇതിന്റെ പരമകാഷ്ഠയാണു് പമ്മന്‍ എഴുതിയ “ഭ്രാന്തു്” എന്ന നോവല്‍. മേലേപ്പാട്ടു് മാധവിയമ്മയുടെ മകള്‍ അമ്മുക്കുട്ടിയുടെ കവനജീവിതത്തെയും കാമലീലകളെയും പറ്റി വര്‍ണ്ണിച്ചു് മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ മലയാളം കണ്ടിട്ടുള്ള ഏറ്റവും വലിയ വ്യക്തിഹത്യയ്ക്കിരയാക്കിയ ഈ കൃതി പ്രസിദ്ധീകരിക്കാന്‍ മലയാളനാടും പിന്നെ പല പ്രസാധകരും തയ്യാറായി എന്നതു് മലയാളത്തിനു് അപമാനമാണു്.

എഴുത്തുകാരെപ്പറ്റി മാത്രമല്ല, പല തുറകളിലും മികച്ചു നില്‍ക്കുന്ന സ്ത്രീകളെപ്പറ്റി അശ്ലീലകഥകള്‍ പ്രചാരത്തിലുണ്ടു്. ഇന്ദിരാഗാന്ധിയെപ്പറ്റി എത്ര കഥകള്‍ കേട്ടിരിക്കുന്നു! വൈറ്റ് ഹൌസിനുള്ളില്‍ വെച്ചു തരവഴി കാട്ടിയ ബില്‍ ക്ലിന്റനേക്കാള്‍ ആളുകള്‍ അശ്ലീലകഥകള്‍ ഉണ്ടാക്കിയതു് ഹിലാരി ക്ലിന്റനെപ്പറ്റിയായിരുന്നു എന്നും ഇവിടെ ഓര്‍ക്കാം.


“വിദ്യാവിദഗ്ദ്ധവനിതാ…” എന്ന ശ്ലോകം ഡാലി പറഞ്ഞുതന്നതാണു്. മറന്നു പോയിരുന്ന “ഒന്നാമതായ് സുമുഖി…” എന്ന ശ്ലോകം വായനശാല സുനിലിന്റെ ഈ പോസ്റ്റില്‍ നിന്നാണു കിട്ടിയതു്. ഡാലിക്കും സുനിലിനും നന്ദി.

ബ്ലോഗ് ഇവന്റ്
സരസശ്ലോകങ്ങള്‍

Comments (21)

Permalink

അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ്

(ഡിസ്‌ക്ലൈമര്‍: ഈ പോസ്റ്റ് ചരിത്രത്തോടു നീതി പുലര്‍ത്തുന്നതല്ല. ചരിത്രത്തിലും ഐതിഹ്യങ്ങളിലും കാണുന്ന ഉദ്ദണ്ഡന്‍, പുനം നമ്പൂതിരി, കാക്കശ്ശേരി ഭട്ടതിരി എന്നീ വ്യക്തികള്‍ക്കു ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടു്. വിശദവിവരങ്ങള്‍ അറിയാനും യഥാര്‍ത്ഥ കഥ അറിയാനും ഈ പോസ്റ്റ് വായിക്കുക.)

പണ്ടുപണ്ടു്, ക്രിസ്തുവര്‍ഷം പതിനഞ്ചാം നൂറ്റാണ്ടില്‍, കോഴിക്കോടു മാനവിക്രമന്‍ എന്ന സാമൂതിരി നാടുവാഴുന്ന കാലം. കവികള്‍ക്കും കലാകാരന്മാര്‍ക്കും യാതൊരു കുറവുമില്ല. വഞ്ചിപ്പാട്ടു്, ഓട്ടന്‍‌തുള്ളല്‍, കുറത്തിയാട്ടം, കൈകൊട്ടിക്കളി തുടങ്ങിയ സാഹിത്യശാഖകളില്‍ നിഷ്ണാതരായി ഇതു താന്‍ വിശ്വസാഹിത്യം എന്നു കരുതി മലയാളസാഹിത്യകാരന്മാര്‍ ആര്‍മ്മാദിച്ചു കഴിഞ്ഞു പോന്നു. ഇടയ്ക്കിടെ സീനിയര്‍, ജൂനിയര്‍, കൂട്ടായ്മ, കോപ്പിറൈറ്റ് എന്നൊക്കെ കേള്‍ക്കാമെങ്കിലും, പൊതുവേ ഈ മലയാളത്താന്മാര്‍ സൌഹാര്‍ദ്ദത്തിലാണു കഴിഞ്ഞുപോന്നതു്. എങ്കിലും സംസ്കൃതത്തില്‍ എഴുതുന്നതാണു് ഉത്തമസാഹിത്യമെന്നു ചിലരൊക്കെ ധരിച്ചു വശായിരുന്നു. സംസ്കൃതത്തിന്റെ കാലം കഴിഞ്ഞെന്നും സാഹിത്യത്തിന്റെ ഭാവി മലയാളത്തില്‍ ആയിരിക്കും എന്നും ചില ദീര്‍ഘദര്‍ശികള്‍ പറഞ്ഞുകൊണ്ടു നടന്നെങ്കിലും താന്‍ മലയാളത്തിലെഴുതിയ സൃഷ്ടികള്‍ സംസ്കൃതത്തിലാക്കാന്‍ വഴി വല്ലതുമുണ്ടോ എന്നു തക്കം പാര്‍ത്തുകൊണ്ടിരുന്നവരും ധാരാളമുണ്ടായിരുന്നു. സംസ്കൃതത്തിലുള്ള ഏതു കൃതിയേക്കാളും മികച്ചവയാണു താന്‍ എഴുതുന്നവ എന്നു് അഭിമാനിച്ചവരും കുറവല്ല.

അങ്ങനെയിരിക്കേ, സംസ്കൃതത്തില്‍ മാത്രം എഴുതിക്കൊണ്ടിരുന്ന ഒരു പരദേശി മലയാളനാട്ടിലെത്തി. ഉദ്ദണ്ഡശാസ്ത്രികള്‍ എന്നായിരുന്നു പേരു്. ശാസ്ത്രികള്‍ എന്നതു സ്വയം ചാര്‍ത്തിയ ബിരുദമായിരുന്നു. താന്‍ എഴുതുന്ന വഹയ്ക്കാണു് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളതു് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ മലയാളസാഹിത്യകാരന്മാരൊക്കെ വെറും ഭോഷന്മാരാണു് എന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം.

ദോഷം പറയരുതല്ലോ, ഈ മലയാളത്താന്മാര്‍ താന്‍ എഴുതുന്നതൊക്കെ വായിക്കണമെന്നു് ഉദ്ദണ്ഡനു് ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം എല്ലാവരുടേയും അടുത്തു ചെന്നു് താന്‍ ഇതാ വരുന്നു എന്നും നീയൊക്കെ എഴുത്തു നിര്‍ത്തി താന്‍ എഴുതുന്നതു വായിക്കാന്‍ തുടങ്ങണം എന്നും അഭ്യര്‍ത്ഥിച്ചു.

ശ്ലോകം:

പലായധ്വം പലായധ്വം രേ രേ ദുഷ്കവികുഞ്ജരാഃ
വേദാന്തവനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ

അര്‍ത്ഥം:

രേ രേ ദുഷ്കവികുഞ്ജരാഃ : ഡേയ് പൊട്ടക്കവികളാകുന്ന ആനകളേ
പലായധ്വം പലായധ്വം : ഓടടേയ്… ഓടടേയ്…
വേദാന്ത–വന-സഞ്ചാരീ : വേദാന്തം എന്ന വനത്തില്‍ സഞ്ചാരിക്കുന്ന
ഉദ്ദണ്ഡ-കേസരീ ഹി ആയാതി : ഉദ്ദണ്ഡന്‍ എന്ന സിംഹം ഇതാ വരുന്നു!
download MP3

തുടര്‍ന്നു് അദ്ദേഹം ദിവസം ഓരോന്നു വെച്ചു് ശ്ലോകങ്ങള്‍ പടച്ചുവിടാന്‍ തുടങ്ങി. വായിച്ചവര്‍ക്കൊന്നും ഒരു മണ്ണാങ്കട്ടയും മനസ്സിലായില്ല. സംസ്കൃതത്തിലെ എഴുത്തിന്റെ സ്റ്റൈലായിരിക്കും എന്നു കരുതി ആരും ഒന്നും പറഞ്ഞില്ല.

സ്റ്റൈല്‍ മനസ്സിലാക്കാന്‍ ഒരെണ്ണം താഴെ:

ശ്ലോകം:

നൃത്യദ്ധൂര്‍ജ്ജടികരഗതദമരുകഡുമുഡുമുപടുരവപരിപന്ഥിന്യഃ
കല്‌പക്ഷ്മാരുഹവികസിതകുസുമജമധുരസമധുരിമസഹചാരിണ്യഃ,
മന്ഥക്ഷ്മാധരവിമഥിതജലനിധിഘുമുഘുമുഘനരവമദമന്ഥിന്യഃ
ശൈലാബ്ധീശ്വര, നൃപവര, വിദധതു ബുധസുഖമയി തവ വചസാം ശ്രേണ്യഃ

അര്‍ത്ഥം:

അയി ശൈലാബ്ധി-ഈശ്വര, നൃപവര : അല്ലയോ ശൈലാബ്ധീശ്വരരാജാവേ
നൃത്യത്-ധൂര്‍ജ്ജടി-കര-ഗത-ഡമരുക- : നൃത്തം ചെയ്യുന്ന ശിവന്റെ കയ്യിലിരിക്കുന്ന ഉടുക്കിന്റെ
ഡുമുഡുമു-പടു-രവ-പരിപന്ഥിന്യഃ : “ഡുമുഡുമു” എന്ന മുഴങ്ങുന്ന ശബ്ദത്തോടു് അടുത്തു നില്‍ക്കുന്നതും
കല്പ-ക്ഷ്മാരുഹ-വികസിത-കുസുമ-ജ- : കല്പവൃക്ഷത്തിന്റെ വിടര്‍ന്ന പൂവില്‍ നിന്നുള്ള
മധു-രസ-മധുരിമ-സഹ-ചാരിണ്യഃ : തേനിന്റെ മാധുര്യത്തിനോടു കൂടെ പോകുന്നതും
മന്ഥ-ക്ഷ്മാധര-വിമഥിത-ജലനിധി- : മന്ദരപര്‍വ്വതം കടഞ്ഞ കടലിന്റെ
ഘുമുഘുമു-ഘനരവ-മദ-മന്ഥിന്യഃ : “ഘുമുഘുമു” എന്ന കനമുള്ള ശബ്ദത്തിന്റെ അഹങ്കാരം കളയുന്നതും
തവ വചസാം ശ്രേണ്യഃ : (ആയ) നിന്റെ വാക്കുകളുടെ ശ്രേണികള്‍
ബുധ-സുഖം വിദധതു : പണ്ഡിതന്മാര്‍ക്കു സുഖം നല്‍കട്ടേ!
download MP3

ഇതാണു സ്റ്റൈല്‍. വലിയ കട്ടിയുള്ള വാക്കുകളേ ഉപയോഗിക്കൂ. “ഘടപടാ” എന്നിരിക്കും. കൂട്ടി വായിച്ചു് അര്‍ത്ഥം നോക്കിയാല്‍ കാര്യമായൊന്നും ഉണ്ടാവുകയുമില്ല. രാജാവിനെപ്പറ്റി മാത്രമല്ല, അല്പം പ്രശസ്തരെന്നു തോന്നിയ പലരുടെയും പേരുകള്‍ ചേര്‍ത്തു് ഇദ്ദേഹം കൃതികള്‍ ചമച്ചിരുന്നു. ഈ കൃതികളും ആ ആളുകളും തമ്മില്‍ എന്തു ബന്ധം എന്നു് ആലോചിച്ചു പാമരന്മാര്‍ തല പുണ്ണാക്കി.

ഇദ്ദേഹത്തിനു തര്‍ക്കവും വിമര്‍ശനവുമല്ലാതെ കാവ്യാസ്വാദനത്തിനുള്ള ശക്തി അല്പം പോലുമില്ലായിരുന്നു. അതു തുറന്നു സമ്മതിച്ചിട്ടുമുണ്ടു്.

ശ്ലോകം:

വാചാ വാക്യപദപ്രമാണപദവീസഞ്ചാരസം‌പൂതയാ
സന്നദ്ധപ്രതിമല്ലഗല്ലമകുടീകുട്ടാകധാടീജുഷാ
സാടോപം വിഹരന്‍ കഥം നു രമതേ സാഹിത്യമുദ്രാരസേ?
പ്രൌഢസ്ത്രീരസികായ ബാലവനിതാസംഗഃ കഥം രോചതേ?

അര്‍ത്ഥം:

വാക്യ-പദ-പ്രമാണ-പദവീ-സഞ്ചാര-സം‌പൂതയാ : വാക്യത്തിന്റെയും പദത്തിന്റെയും പ്രമാ‍ണങ്ങളില്‍ സഞ്ചരിച്ചു ശുദ്ധമായതും
സന്നദ്ധ-പ്രതി-മല്ല-ഗല്ല-മകുടീ-കുട്ടാക-ധാടീ-ജുഷാ : എതിര്‍ക്കാന്‍ തയ്യാറെടുത്തു വന്നവരുടെ ചെകിടും തലയും തച്ചുടയ്ക്കുവാനുള്ള ധാടി ഉള്ളതും
വാചാ : (ആയ) വാക്കു് ഉപയോഗിച്ചു്
സാടോപം വിഹരന്‍ : ഒരു അല്ലലുമില്ലാതെ വിഹരിക്കുന്ന (എനിക്കു്)
സാഹിത്യ-മുദ്രാ-രസേ : ഈ സാ‍ഹിത്യം എന്നു പറയുന്ന സാധനത്തിന്റെ രസത്തില്‍
കഥം നു രമതേ? : വല്ല രസവുമുണ്ടാവുമോ?
പ്രൌഢ-സ്ത്രീ-രസികായ : കാമകലയില്‍ കേമികളെ മാത്രം പ്രാപിക്കുന്ന ഒരാള്‍ക്കു്
ബാലവനിതാസംഗഃ : ഒരു കിളുന്തുപെണ്ണിനെ
കഥം രോചതേ? : എങ്ങനെ ബോധിക്കും?
download MP3
ഒരല്പം ഓഫ്‌ടോപ്പിക്: വി. കെ. എന്‍. -ന്റെ “പയ്യന്‍ കഥക”ളിലെ ആദ്യത്തെ കഥയില്‍ രേണുവിന്റെ സാരിയ്ക്കു സ്ഥാനചലനം സംഭവിക്കുമ്പോള്‍ “ഉദ്ദണ്ഡശാസ്ത്രികള്‍ക്കു ശേഷം സംഭവിച്ച പ്രൌഢസ്ത്രീരസികനായ പയ്യന്‍” എന്ന പ്രയോഗത്തില്‍ ഉദ്ദിഷ്ടമായ ശ്ലോകം ഇതാകുന്നു.

ഇങ്ങനെയൊക്കെയായാലും പറയുന്നതു സംസ്കൃതത്തിലായതു കൊണ്ടും തര്‍ക്കം, വ്യാകരണം, വിമര്‍ശനം തുടങ്ങിയവയില്‍ പേരെടുത്ത ആളായതു കൊണ്ടും പൊതുവേ ആളുകള്‍ ഉദ്ദണ്ഡനു് കുറച്ചു് ആദരവു കൊടുത്തു പോന്നു.


ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നു് വളരെയധികം പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള ഒരു മലയാളകവിയുമുണ്ടു്. പുനം നമ്പൂതിരി എന്നാണു് ആ കവിയുടെ പേരു്.

പുനം ആള്‍ ചില്ലറക്കാരനല്ലായിരുന്നു. പുലിയാ‍യിരുന്നു.

പാലാഴിത്തയ്യലാള്‍ തന്‍ തിരുനയനകലാലോലലോലംബമാലാ–
ലീലാരംഗം, ഭുജംഗേശ്വരമണിശയനേ തോയരാശൌ ശയാനം,
മേലേ മേലേ തൊഴുന്നേന്‍ – ജഗദുദയപരിത്രാണസംഹാരദീക്ഷാ–
ലോലാത്മാനം പദാന്തപ്രണത സകലദേവാസുരം വാസുദേവം

download MP3

എന്നതു പോലെ സ്റ്റൈലായി സംസ്കൃതനിബിഡമായ ശ്ലോകങ്ങള്‍ കൊണ്ടു് ഭാഷാരാമായണചമ്പു എഴുതിയവന്‍. സംസ്കൃതത്തില്‍ എഴുതിയെഴുതി മതിയായി “ഇനി ഞാന്‍ മലയാളത്തിലേ എഴുതൂ” എന്നു ശപഥം ചെയ്തവന്‍. ഇനി സംസ്കൃതത്തില്‍ എന്നെങ്കിലും എഴുതിയാലും ആദ്യം അതു മലയാളത്തില്‍ എഴുതിയതിനു ശേഷം മാത്രമേ സംസ്കൃതത്തില്‍ എഴുതൂ എന്നു പരസ്യമായി പ്രഖ്യാപിച്ചവന്‍.

ഈ പുനം നമ്പൂതിരി തന്നെയാണു ചെറുശ്ശേരിയും എന്നു് ചില പണ്ഡിതര്‍ക്കു് അഭിപ്രായമുണ്ടെന്നു മലയാളം വിക്കിപീഡിയ പറയുന്നു. ശരിയാണോ എന്തോ? എന്തായാലും കള്ളപ്പേരില്‍ എഴുതുന്നതു് അന്നേ ഉണ്ടു് എന്നതിനു രണ്ടു പക്ഷമില്ല. ഉദ്ദണ്ഡനാണെങ്കില്‍ സ്വന്തം പേരില്‍ മാത്രമേ ആളുകള്‍ എഴുതാന്‍ പാടുള്ളൂ എന്നു നിര്‍ബന്ധമുള്ള ആളായിരുന്നു. അല്ലാത്തവരെല്ലാം വെട്ടുക്കിളികളാണത്രേ!

പുനം നമ്പൂതിരി ഒരിക്കല്‍ ഈ ശ്ലോകം എഴുതി.

ശ്ലോകം:

താരില്‍ത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം
നീരില്‍ത്താര്‍ബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ!
നേരെത്താതോരു നീയാം തൊടുകുറി കളകായ്കെന്നുമേഷാ കുളിക്കും
നേരത്തിന്നിപ്പുറം വിക്രമനൃവര! ധരാ ഹന്ത! കല്‍പാന്തതോയേ.

അര്‍ത്ഥം:

താരില്‍-ത്തന്വീ-കടാക്ഷ-അഞ്ചല-മധുപ-കുല-ആരാമ! : ലക്ഷ്മീദേവിയുടെ നോട്ടത്തിന്റെ അറ്റമാകുന്ന വണ്ടിന്‍ കൂട്ടത്തിനു പൂന്തോട്ടമായുള്ളവനേ!
രാമാ-ജനാനാം നീരില്‍-ത്താര്‍-ബാണ! : പെണ്ണുങ്ങളുടെ കാമദേവാ!
വൈരാകര-നികര-തമോ-മണ്ഡലീ-ചണ്ഡഭാനോ! : ശത്രുക്കൂട്ടമാകുന്ന ഇരുട്ടിനു് സൂര്യനായവനേ
ധരാ കല്‍പ-അന്ത-തോയേ : ഭൂമി പ്രളയജലത്തില്‍
കുളിക്കും നേരത്തിന്നു് ഇപ്പുറം : കുളിക്കുന്ന സമയത്തിനു മുമ്പു്
നേരു് എത്താതോരു നീയാം തൊടുകുറി : തുല്യമില്ലാത്ത നീയാകുന്ന തൊടുകുറി
ഹന്ത, എന്നും കളകായ്ക : അയ്യോ, ഒരു കാലത്തും കളയാതിരിക്കണേ!
download MP3

ഈ ശ്ലോകം കേട്ടിട്ടു് ഉദ്ദണ്ഡന്‍ ചാടിയെഴുന്നേറ്റു് “ബലേ ഭേഷ്! അന്ത ഹന്തയ്ക്കിന്ത പട്ടു്” എന്നു പറഞ്ഞു് തോളത്തു കിടന്ന പട്ടു പുനത്തിനു സമ്മാനിച്ചു എന്നാണു കഥ. ഈ ശ്ലോകത്തിലെ “ഹന്ത” എന്ന പ്രയോഗത്തിനാണു് ആ പട്ടു കൊടുത്തതത്രേ!

ഉദ്ദണ്ഡന്‍ എന്തിനാണു പ്രശംസിച്ചതെന്നു അധികം ആളുകള്‍ക്കും മനസ്സിലായില്ല. ഈ ശ്ലോകത്തിന്റെ അര്‍ത്ഥഭംഗിയല്ല അദ്ദേഹത്തെ ആകര്‍ഷിച്ചതു്. അര്‍ത്ഥം മനസ്സിലായോ എന്നു തന്നെ അറിയില്ല. (പട്ടു കൊടുക്കാനും അവതാരിക എഴുതാനും അര്‍ത്ഥം അറിയേണ്ടല്ലോ!) കുറേ ശബ്ദങ്ങള്‍ പ്രാസത്തോടെ തിരിച്ചും മറിച്ചുമിട്ടു് എഴുതി മാത്രം ശീലമുള്ള ഉദ്ദണ്ഡനെ ആകര്‍ഷിച്ചതു് ഈ ശ്ലോകത്തിന്റെ പ്രാസഭംഗിയാണു്. നാലു വരിയിലുമുള്ള ദ്വിതീയാക്ഷര-തൃതീയാക്ഷരപ്രാ‍സങ്ങള്‍ മനോഹരമാണു്. കൂടാതെ വരികളുടെ അവസാനമുള്ള അനുപ്രാസവും.

ആദ്യത്തെ വരിയില്‍: “രാമ രാമാജനാം” എന്നു മ.
രണ്ടാം വരിയില്‍: “മണ്ഡലീചണ്ഡഭാനോ” എന്നു് ണ്ഡ.
“ബലേ ഭേഷ്” എന്നു പറയാന്‍ വന്ന ഉദ്ദണ്ഡനെ മൂന്നാം വരി നിരാശനാക്കിക്കളഞ്ഞു. “എന്നുമേഷാ കുളിക്കും”. പ്രാസമില്ല!

(എന്നുമേഷാ = എന്നും + ഏഷാ, എന്നു് + ഉമേഷാ അല്ല)

“ഈ മലയാളത്താന്മാര്‍ക്കു മര്യാദയ്ക്കു് ഒരു ശ്ലോകം എഴുതാന്‍ അറിയില്ല” എന്നു മനസ്സില്‍ പറഞ്ഞു പുനത്തിന്റെ പേരു വെട്ടാന്‍ തുനിഞ്ഞപ്പോഴാണു നാലാം വരി: “ഹന്ത, കല്പാന്തതോയേ” എന്നു് ന്ത!
പ്രാസമില്ലാതിരുന്ന നാലാം വരിയില്‍ അര്‍ത്ഥമില്ലാത്ത ഹന്തയെ കടത്തി പുനം പ്രാസമുണ്ടാക്കിയിരിക്കുന്നു! കൊടുക്കു് ആ ഹന്തയ്ക്കു് ഒരു പട്ടു്!

ഇങ്ങനെയാണു് “അന്ത ഹന്തയ്ക്കിന്തപ്പട്ടു്” ഉണ്ടായതു്.

ഉദ്ദണ്ഡന്റെ കാവ്യാസ്വാദനവും വിമര്‍ശനവും ഏതാണ്ടു മനസ്സിലായല്ലോ.


പട്ടു കൊടുക്കുക മാത്രമല്ല, പുനത്തിനു് മഹത്തായ ഒരു അവതാരികയും എഴുതിക്കൊടുത്തു ഉദ്ദണ്ഡന്‍.

ശ്ലോകം:

അധികേരളമഗ്ര്യഗിരഃ കവയഃ
കവയന്തു വയം തു ന താന്‍ വിനുമഃ
പുളകോദ്ഗമകാരി വചഃപ്രസരം
പുനമേവ പുനഃ പുനരാസ്തുമഹേ

അര്‍ത്ഥം:

അധി-കേരളം അഗ്ര്യഗിരഃ കവയഃ കവയന്തു : കേരളത്തിലെ വാക്‍സാമര്‍ത്ഥ്യമുള്ള കവികള്‍ കവിത എഴുതട്ടേ
വയം താന്‍ ന വിനുമഃ തു : നാം അവരെ വണങ്ങുന്നില്ല
പുളകോദ്‌ഗമ-കാരി വചഃ-പ്രസരം : പുളകം പുറത്തുവരുന്ന വാക്കു പ്രസരിപ്പിക്കുന്ന
പുനം ഏവ : പുനം നമ്പൂതിരിയെ മാത്രം
പുനഃ പുനഃ ആസ്തുമഹേ : (ഞാന്‍) പിന്നെയും പിന്നെയും സ്തുതിക്കുന്നു.
download MP3

പുനമൊഴികെ മറ്റൊരു കേരളകവിയെയും താന്‍ ബഹുമാനിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞതു ശ്രദ്ധിക്കുക. താന്‍ നേരിട്ടു പരിചയപ്പെട്ടിട്ടില്ലാത്ത കവികളെ വരെ അദ്ദേഹത്തിനു പുച്ഛമായിരുന്നു-കേരളകവിയാണു് എന്ന ഒറ്റക്കാരണം കൊണ്ടു്.

പക്ഷേ, പുനം ഒരു കവിയാണെന്നു സമ്മതിച്ചു കൊടുക്കാന്‍ ഉദ്ദണ്ഡന്‍ തയ്യാറായിരുന്നില്ല. പുനത്തിനെ പരാമര്‍ശിച്ചു് കവി എന്നെഴുതിയാല്‍ ഒരു ചോദ്യചിഹ്നം കൂടി ഇടുന്നതു് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അങ്ങനെ മലയാളികളുടെ അരചകവിയായ പുനം നമ്പൂതിരി ഉദ്ദണ്ഡന്റെ ഇടപെടല്‍ മൂലം അരക്കവിയായി മാറി.

പക്ഷേ, കാലം കുറേ കഴിഞ്ഞപ്പോള്‍ പതിനെട്ടരക്കവികളില്‍ അരക്കവിയായിരുന്ന പുനം നമ്പൂതിരിയെ മാത്രം ജനം ഓര്‍ത്തു. ബാക്കി പതിനെട്ടു സംസ്കൃതകവികള്‍ ആരൊക്കെയെന്നറിയാന്‍ ആളുകള്‍ക്കു വിക്കിപീഡിയ നോക്കേണ്ടി വന്നു.


അക്കാലത്തു്, രേവതീപട്ടത്താനം എന്നൊരു വിദ്വത്‌സദസ്സു സ്ഥിരമായി നടക്കുമായിരുന്നു. ഒരു കാലത്തു വളരെ നല്ല രീതിയില്‍ നടന്നിരുന്ന ഈ വിദ്വത്‌സദസ്സു് ഉദ്ദണ്ഡന്റെ കാലത്തു് വെറും അനാവശ്യതര്‍ക്കങ്ങളുടെ വേദിയായി. ദിവസവും ഉദ്ദണ്ഡന്‍ എന്തെങ്കിലും പറയും. എതിര്‍ക്കുന്നവരെ ഉദ്ദണ്ഡന്‍ തന്നെ തര്‍ക്കിച്ചു തോല്‍പ്പിക്കും. ആരെന്തു പറഞ്ഞാലും “നഹി, നഹി” (അല്ല, അല്ല) എന്നു പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തര്‍ക്കിക്കുന്നവരോടു് പോയി പുസ്തകങ്ങള്‍ വായിച്ചിട്ടു വരാന്‍ പറയുക, അവര്‍ക്കു് എഴുതാന്‍ അറിയില്ല എന്നു പറയുക, അവരുടെ പേരുകള്‍ കൊള്ളില്ല എന്നു പറയുക, താന്‍ സംസ്കൃതത്തില്‍ എഴുതുന്നതൊക്കെ ലോകത്തില്‍ വെച്ചു് ഏറ്റവും ഉത്‌കൃഷ്ടമാണെന്നു പറയുക തുടങ്ങിയ ചെപ്പടിവിദ്യകളും ഉത്തരം മുട്ടുമ്പോള്‍ അദ്ദേഹം ചെയ്തിരുന്നു. എന്തായാലും അവസാനത്തില്‍ താന്‍ ജയിച്ചതായി അദ്ദേഹം പ്രഖ്യാപിക്കും. സാമൂതിരി അതു് അംഗീകരിക്കുകയും ചെയ്യും.

കേരളത്തിലെ പണ്ഡിതര്‍ ഇദ്ദേഹത്തെക്കൊണ്ടു പൊറുതിമുട്ടി. അവര്‍ കൂട്ടമായി ഇദ്ദേഹത്തെ വാദത്തില്‍ തോല്പിക്കാന്‍ ശ്രമിച്ചു. ഉദ്ദണ്ഡന്‍ അവരെ വെട്ടുക്കിളികള്‍ എന്നു വിളിച്ചു. രേവതീപട്ടത്താനം ആകെ അലമ്പായി.

എങ്കിലും കേരളപണ്ഡിതന്മാര്‍ക്കാര്‍ക്കും ഉദ്ദണ്ഡനെ വാദത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ല.


ഈ ഉദ്ദണ്ഡനെയും ഒതുക്കാന്‍ ഒരാളുണ്ടായി-കാക്കശ്ശേരി ഭട്ടതിരി. ഇദ്ദേഹത്തിനു സംഭവം നടക്കുമ്പോള്‍ ഏഴെട്ടു വയസ്സേ ഉള്ളൂ. എഴുത്തും വായനയും തുടങ്ങിയിട്ടു് അധികം കാലമായിട്ടില്ല. എന്നാലെന്താ, സൂര്യനു കീഴിലുള്ള എന്തിനെപ്പറ്റിയും ആധികാരികമായ വിവരമാണു്. തര്‍ക്കിക്കാന്‍ ഉദ്ദണ്ഡനെക്കാള്‍ വളരെ മുകളില്‍. എന്തു ചോദിച്ചാലും “നഹി, നഹി” എന്നേ പറയുള്ളൂ. തര്‍ക്കുത്തരം പറയാന് ഇവനെക്കഴിഞ്ഞു് ആരുമില്ല. പണ്ടു ചില ബ്രാഹ്മണര്‍ “ആപദി കിം കരണീയം?” എന്നു ചോദിച്ചപ്പോള്‍ “സ്മരണീയം ചരണയുഗളമംബായാഃ” എന്നും പിന്നെ “തത് സ്മരണം കിം കുരുതേ?” എന്നതിനു് “ബ്രഹ്മാദീനപി ച കിങ്കരീകുരുതേ” എന്നും പദ്യത്തില്‍ത്തന്നെ തര്‍ക്കുത്തരം പറഞ്ഞ ആളാണു്. പ്രാസത്തോടു കൂടി

ഹൃദാകാശേ ചിദാദിത്യസ്സദാ ഭാതി നിരന്തരം

എന്നും മറ്റും കാച്ചാന്‍ കഴിവുള്ള ആളാണു്. ചുരുക്കം പറഞ്ഞാല്‍, പുലിയാണെന്നര്‍ത്ഥം.

കാക്കശ്ശേരി രംഗത്തെത്തിയതോടെ മറ്റു മലയാളപണ്ഡിതന്മാര്‍ക്കും ഉഷാറായി. എങ്ങനെയെങ്കിലും ഉദ്ദണ്ഡനെ കെട്ടുകെട്ടിച്ചേ അടങ്ങൂ എന്നായി അവര്‍.

അക്കാലത്തു രേവതീപട്ടത്താനത്തില്‍ 72 തര്‍ക്കങ്ങളാണു നടക്കുക. ഓരോ തര്‍ക്കത്തിനും വിജയിക്കു് ഓരോ പണക്കിഴി കിട്ടും. ഈ 72 പണക്കിഴിയും സ്ഥിരമായി ഉദ്ദണ്ഡനാണു് കൊണ്ടുപോയിരുന്നതു്. ഇത്തവണ അദ്ദേഹത്തിനു് ഒരെണ്ണം പോലും കൊടുക്കാതിരിക്കുകയായിരുന്നു കാക്കശ്ശേരിയുടെയും കൂട്ടരുടെയും ലക്ഷ്യം.

തര്‍ക്കം തുടങ്ങി. വാദങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പു് ഉദ്ദണ്ഡന്‍ കാക്കശ്ശേരിയെ ഒന്നു ചുഴിഞ്ഞു നോക്കി. ഒരു കിളുന്തുപയ്യന്‍. അധികം വിവരമൊന്നും ഉണ്ടാകാന്‍ വഴിയില്ല. സംസ്കൃതത്തില്‍ പത്രാധിപര്‍ക്കുള്ള ഒരു കത്തു പോലും എഴുതിയിരിക്കാന്‍ ഇടയില്ല. ഇവന്‍ വെറുതേ തമാശയ്ക്കു വന്നതായിരിക്കും. ഇവനെക്കാള്‍ വലിയ എത്ര പണ്ഡിതരെ താന്‍ പുഷ്പം പോലെ ഒതുക്കിയിരിക്കുന്നു!

“ആകാരോ ഹ്രസ്വഃ,” പുച്ഛത്തോടെ ഉദ്ദണ്ഡന്‍ പറഞ്ഞു. ആകാരം എന്നു വെച്ചാല്‍ ആകൃതി, ശരീരത്തിന്റെ വലിപ്പം. കുഞ്ഞുപയ്യനാണല്ലോ എന്നു്.

എല്ലാറ്റിനും “നഹി, നഹി” എന്നു മാത്രം പറഞ്ഞു പരിചയിച്ചിട്ടുള്ള കാക്കശ്ശേരി വിട്ടില്ല, “നഹി നഹി,” അദ്ദേഹം പറഞ്ഞു, “ആകാരോ ദീര്‍ഘഃ, അകാരോ ഹ്രസ്വഃ”

ആകാരം എന്നതിനു് ആ എന്ന അക്ഷരം എന്നും അര്‍ത്ഥമുണ്ടു്. (“ര” ഒഴികെയുള്ള എല്ലാ അക്ഷരത്തിന്റെയും കൂടെ “…കാരം” ചേര്‍ത്താണു പറയുക. “ര”യ്ക്കു മാത്രം “രകാരം” എന്നു പറയില്ല-“രേഫം” എന്നാണു പറയുക. എന്താണു കാരണമെന്നു് എനിക്കു് ഒരു പിടിയുമില്ല.) അതു ദീര്‍ഘമാണു്, അകാരമാണു ഹ്രസ്വം എന്നാണു കാക്കശ്ശേരി തിരിച്ചടിച്ചതു്.

ഈ ആകാരം ഉദ്ദണ്ഡനെ മാത്രമല്ല വലച്ചതു്. സിബു “ആകാരാദി” എന്നു പ്രയോഗിച്ചതും സന്തോഷ് തോട്ടിങ്ങല്‍ “അകാരാദി” എന്നു തിരുത്തിയതും ഇവിടെ.

അങ്ങനെ വാദം തുടങ്ങുന്നതിനു മുമ്പു തന്നെ ഉദ്ദണ്ഡന്‍ എട്ടുനിലയില്‍ പൊട്ടി. വാദം തുടങ്ങുകയായി.

ഉദ്ദണ്ഡനു് ഒരു തത്തയുണ്ടു്. അദ്ദേഹത്തിന്റെ ഭാഗ്യചിഹ്നമാണെന്നാണു് അദ്ദേഹം കരുതിയിരുന്നതു്. അതിനെ എടുത്തു മുന്നില്‍ വെച്ചിട്ടേ എന്തും തുടങ്ങൂ. അതിന്റെ ചേഷ്ടകളനുസരിച്ചാണു് വാദം എങ്ങനെ വേണമെന്നു് അദ്ദേഹം തീരുമാനിക്കുന്നതു്. (പില്‍ക്കാലത്തു്, കിളി ചത്തു പോയതിനു ശേഷം കിളിയുടെ ഒരു പടം വാദത്തിനു മുമ്പു വെയ്ക്കുമായിരുന്നു. അതു കിട്ടിയില്ലെങ്കില്‍ നദി, മല, വെട്ടുക്കിളികള്‍, അരി അരയ്ക്കുന്ന മെഷീന്‍ തുടങ്ങി വാദവുമായി ബന്ധവുമില്ലാത്ത എന്തെങ്കിലും വെയ്ക്കുന്നതു പതിവാക്കി. “യത്ര യത്ര വാദസ്തത്ര തത്ര ചിത്രഃ” ചിത്രമില്ലെങ്കില്‍ വാദവുമില്ല.) അന്നും അദ്ദേഹം തന്റെ കിളിയെ എടുത്തു മുന്നില്‍ വെച്ചു. കാക്കശ്ശേരി തന്റെ ഭാഗ്യചിഹ്നമാണെന്നു പറഞ്ഞു് ഒരു പൂച്ചയെ എടുത്തു മുന്നില്‍ വെച്ചു. പൂച്ചയെ കണ്ടതോടെ കിളി പേടിച്ചു് കൂട്ടില്‍ കയറി. പിന്നെ വാദത്തിന്റെ ഗതി നിയന്ത്രിക്കാന്‍ കിളിയില്ലാതെ ഉദ്ദണ്ഡന്‍ വലഞ്ഞു.

പിന്നെ കൊടും‌പിരിക്കൊണ്ട വാദമായിരുന്നു. വാദത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ എഴുതുന്നില്ല. താത്പര്യമുള്ളവര്‍ക്കു് അതു് ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തില്‍ വായിക്കാം. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഇല്ലാതാകുന്നതിനു മുമ്പു് അവിടെ ഒരു കോപ്പി കണ്ടേക്കും. ഉദ്ദണ്ഡന്റെ എല്ലാ വാദത്തെയും കാക്കശ്ശേരി “നഹി നഹി” എന്നു പറഞ്ഞു ഖണ്ഡിച്ചു് കിഴിയെല്ലാം സ്വന്തമാക്കി എന്നു പറഞ്ഞാല്‍ കഴിഞ്ഞു.

വാദത്തില്‍ തോറ്റു സഹികെട്ടാല്‍ എന്തു ചെയ്യും? തന്തയ്ക്കും തള്ളയ്ക്കും പറയും, അത്ര തന്നെ. ഇവിടെയും അതു സംഭവിച്ചു. പക്ഷേ, ഒരു കുഴപ്പം. അച്ഛനെയോ അമ്മയെയോ ചീത്ത പറഞ്ഞാല്‍ മറ്റെയാള്‍ “നഹി, നഹി” എന്നു പറഞ്ഞു് അതു തെറ്റാണെന്നു സമര്‍ത്ഥിക്കും. അതുകൊണ്ടു കാര്യമില്ലല്ലോ. അതുകൊണ്ടു് ഉദ്ദണ്ഡന്‍ ഒരു ഉപായം പ്രയോഗിച്ചു. “തവ മാതാ പതിവ്രതാ” എന്നു കാക്കശ്ശേരിയോടു പറഞ്ഞു. നിന്റെ അമ്മ പതിവ്രതയാണു് എന്നു്. ഇതിനെങ്കിലും ഇവന്‍ “നഹി, നഹി” എന്നു പറയാതിരിക്കുമോ എന്നു നോക്കട്ടേ!

വാദത്തിനു വേണ്ടി അമ്മയുടെ പാതിവ്രത്യത്തെപ്പോലും തള്ളിപ്പറയാന്‍ കാക്കശ്ശേരിക്കു മടിയില്ലായിരുന്നു. “നഹി, നഹി” എന്നു തന്നെ പറഞ്ഞു. പിന്നെ, ഭര്‍ത്താവു് അനുഭവിക്കുന്നതിനു മുമ്പു് ഒരു പെണ്ണിനെ ചില ദേവന്മാര്‍ അനുഭവിക്കുന്നു എന്നര്‍ത്ഥം വരുന്ന ഒരു സ്മൃതിവാക്യം ചൊല്ലി അതു സമര്‍ത്ഥിക്കുകയും ചെയ്തു. ഉദ്ദണ്ഡന്‍ തോറ്റു മടങ്ങി.

അങ്ങനെ എഴുപത്തൊന്നു കിഴികളും കാക്കശ്ശേരി നേടി. എഴുപത്തിരണ്ടാമത്തേതു് ഏറ്റവും പ്രായം ചെന്ന പണ്ഡിതനുള്ളതാണു്. അതെങ്കിലും തനിക്കു തരണം എന്നു് ഉദ്ദണ്ഡന്‍ അപേക്ഷിച്ചു.

“ഏയ്, പറ്റില്ല,” കാക്കശ്ശേരി പ്രതിവചിച്ചു, “ഇവിടെ മലയാളകവികളുടെ കൂട്ടത്തില്‍ താങ്കളെക്കാള്‍ പ്രായം കൂടിയ ആളുകള്‍ ധാരാളമുണ്ടു്. റിട്ടയര്‍മെന്റിനു ശേഷം വേറെ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ അക്ഷരം പഠിച്ചു മലയാളത്തില്‍ കൃതികളെഴുതിത്തുടങ്ങിയവര്‍. അവര്‍ക്കു വിവരമില്ലായിരിക്കാം; പക്ഷേ, അവരെക്കാള്‍ വിവരമുണ്ടെന്നു താങ്കള്‍ക്കും തെളിയിക്കാന്‍ പറ്റിയില്ലല്ലോ…”

അങ്ങനെ എഴുപത്തിരണ്ടാമത്തെ കിഴിയും ഉദ്ദണ്ഡനു കൊടുക്കാതെ കാക്കശ്ശേരി കൈവശമാക്കി. കുപിതനായ ഉദ്ദണ്ഡന്‍ പോയി സംസ്കൃതത്തില്‍ ഇങ്ങനെ എഴുതി.

ശ്ലോകം:

ഭാഷാകവിനിവഹോऽയം
ദോഷാകരവദ്വിഭാതി ഭുവനതലേ
പ്രായേണ വൃത്തഹീനോ
സൂര്യാലോകേ നിരസ്തഗോപ്രസരഃ

അര്‍ത്ഥം:

അയം ഭാഷാകവിനിവഹഃ : ഈ മലയാളകവികള്‍
ഭുവന-തലേ ദോഷാകരവത് വിഭാതി : ഭൂമിയില്‍ ചന്ദ്രനെപ്പോലെ (ദോഷം ചെയ്തു) വിളങ്ങുന്നു.
പ്രായേണ വൃത്ത-ഹീനഃ : സാധാരണയായി വൃത്തമില്ല. (പ്രായം കൂടുമ്പോ‍ള്‍ വൃത്താകൃതി നഷ്ടപ്പെടുന്നു)
സൂരി-ആലോകേ (സൂര്യ-ആലോകേ) നിരസ്ത-ഗോ-പ്രസരഃ : പണ്ഡിതന്മാര്‍ (സൂര്യന്‍) നോക്കുമ്പോള്‍ വാക്കുകള്‍ (പ്രകാശം) ഇല്ലാതെയാവുകായും ചെയ്യുന്നു.
download MP3

കവികളെ സംബന്ധിച്ചു പറയുമ്പോള്‍ വൃത്തം പദ്യമെഴുതുന്ന തോതാണു്. “പ്രായേണ” എന്നതിനു് “സാധാരണയായി” എന്നു് അര്‍ത്ഥവും. ചന്ദ്രപക്ഷത്തില്‍ “പ്രായം ചെല്ലുമ്പോള്‍ വൃത്താകൃതി നഷ്ടപ്പെടുന്നു” എന്ന അര്‍ത്ഥവും. സൂര്യാലോകം എന്നതിനെ സൂരി + ആലോകം എന്നും സൂര്യ + ആലോകം എന്നും സന്ധി ചെയ്യാം. സൂരി = പണ്ഡിതന്‍. ഗോ എന്ന ശബ്ദത്തിനു പ്രകാശമെന്നും വാക്കെന്നും അര്‍ത്ഥമുണ്ടു്.

ഇത്തരം ഒരു ഭര്‍ത്സനം ഒരു സംസ്കൃതകൃതിയില്‍ ഉദ്ദണ്ഡന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മലയാളകവികളാകെ ക്ഷുഭിതരായി. ഇതിനു സംസ്കൃതഭാഷ മലയാളഭാഷയോടു മാപ്പു പറയണമെന്നും ഉദ്ദണ്ഡനെ സംസ്കൃതത്തിലെഴുതുന്നതില്‍ നിന്നും വിലക്കണമെന്നും പരക്കെ ആവശ്യങ്ങളുയര്‍ന്നു. ചിലര്‍ സംസ്കൃതപുസ്തകങ്ങള്‍ ചുട്ടുകരിച്ചു. സംസ്കൃതഭാഷയെ മുഴുവന്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനങ്ങളുണ്ടായി. സംസ്കൃതപക്ഷപാതികളാകട്ടേ, അതു് അനാദിയും അനന്തവും അന്യൂനവുമാണെന്നുള്ള മൂഢവിശ്വാസത്തില്‍ ഉറച്ചു നിന്നു.

കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള ഉദ്ദണ്ഡന്‍ കുലുങ്ങിയില്ല. ദിവസവുമില്ലെങ്കിലും പൊട്ടക്കവിതകള്‍ പടച്ചു വിടുന്നതു് അദ്ദേഹം നിര്‍ത്തിയില്ല. നീലനിറമുള്ള പഴങ്ങളെപ്പറ്റിയും ചിരിക്കുന്ന ചിതലിനെപ്പറ്റിയും അദ്ദേഹം പിന്നെയും എഴുതിക്കൊണ്ടിരുന്നു.

ആക്ഷേപഹാസ്യം (satire)
ആലാപനം (Recital)
ശബ്ദം (Audio)
സരസശ്ലോകങ്ങള്‍

Comments (44)

Permalink

സുജനികയുടെ ശ്ലോകവും സീനിയര്‍ ബ്ലോഗറും…

സുജനികയിലെ ഒരു പോസ്റ്റിലാണു് ഈ ശ്ലോകത്തെ പരാമര്‍ശിച്ചിരിക്കുന്നതു കണ്ടതു്. ഇപ്പോള്‍ ആ പോസ്റ്റ് കാണുന്നില്ല. എന്തിനു ഡിലീറ്റ് ചെയ്തോ ആവോ?

രാജേഷ് വര്‍മ്മയും പറയുന്നതു കേട്ടു സുജനികയിലെ ഏതോ പോസ്റ്റ് കാണാനില്ലെന്നു്. ഇതെന്താ പോസ്റ്റുകള്‍ കൂട്ടമായി കാണാതാവുകയാണോ?

എന്റെ ചെറുപ്പത്തില്‍ പഴങ്കഥകള്‍ പറയുന്ന ഒരു അപ്പൂപ്പന്‍ പറഞ്ഞാണു് ഈ ശ്ലോകം കേട്ടതു്. രസകരമായതിനാല്‍ അതു് എഴുതിയെടുക്കുകയും പഠിക്കുകയും ചെയ്തു. പിന്നീടു് അതിനെപ്പറ്റി കാണുന്നതു് ഇപ്പോഴാണു്. അപ്പോഴേയ്ക്കും ശ്ലോകം മറന്നുപോയിരുന്നു. സുജനികയുടെ പോസ്റ്റില്‍ കൊടുത്തിരുന്ന അര്‍ത്ഥവിവരണമനുസരിച്ചു് ശ്ലോകം ഓര്‍ത്തെടുത്തതു താഴെച്ചേര്‍ക്കുന്നു. ഈ ശ്ലോകം അറിയാവുന്നവര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം എന്നു് അപേക്ഷിക്കുന്നു.

രാവണവധത്തിനും വിഭീഷണാഭിഷേകത്തിനും ശേഷം എന്തോ കാര്യത്തില്‍ കുപിതനായ രാമന്‍ താന്‍ നേടിക്കൊടുത്തതെല്ലാം തിരിച്ചുകൊടുക്കാന്‍ വിഭീഷണനോടു പറയുന്നതു കേട്ടു് ജാംബവാന്‍ പറയുന്നതായാണു് ആ അപ്പൂപ്പന്‍ ഈ ശ്ലോകം ചൊല്ലിയതു്. ആരെഴുതിയതെന്നോ ഏതു പുസ്തകത്തിലേതെന്നോ അറിയില്ല.

ശ്ലോകം:

ഇന്ദ്രം ദ്വ്യക്ഷ, മമന്ദപൂര്‍വ്വമുദധിം, പഞ്ചാനനം പദ്മജം,
ശൈലാന്‍ പക്ഷധരാന്‍, ഹയാനപി ച, തം കാമം ച സദ്വിഗ്രഹം,
അബ്ധിം ശുദ്ധജലം, സിതം ശിവഗളം, ലക്ഷ്മീപതിം പിംഗളം,
ജാനേ സര്‍വ്വമഹം പ്രഭോ രഘുപതേ ദത്താപഹാരം വിനാ

അര്‍ത്ഥം:

അഹം സര്‍വ്വം ജാനേ : ഞാന്‍ എല്ലാം അറിഞ്ഞിട്ടുണ്ടു്
ദ്വി-അക്ഷം ഇന്ദ്രം : രണ്ടു കണ്ണുള്ള ഇന്ദ്രനെയും
അമന്ദ-പൂര്‍വ്വം ഉദധിം : ഇളകുന്നതിനു മുമ്പുള്ള കടലിനെയും
പഞ്ച-ആനനം പദ്മജം : അഞ്ചു തലയുള്ള ബ്രഹ്മാവിനെയും
പക്ഷധരാന്‍ ശൈലാന് : ചിറകുള്ള പര്‍വ്വതങ്ങളെയും
ഹയാന്‍ അപി ച : അതു പോലെ (ചിറകുള്ള) കുതിരകളെയും
തം സദ്-വിഗ്രഹം കാമം : ആ ശരീരമുള്ള കാമദേവനെയും
ശുദ്ധ-ജലം അബ്ധിം : ശുദ്ധജലമുള്ള കടലിനെയും
സിതം ശിവ-ഗളം : ശിവന്റെ വെളുത്ത കഴുത്തിനെയും
പിംഗളം ലക്ഷ്മീ-പതിം : മുഴുവന്‍ മഞ്ഞനിറമുള്ള മഹാവിഷ്ണുവിനെയും
: (കണ്ടിട്ടുണ്ടു്)
പ്രഭോ രഘു-പതേ : ശ്രീരാമപ്രഭുവേ
ദത്ത-അപഹാരം വിനാ : കൊടുത്തതു തിരിച്ചെടുക്കുന്നതു മാത്രം കണ്ടിട്ടില്ല

ജാംബവാന്‍ വളരെ പഴയ ആളാണെന്നു കാണിക്കാനാണു താന്‍ കണ്ടിട്ടുള്ള പഴയ കാര്യങ്ങള്‍ അക്കമിട്ടു നിരത്തുന്നതു്. ഓരോന്നിന്റെയും പിറകില്‍ ഓരോ കഥയുണ്ടു്.

 • രണ്ടു കണ്ണുള്ള ഇന്ദ്രന്‍: ദേവേന്ദ്രനു് ആദിയില്‍ മറ്റെല്ലാവരെയും പോലെ രണ്ടു കണ്ണുകളായിരുന്നു. ഗൌതമന്റെ ഭാര്യ അഹല്യയുടെ അടുത്തു വേണ്ടാതീനത്തിനു പോയപ്പോള്‍ ഗൌതമന്‍ ശപിച്ചു് ഇന്ദ്രനെ സഹസ്രഭഗനാക്കി. ദേഹം മുഴുവന്‍ മുണ്ടിട്ടു മൂടിയല്ലാതെ പുറത്തിറങ്ങാന്‍ പറ്റാതെ ഇന്ദ്രന്‍ അവസാനം ഗൌതമനെത്തന്നെ ശരണം പ്രാപിച്ചു. ഗൌതമന്‍ ആയിരം ജനനേന്ദ്രിയങ്ങളെയും കണ്ണുകളാക്കി. (പിന്നെ ജനനേന്ദ്രിയമില്ലാതെ വലഞ്ഞ ഇന്ദ്രനു് ഒരു ആടിന്റെ ജനനേന്ദ്രിയം വെച്ചുപിടിപ്പിച്ചു എന്നും കേട്ടിട്ടുണ്ടു്.) അങ്ങനെ ഇപ്പോള്‍ ഇന്ദ്രനു് ആയിരം കണ്ണുകളുണ്ടു്. അതാണു് എല്ലാവരും കാണുന്നതു്. അഹല്യാസംഭവത്തിനു മുമ്പും ഇന്ദ്രനെ കണ്ടവനാകുന്നു ഈ ജാംബവാന്‍!

  പത്തു തലയുള്ള രാവണനെയും പാമ്പിനെ ചൂടുന്ന ശിവനെയും മറ്റും തന്മയത്വത്തോടു കൂടി കാണിച്ച തമിഴ് പുരാണസിനിമക്കാര്‍ എന്തുകൊണ്ടാണു് ഇന്ദ്രനെ ആയിരം കണ്ണുകളുള്ളവനായി കാണിക്കാഞ്ഞതു് (അഹല്യാ എപ്പിസോഡിനു തൊട്ടു ശേഷമുള്ള ഇന്ദ്രനെ കാണിക്കാത്തതു നമ്മുടെ ഭാഗ്യം!) എന്നു് എനിക്കു മനസ്സിലായിട്ടില്ല.

 • ഇളക്കുന്നതിനു മുമ്പുള്ള കടല്‍: സമുദ്രത്തില്‍ തിരമാലകളുണ്ടായതെങ്ങനെ എന്നതിനെപ്പറ്റി പുരാണത്തില്‍ എന്തെങ്കിലും കഥയുണ്ടാവും. എനിക്കറിഞ്ഞുകൂടാ. അറിയാവുന്നവര്‍ ദയവായി പറഞ്ഞുതരൂ.

  സുജനിക തന്നെ പറഞ്ഞു തന്നു:
  പാലാഴിമഥനത്തെയാണു് ഇവിടെ സൂചിപ്പിക്കുന്നതു്. ദേവന്മാരും അസുരന്മാരും കൂടി അമൃതു കിട്ടാന്‍ വേണ്ടി പാലാഴി കടഞ്ഞപ്പോഴാണു് ആദ്യമായി സമുദ്രം ഇളകിയതു്. അതിനു മുമ്പുള്ള സമുദ്രത്തെയും ജാംബവാന്‍ കണ്ടിട്ടുണ്ടു്.

 • അഞ്ചു തലയുള്ള ബ്രഹ്മാവു്: ബ്രഹ്മാവിനു് ഇപ്പോള്‍ നാലു ദിക്കിലേക്കും നോക്കിയിരിക്കുന്ന നാലു തലകളേ ഉള്ളൂ. (ചില ചിത്രങ്ങളില്‍ മൂന്നു തലയേ കാണുന്നുണ്ടാവൂ. അശോകസ്തംഭത്തിലെ സിംഹത്തിനെപ്പോലെ നാലാമത്തെ തല പുറകിലുണ്ടു്.) സരസ്വതിയെ സൃഷ്ടിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ സൌന്ദര്യം നോക്കി ഇരുന്നുപോയത്രേ ബ്രഹ്മാവു്. അച്ഛന്‍ (സൃഷ്ടിച്ചവന്‍) നോക്കുന്നതില്‍ ജാള്യം തോന്നിയ സരസ്വതി ബ്രഹ്മാവിന്റെ പുറകിലേക്കു മാറി. തല തിരിച്ചു നോക്കാനുള്ള മടി കൊണ്ടോ എന്തോ, ബ്രഹ്മാവു് അവിടെയും ഒരു തല ഉണ്ടാക്കി. സരസ്വതി ഇടത്തോട്ടും വലത്തോട്ടും മാറിയപ്പോള്‍ അവിടെയും ഓരോ തലയുണ്ടായി. രക്ഷയില്ലെന്നു കണ്ട സരസ്വതി ചാടി മുകളിലേയ്ക്കു പോയി. മുകളിലേയ്ക്കു നോക്കുന്ന ഒരു തല കൂടി ഉണ്ടായി. നിവൃത്തിയില്ലാതെ വന്ന സരസ്വതി അവസാനം ഒളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ബ്രഹ്മാവു സരസ്വതിയെ ഭാര്യയാക്കുകയും ചെയ്തു.

  ചുറ്റി. ചിത്രകാരന്‍ ഇതു വല്ലതും കണ്ടാല്‍ ഇനി ബ്രഹ്മാവിന്റെയും സരസ്വതിയുടെയും അഗമ്യഗമനത്തെപ്പറ്റി (ഇതിനു പകരം ചിത്രകാരന്‍ എന്തു വാക്കുപയോഗിക്കും എന്നു് എനിക്കു ചിന്തിക്കാന്‍ പോലും വയ്യ!) നാലു പേജില്‍ ഒരു പോസ്റ്റെഴുതിയേക്കും. കുന്തിയ്ക്കു ശേഷം കാര്യമായി ഒന്നും പുരാണത്തില്‍ നിന്നു തടഞ്ഞിട്ടില്ലെന്നു തോന്നുന്നു :)

  പിന്നീടു്, ശിവന്‍ ഒരിക്കല്‍ വിഷ്ണുവിനോടും ബ്രഹ്മാവിനോടും ചോദിച്ചു, “നിങ്ങള്‍ക്കെന്റെ അറ്റങ്ങള്‍ കണ്ടുപിടിക്കാമോ?”. ഇതു പറഞ്ഞു് ശിവന്‍ വലിയ രൂപമെടുത്തു നിന്നു. താഴേയ്ക്കു പോയ വിഷ്ണു ശിവന്റെ കാല്‍ കാണാന്‍ പറ്റാതെ തോല്‍‌വി സമ്മതിച്ചു തിരിച്ചു പോന്നു. മുകളിലേയ്ക്കു പോയ ബ്രഹ്മാവിനു് ശിവന്റെ തലയില്‍ നിന്നു് ഊര്‍ന്നുവീണ ഒരു കൈതപ്പൂവിനെ കിട്ടി. ശിവന്റെ തല കണ്ടുവെന്നും അവിടെ നിന്നു് എടുത്തതാണെന്നും ബ്രഹ്മാവു് കള്ളം പറഞ്ഞു. കൈതപ്പൂവും കള്ളസാക്ഷി പറഞ്ഞു. ദേഷ്യം വന്ന ശിവന്‍ ബ്രഹ്മാവിന്റെ മുകളിലേക്കു നോക്കുന്ന തല മുറിച്ചെടുത്തു. (കൈതപ്പൂവിനും കിട്ടി ശാപം-പൂജയ്ക്കെടുക്കാത്ത പൂവു് ആകട്ടേ എന്നു്.) ബ്രഹ്മാവു തിരിച്ചൊരു ശാപവും കൊടുത്തു. ആ തലയോടും എടുത്തു ശിവന്‍ ദിവസവും തെണ്ടാന്‍ ഇടയാവട്ടേ എന്നു്. അങ്ങനെ ശിവന്‍ തെണ്ടിയും കപാലിയുമായി. (ചുമ്മാതല്ല ലക്ഷ്മി പാര്‍വ്വതിയോടു് ഇങ്ങനെയൊക്കെ ചോദിച്ചതു്!)

  അപ്പോള്‍ പറഞ്ഞു വന്നതു്, കൈതപ്പൂ കള്ളസാക്ഷി പറഞ്ഞ കേസ് പരിഗണനയ്ക്കു വരുന്നതിനു മുമ്പു തന്നെ ജാംബവാന്‍ ബ്രഹ്മാവിനെ കണ്ടിട്ടുണ്ടെന്നു്!

 • ചിറകുള്ള പര്‍വ്വതങ്ങള്‍: ആദിയില്‍ പര്‍വ്വതങ്ങളുണ്ടായിരുന്നു. പര്‍വ്വതങ്ങള്‍ ചിറകുകളോടുകൂടി ആയിരുന്നു. അന്നു് അവ ഒരിടത്തു കിടക്കുകയായിരുന്നില്ല. ഇടയ്ക്കിടയ്ക്കു പറന്നു വേറൊരിടത്തേയ്ക്കു പോകും.

  തലയ്ക്കു മുകളിലൂടെ ഈ ഭീമാകാരങ്ങളായ പര്‍വ്വതങ്ങള്‍ പറന്നു പോകുന്നതു കണ്ട മുനിമാര്‍ക്കു പേടിച്ചിട്ടു വെളിയിലിറങ്ങാന്‍ പറ്റാതായി. അവര്‍ ദേവേന്ദ്രനോടു പരാതി പറഞ്ഞു. ദേവേന്ദ്രന്‍ വജ്രായുധം കൊണ്ടു് എല്ലാ പര്‍വ്വതങ്ങളുടെയും ചിറകുകള്‍ വെട്ടിക്കളഞ്ഞു. അവ “പ്ധും” എന്നു താഴേയ്ക്കു വീണു. അവ വീണ സ്ഥലത്താണു് ഇപ്പോള്‍ ഉള്ളതു്.

  എല്ലാ പര്‍വ്വതങ്ങളെയും കിട്ടിയില്ല. ഹിമവാന്റെ മകനും പാര്‍വ്വതിയുടെ സഹോദരനുമായ മൈനാകം ഓടിപ്പോയി കടലില്‍ ഒളിച്ചു. (വരുണന്‍ രാഷ്ട്രീയാഭയം കൊടുത്തതാണെന്നാണു റിപ്പോര്‍ട്ട്.) ആ പര്‍വ്വതത്തിനു മാത്രം ചിറകുകളുണ്ടു്. വല്ലപ്പോഴും കക്ഷി കടലില്‍ നിന്നു് അല്പം പൊങ്ങിവരാറുണ്ടു്. ഹനുമാന്‍ ലങ്കയിലേക്കു ചാടിയപ്പോള്‍ മൈനാകം പൊങ്ങിവന്നു് കാല്‍ ചവിട്ടാന്‍ സ്ഥലം കൊടുത്തിരുന്നു. പിന്നെ പൊങ്ങിയതു് 1970-കളിലാണു്. “മൈനാകം കടലില്‍ നിന്നുയരുന്നുവോ…” എന്ന സിനിമാപ്പാട്ടു് എഴുതിക്കാന്‍ വേണ്ടി.

  ഈ സംഭവം ഉണ്ടാകുന്നതിനു മുമ്പും ജാംബവാന്‍ ഉണ്ടായിരുന്നു. ചിറകുള്ള പര്‍വ്വതങ്ങളെയും കണ്ടിട്ടുണ്ടു്. ജാംബവാനാരാ മോന്‍!

 • ചിറകുകളുള്ള കുതിരകള്‍: ചിറകുള്ള കുതിരകളെപ്പറ്റി എന്തോ ഒരു കഥ കേട്ടിട്ടുണ്ടു്. എന്താണെന്നു് ഓര്‍മ്മയില്ല. ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ?
 • ശരീരമുള്ള കാമദേവന്‍: തപസ്സു ചെയ്തിരുന്ന ശിവന്‍ കണ്ണു തുറന്നപ്പോള്‍ പരിചരിച്ചു കൊണ്ടു നിന്ന പാര്‍വ്വതിയെ കാണുകയും ദേവന്മാരുടെ അപേക്ഷപ്രകാരം അപ്പോള്‍ കാമദേവന്‍ “സമ്മോഹനം” എന്ന അമ്പയയ്ക്കുകയും അപ്പോള്‍ ശിവനു മനശ്ചാഞ്ചല്യം വരുകയും ചെയ്തു.

  എന്നിട്ടു്
  ഉമാമുഖേ ബിംബഫലാധരോഷ്ഠേ
  വ്യാപാരയാമാസ വിലോചനാനി

  എന്നു കാളിദാസന്‍.

  ഇതിനു കാരണക്കാരനായ കാമദേവനെ മൂന്നാം കണ്ണു തുറന്നു് ശിവന്‍ ദഹിപ്പിച്ചു കളഞ്ഞു. അതില്‍പ്പിന്നെ കാമദേവനു ശരീരമില്ല. കാമികളുടെ മനസ്സില്‍ മാത്രം ജീവിക്കുന്ന മനോജന്‍ അഥവാ മനോജ് ആണു് കക്ഷി പിന്നീടു്.

  കാമദേവനു പിന്നെ ശരീരം കിട്ടുന്നതു കൃഷ്ണന്റെ മകനായ പ്രദ്യുമ്നനായി ജനിക്കുമ്പോഴാണു്. പക്ഷേ, ജാംബവാന്‍ രാമനോടു സംസാരിക്കുമ്പോള്‍ എന്തു പ്രദ്യുമ്നന്‍?

  ഈ സംഭവത്തിനു മുമ്പു തന്നെ ജാംബവാനു കാമദേവനെ നല്ല പരിചയമായിരുന്നത്രേ. ആളു കൊള്ളാമല്ലോ!

 • ശുദ്ധജലമുള്ള കടല്‍: കടലിലെ വെള്ളത്തിനു് ഉപ്പുരസം വന്നതെങ്ങനെ എന്നതിനെപ്പറ്റി പല കഥകളും കേട്ടിട്ടുണ്ടു്. എന്തു ചോദിച്ചാലും തരുന്ന കുടുക്ക ഉപ്പുണ്ടാക്കിക്കൊണ്ടിരുന്നപ്പോള്‍ കപ്പലില്‍ നിന്നു കടലില്‍ വീണു പോയതും എപ്പോഴും ജോലി ചെയ്തുകൊണ്ടിരുന്ന ജിന്നിനെ അവസാനം കടലില്‍ ഉപ്പു കലക്കുന്ന ജോലി കൊടുത്തു് ഒതുക്കിയതും മറ്റും. എങ്കിലും ഭാരതീയപുരാണങ്ങളില്‍ ഇതിനുള്ള കഥ എന്താണെന്നു് എനിക്കറിയില്ല. എന്തെങ്കിലും കാണും. ആര്‍ക്കെങ്കിലും അറിയാമോ?

  സുജനിക തന്നെ പറഞ്ഞു തന്നു:

  ഒരിക്കല്‍ അഗസ്ത്യമുനി ദേഷ്യം വന്നിട്ടു സമുദ്രത്തെ മുഴുവന്‍ കുടിച്ചു. പിന്നെ ദേവന്മാരും മുനിമാരുമൊക്കെക്കൂ‍ടി താണു കേണപേക്ഷിച്ചപ്പോള്‍ സമുദ്രത്തെ ചെവിയിലൂടെ പുറത്തേയ്ക്കു വിട്ടു. അഗസ്ത്യന്റെ ശരീരത്തിനുള്ളില്‍ക്കൂടി കടന്നു പോയ ഈ പ്രക്രിയയിലാണത്രേ സമുദ്രത്തിനു് ഉപ്പുരസം ഉണ്ടായതു്!

  ഇതും ജാംബവാന്‍ കണ്ടിരിക്കുന്നു. എന്താ കഥ!

 • ശിവന്റെ വെളുത്ത കഴുത്തു്: ദേവന്മാരും അസുരന്മാരും കൂടി പാലാഴി കടഞ്ഞപ്പോള്‍ അതില്‍നിന്നു കാളകൂടവിഷം പൊങ്ങിവന്നു. അതു വീണു ലോകം നശിക്കാതിരിക്കാന്‍ ശിവന്‍ അതെടുത്തു കുടിച്ചു. അതു വയറ്റില്‍ പോകാതിരിക്കാന്‍ പാര്‍വ്വതി ശിവന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. അതു തിരിച്ചു വെളിയില്‍ വരാതിരിക്കാന്‍ വിഷ്ണു വായും പൊത്തിപ്പിടിച്ചു. അങ്ങനെ വിഷം കഴുത്തില്‍ ഉറച്ചു. അങ്ങനെയാണു ശിവന്‍ നീലകണ്ഠനായതു്. (നീലകണ്ഠനിലെ “നീലം” വിഷമാണു്, നീലനിറമല്ല.) ജാംബവാന്‍ അതിനു മുമ്പു തന്നെ ശിവനെ കണ്ടിട്ടുണ്ടത്രേ!

  എനിക്കൊരു സംശയമുണ്ടു്. ശിവന്റെ നിറം വെളുപ്പായിരുന്നോ? ഭാരതത്തിലെ ദേവന്മാരൊക്കെ കറുത്തവരായിരുന്നില്ലേ? ദേവന്മാര്‍ക്കൊക്കെ വെളുപ്പുനിറം കിട്ടിയതു് എന്നാണു്? വെള്ളക്കാര്‍ വന്നതിനു ശേഷമാണോ അതോ ആര്യന്മാര്‍ വന്നപ്പോഴാണോ?

 • മഞ്ഞനിറമുള്ള വിഷ്ണു: വിഷ്ണുവിനു എപ്പോഴോ മഞ്ഞനിറമായിരുന്നത്രേ. പിന്നെ അതു കറുപ്പായി. എങ്ങനെയെന്നു് എനിക്കറിഞ്ഞുകൂടാ. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അറിയിക്കുക. ഏതായാലും വിഷ്ണുവിനു കറുപ്പുനിറമാകുന്നതിനു മുമ്പു് ജാംബവാന്‍ കണ്ടിട്ടുണ്ടു് എന്നു മാത്രം ഇപ്പോള്‍ മനസ്സിലാക്കിയാല്‍ മതി.

  സുജനിക പറഞ്ഞതു്:
  വിഷ്ണുവിന്റെ ശരീരം മുഴുവന്‍ പിംഗളമായിരുന്നു. ഭൃഗു ചവിട്ടിയപ്പോള്‍ അത്രയും ഭാഗം കറുപ്പായി. അതാണു സൂചിതകഥ.

  ത്രിമൂര്‍ത്തികളില്‍ ആരാണു മികച്ചവന്‍ എന്നറിയാന്‍ ആദ്യം ബ്രഹ്മാവിന്റെയും പിന്നെ ശിവന്റെയും അടുത്തു പോയിട്ടു് തൃപ്തിയാകാതെ വിഷ്ണുവിന്റെ അടുത്തെത്തിയതാണു ഭൃഗു എന്ന മുനി. അപ്പോള്‍ ദാ അദ്ദേഹം കിടന്നുറങ്ങുന്നു. ലോകം മുഴുവന്‍ രക്ഷിക്കേണ്ട ആളാണു്, കിടക്കുന്ന കിടപ്പു കണ്ടില്ലേ? കൊടുത്തു ഒരു ചവിട്ടു്. ഒരു മാതിരി ചവിട്ടൊന്നുമല്ല. ചവിട്ടു കൊണ്ട നെഞ്ചു മുഴുവന്‍ കറുത്തു കരുവാളിച്ചു. ഞെട്ടിയുണര്‍ന്ന വിഷ്ണുവിനു ദേഷ്യമൊന്നും വന്നില്ല. പകരം മുനിയുടെ കാലു വേദനിച്ചോ എന്നു ചോദിച്ചു. ഉറങ്ങിയതിനു മാപ്പു പറയുകയും ചെയ്തു. ഇവന്‍ തന്നെ മികച്ചവന്‍ എന്നു് ഉറപ്പിച്ച ഭൃഗു (എതോ വൈഷ്ണവന്‍ ഉണ്ടാക്കിയ കഥയാവാം) എന്തു വരം വേണമെന്നു ചോദിച്ചു. ഭൃഗു ചവിട്ടിയ സ്ഥലത്തെ കരുവാളിച്ച കറുത്ത പാടു് എന്നും ഉണ്ടാവണം എന്നാണു വിഷ്ണു വരം ചോദിച്ചതു്. ആ വരം കൊടുത്തു. അതിനെയാണു് “ശ്രീവത്സം” എന്നു പറയുന്നതു്.

  ശ്രീവത്സത്തോടൊപ്പം തന്നെ പറയുന്ന മറ്റൊരു സാധനമാണു കൌസ്തുഭം. അതു വിഷ്ണു മാറില്‍ ധരിക്കുന്ന രത്നമാണു്.

  (ഈ ശ്രീവത്സവും കൌസ്തുഭവും എന്താണെന്നു ഗുരുവായൂരുള്ളവരോടു ചോദിച്ചു നോക്കൂ. രണ്ടു ഗസ്റ്റ് ഹൌസുകളാണു് എന്നു് ഉത്തരം കിട്ടും. :) )

  ഈ ഭൃഗുവിനെക്കാളും പഴയ ആളാണു ജാംബവാന്‍. കക്ഷി ആദ്യം വിഷ്ണുവിനെക്കാണുമ്പോള്‍ നെഞ്ചത്തു ശ്രീവത്സവുമില്ല, കൌസ്തുഭവുമില്ല. ക്ലീന്‍ മഞ്ഞനിറം!

ചുരുക്കം പറഞ്ഞാല്‍, ഇതില്‍ പറഞ്ഞിട്ടുള്ള ഒന്‍പതു കാര്യങ്ങളില്‍ നാലെണ്ണത്തിന്റെ സൂചിതകഥകള്‍ എനിക്കറിയില്ല.

മൂന്നെണ്ണത്തിന്റെ കഥ സുജനിക എന്ന രാമനുണ്ണി തന്നെ പറഞ്ഞു തന്നു.

പുരാണത്തെപ്പറ്റിയുള്ള വിവരം തുലോം പരിമിതമാണെന്നു മനസ്സിലായി. ഇനി അതറിഞ്ഞിട്ടു് ഇതു പോസ്റ്റു ചെയ്യാം എന്നു കരുതിയാല്‍ ഇതൊരിക്കലും വെളിച്ചം കാണില്ല. ഈ കഥകള്‍ അറിയാവുന്നവര്‍ ദയവായി കമന്റുകളിടുക. അവ ഈ പോസ്റ്റില്‍ത്തന്നെ ചേര്‍ക്കാം.


ബൂലോഗത്തിലും ജാംബവാനെപ്പോലെ ഒരു ജീവിയുണ്ടു്. അതാണു “സീനിയര്‍ ബ്ലോഗര്‍”. പണ്ടു തൊട്ടേ ബ്ലോഗിംഗ് തുടങ്ങിയവരാണെന്നു പറയുന്നു. ഇപ്പോള്‍ കാര്യമായി പോസ്റ്റുകളൊന്നുമില്ല. കണ്ണു കാണാന്‍ ബുദ്ധിമുട്ടുണ്ടു്. ഇടയ്ക്കിടെ കണ്ണിന്റെ പോള പൊക്കി ഒന്നു നോക്കി ഒരു പോസ്റ്റോ കമന്റോ ഇടും. ഇങ്ങേരുടെ കാലം കഴിഞ്ഞു എന്നു കരുതി ഇരിക്കുന്ന നമ്മള്‍ അപ്പോള്‍ ഒന്നു ഞെട്ടും. പിന്നെ കാണണമെങ്കില്‍ ഒരു യുഗം കഴിയണം.

ഇങ്ങനെ ഇടയ്ക്കിടെ മുഖം കാണിക്കുന്ന സന്ദര്‍ഭത്തില്‍ ജാംബവാനെപ്പോലെ തന്റെ പഴക്കം സൂചിപ്പിക്കുന്ന ചില കഥകള്‍ പറയും:

“പണ്ടു കേരളാ ഡോട്ട് കോമിലും മലയാളവേദിയിലും ഞാന്‍ ബ്ലോഗ് ചെയ്തിട്ടുണ്ടു്…”

“ഇപ്പോള്‍ എല്ലാം എളുപ്പമല്ലേ. ഈ വരമൊഴിയും സ്വനലേഖയും മലയാളം കീബോര്‍ഡുമൊക്കെ വരുന്നതിനു മുമ്പു് ഞാന്‍ മലയാളം യൂണിക്കോഡ് ടൈപ്പു ചെയ്തിട്ടുണ്ടു്. ഓരോ കോഡ്‌പോയിന്റിന്റെയും നമ്പര്‍ നോക്കിയിട്ടു് അതിലെ ഓരോ ബിറ്റും ഓരോന്നായി പെറുക്കിവെച്ചു്. ഒരു “അ” എഴുതാന്‍ മൂന്നു ദിവസമെടുത്തു. അങ്ങനെ ഒരു മഹാകാവ്യം എഴുതിയ ആളാണു ഞാന്‍…”

“ഞങ്ങളൊക്കെ ബ്ലോഗ് ചെയ്തിരുന്ന കാലത്തു് നല്ല ഈടുള്ള കൃതികളായിരുന്നു ബ്ലോഗില്‍. ഇപ്പോള്‍ എന്താ കഥ? വായില്‍ തോന്നിയതു കോതയ്ക്കു പാട്ടു് എന്നല്ലേ?”

ഭാവിയില്‍ നമ്മളും ഇങ്ങനെയൊക്കെ പറയുമായിരിക്കും:

“ഞാന്‍ ബ്ലോഗിംഗ് തുടങ്ങിയപ്പോള്‍ പ്ലൂട്ടോ ഒരു ഗ്രഹമായിരുന്നു…”

“ചില്ലില്ലാത്ത മലയാളത്തിലാണു് ഞാന്‍ എന്റെ ഇരുനൂറാമത്തെ പോസ്റ്റ് എഴുതിയതു്…”

“കൊടകരപുരാണം പുസ്തകമാകുന്നതിനു മുമ്പു ബ്ലോഗില്‍ വായിച്ചവനാണു ഞാന്‍…”

“ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗ് നേരിട്ടു കണ്ടിട്ടുള്ളവനാണു ഞാന്‍…”

നര്‍മ്മം
സരസശ്ലോകങ്ങള്‍

Comments (27)

Permalink