ഉദ്ദണ്ഡശാസ്ത്രികളുടെ ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു് അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ് എന്ന പോസ്റ്റെഴുതിയപ്പോള്‍ ഈ ശ്ലോകം ഓര്‍മ്മ വന്നില്ല. അവിടെ അതു വളരെ യോജിക്കുമായിരുന്നു. “കേരളത്തിലെ അമ്പതു ഭാവങ്ങള്‍, ഭാവം 37: കഞ്ഞി” എന്നു കാച്ചാമായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ?
ഉദ്ദണ്ഡശാസ്ത്രികള്‍ കഞ്ഞിയെപ്പറ്റി എഴുതിയ ശ്ലോകമാണു് ഇതു്. കഞ്ഞി ഒരു സുന്ദരിയെപ്പോലെയാണന്നാണു് “പ്രൌഢസ്ത്രീരസിക”നായ ഉദ്ദണ്ഡന്‍ പറയുന്നതു്. ശ്ലേഷം ഉപയോഗിച്ചാണു് ഈ ഉപമ ഉണ്ടാക്കുന്നതു്.
ശരീരത്തില്‍ ഉണ്ടാവുന്ന ചൂടു് ഇല്ലാതാക്കുന്നതും (സുന്ദരി അംഗജന്‍ (കാമദേവന്‍) മൂലമുള്ള ദുഃഖം ഇല്ലാതാക്കുന്നു. താപം = ചൂടു്, ദുഃഖം.)
സുരുചിരലാവണ്യസമ്പദാ
:
നല്ല രുചിയുള്ള ഉപ്പു ചേര്‍ന്നതും (ലാവണ്യം = ലവണത്വം = ഉപ്പു്. സുന്ദരിയെപ്പറ്റി പറയുമ്പോള്‍ സൌന്ദര്യം എന്നര്‍ത്ഥം. ലാവണ്യം എന്ന വാക്കിനു രണ്ടര്‍ത്ഥവും ഉണ്ടു്.)
മധുരാ
:
രുചിയുള്ളതും (മാധുര്യമുള്ളവളും)
അധര-അമൃത-ഉപദംശാ
:
ചുണ്ടിനു് അമൃതായ തൊട്ടുകൂട്ടാന്‍ (ചുട്ട പപ്പടം, അച്ചാര്‍, അസ്ത്രം തുടങ്ങിയവ) ഉള്ളതും (ചുണ്ടിനു് അമൃതു നല്‍കിക്കൊണ്ടു് മെല്ലെ കടിക്കുന്നവള്‍ എന്നു് സുന്ദരിയ്ക്കു് അര്‍ത്ഥം)
ശ്രാണാ
:
(ആയ) കഞ്ഞി
ശോണാധരീ ഇവ
:
ചുവന്ന ചുണ്ടുള്ള സുന്ദരിയെപ്പോലെ
രമണീയാ
:
ആനന്ദദായിനിയാണു്.
ശരീരത്തിലുള്ള ചൂടു കുറയ്ക്കാന്‍ കഞ്ഞി വളരെ നല്ലതാണത്രേ. അതുകൊണ്ടാണല്ലോ പനിയുള്ളവര്‍ക്കു കഞ്ഞി കൊടുക്കുന്നതു്. ചൂടുള്ള ദിവസം കുടിക്കാന്‍ ഏറ്റവും നല്ലതു കഞ്ഞിയാണെന്നും പറഞ്ഞുകേട്ടിട്ടുണ്ടു്.
നിഹന്ത്രീ എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം പറഞ്ഞു തന്ന ശ്രീ ഏ. ആര്‍. ശ്രീകൃഷ്ണനു നന്ദി.
ഇനി ഉദ്ദണ്ഡന്‍ പെണ്ണുങ്ങളെ “കഞ്ഞി” എന്നു വിളിച്ചെന്നും അതിനു ഞാന്‍ അര്‍ത്ഥമെഴുതിയെന്നും ഒക്കെ പറഞ്ഞു സ്ത്രീവിമോചന-വനിതാലോകക്കാര്‍ ബഹളം ഉണ്ടാക്കാതിരുന്നാല്‍ മതിയായിരുന്നു
പ്രചോദനം: കഞ്ഞിവെള്ളത്തെപ്പറ്റി ഡാലി ഇട്ട “ഒഴക്ക് കഞ്ഞെര്‍ള്ളം” എന്ന ജീടോക്ക് സ്റ്റാറ്റസ് മെസ്സേജ്.
മനോരമത്തമ്പുരാട്ടി തന്റേടിയും പണ്ഡിതയുമായ ഒരു കവയിത്രിയായിരുന്നു. (ഷാജി എന്‍. കരുണിന്റെ “വാനപ്രസ്ഥം” എന്ന സിനിമയില്‍ സുഹാസിനി അവതരിപ്പിച്ച കഥാപാത്രം മനോരമത്തമ്പുരാട്ടിയില്‍ നിന്നു പ്രചോദനം കൊണ്ടതാണെന്നു കേട്ടിട്ടുണ്ടു്.) ആ കാലത്തെ അതിശയിക്കുന്ന നിലപാടു് എടുത്തിട്ടുള്ള മനോരമയെ കേരളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.
വിവാഹാഭ്യര്‍ത്ഥനയുമായി വന്ന ഒരു പാമരനെപ്പറ്റി മനോരമത്തമ്പുരാട്ടി എഴുതിയ ഒരു ശ്ലോകം പ്രസിദ്ധമാണു്.
അകാരാന്തങ്ങളായ നാമങ്ങള്‍ (ഉദാ: രാമഃ) ഷഷ്ഠീവിഭക്തിയില്‍ “അസ്യ” എന്നവസാനിക്കുന്നതും (ഉദാ: രാമസ്യ = രാമന്റെ) ചതുര്‍ത്ഥീവിഭക്തിയില്‍ “ആയ” എന്നവസാനിക്കുന്നതും (ഉദാ: രാമായ = രാമനു്) ദ്വിതീയയില്‍ “അം” എന്നവസാനിക്കുന്നതും (ഉദാ: രാമം = രാമനെ) സാധാരണയാണു്. ഇതു മാത്രമറിയുന്ന വിവരമില്ലാത്തവര്‍ അസ്യ, ആയ, അം എന്നിങ്ങനെ അവസാനിക്കുന്നതൊക്കെ ഷഷ്ഠിയും ചതുര്‍ത്ഥിയും ദ്വിതീയയും ഒക്കെയാണെന്നു കരുതി അബദ്ധങ്ങള്‍ വരുത്താറുണ്ടു്. തന്റെ ഭര്‍ത്താവും അത്തരത്തിലൊരാളാണെന്നാണു മനോരമ പറയുന്നതു്. ക്രിയാവിശേഷണങ്ങളായ വിഹസ്യ (അര്‍ത്ഥം: ചിരിച്ചിട്ടു്), വിഹായ (അര്‍ത്ഥം: ഉപേക്ഷിച്ചിട്ടു്) എന്നിവയും സര്‍വ്വനാമമായ അഹം (അര്‍ത്ഥം: ഞാന്‍), ക്രിയാവിശേഷണമായ കഥം (അര്‍ത്ഥം: എങ്ങനെ) എന്നീ വാക്കുകള്‍ അദ്ദേഹത്തിനു് ഏതോ നാമങ്ങളുടെ ഷഷ്ഠിയും ചതുര്‍ത്ഥിയും ദ്വിതീയയും ഒക്കെ ആയി തോന്നുമത്രേ! ഞാന്‍ അങ്ങേരുടെ ഭാര്യയായി എങ്ങനെ കഴിയും എന്നാണു മനോരമ വിലപിക്കുന്നതു്!
ഈ ശ്ലോകത്തിന്റെ ഭംഗി ഇതിലെ മൂന്നാമത്തെ വരിയിലെ “അഹം കഥം ദ്വിതീയാ സ്യാത്” എന്ന നാലു വാക്കുകളെ അര്‍ത്ഥവ്യത്യാസത്തോടെ നാലാം വരിയില്‍ ക്രമം മാറ്റി “ദ്വിതീയാസ്യാമഹം കഥം” എന്നെഴുതിയതാണു്. ഇത്തരത്തിലുള്ള യമകത്തിനു് ഇതിലും ഭംഗിയുള്ള ഒരു ഉദാഹരണം ഞാന്‍ കണ്ടിട്ടില്ല.
മനോരമത്തമ്പുരാട്ടിയുടെ സമകാലികനായിരുന്നു കവിയും തരക്കേടില്ലാത്ത സ്ത്രീലമ്പടനും ആയിരുന്ന ചേലപ്പറമ്പു നമ്പൂതിരി. അദ്ദേഹത്തിന്റെ ചഞ്ചല്‍ച്ചില്ലീലതയ്ക്കും…, അംഭോരാശികുടുംബിനീതിലകമേ… തുടങ്ങിയ ശൃംഗാരശ്ലോകങ്ങളും, തൊണ്ണൂറു വയസ്സു വരെ കണ്ടമാനം നടന്നിട്ടു് അതിനു ശേഷം ദൈവത്തിനെ സ്തുതിക്കുകയും അതിനൊരു വിശദീകരണം കൊടുക്കുകയും ചെയ്യുന്ന അബ്ദാര്‍ദ്ധേന ഹരിം… എന്ന ശ്ലോകവും (ഇതിനു രാജേഷ് വര്‍മ്മ എഴുതിയ പാരഡി ഇവിടെ വായിക്കുക.) പ്രസിദ്ധങ്ങളാണു്.
മനോരമത്തമ്പുരാട്ടിയുടെ ചെറുപ്പകാലത്തു് ഇദ്ദേഹം വയസ്സനായിരുന്നു. എങ്കിലും ചെറുപ്പക്കാരികള്‍ അദ്ദേഹത്തിന്റെ സൌന്ദര്യത്തില്‍ ഭ്രമിക്കുന്നു എന്നദ്ദേഹം ധരിച്ചിരുന്നു. ഒരിക്കല്‍ മനോരമയുടെ മുന്നില്‍ വെച്ചു് കണ്ണാടിയില്‍ നോക്കി തലയിലെ നരച്ച മുടി പിഴുതുകൊണ്ടിരുന്നപ്പോള്‍ മനോരമ അതു വഴി വന്നു. അപ്പോള്‍ ചേലപ്പറമ്പു നമ്പൂതിരി ഒരു ശ്ലോകത്തിന്റെ പകുതി ഉണ്ടാക്കിച്ചൊല്ലി:
പലിതാനി ശശാങ്കരോചിഷാം
ശകലാനീതി വിതര്‍ക്കയാമ്യഹം
അര്‍ത്ഥം:
പലിതാനി
:
നരച്ച മുടികള്
ശശാങ്ക-രോചിഷാം
:
ചന്ദ്രകിരണങ്ങളുടെ
ശകലാനി ഇതി
:
കഷണങ്ങളാണു് എന്നാണു്
അഹം വിതര്‍ക്കയാമി
:
ഞാന്‍ സംശയിക്കുന്നതു്
അതു കേട്ടുവന്ന മനോരമത്തമ്പുരാട്ടി ശ്ലോകം ഇങ്ങനെ പൂരിപ്പിച്ചുകൊണ്ടു തിരിച്ചടിച്ചു:
അത ഏവ വിതേനിരേതരാം
സുദൃശാം ലോചനപദ്മമീലനം
അര്‍ത്ഥം:
അതഃ ഏവ
:
ചുമ്മാതല്ല
സുദൃശാം
:
സുന്ദരിമാരുടെ
ലോചന-പദ്മ-മീലനം വിതേനിതേതരാം
:
കണ്ണുകളാകുന്ന താമരകള്‍ കൂമ്പിപ്പോകുന്നതു്!
ചന്ദ്രന്‍ പ്രകാശിക്കുമ്പോഴേയ്ക്കും താമരപ്പൂക്കള്‍ കൂമ്പിപ്പോകുമല്ലോ. അതു പോലെ ഈ നമ്പൂതിരിയുടെ മോന്ത കാണുമ്പോഴേയ്ക്കും പെണ്ണുങ്ങളുടെ മുഖമൊക്കെ കൂമ്പുമെന്നു്!
കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ മനോരമത്തമ്പുരാട്ടിയുടെ കവിതയെപ്പറ്റി ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ടുണ്ടു്.
ശ്ലോകം:
വിദ്യാവിദഗ്ദ്ധവനിതാജനവല്ലികള്‍ക്കൊ-
രുദ്യാനമീ രുചിരകേരളഭൂവിഭാഗം
ഹൃദ്യാ മനോരമനരേശ്വരി തന്റെ സൂക്തി-
രദ്യാപി കോവിദമനസ്സു കവര്‍ന്നീടുന്നു
അര്‍ത്ഥം:
വിദ്യാവിദഗ്ദ്ധവനിതാജനവല്ലികള്‍ക്കു്
:
വിദ്യയില്‍ വിദഗ്ദ്ധകളായ പെണ്ണുങ്ങള്‍ എന്ന വള്ളികള്‍ക്കു്
ഈ കേരള-ഭൂ-വിഭാഗം ഒരു ഉദ്യാനം (ആണു്)
:
കേരളം എന്ന ഈ ഭൂവിഭാഗം ഒരു പൂന്തോട്ടം ആണു്.
മനോരമ-നര-ഈശ്വരി തന്റെ ഹൃദ്യാ സൂക്തിഃ
:
മനോരമത്തമ്പുരാട്ടിയുടെ ഹൃദ്യമായ വാക്കു്
അദ്യ-അപി കോവിദ-മനസ്സു കവര്‍ന്നീടുന്നു
:
ഇപ്പോഴും പണ്ഡിതരുടെ മനസ്സു കവരുന്നു.
അന്നു് എഴുതിയിരുന്ന എല്ലാവര്‍ക്കും പ്രചോദനവും പ്രോത്സാഹനവും വാരിക്കോരി കൊടുത്ത ആളായിരുന്നു കേരളവര്‍മ്മ. എങ്കിലും മനോരമ ഈ പ്രശംസ തീര്‍ച്ചയായും അര്‍ഹിച്ചിരുന്നു എന്നതു സത്യമാണു്.
ഇതുപോലെ വിനോദത്തിനു വേണ്ടിയുള്ള ശ്ലോകങ്ങള്‍ സംസ്കൃതത്തില്‍ എഴുതിയിരുന്ന കവയിത്രിയായിരുന്നു മനോരമത്തമ്പുരാട്ടിയെങ്കില്‍, സംസ്കൃതത്തിലുള്ള കാവ്യങ്ങളുടെയും നാടകങ്ങളുടെയും രീതിയിലുള്ള കൃതികള്‍ മലയാളത്തില്‍ രചിച്ച കവയിത്രിയായിരുന്നു ഇക്കാവമ്മ. കാവ്യങ്ങള്‍ എഴുതുന്നതു പോയിട്ടു് വായിച്ചു മനസ്സിലാക്കാന്‍ തന്നെ പെണ്ണുങ്ങള്‍ക്കു ബുദ്ധിമുട്ടാണു് എന്നു ധരിച്ചുവശായിരുന്ന സൂരിനമ്പൂതിരിപ്പാടിനെപ്പോലെയുള്ള പുരുഷാധിപത്യസൂകരങ്ങള്‍ക്കിടയില്‍ ഇക്കാവമ്മ തലയുയര്‍ത്തി നിന്നു. ഇക്കാവമ്മയുടെ സുഭദ്രാര്‍ജ്ജുനം നാടകം അന്നത്തെ നാടകങ്ങളുടെ സ്വഭാവത്തില്‍ നിന്നും വ്യത്യസ്തമായി നായികയായ സുഭദ്രയ്ക്കും വേണ്ടത്ര പ്രാധാന്യം കൊടുത്തിട്ടുള്ളതാണു്. അതിന്റെ പ്രവേശകത്തില്‍ “പെണ്ണുങ്ങള്‍ കവിത എഴുതുമോ?” എന്ന ചോദ്യത്തിനു സൂത്രധാരന്‍ കൊടുക്കുന്ന മറുപടി സുപ്രസിദ്ധമാണു്.
മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ? തേര്‍ തെളി–
ച്ചില്ലേ പണ്ടു സുഭദ്ര? പാരിതു ഭരിക്കുന്നില്ലെ വിക്ടോറിയാ?
മല്ലാക്ഷീമണികള്‍ക്കു പാടവമിവയ്ക്കെല്ലാം ഭവിച്ചീടുകില്‍
ചൊല്ലേറും കവിതയ്ക്കു മാത്രമവരാളല്ലെന്നു വന്നീടുമോ?
പക്ഷേ അന്നത്തെ പുരുഷകേസരികള്‍ക്കു് ഇത്ര നല്ല ഒരു കൃതി ഒരു പെണ്ണെഴുതിയതാണെന്നു് അംഗീകരിക്കാന്‍ വിഷമമായിരുന്നു. ആണുങ്ങളാരോ എഴുതിക്കൊടുത്തതായിരുന്നു എന്നായിരുന്നു പൊതുവേയുള്ള സംസാരം.
ഒന്നാമതായ് സുമുഖി! ബുക്കു പകുത്തെടുത്തു
നന്നായി നോക്കി നടുതൊട്ടൊടുവാക്കുവോളം
എന്നാലതിന്റെ പുതുരീതിയിലെന്മനസ്സു
മന്നാടിയാരുടെയിതെന്നൊരു ശങ്ക തോന്നി
എന്നു വെണ്മണി മഹന്‍ എഴുതിയ അഭിപ്രായത്തില്‍ ഇക്കാവമ്മയുടെ കൃതി നടുവമോ (നടുവത്തു് അച്ഛന്‍ നമ്പൂതിരിയോ മകനോ) ഒടുവിലോ (ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍) മന്നാടിയാരോ (ചമ്പത്തില്‍ ചാത്തുക്കുട്ടി മന്നാടിയാരോ) ആയിരിക്കും എഴുതിയതു് എന്ന ദുസ്സൂചനയുണ്ടു്.
ഇക്കാവമ്മയെ പ്രത്യക്ഷത്തില്‍ അഭിനന്ദിച്ച ഒരാള്‍ മുകളില്‍ പറഞ്ഞ കേരളവര്‍മ്മ വലിയകോയിത്തമ്പുരാനായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പ്രശംസയിലും സ്ത്രീകള്‍ പൊതുവേ തെറ്റില്ലാതെ ഒരു വാക്യം പോലും എഴുതാന്‍ കഴിവില്ലാത്തവരാണു് എന്നൊരു സൂചനയുണ്ടു്.
(ഇക്കാലത്തു് ഒരു പെണ്ണു് തെറ്റുകളില്ല്ലാതെ ഒരു കത്തു പോലും മുക്കാലും ശരിയാക്കി എഴുതിയാല്‍ അതു വലിയ അദ്ഭുതമാണു്. ഈ കാണുന്ന നാടകം ഒരു കുറ്റവും ഇല്ലാതെ ക്ലിഷ്ടതയില്ലാത്ത ശബ്ദവും അര്‍ത്ഥവും ചേര്‍ന്നു് ഇക്കാവമ്മ ഉണ്ടാക്കിയതു് ഓര്‍ത്തു് അദ്ഭുതക്കടലില്‍ എന്റെ മനസ്സു് മുഴുകുന്നു.)
പെണ്ണുങ്ങളുടെ അറിവിനെപ്പറ്റി കേരളവര്‍മ്മയ്ക്കും ഇത്രയേ അഭിപ്രായമുള്ളൂ എന്നര്‍ത്ഥം. എന്നാല്‍ എന്തുകൊണ്ടു് അങ്ങനെ സംഭവിച്ചു എന്നതിനെപ്പറ്റി ആരെങ്കിലും ആലോചിച്ചിട്ടുണ്ടാവുമോ എന്തോ?
അഭിനന്ദിച്ചില്ലെങ്കിലും, ഇക്കാവമ്മയെയും ഇക്കാവമ്മയെപ്പോലുള്ള മറ്റു് എഴുത്തുകാരികളെപ്പറ്റിയും തെറിക്കഥകള്‍ ഉണ്ടാക്കാന്‍ പുരുഷകേസരികള്‍ ധാരാളമുണ്ടായിരുന്നു. അവയിലൊന്നാണു് ഡാലി ആദ്യം ലിങ്കു കൊടുത്ത ഈ ലേഖനം. അതിന്റെ രണ്ടാം പേജില്‍ (ആദ്യത്തെ പേജില്‍ മുകളില്‍ക്കൊടുത്ത “മല്ലാരിപ്രിയയായ…” എന്ന ശ്ലോകം നിറയെ അക്ഷരത്തെറ്റോടു കൂടി കൊടുത്തിരിക്കുന്നു) ഈ തെറിക്കഥ വിസ്തരിച്ചിട്ടുണ്ടു്. ഒരു പെണ്ണു് ഇങ്ങനെ തങ്ങളോടു പറഞ്ഞല്ലോ എന്നു് ഭാവനയില്‍ കണ്ടു് സാക്ഷാല്‍ക്കാരമടയുന്ന ഏതോ പുരുഷന്റെ കൃതിയാണിതു്. ഇക്കാവമ്മയെപ്പറ്റി മാത്രമല്ല, ബാലാമണിയമ്മ, മാധവിക്കുട്ടി, സുഗതകുമാരി എന്നിവരെപ്പറ്റിയും ഈ കെട്ടുകഥ ആളുകള്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ടു്. ഈ കഥ പറഞ്ഞവരൊന്നും ആ ശ്ലോകം മുഴുവനുമായും ഉദ്ധരിച്ചു കണ്ടിട്ടുമില്ല. “കവച്ചതു മതിയോ നിനക്കു്” എന്നതു് സാധാരണ പ്രചാരത്തിലുള്ള ഒരു വൃത്തത്തിലും ഒതുങ്ങുന്നതല്ല എന്നതു് മറ്റൊരു കാര്യം.
തങ്ങളെക്കാള്‍ മികച്ചു നില്‍ക്കുന്ന സ്ത്രീകളെപ്പറ്റി അശ്ലീലകഥകള്‍ ഉണ്ടാക്കുക എന്നതു് പല പുരുഷന്മാര്‍ക്കുമുള്ള മാനസികവൈകല്യമാണു്. ഇതിന്റെ പരമകാഷ്ഠയാണു് പമ്മന്‍ എഴുതിയ “ഭ്രാന്തു്” എന്ന നോവല്‍. മേലേപ്പാട്ടു് മാധവിയമ്മയുടെ മകള്‍ അമ്മുക്കുട്ടിയുടെ കവനജീവിതത്തെയും കാമലീലകളെയും പറ്റി വര്‍ണ്ണിച്ചു് മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ മലയാളം കണ്ടിട്ടുള്ള ഏറ്റവും വലിയ വ്യക്തിഹത്യയ്ക്കിരയാക്കിയ ഈ കൃതി പ്രസിദ്ധീകരിക്കാന്‍ മലയാളനാടും പിന്നെ പല പ്രസാധകരും തയ്യാറായി എന്നതു് മലയാളത്തിനു് അപമാനമാണു്.
എഴുത്തുകാരെപ്പറ്റി മാത്രമല്ല, പല തുറകളിലും മികച്ചു നില്‍ക്കുന്ന സ്ത്രീകളെപ്പറ്റി അശ്ലീലകഥകള്‍ പ്രചാരത്തിലുണ്ടു്. ഇന്ദിരാഗാന്ധിയെപ്പറ്റി എത്ര കഥകള്‍ കേട്ടിരിക്കുന്നു! വൈറ്റ് ഹൌസിനുള്ളില്‍ വെച്ചു തരവഴി കാട്ടിയ ബില്‍ ക്ലിന്റനേക്കാള്‍ ആളുകള്‍ അശ്ലീലകഥകള്‍ ഉണ്ടാക്കിയതു് ഹിലാരി ക്ലിന്റനെപ്പറ്റിയായിരുന്നു എന്നും ഇവിടെ ഓര്‍ക്കാം.
“വിദ്യാവിദഗ്ദ്ധവനിതാ…” എന്ന ശ്ലോകം ഡാലി പറഞ്ഞുതന്നതാണു്. മറന്നു പോയിരുന്ന “ഒന്നാമതായ് സുമുഖി…” എന്ന ശ്ലോകം വായനശാല സുനിലിന്റെ ഈ പോസ്റ്റില്‍ നിന്നാണു കിട്ടിയതു്. ഡാലിക്കും സുനിലിനും നന്ദി.
(ഡിസ്‌ക്ലൈമര്‍: ഈ പോസ്റ്റ് ചരിത്രത്തോടു നീതി പുലര്‍ത്തുന്നതല്ല. ചരിത്രത്തിലും ഐതിഹ്യങ്ങളിലും കാണുന്ന ഉദ്ദണ്ഡന്‍, പുനം നമ്പൂതിരി, കാക്കശ്ശേരി ഭട്ടതിരി എന്നീ വ്യക്തികള്‍ക്കു ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടു്. വിശദവിവരങ്ങള്‍ അറിയാനും യഥാര്‍ത്ഥ കഥ അറിയാനും ഈ പോസ്റ്റ് വായിക്കുക.)
പണ്ടുപണ്ടു്, ക്രിസ്തുവര്‍ഷം പതിനഞ്ചാം നൂറ്റാണ്ടില്‍, കോഴിക്കോടു മാനവിക്രമന്‍ എന്ന സാമൂതിരി നാടുവാഴുന്ന കാലം. കവികള്‍ക്കും കലാകാരന്മാര്‍ക്കും യാതൊരു കുറവുമില്ല. വഞ്ചിപ്പാട്ടു്, ഓട്ടന്‍തുള്ളല്‍, കുറത്തിയാട്ടം, കൈകൊട്ടിക്കളി തുടങ്ങിയ സാഹിത്യശാഖകളില്‍ നിഷ്ണാതരായി ഇതു താന്‍ വിശ്വസാഹിത്യം എന്നു കരുതി മലയാളസാഹിത്യകാരന്മാര്‍ ആര്‍മ്മാദിച്ചു കഴിഞ്ഞു പോന്നു. ഇടയ്ക്കിടെ സീനിയര്‍, ജൂനിയര്‍, കൂട്ടായ്മ, കോപ്പിറൈറ്റ് എന്നൊക്കെ കേള്‍ക്കാമെങ്കിലും, പൊതുവേ ഈ മലയാളത്താന്മാര്‍ സൌഹാര്‍ദ്ദത്തിലാണു കഴിഞ്ഞുപോന്നതു്. എങ്കിലും സംസ്കൃതത്തില്‍ എഴുതുന്നതാണു് ഉത്തമസാഹിത്യമെന്നു ചിലരൊക്കെ ധരിച്ചു വശായിരുന്നു. സംസ്കൃതത്തിന്റെ കാലം കഴിഞ്ഞെന്നും സാഹിത്യത്തിന്റെ ഭാവി മലയാളത്തില്‍ ആയിരിക്കും എന്നും ചില ദീര്‍ഘദര്‍ശികള്‍ പറഞ്ഞുകൊണ്ടു നടന്നെങ്കിലും താന്‍ മലയാളത്തിലെഴുതിയ സൃഷ്ടികള്‍ സംസ്കൃതത്തിലാക്കാന്‍ വഴി വല്ലതുമുണ്ടോ എന്നു തക്കം പാര്‍ത്തുകൊണ്ടിരുന്നവരും ധാരാളമുണ്ടായിരുന്നു. സംസ്കൃതത്തിലുള്ള ഏതു കൃതിയേക്കാളും മികച്ചവയാണു താന്‍ എഴുതുന്നവ എന്നു് അഭിമാനിച്ചവരും കുറവല്ല.
അങ്ങനെയിരിക്കേ, സംസ്കൃതത്തില്‍ മാത്രം എഴുതിക്കൊണ്ടിരുന്ന ഒരു പരദേശി മലയാളനാട്ടിലെത്തി. ഉദ്ദണ്ഡശാസ്ത്രികള്‍ എന്നായിരുന്നു പേരു്. ശാസ്ത്രികള്‍ എന്നതു സ്വയം ചാര്‍ത്തിയ ബിരുദമായിരുന്നു. താന്‍ എഴുതുന്ന വഹയ്ക്കാണു് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളതു് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ മലയാളസാഹിത്യകാരന്മാരൊക്കെ വെറും ഭോഷന്മാരാണു് എന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം.
ദോഷം പറയരുതല്ലോ, ഈ മലയാളത്താന്മാര്‍ താന്‍ എഴുതുന്നതൊക്കെ വായിക്കണമെന്നു് ഉദ്ദണ്ഡനു് ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം എല്ലാവരുടേയും അടുത്തു ചെന്നു് താന്‍ ഇതാ വരുന്നു എന്നും നീയൊക്കെ എഴുത്തു നിര്‍ത്തി താന്‍ എഴുതുന്നതു വായിക്കാന്‍ തുടങ്ങണം എന്നും അഭ്യര്‍ത്ഥിച്ചു.
തുടര്‍ന്നു് അദ്ദേഹം ദിവസം ഓരോന്നു വെച്ചു് ശ്ലോകങ്ങള്‍ പടച്ചുവിടാന്‍ തുടങ്ങി. വായിച്ചവര്‍ക്കൊന്നും ഒരു മണ്ണാങ്കട്ടയും മനസ്സിലായില്ല. സംസ്കൃതത്തിലെ എഴുത്തിന്റെ സ്റ്റൈലായിരിക്കും എന്നു കരുതി ആരും ഒന്നും പറഞ്ഞില്ല.
ഇതാണു സ്റ്റൈല്‍. വലിയ കട്ടിയുള്ള വാക്കുകളേ ഉപയോഗിക്കൂ. “ഘടപടാ” എന്നിരിക്കും. കൂട്ടി വായിച്ചു് അര്‍ത്ഥം നോക്കിയാല്‍ കാര്യമായൊന്നും ഉണ്ടാവുകയുമില്ല. രാജാവിനെപ്പറ്റി മാത്രമല്ല, അല്പം പ്രശസ്തരെന്നു തോന്നിയ പലരുടെയും പേരുകള്‍ ചേര്‍ത്തു് ഇദ്ദേഹം കൃതികള്‍ ചമച്ചിരുന്നു. ഈ കൃതികളും ആ ആളുകളും തമ്മില്‍ എന്തു ബന്ധം എന്നു് ആലോചിച്ചു പാമരന്മാര്‍ തല പുണ്ണാക്കി.
ഇദ്ദേഹത്തിനു തര്‍ക്കവും വിമര്‍ശനവുമല്ലാതെ കാവ്യാസ്വാദനത്തിനുള്ള ശക്തി അല്പം പോലുമില്ലായിരുന്നു. അതു തുറന്നു സമ്മതിച്ചിട്ടുമുണ്ടു്.
ഒരല്പം ഓഫ്‌ടോപ്പിക്: വി. കെ. എന്‍. -ന്റെ “പയ്യന്‍ കഥക”ളിലെ ആദ്യത്തെ കഥയില്‍ രേണുവിന്റെ സാരിയ്ക്കു സ്ഥാനചലനം സംഭവിക്കുമ്പോള്‍ “ഉദ്ദണ്ഡശാസ്ത്രികള്‍ക്കു ശേഷം സംഭവിച്ച പ്രൌഢസ്ത്രീരസികനായ പയ്യന്‍” എന്ന പ്രയോഗത്തില്‍ ഉദ്ദിഷ്ടമായ ശ്ലോകം ഇതാകുന്നു.
ഇങ്ങനെയൊക്കെയായാലും പറയുന്നതു സംസ്കൃതത്തിലായതു കൊണ്ടും തര്‍ക്കം, വ്യാകരണം, വിമര്‍ശനം തുടങ്ങിയവയില്‍ പേരെടുത്ത ആളായതു കൊണ്ടും പൊതുവേ ആളുകള്‍ ഉദ്ദണ്ഡനു് കുറച്ചു് ആദരവു കൊടുത്തു പോന്നു.
ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നു് വളരെയധികം പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള ഒരു മലയാളകവിയുമുണ്ടു്. പുനം നമ്പൂതിരി എന്നാണു് ആ കവിയുടെ പേരു്.
പുനം ആള്‍ ചില്ലറക്കാരനല്ലായിരുന്നു. പുലിയായിരുന്നു.
എന്നതു പോലെ സ്റ്റൈലായി സംസ്കൃതനിബിഡമായ ശ്ലോകങ്ങള്‍ കൊണ്ടു് ഭാഷാരാമായണചമ്പു എഴുതിയവന്‍. സംസ്കൃതത്തില്‍ എഴുതിയെഴുതി മതിയായി “ഇനി ഞാന്‍ മലയാളത്തിലേ എഴുതൂ” എന്നു ശപഥം ചെയ്തവന്‍. ഇനി സംസ്കൃതത്തില്‍ എന്നെങ്കിലും എഴുതിയാലും ആദ്യം അതു മലയാളത്തില്‍ എഴുതിയതിനു ശേഷം മാത്രമേ സംസ്കൃതത്തില്‍ എഴുതൂ എന്നു പരസ്യമായി പ്രഖ്യാപിച്ചവന്‍.
ഈ പുനം നമ്പൂതിരി തന്നെയാണു ചെറുശ്ശേരിയും എന്നു് ചില പണ്ഡിതര്‍ക്കു് അഭിപ്രായമുണ്ടെന്നു മലയാളം വിക്കിപീഡിയ പറയുന്നു. ശരിയാണോ എന്തോ? എന്തായാലും കള്ളപ്പേരില്‍ എഴുതുന്നതു് അന്നേ ഉണ്ടു് എന്നതിനു രണ്ടു പക്ഷമില്ല. ഉദ്ദണ്ഡനാണെങ്കില്‍ സ്വന്തം പേരില്‍ മാത്രമേ ആളുകള്‍ എഴുതാന്‍ പാടുള്ളൂ എന്നു നിര്‍ബന്ധമുള്ള ആളായിരുന്നു. അല്ലാത്തവരെല്ലാം വെട്ടുക്കിളികളാണത്രേ!
ഈ ശ്ലോകം കേട്ടിട്ടു് ഉദ്ദണ്ഡന്‍ ചാടിയെഴുന്നേറ്റു് “ബലേ ഭേഷ്! അന്ത ഹന്തയ്ക്കിന്ത പട്ടു്” എന്നു പറഞ്ഞു് തോളത്തു കിടന്ന പട്ടു പുനത്തിനു സമ്മാനിച്ചു എന്നാണു കഥ. ഈ ശ്ലോകത്തിലെ “ഹന്ത” എന്ന പ്രയോഗത്തിനാണു് ആ പട്ടു കൊടുത്തതത്രേ!
ഉദ്ദണ്ഡന്‍ എന്തിനാണു പ്രശംസിച്ചതെന്നു അധികം ആളുകള്‍ക്കും മനസ്സിലായില്ല. ഈ ശ്ലോകത്തിന്റെ അര്‍ത്ഥഭംഗിയല്ല അദ്ദേഹത്തെ ആകര്‍ഷിച്ചതു്. അര്‍ത്ഥം മനസ്സിലായോ എന്നു തന്നെ അറിയില്ല. (പട്ടു കൊടുക്കാനും അവതാരിക എഴുതാനും അര്‍ത്ഥം അറിയേണ്ടല്ലോ!) കുറേ ശബ്ദങ്ങള്‍ പ്രാസത്തോടെ തിരിച്ചും മറിച്ചുമിട്ടു് എഴുതി മാത്രം ശീലമുള്ള ഉദ്ദണ്ഡനെ ആകര്‍ഷിച്ചതു് ഈ ശ്ലോകത്തിന്റെ പ്രാസഭംഗിയാണു്. നാലു വരിയിലുമുള്ള ദ്വിതീയാക്ഷര-തൃതീയാക്ഷരപ്രാസങ്ങള്‍ മനോഹരമാണു്. കൂടാതെ വരികളുടെ അവസാനമുള്ള അനുപ്രാസവും.
ആദ്യത്തെ വരിയില്‍: “രാമ രാമാജനാം” എന്നു മ.
രണ്ടാം വരിയില്‍: “മണ്ഡലീചണ്ഡഭാനോ” എന്നു് ണ്ഡ.
“ബലേ ഭേഷ്” എന്നു പറയാന്‍ വന്ന ഉദ്ദണ്ഡനെ മൂന്നാം വരി നിരാശനാക്കിക്കളഞ്ഞു. “എന്നുമേഷാ കുളിക്കും”. പ്രാസമില്ല!
(എന്നുമേഷാ = എന്നും + ഏഷാ, എന്നു് + ഉമേഷാ അല്ല)
“ഈ മലയാളത്താന്മാര്‍ക്കു മര്യാദയ്ക്കു് ഒരു ശ്ലോകം എഴുതാന്‍ അറിയില്ല” എന്നു മനസ്സില്‍ പറഞ്ഞു പുനത്തിന്റെ പേരു വെട്ടാന്‍ തുനിഞ്ഞപ്പോഴാണു നാലാം വരി: “ഹന്ത, കല്പാന്തതോയേ” എന്നു് ന്ത!
പ്രാസമില്ലാതിരുന്ന നാലാം വരിയില്‍ അര്‍ത്ഥമില്ലാത്ത ഹന്തയെ കടത്തി പുനം പ്രാസമുണ്ടാക്കിയിരിക്കുന്നു! കൊടുക്കു് ആ ഹന്തയ്ക്കു് ഒരു പട്ടു്!
പുനമൊഴികെ മറ്റൊരു കേരളകവിയെയും താന്‍ ബഹുമാനിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞതു ശ്രദ്ധിക്കുക. താന്‍ നേരിട്ടു പരിചയപ്പെട്ടിട്ടില്ലാത്ത കവികളെ വരെ അദ്ദേഹത്തിനു പുച്ഛമായിരുന്നു-കേരളകവിയാണു് എന്ന ഒറ്റക്കാരണം കൊണ്ടു്.
പക്ഷേ, പുനം ഒരു കവിയാണെന്നു സമ്മതിച്ചു കൊടുക്കാന്‍ ഉദ്ദണ്ഡന്‍ തയ്യാറായിരുന്നില്ല. പുനത്തിനെ പരാമര്‍ശിച്ചു് കവി എന്നെഴുതിയാല്‍ ഒരു ചോദ്യചിഹ്നം കൂടി ഇടുന്നതു് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അങ്ങനെ മലയാളികളുടെ അരചകവിയായ പുനം നമ്പൂതിരി ഉദ്ദണ്ഡന്റെ ഇടപെടല്‍ മൂലം അരക്കവിയായി മാറി.
പക്ഷേ, കാലം കുറേ കഴിഞ്ഞപ്പോള്‍ പതിനെട്ടരക്കവികളില്‍ അരക്കവിയായിരുന്ന പുനം നമ്പൂതിരിയെ മാത്രം ജനം ഓര്‍ത്തു. ബാക്കി പതിനെട്ടു സംസ്കൃതകവികള്‍ ആരൊക്കെയെന്നറിയാന്‍ ആളുകള്‍ക്കു വിക്കിപീഡിയ നോക്കേണ്ടി വന്നു.
അക്കാലത്തു്, രേവതീപട്ടത്താനം എന്നൊരു വിദ്വത്‌സദസ്സു സ്ഥിരമായി നടക്കുമായിരുന്നു. ഒരു കാലത്തു വളരെ നല്ല രീതിയില്‍ നടന്നിരുന്ന ഈ വിദ്വത്‌സദസ്സു് ഉദ്ദണ്ഡന്റെ കാലത്തു് വെറും അനാവശ്യതര്‍ക്കങ്ങളുടെ വേദിയായി. ദിവസവും ഉദ്ദണ്ഡന്‍ എന്തെങ്കിലും പറയും. എതിര്‍ക്കുന്നവരെ ഉദ്ദണ്ഡന്‍ തന്നെ തര്‍ക്കിച്ചു തോല്‍പ്പിക്കും. ആരെന്തു പറഞ്ഞാലും “നഹി, നഹി” (അല്ല, അല്ല) എന്നു പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തര്‍ക്കിക്കുന്നവരോടു് പോയി പുസ്തകങ്ങള്‍ വായിച്ചിട്ടു വരാന്‍ പറയുക, അവര്‍ക്കു് എഴുതാന്‍ അറിയില്ല എന്നു പറയുക, അവരുടെ പേരുകള്‍ കൊള്ളില്ല എന്നു പറയുക, താന്‍ സംസ്കൃതത്തില്‍ എഴുതുന്നതൊക്കെ ലോകത്തില്‍ വെച്ചു് ഏറ്റവും ഉത്‌കൃഷ്ടമാണെന്നു പറയുക തുടങ്ങിയ ചെപ്പടിവിദ്യകളും ഉത്തരം മുട്ടുമ്പോള്‍ അദ്ദേഹം ചെയ്തിരുന്നു. എന്തായാലും അവസാനത്തില്‍ താന്‍ ജയിച്ചതായി അദ്ദേഹം പ്രഖ്യാപിക്കും. സാമൂതിരി അതു് അംഗീകരിക്കുകയും ചെയ്യും.
കേരളത്തിലെ പണ്ഡിതര്‍ ഇദ്ദേഹത്തെക്കൊണ്ടു പൊറുതിമുട്ടി. അവര്‍ കൂട്ടമായി ഇദ്ദേഹത്തെ വാദത്തില്‍ തോല്പിക്കാന്‍ ശ്രമിച്ചു. ഉദ്ദണ്ഡന്‍ അവരെ വെട്ടുക്കിളികള്‍ എന്നു വിളിച്ചു. രേവതീപട്ടത്താനം ആകെ അലമ്പായി.
എങ്കിലും കേരളപണ്ഡിതന്മാര്‍ക്കാര്‍ക്കും ഉദ്ദണ്ഡനെ വാദത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ല.
ഈ ഉദ്ദണ്ഡനെയും ഒതുക്കാന്‍ ഒരാളുണ്ടായി-കാക്കശ്ശേരി ഭട്ടതിരി. ഇദ്ദേഹത്തിനു സംഭവം നടക്കുമ്പോള്‍ ഏഴെട്ടു വയസ്സേ ഉള്ളൂ. എഴുത്തും വായനയും തുടങ്ങിയിട്ടു് അധികം കാലമായിട്ടില്ല. എന്നാലെന്താ, സൂര്യനു കീഴിലുള്ള എന്തിനെപ്പറ്റിയും ആധികാരികമായ വിവരമാണു്. തര്‍ക്കിക്കാന്‍ ഉദ്ദണ്ഡനെക്കാള്‍ വളരെ മുകളില്‍. എന്തു ചോദിച്ചാലും “നഹി, നഹി” എന്നേ പറയുള്ളൂ. തര്‍ക്കുത്തരം പറയാന് ഇവനെക്കഴിഞ്ഞു് ആരുമില്ല. പണ്ടു ചില ബ്രാഹ്മണര്‍ “ആപദി കിം കരണീയം?” എന്നു ചോദിച്ചപ്പോള്‍ “സ്മരണീയം ചരണയുഗളമംബായാഃ” എന്നും പിന്നെ “തത് സ്മരണം കിം കുരുതേ?” എന്നതിനു് “ബ്രഹ്മാദീനപി ച കിങ്കരീകുരുതേ” എന്നും പദ്യത്തില്‍ത്തന്നെ തര്‍ക്കുത്തരം പറഞ്ഞ ആളാണു്. പ്രാസത്തോടു കൂടി
ഹൃദാകാശേ ചിദാദിത്യസ്സദാ ഭാതി നിരന്തരം
എന്നും മറ്റും കാച്ചാന്‍ കഴിവുള്ള ആളാണു്. ചുരുക്കം പറഞ്ഞാല്‍, പുലിയാണെന്നര്‍ത്ഥം.
അക്കാലത്തു രേവതീപട്ടത്താനത്തില്‍ 72 തര്‍ക്കങ്ങളാണു നടക്കുക. ഓരോ തര്‍ക്കത്തിനും വിജയിക്കു് ഓരോ പണക്കിഴി കിട്ടും. ഈ 72 പണക്കിഴിയും സ്ഥിരമായി ഉദ്ദണ്ഡനാണു് കൊണ്ടുപോയിരുന്നതു്. ഇത്തവണ അദ്ദേഹത്തിനു് ഒരെണ്ണം പോലും കൊടുക്കാതിരിക്കുകയായിരുന്നു കാക്കശ്ശേരിയുടെയും കൂട്ടരുടെയും ലക്ഷ്യം.
തര്‍ക്കം തുടങ്ങി. വാദങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പു് ഉദ്ദണ്ഡന്‍ കാക്കശ്ശേരിയെ ഒന്നു ചുഴിഞ്ഞു നോക്കി. ഒരു കിളുന്തുപയ്യന്‍. അധികം വിവരമൊന്നും ഉണ്ടാകാന്‍ വഴിയില്ല. സംസ്കൃതത്തില്‍ പത്രാധിപര്‍ക്കുള്ള ഒരു കത്തു പോലും എഴുതിയിരിക്കാന്‍ ഇടയില്ല. ഇവന്‍ വെറുതേ തമാശയ്ക്കു വന്നതായിരിക്കും. ഇവനെക്കാള്‍ വലിയ എത്ര പണ്ഡിതരെ താന്‍ പുഷ്പം പോലെ ഒതുക്കിയിരിക്കുന്നു!
“ആകാരോ ഹ്രസ്വഃ,” പുച്ഛത്തോടെ ഉദ്ദണ്ഡന്‍ പറഞ്ഞു. ആകാരം എന്നു വെച്ചാല്‍ ആകൃതി, ശരീരത്തിന്റെ വലിപ്പം. കുഞ്ഞുപയ്യനാണല്ലോ എന്നു്.
എല്ലാറ്റിനും “നഹി, നഹി” എന്നു മാത്രം പറഞ്ഞു പരിചയിച്ചിട്ടുള്ള കാക്കശ്ശേരി വിട്ടില്ല, “നഹി നഹി,” അദ്ദേഹം പറഞ്ഞു, “ആകാരോ ദീര്‍ഘഃ, അകാരോ ഹ്രസ്വഃ”
ആകാരം എന്നതിനു് ആ എന്ന അക്ഷരം എന്നും അര്‍ത്ഥമുണ്ടു്. (“ര” ഒഴികെയുള്ള എല്ലാ അക്ഷരത്തിന്റെയും കൂടെ “…കാരം” ചേര്‍ത്താണു പറയുക. “ര”യ്ക്കു മാത്രം “രകാരം” എന്നു പറയില്ല-“രേഫം” എന്നാണു പറയുക. എന്താണു കാരണമെന്നു് എനിക്കു് ഒരു പിടിയുമില്ല.) അതു ദീര്‍ഘമാണു്, അകാരമാണു ഹ്രസ്വം എന്നാണു കാക്കശ്ശേരി തിരിച്ചടിച്ചതു്.
ഈ ആകാരം ഉദ്ദണ്ഡനെ മാത്രമല്ല വലച്ചതു്. സിബു “ആകാരാദി” എന്നു പ്രയോഗിച്ചതും സന്തോഷ് തോട്ടിങ്ങല്‍ “അകാരാദി” എന്നു തിരുത്തിയതും ഇവിടെ.
അങ്ങനെ വാദം തുടങ്ങുന്നതിനു മുമ്പു തന്നെ ഉദ്ദണ്ഡന്‍ എട്ടുനിലയില്‍ പൊട്ടി. വാദം തുടങ്ങുകയായി.
ഉദ്ദണ്ഡനു് ഒരു തത്തയുണ്ടു്. അദ്ദേഹത്തിന്റെ ഭാഗ്യചിഹ്നമാണെന്നാണു് അദ്ദേഹം കരുതിയിരുന്നതു്. അതിനെ എടുത്തു മുന്നില്‍ വെച്ചിട്ടേ എന്തും തുടങ്ങൂ. അതിന്റെ ചേഷ്ടകളനുസരിച്ചാണു് വാദം എങ്ങനെ വേണമെന്നു് അദ്ദേഹം തീരുമാനിക്കുന്നതു്. (പില്‍ക്കാലത്തു്, കിളി ചത്തു പോയതിനു ശേഷം കിളിയുടെ ഒരു പടം വാദത്തിനു മുമ്പു വെയ്ക്കുമായിരുന്നു. അതു കിട്ടിയില്ലെങ്കില്‍ നദി, മല, വെട്ടുക്കിളികള്‍, അരി അരയ്ക്കുന്ന മെഷീന്‍ തുടങ്ങി വാദവുമായി ബന്ധവുമില്ലാത്ത എന്തെങ്കിലും വെയ്ക്കുന്നതു പതിവാക്കി. “യത്ര യത്ര വാദസ്തത്ര തത്ര ചിത്രഃ” ചിത്രമില്ലെങ്കില്‍ വാദവുമില്ല.) അന്നും അദ്ദേഹം തന്റെ കിളിയെ എടുത്തു മുന്നില്‍ വെച്ചു. കാക്കശ്ശേരി തന്റെ ഭാഗ്യചിഹ്നമാണെന്നു പറഞ്ഞു് ഒരു പൂച്ചയെ എടുത്തു മുന്നില്‍ വെച്ചു. പൂച്ചയെ കണ്ടതോടെ കിളി പേടിച്ചു് കൂട്ടില്‍ കയറി. പിന്നെ വാദത്തിന്റെ ഗതി നിയന്ത്രിക്കാന്‍ കിളിയില്ലാതെ ഉദ്ദണ്ഡന്‍ വലഞ്ഞു.
പിന്നെ കൊടുംപിരിക്കൊണ്ട വാദമായിരുന്നു. വാദത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ എഴുതുന്നില്ല. താത്പര്യമുള്ളവര്‍ക്കു് അതു് ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തില്‍ വായിക്കാം. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഇല്ലാതാകുന്നതിനു മുമ്പു് അവിടെ ഒരു കോപ്പി കണ്ടേക്കും. ഉദ്ദണ്ഡന്റെ എല്ലാ വാദത്തെയും കാക്കശ്ശേരി “നഹി നഹി” എന്നു പറഞ്ഞു ഖണ്ഡിച്ചു് കിഴിയെല്ലാം സ്വന്തമാക്കി എന്നു പറഞ്ഞാല്‍ കഴിഞ്ഞു.
വാദത്തില്‍ തോറ്റു സഹികെട്ടാല്‍ എന്തു ചെയ്യും? തന്തയ്ക്കും തള്ളയ്ക്കും പറയും, അത്ര തന്നെ. ഇവിടെയും അതു സംഭവിച്ചു. പക്ഷേ, ഒരു കുഴപ്പം. അച്ഛനെയോ അമ്മയെയോ ചീത്ത പറഞ്ഞാല്‍ മറ്റെയാള്‍ “നഹി, നഹി” എന്നു പറഞ്ഞു് അതു തെറ്റാണെന്നു സമര്‍ത്ഥിക്കും. അതുകൊണ്ടു കാര്യമില്ലല്ലോ. അതുകൊണ്ടു് ഉദ്ദണ്ഡന്‍ ഒരു ഉപായം പ്രയോഗിച്ചു. “തവ മാതാ പതിവ്രതാ” എന്നു കാക്കശ്ശേരിയോടു പറഞ്ഞു. നിന്റെ അമ്മ പതിവ്രതയാണു് എന്നു്. ഇതിനെങ്കിലും ഇവന്‍ “നഹി, നഹി” എന്നു പറയാതിരിക്കുമോ എന്നു നോക്കട്ടേ!
വാദത്തിനു വേണ്ടി അമ്മയുടെ പാതിവ്രത്യത്തെപ്പോലും തള്ളിപ്പറയാന്‍ കാക്കശ്ശേരിക്കു മടിയില്ലായിരുന്നു. “നഹി, നഹി” എന്നു തന്നെ പറഞ്ഞു. പിന്നെ, ഭര്‍ത്താവു് അനുഭവിക്കുന്നതിനു മുമ്പു് ഒരു പെണ്ണിനെ ചില ദേവന്മാര്‍ അനുഭവിക്കുന്നു എന്നര്‍ത്ഥം വരുന്ന ഒരു സ്മൃതിവാക്യം ചൊല്ലി അതു സമര്‍ത്ഥിക്കുകയും ചെയ്തു. ഉദ്ദണ്ഡന്‍ തോറ്റു മടങ്ങി.
അങ്ങനെ എഴുപത്തൊന്നു കിഴികളും കാക്കശ്ശേരി നേടി. എഴുപത്തിരണ്ടാമത്തേതു് ഏറ്റവും പ്രായം ചെന്ന പണ്ഡിതനുള്ളതാണു്. അതെങ്കിലും തനിക്കു തരണം എന്നു് ഉദ്ദണ്ഡന്‍ അപേക്ഷിച്ചു.
“ഏയ്, പറ്റില്ല,” കാക്കശ്ശേരി പ്രതിവചിച്ചു, “ഇവിടെ മലയാളകവികളുടെ കൂട്ടത്തില്‍ താങ്കളെക്കാള്‍ പ്രായം കൂടിയ ആളുകള്‍ ധാരാളമുണ്ടു്. റിട്ടയര്‍മെന്റിനു ശേഷം വേറെ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ അക്ഷരം പഠിച്ചു മലയാളത്തില്‍ കൃതികളെഴുതിത്തുടങ്ങിയവര്‍. അവര്‍ക്കു വിവരമില്ലായിരിക്കാം; പക്ഷേ, അവരെക്കാള്‍ വിവരമുണ്ടെന്നു താങ്കള്‍ക്കും തെളിയിക്കാന്‍ പറ്റിയില്ലല്ലോ…”
അങ്ങനെ എഴുപത്തിരണ്ടാമത്തെ കിഴിയും ഉദ്ദണ്ഡനു കൊടുക്കാതെ കാക്കശ്ശേരി കൈവശമാക്കി. കുപിതനായ ഉദ്ദണ്ഡന്‍ പോയി സംസ്കൃതത്തില്‍ ഇങ്ങനെ എഴുതി.
ശ്ലോകം:
ഭാഷാകവിനിവഹോऽയം
ദോഷാകരവദ്വിഭാതി ഭുവനതലേ
പ്രായേണ വൃത്തഹീനോ
സൂര്യാലോകേ നിരസ്തഗോപ്രസരഃ
കവികളെ സംബന്ധിച്ചു പറയുമ്പോള്‍ വൃത്തം പദ്യമെഴുതുന്ന തോതാണു്. “പ്രായേണ” എന്നതിനു് “സാധാരണയായി” എന്നു് അര്‍ത്ഥവും. ചന്ദ്രപക്ഷത്തില്‍ “പ്രായം ചെല്ലുമ്പോള്‍ വൃത്താകൃതി നഷ്ടപ്പെടുന്നു” എന്ന അര്‍ത്ഥവും. സൂര്യാലോകം എന്നതിനെ സൂരി + ആലോകം എന്നും സൂര്യ + ആലോകം എന്നും സന്ധി ചെയ്യാം. സൂരി = പണ്ഡിതന്‍. ഗോ എന്ന ശബ്ദത്തിനു പ്രകാശമെന്നും വാക്കെന്നും അര്‍ത്ഥമുണ്ടു്.
ഇത്തരം ഒരു ഭര്‍ത്സനം ഒരു സംസ്കൃതകൃതിയില്‍ ഉദ്ദണ്ഡന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മലയാളകവികളാകെ ക്ഷുഭിതരായി. ഇതിനു സംസ്കൃതഭാഷ മലയാളഭാഷയോടു മാപ്പു പറയണമെന്നും ഉദ്ദണ്ഡനെ സംസ്കൃതത്തിലെഴുതുന്നതില്‍ നിന്നും വിലക്കണമെന്നും പരക്കെ ആവശ്യങ്ങളുയര്‍ന്നു. ചിലര്‍ സംസ്കൃതപുസ്തകങ്ങള്‍ ചുട്ടുകരിച്ചു. സംസ്കൃതഭാഷയെ മുഴുവന്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനങ്ങളുണ്ടായി. സംസ്കൃതപക്ഷപാതികളാകട്ടേ, അതു് അനാദിയും അനന്തവും അന്യൂനവുമാണെന്നുള്ള മൂഢവിശ്വാസത്തില്‍ ഉറച്ചു നിന്നു.
കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള ഉദ്ദണ്ഡന്‍ കുലുങ്ങിയില്ല. ദിവസവുമില്ലെങ്കിലും പൊട്ടക്കവിതകള്‍ പടച്ചു വിടുന്നതു് അദ്ദേഹം നിര്‍ത്തിയില്ല. നീലനിറമുള്ള പഴങ്ങളെപ്പറ്റിയും ചിരിക്കുന്ന ചിതലിനെപ്പറ്റിയും അദ്ദേഹം പിന്നെയും എഴുതിക്കൊണ്ടിരുന്നു.
വേലിയുടെ അപ്പുറത്തും ഇപ്പുറത്തും നിന്നുകൊണ്ടു് ചില പെണ്ണുങ്ങള്‍ വഴക്കുണ്ടാക്കുന്നതു കണ്ടിട്ടില്ലേ? മറ്റവളെയും അവളുടെ ഭര്‍ത്താവിനെയും കുടുംബത്തെയും അടച്ചു കുറ്റം പറയുന്ന ഈ വഴക്കു് സാധാരണ തീരുന്നതു് “ഫ..” എന്ന ആട്ടിലാണു്.
എന്തു ചെയ്യാന്‍, ഇപ്പോള്‍ മലയാളി ഫലത്തിലെയും ഫലിതത്തിലെയും ഫ ഫോട്ടോയിലെയും ഫിലിമിലെയും ഫ പോലെയാണുച്ചരിക്കുന്നതു്. ഇവരൊക്കെ ആട്ടുന്നതും ഈ ഫയില്‍ത്തന്നെയാണോ എന്തോ? അതോ ആട്ടു് എന്നതു് ഒരു പഴയ ഫ്യൂഡല്‍ (ഫോട്ടോയിലെ ഫ) വ്യവസ്ഥിതിയുടെ പ്രതിഫലനം (ഫലത്തിലെ ഫ) മാത്രമായി അവശേഷിക്കുന്നുവോ?
ഒരുവളുടെ ഭര്‍ത്താവു് വൈറ്റ് കോളര്‍ ജോലിക്കാരനും സദ്‌ഗുണസമ്പന്നനും പണക്കാരനും ആവുകയും മറ്റവളുടേതു കൂലിപ്പണിക്കാരനും കള്ളുകുടിയനും ഇരപ്പാളിയും ആവുകയും ചെയ്താലോ? സ്വാഭാവികമായും ആദ്യത്തവള്‍ മറ്റവളുടെ ഭര്‍ത്താവിനെപ്പറ്റിയായിരിക്കും കുത്തുവാക്കുകള്‍ പറയുക. മിക്കവാറും നാക്കിനു കൂടുതല്‍ ശൌര്യം കൂലിപ്പണിക്കാരന്റെ ഭാര്യയ്ക്കായിരിക്കും. ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറഞ്ഞു് വല്യവീട്ടിലെ കൊച്ചമ്മയെ അവള്‍ തോല്‍പ്പിക്കുകയും ചെയ്യും.
ഇങ്ങനെയുള്ള ഒരു തരം വഴക്കു പല കവികളും വിഷയമാക്കിയിട്ടുണ്ടു്. ഇവിടെ വഴക്കുണ്ടാക്കുന്നതു മഹാലക്ഷ്മിയും പാര്‍വ്വതിയുമാണു്. ലക്ഷ്മിയുടെ ഭര്‍ത്താവു് മഹാവിഷ്ണു സുന്ദരന്‍, എല്ലാവര്‍ക്കും വേണ്ടവന്‍, പെണ്ണുങ്ങള്‍ക്കു് ഇഷ്ടപ്പെട്ടവന്‍, എല്ലാത്തിനെയും രക്ഷിക്കുന്നവന്‍, വൈറ്റ് കോളര്‍ ജോലിക്കാരന്‍. പാര്‍വ്വതിയുടെ ഭര്‍ത്താവു് ശിവനാകട്ടേ തെണ്ടി നടക്കുന്നവന്‍, ചാരം പൂശുന്നവന്‍, കാമദേവനെ കണ്ണെടുത്താല്‍ കണ്ടു കൂടാത്തവന്‍, തുണിയുടുക്കാതെ ആടുന്നവന്‍. സ്വാഭാവികമായി സംസാരം ഭര്‍ത്താവിനെപ്പറ്റിയായിരിക്കും. പക്ഷേ, പാര്‍വ്വതിയുടെ അടുത്താ കളി?
“എടിയേ, പാറോതിയേ…”
“എന്തരടീ കെടന്നു തൊള്ള തൊറക്കണതു്? ഞാനിവിടെ പന പോലെ നിക്കണതു കാണാന്‍ മേലായോ?”
“ആ തെണ്ടി എവിടെ പോയെടീ?”
ശിവന്‍ ഒരു തലയോടു പാത്രമാക്കി തെണ്ടാന്‍ പോകാറുണ്ടു്. പണ്ടു ബ്രഹ്മാവിന്റെ ഒരു തല മുറിച്ച വകയില്‍ കിട്ടിയ ശാപത്തിന്റെ ഫലമാണു്. അതാണു് ഇവിടുത്തെ വിവക്ഷ.
മഹാബലിയുടെ യാഗശാലയില്‍ പണ്ടു മൂന്നടി മണ്ണു തെണ്ടാന്‍ പോയതു വിഷ്ണുവാണു്-വാമനനായി. തെണ്ടിയെന്നു മാത്രമല്ല, ഭിക്ഷ കൊടുത്തവനെ പാര വെച്ചു പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുക വരെ ചെയ്തു. അത്രയ്ക്കൊന്നും വൃത്തികേടു കാണിച്ചിട്ടില്ല തന്റെ ഭര്‍ത്താവു്!
ശിവന്‍ കയ്യിലൊരു മാനിനെ കൊണ്ടു നടക്കാറുണ്ടു്. അതിനെപ്പറ്റിയാണു ചോദിക്കുന്നതു്. മൃഗം = മാന്‍.
“പന്നിയുടെ കാര്യമല്ലേ? ആ…”
“മൃഗം” എന്നതിനു് animal എന്ന അര്‍ത്ഥമെടുത്തു്. പന്നി എന്നുദ്ദേശിച്ചതു വിഷ്ണുവിനെ. മൂപ്പരുടെ മൂന്നാമത്തെ അവതാരമാണു പന്നി. വരാഹാവതാരം.
“അതല്ലടീ, ആ കാള എവിടെപ്പോയെടീ?”
ശിവന്‍ ഒരു കാളപ്പുറത്തു കയറുന്നതിനെപ്പറ്റി ദേവലോകത്തു പലരും പറഞ്ഞു ചിരിക്കാറുണ്ടു്. ശിവനെ കല്യാണം കഴിക്കാന്‍ പോയ പാര്‍വ്വതീയോടു ശിവന്‍ തന്നെ വേഷം മാറി വന്നു ചോദിച്ചതാണു്
ഉടനൊരു മുതുകാള മേല്‍ കരേറും
ഭവതിയെ നോക്കി മഹാജനം ചിരിക്കും
എന്നു്. (കാളിദാസന്റെ കുമാരസംഭവത്തിലെ വരികള്‍, ഏ. ആര്‍. രാജരാജവര്‍മ്മയുടെ പരിഭാഷ.)
“ഓ, അതോ, അറിയാന്മേലാ. ആ കന്നാലിച്ചെക്കനോടു ചോദിക്കു്…”
വിഷ്ണു കൃഷ്ണനായപ്പോള്‍ പശുവിനെയും കാളയെയും മേയ്ക്കുന്ന കന്നാലിച്ചെക്കനായിരുന്നു.
“പോടീ…”
“പോടീ…”
ഈ ശ്ലോകമെഴുതിയ സംസ്കൃതകവി ആരെന്നറിയില്ല. അപ്പയ്യദീക്ഷിതരുടെ “കുവലയാനന്ദം” എന്ന അലങ്കാരശാസ്ത്രഗ്രന്ഥത്തില്‍ “വക്രോക്തി” എന്ന അലങ്കാരത്തിനുദാഹരണമായി ഈ ശ്ലോകം ഉദ്ധരിച്ചിട്ടുണ്ടു്.
ഇങ്ങനെ കടലിന്റെയും ഹിമവാന്റെയും പെണ്മക്കള്‍ ചെയ്യുന്ന
ഏവം ലീലസല്ലാപഃ
:
കളിയായുള്ള സംവാദം
വഃ ത്രായതാം
:
നിങ്ങളെ രക്ഷിക്കട്ടേ!
മുകളില്‍ കൊടുത്ത ശ്ലോകത്തെ പരിഭാഷപ്പടുത്തി ഏ. ആര്‍. രാജരാജവര്‍മ്മ തന്റെ അലങ്കാരശാസ്ത്രഗ്രന്ഥമായ “ഭാഷാഭൂഷണ”ത്തില്‍ ചേര്‍ത്തിട്ടുണ്ടു്. വക്രോക്തിയുടെ ഉദാഹരണമായിത്തന്നെ.
“ദേഹത്തു ധരിക്കുന്ന കാര്യം അറിയില്ല. മെത്തയാക്കി അതിന്റെ പുറത്തു കിടക്കാന്‍ ബെസ്റ്റ്!”
വിഷ്ണുവിന്റെ കിടക്ക അനന്തന്‍ എന്ന പാമ്പാണല്ലോ.
“ഒരു പുതിയ വണ്ടി വാങ്ങണം. കാള നല്ലതാണോടീ?”
Ford Taurus-ന്റെ കാര്യമല്ല. സാക്ഷാല്‍ കാള. ശിവന്റെ വാഹനം അതാണല്ലോ.
“കണ്ട ആപ്പയൂപ്പകള്‍ക്കു കാള മേയ്ച്ചു നടക്കാന്‍ നല്ലതാണെന്നു കേട്ടിട്ടുണ്ടു്. പുറത്തു കയറാന്‍ നല്ല ചങ്കുറപ്പു വേണം!”
കൃഷ്ണന്‍ കാലിച്ചെക്കനായിരുന്നല്ലോ.
“നിന്റെ നാക്കിനു ലൈസന്‍സില്ലല്ലോ. അല്ല, ഞാനൊന്നു ചോദിക്കട്ടേ, ദിവസവും ഇങ്ങനെ തെണ്ടുന്നതു നല്ലതാണോ? നിനക്കു നിന്റെ കെട്ടിയോനെ ഒന്നു് ഉപദേശിച്ചു കൂടേ?”
“ഓ, അങ്ങേരു മാനമായി തെണ്ടുന്നതല്ലേ ഉള്ളൂ. മോട്ടിക്കുന്നില്ലല്ലോ? ഇവിടെ ഓരോത്തന്മാരു പാലു മോട്ടിക്കും, വെണ്ണ മോട്ടിക്കും, കുളിക്കടവില്‍ കുളിക്കുന്ന പെണ്ണുങ്ങളുടെ തുണി മോട്ടിക്കും, കല്യാണപ്പന്തലീന്നു പെണ്ണിനെ വരെ മോട്ടിക്കും…”
കൃഷ്നന്‍ ചെറുപ്പത്തില്‍ പാലും വെണ്ണയും പിന്നെ ഗോപസ്ത്രീകളുടെ തുണിയും മോഷ്ടിച്ചിട്ടുണ്ടു്. പ്രായമായപ്പോള്‍ കല്യാണപ്പന്തലില്‍ നിന്നു രുക്മിണിയെയും.
“പോടീ…”
“പോടീ…”
ഈ ശ്ലോകം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജീവിച്ചിരുന്ന കാത്തുള്ളില്‍ അച്യുതമേനോന്റേതാണു്. “കവിപുഷ്പമാല” എന്നൊരു കവിത എഴുതിയതിനു വെണ്മണി മഹന്റെ കയ്യില്‍ നിന്നു നിറയെ ചീത്ത വാങ്ങി (“ശങ്കാഹീനം ശശാങ്കാമലതരയശസാ…”) കുപ്രസിദ്ധി നേടിയ ആളാണു് അദ്ദേഹം.
“ഉമേ (പാര്‍വ്വതീ), മെയ്യു് അണിവാന്‍ (ദേഹത്തു ചാര്‍ത്താന്‍) ഫണി (പാമ്പു്) നന്നോ (നല്ലതാണോ?)”
“രമേ (ലക്ഷ്മീ), മെത്തയ്ക്കു കൊള്ളാം”
“അനുദിനം (ദിവസം തോറും) ഏറുവാന്‍ (കേറാന്‍) കാളയിതു് (ഈ കാള) നന്നു് എന്നോ (നല്ലതാണു് എന്നാണോ)?”
“മേച്ചീടുവാന്‍ ഉത്തമം”
“എന്നാല്‍ എന്നും ഇരന്നിടുന്നതു് (തെണ്ടുന്നതു്) അഴകോ (ഭംഗിയോ)?”
“കക്കുന്നതില്‍ (മോഷ്ടിക്കുന്നതിലും) ഭേദമാണു്”
എന്നു് (ഈ വിധത്തില്‍) ആ കുന്നു്-അലര്‍-മങ്കമാരുടെ (കുന്നിന്റെയും പൂവിന്റെയും പെണ്മക്കളുടെ - പാര്‍വ്വതിയും ലക്ഷ്മിയും) കളിച്ചൊല്ലു് (കളിയായുള്ള വര്‍ത്തമാനം) ഇങ്ങു താങ്ങാകണം(രക്ഷിക്കണം)!
മറ്റുള്ളവര്‍ എഴുതിയ നല്ല ശ്ലോകങ്ങളുടെ ആശയങ്ങള്‍ ഉളുപ്പില്ലാതെ കട്ടെടുത്തു സ്വയം ശ്ലോകങ്ങളെഴുതി പ്രശസ്തരായവരായിരുന്നു വെണ്മണിക്കവികള്‍. പ്രത്യേകിച്ചു മഹന്‍. ചങ്ങനാശ്ശേരി രവിവര്‍മ്മയുടെ “ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു…” എന്ന ശ്ലോകത്തെ “കണ്ഠേ നല്ല കറുപ്പുമുണ്ടു…” എന്നു പരാവര്‍ത്തനം ചെയ്തതു് ഒരുദാഹരണം മാത്രം. താഴെക്കൊടുക്കുന്നതു മറ്റൊരുദാഹരണം. എന്തായാലും ലക്ഷ്മിയും പാര്‍വ്വതിയുമായുള്ള വഴക്കിനെ ചിത്രീകരിക്കുന്ന ശ്ലോകങ്ങളില്‍ ഇതാണു് ഏറ്റവും പ്രസിദ്ധം.
ഇവിടെ കുത്തുവാക്കൊന്നുമില്ല. ചോദ്യമെല്ലാം ഡയറക്ടാണു്.
“ഡീ, നിന്റെ കെട്ടിയോന്‍ ഫുള്‍ ടൈം കാട്ടിലല്ലേ?”
“പിന്നെ നിന്റെ കെട്ടിയോന്‍ നാട്ടിലായിരിക്കും. ഒന്നുകില്‍ വൃന്ദാവനത്തില്‍ ഇടച്ചിമാരുമൊത്തു്, അല്ലെങ്കില്‍ നടുക്കടലില്‍. പതിന്നാലു കൊല്ലമല്യോടീ പണ്ടു അങ്ങേരു കണ്ടിന്യൂവസ്സായി കാട്ടില്‍ പോയതും കണ്ട പെണ്ണുങ്ങളുടെ മൂക്കും മുലേം മുറിച്ചതും. ഒന്നു പോടീ..”