വിശാഖ്

തുടങ്ങിയിടത്തു് എത്തുന്നവ

Mouse-Cookie‍ചില പുസ്തകങ്ങള്‍ എങ്ങനെയാണു പ്രശസ്തമാകുന്നതു് എന്നാലോചിച്ചാല്‍ ഒരു പിടിയും കിട്ടില്ല. പ്രത്യേകിച്ചു കുട്ടികളുടെ പുസ്തകങ്ങള്‍. എന്തെങ്കിലും ഒരു ചെറിയ കഥയോ ആശയമോ ലക്ഷക്കണക്കിനു കുട്ടികളുടെ പ്രിയപ്പെട്ടതാവുന്നതിന്റെ രസതന്ത്രം പലപ്പോഴും ദുരൂഹമാണു്. പലപ്പോഴും യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്ന കഥകളെക്കാള്‍ അസംബന്ധമാവും കുട്ടികള്‍ക്കു പ്രിയം. അസംബന്ധം മാത്രം എഴുതുന്ന ഡോക്ടര്‍ സ്യൂസ് ദശാബ്ദങ്ങളായി അമേരിക്കയിലെ കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാണു്.

1980-കളുടെ ആദ്യപകുതിയില്‍ ലോറ ന്യൂമറോഫ് എന്ന എഴുത്തുകാരി കുട്ടികള്‍ക്കു വേണ്ടി ഒരു പുസ്തകമെഴുതി. പല പ്രസാധകര്‍ക്കും അതു് അയച്ചുകൊടുത്തെങ്കിലും ഒന്‍പതു പ്രാവശ്യം അതു തിരസ്കരിക്കപ്പെട്ടു. അവസാനം 1985-ല്‍ ഹാര്‍പ്പര്‍ അതു പ്രസിദ്ധീകരിക്കുമ്പോള്‍ ലക്ഷക്കണക്കിനു കുട്ടികളെ ആകര്‍ഷിക്കുന്ന ഒരു പുസ്തകശ്രേണിയുടെ തുടക്കമാണു് ആ പുസ്തകം എന്നു് ആരും കരുതിയില്ല.

If you give a mouse a cookie എന്നായിരുന്നു ആ പുസ്തകത്തിന്റെ പേരു്. ഒരു ആണ്‍കുട്ടി ഒരു എലിക്കു് ഒരു ബിസ്കറ്റ് കൊടുക്കുന്നിടത്താണു കഥ തുടങ്ങുന്നതു്. സത്യത്തില്‍ അതൊരു കഥയല്ല. ബിസ്കറ്റ് കൊടുത്താല്‍ എന്തു സംഭവിക്കും എന്നു് ആ കുട്ടി ആലോചിച്ചുണ്ടാക്കുന്നതാണു്. ബിസ്കറ്റ് കൊടുത്താന്‍ അതു തൊണ്ടയില്‍ ഇറങ്ങാന്‍ പാല്‍ ചോദിക്കും. പാല്‍ കൊടുത്താല്‍ അതു കുടിക്കാന്‍ സ്ട്രോ ചോദിക്കും. സ്ട്രോ കിട്ടി പാല്‍ കുടിച്ചു കഴിഞ്ഞാല്‍ മുഖം തുടയ്ക്കാന്‍ നാപ്കിന്‍ ചോദിക്കും. മുഖം തുടച്ചു കഴിഞ്ഞാല്‍ പാല്‍ ശരിക്കു പോയോ എന്നു നോക്കാന്‍ കണ്ണാടി ചോദിക്കും. കണ്ണാടിയില്‍ നോക്കുമ്പോള്‍ മുടി വളര്‍ന്നതു കണ്ടു് മുടി വെട്ടാന്‍ കത്രിക ചോദിക്കും. കത്രിക കിട്ടി മുടി വെട്ടിക്കഴിഞ്ഞാല്‍ താഴെ വീണ മുടിയൊക്കെ വൃത്തിയാക്കാന്‍ ചൂലു ചോദിക്കും. വൃത്തിയാക്കല്‍ ചൂലു കൊണ്ടു തുടങ്ങി തറ കഴുകലും വീടു മൊത്തം വൃത്തിയാക്കലുമായി പുരോഗമിച്ചു് അവസാനം അതു ക്ഷീണിച്ചു് ഉറങ്ങണമെന്നു പറഞ്ഞു് ഒരു കിടക്ക ചോദിക്കും. കിടക്കയില്‍ കിടന്നു കഴിഞ്ഞാല്‍ ഒരു കഥ വായിച്ചു കൊടുക്കണം എന്നു പറയും. കഥ കേള്‍ക്കുമ്പോള്‍ പുസ്തകത്തിലെ പടങ്ങള്‍ കാണണം എന്നു പറയും. പടം കാണുമ്പോള്‍ അതു പോലെ ഒരെണ്ണം വരയ്ക്കണം എന്നു പറഞ്ഞു കിടക്കയില്‍ നിന്നു വെളിയിലിറങ്ങി പടം വരയ്ക്കും. പടം തീര്‍ന്നു കഴിയുമ്പോള്‍ അതിനു താഴെ സ്വന്തം പേരെഴുതാന്‍ പേന ചോദിക്കും. പൂര്‍ത്തിയായ ചിത്രം ഫ്രിഡ്ജില്‍ തൂക്കാന്‍ സ്കോച്ച് ടേപ്പ് ചോദിക്കും. പടം തൂക്കിയിരിക്കുന്ന ഫ്രിഡ്ജില്‍ കുറേ നോക്കിനില്‍ക്കുമ്പോള്‍ ദാഹിക്കും. പാലു ചോദിക്കും. പാല്‍ കിട്ടിക്കഴിയുമ്പോള്‍ അതിന്റെ കൂടെ തിന്നാന്‍ ഒരു ബിസ്കറ്റ് ചോദിക്കും!

ഈ കഥയിലെ എലി കുട്ടി തന്നെയാണു്. കുട്ടികള്‍ ഓരോ കാര്യവും ചെയ്യുമ്പോഴും ശ്രദ്ധ മാറി മറ്റു പലതിലേക്കു പോകുന്നതും, അച്ഛനമ്മമാര്‍ അവരുടെ പിറകേ അവര്‍ ചോദിക്കുന്ന ഓരോ സാധനവുമായി എത്തുന്നതും, ഉറക്കാന്‍ കൂട്ടാക്കാതെ അവര്‍ ചാടിയെഴുനേല്‍ക്കുന്നതും ഒക്കെ സാധാരണസംഭവങ്ങളാണു്. തങ്ങളുടെ ജീവിതത്തോടു് ഇത്ര സാദൃശ്യമുള്ളതുകൊണ്ടാവാം ഈ പുസ്തകം ഇത്ര പ്രിയപ്പെട്ടതായതു്.

ഇതിന്റെ മറ്റൊരു പ്രത്യേകത ബിസ്കറ്റില്‍ (കുക്കി) തുടങ്ങി ബിസ്കറ്റില്‍ അവസാനിക്കുന്നതാണു്. ഈ പ്രക്രിയ അനന്തമായി തുടരുന്നു എന്നൊരു പ്രതീതി അതുണ്ടാക്കുന്നു. അവസാനത്തിലെ ഈ നര്‍മ്മവും പുസ്തകത്തെ പ്രിയപ്പെട്ടതാക്കിയിട്ടുണ്ടാവും. ഫെലീസിയ ബോണ്ടിന്റെ വരയും അതിനെ വളരെ ഹൃദ്യമാക്കി.

ഏതായാലും, ഈ പുസ്തകം വിജയിച്ചതോടെ, അതു പോലെ ഒരു പറ്റം പുസ്തകങ്ങള്‍ ലോറയും ഫെലീസിയയും ചേര്‍ന്നു് ഉണ്ടാക്കി. If you give a moose a muffin, If you give a pig a pancake, If you give a pig a party എന്നിങ്ങനെ. ഈ സിരീസിലെ ഏറ്റവും അവസാനത്തെ പുസ്തകം 2008 ഒക്ടോബറില്‍ ഇറങ്ങിയ If you give a cat a cupcake ആണു്.

അവസാനം ലോറ ഒരു ആത്മകഥ എഴുതിയപ്പോള്‍ അതിനു കൊടുത്ത പേരു് If you give an author a pencil എന്നാണു്. പെന്‍സിലില്‍ തുടങ്ങി പെന്‍സിലില്‍ തീരുന്നതാണോ എന്നറിയില്ല 🙂

ഇതുപോലെ തുടങ്ങിയടത്തു് അവസാനിക്കുന്ന ഏതെങ്കിലും കഥയോ പാട്ടോ മലയാളത്തിലോ ഭാരതീയപുരാണങ്ങളിലോ മറ്റോ ഉണ്ടോ എന്നു് ആലോചിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്നതു മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയതാണു്. പക്ഷേ അതു് ഇത്തരത്തിലുള്ള ഒരു കഥയല്ല. മൂഷികസ്ത്രീയ്ക്കു വരനെ അന്വേഷിച്ചു നടക്കുന്ന മുനി തുടങ്ങുന്നതു സൂര്യനിലാണു്, മൂഷികനിലല്ല.

ആ കഥയുടെ ഗുണപാഠങ്ങള്‍ മറ്റു പല വഴിക്കുമാണു പോകുന്നതു്. ആരും ആരെക്കാള്‍ മികച്ചതല്ല എന്നൊരു ഗുണപാഠം. ഒരു ചെറിയ എലി പോലും സൂര്യന്‍, മേഘം, കാറ്റു്, പര്‍വ്വതം എന്നിവയെക്കാള്‍ മികച്ച ആളാവാന്‍ പറ്റും എന്നൊരു ഗുണപാഠം. മഹത്ത്വം നോക്കുന്നവന്റെ കണ്ണുകളിലാണു് എന്നു മറ്റൊരു ഗുണപാഠം.

ഈ വക ഗുണപാഠങ്ങളോടൊപ്പം തന്നെ ഒരു സാമൂഹികസന്ദേശം കൂടി ആ കഥ നല്‍കുന്നുണ്ടു്. തനിക്കു പറ്റിയ ആളെ കല്യാണം കഴിച്ചാല്‍ മതി, വലിയ കൊമ്പത്തെ ആളെ നോക്കരുതു് എന്നു്. എന്തായാലും പെണ്ണെലിയ്ക്കു് അവസാനം ആണെലി തന്നെയാണു് ഏറ്റവും നല്ലതു് എന്നു്. ചുഴിഞ്ഞാലോചിക്കുന്നവര്‍ക്കു് ഇതു മിശ്രവിവാഹത്തിനെതിരായ ഒരു പ്രതിലോമകഥയാനെന്നു വാദിക്കാം.

അതെന്തെങ്കിലുമാകട്ടേ. തുടങ്ങിയ ഇടത്തു തന്നെ അവസാനിക്കുന്ന കഥയ്ക്കു് ഈ ഉദാഹരണം പോരാ.


തുടങ്ങിയ സ്ഥലത്തു തിരി‍ച്ചെത്തുന്ന ഒരു കുട്ടിപ്പാട്ടാണു പിന്നെ ഓര്‍മ്മ വന്നതു്. ഒരു അസംബന്ധപ്പാട്ടു തന്നെ.

രാരിത്തത്തമ്മേ, എന്നെ-
ക്കോഴി കൊത്തല്ലേ…

കോഴി കൊത്ത്യാലു് – എന്റെ
മാല പൊട്ടൂലോ…

മാല പൊട്ട്യാലു് – എന്റെ
വീട്ടിലറിയൂലോ…

വീട്ടിലറിഞ്ഞാലു് – എന്നെ
അമ്മ തല്ലൂലോ…

(ചൊല്ലിയതു്: വിശാഖ്)
download MP3
അമ്മ തല്ല്യാലു് – എന്നെ
അച്ഛന്‍ കൊല്ലൂലോ…

അച്ഛന്‍ കൊന്നാലു് – എന്നെ
വലിച്ചെറിയൂലോ…

വലിച്ചെറിഞ്ഞാലു് – എന്നെ
ചിതലരിക്കൂലോ…

ചിതലരിച്ചാലോ – എന്നെ
കോഴി കൊത്തൂലോ…

രാരിത്തത്തമ്മേ, എന്നെ-
ക്കോഴി കൊത്തല്ലേ…

 

മാല പൊട്ടിയാല്‍ അച്ഛന്‍ കൊല്ലുമെന്നുള്ള ഭീകരമായ സന്ദേശം നല്‍കുന്ന ഈ പാട്ടു് കളിയായിട്ടു പോലും കുട്ടികളുടെ മുമ്പില്‍ പാടരുതു് എന്നു് എനിക്കു കര്‍ശനമായ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ടു്. മാത്രമല്ല, മരിച്ചു കഴിഞ്ഞാല്‍ ശവത്തിനു സംഭവിക്കുന്ന പരിണാമം ഹൊറര്‍ സിനിമകളില്‍ കാണുന്നതുപോലെ വിവരിക്കുന്നതു പിഞ്ചുമനസ്സുകളെ ചഞ്ചലമാക്കും എന്നും. എന്തായാലും അത്ര ചഞ്ചലമല്ലാത്തെ പിഞ്ചുമനസ്സുകളൊക്കെ അവസാനം കോഴി കൊത്തുന്നതിലേയ്ക്കു തിരിച്ചെത്തുന്ന ഈ പാട്ടു് വളരെ സന്തോഷത്തോടെ പാടി നടക്കുന്നതു കണ്ടിട്ടുണ്ടു്. കോഴി കൊത്തുന്നതില്‍ത്തന്നെ തിരിച്ചെത്തുന്നതാണു് മിക്കവരും ഇതിഷ്ടപ്പെടാന്‍ കാരണം.


ഒന്നുകൂടി ആലോചിച്ചപ്പോള്‍ തുടങ്ങിയിടത്തു തിരിച്ചെത്തുന്ന ഒരു ശ്ലോകം കിട്ടി.

എന്താണെന്നറിയില്ല, ഈയിടെയായി എന്തു പറഞ്ഞാലും ഞാന്‍ ശ്ലോകത്തിലെത്തും. ഇതൊരു മാനസികരോഗമാണോ ഡോക്ടര്‍? 🙂

ത്രിപുരദഹനം നടത്തിയ ശിവനെപ്പറ്റിയാണു ശ്ലോകം. ത്രിപുരന്മാരെ കൊല്ലുക അത്ര എളുപ്പമായിരുന്നില്ല. ഭൂമി, സ്വര്‍ഗ്ഗം, പാതാളം എന്നിവിടങ്ങളില്‍ മൂന്നു പുരങ്ങള്‍. വിമാനം പോലെ സഞ്ചരിക്കുന്നവയാണു്. ഓരോന്നിലും ഓരോരുത്തന്‍. ആയിരം കൊല്ലം കൂടുമ്പോള്‍ ഇവ മൂന്നും ഒന്നിക്കും. അപ്പോള്‍ ഒരൊറ്റ അമ്പു കൊണ്ടു് അവയെ ഒന്നിച്ചു നശിപ്പിക്കണം. എന്നാലേ അവര്‍ മരിക്കൂ. ബ്രഹ്മാവു കൊടുത്ത വരമാണു്.

ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോള്‍ ദേവന്മാര്‍ അവരെ കൊല്ലുന്ന ജോലി ലോകത്തെ ഏറ്റവും വലിയ വില്ലാളിയായ ശിവനെയാണു് ഏല്‍പ്പിച്ചതു്. ഈ കര്‍മ്മത്തിനു സാധാരണ ആയുധങ്ങളൊന്നും പോരാത്തതുകൊണ്ടു് സ്പെഷ്യല്‍ വെപ്പണ്‍സ് ആക്റ്റ് കൊണ്ടുവന്നു. മഹാമേരുവാണു വില്ലായതു്. (ഇതിന്റെ മുകളിലാണു ദേവന്മാരുടെ താമസം. അതായതു് വില്ലിന്റെ മുകളില്‍ ദേവന്മാര്‍ മുഴുവനും ഉണ്ടു്.) വാസുകി എന്ന സര്‍പ്പമാണു വില്ലിന്റെ ഞാണ്‍. (പാവം വാസുകി! പാലാഴി കടഞ്ഞാലും ത്രിപുരന്മാരെ കൊന്നാലും വലിക്കുന്നതു വാസുകിയെത്തന്നെ!) മഹാവിഷ്ണുവാണു് അമ്പു്. അമ്പിന്റെ തലയ്ക്കു് അഗ്നി. കൊണ്ടാല്‍ കൊള്ളുന്നതു കത്തിപ്പോകും. അമ്പിന്റെ കടയ്ക്കല്‍ വായു. അമ്പു സ്പീഡില്‍ പറക്കും.

ഇനിയും കുറേ സംഭവങ്ങള്‍ കൂടി ഇതിനോടനുബന്ധിച്ചുണ്ടു്. എല്ലാം ഇവിടെ പറയുന്നില്ല. വില്ലായതു് മഹാമേരുവല്ല, മന്ദരപര്‍വ്വതമാണു് എന്നൊരു മതവുമുണ്ടു്. അതും പോകട്ടേ…

ഇങ്ങനെയുള്ള സെറ്റപ്പിലാണു ശിവന്‍ ത്രിപുരദഹനത്തിനൊരുങ്ങിയതു്. പ്ലാന്‍ ചെയ്തതു പോലെ ഒരൊറ്റ അമ്പു കൊണ്ടു് ത്രിപുരന്മാരുടെ കഥ കഴിച്ചു.

ഇനി ശ്ലോകം.

കാറ്റേല്‍ക്കുമ്പോള്‍ തിളങ്ങും തൊടുകുറി, കുറിയില്‍-
    ച്ചേര്‍ത്തുവെച്ചൂതിയെന്നാല്‍
മാറ്റേറും വില്ലു, വില്ലിന്‍ മുകളിലമരുവോര്‍-
    ക്കല്ലല്‍ തീര്‍പ്പോരു ബാണം,
പോറ്റീ! ബാണം കിടക്കും മണിമയസദനം
    കങ്കണം, കങ്കണത്തി-
ന്നൂറ്റം കാ, റ്റെത്ര നന്നിത്തൊഴിലുകള്‍, ശിവപേ-
    രൂരെഴും തിങ്കള്‍മൌലേ!

download MP3

ശിവന്റെ നെറ്റിയിലെ തൊടുകുറി കാറ്റു കൊണ്ടാല്‍ തിളങ്ങുന്നതാണു്. കാറ്റു കൊണ്ടാല്‍ തിളങ്ങുന്നതു തീക്കനല്‍. ശിവന്റെ മൂന്നാം കണ്ണു് തീക്കനലാണെന്നാണല്ലോ സങ്കല്പം. ഇനി, ആ തീക്കനില്‍ വെച്ചു് ഊതിയാല്‍ മാറ്റു കൂടുന്നതാണു വില്ലു്. അതായതു വില്ലു സ്വര്‍ണ്ണമാണു്. മഹാമേരു സ്വര്‍ണ്ണം കൊണ്ടുള്ള മലയാണെന്നാണു സങ്കല്പം. വില്ലിന്റെ (മഹാമേരുവിന്റെ) മുകളില്‍ താമസിക്കുന്നവര്‍ക്കു് (ദേവന്മാര്‍ക്കു്) ദുഃഖം ഇല്ലാതാക്കുന്ന അമ്പു് (വിഷ്ണു). അമ്പു് (വിഷ്ണു) കിടക്കുന്ന കിടക്ക (പാമ്പു്. വിഷ്ണു കിടക്കുന്നതു് അനന്തന്‍ എന്ന പാമ്പിന്റെ പുറത്താണല്ലോ) ആഭരണമാണു്. (ശിവന്റെ ആഭരണം പാമ്പാണല്ലോ.) ഈ ആഭരണത്തിന്റെ (പാമ്പിന്റെ) ഭക്ഷണം കാറ്റാണു്. (പാമ്പു കാറ്റു തിന്നാണു ജീവിക്കുന്നതു് എന്നു മറ്റൊരു സങ്കല്പം.) ഒരു രക്ഷയുമില്ലാത്തെ തൊഴിലുകളാണല്ലോ നിന്റേതു് എന്നു തൃശ്ശൂര്‍ വടക്കുന്നാഥനോടു ചോദിക്കുകയാണു കവി.

നാലാം വരി “കങ്കണത്തിന്നൂണ്‍ കാറ്റാ, ണെത്ര നന്നി…” എന്നാണെന്നും ഏതോ അക്ഷരശ്ലോകക്കാരന്‍ ദ്വിതീയാക്ഷരപ്രാസത്തിനു വേണ്ടി ഇങ്ങനെ മാറ്റിയതാണെന്നും ഒരു അഭിപ്രായമുണ്ടു്.

അങ്ങനെ കാറ്റില്‍ തുടങ്ങി കാറ്റില്‍ അവസാനിക്കുന്നു ഈ ശ്ലോകം. കവി ആരാണെന്നു് അറിയില്ല.

ഇതുപോലെ തുടങ്ങിയിടത്തു തന്നെ അവസാനിക്കുന്ന എന്തെങ്കിലും (പാട്ടോ കഥയോ ശ്ലോകമോ മറ്റോ) നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമോ?

കുട്ടികള്‍ക്കുള്ളവ
വിശാഖ്
ശബ്ദം (Audio)
സരസശ്ലോകങ്ങള്‍

Comments (14)

Permalink

നായരു നല്ല മൃഗം…

നിങ്ങളില്‍ കുറേപ്പേരെങ്കിലും എന്റെ അച്ഛനും മകനും എന്ന പോസ്റ്റു വായിക്കുകയും അതിലുണ്ടായിരുന്ന ഓഡിയോ റെക്കോര്‍ഡിംഗുകള്‍ കേള്‍ക്കുകയും ചെയ്തിട്ടുണ്ടാവും. അന്നു് അഞ്ചു വയസ്സൂണ്ടായിരുന്ന വിശാഖും (എന്റെ മകന്‍) ഞാനും കൂടി നടത്തിയ ഒരു ലഘുനാടകത്തിന്റെ ഓഡിയോ ആയിരുന്നു അതില്‍.

അതിനും അഞ്ചാറു മാസം മുമ്പാണു് (2005 നവംബര്‍ – വിശാഖിനു നാലര വയസ്സു്) ആ പ്രോഗ്രാം പോര്‍ട്ട്‌ലാന്‍ഡിലെ മലയാളിസംഘടനയായ സ്വരത്തിന്റെ ഓണാഘോഷത്തില്‍ അതു് അരങ്ങേറിയതു്. അതിന്റെ വീഡിയോ ഇവിടെ കാണാം.

(ഇതു കാണാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇവിടെ നിന്നു നേരിട്ടു കാണുക.)

ഇനി അച്ഛനും മകനും എന്ന പോസ്റ്റു വായിക്കാത്തവര്‍ അതു വായിക്കുക. അതില്‍ വിശാഖ് അച്ഛനും ഞാന്‍ മകനുമായി ഒരു പ്രകടനവും ഉണ്ടു്. അതിന്റെ സ്ക്രിപ്റ്റ് ഇവിടെ വായിക്കാം.


പോര്‍ട്ട്‌ലാന്‍ഡില്‍ നിന്നു കാലിഫോര്‍ണിയയിലേക്കു മാറിയതിനു ശേഷം ഇതു് അവതരിപ്പിക്കാന്‍ പറ്റിയ ഒരു വേദിയും ഞങ്ങള്‍ വിട്ടില്ല. ബേ ഏറിയയിലെ മലയാളികള്‍ക്കു് ഞങ്ങളുടെ ആ സ്കിറ്റ് കണ്ടു മതിയായി. “അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍…” എന്നു പറയുന്നതു പോലെ വിശാഖിന്റെ സ്കിറ്റ് കണ്ടിട്ടില്ലാത്തവരില്ല മലയാളികള്‍ എന്ന സ്ഥിതിയായി.

ഇനി നിന്നുപിഴയ്ക്കാന്‍ വേറേ ഏതെങ്കിലും സ്ഥലത്തേയ്ക്കു മാറണമല്ലോ എന്നു വിചാരിച്ചിരിക്കുമ്പോഴാണു് ഇവിടുത്തെ ചെറിയ ഒരു കൂട്ടായ്മയുടെ ഈസ്റ്റര്‍/വിഷു പ്രോഗ്രാം വന്നതു്.

അതിനോടനുബന്ധിച്ചു് ഞങ്ങള്‍ ആ സ്കിറ്റിനൊരു രണ്ടാം ഭാഗം അവതരിപ്പിച്ചു. സ്റ്റേജിലൊന്നുമായിരുന്നില്ല. അതുകൊണ്ടു് കാണികളുടെ ഇടപെടലും ഉണ്ടു്. നേരത്തേ പ്ലാന്‍ ചെയ്തതല്ലെങ്കിലും വിശാഖിന്റെ അനിയന്‍ വിഘ്നേശും ചെറിയ ഒരു റോള്‍ ചെയ്യുന്നുണ്ടു്.

(ഇതു കാണാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇവിടെ നിന്നു നേരിട്ടു കാണുക.)

പഴയ സ്കിറ്റിന്റെ വീഡിയോ പ്രൊഫഷണല്‍ വീഡിയോഗ്രാഫര്‍മാര്‍ റെക്കോര്‍ഡു ചെയ്തു് പിന്നെ എഡിറ്റു ചെയ്തു് ഓഡിയോ മിക്സ് ചെയ്തു് ഉണ്ടാക്കിയതാണു്. ഇതു് ഒരു സാദാ കാംകോഡറില്‍ ഒരു സാദാ മനുഷ്യന്‍ സാദാ ആയി റെക്കോര്‍ഡു ചെയ്തതും.


വനിതാലോകം ബ്ലോഗിലെ കവിതാക്ഷരിയിലേയ്ക്കു് ഒരു കവിത ചൊല്ലി അയയ്ക്കാന്‍ വിശാഖ് ശ്രമിക്കുന്നതും ഓരോ കവിതയ്ക്കും ഓരോ പ്രശ്നം കാണുന്നതും വിഷയമാക്കി ഒരു ഓഡിയോ സ്കിറ്റ് ഉണ്ടാക്കി വനിതാലോകത്തിലേയ്ക്കു് അയച്ചു കൊടുക്കണം എന്നൊരു ആശയം എന്റെ മനസ്സിലുണ്ടായിരുന്നു. അതു നടന്നില്ല. അപ്പോഴാണു് ഈ പരിപാടി വന്നതും അതു് ഈ വിധത്തിലായതും.

നാടോടിക്കാറ്റു്, ഒരു സി. ബി. ഐ. ഡയറിക്കുറിപ്പു്, കിലുക്കം, Die hard, Terminator, Matrix തുടങ്ങിയ സിനിമകള്‍ക്കു പറ്റിയതു പോലെ ഈ സീക്വലും ഒരു ഫ്ലോപ്പാകുമോ?

വിശാഖ്
വീഡിയോ

Comments (12)

Permalink

അമ്മ ഇന്നാളു പറഞ്ഞല്ലോ…

“പിന്നെ അമ്മ ഇന്നാളു പറഞ്ഞല്ലോ…”

രാവിലെ അമ്മയും മകനും കൂടി പുസ്തകം വായിക്കുകയാണു്. മകനു കൂട്ടിവായന ശരിയായിട്ടില്ല. “മാര്‍ത്തോമ്മാ വലിയ പള്ളി” എന്നതു “മാറു തോമാ വലിയ പല്ലി” എന്നു വായിക്കുന്ന പരുവം. എങ്കിലും വായിക്കാന്‍ ഇഷ്ടമാണു്. ആരെങ്കിലും വായിച്ചു കൊടുക്കണം. അങ്ങനെ വായിച്ചു കൊടുത്തതില്‍ ഏതോ കാര്യത്തിനു മുമ്പു പറഞ്ഞ എന്തോ കാര്യത്തിനു വിരുദ്ധമായ എന്തോ കണ്ടു. അതാണു് ചോദ്യത്തിനു കാരണം.


സംസാരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ വായിക്കാന്‍ തുടങ്ങുന്ന കാലം വരെയാണു് കുട്ടികള്‍ സ്വയം നന്നായി പഠിക്കുന്നതെന്നു തോന്നിയിട്ടുണ്ടു്. ഈ പ്രായത്തിലുള്ള കുട്ടികളോടു സംസാരിക്കാനും അവരുടെ ചെയ്തികള്‍ നോക്കിനില്‍ക്കാനും എന്തൊരു രസമാണു്! എന്തു സംശയങ്ങളാണു് അവര്‍ക്കു്? എത്ര ലോജിക്കലായി ആണു് അവര്‍ ചിന്തിക്കുന്നതു്? (Calvin and Hobbes എന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പ് ഇഷ്ടമുള്ളവര്‍ക്കു ഞാന്‍ ഉദ്ദേശിക്കുന്നതെന്താണെന്നു മനസ്സിലാകും.) ചോദിക്കാന്‍ അവര്‍ക്കു ലജ്ജയുമില്ല, അറിയേണ്ടതു് എങ്ങനെയെങ്കിലും മനസ്സിലാക്കുകയും ചെയ്യും.

വായിക്കാറാവുമ്പോള്‍ പുസ്തകത്തിലെ അറിവു് അവന്റെ പ്രകൃത്യാ ഉള്ള കഴിവിനെ കെടുത്തിക്കളഞ്ഞു് മറ്റാരുടെയോ അറിവിനെ സ്പൂണ്‍‌ഫീഡ് ചെയ്യുന്നു. സ്കൂള്‍ വിദ്യാഭാസവും മുതിര്‍ന്നവരോടുള്ള ഇടപെടലും അവന്റെ ചോദ്യം ചെയ്യാനുള്ള താത്‌പര്യത്തെ നശിപ്പിച്ചുകളയുന്നു. ഉത്തരം മുട്ടുമ്പോള്‍ മുതിര്‍ന്നവര്‍ കൊഞ്ഞനം കുത്തുകയും “ഇവനിതെന്തൊരു ചെറുക്കന്‍! എന്റെയൊന്നും ചെറുപ്പത്തില്‍ ഇമ്മാതിരി ചോദ്യമൊന്നും ചോദിക്കില്ലായിരുന്നല്ലോ, പ്രായമായവര്‍ പറയുന്നതു് അങ്ങു വിശ്വസിക്കും. അതാണു വേണ്ടതു്.” എന്നു പറയുകയും ചെയ്യും.

രണ്ടര/മൂന്നു വയസ്സുള്ളപ്പോഴുള്ള ഒരു ചോദ്യം:

“അച്ഛാ, അച്ഛാ, മൂണിനെ നമുക്കു കാണാമായിരുന്നല്ലോ. ഇപ്പോള്‍ കാണുന്നില്ലല്ലോ. അതെന്താ?”

മലയാളം പറയാന്‍ പഠിപ്പിച്ചിരുന്നെങ്കിലും പല വസ്തുക്കളുടെയും ഇംഗ്ലീഷ് വാക്കുകള്‍ മാത്രമേ പറഞ്ഞുകൊടുത്തിരുന്നുള്ളൂ. ഭാഷകള്‍ തമ്മില്‍ ചിന്താക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍. അതാണു “മൂണ്‍” എന്നു പറയാന്‍ കാരണം.

“അതു മോനേ, നമ്മുടെ കണ്ണിന്റെയും മൂണിന്റെയും ഇടയ്ക്കു ട്രാന്‍സ്പെരന്റ് അല്ലാത്ത ഒരു സാധനം വന്നതുകൊണ്ടാ…”

“അതെന്താ ഈ ട്രാന്‍സ്…?”

“ലൈറ്റ് കടന്നുപോകുന്ന സാധനമാണു ട്രാന്‍സ്പെരെന്റ്. കണ്ണാടി, വെള്ളം അതുപോലെയുള്ളവ…”

“അപ്പോള്‍ നമ്മുടെ പുറകിലുള്ളതെന്താ കാണാത്തതു്?”

“അതു്…” (ഒന്നു പരുങ്ങി‌) “നമ്മുടെ കണ്ണിനും അതിനും ഇടയ്ക്കു നമ്മുടെ തല വരുന്നുണ്ടല്ലോ. അതു ട്രാന്‍സ്പെരെന്റ് അല്ലല്ലോ…”

കണ്ണിന്റെ ലെന്‍സ്, റെറ്റീന തുടങ്ങിയവ പറഞ്ഞുകൊടുക്കാന്‍ നിന്നാല്‍ ഇന്നത്തെ ദിവസം പോകും. തത്കാലം ഇതുകൊണ്ടു ശരിയാകുമോ എന്നു നോക്കട്ടേ.

“അപ്പോ എന്താ നമ്മള്‍ നമ്മളുടെ തല കാണാത്തതു്?”

ചുറ്റി. “വീട്ടില്‍ ചെല്ലട്ടേ. അപ്പോള്‍ അച്ഛന്‍ എല്ലാം പറഞ്ഞുതരാം.”

അതാണെന്റെ പത്തൊമ്പതാമത്തെ അടവു്. വീട്ടില്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഗൂഗിള്‍, വിക്കിപീഡിയ എന്നിവയൊക്കെ ഉണ്ടല്ലോ. അതില്‍ നോക്കിയിട്ടു പറഞ്ഞുകൊടുക്കാം.

അന്നൊക്കെ ഇങ്ങനെയുള്ള ചീളുകാര്യങ്ങള്‍ക്കു വിക്കിപീഡിയ നോക്കാന്‍ മടിയാണു്. പിന്നെയാണു മനസ്സിലായതു് സര്‍വ്വവിജ്ഞാനകോശം എന്നു ഞാന്‍ വിചാരിച്ചിരുന്ന പലരും മുട്ട പുഴുങ്ങുന്നതെങ്ങനെ എന്നതിനു പോലും വിക്കിപീഡിയ നോക്കുമെന്നു്!

“അച്ഛാ, പിന്നെ അമ്മ ഇന്നാളു പറഞ്ഞല്ലോ…”

“അമ്മ എന്തു പറഞ്ഞു?”

“മൂണിനെ കാണാതായതു് കാര്‍ ഒരു ടേണെടുത്തതുകൊണ്ടാണെന്നു്…”

“അതും ശരി തന്നെ.”

“അതെങ്ങനാ ശരിയാവുന്നതു്?”

“കാര്‍ ഒരു ടേണെടുത്തപ്പോള്‍ നമ്മുടെ കണ്ണിന്റെയും മൂണിന്റെയും ഇടയ്ക്കു് ട്രാന്‍സ്പരന്റല്ലാത്ത ഒരു സാധനം വന്നു. ഉദാഹരണത്തിനു കാറിന്റെ റൂഫ്…”

“അല്ലെങ്കില്‍ മൂണ്‍ നമ്മുടെ പുറകിലായിക്കാണും…” ഇപ്പോള്‍ കിട്ടിയ വിജ്ഞാനത്തില്‍ നിന്നൊരു ചീന്തു്.

“ശരിയാ, അങ്ങനെയും ആവാം.”

അങ്ങനെ തത്ക്കാലം ആ പ്രശ്നം ഒഴിവായി. വീട്ടില്‍ വന്നപ്പോള്‍ അവന്‍ മറ്റേ കാര്യം എടുത്തിട്ടു. ഗൂഗിള്‍, വിക്കിപീഡിയ തുടങ്ങിയവ ഉപയോഗിച്ചു കണ്ണില്‍ പ്രതിബിംബം പതിയുന്നതും, കണ്ണടയുടെ ഉപയോഗവും, ക്യാമറയുടെ പിന്നിലെ തത്ത്വവും-ഒക്കെയായി നാലഞ്ചു മണിക്കൂര്‍ പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.

അന്നു മുതല്‍ എന്നും വൈകിട്ടു ഞാന്‍ ഓഫീസില്‍ നിന്നു വന്നാല്‍ ഞാനും സിന്ധുവും കൂടി ഒരു ഡിസ്കഷനുണ്ടു്. ഇന്നു് അവന്‍ എന്തു ചോദ്യങ്ങള്‍ ചോദിച്ചു, അവയ്ക്കു് എന്തുത്തരങ്ങള്‍ ആണു പറഞ്ഞതു് എന്നതിനെപ്പറ്റി. അതേ ചോദ്യം മറ്റേ ആളോടു ചോദിച്ചാല്‍ അതേ ഉത്തരം തന്നെ പറയാനുള്ള ഒരു മുന്‍‌കരുതല്‍. ഇതിനെ നമുക്കു് ഉത്തരസമാനത (Equivalence of answers) എന്നു വിളിക്കാം.


ഈ ഉത്തരസമാനത ടെസ്റ്റു ചെയ്യല്‍ അവന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടു് എന്നു തോന്നും. ഒരു ചോദ്യം നമ്മളോടു തന്നെ പത്തു തവണ ചോദിക്കും. മറ്റുള്ളവരോടും ചോദിക്കും. വ്യത്യാസമുണ്ടെങ്കില്‍ അതില്‍ കടിച്ചുതൂങ്ങും. രണ്ടുപേര്‍ ഒരുപോലെ പറഞ്ഞാല്‍ മൂന്നാമതായി ഒരാളോടു ചോദിക്കും.

ഇവനു പറ്റിയ പണി വക്കീല്‍പ്പണി ആണെന്നു തോന്നിയിട്ടുണ്ടു്. പിന്നീടു മനസ്സിലായി ഈ പ്രായത്തിലുള്ള കുട്ടികള്‍ മുഴുവന്‍ വക്കീല്‍പ്പണിക്കു പഠിക്കുന്നവരാണെന്നു്. “കുട്ടികള്‍ വക്കീലന്മാരായി ജനിക്കുന്നു. മുതിര്‍ന്നവര്‍ അവരെ മറ്റു പലതും ആക്കുന്നു.” എന്നു പറയാന്‍ തോന്നിയിട്ടുണ്ടു്.


ഇരുപതു മൈല്‍ ദൂരെ സകുടുംബം താമസിക്കുന്ന ഭാര്യാസഹോദരന്റെ വീട്ടില്‍ പോയതാണു ഞങ്ങള്‍. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെയൊരു പോക്കു പതിവുണ്ടു്. അവിടെ അടുത്തുള്ള ഇന്ത്യന്‍ പലചരക്കുകടയില്‍ നിന്നും മറ്റും ആവശ്യമായ ഷോപ്പിംഗ്, വല്ല ബെര്‍ത്‌ഡേ പാര്‍ട്ടിയോ മറ്റോ ഉണ്ടെങ്കില്‍ അതില്‍ സംബന്ധിക്കല്‍ തുടങ്ങിയുള്ള അല്ലറചില്ലറ കാര്യങ്ങള്‍ക്കായി. ഉച്ചയ്ക്കു മുമ്പു് അവിടെയെത്തി അവിടെ നിന്നു് ഉച്ചഭക്ഷണവും പിന്നെ രാത്രി വരെ വര്‍ത്തമാനം പറഞ്ഞിരുന്നു് ആ ഭക്ഷണവും അവിടെ നിന്നാക്കി പാതിരാത്രിയ്ക്കു തൊട്ടു മുമ്പു കൂടു പൂകും.

അഭിരുചികളുടെ കാര്യത്തില്‍ നാലു ധ്രുവങ്ങളില്‍ സ്ഥിതിചെയ്യുന്ന ഞങ്ങള്‍ക്കു നാലു പേര്‍ക്കും താത്പര്യമുള്ള വിഷയം സൂര്യനു കീഴില്‍ ഇല്ലാത്തതുകൊണ്ടു് പത്തുപതിനഞ്ചു മിനിട്ടുകള്‍ക്കുള്ളില്‍ ഞങ്ങളുടെ സംഭാഷണം അരവിന്ദന്റെ അവാര്‍ഡുസിനിമയിലെപ്പോലെ ഒറ്റ വാക്കിലുള്ള ചോദ്യവും (“ഉറങ്ങിയോ?”) ഒരു ഞരക്കത്തിലുള്ള ഉത്തരവും (“ങൂം ങൂം”) ആയി പരിണമിക്കും. അപ്പോഴുള്ള ആകെ ആശ്വാസം മൂന്നര-നാലു വയസ്സുള്ള മകന്റെ അടിസ്ഥാനസംശയങ്ങളാണു്. നാലു പേരും മത്സരിച്ചു് അവന്റെ ചോദ്യങ്ങള്‍ക്കുത്തരം കൊടുക്കാന്‍ വിഫലശ്രമം നടത്തി ഉത്തരസമാനതയുടെ എല്ലാ നിയമങ്ങളും തെറ്റിച്ചു് പിന്നെ ഒരാഴ്ചത്തേക്കു് “അച്ഛന്‍/ അമ്മ/ അമ്മാവന്‍/ അമ്മായി ഇന്നാളു പറഞ്ഞല്ലോ…” എന്നു പറയാന്‍ വകുപ്പുണ്ടാക്കിക്കൊടുക്കും.

അന്നു് അദ്ദേഹം അമ്മാവന്‍ വാങ്ങിക്കൊടുത്ത ഒരു കളിപ്പാട്ടത്തിലെ ചെറിയ ഒരു കുഴലിനകത്തു് വലിയ ഒരു കോല്‍ കടക്കാത്തതു് എന്തുകൊണ്ടു് എന്നതിനെപ്പറ്റി ഫണ്ടമെന്റല്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. ചെറുതില്‍ വലുതു പോകാത്തതിനെപ്പറ്റി ഞങ്ങള്‍ നാലു് എഞ്ചിനീയര്‍മാര്‍ ഘോരഘോരം ക്ലാസ്സുകളെടുത്തു. അതു കേട്ടിട്ടു് അവന്‍ ഒരു സിമ്പിള്‍ ചോദ്യം ചോദിക്കും, “അതെന്താ?” അതിനു ഞങ്ങള്‍ക്കുത്തരമില്ല. വ്യാപ്തം, തന്മാത്രകളുടെ ജഡത്വവും ചാലകതയും, കണികാസിദ്ധാന്തം, ക്വാണ്ടം മെക്കാനിക്സ്, വേദാന്തം, ഫിലോസഫി തുടങ്ങിയവയൊക്കെ പരീക്ഷിച്ചിട്ടും (ഇതൊക്കെ ഞങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമെന്നു തെറ്റിദ്ധരിക്കരുതു്. പറയാന്‍ ശ്രമിച്ചു എന്നേ ഉള്ളൂ.) “എഗൈന്‍ ശങ്കര്‍ ഇസ് ഓണ്‍ ദ കോക്കനട്ട് ട്രീ” എന്ന സ്ഥിതി. അവസാനം യൂക്ലിഡിന്റെ അഞ്ചാം പ്രമാണം പോലെ ഞങ്ങള്‍ പ്രഖ്യാപിച്ചു, “വലിയ ദ്വാരങ്ങളിലൂടെ വലിയ വസ്തുക്കള്‍ക്കും ചെറിയ വസ്തുക്കള്‍ക്കും പോകാം. എന്നാല്‍ ചെറിയ ദ്വാരങ്ങളിലൂടെ ചെറിയ വസ്തുക്കള്‍ക്കു മാത്രമേ പോകാന്‍ കഴിയൂ. ഇതു നീ സമ്മതിച്ചേ പറ്റൂ.”

ഇതിനു കൊടുക്കേണ്ടി വന്ന വില ചെറുതല്ലായിരുന്നു. അടുക്കും ചിട്ടയുമായി കിടന്നിരുന്ന വീടു് നെയില്‍ പോളിഷ് ട്യൂബുകള്‍, ക്യാമറ, കുപ്പികള്‍, പാത്രങ്ങള്‍, പെട്ടികള്‍, ഇപ്പറഞ്ഞ സാധനങ്ങളില്‍ ഇടാന്‍ വേണ്ടി എടുത്ത ചെറുതും വലുതുമായ പല വലിപ്പത്തിലുള്ള സാധനങ്ങള്‍ ഇവയെക്കൊണ്ടു നിറഞ്ഞു. അവനിരിക്കാന്‍ വേണ്ടി വാങ്ങിയ ഒരു കുഞ്ഞു പ്ലാസ്റ്റിക്ക് കസേരയില്‍ വലിയ ഒരാള്‍ക്കിരിക്കാന്‍ പറ്റില്ല എന്നു ഡെമോണ്‍‌സ്ട്രേറ്റു ചെയ്തു് അതു പല കഷണമായി. ഖരവസ്തുക്കള്‍ക്കു പറഞ്ഞ തത്ത്വം ദ്രാവകങ്ങള്‍ക്കും ബാധകമാണോ എന്നു് അദ്ദേഹം ഞങ്ങളുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ പരീക്ഷിച്ചതിന്റെ ഫലമായി ഓറഞ്ച്‌ജ്യൂസ്‌കുപ്പി കാര്‍പെറ്റില്‍ കമഴ്ന്നു. ആകെ വീടു് അനോണികള്‍ കയറിയ ബ്ലോഗു പോലെയായി.

പക്ഷേ ഏറ്റവും വലിയ അപകടം സംഭവിച്ചതു ന്യൂട്ടനാണു്. അതേ, ഗുരുത്വാകര്‍ഷണപ്രമാണം കണ്ടുപിടിച്ച സാക്ഷാല്‍ ഐസക് ന്യൂട്ടനു്. മുകളില്‍പ്പറഞ്ഞ സിദ്ധാന്തം വിശദീകരിക്കുന്നതിനിടയില്‍ ന്യൂട്ടന്‍ പണ്ടു് തന്റെ രണ്ടു പട്ടിക്കുട്ടികളെയും ഇടാന്‍ ഒരു കൂടു പണിഞ്ഞതും, വലിയ പട്ടിയ്ക്കു കയറാന്‍ വലിയ വാതിലും ചെറിയ പട്ടിയ്ക്കു കയറാന്‍ ചെറിയ വാതിലും വേണമെന്നു് ആശാരിയോടു പറഞ്ഞതും, വലിയ വാതിലില്‍ക്കൂടി ചെറിയ പട്ടിക്കും കയറിക്കൂടേ എന്നു് ആശാരി ചോദിച്ചതും ഒക്കെ വിശദീകരിക്കുന്ന കഥ പറഞ്ഞുകൊടുത്തു. (അതു ന്യൂട്ടനല്ല ആമ്പിയറാണെന്നും, പട്ടിയല്ല പൂച്ചയാണെന്നും ഒന്നും പറഞ്ഞു് ആരും വന്നേക്കരുതു്. സൌകര്യത്തിനു വിക്കിപീഡിയ അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്കു നാലു പേര്‍ക്കും മുട്ട പുഴുങ്ങാന്‍ അറിയാവുന്നതു കൊണ്ടു് അതിന്റെ ആവശ്യവും തോന്നിയിരുന്നില്ല.) ഈ കഥയില്‍ നിന്നു് ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായിരുന്ന ആ മനുഷ്യനെ ഒരു ഭൂലോകമണ്ടന്‍ എന്ന രീതിയിലാണു് അവന്‍ പിന്നെ കരുതിയിരുന്നതു്. ഉദാഹരണമായി, ശ്രീജിത്തിന്റെ ബ്ലോഗ് വല്ലതും അവനെ കാണിച്ചാല്‍ “ഇതു ന്യൂട്ടന്‍ എഴുതിയതാണോ” എന്നു് അവന്‍ ചോദിക്കും. പാറപ്പുറത്തു നിന്നു താഴോട്ടു വീണപ്പോള്‍ തനിക്കു 9.8 km/sec സ്പീഡുണ്ടായിരുന്നു എന്നെഴുതിയ മഹാന്റെ പേരു ചേര്‍ത്തു തന്റെ പേരു പറഞ്ഞെന്നു കേട്ടാല്‍ വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലെ ഒരു ശവകുടീരത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന ന്യൂട്ടന്റെ അസ്ഥിപഞ്ജരം പല തവണ തകിടം മറിയും.

പക്ഷേ, ഏറ്റവും വലിയ അത്യാഹിതം വരാനിരിക്കുന്നതേ ഉള്ളൂ. മേല്‍പ്പറഞ്ഞ സംഭവത്തിനു ശേഷം നാലഞ്ചു ദിവസത്തിനുള്ളില്‍ (ഇതിനിടയില്‍ ഏതെങ്കിലും വാതില്‍ കണ്ടാല്‍ അതിലൂടെ ആന പോകുമോ, ഇതിലൂടെ ബ്ലൂ വെയില്‍ പോകുമോ എന്നൊക്കെ ചോദിച്ചു ഞങ്ങളുടെ തല പറപ്പിച്ചിരുന്നു എന്നതു വെറൊരു കാര്യം.) തഥാഗതനെ പ്രീ-സ്കൂളില്‍ കൊണ്ടുവിടാന്‍ കാറില്‍ യാത്ര ചെയ്യുമ്പോഴാണു് കാര്‍ണിവല്‍ നടക്കുന്ന ഒരു പറമ്പിന്റെ അടുത്തു കൂടി പോയതു്. അവിടെ വലിയ ശബ്ദമായതുകൊണ്ടു ഞാന്‍ ജനല്‍ അടച്ചു.

അപ്പോള്‍ വന്നു ചോദ്യം, “അച്ഛാ, എന്താ ഇപ്പോള്‍ ശബ്ദം കേള്‍ക്കാത്തേ…?”

ഹാവൂ, എനിക്കറിയാവുന്ന ഒരു ചോദ്യം കിട്ടി! ശബ്ദതരംഗങ്ങളെപ്പറ്റിയും അവ ചെവിയില്‍ വന്നു തട്ടുമ്പോള്‍ നമ്മള്‍ അതു കേള്‍ക്കുന്നതിനെപ്പറ്റിയും പറഞ്ഞുകൊടുത്തു. അമ്മ പറഞ്ഞുകൊടുത്തു് അവനു് ഇതിനെപ്പറ്റി കുറേ വിവരമുണ്ടായിരുന്നു. പക്ഷേ സംശയം അവിടെക്കൊണ്ടു തീര്‍ന്നില്ല.

“എന്താ കുറച്ചു ശബ്ദം കേള്‍ക്കാമല്ലോ…”

“അതു മോനേ, ഈ ചില്ലിന്റെ ഇടയ്ക്കും ചെറിയ സുഷിരങ്ങളുണ്ടു്. നമുക്കു കാണാന്‍ പറ്റില്ല എന്നു മാത്രം. ശബ്ദം അതിലൂടെ നുഴഞ്ഞുകയറി നമ്മുടെ ചെവിയിലെത്തും. എല്ലാ ശബ്ദത്തിനും അങ്ങനെ പറ്റാത്തതുകൊണ്ടു് കുറച്ചു മാത്രമേ നമുക്കു കേള്‍ക്കാന്‍ പറ്റൂ.”

ചെറിയ ശബ്ദങ്ങള്‍ സുഷിരങ്ങളിലൂടെ നുഴഞ്ഞുകയറുന്നതും വലിയ ശബ്ദങ്ങള്‍ വെളിയില്‍ വഴിമുട്ടി നില്‍ക്കുന്നതുമോര്‍ത്തു് അവന്‍ കുറേ നേരം ചാരിയിരുന്നു.

അപ്പോഴാണു് ഞങ്ങളെ ഞെട്ടിച്ചുകൊണ്ടു് (അതിനേക്കാള്‍ വലിയ ഞെട്ടല്‍ വരാനിരിക്കുന്നതേ ഉള്ളൂ എന്നു ഞാനറിഞ്ഞില്ല) ഒരു വെടിശബ്ദം കേട്ടതു്. കാര്‍ണിവല്‍ പറമ്പില്‍ നിന്നാണു്.

“ജനല്‍ അടച്ചിട്ടും നമ്മളെന്താ അതു കേട്ടതു്?” പേടിച്ചരണ്ട ഒരു ശബ്ദം പുറകില്‍ നിന്നു്.

“ഓ അതൊരു വലിയ ശബ്ദമായതുകൊണ്ടാണു മോനേ…”

“അപ്പോള്‍ ചെറിയ ശബ്ദം ഈ ജനലില്‍ക്കൂടി കടക്കില്ല, വലുതു കടക്കും, അല്ലേ..”

“അതുതന്നെ.” വരാന്‍ പോകുന്ന അപകടം ഞാന്‍ അപ്പോഴും അറിയുന്നില്ല.

“അച്ഛന്‍ ഇന്നാളു പറഞ്ഞല്ലോ, ചെറിയ സാധനങ്ങള്‍ എല്ലായിടത്തും കടക്കും, വലുതിനു പറ്റില്ല എന്നു്…”

ലോകം ഒരു നിമിഷത്തേയ്ക്കു നിശ്ചലമായതുപോലെ തോന്നി. എന്തു പറയും? “ഞാന്‍ വൈകിട്ടു വീട്ടില്‍ വന്നിട്ടു പറയാം.” വിക്കിപീഡിയയില്‍ എന്തു കീവേര്‍ഡുപയോഗിച്ചു തെരഞ്ഞാല്‍ ഇതിനുത്തരം കിട്ടും എന്നായിരുന്നു എന്റെ ചിന്ത.

വൈകിട്ടു് ഹ്യൂജന്‍സിന്റെ തരംഗസിദ്ധാന്തം ഞങ്ങള്‍ പഠിച്ചു. ഒരു പാത്രത്തിലെ വെള്ളത്തില്‍ കല്ലിട്ടു കൊണ്ടായിരുന്നു തുടക്കം. അതു പിന്നെ ശബ്ദത്തിലേക്കും പ്രകാശത്തിലേക്കും എത്തി. അവന്റെ ചോദ്യങ്ങള്‍ കൂടിക്കൂടി വന്നു.

അങ്ങനെ അന്നു വൈകുന്നേരം സിന്ധു വിക്കിപീഡിയ ഉപയോഗിക്കാന്‍ പഠിച്ചു. ഞാന്‍ എന്‍‌സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ പ്രകാശത്തെപ്പറ്റി പറയുന്ന വിഷയങ്ങള്‍ അടങ്ങിയ മൂന്നാലു വാല്യങ്ങള്‍ തറയില്‍ തുറന്നുവെച്ചു പ്രകാശത്തിന്റെ തരംഗസ്വഭാവത്തെപ്പറ്റി പഠിക്കാന്‍ തുടങ്ങി. ഫിസിക്സ് അവസാനം പഠിച്ചതു ഇരുപതു കൊല്ലം മുമ്പാണു്-എഞ്ചിനീയറിംഗ് രണ്ടാം സെമസ്റ്ററില്‍. അന്നു കോലപ്പാപിള്ള സാറിന്റെ ക്ലാസ്സു കട്ടു ചെയ്തു് അക്ഷരശ്ലോകം ചൊല്ലാന്‍ പോയപ്പോള്‍ ആലോചിക്കണമായിരുന്നു അതിനു വലുതായ വില കൊടുക്കേണ്ടി വരുമെന്നു്.

അപ്പോഴതാ സിന്ധുവിനൊരു സംശയം, “നമ്മളൊരു എക്സ്‌പെരിമെന്റ്റു ചെയ്തിട്ടില്ലേ ഫിസിക്സ് ലാബില്‍? ന്യൂട്ടണ്‍സ് റിംഗ്‌സ് എന്നു പറഞ്ഞു്…”

സിന്ധു പണ്ടു് ഏതോ എഞ്ചിനീയറിംഗ് ഡിസ്റ്റിംഗ്‌ഷനോടെ പാസ്സായിട്ടുണ്ടെന്നു് ‘ഐതിഹ്യമാല’യില്‍ വായിച്ചിട്ടുണ്ടെങ്കിലും അതിനു തെളിവായി ആ വായില്‍ നിന്നു് ഒരു മൊഴി ഇതു വരെ ഞാന്‍ കേട്ടിട്ടില്ല. മറ്റൊരവസരത്തില്‍ ഞാന്‍ ആനന്ദതുന്ദിലനായേനേ. പക്ഷേ, ഇപ്പോള്‍ ഇവനെ എന്തെങ്കിലും പറഞ്ഞുകൊടുത്തു് ഒതുക്കാന്‍ നോക്കുമ്പോഴാണു്…

“അച്ഛാ, ന്യൂട്ടന്‍ എന്നു പറയുന്നതു് ആ മണ്ടനല്ലേ? അങ്ങേര്‍ക്കെന്തിനാ റിംഗ്‌സ്?”

പണിയായി. ഞങ്ങളുടെ സേര്‍ച്ചുകള്‍ ന്യൂട്ടണ്‍സ് റിംഗ്‌സിലേക്കു പറിച്ചു നടപ്പെട്ടു.

ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ഞങ്ങള്‍ ഫിസിക്സ്, ഒപ്റ്റിക്സ്, ക്വാണ്ടം മെക്കാനിക്സ്, ദേഷ്യം കണ്ട്രോള്‍ ചെയ്യല്‍, അരിശം വരുമ്പോള്‍ ചീത്തവാക്കുകള്‍ ഉപയോഗിക്കാതെ ദൈവം, മാതാപിതാക്കള്‍ തുടങ്ങിയവരുടെ പേരുകള്‍ പിന്നില്‍ ആശ്ചര്യചിഹ്നത്തോടെ ഉപയോഗിക്കല്‍ തുടങ്ങിയ ശാസ്ത്രശാഖകളില്‍ പൂര്‍വ്വാധികം വിജ്ഞാനമുള്ളവരായി കാണപ്പെട്ടു. അവന്റെ സംശയങ്ങള്‍ തീര്‍ന്നുമില്ല.


“അച്ഛാ, ഏറ്റവും ചെറിയ പ്ലാനറ്റ് ഏതാ?”

ഇപ്പോള്‍ കഥാനായകനു പ്രായം അഞ്ചര. ലൈബ്രറിയില്‍ നിന്നു കിട്ടിയ ഒരു പുസ്തകത്തില്‍ നിന്നു സൌരയൂഥത്തെപ്പറ്റിയുള്ള ഭാഗം വായിച്ചുകൊടുക്കുകയാണു സിന്ധു. അതിനിടയിലാണു് ഞങ്ങളുടെ ഉത്തരസമാനതയെ ടെസ്റ്റു ചെയ്യുന്ന ഈ ചോദ്യം.

“മെര്‍ക്കുറി”
“പിന്നെ അമ്മ പറഞ്ഞല്ലോ പ്ലൂട്ടോ ആണെന്നു്?”
“പ്ലൂട്ടോ അല്ല മെര്‍ക്കുറിയാണു്.”
“വെറുതേ ആ ചെറുക്കനു തെറ്റു പറഞ്ഞുകൊടുക്കല്ലേ. ഈ പുസ്തകത്തില്‍ പറയുന്നുണ്ടല്ലോ പ്ലൂട്ടോയാണെന്നു്…” എന്നു സിന്ധു.

അതെങ്ങനെ? ഞാന്‍ ചെറുപ്പത്തില്‍ പഠിച്ചതു മെര്‍ക്കുറി എന്നാണല്ലോ. (ഇതില്‍ നിന്നു പ്ലൂട്ടോയെ കണ്ടുപിടിക്കുന്നതിനു മുമ്പാണു ഞാന്‍ സ്കൂളില്‍ പഠിച്ചതെന്നു വായനക്കാര്‍ തെറ്റിദ്ധരിക്കരുതു്. ഞാന്‍ അത്ര വയസ്സനല്ല!) ഇനിയിപ്പോള്‍ ഗൂഗിള്‍ തന്നെ ശരണം. നോക്കിയ സ്ഥലത്തെല്ലാം പ്ലൂട്ടോ ആണു് ഏറ്റവും ചെറിയ ഗ്രഹം എന്നു കണ്ടു.

എന്റെ കയ്യില്‍ ജ്യോതിശ്ശാസ്ത്രപുസ്തകങ്ങള്‍ മൊത്തം തെരഞ്ഞു. എല്ലാറ്റിലും മെര്‍ക്കുറിയെക്കാള്‍ ചെറുതു പ്ലൂട്ടോ തന്നെ. ഇതെന്തു പുകില്‍?

അപ്പോഴാണു യാക്കോവ് പെരല്‍മാന്റെ (അതേ, “ഭൌതികകൌതുകം” എഴുതിയ ആള്‍ തന്നെ) “Astronomy for Entertainment” എന്ന പുസ്തകം നോക്കാന്‍ തോന്നിയതു്. 1932-ല്‍ എഴുതിയ പുസ്തകത്തിന്റെ 1957-ല്‍ പ്രസിദ്ധീകരിച്ച ഈ പതിപ്പു് ഹൈദരാബാദിലെ ഒരു സെക്കന്റ് ഹാന്‍ഡ് ബുക്ക്‍സ്റ്റാളില്‍ നിന്നു വാങ്ങിയതാണു്. അതില്‍ മെര്‍ക്കുറി പ്ലൂട്ടൊയാക്കാള്‍ ചെറുതാണെന്നു കാണുന്നു. അപ്പോള്‍ ഞാന്‍ പഠിച്ചിരുന്ന കാലത്തു പ്ലൂട്ടോയുടെ വലിപ്പം ശരിക്കു കണ്ടുപിടിച്ചിരുന്നിരിക്കില്ല. ഇംഗ്ലീഷ് വിക്കിപീഡിയയില്‍ “Pluto” എന്ന പദം തന്നെ നോക്കി. അതില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

Pluto’s diameter and mass were incorrectly overestimated for many decades after its discovery. Initially it was thought to be relatively large, with a mass comparable to Earth, but over time the estimates were revised sharply downward as observations were refined.

The discovery of its satellite Charon in 1978 enabled a determination of the mass of the Pluto-Charon system by application of Newton’s formulation of Kepler’s third law. Originally it was believed that Pluto was larger than Mercury but smaller than Mars, but that calculation was based on the premise that a single object was being observed. Once it was realized that there were two objects instead of one, the estimated size of Pluto was revised downward.

അപ്പോള്‍ 1978-നു മുമ്പു പ്രൈമറി ക്ലാസ്സില്‍ പഠിച്ചതുകൊണ്ടു ഞാന്‍ പഠിച്ചതു് അങ്ങനെയാവണം. പക്ഷേ, അതു് ഇവനോടെങ്ങനെ പറയും? പറഞ്ഞാല്‍ മുകളില്‍ കൊടുത്തിരിക്കുന്ന തിയറിയൊക്കെ കുത്തിയിരുന്നു പഠിക്കേണ്ടി വരും. അതിനാല്‍ ഇങ്ങനെ പറഞ്ഞു.

“അച്ഛനു് അറിയാന്‍ വയ്യായിരുന്നു മോനേ. അച്ഛന്‍ വിചാരിച്ചതു മെര്‍ക്കുറിയാണു ചെറുതെന്നാ…”

അവനു് അതൊരു ഷോക്കായിരുന്നു. അറിയില്ല എന്നതു മനസ്സിലാക്കാം. പക്ഷേ അറിഞ്ഞതു തെറ്റാണു് എന്നതിനു് എന്താണു ന്യായീകരണം?

ശാസ്ത്രം എന്നതു് അറിഞ്ഞതു തെറ്റാണെന്നുള്ള അറിവിന്റെ ആകെത്തുകയാണെന്നും, അറിഞ്ഞതു തെറ്റാകില്ല എന്ന കടും‌പിടിത്തത്തിന്റെ ഫലമാണു് അന്ധവിശ്വാസങ്ങളുടെയും തെറ്റായ അവകാശവാദങ്ങളുടെയും അശാസ്ത്രീയമായ വാഗ്വാദങ്ങളുടെയും കാരണമെന്നും ഇവനോടു പറഞ്ഞാല്‍ മനസ്സിലാവുമോ?

പിറ്റേന്നു മുതല്‍ രാവിലെ ഞാന്‍ ഓഫീസിലെ കുറച്ചു പണികളും പതിവുള്ള ബ്ലോഗ്-പിന്മൊഴി വായനയും കഴിഞ്ഞു താഴെ വരുമ്പോള്‍ ഇങ്ങനെ ഒരു ഡയലോഗ് കേള്‍ക്കാം:

“അമ്മേ, അമ്മേ, ഏറ്റവും ചെറിയ പ്ലാനറ്റ് ഏതാ?”
“പ്ലൂട്ടോ”
“പിന്നെ അച്ഛന്‍ ഇന്നാളു പറഞ്ഞല്ലോ മെര്‍ക്കുറി ആണെന്നു്?”
“അതേ മോനേ, അച്ഛനു വിവരമില്ലാഞ്ഞതു കൊണ്ടാ…”

“ഗുരുകുല”ത്തില്‍ വക്കാരിയും അരവിന്ദനുമൊക്കെ ഇട്ട കമന്റുകള്‍ വായിച്ചു കാലുകള്‍ തറയില്‍ തൊടാതെ സ്വപ്നലോകത്തില്‍ പൊങ്ങിപ്പൊങ്ങി കോണിയിറങ്ങി വരുന്ന ഞാന്‍ “ബ്ധും…” എന്നു താഴേയ്ക്കു്…


പരീക്ഷയ്ക്കു് തെറ്റെഴുതിയിട്ടു് “കേരളത്തിന്റെ തലസ്ഥാനം തൃശ്ശൂരാക്കണേ…” എന്നു ദിവസവും ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന കുട്ടിയെപ്പോലെ, എന്നു ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു-ഈ പ്ലൂട്ടോയുടെ വലിപ്പം അല്പം കൂടി കൂട്ടി ലവനെ മെര്‍ക്കുറിയെക്കാള്‍ വലുതാക്കണേ എന്നു്. ഈ “വിവരമില്ലാത്തവന്‍” വിളി കേട്ടു മതിയായി…

ആദ്യത്തെ ആശാകിരണം ഷിജുവിന്റെ പ്ലൂട്ടോയ്ക്കു ഗ്രഹപ്പിഴ എന്ന ലേഖനത്തിലൂടെ എത്തി. പ്ലൂട്ടോ ചിലപ്പോള്‍ ഗ്രഹമല്ലാതെ ആയേക്കുമത്രേ! പിന്നീടു ഷിജു തന്നെ പ്ലൂട്ടോ ഗ്രഹമല്ല എന്നും പ്രഖ്യാപിച്ചു. അതിന്റെ പേരിലുള്ള വാര്‍ത്തകള്‍ വളിച്ച ഫലിതങ്ങളായി ബ്ലോഗ്‌പോസ്റ്റുകളായും ഇ-മെയിലുകളായും കിട്ടാനും തുടങ്ങി.

തലമുടി വെട്ടാനുള്ള കാത്തിരിപ്പിനിടയില്‍ അവിടെക്കണ്ട ഒരു മാസികയിലെ ഇതിനെപ്പറ്റിയുള്ള ലേഖനം ഞാന്‍ മകനെ കാണിച്ചുകൊടുത്തു. ഇത്രയും കാലം പ്ലൂട്ടോയെ ഒരു ഗ്രഹമാണെന്നു തെറ്റായി കരുതിയിരുന്നെന്നും, ഇപ്പോള്‍ അങ്ങനെ അല്ല എന്നും അവനോടു വിശദീകരിച്ചു. കൂട്ടത്തില്‍ ഏറ്റവും ചെറിയ ഗ്രഹം മെര്‍ക്കുറിയാണെന്നു ഞാന്‍ പറഞ്ഞതു ശരിയാണെന്നു് ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.

തിരിച്ചു വീട്ടില്‍ ചെന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഈ വിവരം സിന്ധുവിനെ ധരിപ്പിച്ചു. എന്നും ചൊല്ലുന്ന “നവഗ്രഹസ്തോത്രം” ഇനി “അഷ്ടഗ്രഹസ്തോത്രം” ആയി ചൊല്ലിയാല്‍ മതിയോ എന്നു് എന്തുകൊണ്ടോ സിന്ധു ചോദിച്ചില്ല.


ഇപ്പോള്‍ രാവിലെ ഈ ഡയലോഗ് കേള്‍ക്കാം.

“അമ്മേ, അമ്മേ, ഏറ്റവും ചെറിയ പ്ലാനറ്റ് ഏതാ?”
“മെര്‍ക്കുറി”
“പിന്നെ അമ്മ ഇന്നാളു പറഞ്ഞല്ലോ പ്ലൂട്ടോ ആണെന്നു്?”
“അതേ മോനേ, അമ്മയ്ക്കു വിവരമില്ലാഞ്ഞതു കൊണ്ടാ…”

(Calvin and Hobbes-ലെ കാര്‍ട്ടൂണുകള്‍ കണ്ടുപിടിച്ചു തന്നതിനു് ആദിത്യനു നന്ദി.)

നര്‍മ്മം
വിശാഖ്
വൈയക്തികം (Personal)
സ്മരണകള്‍

Comments (46)

Permalink

അച്ഛനും മകനും

പെരിങ്ങോടരുടെ അപേക്ഷപ്രകാരം കുറച്ചു കവിതകള്‍ ചൊല്ലി ബ്ലോഗിലിട്ടേക്കാമെന്നു കരുതി ഒരു മൈക്കും വാങ്ങി audocity എന്ന സോഫ്റ്റ്‌വെയറും താഴെയിറക്കി അതില്‍ നിന്നു് MP3 ഉണ്ടാകാന്‍ LAME എന്ന വേറേ ഒരു കുന്ത്രാണ്ടവും സംഘടിപ്പിച്ചു് അരയും തലയും തൊണ്ടയും മുറുക്കി മുഹൂര്‍ത്തവും നോക്കി തുടങ്ങിയപ്പോഴാണു് പ്രശ്നം.

എന്റെ അഞ്ചുവയസ്സുകാരന്‍ മകന്‍, വിശാഖ്, പെട്ടെന്നു് ഒരു പാട്ടുകാരനായി മാറി. അവനറിയാവുന്നതും അല്ലാത്തതുമായ പാട്ടുകള്‍ റെക്കോര്‍ഡു ചെയ്യുകയാണു് അവന്റെ ഇപ്പോഴത്തെ കളി. ഇതിനിടെ നൂറോളം ആല്‍ബങ്ങള്‍ അദ്ദേഹം പുറത്തിറക്കിക്കഴിഞ്ഞു. അവന്റെ audocity പ്രോജക്റ്റുകളും MP3 ഫയലുകളും കൊണ്ടു് എന്റെ ഹാര്‍ഡ്‌ഡിസ്കു തീര്‍ന്നുപോകുമെന്നാണു പേടി.

ഇടയ്ക്കിടെ എന്നെയും പാടാന്‍ സമ്മതിക്കും. അവന്റെ കൂടെ പിന്നണി പാടാന്‍ മാത്രം. ഒരുദാഹരണം ഇതാ:

download MP3

ഇക്കഴിഞ്ഞ നവംബറില്‍ ഇവിടെ പോര്‍ട്ട്‌ലാന്‍ഡില്‍ നടന്ന “കേരളോത്സവ”ത്തില്‍ ഞങ്ങള്‍ രണ്ടുപേരും കൂടി ഒരു ലഘുനാടകം അവതരിപ്പിച്ചിരുന്നു. പല സിനിമകളില്‍ നിന്നും സ്റ്റേജ് ഷോകളില്‍ നിന്നും മിമിക്സ് പരേഡുകളില്‍ നിന്നും അടിച്ചുമാറ്റിയ ഫലിതങ്ങള്‍ ചേര്‍ത്തു് ഒരു അച്ഛന്റെയും മകന്റെയും തര്‍ക്കത്തിന്റെ രൂപത്തില്‍ ഞാന്‍ തയ്യാറാക്കിയ ഒരു സ്കിറ്റ്. അതിന്റെ സ്ക്രിപ്റ്റ് ഇവിടെ വായിക്കാം.

ഈ സ്കിറ്റ് ഒന്നു റെക്കോര്‍ഡു ചെയ്യണം എന്നായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി അവന്റെ ഡിമാന്‍ഡ്. അഞ്ചാറു മാസം കഴിഞ്ഞതുകൊണ്ടു ഡയലോഗൊക്കെ മറന്നുപോയിരുന്നെങ്കിലും അവസാനം ഞങ്ങള്‍ അതും ചെയ്തു. ദാ ഇവിടെ കേള്‍ക്കാം:

download MP3

അതു കഴിഞ്ഞപ്പോള്‍, ഇനി അവന്‍ അച്ഛനും ഞാന്‍ മകനുമായി ഇതു് ഒന്നുകൂടി റെക്കോര്‍ഡു ചെയ്യണം എന്നായി നിര്‍ബന്ധം. അങ്ങനെ അതും ചെയ്തു. ദാ, ഇവിടെ:

download MP3

പെരിങ്ങോടരേ, “സഫലമീ യാത്ര” തീരുമ്പോഴേക്കു ദശാബ്ദങ്ങള്‍ കഴിയും….

വിശാഖ്
വൈയക്തികം (Personal)
ശബ്ദം (Audio)

Comments (48)

Permalink