എന്നെ വെടിവെച്ചു കൊല്ലൂ!
പ്രശസ്തമലയാളകവി സച്ചിദാനന്ദന്‍ ഒരിക്കല്‍ എഴുതി: “നാല്‍പതു വയസ്സു കഴിഞ്ഞ എല്ലാവരെയും വെടിവെച്ചു കൊല്ലണമെന്നായിരുന്നു എനിക്കു ചെറുപ്പത്തിലുണ്ടായിരുന്ന അഭിപ്രായം. അതു തിരുത്തണമെന്നു് എനിക്കു് ഇപ്പോള്‍ തോന്നുന്നു. കാരണം എനിക്കു നാല്‍പതു വയസ്സായി.”
സത്യം. ചെറുപ്പത്തില്‍ “പരേതനു നാല്‍പതു വയസ്സായിരുന്നു” എന്നു ചരമവാര്‍ത്തയില്‍ വായിക്കുമ്പോള്‍, “ഇത്രയൊക്കെ ജീവിച്ചില്ലേ, ഇനി ചത്തുകൂടേ, എന്തിനാണു ഭൂമിക്കു ഭാരമായി ഇരിക്കുന്നതു്” എന്നു തോന്നിയിട്ടുണ്ടു്. നാല്‍പതുകളില്‍ വിഹരിച്ചിരുന്ന രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ “യുവാവായ പ്രധാനമന്ത്രി” എന്നു പത്രക്കാര്‍ വിളിച്ചപ്പോള്‍ ഇവന്മാര്‍ക്കെന്താ തലയ്ക്കു വട്ടുണ്ടോ എന്നു ശങ്കിച്ചവരാണു ഞങ്ങള്‍.
ഇരുപത്തിനാലു വയസ്സുള്ളവനാണു് അന്നത്തെ “പ്രായമായ” മനുഷ്യന്‍. മുപ്പതിനു മേലുള്ളവര്‍ വയസ്സന്മാര്‍.
കാലം കഴിയുന്നതോടെ ഈ അതിര്‍വരമ്പുകള്‍ ഉയര്‍ന്നു തുടങ്ങി. ഇപ്പോള്‍ ഇരുപത്തിനാലു വയസ്സുകാര്‍ പയ്യന്മാര്‍, നാല്‍പതുകാര്‍ ചെറുപ്പക്കാര്‍, അറുപതുകാര്‍ മദ്ധ്യവയസ്കര്‍, എണ്‍പതുകാര്‍ വയസ്സന്മാര്‍ എന്ന സ്ഥിതിയെത്തി. അതു് ഇനിയും മുകളിലേക്കു പോകും. പ്രേം നസീറിനെയും ദേവാനന്ദിനെയും (ദേവരാഗക്കാരനല്ല) പോലെ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞാലും നിത്യയൌവനമാണെന്നു വിളിച്ചുകൂവും.
പറഞ്ഞുവന്ന കാര്യം പറഞ്ഞില്ലല്ലോ. എനിക്കു് നാല്‍പതു വയസ്സായി.
1965 നവംബര്‍ 22-ാം തീയതി എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടു് ഒരുമാസം മുമ്പു് ഞാന്‍ ഭൂജാതനായിട്ടു് ഇന്നു് നാല്‍പതു കൊല്ലം തികയുന്നു. ഇങ്ങനെ നിനച്ചിരിക്കാത്ത സമയത്തു വന്നതുകൊണ്ടു് സ്കൂളദ്ധ്യാപികയായിരുന്ന അമ്മയ്ക്കു് പ്രസവാവധി കാലേകൂട്ടി എടുക്കാന്‍ പറ്റാഞ്ഞതിനാല്‍ (അന്നൊക്കെ പ്രസവത്തിനു മുമ്പും പിമ്പും ഓരോ മാസം അവധി കിട്ടുമായിരുന്നു) എന്റെ ജനനത്തീയതി ഡിസംബറിലെ ഒരു ദിവസത്തിലേക്കു മാറ്റി. അതാണു് ഇപ്പോഴും എന്റെ ഔദ്യോഗിക ജനനത്തീയതി.
ജനനത്തീയതി മാറ്റുന്നതു് മലയാളികള്‍ക്കു പുത്തരിയല്ല. അധികം പേരെയും ജനിപ്പിക്കുന്നതു് മെയ്‌മാസത്തിലാണെന്നു മാത്രം. കേരളത്തിലെ സെന്‍സസ് പരിശോധിച്ചാല്‍ 90% ആളുകളും മെയ്‌മാസത്തില്‍ ജനിക്കുന്നതായി കാണാം. ഇതു ജൂലൈ മാസത്തിലെ കനത്ത മഴ മൂലമാണെന്നു് ആരും തെറ്റിദ്ധരിക്കേണ്ട. ദീര്‍ഘദര്‍ശികളായ കാരണവന്മാരുടെ ബുദ്ധിമൂലമാണെന്നു മനസ്സിലാക്കുക. ഇതിനെപ്പറ്റി ഗവേഷണം ചെയ്തതില്‍ നിന്നു മനസ്സിലായതു് ഇങ്ങനെ:
ഒരു കുട്ടിയെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കണമെങ്കില്‍ ജൂണ്‍ ഒന്നാം തീയതി അഞ്ചു വയസ്സു തികഞ്ഞിരിക്കണം. ജൂലൈയിലും ഓഗസ്റ്റിലുമൊക്കെ ജനിച്ചവര്‍ക്കു സത്യം പറഞ്ഞാല്‍ പിറ്റേ വര്‍ഷമേ ചേരാന്‍ പറ്റൂ. ഒരു വര്‍ഷം വൈകി സ്കൂളില്‍ ചേര്‍ന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞേ പഠിപ്പു കഴിയൂ. ഒരു വര്‍ഷം കഴിഞ്ഞു പഠിപ്പു കഴിഞ്ഞാല്‍ ഒരു വര്‍ഷം കഴിഞ്ഞേ ജോലി കിട്ടൂ. അതായതു പന്ത്രണ്ടു മാസത്തെ ശമ്പളം നഷ്ടമാകും. ആദ്യവര്‍ഷത്തിനു ശേഷം ശമ്പളക്കയറ്റം കൂടി കണക്കിലെടുത്താല്‍ പെന്‍ഷനാകും വരേക്കു കിട്ടുന്ന ശമ്പളത്തിന്റെ വ്യത്യാസവും, പിന്നെ പെന്‍ഷനിലുള്ള വ്യത്യാസവുമൊക്കെ കണക്കുകൂട്ടി നോക്കിയാല്‍ എത്ര രൂപയുടെ വ്യത്യാസമുണ്ടെന്നു നോക്കുക. ഇതു വെറുതേ കളയണോ? അതിനാല്‍ വയസ്സു കൂട്ടി ചേര്‍ക്കുകയല്ലാതെ മറ്റു വഴിയില്ല.
എന്നാല്‍പ്പിന്നെ ജൂണ്‍ 1-നു മുമ്പുള്ള ഏതെങ്കിലും തീയതി പോരേ? എന്തിനു മെയ്‌മാസത്തില്‍ത്തന്നെ? അതിനു കാരണം മറ്റൊന്നാണു്:
പണ്ടു സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പെന്‍ഷനാകുന്നതു് 55 വയസ്സു തികയുമ്പോഴാണു്. (ചിലടത്തു് ഇതു് 58-ഓ 60-ഓ ആകാം. എന്തായാലും നമ്മുടെ തിയറി മാറുന്നില്ല.) അതായതു്, 55 തികയുന്ന മാസത്തിലെ അവസാനത്തെ ദിവസത്തില്‍. ഉദാഹരണത്തിനു 1940 നവംബര്‍ 22-നു ജനിച്ചവന്‍ 1995 നവംബര്‍ 30-നു പെന്‍ഷനാകും. ജനനത്തീയതി മെയിലേക്കു മാറ്റിയാല്‍ 1996 മെയ് 31-നേ പെന്‍ഷനാകൂ. അതായതു ആറു മാസം കൂടുതല്‍ ശമ്പളം കിട്ടുമെന്നര്‍ത്ഥം. പെന്‍ഷന്‍ തുകയും കൂടും.
ചുരുക്കം പറഞ്ഞാല്‍ “വയസ്സു കൂട്ടി” ചേര്‍ത്താലും “വയസ്സു കുറച്ചു” ചേര്‍ത്താലും മൊത്തം ശമ്പളവും പെന്‍ഷനും കൂടിയ തുക maximise ചെയ്യാന്‍ ജനനത്തീയതി മെയ്-ല്‍ത്തന്നെ വേണമെന്നു് നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തി. കാല്‍ക്കുലസ് കണ്ടുപിടിച്ച ന്യൂട്ടണ്‍ സായ്പ് ഇതു വല്ലതും അറിഞ്ഞിരുന്നെങ്കില്‍ ഇവരെ പൂവിട്ടു തൊഴുതേനേ.
അതവിടെ നില്‍ക്കട്ടെ. പറഞ്ഞുവന്നതു ഞാന്‍ ഒരു മാസം മുമ്പു ജനിച്ചതിനെപ്പറ്റിയാണു്. അന്നു മുതല്‍ ഇന്നു വരെ ഞാന്‍ ഒരു കാര്യവും ചെയ്യേണ്ട സമയത്തു ചെയ്തിട്ടില്ല എന്നാണു പഴമക്കാര്‍ പറയുന്നതു്. ആദ്യമൊക്കെ എല്ലാം സമയത്തിനു മുമ്പു ചെയ്യുമായിരുന്നു. അമ്മയുടെ കൂടെ മൂന്നാം വയസ്സില്‍ സ്കൂളിലേക്കു പോയ ഞാന്‍ രണ്ടു കൊല്ലം വെറുതെ ഒന്നാം ക്ലാസ്സില്‍ ഇരുന്നു അതു മുഴുവന്‍ പഠിച്ചു. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നപ്പോള്‍ രണ്ടാം ക്ലാസ്സിലെ കാര്യങ്ങള്‍ പഠിക്കാനായിരുന്നു കമ്പം. ഈ ശീലം സ്കൂള്‍ കഴിയുന്നതു വരെ തുടര്‍ന്നു. കോളേജില്‍ പോയതോടുകൂടി ഗതി നേരേ തിരിഞ്ഞു. എഞ്ചിനീയറിംഗിനു പഠിക്കുമ്പോള്‍ ആറാം സെമസ്റ്ററിലെത്തുമ്പോഴാണു മൂന്നാം സെമസ്റ്ററിലെ വിഷയങ്ങള്‍ പഠിച്ചതു്. പഠിത്തമൊക്കെ കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷമാണു പണ്ടു പഠിച്ചതൊക്കെ മനസ്സിലായിത്തുടങ്ങിയതു്.
സ്കൂള്‍ക്കുട്ടികള്‍ പഠിക്കുന്ന വൃത്തം, അലങ്കാരം, വ്യാകരണം, ഗുണനപ്പട്ടിക, പദ്യങ്ങള്‍, ചീട്ടുകളി, ചെസ്സുകളി ഇവയൊക്കെ പഠിക്കാനാണു് ഈയിടെയായി കമ്പം. എന്റെ പ്രായത്തിലുള്ളവര്‍ ചെയ്യുന്ന സ്റ്റോക്ക് മാര്‍ക്കറ്റ്, ബിസിനസ്സ്, വിസ വില്‍ക്കല്‍, പലിശയ്ക്കു കടം കൊടുക്കല്‍, നാട്ടില്‍ സ്ഥലം വാങ്ങിയിടല്‍, അതു പിന്നെ വില്‍ക്കല്‍, ഇന്റര്‍നെറ്റില്‍ നിന്നു വാങ്ങി മറിച്ചു വില്‍ക്കല്‍, അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളെപ്പറ്റി സംസാരിക്കല്‍ തുടങ്ങിയവയില്‍ കമ്പം എഴുപതു വയസ്സിലായിരിക്കും തുടങ്ങുക. ആര്‍ക്കറിയാം?
ഏതായാലും നാല്‍പതു വയസ്സായി. പഴയപോലെ ജന്മദിനത്തില്‍ വലിയ സന്തോഷമൊന്നുമില്ല; പകരം ആശങ്കയാണു്. വെണ്ണിക്കുളത്തിന്റെ വരികള്‍ ഓര്‍മ്മ വരുന്നു:
വയസ്സു കൂട്ടുവാന്‍ വേണ്ടി
വന്നെത്തും ജന്മതാരകം
വൈരിയാണോ സുഹൃത്താണോ
വളരെസ്സംശയിപ്പു ഞാന്‍
ആദ്യമാദ്യമെനിക്കുണ്ടായ്
വളരാനുള്ള കൌതുകം
അതു വേണ്ടിയിരുന്നില്ലെ-
ന്നിപ്പോള്‍ തോന്നുന്നതെന്തിനോ?
പിന്തിരിഞ്ഞു നടന്നീടാ-
നാവാതുള്ളൊരു യാത്രയില്‍
പിറന്നാളുകളോരോന്നും
നാഴികക്കുറ്റിയല്ലയോ….
ഇത്രയും നേരം ബോറടിപ്പിച്ചതിനു് നിങ്ങള്‍ക്കെന്നെ വെടിവെച്ചുകൊല്ലാന്‍ തോന്നുന്നുണ്ടാവും, അല്ലേ?