കവിതകള്‍ (My poems)

മാതൃപഞ്ചകം

ശങ്കരാചാര്യരുടെ വിഖ്യാതമായ മാതൃപഞ്ചകം എന്ന കൃതിയുടെ വൃത്താനുവൃത്തപരിഭാഷ. 2021 മെയ് 12-ന് ഇത് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചിരുന്നു.

മൂലം പരിഭാഷ

മുക്താമണിസ്ത്വം നയനം മമേതി
രാജേതി ജീവേതി ചിരം സുത ത്വം
ഇത്യുക്തവത്യാസ്തവ വാചി മാതഃ
ദദാമ്യഹം തണ്ഡുലമേവ ശുഷ്കം

“നീ മുത്തെനിക്കെന്നുടെ കണ്ണു നീ താൻ
രാജാവു നീ, യെന്നുമിരിയ്ക്ക പുത്ര!”
ഈ വണ്ണമോതീടിന നിന്റെ വാക്കിൽ
നൽകീടുവാൻ വായ്ക്കരി മാത്രമാം മേ.

അംബേതി താതേതി ശിവേതി തസ്മിൻ
പ്രസൂതികാലേ യദവോച ഉച്ചൈഃ
കൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദേ-
ത്യഹോ ജനന്യൈ രചിതോഽയമഞ്ജലിഃ

“അമ്മേ, പിതാവേ, ശിവനേ” – യിതൊക്കെ-
ച്ചൊന്നേ കരഞ്ഞൂ പ്രസവത്തിനന്നാൾ;
“ഹേ കൃഷ്ണ, ഗോവിന്ദ, ഹരേ” ജപിച്ചു
ഞാനിന്നു കൂപ്പുന്നിതു നിന്നെയമ്മേ!

ആസ്താം താവദിയം പ്രസൂതിസമയേ ദുർവാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ
ഏകസ്യാപി ന ഗർഭഭാരഭരണക്ലേശസ്യ യസ്യാ ക്ഷമോ-
ദാതും നിഷ്കൃതിമുന്നതോഽപി തനയസ്തസ്യൈ ജനന്യൈ നമഃ

പാരം ഭീകരപേറ്റുനോവു, രുചി പോം കാലം, ചടയ്ക്കുന്ന മെ,-
യ്യോരാണ്ടിൻ മലശയ്യയെന്നിവ ഗണിച്ചീടാതിരുന്നീടിലും,
ഭാരം താങ്ങിന ഗർഭകാലരുജയോർത്തീടിൽ തിരിച്ചേകിടാൻ
ആരാവട്ടെ, മകന്നസാദ്ധ്യ, മതുപോലുള്ളോരു തായേ, തൊഴാം!

ഗുരുകുലമുപസൃത്യ സ്വപ്നകാലേതു ദൃഷ്ട്വാ
യതിസമുചിതവേഷം പ്രാരുദോ മാം ത്വമുച്ചൈഃ
ഗുരുകുലമഥ സർവ്വം പ്രാരുദത്തേ സമക്ഷം
സപദി ചരണയോസ്തേ മാതുരസ്തു പ്രണാമഃ

കനവതിൽ മുനിയായിക്കണ്ടു നീയെന്നെ, ദുഃഖം
പെരുകി ഗുരുകുലത്തിൽ ചെന്നുറക്കെക്കരഞ്ഞ്
ഗുരുവരരുടെ മൊത്തം മുന്നിൽ നിന്നോരു തായേ,
ഇരു ചരണവുമിപ്പോൾ താണു കൂപ്പുന്നിതാ ഞാൻ.

ന ദത്തം മാതസ്തേ മരണസമയേ തോയമപി വാ
സ്വധാ വാ നോ ദത്താ മരണദിവസേ ശ്രാദ്ധവിധിനാ
ന ജപ്തോ മാതസ്തേ മരണസമയേ താരകമനുഃ
അകാലേ സമ്പ്രാപ്തേ മയി കുരു ദയാം മാതുരതുലാം

ഒരല്പം വെള്ളം നിൻ മരണസമയത്തേകിയതുമി-
ല്ലൊടുക്കം ചെയ്യേണ്ടും ക്രിയകളെ നടത്തീല വഴി പോൽ;
ജപിക്കാനും പറ്റീലൊടുവിലരികിൽ താരകവുമേ,
ക്ഷമിക്കൂ നേരം വിട്ടണയുമിവനോടെന്റെ ജനനീ!

കവിതകള്‍ (My poems)
പരിഭാഷകള്‍ (Translations)

Comments (0)

Permalink

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ രാത്രി…

ഇതുപോലൊരു രാത്രിയിലാണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയത്…

ഓന്തിനും ദിനോസറിനുമൊക്കെ ശേഷമാണെങ്കിലും വളരെക്കാലം മുമ്പാണ്. കാളിദാസൻ മുതൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വഴി കുമാരനാശാൻ വരെയുള്ളവർ എഴുതിയ ശ്ലോകങ്ങളിലൊക്കെ ആറാടി, ഇതാണു കവിതയുടെ പാരമ്യം എന്നു കരുതി, വേണമെങ്കിൽ ഏതു സംസ്കൃതവൃത്തത്തിൽ വേണമെങ്കിലും പത്തു ശ്ലോകം തട്ടിക്കൂട്ടാൻ കഴിയും എന്ന സ്ഥിതിയിലെത്തി, നാലഞ്ചു സമസ്യാപൂരണങ്ങൾ ഭാഷാപോഷിണിയിലും മറ്റും പ്രസിദ്ധീകരിച്ച്, അങ്ങനെ സ്വയം ഒരു ഭാവിമഹാകവിപ്പട്ടം ചാർത്തി ജീവിക്കുന്ന കാലം.

കോളേജിലെ യുവജനോത്സവത്തിലോ സാഹിത്യക്ലബ്ബിന്റെ മത്സരത്തിലോ മറ്റോ കവിതാരചനയ്ക്കു ചേർന്നു. കുറേ കവികൾ മത്സരത്തിനുണ്ടായിരുന്നു.

കവിതയുടെ വിഷയം തന്നു: രാത്രി.

“ഇതെന്തൊരു ഊ…ഷ്മളമായ വിഷയമാഡേയ്…” എന്നു ചോദിച്ചു കൊണ്ട് പല കവികളും ഇറങ്ങിപ്പോയി. ഞങ്ങൾ കുറേപ്പേർ മാത്രം ശേഷിച്ചു.

എനിക്ക് വിഷയം ക്ഷ പിടിച്ചു. രാത്രിയെ വർണ്ണിച്ച് ഒരു ഖണ്ഡകാവ്യം എഴുതിയാലോ? അല്ലെങ്കിൽ അതു വേണ്ട, ഒരു കഥ പറഞ്ഞുകളയാം. പ്രണയബദ്ധരായ യുവതീയുവാക്കൾ. യുവതി വലിയ കുടുംബത്തിലേത്. യുവാവ് പാവപ്പെട്ടവൻ. അന്നത്തെ നാട്ടുനടപ്പനുസരിച്ച് കവിയോ ചിത്രകാരനോ പാട്ടുകാരനോ ഓടക്കുഴലൂതുന്നവനോ ആട്ടിടയനോ മറ്റോ ആവാം. അവരുടെ പ്രണയം നടക്കുന്ന ഒരു രാത്രിയെ വർണ്ണിച്ചു കളയാം.

പിന്നീട് അവരുടെ പ്രണയം അവളുടെ തന്ത കണ്ടുപിടിച്ചു കഴിഞ്ഞ് അവനെ തുറുങ്കിലടയ്ക്കുന്നു. (“ഏതു കോത്താഴത്തിലാണെഡേയ് ഈ കഥ നടക്കുന്നത്?” എന്നു ചോദിക്കരുത്. അക്ബർ ചക്രവർത്തിയുടെ കാലത്താണെന്നു വിചാരിച്ചോളൂ.) പിറ്റേന്നു നേരം വെളുക്കുമ്പോൾ അവനെ കൊല്ലാൻ പോവുകയാണ്. അതിന്റെ തലേ രാത്രിയെയാണ് (കാളരാത്രി എന്നും പറയും) ഞാൻ ഇനി വർണ്ണിക്കാൻ പോകുന്നത്.

സംഭവം എറിക്കും. വായിക്കുന്ന സാർ അദ്ഭുതസ്തബ്ദ്ധനാകും. പി. ഡബ്ലിയൂ ഡീയിൽ നിന്ന് അവാർഡ് മേടിച്ചു തരും.

ആദ്യഭാഗം പുഷ്പിതാഗ്രയിൽ കാച്ചി. മണിപ്രവാളം. ദ്വിതീയാക്ഷരപ്രാസം. അനുപ്രാസം. സ്വഭാവോക്തി. വൈദർഭിരീതി. അംഗിയായ രസം ശൃംഗാരം.

മുഴുമതി വെളിവായ് വിളങ്ങി നിൽക്കും
പൊഴുതു മനോഹരി, നിൻ മടിത്തടത്തിൽ
അഴകെഴുമൊരു രാവിൽ ഞാൻ പ്രമോദേ
മുഴുകി രസിച്ചു കിടന്നതോർമ്മയുണ്ടോ?

മൂന്നാമത്തെ വരിയിൽ ഞാൻ പ്രമോദിനെ വിളിക്കുകയാണ് എന്നു കരുതരുത്. പ്രമോദേ = പ്രമോദത്തിൽ. അകാരാന്തം നപുംസകലിംഗം സപ്തമ്യേകവചനം. സംഭവം സംസ്കൃതമാണ്. ഞാൻ ഒരു മണിപ്രവാളകവിയായിപ്പോയതു കൊണ്ട് ഇങ്ങനെ സംസ്കൃതമൊക്കെ പ്രയോഗിക്കാം. ലീലാതിലകമാണ് നമ്മുടെ പീനൽ കോഡ്.

തെളിമയൊടുഡുവൃന്ദമൊത്തു വാനിൽ
കുളുർമതി മന്ദഹസിച്ചു നിന്നിരുന്നു;
ചലമിഴി, യവിടന്നു പക്ഷികൾ തൻ
കളകളനാദമുയർന്നു കേട്ടിരുന്നു.

“പിന്നേയ്, രാത്രിയിലല്ലേ പക്ഷികൾ കളകളനാദം പൊഴിക്കുന്നത്? നിനക്കു രാത്രി എന്താണെന്നറിയുമോഡേയ്? പക്ഷി എന്താണെന്നു തെരിയുമോഡേയ്? ഒരു കപി വന്നിരിക്കുന്നു…” എന്നായിരിക്കും ഇതു വായിച്ച സാർ മനസ്സിൽ പറഞ്ഞത്. മൂങ്ങയെന്താ പക്ഷിയല്ലേ സാർ? അതെന്താ മൂങ്ങയ്ക്ക് കളകളനാദം പൊഴിച്ചു ചിലച്ചാൽ?

ഇതു പിന്നീടു വായിച്ച എന്റെ സുഹൃത്ത് വിനോദ് ശങ്കർ (ഞങ്ങൾ ചങ്കരൻ എന്നു വിളിച്ചിരുന്നു. കുറേക്കാലം “കുണ്ടൻ മാക്രി” എന്ന പേരിൽ ഫേസ്ബുക്കിൽ സജീവമായിരുന്നു. ഇപ്പോൾ ഏതോ ബ്രഹ്മാണ്ഡകമ്പനിയുടെ ജെനറൽ മാനേജരോ മറ്റോ ആണ്.) ചോദിച്ചു: “അവൾക്കെന്താടാ വല്ല കണ്ണിൽ സൂക്കേടുമായിരുന്നോ, കണ്ണിലൊക്കെ ചലം വരാൻ?”

“ചാണക്കല്ലിലൊരുത്തി ചന്ദനമരയ്ക്കുന്നൂ ചലശ്രോണിയായ്…” എന്നു വള്ളത്തോൾ പ്രയോഗിച്ചിട്ടുണ്ട്.

ഇളകുന്ന ചന്തിയുള്ളവൾ എന്ന അർത്ഥം വരാൻ ചലത് + ശ്രോണി = ചലച്ഛ്രോണി എന്നു വരണം. വിദ്യുത് + ശക്തി = വിദ്യുച്ഛക്തി ആകുന്നതു പോലെ. അത് ഇതിനെക്കാൾ വൃത്തികേടായതു കൊണ്ടാവും വള്ളത്തോൾ ചലശ്രോണി മതി എന്നു തീരുമാനിച്ചത്.

ചലിക്കുന്ന ശ്രോണിയുള്ളവൾ എന്ന അർത്ഥത്തിൽ വള്ളത്തോളിന് ചലശ്രോണി എന്നു പ്രയോഗിക്കാമെങ്കിൽ ചലിക്കുന്ന മിഴികളുള്ളവൾ എന്ന അർത്ഥത്തിൽ (ബഹുവ്രീഹിസമാസം) എനിക്കു ചലമിഴി എന്നും പ്രയോഗിക്കാം. വള്ളത്തോളിന്റെ ചലമുള്ള ചന്തിയെക്കാൾ വൃത്തികേടു കുറവാണല്ലോ എന്റെ ചലമുള്ള കണ്ണ്? നീ പോടാ മോനേ ചങ്കരാ…

ഇജ്ജാതി ഒരു ഡസൻ പുഷ്പിതാഗ്രകളിൽ പ്രണയരാത്രിയെ വർണ്ണിച്ചതിനു ശേഷം കാളരാത്രിയെ വർണ്ണിക്കാനുള്ള ശ്രമമായി. അപ്പോൾ ഒരു സംശയം: വായിക്കുന്നവന് ഇവ തമ്മിലുള്ള കണക്ഷൻ മനസ്സിലാവുമോ? ഇതിനിടയിലുള്ള കഥ ഒരു ശാർദ്ദൂലവിക്രീഡിതശ്ലോകത്തിൽ സംഗ്രഹിച്ചു. ആട്ടക്കഥകളിൽ രണ്ടു പദങ്ങൾക്കിടയിലുള്ള കഥ “ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കൽ പോലുമില്ലാതെയായ്…” എന്നിങ്ങനെ ശ്ലോകത്തിൽ കഴിക്കാറില്ലേ ഉണ്ണായി വാര്യരും മറ്റും? അതു പോലെ. “പിന്നേതോ ദുരിതം പിടിച്ച നിശയിൽ…” എന്നോ മറ്റോ ആയിരുന്നു അക്രമം. ശ്ലോകം ഓർമ്മയില്ല. ഓർമ്മയില്ലാത്തതു നന്നായി. ഉദ്ധരിച്ചാൽ പെറ്റ തള്ള കൂടി സഹിക്കില്ല.

ഇനിയാണു കാളരാത്രി. കാളരാത്രിയെ വർണ്ണിക്കാൻ പറ്റിയ രണ്ടു വൃത്തമേ ഉള്ളൂ. ശിഖരിണി എന്ന സംസ്കൃതവൃത്തവും അന്നനട എന്ന ഭാഷാവൃത്തവും. അന്നനട തന്നെ സ്വീകരിച്ചു. വൃത്തത്തിന്റെ സെലക്‌ഷനു തന്നെ ഒരു പത്തു മാർക്കു കൂടുതൽ വീഴാൻ ചാൻസുണ്ട്.

അകലെയായ് കാട്ടുകഴുകന്മാർ ജഡം
ചികയും ശബ്ദമിങ്ങുയർന്നു കേൾക്കുന്നു…

നിങ്ങളുടെയൊക്കെ മുജ്ജന്മസുകൃതം മൂലം ഇത്രയുമേ എനിക്ക് ഓർമ്മയുള്ളൂ. മൊത്തം ഓർത്തിരുന്നെങ്കിൽ കാളരാത്രിയുടെ കരാളത നിങ്ങളെ കാർന്നു തിന്നേനേ. അടുത്ത ഹാലോവിൻ ദിനത്തിൽ നാട്ടുകാരെ പേടിപ്പിക്കാൻ ഹോണ്ടഡ് ഹൗസുകളിൽ ഈ കവിത ഉറക്കെ വെച്ചേനേ.

ഇങ്ങനെ മൂന്നു വൃത്തങ്ങളിലായി ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ഖണ്ഡകാവ്യം എഴുതിത്തീർത്തിട്ട് ഞാൻ മുറി വിട്ടിറങ്ങി. വൃത്തവും അലങ്കാരവും ഒന്നും ഏഴയലത്തു കൂടി പോയിട്ടില്ലാത്ത മറ്റു കവിമ്മന്യന്മാരോടുള്ള പുച്ഛം കടിച്ചമർത്തിക്കൊണ്ട്.

റിസൽറ്റു വന്നപ്പോൾ എനിക്കു സമ്മാനമൊന്നുമില്ല. ഹെന്ത്! ഇതിലും നന്നായി കവിതയെഴുതുന്നവർ ഇവിടെയുണ്ടെന്നോ?

ഒന്നാം സ്ഥാനം നാട്ടുകാർ “കവി കുട്ടമത്ത്” എന്നു വിളിക്കുന്ന ഉപേന്ദ്രനാണ്. (രണ്ടു മൂന്നു കൊല്ലം മുമ്പ് ഇദ്ദേഹത്തിന് ഞാൻ ഒരു ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നു. ഇതു വരെ ആക്സപ്റ്റ് ചെയ്തിട്ടില്ല.) ഞാൻ ഉപേന്ദ്രന്റെ മുറിയിൽ പോയി തല ചൊറിഞ്ഞു നിന്നു.

“ങും, എന്താ?”

“കവിതാരചനയ്ക്ക് ഫസ്റ്റ് കിട്ടിയെന്നറിഞ്ഞു. അഭിനന്ദനങ്ങൾ!”

ഉപേന്ദ്രൻ തറയിൽ നിന്ന് ഏകദേശം അരയടി പൊങ്ങി വായുവിൽ തങ്ങി നിന്നു. “ഏയ്, അതൊന്നും ഇല്ല. എഴുതി വന്നപ്പോൾ ആശയങ്ങൾ ഒന്നിനു പുറകേ ഒന്നായി വന്നു…”

“ആ കവിത ഒന്നു വായിക്കാൻ തരാമോ?” വല്ല സ്രഗ്ദ്ധരയിലോ മത്തേഭത്തിലോ മറ്റോ ആയിരിക്കാം പഹയൻ എഴുതിയത്. ഷോഡശപ്രാസവും ശ്ലേഷവും ഒക്കെ ഉണ്ടായിരുന്നിരിക്കും.

ഉപേന്ദ്രൻ വിജൃംഭിച്ചു പൊട്ടിത്തെറിക്കുമെന്ന പരുവമായി. ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. സ്വപ്നമാണോ എന്നറിയാൻ കയ്യിലിരുന്ന് എരിയുന്ന സിഗരറ്റു കൊണ്ട് കയ്യിൽ കുത്തി നോക്കി.

എന്നിട്ടു മേശവലിപ്പു തുറന്ന് കവിത എടുത്ത് എനിക്കു നീട്ടി.

കവിത വാങ്ങി ഞാൻ വായിച്ചു.

ഇതു പോലെയൊരു രാത്രിയിലാണ്
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയത്…

ഇതേതു വൃത്തം?

ഓ, മനസ്സിലായി. കടമ്മനിട്ട “വേട്ടക്കാരവരുടെ കൈകൾ വെട്ടും ഞാൻ കൽമഴുവോങ്ങി…” എന്നെഴുതിയ താളം തന്നെയാണ് “ഇതു പോലെയൊരു രാത്രിയിലാണ്…” എന്ന വരിക്ക്. പക്ഷേ അടുത്ത വരി ശരിയാവുന്നില്ലല്ലോ….

ഞാൻ കവിത മുഴുവൻ വായിച്ചു. ഇതിനു വൃത്തവും താളവും അലങ്കാരവും ഒന്നുമില്ലല്ലോ…

ഇതു പോലെയൊരു രാത്രിയിലാണ്
എന്റെ പെങ്ങൾ വ്യഭിചാരിണിയായത്…

ഹോ! ഇതിനി വല്ല ലേഖനമോ ആത്മകഥയോ മറ്റോ ആണോ? ഇങ്ങനെയൊക്കെ കവിതയെഴുതുന്നവർ ഉണ്ടെന്നു കേട്ടിട്ടുണ്ട്. എന്നാലും മൂന്നു കിടിലൻ വൃത്തങ്ങളിൽ ദ്വിതീയാക്ഷരപ്രാസത്തോടെ എഴുതിയ ഒരു ഗംഭീരകവിതയെ പിന്തള്ളി ഇതിനു സമ്മാനം കിട്ടിയെന്നോ? ഹൂ ഈസ് ദ ജഡ്ജ്? ഞാൻ രോഷം കൊണ്ടു വിറച്ചു.

എന്തായാലും ആ ജഡ്ജിനോടു മലയാളഭാഷ ആജീവനാന്തം കടപ്പെട്ടിരിക്കുന്നു. ഞാൻ ഇതോടെ കവിതാരചന നിർത്തി!


ഇവിടെ ഇപ്പോൾ ഓഗസ്റ്റ് 14 രാത്രി. ഇതു പോലെയൊരു രാത്രിയിലാണ് ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയത്….

എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ!

കവിതകള്‍ (My poems)
നര്‍മ്മം
നൊസ്റ്റാൽ‌ജിയ
സ്മരണകള്‍

Comments (3)

Permalink

ശ്ലേഷോപമാസഹിതപാനീയശ്ലോകങ്ങൾ

ഉണ്ടിരുന്ന നായർക്കൊരു വിളി തോന്നി എന്നു പറയുന്നതു പോലെയാണ് അങ്ങനെയിരിക്കേ നമ്മുടെ ശേഷം ചിന്ത്യം ഫെയിം സന്തോഷിന് ഒരു വിളി തോന്നിയത്.

ആധുനികമനുഷ്യന്റെ വിനോദമായ ഫോട്ടോഗ്രഫിയെയും പ്രാചീനമനുഷ്യന്റെ വിനോദമായിരുന്നു ശ്ലോകരചനയെയും മനുഷ്യന്റെ എല്ലാക്കാലത്തെയും വിനോദമായ കുടിയെയും കൂട്ടിയിണക്കി ഒരു ഫേസ്ബുക്ക് ഇവന്റ് സംഘടിപ്പിച്ചാലോ എന്ന്.

ഐഡിയ വന്നപ്പോൾ പിന്നെ അധികം ആലോചിച്ചില്ല. തുടങ്ങി. അതിന് ഉപയോഗിച്ച രീതിയോ, ആംവേ മുതൽ പലരും പരീക്ഷിച്ചു നോക്കിയ സംഭവം തന്നെ. ചെയ്യുന്ന ഒരാൾ ബാക്കി ചിലരെയും അതിൽ വലിച്ചിടുന്നു. അവർ മറ്റു ചിലരെയും.

ഐഡിയ സന്തോഷ് തന്നെ എഴുതി വെച്ചത് ഇപ്രകാരം:

വാളെടുക്കുന്നവരെല്ലാം അനായാസം വെളിച്ചപ്പാടാവുന്ന രണ്ടാമത്തെ ഫീൽഡാണ് പടം‌പിടുത്തം അഥവാ ഫോട്ടോഗ്രഫി. (ഒന്നാമത്തേത് എഴുത്താണ്.)
പുതിയ ട്രെന്റനുസരിച്ച് ക്യാമറ കയ്യിലുള്ള ആരുടെയെങ്കിലും ക്ഷണപ്രകാരം ദിവസേന ഓരോന്നെന്ന മുറയ്ക്ക് നമ്മൾ ഒരാഴ്ച പടങ്ങൾ പ്രസിദ്ധീകരിക്കുന്നു. പണ്ട് പുസ്തകം വായനയായിരുന്നു. പത്തുസെക്കന്റുകൊണ്ടു ചെയ്തുതീർത്ത് ഫേയ്‌സ്‌ബുക്കിലിടാൻ പറ്റില്ലല്ലോ പുസ്തകവായന. അതിനാൽ ആ പണിയ്ക്ക് അധികം മലയാളികളെ കിട്ടിയെന്നുതോന്നുന്നില്ല.

പടം പിടുത്തത്തിനുള്ള വെല്ലുവിളിയിലേയ്ക്കു വരാം. ഓരോ ദിവസവും ക്യാമറ കയ്യിലുള്ള മറ്റൊരാളിനെ ഈ പാതകത്തിലേയ്ക്ക് നയിക്കണം. പടത്തെപ്പറ്റി രണ്ടുവാക്കുകൂടി പറഞ്ഞാൽ സന്തോഷം. ദിവസമൊന്നുവച്ച് ഒരു വർഷം ഇപ്പണി ചെയ്യലായിരുന്നു ആദ്യ “ചലഞ്ച്.” അത് ബുദ്ധിമുട്ടാണെന്നു മനസ്സിലായപ്പോൾ വെള്ളമൊഴിച്ചു മയപ്പെടുത്തി (അതോ വീര്യം കൂട്ടിയോ–ഹോമിയോക്കാരുണ്ടോ ഇക്കൂട്ടത്തിൽ?) ആഴ്ചയിലൊന്ന് വച്ച് ഒരു വർഷമാക്കി. അതും പ്രയാസമായതിനാൽ ഇപ്പോൾ നേചർ, മിൽക്കി വേ, വെള്ളച്ചാട്ടം, മഞ്ഞുമല, വന്യജീവി, എന്നിങ്ങനെ കയ്യിൽ സ്റ്റോക്കുള്ളതനുസരിച്ച് ഏതെങ്കിലും ഒരു വിഷയത്തിൽ വെറും ഏഴു പടം ഇട്ടാൽ മതിയെന്ന അവസ്ഥ വന്നു.

എന്തായാലും ഇത് വളരെ ഭംഗിയായി പോകുന്നുണ്ട്. ഹോക്കിയിൽ രക്ഷയില്ലാഞ്ഞ് ഇന്ത്യ കബഡിയിലേയ്ക്കു തിരിഞ്ഞു എന്നു പറഞ്ഞപോലെ, ഈ നേചർ/മാക്രോ/ലാൻഡ്‌സ്കേപ് ഫോട്ടോഗ്രഫിയിലൊന്നും അവഗാഹമില്ലാത്തതിനാൽ, അല്ലെങ്കിൽ അതിനു തക്ക ആമ്പിയർ ഇല്ലാത്തതിനാൽ, ഞാൻ ഫോട്ടോഗ്രഫിയും ശ്ലോകങ്ങളും സംയോജിപ്പിച്ച് ഒരു പുതിയ ചലഞ്ച് ആരംഭിക്കുകയാണ് (ഇതിൽ രണ്ടിലും കൂടി ഒരുമിച്ചാണെങ്കിൽ ചിലപ്പോൾ ബിരിയാണി കിട്ടിയേക്കും).

സംഗതി ഇത്രേയുള്ളൂ. ചലഞ്ച് ഏറ്റെടുക്കുന്ന അന്നുമുതൽ ഏഴുദിവസത്തേയ്ക്ക്, ദിവസേന ഒന്ന് എന്ന കണക്കിൽ, ഏതെങ്കിലും പാനീയത്തിന്റെ (ഓ, കുടിക്കണ വെള്ളങ്ങളുടെ!) പടമിടുക. ആ പടവുമായി ബന്ധമുള്ള ഒരു ശ്ലോകവും പടത്തോടൊപ്പം ഉണ്ടാവണം. മറ്റു ചലഞ്ചുകളിൽ കാണുന്നപോലെതന്നെ, ഇവിടെയും, പടവും ശ്ലോകവും ഉന്നത നിലവാരം പുലർത്തണമെന്നില്ല. ശ്ലോകങ്ങൾ നിങ്ങളുടേതാവണമെന്നില്ലെങ്കിലും പടം എടുത്തത് നിങ്ങളായിരിക്കണം. ചലഞ്ച് സ്വീകരിക്കുകയാണെങ്കിൽ ചലഞ്ചിനു ക്ഷണിച്ചയാളിനെ നിർബന്ധമായും റ്റാഗ് ചെയ്തിരിക്കണം. പങ്കെടുക്കാൻ സാദ്ധ്യതയുള്ള ഒരു സുഹൃത്തിനെ ഓരോ ദിവസവും വെല്ലുവിളിക്കുകയും ചെയ്യണം. #വാക്‌ചിത്രം എന്നുകൂടി പോസ്റ്റിൽ പറഞ്ഞേക്കൂ. ഒരു ഇഫക്റ്റ് ഇരിക്കട്ടെ.

ഒന്നു കൂടി: നിങ്ങൾ പടം പോസ്റ്റു ചെയ്യുമ്പോൾ (കദന)കഥമുഴുവനും മലയാളത്തിലെഴുതണമെന്നില്ല. അപ്പോൾ തുടങ്ങാം, അല്ലേ?

ഇതിന്റെ ഗണിതശാസ്ത്രരീത്യാ ഉള്ള ഒരു അപഗ്രഥനം ഇവിടെ ചേർക്കാൻ ഉദ്ദേശിച്ചിരുന്നു. ഈ പോസ്റ്റ് വളരെ വലുതായിപ്പോകും എന്ന ഭയത്താൽ അതു മറ്റൊരു പോസ്റ്റിലേക്കു മാറ്റിവെയ്ക്കുകയാണ്.

ആദ്യത്തെ ദിവസം സന്തോഷ് ക്ഷണിച്ചത് എന്നെയാണ്. (അതിനു നന്ദി പറയാൻ ഈ അവസരം വിനിയോഗിക്കുകയാണു സുഹൃത്തുക്കളേ, വിനിയോഗിക്കുകയാണ്…) പച്ചവെള്ളമല്ലാതെ അധികം പാനീയങ്ങൾ കുടിക്കുന്ന സ്വഭാവമില്ലാത്തതിനാലും, ഇവയുടെയൊന്നും പടമെടുക്കുന്ന ശീലമില്ലാത്തതിനാലും, പിന്നെ ഇവയെപ്പറ്റി ശ്ലോകമെഴുതാൻ ഒരു ആശയവും തോന്നാത്തതിനാലും മൂന്നാലു ദിവസം കഴിഞ്ഞാണ് തുടങ്ങിയത്.

ഈ പാനീയങ്ങൾ എങ്ങനെ ഉണ്ടാക്കും, എങ്ങനെ കുടിക്കും എന്നൊക്കെ വിവരിക്കുന്ന പച്ചവെള്ളമൊരരത്തുടം… എന്നതു പോലെയുള്ള നാൽക്കാലികൾ എഴുതാൻ തീരെ താത്പര്യമില്ലാത്തതിനാൽ എഴുതുന്നതിനെല്ലാം പൊതുവായ ഒരു തീം വെച്ചാലോ എന്നു തോന്നി. അങ്ങനെ, സന്തോഷിന്റെ സ്പെസിഫിക്കേഷൻസ് കൂടാതെ ഞാൻ ഈ നിബന്ധനകൾ കൂടി എന്റെ ശ്ലോകങ്ങൾക്കു കൊടുത്തു.

  1. ഏഴു ശ്ലോകങ്ങളും ഏഴു വ്യത്യസ്ത വൃത്തങ്ങളിൽ ആയിരിക്കും.
  2. നേരേ ചൊവ്വേയുള്ള നല്ല ശ്ലോകമൊന്നും എഴുതില്ല. വികടമേ എഴുതൂ. തോലനും സഞ്ജയനും ഏവൂരും (ഏവൂരാനല്ല, ഏവൂർ പരമേശ്വരൻ) ഒക്കെ സമ്പന്നമാക്കിയ വികടശ്ലോകശാഖയിലേക്ക് തന്നെ സംഭാവന നൽകും. പറ്റിയാൽ മേമ്പൊടിക്ക് അശ്ലീലവും ചേർക്കാൻ മടിക്കില്ല.
  3. സാധാരണ ബുദ്ധിമുട്ടി കൊണ്ടു വരാൻ നോക്കുന്ന ദ്വിതീയാക്ഷരപ്രാസം തുടങ്ങിയ കസർത്തുകൾ ചെയ്യില്ല.
  4. എല്ലാ ശ്ലോകങ്ങളിലും ശ്ലേഷം ഉപയോഗിച്ചുള്ള ഉപമ ഉണ്ടായിരിക്കും.

ഇതിലെ അവസാനത്തെ നിബന്ധനയാണ് എന്നെ വലച്ചത്. ചില ദിവസങ്ങളിൽ പാനീയത്തെപ്പറ്റി എഴുതാൻ ആശയം കിട്ടിയെങ്കിലും, ശ്ലേഷവും ഉപമയും കൊണ്ടുവരാൻ നന്നേ ബുദ്ധിമുട്ടി. എന്തിനു ഞാൻ ഈ മാരണം എടുത്തു തലയിൽ വെച്ചു എന്നു വരെ തോന്നി.

ഇങ്ങനെയുള്ള സാഹിത്യവിനോദങ്ങളിൽ സ്വന്തമായ ഒരു തീം കൂടി ചേർത്ത് അതിനെ മറ്റൊരു തലത്തിലോക്കുയർത്തുന്നതിന്റെ ഉസ്താദ് രാജേഷ് വർമ്മയാണ്. അക്ഷരശ്ലോകരീതിയിൽ ശ്ലോകങ്ങൾ ഒരു പ്രത്യേകവൃത്തത്തിൽ എഴുതേണ്ട ഒരു വിനോദത്തിൽ അധികം പ്രചാരത്തിലില്ലാത്ത സമ്മതാവൃത്തത്തിൽ (നരരലം ഗവും സമ്മതാഭിധം) അപ്പോൾക്കിട്ടുന്ന അക്ഷരം വെച്ച് അദ്ദേഹം എഴുതിയ ഉപാസനാപഞ്ചകം എന്ന സറ്റയർ ഇതിന് ഉദാഹരണമാണ്.

ഇപ്പോൾ പലർക്കും ഒരു സംശയം ഉണ്ടായേക്കാം: എന്തൂട്ട്രാ ശവിയേ ഈ ഉപമേം സ്ലേഷോം?

“മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം” എന്നൊരു ഉദാഹരണത്തോടു കൂടി പഠിപ്പിക്കുന്ന ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാൽ ഉണ്ടാകുന്ന ഉപമ (യാദൃച്ഛികം എന്ന വാക്കിനെ യാദൃശ്ചികം എന്നു തെറ്റായി പറയുന്നതു കഴിഞ്ഞാൽ, ഏറ്റവും വ്യാപകമായി കണ്ടു വരുന്ന ഒരു തെറ്റാണ് “ഒന്നിനൊന്നോട്” ആയ ഉപമയെ “ഒന്നിനോടൊന്ന്” ആക്കുന്നത്. എന്തുകൊണ്ടാണ് ചില തെറ്റുകൾ വ്യാപകമാകുന്നത് എന്നത് ആലോചിക്കേണ്ട കാര്യമാണ്.) മിക്കവാറും എല്ലാവർക്കും അറിയാം. പക്ഷേ ശ്ലേഷം പലർക്കും പുതിയതായിരിക്കും.

“രണ്ടു കായ്കളൊരേ ഞെട്ടിലുണ്ടാകും പോലെ ഭാഷയിൽ ഒരേശബ്ദത്തിലർത്ഥം രണ്ടുരച്ചാൽ ശ്ലേഷമാമത്” എന്നാണു കേരളപാണിനിയുടെ ലക്ഷണം. ഒരു വാക്കിനോ പ്രയോഗത്തിനോ മൊത്തം ശ്ലോകത്തിനു തന്നെയോ ഒന്നിൽ കൂടുതൽ അർത്ഥം ഉണ്ടാകുന്നതാണു ശ്ലേഷം.

ഈ സാധനം ഉപമയുമായി ചേരുമ്പോഴാണു കവികളുടെ ഭാവന കാടുകയറുന്നത്. ഒരു സാധനത്തെ അതുമായി യാതൊരു ബന്ധവുമില്ലാത്ത വേറൊന്നുമായി ഉപമിച്ചു കളയും. എന്നിട്ട് അതിനു വിശദീകരണമായി രണ്ടിനും യോജിക്കുന്ന ചില പ്രയോഗങ്ങൾ കാച്ചുകയും ചെയ്യും.

ഉദാഹരണമായി, രാമപുരത്തു വാര്യർ തന്റെ പൊട്ടിപ്പൊളിഞ്ഞ വീടിനെ ഭാഗവതത്തോട് ഉപമിക്കുന്നതു കാണുക.

മഹീപതേ, ഭാഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാം
അർത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്.

അതായത്, രണ്ടും മഹാപുരാണം ആണ്. ഭാഗവതം പുരാണകഥ ആണ്. വീട് വളരെ പഴയതാണ്. അതുപോലെ ഭാഗവതം നോക്കുന്നവർക്ക് (വായിക്കുക എന്നർത്ഥത്തിൽ “നോക്കുക” എന്നു പണ്ടു പറയുമായിരുന്നു) ജീവിതത്തോടു വിരക്തിയുണ്ടായി ആത്മീയതയിലേക്കു പോകും. വീട്ടിലേക്ക് ഒന്നു നോക്കുന്നവർക്ക് ആ വീടിനോടു വിരക്തി ഉണ്ടാകും. പിന്നെ ഒരു വ്യത്യാസമുള്ളത്, ഭാഗവതത്തിൽ അർത്ഥം (മീനിംഗ്) ഉണ്ട്. വീട്ടിൽ അർത്ഥം (ധനം) ഇല്ല. (ഇങ്ങനെ ഉപമയോടൊപ്പം അവയ്ക്കു തമ്മിൽ വ്യത്യാസം ഉണ്ടെന്നു പറയുന്നത് “വ്യതിരേകം” എന്നൊരു അലങ്കാരമാണ്. “വിശേഷം വ്യതിരേകാഖ്യം വർണ്ണ്യാവർണ്ണ്യങ്ങൾ തങ്ങളിൽ” എന്നു ലക്ഷണം. “കുന്നു പോലുന്നതൻ ഭൂപൻ, എന്നാൽ പ്രകൃതികോമളൻ” എന്ന് ഉദാഹരണം.)

ഒരുദാഹരണം കൂടി. വള്ളത്തോൾ ഒരു പിണങ്ങിയ പെണ്ണിനെ കാളിദാസകവിതയോട് ഉപമിക്കുന്നു.

സദ്വർണ്ണാഞ്ചിതശയ്യ ചേർ, ന്നഴകെഴും ഭാവപ്രഭാവത്തോടും,
മൃദ്വംഗാനുഗുണപ്രയുക്തവിവിധാലങ്കാരസമ്പത്തൊടും,
വിദ്വല്ലാളിതകാളിദാസകവിതയ്ക്കൊപ്പം വിളങ്ങുന്ന നീ
മദ്വക്ഷോമണിമാലികേ, കിമപി കൈക്കൊൾകാ പ്രസാദത്തെയും!

വിശദമായി അർത്ഥം പറയുന്നില്ല. ശ്ലേഷം മാത്രം പറയാം. ആദ്യത്തെ അർത്ഥം പെണ്ണിനു യോജിക്കും. രണ്ടാമത്തേത് കാളിദാസകവിതയ്ക്കും.

വർണ്ണം = നിറം, അക്ഷരം.
ശയ്യ = കിടക്ക, കാവ്യത്തിന്റെ ഒഴുക്ക്
ഭാവം = മനുഷ്യരുടെ ഭാവം, കവിതയിലെ ഭാവം
അംഗം = അവയവം, പ്രധാന ആശയത്തോടു ചേർന്നു നിൽക്കുന്ന അപ്രധാന ആശയം.
ഗുണം = മേന്മ, കാവ്യഗുണം.
അലങ്കാരം = ആഭരണങ്ങളും മേക്കപ്പും മറ്റും, ചമത്ക്കാരം ഉണ്ടാക്കുന്ന ഉപമ, ഉത്പ്രേക്ഷ തുടങ്ങിയ സാധനം.
പ്രസാദം = അടുപ്പം, കേട്ടാൽ പെട്ടെന്ന് അർത്ഥബോധം വരുന്ന കാവ്യഗുണം.

പ്രസാദമൊഴികെ എല്ലാം പെണ്ണിനും കാളിദാസകവിതയ്ക്കും ഉണ്ട്. പ്രസാദം പെണ്ണിനില്ല, കാളിദാസകവിതയ്ക്കുണ്ട് എന്നർത്ഥം. (ഇവിടെയും വ്യതിരേകം തല പൊക്കുന്നതു കാണുക.)

സംസ്കൃതകവികൾ ഈ ശ്ലേഷം കൊണ്ട് ഉപമയുണ്ടാക്കി കാടു കയറിയിട്ടുണ്ട്. ഒരു ശ്ലോകത്തിനു തന്നെ ആറും ഏഴും അർത്ഥമൊക്കെ വരും. അതൊക്കെ പറയാൻ തുടങ്ങിയാൽ എങ്ങുമെത്തില്ല. അതിനാൽ അതു വിട്ടിട്ട് ഇവന്റിലേക്കു വരാം.

ഇങ്ങനെ ശ്ലേഷമുപയോഗിച്ച് എല്ലാ ശ്ലോകത്തിലും ഉപമ ഉണ്ടാക്കും എന്ന് ഞാനൊരു തീരുമാനമെടുത്തു. കുടുങ്ങിയെന്നു പറഞ്ഞാൽ മതിയല്ലോ. എഴുതിത്തുടങ്ങിയപ്പോഴാണ് സംഭവം ഭീകരമാണെന്നു മനസ്സിലായത്. മാഘൻ തൊട്ടു വള്ളത്തോൾ വരെയുള്ള സകലമാന ശ്ലേഷക്കാരെയും നമിച്ചു.

പിന്നെ, വേറൊരു കാര്യമുണ്ട്. ഇക്കാലത്ത് ഇങ്ങനെ വല്ലതും എഴുതിയാൽ ആളുകൾ ഓടിച്ചിട്ടടിക്കും. പിന്നെ, ഇവന്റാണ്, സ്പൂഫാണ്, അലമ്പാണ് എന്നൊക്കെ പറഞ്ഞാലല്ലേ ഇതൊക്കെ പറ്റൂ? ശ്ലോകമെഴുത്തുകാർക്കും ജീവിക്കണ്ടേ സാർ?

അപ്പോൾ ശരി. നമുക്ക് ഇവന്റിലേക്കു കടക്കാം.


ദിനം 1: ചായ (വൃത്തം: ഉപജാതി) ഫേസ്ബുക്ക് ലിങ്ക്

തുടക്കം ചായ തന്നെ ആയിക്കോട്ടേ. ഈ സീരീസിൽ ഏറ്റവും കൂടുതൽ ആളുകൾ പോസ്റ്റു ചെയ്തതും ചായയെപ്പറ്റി ആയിരുന്നു. ഈ പടം എടുത്തതിനു ശേഷം ഞാൻ അതിൽ കാണുന്ന ചായ കുടിക്കുകയുണ്ടായി.

Day 1
പഞ്ചാരയില്ലെങ്കിലസഹ്യമാകും,
എല്ലാർക്കുമിപ്പോഴനുപേക്ഷണീയം,
ഉറക്കമേകാതെ വലച്ചിടും, സ്കൂൾ-
പഠിത്തവും ചായയുമൊന്നു പോലെ.

ചായയെ സ്കൂൾ വിദ്യാഭാസത്തോട് ഉപമിക്കുന്നു.

  1. പഞ്ചാര ഇല്ലെങ്കിൽ അസഹ്യമാകും: ചായയ്ക്കു പഞ്ചസാരയില്ലെങ്കിൽ സഹിക്കാൻ പറ്റില്ല. പഞ്ചാരയടി എന്നൊരു സംഭവമില്ലെങ്കിൽ സ്കൂൾ വിദ്യാഭ്യാസവും സഹിക്കാൻ വിഷമം തന്നെ.
  2. ഇപ്പോൾ എല്ലാർക്കും അനുപേക്ഷണീയം: ചായ ഇപ്പോൾ എല്ലാ വീട്ടിലും ഉപേക്ഷിക്കാൻ പറ്റാത്ത സാധനമായിട്ടുണ്ട്. എല്ലാവർക്കും എല്ലാ കാര്യത്തിനും ഇപ്പോൾ സ്കൂൾ വിദ്യാഭ്യാസവും വേണം. “പത്തെങ്കിലും പാസ്സായില്ലെങ്കിൽ പട്ടിക്കു തുല്യം പ്രഭോ…” എന്ന് ആപ്തവാക്യം.
  3. ഉറക്കം തരാതെ വലയ്ക്കും: ചായ വൈകുന്നേരം കുടിച്ചാൽ പലർക്കും പിന്നെ രാത്രിയിൽ ഉറങ്ങാൻ പറ്റില്ല. പഠിക്കാനുള്ള വിഷയങ്ങളുടെ ആധിക്യവും പിന്നെ ആ പ്രായത്തിന്റെ പ്രത്യേകതയും മൂലം സ്കൂൾ വിദ്യാഭ്യാസകാലത്ത് ഉറക്കം അല്പം കുറവായിരിക്കും.

ഇങ്ങനെ നോക്കിയാൽ ചായയും സ്കൂൾ വിദ്യാഭ്യാസവും ഒരു പോലെ ആണ്.

ദിനം 2: മദ്യം (വൃത്തം: ഭുജംഗപ്രയാതം) ഫേസ്ബുക്ക് ലിങ്ക്

“ഏതെങ്കിലും പാനീയത്തിന്റെ (ഓ, കുടിക്കണ വെള്ളങ്ങളുടെ!)” എന്നാണു സന്തോഷ് എഴുതിയത്. മനുഷ്യർ കുടിക്കുന്ന സാധനത്തിന്റേതു മതി. അതിനാൽ, ഞാൻ ഇപ്പോൾ മദ്യം കുടിക്കാറില്ലെങ്കിലും മദ്യത്തിന്റെ പടം ഇടുന്നതിനു വിരോധമില്ലെന്നു തോന്നുന്നു. (ആയുസ്സിൽ കുടിച്ചിട്ടില്ലാത്ത ഹോമിയോമരുന്നു പുറകേ വരുന്നുണ്ട്.) പഴയ ഓഫീസുകാർ മദ്യം ശേഖരിച്ചു വെയ്ക്കാറുണ്ടായിരുന്നു. അതിന്റെ പടമാണ്.

Day 2
ഒലിപ്പിച്ചു നോക്കും, വൃഥാ മുട്ടി നോക്കും,
മണപ്പിച്ചു ചുറ്റും നടക്കും, വഹിക്കാൻ
കഴിഞ്ഞെങ്കിലെന്നോർത്തു കേഴും, ഗദത്താൽ
വലഞ്ഞോനു മദ്യം നതാംഗിക്കു തുല്യം.

ഗദം = രോഗം. രോഗാധിക്യം കൊണ്ട് മദ്യപിക്കാൻ പറ്റാത്തവന് മറ്റു വല്ലവരുടെയും വീട്ടിൽ മദ്യം കണ്ടാലുള്ള ആക്രാന്തം, അത് പരിചയമില്ലാത്ത ഒരു പെണ്ണിനോടെന്നതു പോലെയാണെന്നു താത്പര്യം. എങ്ങനെ? ശ്ലേഷം ഇവിടെയും സഹായത്തിനു വരുന്നു.

  1. ഒലിപ്പിച്ചു നോക്കും: കുപ്പിയിൽ നിന്നും അല്പാല്പം ഒലിച്ചു വരുന്നുണ്ടോ എന്നു നോക്കും. പറ്റിയാൽ അതു തൊട്ടുനക്കും. പരിചയമില്ലാത്ത പെണ്ണിന്റെ അടുക്കലും ഒലിപ്പീരു സാധാരണയാണല്ലോ.
  2. വൃഥാ മുട്ടി നോക്കും: കുപ്പി ചുമ്മാ മുട്ടിയും തട്ടിയും നോക്കും. എന്നിട്ടു താഴെ വെക്കും. പിന്നെയും മുട്ടി നോക്കും. പരിചയമില്ലാത്ത പെണ്ണിനെ മുട്ടി നോക്കുന്നത് ഒലിപ്പീരിനു ശേഷമുള്ള പ്രക്രിയയാണല്ലോ.
  3. “വഹിക്കാൻ കഴിഞ്ഞെങ്കിൽ” എന്ന് ഓർത്തു സങ്കടപ്പെടും: ആ കുപ്പി എടുത്തുകൊണ്ട് വീട്ടിൽ കൊണ്ടു പോകാൻ പറ്റിയിരുന്നെങ്കിൽ എന്നു സങ്കടപ്പെടും. പെണ്ണിനെ “വഹിക്കാൻ” കഴിയാത്തതിലുംം ദുഃഖമുണ്ടാവും.

വയ്യാതായാൽ മദ്യവും പെണ്ണും ഒരുപോലെ തന്നെ.

ദിനം 3: ഹോമിയോ മരുന്ന് അഥവാ വീര്യം കൂടിയ പച്ചവെള്ളം. (വൃത്തം: മാലിനി) ഫേസ്ബുക്ക് ലിങ്ക്

മൂന്നാമത്തെ ദിവസം കഞ്ഞിയെപ്പറ്റി ഒരു തട്ടുപൊളിപ്പൻ ശ്ലോകം (താഴെ നാലാം ദിവസത്തെ ശ്ലോകം) എഴുതിയിട്ട് ഭാര്യയോടു ചോദിച്ചു:

“എടിയേ, ഇന്നു കഞ്ഞി ഉണ്ടാക്കിത്തരാമോ?”
“അതെന്താ, കഞ്ഞി കുടിക്കാൻ ഇന്നൊരു വ്യാക്കൂണ്?”
“കുടിക്കാനല്ല, പടം പിടിക്കാനാണ്. സന്തോഷിന്റെ പാനീയസപ്താഹത്തിലേക്ക്”
“ഞാൻ ഉണ്ടാക്കിത്തന്ന ഫ്രൂട്ട് ജൂസിനെപ്പറ്റി ശ്ലോകം എഴുതിയോ? ഒരുപാടു പഴങ്ങൾ ചേർത്ത് അടിച്ചതായിരുന്നു…”

പഴച്ചാറിനെപ്പറ്റി ശ്ലോകമെഴുതാൻ കുറേ ബുദ്ധിമുട്ടി. ആറാമത്തെ ദിവസമാണ് സരസ്വതീദേവി ജ്യൂസു കുടിക്കാൻ വന്നത്. ദിവസവും പ്രാണേശ്വരി അതിനെപ്പറ്റി അന്വേഷിക്കുമായിരുന്നു. പ്രാണേശ്വരിയെ കഞ്ഞിയോടാണ് ഉപമിക്കാൻ പോകുന്നത് എന്നു പറഞ്ഞാൽ ഇനി പച്ചവെള്ളം കൂടി കിട്ടുമെന്നു തോന്നുന്നില്ല.

“ഇല്ല, എഴുതാം. കഞ്ഞിയായിരുന്നു എഴുതാൻ എളുപ്പം…”
“എന്നാലേ, ഉണ്ടാക്കാൻ എനിക്ക് അത്ര എളുപ്പമല്ല. ഇവിടെ ചോറുണ്ടാക്കി. ഇനി നാളെ ഉണ്ടാക്കിത്തരാം.”

ചുറ്റി. സമയം പത്തരയാകുന്നു. പന്ത്രണ്ടിനു മുമ്പേ പോസ്റ്റു ചെയ്യണ്ടേ? പഴച്ചാറിനെപ്പറ്റി എഴുതാൻ അര മണിക്കൂർ ശ്രമിച്ചു. പിന്നെ അതു വേണ്ടെന്നു വെച്ചു. കൂട്ടുകാർക്കു കുടിക്കാൻ വാങ്ങി വെച്ചിരിക്കുന്ന കുറേ മദ്യങ്ങൾ ഉണ്ട്. ഒന്നിനെപ്പറ്റിയും ശ്ലേഷമൊന്നും തോന്നുന്നില്ല. അലമാരയിൽ കുറച്ച് കഷായവും അരിഷ്ടവും ഇരിപ്പുണ്ട്. അതിനെപ്പറ്റി എഴുതാൻ ശ്രമിച്ചു. നടന്നില്ല. ഇനി പച്ചവെള്ളം മാത്രമേ ബാക്കിയുള്ളൂ. അതിനെപ്പറ്റി എഴുതിക്കളയാം. അപ്പോഴാണ് പച്ചവെള്ളം എന്നു വെച്ചാൽ അതിഭീകരശക്തിയുള്ള ഹോമിയോമരുന്നാണ് എന്ന കാര്യം ഓർമ്മിച്ചത്. അതിൽ ഒരു മോളിക്യൂൾ ഹോമിയോ മരുന്നു മതി. അതു നേർപ്പിച്ചു നേർപ്പിച്ചു ശക്തി കൂടിക്കൂടി ഭീകരസാധനമാകുമല്ലോ. എന്നാൽ അതു തന്നെ ആക്കിക്കളയാം.

Day 3
അതിമധുരമുരുട്ടീ, ട്ടുള്ളു പൊള്ളയ്ക്കൊരുക്കീ-
ട്ടതു പല കുറി വെള്ളം ചേർത്തു വീര്യം വരുത്തി,
ജളർ ജഡസമരാവാൻ സംഘി തൻ വാക്കിനൊപ്പം
ഭുവി വിഷസമമാണീ ഹോമിയോ തൻ മരുന്നും.

ജളർ = മണ്ടന്മാർ. ജഡം = ശവം, ജീവനില്ലാത്തത്. ഭുവി = ഭൂമിയിൽ. ഹോമിയോ മരുന്ന് സംഘികളുടെ ഡയലോഗ് പോലെ ഫുൾ തട്ടിപ്പാണ് എന്നാണ് ഈ ശ്ലോകത്തിന്റെ താത്പര്യം.

ഉള്ളിൽ ഗുണമൊന്നുമില്ലാതെ, വെളിയിൽ മധുരം പുരട്ടി, കൂടുതൽ വെള്ളം ചേർത്തു നേർപ്പിച്ചാൽ വീര്യം കൂടുമെന്നു പ്രചരിപ്പിച്ച് കിട്ടുന്ന ഹോമിയോ മരുന്ന് മണ്ടന്മാരെ സമയത്തിനു വൈദ്യസഹായം കിട്ടാതെ ശവത്തെപ്പോലെ ആക്കിക്കളയും.

അതു പോലെ, യാതൊരു കഴമ്പുമില്ലാത്ത ആശയം ഉള്ളിൽ വെച്ച്, അതേ സമയം പുറത്ത് ദേശാഭിമാനത്തിന്റെയും സംസ്കാരത്തിന്റെയും മധുരം പുരട്ടി, ആർഷഭാരതസംസ്കാരത്തിൽ ഉള്ള നല്ല കാര്യത്തിലൊക്കെ വെള്ളം ചേർത്തു പതപ്പിച്ച് അതിന് ഇല്ലാത്ത മാഹാത്മ്യമൊക്കെ ചാർത്തി അവതരിപ്പിക്കുന്ന സംഘികളുടെ വാചകമടി വിവരമില്ലാത്തവരെ “ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും” എന്ന സ്ഥിതിയിൽ ആക്കിക്കളയും.

ഇവ രണ്ടും ഭൂമിയിൽ വിഷം പോലെയാണ്.

പിന്നെ, ജഡം, ജളം എന്നീ രണ്ടു വാക്കുകളും സംസ്കൃതത്തിൽ ഒന്നു തന്നെയാണ്. മലയാളത്തിൽ ജഡത്തിന് ജീവനില്ലാത്തത് എന്നും ജളന് ബുദ്ധിയില്ലാത്തവൻ എന്നുമാണ് വ്യാപകമായി ഉപയോഗിക്കുന്ന അർത്ഥം. ഇങ്ങനെ ഒരേ അർത്ഥമുള്ള സംഭവങ്ങളെന്നു തോന്നിക്കുന്ന രണ്ടു വാക്കുകൾ രണ്ടർത്ഥത്തിൽ അടുത്തടുത്ത് ഉപയോഗിച്ചാൽ ആ അലങ്കാരത്തെ പുനരുക്തവദാഭാസം എന്നു വിളിക്കുന്നു. ഏ. ആർ. തരുന്ന ഒരു ഉദാഹരണം: “കൈലാസാദ്രി മലക്കുന്നോരന്നിൻ ദാനയശസ്സിന് സർവ്വദാമരവൃക്ഷത്തിൻ വിജയം കളി കേളിഹ.” ഇവിടെ അദ്രി, മല, കുന്ന് എന്നിവയും മര, വൃക്ഷ എന്നിവയും കളി, കേളി എന്നിവയും അടുത്ത് അർത്ഥഭേദത്തിൽ വരുന്നതാണു സംഭവം. ഇനി പുനരുക്തവദാഭാസം പറ്റില്ലെങ്കിൽ ദയവു ചെയ്ത് വിരോധാഭാസമെങ്കിലും ഈ ശ്ലോകത്തിന് അനുവദിച്ചു തരണം. അപേക്ഷയാണ്. ആഭാസമില്ലാതെ എന്തു ശ്ലോകം?

ദിനം 4: കഞ്ഞി (വൃത്തം: വസന്തതിലകം) ഫേസ്ബുക്ക് ലിങ്ക്

അങ്ങനെ അവസാനം കഞ്ഞി കിട്ടി. സാധാരണ കഞ്ഞിയല്ല, ഒന്നാന്തരം പൊടിയരിക്കഞ്ഞി. ഈ സീരീസിലെ എനിക്കേറ്റവുമിഷ്ടപ്പെട്ട ശ്ലോകം ഇതാണ്. പ്രാണേശ്വരിയെപ്പറ്റി ആയതു കൊണ്ടു മാത്രമല്ല. ആകെക്കൂടി ഒരു എയിമുള്ള ശ്ലോകമാണ്.

Day 4
ലാവണ്യമുണ്ടു മുറ പോലെ, രസം പെരുത്തു-
ണ്ടേവർക്കുമെത്ര ഹിത, മൂതുകിലില്ല താപം,
സ്പൂണിൽ കിടക്കു, മതിയായ വിയർപ്പു നൽകും,
പ്രാണേശ്വരീ, പറക, നീയൊരു കഞ്ഞിയല്ലേ?

ഇവിടെ പ്രാണേശ്വരിയെ കഞ്ഞിയോട് ഉപമിക്കുന്നു. ശ്ലേഷത്തിന്റെ അയ്യരുകളിയാണു സംഭവം. പറഞ്ഞിരിക്കുന്ന കാര്യമെല്ലാം പ്രാണേശ്വരിക്കും കഞ്ഞിക്കും യോജിക്കും.

  1. ലാവണ്യം നല്ലതു പോലെയുണ്ട്. പ്രാണേശ്വരിക്കു സൗന്ദര്യവും, കഞ്ഞിക്ക് ലവണത്വവും (ഉപ്പുരസം).
  2. പെരുത്തു രസം ഉണ്ട്: പ്രാണേശ്വരി വളരെ രസികയാണ്. കഞ്ഞിയിൽ വെള്ളം ധാരാളമുണ്ട്.
  3. ഏവർക്കും എത്ര ഹിതം: എല്ലാവർക്കും വളരെ ഇഷ്ടമാണ്. അർത്ഥവ്യത്യാസമില്ല.
  4. ഊതുകിലില്ല താപം: കളിയാക്കുന്നതിന് ഗ്രാമ്യഭാഷയിൽ “ഊതുക” എന്നു പറയും. (“ഊതല്ലേ” എന്നു സാധാരണപ്രയോഗം.) പ്രാണേശ്വരിക്ക് ഊതിയാൽ (കളിയാക്കിയാൽ) താപം (ദുഃഖം) ഇല്ല എന്നർത്ഥം. കഞ്ഞിക്ക് ഊതിയാൽ ചൂടുണ്ടാവുകയില്ല എന്നും. (“ഊതിയാൽ ചൂടുണ്ടാവില്ല” എന്നു പറഞ്ഞാൽ “ഊതിയില്ലെങ്കിൽ ചൂടുണ്ടാവും” എന്നു വ്യംഗ്യം. ഇങ്ങനെ വ്യംഗിപ്പിക്കുന്നതിനും എന്തോ ഒരു പേരുണ്ട്. മറന്നു പോയി.)
  5. സ്പൂണിൽ കിടക്കും: പുറം തിരിഞ്ഞു കിടക്കുന്ന പെണ്ണിന്റെ പുറകിൽ കെട്ടിപ്പിടിച്ചു പുരുഷൻ കിടക്കുന്നതിനെ സ്പൂൺ പൊസിഷൻ എന്നു പറയുന്നു. അങ്ങനെ കിടക്കുന്നതിനെ സ്പൂണിംഗ് എന്നും പറയും. അങ്ങനെ കിടക്കുന്നവളാണു പ്രാണേശ്വരി. കഞ്ഞിയാകട്ടേ, സ്പൂണിലെടുത്താണു കുടിക്കുന്നത്.
  6. അതിയായ വിയർപ്പു നൽകും: പ്രാണേശ്വരി നന്നായി വിയർപ്പിക്കും. കഞ്ഞിയും.

പ്രാണേശ്വരിയോട് “നീയൊരു കഞ്ഞിയല്ലേ?” എന്നു ചോദിക്കുന്നിടത്ത്, മുകളിൽ പറഞ്ഞ രീതിയിൽ നീ കഞ്ഞി എന്ന ഭക്ഷണത്തെപ്പോലെയല്ലേ എന്ന് ഒരർത്ഥം. “നീ ഒരു പരമ യൂസ്‌‌ലെസ് നിർഗുണപരബ്രഹ്മമല്ലേ?” (കഞ്ഞി എന്ന വാക്കിന് അങ്ങനെ ഒരു നാടൻ അർത്ഥവുമുണ്ട്) എന്നു മറ്റൊരു അർത്ഥം. ശ്ലേഷം പോകുന്ന ഓരോ വഴിയേ…

ദിനം 5: പായ്ക്കറ്റിലാക്കിയ ഓർഗാനിക് തേങ്ങാവെള്ളം (വൃത്തം: ശാർദ്ദൂലവിക്രീഡിതം) ഫേസ്ബുക്ക് ലിങ്ക്

അടുത്ത കാലത്തായി അമേരിക്കയിൽ തേങ്ങയ്ക്കു വലിയ ഡിമാൻഡ് ആണ്. വെളിച്ചെണ്ണ സർവ്വരോഗസംഹാരിയാണെന്നു പറഞ്ഞ് ഹെൽത്ത് ഷോപ്പുകളിലൊക്കെ കൊള്ളവിലയ്ക്കു വിൽക്കുന്നു. കൊപ്രാ പോലെ ഒരു സാധനം വറുത്തുപ്പേരി പോലെ പായ്കറ്റിൽ ലഭ്യമാണ്. അതു കൂടാതെ തേങ്ങാവെള്ളം പായ്ക്കറ്റിലാക്കി അതിവിശിഷ്ടമായ ഓർഗാനിക് പാനീയം എന്നു പറഞ്ഞു വിൽക്കുന്നു. അങ്ങനെ ഒരു തേങ്ങാവെള്ളപ്പായ്ക്കറ്റ് കണ്ടപ്പോൾ കവിഹൃദയം ചഞ്ചലമായതിന്റെ പരിണതഫലമാണു താഴെ.

Day 1
മൂടിക്കെട്ടിയിരുന്ന ബീജകവചം തന്നിൽ പടച്ചോൻ ജലം
തൂവിത്തീർത്തതു പിന്നെ നല്ല സമയം നോക്കീട്ടു മൂക്കായ്കിലും
കീറിത്തന്നെയെടുത്തു, ലേബലു കുറേ ചാർത്തി, പ്രദർശിപ്പിച്ചിടു-
ന്നേതോ കൂടിയതെന്നു ചൊന്നു, ശിശുവെപ്പോലിന്നു തേങ്ങാജലം!

പായ്ക്കറ്റിലെ തേങ്ങാവെള്ളം കുട്ടിയെപ്പോലെയാണന്നാണു പറയുന്നത്.

ആകെ മൂടിക്കെട്ടി വെച്ചിരിക്കുന്ന തേങ്ങയിൽ വെള്ളം നിറയ്ക്കുന്ന (അതു മാത്രമല്ല, ഈന്തപ്പഴത്തിൽ കുരു നിറയ്ക്കുക തുടങ്ങിയ പല കലാപരിപാടികളും കക്ഷി ചെയ്യാറുണ്ട്.) പടച്ചോനെപ്പറ്റി കേൾക്കാത്തവർ കുറയും. അങ്ങനെ അദ്ദേഹം ഉണ്ടാക്കിയ തേങ്ങാ വെള്ളമെടുക്കാൻ പറ്റിയ സമയത്ത് മൂത്തില്ലെങ്കിലും പൊളിച്ച് വെള്ളം വെളിയിൽ എടുത്ത് ഓർഗാനിക് ആണ്, അതുണ്ട്, ഇതുണ്ട് എന്നൊക്കെ ലേബലുകൾ ചാർത്തി കടകളിലെ അലമാരകളിൽ പ്രദർശിപ്പിക്കുന്നു.

കുട്ടികളെയും ഇങ്ങനെ തന്നെ. ഇവിടെ പടച്ചോൻ എന്നു പറഞ്ഞാൽ പടച്ച ആൾ അതായത് പിതാവ് എന്ന അർത്ഥമെടുക്കണം. മൂടിക്കെട്ടിയിരിക്കുന്ന ഗർഭപാത്രത്തിൽ അച്ഛൻ തൂവിയ വെള്ളത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഭ്രൂണത്തെ ഗ്രഹനിലയും നാളും തിഥിയുമൊക്കെ നോക്കി നല്ല സമയം നിർണ്ണയിച്ച് ആ സമയത്ത് സിസേറിയൻ ചെയ്തു പുറത്തെടുത്തിട്ട് ഇവൻ ജീനിയസ്സാണ്, ഇവൾ സകലകലാവല്ലഭയാണ്, ഇവൻ അതാണ്, അവൾ അതാണ് എന്നൊക്കെ പല ലേബലും ചാർത്തി നാട്ടുകാരുടെ മുമ്പിൽ ഉള്ളതിലും വലുതാക്കിക്കാണിച്ചു പ്രദർശിപ്പിക്കുന്നു.

രണ്ടും ഒരുപോലെയാണെന്നു പറയുന്നതു ചുമ്മാതെയാണോ?

ദിനം 6: ബെറിച്ചാറ് (വൃത്തം: വംശസ്ഥം) ഫേസ്ബുക്ക് ലിങ്ക്

പ്രാണേശ്വരി ആദ്യത്തെ ദിവസം ഉണ്ടാക്കിത്തന്ന പഴച്ചാറാണ്. പലതരം പഴങ്ങൾ അതിലുണ്ടത്രേ. എങ്കിലും ഇന്നാണ് അതിനെപ്പറ്റി ശ്ലോകം എഴുതാൻ പറ്റിയത്.

Day 6
ചുമന്നിരിക്കും, മധുരം നിറഞ്ഞിടും,
ഗദങ്ങളിൽ നിന്നു തുണച്ചിടും, വയർ
നിറയ്ക്കു, മുൾത്താപമകറ്റിടും, പഴം
പിഴിഞ്ഞ ചാറെൻ ജനനിയ്ക്കു തുല്യമാം.

പഴച്ചാറ് അമ്മയെപ്പോലെയാണ് എന്നാണു പറയുന്നത്. (ഈ സീരീസിൽ വികടത്വവും അശ്ലീലവും ഇല്ലാത്ത ഒരേയൊരു ശ്ലോകവും ഇതു തന്നെ.)

  1. ചുമന്നിരിക്കും: ബെറിയുടെ ചാറിനു ചുവപ്പു നിറമാണ്. അമ്മ ഗർഭകാലത്ത് കുഞ്ഞിനെ ചുമന്നുകൊണ്ട് ഇരിക്കും.
  2. മധുരം നിറഞ്ഞിടും: പഴച്ചാറിനു നല്ല മധുരമാണ്. അമ്മ നിറച്ചും മധുരമുള്ള അമ്മിഞ്ഞപ്പാലും സ്നേഹവുമാണ്.
  3. ഗദങ്ങളിൽ നിന്ന് തുണച്ചിടും: ഗദം = രോഗം. പഴച്ചാറ് ശരീരത്തിനു പ്രതിരോധശക്തി വർദ്ധിപ്പിച്ച് അസുഖം വരാതെ നോക്കും. അമ്മ മക്കൾക്കു രോഗമൊന്നും വരാതെ കാത്തുരക്ഷിക്കും.
  4. വയർ നിറയ്ക്കും: ജ്യൂസു കുടിച്ചാൽ വയറു നിറയും. അമ്മ മക്കൾക്ക് നല്ല ഭക്ഷണം ഉണ്ടാക്കി നന്നായി ഊട്ടും.
  5. ഉൾത്താപമകറ്റും: താപം = ചൂട്, ദുഃഖം എന്നു രണ്ടർത്ഥം. ജ്യൂസ് ഉള്ളിലെ ചൂടു കുറയ്ക്കും. അമ്മ മനസ്സിലുള്ള ദുഃഖം മാറ്റും.

ഇങ്ങനെയാണ് പഴച്ചാറ് അമ്മയ്ക്കു തുല്യമാകുന്നത്.

ദിനം 7: വിസ്കി (വൃത്തം: മന്ദാക്രാന്ത) ഫേസ്ബുക്ക് ലിങ്ക്

അവസാനത്തെ ദിവസമായതു കൊണ്ട് ഇന്ന് വിഷം വിഷയമാക്കാം എന്നു വിചാരിച്ചിരുന്നു. രണ്ടു പേരോട് അഭിപ്രായം ചോദിച്ചു. രണ്ടു പേരും “വിഷം വേണ്ട” എന്ന അഭിപ്രായക്കാര്യായിരുന്നു. ഈ അന്ധവിശ്വാാസികളെക്കൊണ്ടു തോറ്റു!

അവസാനശ്ലോകം ഒന്നു ഗ്രാൻഡാക്കാൻ എന്തു വഴി എന്ന് ആലോചിച്ചപ്പോഴാണ് ശ്ലേഷം കൊണ്ട് രണ്ടർത്ഥം ഉണ്ടാക്കുന്നതിനു പകരം മൂന്നർത്ഥം ആക്കിയാലോ എന്നു തോന്നിയത്. വള്ളത്തോൾ ചിത്രയോഗത്തിൽ “ഈമട്ടങ്ങുദരാർത്തി തീർത്തു സുമനോ…” എന്നു രാജാവിനും ശിവനും സുബ്രഹ്മണ്യനും യോജിക്കുന്ന അർത്ഥങ്ങളുണ്ടാക്കിയതു പോലെ ഒന്നു നോക്കിയാലോ എന്ന്. വള്ളത്തോൾ എഴുതിയതു പോലെ ഞാൻ എഴുതാൻ നോക്കിയാൽ വായിക്കുന്നവർ ആന, അണ്ണാൻ, മലവിസർജ്ജനശ്രമം എന്നിവ ഉൾപ്പെടുന്ന ഒരു ഉപമ ശ്ലേഷത്തിന്റെ സഹായമില്ലാതെ തന്നെ ഉണ്ടാക്കും എന്നറിയാം. എന്നാലും ഒന്നു ശ്രമിക്കുക തന്നെ.

Day 7
ഏറെക്കാലം പഴകിയ ചരക്കെന്നു ലേബൽ പതിച്ചാ-
ലേറും മൂല്യം, സമനില നശിപ്പിച്ചിടും കൂടിയെന്നാൽ ,
കൂടും നന്നായ് പശുവൊടു, മഹോ! നീരസത്തോടടിക്കാം,
ഷീവാസ് റീഗൽ പ്രഭൃതികളുമാഭാസരും തുല്യരത്രേ!

കലാശക്കളിയായതിനാൽ ഇവിടെ ശ്ലേഷം അല്പം കടുപ്പത്തിലാണ്. വിസ്കി എന്ന പാനീയത്തെ ഒന്നല്ല രണ്ടു കാര്യങ്ങളോടാണ് ശ്ലേഷം വഴി ഉപമിക്കുന്നത്. ഒന്ന്, ആ. ഭാ. സം. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആർഷഭാരതസംസ്കാരം തലയ്ക്കു പിടിച്ച ആ.ഭാ.സർ. രണ്ട്, ശരിക്കുള്ള ആഭാസർ.

  1. വളരെക്കാലം പഴകിയ ചരക്ക് എന്നു പറഞ്ഞാൽ വില കൂടും.
    • വിസ്കി: 18 കൊല്ലം പഴകിയ വിസ്കിയ്ക്ക് 12 കൊല്ലം പഴകിയ വിസ്കിയെക്കാൾ വില കൂടും.
    • ആ. ഭാ. സം.: എന്തെങ്കിലും കുന്തത്തിനെ പണ്ട് ഋഷികൾ കണ്ടുപിടിച്ചത്, വേദത്തിൽ ഉണ്ടായിരുന്നത് എന്നൊക്കെ പറഞ്ഞു കൊണ്ടു വന്നാൽ ഇവർക്ക് വലിയ വിലയാണ്.
    • ആഭാസർ: ഇവർക്കു പൊതുവേ പ്രായമായ പെണ്ണുങ്ങളെയാണു പഥ്യം.
  2. കൂടിയാൽ സമനില നശിപ്പിക്കും.
    • വിസ്കി: കുടിക്കുന്നതിന്റെ അളവു കൂടുതലായാൽ കുടിക്കുന്നവനു സമനില കിട്ടില്ല. കാലു വേച്ചു പോകും.
    • ആ. ഭാ. സം.: മതഭ്രാന്തു കൂടിയാൽ മനുഷ്യരൊക്കെ തുല്യരാണ് എന്നുള്ള നില നഷ്ടപ്പെടും.
    • ആഭാസർ: ഇവന്മാരോടു കൂട്ടു കൂടിയാൽ മനസ്സിന്റെ സമനില നഷ്ടപ്പെടും.
  3. പശുവിനോടും നന്നായിട്ടു കൂടും
    • വിസ്കി: വിസ്കിയുടെ കൂടെ ബീഫ് വളരെ യോജിക്കും.
    • ആ. ഭാ. സം.: ആർഷഭാരതന്മാരും പശുവും തമ്മിൽ മക്കളും അമ്മയും പോലെ കൂട്ടാണ്.
    • ആഭാസർ: ആഭാസന്മാർക്കു കൂടാൻ പെൺവർഗ്ഗത്തിലുള്ള എന്തിനെ കിട്ടിയാലും മതി. പശുവായാലും എരുമയായാലും ഓക്കേ.
  4. നീരസത്തോടെ അടിക്കാം
    • വിസ്കി: നീരസം = വെള്ളമില്ലാതെ. വിസ്കി വെള്ളമില്ലാതെയും അടിക്കാം എന്നർത്ഥം.
    • ആ. ഭാ. സം.: ലവന്മാരെ കയ്യിൽ കിട്ടിയാൽ ആർക്കും നീരസം മൂത്ത് ഒന്നു പൊട്ടിക്കാൻ തോന്നും.
    • ആഭാസർ: ആഭാസന്മാർക്ക് ഭോഗിച്ചാൽ മാത്രം മതി. രസം വേണമെന്നു നിർബന്ധമില്ല.
  5. ഇങ്ങനെ ഷീവാസ് റീഗൽ പോലെയുള്ള വിസ്കികൾ ആ. ഭാ. സം. കാരെയും ആഭാസരെയും പോലെയാണ് എന്നർത്ഥം.


ഒരാൾ ഏഴു ദിവസമേ ഇതു ചെയ്യുന്നുള്ളൂ എങ്കിലും ഓരോ ദിവസവും ഓരോ ആളും പുതിയ ഒരാളെ ചേർക്കുന്നതിനാൽ ഇതു ചെയ്യുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. പിന്നെ ആകെ ഒരു സമാധാനമുള്ളത് ബെൽറ്റുബോംബ് കെട്ടി ചാവേറാവാൻ ആളെ കിട്ടുന്നതിലും ബുദ്ധിമുട്ടാണ് ശ്ലോകമെഴുതാൻ ആളെ കിട്ടുന്നത് എന്നതാണ്. അതിനാൽ താമസിയാതെ ഇത് നിന്നു പോകും എന്നു പ്രതീക്ഷിക്കാം. എന്തായാലും പോക്കിമോൻ ഗോ കഴിഞ്ഞാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ വിനോദമാണ് ഇത്. ഇതിനെ സന്തോഷ് “വാക്ചിത്രം” എന്നാണു വിളിക്കുന്നത്. ഫേസ്ബുക്കിൽ പോയി #വാക്ചിത്രം എന്ന ഹാഷ്‌ടാഗ് തിരഞ്ഞാൽ എഴുതുന്ന എല്ലാവരെയും അവരുടെ ശ്ലോകങ്ങളെയും കുടിക്കുന്ന പാനീയങ്ങളെയും കാണാം. വേറേ പണിയൊന്നുമില്ലെങ്കിൽ ഇത് എത്രയും ആനന്ദദായകമത്രേ!

കവിതകള്‍ (My poems)
ബ്ലോഗ് ഇവന്റ്
ശ്ലോകങ്ങള്‍ (My slokams)
സരസശ്ലോകങ്ങള്‍
സാഹിത്യവിനോദങ്ങള്‍

Comments (0)

Permalink

അമേരിക്കക്കാരേ, ഇക്കൊല്ലത്തെ ഓണം കഴിഞ്ഞുപോയി…

ഓണം, വിഷു, വിജയദശമി ഇതൊക്കെ വരുമ്പോൾ അമേരിക്കക്കാർക്കു് ആകെ ആധിയാണു്. ശരിയായ ദിവസം തന്നെ ഇവറ്റകളെ ആഘോഷിച്ചില്ലെങ്കിൽ ഫലമില്ലാതെ പോകുമെന്നാണല്ലോ വെയ്പ്. ഈ ശരിയായ ദിവസം ഏതാണെന്നു കണ്ടുപിടിക്കാൻ ചില്ലറപ്പണിയല്ല താനും.

ക്രിസ്തുമസ്സിനോടനുബന്ധിച്ചു കിട്ടുന്ന അവധിക്കു നാട്ടിൽ പോകുന്ന ആരോടെങ്കിലും പറഞ്ഞു സംഘടിപ്പിക്കുന്ന മാതൃഭൂമി കലണ്ടർ മിക്കവാറും എല്ലാ വീട്ടിലും തൂങ്ങുന്നുണ്ടാവും. ഈ സാധനത്തിൽ അവധിദിവസങ്ങളൊക്കെ അടയാളപ്പെടുത്തിയിട്ടുണ്ടാവും. പക്ഷേ, ഒരു പ്രശ്നം. ഇതൊക്കെ കേരളത്തിന്റെ സമയത്തിനും മറ്റും ഗണിച്ചുണ്ടാക്കിയവയാണു്. ഇതു തന്നെയാണോ അമേരിക്കയിൽ? ഉദാഹരണമായി, കേരളത്തിൽ വിഷു ഏപ്രിൽ 14-നാണെങ്കിൽ അമേരിക്കയിൽ ഏപ്രിൽ 14-നു തന്നെയോ അതോ ഇന്ത്യയിൽ ഏപ്രിൽ 14 ആവുന്ന സമയത്തു്, അതായതു് അമേരിക്കയിലെ ഏപ്രിൽ 13-നു വല്ലതും, ആണോ വിഷുക്കണി കാണേണ്ടതു്?

ചില ആളുകൾക്കു് ഇതൊന്നും പ്രശ്നമില്ല. മാതൃഭൂമി കലണ്ടർ അതു പോലെ പിന്തുടരും. അതിൽ 14 എന്നു പറഞ്ഞാൽ അമേരിക്കയിൽ 14-നു രാവിലെ വിഷുക്കണി കാണും. അതിൽ തിങ്കളാഴ്ച ഏഴര മുതൽ ഒമ്പതു വരെ രാഹുകാലം ആണെന്നു പറഞ്ഞാൽ അമേരിക്കയിലും ഏഴര മുതൽ ഒമ്പതു വരെ സംഭവം നോക്കും. അതിനിടയിൽ അമേരിക്കയിൽ പകൽ സമയത്തെ പ്രകാശത്തെ കൂടുതൽ ഉപയോഗപ്രദമാക്കാൻ എന്നോ മറ്റോ പറഞ്ഞുകൊണ്ടു് ഡേ ലൈറ്റ് സേവിംഗ്സ് ടൈം എന്നൊരു സാധനം വരും. അതനുസരിച്ചു് ഇന്നലെ വരെ ഏഴര ആയിരുന്ന സമയം ഇന്നു മുതൽ എട്ടരയാവും. നമ്മുടെ കക്ഷികൾക്കു പ്രശ്നമൊന്നുമില്ല. ഒബാമ പറയുന്ന സമയം അനുസരിച്ചു തന്നെ അവർ രാഹുകാലവും വിശേഷദിവസവും നോക്കും. ഇവർക്കു പൊതുവേ യാതൊരു പ്രശ്നവുമില്ല. വിജയദശമി ആഘോഷിക്കുന്നതു് ഏകാദശി കഴിയാറാകുമ്പോഴാണു് എന്ന ഒരു പ്രശ്നമേയുള്ളൂ.

മറ്റു ചിലർക്കു് ഇതു പോരാ. കൃത്യ സമയത്തു തന്നെ സംഭവം നടത്തണം. അതിനു് ഇന്ത്യയിലെ സമയത്തിനു തത്തുല്യമായ അമേരിക്കൻ സമയം കണ്ടുപിടിക്കും. അപ്പോൾ ഉള്ള പ്രശ്നമെന്താണെന്നു ചോദിച്ചാൽ, ഇന്ത്യയിൽ 14-നു രാവിലെ 6:15-നു വിഷുക്കണി കാണണം എന്നു പറഞ്ഞാൽ, അതു സാൻ ഫ്രാൻസിസ്കോയിൽ 13-നു വൈകുന്നേരം 5:45 ആണു്. വൈകുന്നേരം എന്തോന്നു വിഷുക്കണി? അപ്പോൾ 13-നു രാവിലെ കണ്ടേക്കാം എന്നു കരുതും. അപ്പോൾ മീനമാസം കഴിഞ്ഞിട്ടില്ല. അതു വേറൊരു കാര്യം.

ഇതു പോലെയുള്ള മറ്റൊരു സംഭവം പിറന്നാൾ ആഘോഷിക്കലാണു്. പിറന്നാളിന്റെ സമയത്തു തന്നെ അമ്പലത്തിൽ പോവുക, സദ്യയുണ്ണുക തുടങ്ങിയ കർമ്മങ്ങൾ ചെയ്യണം എന്നു് പലർക്കും നിർബന്ധമുണ്ടു്. അതിനു് ആ നക്ഷത്രം ഉള്ള സമയം (അതായതു്, ചന്ദ്രൻ ആ നക്ഷത്രത്തിന്റേതെന്നു പറയപ്പെടുന്ന സ്ഥാനത്തു നിൽക്കുന്ന സമയം) കണ്ടുപിടിക്കണം. അതിനു് ഇന്ത്യയിലെ സമയം കണ്ടുപിടിച്ചു് സമയവ്യത്യാസം കണക്കുകൂട്ടിയാൽ മതി.

പക്ഷേ, ഇന്ത്യയിലെ സമയം എങ്ങനെ കണ്ടുപിടിക്കും?

നാഴികവട്ടയും അടിയളക്കലും വഴി സമയം കണ്ടുപിടിക്കുന്ന വിദ്യയൊക്കെ വിട്ടിട്ടു് വാച്ചും ക്ലോക്കും ഉപയോഗിക്കുന്ന കാലം വന്നിട്ടും നമ്മുടെ കലണ്ടറുകൾ ഇപ്പോഴും ഉദയാത്പരനാഴികയിലാണു കിടന്നു കറങ്ങുന്നതു്. അതിൽ നിന്നു് നമ്മൾ സാധാരണ ഉപയോഗിക്കുന്ന സമയം കണ്ടുപിടിക്കാൻ നല്ല പണിയാണു്. ആ ദിവസത്തെ ഉദയം എപ്പോഴാണെന്നു നോക്കണം. കലണ്ടറിലെ നാഴികയിൽ കൊടുത്തിരിക്കുന്ന സമയം മണിക്കൂർ/മിനിറ്റിൽ ആക്കണം. അതു് ഉദയസമയത്തോടു കൂട്ടണം. (ഇതിനെപ്പറ്റി വിശദമായി ഞാൻ പിറന്നാളും കലണ്ടറും എന്ന പോസ്റ്റിൽ പറഞ്ഞിട്ടുണ്ടു്.) ഇതു കൂടാതെയാണു് അമേരിക്കയിലെ സമയവ്യത്യാസം കൂടി നോക്കേണ്ടതു്.

കൂടാതെ, മുകളിൽ സൂചിപ്പിച്ചതു പോലെ, സമയവ്യത്യാസം മാത്രം നോക്കിയാൽ പോരാ, ആ സ്ഥലത്തെ സൂര്യോദയാസ്തമയങ്ങളും നോക്കണം. പണി വീണ്ടും ബുദ്ധിമുട്ടാകുന്നു എന്നു സാരം.

പിറന്നാൾ, ഓണം, ശിവരാത്രി, ഏകാദശി, ഷഷ്ഠി, പ്രദോഷം തുടങ്ങിയ വിശേഷദിവസങ്ങൾ (ഇവയിൽ ചിലതു് അല്പം സങ്കീർണമാണു്. ഉദാഹരണമായി, പ്രദോഷം കണ്ടുപിടിക്കുന്നതു് അന്നേ ദിവസത്തെ സൂര്യാസ്തമയത്തിനുള്ള തിഥി നോക്കിയാണു്. വിശദവിവരങ്ങൾ ഈ പുസ്തകത്തിൽ 12 മുതൽ 14 വരെയുള്ള പേജുകളിൽ കാണാം.) എന്നാണു നോക്കേണ്ടതെന്നറിയാൻ ആളുകൾ സ്ഥിരമായി എന്നെ സമീപിക്കുമായിരുന്നു. ഓരോ തവണയും ഇതൊക്കെ കണക്കുകൂട്ടി നോക്കാനുള്ള ബുദ്ധിമുട്ടു് ഒഴിവാക്കാനായി ഒരു കമ്പ്യൂട്ടർ പ്രോഗ്രാം എഴുതാൻ തീരുമാനിച്ചതിന്റെ ഫലമാണു് 2006 മുതൽ പ്രസിദ്ധീകരിക്കുന്ന മലയാളം കലണ്ടർ. വായനക്കാരുടെ ആവശ്യപ്രകാരം ലോകത്തിന്റെ പലയിടത്തുമുള്ള 40 സ്ഥലങ്ങളുടെ കലണ്ടറുകൾ എല്ലാ ജനുവരിയിലും ഇവിടെ പ്രസിദ്ധീകരിക്കുന്നു.

നേരത്തേ ഇതിനു വേണ്ടി ഒരു പോസ്റ്റ് എഴുതുമായിരുന്നു. (2007, 2008, 2009, 2010, 2011, 2012 എന്നിവ കാണുക.) ഇക്കൊല്ലം മുതൽ ഇങ്ങനെ പോസ്റ്റ് എഴുതണ്ട എന്നു തീരുമാനിച്ചെങ്കിലും കലണ്ടർ പ്രസിദ്ധീകരിച്ചിരുന്നു.


ഇങ്ങനെ എന്റെ കലണ്ടർ ഉപയോഗിക്കുന്ന മനീറ്റ എന്ന തരുണീരത്നം ഇന്നലെ എന്നെ വിളിച്ചു: “ഉമേഷ് ചേട്ടാ, ചേട്ടന്റെ കലണ്ടറിൽ ഒരു ബഗ്…”

ഈ മനീറ്റ ആളു പുലിയാണു്. ഗൂഗിൾ വെബ് സേർച്ചിനെ അടിമുടി ടെസ്റ്റു ചെയ്തു ബഗ്ഗുകൾ കണ്ടുപിടിക്കലാണു ജോലി. ലക്ഷക്കണക്കിനു് ആളുകൾ വിശ്വാസത്തോടെ ഉപയോഗിക്കുന്ന ഗൂഗിൾ വെബ് സേർച്ചിൽ സ്ഥിരമായി ബഗ്ഗുകൾ കണ്ടുപിടിച്ചു് റിപ്പോർട്ട് ചെയ്തു് അവയെ ഫിക്സു ചെയ്യിക്കുന്ന ഭീകരി. ഗൂഗിളിനെ ടെസ്റ്റു ചെയ്തു ചെയ്തു് ആയമ്മയ്ക്കു് ഇപ്പോൾ കാണുന്നതിലെല്ലാം ബഗ്ഗാണു്. അങ്ങനെയുള്ള ആൾ എന്റെ കലണ്ടറിൽ ബഗ്ഗുണ്ടെന്നു പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി. ലക്ഷക്കണക്കിനില്ലെങ്കിലും ആയിരക്കണക്കിനു് ആളുകൾ (ഭീഷണിപ്പെടുത്തിയാൽ ഇനിയും കുറയ്ക്കാം) ഉപയോഗിക്കുന്നതാണല്ലോ എന്റെ കലണ്ടർ. കഴിഞ്ഞ നാലഞ്ചു കൊല്ലമായി ഞാനായി ഒരു ബഗ്ഗും ഫിക്സു ചെയ്തിട്ടും ഇല്ല. സംഭ്രമം ഉള്ളിലൊതുക്കി എന്താണു ബഗ് എന്നു ഞാൻ ആരാഞ്ഞു.

“ഇക്കൊല്ലം ഓണം എന്നാണു് എന്നു നോക്കിയതാ. സെപ്റ്റംബർ 15-നാണെന്നും അല്ല 16-നാണെന്നും ഇവിടെ ഭയങ്കര തർക്കം. ഉമേഷ് ചേട്ടന്റെ കലണ്ടറിൽ നോക്കിയാൽ ശരിക്കറിയാം എന്നു പറഞ്ഞ ഞാൻ ഇപ്പോൾ ശശിയായി. അതിൽ ഓഗസ്റ്റ് 19 എന്നു കണ്ടു. ബെസ്റ്റ്!”

ഇവിടെ പരാമർശിച്ചിരിക്കുന്നതു് 2013-ൽ ക്യൂപ്പർട്ടിനോയ്ക്കു വേണ്ടി ഞാൻ തയ്യാറാക്കിയ കലണ്ടറിനെയാണു്. അതിലെ ഇരുപത്തിരണ്ടാം പേജിൽ വിശേഷദിവസങ്ങൾ ലിസ്റ്റു ചെയ്തിരിക്കുന്നിടത്തു് ഓണം ഓഗസ്റ്റ് 19-നു് എന്നു കാണുന്നു.

ഞാൻ ഉടനെ തൃശ്ശൂരിന്റെ കലണ്ടർ എടുത്തു നോക്കി. അതിൽ തിരുവോണം സെപ്റ്റംബർ 16-നു് എന്നു തന്നെ കണ്ടു. ഇതെന്താ അമേരിക്കയിൽ ഇങ്ങനെ?

രണ്ടു കലണ്ടറിലെയും ഓഗസ്റ്റ് (പേജ് 17), സെപ്റ്റംബർ (പേജ് 18) മാസങ്ങളുടെ പേജുകളിൽ കൊടുത്തിരിക്കുന്ന വിശദവിവരങ്ങൾ നോക്കിയപ്പോൾ ഒരു കാര്യം മനസ്സിലായി. എനിക്കോ എന്റെ കലണ്ടർ പ്രോഗ്രാമിനോ തെറ്റു പറ്റിയിട്ടില്ല. അമേരിക്കയിലെ ഓണം ഓഗസ്റ്റ് 19-നു കഴിഞ്ഞു പോയിരിക്കുന്നു!

മനീറ്റയെ ഇതൊന്നു പറഞ്ഞു മനസ്സിലാക്കാൻ അല്പം പണിപ്പെട്ടു. ഒരു ഓണം മിസ്സായതിന്റെ ദുഃഖം മനീറ്റയുടെ ശബ്ദത്തിലുണ്ടായിരുന്നു.


എന്താണു് പ്രശ്നം എന്നു നോക്കാം.

ഈക്കൊല്ലം സൂര്യൻ കർക്കടകത്തിൽ നിന്നു ചിങ്ങത്തിലേക്കു കടക്കുന്നതു് ഇന്ത്യൻ സമയം 2013 ഓഗസ്റ്റ് 17-നു മുമ്പുള്ള അർദ്ധരാത്രിക്കു തൊട്ടു പിമ്പാണു് (12:03AM). അതിനാൽ ചിങ്ങം തുടങ്ങുന്നതു് ഓഗസ്റ്റ് 17-നാണു്. അതു പോലെ ചിങ്ങത്തിൽ നിന്നു കന്നിയിലേക്കു കടക്കുന്നതു് സെപ്റ്റംബർ 16 കഴിഞ്ഞുള്ള അർദ്ധരാത്രിക്കു തൊട്ടു മുമ്പാണു് (11:59PM). അതിനാൽ കന്നിമാസം തുടങ്ങുന്നതു് സെപറ്റംബർ 17-നാണു്. അതായതു് ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 16 വരെയാണു് ചിങ്ങമാസം.

ഈ കാലയളവിൽ തിരുവോണം (ചന്ദ്രന്റെ സ്ഫുടം 280 ഡിഗ്രിക്കും 293 ഡിഗ്രി 20 മിനിറ്റിനും ഇടയിൽ വരുന്ന സമയം) രണ്ടു തവണ വരും.

  • ഓഗസ്റ്റ് 19-നു 4:10PM മുതൽ ഓഗസ്റ്റ് 20 1:42PM വരെ.
  • സെപ്റ്റംബർ 16 12:24AM മുതൽ 10:33PM വരെ.

സൂര്യോദയത്തിനു തിരുവോണം നക്ഷത്രം വരുന്ന ദിവസമാണു് ഓണമായി ആഘോഷിക്കുന്നതു്. അതനുസരിച്ചു് ഓഗസ്റ്റ് 20-നും സെപ്റ്റംബർ 16-നും ഓണമാണു്. ചിങ്ങമാസത്തിൽ രണ്ടു ദിവസം തിരുവോണം വന്നാൽ രണ്ടാമത്തേതിനാണു് ആഘോഷം. അതിനാൽ സെപ്റ്റംബർ 16-നാണു് ഓണാഘോഷം. തിരുവോണം കഴിഞ്ഞു് അധികം കഴിയുന്നതിനു മുമ്പു് ചിങ്ങമാസവും കഴിയും. അതിനാൽ അതു കഴിഞ്ഞുള്ള അവിട്ടവും ഉത്തൃട്ടാതിയുമൊക്കെ കന്നിമാസത്തിലാണു്.

അമേരിക്കയിലെ കാര്യം അല്പം വ്യത്യസ്തമാണു്. ഇതേ സംഗതികൾ പടിഞ്ഞാറെ തീരത്തുള്ള ക്യൂപ്പർട്ടിനോയിലെ സ്ഥിതി ഇങ്ങനെയാണു്.

ചിങ്ങസംക്രമം ഓഗസ്റ്റ് 16 11:33AM-നു്. (IST-യുമായുള്ള വ്യത്യാസം കൃത്യം പതിമൂന്നര മണിക്കൂർ ആണെന്നു ശ്രദ്ധിക്കുക.) കന്നിസംക്രമം സെപ്റ്റംബർ 16 11:30AM. അതിനാൽ ചിങ്ങമാസം ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 15 വരെ. (സംക്രമം പകലിന്റെ 60%-നു മുമ്പാണെങ്കിൽ ആ ദിവസവും ശേഷമാണെങ്കിൽ പിറ്റേ ദിവസവുമാണു് മാസം തുടങ്ങുക. ഇവിടെ രണ്ടു ദിവസവും സംക്രമത്തിന്റെ അന്നു തന്നെയാണു മാസപ്പിറവി.)

തിരുവോണം വരുന്ന രണ്ടു ദിവസങ്ങൾ:

  • ഓഗസ്റ്റ് 19-നു 3:40AM മുതൽ ഓഗസ്റ്റ് 20 1:12AM വരെ.
  • സെപ്റ്റംബർ 15-നു 11:54AM മുതൽ സെപ്റ്റംബർ 16 10:03AM വരെ.

അതായതു് സൂര്യോദയത്തിനു തിരുവോണം വരുന്ന രണ്ടു ദിവസങ്ങൾ ഓഗസ്റ്റ് 19, സെപ്റ്റംബർ 16 എന്നിവയാണു്. ഇവയിൽ രണ്ടാമത്തേതു കന്നിമാസത്തിലാണു്. അതിനാൽ അതു തിരുവോണം അല്ല.


ചുരുക്കിപ്പറഞ്ഞാൽ അമേരിക്കയിൽ (അമേരിക്കയിൽ എല്ലായിടത്തും ഇതു തന്നെ സ്ഥിതി. ക്യൂപ്പർട്ടിനോയിൽ നിന്നു് 0 മുതൽ 4 മണിക്കൂർ വരെ മാറും എന്നേ ഉള്ളൂ) ഓഗസ്റ്റ് 19-നായിരുന്നു 2013-ലെ ഓണം. ആരും ഇതറിഞ്ഞ ലക്ഷണമൊന്നുമില്ല. നാട്ടിലെ ഓണദിവസം വേണോ അതോ അതിന്റെ തലേ ദിവസം വേണോ എന്നു പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണു് എല്ലാവരും.

അല്ലാ, ഇപ്പോൾ കന്നിമാസത്തിൽ ഓണം ആഘോഷിച്ചാൽ എന്താ കുഴപ്പം?

കലണ്ടര്‍ (Calendar)
ചുഴിഞ്ഞുനോക്കല്‍

Comments (10)

Permalink

2012-ലെ കലണ്ടർ/പഞ്ചാംഗം

2012-ലെ മലയാളം കലണ്ടർ (ഗ്രിഗോറിയൻ, കൊല്ലവർഷം, ശകവർഷം, നക്ഷത്രം, തിഥി, വിശേഷദിവസങ്ങൾ, രാഹുകാലം, ഗ്രഹസ്ഥിതി, ലഗ്നങ്ങൾ എന്നിവയോടുകൂടി) വിവിധസ്ഥലങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതു് ഇവിടെ നിന്നു ഡൗൺ‌ലോഡ് ചെയ്യാം. ഇനി ഏതെങ്കിലും സ്ഥലത്തിന്റെ കലണ്ടർ വേണമെങ്കിൽ ഈ പോസ്റ്റിൽ ഒരു കമന്റിടുക.

ആദ്യമായി ഈ കലണ്ടർ ഉപയോഗിക്കുന്നവർ താഴെപ്പറയുന്ന പോസ്റ്റുകൾ വായിക്കാൻ മറക്കണ്ട.

  1. 2008-ലെ കലണ്ടറും കുറേ അലപ്രകളും
  2. പിറന്നാളും കലണ്ടറും

ഇവ കൂടാതെ താത്പര്യമുള്ളവർക്കു് ഈ പോസ്റ്റുകളും വായിക്കാം.

  1. പിറന്നാളും ജന്മദിനവും 19 വര്‍ഷത്തിന്റെ കണക്കും
  2. ജ്യോതിഷവും ശാസ്ത്രവും : ജ്യോത്സ്യന്മാര്‍ ചെയ്യുന്നതെന്തു്?
  3. ചിങ്ങവും മേടവും, അഥവാ അനിലും സുനിലും പെരിങ്ങോടനും
  4. ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍…

കലണ്ടർ നിർമ്മിക്കാനുപയോഗിച്ച കമ്പ്യൂട്ടർ പ്രോഗ്രാം കഴിഞ്ഞ കൊല്ലത്തിൽ നിന്നു പുതുക്കിയിട്ടില്ല. നേരത്തേ വാഗ്ദാനം ചെയ്ത ഹിജ്രി കലണ്ടർ, മുസ്ലീം നമസ്കാരസമയങ്ങൾ, ഒന്നുകൂടി മികച്ച ലേയൗട്ട് തുടങ്ങിയവ ഇക്കൊല്ലവും ഉൾക്കൊള്ളിച്ചിട്ടില്ല എന്നു സാരം.

തെറ്റുതിരുത്തലുകളെയും അഭിപ്രായങ്ങളെയും എന്നത്തേയും പോലെ സ്വാഗതം ചെയ്യുന്നു.

കലണ്ടര്‍ (Calendar)

Comments (4)

Permalink

സായിബാബയുടെ ചന്ദ്ര-നക്ഷത്ര-കലണ്ടർ

എന്റെ സായിബാബയുടെ പ്രവചനവും “നക്ഷത്രമെണ്ണുന്ന” ഫിലിപ്പ് എം. പ്രസാദും എന്ന പോസ്റ്റിനു ചില ഒറ്റപ്പെട്ട പ്രതികരണങ്ങൾ ഈമെയിൽ വഴിയും നേരിട്ടുള്ള സംഭാഷണങ്ങളിലൂടെയും കിട്ടിയിരുന്നു. ഇത്തരം പോസ്റ്റുകൾ കുറേക്കാലമായി എഴുതുന്നതു കൊണ്ടും, എന്തു തെറ്റു ചൂണ്ടിക്കാണിച്ചാലും അതിനെ ഏതെങ്കിലും വിധത്തിൽ നേരെയാക്കാൻ “നമുക്കറിയാത്ത ഒരുപാടു കാര്യങ്ങൾ ഉണ്ടു്. പൂർവ്വമനീഷികൾ എന്താണുദ്ദേശിച്ചതു് എന്നു തനിക്കു വല്ല വിവരവുമുണ്ടോ?” എന്ന മട്ടിലുള്ള പ്രതികരണങ്ങൾ ധാരാളം കിട്ടി നല്ല പരിചയമുള്ളതു കൊണ്ടും, പറഞ്ഞവർ പറഞ്ഞ കാര്യങ്ങളിൽ യാതൊരു കഴമ്പും ഇല്ലാതിരുന്നതിനാലും, അതൊക്കെ അവഗണിച്ചു. ഭാരതീയപൈതൃകത്തെപ്പറ്റിയുള്ള ചില അവകാശവാദങ്ങൾ തെറ്റാണെന്നു പറയുമ്പോൾ കിട്ടുന്ന ഇങ്ങനെയുള്ള എതിർവാദങ്ങൾക്കു് മറുപടി പറയേണ്ടതുണ്ടു്. കാരണം, പഴയ കാര്യങ്ങളിൽ പല വ്യതിയാനങ്ങളും വ്യാഖ്യാനഭേദങ്ങളും ഉണ്ടാവാം. എങ്കിലും നൂറ്റാണ്ടുകളായി കാര്യമായ വ്യത്യാസമുണ്ടാവാത്ത ചന്ദ്രഗതിയനുസരിച്ചുള്ള കലണ്ടറിനെപ്പറ്റിയുള്ള അബദ്ധങ്ങൾ മറുപടി അർഹിക്കുന്നില്ല.

ഇങ്ങനെയാണെങ്കിലും, ഒരു പ്രതികരണത്തിനു മറുപടി പറയണം എന്നു തോന്നുന്നു. ഇന്റർനാഷണൽ സായി ഫൗണ്ടേഷന്റെ ഔദ്യോഗികവിശദീകരണം രഞ്ജിത്ത് എന്ന വായനക്കാരൻ ഒരു കമന്റിൽ കാണിച്ചു തന്നു.

ചുരുക്കം ഇത്രയുമാണു്:

  1. 1926 നവംബർ 23-നാണു് സത്യസായിബാബ ജനിച്ചതു്.
  2. 1960 സെപ്റ്റംബർ 9-നു നടത്തിയ പ്രഭാഷണത്തിൽ താൻ ഇനി 59 വർഷം കൂടി ജീവിച്ചിരിക്കും എന്നു് അദ്ദേഹം അവകാശപ്പെട്ടു.
  3. 1986-ൽ 93 വയസ്സായിരുന്ന ഒരു സുബ്രഹ്മണ്യശാസ്ത്രിയ്ക്കു നൂറു വയസ്സു തികഞ്ഞു എന്നു ബാബ പറഞ്ഞു.
  4. ബാബ ചാന്ദ്രമാസമായിരുന്നു ഉപയോഗിച്ചിരുന്നതു്. അതനുസരിച്ചു് അദ്ദേഹം 1133 ചാന്ദ്രമാസങ്ങൾ ജീവിച്ചു. മൊത്തം 30833 ദിവസങ്ങൾ.
  5. ഒരു ചാന്ദ്രമാസം 27.21 ദിവസം ആണെന്നു തോന്നുന്നു. (ഇന്റെർനെറ്റിൽ നിന്നു കിട്ടിയതാണു്. കൃത്യമായി അറിയില്ല!) അതു വെച്ചു ചുമ്മാ കണക്കുകൂട്ടിയാൽ എല്ലാം ശരിയാണെന്നു മനസ്സിലാവും.
  6. നമ്മക്കിതൊന്നും ഒരു പിടിയുമില്ല. ശരിയായ കണക്കുകൾ ഒരു ജ്യോത്സ്യനോടു ചോദിക്കണം.

ഇനി നമുക്കു നോക്കാം.


എന്താണു് ഈ ച(ചാ)ന്ദ്രമാസം?

ചന്ദ്രന്റെ ഗതിയെ അടിസ്ഥാനമാക്കി കണക്കാക്കുന്ന മാസമാണു് ചന്ദ്രമാസം. പഴയ കലണ്ടറുകളിലൊക്കെയും ചന്ദ്രന്റെ ഒരു ഭ്രമണത്തിന്റെ കാലത്തെയായിരുന്നു മാസമായി കണക്കാക്കിയിരുന്നതു്. ഇന്നും ഹിജ്രി (ഇസ്ലാമികകലണ്ടർ), ഹീബ്രു കലണ്ടർ, ചൈനീസ് കലണ്ടർ തുടങ്ങി പല കലണ്ടറുകളിലെയും മാസം ചന്ദ്രമാസമാണു്.

ഒരു കറുത്ത വാവു മുതൽ അടുത്ത കറുത്ത വാവു വരെയുള്ള കാലയളവാണു് ചന്ദ്രമാസം. ശരാശരി 29.53 ദിവസമാണു് ഇതു്. നമ്മുടെ കലണ്ടറുകളിൽ പ്രഥമ മുതൽ വാവു വരെ 15 ദിവസങ്ങൾ ഉള്ള രണ്ടു പക്ഷങ്ങൾ ചേർന്നതാണു് ഒരു മാസം.

ഇതാണോ സായിബാബ പറഞ്ഞെന്നു പറയുന്ന ചന്ദ്രമാസം?

അല്ല.

ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനെ അപേക്ഷിച്ചു് ചന്ദ്രൻ ഒരേ സ്ഥലത്തു തന്നെ രണ്ടു പ്രാവശ്യം വരുന്ന സമയങ്ങൾക്കിടയിലുള്ള കാലയളവാണു് മുകളിൽ പറഞ്ഞ ചന്ദ്രമാസം. ഇതല്ലാതെ, ദൂരെയുള്ള ഒരു സ്ഥിരബിന്ദുവിനെ അടിസ്ഥാനമാക്കി (അങ്ങനെയൊരു ബിന്ദുവിനെ കിട്ടാൻ പാടാണു്. സൂര്യനല്ലാത്ത ഏതെങ്കിലും നക്ഷത്രത്തെയാണു് ഭാരതീയർ ഉപയോഗിച്ചതു്.) ചന്ദ്രൻ ഒരേ സ്ഥലത്തെത്തുന്ന രണ്ടു സമയത്തിനിടയിലുള്ള കാലയളവാണു് ഇവിടെ സായിബാബ പറഞ്ഞെന്നു പറയുന്ന മാസം. മറ്റേതിൽ നിന്നു വ്യവച്ഛേദിക്കാൻ അതിനെ നമുക്കു് ചന്ദ്ര-നക്ഷത്ര-മാസം എന്നു വിളിക്കാം. (നേരത്തേ പറഞ്ഞതിനെ ചന്ദ്ര-സൂര്യ-മാസം എന്നും.) അതായതു്, അശ്വതി നക്ഷത്രം മുതൽ അടുത്ത അശ്വതിനക്ഷത്രം വരെയുള്ള സമയം. ഇതു് 27 ദിവസത്തിൽ അല്പം കൂടുതലാണു്.

ചന്ദ്ര-നക്ഷത്ര-മാസം എത്ര ദിവസമാണു്? 27.21 ദിവസം എന്നാണല്ലോ ആ പേജിൽ പറയുന്നതു്?

നക്ഷത്രങ്ങളെ കണക്കാക്കുന്ന ശരാശരി ചന്ദ്ര-നക്ഷത്ര-മാസം 27.21 ദിവസം അല്ല. അതു് draconic month ആണു്. അതായതു് ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണതലത്തെ കൂട്ടിമുട്ടുന്ന ബിന്ദുവിൽ ചന്ദ്രൻ അടുത്തടുത്ത രണ്ടു തവണ എത്തുന്ന സമയങ്ങൾക്കിടയിലുള്ള കാലയളവാണു്. ഇതിനു് നക്ഷത്രമാസവുമായി ബന്ധമില്ല.

360 ഡിഗ്രി എക്ലിപ്റ്റിക് രേഖാംശത്തെ 27 സമഭാഗങ്ങളാക്കിയതിൽ ഒരു ഭാഗമാണു് ഒരു നക്ഷത്രം. അപ്പോൾ ഒരു ചന്ദ്ര-നക്ഷത്ര-മാസം ചന്ദ്രൻ അതേ എക്ലിപ്റ്റിക് രേഖാംശത്തിൽ തിരിച്ചെത്തുന്ന സമയം ആവണം. വിഷുവങ്ങളുടെ പുരസ്കരണം കണക്കിലെടുത്താൽ ഇതു് (tropical lunar month) 27.32158 ദിവസം ആണു്, കണക്കിലെടുത്തില്ലെങ്കിൽ (sidereal lunar month) 27.32166 ദിവസവും. ഭാരതീയർ (ഷിജു അലക്സ് ഒഴികെയുള്ള ഭാരതീയർ എന്നു പറയുന്നതാണു കൂടുതൽ ശരി 🙂 ) ഈ പുരസ്കരണവും മറ്റും നോക്കാറില്ല. അതായതു്, ചന്ദ്ര-നക്ഷത്ര-മാസം 27.32166 ദിവസം. (ഇതാണു ഞാൻ കഴിഞ്ഞ പോസ്റ്റിൽ 27.3217 എന്നു പറഞ്ഞതു്.) വർഷം 12 മാസമാണെങ്കിൽ ഒരു ചാന്ദ്ര-നക്ഷത്ര-വർഷം = 12 x 27.32166 = 327.85992 ദിവസം.

വിശദവിവരങ്ങൾക്കു് ഈ വിക്കി ലേഖനം കാണുക.

ഈ ചന്ദ്ര-നക്ഷത്ര-മാസം ഒരു മാസമായി കണക്കാക്കുന്ന കലണ്ടറുകൾ ഏതൊക്കെ?

എന്റെ അറിവിൽ ഒന്നും ഇല്ല. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറുകൾ എല്ലാം തന്നെ ചന്ദ്ര-സൂര്യ-മാസമാണു് കണക്കിലെടുക്കുന്നതു്. ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്ന മിക്കവാറും എല്ലാ കലണ്ടറുകളുടെയും സ്ഥിതി ഇതു തന്നെയാണു്. (സൂര്യന്റെ ഗതിയെ മാത്രം അടിസ്ഥാനമാക്കി ഉള്ള കലണ്ടറുകളും ഉണ്ടായിരുന്നു – നമ്മുടെ കൊല്ലവർഷം പോലെ.)

ഭാരതീയരീതിയിലുള്ള ചന്ദ്ര-നക്ഷത്ര-മാസം എന്ന പ്രയോഗം മനുഷ്യരുടെ കണ്ണിൽ മണ്ണിടാനുള്ള ഒരു ശ്രമം മാത്രം.

ചന്ദ്ര-നക്ഷത്ര-മാസം തന്നെയാണു് ഉപയോഗിച്ചതെന്നിരിക്കട്ടേ. സായിബാബയുടെ മരണം സംബന്ധിച്ച കണക്കുകളിൽ ഏതെങ്കിലും ശരിയാണോ?

അല്ല.

1926 നവംബർ 23 മുതൽ 2011 ഏപ്രിൽ 24 വരെ 30833 ദിവസം. അതു ശരിയാണു്. എന്നു വെച്ചാൽ, 94.04321211 ചാന്ദ്ര-നക്ഷത്ര-വർഷം. 1128.518545 ചാന്ദ്ര-നക്ഷത്ര-മാസങ്ങൾ.

1960 സെപ്റ്റംബർ 9 മുതൽ 2011 ഏപ്രിൽ 24 വരെ 18489 ദിവസങ്ങളേ ഉള്ളൂ. 59 ചാന്ദ്ര-നക്ഷത്ര-വർഷങ്ങൾക്കു് 59 x 327.85992 = 19343.73528 ദിവസങ്ങൾ വേണം. അതായതു്, ആ പ്രവചനം അനുസരിച്ചു്, 2013 ഓഗസ്റ്റ് 26 വരെയെങ്കിലും ബാബ ജീവിക്കണം.

ഇനി ആ സൈറ്റിൽ പറഞ്ഞിരിക്കുന്ന 27.21 എന്ന മൂല്യം തന്നെ എടുത്താലോ? എന്നാലും ശരിയാവില്ല. 59 x 12 x 27.21 = 19264.68 ദിവസങ്ങൾ. അതായതു്, ബാബ 2013 ജൂൺ 7 വരെയെങ്കിലും ജീവിക്കണം.

ഇനി, ആ പ്രവചനം ശരിയാകണമെങ്കിൽ ചാന്ദ്ര-നക്ഷത്ര-മാസത്തിന്റെ ദൈർഘ്യം എത്രയാവണം എന്നു നമുക്കു കണക്കുകൂട്ടി നോക്കാം. 18489/ (12 x 59) = 26.1144 ദിവസം! ചന്ദ്രനെ അത്ര പതുക്കെയാക്കാൻ ആ സൈറ്റിൽ വിശദീകരണം എഴുതാൻ മിനക്കെട്ട അണ്ണന്മാർ കുറേ ശ്രമിച്ചുകാണും. പക്ഷേ 27.21-ൽ കുറയ്ക്കാൻ ഒരു വഴിയും കണ്ടില്ല. ഇനി ജ്യോത്സ്യന്മാർ പറഞ്ഞുതരുമായിരിക്കും!


താനും ഇങ്ങനെ തോന്നിയതു പോലെ കുറേ കണക്കുകൾ പറയുകയാണല്ലോ. ഇതു ഞങ്ങളുടെ കണ്ണിൽ പൊടിയിടാനല്ല എന്നു് എങ്ങനെ ബോദ്ധ്യമാവും?

മുകളിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്കു തന്നെ കണ്ടുപിടിക്കാവുന്നതേ ഉള്ളൂ. ഇവിടെ ഗ്രിഗോറിയൻ തീയതിയെ കലിദിനസംഖ്യയായും തിരിച്ചും മാറ്റാനുള്ള ഒരു പ്രോഗ്രാം ഞാൻ ഇട്ടിട്ടുണ്ടു്. കലിദിനസംഖ്യ ഓരോ ദിവസവും ഒന്നു വീതം കൂടുന്നതു കൊണ്ടു്

  • രണ്ടു തീയതികൾ തമ്മിലുള്ള വ്യത്യാസം കാണാൻ അവയുടെ കലിദിനസംഖ്യകളുടെ വ്യത്യാസം കാണുക.
  • ഒരു തീയതി കഴിഞ്ഞു് n ദിവസം കഴിഞ്ഞുള്ള തീയതി അറിയാൻ ആദ്യത്തേതിന്റെ കലിദിനസംഖ്യയോടു കൂടി n കൂട്ടിയിട്ടു് കിട്ടുന്ന സംഖ്യയെ തിരിച്ചു് തീയതിയാക്കുക.

ഉദാഹരണത്തിനു്, മുകളിൽ പറഞ്ഞ തീയതികളും അവയുടെ കലിദിനസംഖ്യയും:

1926 നവംബർ 23: 1836377
1960 സെപ്റ്റംബർ 9: 1848721
2011 ഏപ്രിൽ 24 : 1867210
2013 ജൂൺ 7 : 1867985
2013 ഓഗസ്റ്റ് 26 : 1868065

കലിദിനസംഖ്യയെപ്പറ്റി കൂടുതൽ ഇവിടെയും ഇവിടെയും.

ഇനി, കലിദിനസംഖ്യ തന്നെ വേണമെന്നില്ല. ജൂലിയൻ ഡേ നമ്പരോ അതു പോലെയുള്ള എന്തെങ്കിലും സങ്കേതങ്ങളോ നോക്കിയാൽ മതി. അല്ലെങ്കിൽ മൈക്രോസോഫ്റ്റ് എക്സൽ, പല പ്രോഗ്രാമിംഗ് ഭാഷകൾ തുടങ്ങിയവയിൽ തീയതികളുടെ അങ്കഗണിതം സാദ്ധ്യമാണു്. അവയിലേതെങ്കിലും ഉപയോഗിച്ചു കണക്കുകൂട്ടി നോക്കുക.


വേറെയും തെളിവുകളുണ്ടല്ലോ, ബാബ ചന്ദ്ര-നക്ഷത്രമാസം ഉപയോഗിച്ചതിനെപ്പറ്റി?

ഇനി 93 വയസ്സുള്ള ഒരു മനുഷ്യനു നൂറു വയസ്സു തികഞ്ഞു എന്നു ബാബ പറഞ്ഞു (ഒള്ളതാണോ എന്തോ!) എന്നാണു് മറ്റൊരു “തെളിവു്”. എപ്പോൾ പറഞ്ഞു എന്നു വ്യക്തമല്ല. ഏതായാലും 93 തികഞ്ഞു് 94 ആകുന്നതിനു മുമ്പാണെന്നു് നമുക്കു് ഊഹിക്കാം. 100 ചാന്ദ്ര-നക്ഷത്ര-വർഷം = 327.85992 x 100 / 365.25 = 89.76 വർഷമാണു്. 93 തികഞ്ഞ മനുഷ്യൻ പിന്നെ ഏതു ചന്ദ്ര-നക്ഷത്ര-കലണ്ടർ വഴിയാണു 100 വയസ്സാകുന്നതു്?

  • 93 തികയുമ്പോൾ 100 വയസ്സായെങ്കിൽ വർഷം = 93 x 365.25 / 100 = 339.6825 ദിവസം, മാസം = 28.31 ദിവസം.
  • 94 തികയുമ്പോൾ 100 വയസ്സായെങ്കിൽ വർഷം = 94 x 365.25 / 100 = 343.335 ദിവസം, മാസം = 28.61 ദിവസം.

അതായതു് ചന്ദ്രൻ 28.31 ദിവസത്തിനും 28.61 ദിവസത്തിനും ഇടയ്ക്കു് ഭൂമിയ്ക്കു ചുറ്റും കറങ്ങണം എന്നു്. ഏതു ചന്ദ്രനാണോ ഇങ്ങനെ കറങ്ങുന്നതു്?


അപ്പോൾ, പറഞ്ഞു വരുന്നതു്…?

ചുരുക്കം പറഞ്ഞാൽ, മഞ്ഞളു പോലെ വെളുത്തിരിക്കുന്ന അഞ്ജനത്തിന്റെ വർണ്ണനയാണു് ആ ഔദ്യോഗികപേജ് മുഴുവൻ. എന്തൊക്കെയോ കണക്കുകൾ എഴുതിയിട്ടുണ്ടു്. അതിൽ ഒന്നു പോലും ശരിയല്ല.

പിന്നെന്തിനാണു് ഇതൊക്കെ അവിടെ എഴുതി വെച്ചിരിക്കുന്നതു്?

എലിമെന്ററി മിസ്റ്റർ വാട്ട്സൻ! കോപ്പർനിക്കസിനു 2500 വർഷം മുമ്പു് “മൃത് ജല ശിഖി വായുമയോ ഭൂഗോളഃ സര്‍വ്വതോ വൃത്തഃ” എന്നു പറഞ്ഞിട്ടുണ്ടു് എന്നു മൊഴിഞ്ഞ ഡോ. ഗോപാലകൃഷ്ണൻ ഇതു വ്യക്തമാക്കിയിട്ടുണ്ടു്. കുറേ നമ്പരുകൾ അടിച്ചാൽ മതി. ആരും ഇതൊന്നും കണക്കുകൂട്ടാൻ മെനക്കെടില്ല. ചന്ദ്രവർഷം, കലണ്ടർ എന്നൊക്കെ കേൾക്കുമ്പോഴേ മിക്കവാറും പേർ “അതു ശരിയായിരിക്കും” എന്നു പറഞ്ഞു വിട്ടിട്ടു പോകും.

ഇതാണു് ഇങ്ങനെയുള്ള പല ഉഡായിപ്പുകളുടെയും പൊരുൾ. ഇനി ഇങ്ങനെയുള്ള കണക്കുകൾ കാണുമ്പോൾ ഒരു പെൻസിലും കടലാസുമെടുത്തു് (കാൽക്കുലേറ്ററോ കമ്പ്യൂട്ടറോ ആയാലും മതി) ഒന്നു കണക്കുകൂട്ടി നോക്കുക. മിക്കവയും പൊട്ടത്തെറ്റാണെന്നു മനസ്സിലാവും. എന്നാണോ നമ്മുടെ കണക്കിനോടുള്ള പേടി മാറുക?


അതു വിടു്, ഇതു് എങ്ങനെയെങ്കിലും ശരിയാക്കാൻ പറ്റുമോ?

അര നിമിഷത്തിൽ 2202 യോജന സഞ്ചരിക്കുന്ന സൂര്യന്റെ കണക്കു തെറ്റാണെന്നു പറഞ്ഞപ്പോൾ ഈ യോജനയും നിമിഷവുമൊക്കെ പല കാലത്തു പല വിലയായിരുന്നെന്നും അതു കൊണ്ടു് ഒരു പുസ്തകത്തിലെ യോജനയും മറ്റൊരു പുസ്തകത്തിലെ നിമിഷവും കൂടി ചേർത്തു് നമുക്കു് അഡ്ജസ്റ്റു ചെയ്യാം എന്നു വാദിച്ചവരുണ്ടു്. അവർ ഇവിടെ എന്തു ചെയ്യുമോ എന്തോ? നൂറ്റാണ്ടുകളായി (മനുഷ്യൻ കലണ്ടർ ഉപയോഗിക്കാൻ തുടങ്ങിയ കാലം മുഴുവൻ) ചന്ദ്രന്റെ വേഗതയ്ക്കു് ഇവിടെപ്പറഞ്ഞ കണക്കുകൾ എന്തെങ്കിലും ശരിയാക്കാൻ തക്കവണ്ണം മാറ്റം സംഭവിച്ചിട്ടില്ല. കഷ്ടം! അപ്പോൾ എന്തു ചെയ്യും?

ഞാൻ ഒരു വഴി പറയാം.

ബാബയുടെ വർഷം സൂര്യന്റെയും ചന്ദ്രന്റെയും ആണെന്നു് ആരു പറഞ്ഞു? പ്രപഞ്ചത്തിൽ എത്ര വേറേ ഗോളങ്ങളുണ്ടു്! പ്രപഞ്ചം മുഴുവൻ അറിയുന്ന ബാബ (പ്രപഞ്ചം മുഴുവൻ അറിയാം, ഒരു സ്റ്റൂൾ മുതുകിൽ വീണതിനു ശേഷം വീൽചെയറില്ലാതെ സഞ്ചരിക്കാൻ കഴിയില്ലായിരുന്നു. പാവം!) അതിൽ ഏതെങ്കിലും ഗോളത്തിന്റെ വർഷം ആണു് ഉദ്ദേശിച്ചതെങ്കിലോ?

സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ വർഷക്കണക്കു് താഴെച്ചേർക്കുന്നു. (ഉപഗ്രഹങ്ങൾ, സൗരയൂഥത്തിനു വെളിയിലുള്ള ഗ്രഹങ്ങൾ ഇവയുടെ കണക്കു് വേണമെങ്കിൽ ഇന്റർനെറ്റിലോ മറ്റോ നോക്കി കണ്ടുപിടിച്ചോളൂ. എനിക്കല്പം സമയക്കുറവുണ്ടു്!) ഇതിൽ ഏതെങ്കിലും വെച്ചു് അഡ്ജസ്റ്റ് ചെയ്യാമോ എന്നു നോക്കൂ:

പ്ലൂട്ടോ ഗ്രഹമല്ല എന്നാണു് ഇപ്പോഴത്തെ അറിവു്. എന്നാലും അതും കൂടി ഒന്നു ചെക്കു ചെയ്തേക്കൂ. കണക്കു് എവിടെയാണു ശരിയാവുക എന്നു ബാബയ്ക്കു മാത്രമല്ലേ അറിയൂ!
ബുധൻ 87.96 ദിവസം
ശുക്രൻ 224.68 ദിവസം
ഭൂമി 365.25 ദിവസം
ചൊവ്വ 686.98 ദിവസം
വ്യാഴം 11.862 വർഷം
ശനി 29.456 വർഷം
യുറാനസ് 84.07 വർഷം
നെപ്ട്യൂൺ 164.81 വർഷം
പ്ലൂട്ടോ 247.7 വർഷം

(ആ യുറാനസിന്റെ വർഷം ഏതാണ്ടു് അടുത്തു വരുന്നുണ്ടല്ലോ. 96 വർഷം എന്നതു വ്യാഖ്യാനിച്ചു് യുറാനസിന്റെ ഒരു വർഷം എന്നോ മറ്റോ ആക്കാൻ പറ്റുമോ?)


എനിക്കു് ഇങ്ങനെയൊന്നു പ്രവചിച്ചാൽ കൊള്ളാമെന്നുണ്ടു്. എന്തെങ്കിലും വഴി?

തൊണ്ണൂറ്റാറാം വയസ്സിൽ മരിക്കും എന്ന ആദ്യപ്രവചനത്തെ ഒന്നു നേരെയാക്കാൻ അതിനു പകരം മുപ്പത്തിനാലാം വയസ്സിൽ ഇനി 59 വർഷം കൂടി ജീവിക്കും എന്നു പറഞ്ഞതിനെ (ഇവിടെയും ഒന്നുരണ്ടു കൊല്ലത്തിന്റെ വ്യത്യാസമുണ്ടു്. അതു പോകട്ടേ.) ഉദ്ധരിച്ചു് നേരെയാക്കുന്ന രീതി ബഹുകേമം! മോഡുലർ അരിത്‌മെറ്റിക് എന്ന ഗണിതശാഖ ഉപയോഗിച്ചു് ഇതു് എല്ലാ ബാബമാർക്കും സിദ്ധന്മാർക്കും ഇതു് ഉപയോഗിക്കാം. അതീവഗൂഢമായ ആ രഹസ്യം താഴെച്ചേർക്കുന്നു.

  1. നമ്മൾ സാധാരണ പറയുന്ന വർഷം a ദിവസങ്ങൾ ആണെന്നിരിക്കട്ടേ. a = 365.25
  2. ഇനി സൗകര്യത്തിനു് ഒരു കലണ്ടർ കണ്ടുപിടിക്കണം. അതിന്റെ ഒരു വർഷത്തിൽ നമ്മുടെ b ദിവസങ്ങൾ ഉണ്ടെന്നിരിക്കട്ടേ.
  3. m എന്ന വയസ്സിൽ മരിക്കും എന്നു പ്രവചിക്കുക. പക്ഷേ, അതു് എല്ലാക്കൊല്ലവും പ്രവചിക്കണം. അതായതു്, 40 വയസ്സു തികയുമ്പോൾ, ഇനി (m-40) കൊല്ലം ജീവിക്കും എന്നു പറയണം.
  4. ബാക്കി കണക്കറിയാവുന്ന ഭക്തജനത്തിനു വിടുക.

നമ്മുടെ സിദ്ധൻ m-നു വളരെ മുമ്പു് n വയസ്സുള്ളപ്പോൾ മരിച്ചു എന്നിരിക്കട്ടേ. നമ്മുടെ ഗണിതജ്ഞനു് k എന്നൊരു വർഷം കണ്ടുപിടിക്കണം, ഇതു ശരിയാവാൻ. അതായതു്,

ഇതിൽ നിന്നു്,

എന്നിട്ടു് k എന്ന വർഷത്തിൽ നടത്തിയ പ്രവചനം പ്രസിദ്ധീകരിക്കുക. എല്ലാം ശരിയാണെന്നു തെളിയിക്കുക.

ഉദാഹരണമായി, ഞാൻ ഒരു സിദ്ധനാണെന്നു കരുതുക. ഞാൻ 100 വയസ്സു വരെ ജീവിച്ചിരിക്കും എന്നു പ്രവചിച്ചെന്നും കരുതുക. അല്പം സൂക്ഷിച്ചാൽ ഈ പ്രവചനം ശരിയാക്കാം. ദാ ഇങ്ങനെ:

25 വയസ്സു തികഞ്ഞ ദിവസം, ഞാൻ ഇനി 75 വർഷം ജീവിച്ചിരിക്കും എന്നു പ്രഖ്യാപിക്കുക. 26-ൽ 74, 27-ൽ 73 എന്നിങ്ങനെ പ്രവചിച്ചു കൊണ്ടേ ഇരിക്കുക. ഞാൻ എന്നു തട്ടിപ്പോയാലും എന്റെ ഭക്തജനത്തിനു് എന്റെ പ്രവചനം ശരിയാക്കാം. ഞാൻ ഉദ്ദേശിച്ചതു് ഭൗമവർഷമല്ല, ബുധവർഷം (87.96 ദിവസം) ആണെന്നു പറഞ്ഞാൽ മതി. മുകളിലുള്ള സൂത്രവാക്യം അപ്പോൾ

എന്നാവും.

ഉദാഹരണമായി, ഞാൻ മരിക്കുന്നതു് 55-ആം വയസ്സിലാണെന്നിരിക്കട്ടേ. മുകളിലുള്ള സൂത്രവാക്യം ഉപയോഗിച്ചു് k കണ്ടുപിടിക്കുക.

അതായതു്, എന്റെ നാൽപ്പത്തിയൊന്നാം പിറന്നാളിനു്, “ഞാൻ ഇനി 59 വർഷം കൂടി ജീവിക്കും” എന്നു പറഞ്ഞതു് ക്വോട്ടു ചെയ്താൽ മതി. 59 ബുധവർഷം = 5189.64 ദിവസം = 14.20 ഭൗമവർഷം. അപ്പോൾ സാധാരണ മനുഷ്യരുടെ കണക്കനുസരിച്ചു്, 41 + 14 = 55 വയസ്സിൽ. എന്താ, ശരിയായില്ലേ?

ഇതൊക്കെ നമ്മുടെ അണ്ണന്മാർ ശ്രമിച്ചിട്ടുണ്ടാവും. പക്ഷേ, ദൗർഭാഗ്യവശാൽ, സായിബാബയുടെ ചന്ദ്ര-നക്ഷത്ര-വർഷക്കണക്കനുസരിച്ചു് അതും ശരിയാവില്ല. ഇവിടെ b = 327.8604, m = 96, n = 84. അപ്പോൾ,

അതായതു്, ബാബ ജനിക്കുന്നതിനു് 21 വർഷം മുമ്പു് പ്രവചിക്കണം – 117 വർഷത്തിനു ശേഷം അദ്ദേഹം മരിക്കും എന്നു്. 117 ചന്ദ്ര-നക്ഷത്ര-വർഷം = 117 x 327.8604 = 38359.61 ദിവസം = 105.02 വർഷം. അതായതു്, ജനിച്ചു കഴിഞ്ഞു് 84 വർഷങ്ങൾക്കുള്ളിൽ മരിക്കും.

ഇനി എന്നെങ്കിലും 1905-ൽ ആരോ ഇതു പ്രവചിച്ചു എന്നു വാർത്ത കണ്ടാൽ അദ്ഭുതപ്പെടേണ്ട, ബാബയുടെ ഭക്തഗണത്തിൽ ഹൈസ്കൂൾ ഗണിതം അറിയാവുന്ന ആരോ ഉണ്ടു്!


ഇത്രയും എഴുതിയതു കൊണ്ടു്, ഇതിലെ കള്ളത്തരം എല്ലാവർക്കും മനസ്സിലാവുമോ?

എവടെ?

ഇതുകൊണ്ടൊന്നും ഈ നേരെയാക്കലുകൾ നേരെയാവുമെന്നു തോന്നുന്നില്ല. റോക്കറ്റുണ്ടാക്കുന്ന ശാസ്ത്രജ്ഞന്മാർ മുതൽ അന്തർജ്ഞാനപടുവായ സിനിമാസൂപ്പർസ്റ്റാർ വരെ ഉൾപ്പെടുന്ന ഭക്തഗണങ്ങളിൽ ആരെങ്കിലും കിണഞ്ഞു പരിശ്രമിച്ചു് ബാബയുടെ വാക്കുകൾ എങ്ങനെയെങ്കിലും സത്യമാണെന്നു് ഇനിയും “തെളിയിക്കും”. അതു കാണുമ്പോൾ അതിലുള്ള കാര്യങ്ങൾ തൊള്ള തൊടാതെ വിഴുങ്ങാൻ ഉപ്പു വാങ്ങാൻ പോകുന്നതിനു മുമ്പു് അഞ്ചു നിമിഷം അതൊന്നു കണക്കു കൂട്ടാൻ ഇതു വായിക്കുന്നവരിൽ ചിലരെയെങ്കിലും പ്രേരിപ്പിച്ചെങ്കിൽ ഈ പോസ്റ്റെഴുതാൻ ഞാൻ ചെലവാക്കിയ സമയം സാർത്ഥകമായി.

(ഞാൻ മുകളിലെഴുതിയതും ദയവായി തൊണ്ട തൊടാതെ വിഴുങ്ങരുതു്. കണക്കുകൾ ശരിയാണോ എന്നു പരിശോധിക്കുക. തെറ്റു വന്നിട്ടുണ്ടെങ്കിൽ തിരുത്താം.)

ഉഡായിപ്പുകൾ
കലണ്ടര്‍ (Calendar)
ചുഴിഞ്ഞുനോക്കല്‍

Comments (70)

Permalink

സായിബാബയുടെ പ്രവചനവും “നക്ഷത്രമെണ്ണുന്ന” ഫിലിപ്പ് എം. പ്രസാദും

പ്രവാചകന്മാരുടെ തെറ്റായ പ്രവചനങ്ങൾ ശരിയാണെന്നു വരുത്താൻ അനുയായികൾ കാട്ടിക്കൂട്ടുന്ന പ്രകടനങ്ങൾ കാണുമ്പോൾ ചിരിയാണു വരുന്നതു്. തൊണ്ണൂറ്റാറാം വയസ്സിലേ താൻ മരിക്കൂ എന്നു പ്രവചിച്ച സത്യസായിബാബയെ 84 വയസ്സിനപ്പുറം ജീവിപ്പിക്കാൻ ആധുനികവൈദ്യത്തിനു പോലും കഴിഞ്ഞില്ല. ഈ തൊണ്ണൂറ്റാറിന്റെ കണക്കു ശരിയാക്കാൻ ശ്രീ ഫിലിപ്പ് എം പ്രസാദ് (തന്നെ, തന്നെ, മാനസാന്തരപ്പെട്ട പഴയ നക്സലൈറ്റ് നേതാവു് ഫിലിപ്പ് എം. പ്രസാദ് തന്നെ) കേരളകൗമുദിയിൽ എഴുതുന്നു:

റോമന്‍ കലണ്ടര്‍ അനുസരിച്ചാണ് അദ്ദേഹത്തിന് ഇപ്പോള്‍ 84 വയസ്സ്. നക്ഷത്രകാലഗണനാരീതിയാണ് ബാബ ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്റെ ചില പ്രഭാഷണങ്ങള്‍ തന്നെയാണ് അതിന് തെളിവ്.

അശ്വതി മുതല്‍ രേവതി വരെയുള്ള 27 ദിവസമാണ് നക്ഷത്രകാലഗണനയില്‍ ഒരുമാസം. ഈ കണക്കുവച്ച് 12 മാസത്തിന് (ഒരുവര്‍ഷം) 324 ദിവസമേയുള്ളൂ.

1926 നവംബര്‍ 23-നാണ് ബാബ ജനിച്ചത്. അന്നുമുതല്‍ 2011 ഏപ്രില്‍ 24 വരെ മൊത്തം 30,834 ദിവസമാണ്. ഇത്രയും ദിവസത്തെ 324 കൊണ്ട് ഹരിച്ചാല്‍ ലഭിക്കുക 95 വര്‍ഷവും 54 ദിവസവുമാണ്. നക്ഷത്രകാലഗണന അനുസരിച്ച് 96-ാം വയസ്സില്‍ 54-ാം ദിനത്തിലാണ് ബാബയുടെ ദേഹവിയോഗമെന്ന് അര്‍ത്ഥം.

ഫിലിപ്പ് എം. പ്രസാദ് കണക്കുകൂട്ടലിൽ ഡോ. ഗോപാലകൃഷ്ണനെയും സുഭാഷ് കാക്കിനെയും കടത്തി വെട്ടുമെന്നു തോന്നുന്നു.

ഒന്നാമതായി, ഈ കാലയളവിനെ അടിസ്ഥാനമാക്കിയ വർഷക്കണക്കു് ലോകത്തെങ്ങും ഉണ്ടായിരുന്നില്ല. (ഭാരതത്തിൽ അധിമാസങ്ങളുള്ള സൗര-ചാന്ദ്ര-കലണ്ടർ ആയിരുന്നു. വർഷം സൗരവർഷവും മാസം ചാന്ദ്രമാസവും.) ചാന്ദ്രമാസങ്ങൾ പോലും തിഥിയെ അടിസ്ഥാനമാക്കിയായിരുന്നു. ചാന്ദ്രവർഷം ഉപയോഗിക്കുന്ന ഇസ്ലാമിക് കലണ്ടറിലെ മാസം ഏകദേശം 29.5 ദിവസമാണു്. വർഷം 354 ദിവസവും. അതനുസരിച്ചു് 87 വർഷവും ഏതാനും ദിവസങ്ങളും കഴിഞ്ഞാണു് ബാബ മരിക്കുന്നതു്.

രണ്ടാമതായി, ഈ നക്ഷത്രമാസവർഷക്കണക്കിനെപ്പറ്റി സായിബാബ ഒരിക്കലും പറഞ്ഞിട്ടില്ല. എല്ലാക്കൊല്ലവും പിറന്നാൾ ആഘോഷിക്കുന്ന ബാബ ഈ കണക്കല്ല ദീക്ഷിച്ചിരുന്നതും. പിന്നെ എന്താണു മരണത്തിനു മാത്രം അങ്ങനെയൊരു കണക്കു്?

മൂന്നാമതായി, ഈപ്പറഞ്ഞ കണക്കു് തെറ്റാണു്.

അശ്വതി മുതൽ രേവതി വരെ 27 ദിവസമല്ല, 27.3217 ദിവസമാണു്. ചന്ദ്രൻ ഭൂമിയെ ചുറ്റാനെടുക്കുന്ന സമയം. (അതിനിടയിൽ ഭൂമി സൂര്യനു ചുറ്റും അല്പം പോകുന്നതിനാൽ സൂര്യനെ അപേക്ഷിച്ചു് അതേ സ്ഥലത്തെത്താൻ 29.5307 ദിവസം എടുക്കും. അതായതു് മുപ്പതു തിഥികളുടെ ദൈർഘ്യം.) അപ്പോൾ 12 ചാന്ദ്രമാസങ്ങളുടെ ദൈർഘ്യം = 12 x 27.3217 = 327.8604 ദിവസമാണു്. അതായതു്,

94 ചാന്ദ്രവർഷം = 30818.8776 ദിവസം.
95 ചാന്ദ്രവർഷം = 31146.738 ദിവസം.
96 ചാന്ദ്രവർഷം = 31474.5984 ദിവസം.

(കലണ്ടറുകൾ ഉണ്ടാക്കുന്നതു് പൂർണ്ണസംഖ്യകളിലാണു്. അപ്പോഴും ദിവസങ്ങളെ അങ്ങോട്ടോ ഇങ്ങോട്ടോ റൗണ്ട് ചെയ്താണു് കണക്കുകൂട്ടുന്നതു്. മൊത്തം ദിവസങ്ങളുടെ എണ്ണത്തിൽ കാര്യമായ വ്യത്യാസം ഉണ്ടാവില്ല.)

അപ്പോൾ 30834 ദിവസം ജീവിച്ച ബാബ 94 ചാന്ദ്രവർഷവും 15 ദിവസവുമാണു് ജീവിച്ചിരുന്നതു്. ചാന്ദ്രവർഷം കണക്കാക്കിയാലും 96 വർഷക്കണക്കു ശരിയാവില്ലല്ലോ ഫിലിപ്പേ!

അപ്പോൾ, യോജന എത്ര കിലോമീറ്ററാണെന്നാ പറഞ്ഞതു്?

ഉഡായിപ്പുകൾ
കലണ്ടര്‍ (Calendar)

Comments (23)

Permalink

കരതലാമലകം

കരതലാമലകത്തിനു തുല്യമെ-
ന്നരുമയാം പ്രിയവല്ലഭ തൻ മനം;
മുറിവു പറ്റുകിലിത്തിരി കയ്ചിടും,
സരസമാക്കുകിലെന്നുമിനിച്ചിടും!

മൂന്നാമത്തെ വരി വിരസമാവുകിലിത്തിരി കയ്ചിടും എന്നു്‌ ആക്കുന്നതാണു്‌ ഒന്നുകൂടി നല്ലതെന്നു തോന്നുന്നു…

‘സൗപർണ്ണിക’ അക്ഷരശ്ലോകസദസ്സിൽ ‘ക’ എന്ന അക്ഷരത്തിനു ദ്രുതവിളംബിതവൃത്തത്തിൽ (“ദ്രുതവിളംബിതമാം നഭവും ഭരം”) എഴുതേണ്ടി വന്ന എഴുതിയ ശ്ലോകം.

കവിതകള്‍ (My poems)
ശ്ലോകങ്ങള്‍ (My slokams)

Comments (10)

Permalink

2011-ലെ മലയാളം കലണ്ടർ/പഞ്ചാംഗം

2011-ലെ മലയാളം കലണ്ടർ (ഗ്രിഗോറിയൻ, കൊല്ലവർഷം, ശകവർഷം, നക്ഷത്രം, തിഥി, വിശേഷദിവസങ്ങൾ, രാഹുകാലം, ഗ്രഹസ്ഥിതി, ലഗ്നങ്ങൾ എന്നിവയോടുകൂടി) വിവിധസ്ഥലങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതു് ഇവിടെ നിന്നു ഡൗൺ‌ലോഡ് ചെയ്യാം. ഇനി ഏതെങ്കിലും സ്ഥലത്തിന്റെ കലണ്ടർ വേണമെങ്കിൽ ഈ പോസ്റ്റിൽ ഒരു കമന്റിടുക.

ആദ്യമായി ഈ കലണ്ടർ ഉപയോഗിക്കുന്നവർ താഴെപ്പറയുന്ന പോസ്റ്റുകൾ വായിക്കാൻ മറക്കണ്ടാ.

  1. 2008-ലെ കലണ്ടറും കുറേ അലപ്രകളും
  2. പിറന്നാളും കലണ്ടറും

ഇവ കൂടാതെ താത്പര്യമുള്ളവർക്കു് ഈ പോസ്റ്റുകളും വായിക്കാം.

  1. പിറന്നാളും ജന്മദിനവും 19 വര്‍ഷത്തിന്റെ കണക്കും
  2. ജ്യോതിഷവും ശാസ്ത്രവും : ജ്യോത്സ്യന്മാര്‍ ചെയ്യുന്നതെന്തു്?
  3. ചിങ്ങവും മേടവും, അഥവാ അനിലും സുനിലും പെരിങ്ങോടനും
  4. ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍…

കലണ്ടർ നിർമ്മിക്കാനുപയോഗിച്ച കമ്പ്യൂട്ടർ പ്രോഗ്രാം കഴിഞ്ഞ കൊല്ലത്തിൽ നിന്നു പുതുക്കിയിട്ടില്ല. നേരത്തേ വാഗ്ദാനം ചെയ്ത ഹിജ്രി കലണ്ടർ, മുസ്ലീം നമസ്കാരസമയങ്ങൾ, ഒന്നുകൂടി മികച്ച ലേയൗട്ട് തുടങ്ങിയവ ഇക്കൊല്ലവും ഉൾക്കൊള്ളിച്ചിട്ടില്ല എന്നു സാരം.

തെറ്റുതിരുത്തലുകളെയും അഭിപ്രായങ്ങളെയും എന്നത്തേയും പോലെ സ്വാഗതം ചെയ്യുന്നു.


കഴിഞ്ഞ കൊല്ലത്തെ പോസ്റ്റ് വളരെക്കാലത്തിനു ശേഷം ഇന്നാണു നോക്കുന്നതു്‌. ആലപ്പുഴയും പാലക്കാടും ചിലർ ചോദിച്ചിരുന്നു. അവ ഇക്കൊല്ലം ചേർത്തിട്ടുണ്ടു്‌.

കാളിയമ്പീ, തിരുവോണം സെപ്റ്റംബർ 9-നാണു്‌. ഇനി ലീവിനു്‌ അപേക്ഷിച്ചാൽ മതിയോ?

താമസിച്ചതിനു ക്ഷമാപണം.

കലണ്ടര്‍ (Calendar)

Comments (9)

Permalink

നഷ്ടപ്രണയവും വിഷുവും ഒടുക്കത്തെ നൊസ്റ്റാൽജിയയും

ഏഴര വെളുപ്പിനു മൃദുസ്പർ‌ശത്താൽ നിദ്രാ-
ലോലനാമെന്നെ വിളിച്ചുണർ‌ത്തി, നേത്രങ്ങളെ
തുറക്കും മുമ്പു പൊത്തി, ഐശ്വര്യസമ്പത്തുകൾ
നിരത്തി വെച്ചിരിക്കുമാ വിഷുക്കണി കാട്ടി
“കൈനീട്ടം തരു”കെന്നു ചെന്തൊളിർക്കൊത്ത തന്റെ
കൈ നീട്ടി…

മുപ്പതു കൊല്ലം മുമ്പു്, കൗമാരത്തിന്റെ റൊമാൻസ് കരളിൽ കിടന്നിരുന്ന കാലത്തു് എഴുതിയ ഒരു കവിതയിലെ വിഷു. കഥകളിൽ കാണുന്നതുപോലെയുള്ള ഒരു സഖി ജീവിതത്തിലില്ലാതിരുന്നതു കൊണ്ടു് (പ്രേമലേഖനത്തിലെ അക്ഷരത്തെറ്റു തിരുത്തി മറുപടി സംസ്കൃതത്തിൽ എഴുതിയതു കൊണ്ടാണു് ഒരു പെൺ‌പിള്ളേരും എന്നെ തിരിഞ്ഞു നോക്കാതിരുന്നതെന്നു് അസൂയക്കാർ പറയും. വിശ്വസിക്കരുതു്. നുണയാണതു്.) അങ്ങനെയൊരാളെ കവിതയിലെങ്കിലും സൃഷ്ടിച്ചു സംതൃപ്തിയടയാനുള്ള കൗമാരവാഞ്ഛ ഇവിടെക്കാണാം.

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും ഈ ബാല്യകാലസഖിയെത്തന്നെ കെട്ടി പണ്ടാരമടങ്ങി ജീവിക്കാൻ എന്നിലെ കുഞ്ഞുകവി തയ്യാറായിരുന്നില്ല. കാരണം, പിൽക്കാലത്തു് ഏതോ അന്യനാട്ടിൽ (എന്നു വെച്ചാൽ വല്ല പൊള്ളാച്ചിയോ കോയമ്പത്തൂരോ, അതിനപ്പുറത്തേയ്ക്കു് അന്നു ചിന്തിച്ചിട്ടേയില്ല!) ഒറ്റയ്ക്കു ഗതി കെട്ടു താമസിക്കുമ്പോൾ ചിന്തിക്കുന്നതായാണു് ഇതിവൃത്തം. എന്നാലേ കോൺ‌ട്രാസ്റ്റ് വരൂ. (ചങ്ങമ്പുഴയെ അന്നു വായിച്ചിട്ടില്ല. അല്ലെങ്കിൽ മദ്യവും ആത്മഹത്യയുമൊക്കെ കവിതയിൽ വന്നേനേ!) അവളെ കെട്ടിച്ചു വിടണോ കൊന്നുകളയണോ എന്നു കുറച്ചുകാലം കൺഫ്യൂഷനായിരുന്നു. പിന്നെ അവൾ മരിച്ചുപോയി എന്നാണു കവിത. (ചത്താലും മറ്റൊരുത്തന്റെ കൂടെ ആ ഇല്ലാത്ത പ്രേമഭാജനം പോകുന്നതു് ആ കുഞ്ഞുപുരുഷാധിപത്യപ്പന്നപ്പന്നിയ്ക്കു സഹിച്ചുകാണില്ല!)

സംഭവം ആകെ നൊസ്റ്റാൽജിയയും വിഷാദവുമാണു്.

ഈയാണ്ടും വിഷു വന്നു, തൂപ്പുകാരന്റെ ചൂലി-
ന്നോരാണ്ടത്തേയ്ക്കു ഫലമായി ഞാൻ കണി കണ്ടു…

എന്ന ഒരു വിലാപം അതിലുണ്ടു്. വീട്ടിൽത്തന്നെ താമസിച്ചു് ഒരു കിലോമീറ്റർ മാത്രം ദൂരെയുള്ള സ്കൂളിൽ നടന്നു പോയി പഠിച്ചിരുന്ന ഒരു പതിന്നാലുകാരനു് അപ്പോഴുള്ള ഗൃഹാനുകൂല്യം ഇല്ലാതെ ഗൃഹാതുരത്വത്താൽ വലയുന്ന ഒരു ഭാവികാലത്തെപ്പറ്റി ഗൃഹാതുരത്വം കൊള്ളുന്ന മാനസികാവസ്ഥ വളരെ വിചിത്രം തന്നെ. ഒരു പക്ഷേ, ദാരിദ്ര്യമോ പ്രേമഭംഗമോ ബന്ധുക്കളുടെ വിയോഗമോ വഞ്ചനയോ മനസ്സിനെ വല്ലാതെ ബാധിച്ച പീഡനങ്ങളോ അനുഭവിച്ചിട്ടില്ലാത്ത കാലത്തു് ഇതൊക്കെയുള്ള സംഭവബഹുലമായ ഒരു കാലത്തെയായിരിക്കും സ്വപ്നം കണ്ടിട്ടുണ്ടാവുക. (എന്തോ കുറ്റം ചെയ്തതിനു തൂക്കുമരം കയറുന്ന ഒരു കഥ അന്നെഴുതിയിട്ടുണ്ടു്.)

ആ കവിതയുടെ തുടക്കം എനിക്കു് എന്നും പ്രിയപ്പെട്ടതായിരുന്നു.

എങ്ങനെയുറങ്ങും ഞാൻ, മൃത്യു പോൽ നിദ്ര വന്നെൻ
കൺ‌കളെക്കനം‌കൂട്ടിത്തിരുമ്മിയടച്ചാലും,…

പിൽക്കാലത്തെഴുതിയ പല കവിതകളുടെയും തുടക്കമായി ഈ ഈരടി ഫിറ്റു ചെയ്തിട്ടുണ്ടു്. ഒന്നും ക്ലച്ചു പിടിച്ചില്ല എന്നു മാത്രം 🙂

ഇതെഴുതിയിട്ടു നാലഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ ഇതേ പോലെ ഒരു കവിതയെഴുതിയ മറ്റൊരു പതിന്നാലുകാരനെ കണ്ടുമുട്ടി. എം. ടി-ഹരിഹരൻ ടീമിന്റെ ‘നഖക്ഷതങ്ങൾ’ എന്ന സിനിമയിലെ വിനീത് അവതരിപ്പിച്ച കഥാപാത്രം. ആ കഥാപാത്രത്തിന്റെ കവിതയായി ഒ. എൻ. വി. എഴുതിയ

മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി
മഞ്ഞക്കുളിർ(?)മുണ്ടു ചുറ്റി…

എന്നു തുടങ്ങുന്ന റൊമാന്റിക് എന്നു തോന്നിക്കുന്ന കവിതയുടെയും അവസാനം

അന്തി മയങ്ങിയ നേരത്തു നീയൊന്നും
മിണ്ടാതെ മിണ്ടാതെ പോയി…

എന്നാണല്ലോ. മോഹങ്ങളെപ്പറ്റി പാടുമ്പോൾ “ഒടുവിൽ പിണങ്ങിപ്പറന്നു പോം പക്ഷിയോടു് അരുതേയെന്നോതുവാൻ” മോഹിക്കുന്ന ഒ. എൻ. വി. യുടെ ഉള്ളിൽ എന്നും ഒരു നഷ്ടപ്രണയത്തിന്റെ വ്യഥയുണ്ടായിരുന്നു (അല്ലെങ്കിൽ എനിക്കുണ്ടായിരുന്നതു പോലെ ഒരു നഷ്ടപ്രണയം ഉണ്ടായിരുന്നെങ്കിൽ എന്ന ചിന്ത) എന്നു വേണം കരുതാൻ.

ഈ കവിത എങ്ങും എഴുതി വെച്ചിട്ടില്ല. ഇഷ്ടപ്പെടാഞ്ഞതു കൊണ്ടു തന്നെ. അങ്ങുമിങ്ങും നിന്നു് ഇത്രയും വരികൾ ഓർമ്മ വന്നു.

എല്ലാവർക്കും വിഷു ആശംസകൾ!


വിഷു എന്നതു് മേടം ഒന്നിനാണെന്നായിരുന്നു ഞാൻ കേട്ടിട്ടുള്ളതു്. ഞാൻ എല്ലാക്കൊല്ലവും പ്രസിദ്ധീകരിക്കുന്ന കലണ്ടർ ഉണ്ടാക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിലും ആ നിർ‌വ്വചനമാണു് ഉപയോഗിക്കുന്നതു്. പക്ഷേ ഇതു ശരിയാണെന്നു തോന്നുന്നില്ല. ഇക്കൊല്ലം മേടം രണ്ടിനാണു വിഷുവെന്നാണു് കേരളത്തിലെ കലണ്ടറുകളൊക്കെ പറയുന്നതു്.

ഇതിനു കാരണമായി രണ്ടു കാര്യമാണു പറഞ്ഞു കേട്ടതു്.

  1. സൂര്യോദയത്തിനു സൂര്യൻ മേടം രാശിയിലുള്ള ആദ്യത്തെ ദിവസമാണു വിഷു. ഇക്കൊല്ലം മേടസംക്രമം ഏപ്രിൽ 14-നു രാവിലെ ഇന്ത്യൻ സമയം 6:56-നാണു്. കേരളത്തിൽ സൂര്യോദയം അതിനു മുമ്പേ സംഭവിക്കുന്നതിനാൽ അന്നു വിഷു ആഘോഷിക്കാതെ പിറ്റേന്നു് ആഘോഷിക്കുന്നു. അമേരിക്കയിൽ 13-നു വൈകിട്ടു തന്നെ മേടസംക്രമം കഴിഞ്ഞതിനാൽ വിഷു 14-നു തന്നെ.
  2. എന്റെ പഴയ ഒരു പോസ്റ്റിൽ ഈ കമന്റിട്ട രശ്മി പറഞ്ഞതനുസരിച്ചു് ഏപ്രിൽ 14 അമാവാസിയായതിനാലാണു് വിഷു 15-ലേയ്ക്കു മാറ്റിയതു്. ഇതു് ആദ്യമായാണു കേൾക്കുന്നതു്. ശരിയാവാം. അങ്ങനെയാണെങ്കിലും അമേരിക്കയിലും 15-നു തന്നെ.

എന്തായാലും ഞാൻ 13-നു വൈകിട്ടു കണി വെച്ചു. 14-നു രാവിലെ കണി കണ്ടു. കൈനീട്ടം കൊടുത്തു. സമാധാനം!


ഈ വക കാര്യങ്ങൾ ഇതു വരെ ആരും എഴുതി വെച്ചിട്ടില്ല എന്നതു ദൗർഭാഗ്യകരം തന്നെ. കൊല്ലവർഷക്കലണ്ടറിന്റെ നിയമങ്ങൾ ഏതോ സംസ്കൃതപുസ്തകങ്ങളിൽ ഉണ്ടെന്നു കേട്ടിട്ടുള്ളതല്ലാതെ ഇതു വരെ കണ്ടിട്ടില്ല. എന്റെ കലണ്ടറുകളിൽ ഉപയോഗിച്ച നിർ‌വ്വചനങ്ങൾ ഈ പുസ്തകത്തിൽ ഉണ്ടു്. കൂടുതൽ വിവരങ്ങൾ അറിയുന്നവർ ദയവായി പറഞ്ഞുതരുക. ആവശ്യമായ തിരുത്തുകൾ പുസ്തകത്തിലും പ്രോഗ്രാമിലും കലണ്ടറിലും വരുത്താം.

വിഷു കണ്ടുപിടിക്കുന്നതിനെപ്പറ്റി ജോഷി ഒരു കമന്റിൽ എഴുതിയ വിവരങ്ങൾ അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇവിടെ ചേർക്കുന്നു.

  1. വിഷു മേടമാസം ഒന്നാം തിയ്യതിയോ?

    കേരളത്തിൽ ഇത്തവണ (2010) വിഷു ഏപ്രിൽ 15-നാണ് ആഘോഷിക്കുന്നത് – അതായത് മേടമാസം 2-ആം തിയ്യതി. എന്താണ് ഇത്തവണ വിഷു മേടമാസം രണ്ടാം തിയതി ആയത്‌? അല്ലെങ്കിൽ നാം കാണാതെ പഠിക്കുന്ന ‘മേടമാസം ഒന്നാം തിയ്യതിയാണ് വിഷു’ -എന്നതിന് എന്തു സംഭവിച്ചു? ഇതിന് തൃപ്തികരമായ ഒരു വിശദീകരണം നൽകാൻ വേണ്ട ഡോക്ക്യുമെന്റേഷൻ ഒന്നും നിലവിലില്ല എന്നു തോന്നുന്നു. പണ്ട് മുതലേ മേടമാസം ഒന്നാം തിയ്യതി ആണ് വിഷു എന്നതല്ലേ പിന്തുടർന്നു വരുന്നത്‌. ഈ അടുത്ത കാലങ്ങളിൽ മേടം രണ്ടിനും വിഷു വന്നു തുടങ്ങിയതെങ്ങനെ എന്നു കൃത്യമായി അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ കമന്റടിക്കൂ‍. ഇല്ലെങ്കിൽ തത്കാലം പത്രങ്ങളിലും (ഉമേഷ്ജിയുടെ പഴയ പോസ്റ്റുകളിലും) മറ്റും കാണുന്നതു വെച്ച് ഒരു അലക്ക് അലക്കി നോക്കാം.

  2. എന്നാണ് മലയാളമാസങ്ങൾ ആരംഭിക്കുന്നത്‌? (ഉമേഷ്ജിയുടെ പഴയ മനോരമ-മാതൃഭൂമി പോസ്റ്റിൽ നിന്നും)

    സൂര്യൻ ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്കു കടക്കുന്നതിനെയാണ് ‘സംക്രമം’ എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നത്‌. സൂര്യന്റെ രാശിസംക്രമം നടക്കുന്നത്‌ മദ്ധ്യാഹ്ന്നം കഴിയുന്നതിന് മുൻപാണെങ്കിൽ ആ ദിവസം മലയാളമാസം ഒന്നാം തിയ്യതി ആയി കണക്കാക്കും. മദ്ധ്യാഹ്ന്നം കഴിഞ്ഞാണ് സംക്രമം എങ്കിൽ അടുത്തദിവസമാവും മലയാളമാസം ഒന്നാം തിയ്യതി ആയി കണക്കാക്കുക. [ഇനി, “മദ്ധ്യാഹ്നം കഴിയുക” എന്നു വെച്ചാല്‍ നട്ടുച്ച കഴിയുക എന്നല്ല. ഒരു പകലിനെ അഞ്ചായി വിഭജിച്ചതിന്റെ (പ്രാഹ്ണം, പൂര്‍വാഹ്നം, മദ്ധ്യാഹ്നം, അപരാഹ്നം, സായാഹ്നം) മൂന്നാമത്തെ അഹ്നമാണു മദ്ധ്യാഹ്നം. അതുകൊണ്ടു “മദ്ധ്യാഹ്നം കഴിയുക” എന്നു പറഞ്ഞാല്‍ ദിവസത്തിന്റെ അഞ്ചില്‍ മൂന്നു സമയം കഴിയുക എന്നാണു്. ഉദയവും അസ്തമയവും എപ്പോഴെന്നു നോക്കീട്ടു കണക്കാക്കണം. (ലോകത്തിന്റെ പല ഭാഗത്തു് ഇതു പല സമയത്താണെന്നു് ഓര്‍ക്കണം.) ആറു മണി മുതല്‍ ആറു മണി വരെയുള്ള ഒരു പകലില്‍ ഇതു് ഏകദേശം 1:12 PM-നു് ആയിരിക്കും.] (നോട്ട് 1: ഇന്റർനെറ്റിൽ ചില സൈറ്റുകളിൽ “മദ്ധ്യാഹ്നം കഴിയുക” എന്നതിനു പകരം ‘പൂർവാഹ്ന്നം കഴിയുക’ എന്നു കാണുന്നു. ഏതാണ് ശരി എന്നു എനിക്കറിയില്ല).

  3. വിഷു എന്നാണ്?

    നാം ഇപ്പോൾ വിഷു ആഘോഷിക്കുന്നത് മേടസംക്രമം (സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക്‌ കടക്കുന്നത്‌) നടക്കുന്ന ദിവസം ആണ്. മേടസംക്രമം നടക്കുന്നത് (ഇത്‌ കലണ്ടർ/പഞ്ചാംഗത്തിൽ നിന്നും ലഭിക്കും) ഉദയത്തിന് മുൻപാണെങ്കിൽ ആ ദിവസം ആണ് വിഷു. മേടസംക്രമം നടക്കുന്നത് ഉദയത്തിനു ശേഷമാണെങ്കിൽ വിഷു പിറ്റേ ദിവസമാകും. അതായത്‌ വിഷുപുലരി കണികണ്ടുണരേണ്ടത് മേടം രാശിയിൽ ഉദിച്ചുയർന്നു നിൽക്കുന്ന സൂര്യനെ ആണ്. അക്ഷരാർത്ഥത്തിൽ വിഷു ആഘോഷിക്കേണ്ടത്‌ പകലും രാത്രിയും തുല്യദൈർഘ്യം വരുന്ന വസന്തവിഷുവദിനമായ മാർച്ച് 20/21-ന് ആണെന്നും ഒരു വാദമുണ്ട്. പക്ഷേ നൂറ്റാണ്ടുകളായി നമ്മൾ മേടം ഒന്ന് എന്ന കണക്കിനാണ് ഈ ഉത്സവം ആഘോഷിക്കുന്നത്‌.

  4. 2010-ഉം വിഷുവും

    മനോരമ കലണ്ടർ പ്രകാരം ഇത്തവണ മേടസംക്രമം നടക്കുന്നത് ഏപ്രിൽ 14, രാവിലെ 6:56-ന് ആണ്. തിരുവനന്തപുരത്ത് ഉദയം രാവിലെ 6:17-നും (വിവിധ കലണ്ടറുകൾ തമ്മിൽ ഈ സമയങ്ങളിൽ ഏതാനും മിനുട്ടുകൾ വ്യത്യാസമുണ്ടാവാറുണ്ട്. ചിലപ്പോളൊക്കെ അതു പ്രശ്നങ്ങളിൽ എത്തിപ്പെടാറുമുണ്ട്). ഉദയം കഴിഞ്ഞ് മേടസംക്രമം നടക്കുന്നതിനാൽ (അതായത്‌ സൂര്യൻ ഉദിക്കുന്നത്‌ മീനം രാശിയിൽ തന്നെ ആയതിനാൽ) വിഷു തൊട്ടടുത്തദിവസമായ ഏപ്രിൽ 15-ന് ആയിരിക്കും. എന്നാൽ മേടസംക്രമം നടക്കുന്നത് മദ്ധ്യാഹ്ന്നത്തിന് മുൻപായതിനാൽ മേടം ഒന്നാം തിയ്യതി ഏപ്രിൽ 14 -ന് തന്നെ ആണ്. അങ്ങനെ ഈ വർഷം വിഷു മേടം 2-നായി 😀

  5. അങ്ങനെയാണെങ്കിൽ ഈ വർഷം അമേരിക്കയിൽ എന്നാണ് വിഷു?

    മേടസംക്രമം നടക്കുന്നത് ന്യൂയോർക്ക് സമയം ഏപ്രിൽ 13 രാത്രി 9:26 നാണ് (9:26 പി. എം.). ഇത്‌ ഇവിടുത്തെ ഏപ്രിൽ 14 ഉദയത്തിന് മുൻപായതിനാൽ ന്യൂയോർക്കിലുള്ളവർക്ക് വിഷു ഏപ്രിൽ 14 തന്നെയാണ്. അമേരിക്കയുടെ ബാക്കി ഭാഗത്തുള്ളവർക്കും ഇതുപോലെ തന്നെ വിഷു ഏപ്രിൽ 14-നാണ്.

  6. ഈ വർഷം ദുബായ്-ഇൽ എന്നാണ് വിഷു?

    മേടസംക്രമം നടക്കുന്നത് ദുബായ് സമയം ഏപ്രിൽ 14 രാവിലെ 5:26 നാണ് (5:26 എ. എം.). ഇത്‌ ഇവിടുത്തെ ഏപ്രിൽ 14 ഉദയത്തിന് മുൻപായതിനാൽ ദുബായിലുള്ളവർക്കും വിഷു ഏപ്രിൽ 14 തന്നെയാണ്. ബാക്കി ഗൾഫ് രാജ്യങ്ങളിലും ഇതു ശരിയാവാനാണ് സാധ്യത.

  7. വിഷുവും ജ്യോത്സ്യവുമായി എന്താ ബന്ധം?

    വിഷു എന്ന ഉത്സവം ആചരിക്കേണ്ടത് എന്നാണ് എന്നു കണ്ടുപിടിക്കാൻ ‘ജ്യോതിശാസ്ത്ര’ത്തിലെ കണക്കുകൾ ഉപയോഗിക്കുന്നു എന്നതിൽ കവിഞ്ഞ് മറ്റു ബന്ധമൊന്നും ഉണ്ടെന്നു തോന്നുന്നില്ല (ഈസ്റ്റർ എന്നാണെന്നു കണ്ടുപിടിക്കാനും ഇത്തരത്തിലുള്ള കണക്കുകൾ ഉപയോഗിക്കുന്നു എന്നതു ശ്രദ്ധിക്കുക). (നോട്ട് 2: വിഷുമായി ബന്ധപ്പെട്ടു വരുന്ന ഫലപ്രവചനങ്ങളും മറ്റും ശുദ്ധ അസംബന്ധങ്ങളായി ഞാൻ കരുതുന്നു. നിങ്ങൾ അന്ധവിശ്വാസിയാണെങ്കിൽ അതിലും വിശ്വസിച്ചോളൂ. എനിക്ക് എന്റെ വിശ്വാസം നിങ്ങൾക്ക് നിങ്ങളുടേത് 🙂 )

(എന്നെ ക്വോട്ടു ചെയ്താൽ ഇങ്ങനെയിരിക്കും. ആ ക്വോട്ടുൾപ്പെടെ ഞാൻ തിരിച്ചും ക്വോട്ടു ചെയ്യും. എന്നോടാണോടാണോടാണോടാ കളി?)

കലണ്ടര്‍ (Calendar)
കവിതകള്‍ (My poems)
നൊസ്റ്റാൽ‌ജിയ

Comments (13)

Permalink