ശ്രീ എം. കെ. ഹരികുമാര്‍ ബ്ലോഗു തുടങ്ങുകയും മറ്റു പല ബ്ലോഗുകളിലും പോയി “ഞാന്‍ നിങ്ങളുടെ ബ്ലോഗ് വായിക്കാം. നിങ്ങള്‍ എന്റേതും വായിക്കൂ…” എന്നു കമന്റിടുകയും ചെയ്തപ്പോഴേ അദ്ദേഹത്തിന്റെ ബ്ലോഗ് ശ്രദ്ധിക്കാന്‍ തുടങ്ങിയതാണു ഞാന്‍. പക്ഷേ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ശ്രദ്ധിക്കേണ്ടതായി ഒന്നും കണ്ടില്ല. ഈ എഴുത്തുകാരന്‍ കലാകൌമുദിയില്‍ പ്രൊഫ. എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലത്തിന്റെ തുടര്‍ച്ചയായി ഒരു കോളം എഴുതുന്നുണ്ടെന്നറിഞ്ഞപ്പോള്‍ അദ്ഭുതം തോന്നി. കലാകൌമുദിയില്‍ എഴുതുന്ന ഒരു നിരൂപകനില്‍ നിന്നു പ്രതീക്ഷിക്കാത്ത അക്ഷരത്തെറ്റുകളും പ്രയോഗവൈകല്യങ്ങളും കണ്ടതും പോസ്റ്റുകള്‍ക്കു വിചാരിച്ചതു പോലെ നിലവാരം കാണാതെ വരികയും ചെയ്തതാണു കാരണം. അവഗണിക്കുന്ന അനേകം ബ്ലോഗുകളില്‍ ഒന്നായി അതു മാറി. എങ്കിലും സബ്സ്ക്രൈബ് ചെയ്തിരുന്ന ഒരു ബ്ലോഗായിരുന്നതു കൊണ്ടു് അതില്‍ പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ ഞാന്‍ അറിയുമായിരുന്നു. പലപ്പോഴും ഒന്നു് ഓടിച്ചു വായിച്ചു നോക്കുമായിരുന്നു-എന്തെങ്കിലും നല്ലതു തടഞ്ഞാലോ എന്നു കരുതി.
“കേരളം-50 ഭാവങ്ങള്‍” എന്ന പംക്തി കണ്ടപ്പോള്‍ ചിരിയാണു വന്നതു്. പ്രിന്റ് മീഡിയയില്‍ ഇങ്ങനെ പല ഫീച്ചറുകളും കണ്ടിട്ടുണ്ടു്. ഏതാനും ലക്കങ്ങളിലെ പ്രതിഫലം ഉറപ്പാക്കാന്‍ അമ്പതു ലക്കങ്ങളിലേക്കു് ഒരു പംക്തി തുടങ്ങുന്നതു കണ്ടിട്ടുണ്ടു്. അന്നൊക്കെ വിചാരിച്ചിരുന്നതു് അതെഴുതുന്നവര്‍ നേരത്തേ എഴുതിത്തയ്യാറാക്കിയതു് സ്ഥലപരിമിതി മൂലം പല ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു എന്നാണു്. അല്ലെങ്കില്‍ കൃത്യം 50 ഭാവങ്ങള്‍ എന്നെങ്ങനെ അറിയും? ഓരോന്നായി എഴുതുന്ന പോസ്റ്റുകളുടെ മൊത്തം എണ്ണം ആദ്യമേ ഉറപ്പിച്ചതു കണ്ടപ്പോള്‍ ഇദ്ദേഹം പ്രിന്റ് മീഡിയയുടെ ഗിമ്മിക്കുകളില്‍ നിന്നു പുറത്തു വന്നില്ലല്ലോ എന്നോര്‍ത്തായിരുന്നു ചിരിച്ചതു്. ഈ അമ്പതു ഭാവങ്ങളാകട്ടേ, പ്രത്യേകിച്ചു് ഒരു ചമത്കാരവുമില്ലാത്ത കുറേ വിശേഷങ്ങള്‍ മാത്രം.
ദോഷം പറയരുതല്ലോ, ഹരികുമാര്‍ ബ്ലോഗില്‍ എഴുതിയതില്‍ ഏറ്റവും പാരായണയോഗ്യം ഈ ഭാവങ്ങള്‍ തന്നെ. തീയതി വെച്ചു് ദിവസേന ഒന്നെന്ന കണക്കിനു പടച്ചു വിട്ട കുറിപ്പുകളിലും കവിത എന്നു തോന്നിക്കുന്ന കുറേ പടപ്പുകളിലും (ഇവ എഴുതിയ ആളാണല്ലോ വിത്സന്‍ കവിയാണോ എന്നു് ഉത്പ്രേക്ഷിച്ചതു്, കഷ്ടം!) ജീവിത്തത്തില്‍ ഇതു വരെ പരീക്ഷയുടെ ഉത്തരക്കടലാസിലല്ലാതെ മലയാളം എഴുതിയിട്ടില്ല എന്നു പറഞ്ഞു ബ്ലോഗിംഗ് തുടങ്ങുന്നവരുടെ ആദ്യപോസ്റ്റുകളില്‍ കാണുന്നതില്‍ കൂടുതല്‍ ഒന്നും കാണാന്‍ കഴിഞ്ഞിട്ടുമില്ല.
അങ്ങനെയിരിക്കുമ്പോഴാണു് പ്രേം നസീറാണു മലയാളത്തിലെ ഏറ്റവും വലിയ നടന്‍ എന്ന ഒരു പോസ്റ്റ് അദ്ദേഹം ഇട്ടതു്. അതിനു കുഴപ്പമൊന്നുമില്ല. അങ്ങനെ വിശ്വസിക്കാനും എഴുതാനും ഉള്ള അവകാശം അദ്ദേഹത്തിനുണ്ടു്. പക്ഷേ, അതിനോടു വിയോജിക്കാനുള്ള അവകാശം വായനക്കാര്‍ക്കുമുണ്ടു്. കലാകൌമുദിയില്‍ എഴുതിയതിനോടു വിയോജിച്ചെഴുതുന്ന കത്തുകള്‍ പലതും വാരികക്കാര്‍ മുക്കും-സ്ഥലപരിമിതി പറഞ്ഞു്. പക്ഷേ, ബ്ലോഗില്‍ അങ്ങനെയൊരു സംഗതി ഇല്ല. വിമര്‍ശനം സഹിക്കാന്‍ കഴിയാത്തവനുള്ള സ്ഥലമല്ല ബ്ലോഗ്. ആ പോസ്റ്റിന്റെ കമന്റുകളില്‍ ആരെങ്കിലും ഹരികുമാറിനെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്നെനിക്കു തോന്നുന്നില്ല. മറിച്ചു്, അദ്ദേഹത്തിന്റെ അഭിപ്രായം ശരിയല്ല എന്നു് ഉദാഹരണസഹിതം വിശദീകരിക്കുക മാത്രമാണു ചെയ്തതു്.
വ്യക്തിപരമായ ആക്രമണം തുടങ്ങിവെച്ചതു ഹരികുമാര്‍ തന്നെയാണു്. അദ്ദേഹത്തെ എതിര്‍ത്തു പറഞ്ഞവരെയൊക്കെ ചീത്ത വിളിച്ചു. അവരൊക്കെ ഒരു പത്രാധിപര്‍ക്കുള്ള കത്തു പോലും എഴുതിയിട്ടില്ലാത്തവരാണെന്നു് അധിക്ഷേപിച്ചു. താന്‍ എഴുതുന്ന കോളം മലയാളത്തിലെ ഏറ്റവും മികച്ച പംക്തിയാണെന്നു് അഹങ്കരിച്ചു. നസീറൊഴികെ എതെങ്കിലും നടനെപ്പറ്റി പറഞ്ഞവരൊക്കെ വിവരമില്ലാത്തവരാണെന്നു പ്രഖ്യാപിച്ചു. അദ്ദേഹത്തെ എതിര്‍ത്തവര്‍ പലരല്ല, ഒരാള്‍ തന്നെ പല കള്ളപ്പേരുകളില്‍ എഴുതുന്നവരാണെന്നു് ആരോപിച്ചു.
ഒരേ ആള്‍ തന്നെ പത്രാധിപക്കുറിപ്പും വാരഫല-ജ്യോത്സ്യപംക്തിയും ഡോക്ടറോടു ചോദിക്കുന്ന പംക്തിയും വനിതാലോകത്തിലെ സോദരിച്ചെച്ചിയും വായനക്കാരുടെ കത്തുകളും എഴുതുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്തതു കൊണ്ടാവണം ഹരികുമാറിനു് ഇങ്ങനെയൊരു തോന്നല്‍ ഉണ്ടായതു്. എഡിറ്ററായിരുന്നപ്പോള്‍ പല പേരില്‍ എഴുതുമായിരുന്നു എന്നു രാം മോഹന്‍ പാലിയത്തു തന്നെ ഇവിടെ പറഞ്ഞിട്ടുണ്ടല്ലോ.
തൂലികാനാമം ഉപയോഗിക്കുന്നവരെ ചീത്ത പറയുകയും അദ്ദേഹത്തെ ഏതെങ്കിലും വിധത്തില്‍ പുകഴ്ത്തിയവരെ മാത്രം വിവരമുള്ളവരായി ചിത്രീകരിക്കുകയും ചെയ്തു് ഹരികുമാര്‍ കൂടുതല്‍ അപഹാസ്യനായി. തന്നെ വിമര്‍ശിച്ച പലരും തന്നെക്കാള്‍ കൂടുതല്‍ വിവരമുള്ളവരാണെന്നു കണ്ടപ്പോള്‍ അവരെ വെട്ടുക്കിളികളെന്നും മറ്റും വിളിച്ചു് പിന്നെയും അപഹാസ്യനായി.
ഇത്രയും മാത്രമേ ചെയ്തുള്ളൂ എങ്കില്‍ അതു വിവരമില്ലാത്ത ഒരു ബ്ലോഗറുടെ തോന്ന്യവാസം എന്നു കരുതി വെറുതേ വിടാമായിരുന്നു. പക്ഷേ, അദ്ദേഹം ഇതേ അഭിപ്രായം തന്നെ “കലാകൌമുദി” വാരികയിലും എഴുതി വിട്ടു. കൂട്ടത്തില്‍ കവിയായ വിത്സനെ അപമാനിച്ചു കൊണ്ടും ഇതിനെപ്പറ്റി ഒന്നുമറിയാത്ത ലാപുടയ്ക്കെതിരെ ഒരു ആരോപണം ഉന്നയിച്ചുകൊണ്ടും. ഇതു് ഗൌരവമായി എടുക്കേണ്ട സംഗതിയാണു്. അടിസ്ഥാനമില്ലാത്ത ഇത്തരം ജല്പനങ്ങള്‍ പ്രസിദ്ധീകരിച്ച “കലാകൌമുദി” മലയാളികളോടു വിശദീകരണം നല്‍കണം. ഹരികുമാര്‍ താന്‍ ചെയ്ത തെറ്റായ പ്രസ്താവനകള്‍ക്കെങ്കിലും മാപ്പു പറയണം.
ഇതു വെളിച്ചത്തു കൊണ്ടു വരാന്‍ വേണ്ടി ഈ പോസ്റ്റിട്ട അഞ്ചല്‍ക്കാരനും അതിനു മുമ്പു് കലാകൌമുദി ലേഖനം സ്കാന്‍ ചെയ്തു് എവിടെയോ ഇട്ട ബ്ലോഗര്‍ക്കും (അനാഗതശ്മശ്രു?) നന്ദി.
(അഗ്രിഗേറ്ററുകളില്‍ വരാത്തതിനാലും എന്റെ സബ്സ്ക്രിപ്ഷന്‍ ലിസ്റ്റില്‍ ഇല്ലാത്തതിനാലും നേരത്തേ കാണാന്‍ പറ്റാഞ്ഞ ഈ പോസ്റ്റിനെപ്പറ്റി ഈ-മെയിലിലൂടെയും ചാറ്റിലൂടെയും നേരിട്ടും വായനലിസ്റ്റിലൂടെ പരോക്ഷമായും എന്നെ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.)
കലാകൌമുദിയ്ക്കെതിരേ മലയാളം ബ്ലോഗെഴുത്തുകാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ ഞാനും പങ്കു ചേരുന്നു.
ഹരികുമാര്‍ ബ്ലോഗേഴ്സിനെ വെട്ടുക്കിളികള്‍ എന്നു വിളിച്ചതു് അസംബന്ധമായിരുന്നു. എങ്കിലും ഈ വിഷയത്തെപ്പറ്റി കേട്ട ആരെങ്കിലും മുകളില്‍പ്പറഞ്ഞ (അഞ്ചല്‍ക്കാരന്റെ) പോസ്റ്റില്‍ വന്നു് അതിലെ കമന്റുകള്‍ വായിച്ചാല്‍ ചിലപ്പോള്‍ അങ്ങേരെ ന്യായീകരിച്ചെന്നു വരും. കാരണം, അത്ര മോശം ഭാഷയാണു് നാം അവിടെ ഉപയോഗിച്ചതു്. ഹരികുമാര്‍ എന്തു തെറ്റു ചെയ്താലും, ഇത്ര തരം താണ ഭാഷയില്‍ നമ്മള്‍ സംസാരിക്കരുതായിരുന്നു. കൈപ്പള്ളിയുടെ
തെറി വിളിക്കേണ്ട സമയത്ത്, വിളിക്കേണ്ടവരെ ഭേഷ വിളിക്കാനുള്ളതാണു്. അല്ലാതെ വണ്ടി യോട്ടികുമ്പം കുറുക്കേ ചാടണ മാടിനെം പോത്തിനെ വിളിക്കാനുള്ളതല്ല.
പരസ്യമായി തെറി വിളിക്കാന്‍ ഇതിലും നല്ല ഒരു അവസര്മ് ഇനി കിട്ടിയെന്നു വരില്ല. രണ്ടണ്ണം നീയും വിളിച്ചോ. 🙂
എന്ന പ്രസ്താവത്തോടു യോജിക്കാന്‍ എന്തോ എനിക്കു കഴിയുന്നില്ല.
അതോടൊപ്പം തന്നെ, ഈ ഒറ്റപ്പെട്ട സംഭവത്തെ മുന്‍നിര്‍ത്തി പ്രിന്റ് മീഡിയയെ മുഴുവന്‍ തെറി വിളിക്കുന്നതും ശരിയല്ല. പത്രവാര്‍ത്തകളിലും മറ്റും കാണുന്ന തെറ്റുകളെയും ഇരട്ടത്താപ്പുകളെയും നാം വിമര്‍ശിക്കുന്നു എന്നതു ശരി തന്നെ. എങ്കിലും മനുഷ്യരാശിയുടെ അറിവിനെ ഇത്ര കാലവും കാത്തുസൂക്ഷിച്ച കടലാസിനെ ഇപ്പോള്‍ വന്ന കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും പേരില്‍ തള്ളിപ്പറയുന്നതു ശരിയല്ല്ല.
ഞാന്‍ പ്രിന്റ് മീഡിയയില്‍ എന്റെ കൃതികള്‍ പ്രസിദ്ധീകരിക്കണം എന്ന ആഗ്രഹവുമായി നടക്കുന്ന ആളല്ല. എങ്കിലും ഇന്റര്‍നെറ്റില്‍ നിന്നു കിട്ടുന്നതിന്റെ പതിന്മടങ്ങു വായന അച്ചടിച്ച പുസ്തകങ്ങളില്‍ നിന്നു കിട്ടുന്ന ഒരാളാണു്.
ഹരികുമാറിനെ ഇത്ര തരം താണ രീതിയില്‍ തെറി പറഞ്ഞു കമന്റിട്ടതിനും പ്രിന്റ് മീഡിയയെ അടച്ചു ചീത്ത വിളിച്ചതിനും അതു ചെയ്തവര്‍ക്കെതിരേ (അഞ്ചല്‍ക്കാരനും കമന്റിട്ട അനേകം ആളുകള്‍ക്കും എതിരേ അല്ല) ഞാന്‍ പ്രതിഷേധിക്കുന്നു.
ഈ വിഷയത്തില്‍ ഇതു വരെ മൌനം അവലംബിച്ച ബ്ലോഗെഴുത്തുകാരെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിക്കുന്നതു കണ്ടു. ബൂലോഗത്തു് ഇപ്പോള്‍ ഒരുപാടു കാര്യങ്ങള്‍ നടക്കുന്നുണ്ടു്. കലേഷിന്റെ കല്യാണവും ആദ്യത്തെ ബ്ലോഗ്‌മീറ്റും പണ്ടു് ബ്ലോഗെഴുത്തുകാര്‍ മുഴുവനും കൂടി ആഘോഷിച്ചിട്ടുണ്ടു്. തുടര്‍ന്നു വന്ന എല്ലാ കല്യാണങ്ങള്‍ക്കും മീറ്റുകള്‍ക്കും ആ ആവേശം ഉണ്ടാവണമെന്നില്ല. മഹാത്മാഗാന്ധി നിസ്സഹകരണപ്രസ്ഥാനം തുടങ്ങിയപ്പോള്‍ കിട്ടിയ പിന്തുണയൊന്നും കേരളത്തില്‍ ഇപ്പോള്‍ എല്ലാ ആഴ്ചയിലും നടക്കുന്ന ഹര്‍ത്താലുകള്‍ക്കും കിട്ടാറില്ലല്ലോ.
“അതു ചെയ്തവര്‍ എന്തേ ഇതു ചെയ്യുന്നില്ല?” എന്ന ചോദ്യം അസ്ഥാനത്താണു്. ബ്ലോഗുകളുടെ എണ്ണം കൂടി, പ്രശ്നങ്ങളുടെ എണ്ണം കൂടി, ആളുകളുടെ സമയം കുറഞ്ഞു, വായന തിരഞ്ഞെടുത്ത പോസ്റ്റുകള്‍ മാത്രമായി, പോസ്റ്റുകള്‍ കാണാതെ പോകുന്നു, കണ്ടവയില്‍ പലതും കൂടുതല്‍ ചിന്തിക്കാതെ വിട്ടുകളയുന്നു, അങ്ങനെ പലതും.
കഴിഞ്ഞ കുറേക്കാലമായി പ്രശ്നങ്ങള്‍ പലതുണ്ടു്. വ്യാജ ഐഡി എടുത്ത പല കേസുകള്‍, പോസ്റ്റുകള്‍ മോഷ്ടിച്ച പല കേസുകള്‍, പുഴ.കോം അനുവാദമില്ലാതെ ബ്ലോഗ് സ്നിപ്പറ്റുകള്‍ ഇട്ടതു്, പാചകക്കുറിപ്പുകള്‍ യാഹൂ പൊക്കിയതു്, ലോനപ്പന്‍/വിവിയെ ആരോ മേലധികാരിയോടു പരാതിപ്പെട്ടു് ഉപദ്രവിച്ചതു്, ചിത്രകാരനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതു്, കുറുമാന്‍ പെണ്ണുപിടിയനാണോ അല്ലയോ എന്നതു്, രാം മോഹന്‍ പാലിയത്തിന്റെ പോസ്റ്റില്‍ അശ്ലീലം ഉണ്ടോ ഇല്ലയോ എന്നതു്, ഹരികുമാര്‍ ബ്ലോഗെഴുത്തുകാരെ അധിക്ഷേപിച്ചതു് തുടങ്ങി നൂറു കാര്യങ്ങള്‍. ഇവയിലെല്ലാം തലയിടാന്‍ എല്ലാവര്‍ക്കും താത്പര്യം ഉണ്ടായെന്നു വരുകില്ല. എന്നെ സംബന്ധിച്ചു്, എനിക്കു കൂടുതല്‍ താത്പര്യം പലപ്പോഴും ജ്യോതിഷം ശാസ്ത്രമാണെന്നു പറയുന്നവരെ എതിര്‍ക്കാനും അക്ഷരത്തെറ്റു തിരുത്താനുമൊക്കെ ആണു്. രാഷ്ട്രീയബോധം കുറവായതുകൊണ്ടായിരിക്കാം. പക്ഷേ ഈ രാഷ്ട്രീയബോധവും ആപേക്ഷികമാണല്ലോ.
മുകളില്‍ പറഞ്ഞ പ്രശ്നങ്ങളില്‍ യാഹൂ കോപ്പിറൈറ്റ് പ്രശ്നത്തിലും ഹരികുമാറിന്റെ പ്രശ്നത്തിലുമൊഴികെ ഒന്നിലും ഞാന്‍ പ്രതിഷേധിക്കുകയോ അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല. അതു് എന്റെ സ്വാതന്ത്ര്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. എവിടെയങ്കിലും ആരെങ്കിലും പ്രതികരിച്ചിട്ടുണ്ടെങ്കില്‍ പിന്നെയുള്ള എല്ലാ സംഭവങ്ങള്‍ക്കും അവരൊക്കെ പ്രതികരിക്കണം എന്നു ശഠിക്കുന്നതു തെറ്റാണു്. ഒരാള്‍ പ്രത്യേകം പേരെടുത്തു പറഞ്ഞ വക്കാരിയെ ഇപ്പോള്‍ ബ്ലോഗില്‍ത്തന്നെ കാണാനില്ല. ഗവേഷണവിദ്യാര്‍ത്ഥിയായ അദ്ദേഹത്തിനു സമയം കുറവായിരിക്കും. സമയം ഉണ്ടായിരുന്ന സമയത്തു പത്തു പുറത്തില്‍ അഭിപ്രായം എഴുതി. ഇല്ലാത്തപ്പോള്‍ മിണ്ടാതിരിക്കുന്നു. അത്ര മാത്രം.
ബ്ലോഗെഴുത്തുകാര്‍ എന്തു ചെയ്യണമെന്നു തീരുമാനിക്കുകയും അവര്‍ വിചാരിക്കുന്നതു പോലെ ചെയ്യാത്തവര്‍ക്കെതിരേ അനാവശ്യമായ ഭര്‍ത്സനങ്ങള്‍ ഉതിര്‍ക്കുകയും ചെയ്യുന്നതിനെതിരേ ഞാന്‍ പ്രതിഷേധിക്കുന്നു.