അക്ഷരശ്ലോകം

ഒരു പീഡനത്തിന്റെ കഥ

ഈ പോസ്റ്റ് കവിയും കഥാകൃത്തുമായ രാജേഷ് വര്‍മ്മയ്ക്കു സമര്‍പ്പിക്കുന്നു. എന്തുകൊണ്ടെന്നറിയാന്‍ ഈ പോസ്റ്റിന്റെ അവസാനം വരെ വായിക്കുക. (ഇതു് അവസാനം വരെ വായിപ്പിക്കാന്‍ വേറേ വഴിയില്ല!)

ഇതു വായിക്കുന്നതിനു മുമ്പോ ശേഷമോ വായിക്കുന്നതിനിടയിലോ രാജേഷിന്റെ സ്വാതന്ത്ര്യദിനസ്മരണകള്‍ എന്ന പോസ്റ്റ് വായിക്കുന്നതു നന്നായിരിക്കും.


ഒരു സിനിമയില്‍ (ഏതോ ഏസ് വെഞ്ചുറ) ജിം കാരി ഒരുത്തനെ പീഡിപ്പിക്കുന്ന രംഗമുണ്ടു്. അയാളെ ഒരു കസേരയില്‍ കെട്ടിയിട്ടിട്ടു് ജിം കൂര്‍ത്ത ഒരു സ്റ്റീല്‍ കത്തിയും അതുപോലെയുള്ള വേറേ ഒരു ആയുധവും കൊണ്ടുവരുന്നു. അവ രണ്ടും കാട്ടി അയാളെ ഭയപ്പെടുത്തുന്നു. അയാള്‍ക്കു ഭയം തീരെയില്ല. അപ്പോഴാണു് ജിം അറ്റകൈ എടുക്കുന്നതു്. ആയുധങ്ങള്‍ രണ്ടും കൂടി കൂട്ടിയുരച്ചും ഒരു സ്റ്റീല്‍ പാത്രത്തില്‍ മുട്ടിച്ചും ശബ്ദമുണ്ടാക്കുന്നു. അതു സഹിക്കാന്‍ വയ്യാതെ അയാള്‍ സത്യം സമ്മതിക്കുന്നു.

ഇതു് അതിശയോക്തിയാണെന്നു പലര്‍ക്കും തോന്നുന്നുണ്ടാവും. പക്ഷേ, ലോഹമോ അതു പോലെയുള്ള എന്തെങ്കിലുമോ ഒരു പ്രതലത്തില്‍ ഉരയുന്ന ശബ്ദം തീരെ സഹിക്കാന്‍ പറ്റാത്ത പലരുമുണ്ടു്. ഞാന്‍ അത്തരത്തിലൊരാളാണു്. വെടി പൊട്ടുന്നതു പോലെയുള്ള വലിയ ശബ്ദങ്ങള്‍ ഞാന്‍ സഹിക്കും. പക്ഷേ, ഒരു സ്പൂണ്‍ ഒരു പാത്രത്തിലിട്ടുരയ്ക്കുന്ന ശബ്ദം എനിക്കു സഹിക്കാന്‍ കഴിയില്ല. എല്ലിനുള്ളിലൂടെ ഒരു ആളല്‍ ആണു്.

ഇതു് ഏതോ പോഷകാംശത്തിന്റെ കുറവാണു് എന്നു് ആരോ പറഞ്ഞിരുന്നു. നേരാണോ എന്തോ? ഡോ. സൂരജ് ഈ ബ്ലോഗ് വായിക്കുന്നുണ്ടോ ഇതിനു് ഉത്തരം തരാന്‍?

ഇതുപോലെ ഒരെണ്ണം പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഒരു കഥയിലുണ്ടു്. ഒരു തീവ്രവാദിയെ ചോദ്യം ചെയ്യുകയാണു പോലീസുകാര്‍. അവന്റെ നേതാവു് എവിടെയാണു് ഒളിച്ചിരിക്കുന്നതു് എന്നാണു് അറിയേണ്ടതു്. അടിച്ചു, ഇടിച്ചു, കുത്തി, ഉരുട്ടി, മൊട്ടുസൂചിയും ഈര്‍ക്കിലും പ്രയോഗിച്ചു, ഗരുഡന്‍ തൂക്കവും കസേരയില്ലാത്ത ഇരുത്തലും നടത്തി, മൂലക്കുരുവില്‍ മുളകുപൊടി വിതറി, കാല്‍വെള്ള അടിച്ചു പൊളിച്ചു-പക്ഷേ, പുള്ളി സത്യം പറഞ്ഞില്ല.

അപ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ അറ്റ കൈ പ്രയോഗിച്ചു. താന്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലിലെ ഒരു അദ്ധ്യായം വായിച്ചു കേള്‍പ്പിച്ചു. പീഡനം സഹിക്കവയ്യാതെ പുള്ളി സത്യം പറഞ്ഞു.

അതിശയോക്തി കലര്‍ന്നതാണെങ്കിലും ഈ ജനുസ്സില്‍ പെടുന്ന പീഡനങ്ങള്‍ പലപ്പോഴും വെള്ളെഴുത്തും രാം മോഹനും മറ്റും പറയുന്ന പീഡനമുറകളെക്കാള്‍ ദുസ്സഹമോ ചിലപ്പോള്‍ അസഹ്യമോ ആണെന്നതാണു സത്യം.

സഹിക്കാന്‍ ബുദ്ധിമുട്ടുള്ളതു് (ദുഃഖത്തോടുകൂടി സഹിക്കാവുന്നതു്) ദുസ്സഹം. സഹിക്കാന്‍ കഴിയാത്തതു് അസഹ്യം.

2005-ല്‍ അമേരിക്കയുടെ വടക്കുപടിഞ്ഞാറേ കോണിലുള്ള പോര്‍ട്ട്‌ലാന്‍ഡ് എന്ന കൊച്ചുപട്ടണത്തിലെ സാധുക്കളായ മലയാളികള്‍ക്കു് ഇതുപോലെ ഒരു പീഡനം സഹിക്കേണ്ടി വന്നു.

പോര്‍ട്ട്‌ലാന്‍ഡില്‍ വളരെക്കുറച്ചു മലയാളികളേ ഉള്ളൂ. ഉള്ളവര്‍ വളരെ യോജിപ്പിലും രമ്യതയിലുമാണു കഴിയുന്നതു്. ഒരു മലയാളി സംഘടനയേ ഉള്ളൂ-സ്വരം. (SWORAM: Southwest Washington and Oregon Association of Malayalees) കൊല്ലത്തിലൊരിക്കല്‍ രണ്ടുമൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു കലാസായാഹ്നം അതിന്റെ ആഭിമുഖ്യത്തില്‍ നടത്താറുണ്ടു്.

പ്രധാനമായും കുട്ടികളുടെ കലാപരിപാടികളാണു് അവിടെ അരങ്ങേറുന്നതു്. ഒന്നു-രണ്ടു വയസ്സുള്ള കുട്ടികളുടെ ഫാന്‍സിഡ്രെസ്, രണ്ടു-മൂന്നു വയസ്സുള്ളവരുടെ പാട്ടു്, മൂന്നു-നാലു വയസ്സുള്ളവരുടെ കുഞ്ഞുഡാന്‍സ്, അതിനു മുകളിലുള്ളവരുടെ വലിയ ഡാന്‍സ്, സ്കിറ്റ്, പ്രസംഗം, മാജിക് ഷോ തുടങ്ങിയ വിവിധപരിപാടികള്‍. പെര്‍ഫോമന്‍സ് എങ്ങനെയായാലും ഒരു കുട്ടിയെയും അവിടെ പങ്കെടുപ്പിക്കാതിരിക്കില്ല.

ബാക്കിയുള്ള സമയത്താണു് മുതിര്‍ന്നവരുടെ പരിപാടികള്‍. പാട്ടു്, പലതരം ഡാന്‍സുകള്‍, ഗ്രൂപ്പ് സോംഗ് എന്നിവയാണു് പ്രധാന ഇനങ്ങള്‍. മിക്കവാറും സ്ത്രീകള്‍ അവതരിപ്പിക്കുന്നവ. ധാരാളം നല്ല കലാകാരികള്‍ പോര്‍ട്ട്‌ലാന്‍ഡിലുണ്ടു്. ചെറുപ്പം മുതലേ നൃത്തവും സംഗീതവും അഭ്യസിച്ചവര്‍, അഭ്യസിപ്പിക്കുന്നവര്‍, കലാബോധമുള്ളവര്‍, കലാതിലകവും മറ്റും ആയിട്ടുള്ളവര്‍, കലയോടു് ഒടുങ്ങാത്ത താത്പര്യമുള്ളവര്‍ അങ്ങനെ ഒരുപാടു പേര്‍.

ഇതിനു നേരേ വിപരീതമാണു് പുരുഷന്മാര്‍. അമ്പത്താറുകളി, വെള്ളമടി, സ്റ്റോക്ക് മാര്‍ക്കറ്റ്, ഇലക്ട്രോണിക് സാധനങ്ങളുടെ ക്രയവിക്രയം തുടങ്ങിയ കലാപരിപാടികളില്‍ നിഷ്ണാതരാണെങ്കിലും പാട്ടു്, കൂത്തു്, സ്കിറ്റ് തുടങ്ങിയ സംഭവങ്ങളുടെ ഏഴയലത്തുകൂടിപ്പോലും ഈ പുരുഷകേസരികള്‍ പോകാറില്ല.

ആകെ പുരുഷന്മാര്‍ കൂടുന്ന പരിപാടി ഗ്രൂപ്പ് സോംഗ് ആണു്. പക്ഷേ, പെണ്ണുങ്ങളുടെ പിച്ച് വളരെ വലുതായതിനാല്‍ ആണുങ്ങള്‍ ചുണ്ടനക്കുന്നതല്ലാതെ ശബ്ദം പുറപ്പെടുവിക്കുന്നതു പലപ്പോഴും കേള്‍ക്കാറില്ല. ഇവരൊന്നും ഒറ്റയ്ക്കൊരു പാട്ടുപാടി ആരും കേട്ടിട്ടുമില്ല.

പോര്‍ട്ട്‌ലാന്‍ഡിലെ തരുണീമണികള്‍ വ്യസനാക്രാന്തരായി. എന്തെങ്കിലും ഒരു സ്കിറ്റോ മിമിക്രിയോ ഒപ്പനയോ വല്ലതും അവതരിപ്പിക്കണമെന്നു് അവര്‍ കേണപേക്ഷിക്കാന്‍ തുടങ്ങിയിട്ടു കൊല്ലം കുറേയായി. നോ രക്ഷ!

അങ്ങനെയിരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍, പോര്‍ട്ട്‌ലാന്‍ഡിലെ പ്രധാന കലാകാരിയും ഓര്‍ഗനൈസറുമായ മിനി, എന്തോ പരദൂഷണം പറഞ്ഞുകൊണ്ടിരുന്ന രാജേഷ് വര്‍മ്മയുടെയും എന്റെയും അടുത്തെത്തി.

“രാജേഷ് ഒരു കലാകാരനാണെന്നു കേട്ടിട്ടുണ്ടല്ലോ. എന്തെങ്കിലും ഒരു പ്രോഗ്രാം…”

ബെസ്റ്റ്! രാജേഷിനെ ആരെങ്കിലും കലാകാരന്‍ എന്നു വിളിച്ചിട്ടുണ്ടെങ്കില്‍ അതു കലത്തിന്റെ ആകാരമുള്ളവന്‍ എന്ന അര്‍ത്ഥത്തിലാണു്. വേറേ എന്തൊക്കെ വിളിച്ചാലും രാജേഷിനെ കലാകാരന്‍ എന്നു് അദ്ദേഹത്തിന്റെ ഭാര്യയായ ബിന്ദു പോലും കരുതുന്നില്ല. പണ്ടു് കൊല്ലം ടി. കെ. എം. എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ട്ട്സ് ക്ലബ് സെക്രട്ടറിയായതു നമ്മുടെ സുധാകരന്‍ ദേവസ്വം ബോര്‍ഡ് മന്ത്രിയായതുപോലെ മാത്രമേ ഉള്ളൂ.

“അയ്യോ, ഞാന്‍ എന്തു ചെയ്യാന്‍? സ്റ്റേജില്‍ കയറിയാല്‍ എനിക്കു തല കറങ്ങും…” എന്നു രാജേഷ്.

“ഒറ്റയ്ക്കു വേണ്ടാ. നിങ്ങള്‍ രണ്ടു പേരും കൂടി മതി. നിങ്ങളെന്തോ മലയാളം എഴുത്തുകാരോ മറ്റോ ആണെന്നു് ആരോ പറഞ്ഞു കേട്ടു…”

ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും അന്നേ ബ്ലോഗുണ്ടു്. എന്നാലും അതൊന്നും നാട്ടുകാര്‍ അറിഞ്ഞിട്ടില്ല. ഇതു വേറേ ഏതോ കേട്ടുകേള്‍വിയാണു്.

“ഞങ്ങള്‍ക്കു രണ്ടു പേരും കൂടിയോ? വേണമെങ്കില്‍ അക്ഷരശ്ലോകം ചൊല്ലാം,” ഞാന്‍ പറഞ്ഞു.

“വേണമെങ്കില്‍ ഞങ്ങള്‍ വെള്ളമടിച്ചു പൂസായി മുണ്ടു പറിച്ചു തലയില്‍ കെട്ടി സ്റ്റേജിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാം” എന്നു പറയുന്നതില്‍ കൂടുതല്‍ വിലയൊന്നും ഈ പ്രസ്താവനയ്ക്കു കൊടുക്കില്ല എന്നാണു ഞാന്‍ കരുതിയതു്. പക്ഷേ, പിന്നീടു് പരിപാടിയുടെ ലിസ്റ്റ് ഈ-മെയിലായി വന്നപ്പോള്‍ ഞാന്‍ ഞെട്ടി. ദാ കിടക്കുന്നു-“അക്ഷരശ്ലോകം: രാജേഷ് വര്‍മ്മ & ഉമേഷ് നായര്‍”!

രാജേഷിനെ വിളിച്ചു.

“ഡോ, ആ മിനിയെ വിളിച്ചു പറ, അക്ഷരശ്ലോകം എടുത്തു മാറ്റാന്‍…”

“അതെന്തിനാ? എന്റെ ജീവിതാഭിലാഷങ്ങള്‍ രണ്ടെണ്ണമാണു സഫലമാകുന്നതു്. ഒന്നു് സ്റ്റേജില്‍ കയറുക എന്നതു്. മറ്റേതു് അക്ഷരശ്ലോകം ചൊല്ലുക എന്നതു്…”


അക്ഷരശ്ലോകം രാജേഷിന്റെ എന്നത്തേയും ജീവിതാഭിലാഷമായിരുന്നു. പക്ഷേ ജനിച്ചതു് സുവിശേഷപ്രസംഗങ്ങളുടെയും റബ്ബര്‍ കൃഷിയുടെയും നാടായ തിരുവല്ലയില്‍ ആയിപ്പോയി. അക്ഷരശ്ലോകം പോയിട്ടു് അക്ഷരമറിയാവുന്നവരെ കണ്ടുകിട്ടാന്‍ വിഷമമുള്ള സ്ഥലം. “അപ്പയ്യാഖ്യന്‍ പടി കുവലയാനന്ദമുണ്ടാക്കിടുന്നോര്‍” എന്നൊക്കെ മഹാകവി ഉള്ളൂര്‍ പറഞ്ഞിട്ടുണ്ടെങ്കിലും, തിരുവല്ലക്കാരുടെ സാഹിത്യകൌതുകം മെഴുവേലി ബാബുവിനു് അപ്പുറത്തേയ്ക്കു പോയിരുന്നില്ല.

രാജേഷ് വിവാഹം കഴിച്ച ബിന്ദു പൂര്‍വ്വാശ്രമത്തില്‍ ഒരു അക്ഷരശ്ലോകബാലതാരമായിരുന്നു. പക്ഷേ ശ്ലോകം ചൊല്ലാനുള്ള രാജേഷിന്റെ അപേക്ഷയൊക്കെ ആ സാദ്ധ്വി നിഷ്കരുണം തള്ളിക്കളയുകയാണുണ്ടായതു്.

വളരെയധികം വിരളമായി മാത്രം കണ്ടുവരുന്ന ഒരു വിശിഷ്ടദാമ്പത്യമാണു് രാജേഷിന്റെയും ബിന്ദുവിന്റെയും. “അച്ചിയ്ക്കു് ഇഞ്ചി പക്ഷം, നായര്‍ക്കു് കൊഞ്ചു പക്ഷം” എന്നാണല്ലോ ചൊല്ലു്. (“ഇഞ്ചിപക്ഷം” എന്നു വെച്ചാല്‍ ഇഞ്ചി എന്ന ഭക്ഷണസാധനം ഇഷ്ടമാണു് എന്നാണു് അര്‍ത്ഥം, ഇഞ്ചിപ്പെണ്ണിന്റെ പക്ഷം ചേര്‍ന്നു് ബ്ലോഗ് കറുപ്പിക്കും എന്നല്ല.) എന്നാല്‍ ഇവരുടെ കാര്യത്തില്‍ “വര്‍മ്മയ്ക്കു് എരിശ്ശേരി പക്ഷം, വര്‍മ്മണിയ്ക്കും എരിശ്ശേരി പക്ഷം” എന്നാണു്. സമാനമായ ഇഷ്ടങ്ങളും അഭിരുചികളും സ്വഭാവങ്ങളും ഉള്ള ദമ്പതികളെ ഇതുപോലെ ഞാന്‍ എങ്ങും കണ്ടിട്ടില്ല. ഒരാള്‍ക്കു് താത്പര്യമുള്ളതും മറ്റേയാള്‍ക്കു് താത്പര്യമില്ലാത്തതുമായ ഒരു സാധനം പോലും സൂര്യനു താഴെയില്ല.

ഇങ്ങനെ പറഞ്ഞതുകൊണ്ടു് രണ്ടുപേരും എല്ലാ കാര്യങ്ങളും കൂട്ടായി, സഹകരിച്ചു്, ഒന്നിച്ചാണു ചെയ്യുന്നതു് എന്നു് ആരും സംശയിച്ചു പോകരുതു്. രണ്ടുപേരും ഒന്നിച്ചു് ഒരു സിനിമ പോലും കാണുന്നതോ ചായ കുടിക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല.

സിനിമയെപ്പറ്റി പറഞ്ഞാല്‍ പറയാന്‍ ഒരുപാടു കഥകളുണ്ടു്.

പണ്ടു്, രാജേഷ് ബിന്ദുവിനെ പെണ്ണുകാണാന്‍ പോയ സമയം. പതിവുള്ള ചായകുടിക്കും ബിസ്കറ്റുതീറ്റിക്കും ശേഷം രണ്ടുപേര്‍ക്കും എന്തെങ്കിലും ചോദിച്ചുപറഞ്ഞിരിക്കാന്‍ ബന്ധുക്കള്‍ അണിയറയിലേയ്ക്കു നിഷ്കാസനം ചെയ്തതിനു ശേഷമുള്ള സുരഭിലമുഹൂര്‍ത്തം. “മൈ നെയിം ഈസ് വര്‍മ്മ, രാജേഷ് വര്‍മ്മ”, “ബിന്ദുവിന്റെ പേരെന്താ?” തുടങ്ങിയ സ്ഥിരം ഡയലോഗുകള്‍ക്കു ശേഷം രാജേഷ് ചോദിച്ചു:

“ഭവതിയ്ക്കു് സിനിമാ കാണാന്‍ ഇഷ്ടമാണോ?”

“പിന്നേ, ഒരുപാടു് ഇഷ്ടമാണു്”

“ഞാന്‍ ആഴ്ചയില്‍ ഒരു സിനിമയെങ്കിലും തീയേറ്ററില്‍ പോയി കാണും. മിക്കവാറും ആഴ്ചയില്‍ രണ്ടുമൂന്നെണ്ണം. പിന്നെ വീട്ടില്‍ കാസറ്റ് എടുത്തും കാണും. ഡെയിലി.”

ബിന്ദു ആനന്ദതുന്ദിലയായി. ഇതില്‍പ്പരം സന്തോഷമുണ്ടാകാനുണ്ടോ? “വിവാഹനാളണയുവാന്‍ നേര്‍ച്ച നേര്‍ന്നു്” കാത്തിരുന്ന അവള്‍ക്കു് ഓരോ നിമിഷവും ഓരോ യുഗം പോലെ അനുഭവപ്പെട്ടു. സാധാരണ പെണ്‍കുട്ടികള്‍ക്കു വിവാഹത്തിനു ശേഷമുള്ള സ്വപ്നങ്ങളൊന്നുമായിരുന്നില്ല ബിന്ദുവിനു്. ദിവസവും സിനിമയ്ക്കു പോകുന്നതിനെപ്പറ്റിയാണു് തത്രഭവതി സ്വപ്നം കണ്ടതു്.

കല്യാണം കഴിഞ്ഞു പോര്‍ട്ട്‌ലാന്‍ഡില്‍ എത്തിയതിന്റെ പിറ്റേദിവസം രാജേഷ് പറഞ്ഞു, “വരൂ പ്രിയേ, നമുക്കൊരു സിനിമ കാണാന്‍ പോകാം. വളരെ നല്ല ഒരു സിനിമ ഉണ്ടു്.”

ആ പാവം വനിത, ആ ഗൃഹലക്ഷ്മി, ആ മഹിളാരത്നം ഉടുത്തൊരുങ്ങി കാന്തനോടൊത്തു പുറപ്പെട്ടു. (ഈ പ്രയോഗത്തിനു് രാജേഷ് വര്‍മ്മയോടു തന്നെ കടപ്പാടു്.)

ബിന്ദുവിന്റെ മാതാപിതാക്കള്‍ കണ്ടുമുട്ടുന്നതിനു് ഒന്നര ദശാബ്ദം മുമ്പു് ജാപ്പനീസ് ഭാഷയില്‍ നിര്‍മ്മിച്ച ഒരു ബ്ലായ്ക്ക് ആന്‍ഡ് വൈറ്റ് സിനിമയായിരുന്നു അന്നു് – Tôkyô monogatari (Tokyo Story). ദാമ്പത്യജീവിതം തുടങ്ങുന്നവര്‍ക്കു പറ്റിയ പടം. ഒരു വല്യപ്പനും വല്യമ്മയും കൂടി മക്കളെയും കൊച്ചുമക്കളെയും കാണാന്‍ പോകുന്നു. അവരുടെ ജീവിതം കണ്ടിട്ടു തങ്ങള്‍ കല്യാണം കഴിച്ചതെന്തിനു് എന്നു് അവര്‍ സ്വയം ചോദിക്കുന്നു. ഭാഷ അറിയാത്തതുകൊണ്ടും ഇരുപതു മിനിട്ടിനു ശേഷം ഉറങ്ങിപ്പോയതുകൊണ്ടും സിനിമയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ടു് വിവാഹജീവിതമേ ഉപേക്ഷിക്കാന്‍ ബിന്ദു തയ്യാറായില്ല എന്നതു ഭാഗ്യം!

അടുത്ത ദിവസം സിനിമയ്ക്കു പോകാന്‍ അത്ര താത്പര്യമുണ്ടായിരുന്നില്ല. എങ്കിലും ആയിടെ ഇറങ്ങിയ ഒരു കളര്‍സിനിമയാണെന്നു പറഞ്ഞതുകൊണ്ടു പോയി. കളര്‍ തന്നെ. ഇറാനിയന്‍ പടം. Ta’m e guilass (The taste of cherry). ആദി മുതല്‍ അവസാനം വരെ ബിന്ദു അതു കണ്ണു മിഴിച്ചിരുന്നു കണ്ടെങ്കിലും ഒന്നും മനസ്സിലായില്ല. ഒരുത്തന്‍ ഒരു വണ്ടിയില്‍ പോകുന്നു. ഇടയ്ക്ക് നിര്‍ത്തി ചിലരോട് എന്തോ ചോദിക്കുന്നു. ഒടുക്കം, സിനിമാ നടനും സംവിധായകനും ക്യാമറാമാനും എല്ലാം കൂടി പായ്ക്കപ്പ് ചെയ്ത് പോകുന്നു. ഇതെന്തൊരു കുന്തം?

മടങ്ങി വരുന്ന സമയത്തു രാജേഷ് സിനിമയെപ്പറ്റി വാ തോരാതെ സംസാരിച്ചു. സിനിമയിലെ നായകന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണു്. അയാളെ കുഴി വെട്ടി മൂടാന്‍ തയ്യാറുള്ള ഒരു സഹായിയെ അന്വേഷിച്ചു നടപ്പാണു്. അവസാനം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു പരിചയമുള്ള ഒരു വല്യപ്പനെ കിട്ടി. രണ്ടു പേരും കൂടി ജീവിതത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റിയും ആത്മഹത്യയുടെ സാങ്കേതികവശങ്ങളെപ്പറ്റിയും പറ്റി സിനിമ മുഴുവന്‍ വിശകലനം ചെയ്യുന്നു. ക്ലാസ് പടം!

മൂന്നാം ദിവസം ബിന്ദുവിനെ സിനിമയ്ക്കു കൊണ്ടുപോകാന്‍ രാജേഷിനു ബലം പ്രയോഗിക്കേണ്ടി വന്നു. ബെര്‍ഗ്മാന്‍ എന്ന സംവിധായകന്റെ സിനിമയാണെന്നു കേട്ടപ്പോള്‍ പാതിമനസ്സോടെ പോയതാണു്. ഇങ്ങേര്‍ അസാദ്ധ്യസംവിധായകനാണെന്നു് അച്ഛന്‍ വീട്ടില്‍ വരുത്തുന്ന “കലാകൌമുദി”യിലോ മറ്റോ ബിന്ദു കണ്ടിട്ടുണ്ടു്. പിന്നെ ഭാഷ സ്വീഡിഷും ലാറ്റിനും ആണു്. മലയാളിക്കു തമിഴും സംസ്കൃതവും മനസ്സിലാകുന്നതുപോലെ ഇംഗ്ലീഷ് അറിയാവുന്നവനു് ആ ഭാഷകളും മനസ്സിലാവും എന്നാണു രാജേഷ് പറഞ്ഞതു്.

Sjunde inseglet, Det (The seventh seal). സംഭവം വീണ്ടും ബ്ലായ്ക്ക് ആന്‍ഡ് വൈറ്റ്. മധുവിധു കഴിയുന്നതിനു മുമ്പു് താന്‍ വര്‍ണ്ണാന്ധയായിപ്പോകുമോ എന്നു ബിന്ദുവിനു ഭയമായി. സിനിമ മുഴുവന്‍ ചെസ്സുകളിയാണു്. ഒരു പഴയ മാടമ്പിയും മരണവും തമ്മിലുള്ള ചെസ്സുകളി. തീയേറ്ററിന്റെ നാലഞ്ചു മൂലകളില്‍ കഷണ്ടിക്കാരന്റെ ചെവിക്കു കീഴിലെ മുടിപോലെ ഇരുന്ന ആളുകള്‍ ഓരോ ഡയലോഗിനും കൈയടിച്ചുകൊണ്ടിരുന്നു. മലയാളിക്കു് തമിഴും സംസ്കൃതവും തീരെ മനസ്സിലാകില്ല എന്നു് അന്നു ബിന്ദുവിനു മനസ്സിലായി.

അടുത്ത ദിവസം ബിന്ദു പറഞ്ഞു, “ഇനി മുതല്‍ സിനിമയ്ക്കു് ആര്യപുത്രന്‍ ഒറ്റയ്ക്കു പോയാല്‍ മതി. ഞാന്‍ ടീവിയിലെ സോപ്പ് ഓപ്പറാ സീരിയല്‍ കില്ലറുകള്‍ കണ്ടു ശിഷ്ടകാലം തള്ളിനീക്കിക്കൊള്ളാം.”

പിന്നീടു് അവര്‍ ഒന്നിച്ചു സിനിമാ കാണാറില്ല. ഇടയ്ക്കിടെ വീഡിയോ സ്റ്റോറില്‍ നിന്നു മലയാളം ഡീവീഡികള്‍ എടുക്കും. രാജേഷ് ഓഫീസില്‍ നിന്നു വരുന്നതിനു മുമ്പു് ബിന്ദു അവ കണ്ടുതീര്‍ക്കും. ബിന്ദു ഉറങ്ങിക്കഴിഞ്ഞതിനു ശേഷം രാജേഷ് രാത്രിയിലിരുന്നു് അവ കാണും. എന്തായാലും രണ്ടുപേര്‍ക്കും സിനിമാ കാണാന്‍ വളരെ ഇഷ്ടമാണു്.

പിന്നെ അവര്‍ ഒന്നിച്ചിരുന്നു് ഒരു സിനിമാ കണ്ടതു് ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ബന്ധുക്കളൊക്കെക്കൂടി പിടിച്ചു വലിച്ചു് “ഉദയനാണു താരം” കാണാന്‍ പോയപ്പോഴാണു്. അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു സിനിമാ കാണാന്‍ പോകാം എന്ന രാജേഷിന്റെ നിര്‍ദ്ദേശം ഒന്നിനെതിരേ പതിനേഴു വോട്ടുകള്‍ക്കു തള്ളിപ്പോയി.

സിനിമ പോലെ തന്നെയാണു് ബാക്കി എല്ലാ കാര്യങ്ങളും. എക്സര്‍സൈസ്, സൈക്കിള്‍ ചവിട്ടല്‍, പരദൂഷണം പറയല്‍, മരം കയറല്‍, ചായ കുടിക്കല്‍, വില പേശല്‍, കുട്ടിയോടൊത്തു കളിക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളും രണ്ടു പേര്‍ക്കും താത്പര്യമുള്ളവ തന്നെ. എങ്കിലും ഒരേ സമയത്തു ചെയ്യില്ല. ആരെങ്കിലും ഒരു തമാശ പറഞ്ഞാല്‍ പോലും രാജേഷ് ചിരി നിര്‍ത്തിക്കഴിഞ്ഞിട്ടേ ബിന്ദു ചിരി തുടങ്ങുകയുള്ളൂ.

അക്ഷരശ്ലോകത്തിന്റെ കാര്യവും അങ്ങനെ തന്നെ. ഞാന്‍ രാജേഷിന്റെ കൂടെയും ബിന്ദുവിന്റെ കൂടെയും ശ്ലോകം ചൊല്ലിയിട്ടുണ്ടു്. ഇതു വരെ, രണ്ടു പേരോടുമൊത്തു ചൊല്ലിയിട്ടില്ല.


പീഡനത്തിന്റെ കഥ പറഞ്ഞുവന്നു് സംഗതി വ്യക്തിപീഡനമായിപ്പോയി. (കേരള്‍സ്.കോമിനെ കൈകാര്യം ചെയ്തതിന്റെ ഹാങ്ങോവറായിരിക്കാം.) എന്റെയൊരു കാര്യം! കഥയിലേക്കു തിരിച്ചുവരുന്നു.

അങ്ങനെ, സ്വരത്തിന്റെ കലാസായാഹ്നത്തില്‍ ഞാനും രാജേഷ് വര്‍മ്മയും കൂടി അക്ഷരശ്ലോകം അവതരിപ്പിക്കാന്‍ തീരുമാനമായി. (ബിന്ദുവിനെയും വിളിച്ചു. വന്നില്ല. രാജേഷ് ഇല്ലെങ്കില്‍ കൂടാം എന്നു പറഞ്ഞു.) ഇനി മനുഷ്യര്‍ അക്രമാസക്തരാകാത്ത വിധത്തില്‍ ഇതു് എങ്ങനെ അവതരിപ്പിക്കും എന്നതായി ചിന്ത. സ്റ്റേജില്‍ കയറി അപ്പോള്‍ തോന്നുന്ന ശ്ലോകങ്ങള്‍ ചൊല്ലണ്ടാ എന്നു തീരുമാനിച്ചു. പകരം, ഏതൊക്കെ ശ്ലോകങ്ങളാണു ചൊല്ലേണ്ടതു് എന്നു നേരത്തേ ഒരു ധാരണയുമായി പോകാന്‍ ധാരണയായി. ഞങ്ങള്‍ രണ്ടുപേരും കൂടി കുറേ തല്ലുകൂടി അവസാനം 11 ശ്ലോകങ്ങള്‍ തിരഞ്ഞെടുത്തു. താഴെപ്പറയുന്ന പ്രത്യേകതകള്‍ ഉള്ളവയായിരുന്നു ഈ ശ്ലോകങ്ങള്‍.

  • മലയാളശ്ലോകങ്ങള്‍ മാത്രം. ശുദ്ധസംസ്കൃതം കേട്ടാല്‍ ആളുകള്‍ക്കു ബോധം പോയാലോ?
  • തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഞാന്‍ ആയിരിക്കും. ഞാന്‍ 6 ശ്ലോകം. രാജേഷ് 5 ശ്ലോകം.
  • പല വൃത്തങ്ങള്‍ ഉപയോഗിക്കും. ഞാന്‍ ചൊല്ലുന്ന വൃത്തത്തില്‍ത്തന്നെ രാജേഷ് തുടരും. പ്രാസം, ഭാവം തുടങ്ങി ഞാന്‍ ചൊല്ലുന്ന ശ്ലോകങ്ങള്‍ക്കുള്ള പ്രത്യേകതകളുള്ള ശ്ലോകങ്ങളായിരിക്കും രാജേഷ് തുടര്‍ന്നു ചൊല്ലുന്നതു്.
    അക്ഷരം മുട്ടിക്കുന്ന ക്രൂരവിനോദമല്ല അക്ഷരശ്ലോകം, പിന്നെയോ, ഭാവത്തിനനുസൃതമായി താദാത്മ്യം പ്രാപിക്കുന്ന അമൂര്‍ത്തവും അനവദ്യവുമായ അസാദ്ധ്യകലയാണു് എന്നു ചൂണ്ടിക്കാട്ടുകയായിരുന്നു ലക്ഷ്യം. എന്തു ചെയ്യാന്‍, ചീറ്റിപ്പോയി!
  • മൂന്നാമത്തെ വരി എവിടെയാണു തുടങ്ങുന്നതെന്നു കേള്‍വിക്കാര്‍ക്കു മനസ്സിലാകാന്‍ മൂന്നാം വരി തുടങ്ങുന്നതിനു തൊട്ടു മുമ്പു് ശ്ലോകം ചൊല്ലാത്ത ആള്‍ ഒരു ആംഗ്യം കാണിക്കും.
    ഇതും ചീറ്റിപ്പോയി. അവിടെ ചെന്നപ്പോള്‍ അതൊക്കെ മറന്നു പോയി. ഞാന്‍ ഇടയ്ക്കിടെ ഗോഷ്ടി കാണിക്കുന്നതു് ഇതാണെന്നു മനസ്സിലാക്കുക.

ഇതൊക്കെ പാലിച്ചു് ഞങ്ങള്‍ അവതരിപ്പിച്ച അക്ഷരശ്ലോകപരിപാടി താഴെക്കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണുകയും കേള്‍ക്കുകയും ചെയ്യാം.

മുന്നറിയിപ്പു്:

ഈ വീഡിയോ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതു് നിങ്ങളുടെ സ്വന്തം റിസ്കില്‍ ആണു്. അതു വല്ലതും ചെയ്തിട്ടു് ചെവിക്കല്ലു പൊട്ടുക, ബുദ്ധിസ്ഥിരത നശിക്കുക, അക്രമാസക്തി ഉണ്ടാവുക, സീരിയല്‍ കില്ലര്‍ ആവുക, വിഷാദരോഗം വരുക, ബ്ലോഗ് കറുപ്പിക്കുക, അനോണിയാവുക, കോമ സംഭവിക്കുക തുടങ്ങി ശാരീരികമോ മാനസികമോ രണ്ടും കൂടിയതോ ആയ വൈകല്യങ്ങള്‍ സംഭവിച്ചാല്‍ ഞാനോ രാജേഷ് വര്‍മ്മയോ യൂട്യൂബോ ഗൂഗിളോ വേര്‍ഡ്പ്രെസ്സോ എന്റെ ഹോസ്റ്റിംഗ് കമ്പനിയോ അഗ്രിഗേറ്ററുകളോ ഈ പോസ്റ്റ് ഇനി അടിച്ചുമാറ്റിയേക്കാവുന്ന കോരല്‍‌സ് കമ്പനികളോ ഉത്തരവാദികളല്ല.

(ഇവിടെ കാണാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇവിടെ നിന്നു കാണുക.)


ഈ പ്രോഗ്രാമിനെപ്പറ്റി രാജേഷ് പറയുന്നതു കേള്‍ക്കുക. അക്ഷരശ്ലോകം ഗ്രൂപ്പിലേയ്ക്കു് അദ്ദേഹമയച്ച മെയില്‍ നിന്നു്:

The crowd here in Portland has a large number of Malayalees who were born and brought up outside Kerala. When it is a torture for even an average Malayalee to sit through 7 minutes of Slokam recitation, need we say about these wretched souls? As soon as our performance started, people started showing signs of pain. Little babies started crying and I could hear some grown-ups groaning in agony. People were not prepared for this, so they were so shocked that they could not even get up and leave the auditorium. A few people with hypertension and diabetes even fainted. Needless to say, it was a lot of fun for us, the participants. There is nothing I enjoy more than reciting Slokams, but it is all the more enjoyable when you are inflicting suffering on others. You can try this at your local gatherings also.

If any of the people in the audience were prepared with weapons, I wouldn’t be here now to tell you the story. But, luckily for us, they were not. But, that is the kind of risk you take when you want to propagate unpopular things that are dear to your heart. The following lines from a Slokam recited in our e-sadass (#546) gave me the courage to do this:

ശ്ലോകമോതി മരണം വരിക്കിലോ
നാകലോകമവനാണു നിര്‍ണ്ണയം.


ദോഷം പറരുതല്ലോ. പ്രോഗ്രാമിനു ശേഷം പ്രേക്ഷകരില്‍ നിന്നു നല്ല പ്രതികരണമാണു കിട്ടിയതു്. ചില പ്രതികരണങ്ങള്‍:

  1. ഒറ്റയ്ക്കു ചെയ്യാന്‍ ധൈര്യമില്ലാത്തതു കൊണ്ടായിരിക്കും രണ്ടു പേര്‍ കൂടി ചെയ്തതു്, അല്ലേ?
  2. ഈ ഗോമ്പറ്റീഷനില്‍ ആരാ ജയിച്ചതു്?
  3. നിങ്ങളുടെ മിമിക്രി കൊള്ളാമായിരുന്നു. ശ്ലോകം ചൊല്ലുന്നവരെ ശരിക്കു കളിയാക്കി!
  4. ഡാന്‍സുകാര്‍ക്കു തുണി മാറാന്‍ ഏഴു മിനിറ്റു സമയം വേണമെങ്കില്‍ അതു പറഞ്ഞാല്‍ പോരായിരുന്നോ? ഇങ്ങനെ ഞങ്ങളെ പീഡിപ്പിക്കണമായിരുന്നോ?
  5. ഇതു ഞാന്‍ കൊച്ചിലേ മുതല്‍ കേള്‍ക്കുന്നതാ. എന്റെ രണ്ടമ്മാവന്മാര്‍ ഇതില്‍ എക്സ്പേര്‍ട്ട്സായിരുന്നു. ഒരാള്‍ മൃദംഗത്തിലും മറ്റേയാള്‍ വയലിനിലും.
  6. മുഴുവന്‍ സംസ്കൃതമായതുകൊണ്ടു് എനിക്കെല്ലാം മനസ്സിലായി. ഞാന്‍ ആറു കൊല്ലം സംസ്കൃതം പഠിച്ചിട്ടുണ്ടു്.

ഈ അക്ഷരശ്ലോകം എന്നു പറയുന്നതു് കുച്ചിപ്പുഡി പോലെ എന്തോ ഒരു സാധനമാണെന്നു കരുതിയാണു് ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും ഇതിന്റെ പടമെടുത്തതു്. ഡീവീഡി ഉണ്ടാക്കിക്കഴിഞ്ഞപ്പോഴാണു് പറ്റിയ അബദ്ധം മനസ്സിലായതു്. പിന്നീടു് ഡീവീഡി പുനഃപ്രകാശനം ചെയ്തപ്പോള്‍ അതില്‍ നിന്നു് അക്ഷരശ്ലോകം വെട്ടിമാറ്റിയിരുന്നു.

ഏതായാലും അഞ്ചു കൊല്ലത്തേയ്ക്കു സ്റ്റേജില്‍ കയറിപ്പോകരുതു് എന്നു് എനിക്കും രാജേഷിനും വിലക്കു കിട്ടി. സ്റ്റേജില്‍ കയറുന്നതു് ഒരു വീക്ക്‍നെസ്സായതുകൊണ്ടു് ഞാന്‍ നാടു വിട്ടു കാലിഫോര്‍ണിയയ്ക്കു പോന്നു. വളരെയധികം അപേക്ഷകള്‍ക്കു ശേഷം (അതിനു വേണ്ടി എന്നെ തള്ളിപ്പറയുക വരെ ചെയ്തു) രാജേഷിനെ ഇപ്പോള്‍ സ്റ്റേജില്‍ കയറാന്‍ സമ്മതിച്ചു. അടുത്ത പ്രോഗ്രാമിനു കര്‍ട്ടന്‍ വലിക്കാന്‍ താന്‍ സ്റ്റേജില്‍ കയറുന്നുണ്ടെന്നു രാജേഷ് അത്യാഹ്ലാദത്തോടെ ഈയിടെ പറഞ്ഞു.

എന്തൊക്കെ പറഞ്ഞാലും പോര്‍ട്ട്‌ലാന്‍ഡിലെ അമ്മമാര്‍ ഞങ്ങളോടു് കൃതജ്ഞരാണു്. “ദാ, അക്ഷരശ്ലോകം ചൊല്ലുന്ന അങ്കിളുമാരെ വിളിക്കും” എന്നു പറഞ്ഞാണു് അവര്‍ കുട്ടികളെ അനുസരിപ്പിക്കുന്നതും ഉറക്കുന്നതും.


ഇതില്‍ ചൊല്ലിയ ശ്ലോകങ്ങള്‍ കിട്ടണമെന്നു് ആഗ്രഹമുള്ളവര്‍ക്കായി അവ താഴെച്ചേര്‍ക്കുന്നു. നേരത്തേ തയ്യാറെടുത്തിരുന്നെങ്കിലും (ഞങ്ങള്‍ ഒന്നിച്ചിരുന്നു ചൊല്ലിനോക്കിയിരുന്നില്ല, ശ്ലോകങ്ങള്‍ തീരുമാനിച്ചതേ ഉള്ളൂ.) ചൊല്ലിയപ്പോള്‍ എനിക്കു മൂന്നിടത്തു തെറ്റുപറ്റി. രാജേഷ് തെറ്റൊന്നുമില്ലാതെ ഭംഗിയാക്കി.

  1. ചൊല്ലിയതു്: ഉമേഷ്, കവി: മഴമംഗലം, വൃത്തം: സ്രഗ്ദ്ധര
    അമ്പത്തൊന്നക്ഷരാളീകലിതതനുലതേ! വേദമാകുന്ന ശാഖി-
    ക്കൊമ്പത്തന്‍പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍കുഴമ്പേ!
    ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുകൃതോപാത്തസൌഭാഗ്യലക്ഷ്മീ-
    സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ!
  2. ചൊല്ലിയതു്: രാജേഷ്, കവി: ??, വൃത്തം: സ്രഗ്ദ്ധര
    ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുമനോവൃന്ദസങ്കീര്‍ത്തിതശ്രീ–
    സമ്പത്തിന്നീശ, തിങ്കള്‍ക്കല തിരുമുടിയില്‍ച്ചൂടിടും തമ്പുരാനേ!
    തന്‍ പാദം കുമ്പിടുന്നോര്‍ക്കഭിമതമരുളും പാര്‍വ്വതീകാന്ത, നീയെന്‍
    വന്‍പാപക്കെട്ടെരിച്ചീടുക, നിടിലമിഴിക്കോണിലാളുന്ന തീയില്‍.
  3. ചൊല്ലിയതു്: ഉമേഷ്, കവി: വി. കെ. ജി., വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
    തേടിത്തേടി നടന്നു കാലടി കഴയ്ക്കട്ടേ, ഭവത്കീര്‍ത്തനം
    പാടിപ്പാടി വരണ്ടൂണങ്ങുകിലുണങ്ങീടട്ടെ ജിഹ്വാഞ്ചലം
    കൂടെക്കൂടെ നടത്തുമര്‍ച്ചന തളര്‍ത്തീടട്ടെ കൈ രണ്ടു, മി-
    ക്കൂടാത്മാവു വെടിഞ്ഞിടും വരെ ഹരേ! നിന്നെ സ്മരിച്ചാവു ഞാന്‍!
  4. ചൊല്ലിയതു്: രാജേഷ്, കവി: വി. കെ. ജി., വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
    കാളിന്ദിപ്പുഴവക്കിലുണ്ടൊരരയാല്‍വൃക്ഷം, കണിക്കൊന്നയെ-
    ക്കാളും മഞ്ജുളമായ മഞ്ഞവസനം ചാര്‍ത്തുന്നൊരാളുണ്ടതില്‍,
    കാളാബ്ദാഞ്ചിതകോമളാകൃതികലാപാലംകൃതോഷ്ണീഷനാ-
    ണാ, ളെന്‍ നിര്‍ഭരഭാഗ്യമേ, മദനഗോപാലന്‍ മദാലംബനം!

  5. ചൊല്ലിയതു്: ഉമേഷ്, കവി: കേരളവര്‍മ്മ (മണിപ്രവാളശാകുന്തളം), വൃത്തം: കുസുമമഞ്ജരി
    കണ്ഠനാളമഴകില്‍ത്തിരിച്ചനുപദം രഥം പിറകില്‍ നോക്കിയും,
    കുണ്ഠനായ് ശരഭയേന പൃഷ്ഠമതു പൂര്‍വ്വകായഗതമാക്കിയും,
    ഇണ്ടല്‍ പൂണ്ടു വിവൃതാന്മുഖാല്‍ പഥി ചവച്ച ദര്‍ഭകള്‍ വമിക്കവേ
    കണ്ടു കൊള്‍ക, കുതികൊണ്ടു കിഞ്ചിദവനൌ ഭൃശം നഭസി ധാവതി.
  6. ചൊല്ലിയതു്: രാജേഷ്, കവി: കേരളവര്‍മ്മ (മണിപ്രവാളശാകുന്തളം), വൃത്തം: കുസുമമഞ്ജരി
    ഇല്ല നിങ്ങളെ നനച്ചിടാതെയൊരുനാളെവള്‍ക്കു ജലപാനവും,
    പല്ലവം തൊടുവതില്ലയേവളതണിഞ്ഞിടാന്‍ കൊതിയിരിയ്ക്കിലും,
    നല്ലൊരുത്സവമെവള്‍ക്കു നിങ്ങളുടെയാദ്യമായ കുസുമോദ്ഗമം,
    വല്ലഭന്റെ ഗൃഹമശ്ശകുന്തള ഗമിച്ചിടുന്നു വിട നല്‍കുവിന്‍!
  7. ചൊല്ലിയതു്: ഉമേഷ്, കവി: വി. കെ. ജി., വൃത്തം: സ്രഗ്ദ്ധര
    നോവിപ്പിക്കാതെ, ശസ്ത്രക്രിയകളുടെ സഹായങ്ങളില്ലാതെ, തിക്തം
    സേവിപ്പിക്കാതെ, പൂര്‍വ്വാര്‍ജ്ജിതകവനകലാബോധബീജാങ്കുരത്തെ
    ഭാവം നോക്കിത്തുടിപ്പി, ച്ചകമലര്‍ വികസിപ്പിച്ചു സഞ്ജാതമാക്കും
    പ്രാവീണ്യത്തിന്നു കേള്‍വിപ്പെടുമൊരു സുധിയാണക്ഷരശ്ലോകവൈദ്യന്‍!
  8. ചൊല്ലിയതു്: രാജേഷ്, കവി: ശീവൊള്ളി, വൃത്തം: സ്രഗ്ദ്ധര
    ഭക്തര്‍ക്കിഷ്ടം കൊടുക്കും ഭുവനജനനി, നിന്‍ ചെഞ്ചൊടിക്കും, ചൊടിക്കും
    ദൈത്യന്മാരെപ്പൊടിക്കും വിരുതിനു, മിരുളിന്‍ പേര്‍ മുടിക്കും മുടിക്കും,
    അത്താടിക്കും തടിക്കും രുചിയുടെ ലഹരിക്കുത്തടിക്കും തടിക്കും
    നിത്യം കൂപ്പാമടിക്കും, ഗണപതി വിടുവാനായ്‌ മടിക്കും മടിക്കും.
  9. ചൊല്ലിയതു്: ഉമേഷ്, കവി: ശങ്കുണ്ണിക്കുട്ടന്‍, വൃത്തം: സ്രഗ്ദ്ധര
    അശ്വത്ഥത്തിന്നിലയ്ക്കും തൊഴുക ശിശുനിലയ്ക്കും നിലയ്ക്കും നിലയ്ക്കും
    വിശ്വം താനാഹരിയ്ക്കും വ്രജഭുവി വിഹരിക്കും ഹരിക്കും ഹരിക്കും
    ശശ്വദ്ഭക്തങ്കലാപത്സമയമണികലാപത്കലാപത്കലാപത്‌-
    പാര്‍ശ്വം സ്വഃ പാദപായാസകരശുഭദ! പായാദപായദപായാഃ
  10. ചൊല്ലിയതു്: രാജേഷ്, കവി: ??, വൃത്തം: സ്രഗ്ദ്ധര
    ശര്‍മ്മത്തെസ്സല്‍ക്കരിക്കും ഗതിയെയനുകരിക്കും കരിക്കും കരിക്കും
    ദുര്‍മ്മത്തില്‍ ധൂര്‍ത്തുടയ്ക്കും കചഭരമതുടയ്ക്കും തുടയ്ക്കും തുടയ്ക്കും,
    നിര്‍മ്മായം സങ്കടത്തെക്കളയുക വികടത്തെക്കടത്തെക്കടല്‍ത്തെ-
    ന്നമ്മേ! കായംകലാശേ, കലിതതി സകലാശേ കലാശേ കലാശേ!
  11. ചൊല്ലിയതു്: ഉമേഷ്, കവി: ഉമേഷ്, വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
    നിത്യം ശ്ലോകസദസ്സിലോര്‍മ്മയെയരിച്ചത്യന്തഹൃദ്യങ്ങളാം
    പദ്യങ്ങള്‍ പരിചോടെടുത്തരുളിടും സ്തുത്യര്‍ഹരാം പണ്ഡിതര്‍
    മുക്തന്മാര്‍ മുനിമാരുമെന്നുമൊരുമിച്ചുള്‍ത്താരിലാശിച്ച പോ–
    ലെത്തുന്നൂ പരമം പദം സകലദം — സത്യം ശിവം സുന്ദരം!

കുറിപ്പുകള്‍, കടപ്പാടുകള്‍, ഡിസ്ക്ലൈമറുകള്‍:

  • പോസ്റ്റിന്റെ രസത്തിനു വേണ്ടി പല പൊടിപ്പും തൊങ്ങലും ചേര്‍ത്തിട്ടുണ്ടു്. അവയില്‍ പലതും സത്യവിരുദ്ധമാണു്. എന്‍. എസ്. മാധവനു ചെയ്യാമെങ്കില്‍ എനിക്കും ആയിക്കൂടേ?
  • പോര്‍ട്ട്‌ലാന്‍ഡിലെ പുരുഷന്മാരും കലാകാരന്മാരാണു്. ഗ്രൂപ്പ് സോംഗ് കൂടാതെ സ്കിറ്റ്, ഒപ്പന, മൈം, സോളോ സോംഗ്, ഡ്യുവറ്റ് സോംഗ്, കഥാപ്രസംഗം, മിമിക്രി, കവിതാപാരായണം തുടങ്ങി വിവിധകലകളില്‍ പ്രാവീണ്യം പ്രദര്‍ശിപ്പിച്ചിട്ടുള്ളവരാണു്. രാജേഷും ഒരു നല്ല നടനും സംവിധായകനുമാണു്.
  • രാജേഷും ബിന്ദുവും കൂടി സിനിമാ കാണാന്‍ പോയ കഥ നടന്നതു തന്നെയാണു്. സിനിമകള്‍ ഇവയായിരുന്നില്ല എന്നു മാത്രം. ഈ പോസ്റ്റിനു പറ്റിയ സിനിമകളുടെ ലിസ്റ്റ് തന്നു സഹായിച്ച രാജേഷ് വര്‍മ്മ (പാവം, തനിക്കുള്ള പാരയാണെന്നു് അറിഞ്ഞില്ല!), റോബി കുര്യന്‍ എന്നിവര്‍ക്കു നന്ദി.
  • തിരുവല്ലയില്‍ സാഹിത്യകുതുകികള്‍ ഇല്ലെന്നു പറഞ്ഞതു ശരിയല്ല. ജി. കുമാരപിള്ള, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയ കവികളുടെയും, എം. ജി. സോമന്‍, മീരാ ജാസ്മിന്‍, നയനതാര തുടങ്ങിയ സിനിമാതാരങ്ങളുടെയും, ബ്ലെസ്സി തുടങ്ങിയ സംവിധായകരുടെയും ജന്മസ്ഥലമായ ശ്രീവല്ലഭപുരം മദ്ധ്യകേരളത്തിന്റെ സാംസ്കാരികതലസ്ഥാനമാകുന്നു. “കിളിപാടും കാവുകള്‍, അലഞൊറിയും പാടങ്ങള്‍, അവിടെയൊരു രാഗാര്‍ദ്ര സിന്ദൂരക്കുറിപോല്‍…” എന്നു് ആകാശവാണിയിലെ പരസ്യമെഴുത്തു കവി. ബ്ലോഗില്‍ത്തന്നെ രാജേഷ് വര്‍മ്മ, കൈത്തിരി, അനൂപ് തിരുവല്ല, അരവിന്ദന്‍, ബാജി ഓടം‌വേലി, തമനു, സാബു പ്രയാര്‍, പിന്നെ ഞാന്‍ തുടങ്ങിയവര്‍ തിരുവല്ലയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള പ്രാന്തന്മാരാകുന്നു.
  • വീഡിയോ എടുത്തതു് കുട്ടന്‍ എന്ന കൃഷ്ണന്‍ കൊളാടിയും സംഘവുമാണു്. എല്ലാവര്‍ക്കും നന്ദി.
  • ആളുകളുടെ പ്രതികരണങ്ങളായി ഉദ്ധരിച്ച ചോദ്യങ്ങളില്‍ മിക്കവയും സാങ്കല്‍പ്പികമാണു്.
  • ഇന്നു് ഇടവമാസത്തിലെ ചോതിനക്ഷത്രം. കവി സച്ചിദാനന്ദന്‍ പറഞ്ഞതു് അനുസരിച്ചാല്‍ രാജേഷ് വര്‍മ്മയെ വെടിവെച്ചു കൊല്ലേണ്ട ദിവസം. ഈ പോസ്റ്റ് സ്വാതന്ത്ര്യദിനസ്മരണകള്‍ എഴുതിയ ആ കൈകള്‍ക്കു സമര്‍പ്പണം.

അക്ഷരശ്ലോകം
നര്‍മ്മം
വീഡിയോ
വ്യക്തിഹത്യ
സ്മരണകള്‍

Comments (48)

Permalink

അയ്യായിരത്തിന്റെ കലാശം

അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പില്‍ 2005 ജനുവരി 6-നു തുടങ്ങിയ ഇ-സദസ്സ് 2008 മാര്‍ച്ച് 13-നു് അയ്യായിരം ശ്ലോകങ്ങള്‍ തികച്ചു. 1162 ദിവസം കൊണ്ടു് 5000 ശ്ലോകങ്ങള്‍. (ശരാശരി ഒരു ദിവസം 4.3 ശ്ലോകങ്ങള്‍). ലോകത്തിലെ ഏറ്റവും നീണ്ടുനിന്ന അക്ഷരശ്ലോകസദസ്സാണു് ഇതു്. ഇതില്‍ സംഭരിച്ച ശ്ലോകങ്ങള്‍ ഏറ്റവും വലിയ ശ്ലോകക്കൂട്ടവും ആവാം. (ഇതെഴുതുമ്പോള്‍ ശ്ലോകങ്ങളുടെ എണ്ണം 5200 കഴിഞ്ഞു).

(അക്ഷരശ്ലോകസദസ്സിനെപ്പറ്റി കൂടുതലായി ഇവിടെ വായിക്കാം.)

ശ്ലോ‍കങ്ങളുടെ എണ്ണം നൂറു്, ആയിരം തുടങ്ങിയവ തികയുമ്പോള്‍ സദസ്സിലുള്ള ആ‍രെങ്കിലും തന്നെ ഒരു ശ്ലോകമെഴുതി അതു് ആഘോഷിക്കാറുണ്ടു്. (ഇങ്ങനെ ഞാനെഴുതിയ ശ്ലോകങ്ങള്‍ അക്ഷരശ്ലോകസദസ്സിലെ നാഴികക്കല്ലുകള്‍ എന്ന പോസ്റ്റില്‍ കാണാം.) ഇത്തവണ കുറേക്കൂടി വിപുലമായ രീതിയിലാണു് ആഘോഷിച്ചതു്. താഴെപ്പറയുന്ന കാര്യങ്ങള്‍ നിഷ്കര്‍ഷിച്ചു.

  1. ശ്ലോകങ്ങളുടെ എണ്ണം 4990 ആകുമ്പോള്‍ ശ്ലോകം ചൊല്ലല്‍ നിര്‍ത്തുക. അടുത്ത പത്തു ശ്ലോകങ്ങള്‍ സദസ്യര്‍ എഴുതുന്നതാവണം.
  2. ആ 10 ശ്ലോകങ്ങള്‍ ഇ-സദസ്സിനെപ്പറ്റിയോ അതു് 5000 തികച്ചതിനെപ്പറ്റിയോ ആവണം.
  3. ചെറിയതില്‍ നിന്നു വലുതിലേക്കു പോകുന്ന വൃത്തങ്ങളിലായിരിക്കണം അവ എഴുതുന്നതു്. ഓരോ ശ്ലോകവും താഴെക്കൊടുക്കുന്ന വൃത്തങ്ങളില്‍ ഒന്നിലായിരിക്കണം.
    1. ആര്യ / ഗീതി (മാത്രാവൃത്തം)
    2. രഥോദ്ധത / ശാലിനി (11 അക്ഷരം)
    3. ഉപജാതി (ഇന്ദ്രവജ്ര / ഉപേന്ദ്രവജ്ര / ഇന്ദ്രവംശ / വംശസ്ഥം) (11-12 അക്ഷരം)
    4. ദ്രുതവിളംബിതം / തോടകം / ഭുജംഗപ്രയാതം (12 അക്ഷരം)
    5. വിയോഗിനി / വസന്തമാലിക / പുഷ്പിതാഗ്ര (അര്‍ദ്ധസമവൃത്തം – 10-13 അക്ഷരം)
    6. വസന്തതിലകം / മഞ്ജുഭാഷിണി (13-14 അക്ഷരം)
    7. മാലിനി / പഞ്ചചാമരം / ഹരിണി (15-16 അക്ഷരം)
    8. ശിഖരിണി / പൃഥ്വി / മന്ദാക്രാന്ത (17 അക്ഷരം)
    9. മല്ലിക / ശങ്കരചരിതം / ശാര്‍ദ്ദൂലവിക്രീഡിതം (18-19 അക്ഷരം)
    10. സ്രഗ്ദ്ധര / കുസുമമഞ്ജരി (21 അക്ഷരം)
  4. തീര്‍ച്ചയായും, ശ്ലോകങ്ങള്‍ അക്ഷരശ്ലോകരീതിയിലായിരിക്കണം. അതായതു്, ഒരു ശ്ലോകത്തിന്റെ മൂന്നാം വരിയിലെ ആദ്യാക്ഷരത്തില്‍ വേണം അടുത്ത ശ്ലോകം തുടങ്ങാന്‍.
  5. കഴിയുന്നതും വികടാക്ഷരമൊന്നും കൊടുക്കാതെ നല്ല അക്ഷരങ്ങള്‍ മാത്രം കൊടുക്കുക.

ഒരു ശ്ലോകരചനാഭ്യാസമായി വിഭാവനം ചെയ്ത ഈ ആഘോഷം ഒരാഴ്ച കൊണ്ടു തീര്‍ക്കാനായിരുന്നു വിചാരിച്ചതു്. എന്നാല്‍ ഒരു ദിവസം കൊണ്ടു തന്നെ 10 ശ്ലോകങ്ങള്‍ ഉണ്ടായി. സദസ്സിലെ പ്രമുഖകവികളായ രാജേഷ് വര്‍മ്മ, മധുരാജ്, ഡോ. പണിക്കര്‍, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ അറിഞ്ഞു വന്നപ്പോഴേയ്ക്കും പത്തു ശ്ലോകങ്ങളും കഴിഞ്ഞിരുന്നു. (വിശ്വപ്രഭ അറിഞ്ഞെത്തിയെങ്കിലും ജോലിത്തിരക്കു മൂലം ശ്ലോകം എഴുതാന്‍ പറ്റിയില്ല.)

ആ പത്തു ശ്ലോകങ്ങളും താഴെച്ചേര്‍ക്കുന്നു. അതാതു കവികളെക്കൊണ്ടു തന്നെ ചൊല്ലിച്ചു് ഇവിടെ ഇടണമെന്നു കരുതിയതാണു്. അതിനു് ഇനിയും സമയമെടുക്കുന്നതിനാല്‍ ഞാന്‍ തന്നെ എല്ലാ ശ്ലോകങ്ങളും ചൊല്ലുന്നു. (ഇതു വായിക്കുന്ന കവികള്‍ അവരവരുടെ ശ്ലോകങ്ങള്‍ ചൊല്ലി MP3 എനിക്കു് ഉമേഷ്.പി.നായര്‍ അറ്റ് ജീമെയില്‍.കോം എന്ന വിലാസത്തില്‍ അയച്ചു തരുക. ഇവിടെ ചേര്‍ക്കാം.)

  1. ഉമേഷ് (വൃത്തം: ഗീതി):

    വയ്യാതായ് ഞാന്‍, നമ്മുടെ
    കയ്യാല്‍ നന്നായ് നനച്ചു പാലിച്ച
    തയ്യിന്നൊരു വന്മരമായ്
    അയ്യായിരമായ് ഫലങ്ങളന്യൂനം!

    download MP3
    മറ്റു പല തിരക്കുകള്‍ മൂലം ഞാന്‍ ഇ-സദസ്സില്‍ പോയിട്ടു് ഒരുപാടു കാലമായി. 3000-ത്തിനു ശേഷം പോയിട്ടില്ല എന്നു തന്നെ പറയാം. ഇ-സദസ്സ് പൂര്‍വ്വാധികം ഭംഗിയായി പോകുന്നതു കണ്ടതിലുള്ള സന്തോഷത്തില്‍ നിന്നാണു് ഈ ശ്ലോകം. ഉള്ളൂരിന്റെ ഉമാകേരളത്തിലെ

    തയ്യായ നാളിലലിവാര്‍ന്നൊരു തെല്ലു നീര്‍ തന്‍
    കയ്യാലണപ്പവനു കാമിതമാകെ നല്‍കാന്‍
    അയ്യായിരം കുല കുലയ്പ്പൊരു തെങ്ങുകള്‍ക്കും
    ഇയ്യാളുകള്‍ക്കുമൊരു ഭേദമശേഷമില്ല.

    എന്ന ശ്ലോകത്തോടു കടപ്പാടു്.

  2. ബാലേന്ദു (വൃത്തം: രഥോദ്ധത):

    തീരെയില്ല സമയം പലര്‍ക്കുമെ-
    ന്നാലുമെത്തിയവര്‍ ഈ-സദസ്സിതില്‍
    ചേലിയന്ന രചനാസുമങ്ങളാല്‍
    മാലയിട്ടു, കവിതാംബ തന്‍ ഗളേ.

    download MP3
    ഈ സദസ്സിലെ ഏറ്റവും പ്രഗല്‍ഭനായ കവിയാണു് പ്രശസ്ത ബാലസാഹിത്യകാരനും കവിയും ഭാഗവതപ്രഭാഷകനുമായ കെ. കെ. ചന്ദ്രശേഖരന്‍ നായര്‍ എന്ന ബാലേന്ദു. കുഞ്ഞിക്കുട്ടന്‍ തമ്പുരാനെപ്പോലെ ശ്ലോകമെഴുത്തു് അദ്ദേഹത്തിനു് ഒരു കുട്ടിക്കളി മാത്രം.
  3. ശ്രീധരന്‍ കര്‍ത്താ (വൃത്തം: ഇന്ദ്രവജ്ര):

    ചൊല്ലാതിരുന്നില്ല സദസ്സിലെന്നും
    എന്നാലുമിന്നെന്നിലുണര്‍ന്നു മോഹം
    അയ്യായിരം കൂടി “റിസൈറ്റു” ചെയ്യാം
    അയ്യാ, യിതത്യാഗ്രഹമെന്റെ ദാഹം.

    download MP3
    ഇ-സദസ്സിലെ ഏറ്റവും സജീവമായ പങ്കാളിത്തം കര്‍ത്തായുടേതായിരുന്നു. രണ്ടാമത്തെ ശ്ലോകം ചൊല്ലിയ കര്‍ത്താ ഒരിക്കലും മുടക്കം വരാതെ ഇപ്പോഴും ചൊല്ലിക്കൊണ്ടിരിക്കുന്നു, മറ്റേ അറ്റത്തു് ആളുകള്‍ ഔട്ടായിക്കൊണ്ടിരിക്കുമ്പോഴും ഇങ്ങേ അറ്റത്തു നിന്നു് സ്ഥിരമായി ബാറ്റു ചെയ്യുന്ന ഓപ്പനിംഗ് ബാറ്റ്സ്മാനെപ്പോലെ. ജീവിതത്തില്‍ ഒരിക്കലും അക്ഷരശ്ലോകം ചൊല്ലിയിട്ടില്ലാത്ത, ഇപ്പോഴും കാര്യമായി ശ്ലോകങ്ങളൊന്നും കാണാതെ അറിയാത്ത കര്‍ത്താ മലയാളഭാഷയോടുള്ള അത്യധികമായ സ്നേഹം കൊണ്ടാണു് സദസ്സില്‍ പങ്കെടുക്കുന്നതു്. 5000 ശ്ലോകങ്ങളില്‍ 842 ശ്ലോകങ്ങള്‍ (ഏകദേശം 17%) ചൊല്ലിയ അദ്ദേഹം എന്നും ഏറ്റവും കൂടുതല്‍ ശ്ലോകം ചൊല്ലിയ ആളാണു്. വിനയരാജ് (705), ഉമേഷ് (469), ഋഷി കപ്ലിങ്ങാടു് (412), ബാലേന്ദു (383), ഡോ. പണിക്കര്‍ (358), ജ്യോതിര്‍മയി (287) എന്നിവരാണു് 5 ശതമാനത്തില്‍ കൂടുതല്‍ ശ്ലോകങ്ങള്‍ ചൊല്ലിയിട്ടുള്ള മറ്റുള്ളവര്‍. ആകെയുള്ള 191 അംഗങ്ങളില്‍ 40 പേര്‍ സദസ്സില്‍ പങ്കെടുത്തിട്ടുണ്ടു്.

    ഈ കളരിയില്‍ കൂടി ശ്ലോകമെഴുതാനും കര്‍ത്താ പ്രാപ്തി നേടി. അയ്യായിരാമത്തെ ശ്ലോകം കൂടി റിസൈറ്റ് ചെയ്യണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹമാണു് ഈ ശ്ലോകത്തില്‍.

  4. ഋഷി കപ്ലിങ്ങാടു് (വൃത്തം: ഭുജംഗപ്രയാതം):

    അബദ്ധങ്ങളുണ്ടെന്നു വന്നാലുമെന്നും
    സുബദ്ധങ്ങളാക്കിത്തരുന്നോരു ബന്ധം
    ഇതില്‍ക്കൂടുതല്‍ ഭാഗ്യമെന്താണു കിട്ടാന്‍
    സദസ്സിന്നൊരയ്യായിരം വന്ദനങ്ങള്‍!

    download MP3
    രാജേഷ് വര്‍മ്മ, ജ്യോതിര്‍മയി, ഋഷി, ഹരിദാസ്, സിദ്ധാര്‍ത്ഥന്‍ തുടങ്ങി പലരും ശ്ലോകമെഴുതാന്‍ പഠിച്ച കളരിയായിരുന്നു ഈ ഗ്രൂപ്പ്. വൃത്തമോ അര്‍ത്ഥമോ തെറ്റിയാലും ആരെങ്കിലും സഹായിച്ചു് ശ്ലോകങ്ങള്‍ നന്നാക്കാന്‍ ഇവിടെ കവികള്‍ക്കു കഴിഞ്ഞിരുന്നു. ഈ കാര്യമാണു് ഋഷി ഇവിടെ സൂചിപ്പിക്കുന്നതു്.
  5. ഉമേഷ് (വൃത്തം: പുഷ്പിതാഗ്ര):

    ഇതു സുദിന, മനേകകാവ്യവിദ്യാ-
    ചതുരരൊടൊത്തൊരു നല്ല സദ്യ കൂടാന്‍!
    മധുരവുമെരിവും പുളിപ്പുമെല്ലാം
    വിധിയൊടു ചേര്‍ന്നു വരട്ടെ ഭോജ്യജാലം!

    download MP3
    സ്തോത്രങ്ങള്‍ തൊട്ടു യുക്തിവാദം വരെയും, ദുര്‍ഗ്രഹങ്ങളായ സംസ്കൃതശ്ലോകങ്ങള്‍ തൊട്ടു പാരഡിശ്ലോകങ്ങള്‍ വരെയും നിറഞ്ഞ ഒരു രസികന്‍ സദ്യ തന്നെയായിരുന്നു ഇതു്.
  6. ഹരിദാസ് മംഗലപ്പള്ളി (വൃത്തം: വസന്തതിലകം):

    മാളത്തില്‍ നിന്നു പുറമേക്കു വരുന്നു ഞാനീ
    മേളത്തിലേക്കു, ചെറു പൂങ്കുഴലൂതുവാനായ്‌
    ശ്ലോകാങ്കണത്തിലിത, വേദിയൊരുക്കി നില്‍പൂ
    കേളിക്കു വന്നിടുക കാവ്യകലാംഗനേ നീ!

    download MP3
    കുറേക്കാലമായി ഹരിദാസും ശ്ലോകസദസ്സില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. 5000 തികയ്ക്കുന്നതു കേട്ടു് ഓടി വന്നതാണു്. അതിനെയാണു “മാളത്തില്‍ നിന്നു പുറമേയ്ക്കു വരുന്നു ഞാന്‍” എന്നതു കൊണ്ടു് ഉദ്ദേശിക്കുന്നതു്.
  7. ശ്രീധരന്‍ കര്‍ത്താ (വൃത്തം: മാലിനി):

    ശ്രമമൊടു വിളവെല്ലാം കൊയ്തു കൂട്ടീട്ടുമെന്നും
    പുതുപുതു തളിര്‍ വാച്ചീടുന്നൊരീപ്പാടമേതോ?
    തുനിയണമിനിയും നാം ശ്ലോകമാം കറ്റ കൊയ്യാന്‍
    പരിചൊടൊരരിവാള്‍ തീര്‍ത്തേകുവാന്‍ കൊല്ലനെങ്ങോ?

    download MP3
    നല്ല ശ്ലോകം. ശ്ലോകങ്ങളുടെ എണ്ണം രണ്ടായിരമായിടുമ്പോഴേയ്ക്കു് അവയുടെ സ്റ്റോക്കു തീരും എന്നാണു് ആദ്യം കരുതിയിരുന്നതു്. ഇപ്പോള്‍ ഇതാ 5000 കവിഞ്ഞിട്ടും ദിവസവും അക്ഷരശ്ലോകരീതിയില്‍ എട്ടുപത്തു ശ്ലോകങ്ങള്‍ സദസ്സിലേയ്ക്കു വരുന്നു. കൊയ്യും തോറും കൂടുതല്‍ വിള മുളയ്ക്കുന്ന പാടമായാണു് കവി ഇതിനെ ഉപമിക്കുന്നതു്. ഇവയെ ശരിക്കു ക്രോഡീകരിക്കുവാന്‍ തന്നെ നമുക്കു കഴിയുന്നില്ല. വായിക്കുന്ന കാര്യം പോകട്ടേ. ആസ്വാദനക്ഷമതയാണു് ഇവിടെ അരിവാള്‍.

    “മാലിനി” സ്വന്തം മകളുടെ പേരായതു കൊണ്ടു് കര്‍ത്തായ്ക്കു മാലിനിവൃത്തത്തോടു പ്രത്യേകം മമതയുമുണ്ടു്.

  8. ഉമേഷ് (വൃത്തം: ശിഖരിണി):

    തുടക്കം രണ്ടാളാ, ണിതു പൊഴുതില്‍ നൂറ്റെണ്‍പതു ജനം;
    മുടക്കം വന്നീലാ – ഉടനെ വരുമയ്യായിരമിതാ.
    കടുക്കും താത്‌പര്യം സഹൃദയരിലെന്നെന്നുമരുളീ-
    ട്ടൊടുക്കം വിട്ടെന്നും തുടരു കവിതക്കൂട്ടുകളി നീ!

    download MP3
    ഈ ഗ്രൂപ്പു തുടങ്ങുമ്പോള്‍ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ-രാജേഷ് വര്‍മ്മയും ഞാനും. ഇപ്പോള്‍ 191 പേരുണ്ടു്. ഒരിക്കലും മുടങ്ങാതെ നടന്ന ഗ്രൂപ്പില്‍ ഇതു വരെ 10702 ഈമെയിലുകള്‍ വഴി ആളുകള്‍ ശ്ലോകങ്ങള്‍ ചൊല്ലുകയും സാഹിത്യചര്‍ച്ചകള്‍ നടത്തുകയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇ-സദസ്സ് എന്ന സംരംഭവും വളരെ വിജയമായിരുന്നു. ഇതു് ഇനിയും തുടര്‍ന്നു പോകട്ടേ എന്നാണു് ആഗ്രഹം.
  9. ബാലേന്ദു (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം):

    കെഞ്ചും നെഞ്ചു ഗൃഹാതുരത്വകിടില-
          ത്താലേറെ നീറീടവേ-
    യഞ്ചാറാളുകളൊത്തു; നെറ്റിലുളവായ്‌
          ശബ്ദാര്‍ത്ഥവിക്രീഡിതം
    അഞ്ചായായിരമിത്രവേഗമിതുപോല്‍
          മുന്നോട്ടു പോയാല്‍ നമു-
    ക്കഞ്ചാണ്ടിന്നിട കൊണ്ടു കോര്‍ത്തുകഴിയാ-
          മുള്ളത്ര നന്മുത്തുകള്‍.

    download MP3
    “അമ്പത്തൊന്നക്ഷരാദി…” ശ്ലോകം ജ്യോതി നേരത്തേ അയച്ചിട്ടു് അതു് അയ്യായിരാമത്തെ ശ്ലോകമായി പരിഗണിക്കാമോ എന്നു് ജ്യോതി ചോദിച്ചു. “അതു പറ്റില്ല, തൊട്ടു മുമ്പുള്ള ആള്‍ തരുന്ന അക്ഷരത്തില്‍ ചൊല്ലണം” എന്നു ഞാന്‍. അപ്പോള്‍ “ഏതക്ഷരം തന്നാലും ഞാന്‍ ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ ജ്യോതിക്കു് അ കൊടുത്തോളാം” എന്നു ബാലേന്ദു പറഞ്ഞു. അങ്ങനെ എഴുതിയ ശ്ലോകമാണിതു്.
  10. ജ്യോതിര്‍മയി (വൃത്തം: സ്രഗ്ദ്ധര);

    അമ്പത്തൊന്നക്ഷരാദിപ്പെരുമഴ പൊഴിവൂ,
          കമ്പിതക്കോളിളക്ക-
    ക്കമ്പത്തമ്പോടു തുമ്പോലകളിലുതിരുമ-
          ഞ്ചായിരം സൂര്യദീപം
    വമ്പത്താനന്തര്‍ജാലം! ചെറുതിട വിടവില്‍-
          ജ്ജാലകം തള്ളിനോക്കീ-
    ട്ടിമ്പത്താലമ്പരന്നേ, നവിടെയൊരു മഹാ-
          ശ്ലോകവാരാശി കാണ്‍കേ!

    (ഉമേഷ്)  
    download MP3
     
    (ജ്യോതി)  
    download MP3
  11. ശ്ലോകപ്പെരുമഴ ജനലിലൂടെ നോക്കി നില്‍ക്കുമ്പോള്‍ അയ്യായിരം മഴത്തുള്ളികളില്‍ അയ്യായിരം സൂര്യഗോളം പ്രതിബിംബിച്ചു കണ്ടു് ആനന്ദിച്ചും അമ്പരന്നും നില്‍ക്കുന്ന കുട്ടിയായാണു് ജ്യോതി തന്നെ കാണുന്നതു്. ഈ ശ്ലോകത്തെപ്പറ്റി ജ്യോതി ഇവിടെ എഴുതിയിട്ടുണ്ടു്.

    ഇതിനു ശേഷം ഹരിദാസ് മുന്‍‌കൈയെടുത്തു് ലോകത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് ലൈവ് അക്ഷരശ്ലോകവും നടന്നു. സ്കൈപ്പില്‍ക്കൂടി അഞ്ചു പേര്‍-ബാംഗ്ലൂരില്‍ നിന്നു ബാലേന്ദുവും ജ്യോതിയും, ഒഹായോയില് (അമേരിക്ക)‍ നിന്നു ഹരിദാസ്, ഓറിഗണില്‍ (അമേരിക്ക) നിന്നു രാജേഷ് വര്‍മ്മ, കാലിഫോര്‍ണിയയില്‍ (അമേരിക്ക) നിന്നു ഞാന്‍-രണ്ടു മണിക്കൂറിലധികം ശ്ലോകം ചൊല്ലി. അതും ഒരു വ്യത്യസ്ത അനുഭവമായിരുന്നു.


    അന്യം നിന്നു പോയെന്നു പലരും എഴുതിത്തള്ളിയ ഈ കല ഇപ്പോഴും നിലനില്‍ക്കുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ടു്. അതു പോലെ, ഇപ്പോഴും ശ്ലോകമെഴുതാന്‍ കഴിയുന്നവര്‍ ഉണ്ടെന്നുള്ളതും.

    ശ്ലോകങ്ങള്‍ ക്രോഡീകരിക്കുന്ന ജോലി നടന്നുകൊണ്ടിരിക്കുന്നു. ഇവിടെ ആദ്യത്തെ 2646 ശ്ലോകങ്ങളേ ഉള്ളൂ. താമസിയാതെ 5000 ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിക്കും.

അക്ഷരശ്ലോകം
ആലാപനം (Recital)
ശബ്ദം (Audio)
ശ്ലോകങ്ങള്‍ (My slokams)

Comments (18)

Permalink

എതിരന്‍ ശിവനടനവും കാടുകയറിയ ചില ശ്ലോകങ്ങളും

എതിരവന്‍ കതിരവന്റെ ശിവനടനം-ഏറ്റുമാനൂര്‍ അമ്പലത്തിലെ ചുവര്‍ച്ചിത്രം എന്ന ലേഖനം വളരെ നിലവാരം പുലര്‍ത്തുന്നു. ഏറ്റുമാനൂര്‍ അമ്പലത്തില്‍ പോയാല്‍ ഈ ചിത്രം കാണാന്‍ നന്നേ ബുദ്ധിമുട്ടാണു്. പ്രധാന വാതിലില്‍ക്കൂടി കടന്നാല്‍ വലത്തുവശത്തു് പുറകിലായി ഇതു കാണാം എന്നാണു് എന്റെ ഓര്‍മ്മ.

ഈ ശിവനടനം ഇതേ രീതിയില്‍ രണ്ടു സംസ്കൃതശ്ലോകങ്ങളില്‍ ചിത്രീകൃതമായി കണ്ടിട്ടുണ്ടു്. ഒരെണ്ണം എത്ര ഓര്‍ത്തിട്ടും പുസ്തകങ്ങളില്‍ പരതിയിട്ടും കിട്ടിയില്ല. കിട്ടിയാല്‍ ഇവിടെ ചേര്‍ക്കാം.

മറ്റേ ശ്ലോകം വളരെ പ്രസിദ്ധമാണു്.

വാഗ്ദേവീ ധൃതവല്ലകീ, ശതമഖോ വേണും ദധത്‌, പദ്മജ-
സ്താളോന്നിദ്രകരോ, രമാ ഭഗവതീ ഗേയപ്രയോഗാന്വിതാ,
വിഷ്ണുഃ സാന്ദ്രമൃദങ്ഗവാദനപടുര്‍, ദേവാഃ സമന്താത്‌ സ്ഥിതാഃ
സേവന്തേ തമനു പ്രദോഷസമയേ ദേവം മൃഡാനീപതിം

അര്‍ത്ഥം:

വാഗ്ദേവീ ധൃതവല്ലകീ : സരസ്വതീദേവി വീണയേന്തി
ശതമഖഃ വേണും ദധത് : ദേവേന്ദ്രന്‍ ഓടക്കുഴലേന്തി
പദ്മജഃ താളോന്നിദ്രകരഃ : ബ്രഹ്മാവു് കൈ കൊണ്ടു താളമിട്ടു
ഭഗവതീ രമാ ഗേയ-പ്രയോഗാന്വിതാ : ലക്ഷ്മീഭഗവതി പാട്ടു പാടി
വിഷ്ണുഃ സാന്ദ്രമൃദങ്ഗവാദനപടുഃ : വിഷ്ണു മൃദംഗം വിദഗ്ദ്ധമായും സാന്ദ്രമായും വായിച്ചു
ദേവാഃ സമന്താത്‌ സ്ഥിതാഃ : ദേവന്മാര്‍ ചുറ്റും നിന്നു്
തം മൃഡാനീപതിം ദേവം അനു : പാര്‍വ്വതിയുടെ ഭര്‍ത്താവായ ആ ശിവനെത്തന്നെ
പ്രദോഷസമയേ : പ്രദോഷസമയത്തു്
സേവന്തേ : സേവിക്കുന്നു

(തം + അനു = തമനു. അല്ലാതെ ഊഞ്ഞാലില്‍ക്കയറുന്ന ലവനല്ല.)


ഇതു് പ്രദോഷവ്രതമെടുക്കുന്നവര്‍ ചൊല്ലുന്ന ധ്യാനശ്ലോകങ്ങളില്‍ ഒന്നാണു്. “മൃഡാനീപതി” എന്ന പ്രയോഗം ശ്രദ്ധേയം. മൃഡന്റെ ഭാര്യ മൃഡാനി. അപ്പോള്‍ “മൃഡന്റെ ഭാര്യയുടെ ഭര്‍ത്താവു്” എന്നൊരു എടങ്ങേടു പിടിച്ച അര്‍ത്ഥം വരും. “ഭവാനീഭുജംഗം” എന്നു സാക്ഷാല്‍ ശങ്കരാചാര്യര്‍ പ്രയോഗിച്ചിട്ടുണ്ടല്ലോ, പിന്നെന്തു്?

ഉമേഷ് (ഉമേശന്‍) എന്ന പേരിനു് ഇങ്ങനെയൊരു അപകടം ഉണ്ടായേക്കാം എന്നതിനെപ്പറ്റി ഞാനൊരിക്കല്‍ ഇവിടെ പറഞ്ഞിരുന്നു. അയ്യപ്പന്‍ എന്ന സുഹൃത്തിന്റെ കഥയും. വായിക്കാത്തവര്‍ വായിക്കുക. വായിച്ചവര്‍ വീണ്ടും വായിക്കുക.

പരസ്യം കഴിഞ്ഞു. രുക്കാവട് കേ ലിയേ ഖേദ് ഹൈ.


ഈ ശ്ലോകം ഒരിക്കല്‍ ഇന്റര്‍നെറ്റ് അക്ഷരശ്ലോകസദസ്സില്‍ (ഇ-സദസ്സ്) രാജേഷ് വര്‍മ്മ ചൊല്ലി. ഇതിനൊരു പരിഭാഷ പെട്ടെന്നു തല്ലിക്കൂട്ടി മറ്റാരെങ്കിലും “വ”യ്ക്കു ശ്ലോകം ചൊല്ലുന്നതിനു മുമ്പു് ഞാന്‍ ചൊല്ലി. ഇ-സദസ്സിലെ ആദ്യത്തെ നിമിഷകവനമായിരുന്നു അതു്.

വീണാവാദിനിയായി വാണി, മഘവാവോടക്കുഴല്‍ക്കാരനായ്‌,
വാണീപന്‍ കരതാളമിട്ടു, രമയോ ഗാനങ്ങളോതീടിനാള്‍,
ഗോവിന്ദന്‍ സുമൃദങ്ഗവാദകനു, മീ മട്ടില്‍ പ്രദോഷത്തിലാ
ദേവന്മാര്‍ പരമേശനെത്തൊഴുതിടാനൊന്നിച്ചു നില്‍പ്പായഹോ!

പെട്ടെന്നു തല്ലിക്കൂട്ടിയതിനാല്‍ തര്‍ജ്ജമ നന്നായിട്ടില്ല. രാജേഷും ഇതിനൊരു പരിഭാഷ തയ്യാറാക്കിയിരുന്നു. അടുപ്പിച്ചു രണ്ടു ശ്ലോകങ്ങള്‍ ഒരാള്‍ക്കു തന്നെ ചൊല്ലാന്‍ പറ്റാത്തതിനാല്‍ ചൊല്ലിയില്ലെന്നേ ഉള്ളൂ. ഇതാണു് ആ ശ്ലോകം.

വീണാപാണിനിയായി വാണി, മുരളീഗാനത്തിനാലിന്ദ്രനും,
താളം കൊട്ടി വിരിഞ്ചനും, മധുരമാം ഗീതത്തിനാല്‍ പൂമകള്‍,
മന്ദ്രം സാന്ദ്രമൃദംഗമോടു ഹരിയും, ചൂഴുന്ന വാനോര്‍കളും,
സേവിക്കുന്നു പ്രദോഷവേളയിലിതാ കാര്‍ത്ത്യായനീകാന്തനെ.


നിമിഷപരിഭാഷാകവനങ്ങള്‍ ഇ-സദസ്സില്‍ വേറെയും ഉണ്ടായിട്ടുണ്ടു്. ഒരിക്കല്‍ ജ്യോതിര്‍മയി (വാഗ്‌ജ്യോതി ബ്ലോഗെഴുതുന്ന ജ്യോതിട്ടീച്ചര്‍ തന്നെ)

തമംഗരാ‍ഗം ദദതീം ച കുബ്ജാം
അനംഗബാണാഃ രുരുധുഃ കഥം താം?
കിമംഗ, വാസം ഭവതേ ദദാമി
വിരാഗവര്‍ഷം മയി നിക്ഷിപേസ്ത്വം?

എന്ന ശ്ലോകം എഴുതി അയച്ചപ്പോള്‍ അതിനു പിന്നാലെ ഞാന്‍

കൂനിക്കു, ഗന്ധമിയലും കുറി കൂട്ടവേ, നീ
സൂനാസ്ത്രസായകവിമര്‍ദ്ദിതമാക്കി ചിത്തം;
ഞാനിന്നു വാസമഖിലം തവ നല്‍കിയാലും
നീ നല്‍കിടുന്നതു വിരാഗതയോ മുരാരേ?

എന്ന പരിഭാഷ അയച്ചു. കവയിത്രി ഉദ്ദേശിച്ച അര്‍ത്ഥമൊന്നുമല്ല ഞാന്‍ മനസ്സിലാക്കിയതെന്നു പിന്നീടാണു മനസ്സിലായതു്. അതിനെപ്പറ്റി വിശദമായി ജ്യോതിയുടെ ബ്ലോഗിലെ കുബ്ജാമാധവം എന്ന പോസ്റ്റില്‍ വായിക്കാം.


രാജേഷ് വര്‍മ്മയ്ക്കും പറ്റി ഈ അബദ്ധം. ജ്യോതി എഴുതിയ

പ്രവാളപ്രഭാ മഞ്ജു ഭൂഷാന്വിതാംഗീ
രസാസ്വാദതൃഷ്ണാം സമുദ്ദീപയന്തീ
ശരച്ചന്ദ്രികാശീതദാത്രീ ച മേ വാൿ
ഭവേത്‌ സർവദാ നിത്യകാമപ്രദാത്രീ

എന്ന ശ്ലോകത്തെ രാജേഷ്

തളിര്‍ത്തൊത്തിനൊപ്പം മിനു, പ്പമ്പിളിയ്ക്കും
കുളിര്‍ക്കും തണുപ്പൊത്തുലാവുന്ന നിന്‍ മെയ്‌
വിളങ്ങേണമുള്ളില്‍ മൊഴിച്ചേലു നാവില്‍-
ക്കളിയ്ക്കേണമെന്തും കൊടുക്കുന്ന തായേ.

എന്നു ഭുജംഗപ്രയാതത്തില്‍ത്തന്നെ പരിഭാഷപ്പെടുത്തി. (ഇതു് അക്ഷരശ്ലോകക്രമത്തിലായിരുന്നില്ല.) “ആ ശ്ലോകത്തിന്റെ അര്‍ത്ഥം അങ്ങനെയൊന്നുമല്ല” എന്നു ജ്യോതി. അതുകൊണ്ടു രാജേഷ് അതിനെ ഇങ്ങനെ മാറ്റി.

തളിര്‍ത്തൊത്തിനൊപ്പം മിനു, പ്പുള്ളു കാണാന്‍
മുളയ്ക്കുന്നൊരാക്കം പെരുക്കുന്ന ചന്തം,
വളര്‍തിങ്കളെപ്പോല്‍ത്തണു,പ്പെന്നിതെല്ലാം
വിളങ്ങും മൊഴിച്ചേലു നാവില്‍ക്കളിയ്ക്ക.

ഈ കഥ രാജേഷ് ആശ കൊണ്ടു്… എന്ന പോസ്റ്റില്‍ എഴുതിയിട്ടുണ്ടു്.


“പരിഭാഷായന്ത്രം” എന്നു പില്‍ക്കാലത്തു സന്തോഷ് വിശേഷിപ്പിച്ച രാജേഷിന്റെ മറ്റൊരു തര്‍ജ്ജമ.

മൂലശ്ലോകം എഴുതിയതു് ജ്യോതിയുടെ ഏട്ടന്‍ പി. സി. മധുരാജ് ആണു്.

യദി ഹൃത്കമലേ മധുപാനരതോ
വരദോ മുരളീധര ഭൃങ്ഗവരഃ
സുമഗന്ധ സുഭക്തിരസേ സരസഃ
ക്വ സഖേ തരുണീ കബരീ വിപിനം?

പ്രസിദ്ധമായ

ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജ വിരാജിത മന്ദഗതീ
യദി സാ യുവതീ ഹൃദയേ വസതീ
ക്വ ജപഃ? ക്വ തപഃ? ക്വ സമാധി വിധി?

എന്ന സരസശ്ലോകത്തിനു പിന്നാലെ ചൊല്ലാന്‍ വേണ്ടി മധുരാജ് എഴുതിയ ശ്ലോകമാണിതു്. രാജേഷിന്റെ തോടകവൃത്തത്തില്‍ത്തന്നെയുള്ള മലയാളപരിഭാഷ:

ശമമാം സുമഗന്ധമുതിര്‍ന്നിടുമെന്‍
ഹൃദയത്തിലെ ഭക്തിരസം നുകരാന്‍
സരസന്‍ ഹരിയാമളിയെത്തിടുകില്‍
തരുണീ കബരീ വനമെന്തിവന്‌?

അക്ഷരശ്ലോകസദസ്സിലെ അനുഗൃഹീതകവിയായ ബാലേന്ദുവും ഇതുപോലെ പല നിമിഷപരിഭാഷകളും ചെയ്തിട്ടുണ്ടു്. ഒന്നും ഓര്‍മ്മ കിട്ടുന്നില്ല. കിട്ടുന്നതിനനുസരിച്ചു് ഇവിടെച്ചേര്‍ക്കാം.


ഇന്റര്‍നെറ്റിലെ അക്ഷരശ്ലോകസദസ്സിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണാം. ഈ ശ്ലോകങ്ങളെല്ലാം അവിടെയുണ്ടു്.

അക്ഷരശ്ലോകം
സാഹിത്യം

Comments (10)

Permalink