സുഭാഷിതം

ജിതിൻ ദാസിന്റെ മൂർഖന്മാർ

ഞാൻ വാഗ്ഭൂഷണം ഭൂഷണം! എന്ന പോസ്റ്റിട്ടപ്പോൾ ജിതിൻ ദാസിനു (ഇങ്ങേർ മഹാവിഷ്ണുവിനെപ്പോലെയാണു്. ഞാൻ ഓരോ പ്രാവശ്യവും ബ്ലോഗിംഗ് പുനരാരംഭിക്കുമ്പോൾ ഇങ്ങേർക്കു് ഓരോ പുതിയ അവതാരമാണു്.) സഹിച്ചില്ല. ഒന്നേ, രണ്ടേ, മൂന്നേ എന്നു് എണ്ണി അഞ്ചു ശ്ലോകങ്ങൾ ഫേസ്ബുക്കിൽ ഇട്ടിരിക്കുന്നു. എല്ലാം ഭർത്തൃഹരിയുടേതു്. “ഏതെങ്കിലും മീഡിയ പ്രൊഫൈലുകള്‍ ഇതു വായിക്കുമ്പോള്‍ ഓര്‍മ്മ വന്നാല്‍ വെറും യാദൃച്ഛികമാണു്” എന്നു ഡിസ്ക്ലെയിമറും ഉണ്ടു്.

ഞാൻ അതെല്ലാം പൊക്കി ദാ ഇവിടെ ഇടുകയാണു്. ഫേസ്ബുക്കിലിട്ട വിജ്ഞാനവും പുതുമണവാട്ടിയുടെ സൗന്ദര്യവും ഫിനാൻഷ്യൽ അഡ്വൈസറുടെ കയ്യിൽ കൊടുത്ത പണവും ഒരുപോലെ ആണെന്നാണു്. ഒന്നു രണ്ടു ദിവസം കാണുമായിരിക്കും. പിന്നെ നോക്കിയാൽ ആയുഷ്കാലത്തേയ്ക്കു കാണില്ല.

ഇതിന്റെ ശീർഷകത്തെപ്പറ്റി: മൂർഖൻ എന്ന വാക്കിനു് ക്രൂരൻ എന്നൊരു അർത്ഥമേ എനിക്കറിയാമായിരുന്നുള്ളൂ. ഇവിടെ ഉദ്ധരിച്ചിരിക്കുന്ന പല ശ്ലോകങ്ങളിലും അതു മൂഢൻ എന്ന അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നതു കണ്ടു. നോക്കിയപ്പോൾ ശബ്ദതാരാവലിയിൽ ആദ്യത്തെ അർത്ഥം തന്നെ മൂഢൻ എന്നാണു്. (വിപരീതപദമായി “പണ്ഡിതൻ” എന്ന വാക്കും കൊടുത്തിട്ടുണ്ടു്.) അമരകോശത്തിലാകട്ടേ, ഊളകളുടെ പര്യായപദങ്ങളായി അജ്ഞൻ, മൂഢൻ, യഥാജാതൻ, മൂർഖൻ, വൈധേയൻ, ബാലിശൻ എന്നിവ കൊടുത്തിരിക്കുന്നു. (അജ്ഞേ മൂഢയഥാജാതമൂർഖവൈധേയബാലിശാഃ വിശേഷനിഘ്നവർഗ്ഗം, ശ്ലോകം 48.) “മുഹേഃ ഖോ മൂർച്ച” എന്നാണു പോലും നിരുക്തം. അതായതു്, വിവരത്തിന്റെ കാര്യത്തിൽ സീറോ. ജിതിൻ ഉപയോഗിച്ച “ഊള” എന്ന വാക്കാണു മലയാളത്തിൽ അനുയോജ്യം.

ഈ ഒരറിവു കിട്ടിയതിനു ശേഷം ഉപകാരോ ഹി മൂർഖാനാം പ്രകോപായ ന ശാന്തയേ (മൂർഖന്മാർക്കു ഉപകാരം ചെയ്താൽ അതു് അവരെ കോപിപ്പിക്കുകയേ ഉള്ളൂ, സമാധാനിപ്പിക്കുകയില്ല) തുടങ്ങിയ മറ്റു പല ശ്ലോകങ്ങൾക്കും ഒന്നു കൂടി നല്ല അർത്ഥം തോന്നുന്നുണ്ടു്.

  1. ശ്ലോകം:

    അജ്ഞഃ സുഖമാരാധ്യഃ
    സുഖതരമാരാധ്യതേ വിശേഷജ്ഞഃ
    ജ്ഞാനലവദുർവിദഗ്ധം
    ബ്രഹ്മാപി തം നരം ന രഞ്ജയതി

    അര്‍ത്ഥം:

    അജ്ഞഃ സുഖം ആരാദ്ധ്യഃ : വിവരമില്ലാത്തവനെ എളുപ്പം വശത്താക്കാം.
    വിശേഷജ്ഞഃ സുഖതരം ആരാദ്ധ്യഃ : നല്ല വിവരമുള്ളവനെ അതിലും എളുപ്പത്തിൽ വശത്താക്കാം.
    തം ജ്ഞാന-ലവ-ദുർ-വിദഗ്ദ്ധം നരം : അല്പജ്ഞാനിയായ മനുഷ്യനെ
    ബ്രഹ്മാപി ന രഞ്ജയതി : ബ്രഹ്മാവിനു പോലും വശത്താക്കാൻ കഴിയില്ല.

    ഒരു കാര്യം ശ്രദ്ധേയമാണു്. ആരാധന എന്ന വാക്കിന്റെ അർത്ഥം. മലയാളത്തിൽ അതിനു പൂജ ചെയ്യുക, താണു വീണു നമസ്കരിക്കുക എന്നൊക്കെ അർത്ഥം വന്നെങ്കിലും സംസ്കൃതത്തിൽ അതിനു് സന്തോഷിപ്പിക്കുക, പ്രീണിപ്പിക്കുക, വശത്താക്കുക എന്നൊക്കെയേ അർത്ഥമുള്ളൂ. എന്തു പറഞ്ഞാലും അല്പജ്ഞാനിയെ സന്തോഷിപ്പിക്കാനോ സമ്മതിപ്പിക്കാനോ പറ്റില്ല എന്നു സാരം.

    “ഒന്നുമറിയാത്ത ആളിനെ പറഞ്ഞു മനസ്സിലാക്കാന്‍ എളുപ്പമാണ്. വിവരമുള്ള ആളിനെ ഒരു കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ അതിലും എളുപ്പമാണ്. എന്നാല്‍ അല്പബുദ്ധികളെ ഒരു കാര്യം മനസ്സിലാക്കിക്കാന്‍ പടച്ചതമ്പുരാന്‍ വിചാരിച്ചാലും കഴിയില്ല” എന്നു ജിതിൻ ദാസിന്റെ തർജ്ജമ.

  2. ശ്ലോകം:

    പ്രസഹ്യ മണിമുദ്ധരേന്മകരവക്ത്രദംഷ്ട്രാന്തരാത്
    സമുദ്രമപി സന്തരേത് പ്രചലദൂർമിമാലാകുലം
    ഭുജങ്ഗമപി കോപിതം ശിരസി പുഷ്പവദ്ധാരയേത്
    ന തു പ്രതിനിവിഷ്ടമൂർഖജനചിത്തമാരാധയേത്

    അര്‍ത്ഥം:

    മകര-വക്ത്ര-ദംഷ്ട്ര-അന്തരാത് : മുതലയുടെ വായിലെ ദംഷ്ട്രങ്ങളുടെ ഇടയിൽ നിന്നു്
    പ്രസഹ്യ മണിം ഉദ്ധരേത് : അല്പം ബുദ്ധിമുട്ടിയാൽ രത്നം വലിച്ചെടുക്കാം
    പ്രചലത്-ഊർമി-മാലാ-കുലം : ഇളകുന്ന തിരമാലകൾ നിറഞ്ഞ
    സമുദ്രം അപി സന്തരേത് : കടലു പോലും നീന്തിക്കടക്കാം
    കോപിതം ഭുജംഗം അപി : ചീറ്റുന്ന പാമ്പിനെപ്പോലും
    ശിരസി പുഷ്പ-വത് ധാരയേത് : തലയിൽ പൂ പോലെ ചൂടാം
    പ്രതി-നിവിഷ്ട-മൂർഖ-ജന-ചിത്തം : ദുരഭിമാനിയായ ഒരു ഊളയുടെ മനസ്സിനെ
    ന ആരാധയേത് : വശത്താക്കാൻ പറ്റില്ല.

    ഇവിടെയും ആരാധന എന്ന വാക്കു് ഉപയോഗിച്ചിരിക്കുന്നതു് ഏതാണ്ടു് “പറഞ്ഞു മനസ്സിലാക്കുക” എന്ന അർത്ഥത്തിലാണു്. മൂർഖനെയും ശ്രദ്ധിക്കുക.

    നിങ്ങള്‍ വിചാരിച്ചാല്‍ മുതലയുടെ വാ പിടിച്ചു തുറന്ന് അതില്‍ കുടുങ്ങിയ മുത്ത് എടുക്കാം. പ്രക്ഷുബ്ധമായ കടല്‍ നീന്തിക്കടക്കാം. വേലിയില്‍ ഇരിക്കുന്ന പാമ്പിനെ ഒരു പൂമാല പോലെ മുടിയില്‍ ചൂടാം. എന്നാല്‍ ഊളകളോട് സം‌വദിച്ചു ജയിക്കാന്‍ കഴിയില്ല, ഒരിക്കലും എന്നു ജിതിൻ ദാസ്.

  3. ശ്ലോകം:

    ശക്യോ വാരയിതും ജലേന ഹുതഭുൿ ഛത്രേണ സൂര്യാതപോ
    നാഗേന്ദ്രോ നിശിതാങ്കുശേന സമദോ ദണ്ഡേന ഗോഗർദ്ദഭൗ
    വ്യാധിർഭേഷജസങ്ഗ്രഹൈശ്ച വിവിധൈർമന്ത്രപ്രയോഗൈർവിഷം
    സർവസ്യൗഷധമസ്തി ശാസ്ത്രവിഹിതം മൂർഖസ്യ നാസ്ത്യൗഷധിം

    അര്‍ത്ഥം:

    ജലേന ഹുതഭുൿ : വെള്ളം കൊണ്ടു തീയെയും
    ഛത്രേണ സൂര്യാതപഃ : കുട കൊണ്ടു വെയിലിനെയും
    നിശിത-അങ്കുശേന നാഗേന്ദ്രഃ : മൂർച്ചയുള്ള തോട്ടി കൊണ്ടു് ആനയെയും
    ദണ്ഡേന ഗോ-ഗർദ്ദഭൗ : വടി കൊണ്ടു് പശു, കഴുത എന്നിവയെയും
    ഭേഷജ-സങ്ഗ്രഹൈഃ വ്യാധിഃ : മരുന്നുകൂട്ടുകൾ കൊണ്ടു രോഗങ്ങളെയും
    വിവിധൈഃ മന്ത്ര-പ്രയോഗൈഃ വിഷം : പല തരം മന്ത്രപ്രയോഗങ്ങൾ കൊണ്ടു രോഗങ്ങളെയും
    വാരയിതും ശക്യഃ : തടയാൻ സാധിക്കും
    സർവ്വസ്യ ശാസ്ത്രവിഹിതം ഔഷധം അസ്തി : എല്ലാത്തിനും ശാസ്ത്രത്തിൽ മരുന്നുണ്ടു്.
    മൂർഖസ്യ ഔഷധിം ന അസ്തി : ഊളത്തരത്തിനു മാത്രം മരുന്നൊന്നും ഇല്ല.

    “തീപിടിച്ചാല്‍ വെള്ളമൊഴിച്ച് അണയ്ക്കാം, സണ്‍ബേണ്‍ ഉണ്ടാകാതിരിക്കാന്‍ കുടപിടിക്കാം. കൊലകൊമ്പനെ തോട്ടികൊണ്ടും പശുവിനെയും കഴുതയെയും വടിയെടുത്തും അടക്കി നിര്‍ത്താം. അസുഖത്തിനു മരുന്നു കഴിക്കാം വിഷം തീണ്ടിയാല്‍ മന്ത്രവാദം നടത്താം. അങ്ങനെ സകല പ്രശ്നങ്ങള്‍ക്കും ശാസ്ത്രത്തിനു പോം വഴിയുണ്ട് എന്നാല്‍ വിഡ്ഢിത്തരം പറയുന്നതിനു മരുന്നില്ല.” എന്നു ജിതിൻ ദാസ്.

  4. ശ്ലോകം:

    ദുർജനഃ പരിഹർത്തവ്യോ
    വിദ്യയാഽലങ്കൃതോഽപി സൻ
    മണിനാ ഭൂഷിതഃ സർപ്പഃ
    കിമസൗ ന ഭയങ്കരഃ

    അര്‍ത്ഥം:

    ദുർജ്ജനഃ : ചീത്ത ആളുകൾ
    വിദ്യയാ അലങ്കൃതഃ അപി സൻ : വിദ്യ ഉള്ളവരാണെങ്കിൽ കൂടി
    പരിഹർത്തവ്യഃ : കുറവില്ലാത്തവരല്ല.
    മണിനാ ഭൂഷിതഃ സർപ്പഃ : പാമ്പു രത്നം ധരിച്ചാലും
    ന ഭയങ്കരഃ അസൗ കിം? : ഭയങ്കരം തന്നെ അല്ലേ?

    “പരിഹർത്തവ്യഃ” എന്നതിനു പരിഹരിക്കാൻ അഥവാ നന്നാക്കാൻ പറ്റുന്നതു് എന്നർത്ഥം. ദോഷം ഉണ്ടെങ്കിലല്ലേ നന്നാക്കാൻ പറ്റൂ.

    “നീചന്മാര്‍ ഉന്നത വിദ്യാഭ്യാസം ലഭിച്ചവരാണെന്നു കരുതി അവര്‍ മെച്ചപ്പെട്ടവരാകുന്നില്ല മൂര്‍ഖന്‍ പാമ്പ് മുത്തുമാലയിട്ടാന്‍ അതിന്റെ വിഷം കുറയുമെന്ന് കരുതരുത്.” എന്നു ജിതിൻ ദാസ്.

  5. ശ്ലോകം:

    ബോദ്ധോരോ മത്സരഗ്രസ്താഃ പ്രഭവഃ സ്മയദൂഷിതാഃ
    അബോധോപഹതാശ്ചാന്യേ ജീർണമങ്ഗേ സുഭാഷിതം

    അര്‍ത്ഥം:

    ബോദ്ധാരഃ മത്സര-ഗ്രസ്താഃ : ബുദ്ധിയുള്ളവർ മത്സരബുദ്ധിയുള്ളവർ ആകുന്നു
    പ്രഭവഃ സ്മയ-ദൂഷിതാഃ : പ്രഭുക്കൾ അഹങ്കാരികളാകുന്നു
    അബോധ-ഉപഹതാഃ അന്യേ ച : ബാക്കിയുള്ളവർ ബോധമില്ലാത്തവരും ആകുന്നു.
    അംഗേ ജീർണ്ണം സുഭാഷിതം : (അതിനാൽ) സുഭാഷിതം ശരീരത്തിൽ തന്നെ നശിക്കുന്നു.

    പറഞ്ഞിട്ടു കാര്യമില്ലാത്തതു കൊണ്ടു സുഭാഷിതം പറയാതെ വായിൽത്തന്നെ ഒതുങ്ങിപ്പോകുന്നു എന്നു താത്പര്യം. നീതിശതകത്തിലെ ആദ്യത്തെ ശ്ലോകമാണു് ഇതു്. എന്നിട്ടാണു് ഭർത്തൃഹരി പിന്നുള്ള തൊണ്ണൂറ്റൊമ്പതു ശ്ലോകവും ചൊല്ലിയതു്.

    “വിവരമുള്ളവര്‍ പരസ്പരം മത്സരിച്ചു നശിക്കുന്നു. അധികാരികള്‍ അഹങ്കാരം കൊണ്ട് നശിക്കുന്നു. വിവരമില്ലാത്തവര്‍ വിവരമില്ലായ്മകൊണ്ട് നശിക്കുന്നു.ആരോട്‌ പറയാൻ, ആരു കേൾക്കാൻ… ഈ സുഭാഷിതം എന്റെയുള്ളില്‍ തന്നെ കിടന്ന് നശിച്ചോട്ടെ” എന്നു ജിതിൻ ദാസ്.

സുഭാഷിതം

Comments (4)

Permalink

വാഗ്ഭൂഷണം ഭൂഷണം!

ഭർത്തൃഹരിയുടെ നീതിശതകത്തിൽ നിന്നു് ഒരു ശ്ലോകം:

ശ്ലോകം:

കേയൂരാണി ന ഭൂഷയന്തി പുരുഷം, ഹാരാ ന ചന്ദ്രോജ്ജ്വലാ,
ന സ്നാനം, ന വിലേപനം, ന കുസുമം, നാലംകൃതാ മൂര്‍ദ്ധജാ,
വാണ്യേകാ സമലംകരോതി പുരുഷം യാ സംസ്കൃതാ ധാര്യതേ –
ക്ഷീയന്തേ ഖലു ഭൂഷണാനി സതതം, വാഗ്ഭൂഷണം ഭൂഷണം

അര്‍ത്ഥം:

പുരുഷം : പുരുഷനെ
കേയൂരാണി ന ഭൂഷയന്തി : തോൾവളകൾ അലങ്കരിക്കുന്നില്ല
ന ചന്ദ്രോജ്ജ്വലാ ഹാരാ : ചന്ദ്രനെപ്പോലെ ഭംഗിയുള്ള മാലകളോ
ന സ്നാനം : കുളിയോ
ന വിലേപനം : (ചന്ദനവും സുഗന്ധദ്രവ്യങ്ങളും) പൂശുന്നതോ
ന കുസുമം : പൂ ചൂടുന്നതോ
ന അലംകൃതാ മൂര്‍ദ്ധജാ : ഭംഗിയാക്കി വെച്ചിരിക്കുന്ന തലമുടിയോ
(ന ഭൂഷയന്തി) : അലങ്കരിക്കുന്നില്ല
യാ സംസ്കൃതാ ധാര്യതേ (സാ) വാണീ : സംസ്കാരം വഹിക്കുന്ന വാക്കു്
ഏകാ : അതൊന്നു മാത്രം
പുരുഷം സം-അലംകരോതി : പുരുഷനെ അലങ്കരിക്കുന്നു
സതതം ഭൂഷണാനി ക്ഷീയന്തേ ഖലു : എല്ലാക്കാലത്തും അലങ്കാരങ്ങളും ആഭരണങ്ങളും നശിച്ചു പോകും
വാഗ്ഭൂഷണം ഭൂഷണം : വാക്കു് എന്ന ഭൂഷണം മാത്രം നിലനിൽക്കുന്നു

തോൾവള എന്ന സാധനം മാത്രം ഒഴിവാക്കിയാൽ സംഭവം ഇപ്പോഴും കിറുകൃത്യം. പ്രത്യേകിച്ച് ചാനൽ ചർച്ചകളിൽ കുളിച്ചൊരുങ്ങി വന്നിരുന്നു് അസംബന്ധം പുലമ്പുന്ന പുമാന്മാർക്കു്.


പണ്ടു് സുഭാഷിതത്തിൽ ഒരു ശ്ലോകമിട്ടാൽ ആളുകൾ വന്നു് അതിന്റെ പരിഭാഷകൾ കമന്റായി ഇടുന്ന പതിവുണ്ടായിരുന്നു. ബ്ലോഗ് സോഷ്യൽ മീഡിയയ്ക്കു വഴി മാറിയപ്പോൾ ഇവരെയൊന്നും ടാഗ് ചെയ്യാൻ നിവൃത്തിയില്ലല്ലോ. രാജേഷ് വർമ്മ, സന്തോഷ് പിള്ള, സിദ്ധാർത്ഥൻ, പയ്യൻസ് തുടങ്ങിയവർ ഈ പരിസരത്തുണ്ടെങ്കിൽ ഇവിടെ എത്തണം എന്നു് അപേക്ഷിക്കുന്നു.

സുഭാഷിതം

Comments (10)

Permalink

കാലനെക്കാൾ ക്രൂരനായ വൈദ്യൻ

ശാർങ്ഗധരകവിയുടെ ലടകമേളകനാടകത്തിലേതെന്നു പറയപ്പെടുന്ന ഒരു ശ്ലോകം:

ശ്ലോകം:

വൈദ്യഃ ക്രൂരോ, യമഃ ക്രൂരോ
വൈദ്യഃ ക്രൂരോ യമാദപി
യമോ ഹരത്യസൂനേവ
വൈദ്യസ്തു സവസൂനസൂൻ

അര്‍ത്ഥം:

വൈദ്യഃ ക്രൂരഃ : വൈദ്യൻ ക്രൂരനാണു്
യമഃ ക്രൂരഃ : കാലനും ക്രൂരനാണു്
വൈദ്യഃ യമാത് അപി ക്രൂരഃ : വൈദ്യൻ കാലനെക്കാളും ക്രൂരനാണു്
: (കാരണം,)
യമഃ അസൂൻ ഏവ ഹരതി : കാലൻ ജീവനെ മാത്രമാണു് അപഹരിക്കുന്നതു്
വൈദ്യഃ തു : വൈദ്യനാകട്ടേ
സ-വസൂൻ അസൂൻ : ധനത്തോടു കൂടി ജീവനെ
(ഹരതി) : (അപഹരിക്കുന്നു)

ഇതേ ജനുസ്സിൽ പെടുന്ന മറ്റൊരു ശ്ലോകം. ഇവിടെ വൈദ്യനെ കാലന്റെ സഹോദനനാക്കിയിരിക്കുകയാണു്. നിന്ദാസ്തുതിയ്ക്കു് ഉത്തമോദാഹരണം.

ശ്ലോകം:

വൈദ്യരാജ! നമസ്തുഭ്യം
യമരാജസഹോദരം
യമസ്തു ഹരതി പ്രാണാൻ
വൈദ്യഃ പ്രാണാൻ ധനാനി ച

വൈദ്യരാജ! : അല്ലയോ വൈദ്യരാജാ
യമരാജസഹോദരം തുഭ്യം നമഃ : കാലന്റെ സഹോദരനായ നിന്നെ നമസ്കരിക്കുന്നു
യമഃ പ്രാണാൻ ഹരതി തു : യമൻ ജീവിതങ്ങളെ അപഹരിക്കുന്നു
വൈദ്യഃ : വൈദ്യനാകട്ടേ
പ്രാണാൻ ച ധനാൻ : ജീവിതങ്ങളെയും ധനങ്ങളെയും
(ഹരതി) : (അപഹരിക്കുന്നു)

മനുഷ്യരെയും ജന്തുക്കളെയും രോഗത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷപെടുത്താൻ പലപ്പോഴും സ്വന്തം ആരോഗ്യവും ജീവനും അപകടപ്പെടുത്തി കഠിനശ്രമം ചെയ്യുന്ന വൈദ്യനെപ്പറ്റി പഴയ ഭാരതത്തിലെ കവികൾക്കും വലിയ അഭിപ്രായമില്ലായിരുന്നു എന്നു് ഈ ശ്ലോകം വ്യക്തമാക്കുന്നു. വൈദ്യൻ പണം വാങ്ങുന്നു എന്നാണു പരാതി. വൈദ്യൻ വാങ്ങുന്ന പണത്തിന്റെ നല്ലൊരു പങ്കു് അയാൾ സംഭരിക്കുന്ന മരുന്നുകളുടെ വിലയും അതിന്റെ പണിക്കായി ചെലവഴിക്കുന്ന സമയത്തിന്റെ കൂലിയുമായിട്ടും പണക്കൊതിയനായാണു് വൈദ്യനെ പലപ്പോഴും ചിത്രീകരിക്കുന്നതു്. കൊട്ടാരം വൈദ്യന്മാർക്കും മറ്റും സമൂഹത്തിൽ നല്ല സ്ഥാനമുണ്ടെന്നതു ശരി തന്നെ. പക്ഷേ, പഠിച്ച വിദ്യ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കുന്ന അദ്ധ്യാപകരെയും രാജാവു ചൂണ്ടിക്കാണിക്കുന്നവരെ വെട്ടിക്കൊല്ലുന്ന പടയാളികളെയും പ്രകീർത്തിക്കുന്ന കവികളാരും ഒരു വൈദ്യനെപ്പറ്റി നല്ല രണ്ടു വരി എഴുതിയിട്ടില്ല.


നിത്യവൃത്തിയിലെ ശുദ്ധി എന്നും ഒരു പ്രശ്നമായിരുന്നു. വൃത്തികെട്ട വസ്തുക്കളെ കൈകാര്യം ചെയ്യുന്ന ജോലികൾ ചെയ്യുന്നവരെയെല്ലാം നികൃഷ്ടരായി കരുതിപ്പോന്നു. തോട്ടികളും ക്ഷുരകനും വീടു വൃത്തിയാക്കുന്നവരും വസ്ത്രമലക്കുന്നവരുമൊക്കെ നികൃഷ്ടരായതു് അങ്ങനെയാണു്. അക്കൂട്ടത്തിൽത്തന്നെ വ്രണങ്ങൾ വെച്ചുകെട്ടുകയും ശരീരത്തിന്റെ വൃത്തികെട്ട ഭാഗങ്ങളിലൊക്കെ സ്പർശിക്കേണ്ടി വരുകയും ചെയ്യുന്ന വൈദ്യനു് പൂജ ചെയ്യുകയും ധനം കൈകാര്യം ചെയ്യുകയും ഉപദേശങ്ങൾ നൽകുകയും ഉരുവിട്ടു പഠിപ്പിക്കുകയും ചെയ്യുന്നവർക്കുള്ള പവിത്രത ഉണ്ടായില്ല. അവരുടെ പ്രവൃത്തികളിൽ പ്രകീർത്തിക്കത്തക്കതായ ഒന്നും കവികളൊന്നും കണ്ടുമില്ല. ഈശ്വരനോടു് ഉപമിക്കുമ്പോൾ മാത്രമാണു് വൈദ്യനു് ഒരല്പം സ്തുതി കിട്ടുന്നതു്.

വൈദ്യനെ ഹിംസ ചെയ്യുന്നവനായും കണ്ണിൽ ചോരയില്ലാത്തവനായും ചിത്രീകരിക്കുന്നതിൽ നിന്നാണു് യമനെക്കാൾ ക്രൂരനായവനാണു് എന്ന പ്രയോഗം വരുന്നതു്. ജീവൻ തിരിച്ചു കിട്ടാൻ സഹായിക്കുന്നവനല്ല വൈദ്യൻ, മറിച്ചു് ജീവൻ ധനത്തോടൊപ്പം അപഹരിക്കുന്നവനാണു്. ചാവൻ നേരത്തു് അന്ത്യകൂദാശ കൊടുക്കുന്നവനും ചത്തു കഴിഞ്ഞു ബലികർമ്മങ്ങൾ ചെയ്യാൻ സഹായിക്കുന്നവനും കിട്ടുന്ന പുണ്യം പോലും ജീവൻ രക്ഷിക്കാൻ പരിശ്രമിച്ച വൈദ്യനു് അർഹതയില്ല.


വൈദ്യനു് ബഹുമാനം കൊടുക്കാത്തതിനു മറ്റൊരു കാരണം കൂടിയുണ്ടു്. മനുഷ്യന്റെ ആയുസ്സു നിർണ്ണയിക്കുന്നതു ദൈവമോ വിധിയോ ആണു്, വൈദ്യനു് യാതൊരു കാര്യവും അതിലില്ല എന്ന സിദ്ധാന്തം വളരെ വ്യാപകമാണു്. വൈദ്യൻ എന്തു ചെയ്താലും “ആയുസ്സെത്തിയാൽ” മരിക്കും. സമയമായില്ലെങ്കിൽ എന്തു സംഭവിച്ചാലും മരിക്കില്ല, എല്ലാത്തിനും അതിന്റേതായ സമയമുണ്ടു് എന്നാണല്ലോ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന വിശ്വാസം. അതുകൊണ്ടു തന്നെയാണല്ലോ ചെയ്ത വഴിപാടുകൾക്കും നടത്തിയ പൂജകൾക്കും ചൊല്ലിയ പ്രാർത്ഥനകൾക്കും പരിഹാരക്രിയകൾ കൊണ്ടു് നേർവഴിക്കു തിരിച്ചു വിട്ട ഗ്രഹങ്ങൾക്കും ചികിത്സിച്ച വൈദ്യനെക്കാളും ക്രെഡിറ്റ് കിട്ടുന്നതു്. വിധിയ്ക്ക് വിധി നടത്താനുള്ള ഒരു പാവ മാത്രമാണു വൈദ്യൻ! എത്ര മിടുക്കനായ വൈദ്യൻ എന്തൊക്കെ ചെയ്താലും എല്ലാം ദൈവത്തിന്റെ കയ്യിലാണു് എന്നാണല്ലോ അവസാനവാക്കു്!

ഈ സിദ്ധാന്തം പക്ഷേ മറ്റു ചില പ്രവൃത്തികൾ ചെയ്യുന്നവരെപ്പറ്റി പറയുമ്പോൾ മറന്നു പോകുന്നു. പഠിക്കാൻ യോഗമുണ്ടെങ്കിൽ അദ്ധ്യാപകനില്ലെങ്കിലും പഠിക്കില്ലേ? ഒരു രാജ്യത്തിനു നന്നാവാൻ യോഗമുണ്ടെങ്കിൽ അവിടെ വില്ലാളിവീരന്മാരില്ലെങ്കിലും നന്നാവില്ലേ? വിധിയനുസരിച്ചാണു് എല്ലാം നടക്കുന്നതെങ്കിൽ ഏതെങ്കിലും പ്രവൃത്തിയ്ക്കു മാഹാത്മ്യമുണ്ടോ? പിന്നെന്തിനാണു് അവയിൽ ചിലതിനെപ്പറ്റി വാ തോരാതെ വാചാലരാകുന്നതു്?


ആധുനികകാലത്തു് വൈദ്യന്മാർ ഡോക്ടർമാർക്കു വഴി മാറി. അദ്ധ്യാപകർക്കും പടയാളികൾക്കും, അവർ ഇന്നു ജോലി ചെയ്യുന്നതു വെറും ശമ്പളത്തിനാണെങ്കിൽ കൂടി, പുതിയ മാനങ്ങൾ കൈവന്നു.

ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യം മനുഷ്യൻ മനസ്സിലാക്കിയതോടെ ഡോക്ടറുടെ ജോലിയ്ക്കു കുറേയൊക്കെ മാന്യത കിട്ടുകയും അവർക്കു നല്ല വേതനം കിട്ടുകയും ചെയ്തു. പക്ഷേ ആതുരസേവനത്തിലേർപ്പെടുന്നവരോടുള്ള അവജ്ഞ പല രൂപത്തിൽ ഇന്നും മനസ്സുകളിൽ നിലകൊള്ളുന്നു.

എല്ലാ മേഖലകളിലും ഉള്ളതുപോലെ ശുശ്രൂഷാരംഗത്തും ധാരാളം കള്ളത്തരങ്ങൾ ഉണ്ടെന്നുള്ളതു ശരി തന്നെ. എങ്കിലും വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചാണു് ഡോക്ക്ടർമാരും നേഴ്സുമാരും തങ്ങളുടെ ജോലി നിർവ്വഹിക്കുന്നതു്. ഇത്രയൊക്കെ ചെയ്തിട്ടും രോഗി മരിച്ചാൽ ഡോക്ടറെ തല്ലാനാണു് ആദ്യശ്രമം. ആയുസ്സെത്തുന്ന തിയറിയ്ക്കു് അപ്പോൾ പ്രസക്തിയില്ല. രോഗം ഭേദമായാലേ ആയുസ്സും പൂജയുമൊക്കെ തല നീട്ടൂ.

ഇതിന്റെയൊക്കെക്കൂടെയാണു് പ്രകൃതിചികിത്സകരുടെയും മുറിവൈദ്യന്മാരുടെയും പഴയ കാലത്തു് എല്ലാം ഒലക്കയായിരുന്നെന്നും വാദിക്കുന്നവരുടെയും വെള്ളപ്പാച്ചിൽ. ആധുനികവൈദ്യശാസ്ത്രമാണു് ലോകത്തിലെ എല്ലാ രോഗങ്ങളും കൊണ്ടു വന്നതു് എന്ന വാദം വേറെ. പല കാലഘട്ടങ്ങളിലെ ശരാശരി ആയുർദൈർഘ്യം നോക്കിയാൽ മാത്രം മതി ആധുനികവൈദ്യത്തിന്റെ സംഭാവന മനസ്സിലാക്കാൻ. രോഗനിർണ്ണയത്തിനു് ഉപാധികൾ ഇല്ലായിരുന്ന കാലത്തു് അജ്ഞാതമായിരുന്ന രോഗങ്ങൾ ശാസ്ത്രം പുരോഗമിച്ചതോടു കൂടി അറിയപ്പെട്ടതാണു്. അല്ലാതെ അവ ഇല്ലാതിരുന്നതല്ല. ആധുനികവൈദ്യത്തിൽ മുഴുവൻ കെമിക്കൽസ് ആണു് (ഞങ്ങളുടേതു് ശുദ്ധവും പ്രകൃതിജന്യവുമാണു്. ആ പിന്നെ!), രോഗത്തെയല്ല രോഗലക്ഷണത്തെയാണു് അവർ ചികിത്സിക്കുന്നതു് എന്നൊക്കെയാണു മനുഷ്യശരീരത്തെപ്പറ്റി ഒരു ഗ്രാഹ്യവുമില്ലാത്ത ഈ മുറിവൈദ്യന്മാർ തട്ടിമൂളിക്കുന്നതു്. എല്ലാ രോഗത്തിനും അവരുടെ കയ്യിൽ ചികിത്സയുമുണ്ടു്. രോഗം മൂർച്ഛിച്ചാൽ ആശുപത്രിയിലേക്കു തള്ളി വിടും. രോഗി മരിച്ചാൽ മോഡേൺ മെഡിസിനെ കുറ്റം പറയുകയും ചെയ്യും.


“സുഭാഷിതം” എന്ന പേരിൽ ഈ ശ്ലോകം പ്രസിദ്ധീകരിക്കുന്നതിനു ലജ്ജയുണ്ടു് – അതിനി തമാശയായി പറഞ്ഞതാണു് എന്നു വാദിച്ചാൽ കൂടി. കാരണം, പന്ത്രണ്ടാം നൂറ്റാണ്ടിലെ കവി പറഞ്ഞ അഭിപ്രായം ഇന്നും മനുഷ്യരുടെ മനസ്സിൽ രൂഢമൂലമായി കിടക്കുന്നതാണു്.

മനുഷ്യന്റെ ആരോഗ്യം നന്നാക്കാൻ വേണ്ടി ലക്ഷക്കണക്കിനു കുഞ്ഞുജീവികളിൽ പരീക്ഷണം നടത്തിയും, സ്വന്തം ജീവൻ പണയപ്പെടുത്തി പല തരം ഗവേഷണങ്ങൾ നടത്തിയും, അവിരാമമായി ജ്ഞാനസമ്പാദനം നടത്തുകയും മുമ്പുണ്ടായിരുന്ന തെറ്റുകൾ യഥാകാലം തിരുത്തുകയും ചെയ്യുന്ന ശാസ്ത്രജ്ഞർക്കും, അവർ കണ്ടുപിടിച്ച തത്ത്വങ്ങളെ ജനോപകാരത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന ചികിത്സാരംഗത്തു ജോലി ചെയ്യുന്ന എല്ലാവർക്കും തല കുനിച്ചു് ഒരു നമസ്കാരം!

സുഭാഷിതം

Comments (6)

Permalink

കവിതയും ശാസ്ത്രജ്ഞന്മാരും

ഈ ശ്ലോകം എഴുതിയതാരാണെന്നു് അറിയില്ല. ഉള്ളൂരിന്റെ ‘വിജ്ഞാനദീപിക’യിലാണെന്നു തോന്നുന്നു, പണ്ടു വായിച്ചതാണു്.

ഇതു് ബില്‌ഹണൻ എന്ന കവിയുടെ “കാശ്മീരിന്റെ ചരിത്രകാവ്യം” എന്ന കൃതിയിലെയാണെന്നു് രവി കാവനാടു് ചൂണ്ടിക്കാട്ടി. ശ്ലോകത്തിലെ ചില തെറ്റുകൾ തിരുത്തുകയും ചെയ്തു. രവിയ്ക്കു വളരെ നന്ദി.

നൈവ വ്യാകരണജ്ഞമേതി പിതരം, ന ഭ്രാതരം താർക്കികം,
ദൂരാത് സങ്കുചിതേവ ഗച്ഛതി പുനശ്ചണ്ഡാലവച്ഛാന്ദസാത്,
മീമാംസാനിപുണം നപുംസകമിതി ജ്ഞാത്വാ നിരസ്താദരാ
കാവ്യാലങ്കരണജ്ഞമേവ കവിതാകാന്താ വൃണീതേ സ്വയം.

(കവിതാ-കാന്താ) : (കവിതയെന്ന പ്രിയതമ)
പിതരം ഏവ വ്യാകരണ-ജ്ഞം ന ഏതി : അച്ഛനാണെന്നു പറഞ്ഞു് വ്യാകരണമറിയാവുന്നവന്റെ അടുത്തു പോകുകയില്ല
ന ഭ്രാതരം താർക്കികം : ആങ്ങളയായ തർക്കശാസ്ത്രജ്ഞന്റെ അടുത്തും.
ചണ്ഡാലവത് ഇവ ദൂരാത് ഛാന്ദസാത് : ഛന്ദശ്ശാസ്ത്രം പഠിച്ചവന്റെ അടുത്തുനിന്നു് ചണ്ഡാലനെയെന്ന പോലെ ദൂരത്തു്
പുനഃ സങ്കുചിതാ ഗച്ഛതി : സങ്കോചത്തോടു കൂടി ഓടുന്നു
മീമാംസാ-നിപുണം നപുംസകം ഇതി : മീമാംസയിൽ പണ്ഡിതനായവനെ നപുംസകമാണെന്നു
ജ്ഞാത്വാ നിരസ്ത-ആദരാ : മനസ്സിലാക്കി ആദരവു നിഷേധിക്കുന്നു
കാവ്യ-അലങ്കരണ-ജ്ഞം ഏവ : കാവ്യത്തിലും അലങ്കാരത്തിലും വിവരമുള്ളവനെ മാത്രം
കവിതാ-കാന്താ : കവിതയെന്ന പ്രിയതമ
സ്വയം വൃണീതേ : സ്വയം വരിക്കുന്നു

ഒരേ സമയത്തു തന്നെ കവിതയെഴുതാൻ അറിവു വേണമെന്നും, എന്നാൽ ചില അറിവുകൾ (അന്നത്തെ ശാസ്ത്രങ്ങൾ) ഉണ്ടാകുന്നതു് കവിത അടുക്കാൻ തടസ്സമാകും എന്നും പറയുന്ന ശ്ലോകം.

കവിതയെന്നല്ല, ഏതു നല്ല സാഹിത്യം എഴുതാനും നല്ല വായന ആവശ്യമാണു്. (ഒരിക്കൽ ഇതു പറഞ്ഞപ്പോൾ മറുചോദ്യം വന്നതു് “ആദികവിയായ വാല്‌മീകി എങ്ങനെ കവിതയെഴുതി?” എന്നാണു്. വാല്‌മീകി ആദികവിയാണെന്നു സമ്മതിച്ചാൽത്തന്നെ, അദ്ദേഹത്തിനു മുമ്പും കവിത പാട്ടുകളുടെ രൂപത്തിലും മറ്റും ഉണ്ടായിരിക്കണം. അവ കേട്ടതിൽ നിന്നും മറ്റു പലരും അതിനു മുമ്പു രചിച്ച വികലമായ കവിതകളിൽ നിന്നുമൊക്കെയാവണം രാമായണം ഉണ്ടായതു്. നാമറിയുന്ന ആദികാവ്യമാണു രാമായണം. അതിനു മുമ്പു് കവിതയേ ഉണ്ടായിരുന്നില്ല എന്നു പറയുന്നതു തെറ്റാണു്.) അല്ലാതെ ജന്മസിദ്ധമായ കഴിവു കൊണ്ടല്ല മനുഷ്യൻ കവിത എഴുതുന്നതു്.

കവിത്വം മറ്റേതു കലയേയും പോലെ തന്നെയാണു്. അതു ജന്മസിദ്ധമായി കിട്ടുന്നതല്ല, ആർ‌ജ്ജിക്കുന്നതാണു്. (ശ്രമിക്കുന്നവർക്കെല്ലാം കിട്ടുമോ എന്ന ചോദ്യത്തിന്റെ ഉത്തരം വളരെ സങ്കീർണ്ണമാണു്. ശ്രമത്തോടൊപ്പം അതിനനുകൂലവും പ്രതികൂലവുമായ ഓരോ സാഹചര്യവും ഏതു കഴിവിനെയും ബാധിക്കുന്നുണ്ടു്. ഒരേ സാഹചര്യത്തിൽ വളരുന്ന രണ്ടു പേരിൽ ഒരാൾക്കു മാത്രം ചില കാര്യങ്ങളിൽ പ്രാവീണ്യമുണ്ടാകുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം അവിടെക്കിടക്കുന്നു.) ആ അർത്ഥത്തിൽ “കാവ്യവും അലങ്കാരവും അറിയാവുന്നവനു മാത്രമേ കവിത വഴങ്ങൂ” എന്ന പ്രസ്താവന അന്നത്തെ കവിതാനിർ‌വ്വചനമനുസരിച്ചു ശരിയാണു്.

അതേ സമയം അതോടൊപ്പമുള്ള “ശാസ്ത്രമറിയാവുന്നവനു കവിത വഴങ്ങില്ല” എന്ന പ്രസ്താവം കൂടുതൽ നിരൂപണം അർഹിക്കുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന ശാസ്ത്രങ്ങൾ സാഹിത്യവുമായി ബന്ധപ്പെട്ട ശാസ്ത്രങ്ങൾ തന്നെയാണെന്നതു ശ്രദ്ധിക്കുക. വ്യാകരണവും വൃത്തശാസ്ത്രവും നിരുക്തവും മീമാംസയുമൊക്കെ കവിതയെ കൂച്ചുവിലങ്ങിടും എന്ന തത്ത്വം തന്നെയാണു് വ്യാകരണശുദ്ധിയുള്ളതും ശാർദ്ദൂലവിക്രീഡിതവൃത്തനിബദ്ധവുമായ ഈ ശ്ലോകത്തിൽ കവി പറയുന്നതു്. (“ശങ്കാപേതമുദിക്കുമര്‍ത്ഥരുചിയെ, ങ്ങെങ്ങാ വെറും ശബ്ദമാമങ്കോലക്കുരുവിന്റെയെണ്ണയിലെഴുന്നജ്ജാലകൌതൂഹലം?” എന്നു ദ്വിതീയാക്ഷരപ്രാസത്തെ “വിമർശിച്ച” ആശാനെയും ഇവിടെ ഓർക്കാം.) കാളിദാസന്റെയും മറ്റും ചില പ്രയോഗങ്ങൾ വ്യാകരണദൃഷ്ട്യാ തെറ്റാണെന്നുള്ള വാദങ്ങളും, പിന്നീടു് കാളിദാസൻ പറഞ്ഞതു കൊണ്ടു് അവ സാധുവാണെന്നു വൈയാകരണന്മാർ എഴുതിയതും ഇതിനോടു ചേർത്തു വായിക്കാം.

വാണീ വ്യാകരണേണ ഭാതി എന്നു പറയുമ്പോൾത്തന്നെ, വ്യാകരണത്തിലും ഛന്ദശാസ്ത്രത്തിലും തർക്കത്തിലും മീമാംസയിലുമുള്ള കടും‌പിടിത്തം കവിതയ്ക്കു തടയിടും എന്നു തന്നെയാണു് കവി ഇവിടെ പറഞ്ഞുവെയ്ക്കുന്നതു്. കുഞ്ചൻ‌നമ്പ്യാരുടെ “പൂശകൻ” തുടങ്ങി പല പ്രയോഗങ്ങൾ, വള്ളത്തോളിന്റെ “അവളിതാ പോകുന്നു കാന്താലയേ”, “ചലശ്രോണി” തുടങ്ങിയ പ്രയോഗങ്ങൾ ഇങ്ങനെ വിമർശിക്കപ്പെട്ടിട്ടുണ്ടു്. ചങ്ങമ്പുഴയുടെ കവിതകളെ വൃത്തമഞ്ജരിയിലുള്ള താളങ്ങളിൽ അല്ലാത്തതിനാൽ പാട്ടു് എന്നു് അധിക്ഷേപിച്ചിട്ടുണ്ടു്. ഇന്നും വരിമുറിക്കവിതകൾ, ശുദ്ധമലയാളമല്ലാത്ത വാക്കുകൾ എന്നൊക്കെ പറഞ്ഞു് കവിതയെ വിമർശിക്കുന്നതും വിരളമല്ല.

ചുരുക്കം പറഞ്ഞാൽ, സാഹിത്യം വായിച്ചുള്ള അറിവാണു കവിതാസ്വാദനത്തിനും കവിതാരചനയ്ക്കും വേണ്ടതു്, അതിനു പിന്നിലെ തിയറിയല്ല എന്നു തന്നെയാണു് ഈ ശ്ലോകത്തിന്റെ താത്പര്യം. കവിത പണ്ഡിതന്മാരുടെ കുത്തകയാണെന്നു കരുതിയ ഒരു സമൂഹം എന്നും ഉണ്ടായിരുന്നു എന്നു വേണം കരുതാൻ.


ഇതൊക്കെയാണെങ്കിലും, ഈ ശ്ലോകത്തിനു് ശാസ്ത്രജ്ഞന്മാർക്കു് കവിത വഴങ്ങില്ല എന്നൊരു അർത്ഥം പറയാം എന്നെനിക്കു തോന്നുന്നില്ല. എഴുതുന്നതെന്തും ശാസ്ത്രത്തിന്റെ ചട്ടക്കൂടിൽത്തന്നെ വേണമെന്നു കടും‌പിടിത്തം പിടിക്കുന്നവർക്കെതിരേ ആണു് ഈ ശ്ലോകം. സംസ്കൃതസാഹിത്യത്തിലെ പല മഹാന്മാരും അന്നത്തെ അർത്ഥത്തിൽ ശാസ്ത്രജ്ഞന്മാരും ആയിരുന്നു. ഇന്നത്തെ കാലത്തും ശാസ്ത്രവിഷയങ്ങളിൽ വ്യാപരിക്കുന്ന അനേകം കവികളെയും കലാകരെയും കാണാൻ കഴിയും.


ഇനി, മുലയെയും മുഖത്തെയും ജഘനത്തെയുമൊക്കെ ഗ്ലാൻഡുകളായി മാത്രം കണ്ടതിനും സംസ്കൃതസാഹിത്യത്തിൽ ഉദാഹരണമുണ്ടു്. വൈരാഗ്യം മൂത്തപ്പോഴാണെന്നു മാത്രം. ശൃംഗാരശതകം എഴുതിയ ഭർത്തൃഹരി വൈരാഗിയായപ്പോൾ എഴുതിയ വൈരാഗ്യശതകത്തിൽ നിന്നു് ഒരു ശ്ലോകം:

സ്തനൗ മാംസഗ്രന്ഥീ കനകകലശാവിത്യുപമിതൗ
മുഖം ശ്ലേഷ്മാഗാരം തദപി ച ശശാങ്കേന തുലിതം
സ്രവന്മൂത്രക്ലിന്നം കരിവരശിരസ്പർദ്ധി ജഘനം
മുഹുർ‌നിന്ദ്യം രൂപം കവിജനവിശേഷൈർ ഗുരുകൃതം.

സ്തനൗ മാംസ-ഗ്രന്ഥീ : (വെറും) മാംസഗ്രന്ഥികളായ മുലകളെ
കനകകലശൗ ഇതി ഉപമിതൗ : സ്വർണ്ണക്കുടങ്ങളോടാണു് ഉപമിക്കുന്നതു്
മുഖം ശ്ലേഷ്മ-ആഗാരം : കഫം ഉണ്ടാക്കുന്ന മുഖത്തെ
തത്-അപി ച ശശാങ്കേന തുലിതം : ചന്ദ്രനു തുല്യം (എന്നാണു പറയുന്നതു്)
സ്രവത്-മൂത്ര-ക്ലിന്നം ജഘനം : മൂത്രം ഒഴുകി വൃത്തികെട്ടു കിടക്കുന്ന ജഘനത്തെ
കരി-വര-ശിര-സ്പർദ്ധി : ഗജരാജന്റെ തല പോലെ (എന്നും പറയുന്നു)
മുഹുഃ നിന്ദ്യം രൂപം : വളരെ നിന്ദ്യമായ രൂപത്തെ പിന്നെയും പിന്നെയും
കവി-ജന-വിശേഷൈഃ ഗുരു-കൃതം : കവികൾ മഹത്തായി കൊണ്ടാടുന്നു

ഈ ഭർത്തൃഹരി വൈദ്യനോ ശാസ്ത്രജ്ഞനോ മറ്റോ ആയിരുന്നോ, ആർക്കറിയാം?

കൂടുതൽ വായനയ്ക്കു്:

ചുഴിഞ്ഞുനോക്കല്‍
സുഭാഷിതം

Comments (69)

Permalink

കാമാതുരന്മാരുടെ മാദ്ധ്യമങ്ങൾ

കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്തുമസ് അവധി പ്രമാണിച്ചു് ഇന്റർനെറ്റിനു തീണ്ടാപ്പാടകലെയായിരുന്നു ജീവിതം. രാജ്‌മോഹൻ ഉണ്ണിത്താൻ സംഭവമായിരുന്നു വായിച്ച അവസാനത്തെ വാർത്ത.

അങ്ങനെയിരിക്കുമ്പോഴാണു് പ്രതീക്ഷിക്കാത്ത ചില ആളുകളിൽ നിന്നു് ഒരു ശ്ലോകത്തെപ്പറ്റിയുള്ള ചോദ്യം വന്നതു്: “കാമാതുരാണാം ന ഭയം ന ലജ്ജാ” എന്ന ഭാഗം ഏതു പുസ്തകത്തിൽ നിന്നുള്ളതാണെന്നും, ആ ശ്ലോകത്തിന്റെ പൂർണ്ണരൂപം എന്താണെന്നുമായിരുന്നു ചോദ്യങ്ങൾ. പെട്ടെന്നു് എങ്ങനെ ഈ സുഭാഷിതം പ്രശസ്തമായി എന്നു് അന്വേഷിച്ചപ്പോഴാണു് (ഇതിനു മുമ്പു് ഇങ്ങനെയൊരു കൂട്ട ആവശ്യം ഉയർന്നതു് ഏതോ ആഭരണക്കടയോ തുണിക്കടയോ മറ്റോ “ഉഡുരാജമുഖീ…” എന്ന ശ്ലോകമെടുത്തു് അടിച്ചു പരത്തി വലിച്ചു നീട്ടി ഒരു പരസ്യം ഉണ്ടാക്കിയപ്പോളായിരുന്നു.) കോൺഗ്രസ്സിന്റെ തല മൂത്ത നേതാവു് നാരായൺ ദത്ത് തിവാരിയുടെ വിക്രിയകൾ റിപ്പോർട്ടു ചെയ്ത ചാനൽ അവതാരകൻ ഈ വരിയും ഉദ്ധരിച്ചിരുന്നു എന്നറിഞ്ഞതു്. അങ്ങനെ ആ വാർത്ത കേട്ടറിഞ്ഞു ചെന്നപ്പോളേയ്ക്കും ആ ശ്ലോകവും തിവാരീലീലകളുടെ സ്പെഷ്യൽ വീഡിയോ ഫുട്ടേജും അടങ്ങിയ യൂട്യൂബ് വീഡിയോ അപ്രത്യക്ഷമായിരുന്നതിനാൽ സംഗതി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഇന്നാണു് സംഗതി ഇവിടെ കണ്ടതു്. സംഭവം ശരി തന്നെ. അവതാരകൻ ഈ വരി ഉദ്ധരിക്കുന്നുണ്ടു്.

സന്ദർഭത്തിനനുസരിച്ചുള്ള സംസ്കൃതശ്ലോകങ്ങൾ ഉദ്ധരിക്കാൻ മാത്രം വിവരം വെച്ചോ ആന്ധ്രയിലെ ചാനലുകാർ എന്നായിരുന്നു എന്റെ ആദ്യപ്രതികരണം. അതിനു് സരസനായ ഒരു സുഹൃത്തു് പറഞ്ഞതിങ്ങനെ: ചില ശ്ലോകങ്ങൾ ചില സ്ഥലങ്ങളിൽ വളരെ പ്രസിദ്ധമായിരിക്കും. “വിദ്യാധനം സർ‌വ്വധനാത് പ്രധാനം” എന്നതു് കേരളത്തിലെ ഏതു കൊച്ചുകുട്ടിക്കും അറിയാവുന്ന വരിയല്ലേ? അതുപോലെ ആന്ധ്രയിലെ ഏതു കൊച്ചു കുട്ടിക്കും അറിയാവുന്ന വരിയായിരിക്കും കാമാതുരന്റേതു്!

എന്തായാലും ശ്ലോകം താഴെ. ഗരുഡപുരാണത്തിലേതാണു സംഭവം.

അർത്ഥാതുരാണാം ന സുഹൃന്ന ബന്ധുഃ
കാമാതുരാണാം ന ഭയം ന ലജ്ജാ
ചിന്താതുരാണാം ന സുഖം ന നിദ്രാ
ക്ഷുധാതുരാണാം ന ബലം ന തേജഃ

അർത്ഥ-ആതുരാണാം ന സുഹൃത്, ന ബന്ധുഃ : ധനരോഗികൾക്കു് സുഹൃത്തും ഇല്ല, ബന്ധുവുമില്ല
കാമ-ആതുരാണാം ന ഭയം, ന ലജ്ജാ : കാമരോഗികൾക്കു് പേടിയുമില്ല, നാണവുമില്ല
ചിന്ത-ആതുരാണാം ന സുഖം, ന നിദ്രാ : ചിന്താരോഗികൾക്കു് സുഖവുമില്ല, ഉറക്കവുമില്ല
ക്ഷുത്-ആതുരാണാം ന ബലം, ന തേജഃ : വിശപ്പു രോഗമായവർക്കു് ബലവുമില്ല, തേജസ്സുമില്ല

ഈ ശ്ലോകത്തിനു പല പാഠഭേദങ്ങളും ഉണ്ടു്.

  1. ഒന്നാം വരിയിൽ “ന സുഹൃത്, ന ബന്ധുഃ” എന്നതിനു പകരം “ന സഖാ, ന ബന്ധുഃ” എന്നു്. അർത്ഥം അതു തന്നെ. (അല്ലാതെ കാശുള്ളവനു കമ്യൂണിസ്റ്റുകാരൻ – സഖാവു് – ബന്ധുവല്ല എന്നല്ല.)
  2. മൂന്നാം വരിയിൽ ചിന്താതുരനു പകരം വിദ്യാതുരനെയും കണ്ടിട്ടുണ്ടു്. പഠിത്തം തലയ്ക്കു പിടിച്ചാൽ പിന്നെ സുഖിക്കാനും ഉറങ്ങാനും നിൽക്കില്ല എന്നു്.
  3. നാലാം വരി “ക്ഷുധാതുരാണാം ന രുചിർന്ന പക്വം” എന്നും ആവാം. വിശന്നുവലയുന്നവനു ഭക്ഷണത്തിന്റെ രുചിയും പാകവും പ്രശ്നമല്ല എന്നർത്ഥം.

ഈ ശ്ലോകത്തിലെ രണ്ടാം വരിയാണു് ചാനലുകാരൻ എടുത്തു ചാമ്പിയതു്. ആ വാർത്ത മുഴുവൻ തിവാരിയുടെ പ്രവൃത്തികളെ വളരെ വൃത്തികെട്ട രീതിയിൽ അധിക്ഷേപിക്കുന്നതാണെന്നു മനസ്സിലാകാൻ തെലുങ്ക് അറിയേണ്ട കാര്യമില്ല. രണ്ടോ മൂന്നോ ചിത്രങ്ങൾ തന്നെ തിരിച്ചും മറിച്ചും കാണിച്ചു് ഏതോ തെലുങ്കുപാട്ടിന്റെ അകമ്പടിയോടുകൂടി അത്രയും വലിച്ചുനീട്ടിയ ആ ചാനൽ അഭ്യാസികളുടെ ജുഗുപ്സാവഹമായ കാമരോഗത്തെക്കാൾ കൂടുതലാണോ തിവാരിയിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കാമരോഗം?

ചാനലുകളുടെയും പൊതുജനത്തിന്റെയും അവർക്കു കൂട്ടുനിൽക്കുന്ന പോലീസിന്റെയും കാമരോഗങ്ങൾക്കു് ഉദാഹരണങ്ങൾ ഈയിടെയായി ഏറെയാണു്. പ്രായപൂർത്തിയായ ആണും പെണ്ണും വിവാഹത്തിനു വെളിയിൽ രഹസ്യമായി ബന്ധപ്പെടുന്നതു കുറ്റകരമല്ലാതിരിക്കേ, അങ്ങനെയുള്ള ഏതു വാർത്തയെയും ചൊറിഞ്ഞിളക്കി പടമെടുത്തു് വീണ്ടും വീണ്ടും ടെലിവിഷനിൽ കാണിച്ചു രസിക്കുന്നതു രോഗമല്ലെങ്കിൽ പിന്നെന്താണു്? (കൊലപാതകങ്ങളെയും അക്രമങ്ങളെയും അവർ ഇങ്ങനെ തന്നെ ആസ്വദിക്കുന്നു എന്നതു മറ്റൊരു കാര്യം.) ഒരു വീട്ടിൽ നടക്കുന്ന അനാശ്യാസപ്രവർത്തനങ്ങൾ നാട്ടുകാരുടെ, പ്രത്യേകിച്ചു കൊച്ചുകുട്ടികളുടെ സന്മാർഗ്ഗതയെ ബാധിക്കുന്നു എന്നതാണു വാദമെങ്കിൽ, അവ ഇങ്ങനെ പച്ചയായി ടെലിവിഷനിൽ കാണിച്ചാൽ അതു കാണുന്നവരുടെ സന്മാർഗ്ഗതയെ ബാധിക്കില്ലേ?

തിവാരിക്കു മുമ്പേ രാജ്‌മോഹൻ ഉണ്ണിത്താനെ നമ്മൾ കണ്ടു. നാട്ടുകാരെക്കൊണ്ടു പടമെടുപ്പിക്കാനും പുലഭ്യം പറയിക്കാനും അനുവദിച്ച പോലീസിന്റെ പ്രവൃത്തിയെപ്പറ്റി എന്തു പറയാൻ? എന്തു കാര്യത്തിൽ അഭിപ്രായം പ്രകടിപ്പിക്കുമ്പോഴും അതിൽ അശ്ലീലം കൊണ്ടുവരുന്ന ഉണ്ണിത്താനെ “കാമാതുരൻ” എന്നു വിളിക്കുന്നതിൽ തെറ്റൊന്നുമില്ലെങ്കിലും, ഈ സംഭവത്തിൽ കാമരോഗം അദ്ദേഹത്തെക്കാൾ പൊതുജനത്തിനാണു്.

അതിനെക്കാൾ ഭീകരമായ ഒരു സംഭവം അതിനും കുറച്ചു മുമ്പു നടന്നു. അനാശാസ്യപ്രവർത്തനം നടക്കുന്നു എന്നു സംശയിച്ച ഒരു വീട്ടിൽ മാദ്ധ്യമങ്ങൾ – പോലീസല്ല, മാദ്ധ്യമങ്ങൾ – ഇരച്ചുകയറി അവിടെയുണ്ടായ ഒരു പെണ്ണിന്റെ പൂർണ്ണനഗ്നതയും അതിനു ശേഷം അവൾ വസ്ത്രം ധരിക്കുന്നതും ക്യാമറയിൽ പകർത്തി ടീവിയിൽ കാണിച്ചു. തെണ്ടികൾ. എന്നിട്ടു് അതിനോടു ചേർന്നു് കുറേ ഊഹാപോഹങ്ങളും അപവാദപ്രചാരണങ്ങളും. “ബിനീഷ് കോടിയേരിയെ ഒരു വേശ്യാലയത്തിൽ നിന്നും പിടികൂടി” എന്നു തുടങ്ങിയ ആരോപണം അവസാനം “ബിനീഷ് കോടിയേരിയോടു രൂപസാദൃശ്യമുള്ള ഒരാളും ആ പെണ്ണും ഉള്ള തീരെ ആഭാസമല്ലാത്ത ഒരു സാധാരണഫോട്ടോ അവളുടെ ലാപ്‌ടോപ്പിൽ നിന്നു കണ്ടെടുത്തു” എന്നു പരിണമിച്ചതു കാണുമ്പോൾ കാക്കയെ ഛർദ്ദിച്ച കഥയാണു് ഓർമ്മ വന്നതു്. ഒരു പെണ്ണിന്റെയും, അവളോടു യാതൊരു ബന്ധവുമില്ലാത്ത ഒരു പുരുഷന്റെയും സ്വകാര്യതയിൽ ഒളിഞ്ഞുനോക്കി നിയമവിരുദ്ധമല്ലാത്ത കാര്യങ്ങളെ അനാവശ്യമായി ചൊറിഞ്ഞിളക്കുന്ന ഇവരെത്തന്നെയല്ലേ “കാമാതുരന്മാർ” എന്നു വിളിക്കേണ്ടതു്?

വിവാഹിതനായ ഒരുവൻ പരസ്ത്രീയോടോ, വിവാഹിതയായ ഒരുവൾ പരപുരുഷനോടോ ബന്ധപ്പെടുകയോ ഒരു മുറിയിൽ താമസിക്കുകയോ ചെയ്യുന്നതു് തെറ്റല്ലേ? ആകാം. ഭാര്യയോടു കള്ളം പറഞ്ഞു കള്ളു കുടിക്കാൻ പോവുന്നതും, പൊതുസ്ഥലങ്ങളിൽ പുകവലിക്കുകയും ആഭാസത്തരം പറയുകയും ചെയ്യുന്നതും, പെണ്ണുങ്ങളെ കാണുമ്പോൾ വഴിയിൽ മൂത്രമൊഴിക്കാൻ ഇരിക്കുന്നതും, പെണ്ണുങ്ങളുടെയോ വികലാംഗന്റെയോ സീറ്റിൽ ഇരുന്നിട്ടു് അതിനു് അർഹതയുള്ളവർ വരുമ്പോൾ ഉറക്കം നടിക്കുന്നതും, വഴിയേ പോകുന്ന പെണ്ണിനെ അടിമുടി നോക്കി കമന്റടിക്കുന്നതും, കൈക്കൂലി കൊടുത്തു കാര്യം കാണുന്നതും, കള്ളജാതകം കാട്ടി കല്യാണം നടത്തുന്നതും പോലെയുള്ള വഞ്ചനയാകാം അവയൊക്കെ. ഇവയിലൊക്കെ വഞ്ചിക്കപ്പെടുന്നവർക്കു വഞ്ചകർക്കെതിരേ നിയമപരമായോ അല്ലാതെയോ നടപടിയെടുക്കാൻ അവകാശമുണ്ടു്. ബന്ധങ്ങൾ ഉലയാൻ ഇതൊക്കെ മതി. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ബ്ലോഗിലെഴുതുന്നവരുടെ ഭാര്യയോ ഭർത്താവോ ഇത്തരം പ്രവൃത്തികൾ ചെയ്താൽ അതിനോടു പ്രതികരിക്കുക തന്നെ വേണം. പക്ഷേ, അതു് പടമെടുക്കാനും ചൊറി മാന്താനും വരുന്നവരെ പുറം‌കാലു കൊണ്ടു തട്ടിമാറ്റിയിട്ടാവണം എന്നു മാത്രം.


ബാലൻ കെ. നായരും ജോസ് പ്രകാശും മറ്റും അവതരിപ്പിച്ചിരുന്ന റേപ്പിസ്റ്റുകളായ വില്ലന്മാരല്ല കാമാതുരന്മാർ. എല്ലാറ്റിലും കാമം മാത്രം കാണുന്നവരാണു്. ഒരു യഥാർത്ഥകാമാതുരനെ ലോകസാഹിത്യത്തിൽ ആദ്യമായി അവതരിപ്പിച്ചതു് ആരാണു്? ഒരു പക്ഷേ കാളിദാസനാവാം. അദ്ദേഹത്തിന്റെ മേഘസന്ദേശത്തിലെ യക്ഷൻ കാമാതുരനാണു്. ഭാര്യയെ പിരിഞ്ഞു് ഏതാനും മാസം ഒരു മലയിൽ ഒറ്റയ്ക്കു കഴിയേണ്ടി വന്നപ്പോൾ ഒരു ഭ്രാന്തനെപ്പോലെ ആയ അയാൾ കാണുന്നതിലൊക്കെ കാമം കാണാൻ തുടങ്ങി. മൊട്ടക്കുന്നിന്റെ മുകളിൽ മേഘം ഇരിക്കുന്നതു് അയാൾക്കു് മലർന്നു കിടക്കുന്ന ഭൂമിയുടെ ചുറ്റും വെളുത്തും അറ്റം മാത്രം കറുത്തതുമായ മുലയാണു്. കുന്നുകൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന നദി മടിക്കുത്തഴിഞ്ഞു് ഇളകിയോടുന്ന പെണ്ണാണു്. രാത്രിയിൽ കാമുകസംഗമത്തിനായി പോകുന്ന പെണ്ണുങ്ങൾക്കു മിന്നൽ വഴി വെളിച്ചം കാണിച്ചു കൊടുക്കണം എന്നും, അവരെ ശല്യപ്പെടുത്തുന്നവരെ ഇടി വെട്ടി പേടിപ്പിക്കണമെന്നും ഒക്കെ മേഘത്തിനോടു് കവി ആവശ്യപ്പെടുന്നുണ്ടു്. ചുറ്റും കാണുന്ന വള്ളികളിൽ പ്രിയയുടെ ശരീരവും, മാനിന്റെ കണ്ണുകളിൽ അവളുടെ നോട്ടവും ഒക്കെ അയാൾ കാണുന്നു. ജോസഫ് മുണ്ടശ്ശേരിയുടെ വാക്കുകൾ കടമെടുത്താൽ, കാമത്തിന്റെ കുഴൽക്കണ്ണാടിയിലൂടെ ലോകത്തെ നോക്കിക്കണ്ട ഒരുവന്റെ ജല്പനങ്ങളാണു് മേഘസന്ദേശം മുഴുവൻ. മറ്റുള്ള കവികൾ വീരഗാഥകൾ മാത്രം എഴുതിക്കൊണ്ടിരുന്ന കാലത്തു് നൂറ്റാണ്ടുകൾക്കു ശേഷം മാത്രം ലോകം കണ്ട കാല്പനികകവിതയുടെ ആദ്യത്തെ ഉദാഹരണം അതിമനോഹരമായി ചമച്ച കാളിദാസനെ വ്യത്യസ്തനാക്കുന്നതും മനുഷ്യമനസ്സിനെ അപഗ്രഥിക്കാനുള്ള ഈ പാടവമാണു്.

ദൗർഭാഗ്യവശാൽ, അന്തസ്സത്ത അധികം മനസ്സിലാക്കപ്പെടാത്ത ഒരു കൃതിയാണു മേഘസന്ദേശം. അതിനെ ഒരു ഭർത്താവു ഭാര്യയ്ക്കു കൊടുത്തയയ്ക്കുന്ന സന്ദേശവും അതിനോടു ചേർന്ന റൂട്ട്‌മാപ്പുമായി ജനം തെറ്റിദ്ധരിച്ചു. അതിനെ അവലംബിച്ചു സന്ദേശകാവ്യങ്ങൾ എന്ന പേരിൽ വന്ന ക്ഷുദ്രകൃതികളെല്ലാം (അതിൽ നമ്മുടെ മയൂരസന്ദേശവും ഉൾപ്പെടും) കാളിദാസന്റെ ഭാവനയെ കൊന്നു കൊലവിളിച്ചു. സന്ദേശം കൊണ്ടുപോകേണ്ട മയിൽ ഇരുന്നു പോകേണ്ട വള്ളത്തെയും ശുകം സന്ദർശിക്കുന്ന ക്ഷേത്രത്തിലെ ശാന്തിക്കാരൻ തലയിൽ വഹിക്കുന്ന വിഗ്രഹത്തെയും മറ്റും വർണ്ണിച്ചും, വഴിയിലുള്ള നഗരങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും വിസ്തരിച്ചും, സന്ദേശമയയ്ക്കുന്നവന്റെ മാനസികാവസ്ഥയെ തീരെ ഗൗനിക്കാതെ പടച്ചുവിട്ട ഈ കൃതികളിൽ കാളിദാസൻ പറഞ്ഞതു പോലെ തന്നെ വഴി അല്പം വളച്ചായാലും ഒരു പ്രത്യേകസ്ഥലത്തു പോകാതെ പോകരുതു് എന്നും പറയുന്നുണ്ടു്. ഗതാനുഗതികത്വത്തിന്റെ ഏറ്റവും വികൃതമായ ഉദാഹരണങ്ങളിലൊന്നാണു് സന്ദേശകാവ്യങ്ങൾ. മേഘസന്ദേശവും ശീവൊള്ളിയുടെ ദാത്യൂഹസന്ദേശവും മാത്രം അപവാദങ്ങൾ.

കാമം രോഗമായ രണ്ടു കഥാപാത്രങ്ങളെ ഈയിടെ രണ്ടു ബ്ലോഗുകഥാകൃത്തുകൾ കാണിച്ചു തന്നു. പപ്പൂസിന്റെ സെക്സ്കാപെയ്ഡ് എന്ന കഥ ചുറ്റും കാണുന്നതിലെല്ലാം കാമം മാത്രം കാണുന്ന ഒരു ഹൈസ്കൂൾ കുട്ടിയുടെ ചിത്രം വളരെ മനോഹരമായി വരച്ചുകാട്ടുന്നു. സമകാലികമലയാളത്തിന്റെ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച രാജേഷ് വർമ്മയുടെ കാമകൂടോപനിഷത്തു് എന്ന നീണ്ടകഥയിലെ കെ. സി. കൃഷ്ണകുമാറിനും പപ്പൂസിന്റെ കഥാപാത്രത്തോടു വളരെ സാദൃശ്യമുണ്ടു്.

ഷാനിമോളുടെ ചരിത്രത്തിലും ബൃന്ദാ കാരാട്ടിന്റെ തുടയിലും സൂഫിയാ മദനിയുടെ ശരീരത്തിലും അശ്ലീലം മാത്രം കണ്ട ഉണ്ണിത്താനു് കാമാതുരൻ എന്ന പേരു നന്നായി ചേരും. അതു മഞ്ചേരി സംഭവം കൊണ്ടല്ല എന്നു മാത്രം.


പണ്ടു് ആരോ സാഹിത്യത്തെ മൂന്നായി തരം തിരിച്ചു:

  1. മണ്ണുനോക്കിസ്സാഹിത്യം: ഭൂമി, രാജ്യം, ധനം എന്നിവയെ ചുറ്റിപ്പറ്റിയുള്ള കഥ പറയുന്ന സാഹിത്യം. ഉദാഹരണം: മഹാഭാരതം, മാക്ബത്ത്.
  2. പെണ്ണുനോക്കിസ്സാഹിത്യം: പെണ്ണിനെ ചുറ്റിപ്പറ്റിയുള്ള സാഹിത്യം. ഉദാഹരണം: രാമായണം, ഇലിയഡ്, ഒഥല്ലോ.
  3. വിണ്ണുനോക്കിസ്സാഹിത്യം: ആദ്ധ്യാത്മികം, ഫിലോസഫി. ഉദാഹരണം: ഭഗവദ്ഗീത, ബൈബിൾ (പുതിയ നിയമം), ഖുറാൻ.

ഈ മൂന്നു വിഭാഗങ്ങളും അവയുടെ സങ്കരങ്ങളും ചേർന്നു് ലോകത്തെ എല്ലാ സാഹിത്യത്തെയും നിർ‌വചിക്കുന്നു എന്നായിരുന്നു ഈ സമ്പ്രദായം ഉണ്ടാക്കിയ ആളുടെ കണക്കുകൂട്ടൽ. പക്ഷേ, പിൽക്കാലത്തു്, എല്ലാ സാഹിത്യത്തെയും സൂചിപ്പിക്കണമെങ്കിൽ ഒരു വിഭാഗം കൂടി വേണമെന്നു മനസ്സിലായതിനാൽ ആരോ ഒന്നു കൂടി ചേർത്തു: പുണ്ണുനോക്കിസ്സാഹിത്യം. എവിടെ പുണ്ണുണ്ടോ എന്നു നോക്കി അതിനെപ്പറ്റി മാത്രം എഴുതുന്ന സാഹിത്യം. (ഉദാഹരണങ്ങൾ നമ്മുടെ മലയാളം ബ്ലോഗുലകത്തിൽ ഇഷ്ടം പോലെ ഉണ്ടു്.)

ദൃശ്യകലകൾക്കും ഇങ്ങനെയൊരു തരംതിരിവുണ്ടാക്കിയാൽ, ടെലിവിഷൽ ചാനലുകാർ അവതരിപ്പിക്കുന്ന കലയെ “പുണ്ണുനോക്കിക്കല” എന്നു വിളിച്ചാൽ പോരാ, “പുണ്ണുണ്ടാക്കിനോക്കിക്കല” എന്നു വിളിക്കേണ്ടി വരും. സമൂഹത്തിൽ പ്രദർശിപ്പിക്കാൻ പുണ്ണില്ലെങ്കിൽ അതുണ്ടാക്കാനും അവർ മടിക്കില്ല. ഒരു ബോളിവുഡ് നടനെ അനാശാസ്യപ്രവർത്തനത്തിനു കുടുക്കാൻ ഒരു ചാനൽ പെണ്ണു് അയാളുടെ അടുത്തു ചെന്നു് ശൃംഗരിച്ചു് രതി വാഗ്ദാനം ചെയ്തു് അതു ക്യാമറയിൽ പകർത്തിയതു് അല്പകാലം മുമ്പാണു്. (രാജേഷ് വർമ്മയുടെ കഥ ഇവിടെയും ഓർമ്മിക്കാം.) തിവാരിയുടെ കഥയിലും ഇത്രയും കാലം അദ്ദേഹത്തിനു പെൺ‌കുട്ടികളെ കൂട്ടിക്കൊടുത്ത പെൺ‌പിമ്പ് ചോദിച്ചതൊക്കെ കൊടുക്കാഞ്ഞപ്പോൾ കരുതിക്കൂട്ടി കുടുക്കിയതാണു് എന്നല്ലേ മാദ്ധ്യമഭാഷ്യം.

തിവാരിയുടെ കഥയിൽ മറ്റു ചില പ്രശ്നങ്ങളുണ്ടു്. ഒന്നാമതായി, ഇതു കെട്ടിച്ചമച്ചതാണോ എന്നറിയില്ല. ചില ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണു് ആരോപണം. അവ യഥാർത്ഥമോ ഉണ്ടാക്കിയതോ എന്നറിയില്ല. രണ്ടാമതായി, അദ്ദേഹം തന്റെ പദവിയെ ദുരുപയോഗം ചെയ്തു് ഈ പെൺ‌കുട്ടികളെ ചൂഷണം ചെയ്തതാണെങ്കിൽ അതു വെറും ലൈംഗികാപവാദത്തേക്കാൾ വലിയ കുറ്റമാണു്. (“പരിപാവനമായ രാജ്‌ഭവൻ” എന്നൊക്കെയുള്ളതു വെറും നിരർത്ഥകമായ വാദങ്ങൾ മാത്രം.)

ഇതിനോടു സാദൃശ്യമുള്ള ഒരു സംഭവം ഇതിനു മുമ്പു നടന്നതു് ബിൽ ക്ലിന്റൺ/മോണിക്കാ ലെവിൻസ്കി സംഭവമാണു്. പ്രതിപക്ഷം കരുതിക്കൂട്ടി കുടുക്കിയ ലൈംഗികാപവാദക്കേസ്. “പരിപാവനമായ” ഓവൽ ഓഫീസിൽ വെച്ചു് അമേരിക്കൻ പ്രെസിഡന്റ് ചെയ്ത ആ കുറ്റത്തിനു് അദ്ദേഹത്തെ പുറത്താക്കാൻ പോലും കഴിഞ്ഞില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ അമേരിക്കൻ പ്രെസിഡന്റ് പദത്തിനു വളരെ അടുത്തെത്തുക വരെ ചെയ്തു.


ഏതായാലും കാമാതുരന്മാർക്കു പേടിയും നാണവുമില്ല എന്നു പറഞ്ഞ പഴയ കവിക്കു നമോവാകം. ഈ കാമരോഗികൾ ഉളുപ്പില്ലാതെ ഇതു തന്നെ വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുന്നതു കാണുമ്പോൾ. “കാമാതുരാണാം” എന്നതിനു പകരം “വാർത്താതുരാണാം” എന്നോ “വ്രണാതുരാണാം” എന്നോ വേണമെങ്കിലും പറയാം, പുണ്ണു മൂടി നാറുന്ന വാർത്തകൾ ഒരു രോഗമായ ഈ മാദ്ധ്യമങ്ങളെ കാണുമ്പോൾ.

സാമൂഹികം
സുഭാഷിതം

Comments (24)

Permalink

വിധി ചതിച്ചപ്പോൾ…

തന്റെ മകൾ മരിച്ചപ്പോൾ ഏ. ആർ. രാജരാജവർമ്മ എഴുതിയ വിലാപകാവ്യത്തിൽ നിന്നു് (വൃത്തം: പുഷ്പിതാഗ്ര):

ശ്ലോകം:

ഗണയതി ഗണകസ്സുദീർഘമായുർ-
ഗഗനഗതഗ്രഹഗോളസന്നിവേശൈഃ
വനതൃണരസമേളനൈശ്ച വൈദ്യോ
ഹരതി വിധിർമിഷിതാമഥോഭയേഷാം

അര്‍ത്ഥം:

ഗണകഃ : ജ്യോത്സ്യൻ
ഗഗന-ഗത-ഗ്രഹ-ഗോള-സന്നിവേശൈഃ : ആകാശത്തു സഞ്ചരിക്കുന്ന ഗ്രഹങ്ങളുടെയും ഗോളങ്ങളുടെയും സ്ഥാനം നോക്കിയും
വൈദ്യഃ : വൈദ്യൻ
വന-തൃണ-രസ-മേളനൈശ്ച : കാട്ടിലെ പുല്ലിന്റെ ചാറിന്റെ അടിസ്ഥാനത്തിലും
സുദീർഘം ആയുഃ ഗണയതി : ദീർഘായുസ്സു ഗണിക്കുന്നു
അഥ വിധിഃ : വിധിയോ
ഉഭയേഷാം (ഗണനം) : രണ്ടുപേരുടെയും (കണക്കുകൂട്ടലുകൾ)
മിഷിതാം ഹരതി : ഒരു നിമിഷം കൊണ്ടു തട്ടിക്കളയുന്നു

“വിധി” എന്നതിനു “ജനവിധി” എന്നും അർത്ഥം പറയാം. കാലാനുസൃതമായ വ്യാഖ്യാനങ്ങൾ താമരയ്ക്കും ശശിയ്ക്കും മാത്രം പോരല്ലോ 🙂


അക്ഷരശ്ലോകം ഗ്രൂപ്പിൽ ചൊല്ലാൻ വേണ്ടി ഞാൻ തയ്യാറാക്കിയ (2006) ഒരു വികലപരിഭാഷ (വൃത്തം: വംശസ്ഥം):

ഗണിക്കുമായുസ്സു സുദീര്‍ഘമെന്നു താന്‍
ഗ്രഹങ്ങള്‍ നോക്കിഗ്ഗണകന്‍, ഭിഷഗ്വരന്‍
മരുന്നിനാല്‍ നീട്ടിടു, മൊറ്റ മാത്രയില്‍
ഹരിച്ചിടുന്നൂ വിധി രണ്ടുപേരെയും.

കുറച്ചു കൂടി നന്നായി ഇതിനെ പരിഭാഷപ്പെടുത്താൻ ആരെങ്കിലും ഒരു കൈ സഹായിക്കുമോ?


അല്ലാ, ഇന്നെന്തിനാണു ഞാൻ ഇതു പ്രസിദ്ധീകരിച്ചതു്? ഓ, ചുമ്മാ… 🙂


മറ്റു പരിഭാഷകൾ:

  1. പി. സി. മധുരാജ്: (പുഷ്പിതാഗ്ര):
    ഗ്രഹനില കണിശം ഗണിച്ചു, മേതോ
    ചെടിയുടെ നീരിലെ ശക്തി വിശ്വസിച്ചും
    ഗണകനുമഥ വൈദ്യനും ചിരായു-
    സ്സരുളുകിലും വിധിയൊക്കെ മാറ്റിടുന്നൂ

  2. ജയകൃഷ്ണൻ കാവാലം: (അന്നനട)
    ഗണിച്ചു ഗ്രഹപഥമപഗ്രഥിച്ചുമ-
    ഗ്ഗണകനോതിടും സുദീര്‍ഘജീവിതം
    തൃണരസത്തിനാല്‍ ഭിഷഗ്വരന്നുടെ
    ശ്രമം, മൃതിക്കൊട്ടരവധി നല്‍കുവാന്‍
    ഹനിപ്പു കാലമാ ശ്രമഫലങ്ങളെ
    കെടുത്തിടുന്നു ഹാ വിചിത്ര വൈഭവം!
  3. രാജേഷ് വർമ്മ: (ശാർദ്ദൂലവിക്രീഡിതം)
    വാനില്‍ത്തിങ്ങിന ഗോളതാരനിരതന്‍ നീക്കങ്ങളില്‍ ജ്യോത്സ്യനും
    വേണും കാട്ടുചെടിക്കറക്കലവികള്‍ക്കുള്ളില്‍ ഭിഷഗ്വര്യനും
    കാണുന്നുണ്ടു കണക്കുകൂട്ടലുകളാല്‍ നീണാര്‍ന്ന വാഴ്‌വെങ്കിലും
    കാണാക്കൈയുകളാല്‍ക്കിഴിപ്പു ഞൊടികൊണ്ടാ രണ്ടിനേയും വിധി

പരിഭാഷകള്‍ (Translations)
രാഷ്ട്രീയം
ശ്ലോകങ്ങള്‍ (My slokams)
സുഭാഷിതം

Comments (27)

Permalink

പഴയതും പുതിയതും

കാളിദാസന്റെ മാളവികാഗ്നിമിത്രത്തിലെ ഒരു പ്രസിദ്ധശ്ലോകം:

ശ്ലോകം:

പുരാണമിത്യേവ ന സാധു സര്‍വ്വം
ന ചാപി കാവ്യം നവമിത്യവദ്യം
സന്തഃ പരീക്ഷ്യാന്യതരദ് ഭജന്തേ
മൂഢഃ പരപ്രത്യയനേയബുദ്ധിഃ

അര്‍ത്ഥം:

പുരാണം ഇതി ഏവ : പഴയതായതു കൊണ്ടു മാത്രം
സർവ്വം കാവ്യം ന സാധു : എല്ലാ കാവ്യവും ശരി ആകുന്നില്ല;
നവം ഇതി (സർവ്വം) അവദ്യം അപി ന ച : പുതിയതെല്ലാം നിന്ദ്യവും അല്ല.
സന്തഃ പരീക്ഷ്യ അന്യ-തരത് ഭജന്തേ : നല്ലവർ പരീക്ഷിച്ചിട്ടു് ഏതു വേണമെന്നു തീരുമാനിക്കുന്നു;
മൂഢഃ പര-പ്രത്യയ-നേയ-ബുദ്ധിഃ : മൂഢൻ ആരെങ്കിലും പറയുന്നതനുസരിച്ചു പ്രവർത്തിക്കുന്നു.

കാളിദാസന്റെ ആദ്യത്തെ നാടകമായ മാളവികാഗ്നിമിത്രം അരങ്ങേറുന്നതിനു തൊട്ടുമുമ്പു് സൂത്രധാരൻ സഹായിയോടു പറയുന്നതാണിതു്. “പ്രസിദ്ധരായ ഭാസൻ, സൌമില്ലൻ, കവിപുത്രൻ തുടങ്ങിയവരുടെ നാടകങ്ങളുള്ളപ്പോൾ പുതിയ ആളായ കാളിദാസന്റെ നാടകം എന്തിനു കളിക്കുന്നു?” എന്ന ചോദ്യത്തിനു് ഉത്തരമായി. പഴയതു മാത്രം നല്ലതെന്നു കരുതുകയും പുതിയ കാര്യങ്ങളെ പുച്ഛത്തോടും സംശയത്തോടും കാണുകയും ചെയ്യുന്നതു് അന്നേ ഉണ്ടായിരുന്നു എന്നു സാരം.

“ജാതി ചോദിക്കരുതു്, പറയരുതു്, ചിന്തിക്കരുതു് എന്നു പറഞ്ഞ ശ്രീനാരായണഗുരുവിന്റെ ജാതിയിൽ പിറന്നവനാണു ഞാൻ” എന്നു പറയുന്നതു പോലെ, കാളിദാസന്റെ ഈ ശ്ലോകവും ഉദ്ധരിച്ചിട്ടു് “നോക്കൂ, പഴയ ശ്ലോകങ്ങളൊക്കെ എത്ര നല്ലതു്! ഇപ്പോൾ ഇങ്ങനെ വല്ലതുമുണ്ടോ?” എന്നു ചോദിക്കുന്ന വിരോധാഭാസികളും കുറവല്ല.


Old is gold എന്നതു് പല സംസ്കാരങ്ങളിലും പല ഭാഷകളിലും പ്രചരിക്കുന്ന ഒരു പഴഞ്ചൊല്ലാണു്. അതു് ഇടയ്ക്കൊക്കെ വിളിച്ചുകൂവുന്നവരും സാധാരണയാണു്. പഴയ കാലത്തു് ഇന്നത്തേതിനേക്കാൾ നല്ല പലതും ഉണ്ടായിരുന്നു എന്നും അതൊക്കെ നശിച്ചു പോയി എന്നും അവ ഉണ്ടായിരുന്നെങ്കിൽ ഇന്നത്തേതിനേക്കാൾ വളരെ മെച്ചമായിരുന്നേനേ എന്നും വിലപിക്കുന്നവർ. സ്റ്റെതസ്കോപ്പിനെക്കാൾ കൃത്യമായി നാഡി പിടിച്ചു പൾസ് അളക്കാനും കാൽ‌വിരലിലെ ഒരു ഞരമ്പിൽ ഞെക്കി നോക്കി പാൻ‌ക്രിയാസിലെ ക്യാൻസർ കണ്ടുപിടിക്കാനും കഴിവുണ്ടായിരുന്ന വൈദ്യന്മാരെപ്പറ്റി ഐതിഹ്യമാലകൾ എഴുതുന്നവർ. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം എത്ര യോജനയാണെന്നു് നിരീക്ഷണമോ പരീക്ഷണമോ കൂടാതെ ധ്യാനം കൊണ്ടു മാത്രം കണ്ടുപിടിച്ച ഋഷിവര്യന്മാരെപ്പറ്റിയുള്ള കഥകൾ പറയുന്നവർ.

ഈ വക കാര്യങ്ങൾ ചുഴിഞ്ഞുനോക്കിയാൽ ഇന്നുള്ള വിജ്ഞാനത്തെക്കാൾ കൂടിയ ഒന്നും പണ്ടുണ്ടായിരുന്നില്ല എന്നു കാണാൻ കഴിയും. കാരണം, ഇന്നത്തെ വിജ്ഞാനം പണ്ടത്തെ വിജ്ഞാനവും ചേർന്നതാണു് എന്നതു തന്നെ. (“ജിറാഫിനാണോ അതിന്റെ കഴുത്തിനാണോ നീളം കൂടുതൽ?” എന്ന ചോദ്യം കേട്ടിട്ടില്ലേ?) സാഹിത്യം, കല തുടങ്ങിയവയെപ്പറ്റി പറഞ്ഞാൽ, പണ്ടുണ്ടായിരുന്ന പലതും ഇന്നും മഹത്തായി നിൽക്കുന്നതു് അവ പഴയതായതു കൊണ്ടു മാത്രമല്ല, പണ്ടും ഇന്നും വല്ലപ്പോഴും ഉണ്ടാകുന്ന അപൂർവ്വപ്രതിഭകളുടെ സ്ഫുരണം അതിലുള്ളതു കൊണ്ടാണു്. പണ്ടു ഹോമർ ഉണ്ടായി, ഇരുപതാം നൂറ്റാണ്ടിൽ മാർകേസ് ഉണ്ടായി. ഇവ രണ്ടും മഹത്തായവ തന്നെ.

കാലം മാറുന്നതനുസരിച്ചു് അഭിരുചികളും മാറുന്നതിനാൽ പണ്ടുണ്ടായിരുന്ന പലതും പിന്നീടു് ഉണ്ടാകുന്നില്ല. പണ്ടുണ്ടായിരുന്നതു പോലെ മഹാകാവ്യങ്ങളും വമ്പൻ ഗോപുരങ്ങളും ഇന്നുണ്ടാക്കുന്നില്ല. അതേ സമയം പണ്ടില്ലായിരുന്ന അനേകം കലാസാഹിത്യസങ്കേതങ്ങളും ശാസ്ത്രകല്പനകളും ഇന്നു ലോകത്തുണ്ടാകുന്നു. പുതിയതു് എന്തുണ്ടായാലും അതു പണ്ടുണ്ടായിരുന്നു എന്നും തങ്ങളുടെ മതഗ്രന്ഥങ്ങളിൽ അതിനെപ്പറ്റി പരാമർശമുണ്ടെന്നും അവകാശവാദങ്ങളുമായി എത്തുന്നവർക്കും കുറവില്ല എന്നതു മറ്റൊരു കാര്യം.


പഴമയോടുള്ള അതിയായ ആസക്തിയുടെ മറ്റൊരു രൂപമാണു നൊസ്റ്റാൽജിയ. പഴമയ്ക്കു സ്തുതി പാടുന്നവരുടെ ചിന്താഗതികൾ പലപ്പോഴും നൊസ്റ്റാൽജിയയിലേയ്ക്കു ചുരുങ്ങുന്നതാണു കണ്ടു വരുന്നതു്.

തന്റെ ചെറുപ്പത്തിലേതോ ചെറുപ്പത്തിൽ ആരെങ്കിലും പറഞ്ഞുതന്നതോ ആയ കാര്യങ്ങൾ ഏറ്റവും നല്ലതു്. ഇപ്പോഴത്തേതു മോശം. തനിക്കു മുമ്പുള്ളതു പഴഞ്ചൻ – ഇതാണു് നൊസ്റ്റാൽജിയയുടെ രത്നച്ചുരുക്കം. ഇപ്പോഴത്തെ ഗിരീഷ് പുത്തഞ്ചേരി/എം. ജയചന്ദ്രൻ/എം. ജി. ശ്രീകുമാർ പാട്ടൊക്കെ തറ; എന്നാൽ പഴയ വയലാർ/ദേവരാജൻ/യേശുദാസ് പാട്ടൊക്കെ മഹത്തമം; അതേ സമയം കമുകറയുടെയും ആന്റോയുടെയും പി. ലീലയുടെയും ഒക്കെ പാട്ടു് അറുബോറു്. ഉ, ഋ എന്നിവയുടെ ചിഹ്നങ്ങൾ വേറിട്ടെഴുതുന്ന പുതിയ ലിപി മോശം; പത്തക്ഷരത്തിനു പത്തു തരം കുനിപ്പിട്ടു് ചെറിയ ഫോണ്ടിൽ ചിന്താക്കുഴപ്പമുണ്ടാക്കുന്ന പഴയ ലിപി അന്യൂനം; അതേ സമയം അക്ഷരത്തിനു മുകളിലായി ചന്ദ്രക്കല ഇടുകയും ള്ള എന്ന അക്ഷരം ണ-യുടെ താഴെ വരച്ചെഴുതുകയും ർ എന്നതിനു മുകളിൽ കുത്തിടുകയും 1, 2, 3, … എന്നീ അക്കങ്ങൾക്കു പകരം ൧, ൨, ൩, … എന്നിവ ഉപയോഗിക്കുകയും ചെയ്യുന്നതു പഴഞ്ചൻ. അധ്യാപകൻ, വിദ്യാർഥി എന്നൊക്കെ എഴുതുന്നതു തെറ്റു്; അദ്ധ്യാപകൻ, വിദ്യാർത്ഥി എന്നു തന്നെ എഴുതണം; അതേ സമയം മൂർഖൻ, ദീർഘം എന്നിവ എഴുപതു കൊല്ലം മുമ്പു് എഴുതിയിരുന്നതു പോലെ മൂർക്ഖൻ, ദീർഗ്ഘം എന്നു് എഴുതാനും പാടില്ല. പെൺകുട്ടികൾ ചുരീദാറും മിഡിയും ധരിക്കുന്നതു് സംസ്കാരച്യുതി; സാരിയുടുക്കുന്നതു് ആർഷസംസ്കാരം; മാറു മുതൽ കീഴോട്ടുള്ള കച്ച കെട്ടുന്നതു മോഹിനിയാട്ടത്തിനു മാത്രം. നൂഡിൽ‌സും ബേഗലുമൊക്കെ ആരോഗ്യത്തെ കെടുത്തുന്ന ചീത്ത ഭക്ഷണം; ദോശയും ഇഡ്ഡലിയും അത്യുത്തമം; കഞ്ഞിയും പുഴുക്കും കണ്ട്രികളുടെ ഭക്ഷണം. സാനിട്ടറി നാപ്കിൻ എല്ലാ വിധ അസുഖങ്ങളും ഉണ്ടാക്കുന്നതു്; പഴന്തുണി തിരുകിവെയ്ക്കുന്നതു് ആരോഗ്യകരം; നാലു ദിവസം മാറിക്കിടക്കുന്നതു് അന്ധവിശ്വാസം. ആൺ‌കുട്ടികൾ തലമുടി സ്റ്റെപ്‌കട്ടു ചെയ്യുന്നതു മോശം; തലമുടി വെട്ടുന്നതു സംസ്കാരം; കുടുമ വെയ്ക്കുന്നതു അറുബോറു്, പഴഞ്ചൻ. നൊസ്റ്റാൽജിയ എന്ന ആത്മാർത്ഥതയില്ലാത്ത പഴമപ്രേമം സടകുടഞ്ഞാടുന്നതു് ഇവിടെയൊക്കെയാണു്.

കൂട്ടത്തിൽ പറയട്ടേ. ഞാൻ നൊസ്റ്റാൽജിയയോടു വിരോധമുള്ള ആളല്ല. ബ്ലോഗിൽ വരുന്ന ഓർമ്മകുറിപ്പുകൾ എനിക്കു വളരെ ഇഷ്ടപ്പെട്ടവയാണു്. നൊസ്റ്റാൽജിയയുടെ അസുഖം സാമാന്യം നന്നായിത്തന്നെ ഉള്ള ഒരാളാണു ഞാൻ. നൊസ്റ്റാൽജിയ കടും‌പിടിത്തമാവുകയും പിന്നെ സംസ്കാരത്തിന്റെ നിർവ്വചനം ആകുകയും ചെയ്യുന്നതിനെയാണു ഞാൻ വിമർശിക്കുന്നതു്.

പഴമയോടുള്ള ഈ പ്രേമത്തിനു മറ്റൊരു കാരണവും ഉണ്ടു്. അസൂയയും അസഹിഷ്ണുതയും. അച്ഛന്റെ മുമ്പിൽ ഇരിക്കാൻ ധൈര്യമില്ലാത്ത മകനു് തന്റെ മകൻ തന്റെ മുന്നിൽ ഇരിക്കുന്നതു സഹിക്കുന്നില്ല. കുടുമ മുറിച്ചു് തലമുടി ക്രോപ്പു ചെയ്യാൻ ചെറുപ്പത്തിൽ ആഗ്രഹിച്ചിട്ടു കഴിയാഞ്ഞ അച്ഛനു് ക്രോപ്പു ചെയ്യാതെ മുടി നീട്ടിവളർത്തുന്ന മകനെ അംഗീകരിക്കാൻ പറ്റുന്നില്ല. തങ്ങൾ സങ്കൽ‌പ്പിക്കുക പോലും ചെയ്യാത്ത വിഷയങ്ങളെപ്പറ്റി പുതിയ ബ്ലോഗേഴ്സ് എഴുതുകയും അവർക്കു വായനക്കാർ ഉണ്ടാവുകയും ചെയ്യുന്നതു പഴയ ബ്ലോഗേഴ്സിനു പിടിക്കുന്നില്ല. ശാസ്ത്രീയസംഗീതത്തെ വിട്ടുള്ള കൊട്ടിപ്പാട്ടിനു് ആസ്വാദകർ കൂടുന്നതു ശാസ്ത്രീയസംഗീതം പഠിക്കാൻ വർഷങ്ങൾ ചെലവഴിച്ച പഴമക്കാർക്കും പിടിക്കുന്നില്ല.


സാഹിത്യത്തിലും സംസ്കാരത്തിലും ഈ നൊസ്റ്റാൽജിയയാണു പഴമയുടെ വചനമായി പത്തി വിടർത്തുന്നതു്. ഈ നൊസ്റ്റാൽജിയയുടെ രണ്ടു മുഖങ്ങളെ വികടശിരോമണിയുടെ പണ്ടൊക്കെ എന്തേർന്നു! എന്ന പോസ്റ്റും കുട്ട്യേടത്തിയുടെ ഞങ്ങടെയൊക്കെ കാലത്തെ ബ്ളോഗല്ലാരുന്നോ മക്കളേ ബ്ളോഗ്‌ ? എന്ന പോസ്റ്റും കാട്ടിത്തരുന്നു. വികടശിരോമണി ഈ നൊസ്റ്റാൽജിയഭ്രമക്കാരെ നിശിതമായി വിമർശിക്കുമ്പോൾ കുട്ട്യേടത്തി നർമ്മം ചാലിച്ചു് ബ്ലോഗിന്റെ പശ്ചാത്തലത്തിൽ നൊസ്റ്റാൽജിയഭ്രമക്കാരെ ചെറുതായി ഒന്നു കൊട്ടുന്നു.

വികടശിരോമണി ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ചിന്താഗതിയുമുണ്ടു്. തങ്ങളുടെ ചെറുപ്പത്തിൽ നിന്നു് ഇപ്പോൾ ഉണ്ടായ ധർമ്മച്യുതി. ഇതു തലമുറകളായി കേൾക്കുന്ന കാര്യമാണു്. അടുത്ത തലമുറ വഴിതെറ്റിപ്പോകുന്നു എന്നതു്. തങ്ങളുടെ നാളുകളിലെ ധാർമ്മികത അതിവിശിഷ്ടമായിരുന്നു, ഇപ്പോൾ എല്ലാം പോയി എന്ന വിലാപം. കേട്ടാൽത്തോന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലാണു് ഈ സാംസ്കാരികച്യുതി മൊത്തം കൂടി ഉണ്ടായതെന്നു്! മഹാഭാരതം എന്ന മഹാഭാരതം (sic!) എഴുതിക്കഴിഞ്ഞിട്ടു് വ്യാസൻ വിലപിക്കുന്നതു കേൾക്കുക:

ഊർദ്ധ്വബാഹൂർവിരൌമ്യേഷ ന ച കശ്ചിച്ഛൃണോമി മേ
ധർമ്മാദർത്ഥശ്ച കാമശ്ച, സ ധർമ്മഃ കിം ന സേവ്യതേ?

(ഞാൻ രണ്ടു കയ്യും പൊക്കിപ്പിടിച്ചു പറയുന്നു, ആരും ഞാൻ പറയുന്നതു കേൾക്കുന്നില്ല. ധർമ്മത്തിൽ നിന്നാണു് അർത്ഥവും കാമവും പുഷ്ടിപ്പെടുന്നതു്. ആ ധർമ്മത്തെ എന്തുകൊണ്ടു് ആളുകൾ സേവിക്കുന്നില്ല?)

ധർമ്മച്യുതി സംഭവിക്കുന്നു എന്ന സംഭവം ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ല, അയ്യായിരം കൊല്ലം മുമ്പേ ഉണ്ടായിരുന്നു എന്നു സാരം.


ഈ ശ്ലോകത്തിനു് ഏ. ആർ. രാജരാജവർമ്മയുടെ പരിഭാഷ:

നന്നല്ല കാവ്യമഖിലം പഴതെന്നു വെച്ചി-
ട്ടൊന്നോടെ നിന്ദിതവുമല്ല നവത്വമൂലം;
വിജ്ഞൻ വിചാരണ കഴിഞ്ഞു തിരഞ്ഞെടുക്കും;
അജ്ഞന്നു വല്ലവരുമോതുവതാം പ്രമാണം.

പത്തുമുപ്പതു കൊല്ലം മുമ്പുണ്ടായിരുന്ന പരിഭാഷാഭ്രമത്തിൽ ഞാൻ പരിഭാഷപ്പെടുത്തിയതു്:

എല്ലാം മികച്ച കൃതിയല്ല പഴഞ്ചനായാൽ;
വല്ലാത്തതല്ല പുതുതായതു കൊണ്ടുമൊന്നും.
നല്ലോർ ശരിക്കു ചികയും, ശരി കണ്ടെടുക്കും;
വല്ലോരുമോതുവതു മൂഢനു വേദവാക്യം.


ശ്ലോകങ്ങളെയും മറ്റും ഭാഗികമായി മാത്രം ഉദ്ധരിച്ചു് അർത്ഥം വളച്ചൊടിക്കുന്നതിന്റെ അസാംഗത്യത്തെപ്പറ്റി മുമ്പു് സ്ത്രീണാം ച ചിത്തം, പുരുഷസ്യ ഭാഗ്യം, ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നിവയെ ഉദാഹരിച്ചു ഞാൻ പറഞ്ഞിട്ടുണ്ടു്. ഈ ശ്ലോകത്തിനും ആ ഗതികേടു പറ്റിയിട്ടുണ്ടു്. “പുരാണമിത്യേവ ന സാധു സര്‍വ്വം…” എന്നു മാത്രം പറഞ്ഞാൽ പുരാണമൊന്നും ശരിയല്ല എന്ന അർത്ഥം വേണമെങ്കിൽ പറയാം. ചില ഹിന്ദുമതഗ്രന്ഥങ്ങളെ പുരാണങ്ങൾ എന്നു വിളിക്കുന്നതു കൊണ്ടു് അവയൊന്നും ശരിയല്ല എന്ന തെറ്റായ ഒരർത്ഥം ഈ ശ്ലോകത്തിനു പറയുന്നതു് ഈയിടെ ഒരു വിക്കിപീഡിയ സംവാദത്തിൽ കണ്ടു.

പാവം കാളിദാസൻ! പുരാണങ്ങളൊന്നും ശരിയല്ല എന്ന പ്രസ്താവനയുടെ പിതൃത്വവും അങ്ങേരുടെ തലയിൽ!

സുഭാഷിതം

Comments (53)

Permalink

താമരയും ശശിയും

ഒരു കാലത്തെഴുതിയ കൃതികൾക്കു് പിൽക്കാലത്തു് അതിനോടു യാതൊരു ബന്ധവുമില്ലാത്ത ഒരു അർത്ഥം യാദൃച്ഛികമായി ഉണ്ടാവുന്നതു നിരീക്ഷിക്കുന്നതു രസാവഹമാണു്. ഹരിനാമകീർത്തനത്തിലെ “ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചും…” എന്ന പദ്യത്തിലെ “ഉദകപ്പോള” എന്ന വാക്കിനെ “അപ്പോളോ” എന്നായി തെറ്റിദ്ധരിച്ചു് അമേരിക്ക ആകാശത്തേയ്ക്കു വിട്ട പേടകം എന്നർത്ഥം കൊടുത്തു് ആ പദ്യത്തിന്റെ അർത്ഥം മനസ്സിലാക്കിയതും, “അങ്കുശമില്ലാത്ത ചാപല്യമേ, മന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ” എന്ന ഈരടിയിലെ “അങ്കുശം” എന്ന വാക്കിനു് ചങ്ങമ്പുഴയുടെ കാലത്തു പ്രചാരത്തിലില്ലാത്ത അർദ്ധവിരാമം (comma) എന്ന അർത്ഥമെടുത്തു് അതിന്റെ ശരിയായ അർത്ഥത്തെക്കാളും സമഞ്ജസമായ ഒരു അർത്ഥം ഉണ്ടാക്കിയെടുത്തതും ഞാൻ അബദ്ധധാരണകൾ എന്ന പോസ്റ്റിൽ വിവരിച്ചിട്ടുണ്ടു്. ചരിത്രം എഴുതപ്പെടാത്ത കാലത്തെ സാഹിത്യകൃതികളെ വ്യാഖ്യാനിക്കുമ്പോൾ ഇങ്ങനെയുള്ള എത്രയെത്ര തെറ്റായ അർത്ഥങ്ങൾ ഉണ്ടാകുന്നെന്നു് ആർക്കറിയാം!

ഹരിനാമകീർത്തനത്തിലെ “ഒന്നായ നിന്നെയിഹ…” എന്ന ശ്ലോകത്തിനു കള്ളുകുടിയന്റെ വ്യൂപോയിന്റിൽ ഒരു അർത്ഥവും, “ശുക്ലാംബരധരം വിഷ്ണും…” എന്നതിനു തനി അശ്ലീലമായ ഒരു അർത്ഥവും, ഒരു റഷ്യൻ പാട്ടിനു് “ചിന്താഭാരം തോട്ടിൽ, മാവോയിസം വീട്ടിൽ” എന്ന അനർത്ഥവും കണ്ടുപിടിക്കുന്ന അസംബന്ധത്തെയല്ല ഇവിടെ ഉദ്ദേശിച്ചതു്. ശരിക്കു തന്നെ വേറെ ഒരു അർത്ഥം പറയാവുന്ന സംഗതിയെയാണു്.

ഇതു് ഇപ്പോൾ എഴുതാൻ കാരണം കഴിഞ്ഞാഴ്ച കുറേ മലയാളിസുഹൃത്തുക്കളുമായി ഒത്തു ചേർന്നപ്പോഴുള്ള സംഭാഷണവും അതിൽ നിന്നു് എനിക്കു് ഒരു പഴയ ശ്ലോകത്തിനു് പുതിയ ഒരർത്ഥം തോന്നിയതുമാണു്.

ലോൿസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ സ്വാഭാവികമായും മലയാളികളുടെ സൌഹൃദകൂടിക്കാഴ്ചകളിൽ തിരഞ്ഞെടുപ്പു തന്നെയായിരുന്നു മുഖ്യവിഷയം.

അമേരിക്കൻ മലയാളികളിൽ ഇടത്തുപക്ഷചിന്താഗതിയുള്ളവരെ മരുന്നിനു പോലും കാണാനില്ല. കോൺഗ്രസ്സാണോ ബി. ജെ. പി. യാണോ അതോ രണ്ടുമല്ലാത്ത അരാഷ്ട്രീയമാണോ എന്നു വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത ഒരു നിലപാടാണു പൊതുവേ. അഹിന്ദുക്കളിൽ നിന്നു പോലും ശ്രീരാമസേനയെപ്പോലുള്ള സംഭവങ്ങളെപ്പറ്റി അസഹിഷ്ണുത കണ്ടിട്ടില്ല. ചിരിച്ചുതള്ളാനുള്ള വാർത്തകൾ മാത്രമാണു് നാട്ടിൽ നടക്കുന്ന പല ദുഃഖകരമായ സംഭവങ്ങളും. നാട്ടിലെ ന്യൂനപക്ഷങ്ങളുടെ നേർക്കുള്ള അക്രമം ഒരു പ്രശ്നമല്ലെങ്കിലും അമേരിക്കയിൽ വടക്കേ ഇന്ത്യക്കാരും തെലുങ്കരും മലയാളികളെ പാര വെയ്ക്കുന്നതും വെള്ളക്കാർ നീഗ്രോകളോടു പോലും കാണിക്കാത്ത വിവേചനം ഇന്ത്യാക്കാരോടു ചില സന്ദർഭങ്ങളിൽ (ഉദാഹരണമായി ഒരു കാർ ആക്സിഡന്റ് വന്നാൽ അമേരിക്കക്കാരൻ പോലീസ് അമേരിക്കക്കാരന്റെ കൂടെ മാത്രമേ നിൽക്കുകയുള്ളത്രേ!) കാണിക്കാറുള്ളതും ഒക്കെ ദൈവം മനുഷ്യരെ തുല്യരായി സൃഷ്ടിച്ചെങ്കിലും മനുഷ്യൻ മനുഷ്യനോടു കാണിക്കുന്ന അധർമ്മത്തിന്റെ ഉദാഹരണങ്ങളായി ചർച്ച ചെയ്യപ്പെടാറുണ്ടു്.

ലോൿസഭാ തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ചർച്ച അധികം കഴിയുന്നതിനു മുമ്പേ ശശി തരൂരിലെത്തി. ഇത്രയും കഴിവുള്ള ഒരു മനുഷ്യൻ പാർലമെന്റിൽ എത്തേണ്ടതു കേരളത്തിന്റെ ആവശ്യമാണെന്നും (ഒരു പാർലമെന്റംഗത്തിന്റെ അടിസ്ഥാനയോഗ്യത ഇംഗ്ലീഷും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യാൻ അറിവുണ്ടായിരിക്കുക എന്നതാണെന്നും, മലയാളവും കേരളവും ജനസേവനവും രാഷ്ട്രീയപരിചയവും ഒന്നും പ്രശ്നമേ അല്ല എന്നും ഉള്ള അഭിപ്രായം കേരള ഫാർമർക്കു മാത്രമല്ല എന്നു മനസ്സിലായി. അല്ലെങ്കിലും, വിമാനം ഓടിച്ചു നടന്ന രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയവരാണല്ലോ നമ്മൾ!) അദ്ദേഹത്തെ ജയിപ്പിക്കാൻ മണ്ണിനോടു സ്നേഹമുള്ള മലയാളികൾ കഷിരാഷ്ട്രീയം നോക്കാതെ ഒന്നിച്ചു നിൽക്കണം എന്നും പരക്കെ അഭിപ്രായമുണ്ടായി. കേരളീയർ പൊതുവേ നിർഭാഗ്യവാന്മാരാണെന്നും നല്ല കഴിവുള്ള ആളുകൾ തിരഞ്ഞെടുപ്പിനു നിൽക്കുമ്പോൾ അവരെ ജയിപ്പിക്കാതെ പാർലമെന്റിൽ പെർഫോം ചെയ്യാൻ കഴിവില്ലാത്തവരെ ജയിപ്പിച്ചു വിടുന്നതു കൊണ്ടാണു നമുക്കു മന്ത്രിമാരെ കിട്ടാതെ കേരളത്തിന്റെ വികസനം മുരടിച്ചു പോകുന്നതെന്നും ഉള്ള അഭിപ്രായങ്ങൾ കേട്ടു. എന്തു പറഞ്ഞാലും കാര്യമില്ലാത്ത ഇടതന്മാരുടെ കാര്യം പോകട്ടേ, കോൺഗ്രസ്സും ബി. ജെ. പി. യും ഒന്നിച്ചു നിന്നു് ശശി തരൂരിനെ പാർലമെന്റിൽ എത്തിക്കാൻ ശ്രമിക്കും എന്നായിരുന്നു ആകെയുള്ള ഒരു പ്രതീക്ഷ.

ഇതു കേട്ടപ്പോൾ എനിക്കു് പഴയ ഒരു ശ്ലോകം ഓർമ്മ വന്നു. നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകത്തിലെ “നാംഭോജായ ശശീ ന ചാപി ശശിനേ…” എന്ന ശ്ലോകത്തിനു് (ഈ ശ്ലോകം എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല. കയ്യിലുള്ള പുസ്തകങ്ങളിലും കാണുന്നില്ല. ആർക്കെങ്കിലും അറിയാമെങ്കിൽ ദയവായി പറഞ്ഞുതരൂ!) കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ പരിഭാഷ. വൃത്തം കുസുമമഞ്ജരി.

താമരയ്ക്കു ശശിയോടുമില്ലിഹ ശശിക്കു താമരയൊടും തഥാ
പ്രേമ, മെന്നതു നിമിത്തമേതുമൊരു ചേതമില്ലതിനു രണ്ടിനും
സാമരസ്യനിലയാണു വേണ്ടതഭിരാമരാമവരു തങ്ങളില്‍
കാമമിന്നതുളവായിടായ്കിലയശസ്സതീവ നിയതിക്കു താന്‍!
download MP3

പകൽ മാത്രം വിടരുന്ന താമര സൂര്യന്റെ ഭാര്യയാണെന്നും അവൾ ചന്ദ്രന്റെ ശത്രുവാണെന്നും ആണു് കവിസങ്കേതം. (ചന്ദ്രൻ പകലും ഉദിക്കും എന്നും പക്ഷേ സൂര്യന്റെ പ്രകാശത്തിൽ അസ്തപ്രജ്ഞനായി ഇരിക്കുകയാണെന്നും ഉള്ള ശാസ്ത്രസത്യം അവിടെ നിൽക്കട്ടേ.) അവർക്കു തമ്മിൽ യാതൊരു ഇടപാടുമില്ല. അതുകൊണ്ടു് രണ്ടു പേർക്കും ഒരു ചേതവുമില്ല. എങ്കിലും രണ്ടു കൂട്ടർക്കും വളരെയധികം സൌന്ദര്യമുണ്ടു് (അഭിരാമരാമവരു…). അവർ ചേരേണ്ടവർ തന്നെയാണു്. അങ്ങനെ ചേർന്നില്ലെങ്കിൽ അതു വിധിയുടെ പേരുദോഷം എന്നു മാത്രം പറഞ്ഞാൽ മതി. അവർ ചേർന്നിരുന്നെങ്കിൽ എന്നാണു കവിയുടെ ആഗ്രഹം എന്നർത്ഥം.

ഏതെങ്കിലും ഒരു കാര്യം പറഞ്ഞിട്ടു് മറ്റൊരു കാര്യം അതിനേക്കാൾ പ്രാധാന്യത്തോടെ പറയാതെ പറയുന്ന അലങ്കാരമാണു് അന്യാപദേശം. ഈ ബ്ലോഗിൽ അഹോ രൂപമഹോ സ്വരം!, കുന്നിക്കുരു, സൂകരപ്രസവം, തേളും ബ്ലോഗറും, കാക്കയും കുയിലും, കൂപമണ്ഡൂകം തുടങ്ങി പല പോസ്റ്റുകളിലും ഇതു പോലെയുള്ള മറ്റു ചില അന്യാപദേശങ്ങൾ വിവരിക്കുന്നുണ്ടു്.

താമരയും ശശിയും തമ്മിലുള്ള ബന്ധത്തിന്റെ ആവശ്യകതയെപ്പറ്റി ഊന്നിപ്പറയുന്ന ഈ ശ്ലോകത്തിനു് യാദൃച്ഛികമായെങ്കിലും (ചന്ദ്രനു വേറേ പല പര്യായങ്ങളുണ്ടെങ്കിലും കുസുമമഞ്ജരി കേരളവർമ്മയെക്കൊണ്ടു് “ശശി” എന്നു തന്നെ എഴുതിച്ചല്ലോ!) ഇങ്ങനെയൊരു വ്യാഖ്യാനം ഉണ്ടാകാൻ സാധിക്കുന്നതു രസകരമാണു്. ഈ വിധത്തിൽ ആലോചിച്ചാൽ ഈ ശ്ലോകം ഇങ്ങനെ ആരെങ്കിലും മാറ്റിയെഴുതുന്നതാണു നല്ലതെന്നു തോന്നി.

താമരയ്ക്കു ശശിയോടുമില്ലിഹ ശശിക്കു താമരയൊടും തഥാ
പ്രേമ, മെന്നതു നിമിത്തമേറുമൊരു ചേതമുണ്ടതിനു രണ്ടിനും
സാമരസ്യനിലയാണു വേണ്ടതഭിരാമരാമവരു തങ്ങളില്‍ –
വാമപക്ഷമടി തെറ്റുവാൻ, ഒരുമയോടെ പള്ളികളുടയ്ക്കുവാൻ!
download MP3

ഇതെഴുതിക്കഴിഞ്ഞപ്പോഴാണു് തൊമ്മൻ കാണിച്ചു തന്ന (അമേരിക്കൻ മലയാളിക്കു ശശി തരൂരിനോടു് ഒരു ചായ്‌വുണ്ടെന്നു് തൊമ്മൻ പരോക്ഷമായി പറഞ്ഞുവെയ്ക്കുന്നുമുണ്ടു്) ഈ ലിങ്ക് കണ്ടതു്. അതുപോലെ ബി. ജെ. പി. ക്കു വോട്ടു ചെയ്യാനും, ശശി തരൂരിനെ ജയിപ്പിക്കാനും ഒരേ ബ്ലോഗ് തന്നെ ആഹ്വാനം ചെയ്യുന്നതും.

രാഷ്ട്രീയം
സരസശ്ലോകങ്ങള്‍
സുഭാഷിതം

Comments (22)

Permalink

പ്രശസ്തി കുറയുമ്പോള്‍…

ഏതോ ഒരു സംസ്കൃതകവി എഴുതിയ ഒരു പഴയ ശ്ലോകം:

ശ്ലോകം:

ഘടം ഭിത്വാ പടം ഛിത്വാ
മാതരം പ്രഹരന്നപി
യേന കേന പ്രകാരേണ
പ്രസിദ്ധഃ പുരുഷോ ഭവേത്

അര്‍ത്ഥം:

ഘടം ഭിത്വാ : കുടം പൊട്ടിച്ചോ
പടം ഛിത്വാ : വസ്ത്രം കീറിയോ
മാതരം പ്രഹരൻ അപി : അമ്മയെ തല്ലുക വരെ ചെയ്തോ
യേന കേന പ്രകാരേണ : എന്തെങ്കിലുമൊക്കെ വിധത്തിൽ
പ്രസിദ്ധഃ പുരുഷഃ ഭവേത് : പ്രസിദ്ധൻ ആകണം
: (എന്നാണു ചിലരുടെ ആഗ്രഹം.)

മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നവരാണു സാധാരണയായി പ്രസിദ്ധരാകുന്നതു്. നല്ല ആളുകൾ അവരുടെ നല്ല പ്രവൃത്തികൾ കൊണ്ടു പ്രസിദ്ധരാകും. ചീത്ത പ്രവൃത്തികൾ കൊണ്ടും പ്രസിദ്ധി കിട്ടും. പ്രസിദ്ധിയ്ക്കു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരെ പരിഹസിക്കുകയാണു് ഈ ശ്ലോകത്തിൽ. പ്രസിദ്ധരാകാൻ വേണ്ടി അവർ സാധാരണ ആളുകൾ ചെയ്യാത്ത ചീത്ത പ്രവൃത്തികൾ പോലും ചെയ്യും എന്നർത്ഥം.

ചെക്കോവിന്റെ ഒരു കഥയുണ്ടു്. പ്രസിദ്ധി ആഗ്രഹിച്ച ഒരു പയ്യന്റെ കഥ. അതിനു വേണ്ടി അവൻ ഒരു മണ്ടത്തരം പിടിച്ച അപകടത്തിൽ ചാടുന്നു. എല്ലാവരും അതിനെപ്പറ്റി അറിഞ്ഞതിൽ ആഹ്ലാദിക്കുകയാണു് അവൻ. പിറ്റേന്നത്തെ പത്രത്തിൽ അവന്റെ മണ്ടത്തരത്തിന്റെ വാർത്ത വന്നപ്പോൾ അതു് അവൻ എല്ലാവരെയും കാണിക്കുകയാണു്. മനുഷ്യമനസ്സിന്റെ പ്രത്യേകതകളെയും വൈകൃതങ്ങളെയും കഥകൾക്കു വിഷയമാക്കിയ ആ മഹാകഥാകാരൻ ഈ ശ്ലോകം കണ്ടിട്ടില്ലെങ്കിലും ഇത്തരം മനുഷ്യരെ നന്നായി പരിചയപ്പെട്ടിട്ടുണ്ടു്. ഇത്തരം ശ്ലോകങ്ങളും ചെക്കോവിന്റെ കഥകളും പ്രസിദ്ധമാകുന്നതും മറ്റിടങ്ങളിൽ കാണാത്ത ഈ സാർവ്വജനീനത കൊണ്ടാണു്.

രാഷ്ട്രീയത്തിലും സിനിമാരംഗത്തും മറ്റും ഇതുപോലെയുള്ള പല കഥാപാത്രങ്ങളെ ധാരാളമായി കാണാം. പോപ്പുലാരിറ്റി നേടാൻ എന്തു കോപ്രായവും ചെയ്യാൻ മടിക്കാത്തവർ. അമ്മയെത്തല്ലിയാണെങ്കിലും ആളാവാൻ ശ്രമിക്കുന്നവർ.

ബ്ലോഗുലകത്തിലും ഇത്തരം ആളുകൾ കുറവല്ല. ഒന്നും എഴുതാനില്ലെങ്കിലും എന്തെങ്കിലും കുത്തിത്തിരിപ്പുണ്ടാക്കി ആളാവുന്നവർ. പോപ്പുലാരിറ്റി കുറഞ്ഞെന്നു തോന്നിയാൽ അർത്ഥശൂന്യമായ എന്തെങ്കിലും പോസ്റ്റിടുന്നവർ. മറ്റുള്ളവരെ ചൊറിഞ്ഞു ബഹളമുണ്ടാക്കുന്നവർ.

ഇവർ നേടുന്നതു് പ്രസിദ്ധിയല്ല, അപഹാസ്യതയാണെന്നു് ഇവർ എന്നെങ്കിലും മനസ്സിലാക്കുമോ?

സുഭാഷിതം

Comments (10)

Permalink

വെട്ടുപോത്തിനോടു വേദമോതുന്നതു്

പഞ്ചതന്ത്രത്തില്‍ നിന്നു് ഒരു മുത്തു്:

അരണ്യരുദിതം കൃതം, ശവശരീരമുദ്വര്‍ത്തിതം,
സ്ഥലേऽബ്ജമവരോപിതം, സുചിരമൂഷരേ വര്‍ഷിതം,
ശ്വപുച്ഛമവനാമിതം, ബധിരകര്‍ണ്ണജാപഃ കൃതോ
ധൃതോऽന്ധമുഖദര്‍പ്പണോ യദബുധോ ജനഃ സേവിതഃ

വൃത്തം: പൃഥ്വി
 

അര്‍ത്ഥം:

ബധിര-കര്‍ണ്ണ-ജാപഃ കൃതഃ : ചെവി കേള്‍ക്കാത്തവന്റെ ചെവിയില്‍ ഒച്ചയിടുന്നവനും
അന്ധ-മുഖ-ദര്‍പ്പണഃ ധൃതഃ : കണ്ണു കാണാത്തവന്റെ മുന്നില്‍ കണ്ണാടി കാണിക്കുന്നവനും
യത് അബുധഃ ജനഃ സേവിതഃ : വിവരമില്ലാ‍ത്തവരെ സേവിക്കുന്നവരും
കൃതം : ചെയ്യുന്നതു്
അരണ്യരുദിതം : കാട്ടില്‍ കരഞ്ഞുവിളിക്കുന്നതും
ശവശരീരം ഉദ്വര്‍ത്തിതം : ശവശരീരത്തെ അണിയിച്ചൊരുക്കുന്നതും
സ്ഥലേ അബ്ജം അവരോപിതം : കരയില്‍ താമര നടുന്നതും
സുചിരം ഊഷരേ വര്‍ഷിതം : ഇടതടവില്ലാതെ മരുഭൂമിയില്‍ വെള്ളം തളിക്കുന്നതും
ശ്വ-പുച്ഛം അവനാമിതം : പട്ടിയുടെ വാല്‍ നിവര്‍ക്കുന്നതും
: (ആണു്)

“സുചിരമൂഷരേ വര്‍ഷിതം” എന്നതിനു പകരം “സുചിരമൂഷരേ കര്‍ഷിതം” (നിരന്തരമായി മരുഭൂമി ഉഴുതുമറിക്കുന്നതു്) എന്നും കണ്ടിട്ടുണ്ടു്. മരുഭൂമിയില്‍ കൃഷി ചെയ്യുന്നതു് എന്നര്‍ത്ഥം. അതുപോലെ ഉദ്വര്‍ത്തനം എന്നതിനു് അണിയിച്ചൊരുക്കുക, തലോടുക, സുഗന്ധദ്രവ്യങ്ങള്‍ പൂശുക, ഞവരക്കിഴിയിടുക തുടങ്ങിയ അര്‍ത്ഥങ്ങളുണ്ടു്. എല്ലാം ഇവിടെ യോജിക്കും.

ശാസ്ത്രം പുരോഗമിച്ചപ്പോള്‍ ഇവയില്‍ പലതും അത്ര മണ്ടത്തരങ്ങളല്ല ഇന്നു്. അന്ധനു കാഴ്ച കൊടുക്കാനും ബധിരനെ കേള്‍ക്കാന്‍ സഹായിക്കാനും വെള്ളമില്ലാതെ കൃഷി ചെയ്യാനും മരുഭൂമിയില്‍ കൃഷി ചെയ്യാനും ഇന്നു ശാസ്ത്രത്തിനു കഴിയും. ശവശരീരത്തെ മമ്മി മുതല്‍ മോര്‍ച്ചറി വരെ സൂക്ഷിക്കാറുമുണ്ടു്. എങ്കിലും രണ്ടു കാര്യങ്ങള്‍ മാത്രം കഴിയില്ല. ഒന്നു്, പട്ടിയുടെ വാല്‍ നിവര്‍ക്കാന്‍; രണ്ടു്, അജ്ഞരെ പറഞ്ഞു മനസ്സിലാക്കാന്‍.

തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണു് അജ്ഞന്‍ എന്നതു്. അജ്ഞനെ പരിഹസിക്കുന്ന അനേകം ശ്ലോകങ്ങള്‍ സംസ്കൃതത്തിലുണ്ടു്. അറിവില്ലായ്മയെയും കഴിവില്ലായ്മയെയും പരിഹസിക്കുന്നതു് ഒരു വിധത്തിലും ന്യായീകരിക്കാവുന്നതല്ല. ഒരാള്‍ക്കു കിട്ടുന്ന അറിവു് അവന്റെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. താണതെന്നു മുദ്രകുത്തിയ കുലത്തില്‍ ജനിക്കുന്നവനെ നിന്ദിക്കുന്നതു പോലെ ഹീനമാണു് അറിവു കിട്ടാന്‍ കഴിയാത്തവനെ നിന്ദിക്കുന്നതു്.

അജ്ഞന്‍ എന്നതു് കേവലം അറിവില്ലാത്തവന്‍ അല്ല. അറിയാന്‍ മനസ്സില്ലാത്തവനാണു്. അറിവിലേക്കുള്ള ചെവി കൊട്ടിയടച്ചവനാണു്. അവനോടു വീണ്ടും വീണ്ടും കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതു് വെട്ടുപോത്തിന്റെ കാതില്‍ വേദമോതുന്നതു പോലെയാണു്.


“നിദര്‍ശന” എന്ന അലങ്കാരത്തിന്റെ ഉദാഹരണമായി സംസ്കൃതകാവ്യശാസ്ത്രഗ്രന്ഥങ്ങളില്‍ കാണുന്ന ഒരു ശ്ലോകമാണു് ഇതു്. ഏ. ആര്‍. രാജരാജവര്‍മ്മ “ഭാഷാഭൂഷണ”ത്തില്‍ ഈ ശ്ലോകം പരിഭാഷപ്പെടുത്തി ഉദ്ധരിച്ചിട്ടുണ്ടു്.

കാട്ടില്‍ കൂട്ടുവിളിപ്പതാം, ശവമതിന്‍ മെയ്യില്‍ തലോടുന്നതാം,
നട്ടീടുന്നതുമാം ബിസം തറയതില്‍, പാഴൂഴി കര്‍ഷിപ്പതാം,
പൊട്ടന്‍ കാതിലുരപ്പതാം, കുരുടനെക്കണ്ണാടി കാണിപ്പതാം,
പട്ടിക്കുള്ളൊരു വാല്‍ നിവര്‍ത്തിടുവതാം – സേവിപ്പതിങ്ങജ്ഞരെ.

“സുചിരമൂഷരേ വര്‍ഷിതം” എന്നല്ല “സുചിരമൂഷരേ കര്‍ഷിതം” എന്നായിരുന്നു കേരളപാണിനി ഉപയോഗിച്ച മൂലശ്ലോകത്തില്‍ എന്നതു വ്യക്തമാണു്.

സുഭാഷിതം

Comments (15)

Permalink