ഉണ്ടിരുന്ന നായർക്കൊരു വിളി തോന്നി എന്നു പറയുന്നതു പോലെയാണ് അങ്ങനെയിരിക്കേ നമ്മുടെ ശേഷം ചിന്ത്യം ഫെയിം സന്തോഷിന് ഒരു വിളി തോന്നിയത്.
ആധുനികമനുഷ്യന്റെ വിനോദമായ ഫോട്ടോഗ്രഫിയെയും പ്രാചീനമനുഷ്യന്റെ വിനോദമായിരുന്നു ശ്ലോകരചനയെയും മനുഷ്യന്റെ എല്ലാക്കാലത്തെയും വിനോദമായ കുടിയെയും കൂട്ടിയിണക്കി ഒരു ഫേസ്ബുക്ക് ഇവന്റ് സംഘടിപ്പിച്ചാലോ എന്ന്.
ഐഡിയ വന്നപ്പോൾ പിന്നെ അധികം ആലോചിച്ചില്ല. തുടങ്ങി. അതിന് ഉപയോഗിച്ച രീതിയോ, ആംവേ മുതൽ പലരും പരീക്ഷിച്ചു നോക്കിയ സംഭവം തന്നെ. ചെയ്യുന്ന ഒരാൾ ബാക്കി ചിലരെയും അതിൽ വലിച്ചിടുന്നു. അവർ മറ്റു ചിലരെയും.
ഐഡിയ സന്തോഷ് തന്നെ എഴുതി വെച്ചത് ഇപ്രകാരം:
വാളെടുക്കുന്നവരെല്ലാം അനായാസം വെളിച്ചപ്പാടാവുന്ന രണ്ടാമത്തെ ഫീൽഡാണ് പടംപിടുത്തം അഥവാ ഫോട്ടോഗ്രഫി. (ഒന്നാമത്തേത് എഴുത്താണ്.)
പുതിയ ട്രെന്റനുസരിച്ച് ക്യാമറ കയ്യിലുള്ള ആരുടെയെങ്കിലും ക്ഷണപ്രകാരം ദിവസേന ഓരോന്നെന്ന മുറയ്ക്ക് നമ്മൾ ഒരാഴ്ച പടങ്ങൾ പ്രസിദ്ധീകരിക്കുന്നു. പണ്ട് പുസ്തകം വായനയായിരുന്നു. പത്തുസെക്കന്റുകൊണ്ടു ചെയ്തുതീർത്ത് ഫേയ്‌സ്‌ബുക്കിലിടാൻ പറ്റില്ലല്ലോ പുസ്തകവായന. അതിനാൽ ആ പണിയ്ക്ക് അധികം മലയാളികളെ കിട്ടിയെന്നുതോന്നുന്നില്ല.
പടം പിടുത്തത്തിനുള്ള വെല്ലുവിളിയിലേയ്ക്കു വരാം. ഓരോ ദിവസവും ക്യാമറ കയ്യിലുള്ള മറ്റൊരാളിനെ ഈ പാതകത്തിലേയ്ക്ക് നയിക്കണം. പടത്തെപ്പറ്റി രണ്ടുവാക്കുകൂടി പറഞ്ഞാൽ സന്തോഷം. ദിവസമൊന്നുവച്ച് ഒരു വർഷം ഇപ്പണി ചെയ്യലായിരുന്നു ആദ്യ “ചലഞ്ച്.” അത് ബുദ്ധിമുട്ടാണെന്നു മനസ്സിലായപ്പോൾ വെള്ളമൊഴിച്ചു മയപ്പെടുത്തി (അതോ വീര്യം കൂട്ടിയോ–ഹോമിയോക്കാരുണ്ടോ ഇക്കൂട്ടത്തിൽ?) ആഴ്ചയിലൊന്ന് വച്ച് ഒരു വർഷമാക്കി. അതും പ്രയാസമായതിനാൽ ഇപ്പോൾ നേചർ, മിൽക്കി വേ, വെള്ളച്ചാട്ടം, മഞ്ഞുമല, വന്യജീവി, എന്നിങ്ങനെ കയ്യിൽ സ്റ്റോക്കുള്ളതനുസരിച്ച് ഏതെങ്കിലും ഒരു വിഷയത്തിൽ വെറും ഏഴു പടം ഇട്ടാൽ മതിയെന്ന അവസ്ഥ വന്നു.
എന്തായാലും ഇത് വളരെ ഭംഗിയായി പോകുന്നുണ്ട്. ഹോക്കിയിൽ രക്ഷയില്ലാഞ്ഞ് ഇന്ത്യ കബഡിയിലേയ്ക്കു തിരിഞ്ഞു എന്നു പറഞ്ഞപോലെ, ഈ നേചർ/മാക്രോ/ലാൻഡ്‌സ്കേപ് ഫോട്ടോഗ്രഫിയിലൊന്നും അവഗാഹമില്ലാത്തതിനാൽ, അല്ലെങ്കിൽ അതിനു തക്ക ആമ്പിയർ ഇല്ലാത്തതിനാൽ, ഞാൻ ഫോട്ടോഗ്രഫിയും ശ്ലോകങ്ങളും സംയോജിപ്പിച്ച് ഒരു പുതിയ ചലഞ്ച് ആരംഭിക്കുകയാണ് (ഇതിൽ രണ്ടിലും കൂടി ഒരുമിച്ചാണെങ്കിൽ ചിലപ്പോൾ ബിരിയാണി കിട്ടിയേക്കും).
സംഗതി ഇത്രേയുള്ളൂ. ചലഞ്ച് ഏറ്റെടുക്കുന്ന അന്നുമുതൽ ഏഴുദിവസത്തേയ്ക്ക്, ദിവസേന ഒന്ന് എന്ന കണക്കിൽ, ഏതെങ്കിലും പാനീയത്തിന്റെ (ഓ, കുടിക്കണ വെള്ളങ്ങളുടെ!) പടമിടുക. ആ പടവുമായി ബന്ധമുള്ള ഒരു ശ്ലോകവും പടത്തോടൊപ്പം ഉണ്ടാവണം. മറ്റു ചലഞ്ചുകളിൽ കാണുന്നപോലെതന്നെ, ഇവിടെയും, പടവും ശ്ലോകവും ഉന്നത നിലവാരം പുലർത്തണമെന്നില്ല. ശ്ലോകങ്ങൾ നിങ്ങളുടേതാവണമെന്നില്ലെങ്കിലും പടം എടുത്തത് നിങ്ങളായിരിക്കണം. ചലഞ്ച് സ്വീകരിക്കുകയാണെങ്കിൽ ചലഞ്ചിനു ക്ഷണിച്ചയാളിനെ നിർബന്ധമായും റ്റാഗ് ചെയ്തിരിക്കണം. പങ്കെടുക്കാൻ സാദ്ധ്യതയുള്ള ഒരു സുഹൃത്തിനെ ഓരോ ദിവസവും വെല്ലുവിളിക്കുകയും ചെയ്യണം. #വാക്‌ചിത്രം എന്നുകൂടി പോസ്റ്റിൽ പറഞ്ഞേക്കൂ. ഒരു ഇഫക്റ്റ് ഇരിക്കട്ടെ.
ഒന്നു കൂടി: നിങ്ങൾ പടം പോസ്റ്റു ചെയ്യുമ്പോൾ (കദന)കഥമുഴുവനും മലയാളത്തിലെഴുതണമെന്നില്ല. അപ്പോൾ തുടങ്ങാം, അല്ലേ?
ഇതിന്റെ ഗണിതശാസ്ത്രരീത്യാ ഉള്ള ഒരു അപഗ്രഥനം ഇവിടെ ചേർക്കാൻ ഉദ്ദേശിച്ചിരുന്നു. ഈ പോസ്റ്റ് വളരെ വലുതായിപ്പോകും എന്ന ഭയത്താൽ അതു മറ്റൊരു പോസ്റ്റിലേക്കു മാറ്റിവെയ്ക്കുകയാണ്.
ആദ്യത്തെ ദിവസം സന്തോഷ് ക്ഷണിച്ചത് എന്നെയാണ്. (അതിനു നന്ദി പറയാൻ ഈ അവസരം വിനിയോഗിക്കുകയാണു സുഹൃത്തുക്കളേ, വിനിയോഗിക്കുകയാണ്…) പച്ചവെള്ളമല്ലാതെ അധികം പാനീയങ്ങൾ കുടിക്കുന്ന സ്വഭാവമില്ലാത്തതിനാലും, ഇവയുടെയൊന്നും പടമെടുക്കുന്ന ശീലമില്ലാത്തതിനാലും, പിന്നെ ഇവയെപ്പറ്റി ശ്ലോകമെഴുതാൻ ഒരു ആശയവും തോന്നാത്തതിനാലും മൂന്നാലു ദിവസം കഴിഞ്ഞാണ് തുടങ്ങിയത്.
ഈ പാനീയങ്ങൾ എങ്ങനെ ഉണ്ടാക്കും, എങ്ങനെ കുടിക്കും എന്നൊക്കെ വിവരിക്കുന്ന പച്ചവെള്ളമൊരരത്തുടം… എന്നതു പോലെയുള്ള നാൽക്കാലികൾ എഴുതാൻ തീരെ താത്പര്യമില്ലാത്തതിനാൽ എഴുതുന്നതിനെല്ലാം പൊതുവായ ഒരു തീം വെച്ചാലോ എന്നു തോന്നി. അങ്ങനെ, സന്തോഷിന്റെ സ്പെസിഫിക്കേഷൻസ് കൂടാതെ ഞാൻ ഈ നിബന്ധനകൾ കൂടി എന്റെ ശ്ലോകങ്ങൾക്കു കൊടുത്തു.
- ഏഴു ശ്ലോകങ്ങളും ഏഴു വ്യത്യസ്ത വൃത്തങ്ങളിൽ ആയിരിക്കും.
- നേരേ ചൊവ്വേയുള്ള നല്ല ശ്ലോകമൊന്നും എഴുതില്ല. വികടമേ എഴുതൂ. തോലനും സഞ്ജയനും ഏവൂരും (ഏവൂരാനല്ല, ഏവൂർ പരമേശ്വരൻ) ഒക്കെ സമ്പന്നമാക്കിയ വികടശ്ലോകശാഖയിലേക്ക് തന്നെ സംഭാവന നൽകും. പറ്റിയാൽ മേമ്പൊടിക്ക് അശ്ലീലവും ചേർക്കാൻ മടിക്കില്ല.
- സാധാരണ ബുദ്ധിമുട്ടി കൊണ്ടു വരാൻ നോക്കുന്ന ദ്വിതീയാക്ഷരപ്രാസം തുടങ്ങിയ കസർത്തുകൾ ചെയ്യില്ല.
- എല്ലാ ശ്ലോകങ്ങളിലും ശ്ലേഷം ഉപയോഗിച്ചുള്ള ഉപമ ഉണ്ടായിരിക്കും.
ഇതിലെ അവസാനത്തെ നിബന്ധനയാണ് എന്നെ വലച്ചത്. ചില ദിവസങ്ങളിൽ പാനീയത്തെപ്പറ്റി എഴുതാൻ ആശയം കിട്ടിയെങ്കിലും, ശ്ലേഷവും ഉപമയും കൊണ്ടുവരാൻ നന്നേ ബുദ്ധിമുട്ടി. എന്തിനു ഞാൻ ഈ മാരണം എടുത്തു തലയിൽ വെച്ചു എന്നു വരെ തോന്നി.
ഇങ്ങനെയുള്ള സാഹിത്യവിനോദങ്ങളിൽ സ്വന്തമായ ഒരു തീം കൂടി ചേർത്ത് അതിനെ മറ്റൊരു തലത്തിലോക്കുയർത്തുന്നതിന്റെ ഉസ്താദ്
രാജേഷ് വർമ്മയാണ്. അക്ഷരശ്ലോകരീതിയിൽ ശ്ലോകങ്ങൾ ഒരു പ്രത്യേകവൃത്തത്തിൽ എഴുതേണ്ട ഒരു വിനോദത്തിൽ അധികം പ്രചാരത്തിലില്ലാത്ത സമ്മതാവൃത്തത്തിൽ (നരരലം ഗവും സമ്മതാഭിധം) അപ്പോൾക്കിട്ടുന്ന അക്ഷരം വെച്ച് അദ്ദേഹം എഴുതിയ
ഉപാസനാപഞ്ചകം എന്ന സറ്റയർ ഇതിന് ഉദാഹരണമാണ്.
ഇപ്പോൾ പലർക്കും ഒരു സംശയം ഉണ്ടായേക്കാം: എന്തൂട്ട്രാ ശവിയേ ഈ ഉപമേം സ്ലേഷോം?
“മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം” എന്നൊരു ഉദാഹരണത്തോടു കൂടി പഠിപ്പിക്കുന്ന ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാൽ ഉണ്ടാകുന്ന ഉപമ (യാദൃച്ഛികം എന്ന വാക്കിനെ യാദൃശ്ചികം എന്നു തെറ്റായി പറയുന്നതു കഴിഞ്ഞാൽ, ഏറ്റവും വ്യാപകമായി കണ്ടു വരുന്ന ഒരു തെറ്റാണ് “ഒന്നിനൊന്നോട്” ആയ ഉപമയെ “ഒന്നിനോടൊന്ന്” ആക്കുന്നത്. എന്തുകൊണ്ടാണ് ചില തെറ്റുകൾ വ്യാപകമാകുന്നത് എന്നത് ആലോചിക്കേണ്ട കാര്യമാണ്.) മിക്കവാറും എല്ലാവർക്കും അറിയാം. പക്ഷേ ശ്ലേഷം പലർക്കും പുതിയതായിരിക്കും.
“രണ്ടു കായ്കളൊരേ ഞെട്ടിലുണ്ടാകും പോലെ ഭാഷയിൽ ഒരേശബ്ദത്തിലർത്ഥം രണ്ടുരച്ചാൽ ശ്ലേഷമാമത്” എന്നാണു കേരളപാണിനിയുടെ ലക്ഷണം. ഒരു വാക്കിനോ പ്രയോഗത്തിനോ മൊത്തം ശ്ലോകത്തിനു തന്നെയോ ഒന്നിൽ കൂടുതൽ അർത്ഥം ഉണ്ടാകുന്നതാണു ശ്ലേഷം.
ഈ സാധനം ഉപമയുമായി ചേരുമ്പോഴാണു കവികളുടെ ഭാവന കാടുകയറുന്നത്. ഒരു സാധനത്തെ അതുമായി യാതൊരു ബന്ധവുമില്ലാത്ത വേറൊന്നുമായി ഉപമിച്ചു കളയും. എന്നിട്ട് അതിനു വിശദീകരണമായി രണ്ടിനും യോജിക്കുന്ന ചില പ്രയോഗങ്ങൾ കാച്ചുകയും ചെയ്യും.
ഉദാഹരണമായി, രാമപുരത്തു വാര്യർ തന്റെ പൊട്ടിപ്പൊളിഞ്ഞ വീടിനെ ഭാഗവതത്തോട് ഉപമിക്കുന്നതു കാണുക.
മഹീപതേ, ഭാഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാം
അർത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്.
അതായത്, രണ്ടും മഹാപുരാണം ആണ്. ഭാഗവതം പുരാണകഥ ആണ്. വീട് വളരെ പഴയതാണ്. അതുപോലെ ഭാഗവതം നോക്കുന്നവർക്ക് (വായിക്കുക എന്നർത്ഥത്തിൽ “നോക്കുക” എന്നു പണ്ടു പറയുമായിരുന്നു) ജീവിതത്തോടു വിരക്തിയുണ്ടായി ആത്മീയതയിലേക്കു പോകും. വീട്ടിലേക്ക് ഒന്നു നോക്കുന്നവർക്ക് ആ വീടിനോടു വിരക്തി ഉണ്ടാകും. പിന്നെ ഒരു വ്യത്യാസമുള്ളത്, ഭാഗവതത്തിൽ അർത്ഥം (മീനിംഗ്) ഉണ്ട്. വീട്ടിൽ അർത്ഥം (ധനം) ഇല്ല. (ഇങ്ങനെ ഉപമയോടൊപ്പം അവയ്ക്കു തമ്മിൽ വ്യത്യാസം ഉണ്ടെന്നു പറയുന്നത് “വ്യതിരേകം” എന്നൊരു അലങ്കാരമാണ്. “വിശേഷം വ്യതിരേകാഖ്യം വർണ്ണ്യാവർണ്ണ്യങ്ങൾ തങ്ങളിൽ” എന്നു ലക്ഷണം. “കുന്നു പോലുന്നതൻ ഭൂപൻ, എന്നാൽ പ്രകൃതികോമളൻ” എന്ന് ഉദാഹരണം.)
ഒരുദാഹരണം കൂടി. വള്ളത്തോൾ ഒരു പിണങ്ങിയ പെണ്ണിനെ കാളിദാസകവിതയോട് ഉപമിക്കുന്നു.
സദ്വർണ്ണാഞ്ചിതശയ്യ ചേർ, ന്നഴകെഴും ഭാവപ്രഭാവത്തോടും,
മൃദ്വംഗാനുഗുണപ്രയുക്തവിവിധാലങ്കാരസമ്പത്തൊടും,
വിദ്വല്ലാളിതകാളിദാസകവിതയ്ക്കൊപ്പം വിളങ്ങുന്ന നീ
മദ്വക്ഷോമണിമാലികേ, കിമപി കൈക്കൊൾകാ പ്രസാദത്തെയും!
വിശദമായി അർത്ഥം പറയുന്നില്ല. ശ്ലേഷം മാത്രം പറയാം. ആദ്യത്തെ അർത്ഥം പെണ്ണിനു യോജിക്കും. രണ്ടാമത്തേത് കാളിദാസകവിതയ്ക്കും.
വർണ്ണം = നിറം, അക്ഷരം.
ശയ്യ = കിടക്ക, കാവ്യത്തിന്റെ ഒഴുക്ക്
ഭാവം = മനുഷ്യരുടെ ഭാവം, കവിതയിലെ ഭാവം
അംഗം = അവയവം, പ്രധാന ആശയത്തോടു ചേർന്നു നിൽക്കുന്ന അപ്രധാന ആശയം.
ഗുണം = മേന്മ, കാവ്യഗുണം.
അലങ്കാരം = ആഭരണങ്ങളും മേക്കപ്പും മറ്റും, ചമത്ക്കാരം ഉണ്ടാക്കുന്ന ഉപമ, ഉത്പ്രേക്ഷ തുടങ്ങിയ സാധനം.
പ്രസാദം = അടുപ്പം, കേട്ടാൽ പെട്ടെന്ന് അർത്ഥബോധം വരുന്ന കാവ്യഗുണം.
പ്രസാദമൊഴികെ എല്ലാം പെണ്ണിനും കാളിദാസകവിതയ്ക്കും ഉണ്ട്. പ്രസാദം പെണ്ണിനില്ല, കാളിദാസകവിതയ്ക്കുണ്ട് എന്നർത്ഥം. (ഇവിടെയും വ്യതിരേകം തല പൊക്കുന്നതു കാണുക.)
സംസ്കൃതകവികൾ ഈ ശ്ലേഷം കൊണ്ട് ഉപമയുണ്ടാക്കി കാടു കയറിയിട്ടുണ്ട്. ഒരു ശ്ലോകത്തിനു തന്നെ ആറും ഏഴും അർത്ഥമൊക്കെ വരും. അതൊക്കെ പറയാൻ തുടങ്ങിയാൽ എങ്ങുമെത്തില്ല. അതിനാൽ അതു വിട്ടിട്ട് ഇവന്റിലേക്കു വരാം.
ഇങ്ങനെ ശ്ലേഷമുപയോഗിച്ച് എല്ലാ ശ്ലോകത്തിലും ഉപമ ഉണ്ടാക്കും എന്ന് ഞാനൊരു തീരുമാനമെടുത്തു. കുടുങ്ങിയെന്നു പറഞ്ഞാൽ മതിയല്ലോ. എഴുതിത്തുടങ്ങിയപ്പോഴാണ് സംഭവം ഭീകരമാണെന്നു മനസ്സിലായത്. മാഘൻ തൊട്ടു വള്ളത്തോൾ വരെയുള്ള സകലമാന ശ്ലേഷക്കാരെയും നമിച്ചു.
പിന്നെ, വേറൊരു കാര്യമുണ്ട്. ഇക്കാലത്ത് ഇങ്ങനെ വല്ലതും എഴുതിയാൽ ആളുകൾ ഓടിച്ചിട്ടടിക്കും. പിന്നെ, ഇവന്റാണ്, സ്പൂഫാണ്, അലമ്പാണ് എന്നൊക്കെ പറഞ്ഞാലല്ലേ ഇതൊക്കെ പറ്റൂ? ശ്ലോകമെഴുത്തുകാർക്കും ജീവിക്കണ്ടേ സാർ?
അപ്പോൾ ശരി. നമുക്ക് ഇവന്റിലേക്കു കടക്കാം.
ദിനം 1: ചായ (വൃത്തം: ഉപജാതി) ഫേസ്ബുക്ക് ലിങ്ക്
തുടക്കം ചായ തന്നെ ആയിക്കോട്ടേ. ഈ സീരീസിൽ ഏറ്റവും കൂടുതൽ ആളുകൾ പോസ്റ്റു ചെയ്തതും ചായയെപ്പറ്റി ആയിരുന്നു. ഈ പടം എടുത്തതിനു ശേഷം ഞാൻ അതിൽ കാണുന്ന ചായ കുടിക്കുകയുണ്ടായി.
പഞ്ചാരയില്ലെങ്കിലസഹ്യമാകും,
എല്ലാർക്കുമിപ്പോഴനുപേക്ഷണീയം,
ഉറക്കമേകാതെ വലച്ചിടും, സ്കൂൾ-
പഠിത്തവും ചായയുമൊന്നു പോലെ.
ചായയെ സ്കൂൾ വിദ്യാഭാസത്തോട് ഉപമിക്കുന്നു.
- പഞ്ചാര ഇല്ലെങ്കിൽ അസഹ്യമാകും: ചായയ്ക്കു പഞ്ചസാരയില്ലെങ്കിൽ സഹിക്കാൻ പറ്റില്ല. പഞ്ചാരയടി എന്നൊരു സംഭവമില്ലെങ്കിൽ സ്കൂൾ വിദ്യാഭ്യാസവും സഹിക്കാൻ വിഷമം തന്നെ.
- ഇപ്പോൾ എല്ലാർക്കും അനുപേക്ഷണീയം: ചായ ഇപ്പോൾ എല്ലാ വീട്ടിലും ഉപേക്ഷിക്കാൻ പറ്റാത്ത സാധനമായിട്ടുണ്ട്. എല്ലാവർക്കും എല്ലാ കാര്യത്തിനും ഇപ്പോൾ സ്കൂൾ വിദ്യാഭ്യാസവും വേണം. “പത്തെങ്കിലും പാസ്സായില്ലെങ്കിൽ പട്ടിക്കു തുല്യം പ്രഭോ…” എന്ന് ആപ്തവാക്യം.
- ഉറക്കം തരാതെ വലയ്ക്കും: ചായ വൈകുന്നേരം കുടിച്ചാൽ പലർക്കും പിന്നെ രാത്രിയിൽ ഉറങ്ങാൻ പറ്റില്ല. പഠിക്കാനുള്ള വിഷയങ്ങളുടെ ആധിക്യവും പിന്നെ ആ പ്രായത്തിന്റെ പ്രത്യേകതയും മൂലം സ്കൂൾ വിദ്യാഭ്യാസകാലത്ത് ഉറക്കം അല്പം കുറവായിരിക്കും.
ഇങ്ങനെ നോക്കിയാൽ ചായയും സ്കൂൾ വിദ്യാഭ്യാസവും ഒരു പോലെ ആണ്.
ദിനം 2: മദ്യം (വൃത്തം: ഭുജംഗപ്രയാതം) ഫേസ്ബുക്ക് ലിങ്ക്
“ഏതെങ്കിലും പാനീയത്തിന്റെ (ഓ, കുടിക്കണ വെള്ളങ്ങളുടെ!)” എന്നാണു സന്തോഷ് എഴുതിയത്. മനുഷ്യർ കുടിക്കുന്ന സാധനത്തിന്റേതു മതി. അതിനാൽ, ഞാൻ ഇപ്പോൾ മദ്യം കുടിക്കാറില്ലെങ്കിലും മദ്യത്തിന്റെ പടം ഇടുന്നതിനു വിരോധമില്ലെന്നു തോന്നുന്നു. (ആയുസ്സിൽ കുടിച്ചിട്ടില്ലാത്ത ഹോമിയോമരുന്നു പുറകേ വരുന്നുണ്ട്.) പഴയ ഓഫീസുകാർ മദ്യം ശേഖരിച്ചു വെയ്ക്കാറുണ്ടായിരുന്നു. അതിന്റെ പടമാണ്.
ഒലിപ്പിച്ചു നോക്കും, വൃഥാ മുട്ടി നോക്കും,
മണപ്പിച്ചു ചുറ്റും നടക്കും, വഹിക്കാൻ
കഴിഞ്ഞെങ്കിലെന്നോർത്തു കേഴും, ഗദത്താൽ
വലഞ്ഞോനു മദ്യം നതാംഗിക്കു തുല്യം.
ഗദം = രോഗം. രോഗാധിക്യം കൊണ്ട് മദ്യപിക്കാൻ പറ്റാത്തവന് മറ്റു വല്ലവരുടെയും വീട്ടിൽ മദ്യം കണ്ടാലുള്ള ആക്രാന്തം, അത് പരിചയമില്ലാത്ത ഒരു പെണ്ണിനോടെന്നതു പോലെയാണെന്നു താത്പര്യം. എങ്ങനെ? ശ്ലേഷം ഇവിടെയും സഹായത്തിനു വരുന്നു.
- ഒലിപ്പിച്ചു നോക്കും: കുപ്പിയിൽ നിന്നും അല്പാല്പം ഒലിച്ചു വരുന്നുണ്ടോ എന്നു നോക്കും. പറ്റിയാൽ അതു തൊട്ടുനക്കും. പരിചയമില്ലാത്ത പെണ്ണിന്റെ അടുക്കലും ഒലിപ്പീരു സാധാരണയാണല്ലോ.
- വൃഥാ മുട്ടി നോക്കും: കുപ്പി ചുമ്മാ മുട്ടിയും തട്ടിയും നോക്കും. എന്നിട്ടു താഴെ വെക്കും. പിന്നെയും മുട്ടി നോക്കും. പരിചയമില്ലാത്ത പെണ്ണിനെ മുട്ടി നോക്കുന്നത് ഒലിപ്പീരിനു ശേഷമുള്ള പ്രക്രിയയാണല്ലോ.
- “വഹിക്കാൻ കഴിഞ്ഞെങ്കിൽ” എന്ന് ഓർത്തു സങ്കടപ്പെടും: ആ കുപ്പി എടുത്തുകൊണ്ട് വീട്ടിൽ കൊണ്ടു പോകാൻ പറ്റിയിരുന്നെങ്കിൽ എന്നു സങ്കടപ്പെടും. പെണ്ണിനെ “വഹിക്കാൻ” കഴിയാത്തതിലുംം ദുഃഖമുണ്ടാവും.
വയ്യാതായാൽ മദ്യവും പെണ്ണും ഒരുപോലെ തന്നെ.
ദിനം 3: ഹോമിയോ മരുന്ന് അഥവാ വീര്യം കൂടിയ പച്ചവെള്ളം. (വൃത്തം: മാലിനി) ഫേസ്ബുക്ക് ലിങ്ക്
മൂന്നാമത്തെ ദിവസം കഞ്ഞിയെപ്പറ്റി ഒരു തട്ടുപൊളിപ്പൻ ശ്ലോകം (താഴെ നാലാം ദിവസത്തെ ശ്ലോകം) എഴുതിയിട്ട് ഭാര്യയോടു ചോദിച്ചു:
“എടിയേ, ഇന്നു കഞ്ഞി ഉണ്ടാക്കിത്തരാമോ?”
“അതെന്താ, കഞ്ഞി കുടിക്കാൻ ഇന്നൊരു വ്യാക്കൂണ്?”
“കുടിക്കാനല്ല, പടം പിടിക്കാനാണ്. സന്തോഷിന്റെ പാനീയസപ്താഹത്തിലേക്ക്”
“ഞാൻ ഉണ്ടാക്കിത്തന്ന ഫ്രൂട്ട് ജൂസിനെപ്പറ്റി ശ്ലോകം എഴുതിയോ? ഒരുപാടു പഴങ്ങൾ ചേർത്ത് അടിച്ചതായിരുന്നു…”
പഴച്ചാറിനെപ്പറ്റി ശ്ലോകമെഴുതാൻ കുറേ ബുദ്ധിമുട്ടി. ആറാമത്തെ ദിവസമാണ് സരസ്വതീദേവി ജ്യൂസു കുടിക്കാൻ വന്നത്. ദിവസവും പ്രാണേശ്വരി അതിനെപ്പറ്റി അന്വേഷിക്കുമായിരുന്നു. പ്രാണേശ്വരിയെ കഞ്ഞിയോടാണ് ഉപമിക്കാൻ പോകുന്നത് എന്നു പറഞ്ഞാൽ ഇനി പച്ചവെള്ളം കൂടി കിട്ടുമെന്നു തോന്നുന്നില്ല.
“ഇല്ല, എഴുതാം. കഞ്ഞിയായിരുന്നു എഴുതാൻ എളുപ്പം…”
“എന്നാലേ, ഉണ്ടാക്കാൻ എനിക്ക് അത്ര എളുപ്പമല്ല. ഇവിടെ ചോറുണ്ടാക്കി. ഇനി നാളെ ഉണ്ടാക്കിത്തരാം.”
ചുറ്റി. സമയം പത്തരയാകുന്നു. പന്ത്രണ്ടിനു മുമ്പേ പോസ്റ്റു ചെയ്യണ്ടേ? പഴച്ചാറിനെപ്പറ്റി എഴുതാൻ അര മണിക്കൂർ ശ്രമിച്ചു. പിന്നെ അതു വേണ്ടെന്നു വെച്ചു. കൂട്ടുകാർക്കു കുടിക്കാൻ വാങ്ങി വെച്ചിരിക്കുന്ന കുറേ മദ്യങ്ങൾ ഉണ്ട്. ഒന്നിനെപ്പറ്റിയും ശ്ലേഷമൊന്നും തോന്നുന്നില്ല. അലമാരയിൽ കുറച്ച് കഷായവും അരിഷ്ടവും ഇരിപ്പുണ്ട്. അതിനെപ്പറ്റി എഴുതാൻ ശ്രമിച്ചു. നടന്നില്ല. ഇനി പച്ചവെള്ളം മാത്രമേ ബാക്കിയുള്ളൂ. അതിനെപ്പറ്റി എഴുതിക്കളയാം. അപ്പോഴാണ് പച്ചവെള്ളം എന്നു വെച്ചാൽ അതിഭീകരശക്തിയുള്ള ഹോമിയോമരുന്നാണ് എന്ന കാര്യം ഓർമ്മിച്ചത്. അതിൽ ഒരു മോളിക്യൂൾ ഹോമിയോ മരുന്നു മതി. അതു നേർപ്പിച്ചു നേർപ്പിച്ചു ശക്തി കൂടിക്കൂടി ഭീകരസാധനമാകുമല്ലോ. എന്നാൽ അതു തന്നെ ആക്കിക്കളയാം.
അതിമധുരമുരുട്ടീ, ട്ടുള്ളു പൊള്ളയ്ക്കൊരുക്കീ-
ട്ടതു പല കുറി വെള്ളം ചേർത്തു വീര്യം വരുത്തി,
ജളർ ജഡസമരാവാൻ സംഘി തൻ വാക്കിനൊപ്പം
ഭുവി വിഷസമമാണീ ഹോമിയോ തൻ മരുന്നും.
ജളർ = മണ്ടന്മാർ. ജഡം = ശവം, ജീവനില്ലാത്തത്. ഭുവി = ഭൂമിയിൽ. ഹോമിയോ മരുന്ന് സംഘികളുടെ ഡയലോഗ് പോലെ ഫുൾ തട്ടിപ്പാണ് എന്നാണ് ഈ ശ്ലോകത്തിന്റെ താത്പര്യം.
ഉള്ളിൽ ഗുണമൊന്നുമില്ലാതെ, വെളിയിൽ മധുരം പുരട്ടി, കൂടുതൽ വെള്ളം ചേർത്തു നേർപ്പിച്ചാൽ വീര്യം കൂടുമെന്നു പ്രചരിപ്പിച്ച് കിട്ടുന്ന ഹോമിയോ മരുന്ന് മണ്ടന്മാരെ സമയത്തിനു വൈദ്യസഹായം കിട്ടാതെ ശവത്തെപ്പോലെ ആക്കിക്കളയും.
അതു പോലെ, യാതൊരു കഴമ്പുമില്ലാത്ത ആശയം ഉള്ളിൽ വെച്ച്, അതേ സമയം പുറത്ത് ദേശാഭിമാനത്തിന്റെയും സംസ്കാരത്തിന്റെയും മധുരം പുരട്ടി, ആർഷഭാരതസംസ്കാരത്തിൽ ഉള്ള നല്ല കാര്യത്തിലൊക്കെ വെള്ളം ചേർത്തു പതപ്പിച്ച് അതിന് ഇല്ലാത്ത മാഹാത്മ്യമൊക്കെ ചാർത്തി അവതരിപ്പിക്കുന്ന സംഘികളുടെ വാചകമടി വിവരമില്ലാത്തവരെ “ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും” എന്ന സ്ഥിതിയിൽ ആക്കിക്കളയും.
ഇവ രണ്ടും ഭൂമിയിൽ വിഷം പോലെയാണ്.
പിന്നെ, ജഡം, ജളം എന്നീ രണ്ടു വാക്കുകളും സംസ്കൃതത്തിൽ ഒന്നു തന്നെയാണ്. മലയാളത്തിൽ ജഡത്തിന് ജീവനില്ലാത്തത് എന്നും ജളന് ബുദ്ധിയില്ലാത്തവൻ എന്നുമാണ് വ്യാപകമായി ഉപയോഗിക്കുന്ന അർത്ഥം. ഇങ്ങനെ ഒരേ അർത്ഥമുള്ള സംഭവങ്ങളെന്നു തോന്നിക്കുന്ന രണ്ടു വാക്കുകൾ രണ്ടർത്ഥത്തിൽ അടുത്തടുത്ത് ഉപയോഗിച്ചാൽ ആ അലങ്കാരത്തെ പുനരുക്തവദാഭാസം എന്നു വിളിക്കുന്നു. ഏ. ആർ. തരുന്ന ഒരു ഉദാഹരണം: “കൈലാസാദ്രി മലക്കുന്നോരന്നിൻ ദാനയശസ്സിന് സർവ്വദാമരവൃക്ഷത്തിൻ വിജയം കളി കേളിഹ.” ഇവിടെ അദ്രി, മല, കുന്ന് എന്നിവയും മര, വൃക്ഷ എന്നിവയും കളി, കേളി എന്നിവയും അടുത്ത് അർത്ഥഭേദത്തിൽ വരുന്നതാണു സംഭവം. ഇനി പുനരുക്തവദാഭാസം പറ്റില്ലെങ്കിൽ ദയവു ചെയ്ത് വിരോധാഭാസമെങ്കിലും ഈ ശ്ലോകത്തിന് അനുവദിച്ചു തരണം. അപേക്ഷയാണ്. ആഭാസമില്ലാതെ എന്തു ശ്ലോകം?
ദിനം 4: കഞ്ഞി (വൃത്തം: വസന്തതിലകം) ഫേസ്ബുക്ക് ലിങ്ക്
അങ്ങനെ അവസാനം കഞ്ഞി കിട്ടി. സാധാരണ കഞ്ഞിയല്ല, ഒന്നാന്തരം പൊടിയരിക്കഞ്ഞി. ഈ സീരീസിലെ എനിക്കേറ്റവുമിഷ്ടപ്പെട്ട ശ്ലോകം ഇതാണ്. പ്രാണേശ്വരിയെപ്പറ്റി ആയതു കൊണ്ടു മാത്രമല്ല. ആകെക്കൂടി ഒരു എയിമുള്ള ശ്ലോകമാണ്.
ലാവണ്യമുണ്ടു മുറ പോലെ, രസം പെരുത്തു-
ണ്ടേവർക്കുമെത്ര ഹിത, മൂതുകിലില്ല താപം,
സ്പൂണിൽ കിടക്കു, മതിയായ വിയർപ്പു നൽകും,
പ്രാണേശ്വരീ, പറക, നീയൊരു കഞ്ഞിയല്ലേ?
ഇവിടെ പ്രാണേശ്വരിയെ കഞ്ഞിയോട് ഉപമിക്കുന്നു. ശ്ലേഷത്തിന്റെ അയ്യരുകളിയാണു സംഭവം. പറഞ്ഞിരിക്കുന്ന കാര്യമെല്ലാം പ്രാണേശ്വരിക്കും കഞ്ഞിക്കും യോജിക്കും.
- ലാവണ്യം നല്ലതു പോലെയുണ്ട്. പ്രാണേശ്വരിക്കു സൗന്ദര്യവും, കഞ്ഞിക്ക് ലവണത്വവും (ഉപ്പുരസം).
- പെരുത്തു രസം ഉണ്ട്: പ്രാണേശ്വരി വളരെ രസികയാണ്. കഞ്ഞിയിൽ വെള്ളം ധാരാളമുണ്ട്.
- ഏവർക്കും എത്ര ഹിതം: എല്ലാവർക്കും വളരെ ഇഷ്ടമാണ്. അർത്ഥവ്യത്യാസമില്ല.
- ഊതുകിലില്ല താപം: കളിയാക്കുന്നതിന് ഗ്രാമ്യഭാഷയിൽ “ഊതുക” എന്നു പറയും. (“ഊതല്ലേ” എന്നു സാധാരണപ്രയോഗം.) പ്രാണേശ്വരിക്ക് ഊതിയാൽ (കളിയാക്കിയാൽ) താപം (ദുഃഖം) ഇല്ല എന്നർത്ഥം. കഞ്ഞിക്ക് ഊതിയാൽ ചൂടുണ്ടാവുകയില്ല എന്നും. (“ഊതിയാൽ ചൂടുണ്ടാവില്ല” എന്നു പറഞ്ഞാൽ “ഊതിയില്ലെങ്കിൽ ചൂടുണ്ടാവും” എന്നു വ്യംഗ്യം. ഇങ്ങനെ വ്യംഗിപ്പിക്കുന്നതിനും എന്തോ ഒരു പേരുണ്ട്. മറന്നു പോയി.)
- സ്പൂണിൽ കിടക്കും: പുറം തിരിഞ്ഞു കിടക്കുന്ന പെണ്ണിന്റെ പുറകിൽ കെട്ടിപ്പിടിച്ചു പുരുഷൻ കിടക്കുന്നതിനെ സ്പൂൺ പൊസിഷൻ എന്നു പറയുന്നു. അങ്ങനെ കിടക്കുന്നതിനെ സ്പൂണിംഗ് എന്നും പറയും. അങ്ങനെ കിടക്കുന്നവളാണു പ്രാണേശ്വരി. കഞ്ഞിയാകട്ടേ, സ്പൂണിലെടുത്താണു കുടിക്കുന്നത്.
- അതിയായ വിയർപ്പു നൽകും: പ്രാണേശ്വരി നന്നായി വിയർപ്പിക്കും. കഞ്ഞിയും.
പ്രാണേശ്വരിയോട് “നീയൊരു കഞ്ഞിയല്ലേ?” എന്നു ചോദിക്കുന്നിടത്ത്, മുകളിൽ പറഞ്ഞ രീതിയിൽ നീ കഞ്ഞി എന്ന ഭക്ഷണത്തെപ്പോലെയല്ലേ എന്ന് ഒരർത്ഥം. “നീ ഒരു പരമ യൂസ്‌ലെസ് നിർഗുണപരബ്രഹ്മമല്ലേ?” (കഞ്ഞി എന്ന വാക്കിന് അങ്ങനെ ഒരു നാടൻ അർത്ഥവുമുണ്ട്) എന്നു മറ്റൊരു അർത്ഥം. ശ്ലേഷം പോകുന്ന ഓരോ വഴിയേ…
ദിനം 5: പായ്ക്കറ്റിലാക്കിയ ഓർഗാനിക് തേങ്ങാവെള്ളം (വൃത്തം: ശാർദ്ദൂലവിക്രീഡിതം) ഫേസ്ബുക്ക് ലിങ്ക്
അടുത്ത കാലത്തായി അമേരിക്കയിൽ തേങ്ങയ്ക്കു വലിയ ഡിമാൻഡ് ആണ്. വെളിച്ചെണ്ണ സർവ്വരോഗസംഹാരിയാണെന്നു പറഞ്ഞ് ഹെൽത്ത് ഷോപ്പുകളിലൊക്കെ കൊള്ളവിലയ്ക്കു വിൽക്കുന്നു. കൊപ്രാ പോലെ ഒരു സാധനം വറുത്തുപ്പേരി പോലെ പായ്കറ്റിൽ ലഭ്യമാണ്. അതു കൂടാതെ തേങ്ങാവെള്ളം പായ്ക്കറ്റിലാക്കി അതിവിശിഷ്ടമായ ഓർഗാനിക് പാനീയം എന്നു പറഞ്ഞു വിൽക്കുന്നു. അങ്ങനെ ഒരു തേങ്ങാവെള്ളപ്പായ്ക്കറ്റ് കണ്ടപ്പോൾ കവിഹൃദയം ചഞ്ചലമായതിന്റെ പരിണതഫലമാണു താഴെ.
മൂടിക്കെട്ടിയിരുന്ന ബീജകവചം തന്നിൽ പടച്ചോൻ ജലം
തൂവിത്തീർത്തതു പിന്നെ നല്ല സമയം നോക്കീട്ടു മൂക്കായ്കിലും
കീറിത്തന്നെയെടുത്തു, ലേബലു കുറേ ചാർത്തി, പ്രദർശിപ്പിച്ചിടു-
ന്നേതോ കൂടിയതെന്നു ചൊന്നു, ശിശുവെപ്പോലിന്നു തേങ്ങാജലം!
പായ്ക്കറ്റിലെ തേങ്ങാവെള്ളം കുട്ടിയെപ്പോലെയാണന്നാണു പറയുന്നത്.
ആകെ മൂടിക്കെട്ടി വെച്ചിരിക്കുന്ന തേങ്ങയിൽ വെള്ളം നിറയ്ക്കുന്ന (അതു മാത്രമല്ല, ഈന്തപ്പഴത്തിൽ കുരു നിറയ്ക്കുക തുടങ്ങിയ പല കലാപരിപാടികളും കക്ഷി ചെയ്യാറുണ്ട്.) പടച്ചോനെപ്പറ്റി കേൾക്കാത്തവർ കുറയും. അങ്ങനെ അദ്ദേഹം ഉണ്ടാക്കിയ തേങ്ങാ വെള്ളമെടുക്കാൻ പറ്റിയ സമയത്ത് മൂത്തില്ലെങ്കിലും പൊളിച്ച് വെള്ളം വെളിയിൽ എടുത്ത് ഓർഗാനിക് ആണ്, അതുണ്ട്, ഇതുണ്ട് എന്നൊക്കെ ലേബലുകൾ ചാർത്തി കടകളിലെ അലമാരകളിൽ പ്രദർശിപ്പിക്കുന്നു.
കുട്ടികളെയും ഇങ്ങനെ തന്നെ. ഇവിടെ പടച്ചോൻ എന്നു പറഞ്ഞാൽ പടച്ച ആൾ അതായത് പിതാവ് എന്ന അർത്ഥമെടുക്കണം. മൂടിക്കെട്ടിയിരിക്കുന്ന ഗർഭപാത്രത്തിൽ അച്ഛൻ തൂവിയ വെള്ളത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഭ്രൂണത്തെ ഗ്രഹനിലയും നാളും തിഥിയുമൊക്കെ നോക്കി നല്ല സമയം നിർണ്ണയിച്ച് ആ സമയത്ത് സിസേറിയൻ ചെയ്തു പുറത്തെടുത്തിട്ട് ഇവൻ ജീനിയസ്സാണ്, ഇവൾ സകലകലാവല്ലഭയാണ്, ഇവൻ അതാണ്, അവൾ അതാണ് എന്നൊക്കെ പല ലേബലും ചാർത്തി നാട്ടുകാരുടെ മുമ്പിൽ ഉള്ളതിലും വലുതാക്കിക്കാണിച്ചു പ്രദർശിപ്പിക്കുന്നു.
രണ്ടും ഒരുപോലെയാണെന്നു പറയുന്നതു ചുമ്മാതെയാണോ?
ദിനം 6: ബെറിച്ചാറ് (വൃത്തം: വംശസ്ഥം) ഫേസ്ബുക്ക് ലിങ്ക്
പ്രാണേശ്വരി ആദ്യത്തെ ദിവസം ഉണ്ടാക്കിത്തന്ന പഴച്ചാറാണ്. പലതരം പഴങ്ങൾ അതിലുണ്ടത്രേ. എങ്കിലും ഇന്നാണ് അതിനെപ്പറ്റി ശ്ലോകം എഴുതാൻ പറ്റിയത്.
ചുമന്നിരിക്കും, മധുരം നിറഞ്ഞിടും,
ഗദങ്ങളിൽ നിന്നു തുണച്ചിടും, വയർ
നിറയ്ക്കു, മുൾത്താപമകറ്റിടും, പഴം
പിഴിഞ്ഞ ചാറെൻ ജനനിയ്ക്കു തുല്യമാം.
പഴച്ചാറ് അമ്മയെപ്പോലെയാണ് എന്നാണു പറയുന്നത്. (ഈ സീരീസിൽ വികടത്വവും അശ്ലീലവും ഇല്ലാത്ത ഒരേയൊരു ശ്ലോകവും ഇതു തന്നെ.)
- ചുമന്നിരിക്കും: ബെറിയുടെ ചാറിനു ചുവപ്പു നിറമാണ്. അമ്മ ഗർഭകാലത്ത് കുഞ്ഞിനെ ചുമന്നുകൊണ്ട് ഇരിക്കും.
- മധുരം നിറഞ്ഞിടും: പഴച്ചാറിനു നല്ല മധുരമാണ്. അമ്മ നിറച്ചും മധുരമുള്ള അമ്മിഞ്ഞപ്പാലും സ്നേഹവുമാണ്.
- ഗദങ്ങളിൽ നിന്ന് തുണച്ചിടും: ഗദം = രോഗം. പഴച്ചാറ് ശരീരത്തിനു പ്രതിരോധശക്തി വർദ്ധിപ്പിച്ച് അസുഖം വരാതെ നോക്കും. അമ്മ മക്കൾക്കു രോഗമൊന്നും വരാതെ കാത്തുരക്ഷിക്കും.
- വയർ നിറയ്ക്കും: ജ്യൂസു കുടിച്ചാൽ വയറു നിറയും. അമ്മ മക്കൾക്ക് നല്ല ഭക്ഷണം ഉണ്ടാക്കി നന്നായി ഊട്ടും.
- ഉൾത്താപമകറ്റും: താപം = ചൂട്, ദുഃഖം എന്നു രണ്ടർത്ഥം. ജ്യൂസ് ഉള്ളിലെ ചൂടു കുറയ്ക്കും. അമ്മ മനസ്സിലുള്ള ദുഃഖം മാറ്റും.
ഇങ്ങനെയാണ് പഴച്ചാറ് അമ്മയ്ക്കു തുല്യമാകുന്നത്.
ദിനം 7: വിസ്കി (വൃത്തം: മന്ദാക്രാന്ത) ഫേസ്ബുക്ക് ലിങ്ക്
അവസാനത്തെ ദിവസമായതു കൊണ്ട് ഇന്ന് വിഷം വിഷയമാക്കാം എന്നു വിചാരിച്ചിരുന്നു. രണ്ടു പേരോട് അഭിപ്രായം ചോദിച്ചു. രണ്ടു പേരും “വിഷം വേണ്ട” എന്ന അഭിപ്രായക്കാര്യായിരുന്നു. ഈ അന്ധവിശ്വാാസികളെക്കൊണ്ടു തോറ്റു!
അവസാനശ്ലോകം ഒന്നു ഗ്രാൻഡാക്കാൻ എന്തു വഴി എന്ന് ആലോചിച്ചപ്പോഴാണ് ശ്ലേഷം കൊണ്ട് രണ്ടർത്ഥം ഉണ്ടാക്കുന്നതിനു പകരം മൂന്നർത്ഥം ആക്കിയാലോ എന്നു തോന്നിയത്. വള്ളത്തോൾ ചിത്രയോഗത്തിൽ “ഈമട്ടങ്ങുദരാർത്തി തീർത്തു സുമനോ…” എന്നു രാജാവിനും ശിവനും സുബ്രഹ്മണ്യനും യോജിക്കുന്ന അർത്ഥങ്ങളുണ്ടാക്കിയതു പോലെ ഒന്നു നോക്കിയാലോ എന്ന്. വള്ളത്തോൾ എഴുതിയതു പോലെ ഞാൻ എഴുതാൻ നോക്കിയാൽ വായിക്കുന്നവർ ആന, അണ്ണാൻ, മലവിസർജ്ജനശ്രമം എന്നിവ ഉൾപ്പെടുന്ന ഒരു ഉപമ ശ്ലേഷത്തിന്റെ സഹായമില്ലാതെ തന്നെ ഉണ്ടാക്കും എന്നറിയാം. എന്നാലും ഒന്നു ശ്രമിക്കുക തന്നെ.
ഏറെക്കാലം പഴകിയ ചരക്കെന്നു ലേബൽ പതിച്ചാ-
ലേറും മൂല്യം, സമനില നശിപ്പിച്ചിടും കൂടിയെന്നാൽ ,
കൂടും നന്നായ് പശുവൊടു, മഹോ! നീരസത്തോടടിക്കാം,
ഷീവാസ് റീഗൽ പ്രഭൃതികളുമാഭാസരും തുല്യരത്രേ!
കലാശക്കളിയായതിനാൽ ഇവിടെ ശ്ലേഷം അല്പം കടുപ്പത്തിലാണ്. വിസ്കി എന്ന പാനീയത്തെ ഒന്നല്ല രണ്ടു കാര്യങ്ങളോടാണ് ശ്ലേഷം വഴി ഉപമിക്കുന്നത്. ഒന്ന്, ആ. ഭാ. സം. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആർഷഭാരതസംസ്കാരം തലയ്ക്കു പിടിച്ച ആ.ഭാ.സർ. രണ്ട്, ശരിക്കുള്ള ആഭാസർ.
- വളരെക്കാലം പഴകിയ ചരക്ക് എന്നു പറഞ്ഞാൽ വില കൂടും.
- വിസ്കി: 18 കൊല്ലം പഴകിയ വിസ്കിയ്ക്ക് 12 കൊല്ലം പഴകിയ വിസ്കിയെക്കാൾ വില കൂടും.
- ആ. ഭാ. സം.: എന്തെങ്കിലും കുന്തത്തിനെ പണ്ട് ഋഷികൾ കണ്ടുപിടിച്ചത്, വേദത്തിൽ ഉണ്ടായിരുന്നത് എന്നൊക്കെ പറഞ്ഞു കൊണ്ടു വന്നാൽ ഇവർക്ക് വലിയ വിലയാണ്.
- ആഭാസർ: ഇവർക്കു പൊതുവേ പ്രായമായ പെണ്ണുങ്ങളെയാണു പഥ്യം.
- കൂടിയാൽ സമനില നശിപ്പിക്കും.
- വിസ്കി: കുടിക്കുന്നതിന്റെ അളവു കൂടുതലായാൽ കുടിക്കുന്നവനു സമനില കിട്ടില്ല. കാലു വേച്ചു പോകും.
- ആ. ഭാ. സം.: മതഭ്രാന്തു കൂടിയാൽ മനുഷ്യരൊക്കെ തുല്യരാണ് എന്നുള്ള നില നഷ്ടപ്പെടും.
- ആഭാസർ: ഇവന്മാരോടു കൂട്ടു കൂടിയാൽ മനസ്സിന്റെ സമനില നഷ്ടപ്പെടും.
- പശുവിനോടും നന്നായിട്ടു കൂടും
- വിസ്കി: വിസ്കിയുടെ കൂടെ ബീഫ് വളരെ യോജിക്കും.
- ആ. ഭാ. സം.: ആർഷഭാരതന്മാരും പശുവും തമ്മിൽ മക്കളും അമ്മയും പോലെ കൂട്ടാണ്.
- ആഭാസർ: ആഭാസന്മാർക്കു കൂടാൻ പെൺവർഗ്ഗത്തിലുള്ള എന്തിനെ കിട്ടിയാലും മതി. പശുവായാലും എരുമയായാലും ഓക്കേ.
- നീരസത്തോടെ അടിക്കാം
- വിസ്കി: നീരസം = വെള്ളമില്ലാതെ. വിസ്കി വെള്ളമില്ലാതെയും അടിക്കാം എന്നർത്ഥം.
- ആ. ഭാ. സം.: ലവന്മാരെ കയ്യിൽ കിട്ടിയാൽ ആർക്കും നീരസം മൂത്ത് ഒന്നു പൊട്ടിക്കാൻ തോന്നും.
- ആഭാസർ: ആഭാസന്മാർക്ക് ഭോഗിച്ചാൽ മാത്രം മതി. രസം വേണമെന്നു നിർബന്ധമില്ല.
ഇങ്ങനെ ഷീവാസ് റീഗൽ പോലെയുള്ള വിസ്കികൾ ആ. ഭാ. സം. കാരെയും ആഭാസരെയും പോലെയാണ് എന്നർത്ഥം.
ഒരാൾ ഏഴു ദിവസമേ ഇതു ചെയ്യുന്നുള്ളൂ എങ്കിലും ഓരോ ദിവസവും ഓരോ ആളും പുതിയ ഒരാളെ ചേർക്കുന്നതിനാൽ ഇതു ചെയ്യുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. പിന്നെ ആകെ ഒരു സമാധാനമുള്ളത് ബെൽറ്റുബോംബ് കെട്ടി ചാവേറാവാൻ ആളെ കിട്ടുന്നതിലും ബുദ്ധിമുട്ടാണ് ശ്ലോകമെഴുതാൻ ആളെ കിട്ടുന്നത് എന്നതാണ്. അതിനാൽ താമസിയാതെ ഇത് നിന്നു പോകും എന്നു പ്രതീക്ഷിക്കാം. എന്തായാലും പോക്കിമോൻ ഗോ കഴിഞ്ഞാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ വിനോദമാണ് ഇത്. ഇതിനെ സന്തോഷ് “വാക്ചിത്രം” എന്നാണു വിളിക്കുന്നത്. ഫേസ്ബുക്കിൽ പോയി #വാക്ചിത്രം എന്ന ഹാഷ്‌ടാഗ് തിരഞ്ഞാൽ എഴുതുന്ന എല്ലാവരെയും അവരുടെ ശ്ലോകങ്ങളെയും കുടിക്കുന്ന പാനീയങ്ങളെയും കാണാം. വേറേ പണിയൊന്നുമില്ലെങ്കിൽ ഇത് എത്രയും ആനന്ദദായകമത്രേ!