സാഹിത്യം

കവിതയെ അളന്നു മുറിച്ചപ്പോൾ…

പഞ്ചായത്തിൽ തിരഞ്ഞെടുപ്പു പോലെയാണു ബ്ലോഗുലകത്തിൽ കവിതയുടെ പേരിൽ തല്ലു നടക്കുന്നതു്. നടക്കുമ്പോൾ പൊരിഞ്ഞ തല്ലാണു്. കഴിഞ്ഞാൽ പിന്നെ കുറേക്കാലം അനക്കമൊന്നുമില്ല. അതു കഴിഞ്ഞു് എല്ലാവരും അതു മറന്നിരിക്കുമ്പോഴാണു പിന്നെയും വരുന്നതു്.

ഒന്നു തുടങ്ങിയാലോ? കവിതയ്ക്കു വൃത്തം വേണോ, വൃത്തത്തിനു കേന്ദ്രം വേണോ, കേന്ദ്രത്തിൽ മുന്നണി വേണോ, മുന്നണിയ്ക്കു പിന്നണി വേണോ, പിന്നണിയ്ക്കു കോറസ് വേണോ എന്നിങ്ങനെ ഓഫായി ഓഫായി അവസാനം തെറിയായി, അടിയായി, ഇടിയായി, ഭീഷണിയായി, ബ്ലോഗുപൂട്ടലായി, ബ്ലോഗുതുറക്കലായി… ഒന്നും പറയണ്ടാ.

പദ്യത്തിലെഴുതിയാലേ കവിതയാവുകയുള്ളോ, പദ്യത്തിൽ എഴുതാതിരുന്നാലേ കവിതയാവുകയുള്ളോ എന്ന രണ്ടു പ്രഹേളികകൾക്കിടയിൽ കിടന്നു കറങ്ങുന്നതാണു് ഈ വാഗ്വാദങ്ങളെല്ലാം തന്നെ. പദ്യവും കവിതയും രണ്ടു സംഗതിയാണു്, അവ ഒന്നിച്ചും സംഭവിക്കാം, അല്ലാതെയും സംഭവിക്കാം എന്നു മനസ്സിലാക്കിയാൽ പ്രശ്നം തീർന്നു. അതു ജന്മകാലം ഒരുത്തനും മനസ്സിലാവില്ല.

ഇതോടു ചേർന്നു്, മലയാള കവിതയിൽ ഇംഗ്ലീഷ് പാടുണ്ടോ, തമിഴിനെക്കാൾ നല്ലതു സംസ്കൃതമല്ലേ, ജനനേന്ദ്രിയങ്ങളെപ്പറ്റി പറയുമ്പോൾ നക്ഷത്രചിഹ്നം കൊടുക്കണോ സംസ്കൃതം ഉപയോഗിക്കണോ അതോ തമിഴു മതിയോ എന്നിങ്ങനെ പല സംഭവങ്ങളും പഞ്ചായത്തു് ഉപതിരഞ്ഞെടുപ്പു പോലെ വരാറുണ്ടു്. അവസാനം രണ്ടു മുന്നണികളും തങ്ങൾ ജയിച്ചു എന്ന അവകാശവാദവുമായി പോകുമ്പോൾ അതുവരെ അതൊക്കെ വായിച്ചു വോട്ടു ചെയ്ത പാവം ജനം തിരിച്ചുപോകും, അടുത്ത സംഭവം ഇനി എന്നു വരുമെന്നു നോക്കി.

ഇതിൽ കേൾക്കുന്ന ഒരു വാദമാണു് കഴിവുള്ളവനേ പദ്യമെഴുതാൻ പറ്റൂ, കഴിവില്ലാത്തവനാണു ഗദ്യത്തിൽ കവിതയെഴുതുന്നതെന്നു്. ഗദ്യകവിത അസ്സലായെഴുതുന്ന ലാപുടയും പ്രമോദും സനാതനനുമൊക്കെ പദ്യത്തിൽ കവിതയെഴുതിക്കാണിച്ചിട്ടും ഈ വാദത്തിനു കുറവൊന്നും വന്നിട്ടില്ല.

പത്തുമുപ്പതു കൊല്ലമായി തരക്കേടില്ലാതെ പദ്യമെഴുതുന്ന എനിക്കു് ഇതു വരെ ഒരു നാലു വരി നല്ല കവിത എഴുതാൻ കഴിഞ്ഞിട്ടില്ല എന്നതു് ഇങ്ങേയറ്റത്തെ ഉദാഹരണം.


സ്കൂളിൽ വെച്ചാണു പദ്യമെഴുത്തുകമ്പം തുടങ്ങിയതു്. കത്തുകൾ, ഡയറികൾ, ഓട്ടോഗ്രാഫുകൾ തുടങ്ങി ആശയം കിട്ടിയാൽ എന്തും പദ്യത്തിലാക്കുന്ന അഭ്യാസം തുടർന്നു തുടർന്നു് അത്യാവശ്യം പദ്യത്തിൽ വർത്തമാനം പറയാം എന്ന സ്ഥിതിയിലെത്തി. എന്നാലും എനിക്കു് ഇതു വരെ ഒരു നല്ല കവിതയെഴുതാൻ കഴിഞ്ഞിട്ടില്ല. കവിത മാത്രമല്ല, കഥയും.

ആശയം കിട്ടിയാൽ അവനെ നീറ്റായി പദ്യത്തിലാക്കുന്നതു കൊണ്ടാണു് പരിഭാഷകളിൽ കൈ വെച്ചതു്. കേട്ടാൽ മനസ്സിലാകുന്ന എല്ലാ ഭാഷകളിൽ നിന്നും എഴുതാൻ അറിയാവുന്ന എല്ലാ ഭാഷകളിലേയ്ക്കും. അങ്ങനെ How beautiful is the rain! എന്ന പാട്ടു് बरसात कितना सुन्दर है എന്നു ഹിന്ദിയിലേക്കു്. चाह नहीं मैं सुरबाला की गहनों में गूंधा जाऊं എന്ന ഹിന്ദിപ്പാട്ടു് ആശയെനിക്കില്ലമരവധുക്കൾക്കാഭരണങ്ങളിലണിയാവാൻ എന്നു മലയാളത്തിലേയ്ക്കു്. വിസ്മയം പോലെ ലഭിക്കും നിമിഷത്തിനർത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം എന്ന കടമ്മനിട്ടക്കവിത The moment we get like a sudden surprise, Make it meaningful, sterling and nice എന്നു് ഇംഗ്ലീഷിലേയ്ക്കു്. ഫ്രോസ്റ്റിന്റെ The woods are lovely, dark and deep എന്നതു് മനോഹരം ശ്യാമമഗാധമാണീ വനാന്തരം എന്നു മലയാളത്തിലേയ്ക്കു്, Ревет ли зверь в лесу глухом, Трубит ли рог, гремит ли гром, Поет ли дева за холмом എന്ന റഷ്യൻ വരികൾ ഇടിവെട്ടു മുഴങ്ങിടുമ്പൊഴും, വനജീവികളാര്‍ത്തിടുമ്പൊഴും, കുഴലിന്‍ വിളി കേട്ടിടുമ്പൊഴും, കളവാണികള്‍ പാടിടുമ്പൊഴും എന്നു മലയാളത്തിലേയ്ക്കു് അങ്ങനെയങ്ങനെ. സംസ്കൃതത്തിൽ നിന്നു മലയാളത്തിലേയ്ക്കും ഇംഗ്ലീഷിലേയ്ക്കും ആക്കിയതിനു കണക്കില്ല. കുറേക്കഴിഞ്ഞപ്പോൾ ക്ഷീണിച്ചു നിർത്തി.

ഈ എഴുതിയതിൽ ഒന്നു പോലും ഗുണം പിടിച്ചില്ല എന്നതു മറ്റൊരു വസ്തുത. എല്ലാം നല്ല വൃത്തമൊത്ത പദ്യങ്ങൾ തന്നെ. പക്ഷേ കവിതയുടെ അംശം കാര്യമായി ഒന്നിലുമില്ല. വായിക്കാൻ ധൈര്യമുള്ളവർക്കു് ഇവിടെ വായിക്കാം.


അങ്ങനെയിരിക്കുമ്പോഴാണു ബ്ലോഗിലെത്തിയതു്. ഇവിടെ പദ്യത്തിൽ കവിതയെഴുതുന്നവരെ മഷിയിട്ടു നോക്കിയാലും കാണാൻ ബുദ്ധിമുട്ടാണു്. കുറേ ശ്ലോകരോഗികൾ അവിടെയുമിവിടെയും ചില കാർട്ടൂൺ ശ്ലോകങ്ങൾ എഴുതിയിരിക്കുന്നതൊഴിച്ചാൽ പദ്യകവിതകൾ എന്ന സാധനം തന്നെ വിരളം. എങ്കിലും കവിതയുടെ കാര്യത്തിൽ ബൂലോഗം സമ്പന്നമായിരുന്നു. അലമ്പു കവിതകൾ ധാരാളമുണ്ടായിരുന്നെങ്കിലും നല്ല പല കവികളും കവിതകളും അവിടെ ഉണ്ടായിരുന്നു. അവിടെയും വൃത്തമില്ലായ്മയുടെ പ്രശ്നങ്ങളെപ്പറ്റിയും ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നതിനെപ്പറ്റിയും അശ്ലീലവാക്കുകൾക്കു് പഴയ കവികൾ ചെയ്തിരുന്നതു പോലെ നക്ഷത്രചിഹ്നങ്ങൾ ഇടണം എന്ന ആവശ്യങ്ങളുമായും ധാരാളം ബഹളങ്ങൾ ഇടയ്ക്കിടെ കേട്ടിരുന്നു.

അങ്ങനെയാണു് ഗദ്യകവിതകളെ പദ്യത്തിലേയ്ക്കു് പരിഭാഷപ്പെടുത്താനുള്ള ഒരു പരീക്ഷണം ലോകത്താദ്യമായി ഞാൻ നടത്തിയതു്. (അതിനു മുമ്പു് ചങ്ങമ്പുഴയുടെ “കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി…” എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷയെ സച്ചിദാനന്ദൻ മലയാളത്തിലാക്കിയതു് എന്നൊരു തമാശ മാത്രമേ കണ്ടിരുന്നുള്ളൂ.)

ലാപുടയുടെ ചിഹ്നങ്ങൾ എന്ന കവിത ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേർന്ന ഉപജാതിയിൽ തർജ്ജമ ചെയ്തുകൊണ്ടായിരുന്നു തുടക്കം. ആ ശ്രമത്തിനു് വായനക്കാരെല്ലാം കൂടി ഓടിച്ചിട്ടു തല്ലി. ലാപുടയുടെ കവിതയ്ക്കു വൃത്തത്തിന്റെ ചട്ടക്കൂടു് യാതൊരു ഭംഗിയും കൊടുത്തില്ല എന്നു മാത്രമല്ല, കവിതയ്ക്കുണ്ടായിരുന്ന മുറുക്കം നഷ്ടപ്പെടുകയും ചെയ്തു. കവിതയിലെ പല ആശയങ്ങളും (ചോദ്യചിഹ്നത്തിന്റെ ഒലിക്കൽ ഉദാഹരണം) വൃത്തത്തിൽ ഒതുങ്ങാത്തതു കൊണ്ടു് ഒഴിവാകുകയും ചെയ്തു.

രണ്ടാമതായി, ശ്രീജിത്തിന്റെ മരണം എന്ന കവിത. ഇവിടെ സ്ഥിതി നേരേ വിപരീതമായിരുന്നു. വൃത്തത്തിലൊതുങ്ങിയതോടെ കവിത അല്പം മെച്ചപ്പെട്ടു. വൃത്തത്തിലെഴുതാൻ ശ്രമിച്ചിട്ടു് ഇല്ലത്തു നിന്നിറങ്ങിയിട്ടു് അമ്മാത്തെത്താത്ത സ്ഥിതിയിലായിരുന്നു ആ കവിത. അതു കൊണ്ടു തന്നെ, വൃത്തം അതിനു് ഭംഗി കൂട്ടുകയാണു ചെയ്തതു്.

അടുത്തതു് ഇഞ്ചിപ്പെണ്ണിന്റെ ബ്യൂട്ടിപാർലർ എന്ന കവിതയെയാണു കൈ വെച്ചതു്. ഇവിടെ അല്പം വ്യത്യാസമുണ്ടായി. ഇഞ്ചിപ്പെണ്ണിന്റെ കവിതയ്ക്കു് അനുഷ്ടുപ്പുവൃത്തത്തിൽ ഒരല്പം കൂടി ഒതുക്കമുണ്ടായെങ്കിലും മൂലകവിതയെക്കാൾ അല്പം പോലും മെച്ചമായില്ല. പദ്യത്തിലോ ഗദ്യത്തിലോ എഴുതാൻ പറ്റിയ ഒരു കവിതയായിരുന്നു അതു്. രണ്ടിനും അതാതിന്റെ ഭംഗി ഉണ്ടായിരുന്നു.

ഗദ്യത്തെ പദ്യമാക്കുന്ന പരീക്ഷണങ്ങൾ ഞാൻ അവിടെ നിർത്തി. പരീക്ഷണത്തിൽ നിന്നുള്ള നിഗമനങ്ങളും മറ്റും ചേർത്തു് “പദ്യവും കവിതയും” എന്നൊരു പോസ്റ്റ് എഴുതിത്തുടങ്ങിയതു് ഇതു വരെ തീർന്നുമില്ല.


കുറേക്കാലമായി ഈ അസുഖമൊന്നുമില്ലാതെ ഇരിക്കുമ്പോഴാണു് പാക്കരന്റെ പൊട്ടസ്ലേറ്റിൽ ശ്രീഹരിയുടെ ചോദ്യക്കടലാസിൽ നിന്നു്


മനസ്സിലൊരു പൂമാല
കൊരുത്തുവെച്ചതാരാണ്?
മണിച്ചിക്കലമാനോ പൂമീനോ?
വരണുണ്ടേ വിമാനച്ചിറകില്‍
സുല്‍ത്താന്‍മാര്‍ ഒത്തൊരുമിച്ചിരിക്കാന്‍
ആരാണാ ബീവി ഇതിലാരാണാ ഹൂറി?

എന്ന ഉത്തരാധുനികകവിത പൊക്കിയെടുത്തു് അവലോകനം ചെയ്തു് ആസ്വദിക്കുന്നതു കണ്ടതു്. സകലമാന കൺ‌ട്രോളും വിട്ടു. ആധുനികനെ വസന്തതിലകത്തിലാക്കി ദ്വിതീയാക്ഷരപ്രാസവും ചേർത്തു് ഈ കമന്റ് ഇട്ടു. അതു് ഇവിടെ വരുന്ന വായനക്കാരുടെ സൌകര്യാർത്ഥം താഴെച്ചേർക്കുന്നു:


കോർത്താരു വെച്ചു മമ ചിത്തമതിൽ സുമത്തിൻ
സത്താർന്ന മാല? കലമാൻ, ഉത പുഷ്പമത്സ്യം?
സുൽത്താരൊടൊത്തിരി വിമാനമെടുത്തു പത്രം
എത്തുന്നു ഹന്ത ഹഹ, ബീവി ച ഹൂറി കാ കാ?

അർത്ഥം:

  • കോർത്താരു് എന്നു വെച്ചാൽ അമ്മ്യാരു്, നമ്പ്യാരു്, നങ്ങ്യാരു് എന്നൊക്കെ പറയുന്നതു പോലെയുള്ള ജാതിപ്പേരൊന്നുമല്ല. കോർത്തു് + ആരു്. ആരു കോർത്തു എന്നർത്ഥം.
  • മമ = എന്റെ. ചത്ത മതിലും ചീത്ത മതിലും ഒന്നുമല്ല. ചിത്തമതിൽ. ചിത്തം + അതിൽ. ചിത്തം = മനസ്സു്. അതിൽ എന്നതു ചുമ്മാ. ചിത്തത്തിൽ എന്നു പദ്യത്തിൽ പറഞ്ഞാൽ വൃത്തത്തിൽ ഒതുങ്ങാത്തതു കൊണ്ടു് ചിത്തമതിൽ. മഹാകവി സന്തോഷിന്റെ ഒരു ശ്ലോകത്തിൽത്തന്നെ ചോറതു്, കാര്യമതു്, കൂട്ടിയതു്, മാറിയതു്, മില്ലിയതു് എന്നു് അഞ്ചു് അതുകളെ ചേർത്ത നൂറുശ്ലോകവും ആധുനികകവി പ്രമോദിന്റെ അതു്, ഇതു്, അങ്ങു്, ഇങ്ങു് ഒക്കെ നിറഞ്ഞ ത്രിശ്ലോകിയും ഇവിടെ സ്മരണീയം. എന്റെ മനസ്സിൽ എന്നർത്ഥം.
  • സുമത്തിൻ സത്താർന്ന മാല = പൂമാല. സുമം = പൂവു്. സത്തു പ്രാസത്തിനു്. കലമാൻ = കലമാൻ. കലൈമാൻ എന്നു തമിഴു്. മണിച്ചി വൃത്തത്തിലൊതുങ്ങുന്നില്ല.
  • ഉത = അതോ എന്നതിന്റെ സംസ്കൃതം. “ഉത ഹരിണികളോടു വാഴുമാറോ സതതമിയം മദിരേക്ഷണപ്രിയാഭിഃ” എന്നു കേരളവർമ്മ വലിയ കോയിത്തമ്പുരാൻ. കലമാൻ ഉത പുഷ്പമത്സ്യം എന്നു വെച്ചാൽ കലമാനോ പൂമീനോ എന്നർത്ഥം.
  • സുൽത്താർ = സുൽത്താൻ എന്നതിന്റെ ബഹുവചനം. സുൽത്താന്മാർ എന്നതു വൃത്തത്തിലൊതുങ്ങില്ല. ഒത്തിരി = ഒരുപാടു് എന്ന അർത്ഥമല്ല, ഒത്തു് ഇരിക്കാൻ എന്നർത്ഥം. വിമാനമെടുത്തു പത്രം എന്നതു് “വിമാനപത്രം എടുത്തു” എന്നന്വയിക്കണം. അതായതു്, വിമാനമാകുന്ന പത്രം, ചിറകു് (അലങ്കാരം രൂപകം) എടുത്തു് എന്നർത്ഥം.
  • ഹന്ത, ഹഹ = വൃത്തം തികയ്ക്കാൻ കയറ്റിയതു്. എത്തുന്നതു കണ്ടപ്പോൾ ഉള്ള ആഹ്ലാദപ്രകടനം.
  • കാ എന്നു വെച്ചാൽ സംസ്കൃതത്തിൽ ആരു് (ഏതവൾ?) എന്നർത്ഥം. “കാ ത്വം ബാലേ?” എന്നു കാളിദാസൻ. ച എന്നു വെച്ചാൽ and എന്നും. ബീവി ച ഹൂറി കാ കാ = ബീവിയും ഹൂറിയും ആരാണു്, ആരാണു് എന്നു കവി സന്ദേഹിക്കുന്നു. (അലങ്കാരം സസന്ദേഹം).

ആരാ പറഞ്ഞതു് അർത്ഥത്തിനു കോട്ടം വരാതെ ആധുനികനെ വൃത്തത്തിലാക്കാൻ കഴിയില്ല എന്നു്?


അനുബന്ധം:

പദ്യമെഴുതുന്നതു് ഒരു ക്രാഫ്റ്റാണു്. വളരെയധികം പദ്യങ്ങൾ വായിച്ചു്, മനസ്സിൽ ചൊല്ലി നോക്കി, കുറേ ഉണ്ടാക്കി നോക്കി തഴക്കം വന്നാലേ നല്ല പദ്യമെഴുതാൻ പറ്റൂ. കൂടാതെ പര്യായങ്ങളും ഇതരപ്രയോഗങ്ങളും അറിയണം ഒരു ആശയത്തെ വൃത്തത്തിൽ ഒതുക്കാൻ. വൃത്തസഹായി പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചു് ഇന്നു് പലർക്കും നന്നായി പദ്യമെഴുതാൻ കഴിയുന്നുണ്ടു്. ഭാവിയിൽ ഒരു മലയാളം ഓൺ‌ലൈൻ നിഘണ്ടു, വൃത്തസഹായി എന്നിവ ഉപയോഗിച്ചു് ഗദ്യത്തെ പദ്യമാക്കുന്ന ഒരു സോഫ്റ്റ്വെയർ ആരെങ്കിലും എഴുതില്ല എന്നു് ആരു കണ്ടു?

ഗദ്യമെഴുതുന്നതും ഒരു ക്രാഫ്റ്റാണു് – പലപ്പോഴും പദ്യമെഴുതുന്നതിലും ശ്രമകരമായതു്. പ്രാസത്തിന്റെയും താളത്തിന്റെയും പകിട്ടുകളില്ലാതെ ഉള്ളടക്കത്തിന്റെ കരുത്തു കൊണ്ടു മാത്രം പിടിച്ചു നിൽക്കണം. ഒരു സന്ദർഭത്തിനു് ഏറ്റവും അനുയോജ്യമായ വാക്കുകൾ കണ്ടുപിടിക്കണം. അതു കാച്ചിക്കുറുക്കി അവതരിപ്പിക്കണം. ഇവിടെയും വായിച്ചു പരിചയം തന്നെ വേണം.

കവിതയെഴുതുന്നതു് ഒരു കലയാണു്. അനുഭവങ്ങളും അനുഭവങ്ങളെ വിശകലനം ചെയ്യാനും അതു് മറ്റുള്ളവർക്കു് അനുഭവവേദ്യമാക്കാനും ഉള്ള കഴിവുമാണു് കവിതയിൽ വെളിവാകുന്നതു്.

ക്രാഫ്റ്റും കലയും ചേരുമ്പോഴാണു് ഒരു കലാസൃഷ്ടി ഉണ്ടാവുന്നതു്. ശില്പകല, ചിത്രകല തുടങ്ങിയ ഇതരകലകളിലും അതു കാണാം. പലപ്പോഴും ഒന്നു വളരെ നന്നായാൽ മറ്റേതു് അല്പം മോശമായാലും ആകെക്കൂടി സൃഷ്ടി നന്നായെന്നു തോന്നും. പ്രാസസുന്ദരവും നിരർത്ഥകവുമായ പദ്യങ്ങളും ഒരു ചട്ടവട്ടവും പാലിക്കാതെ ഹൃദയത്തിൽ നിന്നും പുറത്തു വരുന്ന പ്രസംഗങ്ങളും പലപ്പോഴും കവിതയെന്ന വിധത്തിൽ നന്നാകുന്നതു് അതു കൊണ്ടാണു്.

അർത്ഥവും ആശയവും ചോർന്നു പോകാതെ തന്നെ കവിതകൾ വൃത്തത്തിൽ എഴുതുന്ന ധാരാളം കവികൾ ഉണ്ടായിട്ടുണ്ടു്. ഉത്തമകവിതയുടെ നിർവ്വചനം കാലക്രമേണ മാറിക്കൊണ്ടിരുന്നു എന്നു മാത്രം. ശ്ലോകങ്ങളെ മാത്രം നല്ല കവിതയായി കരുതിയിരുന്ന കാലമുണ്ടായിരുന്നു. ചങ്ങമ്പുഴയുടെ കവിതകളെ അവയുടെ വൃത്തങ്ങൾ വൃത്തമഞ്ജരിയിൽ ഇല്ലാത്തതിനാൽ “പാട്ടു്” എന്നു വിളിച്ചിട്ടുണ്ടു് മഹാകവി ഉള്ളൂർ. പിന്നീടു ഭാഷാവൃത്തങ്ങൾ മലയാളികൾക്കു പ്രിയങ്കരങ്ങളായി. പ്രസിദ്ധവൃത്തങ്ങൾ വിട്ടു് ഉറച്ച താളത്തിന്റെ വക്താക്കളായ കടമ്മനിട്ട, കക്കാടു്, അയ്യപ്പപ്പണിക്കർ തുടങ്ങിയവരെയും, വൃത്തവും താളവും വിട്ടു് മുറുക്കത്തിന്റെ ബലത്തിൽ കവിതയെഴുതിയ കുഞ്ഞുണ്ണിയെയും മലയാളി അംഗീകരിച്ചു. ഇപ്പോൾ ഗദ്യകവിതകളും മലയാളികൾക്കു പ്രിയങ്കരം തന്നെ. അതിനർത്ഥം ശ്ലോകവും കിളിപ്പാട്ടും താളങ്ങളും തിരസ്കരിക്കപ്പെട്ടിരിക്കുന്നു എന്നല്ല. കവിതയുടെ സാദ്ധ്യതകൾ വർദ്ധിക്കുന്നു എന്നു മാത്രമാണു്.

കവിതയുടെ പ്രതിപാദനത്തെപ്പറ്റിയുള്ള അഭിപ്രായത്തിലും ഈ വിധത്തിലുള്ള വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടു്. ആശാന്റെ വീണപൂവു് വായിച്ചിട്ടു് മഹാകവി ഉള്ളൂർ എഴുതി: “ഇപ്പോൾ ഒരാൾ വീണ പൂവിനെപ്പറ്റി എഴുതി. ഇനിയൊരാൾ കീറത്തലയണയെപ്പറ്റിയും വേറേ ഒരാൾ ഉണക്കച്ചാണകത്തെപ്പറ്റിയും എഴുതും…” (“വിജ്ഞാനദീപിക”യിൽ ഉള്ള ഒരു ലേഖനത്തിൽ നിന്നു്. ഓർമ്മയിൽ നിന്നു് എഴുതുന്നതു്.) കാലം കഴിഞ്ഞപ്പോൾ കീറത്തലയണയെപ്പറ്റി വള്ളത്തോൾ എഴുതി. (ഒരു ചവറു കവിത.) ഉള്ളൂർ തന്നെ തുമ്പപ്പൂവിനെപ്പറ്റി എഴുതി. ശ്ലോകം മാത്രമെഴുതിയിരുന്ന ഉള്ളൂർ തന്നെ പിന്നീടു് ഭാഷാവൃത്തങ്ങളും “ഒരൊറ്റ മതമുണ്ടുലകിന്നുയിരാം…” എന്നും മറ്റും വൃത്തമഞ്ജരിയിലില്ലാത്ത താളങ്ങളും ഉപയോഗിച്ചതും ഇവിടെ ഓർക്കാം.

ലോകസാഹിത്യത്തിൽ കവിതയ്ക്കു വന്ന പരിണാമങ്ങൾ മാത്രമേ മലയാളത്തിലും സംഭവിച്ചിട്ടുള്ളൂ. അതു് ആരോഗ്യകരമായ മാറ്റമാണെന്നും കവിത വളരുകയാണെന്നും നമുക്കു് ആശിക്കാം. ഷേയ്ക്ക്സ്പിയറും ഷെല്ലിയും കാളിദാസനും കടമ്മനിട്ടയും ഒന്നും ഒരിക്കലും വിസ്മൃതരാവില്ല എന്നും.

നര്‍മ്മം
ശ്ലോകങ്ങള്‍ (My slokams)
സാഹിത്യം

Comments (33)

Permalink

കുതിച്ചുചാട്ടത്തിലേയ്ക്കു നീളുന്ന കാൽ‌വെയ്പുകൾ

“ഇതു് എന്റെ ഒരു ചെറിയ കാൽ‌വെയ്പു മാത്രം… മനുഷ്യരാശിക്കോ, ഒരു വലിയ കുതിച്ചുചാട്ടവും”
നീൽ ആസ്ട്രോംഗ്.

സമീപകാലത്തു് ബ്ലോഗുകൾക്കുണ്ടായ മുന്നേറ്റം അദ്ഭുതാവഹമാണു്. ലോകത്തുള്ള പല പ്രമുഖപത്രങ്ങളും അവരുടെ വാർത്തകളും കഥകളും ബ്ലോഗ് രൂപത്തിൽ വായനക്കാരുടെ പ്രതികരണവും ഉൾപ്പെടുത്തി ഇന്റർനെറ്റിൽ ഇന്നു പ്രസിദ്ധീകരിക്കുന്നു. ദിവസത്തിലോ ആഴ്ചയിലോ മാസത്തിലോ ഒരിക്കൽ മാത്രം ഇറങ്ങുന്ന പ്രിന്റഡ് പ്രസിദ്ധീകരണങ്ങളെക്കാൾ കൂടുതൽ ആശയവിനിമയത്തിനും പാരായണക്ഷമതയ്ക്കും ബ്ലോഗു പോലെയുള്ള മാദ്ധ്യമങ്ങളാണു കൂടുതൽ അനുയോജ്യം എന്നു കൂടുതൽ ആളുകളും സ്ഥാപനങ്ങളും മനസ്സിലാക്കി വരുന്നു.

അതേ സമയം തന്നെ, എഡിറ്റ് ചെയ്യപ്പെടാത്ത സ്വയം‌കൃതികൾ എന്ന നിലയ്ക്കു് ബ്ലോഗിലുള്ള കൃതികൾ അച്ചടിക്കപ്പെട്ട കൃതികളെക്കാൾ ഗുണമൂല്യം കുറവുള്ളവയാണു് എന്ന ഒരു ചിന്താഗതിയും ഉണ്ടു്. അച്ചടിയിലുള്ളവയെക്കാൾ ചവറുകൾ ബ്ലോഗിൽ ഉള്ളതുകൊണ്ടാവാം ഇതു്. എങ്കിലും അച്ചടിയിലുള്ള കൃതികളുടെ നിലവാരത്തിലുള്ളതോ അവയിലും മികച്ചതോ ആയ കൃതികൾ ബ്ലോഗുകളിൽ പ്രസിദ്ധീകരിക്കുന്നുണ്ടു് എന്ന വസ്തുതയും ആളുകൾ മനസ്സിലാക്കിയിട്ടുണ്ടു്.

മലയാളത്തെ സംബന്ധിച്ചിടത്തോളം അച്ചടിയിൽ ഉള്ള കൃതികളെക്കാൾ വളരെക്കുറച്ചു മാത്രമാണു ബ്ലോഗ് വായിക്കപ്പെടുന്നതു്. കമ്പ്യൂട്ടറുകൾ ഇന്നും എല്ലാവർക്കും ലഭ്യമല്ല എന്നതു് ഒരു കാരണം. വായനയ്ക്കു് ഒരു പുസ്തകമോ പ്രസിദ്ധീകരണമോ നൽകുന്ന സൌകര്യവും സുഖവും കമ്പ്യൂട്ടറിലെ പേജ് നൽകുന്നില്ല എന്നതു മറ്റൊരു കാരണം.

മാത്രമല്ല, അല്പം കൂടി കാഷ്വൽ വായനക്കാരാണു ബ്ലോഗിനുള്ളതു്. തിരക്കേറിയ ജീവിതത്തിനിടയിൽ വീണു കിട്ടുന്ന അല്പസമയത്തിനുള്ളിൽ വായിക്കുന്നവരാണു് ബ്ലോഗുവായനക്കാർ അധികവും എന്നതുകൊണ്ടു് സരളമായ പ്രതിപാദ്യമാണു് ബ്ലോഗുകളിൽ കൂടുതൽ ജനപ്രീതി ആർജ്ജിക്കുന്നതു്. ഒരു പരിധിയിൽ കൂടുതൽ വലിപ്പമോ ഉള്ളടക്കമോ ബ്ലോഗ് പോസ്റ്റുകൾ വായിക്കാനുള്ള ക്ഷമ പലപ്പോഴും വായനക്കർക്കില്ല. ഉള്ളവരാകട്ടേ, പോസ്റ്റുകളുടെ പ്രിന്റൌട്ട് എടുത്തു് സാവകാശം വായിക്കുകയാണു ചെയ്യുന്നതു്.

ഈ സാഹചര്യത്തിലാണു് ബ്ലോഗുകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന നല്ല കൃതികൾ തിരഞ്ഞെടുത്തു് പുസ്തകരൂപത്തിലോ മാസികാരൂപത്തിലോ പ്രസിദ്ധീകരിക്കേണ്ട ആവശ്യം മലയാളത്തിലെങ്കിലും ഇന്നുള്ളതു്. ഇതുവരെ ബ്ലോഗെഴുത്തുകാർ തന്നെ സ്വന്തം ചെലവിൽ ഏതെങ്കിലും പ്രസാധകരെക്കൊണ്ടു പ്രസിദ്ധീകരിപ്പിക്കുകയായിരുന്നു ചെയ്തിരുന്നതു്. അടുത്ത കാലത്തായി പ്രസാധകർ ഇതൊരു ബിസിനസ് മോഡലായി കൊണ്ടു നടക്കുകയും ചെയ്യുന്നുണ്ടു്. എഴുത്തുകാരിൽ നിന്നു് അമിതമായ പണം ഈടാക്കി പുസ്തകങ്ങൾ നേരേ ചൊവ്വേ പ്രൂഫ് റീഡ് പോലും ചെയ്യാതെ വികലമായി പ്രസിദ്ധീകരിച്ചതിന്റെ ഉദാഹരണങ്ങൾ കാട്ടാനുണ്ടു്.

ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ ആവശ്യമായ സർഗ്ഗവൈഭവവും സാങ്കേതികജ്ഞാനവും മലയാളം ബ്ലോഗെഴുത്തുകാരിൽത്തന്നെ ആവശ്യത്തിനുള്ളതു കൊണ്ടു് ഇത്തരം പ്രസാധകരെ ആശ്രയിക്കാതെ പുസ്തകങ്ങൾ ഒന്നുകൂടി നല്ല രീതിയിൽ കുറഞ്ഞ ചെലവിൽ പ്രസിദ്ധീകരിക്കാൻ കഴിയും എന്ന ചിന്തയിൽ നിന്നാണു് ബുക്ക് റിപ്പബ്ലിക്ക് എന്ന ആശയം ഉണ്ടായതു്. ഇന്റർനെറ്റിൽ കൂടി പരിചയപ്പെട്ട ഏതാനും ആളുകൾ ചേർന്നുള്ള ഈ സംരംഭത്തിന്റെ ആദ്യത്തെ ഫലം ഈയാഴ്ച പുറത്തു വരുകയാണു്.

തുടക്കത്തിലുള്ള മൂലധനം സംഭരിച്ചതും, കൃതി തിരഞ്ഞെടുത്തതും, ടൈപ്പു ചെയ്തതും, ടൈപ്‌സെറ്റു ചെയ്തതും, വിതരണത്തിനും പരസ്യത്തിനുമുള്ള ഏർപ്പാടുകൾ ചെയ്യുന്നതും ബ്ലോഗിലൂടെ പരിചയപ്പെട്ട ഈ ആളുകൾ തന്നെയാണു്. തീരുമാനമെടുത്തതിനു ശേഷം വളരെ കുറച്ചു സമയത്തിനുള്ളിൽത്തന്നെ ആദ്യത്തെ കൃതി പ്രസിദ്ധീകൃതമാകുകയാണു്.


ബുക്ക് റിപ്പബ്ലിക്കിലൂടെ ആദ്യം പ്രസിദ്ധീകരിക്കുന്ന പുസ്തകം ലാപുട എന്ന ബ്ലോഗിലൂടെ മലയാളകവിതയുടെ കരുത്തും ചാരുതയും ബ്ലോഗുവായനക്കാർക്കു പകർന്നു തന്ന ടി. പി. വിനോദിന്റെ “നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ” എന്ന കവിതാസമാഹാരമാണു്. ബ്ലോഗിൽ പ്രസിദ്ധീകരിച്ച 35 കവിതകൾ കൂടാതെ 14 കവിതകളും ഈ സമാഹാരത്തിലുണ്ടു്. ടൈപ് സെറ്റ് ചെയ്തതു് ശ്രീനി ശ്രീധരൻ (പച്ചാളം). കവറും ലേ ഔട്ടും തയ്യാറാക്കിയതു് ഉന്മേഷ് ദസ്തക്കീർ. ഡോ. സോമൻ കടലൂരിന്റെ പഠനവും ഇതിലുണ്ടു്.

മലയാളബ്ലോഗിലെ അവിസ്മരണീയമായ ഒരു അനുഭവമാണു ലാപുട. വൃത്തത്തിലും താളത്തിലും പഴയ സങ്കേതങ്ങളിലും മാത്രം ഒതുങ്ങിനിൽക്കുന്നതു മാത്രമേ നല്ല കവിതയാകൂ എന്നു ശഠിക്കുന്നവർക്കു കവിതയുടെ ഒതുക്കവും മുറുക്കവും കരുത്തും ഗദ്യത്തിലൂടെ വെളിവാകുന്നതു കാട്ടിക്കൊടുക്കാൻ ലാപുടയെക്കാൾ മികച്ച ഒരു സ്ഥലം കുറവാണു്. കവിതയെന്നാൽ പദ്യത്തിന്റെ ചട്ടക്കൂടിനും മുകളിലുള്ള ഒരു അനുഭവമാണെന്നും, വൃത്തമല്ല മുറുക്കമാണു് അതിന്റെ മുഖമുദ്ര എന്നും അതു വെളിവാക്കിത്തരുന്നു. എണ്ണയെപ്പറ്റി സംസാരിക്കുന്ന പിണ്ണാക്കിനെപ്പറ്റി ആയാലും, മനുഷ്യജീവിതത്തെ സ്വാംശീകരിക്കുന്ന ചിഹ്നങ്ങളെപ്പറ്റി ആയാലും, ബോറടിയുടെ ദൈവത്തെപ്പറ്റിയാണെങ്കിലും, പറയാനുദ്ദേശിക്കുന്ന അനുഭവത്തെ അതിനനുയോജ്യമായ വാക്കുകൾ തന്നെ ഉപയോഗിച്ചു് വായനക്കാരെ ശുദ്ധകവിതയുടെ മായികലോകത്തേയ്ക്കു കൊണ്ടുപോകുന്ന ലാപുടക്കവിതകൾ തന്നെയാണു് ബ്ലോഗിൽ നിന്നു് ആദ്യം പ്രകാശം കാണേണ്ടതു്.

ബുക്ക് റിപ്പബ്ലിക്കിനും ലാപുടയ്ക്കും ആശംസകൾ!


ബ്ലോഗിൽ നിന്നുള്ള മറ്റൊരു സൃഷ്ടിയും ഈ അടുത്തിടെ പുറത്തിറങ്ങി. കെ. വി. മണികണ്ഠൻ (സങ്കുചിതമനസ്കൻ) എഴുതി സനൽ ശശിധരൻ (സനാതനൻ) സംവിധാനം ചെയ്ത പരോൾ എന്ന സിനിമ. ബുക്ക് റിപ്പബ്ലിക്കിനെപ്പോലെ തന്നെയുള്ള ഒരു സംരംഭമാണു് അതും. വലരെ നിലവാരം പുലർത്തുന്ന സിനിമയെന്നു് ഇതിനകം തന്നെ പേരു നേടിയ “പരോ”ളിന്റെ ശില്പികൾക്കും ആശംസകൾ!


ഈ വരുന്ന ജനുവരി പത്താം തീയതി വൈകിട്ടു് നാലരയ്ക്കു് ഇടപ്പള്ളിയിലുള്ള ചങ്ങമ്പുഴ പാർക്കിൽ വെച്ചു് വിനോദിന്റെ “നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ” പ്രകാശനം ചെയ്യപ്പെടുകയാണു്. ബ്ലോഗിനകത്തും പുറത്തുമുള്ള പ്രശസ്തരായ എഴുത്തുകാർ പങ്കെടുക്കുന്നു. “പരോൾ” എന്ന സിനിമയുടെ പ്രദർശനവും ഉണ്ടാവും. വിനോദ് ശങ്കരന്റെ സിതാർ കച്ചേരിയും. ക്ഷണക്കത്തു് ചുവടെ.

എല്ലാ സാഹിത്യപ്രേമികളും ഇതിൽ കഴിയുമെങ്കിൽ പങ്കെടുക്കണമെന്നും പുസ്തകം വാങ്ങി ഈ സംരംഭത്തെ പ്രോത്സാഹിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കു്:

  • വെള്ളെഴുത്തിന്റെ ക്ഷണക്കത്തു്.
  • ഈ വിഷയത്തെപ്പറ്റിയുള്ള ബ്ലോഗ്‌പോസ്റ്റുകൾ, വാർത്തകൾ, പഠനങ്ങൾ എന്നിവ സമാഹരിച്ച ബുക്ക് റിപ്പബ്ലിക്ക് ലിങ്ക്.
  • പുസ്തകം വാങ്ങാനുള്ള ലിങ്ക്.

സാഹിത്യം

Comments (1)

Permalink

ബ്ലോഗ് ബ്ലോഗനയാകുമ്പോള്‍

പിഥഗോറസ്‍മാതൃഭൂമി ആഴ്ചപ്പതിപ്പു് അടുത്തിടെ തുടങ്ങിയ ഒരു പംക്തിയാണു് ‘ബ്ലോഗന’. “ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്ന മികച്ച സൃഷ്ടികളില്‍ നിന്നു് മാതൃഭൂമി ആഴ്ചപ്പതിപ്പു് ഈയാഴ്ച തിരഞ്ഞെടുത്ത രചന” എന്നാണു് ഈ പംക്തിയുടെ ഉള്ളടക്കത്തെപ്പറ്റി ആഴ്ചപ്പതിപ്പുകാര്‍ നല്‍കുന്ന വിശദീകരണം.

ഈ തിരഞ്ഞെടുപ്പിനെ വിദൂഷകന്‍ ഇവിടെ വിമര്‍ശിച്ചിരുന്നു. വിദൂഷകന്‍ പറഞ്ഞതുപോലെ ഓരോ ആഴ്ചത്തേയും മികച്ച പോസ്റ്റുകളല്ല അവര്‍ പ്രസിദ്ധീകരിക്കുന്നതു്. അവര്‍ ഇതുവരെ പ്രസിദ്ധീകരിച്ചവയെല്ലാം പഴയ പോസ്റ്റുകളാണു്. പിന്നെ, ഏതു തിരഞ്ഞെടുപ്പിലും വിദൂഷകന്‍ പറഞ്ഞ പ്രശ്നമുണ്ടു്-വിദൂഷകന്‍ തിരഞ്ഞെടുക്കുന്നവ ഉള്‍പ്പെടെ. ആര്‍ക്കു് ആരു് അധികാരം കൊടുത്തു എന്ന ചോദ്യത്തിനു് ഒരു സ്വതന്ത്രസമൂഹത്തില്‍ പ്രസക്തിയുണ്ടോ? ബ്ലോഗുകലെ വിമര്‍ശിക്കാന്‍ വിദൂഷകനു് ആരു് അധികാരം നല്‍കി?

എതിരന്‍ കതിരവന്റെ ഇരട്ടവാലന്റെ ലിംഗപ്രതിസന്ധി എന്ന ലേഖനം, വിശാലമനസ്കന്റെ ഇരുപതിനായിരം ഉറുപ്പിക എന്ന കഥ, വെള്ളെഴുത്തിന്റെ ശിക്ഷയും കുറ്റവും എന്ന ലേഖനം എന്നീ പോസ്റ്റുകള്‍ക്കു ശേഷം, എന്റെ പിതൃത്വം പിഴച്ച പ്രമാണങ്ങള്‍ എന്ന പോസ്റ്റ് ഓഗസ്റ്റ് 17-23 ലക്കത്തിലെ ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ചു. അതു് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച രൂപത്തില്‍ ഇവിടെ വായിക്കാം. (ഇതു സ്കാന്‍ ചെയ്തു് PDF ആക്കി അയച്ചുതന്ന പ്രശാന്ത് കളത്തില്‍, ദേവദാസ് (ലോനപ്പന്‍/വിവി) എന്നിവര്‍ക്കു നന്ദി.) ഒന്നുരണ്ടു് അപവാദങ്ങള്‍ ഒഴിച്ചാല്‍ (ഹലായുധന്‍ – ഹലായുധനു്, ശുല്‍ബസൂത്രം – ശൂല്‍ബസൂത്രം) അക്ഷരത്തെറ്റുകളൊന്നുമില്ലാതെ നന്നായി ടൈപ്‌സെറ്റ് ചെയ്തിട്ടുള്ള ലേഖനം. ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ചില വ്യക്തികളുടെ ചിത്രങ്ങള്‍ ചേര്‍ത്തും, ചില പ്രധാനവാക്യങ്ങളെ വലിയ അക്ഷരത്തില്‍ എടുത്തെഴുതിയും അതിനൊരു പ്രൊഫഷണല്‍ അച്ചടിരൂപം നല്‍കിയിട്ടുണ്ടു്. പക്ഷേ, ബ്ലോഗില്‍ നിന്നു് അച്ചടിയിലേക്കു വന്നപ്പോള്‍ പലതും ചോര്‍ന്നുപോയി ചിന്താക്കുഴപ്പമുണ്ടാക്കി എന്നതു നിര്‍ഭാഗ്യകരമായി.

ഒരു ബ്ലോഗ്‌പോസ്റ്റ് അച്ചടിമാദ്ധ്യമത്തില്‍ വരുമ്പോള്‍ അതിന്റെ ആവിഷ്കാരത്തില്‍ പല പരിമിതികളും ഉണ്ടാവും. ചിലവ ബ്ലോഗില്‍ സാദ്ധ്യമാവുന്ന പലതും അച്ചടിമാദ്ധ്യമത്തില്‍ സാദ്ധ്യമല്ലാത്തതുകൊണ്ടാണു്. മറ്റു ചിലവ, അച്ചടിമാദ്ധ്യമങ്ങളില്‍ മാത്രം വ്യാപരിച്ചിട്ടുള്ള എഡിറ്റര്‍‌മാര്‍ക്കു് ബ്ലോഗുകളുടെ ഉള്ളടക്കം വേണ്ട വിധത്തില്‍ പകര്‍ത്താന്‍ കഴിയാത്തതുകൊണ്ടാണു്. ഈ രണ്ടു ന്യൂനതകള്‍ക്കും എന്റെ പോസ്റ്റില്‍ ഉദാഹരണങ്ങളുണ്ടു്. എതിരന്‍ കതിരവന്റെയും വെള്ളെഴുത്തിന്റെയും പോസ്റ്റുകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരുന്ന ലേഖനങ്ങളുടെ ശൈലിയിലുള്ളവയായതുകൊണ്ടും വിശാലമനസ്കന്റേതു് ഒരു കഥയായതിനാലും അവയൊന്നും ബ്ലോഗിന്റെ ഒരു പ്രത്യേകസാദ്ധ്യതയെയും അവ ഉപയോഗിക്കാത്തതുകൊണ്ടും അവയില്‍ കാര്യമായ കല്ലുകടികള്‍ ഉണ്ടായില്ല. പക്ഷേ, മറ്റു പല ബ്ലോഗുകളുടെയും സ്ഥിതി അതല്ല.

തന്റെ പോസ്റ്റിലും കല്ലുകടികള്‍ ഉണ്ടായി എന്നു് എതിരന്‍ കതിരവന്‍ പിന്നീടു വ്യക്തമാക്കി. ഈ കമന്റു കാണുക.

ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ഏറ്റവും വലിയ ശക്തിയാണു ലിങ്കുകള്‍. ഒരു പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു വിഷയത്തെപ്പറ്റി വായനക്കാരനു് മറ്റൊരാളുടെ കൃതിയിലോ വിക്കിപീഡിയ പോലെയുള്ള വിജ്ഞാനകോശങ്ങളിലോ വായിക്കാം. അച്ചടിമാദ്ധ്യമങ്ങളില്‍ ഇതു പലപ്പോഴും ഉദ്ധരണികള്‍ വഴിയാണു് നടത്തുക. ഉദ്ധരണികള്‍ സാദ്ധ്യമല്ലാത്ത അവസരങ്ങളില്‍ പുസ്തകത്തിന്റെ പേരോ ആഴ്ചപ്പതിപ്പിന്റെ ലക്കത്തിന്റെ നമ്പരോ കൊടുത്തു് വായനക്കാരനോടു് അതും തപ്പിപ്പിടിച്ചു വാങ്ങി വായിക്കാന്‍ പറയും. എത്ര പേര്‍ക്കു് വായനയുടെ ഒഴുക്കു് നഷ്ടപ്പെടാതെ അതിന്റെ റെഫറന്‍സുകള്‍ തപ്പിപ്പിടിച്ചു് വായിക്കാന്‍ കഴിയും എന്നു സംശയമാണു്. എങ്കിലും പറഞ്ഞതു് മറ്റൊരിടത്തെ കാര്യമാണു് എന്നു വ്യക്തമായി പറയുകവഴി അതിലേയ്ക്കെത്താന്‍ ഒരു മാര്‍ഗ്ഗരേഖ കൊടുക്കേണ്ടതു് അത്യാവശ്യമാണു്. ഇതു് ഈ ലേഖനത്തില്‍ മാതൃഭൂമി ചെയ്തിട്ടില്ല.

ഈ ലേഖനം പ്രസിദ്ധീകരിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ ഇതിലെ ലിങ്കുകളുടെ URL-കള്‍ ബ്രായ്ക്കറ്റിലോ മറ്റോ കൊടുക്കണം എന്നു ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതു സ്ഥലപരിമിതി മൂലമോ മറ്റോ സാധിച്ചില്ലെങ്കില്‍ വായനക്കാര്‍ക്കു ചിന്താക്കുഴപ്പമുണ്ടാക്കാത്ത വിധത്തില്‍ അവതരിപ്പിക്കണമായിരുന്നു. ചില കല്ലുകടികള്‍:

  1. ആര്‍ക്കിമിഡീസിന്റെ കന്നാലിച്ചോദ്യം വിശകലനം ചെയ്താല്‍…: പോസ്റ്റില്‍ മാത്ത്‌വേള്‍ഡിലെ ലേഖനത്തിലേയ്ക്കു് ലിങ്കുണ്ടു്. അതിനെപ്പറ്റി യാതൊന്നും (ഒരു ഫുട്ട്‌നോട്ടു പോലും) പറയാത്ത മാതൃഭൂമിലേഖനം വായിച്ചിട്ടു് “ഇതെന്തൂട്ട്‌ടാ കന്നാലീ ചോദ്യം?” എന്നു വായനക്കാരന്‍ ചോദിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ.
  2. ഇവയെപ്പറ്റി വിശദമായ ഒരു ലേഖനം (ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം) എഴുതാന്‍ ഉദ്ദേശിക്കുന്നതുകൊണ്ടു്…: ഇവിടെ ഈ ലേഖനത്തിന്റെ എന്നതു് ഒരു ലിങ്കാണു്. എന്റെ തന്നെ പിംഗളന്റെ ഛന്ദശ്ശാസ്ത്രവും ദ്വ്യങ്കഗണിതവും എന്ന പോസ്റ്റിനെപ്പറ്റിയാണു് അതു്. അതു വ്യക്തമാക്കാതെ (“ഈ ലേഖനത്തിന്റെ” എന്നതിനു പകരം “പിംഗളന്റെ ഛന്ദശ്ശാസ്ത്രവും ദ്വ്യങ്കഗണിതവും എന്ന ലേഖനത്തിന്റെ” എന്നെങ്കിലും പറയാമായിരുന്നു.) വാക്കുകള്‍ അതേപോലെ എടുത്തെഴുതിയിരിക്കുന്നു. ഇതു വായിച്ചാല്‍ “പിതൃത്വം പിഴച്ച പ്രമാണങ്ങള്‍” എന്ന ഈ പോസ്റ്റിന്റെ രണ്ടാം ഭാഗം എന്നേ തോന്നൂ.
  3. പ്രൊഫ. ഹില്ലിന്റെ പേപ്പറുകള്‍ ഇവിടെ കാണാം. (എവിടെ? മാതൃഭൂമിയിലോ?) ഈ സിദ്ധാന്തത്തെപ്പറ്റി പല പേപ്പറുകളും അവിടെയുണ്ടു്: “ഇവിടെ” എന്നതു് ഒരു ലിങ്കാണെന്നു വ്യക്തമാക്കാതെ (ഉദാ: “പ്രൊഫ. ഹില്ലിന്റെ പേപ്പറുകള്‍ http://www.math.gatech.edu/~hill/publications/cv.dir/cv.html#publ എന്ന പേജില്‍ കാണാം.”) വാക്യം അതേപടി എഴുതിയതു് വായനക്കാരനെ ചിന്താക്കുഴപ്പത്തിലാക്കുകയേ ഉള്ളൂ.
  4. ഈ ലേഖനത്തില്‍ പാസ്കലിനു മുമ്പേ ഇതു പിംഗളനും പിന്നീടു ചൈനീസ് ഗണിതജ്ഞനായിരുന്ന യാങ് ഹുയിയും (പതിമൂന്നാം നൂറ്റാണ്ടു്) പേര്‍ഷ്യയിലെ ഒമാര്‍ ഖയ്യാമും (പതിനൊന്നാം നൂറ്റാണ്ടു്. റുബായിയാത്ത് എഴുതിയ കവി തന്നെ-അദ്ദേഹം ഗണിതജ്ഞനുമായിരുന്നു.) കണ്ടുപിടിച്ചിരുന്നു എന്നും പറയുന്നു.: ഇതിലെ “ഈ ലേഖനം” ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഈ ലേഖനം ആണു്.
  5. സന്തോഷിന്റെ “റാന്‍ഡം നമ്പരുകള്‍” എന്ന പോസ്റ്റ്, എന്റെ ഭാരതീയഗണിതത്തിലെ നാലു പോസ്റ്റുകള്‍, വിക്കിപീഡിയയിലും മറ്റുമുള്ള കുറേ റെഫറന്‍സുകള്‍ തുടങ്ങിയവ വിട്ടുകളഞ്ഞിരിക്കുന്നു. ഇവ റെഫറന്‍സുകളാണെന്നു വ്യക്തമായതിനാല്‍ മുകളില്‍ സൂചിപ്പിച്ചവയെപ്പോലെ പ്രശ്നമില്ല. എങ്കിലും ഇവയെപ്പറ്റിയുള്ള വിവരങ്ങള്‍ എങ്ങനെ കിട്ടും എന്നു വ്യക്തമാക്കിയിട്ടില്ല.
  6. ഇനി, പൂര്‍ണ്ണമായ റെഫറന്‍സുകളും മറ്റും കിട്ടാന്‍ വായനക്കാര്‍ ബ്ലോഗ്‌പോസ്റ്റില്‍ തന്നെ പോകാന്‍ ഇതു പ്രോത്സാഹിപ്പിക്കുകയാണു് എന്നു പറഞ്ഞാല്‍ പോസ്റ്റിന്റെ ലിങ്കും ഇതില്‍ അത്ര വ്യക്തമല്ല. അവസാനത്തില്‍ യു. ആര്‍. എല്‍. കൊടുത്തിട്ടുണ്ടു് എന്നതു ശരിയാണു്. എങ്കിലും ലേഖനത്തിന്റെ തലക്കെട്ടിലോ മുകളിലോ “ഈ ലേഖനം ബ്ലോഗ്‌പോസ്റ്റായി വായിക്കാന്‍ http://malayalam.usvishakh.net/blog/archives/198 എന്ന പേജ് സന്ദര്‍ശിക്കുക” എന്നോ മറ്റോ ചേര്‍ക്കാമായിരുന്നു.

ചുരുക്കം പറഞ്ഞാല്‍, ഒരു ബ്ലോഗ്‌പോസ്റ്റ് അച്ചടിക്കുമ്പോള്‍ അതിലെ ലിങ്കുകളെ പൂര്‍ണ്ണമായി അവഗണിക്കരുതു്. പോസ്റ്റിന്റെ ഒരു പ്രിന്റൌട്ട് എടുത്താല്‍ ഇതിലും ഭേദമാണു്. കാരണം, ലിങ്കുകള്‍ അടിവരയിട്ടോ മറ്റൊരു നിറത്തിലോ വേര്‍തിരിച്ചു കാണിക്കുന്നതുകൊണ്ടു് കുറഞ്ഞപക്ഷം അതൊരു റെഫറന്‍സാണെന്നു വായനക്കാരനു മനസ്സിലാവും, അതു വായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ത്തന്നെ.


ലിങ്കുകള്‍ കാട്ടാന്‍ കഴിയാത്തതു് അച്ചടിയുടെ പരിമിതിയാണെന്നു പറയാം. എങ്കിലും വേര്‍തിരിച്ചു കാണിക്കേണ്ട ഖണ്ഡങ്ങളെ വേര്‍തിരിക്കാഞ്ഞതു് അശ്രദ്ധയാണെന്നേ പറയാന്‍ കഴിയൂ.

പോസ്റ്റില്‍ എട്ടു ഖണ്ഡങ്ങളുണ്ടു്. ഓരോ ഖണ്ഡത്തിലും സ്രഷ്ടാവിന്റെ കാര്യത്തില്‍ തെറ്റുപറ്റിയ ഓരോ സിദ്ധാന്തത്തെപ്പറ്റിയും അതിനോടു ബന്ധപ്പെട്ട ചില കാര്യങ്ങളും പറയുന്നു. ഓരോ ഖണ്ഡത്തിലും വാക്യങ്ങളുടെ ഒഴുക്കനുസരിച്ചു് ഒന്നിലധികം ഖണ്ഡികകളുണ്ടാവാം. ഖണ്ഡങ്ങളെ വേര്‍തിരിച്ചു കാണിക്കാന്‍ അവയ്ക്കിടയില്‍ ഒരു വര വരയ്ക്കുക എന്ന രീതിയാണു് ഞാന്‍ ഉപയോഗിച്ചതു്. ഇതു് അച്ചടിയില്‍ അഭംഗിയാണു്. എങ്കിലും, ഒരു ഖണ്ഡത്തിന്റെ തുടക്കം അതിലെ ആദ്യാക്ഷരം കട്ടിയുള്ള വലിയ അക്ഷരത്തില്‍ കൊടുത്തു സൂചിപ്പിക്കാമായിരുന്നു. അച്ചടിലേഖനത്തില്‍ ഇതിലെ എല്ലാ ഖണ്ഡികകളും തുല്യപ്രാധാന്യത്തോടെ ചിതറിക്കിടക്കുന്നു. ഒരു ഖണ്ഡത്തില്‍ നിന്നു മറ്റോന്നിലേയ്ക്കുള്ള മാറ്റം വ്യക്തമല്ലാത്തതിനാല്‍ ആരോ എഴുതിക്കൊടുത്ത പ്രസംഗം സ്കൂള്‍ക്കുട്ടി കാണാതെ പഠിച്ചു പറയുന്നതുപോലെ ആയിപ്പോയി ലേഖനം.


എന്റെ ഈ ലേഖനം പൊതുവേ ഒരു അച്ചടിലേഖനത്തോടു വളരെ അടുത്തു നില്‍ക്കുന്നതുകൊണ്ടു് മറ്റു കുഴപ്പങ്ങള്‍ കാര്യമായി ഇല്ല. പക്ഷേ, ഭൂരിഭാഗം ബ്ലോഗ്‌പോസ്റ്റുകളും ഉള്ളടക്കം മാത്രം അച്ചടിച്ചാല്‍ പാരായണയോഗ്യമാവണമെന്നില്ല. അവയില്‍ പരാമര്‍ശിച്ചിട്ടുള്ളതും ബ്ലോഗുകളില്‍ മാത്രം ഉപയോഗിക്കുന്നതുമായ പ്രയോഗങ്ങള്‍ക്കു് ഒരു ചെറിയ വിശദീകരണമെങ്കിലും ആവശ്യമാണു്.

മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി ബ്ലോഗ്‌പോസ്റ്റ് മാറ്റിയെഴുതണം എന്നതിനോടു യോജിക്കാ‍ന്‍ കഴിയില്ല. അപ്പോള്‍ അതു ബ്ലോഗ് കൃതിയാവില്ല. ബ്ലോഗ് കൃതിയെ അതായിത്തന്നെ വായനക്കാര്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയാണു വേണ്ടതു്.

കമന്റുകളും ചേര്‍ക്കണമെന്നു ചിലര്‍ അഭിപ്രായപ്പെട്ടുകണ്ടു. അതിനോടും എനിക്കു യോജിപ്പില്ല. പ്രസക്തമായ കമന്റുകളുണ്ടെങ്കില്‍ അവയെ പോസ്റ്റെഴുതിയ ആള്‍ തന്നെ പോസ്റ്റില്‍ ചേര്‍ക്കുകയാവും ഉചിതം.


അവസാനമായി, പോസ്റ്റെഴുതിയ ആളിന്റെ പേരു കൂടി പ്രസിദ്ധീകരിക്കേണ്ടതു് ആവശ്യമാണു്. എതിരന്‍ കതിരവന്‍, വെള്ളെഴുത്തു് എന്നിവര്‍ക്കു് കര്‍ത്താവിന്റെ പേരും ബ്ലോഗിന്റെ പേരും ഒന്നു തന്നെയായതിനാല്‍ പ്രശ്നമില്ലായിരുന്നു. (വിശാലന്റെ പേരു പ്രസിദ്ധീകരിച്ചോ എന്നറിയില്ല.) പക്ഷേ, ബാക്കിയുള്ളവര്‍ക്കു് ബ്ലോഗിന്റെ പേരിനോടൊപ്പം എഴുതിയ ആളിന്റെ പേരു കൂടി കൊടുക്കണം. അനോണിപ്പേരിലാണു് എഴുതുന്നതെങ്കില്‍ ആ പേരു മതി.


മാതൃഭൂമി അധികൃതരെ ഈ വിവരങ്ങള്‍ ഞാന്‍ അറിയിക്കുന്നുണ്ടു്. ഭാവിയില്‍ ബ്ലോഗന ന്യൂനതകള്‍ ഒഴിവാക്കി ബ്ലോഗുകളെ കമ്പ്യൂട്ടറുമായി ബന്ധമില്ലാത്തവര്‍ക്കു നന്നായി പരിചയപ്പെടുത്തും എന്നു പ്രതീക്ഷിക്കുന്നു.

ബ്ലോഗ്‌സൃഷ്ടികളില്‍ കാമ്പുള്ളവ ഉണ്ടെന്നു് മനസ്സിലാക്കിയ മാതൃഭൂമിയുടെ ശ്രമം അഭിനന്ദനാര്‍ഹമാണു്. ഒരു കാലത്തു് അച്ചടിമാദ്ധ്യമങ്ങളും ഇന്റര്‍നെറ്റിലെ തന്നെ പല വല്യേട്ടന്മാരും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടു നടന്നിരുന്നതു് ബ്ലോഗിലാകെ അശ്ലീലം പറയുന്ന ബാബുക്കുട്ടന്മാരും ആത്മരതിയില്‍ അഭിരമിക്കുന്ന അലവലാതികളും മാത്രമാണു് എന്നായിരുന്നു. (ഇങ്ങനെ എഴുതിയ പലരും പിന്നീടു ബ്ലോഗില്‍ത്തന്നെ ചേക്കേറി എന്നതു മറ്റൊരു കാര്യം.) ആ സ്ഥിതിയ്ക്കു് വ്യത്യാസം വന്നുതുടങ്ങി എന്നതു് നല്ല കാര്യം.

ബ്ലോഗനയിലൂടെ മലയാളബ്ലോഗുകളിലെ നല്ല കൃതികൾ കൂടുതൽ ആളുകളിൽ എത്തട്ടേ എന്നു് ആഗ്രഹിക്കുന്നു.

ബ്ലോഗ്
സാഹിത്യം

Comments (16)

Permalink

സാറാ ജോസഫിന്റെ നിഘണ്ടുക്കള്‍

നിഘണ്ടുക്കള്‍ആലാഹയുടെ പെണ്മക്കള്‍, മാറ്റാത്തി എന്നീ മനോഹരനോവലുകള്‍ എഴുതിയ സാറാ ജോസഫിന്റെ ഈ സീരീസിലെ അടുത്ത നോവലാണു് ഒതപ്പു്. പുസ്തകം വാങ്ങിയെങ്കിലും മുമ്പുള്ള രണ്ടു പുസ്തകങ്ങളും വായിച്ചുതീരാത്തതിനാല്‍ വായിച്ചു തുടങ്ങിയില്ല. എങ്കിലും അതിന്റെ ആമുഖം വായിച്ചു. സെന്‍ ചിന്തകര്‍, ഖലീല്‍ ജിബ്രാന്‍, രജനീഷ്, ജിദ്ദു കൃഷ്ണമൂര്‍ത്തി തുടങ്ങിയവരുടെ ആശയങ്ങള്‍ ഈ പുസ്തകത്തിലുണ്ടത്രേ. വൈകാതെ വായിക്കണം.

ആമുഖത്തിലെ ഈ വാക്യങ്ങള്‍ അല്പം ചിന്തിപ്പിച്ചു.

‘ഒതപ്പു്’ എന്ന വാക്കിനു നിഘണ്ടുവില്‍ അര്‍ത്ഥം പറഞ്ഞുകാണുന്നില്ല. മറ്റൊരാളിനു് ഒതപ്പു് ഉണ്ടാക്കരുതു് എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം തെറ്റു ചെയ്യാനുള്ള പ്രേരണ അഥവാ പ്രലോഭനം ഉണ്ടാക്കരുതു് എന്നാണെന്നു പറയാം. തത്തുല്യമായി ഒരൊറ്റവാക്കു പറയാന്‍ കഴിയുന്നില്ല. ഇംഗ്ലീഷില്‍ scandal എന്ന വാക്കു് ഏകദേശം ഉപയോഗിക്കാം എന്നു തോന്നുന്നു.

ഉരല്‍, ഉലക്ക, ഉറപ്പു്, കുട്ട തുടങ്ങിയവ ഗ്രാമ്യഭാഷയില്‍ ഒരല്‍, ഒലക്ക, ഒറപ്പു്, കൊട്ട എന്നിങ്ങനെ മാറുന്നതുപോലെ ഉതപ്പു് എന്ന വാക്കു മാറിയതാണു് ഒതപ്പു് എന്നു ചിന്തിച്ചാല്‍ നിഘണ്ടുവില്‍ അതു കണ്ടുകിട്ടിയേനേ. ശബ്ദതാരാവലിയില്‍ ഇങ്ങനെ കാണുന്നു:

ഉതപ്പു് – ഇടര്‍ച്ച, എതിര്‍പ്പു്, ചവിട്ടു്, തൊഴി.

വാക്കുണ്ടെങ്കിലും, ഇതൊന്നും സാറാ ജോസഫ് പറഞ്ഞ അര്‍ത്ഥമല്ലല്ലോ. എനിക്കു വീണ്ടും ചിന്താക്കുഴപ്പമായി.

സിബുവാണു് ഈ സംശയത്തിനു സമാധാനമുണ്ടാക്കിയതു്. ബൈബിള്‍ ഭാഷയില്‍ ഇടര്‍ച്ച എന്നു പറഞ്ഞാല്‍ മനസ്സിന്റെ ഇടര്‍ച്ച, പ്രലോഭനം എന്നൊക്കെയാണത്രേ അര്‍ത്ഥം. ഇടര്‍ച്ചയ്ക്കു് ആ അര്‍ത്ഥമാണു് എങ്കില്‍ ഉതപ്പിനും ആ അര്‍ത്ഥം അങ്ങനെ വന്നതായിരിക്കും.

അപ്പോള്‍ എല്ലാം ശരിയായി. ഒന്നൊഴികെ.

ഇതിനോടു് ഏറ്റവും അടുത്തുനില്‍ക്കുന്ന ഇംഗ്ലീഷ് വാക്കു് scandal എന്നാണെന്നു ഗ്രന്ഥകര്‍ത്രി പറയുന്നു. ആ വാക്കിനു് അപവാദം, അപകീര്‍ത്തി, ദൂഷണം എന്നൊക്കെയാണല്ലോ അര്‍ത്ഥം. ഞാന്‍ പരിശോധിച്ച എല്ലാ ഇംഗ്ലീഷ്-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം നിഘണ്ടുക്കളിലും ആ അര്‍ത്ഥമാണു കാണുന്നതു്. അതു് ഒതപ്പിനു് ഏകദേശമെങ്കിലും തത്തുല്യമായ പദമാകുന്നതെങ്ങനെ?

സാറാ ജോസഫിന്റെ കയ്യില്‍ ഏതൊക്കെ നിഘണ്ടുക്കളാവും ഉണ്ടാവുക?

(ചിത്രം വരച്ചതു്: സിബു)

ചുഴിഞ്ഞുനോക്കല്‍
ചോദ്യം
സാഹിത്യം

Comments (6)

Permalink

ലന്തന്‍ ബത്തേരിയിലെ കണക്കും എഴുത്തുകാരന്റെ സ്വാതന്ത്ര്യവും

(മുന്നറിയിപ്പു്: ശ്രീ എന്‍. എസ്. മാധവന്റെ “ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍” എന്ന നോവലിലെ ക്ലൈമാക്സുള്‍പ്പെടെയുള്ള ചില കഥാതന്തുക്കള്‍ ഈ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ടു്. ആ പുസ്തകം ഇതു വരെ വായിച്ചിട്ടില്ലാത്ത, ഇനി വായിക്കാന്‍ ആഗ്രഹിക്കുന്ന, ക്ലൈമാക്സ് പൊളിഞ്ഞ പുസ്തകം വായിച്ചാല്‍ ഹൃദയസ്തംഭനം ഉണ്ടാകുന്ന, ആരെങ്കിലും ഇതു വായിക്കുന്നുണ്ടെങ്കില്‍ വായന ഇവിടെ നിര്‍ത്തുക.)

ബ്ലോഗുകളൊഴികെ മലയാളം എന്തെങ്കിലും വായിക്കുന്നതു വളരെ ചുരുക്കമാണു്. ആനുകാലികപ്രസിദ്ധീകരണങ്ങളൊന്നും വരുത്തുന്നില്ല. കയ്യിലുള്ള പുസ്തകങ്ങളാകട്ടേ, പല തവണ വായിച്ചിട്ടുള്ളവയുമാണു്. വല്ലപ്പോഴും ഏതെങ്കിലും സുഹൃത്തിന്റെ കയ്യില്‍ നിന്നു കടം വാങ്ങി വായിക്കുന്ന പുസ്തകങ്ങള്‍ മാത്രമേ ഉള്ളൂ. അതും നൂറു പേജു വായിക്കാന്‍ ഞാന്‍ നാലഞ്ചു മാസമെടുക്കും.

ഈയിടെ സിബുവിന്റെ കയ്യില്‍ നിന്നു് എന്‍. എസ്. മാധവന്റെ “ലന്തന്‍ ബത്തേരിയയിലെ ലുത്തിനിയകള്‍” കിട്ടി. വളരെയധികം കേട്ടിട്ടുള്ള പുസ്തകമാണു്. വളരെ ഇഷ്ടപ്പെടുകയും ചെയ്തു. ഇതു തിരിച്ചു കൊടുത്തിട്ടു് സാറാ ജോസഫിന്റെ “ആലാഹയുടെ പെണ്മക്കള്‍”, മുകുന്ദന്റെ “ദൈവത്തിന്റെ വികൃതികള്‍” എന്നിവയില്‍ ഏതാണു് ആദ്യം കടം വാങ്ങേണ്ടതു് എന്നു് ഇതു വരെ തീരുമാനിച്ചില്ല.

വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍, മനോഹരമായ ആഖ്യാനരീതി, പ്രത്യേകതകള്‍ നിറഞ്ഞ സംസാരഭാഷ, ലന്തന്‍ ബത്തേരിയിലെയും ചുറ്റുമുള്ള ലോകത്തിലെയും സംഭവങ്ങള്‍ കഥാനായികയായ ജെസീക്കയുടെ ജീവിതമായി കൊരുത്തു കൊണ്ടു പോകുന്നതിന്റെ വൈദഗ്ദ്ധ്യം മുതലായവ കൊണ്ടു് ഈയടുത്ത കാലത്തു വായിച്ച നോവലുകളില്‍ ഏറ്റവും പ്രിയപ്പെട്ടതായി ലന്തന്‍ ബത്തേരിയയിലെ ലുത്തിനിയകള്‍.

ലന്തന്‍ ബത്തേരിയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചതു് അതിലെ ചരിത്രാഖ്യാനത്തിന്റെ ചാരുതയാണു്. അമ്പതുകളുടെ മദ്ധ്യം മുതല്‍ അറുപതുകളുടെ മദ്ധ്യം വരെയുള്ള പതിറ്റാണ്ടിലെ കേരള-ഭാരത-ലോക ചരിത്രം (കമ്യൂണിസത്തിന്റെ മുന്നേറ്റം, ഇ. എം. എസ്. മന്ത്രിസഭ, വിമോചനസമരം, ചൈനായുദ്ധം, നെഹ്രുവിന്റെ മരണം, കെന്നഡിയുടെ വധം, ജീവിതനൌക, ചെമ്മീന്‍, ഭാര്യ, കണ്ടം ബെച്ച കോട്ടു് തുടങ്ങിയ പല മലയാളസിനിമകളും ഇറങ്ങിയതു് തുടങ്ങി വളരെയധികം സംഭവങ്ങള്‍) ലന്തന്‍ ബത്തേരിയിലെ മനുഷ്യരുടെ കണ്ണുകളില്‍ കൂടി വിവരിക്കുന്നതു് ഒരു വശം; വിദേശികളുടെ അധിനിവേശത്തെപ്പറ്റി പല കഥാപാത്രങ്ങളുടെയും വാക്കുകളിലൂടെ വിശകലനം ചെയ്യുന്നതു മറ്റൊരു വശം. ലന്തന്‍ ബത്തേരിക്കാരുടെ സംസ്കാരത്തിന്റെ ഭാഗമായ ചവിട്ടുനാടകം നോവല്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അതിനിടയിലും, തടിയിലെ വാര്‍ഷികവലയങ്ങളെപ്പറ്റി മത്തേവുശാരി ജെസിക്കയ്ക്കു പറഞ്ഞു കൊടുക്കുമ്പോഴും ഇടയില്‍ പരാമര്‍ശിക്കുന്ന ഗാന്ധിവധം, സൈഗാള്‍ തുടങ്ങിയ ഹിന്ദി ഗായകരെപ്പറ്റിയുള്ള പരാമര്‍ശം തുടങ്ങി പറഞ്ഞുകേട്ടു മാത്രമുള്ള പല സംഭവങ്ങളും മനോഹരമായി കഥയില്‍ കടന്നു വരുന്നുണ്ടു്.


ലന്തന്‍ ബത്തേരിയയില്‍ പതിനാറു കൊല്ലക്കാലം ഫെര്‍മയുടെ (ഫെര്‍മാറ്റ് എന്നാണു പുസ്തകത്തില്‍. ശരിയായ ഉച്ചാരണം ഫെര്‍മ എന്നായതു കൊണ്ടു് ഞാന്‍ അതുപയോഗിക്കുന്നു.) അവസാനത്തെ തിയറം തെറ്റാണെന്നു തെളിയിക്കാന്‍ രാപകല്‍ പരിശ്രമിച്ച പുഷ്പാംഗദന്‍ എന്ന കണക്കുസാറിനെപ്പറ്റി പറയുന്നുണ്ടു്. ഫെര്‍മയുടെ അവസാനത്തെ തിയറം ലോകചരിത്രത്തിലെ ഒരു പ്രധാനസംഭവമാണു്. അതു ശരിയാണെന്നോ തെറ്റാണെന്നോ തെളിയിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച അനേകം ഗണിതജ്ഞര്‍ ഉണ്ടായിട്ടുണ്ടു് – പ്രസിദ്ധരും അപ്രസിദ്ധരും. അവരുടെ പ്രതിനിധിയായി നോവലില്‍ പ്രത്യക്ഷപ്പെടുന്ന പുഷ്പാംഗദന്‍ മിഴിവുള്ള കഥാപാത്രമാണു്. പക്ഷേ, ഫെര്‍മയുടെ അവസാനത്തെ തിയറത്തെപ്പറ്റി നോവലിസ്റ്റ് പറയുന്ന കാര്യങ്ങളൊക്കെ പരമാബദ്ധവും.

ഇതിനെപ്പറ്റി പെരിങ്ങോടന്‍ രണ്ടു കൊല്ലം മുമ്പു് ഫെര്‍മായുടെ അവസാനത്തെ തിയൊറം എന്നൊരു പോസ്റ്റ് എഴുതിയിരുന്നു. മാതൃഭൂമിയില്‍ വന്ന ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തിലാണു് അദ്ദേഹം അതെഴുതിയതു്. മാതൃഭൂമിയിലെ ലേഖനം ഞാന്‍ വായിച്ചിട്ടില്ല. പെരിങ്ങോടന്റെ (അതു മാതൃഭൂമി ലേഖനത്തിലേതാവാം) നിരീക്ഷണത്തിലും ചില തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടു് എന്നാണു് എനിക്കു തോന്നുന്നതു്.


കണക്കു താത്പര്യമില്ലാത്തവര്‍ ദയവായി വലത്തുവശത്തുള്ള ഭാഗം വിട്ടുകളഞ്ഞു താഴേയ്ക്കു വായിക്കുക. ചുരുക്കം ഇത്രമാത്രം: എന്‍. എസ്. മാധവന്‍ നോവലില്‍ ഫെര്‍മയുടെ അന്ത്യസിദ്ധാന്തത്തെപ്പറ്റി പറഞ്ഞിരിക്കുന്നതു പൊട്ടത്തെറ്റാണു്. അതില്‍ വിശദീകരിച്ചിരിക്കുന്നതു് ആ സിദ്ധാന്തമല്ല. അതു് ആരുടെയും സിദ്ധാന്തവുമല്ല-ഒരു സ്കൂള്‍കുട്ടിക്കും പത്തു മിനിട്ടു കൊണ്ടു തെളിയിക്കാവുന്ന ഒരു പൊട്ടനിയമം മാത്രമാണു്.
ഭാഷാദ്ധ്യാപകനായ രാഘവന്‍ മാഷിന്റെ വാക്കുകളിലൂടെയാണു് (പേജ് 117) ഫെര്‍മയുടെ അന്ത്യസിദ്ധാന്തത്തെപ്പറ്റി വായനക്കാരന്‍ അറിയുന്നതു്:

ഫെര്‍മാറ്റിന്റെ അവസാനത്തെ തിയൊറം എന്നു പറയും. രണ്ടു പ്രൈം നമ്പറുകളുടെ വര്‍ഗ്ഗങ്ങള്‍ കൂട്ടിയാല്‍ മൂന്നാമതൊരു പ്രൈം നമ്പര്‍ കിട്ടില്ലാ എന്നു ഫെര്‍മാറ്റ്. ഇതു തെറ്റാണെന്നു തെളിയിക്കാനാ ഈക്കണ്ട പാടെല്ലാം.

പെരിങ്ങോടന്‍ ചൂണ്ടിക്കാട്ടുന്നതു പോലെ ഇതു തെറ്റാണു്. xn + yn = zn എന്ന സമവാക്യത്തിനു് x, y, z എന്നിവ പൂജ്യമല്ലാത്ത പൂര്‍ണ്ണസംഖ്യകളും n രണ്ടില്‍ കൂടിയ ഒരു പൂര്‍ണ്ണസംഖ്യയുമായാല്‍ നിര്‍ദ്ധാരണം ഇല്ല എന്നതാണു് ഫെര്‍മയുടെ അന്ത്യസിദ്ധാന്തം. (ഉദാഹരണത്തിനു്, x3 + y3 = z3 എന്ന സമവാക്യത്തിനു് x, y, z എന്നിവ പൂജ്യമല്ലാത്ത പൂര്‍ണ്ണസംഖ്യകളായാല്‍ നിര്‍ദ്ധാരണം ഇല്ല. x2 + y2 = z2-നു് ഉണ്ടു താനും. ഉദാഹരണമായി, 32 + 42 = 52.)

പക്ഷേ, പെരിങ്ങോടന്‍ പറയുന്നതു പോലെ, ഇതു ക്രിസ്തുമസ് തിയറവും അല്ല. ക്രിസ്തുമസ് തിയറം (വിശദവിവരങ്ങള്‍ക്കു് വിക്കിപീഡിയയില്‍ ഇവിടെ നോക്കുക.) എന്താണെന്നു ചുരുക്കി താഴെ ചേര്‍ക്കുന്നു.

രണ്ടിനേക്കാള്‍ വലിയ അഭാജ്യസംഖ്യകളെല്ലാം ഒറ്റ സംഖ്യകളാണല്ലോ. അതിനാല്‍ അവയെ 4 കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം ഒന്നോ മൂന്നോ ആയിരിക്കും. ഇവയില്‍ ശിഷ്ടം ഒന്നു് ആയ അഭാജ്യസംഖ്യകള്‍ക്കു് (5, 13, 17,… തുടങ്ങിയവ) മറ്റേ വിഭാഗത്തില്‍ പെടുന്ന അഭാജ്യസംഖ്യകള്‍ക്കു് (3, 7, 11,… തുടങ്ങിയവ) ഇല്ലാത്ത ഒരു പ്രത്യേകതയുണ്ടു്. അവയെ x2 + y2 എന്ന രീതിയില്‍ എഴുതാന്‍ പറ്റും എന്നതാണു് അതു്. മാത്രമല്ല, ഒരു രീതിയില്‍ മാത്രമേ അങ്ങനെ എഴുതാന്‍ പറ്റൂ. ഉദാഹരണമായി

എന്നിങ്ങനെ.

നാലു കൊണ്ടു ഹരിച്ചാല്‍ 3 ശിഷ്ടം വരുന്ന അഭാജ്യസംഖ്യകളെ (3, 7, 11,… തുടങ്ങിയവ) ഇങ്ങനെ എഴുതാന്‍ നോക്കൂ. പറ്റില്ലെന്നു കാണാം. അതേ സമയം, മറ്റേ വിഭാഗത്തില്‍ പെടുന്ന സംഖ്യകളെ, എത്ര വലുതായാലും, ഒരു രീതിയില്‍ മാത്രമേ ഇങ്ങനെ എഴുതാന്‍ കഴിയൂ എന്നും കാണാം. ഇതാണു് ഫെര്‍മയുടെ ക്രിസ്തുമസ് തിയറം.

വിക്കിപീഡിയയിലെ നിര്‍വ്വചനം താഴെച്ചേര്‍ക്കുന്നു.

an odd prime p is expressible as with x and y integers, if and only if .

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍,

A prime number p, other than 2, is expressible as with x and y integers, if and only if .

ഈ സിദ്ധാന്തം ഫെര്‍മ പറഞ്ഞുവെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. തെളിയിച്ചതു് ഓയ്‌ലറും (Leonhard Euler) ഗാസ്സും (Carl Friedrich Gauss)ചേര്‍ന്നു് ആണു്.

ഇവര്‍ രണ്ടുപേരും കൂടി ഒന്നിച്ചിരുന്നു് എഴുതിയെന്നല്ല. 1783-ല്‍ ഓയ്‌ലര്‍ മരിക്കുമ്പോള്‍ ഗാസ്സിനു് ആറു വയസ്സേ ഉണ്ടായിരുന്നുള്ളൂ. പ്രധാന സിദ്ധാന്തം ഓയ്‌ലര്‍ തെളിയിച്ചു. അതു് ഒരു വിധത്തില്‍ മാത്രമേ പറ്റൂ എന്നു ഗാസ്സും.

മുകളില്‍ പറഞ്ഞ സിദ്ധാന്തം എന്നെ വളരെയധികം ആകര്‍ഷിച്ച ഒന്നാണു്. 1990-കളില്‍ ജീവിതത്തില്‍ ഇഷ്ടം പോലെ സമയമുണ്ടായിരുന്ന കാലത്തു്, ലോകത്തു് ബ്ലോഗിംഗും എനിക്കു സ്വന്തമായി കമ്പ്യൂട്ടറും ഉണ്ടാകുന്നതിനു മുമ്പു്, നമ്പര്‍ തിയറിയുടെ ധാരാളം പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. അപ്പോഴാണു് ഈ സിദ്ധാന്തത്തിനു സദൃശമായി മറ്റു വല്ലതും ഉണ്ടോ എന്നു ചിന്തിച്ചതു്. അങ്ങനെയാണു് x2+xy+y2 എന്ന രീതിയില്‍ എഴുതാന്‍ പറ്റുന്ന അഭാജ്യസംഖ്യകളെയെല്ലാം ആറു കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം 1 കിട്ടുമെന്നും, മറിച്ചു് ആറു കൊണ്ടു ഹരിച്ചാല്‍ 1 ശിഷ്ടം കിട്ടുന്ന എല്ലാ അഭാജ്യസംഖ്യകളെയും x2+xy+y2 എന്ന രീതിയില്‍ എഴുതാന്‍ കഴിയും എന്നും, അങ്ങനെ ഒരു രീതിയില്‍ മാത്രമേ എഴുതാന്‍ കഴിയൂ എന്നും കണ്ടുപിടിച്ചതു്.

ഇതിനെ ഇങ്ങനെ എഴുതാം. മുകളില്‍ കൊടുത്ത സിദ്ധാന്തവുമായുള്ള സാദൃശ്യം ശ്രദ്ധിക്കുക.

A prime number p, other than 3, is expressible as with x and y integers, if and only if .

കണ്ടുപിടിച്ചതു് നിരീക്ഷണം വഴിയാണു്. പിന്നീടു് ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതി അതിനു താങ്ങാന്‍ കഴിയുന്ന സംഖ്യ വരെയുള്ള എല്ലാ സംഖ്യകള്‍ക്കും ഇതു ശരിയാണെന്നു കണ്ടുപിടിച്ചു. ഇതു മാത്രമല്ല, x2+y2 എന്ന രീതിയില്‍ എഴുതാന്‍ പറ്റുന്ന സംഖ്യകള്‍ക്കുള്ള മറ്റു് എട്ടു പ്രത്യേകതകള്‍ക്കു സമാനമായ പ്രത്യേകതകള്‍ x2+xy+y2 എന്ന രീതിയില്‍ എഴുതാവുന്ന സംഖ്യകള്‍ക്കും ഉണ്ടെന്നു കണ്ടുപിടിച്ചു. (ഈ ഒന്‍പതു പ്രത്യേകതകള്‍ ഈ പേപ്പറില്‍ പത്താം പേജില്‍ ഉണ്ടു്.)

നിരീക്ഷണം പോരല്ലോ. സിദ്ധാന്തങ്ങള്‍ക്കു തെളിവുകളും ആവശ്യമാണു്. 1993-ല്‍ ആരംഭിച്ച ആ പണി പൂര്‍ത്തിയായതു് 2004-ല്‍ ആണു്. പതിനൊന്നു കൊല്ലക്കാലം ഇടയില്‍ കിട്ടുന്ന സമയത്തൊക്കെ ഈ സിദ്ധാന്തങ്ങള്‍ തെളിയിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ അമേരിക്കയില്‍ മൂന്നു തവണ പോയി വരികയും പിന്നീടു് അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയും കല്യാണം കഴിക്കുകയും ഒരു മകന്‍ ഉണ്ടാവുകയും ഒക്കെ ചെയ്തു. എങ്കിലും ഇതിനിടെ വല്ലപ്പോഴും ഉണ്ടിരുന്ന നായര്‍ക്കു വിളി വരുന്നതു പോലെ ഈ സിദ്ധാന്തവുമായി കുത്തിയിരിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഈ സിദ്ധാന്തവുമായി ഇരിക്കുന്നതു കണ്ടവരൊക്കെ, എന്റെ ഭാര്യ ഉള്‍പ്പെടെ, പുഷ്പാംഗദന്‍ മാഷ് ഫെര്‍മയുടെ അവസാനത്തെ സിദ്ധാന്തവുമായി മല്‍പ്പിടിത്തം നടത്തുന്നതു കണ്ടു നിന്ന ലന്തന്‍ ബത്തേരിക്കാരെപ്പോലെ, അന്തം വിടുകയും എന്റെ തലയ്ക്കു് ഇടയ്ക്കിടെ സ്ഥിരത നഷ്ടപ്പെടുന്നുണ്ടോ എന്നു് ആശങ്കിക്കുകയും ചെയ്തു.

2004 ജൂണ്‍ ആയപ്പോഴേയ്ക്കും മിക്കവാറും എല്ലാ സിദ്ധാന്തങ്ങള്‍ക്കും തെളിവുകള്‍ കിട്ടി. ഇക്കാലത്തു് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ നാപ്കിനില്‍ വരെ തെളിവുകള്‍ എഴുതിയിട്ടുണ്ടു്. ഫലം കിട്ടുമെന്നു് ഏതാണ്ടു് ഉറപ്പായിക്കഴിഞ്ഞപ്പോള്‍ പിന്നെ വീട്ടിലിരിക്കുന്ന സമയത്തും വഴിയിലൂടെ നടക്കുന്ന സമയത്തും ഇതു തന്നെയായിരുന്നു ചിന്ത. ഒന്നു രണ്ടു മാസമെടുത്തു അതൊന്നു വൃത്തിയായി എഴുതി ഒരു പ്രബന്ധത്തിന്റെ രൂപത്തിലാക്കാന്‍‌. അതു് കോര്‍ണല്‍ യൂണിവേഴ്സിറ്റിയുടെ arXiv എന്ന സ്ഥലത്തു പ്രസിദ്ധീകരിച്ചു. (ഇതു് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരണത്തിനു മുമ്പു് താത്കാലികമായി സൂക്ഷിക്കാനുള്ള സ്ഥലമാണു്. ഇപ്പോള്‍ ഇതു് സ്ഥിരമായി സ്വതന്ത്രപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള സ്ഥലം ആയിട്ടുണ്ടു്. ധാരാളം ആളുകള്‍ ജേണലുകള്‍ക്കു് അയച്ചുകൊടുക്കാതെ arXiv-ല്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ടു്.)

ഇതാണു് ആ പേപ്പറിലേക്കുള്ള ലിങ്ക്. അതിന്റെ PDF രൂപം ഇവിടെ കാണാം. ഈ പേപ്പറില്‍ ഗുരുതരമായ ഒരു തെറ്റു് (എടുത്തെഴുതിയപ്പോള്‍ സംഭവിച്ചതു്) ഉണ്ടു്. ഗണിതജ്ഞര്‍ക്കാര്‍ക്കെങ്കിലും കണ്ടുപിടിക്കാമോ?

പക്ഷേ, ഈ അദ്ധ്വാനം ഒരു ആന്റിക്ലൈമാക്സിലാണു് എത്തിയതു്. ഈ പേപ്പര്‍ വായിച്ച പല ഗണിതജ്ഞരും അതിനെ വിമര്‍ശിച്ചു് എനിക്കു് എഴുതി. ഇങ്ങനെ ഒരു പേപ്പറിന്റെ ആവശ്യമെന്താണെന്നാണു പലരും ചോദിച്ചതു്. ഇരുനൂറു കൊല്ലം മുമ്പായിരുന്നെങ്കില്‍ ഇതിനു വിലയുണ്ടാവുമായിരുന്നു. ഇപ്പോള്‍ അറിയാവുന്ന തിയറി ഉപയോഗിച്ചു് ഈ സിദ്ധാന്തങ്ങള്‍ ഉണ്ടാക്കാനും തെളിയിക്കാനും വളരെ എളുപ്പമാണത്രേ! അതിലൊരാള്‍ Primes of the form x2 + ny2 എന്ന പുസ്തകം വായിക്കാന്‍ പറഞ്ഞു. ഒടുക്കത്തെ വില കൊടുത്തു് അതു വാങ്ങി വായിച്ചപ്പോഴാണു് നമ്പര്‍ തിയറി വളരെയധികം മുന്നോട്ടു പോയെന്നും സംഖ്യകളുമായി പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലാത്ത പല സങ്കീര്‍ണ്ണഗണിതശാഖകളുപയോഗിച്ചു് നമ്പര്‍ തിയറിയിലെ പലതും തെളിയിക്കാന്‍ പറ്റുമെന്നും മനസ്സിലായതു്.

എന്തുകൊണ്ടാണെന്നറിയില്ല, പതിനൊന്നു കൊല്ലത്തെ അദ്ധ്വാനം (പുഷ്പാംഗദനെപ്പോലെ അവിരാമമായ അദ്ധ്വാനമായിരുന്നില്ല. വല്ലപ്പോഴും മാത്രം. എങ്കിലും ഇതിനു വേണ്ടി ഇക്കാലത്തിനിടയ്ക്കു് ഏതാനും മാസങ്ങള്‍ ചെലവഴിച്ചിട്ടുണ്ടാവും.) വെറുതെയായി എന്ന അറിവു് ഒരുതരം നിര്‍വികാരതയാണു് ഉണ്ടാക്കിയതു്. ഏതായാലും ഇതല്ലാതെ എനിക്കു് ഒരു ജീവിതമുണ്ടായിരുന്നതു കൊണ്ടും, ജെസീക്കയെപ്പോലെ ആരും പ്രശ്നമുണ്ടാക്കാന്‍ വരാഞ്ഞതു കൊണ്ടും പുഷ്പാംഗദനെപ്പോലെ എനിക്കു് ആത്മഹത്യ ചെയ്യേണ്ടി വന്നില്ല. ഭാഗ്യം!

മറ്റു കാര്യങ്ങള്‍ക്കിടയില്‍ താത്പര്യം കൊണ്ടു മാത്രം അമേച്വേഴ്സിനു ചെയ്യാന്‍ പറ്റുന്ന കാര്യമല്ല ഗവേഷണം എന്നു് അന്നു മനസ്സിലായി. ഈ പേപ്പര്‍ “Some elementary proofs of …” എന്നോ മറ്റോ ഒരു ശീര്‍ഷകവുമായി മാറ്റിയെഴുതാന്‍ വിചാരിച്ചിട്ടു് ഇതു വരെ നടന്നില്ല. അതെങ്ങനെയാ, അതിനു ശേഷം നാലഞ്ചു മാസങ്ങള്‍ക്കു ശേഷം ഞാന്‍ ബ്ലോഗിംഗ് എന്ന സാധനം തുടങ്ങി. പിന്നെ എവിടെ സമയം കിട്ടാന്‍?


ഇനി, രാഘവന്‍ മാഷ് പറഞ്ഞ സിദ്ധാന്തം എന്താണെന്നു നോക്കാം.

രണ്ടു് അഭാജ്യസംഖ്യകളുടെ വര്‍ഗ്ഗത്തിന്റെ തുക ഒരു അഭാജ്യസംഖ്യ ആവില്ല എന്നാണല്ലോ ആ സിദ്ധാന്തം. രണ്ടിനെ ഒഴിവാക്കണം എന്നും അതിനു ശേഷം പറയുന്നുണ്ടു്. അതു കൊണ്ടു് അഭാജ്യസംഖ്യകള്‍ രണ്ടും ഒറ്റസംഖ്യകളായിരിക്കും. അവയുടെ വര്‍ഗ്ഗങ്ങളും. അവയുടെ തുക ഒരു ഇരട്ടസംഖ്യയായിരിക്കും. അതൊരിക്കലും അഭാജ്യസംഖ്യയാവില്ല. (കാരണം, അതു് രണ്ടിന്റെ ഗുണിതമാണു്.) ഇതു തെളിയിക്കാന്‍ പതിനാറു കൊല്ലം പോയിട്ടു പതിനാറു നിമിഷം പോലും വേണ്ട.

ഇനി, രണ്ടിനെ കണക്കാക്കുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ സിദ്ധാന്തം തെറ്റാണെന്നു തെളിയിക്കാനും ഒരു ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിവരം മതി. അപവാദങ്ങള്‍ ആദ്യത്തിലുള്ള സംഖ്യകളില്‍ തന്നെയുണ്ടു്. 22+32 = 13, 22+52 = 29, 22+72 = 53 ഇവയൊക്കെ അഭാജ്യസംഖ്യകള്‍ തന്നെ.

ഒരു സ്കൂളിലെ കണക്കുമാഷ് ഇങ്ങനെയൊരു പൊട്ടസിദ്ധാന്തത്തിനു മുകളില്‍ പതിനാറു കൊല്ലം കുത്തിയിരിക്കുമോ? എനിക്കു തോന്നുന്നില്ല.


കണക്കു താത്പര്യമില്ലാത്തവര്‍ ദയവായി വലത്തുവശത്തുള്ള ഭാഗം വിട്ടുകളഞ്ഞു താഴേയ്ക്കു വായിക്കുക. ചുരുക്കം ഇത്രമാത്രം: അതുപോലെ തന്നെ, പുസ്തകത്തില്‍ ജ്യോതിഷത്തിലെ ഗ്രഹങ്ങളുടെ സ്ഥാനത്തെപ്പറ്റിയും സംഗീതത്തിലെ സ്വരങ്ങളുടെ ആവൃത്തിയെപ്പറ്റിയും പറഞ്ഞിരിക്കുന്നതും തെറ്റാണു്.

ഫെര്‍മയുടെ തിയറത്തില്‍ മാത്രമല്ല പുഷ്പാംഗദനു തെറ്റിയതു്. ആത്മഹത്യയ്ക്കു മുമ്പു് (പുസ്തകം വായിച്ചിട്ടില്ലാത്തവരേ, ആന്റിക്ലൈമാക്സ് പൊളിച്ചതിനു മാപ്പു്) പുഷ്പാംഗദന്‍ അമ്മയ്ക്കും പോലീസിനുമായി എഴുതി വെച്ച കത്തില്‍ ഇങ്ങനെ പറയുന്നു:

(പേജ് 244) എന്റെ അച്ഛന്‍ കെ. സൂര്യനാരായണക്കര്‍ത്താവിനെക്കുറിച്ചു് നിങ്ങളെല്ലാവരും കേട്ടുകാണും. കേരളം മുഴുവനും അറിയുന്ന ജ്യോത്സ്യനായിരുന്നു. സൌരയൂഥത്തെ കവിടിസഞ്ചിയില്‍ കൊണ്ടുനടന്ന മഹാപണ്ഡിതന്‍. ഒരു ദിവസം അച്ഛന്‍ ഒരേയൊരു മകനായ എന്നെയും അമ്മയെയും വിളിച്ചു പറഞ്ഞു: “ഇന്നു വൈകിട്ടു് ആറു മണിക്കു ഞാന്‍ മരിക്കും. അറുപത്തിരണ്ടു വയസ്സും, മൂന്നു മാസവും മൂന്നു ദിവസവും തീരുന്ന ആ സമയത്തു ശനിദശ അവസാനിക്കുന്നു. ശേഷം ചിന്ത്യം എന്നാണു ജാതകത്തില്‍ കാണുന്നതു്. മരണസന്ധിയാണു്.” അന്നു വൈകുന്നേരമായപ്പോള്‍ അച്ഛന്‍ എന്നോടു പറഞ്ഞു: “ക്ലോക്ക് ഇരുപത്തിരണ്ടര മിനിട്ടു പുറകോട്ടാക്കൂ.” എന്നാലേ ലോക്കല്‍ ടൈമാകുകയുള്ളൂ. ഗ്രഹങ്ങള്‍ ചരിക്കുന്നതു ലോക്കല്‍ ടൈമിലാണു്; അതതു സ്ഥലത്തെ അക്ഷാംശം നിര്‍ണ്ണയിക്കുന്ന സമയം.

ഗ്രഹങ്ങള്‍ ലോക്കല്‍ ടൈം അനുസരിച്ചാണു ചരിക്കുന്നതു് എന്ന കണ്ടുപിടിത്തം വിചിത്രമായിരിക്കുന്നു. ഭൂമിയില്‍ എവിടെയാണെങ്കിലും ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നതു് ഒരേ സമയത്തു തന്നെയാണു്. അതിനെ ഉപയോഗിക്കുന്ന ആളുടെ സ്റ്റാന്‍ഡാര്‍ഡ് ടൈമിലേയ്ക്കു മാത്രം മാറ്റിയാല്‍ മതി. അതു് ഏതു ജ്യോത്സ്യനും കണക്കുകൂട്ടുന്നതു് ഏതെങ്കിലും പഞ്ചാംഗം നോക്കിയാണു്. ആ പഞ്ചാംഗത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം ആയിരിക്കും ഉള്ളതു്, അല്ലാതെ നോക്കുന്ന ആളുടെ ലോക്കല്‍ ടൈമല്ല. ഏതെങ്കിലും നിരീക്ഷണശാലയില്‍ കാണുന്നതനുസരിച്ചോ സൂര്യസിദ്ധാന്തം തുടങ്ങിയ പുസ്തകങ്ങളനുസരിച്ചു് ഫോര്‍മുലകളുപയോഗിച്ചോ ആണു് പഞ്ചാംഗത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനം കണ്ടുപിടിക്കുന്നതു്, അല്ലാതെ ജ്യോത്സ്യന്‍ വീട്ടിലിരുന്നു ഗണിക്കുന്നതല്ല. (എങ്ങനെയാണു് ഇപ്പോള്‍ പഞ്ചാംഗമുണ്ടാക്കുന്നവര്‍ ഗണിക്കുന്നതെന്നറിയാന്‍ ഈ പോസ്റ്റ് വായിക്കുക.) ലഗ്നം സ്ഥലമനുസരിച്ചു മാറും. (ആ സ്ഥലത്തു നേരേ കിഴക്കുള്ള രാശിയാണു ലഗ്നം.) പക്ഷേ, ഗ്രഹസ്ഥാനങ്ങളും നക്ഷത്രവും ഒന്നും ലോക്കല്‍ സ്ഥലമനുസരിച്ചു മാറുന്നില്ല.

“അതതു സ്ഥലത്തെ അക്ഷാംശം നിര്‍ണ്ണയിക്കുന്ന സമയം” എന്നതും ശ്രദ്ധിക്കുക. അക്ഷാംശമല്ല, രേഖാംശമാണു് പ്രാദേശികസമയത്തെ നിര്‍ണ്ണയിക്കുന്നതു്. ലഗ്നം തുടങ്ങിയ കാര്യങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ അക്ഷാംശത്തിനു സ്ഥാനമുണ്ടു്, സമയനിര്‍ണ്ണയത്തില്‍ ഇല്ല.


തീര്‍ന്നില്ല. പുഷ്പാംഗദന്‍ തുടര്‍ന്നെഴുതുന്നു:

എന്താണു സംഗീതം? അതു ഗണിതത്തിന്റെ വകഭേദമാണു്. ‘സ’ ഒന്നാണെങ്കില്‍ ‘രി’യുടെ ശ്രുതി 11/8 ആണു്, ‘ഗ’ 11/4 ആണു്. അങ്ങനെയാണെങ്കില്‍ പ്രൈം നമ്പരുകളുടെ സംഗീതം 11-ല്‍ തുടങ്ങട്ടെ. അടുത്ത പ്രൈം നമ്പര്‍ 13, അതു പതിനൊന്നിന്റെ 12/11 ആണു്, അടുത്തതു 17, പതിനൊന്നിന്റെ 16/11 ആണു്…

എനിക്കാകെ ചിന്താക്കുഴപ്പമായി. സംഗീതത്തില്‍ അടുത്ത ഓക്ടേവില്‍ എത്തുമ്പോള്‍ ആവൃത്തി ഇരട്ടിയാവുന്നു. 12 സ്വരസ്ഥാനമുള്ള ഭാരതീയസംഗീതത്തില്‍ അപ്പോള്‍ അടുത്തടുത്ത സ്വരസ്ഥാനങ്ങള്‍ തമ്മിലുള്ള അനുപാതം ഏകദേശം രണ്ടിന്റെ പന്ത്രണ്ടാമത്തെ മൂലം () ആണു്. ഡോ. എസ്. വെങ്കടസുബ്രഹ്മണ്യയ്യരുടെ “സംഗീതശാസ്ത്രപ്രവേശിക” അനുസരിച്ചു് ആ അനുപാതങ്ങള്‍ താഴെപ്പറയുന്നവയാണു്. (ഷഡ്ജത്തിന്റെ ആവൃത്തി 1 എന്നതിനനുസരിച്ചുള്ള അനുപാതങ്ങളാണു് രണ്ടാം നിരയില്‍. ഷഡ്ജത്തിന്റെ ആവൃത്തി 256 എന്നതിനനുസരിച്ചുള്ള ആവൃത്തികളാണു് മൂന്നാം നിരയില്‍.)

സ്വരം ആവൃത്തി
(സ = 1) (സ = 256)
സ: ഷഡ്ജം 1 256
രി1: കോമള (ശുദ്ധ) ഋഷഭം 16/15 273
രി2: തീവ്ര (ചതുഃശ്രുതി) ഋഷഭം 9/8 288
ഗ1: കോമള (സാധാരണ) ഗാന്ധാരം 6/5 307
ഗ2: തീവ്ര (അന്തര) ഗാന്ധാരം 5/4 320
മ1: കോമള (ശുദ്ധ) മദ്ധ്യമം 4/3 341
മ2: തീവ്ര (പ്രതി) മദ്ധ്യമം 64/45 364
പ: പഞ്ചമം 3/2 384
ധ1: കോമള (ശുദ്ധ) ധൈവതം 8/5 410
ധ2: തീവ്ര (ചതുഃശ്രുതി)ധൈവതം 27/16 432
നി1: കോമള (കൈശികി) നിഷാദം 9/5 461
നി2: ശുദ്ധ (കാകളി) നിഷാദം 15/8 480
അടുത്ത ഷഡ്ജം 2 512
  1. ഇവിടെ കൊടുത്തതനുസരിച്ചു് രി1 – 256/243, ഗ1 – 32/27, മ2 – 45/32, ധ1 – 128/81, ധ2 – 5/3, നി1 – 9/5 എന്നിങ്ങനെ ചെറിയ വ്യത്യാസങ്ങളുണ്ടു്.
  2. 22 സ്വരസ്ഥാനങ്ങളും പരിഗണിക്കാറുണ്ടു്. അവയുടെ ആവൃത്തികള്‍ ഈ പേജില്‍ കാണാം.

പുഷ്പാംഗദന്റെ കണക്കനുസരിച്ചു് സ-യുടെ ആവൃത്തി 256 ആണെങ്കില്‍ രി-യുടെ ആവൃത്തി 256 x 11/8 = 352, ഗ-യുടെ ആവൃത്തി 256 x 11/4 = 704 എന്നു കിട്ടും. ഈ മൂല്യങ്ങള്‍ ഏതായാലും പരമാബദ്ധം തന്നെ. സംഗീതത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നവര്‍ ദയവായി പറഞ്ഞുതരൂ.

അതു പോകട്ടേ. കണക്കുമാഷിനു് സംഗീതം അറിയില്ല എന്നു വെയ്ക്കാം. പക്ഷേ 13 എന്ന സംഖ്യ 11-ന്റെ 12/11 ആണെന്നു പറയുമോ? ഈ 12/11, 16/11 എന്നിവയ്ക്കു് എന്തു താളമാണെന്നു് മനസ്സിലാകുന്നില്ല. അഥവാ എന്തെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ അടുത്ത അഭാജ്യസംഖ്യയായ 19-ല്‍ (പുഷ്പാംഗദന്റെ കണക്കനുസരിച്ചു് അതു് 11-ന്റെ 18/11 ആയിരിക്കാം!) ഈ താളം തെറ്റുന്നുണ്ടല്ലോ.

പ്ലീസ്, ആരെങ്കിലും ഒന്നു സഹായിക്കൂ…


മുകളില്‍പ്പറഞ്ഞ തെറ്റുകള്‍ നോവലിസ്റ്റ് പറഞ്ഞതല്ല, മറിച്ചു് പുഷ്പാംഗദന്‍ പറഞ്ഞതാണു് എന്നൊരു വാദം ഉണ്ടാവാം. എങ്കിലും ഒരു സ്കൂളിലെ കണക്കുമാഷ് ഇങ്ങനെയുള്ള ഭീമാബദ്ധങ്ങള്‍ കണക്കില്‍ വരുത്തുമോ? ഒരു ആറാം ക്ലാസ്സു കാരനു ഒറ്റ നോട്ടത്തില്‍ തെളിയിക്കാവുന്ന ഒരു സിദ്ധാന്തത്തില്‍ പതിനാറു കൊല്ലം ഒരു ചെലവാക്കുമോ? പോട്ടേ, 11-നെ 11 കൊണ്ടു ഹരിച്ചു 12 കൊണ്ടു ഗുണിച്ചാല്‍ 13 കിട്ടും എന്നു പറയുമോ?

“ഇങ്ങനെയുള്ള അബദ്ധങ്ങള്‍ മാത്രം പറഞ്ഞും ജീവിച്ചും ജീവിതം മുഴുവന്‍ ഒരു അബദ്ധമായ സിദ്ധാന്തമായി പരിണമിച്ച ദാര്‍ശനികവ്യഥയുടെ പ്രതീകമാണു കഥയിലെ പുഷ്പാംഗദന്‍” എന്നോ മറ്റോ പറഞ്ഞു വേണമെങ്കില്‍ തടിയൂരാം. അങ്ങനെ മനഃപൂര്‍വ്വം വരുത്തിയ തെറ്റല്ലെങ്കില്‍, ഒന്നേ പറയാനുള്ളൂ. തന്റെ പുസ്തകത്തില്‍ ചരിത്രം, വള്ളപ്പണി, ചവിട്ടുനാടകം, ബിരിയാണിയുടെ പാചകക്രമം, ഹിന്ദുസ്ഥാനിസംഗീതം തുടങ്ങി പല വിഷയങ്ങളെപ്പറ്റി ശ്രീ മാധവന്‍ വിവരിക്കുന്നുണ്ടു്. ഇവയൊക്കെ അദ്ദേഹത്തിനു് അറിവുള്ള വിഷയങ്ങളാവണമെന്നില്ല. അതിനാല്‍ അവ വായിച്ചോ ആരോടെങ്കിലും ചോദിച്ചോ ആവാം അദ്ദേഹം മനസ്സിലാക്കിയതു്. അതു പോലെ ഗണിതവും കഥയില്‍ ഉള്‍ക്കൊള്ളിക്കണമെന്നു് അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കാം. പക്ഷേ, അതിനായി അദ്ദേഹം ആശ്രയിച്ച ആള്‍ തെറ്റിപ്പോയി എന്നേ പറയാനുള്ളൂ.


നോവലില്‍ പ്രതിപാദിക്കുന്ന പല സംഭവങ്ങളെപ്പറ്റിയും ശ്രീ എന്‍. എസ്. മാധവനു് ആധികാരികമായ വിവരം ഇല്ലെന്നു തോന്നുന്നു. പുസ്തകത്തിന്റെ ആദിയിലുള്ള നന്ദിപ്രകാശനത്തില്‍ പലരും ചൂണ്ടിക്കാട്ടിയ തെറ്റുകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ടു്. വിശാലമായ ഒരു കാന്‍‌വാസില്‍ കഥ പറയുമ്പോള്‍ പലപ്പോഴും അതിനാവശ്യമായ വിവരങ്ങള്‍ മറ്റു പലയിടത്തു നിന്നും നേടേണ്ടതായി വരും. അതു സ്വാഭാവികം.

നേരേ മറിച്ചു്, ചരിത്രവസ്തുതകളെയും ശാസ്ത്രസത്യങ്ങളെയും മാറ്റിയെഴുതുന്നതു് ക്രിയേറ്റീവ് റൈറ്റിംഗിന്റെ ഭാഗമാണെന്ന വാദം ഉണ്ടായേക്കാം. അതിശയോക്തി മുതലായ അലങ്കാരങ്ങള്‍ തൊട്ടു മാജിക്കല്‍ റിയലിസം വരെ പല സാഹിത്യസങ്കേതങ്ങളും ഇതിനെ അനുവദിക്കുന്നുമുണ്ടു്. പക്ഷേ ഈ വിധത്തില്‍ വസ്തുതകള്‍ മാറ്റിമറിക്കുമ്പോള്‍ അതു മാറ്റിമറിച്ചവയാണു് എന്ന ബോധം വായനക്കാരനുണ്ടാവാറുണ്ടു്. നളചരിതവും കുഞ്ചന്‍ നമ്പ്യാരുടെ കഥയും പൊളിച്ചെഴുതിയ വി. കെ. എന്‍. പലപ്പോഴും വസ്തുതാകഥനങ്ങളില്‍ കാണിക്കുന്ന കൃത്യത അദ്ഭുതകരമാണു്. സിഡ്നി ഷെല്‍ഡനെപ്പോലെയുള്ള ത്രില്ലര്‍ എഴുത്തുകാരാകട്ടേ, ഓരോ പുസ്തകത്തിനും പിന്നില്‍ വളരെയധികം ഗവേഷണങ്ങള്‍ നടത്തിയിട്ടാണു് അതു പ്രസിദ്ധീകരിക്കുന്നതു്.

ആനന്ദിന്റെ “നാലാമത്തെ ആണി”, കസാന്ദ് സാക്കീസിന്റെ “ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം”, ഡാന്‍ ബ്രൌണിന്റെ “ഡാവിഞ്ചി കോഡ്” തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചു് ആരും ബൈബിളിലെ കഥ തെറ്റിദ്ധരിക്കില്ല. കാരണം അവയില്‍ ഫിക്‍ഷനാണു കൂടുതല്‍ എന്നു് വായനക്കാര്‍ക്കറിയാം. എന്നാല്‍ അതുപോലെയല്ല യാഥാര്‍ത്ഥ്യത്തിലേക്കു കൂടുതല്‍ അടുത്തു നില്‍ക്കുന്ന “ലന്തന്‍ ബത്തേരി” പോലെയുള്ള പുസ്തകങ്ങള്‍. ഈ യഥാര്‍ത്ഥാഭാസാഖ്യാനം വസ്തുതകളെ തെറ്റായി കാണാന്‍ വായനക്കാരെ പ്രേരിപ്പിച്ചേക്കാം. (നെഹ്രുവിന്റെ മുന്നില്‍ ചവിട്ടുനാടകം കാണിച്ച ഒരു സംഭവം മാത്രമേ ഇതില്‍ യാഥാര്‍ത്ഥ്യമല്ല എന്ന തോന്നല്‍ ഉണ്ടാക്കിയുള്ളൂ.)

ഉദാഹരണമായി, കൊളംബസിനും വാസ്കോ ഡി ഗാമയ്ക്കും മറ്റും യാത്ര ചെയ്യാന്‍ ഫണ്ടു കിട്ടിയതു് ഭൂമിയുടെ ചുറ്റളവിനെപ്പറ്റി അന്നുണ്ടായിരുന്ന അബദ്ധധാരണ കൊണ്ടാണു് എന്നു പുസ്തകത്തില്‍ പറയുന്നുണ്ടു്. ഈ വസ്തുത ശരിയാണോ തെറ്റാണോ എന്നു് എനിക്കറിയില്ല. പക്ഷേ, ഈ പുസ്തകത്തില്‍ നിന്നു് അതൊരു പുതിയ അറിവായി ഞാന്‍ കൈക്കൊണ്ടു. പണ്ടു് ഓട്ടവയെ ഒഷാവ എന്നു വിളിച്ചതു പോലെ അതു് മറ്റു പലര്‍ക്കും കൈമാറി എന്നു വന്നേക്കാം. ലന്തക്കാരുടെയും മറ്റും അധിനിവേശത്തെപ്പറ്റിയും പല വാക്കുകളുടെയും ഉത്പത്തിയെപ്പറ്റിയും കേരളത്തിലെ രാഷ്ട്രീയചരിത്രത്തെപ്പറ്റിയും ഹിന്ദുസ്ഥാനി സംഗീതത്തെപ്പറ്റിയും പലതരം പാചകവിധികളെപ്പറ്റിയും ഇതു പോലെ ധാരാളം പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ടു്. ഇവയില്‍ എത്രത്തോളം ശരിയാണെന്നറിയാനുള്ള അവകാശം വായനക്കാരനില്ലേ?

ഇതിനോടു സമാനമായ ഒരു ആരോപണം എന്റെ അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ് എന്ന പോസ്റ്റിനെപ്പറ്റി ഉണ്ടായിട്ടുണ്ടു്. അതിലെ വസ്തുതകള്‍ ചരിത്രവുമായി യോജിച്ചു പോകുന്നില്ല എന്നു്. അതു ചരിത്രത്തോടു നീതി പുലര്‍ത്തുന്നില്ല എന്ന ഡിസ്ക്ലൈമറും “ആക്ഷേപഹാസ്യം” എന്ന ലേബലും അതിലെ ചരിത്രസംഭവങ്ങളെ യഥാര്‍ത്ഥമായി എടുക്കരുതു് എന്ന സന്ദേശം വായനക്കാര്‍ക്കും നല്‍കും എന്നു ഞാന്‍ കരുതുന്നു.

ചരിത്രം പറയുന്ന കഥകള്‍ക്കുള്ള ഒരു പ്രശ്നം ആ കഥകളില്‍ കൂടി വായനക്കാരന്‍ ചരിത്രത്തെ കാണും എന്നതാണു്. സി. വി. രാമന്‍ പിള്ളയുടെ ആഖ്യായികള്‍ തിരുവിതാംകൂര്‍ ചരിത്രത്തെ വളച്ചൊടിച്ചതു് ഇവിടെ ഓര്‍ക്കാം. എം. ടി. യുടെ തിരക്കഥകള്‍ക്കു ശേഷം പെരുന്തച്ചനും ഉണ്ണിയാര്‍ച്ചയുമൊക്കെ വേറേ രൂപം പൂണ്ടു് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചതു മറ്റൊരുദാഹരണം. ഒരു കാട്ടുപെണ്ണിനെ വളച്ചു ഗര്‍ഭിണിയാക്കിയതിനു ശേഷം കയ്യൊഴിഞ്ഞ ദുഷ്ടനായ രാജാവിനെ ധീരോദാത്തനതിപ്രതാപഗുണവാനാക്കി വെള്ളയടിക്കാന്‍ ഒരു പാവം മുനിയെ വില്ലനാക്കിയ കാളിദാസന്റെ പ്രവൃത്തിയും ഈക്കാര്യത്തില്‍ വ്യത്യസ്തമല്ല.

എന്തായാലും, കോട്ടയത്തെ തന്റെ വീട്ടിലിരുന്നു സ്വന്തം ഭാവനയിലൂടെ കാര്‍പാത്യന്‍ മലയിടുക്കുകളിലെ ഭൂപ്രകൃതി വര്‍ണ്ണിച്ച കോട്ടയം പുഷ്പനാഥിന്റെയും, വടക്കന്‍ പാട്ടുകളിലെ നായികമാരെ ബ്രേസിയറും ബ്ലൌസും ധരിപ്പിച്ച കുഞ്ചാക്കോയുടെയും വഴിയേ എന്‍. എസ്. മാധവന്‍ പോകരുതു് എന്നു് ആഗ്രഹമുണ്ടു്-എഴുത്തുകാരനു് സത്യം വളച്ചൊടിക്കാന്‍ എത്ര സ്വാതന്ത്ര്യം കൊടുക്കണമെന്നു വാദിച്ചാലും.

ഗണിതം (Mathematics)
ചുഴിഞ്ഞുനോക്കല്‍
ജ്യോതിശ്ശാസ്ത്രം
ജ്യോത്സ്യം
വായിച്ച പുസ്തകങ്ങള്
സാഹിത്യം

Comments (27)

Permalink

ഞാന്‍ പ്രതിഷേധിക്കുന്നു

 

ശ്രീ എം. കെ. ഹരികുമാര്‍ ബ്ലോഗു തുടങ്ങുകയും മറ്റു പല ബ്ലോഗുകളിലും പോയി “ഞാന്‍ നിങ്ങളുടെ ബ്ലോഗ് വായിക്കാം. നിങ്ങള്‍ എന്റേതും വായിക്കൂ…” എന്നു കമന്റിടുകയും ചെയ്തപ്പോഴേ അദ്ദേഹത്തിന്റെ ബ്ലോഗ് ശ്രദ്ധിക്കാന്‍ തുടങ്ങിയതാണു ഞാന്‍. പക്ഷേ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ശ്രദ്ധിക്കേണ്ടതായി ഒന്നും കണ്ടില്ല. ഈ എഴുത്തുകാരന്‍ കലാകൌമുദിയില്‍ പ്രൊഫ. എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലത്തിന്റെ തുടര്‍ച്ചയായി ഒരു കോളം എഴുതുന്നുണ്ടെന്നറിഞ്ഞപ്പോള്‍ അദ്ഭുതം തോന്നി. കലാകൌമുദിയില്‍ എഴുതുന്ന ഒരു നിരൂപകനില്‍ നിന്നു പ്രതീക്ഷിക്കാത്ത അക്ഷരത്തെറ്റുകളും പ്രയോഗവൈകല്യങ്ങളും കണ്ടതും പോസ്റ്റുകള്‍ക്കു വിചാരിച്ചതു പോലെ നിലവാ‍രം കാണാതെ വരികയും ചെയ്തതാണു കാരണം. അവഗണിക്കുന്ന അനേകം ബ്ലോഗുകളില്‍ ഒന്നായി അതു മാറി. എങ്കിലും സബ്സ്ക്രൈബ് ചെയ്തിരുന്ന ഒരു ബ്ലോഗായിരുന്നതു കൊണ്ടു് അതില്‍ പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ ഞാന്‍ അറിയുമായിരുന്നു. പലപ്പോഴും ഒന്നു് ഓടിച്ചു വായിച്ചു നോക്കുമാ‍യിരുന്നു-എന്തെങ്കിലും നല്ലതു തടഞ്ഞാലോ എന്നു കരുതി.

“കേരളം-50 ഭാവങ്ങള്‍” എന്ന പംക്തി കണ്ടപ്പോള്‍ ചിരിയാണു വന്നതു്. പ്രിന്റ് മീഡിയയില്‍ ഇങ്ങനെ പല ഫീച്ചറുകളും കണ്ടിട്ടുണ്ടു്. ഏതാനും ലക്കങ്ങളിലെ പ്രതിഫലം ഉറപ്പാക്കാന്‍ അമ്പതു ലക്കങ്ങളിലേക്കു് ഒരു പംക്തി തുടങ്ങുന്നതു കണ്ടിട്ടുണ്ടു്. അന്നൊക്കെ വിചാരിച്ചിരുന്നതു് അതെഴുതുന്നവര്‍ നേരത്തേ എഴുതിത്തയ്യാറാക്കിയതു് സ്ഥലപരിമിതി മൂലം പല ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു എന്നാണു്. അല്ലെങ്കില്‍ കൃത്യം 50 ഭാവങ്ങള്‍ എന്നെങ്ങനെ അറിയും? ഓരോന്നായി എഴുതുന്ന പോസ്റ്റുകളുടെ മൊത്തം എണ്ണം ആദ്യമേ ഉറപ്പിച്ചതു കണ്ടപ്പോള്‍ ഇദ്ദേഹം പ്രിന്റ് മീഡിയയുടെ ഗിമ്മിക്കുകളില്‍ നിന്നു പുറത്തു വന്നില്ലല്ലോ എന്നോര്‍ത്തായിരുന്നു ചിരിച്ചതു്. ഈ അമ്പതു ഭാ‍വങ്ങളാകട്ടേ, പ്രത്യേകിച്ചു് ഒരു ചമത്കാരവുമില്ലാത്ത കുറേ വിശേഷങ്ങള്‍ മാത്രം.

ദോഷം പറയരുതല്ലോ, ഹരികുമാര്‍ ബ്ലോഗില്‍ എഴുതിയതില്‍ ഏറ്റവും പാരായണയോഗ്യം ഈ ഭാവങ്ങള്‍ തന്നെ. തീയതി വെച്ചു് ദിവസേന ഒന്നെന്ന കണക്കിനു പടച്ചു വിട്ട കുറിപ്പുകളിലും കവിത എന്നു തോന്നിക്കുന്ന കുറേ പടപ്പുകളിലും (ഇവ എഴുതിയ ആളാണല്ലോ വിത്സന്‍ കവിയാണോ എന്നു് ഉത്പ്രേക്ഷിച്ചതു്, കഷ്ടം!) ജീവിത്തത്തില്‍ ഇതു വരെ പരീക്ഷയുടെ ഉത്തരക്കടലാസിലല്ലാതെ മലയാളം എഴുതിയിട്ടില്ല എന്നു പറഞ്ഞു ബ്ലോഗിംഗ് തുടങ്ങുന്നവരുടെ ആദ്യപോസ്റ്റുകളില്‍ കാണുന്നതില്‍ കൂടുതല്‍ ഒന്നും കാണാന്‍ കഴിഞ്ഞിട്ടുമില്ല.

അങ്ങനെയിരിക്കുമ്പോഴാണു് പ്രേം നസീറാണു മലയാളത്തിലെ ഏറ്റവും വലിയ നടന്‍ എന്ന ഒരു പോസ്റ്റ് അദ്ദേഹം ഇട്ടതു്. അതിനു കുഴപ്പമൊന്നുമില്ല. അങ്ങനെ വിശ്വസിക്കാനും എഴുതാനും ഉള്ള അവകാശം അദ്ദേഹത്തിനുണ്ടു്. പക്ഷേ, അതിനോടു വിയോജിക്കാനുള്ള അവകാശം വായനക്കാര്‍ക്കുമുണ്ടു്. കലാകൌമുദിയില്‍ എഴുതിയതിനോടു വിയോജിച്ചെഴുതുന്ന കത്തുകള്‍ പലതും വാരികക്കാര്‍ മുക്കും-സ്ഥലപരിമിതി പറഞ്ഞു്. പക്ഷേ, ബ്ലോഗില്‍ അങ്ങനെയൊരു സംഗതി ഇല്ല. വിമര്‍ശനം സഹിക്കാന്‍ കഴിയാത്തവനുള്ള സ്ഥലമല്ല ബ്ലോഗ്. ആ പോസ്റ്റിന്റെ കമന്റുകളില്‍ ആരെങ്കിലും ഹരികുമാറിനെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്നെനിക്കു തോന്നുന്നില്ല. മറിച്ചു്, അദ്ദേഹത്തിന്റെ അഭിപ്രായം ശരിയല്ല എന്നു് ഉദാഹരണസഹിതം വിശദീകരിക്കുക മാത്രമാണു ചെയ്തതു്.

വ്യക്തിപരമായ ആക്രമണം തുടങ്ങിവെച്ചതു ഹരികുമാര്‍ തന്നെയാണു്. അദ്ദേഹത്തെ എതിര്‍ത്തു പറഞ്ഞവരെയൊക്കെ ചീത്ത വിളിച്ചു. അവരൊക്കെ ഒരു പത്രാധിപര്‍ക്കുള്ള കത്തു പോലും എഴുതിയിട്ടില്ലാത്തവരാണെന്നു് അധിക്ഷേപിച്ചു. താന്‍ എഴുതുന്ന കോളം മലയാളത്തിലെ ഏറ്റവും മികച്ച പംക്തിയാണെന്നു് അഹങ്കരിച്ചു. നസീറൊഴികെ എതെങ്കിലും നടനെപ്പറ്റി പറഞ്ഞവരൊക്കെ വിവരമില്ലാത്തവരാണെന്നു പ്രഖ്യാപിച്ചു. അദ്ദേഹത്തെ എതിര്‍ത്തവര്‍ പലരല്ല, ഒരാള്‍ തന്നെ പല കള്ളപ്പേരുകളില്‍ എഴുതുന്നവരാണെന്നു് ആരോപിച്ചു.

ഒരേ ആള്‍ തന്നെ പത്രാധിപക്കുറിപ്പും വാരഫല-ജ്യോത്സ്യപംക്തിയും ഡോക്ടറോടു ചോദിക്കുന്ന പംക്തിയും വനിതാലോകത്തിലെ സോദരിച്ചെച്ചിയും വായനക്കാരുടെ കത്തുകളും എഴുതുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്തതു കൊണ്ടാവണം ഹരികുമാറിനു് ഇങ്ങനെയൊരു തോന്നല്‍ ഉണ്ടായതു്. എഡിറ്ററായിരുന്നപ്പോള്‍ പല പേരില്‍ എഴുതുമായിരുന്നു എന്നു രാം മോഹന്‍ പാ‍ലിയത്തു തന്നെ ഇവിടെ പറഞ്ഞിട്ടുണ്ടല്ലോ.

തൂലികാനാമം ഉപയോഗിക്കുന്നവരെ ചീത്ത പറയുകയും അദ്ദേഹത്തെ ഏതെങ്കിലും വിധത്തില്‍ പുകഴ്ത്തിയവരെ മാത്രം വിവരമുള്ളവരായി ചിത്രീകരിക്കുകയും ചെയ്തു് ഹരികുമാര്‍ കൂടുതല്‍ അപഹാസ്യനായി. തന്നെ വിമര്‍ശിച്ച പലരും തന്നെക്കാള്‍ കൂടുതല്‍ വിവരമുള്ളവരാണെന്നു കണ്ടപ്പോള്‍ അവരെ വെട്ടുക്കിളികളെന്നും മറ്റും വിളിച്ചു് പിന്നെയും അപഹാസ്യനായി.

ഇത്രയും മാത്രമേ ചെയ്തുള്ളൂ എങ്കില്‍ അതു വിവരമില്ലാത്ത ഒരു ബ്ലോഗറുടെ തോന്ന്യവാസം എന്നു കരുതി വെറുതേ വിടാമായിരുന്നു. പക്ഷേ, അദ്ദേഹം ഇതേ അഭിപ്രായം തന്നെ “കലാകൌമുദി” വാരികയിലും എഴുതി വിട്ടു. കൂട്ടത്തില്‍ കവിയായ വിത്സനെ അപമാനിച്ചു കൊണ്ടും ഇതിനെപ്പറ്റി ഒന്നുമറിയാത്ത ലാപുടയ്ക്കെതിരെ ഒരു ആരോപണം ഉന്നയിച്ചുകൊണ്ടും. ഇതു് ഗൌരവമായി എടുക്കേണ്ട സംഗതിയാണു്. അടിസ്ഥാനമില്ലാത്ത ഇത്തരം ജല്പനങ്ങള്‍ പ്രസിദ്ധീകരിച്ച “കലാകൌമുദി” മലയാളികളോടു വിശദീകരണം നല്‍കണം. ഹരികുമാര്‍ താന്‍ ചെയ്ത തെറ്റായ പ്രസ്താവനകള്‍ക്കെങ്കിലും മാപ്പു പറയണം.

ഇതു വെളിച്ചത്തു കൊണ്ടു വരാന്‍ വേണ്ടി ഈ പോസ്റ്റിട്ട അഞ്ചല്‍ക്കാരനും അതിനു മുമ്പു് കലാകൌമുദി ലേഖനം സ്കാന്‍ ചെയ്തു് എവിടെയോ ഇട്ട ബ്ലോഗര്‍ക്കും (അനാഗതശ്മശ്രു?) നന്ദി.

(അഗ്രിഗേറ്ററുകളില്‍ വരാത്തതിനാലും എന്റെ സബ്സ്ക്രിപ്ഷന്‍ ലിസ്റ്റില്‍ ഇല്ലാത്തതിനാലും നേരത്തേ കാണാന്‍ പറ്റാഞ്ഞ ഈ പോസ്റ്റിനെപ്പറ്റി ഈ-മെയിലിലൂടെയും ചാറ്റിലൂടെയും നേരിട്ടും വായനലിസ്റ്റിലൂടെ പരോക്ഷമായും എന്നെ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.)

കലാകൌമുദിയ്ക്കെതിരേ മലയാളം ബ്ലോഗെഴുത്തുകാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ ഞാനും പങ്കു ചേരുന്നു.


ഹരികുമാര്‍ ബ്ലോഗേഴ്സിനെ വെട്ടുക്കിളികള്‍ എന്നു വിളിച്ചതു് അസംബന്ധമായിരുന്നു. എങ്കിലും ഈ വിഷയത്തെപ്പറ്റി കേട്ട ആരെങ്കിലും മുകളില്‍പ്പറഞ്ഞ (അഞ്ചല്‍ക്കാരന്റെ) പോസ്റ്റില്‍ വന്നു് അതിലെ കമന്റുകള്‍ വായിച്ചാല്‍ ചിലപ്പോള്‍ അങ്ങേരെ ന്യായീകരിച്ചെന്നു വരും. കാരണം, അത്ര മോശം ഭാഷയാണു് നാം അവിടെ ഉപയോഗിച്ചതു്. ഹരികുമാര്‍ എന്തു തെറ്റു ചെയ്താലും, ഇത്ര തരം താണ ഭാഷയില്‍ നമ്മള്‍ സംസാരിക്കരുതായിരുന്നു. കൈപ്പള്ളിയുടെ

തെറി വിളിക്കേണ്ട സമയത്ത്, വിളിക്കേണ്ടവരെ ഭേഷ വിളിക്കാനുള്ളതാണു്. അല്ലാതെ വണ്ടി യോട്ടികുമ്പം കുറുക്കേ ചാടണ മാടിനെം പോത്തിനെ വിളിക്കാനുള്ളതല്ല.

പരസ്യമായി തെറി വിളിക്കാന്‍ ഇതിലും നല്ല ഒരു അവസര്മ് ഇനി കിട്ടിയെന്നു വരില്ല. രണ്ടണ്ണം നീയും വിളിച്ചോ. 🙂

എന്ന പ്രസ്താവത്തോടു യോജിക്കാന്‍ എന്തോ എനിക്കു കഴിയുന്നില്ല.

അതോടൊപ്പം തന്നെ, ഈ ഒറ്റപ്പെട്ട സംഭവത്തെ മുന്‍‌നിര്‍ത്തി പ്രിന്റ് മീഡിയയെ മുഴുവന്‍ തെറി വിളിക്കുന്നതും ശരിയല്ല. പത്രവാര്‍ത്തകളിലും മറ്റും കാണുന്ന തെറ്റുകളെയും ഇരട്ടത്താപ്പുകളെയും നാം വിമര്‍ശിക്കുന്നു എന്നതു ശരി തന്നെ. എങ്കിലും മനുഷ്യരാശിയുടെ അറിവിനെ ഇത്ര കാലവും കാത്തുസൂക്ഷിച്ച കടലാസിനെ ഇപ്പോള്‍ വന്ന കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും പേരില്‍ തള്ളിപ്പറയുന്നതു ശരിയല്ല്ല.

ഞാന്‍ പ്രിന്റ് മീഡിയയില്‍ എന്റെ കൃതികള്‍ പ്രസിദ്ധീകരിക്കണം എന്ന ആഗ്രഹവുമായി നടക്കുന്ന ആളല്ല. എങ്കിലും ഇന്റര്‍നെറ്റില്‍ നിന്നു കിട്ടുന്നതിന്റെ പതിന്മടങ്ങു വായന അച്ചടിച്ച പുസ്തകങ്ങളില്‍ നിന്നു കിട്ടുന്ന ഒരാളാണു്.

ഹരികുമാറിനെ ഇത്ര തരം താണ രീതിയില്‍ തെറി പറഞ്ഞു കമന്റിട്ടതിനും പ്രിന്റ് മീഡിയയെ അടച്ചു ചീത്ത വിളിച്ചതിനും അതു ചെയ്തവര്‍ക്കെതിരേ (അഞ്ചല്‍ക്കാരനും കമന്റിട്ട അനേകം ആളുകള്‍ക്കും എതിരേ അല്ല) ഞാന്‍ പ്രതിഷേധിക്കുന്നു.


ഈ വിഷയത്തില്‍ ഇതു വരെ മൌനം അവലംബിച്ച ബ്ലോഗെഴുത്തുകാരെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിക്കുന്നതു കണ്ടു. ബൂലോഗത്തു് ഇപ്പോള്‍ ഒരുപാടു കാര്യങ്ങള്‍ നടക്കുന്നുണ്ടു്. കലേഷിന്റെ കല്യാണവും ആദ്യത്തെ ബ്ലോഗ്‌മീറ്റും പണ്ടു് ബ്ലോഗെഴുത്തുകാര്‍ മുഴുവനും കൂടി ആഘോഷിച്ചിട്ടുണ്ടു്. തുടര്‍ന്നു വന്ന എല്ലാ കല്യാണങ്ങള്‍ക്കും മീറ്റുകള്‍ക്കും ആ ആവേശം ഉണ്ടാവണമെന്നില്ല. മഹാത്മാഗാന്ധി നിസ്സഹകരണപ്രസ്ഥാനം തുടങ്ങിയപ്പോള്‍ കിട്ടിയ പിന്തുണയൊന്നും കേരളത്തില്‍ ഇപ്പോള്‍ എല്ലാ ആഴ്ചയിലും നടക്കുന്ന ഹര്‍ത്താലുകള്‍ക്കും കിട്ടാറില്ലല്ലോ.

“അതു ചെയ്തവര്‍ എന്തേ ഇതു ചെയ്യുന്നില്ല?” എന്ന ചോദ്യം അസ്ഥാനത്താണു്. ബ്ലോഗുകളുടെ എണ്ണം കൂടി, പ്രശ്നങ്ങളുടെ എണ്ണം കൂടി, ആളുകളുടെ സമയം കുറഞ്ഞു, വായന തിരഞ്ഞെടുത്ത പോസ്റ്റുകള്‍ മാത്രമായി, പോസ്റ്റുകള്‍ കാണാതെ പോകുന്നു, കണ്ടവയില്‍ പലതും കൂടുതല്‍ ചിന്തിക്കാതെ വിട്ടുകളയുന്നു, അങ്ങനെ പലതും.

കഴിഞ്ഞ കുറേക്കാലമായി പ്രശ്നങ്ങള്‍ പലതുണ്ടു്. വ്യാജ ഐഡി എടുത്ത പല കേസുകള്‍, പോസ്റ്റുകള്‍ മോഷ്ടിച്ച പല കേസുകള്‍, പുഴ.കോം അനുവാദമില്ലാതെ ബ്ലോഗ് സ്നിപ്പറ്റുകള്‍ ഇട്ടതു്, പാചകക്കുറിപ്പുകള്‍ യാഹൂ പൊക്കിയതു്, ലോനപ്പന്‍/വിവിയെ ആരോ മേലധികാരിയോടു പരാതിപ്പെട്ടു് ഉപദ്രവിച്ചതു്, ചിത്രകാരനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതു്, കുറുമാന്‍ പെണ്ണുപിടിയനാണോ അല്ലയോ എന്നതു്, രാം മോഹന്‍ പാലിയത്തിന്റെ പോസ്റ്റില്‍ അശ്ലീലം ഉണ്ടോ ഇല്ലയോ എന്നതു്, ഹരികുമാര്‍ ബ്ലോഗെഴുത്തുകാരെ അധിക്ഷേപിച്ചതു് തുടങ്ങി നൂറു കാര്യങ്ങള്‍. ഇവയിലെല്ലാം തലയിടാന്‍ എല്ലാവര്‍ക്കും താത്പര്യം ഉണ്ടായെന്നു വരുകില്ല. എന്നെ സംബന്ധിച്ചു്, എനിക്കു കൂടുതല്‍ താത്പര്യം പലപ്പോഴും ജ്യോതിഷം ശാസ്ത്രമാണെന്നു പറയുന്നവരെ എതിര്‍ക്കാനും അക്ഷരത്തെറ്റു തിരുത്താനുമൊക്കെ ആണു്. രാഷ്ട്രീയബോധം കുറവായതുകൊണ്ടായിരിക്കാം. പക്ഷേ ഈ രാഷ്ട്രീയബോധവും ആപേക്ഷികമാണല്ലോ.

മുകളില്‍ പറഞ്ഞ പ്രശ്നങ്ങളില്‍ യാഹൂ കോപ്പിറൈറ്റ് പ്രശ്നത്തിലും ഹരികുമാറിന്റെ പ്രശ്നത്തിലുമൊഴികെ ഒന്നിലും ഞാന്‍ പ്രതിഷേധിക്കുകയോ അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല. അതു് എന്റെ സ്വാതന്ത്ര്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. എവിടെയങ്കിലും ആരെങ്കിലും പ്രതികരിച്ചിട്ടുണ്ടെങ്കില്‍ പിന്നെയുള്ള എല്ലാ സംഭവങ്ങള്‍ക്കും അവരൊക്കെ പ്രതികരിക്കണം എന്നു ശഠിക്കുന്നതു തെറ്റാണു്. ഒരാള്‍ പ്രത്യേകം പേരെടുത്തു പറഞ്ഞ വക്കാരിയെ ഇപ്പോള്‍ ബ്ലോഗില്‍ത്തന്നെ കാണാനില്ല. ഗവേഷണവിദ്യാര്‍ത്ഥിയായ അദ്ദേഹത്തിനു സമയം കുറവായിരിക്കും. സമയം ഉണ്ടായിരുന്ന സമയത്തു പത്തു പുറത്തില്‍ അഭിപ്രായം എഴുതി. ഇല്ലാത്തപ്പോള്‍ മിണ്ടാതിരിക്കുന്നു. അത്ര മാത്രം.

ബ്ലോഗെഴുത്തുകാര്‍ ‍ എന്തു ചെയ്യണമെന്നു തീരുമാനിക്കുകയും അവര്‍ വിചാരിക്കുന്നതു പോലെ ചെയ്യാത്തവര്‍ക്കെതിരേ അനാവശ്യമായ ഭര്‍ത്സനങ്ങള്‍ ഉതിര്‍ക്കുകയും ചെയ്യുന്നതിനെതിരേ ഞാന്‍ പ്രതിഷേധിക്കുന്നു.

 

പ്രതികരണം
പ്രതിഷേധം
സാഹിത്യം

Comments (25)

Permalink

എതിരന്‍ ശിവനടനവും കാടുകയറിയ ചില ശ്ലോകങ്ങളും

എതിരവന്‍ കതിരവന്റെ ശിവനടനം-ഏറ്റുമാനൂര്‍ അമ്പലത്തിലെ ചുവര്‍ച്ചിത്രം എന്ന ലേഖനം വളരെ നിലവാരം പുലര്‍ത്തുന്നു. ഏറ്റുമാനൂര്‍ അമ്പലത്തില്‍ പോയാല്‍ ഈ ചിത്രം കാണാന്‍ നന്നേ ബുദ്ധിമുട്ടാണു്. പ്രധാന വാതിലില്‍ക്കൂടി കടന്നാല്‍ വലത്തുവശത്തു് പുറകിലായി ഇതു കാണാം എന്നാണു് എന്റെ ഓര്‍മ്മ.

ഈ ശിവനടനം ഇതേ രീതിയില്‍ രണ്ടു സംസ്കൃതശ്ലോകങ്ങളില്‍ ചിത്രീകൃതമായി കണ്ടിട്ടുണ്ടു്. ഒരെണ്ണം എത്ര ഓര്‍ത്തിട്ടും പുസ്തകങ്ങളില്‍ പരതിയിട്ടും കിട്ടിയില്ല. കിട്ടിയാല്‍ ഇവിടെ ചേര്‍ക്കാം.

മറ്റേ ശ്ലോകം വളരെ പ്രസിദ്ധമാണു്.

വാഗ്ദേവീ ധൃതവല്ലകീ, ശതമഖോ വേണും ദധത്‌, പദ്മജ-
സ്താളോന്നിദ്രകരോ, രമാ ഭഗവതീ ഗേയപ്രയോഗാന്വിതാ,
വിഷ്ണുഃ സാന്ദ്രമൃദങ്ഗവാദനപടുര്‍, ദേവാഃ സമന്താത്‌ സ്ഥിതാഃ
സേവന്തേ തമനു പ്രദോഷസമയേ ദേവം മൃഡാനീപതിം

അര്‍ത്ഥം:

വാഗ്ദേവീ ധൃതവല്ലകീ : സരസ്വതീദേവി വീണയേന്തി
ശതമഖഃ വേണും ദധത് : ദേവേന്ദ്രന്‍ ഓടക്കുഴലേന്തി
പദ്മജഃ താളോന്നിദ്രകരഃ : ബ്രഹ്മാവു് കൈ കൊണ്ടു താളമിട്ടു
ഭഗവതീ രമാ ഗേയ-പ്രയോഗാന്വിതാ : ലക്ഷ്മീഭഗവതി പാട്ടു പാടി
വിഷ്ണുഃ സാന്ദ്രമൃദങ്ഗവാദനപടുഃ : വിഷ്ണു മൃദംഗം വിദഗ്ദ്ധമായും സാന്ദ്രമായും വായിച്ചു
ദേവാഃ സമന്താത്‌ സ്ഥിതാഃ : ദേവന്മാര്‍ ചുറ്റും നിന്നു്
തം മൃഡാനീപതിം ദേവം അനു : പാര്‍വ്വതിയുടെ ഭര്‍ത്താവായ ആ ശിവനെത്തന്നെ
പ്രദോഷസമയേ : പ്രദോഷസമയത്തു്
സേവന്തേ : സേവിക്കുന്നു

(തം + അനു = തമനു. അല്ലാതെ ഊഞ്ഞാലില്‍ക്കയറുന്ന ലവനല്ല.)


ഇതു് പ്രദോഷവ്രതമെടുക്കുന്നവര്‍ ചൊല്ലുന്ന ധ്യാനശ്ലോകങ്ങളില്‍ ഒന്നാണു്. “മൃഡാനീപതി” എന്ന പ്രയോഗം ശ്രദ്ധേയം. മൃഡന്റെ ഭാര്യ മൃഡാനി. അപ്പോള്‍ “മൃഡന്റെ ഭാര്യയുടെ ഭര്‍ത്താവു്” എന്നൊരു എടങ്ങേടു പിടിച്ച അര്‍ത്ഥം വരും. “ഭവാനീഭുജംഗം” എന്നു സാക്ഷാല്‍ ശങ്കരാചാര്യര്‍ പ്രയോഗിച്ചിട്ടുണ്ടല്ലോ, പിന്നെന്തു്?

ഉമേഷ് (ഉമേശന്‍) എന്ന പേരിനു് ഇങ്ങനെയൊരു അപകടം ഉണ്ടായേക്കാം എന്നതിനെപ്പറ്റി ഞാനൊരിക്കല്‍ ഇവിടെ പറഞ്ഞിരുന്നു. അയ്യപ്പന്‍ എന്ന സുഹൃത്തിന്റെ കഥയും. വായിക്കാത്തവര്‍ വായിക്കുക. വായിച്ചവര്‍ വീണ്ടും വായിക്കുക.

പരസ്യം കഴിഞ്ഞു. രുക്കാവട് കേ ലിയേ ഖേദ് ഹൈ.


ഈ ശ്ലോകം ഒരിക്കല്‍ ഇന്റര്‍നെറ്റ് അക്ഷരശ്ലോകസദസ്സില്‍ (ഇ-സദസ്സ്) രാജേഷ് വര്‍മ്മ ചൊല്ലി. ഇതിനൊരു പരിഭാഷ പെട്ടെന്നു തല്ലിക്കൂട്ടി മറ്റാരെങ്കിലും “വ”യ്ക്കു ശ്ലോകം ചൊല്ലുന്നതിനു മുമ്പു് ഞാന്‍ ചൊല്ലി. ഇ-സദസ്സിലെ ആദ്യത്തെ നിമിഷകവനമായിരുന്നു അതു്.

വീണാവാദിനിയായി വാണി, മഘവാവോടക്കുഴല്‍ക്കാരനായ്‌,
വാണീപന്‍ കരതാളമിട്ടു, രമയോ ഗാനങ്ങളോതീടിനാള്‍,
ഗോവിന്ദന്‍ സുമൃദങ്ഗവാദകനു, മീ മട്ടില്‍ പ്രദോഷത്തിലാ
ദേവന്മാര്‍ പരമേശനെത്തൊഴുതിടാനൊന്നിച്ചു നില്‍പ്പായഹോ!

പെട്ടെന്നു തല്ലിക്കൂട്ടിയതിനാല്‍ തര്‍ജ്ജമ നന്നായിട്ടില്ല. രാജേഷും ഇതിനൊരു പരിഭാഷ തയ്യാറാക്കിയിരുന്നു. അടുപ്പിച്ചു രണ്ടു ശ്ലോകങ്ങള്‍ ഒരാള്‍ക്കു തന്നെ ചൊല്ലാന്‍ പറ്റാത്തതിനാല്‍ ചൊല്ലിയില്ലെന്നേ ഉള്ളൂ. ഇതാണു് ആ ശ്ലോകം.

വീണാപാണിനിയായി വാണി, മുരളീഗാനത്തിനാലിന്ദ്രനും,
താളം കൊട്ടി വിരിഞ്ചനും, മധുരമാം ഗീതത്തിനാല്‍ പൂമകള്‍,
മന്ദ്രം സാന്ദ്രമൃദംഗമോടു ഹരിയും, ചൂഴുന്ന വാനോര്‍കളും,
സേവിക്കുന്നു പ്രദോഷവേളയിലിതാ കാര്‍ത്ത്യായനീകാന്തനെ.


നിമിഷപരിഭാഷാകവനങ്ങള്‍ ഇ-സദസ്സില്‍ വേറെയും ഉണ്ടായിട്ടുണ്ടു്. ഒരിക്കല്‍ ജ്യോതിര്‍മയി (വാഗ്‌ജ്യോതി ബ്ലോഗെഴുതുന്ന ജ്യോതിട്ടീച്ചര്‍ തന്നെ)

തമംഗരാ‍ഗം ദദതീം ച കുബ്ജാം
അനംഗബാണാഃ രുരുധുഃ കഥം താം?
കിമംഗ, വാസം ഭവതേ ദദാമി
വിരാഗവര്‍ഷം മയി നിക്ഷിപേസ്ത്വം?

എന്ന ശ്ലോകം എഴുതി അയച്ചപ്പോള്‍ അതിനു പിന്നാലെ ഞാന്‍

കൂനിക്കു, ഗന്ധമിയലും കുറി കൂട്ടവേ, നീ
സൂനാസ്ത്രസായകവിമര്‍ദ്ദിതമാക്കി ചിത്തം;
ഞാനിന്നു വാസമഖിലം തവ നല്‍കിയാലും
നീ നല്‍കിടുന്നതു വിരാഗതയോ മുരാരേ?

എന്ന പരിഭാഷ അയച്ചു. കവയിത്രി ഉദ്ദേശിച്ച അര്‍ത്ഥമൊന്നുമല്ല ഞാന്‍ മനസ്സിലാക്കിയതെന്നു പിന്നീടാണു മനസ്സിലായതു്. അതിനെപ്പറ്റി വിശദമായി ജ്യോതിയുടെ ബ്ലോഗിലെ കുബ്ജാമാധവം എന്ന പോസ്റ്റില്‍ വായിക്കാം.


രാജേഷ് വര്‍മ്മയ്ക്കും പറ്റി ഈ അബദ്ധം. ജ്യോതി എഴുതിയ

പ്രവാളപ്രഭാ മഞ്ജു ഭൂഷാന്വിതാംഗീ
രസാസ്വാദതൃഷ്ണാം സമുദ്ദീപയന്തീ
ശരച്ചന്ദ്രികാശീതദാത്രീ ച മേ വാൿ
ഭവേത്‌ സർവദാ നിത്യകാമപ്രദാത്രീ

എന്ന ശ്ലോകത്തെ രാജേഷ്

തളിര്‍ത്തൊത്തിനൊപ്പം മിനു, പ്പമ്പിളിയ്ക്കും
കുളിര്‍ക്കും തണുപ്പൊത്തുലാവുന്ന നിന്‍ മെയ്‌
വിളങ്ങേണമുള്ളില്‍ മൊഴിച്ചേലു നാവില്‍-
ക്കളിയ്ക്കേണമെന്തും കൊടുക്കുന്ന തായേ.

എന്നു ഭുജംഗപ്രയാതത്തില്‍ത്തന്നെ പരിഭാഷപ്പെടുത്തി. (ഇതു് അക്ഷരശ്ലോകക്രമത്തിലായിരുന്നില്ല.) “ആ ശ്ലോകത്തിന്റെ അര്‍ത്ഥം അങ്ങനെയൊന്നുമല്ല” എന്നു ജ്യോതി. അതുകൊണ്ടു രാജേഷ് അതിനെ ഇങ്ങനെ മാറ്റി.

തളിര്‍ത്തൊത്തിനൊപ്പം മിനു, പ്പുള്ളു കാണാന്‍
മുളയ്ക്കുന്നൊരാക്കം പെരുക്കുന്ന ചന്തം,
വളര്‍തിങ്കളെപ്പോല്‍ത്തണു,പ്പെന്നിതെല്ലാം
വിളങ്ങും മൊഴിച്ചേലു നാവില്‍ക്കളിയ്ക്ക.

ഈ കഥ രാജേഷ് ആശ കൊണ്ടു്… എന്ന പോസ്റ്റില്‍ എഴുതിയിട്ടുണ്ടു്.


“പരിഭാഷായന്ത്രം” എന്നു പില്‍ക്കാലത്തു സന്തോഷ് വിശേഷിപ്പിച്ച രാജേഷിന്റെ മറ്റൊരു തര്‍ജ്ജമ.

മൂലശ്ലോകം എഴുതിയതു് ജ്യോതിയുടെ ഏട്ടന്‍ പി. സി. മധുരാജ് ആണു്.

യദി ഹൃത്കമലേ മധുപാനരതോ
വരദോ മുരളീധര ഭൃങ്ഗവരഃ
സുമഗന്ധ സുഭക്തിരസേ സരസഃ
ക്വ സഖേ തരുണീ കബരീ വിപിനം?

പ്രസിദ്ധമായ

ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജ വിരാജിത മന്ദഗതീ
യദി സാ യുവതീ ഹൃദയേ വസതീ
ക്വ ജപഃ? ക്വ തപഃ? ക്വ സമാധി വിധി?

എന്ന സരസശ്ലോകത്തിനു പിന്നാലെ ചൊല്ലാന്‍ വേണ്ടി മധുരാജ് എഴുതിയ ശ്ലോകമാണിതു്. രാജേഷിന്റെ തോടകവൃത്തത്തില്‍ത്തന്നെയുള്ള മലയാളപരിഭാഷ:

ശമമാം സുമഗന്ധമുതിര്‍ന്നിടുമെന്‍
ഹൃദയത്തിലെ ഭക്തിരസം നുകരാന്‍
സരസന്‍ ഹരിയാമളിയെത്തിടുകില്‍
തരുണീ കബരീ വനമെന്തിവന്‌?

അക്ഷരശ്ലോകസദസ്സിലെ അനുഗൃഹീതകവിയായ ബാലേന്ദുവും ഇതുപോലെ പല നിമിഷപരിഭാഷകളും ചെയ്തിട്ടുണ്ടു്. ഒന്നും ഓര്‍മ്മ കിട്ടുന്നില്ല. കിട്ടുന്നതിനനുസരിച്ചു് ഇവിടെച്ചേര്‍ക്കാം.


ഇന്റര്‍നെറ്റിലെ അക്ഷരശ്ലോകസദസ്സിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണാം. ഈ ശ്ലോകങ്ങളെല്ലാം അവിടെയുണ്ടു്.

അക്ഷരശ്ലോകം
സാഹിത്യം

Comments (10)

Permalink

രസകരങ്ങളായ സമസ്യാപൂരണങ്ങള്‍

പണ്ടു തൊട്ടേ സംസ്കൃതകവികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു വിനോദമായിരുന്നു സമസ്യാപൂരണം. പല ഭാഷകളിലും ഇതു പോലെയുള്ള വിനോദങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, സംസ്കൃതത്തിലും അതിന്റെ ചുവടുപിടിച്ചു മലയാളത്തിലും ഉണ്ടായിട്ടുള്ളതുപോലെ മറ്റൊരു ഭാഷയിലും ഈ വിനോദം വ്യാപകമായിട്ടുണ്ടു് എന്നു തോന്നുന്നില്ല.

ഒരു ശ്ലോകത്തിന്റെ ഒരു ഭാഗം തന്നിട്ടു് ബാക്കി ഭാഗങ്ങളെഴുതി അതു പൂരിപ്പിക്കുവാനുള്ള പ്രശ്നമാണു സമസ്യാപൂരണം. തന്നിരിക്കുന്ന ഭാഗത്തിനെ “സമസ്യ” എന്നും പൂരിപ്പിക്കുന്ന ഭാഗത്തിനെ “പൂരണം” എന്നും വിളിക്കുന്നു.

സമസ്യയുടെ വൃത്തത്തിനും ശൈലിയ്ക്കും മറ്റു രീതികള്‍ക്കും (ഉദാഹരണത്തിനു പ്രാസം) അനുസരിച്ചു്, അര്‍ത്ഥം ശരിയാകത്തക്ക വിധത്തില്‍ പൂരിപ്പിക്കുന്നതാണു് ഇതിന്റെ രസം.


നാലാമത്തെ വരി തന്നിട്ടു് ബാക്കി മൂന്നു വരികളും പൂരിപ്പിക്കുക എന്നതാണു് ഏറ്റവുമധികം കണ്ടുവരുന്ന സമസ്യ. ഇവിടെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങളധികവും ഈ വിഭാഗത്തില്‍ പെടുന്നു.

ചിലപ്പോള്‍ നാലാമത്തെ വരിയുടെ ഒരു ഭാഗം തന്നിട്ടു് പൂരിപ്പിക്കാന്‍ പറയും. താഴെക്കൊടുത്തിരിക്കുന്നതില്‍ “ഭ്രഷ്ടസ്യ കാന്യാഗതിഃ”, “സ്വര്‍ല്ലോകമാവില്ലയോ?”, “മലമകളേ, ജാതകം ജാതി തന്നെ!” എന്നിവ ഉദാഹരണം.

അല്ലാത്തവയും കണ്ടിട്ടുണ്ടു്. ഉദാഹരണത്തിനു്, “കുസുമേ കുസുമോല്‍‌പത്തി ശ്രൂയതേ ന ച ദൃശ്യതേ” എന്നതില്‍ പൂര്‍വ്വാര്‍ദ്ധം തന്നിട്ടു് ഉത്തരാര്‍ദ്ധം എഴുതാനായിരുന്നു സമസ്യ.


സമസ്യാപൂരണത്തില്‍ ഏറ്റവും പ്രഗല്‌ഭനായി അറിയപ്പെടുന്നതു വിശ്വമഹാകവി കാളിദാസനാണു്. അദ്ദേഹത്തിന്റേതെന്നു പറയപ്പെടുന്ന അനവധി സമസ്യാപൂരണങ്ങള്‍ പ്രസിദ്ധമാണു്. ഇവയില്‍ പലതും കാളിദാസന്റേതു തന്നെയാണോ എന്നു സംശയമാണു്. നല്ല സമസ്യാപൂരണങ്ങളുടെയെല്ലാം കര്‍ത്തൃത്വം കാളിദാസനില്‍ കെട്ടിവെയ്ക്കുന്നതു കണ്ടുവരുന്നുണ്ടു്.

കാളിദാസന്റേതെന്നു പ്രസിദ്ധമായ ചില സമസ്യാപൂരണങ്ങള്‍ ഇനി വരുന്ന ചില ഭാഗങ്ങളില്‍ കൊടുത്തിട്ടുണ്ടു്. ഇവയിലേതെങ്കിലും കാളിദാസന്റേതല്ലെന്നു് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി ഒരു കമന്റിടുക.


അര്‍ത്ഥശൂന്യമായ സമസ്യയ്ക്കു പോലും കാളിദാസന്‍ നല്ല പൂരണങ്ങള്‍ ഉണ്ടാക്കിയിരുന്നു എന്നതാണു് അദ്ദേഹത്തെപ്പറ്റി പറയുന്ന ഒരു മേന്മ. ചില ഉദാഹരണങ്ങള്‍:

  • ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു (വൃത്തം: അനുഷ്ടുപ്പ്)

    ഒരര്‍ത്ഥവുമില്ലാത്ത ഈ സമസ്യ കാളിദാസന്‍ പൂരിപ്പിച്ചതു് ഇങ്ങനെ:

    ജാംബൂഫലാനി പക്വാനി
    പതന്തി വിമലേ ജലേ
    കപികമ്പിതശാഖാഭ്യാം
    ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു

    കപികമ്പിതശാഖാഭ്യാം (കുരങ്ങന്മാര്‍ കുലുക്കുന്ന കൊമ്പുകളില്‍ നിന്നു്) പക്വാനി ജാംബൂഫലാനി (പഴുത്ത ഞാവല്‍പ്പഴങ്ങള്‍) വിമലേ ജലേ പതന്തി (ശുദ്ധജലത്തില്‍ വീഴുന്നു)-“ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു”.

    എന്തു മനോഹരമായ പൂരണം!

  • ടം ടം ടടം ടം ടടടം ടടംടം (വൃത്തം: ഉപജാതി)
    ഇതാ മറ്റൊരെണ്ണം. ഇതെന്തു ശബ്ദമാണോ എന്തോ?

    കാളിദാസന്റെ പൂരണം:

    രാജാഭിഷേകേ മദവിഹ്വലായാഃ
    ഹസ്താച്ച്യുതോ ഹേമഘടോ യുവത്യാഃ
    സോപാനമാര്‍ഗ്ഗേഷു കരോതി ശബ്ദം
    ടം ടം ടടം ടം ടടടം ടടംടം

    രാജ-അഭിഷേകേ (രാജാവിന്റെ അഭിഷേകത്തിനു്) മദ-വിഹ്വലായാഃ യുവത്യാഃ (മദം കൊണ്ടു വലഞ്ഞ യുവതിയുടെ) ഹസ്താത് ച്യുതഃ ഹേമ-ഘടഃ (കയ്യില്‍ നിന്നു വീണ സ്വര്‍ണ്ണക്കുടം) സോപാനമാര്‍ഗ്ഗേഷു (കൊണിപ്പടികളിലൂടെ) ശബ്ദം കരോതി (ഉണ്ടാക്കുന്ന ശബ്ദമാണു്)-“ടം ടം ടടം ടം ടടടം ടടംടം”!

  • പിപീലികാ ചുംബതി ചന്ദ്രബിംബം (വൃത്തം: ഉപജാതി)

    ഇതിന്റെ അര്‍ത്ഥം “ഉറുമ്പു് ചന്ദ്രബിംബത്തെ ചുംബിക്കുന്നു” എന്നാണു്. ഇതെങ്ങനെ പൂരിപ്പിക്കും? കാളിദാസനാണോ ബുദ്ധിമുട്ടു്?

    അസജ്ജനം സജ്ജനസംഗിസംഗാത്
    കരോതി ദുസ്സാദ്ധ്യമപീഹ സാദ്ധ്യം
    പുഷ്പാശ്രയാച്ഛംഭുശിരോധിരൂഢാ
    പിപീലികാ ചുംബതി ചന്ദ്രബിംബം

    അസജ്ജനം (സജ്ജനം അല്ലാത്തവര്‍) സജ്ജന-സംഗി-സംഗാത് (സജ്ജനത്തോടു കൂട്ടുകൂടുന്നവരുടെ കൂട്ടുകൊണ്ടു്) ദുസ്സാദ്ധ്യം അപി സാദ്ധ്യം കരോതി (ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ പോലും ചെയ്യുന്നു); പുഷ്പ-ആശ്രയാത് (പുഷ്പത്തിനെ ആശ്രയിച്ചിട്ടു്) ശംഭു-ശിരഃ-അധിരൂഢാ (ശിവന്റെ തലയില്‍ കയറിയ) പിപീലികാ (ഉറുമ്പു്) ചന്ദ്രബിംബം (ചന്ദ്രബിംബത്തെ) ചുംബതി (ചുംബിക്കുന്നു).

    എത്ര മനോഹരമായ പൂരണം! ശിവന്റെ തലയില്‍ ചന്ദ്രനും കൈതപ്പൂവുമുണ്ടു് എന്ന സങ്കേതത്തെ അടിസ്ഥാനമാക്കിയുള്ള ഈ ശ്ലോകം ഒരു സമസ്യാപൂരണമാണെന്നു തോന്നില്ല.

    സജ്ജനത്തിന്റെ കൂട്ടുകെട്ടു കൊണ്ടല്ല, സജ്ജനത്തിന്റെ കൂട്ടുകാരുടെ കൂട്ടുകെട്ടു കൊണ്ടാണെന്നതു പ്രത്യേകം ശ്രദ്ധിക്കുക. ഒരു സുഭാഷിതം എന്ന നിലയ്ക്കാണു് ഇതിനു കൂടുതല്‍ പ്രശസ്തി.


“ക്രമം” എന്നൊരു അലങ്കാരമുണ്ടു സംസ്കൃതത്തില്‍. ക്രമത്തില്‍ കുറേ കാര്യങ്ങള്‍ പറഞ്ഞിട്ടു് അതുമായി ബന്ധപ്പെട്ട കുറേക്കാര്യങ്ങള്‍ ക്രമമായി പിന്നീടു പറയുന്നതാണു് ഇതിന്റെ രീതി. മലയാളത്തില്‍ ഇതു് അഭംഗിയാണെങ്കിലും സംസ്കൃതത്തില്‍ ഇതു ഭംഗിയാണു്. തുളസി ചൊല്ലിയ ശ്ലോകം എന്ന ലേഖനത്തില്‍ ഞാന്‍ ഇതിനെപ്പറ്റി വിശദമായി പറഞ്ഞിട്ടുണ്ടു്.

ബുദ്ധിമുട്ടുള്ള ചില സമസ്യകള്‍ പൂരിപ്പിക്കാന്‍ കവികള്‍ ഇതുപയോഗിച്ചിട്ടുണ്ടു്. കാളിദാസന്റെ തന്നെ ചില ഉദാഹരണങ്ങള്‍:

  • പിപീലികാ ദന്തിവരം പ്രസൂതേ (വൃത്തം: ഉപജാതി)

    ഇതു് അപകടം പിടിച്ച ഒരു സമസ്യയാണു്. “ഉറുമ്പു് ആനയെ പ്രസവിക്കുന്നു” എന്നര്‍ത്ഥം. കാളിദാസനുപോലും ക്രമാലങ്കാരത്തെ ആശ്രയിക്കേണ്ടി വന്നു. മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു് അവയുടെ ഉത്തരങ്ങളായാണു് നാലാമത്തെ വരി.

    കാ ഖാദതേ ഭൂമിഗതാന്‍ മനുഷ്യാന്‍?
    കം ഹന്തി സിംഹപ്രകടപ്രഭാവഃ?
    കരോതി കിം വാ പരിപൂര്‍ണ്ണഗര്‍ഭാ?
    പിപീലികാ ദന്തിവരം പ്രസൂതേ

    ഭൂമി-ഗതാന്‍ മനുഷ്യാന്‍ (ഭൂമിയില്‍ നടക്കുന്ന മനുഷ്യരെ) കാ ഖാദതേ (എന്തു കടിക്കുന്നു?), സിംഹ-പ്രകട-പ്രഭാവഃ (സിംഹത്തിന്റെ പ്രകടമായ പ്രഭാവം) കം ഹന്തി (എന്തിനെയാണു കൊല്ലുന്നതു്?), പരിപൂര്‍ണ്ണ-ഗര്‍ഭാ (പൂര്‍ണ്ണഗര്‍ഭിണി) കിം കരോതി (എന്തു ചെയ്യുന്നു?) (എന്ന മൂന്നു ചോദ്യങ്ങളുടെ ഉത്തരം യഥാക്രമം) പിപീലികാ (ഉറുമ്പു്), ദന്തി-വരം (ശ്രേഷ്ഠനായ ആനയെ), പ്രസൂതേ (പ്രസവിക്കുന്നു) (എന്നിവയാണു്).

    ഇതിനെക്കാള്‍ മനോഹരമാണു് അടുത്തതു്.

  • ആയാതി നായാതി ന യാതി യാതി (വൃത്തം: ഉപജാതി)

    “വരുന്നു, വരുന്നില്ല, പോകുന്നില്ല, പോകുന്നു” (മലയാളസിനിമാനിര്‍മ്മാതാക്കള്‍ കേള്‍ക്കണ്ട, അവരിതൊരു സിനിമാപ്പേരാക്കും 🙂 ) എന്നാണു സമസ്യ. ഇതെന്തു കുന്തം? പൂരണം നോക്കുക.

    വീടീകരാഗ്രാ വിരഹാതുരാ സാ
    ചേടീമവാദീദിഹ – ചിത്തജന്മാ
    പ്രാണേശ്വരോ ജീവിതമര്‍ദ്ധരാത്രം
    ആയാതി നായാതി ന യാതി യാതി

    വിരഹ-ആതുരാ സാ (വിരഹാതുരയായ അവള്‍) വീടീ-കര-അഗ്രാ (കയ്യില്‍ മുറുക്കാനും പിടിച്ചു കൊണ്ടു്) ചേടീം (തോഴിയോടു്) അവാദീത് (പറഞ്ഞു): ചിത്ത-ജന്മാ പ്രാണേശ്വരഃ ജീവിതം അര്‍ദ്ധ-രാത്രം (കാമദേവനും പ്രാണേശ്വരനും ജീവിതവും അര്‍ദ്ധരാത്രിയും) ആയാതി, ന ആയാതി, ന യാതി, യാതി (വരുന്നു, വരുന്നില്ല, പോകുന്നില്ല, പോകുന്നു).

    പ്രാണേശ്വരനെ കാത്തിരിക്കുകയാണു പാവം, കയ്യില്‍ അയാള്‍ക്കു കൊടുക്കാന്‍ മുറുക്കാനും പിടിച്ചുകൊണ്ടു്. കാമവികാരം വരുന്നു, പ്രാണേശ്വരന്‍ വരുന്നില്ല, രാത്രി പൊയ്ക്കൊണ്ടിരിക്കുന്നു, ജീവിതം പോകുന്നുമില്ല (മരിക്കുകയാണു് ഇതില്‍ ഭേദമെന്നു വ്യംഗ്യം) എന്നാണു തോഴിയൊടു പറയുന്നതു്.

ക്രമം ഉപയോഗിച്ചുള്ള സമസ്യാപൂരണങ്ങളുടെ പരമകാഷ്ഠയാണു് താഴെക്കൊടുക്കുന്നതു്.

  • വീരമര്‍ക്കടകമ്പിതാ (വൃത്തം: അനുഷ്ടുപ്പ്)

    “വീര-മര്‍ക്കട-കമ്പിതാ” എന്നു വെച്ചാല്‍ “വീരനായ കുരങ്ങന്‍ വിറപ്പിച്ചതു്” എന്നര്‍ത്ഥം. സമസ്യ പൂരിപ്പിച്ച ആള്‍ ഈ അര്‍ത്ഥം കൂടാതെ ഇതിനെ പലതായി മുറിച്ച അര്‍ത്ഥവും പരിഗണിച്ചു.

    വീരമര്‍ക്കടകമ്പിതാഃ = വിഃ + രമാ + ഋക് + കടകം + പിതാ

    പൂരണം ഇങ്ങനെ:

    കഃ ഖേ ചരതി, കാ രമ്യാ
    കിം ജപ്യം, കിന്തു ഭൂഷണം,
    കോ വന്ദ്യഃ, കീദൃശീ ലങ്കാ,
    വീരമര്‍ക്കടകമ്പിതാ

    കഃ ഖേ ചരതി (ആരാണു് ആകാശത്തു സഞ്ചരിക്കുന്നതു്?), കാ രമ്യാ (ആരാണു രമ്യ?), കിം ജപ്യം (എന്താണു ജപിക്കേണ്ടതു്?), കിം തു ഭൂഷണം (എന്താണു് അലങ്കാരം?), കഃ വന്ദ്യഃ (ആരെയാണു വന്ദിക്കേണ്ടതു്?), ലങ്കാ കീദൃശീ (ലങ്കാ എങ്ങനെയുള്ളതാണു്?); (ഉത്തരങ്ങള്‍:) വിഃ (പക്ഷി), രമാ (ലക്ഷ്മീദേവി), ഋക് (ഋഗ്വേദസൂക്തം), കടകം (വള), പിതാ (അച്ഛന്‍), വീരമര്‍ക്കടകമ്പിതാഃ (വീരനായ കുരങ്ങന്‍-ഹനുമാന്‍-വിറപ്പിച്ചതു്)!

    ഇതു് ആരുടേതെന്നു് അറിയില്ല.


കാളിദാസന്റെ മറ്റു പല സമസ്യാപൂരണങ്ങള്‍ താഴെച്ചേര്‍ക്കുന്നു.

  • ഭ്രഷ്ടസ്യ കാന്യാഗതിഃ (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം)

    “ഭ്രഷ്ടനു വേറേ എന്തു വഴി?” എന്നര്‍ത്ഥം.

    “ഭിക്ഷോ, മാംസനിഷേവണം കിമുചിതം?”, “കിം തേന മദ്യം വിനാ?”;
    “മദ്യം ചാപി തവ പ്രിയം?”, “പ്രിയമഹോ വാരാംഗനാഭിസ്സമം.”;
    “വാരസ്ത്രീരതയേ കുതസ്തവ ധനം?”, “ദ്യൂതേന ചൌര്യേണ വാ.”;
    “ചൌര്യദ്യൂതപരിശ്രമോऽസ്തി ഭവതഃ?”, “ഭ്രഷ്ടസ്യ കാന്യാ ഗതിഃ?”

    അര്‍ത്ഥത്തിനും പരിഭാഷയ്ക്കും “ഷോലേ സിനിമയും കാളിദാസനും” എന്ന ലേഖനം നോക്കുക.

  • ഭോജനം ദേഹി… (വൃത്തം: അനുഷ്ടുപ്പ്)

    ഇതൊരു സമസ്യയാണെന്നും, അല്ല ഒരു ബ്രാഹ്മണനെഴുതിയ ശ്ലോകം കാളിദാസന്‍ പൂരിപ്പിച്ചതാണെന്നും രണ്ടു കഥയുണ്ടു്.

    ഭോജനം ദേഹി രാജേന്ദ്ര,
    ഘൃതസൂപസമന്വിതം

    രാജേന്ദ്ര (രാജാക്കന്മാരുടെ രാജാവേ,) ഘൃത-സൂപ-സമന്വിതം (നെയ്യും പരിപ്പും ചേര്‍ത്ത) ഭോജനം (ഭക്ഷണം) ദേഹി (തന്നാലും).

    എന്നതാണു ശ്ലോകത്തിന്റെ പൂര്‍വ്വാര്‍ദ്ധം (സമസ്യ). പൂരണത്തില്‍ കാളിദാസന്‍ അത്യാവശ്യം വേണ്ട ഒരു സാധനം കൂടി ചേര്‍ത്തു.

    മാഹിഷഞ്ച ശരച്ചന്ദ്ര-
    ചന്ദ്രികാധവളം ദധി

    ചന്ദ്രികാ-ധവളം (നിലാവു പോലെ വെളുത്ത) മാഹിഷം ദധി ച (എരുമത്തൈരും) (വേണം)

    അപ്പോള്‍ “നെയ്യും പരിപ്പും നിലാവുപോലെ വെളുത്ത എരുമത്തൈരും കൂട്ടി ഭക്ഷണം തരിക” എന്നര്‍ത്ഥം. രാജാവു് ഈ പൂരണത്തില്‍ വളരെ തൃപ്തനായി എന്നാണു് ഐതിഹ്യം.



ഒരു സമസ്യാപൂരണമാണു കാളിദാസന്റെ മരണത്തിനിടയാക്കിയതെന്നും ഒരു കഥയുണ്ടു്. അജ്ഞാതവാസത്തിലായിരുന്ന കാളിദാസനെ കണ്ടുപിടിക്കാന്‍ വേണ്ടി ഒരു രാജാവു് (അദ്ദേഹത്തിനു് ഈ സമസ്യ കാളിദാസനു മാത്രമേ നന്നായി പൂരിപ്പിക്കാന്‍ പറ്റൂ എന്നു്-അല്ലെങ്കില്‍, കാളിദാസന്റെ പൂരണം കണ്ടാല്‍ അദ്ദേഹത്തിനു മനസ്സിലാകും എന്നു്-ഉറപ്പുണ്ടായിരുന്നത്രേ!) താഴെപ്പറയുന്ന സമസ്യ പ്രസിദ്ധീകരിച്ചു:

കുസുമേ കുസുമോത്‌പത്തിഃ
ശ്രൂയതേ ന ച ദൃശ്യതേ

കുസുമേ (പൂവിനുള്ളില്‍) കുസുമ-ഉത്‌പത്തിഃ (പൂവുണ്ടാകുന്നു) ന ശ്രൂയതേ വാ ന ദൃശ്യതേ (കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല) എന്നര്‍ത്ഥം.

ഇതു് ആദ്യത്തെ രണ്ടു വരിയാണു്. ബാക്കി രണ്ടു വരികള്‍ പൂരിപ്പിക്കണം.

കാളിദാസന്‍ എഴുതിയ ഉത്തരാര്‍ദ്ധം ഇങ്ങനെ:

ബാലേ, തവ മുഖാംഭോജേ
കഥമിന്ദീവരദ്വയം?

ബാലേ (പെണ്ണേ), തവ (നിന്റെ) മുഖ-അംഭോജേ (മുഖമാകുന്ന താമരയില്‍) ഇന്ദീവര-ദ്വയം (രണ്ടു കരിം‌കൂവളപ്പൂവുകള്‍) കഥം (എങ്ങനെ ഉണ്ടായി?)

പൂവില്‍ നിന്നു പൂവുണ്ടായതു കണ്ടല്ലോ. മുഖം താമര പോലെ ചുവന്നതും മൃദുലവുമാണെന്നും, കണ്ണുകള്‍ കരിം‌കൂവളപ്പൂവിതള്‍ പോലെ കറുത്തതും നീണ്ടതുമാണെന്നു വ്യംഗ്യം.

ഇതു പൂരിപ്പിച്ച സമയത്തു കാളിദാസന്‍ വേഷപ്രച്ഛന്നനായി ഒരു വേശ്യയുടെ കൂടെ താമസിക്കുകയായിരുന്നു എന്നും,സമസ്യാപൂരണത്തിനു വാഗ്ദാനം ചെയ്തിരുന്ന സമ്മാനം കിട്ടാന്‍ അവള്‍ ആളറിയാതെ അദ്ദേഹത്തെ കൊന്നിട്ടു് ശ്ലോകവുമായി രാജസന്നിധിയില്‍ പോയെന്നും, രാജാവു് അതു കണ്ടുപിടിച്ചെന്നുമാണു് ഐതിഹ്യം.

ഈ കഥ എത്രത്തോളം വാസ്തവമാണെന്നറിയില്ല. എന്തായാലും കാളിദാസനെയും പുഷ്കിനെയും പോലെയുള്ള പല കവികളും പെണ്ണു മൂലം നശിച്ചിട്ടുണ്ടു് എന്നു കഥകള്‍ പറയുന്നു. “ഇന്തിരന്‍ കെട്ടതും പെണ്ണാലേ, ചന്തിരന്‍ കെട്ടതും പെണ്ണാലേ,…”


മറ്റു ചില സംസ്കൃതസമസ്യാപൂരണങ്ങള്‍:

  • ഭസ്മീചകാര ഗിരിശം കില ചിത്തജന്മാ (വൃത്തം: വസന്തതിലകം)

    “കാമദേവന്‍ ശിവനെ ചുട്ടുകരിച്ചു പോലും” എന്നാണു സമസ്യ. ഇതെന്തു കാര്യം, തിരിച്ചാണല്ലോ കേട്ടിരിക്കുന്നതു്?

    വൈക്കത്തു പാച്ചുമൂത്തതിന്റെ പൂരണം:

    ക്രുദ്ധാമുവാച ഗിരിശോ ഗിരിരാജകന്യാം:
    “മഹ്യം പ്രസീദ ദയിതേ, ത്യജ വൈപരീത്യം;
    നോ ചേദ്‌ ഭവിഷ്യതി ജഗത്യധുനൈവ വാര്‍ത്താ
    ഭസ്മീചകാര ഗിരിശം കില ചിത്തജന്മാ”

    ഗിരിശഃ (ശിവന്‍) ക്രുദ്ധാം ഗിരി-രാജ-കന്യാം (ദേഷ്യപ്പെട്ടു നില്‍ക്കുന്ന പാര്‍വ്വതിയോടു) ഉവാച (പറഞ്ഞു): ദയിതേ (പ്രിയേ), മഹ്യം പ്രസീദ (എന്നില്‍ പ്രസാദിക്കണം), വൈപരീത്യം ത്യജ (ഈ എടങ്ങേടു കളയണം). നോ ചേത് (അല്ലെങ്കില്‍) ജഗതി (ഭൂമിയില്‍) അധുനാ (ഇപ്പോള്‍) വാര്‍ത്താ ഭവിഷ്യതി ഏവ (ഇങ്ങനെയൊരു വാര്‍ത്ത ഉണ്ടാകും): “ചിത്ത-ജന്മാ (കാമദേവന്‍) ഗിരിശം (ശിവനെ) ഭസ്മീചകാര കില (ചാമ്പലാക്കി പോലും)!”

    നീ കനിഞ്ഞില്ലെങ്കില്‍ ഞാന്‍ ചത്തുപോകും എന്നു വ്യംഗ്യം. രസികന്‍ പൂരണം!

  • അംഭോദിര്‍ജ്ജലധിഃ പയോധിരുദധിര്‍വ്വാരാന്നിധിര്‍വാരിധിഃ (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം)
    സമുദ്രത്തിന്റെ ആറു പര്യായങ്ങള്‍ പറഞ്ഞിരിക്കുകയാണു സമസ്യയില്‍-അംബോധി, ജലധി, പയോധി, ഉദധി, വാരാന്നിധി, വാരിധി. ഈ സമസ്യ എങ്ങനെ പൂരിപ്പിക്കും?

    ശിവനും മകന്‍ സുബ്രഹ്മണ്യനുമായുള്ള ഒരു സംഭാഷണമായി ഒരു കവി ഇതു പൂരിപ്പിച്ചു:

    “അംബാ കുപ്യതി താത, മൂര്‍ദ്ധ്നി വിധൃതാ ഗംഗേയമുത്സൃജ്യതാം”
    “വിദ്വന്‍, ഷണ്മുഖ, കാ ഗതിര്‍മ്മയി ചിരാദഭ്യാഗതായാ വദ”
    രോഷാവേശവശാദശേഷവദനൈഃ പ്രത്യുത്തരം ദത്തവാന്‍
    “അംഭോദിര്‍ജ്ജലധിഃ പയോധിരുദധിര്‍വ്വാരാന്നിധിര്‍വാരിധിഃ”

    • സുബ്രഹ്മണ്യന്‍: താത (അച്ഛാ), അംബാ കുപ്യതി (അമ്മ ദേഷ്യപ്പെടുന്നു). മൂര്‍ദ്ധ്നി വിധൃതാ (തലയില്‍ ധരിച്ചിരിക്കുന്ന) ഇയം ഗംഗാ ഉത്സൃജ്യതാം (ഈ ഗംഗയെ എടുത്തു കളയൂ).
    • ശിവന്‍: വിദ്വന്‍, ഷണ്മുഖ! (ആറു മുഖമുള്ള മിടുക്കാ) മയി ചിരാത് അഭി-ആഗതായാഃ (എന്നെ വളരെക്കാലമായി ആശ്രയിക്കുന്ന അവള്‍ക്കു്) കാ ഗതിഃ (പിന്നെ എന്താണു ഗതി)? വദ (പറയൂ)

    (സുബ്രഹ്മണ്യന്‍) രോഷ-ആവേശ-വശാത് (കോപവും ആവേശവും കലര്‍ന്നു്) അശേഷവദനൈഃ (എല്ലാ മുഖങ്ങളും ഉപയോഗിച്ചു്) പ്രത്യുത്തരം ദത്തവാന്‍ (മറുപടി പറഞ്ഞു):

    • സുബ്രഹ്മണ്യന്‍: 1) അംബോധിഃ 2) ജലധിഃ 3) പയോധിഃ 4) ഉദധിഃ 5) വാരാന്നിധിഃ 6) വാരിധിഃ (ഓളു കടലിലോ കടലിലോ കടലിലോ കടലിലോ കടലിലോ കടലിലോ പൊയ്ക്കോട്ടേ!)

    ആറു മുഖങ്ങളില്‍ ഓരോന്നു കൊണ്ടും “സമുദ്രം” എന്നു പറഞ്ഞതാണു് നാം അവസാനത്തെ വരിയില്‍ കേട്ടതെന്നാണു സമസ്യ പൂരിപ്പിച്ച ആളിന്റെ അഭിപ്രായം.

    ഏതായാലും, സമുദ്രത്തിന്റെ പര്യായങ്ങള്‍ വേണമെങ്കില്‍ ഈ ശ്ലോകം ഓര്‍ത്താല്‍ മതി. “സമുദ്രോऽബ്ധിരകൂപാരഃ പാരാവാരഃ സരിത്‌പതിഃ” എന്നു് അമരകോശം.

  • പലിതാനി ശശാങ്ക… (വൃത്തം: വിയോഗിനി)

    ഇതൊരു സമസ്യാപൂരണമല്ല. ഇതിന്റെ പൂര്‍വ്വാര്‍ദ്ധം വൃദ്ധനായ ചേലപ്പറമ്പു നമ്പൂതിരി ഉണ്ടാക്കിയപ്പോള്‍ ഉത്തരാര്‍ദ്ധം മനോരമത്തമ്പുരാട്ടി ഉണ്ടാക്കിച്ചൊല്ലിയതാണു്.

    പലിതാനി ശശാങ്കരോചിഷാം
    ശകലാനീതി വിതര്‍ക്കയാമ്യഹം

    പലിതാനി (നരച്ച മുടികള്‍) ശശാങ്ക-രോചിഷാം (ചന്ദ്രകിരണങ്ങളുടെ) ശകലാനി ഇതി (കഷണങ്ങളാണു്) അഹം വിതര്‍ക്കയാമി (എന്നാണു് എന്റെ സംശയം)

    മൂപ്പര്‍ കണ്ണാടിയില്‍ നോക്കി നരച്ച മുടികള്‍ പിഴുതുകൊണ്ടിരിക്കുമ്പോള്‍ ചൊല്ലിയതാണത്രേ. അതു കേട്ടുകൊണ്ടു വന്ന മനോരമത്തമ്പുരാട്ടി ഇങ്ങനെ പൂരിപ്പിച്ചു:

    അത ഏവ വിതേനിരേതരാം
    സുദൃശാം ലോചനപദ്മമീലനം

    അതഃ ഏവ (ചുമ്മാതല്ല) സുദൃശാം (സുന്ദരിമാരുടെ) ലോചന-പദ്മ-മീലനം വിതേനിതേതരാം (കണ്ണുകളാകുന്ന താമരകള്‍ കൂമ്പിപ്പോകുന്നതു്!)

    ഉരുളയ്ക്കു് ഉപ്പേരി പോലെയുള്ള ഉത്തരം!

    ഇതൊരു സമസ്യാപൂരണമല്ലെങ്കിലും ഇവിടെ ചേരുമെന്നു തോന്നുന്നു.


സംസ്കൃതത്തിന്റെ ചുവടുപിടിച്ചു് മലയാളത്തില്‍ ധാരാളം സമസ്യാപൂരണങ്ങള്‍ ഉണ്ടായിട്ടുണ്ടു്. വെണ്മണിപ്രസ്ഥാനത്തിന്റെ കാലമായിരുന്നു ഇതിന്റെ സുവര്‍ണ്ണകാലം. വെണ്മണി നമ്പൂതിരിമാര്‍, ഒറവങ്കര, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, പന്തളം കേരളവര്‍മ്മ, കെ. സി. കേശവപിള്ള, കുണ്ടൂര്‍ നാരായണമേനോന്‍ തുടങ്ങിയവര്‍ ഇതില്‍ വിദഗ്ദ്ധരായിരുന്നു.

ചില ഉദാഹരണങ്ങള്‍:

  • മലമകളേ, ജാതകം ജാതിതന്നെ (വൃത്തം: സ്രഗ്ദ്ധര)

    സ്രഗ്ദ്ധരയിലുള്ള ഒരു ശ്ലോകത്തിന്റെ നാലാം വരിയുടെ ഭാഗം മാത്രം കൊടുത്തിരിക്കുന്നു. പാര്‍വ്വതിയെപ്പറ്റിയാണെന്നു വ്യക്തം. വളരെയധികം സാദ്ധ്യതയുള്ള ഒരു സമസ്യ. പാര്‍വ്വതിയുടെ കുടുംബത്തിന്റെ സ്ഥിതി വിസ്തരിച്ചാല്‍ത്തന്നെ മതിയാകും. എങ്ങനെ ചെയ്യുന്നു എന്നതാണു പ്രധാനം. നാലു പൂരണങ്ങള്‍ താഴെ:

    1. ഒറവങ്കര:

      മുപ്പാരും കാക്കുവാനില്ലപര,നൊരു മകന്‍ ഭുക്തിയില്‍ തൃപ്തിയില്ലാ-
      തെപ്പോഴും വന്നലട്ടും, പരിണയമണയാപ്പെണ്‍കിടാവുണ്ടൊരുത്തി,
      വില്‍പ്പാനുള്ളോരു പണ്ടം നഹി, പകലുദധൌ സോദരന്‍, തെണ്ടി ഭര്‍ത്താ-
      വിപ്പാടാര്‍ക്കുള്ളു വേറേ? തവ മലമകളേ, ജാതകം ജാതി തന്നെ!

    2. വെണ്മണി മഹന്‍:

      എല്ലായ്പോഴും കളിപ്പാന്‍ ചുടല, വിഷമഹോ ഭക്ഷണത്തിന്നു, മെന്ന-
      ല്ലുല്ലാസത്തോടു മെയ്യാഭരണമരവമാ, യിങ്ങനേ തീര്‍ന്നു കാന്തന്‍,
      ചൊല്ലേറും മക്കളാനത്തലവനൊരു മകന്‍, ഷണ്മുഖന്‍; വിസ്തരിച്ചി-
      ന്നെല്ലാം നോക്കുന്ന നേരം തവ മലമകളേ, ജാതകം ജാതിതന്നെ!

    3. നടുവത്തച്ഛന്‍:

      മെയ്യില്‍പ്പാമ്പുണ്ടനേകം ഗളമതില്‍ വിലസും കാളകൂടം കഠോരം,
      കയ്യില്‍ ശൂലം, കഠാരം, തിരുമിഴിയിതു തീക്കട്ട, വേഷം വിശേഷം,
      അയ്യോ! നിന്‍കാന്തനൊത്തുള്ളൊരു പൊറുതി മഹാദുര്‍ഘടം തന്നെ, യോര്‍ത്താല്‍
      വയ്യേ! മറ്റാര്‍ക്കുമില്ലിങ്ങനെ മലമകളേ! ജാതകം ജാതി തന്നെ!

    4. (ഇതാരുടേതെന്നു് എനിക്കറിയില്ല)

      പെറ്റോരാ മക്കളെല്ലാമപകട, മൊരുവന്നാറു മോറുണ്ടു കഷ്ടേ!
      മറ്റേവന്‍ കൂറ്റനാനത്തലയ, നയി മണാളന്‍ മഹാപിച്ചതെണ്ടി;
      ചിറ്റം മറ്റൊന്നിനോടുണ്ടവ, നൊരുനനമുണ്ടെങ്കിലും ചുറ്റുവാനായ്‌–
      പ്പറ്റീട്ടില്ലിത്രനാളും, തവ മലമകളേ, ജാതകം ജാതിതന്നെ!

  • ദുഷ്കാവ്യവും മൂട്ടയുമൊന്നുപോലെ (വൃത്തം: ഉപജാതി)

    കെ. സി. കേശവപിള്ളയുടെ പൂരണം:

    ഉള്‍ക്കാമ്പിനേറീടിന ബാധ നല്‍കും
    ചിക്കെന്നു ശയ്യയ്ക്കതിദോഷമേകും
    തീര്‍ക്കായ്കില്‍ വേഗത്തില്‍ വളര്‍ന്നുകൂടും
    ദുഷ്കാവ്യവും മൂട്ടയുമൊന്നുപോലെ.

    ഉള്‍ക്കാമ്പു് = മനസ്സിന്റെ കാമ്പെന്നും അകവശമെന്നും, ശയ്യ = കാവ്യഗുണമെന്നും കിടക്കയെന്നും.

    ഈ പൂരണം കേശവപിള്ളയെ ഒരു മത്സത്തില്‍ സമ്മാനാര്‍ഹനാക്കിയതാണു്.

  • പ്രാണന്‍ ത്യജിക്കിലതു തന്നെ ഗുണം മഹാത്മന്‍! (വൃത്തം: വസന്തതിലകം)

    കൊച്ചുനമ്പൂതിരിയുടെ പൂരണം:

    ഓണത്തിനും വിഷുവിനും തിരുവാതിരയ്ക്കും
    പ്രാണാധിനാഥയെ വെടിഞ്ഞു വസിക്കയെന്നും
    വാണീവരന്‍ മമ ശിരസ്സില്‍ വരച്ചതോര്‍ത്താല്‍
    പ്രാണന്‍ ത്യജിക്കിലതു തന്നെ ഗുണം മഹാത്മന്‍!

    ഓണം, വിഷു, തിരുവാതിര ഈ മൂന്നു ദിവസം വീട്ടിലെത്താത്ത ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ മരുമക്കത്തായസമ്പ്രദായത്തിലെ സ്ത്രീകളെ അനുവദിക്കുന്ന നിയമം കഴിഞ്ഞ നൂറ്റാണ്ടു വരെ ഉണ്ടായിരുന്നത്രേ!

  • വെളുത്തുപോമെന്നിഹ തോന്നിടുന്നു (വൃത്തം: ഉപജാതി)
    • വെണ്‍‌മണി അച്ഛന്‍ നമ്പൂതിരി

      കുളുര്‍ത്ത ചെന്താമര തന്നകത്തെ-
      ദ്ദളത്തിനൊക്കും മിഴിമാര്‍മണേ! കേള്‍
      തളത്തില്‍ നിന്നിങ്ങനെ തന്നെ നേരം
      വെളുത്തുപോമെന്നിഹ തോന്നിടുന്നു!

    • കൊച്ചുനമ്പൂതിരി

      ചെറുപ്പകാലത്തു തനൂരുഹങ്ങള്‍
      കറുത്തിരു, ന്നായതിലതിലര്‍ദ്ധമിപ്പോള്‍
      വെളുത്തതോര്‍ത്താലിനി മേലിതെല്ലാം
      വെളുത്തുപോമെന്നിഹ തോന്നിടുന്നു!


പലപ്പോഴും സമസ്യാകര്‍ത്താവുദ്ദേശിക്കാത്ത അര്‍ത്ഥം പൂരിപ്പിക്കുന്നവര്‍ കണ്ടുപിടിക്കാറുണ്ടു്. ചില ഉദാഹരണങ്ങള്‍:

  • കട്ടക്കയം ക്രൈസ്തവകാളിദാസന്‍ (വൃത്തം: ഉപജാതി)

    “ശ്രീയേശുവിജയം” എന്ന മനോഹരമായ മഹാകാവ്യമെഴുതി മഹാകവികളുടെ ഗണനത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കട്ടക്കയം ചെറിയാന്‍ മാപ്പിളയെ അഭിനന്ദിക്കാന്‍ ഒരാള്‍ ഇട്ട സമസ്യയാണിതു്. അദ്ദേഹത്തെ പ്രകീര്‍ത്തിച്ചു കൊണ്ടു ധാരാളം പൂരണങ്ങള്‍ വരുകയും ചെയ്തു. അവയെല്ലാം എല്ലാവരും മറന്നു പോയിട്ടും, ഇപ്പോഴും ആരും മറക്കാത്ത ഒരു പൂരണമുണ്ടു്. ഒരു പരിഹാസം. ആരെഴുതിയതെന്നു് അറിയില്ല.

    പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍;
    തട്ടിന്‍‌പുറത്താഖു മൃഗാധിരാജന്‍;
    കാട്ടാളരില്‍ കാപ്പിരി കാമദേവന്‍;
    കട്ടക്കയം ക്രൈസ്തവകാളിദാസന്‍!

    ആഖു = എലി.

    കട്ടക്കയം ഈ പൂരണം വായിച്ചിട്ടു കുലുങ്ങിച്ചിരിച്ചു എന്നാണു കഥ.

  • കാലക്കേടു വരുമ്പൊഴൊക്കെയൊരുമിച്ചാണെന്നു വിദ്വന്മതം (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം)

    തവനൂര്‍ നിന്നു പുറപ്പെടുന്ന “ധര്‍മ്മകാഹളം” എന്ന ആദ്ധ്യാത്മികമാസികയില്‍ രാവണപ്രഭു എന്ന സരസകവി എണ്‍‌പതുകളുടെ ആദ്യത്തില്‍ പ്രസിദ്ധീകരിച്ചതാണു് ഈ സമസ്യ. ഇതിന്റെ വാച്യാര്‍ത്ഥത്തില്‍ കൂടുതല്‍ അദ്ദേഹം ഉദ്ദേശിച്ചതു തന്നെയില്ല. അദ്ദേഹത്തിന്റെ പൂരണം ഇങ്ങനെയായിരുന്നു:

    പാലക്കാട്ടൊരു യോഗമുണ്ടതിനു ഞാന്‍ പോകാന്‍ പുറപ്പെട്ടതാ-
    ണാലത്തൂര്‍ വരെ വണ്ടി കിട്ടി, യവിടുന്നങ്ങോട്ടു കാല്‍‌യാത്രയായ്,
    ശീലക്കേടു തുടങ്ങിയെന്റെ വയറും-കക്കൂസുമില്ലെങ്ങുമേ
    കാലക്കേടു വരുമ്പൊഴൊക്കെയൊരുമിച്ചാണെന്നു വിദ്വന്മതം!

    പക്ഷേ, ഇതു പൂരിപ്പിച്ച യശോദാമ്മ എന്ന കവയിത്രി അങ്ങനെയല്ല അര്‍ത്ഥം കല്പിച്ചതു്. “കാലം എന്ന സങ്കല്പത്തിനു കേടു വരുമ്പോള്‍ എല്ലാം ഒരുമിച്ചാണു്” എന്നൊരു വേദാന്തതത്ത്വം ഇതില്‍ നിന്നു് ഉണ്ടാക്കി അവര്‍. യശോദാമ്മയുടെ പൂരണം:

    ചാലേയൊമ്പതു വാതിലാര്‍ന്നരമനയ്ക്കുള്ളാളുമത്തമ്പുരാന്‍
    കാലേലൊന്നു തൊടേണമെന്നു കരുതിക്കാത്തങ്ങു നിന്നീടവേ
    മേലും കീഴുമുണര്‍ന്നുയര്‍ന്നനലനൊന്നൂണാക്കിനാന്‍ സര്‍വ്വതും-
    കാലക്കേടു വരുമ്പൊഴൊക്കെയൊരുമിച്ചാണെന്നു വിദ്വന്മതം.

  • ആറും പിന്നെയൊരാറുമുണ്ടിവ ഗണിച്ചീടുമ്പൊഴേഴായ് വരും (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം)

    സമസ്യയില്‍ത്തന്നെ അപകടമുണ്ടു്. ആറും ആറും കൂട്ടിയാല്‍ ഏഴാകുമത്രേ! എങ്കിലും രണ്ടുപേര്‍ രണ്ടു വിധത്തില്‍ ഇതു പൂരിപ്പിച്ചു.

    1. ആറു സാധനവും പിന്നെ ആറും (നദിയും)

      നീറും തീപ്പൊരി കണ്ണിലും, നിറമെഴും ചന്ദ്രന്‍ ശിരസ്സിങ്കലും,
      ചീറും പാമ്പു കഴുത്തിലും ചെറുപുലിത്തോല്‍ നല്ലരക്കെട്ടിലും,
      സാരംഗം മഴുവും കരങ്ങളിലുമങ്ങീശന്നു ചേരും പടി–
      യ്ക്കാറും പിന്നെയൊരാറുമുണ്ടിവ ഗണിച്ചീടുമ്പൊളേഴായ്‌ വരും.

      ശിവനുള്ള ആറു കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു-തീക്കണ്ണു്, ചന്ദ്രക്കല, കഴുത്തില്‍ പാമ്പു്, അരയില്‍ പുലിത്തോല്‍, മാന്‍, മഴു എന്നിവ. പിന്നെ ഗംഗ എന്ന ആറും (നദിയും) കൂടി കൂട്ടിയാല്‍ ഏഴു സാധനങ്ങളായി.

    2. ഗണിതം തന്നെ ഉപയോഗിച്ചു്:

      കൂറും നന്മയുമേറിടും പ്രിയതമേ, പൊന്‍പണ്ടമുണ്ടാക്കിയാല്‍
      മാറും സങ്കടമെങ്കിലോ പുനരിതാ നാലുണ്ടിതൊറ്റപ്പവന്‍
      ഏറും ഭംഗി കലര്‍ന്നു കാണ്‍, പവനിതാ കാല്‍കാലതായ്‌ കയ്യിലി-
      ന്നാറും പിന്നെയൊരാറുമുണ്ടിവ ഗണിച്ചീടുമ്പൊളേഴായ്‌ വരും.

      അതായതു്, നാലു് ഒറ്റപ്പവന്‍ ഉണ്ടു്. മൊത്തം നാലു പവന്‍. പിന്നെ കാല്‍പ്പവനുകള്‍ ആറും (മൊത്തം ഒന്നരപ്പവന്‍), പിന്നെയും ഒരു ആറും (ഒന്നരപ്പവന്‍) ഇങ്ങനെ മൊത്തം ഏഴു പവന്‍ (നാലും ഒന്നരയും ഒന്നരയും) ഉണ്ടു് എന്നര്‍ത്ഥം. (4×1 + 6×0.25 + 6×0.25 = 7)

      (ഈ അര്‍ത്ഥം പറഞ്ഞു തന്ന ശ്രീ എ. ആര്‍. ശ്രീകൃഷ്ണനു നന്ദി.)

  • തോളിന്നലങ്കൃതി, ഗളത്തിനു മാല പോലെ

    എണ്‍പതുകളുടെ ആദ്യത്തില്‍ “ഭാഷാപോഷിണി”യില്‍ വന്ന ഒരു സമസ്യയാണിതു്. പൂരിപ്പിച്ചതില്‍ ഭൂരിഭാഗം ആളുകളും “വള്ളത്തോളിന്നലങ്കൃതി…” എന്നാണു പൂരിപ്പിച്ചതു്. പൂരണങ്ങളൊന്നും ഓര്‍മ്മയില്ല.

  • ഇളയതാളു മഹാരസികന്‍ സഖേ!

    “ഇളയതു്” എന്ന ഒരു ആളിനെപ്പറ്റിയുള്ള ഒരു സമസ്യയാണിതു്. വായിച്ച ഒരാള്‍ “ഇളയ താളു്” എന്നര്‍ത്ഥമെടുത്തു് ഇങ്ങനെ പൂരിപ്പിച്ചു.

    കുളവരമ്പില്‍ മുളച്ചുവളര്‍ന്നതും
    വളരെ നീണ്ടു വെളുത്തു തടിച്ചതും
    പുളിയൊഴിച്ചു കറിക്കു വിശേഷമാം
    ഇളയ താളു മഹാരസികന്‍ സഖേ!.


ദ്വിതീയാക്ഷരപ്രാസവാദം (മലയാളകവിതയില്‍ ദ്വിതീയാക്ഷരപ്രാസം വേണമെന്നും വേണമെന്നില്ലെന്നും ഉള്ള തര്‍ക്കം-ഇന്നതു വളരെ ബാലിശമായിത്തോന്നും) കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്തു്, ദ്വിതീയാക്ഷരപ്രാസത്തിനെതിരായിരുന്ന കെ. സി. കേശവപിള്ള രണ്ടു സമസ്യകള്‍ പ്രസിദ്ധീകരിച്ചു-ദുഷ്‌ഷന്തനും നൈഷധനും സമാനര്‍ (വൃത്തം: ഉപജാതി) എന്നും കാര്‍ത്സ്ന്യേന കാണാന്‍ കഴിയാ ജഗത്തില്‍ (വൃത്തം: ഉപജാതി) എന്നുമായിരുന്നു അവ. ദുഷ്കരങ്ങളായ ഷ്ഷ, ര്‍ത്സ്ന്യേ എന്നീ അക്ഷരങ്ങള്‍ ഉപയോഗിച്ചു് ഇതു പൂരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന കണക്കുകൂട്ടലിലായിരുന്നു ഇവ പ്രസിദ്ധീകരിച്ചതു്. പ്രാസപക്ഷപാതിയായിരുന്ന കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ അവ ഇങ്ങനെ പൂരിപ്പിച്ചു.

നൈഷ്‌ഷമ്യവല്‍ കൌതുകമോടരീണാം
യഷ്‌ഷണ്ഡമേവന്‍ സമരത്തില്‍ വെന്നു
ദുഷ്‌ഷഡ്‌രിപുക്കള്‍ക്കനധീനനാമാ
ദുഷ്‌ഷന്തനും നൈഷധനും സമാനര്‍

മാര്‍ത്സ്ന്യേകയാ മണ്ണിനു ഭംഗിയേകും
മാര്‍ത്സ്ന്യേക താനോ വിളവിന്‍ വിഭൂതി?
കാര്‍ത്സ്ന്യേകരൂപം കമനീയതയ്ക്കു
കാര്‍ത്സ്ന്യേന കാണാന്‍ കഴിയാ ജഗത്തില്‍

ഇവയ്ക്കു ദ്വിതീയാക്ഷരപ്രാസമില്ലാതെയും ഓരോ പൂരണം തമ്പുരാന്‍ പ്രസിദ്ധീകരിച്ചു. അവ ഇവയെക്കാള്‍ നന്നായിരുന്നു താനും. ഫലത്തില്‍ രണ്ടു കൂട്ടരുടെയും വാദത്തിനു താങ്ങായി-കഴിവുള്ളവര്‍ക്കു പ്രാസത്തോടു കൂടി എഴുതാന്‍ കഴിയും എന്നതിന്റെയും, പ്രാസമില്ലാതെ എഴുതിയാല്‍ അര്‍ത്ഥഭംഗി കൂടും എന്നും. എനിക്കു് ആദ്യത്തേതിന്റെ പൂരണം മാത്രമേ ഓര്‍മ്മയുള്ളൂ.

സമിത്യതിപ്രീണിതവീരസേനന്‍
അമര്‍ത്യവര്യാജ്ഞയെയാശ്രയിച്ചോന്‍
ശകുന്തലാഭാധികമോദിതാത്മാ
ദുഷ്ഷന്തനും നൈഷധനും സമാനര്‍.



സമസ്യയുടെ കാലം കഴിഞ്ഞും പൂരിപ്പിക്കപ്പെടുന്ന ചില സമസ്യകളുമുണ്ടു്. സിനിമാ-നാടകനടനും കവിയുമായിരുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍ മംഗളത്തില്‍ ഒരിക്കല്‍ പ്രസിദ്ധീകരിച്ച സമസ്യയാണു് കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍ (വൃത്തം: ദ്രുതവിളംബിതം) എന്നതു്. ദ്രുതവിളംബിതവൃത്തത്തില്‍ സാധാരണ ഉപയോഗിക്കുന്ന യമകത്തെ പരിഹസിക്കുവാന്‍ കൂടി എഴുതിയതാണിതു്. മംഗളത്തില്‍ത്തന്നെ ധാരാളം പൂരണങ്ങള്‍ വന്നിരുന്നു. അതിനു ശേഷവും ധാരാളം പേര്‍ ഇതു പൂരിപ്പിച്ചിട്ടുണ്ടു്. രണ്ടു സരസകവികള്‍ ഈയിടെ കവനകൌതുകത്തില്‍ പ്രസിദ്ധീകരിച്ച പൂരണങ്ങള്‍ നോക്കുക:

  • ഡോക്ടര്‍ ആര്‍. രാജന്‍

    അധികരിച്ച രുജയ്ക്കഥ ഹോമിയോ-
    വിധിയിലുള്ള മരുന്നു കഴിക്കവേ
    നലമെഴുന്നൊരു കാപ്പി വെടിഞ്ഞു പെണ്‍-
    കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍.

  • കെ.വി.പി. നമ്പൂതിരി

    ജലഭരങ്ങളൊഴിഞ്ഞതിവേനലീ
    നിലയിലാതപമാര്‍ക്കുമണയ്ക്കവേ
    അലമിതെന്തൊരു ശങ്ക, വരാംഗനാ–
    കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍.

അക്ഷരശ്ലോകസദസ്സിനു വേണ്ടി കഴിഞ്ഞ വര്‍ഷം രാജേഷ് വര്‍മ്മയും ഞാനും ഇതു പൂരിപ്പിച്ചിട്ടുണ്ടു്.

  • രാജേഷ്

    വലിയ ശമ്പളമപ്പടി നിന്റെ കൈ-
    മലരില്‍ വെയ്ക്കുവതെന്‍ പതിവല്ലയോ?
    സ്ഖലിതമിന്നു പൊറുക്കണമേ, വധൂ-
    കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍.

  • രാജേഷ്

    വില പെരുത്തു കൊടുത്തു കിടച്ചിടും
    പലയിനങ്ങളിലുള്ളൊരു കോളകള്‍
    ചിലതിലുണ്ടു വിഷാംശ,മതോര്‍ക്കയാല്‍
    കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍.

  • ഉമേഷ്

    പല വിധത്തിലുമുണ്ടു കുടിക്കുവാന്‍
    വിലയെഴും മധുരം; ബത ദോഹദേ
    പുളിയെനിക്കു ഹിതം, രസികോത്തമര്‍-
    ക്കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍!

    (ദോഹദം = ഗര്‍ഭകാലം)

  • ഉമേഷ്

    ലളിതമാണിതു കൂട്ടുവതിന്നു, മെയ്‌
    തളരുമേവനുമേറ്റവുമാശ്രയം,
    വളരെ വൈറ്റമിനു, ണ്ടതിനാല്‍ ഭിഷക്‌-
    കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍!


ഏതാനും ദശാബ്ദങ്ങള്‍ക്കു മുമ്പു് സമസ്യകളും പൂരണങ്ങളും പ്രസിദ്ധീകരിച്ചിരുന്ന പല പ്രസിദ്ധീകരണങ്ങളുമുണ്ടായിരുന്നു. അടുത്ത കാലത്തായി അവ കുറവാണു്.

  • കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രസിദ്ധീകരണമായ ശാസ്ത്രകേരളത്തില്‍ ശാസ്ത്രസമസ്യാപൂരണങ്ങള്‍ വരാറുണ്ടായിരുന്നു എഴുപതുകളില്‍. “ശാസ്ത്രം പിഴച്ചോ, മനുജന്‍ പിഴച്ചോ?”, “നരനില്‍ നിന്നു ജനിച്ചു വാനരന്‍”, “മര്‍ത്ത്യന്‍ മരിക്കുന്നു മരുന്നു മൂലം” എന്നീ സമസ്യകള്‍ ഓര്‍മ്മയുണ്ടു്. പൂരണങ്ങളൊന്നും ഓര്‍മ്മയില്ല.
  • തവനൂര്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ആദ്ധ്യാത്മികമാസികയായ ധര്‍മ്മകാഹളത്തില്‍ സ്ഥിരമായി സമസ്യകള്‍ വരുമായിരുന്നു. അതു നടത്തിയിരുന്ന ശ്രീ പി. ആര്‍. നായര്‍ അന്തരിച്ചതോടുകൂടി മാസികയും സമസ്യയും നിന്നു.

    “കാലക്കേടു വരുമ്പൊഴൊക്കെയൊരുമിച്ചാണെന്നു വിദ്വജ്ജനം” ധര്‍മ്മകാഹളത്തില്‍ വന്നതാണു്.

  • എഴുപതുകളിലും എണ്‍‌പതുകളിലും ഭാഷാപോഷിണിയില്‍ സമസ്യാപൂരണങ്ങളുണ്ടായിരുന്നു. മലയാളത്തിലെ ഏറ്റവും നല്ല സമസ്യാപൂരണങ്ങള്‍ വന്നിരുന്നതു് ഇവിടെയാണു്.

    ഭാഷാപോഷിണിയുടെ കെട്ടും മട്ടും മാറ്റിയപ്പോള്‍ സമസ്യയെ വിട്ടു.


    ഒരു ഉദാഹരണം: സ്വര്‍ല്ലോകമാവില്ലയോ? (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം)

    • (ആരുടേതെന്നറിയില്ല)

      ആവും മട്ടു പരിശ്രമിച്ചിടുകയാലീയേറ്റുമാനൂരെഴും
      ദേവന്‍ തന്‍ മുതല്‍ കട്ട കള്ളനൊടുവില്‍ പെട്ടൂ വലയ്ക്കുള്ളിലായ്;
      “ദൈവത്തിന്നൊരു കാവലെന്തി?”നിദമോര്‍ത്തീടാതെ പോലീസുകാ-
      രീവണ്ണം നിജ ജോലി ചെയ്കിലിവിടം സ്വര്‍ല്ലോകമാവില്ലയോ?

      ഏറ്റുമാനൂര്‍ അമ്പലത്തിലെ വിഗ്രഹം സ്റ്റീഫന്‍ എന്നൊരാള്‍ മോഷ്ടിച്ചതും, അന്നു മുഖ്യമന്ത്രിയായിരുന്ന ഇ. കെ. നായനാര്‍ വേറൊരു സന്ദര്‍ഭത്തില്‍ “ഭഗവാനെന്തിനാ പാറാവു്?” എന്നു ചോദിച്ചതും, വിഗ്രഹം ഇളക്കാന്‍ ഉപയോഗിച്ച പാര പൊതിഞ്ഞിരുന്ന കടലാസ് നാഗര്‍കോവിലോ മറ്റോ ഉള്ള ഒരു സ്കൂള്‍‌വിദ്യാര്‍ത്ഥിനിയുടെ കോമ്പോസിഷന്‍ ബുക്കിലെയാണെന്നു കണ്ടുപിടിച്ചു് (ആ കുട്ടിയുടെ വിലാസം ആ കടലാസിലുണ്ടായിരുന്നു-ഒരു കത്തായിരുന്നു ആ പേജിലെ കോമ്പോസിഷന്‍) അവിടെ പോയി അന്വേഷിച്ചു് കേരളാ പോലീസ് സ്തുത്യര്‍ഹമായ രീതിയില്‍ മോഷ്ടാവിനെ പിടികൂടിയതും ആണു് ഈ ശ്ലോകത്തിന്റെ അവലംബമായ സംഭവങ്ങള്‍.

    • (ആരുടേതെന്നറിയില്ല)

      നാട്ടില്‍ത്തല്ലു, വഴ, ക്കഴുക്കു, ഭരണിപ്പാട്ടും, മനം നൊന്തു തന്‍
      വീട്ടില്‍ക്കൂട്ടിനിരിപ്പവള്‍ക്കു ഹൃദയത്തീ, യെന്നതും മാത്രമോ
      നോട്ടിന്‍ പോ, ക്കഭിമാനനഷ്ട, മിവയും സൃഷ്ടിക്കുമാ മദ്യപ-
      ക്കൂട്ടം മന്നില്‍ മറഞ്ഞുപോകിലിവിടം സ്വര്‍ല്ലോകമാകില്ലയോ?

  • മംഗളം വാരികയില്‍ എണ്‍പതുകളില്‍ സമസ്യാപൂരണമുണ്ടായിരുന്നു. ഇപ്പോഴില്ല.

    “കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍” എന്നതു മംഗളത്തില്‍ വന്നതാണു്.

  • കേരള അക്ഷരശ്ലോകപരിഷത്തിന്റെ മുഖപത്രമായ കവനകൌതുകം സമസ്യാപൂരണങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന ഒരു മാസികയാണു്.
  • ഗുരുവായൂര്‍ ദേവസ്വം പ്രസിദ്ധീകരിക്കുന്ന ഭക്തപ്രിയ, ഒരു കുടുംബമാസികയായ ശ്രീവിദ്യ എന്നിവയില്‍ ഇപ്പോഴും സമസ്യാപൂരണങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടു്.

ഇനിയുമുണ്ടു് ഒരുപാടു സമസ്യാപൂരണങ്ങളെപ്പറ്റി പറയാന്‍. വിസ്തരഭയത്താല്‍ തത്‌കാലം നിര്‍ത്തുന്നു. കൂടുതല്‍ ഇനി വേറേ ലേഖനങ്ങളില്‍ എഴുതാം.

ഈയിടെ തുടങ്ങിയ “ബുദ്ധിപരീക്ഷ” ബ്ലോഗില്‍ സമസ്യകളും ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി എന്തു പറയുന്നു?

(പുതിയ ഉദാഹരണങ്ങള്‍ പറഞ്ഞുതരുകയും ഉള്ളവയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്ത ജ്യോതിര്‍മയി, ഡോ. പണിക്കര്‍, സിദ്ധാര്‍ത്ഥന്‍, പുള്ളി എന്നിവര്‍ക്കു നന്ദി.)

സമസ്യാപൂരണം
സാഹിത്യം
സാഹിത്യവിനോദങ്ങള്‍

Comments (34)

Permalink