ശരാശരി മനുഷ്യരെക്കാൾ ഓർമ്മശക്തി കുറവുള്ള ഒരു മനുഷ്യനാണു ഞാൻ.
സ്വന്തം അഡ്രസ് (ഇതു തെറ്റിച്ചെഴുതിയതു കൊണ്ട് ഒരിക്കൽ നാട്ടിൽ പോകാനുള്ള എയർ ടിക്കറ്റ് തിരിച്ച് ട്രാവൽ ഏജന്റിന്റെ കയ്യിൽ ചെന്നതു കൊണ്ട് യാത്രയുടെ അന്ന് ഒരു മണിക്കൂർ യാത്ര ചെയ്ത് അതു പോയി വാങ്ങേണ്ടി വന്നിട്ടുണ്ട്), സ്വന്തം സിപ് കോഡ് (നാട്ടിലെ പിൻ കോഡ് എന്ന ആറക്കം പോലെ അമേരിക്കയിലുള്ള അഞ്ചക്കകോഡ്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പെട്രോളടിക്കുമ്പോൾ ഇത് എന്റർ ചെയ്യണം), ഓഫീസിൽ ഇപ്പോൾ ഹാൻഡിൽ ചെയ്യുന്ന ബഗ്ഗിന്റെ നമ്പർ, വർക്കു ചെയ്യുന്ന സോഫ്റ്റ്വെയറിന്റെ ഇപ്പോഴത്തെ വേർഷൻ (ആറു മാസത്തേയ്ക്കു മാറ്റമില്ലാതെ നിൽക്കുന്ന സാധനമാണ് ഇത്), പരിചയമുള്ള പലരുടെയും പേര് എന്നിങ്ങനെ ഒരുപാടു കാര്യങ്ങൾ പലപ്പോഴും ഓർമ്മയിൽ നിൽക്കാറില്ല. ബാക്കിയുള്ളവരൊക്കെ ഇവ നന്നായി ഓർക്കുകയും ചെയ്യും.
ചില പരിപാടികൾക്കു പങ്കെടുത്തപ്പോൾ ധരിച്ച വസ്ത്രം, കടയിൽ നിന്നു പണ്ടു വാങ്ങിയ സാധനത്തിന്റെ ബ്രാൻഡും കവറിന്റെ നിറവും തുടങ്ങി സാധാരണ ആളുകൾ (പ്രത്യേകിച്ചു സ്ത്രീകൾ) കൃത്യമായി ഓർക്കുന്ന അഡ്വാൻസ്ഡ് സംഭവങ്ങളുടെ കാര്യം പറയാനും മേലാ.
ഇങ്ങനെയൊക്കെയാണെങ്കിലും സാധാരണ ആളുകൾ ഓർക്കാത്ത പലതും ഞാൻ ഓർക്കാറുണ്ട്.
പോയ വഴികൾ ഓർക്കാൻ ആവറേജ് കഴിവുണ്ട്. ഓർമ്മശക്തിയല്ല, ഡയറക്ഷൻ സെൻസാണ് കാരണം എന്നാണു തോന്നുന്നത്. മിക്കവാറും ആളുകൾ ഇതിൽ മോശമായതിനാൽ ഞാൻ ഇതിൽ കിടിലമാണെന്ന് ഒരു അഭിപ്രായം പൊതുവേ ഉണ്ട്. സത്യത്തിൽ കഷ്ടിച്ച് ആവറേജ് ഓർമ്മയേ ഇതിൽ ഉള്ളൂ. ഇതിൽ പുലികളായ പലരെയും അറിയാം. ഒരിക്കൽ പോയ സ്ഥലത്ത് പിന്നെ മാപ്പും ജീപ്പിയെസും ഒന്നുമില്ലാതെ പോയിക്കളയും.
ബാക്കിയുള്ളവരെക്കാൾ കൂടുതൽ ഓർമ്മയുള്ളത് ശ്ലോകങ്ങൾ, കവിതകൾ, ചെസ് ഗെയിമുകളും പൊസിഷൻസും, പസിലുകൾ, ഫേസ്ബുക്കിലും മറ്റും ആളുകൾ എന്നെങ്കിലും എഴുതിയ പോസ്റ്റുകൾ തുടങ്ങിയ ചില കാര്യങ്ങളാണ്. ഇത് ഇടയ്ക്കിടെ അവിടെയും ഇവിടെയും തള്ളുന്നതു കൊണ്ട് എന്നെ ഒരു ഫോട്ടോഗ്രാഫിക് മെമ്മറിയുടെ ആളായി ജനത്തിനെക്കൊണ്ടു തെറ്റിദ്ധരിപ്പിക്കാൻ കുറേയൊക്കെ കഴിഞ്ഞിട്ടുണ്ട്.
എഞ്ചിനീയറിംഗിനു പഠിക്കുമ്പോൾ ജനം പലതും കാണാതെ പഠിച്ച് പരീക്ഷയ്ക്കു പോകുന്നത് എനിക്ക് അദ്ഭുതമായിരുന്നു. ഒരക്ഷരം മനസ്സിലാകാത്ത മൂന്നു പേജ് തിയറം പ്രൂഫൊക്കെ വള്ളി പുള്ളി (കണക്കാകുമ്പോൾ ആല്ഫാ, ബീറ്റാ എന്നു പറയണമായിരിക്കും, അല്ലേ?) തെറ്റാതെ കാണാതെ പഠിച്ച് പരീക്ഷയ്ക്ക് എഴുതാൻ പ്രാപ്തിയുള്ള ധാരാളം പേരെ കണ്ടിട്ടുണ്ട്. നെടുനെടുങ്കൻ ഫോർമുലകൾ, നിറച്ചും ഡാറ്റയുള്ള ടേബിളുകൾ, വായിൽ കൊള്ളാത്ത പദങ്ങൾ ഇതൊക്കെ പുഷ്പം പോലെ കാണാതെ പഠിച്ച് പുല്ലു പോലെ പരീക്ഷയെഴുതാൻ കഴിവുള്ളവർ.
ഇതൊന്നും കഴിയാത്ത ഞാൻ കാണാതെ പഠിക്കേണ്ട പരീക്ഷയ്ക്കൊക്കെ ബുദ്ധിമുട്ടി. മലയാളം ബി എ യ്ക്കോ മാത്തമാറ്റിക്സ് ബി എസ് സി യ്ക്കോ പോകാതെ എഞ്ചിനീയറിംഗ് എടുത്തതിൽ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്. പിന്നെ, എക്കണോമിക്സോ പൊളിറ്റിക്കൽ സയൻസോ ഒന്നുമല്ലല്ലോ പഠിച്ചത് എന്നോർക്കുമ്പോൾ അല്പം സമാധാനവും തോന്നും.
അഞ്ചാമത്തെയോ ആറാമത്തെയോ സെമസ്റ്ററിൽ ആയിരുന്നു എക്കണോമിക്സ് ആൻഡ് മാനേജ്മെന്റ് എന്നൊരു പേപ്പർ. ആഡം സ്മിത്ത്, ലയണൽ റോബിൻസ് തുടങ്ങിയവരുടെ എക്കണോമിക് തിയറികളും പിന്നെ പല തരം മാനേജ്മെന്റ് പ്രിൻസിപ്പിൾസും. വെള്ളം കുടിച്ചു പോയി. ടെയ്ലേഴ്സ് മാനേജ്മെന്റ് പ്രിൻസിപ്പിൾസ് എന്നു പറഞ്ഞ് 14 പോയിന്റ്സുണ്ട്. പരീക്ഷയുടെ തലേ ദിവസം ഞാൻ കുത്തിയിരുന്നു പഠിക്കാൻ നോക്കിയപ്പോൾ മൂന്നെണ്ണം പഠിച്ചു.
അപ്പോഴാണു സുരേഷ് വിശേഷം ചോദിക്കാൻ റൂമിലേക്കു വന്നത്. (സുരേഷിനെ നിങ്ങളറിയും. പാചകസ്മരണകളിലെ ഫൈനൽ പഞ്ച് ഡയലോഗ് പറയുന്ന ആൾ തന്നെ.) എന്റെ ബുദ്ധിമുട്ട് കണ്ട് അവൻ ഒരു വഴി പറഞ്ഞു തന്നു. ഈ പതിനാലു പോയിന്റ്സും എഴുതി വെയ്ക്കുക. എന്നിട്ട് ഓരോന്നിന്റെയും ആദ്യത്തെ അക്ഷരങ്ങൾ മാത്രം എഴുതുക. അവയെ തിരിച്ചും മറിച്ചും ഇട്ട് അർത്ഥമുള്ള വാക്കുകൾ ഉണ്ടാക്കുക. KITE TEAK PSI SIR എന്നോ മറ്റോ. അത് ഓർക്കാൻ എളുപ്പമാണ്. പരീക്ഷാഹോളിൽ ചെല്ലുമ്പോൾ ഓരോ അക്ഷരത്തെയും എക്സ്പാൻഡ് ചെയ്യുക.
ആദ്യം എനിക്ക് ഇതത്ര ഇഷ്ടപ്പെട്ടില്ല.
“ഇങ്ങനെ എഴുതിയാൽ ക്രമം തെറ്റില്ലേ?”
“പിന്നേ, നീ ക്രമത്തിലേ എല്ലാം ചെയ്യൂ. ഒന്നു പോയേടാ. വേണേൽ മതി. പോയിന്റ്സ് എല്ലാം ഉണ്ടോ എന്നേ അവർ നോക്കൂ. ക്രമമൊന്നും പ്രശ്നമല്ല” എന്ന് അവൻ.
ഇതു നല്ല പരിപാടിയാണല്ലോ എന്ന് തോന്നി. ടെയ്ലേഴ്സ് പ്രിൻസിപ്പിൾസിന് സുരേഷ് ഉണ്ടാക്കിയ വാക്കുകൾ കാണാതെ പഠിച്ച് ഓരോന്നിന്റെയും പൂർണ്ണരൂപം അറിയാം എന്ന് ഉറപ്പാക്കിയതിനു ശേഷം ഞാൻ സമാധാനമായി ഉറങ്ങി.
പിറ്റേന്ന് പരീക്ഷയ്ക്ക് ആദ്യത്തെ പേജിൽ തുടങ്ങി അരപ്പേജു വീതം വിട്ട് ഈ 14 അക്ഷരവും എഴുതി. അപ്പോഴാണ് ഒരു സത്യം മനസ്സിലാക്കിയത്. ഈ 14 അക്ഷരമേ ഓർമ്മയുള്ളൂ. ഓരോന്നും എന്താണെന്ന് ഓർമ്മയില്ല! തലേന്നു പഠിച്ച മൂന്നു പോയിന്റ് മാത്രം ഓർമ്മയുണ്ട്!
പിന്നെ എന്തൊക്കെയോ എഴുതി എങ്ങനെയോ പരീക്ഷ പാസ്സായി എന്നു പറഞ്ഞാൽ മതിയല്ലോ.
ആയിടയ്ക്കാണ് ഓർക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളെ തനിക്ക് ഓർക്കാൻ എളുപ്പമുള്ള കാര്യങ്ങളുമായി കണക്റ്റ് ചെയ്ത് ഓർക്കാൻ ഞാൻ തീരുമാനിച്ചത്.
പ്രാചീനഭാരതത്തിലെ ആളുകൾ ഇതുപോലെയുള്ള കാര്യങ്ങൾ ഓർക്കാൻ ശ്ലോകങ്ങളെ ഉപയോഗിച്ചിരുന്നു. ത്രികടുകമജമോദാ സൈന്ധവേ ജീരകേ ദ്വേ എന്നു ചൊല്ലി മരുന്നു കുറിയ്ക്കുന്ന വൈദ്യനും വൃത്താതാമ്രസുദൃഷ്ണശാകലഘുഭുക്… എന്നു ചൊല്ലി ഫലം പറയുന്ന ജ്യോത്സ്യനും ശ്ലോകങ്ങൾ വഴിയാണ് കാര്യങ്ങൾ ഓർത്തു വെയ്ക്കുന്നത്. ലീലാവതിയിലും മറ്റുമുള്ള ശ്ലോകങ്ങൾ പല ഫോർമുലകളെയും ഓർക്കാൻ ഉപയോഗിക്കാം. ഉദാഹരണമായി, ജ്യാവാസയോഗാന്തര…, വ്യാസച്ഛരോനാച്ഛരസംഗുണാച്ച…, ജീവാർദ്ധവർഗേ… എന്നീ ശ്ലോകങ്ങൾ കൊണ്ട് ഒരു വൃത്തത്തിന്റെ വ്യാസം, ഞാൺ, ശരം എന്നിവയിൽ രണ്ടെണ്ണം കിട്ടിയാൽ മൂന്നാമത്തേതു കണ്ടുപിടിക്കുന്ന ഫോർമുലകൾ ഇപ്പോഴും ഞൊടിയിടയ്ക്കുള്ളിൽ എഴുതാം. ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയൻ ഭൂപഗിഃ എന്നോ ഗോപീഭാഗ്യമധുവ്രാത… എന്നോ ഓർത്ത് പൈയുടെ മൂല്യം 17 അല്ലെങ്കിൽ 31 ദശാംശസ്ഥാനങ്ങൾക്കു കൃത്യമായി ഓർക്കാം. (പൈയുടെ മൂല്യം പരല്‍പ്പേരുപയോഗിച്ചു് എന്ന പോസ്റ്റ് കാണുക.) എന്തുകൊണ്ട് ഈ വിദ്യ പഠിക്കാനുള്ള കാര്യങ്ങൾക്ക് ഉപയോഗിച്ചു കൂടാ?
1991-ൽ കുറേക്കാലം തിരുവനന്തപുരത്ത് ഒരു പാരലൽ കോളജിൽ എഞ്ചിനീയറിംഗ്/മെഡിക്കൽ എൻട്രൻസിനു കുട്ടികളെ പഠിപ്പിക്കുന്ന പണി ചെയ്തിരുന്നു. അവരോട് ഫോർമുലകൾ ഓർക്കാൻ ശ്ലോകം പഠിക്കുന്ന കാര്യം പറഞ്ഞു. ഒരു കുട്ടി പറഞ്ഞത്: “നാലു വരി പദ്യം പഠിക്കാൻ ഞങ്ങൾക്ക് 100 ഫോർമുല പഠിക്കുന്നതിലും ബുദ്ധിമുട്ടാണു സാർ. താങ്കൾ എന്താണു പറയുന്നതെന്നു ഞങ്ങൾക്കു മനസ്സിലാകുന്നില്ല!” അതോടെ ഞാൻ മറ്റുള്ളവരോട് ഇതു പറയുന്നതു നിർത്തി. എന്റെ വൈകല്യം മൂലമുള്ള ഈ വിചിത്രസ്വഭാവം ഞാനെന്തിനു മറ്റുള്ളവരിലേയ്ക്കു പകർത്തണം?
സംഖ്യകൾ ഓർക്കാൻ അവയെ പരൽപ്പേരിൽ ആക്കി അത് ഓർമ്മിച്ചു. ഫോർമുലകൾ ഓർക്കാൻ അവയെ ചെറിയ ശ്ലോകങ്ങളാക്കി. അങ്ങനെ തട്ടിമുട്ടിയാണ് എഞ്ചിനീയറിംഗ് പാസ്സായത്. മാർക്ക്ലിസ്റ്റ് കൗതുകകരമാണ്. കണക്കുമായി ബന്ധപ്പെട്ട പരീക്ഷകൾക്കൊക്കെ 85 ശതമാനത്തിൽ കൂടുതൽ മാർക്ക്. കാണാതെ പഠിച്ചെഴുതേണ്ട വിഷയങ്ങൾക്ക് 55 ശതമാനത്തിൽ താഴെയും. 55-നും 85-നും ഇടയ്ക്ക് ഒരു വിഷയത്തിനും മാർക്കില്ല!
ഇതു പലപ്പോഴും ഞാൻ ഇതിനു മുമ്പും ഉപയോഗിച്ചിട്ടുണ്ട്. ഏതു ഗ്രിഗോറിയൻ തീയതിയുടെയും ആഴ്ച കണ്ടു പിടിക്കാൻ ഉള്ള ഒരു രീതിയിൽ (ആഴ്ച കണ്ടുപിടിക്കാന്‍… എന്ന പോസ്റ്റ് കാണുക.) ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾക്ക് ഓരോ സംഖ്യ ഓർത്തുവെയ്ക്കേണ്ടതുണ്ട്. 0, 3, 3, 6, 1, 4, 6, 2, 5, 0, 3, 5
എന്നിവയാണ് അവ.
ശൂന്യമൂര്‍ത്തിസ്ത്രിഷഡ്‌ഭൂമിര്‍ യുഗശാസ്ത്രാക്ഷിസായകാഃ
ആകാശാഗ്നീഷവഃ സംഖ്യാ മാസാനാം തു യഥാക്രമം
എന്ന ശ്ലോകം എഴുതിയാണ് അത് ഓർത്തത്.
ട്രാൻസ്പോർട്ടേഷൻ ആൻഡ് ട്രാഫിക് എഞ്ചിനീയറിംഗിലായിരുന്നു എം ടെക് എടുത്തത്. കത്തി സബ്ജക്റ്റ് ഒക്കെ ഒഴിവായല്ലോ എന്ന സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് രണ്ടാം സെമസ്റ്ററിൽ ദാ ട്രാൻസ്പോർട്ടേഷൻ എക്കണോമിക്സ്! അതിൽ 21 principles of Transportation Economics എന്നൊരു സാധനം പഠിക്കണം. കുരിശുകളെല്ലാം ഏഴിന്റെ ഗുണിതങ്ങളായി ആണോ വരുന്നത് കർത്താവേ എന്നു പറഞ്ഞു പോയി.
പരീക്ഷയുടെ തലേദിവസം. മുകളിൽ പറഞ്ഞ സുരേഷ് എം ടെക്കിനും എന്റെ ക്ലാസ്മേറ്റും റൂം മേറ്റും ആയിരുന്നു. 21 പോയിന്റ്സ് ചേർത്ത് 21 അക്ഷരമുള്ള നാലഞ്ചു വാക്കുകളാക്കി കുട്ടപ്പനാക്കി അത് എനിക്കു വേണോ എന്ന് അവൻ ചോദിച്ചു. സംസ്കൃതത്തിൽ എനിക്കറിയാവുന്ന ഏറ്റവും വലിയ തെറിയാൽ അവനെ സംബോധന ചെയ്തിട്ട് ഞാൻ അത് നന്ദിപൂർവ്വം നിരസിച്ചു.
ഒരു മണിക്കൂർ എടുത്തു ശ്ലോകം എഴുതാൻ. മൂന്നു മണിക്കൂറെടുത്തു അതു കാണാതെ പഠിക്കാൻ. പിറ്റേന്ന് പരീക്ഷയ്ക്ക് മണിമണിയായി എഴുതി. കോപ്പിയടിച്ചതാണോ എന്ന് നോക്കിയ ആൾക്കു സംശയം വന്നു കാണും.
സംഭവം ഇങ്ങനെയാണു തുടങ്ങിയത്.
പൂർണ്ണമായും സത്യസന്ധം;
തീരുമാനമെടുക്കൊലാ;
ഉൾവിളിയ്ക്കില്ല പ്രാധാന്യം;
എല്ലാക്കാര്യവുമോർക്കണം;
വേണമോ വേണ്ടയോ എന്ന
കാര്യമേറ്റം പ്രധാനമാം;
പണത്തിൻ ബന്ധമില്ലാത്ത-
തൊക്കെ മാറ്റി നിറുത്തണം…
(ബാക്കി മറന്നു പോയി.)
ഈ പോയിന്റുകൾ എഴുതിയാൽ ഇങ്ങനെ വരും:
Your recommendations should be completely objective. (objective എന്നതിനു പറ്റിയ ഒരു മലയാളം ഓർമ്മ വരാഞ്ഞതു കൊണ്ട് “സത്യസന്ധം” എന്നെഴുതി അഡ്ജസ്റ്റ് ചെയ്തു.)
You should only recommend, don’t take decisions.
Intuition has no role in Transportation Economics.
You should consider all factors.
Each recommendation should be answering a question whether a particular thing should be adopted or not.
You should exclude anything not related to money.
ഇങ്ങനെ 21 പോയിന്റുകൾ എഴുതി വിശദീകരിച്ചാണ് പരീക്ഷ എഴുതിയത്.
ചൈനക്കാരുടെ രാശിചക്രത്തിലെ പന്ത്രണ്ട് മൃഗങ്ങളെ (Rat, Ox, Tiger, Rabbit, Dragon, Snake, Horse, Sheep, Monkey, Rooster, Dog, Pig) ഓർക്കാൻ ഞാൻ ഒരിക്കൽ ഈ ശ്ലോകങ്ങൾ എഴുതി.
കൂറേ വർഷങ്ങൾക്കു മുമ്പു ജോലി ചെയ്തിരുന്ന കമ്പനിയിൽ നടന്ന ചൈനീസ് ന്യൂ ഇയർ സെലിബ്രേഷനു ചൈനീസ് വംശജരല്ലാത്തവർക്കു വേണ്ടി നടത്തിയ ഒരു ക്വിസ് മത്സരത്തിൽ ഒരിക്കൽ ഫസ്റ്റടിച്ചിരുന്നു. അതിലെ ഒരു ചോദ്യം ചൈനീസ് വർഷങ്ങൾ ക്രമത്തിൽ പറയുക എന്നതായിരുന്നു. ഈ ശ്ലോകങ്ങൾ അറിയാവുന്നതു കൊണ്ട് ഈസിയായി പറഞ്ഞു. കോഴി എന്നതിന് Rooster എന്നതിനു പകരം Hen എന്നു പറഞ്ഞു എന്നതൊഴിച്ചാൽ മറ്റ് അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല.
ഇന്നലെ ഫിസിക്സിലെ ഷെൽ മോഡൽ എനർജി ലെവൽസ് (SPPDSDFPFPGGDDSHHFFPPI) ഓർക്കാൻ ഒരു ശ്ലോകം എഴുതിക്കൊടുക്കാമോ എന്ന് ഒരു സുഹൃത്ത് ചോദിച്ചപ്പോൾ എഴുതിയതാണ് ഈ ശ്ലോകങ്ങൾ.
ശ്രീ-പത്മനാഭ-പാദങ്ങൾ
ദീനനായി സ്മരിച്ചഥ
ദൈവം ഫലം പലേടത്തും
ഫലിപ്പിക്കാൻ പൊറുക്കണം
ഇതു നിത്യേന ഷെൽ മോഡൽ
എനർജി ലെവലോർക്കുവാൻ
പഠിച്ചീടിൽ മറക്കാതെ
എന്നുമോർമ്മയിൽ നിന്നിടും.
ശ്രീ മുതൽ ഇതു വരെയുള്ള 22 വാക്കുകൾ ഇംഗ്ലീഷിൽ എഴുതിയാൽ അവയുടെ ആദ്യത്തെ അക്ഷരങ്ങൾ (ഫ എന്നതിന് F എന്നെഴുതണം) എടുത്താൽ മുകളിൽ പറഞ്ഞ എനർജി ലെവൽസ് കിട്ടും.
ഫോർമുലകളും എസ്സേകളും സംഖ്യകളും ഒക്കെ ഓർക്കാൻ കഴിയാത്തതു കൊണ്ട് അവയെ ശ്ലോകമാക്കി അത് ഓർത്തുവെയ്ക്കുന്ന വിചിത്രജീവികൾ എന്നെപ്പോലെ വേറെ ആരെങ്കിലും ഉണ്ടോ വായനക്കാരേ?
പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല മന്ത്രിയായ എം. എം. മണിയ്ക്ക് “വിദ്യുച്ഛക്തി” എന്നു് എഴുതാൻ അറിയില്ല എന്നു പറഞ്ഞതാണു് മലയാളം സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ഒരു ട്രെൻഡിംഗ് വാർത്ത. അതിനോടനുബന്ധിച്ചു് ഞാൻ ഫേസ്ബുക്കിൽ രണ്ടു ചോദ്യങ്ങൾ പോസ്റ്റുകളായി ഇട്ടിരുന്നു.
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണു് ഈ പോസ്റ്റിൽ. വ്യാകരണലേഖനങ്ങൾ എഴുതിക്കൊണ്ടാണു് ഈ ബ്ലോഗ് തുടങ്ങിയതു്. ഇപ്പോൾ കുറേക്കാലമായി ഒന്നും എഴുതിയിട്ടില്ല. ഇന്നു് ഒരു വ്യാകരണലേഖനം ആയിക്കോട്ടേ.
സ്കൂളിൽ പഠിച്ചവർക്കൊക്കെ വിദ്യുത് + ശക്തി എന്നാണു് വിദ്യുച്ഛക്തിയുടെ പിരിച്ചെഴുത്തു് എന്നു് ഓർമ്മയുണ്ടാവും. പക്ഷേ എങ്ങനെയാണു ത, ശ എന്നിവ ചേർന്നാൽ ച, ഛ എന്നിവയുടെ കൂട്ടക്ഷരം ആവുന്നതു്?
ഇതു് ആദേശസന്ധിയാണെന്നു ചിലർ പറയുന്നതു കണ്ടു. വിൺ + തലം = വിണ്ടലം എന്നതിലെ ത എന്ന അക്ഷരം ട എന്നക്ഷരം ആകുന്നതു പോലെയുള്ള മാറ്റമാണു് ആദേശസന്ധി. ലോപം, ആഗമം, ആദേശം, ദ്വിത്വം എന്നിവ മലയാളസന്ധികൾക്കായി കേരളപാണിനി എന്നറിയപ്പെടുന്ന ഏ. ആർ. രാജരാജവർമ്മ ഉണ്ടാക്കിയ നാലു വിഭാഗങ്ങളാണു്. ഇതും കൊണ്ടു ചെന്നാൽ സംസ്കൃതസന്ധികൾ വിശദീകരിക്കാൻ പറ്റില്ല. സംസ്കൃതത്തിലെ പല വാക്കുകളും ഉണ്ടാകുന്നതു് പല സന്ധിനിയമങ്ങളും കടന്നിട്ടാണു്. വിദ്യുച്ഛക്തി ഒരു നല്ല ഉദാഹരണമാണു്.
സാക്ഷാൽ പാണിനി അഷ്ടാധ്യായിയിൽ കൊടുത്തിരിക്കുന്ന നിയമങ്ങളനുസരിച്ചാണു് ഇതു താഴെ വിശദീകരിക്കുന്നതു്. അതിനു മുമ്പു് പാണിനിയുടെ സൂത്രങ്ങളെപ്പറ്റി അല്പം പറയേണ്ടിയിരിക്കുന്നു.
ഏറ്റവും കുറച്ചു് അക്ഷരങ്ങൾ കൊണ്ടു് സങ്കീർണ്ണങ്ങളായ വ്യാകരണനിയമങ്ങൾ പറയുന്ന സൂത്രങ്ങളാണു് അഷ്ടാധ്യായിയിൽ ഉള്ളതു്. അവ വ്യാഖ്യാനമില്ലാതെ മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണു്. വിദ്യുച്ഛക്തിയുടെ സന്ധിനിയമം രമേശ് ചെന്നിത്തലയ്ക്കു പറഞ്ഞു കൊടുക്കാൻ മാത്രമുള്ള വിശദീകരണമേ താഴെ കൊടുക്കുന്നുള്ളൂ.
ആദ്യമായി, അക്ഷരക്കൂട്ടത്തെ സൂചിപ്പിക്കാനായി പാണിനി ഉപയോഗിച്ച ചുരുക്കരൂപം നോക്കാം. പരമശിവൻ ഉടുക്കു കൊട്ടി പാണിനിയ്ക്കു പറഞ്ഞുകൊടുത്തു എന്നു് ഐതിഹ്യങ്ങൾ പറയുന്ന മാഹേശ്വരസൂത്രങ്ങൾ:
അ ഇ ഉ
ണ്
ഋ ഌ
ക്
ഏ ഓ
ങ്
ഐ ഔ
ച്
ഹ യ വ ര
ട്
ല
ണ്
ഞ മ ങ ണ ന
മ്
ഝ ഭ
ഞ്
ഘ ഢ ധ
ഷ്
ജ ബ ഗ ഡ ദ
ശ്
ഖ ഫ ഛ ഠ ഥ ച ട ത
വ്
ക പ
യ്
ശ ഷ സ
ര്
ഹ
ല്
ഇവിടെ, ഇടത്തു വശത്തു കൊടുത്തിരിക്കുന്നതു് അക്ഷരങ്ങളുടെ ഗ്രൂപ്പുകളും വലത്തുവശത്തു് ആ ഗ്രൂപ്പിന്റെ അവസാനത്തെ സൂചിപ്പിക്കുന്ന അനുബന്ധവുമാണു്. ഒരു പറ്റം അക്ഷരങ്ങളെ കാണിക്കാൻ തുടങ്ങുന്ന അക്ഷരത്തെയും തീരുന്ന ഗ്രൂപ്പിന്റെ അനുബന്ധത്തെയും ചേർത്തു പറയുന്നു. ഇങ്ങനെ ചേർത്തു പറയുന്നതിനെ പ്രത്യാഹാരങ്ങൾ എന്നാണു വിളിക്കുന്നതു്.
ഉദാഹരണം:
അച്: അ ഇ ഉ ഋ ഌ ഏ ഓ ഐ ഔ (സ്വരങ്ങൾ)
ഹല്: ഹ യ വ ര ല ഞ മ ങ ണ ന ഝ ഭ ഘ ഢ ധ ജ ബ ഗ ഡ ദ ഖ ഫ ഛ ഠ ഥ ച ട ത ക പ ശ ഷ സ(വ്യഞ്ജനങ്ങൾ)
ഇക്: ഇ ഉ ഋ ഌ
ഇവിടെ ഒരു ചെറിയ ചിന്താക്കുഴപ്പം ഉള്ളതു് “ണ്” രണ്ടു സ്ഥലത്തു് ഉണ്ടെന്നതാണു്. “അണ്” എന്നു വെച്ചാൽ “അ ഇ ഉ” ആകാം. അതു പോലെ “അ ഇ ഉ ഋ ഌ ഏ ഓ ഐ ഔ ഹ യ വ ര ല” എന്നതും ആകാം. ഇതു് ഒരു പ്രശ്നം തന്നെയാണു്. പാണിനി രണ്ടർത്ഥത്തിലും ഇതു് ഉപയോഗിച്ചിട്ടുമുണ്ടു്.
അതു പോലെ, “ഹല്” എന്നു പറഞ്ഞാൽ വ്യഞ്ജനങ്ങളെല്ലാം ആവാം; ഹ എന്ന അക്ഷരം മാത്രവും ആകാം. ഇതിൽ പക്ഷേ പാണിനീയത്തിൽ ചിന്താക്കുഴപ്പമുണ്ടാകാൻ വഴിയില്ല. ഒരക്ഷരത്തിനെ സൂചിപ്പിക്കാൻ പാണിനി പ്രത്യാഹാരങ്ങൾ ഉപയോഗിച്ചിട്ടില്ല. ഹ എന്ന അക്ഷരത്തെ സൂചിപ്പിക്കാൻ “ഹ” എന്നേ പറയൂ. “ഹല്” എന്നു പറയില്ല.
അതുപോലെ, ഒരു വർഗ്ഗത്തെ സൂചിപ്പിക്കാൻ “ഉ” എന്നു ചേർക്കും. ഉദാഹരണമായി, “കു” എന്നു വെച്ചാൽ കവർഗ്ഗം. അതായതു്, “ക ഖ ഗ ഘ ങ” എന്നീ അക്ഷരങ്ങൾ. “ചു” എന്നു വെച്ചാൽ “ച ഛ ജ ഝ ഞ” എന്നീ അക്ഷരങ്ങൾ.
പിന്നെ വ്യഞ്ജനങ്ങളെ നമ്മൾ അ ചേർത്തു വിളിക്കുന്നെങ്കിലും (അബുഗിഡ എന്ന വിഭാഗത്തിൽ പെടുന്ന ഭാഷയായതു കൊണ്ടാണു് ഇങ്ങനെ ചെയ്യുന്നതു്) യഥാർത്ഥത്തിൽ അവ സ്വരമില്ലാത്ത ശുദ്ധവ്യഞ്ജനങ്ങളാണു്. ഉദാഹരണമായി “ശ” എന്നു പറഞ്ഞാൽ “ശ്” എന്നാണു വിവക്ഷ. ഇതു വ്യക്തമാക്കാൻ ഇതിനെ “ശകാരം” എന്നും പറയാറുണ്ടു്. (ശകാരമില്ലാതെ എന്തു പഠിത്തം?)
സ്വരം കലരാത്ത വ്യഞ്ജനത്തെ സൂചിപ്പിക്കാൻ കകാരം, പകാരം എന്നൊക്കെ പറയുമെങ്കിലും ഇതിൽ പെടാത്ത ഒരാൾ ഉണ്ടു് – ര. ര് എന്നതിനെ രകാരം എന്നു പറയില്ല. രേഫം എന്നാണു പറയുക. എന്തൊക്കെ നിയമങ്ങളാണു ഭഗവാനേ!
ഇത്രയൊക്കെ അറിഞ്ഞാൽ നമുക്കു് പാണിനീയസൂത്രങ്ങളെ മനസ്സിലാക്കാം.
വിദ്യുത് + ശക്തി എന്നതിനെ സന്ധി ചേർക്കാൻ താഴെക്കൊടുത്തിരിക്കുന്ന സൂത്രം ഉപയോഗിക്കുന്നു.
(അഷ്ടാധ്യായി 8-4-40) സ്തോഃ ശ്ചുനാ ശ്ചുഃ
ഇതിന്റെ വാച്യാർത്ഥം “സ്തുവിനു് ശ്ചു കൊണ്ടു് ശ്ചു” എന്നു പറയാം. അതായതു്, “ശ്ചു” പുറകിൽ വന്നാൽ “സ്തു” എന്നതു് “ശ്ചു” ആകും എന്നർത്ഥം. “സ്തു” എന്നു വെച്ചാൽ “സ” യും “തു”വും. അതായതു്, “സ ത ഥ ദ ധ ന” എന്നിവ. അതു പോലെ “ശ്ചു” എന്നതു് “ശ ച ഛ ജ ഝ ഞ” എന്നിവ.
അപ്പോൾ മുകളിൽ പറഞ്ഞ സൂത്രം ഇങ്ങനെ വിശദീകരിക്കാം.
ശ, ച, ഛ, ജ, ഝ, ഞ എന്നീ അക്ഷരങ്ങളിൽ ഒരെണ്ണം പുറകിൽ വന്നാൽ സ, ത, ഥ, ദ, ധ, ന എന്നിവ യഥാക്രമം ശ, ച, ഛ, ജ, ഝ, ഞ എന്നിവയാകും. അതായതു്, സ→ശ, ത→ച, ഥ→ഛ, ദ→ജ, ധ→ഝ, ന→ഞ എന്നിങ്ങനെ.
ഇതനുസരിച്ചു്, വിദ്യുത് + ശക്തി = വിദ്യുച്‌ശക്തി ആകും.
ഇനി വിദ്യുച് + ശക്തി എന്നതു് വിദ്യുച്ഛക്തി ആകുന്നതു് താഴെക്കൊടുത്തിരിക്കുന്ന നിയമം വഴിയാണു്.
(അഷ്ടാധ്യായി 8-4-63) ശശ്ഛോऽടി
പദം ഛേദിച്ചാൽ, “ശഃ ഛഃ അടി” എന്നു വരും. ഇതെന്തു കുന്തം?
ഇവിടെയാണു പാണിനിയുടെ സൂത്രങ്ങളുടെ മറ്റൊരു കൊനഷ്ട്. ഒരു സൂത്രത്തിൽ മുഴുവൻ പറയില്ല. അതിനു മുമ്പുള്ള സൂത്രത്തിൽ പറഞ്ഞിട്ടുള്ളതു് ആവർത്തിക്കുന്ന പ്രശ്നമില്ല. വായിക്കുന്നവൻ അതു കൂടി ചേർത്തു വായിക്കണം.
ഇതിനു മുമ്പുള്ള സൂത്രം ഇതാണു്.
(അഷ്ടാധ്യായി 8-4-62) ഝയോ ഹോऽന്യതരസ്യാം
അപ്പോൾ “ഝയഃ ഹഃ അന്യതരസ്യാം, ശഃ ഛഃ അടി” എന്നു വരുന്നു. എല്ലാം കൂടി ചേർത്തു വായിച്ചാൽ താഴെപ്പറയുന്ന അർത്ഥം കിട്ടും.
ഝയഃ ഹഃ അന്യതരസ്യാം പരസവർണ്ണം: ഝയ്-ക്കു ശേഷം വരുന്ന “ഹ”യ്ക്കു് വേണമെങ്കിൽ അതാതിന്റെ പരസവർണ്ണം (ഘോഷം) ആദേശം. (ഇതിലെ “പരസവർണ്ണം” അതിന്റെയും മുമ്പിലുള്ള “അനുസ്വാരസ്യ യയി പരസവർണ്ണഃ” എന്ന സൂത്രത്തിൽ നിന്നു് അനുവർത്തിക്കുന്നതാണു്.)
ഝയഃ ശഃ ഛഃ അടി അന്യതരസ്യാം: ഝയ്-ക്കു ശേഷം വരുന്ന “ശ”യ്ക്കു്ം, പിന്നിൽ “അട്” വന്നാൽ വേണമെങ്കിൽ “ഛ” ആദേശം.
വിദുച്ഛക്തിയെ കീറിമുറിയ്ക്കാൻ നമുക്കു് രണ്ടാമത്തെ നിയമം മാത്രം എടുത്താൽ മതി.
ഇനി എന്താണ് ഈ ഝയ്, അട് എന്നൊക്കെ പറഞ്ഞാൽ? മുകളിൽ കൊടുത്തിരിക്കുന്ന പാണിനീസൂത്രങ്ങൾ തന്നെ സഹായം:
അപ്പോൾ, വിദ്യുച് + ശ് + അക്തി എന്നതു സന്ധി ചേരുമ്പോൾ “ഝയ്”-ൽ ഒന്നായ “ച്”-യ്ക്കു ശേഷം വരുന്ന “ശ്”-നു് പുറകിൽ “അട്”-ൽ ഒന്നായ “അ” വന്നതിനാൽ വേണമെങ്കിൽ “ഛ” ആദേശം ചെയ്യാം. എന്നു വെച്ചാൽ “ശ്” വേണമെങ്കിൽ “ഛ്” ആകാമെന്നു്. നിർബന്ധമില്ല.
എന്നു വെച്ചാൽ, വിദുച് + ശക്തി സന്ധി ചേരുമ്പോൾ വിദ്യുച്ശക്തിയോ വിദ്യുച്ഛക്തിയോ ആകാം എന്നർത്ഥം. ഇതു രണ്ടും ശരിയാണു്.
വിദ്യുച്ഛക്തി മാത്രമല്ല, ആപച്ഛങ്ക, മഹച്ഛക്തി എന്നിവ ആപച്ശക്തി, മഹച്ശക്തി എന്നും പറയാം. “ചാണക്കല്ലിലൊരുത്തി ചന്ദനമരയ്ക്കുന്നൂ ചലശ്രോണിയായ്” എന്നെഴുതിയ വള്ളത്തോൾ ചലത് + ശ്രോണി എന്നാണുദ്ദേശിച്ചതെങ്കിൽ (ചല + ശ്രോണി എന്നാവുമോ? ഛേ ഛേ!) അതു ചലച്ഛ്രോണിയോ ചലച്ശ്രോണിയോ ആവണം എന്നും മനസ്സിലായല്ലോ?
ഇപ്പോൾ ചെന്നിത്തലയോടു ചോദിച്ച രണ്ടു ചോദ്യത്തിനും ഉത്തരം കിട്ടിയല്ലോ?
ഇങ്ങനെയുള്ള മൊശടൻ വ്യാകരണം പറഞ്ഞിട്ടു് മുകളിൽ “സ്മരണകൾ” എന്നു കൊടുത്തതെന്തിനാ? ഛേ, പണ്ടു വിശാലൻ പറഞ്ഞതു പോലെ സൈക്കിളിൽ ഡബിളു കയറിപ്പോകുമ്പോൾ പൂടയുള്ള ഒരു മനുഷ്യൻ മൂത്രമൊഴിച്ചു കൊണ്ടിരുന്നതിന്റെ മുകളിൽ കയറിയതും അയാൾ തെറി വിളിച്ചതും പോലെയുള്ള അതിമനോഹരമായ കഥ പ്രതീക്ഷിച്ചു വന്നതെല്ലാം വെറുതെയായെന്നോ?
അയ്യോ, പോകല്ലേ, പോകല്ലേ. ദാ കഥ വരുന്നുണ്ടു്.
എന്റെ അമ്മ ഹൈസ്കൂളിൽ മലയാളാദ്ധ്യാപികയായിരുന്നു എന്നു മുമ്പു പല പോസ്റ്റുകളിലും പറഞ്ഞിട്ടുണ്ടല്ലോ. വളരെക്കാലം അമ്മയ്ക്കു വേണ്ടി എല്ലാ ക്ലാസ്സിലെയും മലയാളം ഫസ്റ്റ് പേപ്പർ ഉത്തരക്കടലാസിന്റെ സിംഹഭാഗവും നോക്കിയിരുന്നതു് ഞാനായിരുന്നു. പദ്യം ഓർമ്മയിൽ നിന്നെഴുതുക, വാക്യത്തിൽ പ്രയോഗിക്കുക, അവസാനത്തിലുള്ള എസ്സേ എന്നിവയൊഴികെയുള്ള സകലമാന ചോദ്യങ്ങളും – ഒബ്ജക്റ്റീവ് ടൈപ്പ് മാത്രമല്ല, വ്യാകരണം, വൃത്തം, അലങ്കാരം, ചേർത്തെഴുതൽ, പിരിച്ചെഴുതൽ, “അവൻ അവിടെ വെച്ച് അങ്ങനെ പറഞ്ഞു”: എവൻ, എവിടെ വെച്ചു്, എങ്ങനെ? ഇജ്ജാതി ചോദ്യങ്ങൾ മുതലായവ – ഞാൻ തന്നെയായിരുന്നു നോക്കിയിരുന്നതു്.
അവസാനം മാർക്കു കൂട്ടിയിടുന്നതും അമ്മയായിരുന്നു. അത്യാവശ്യം ലോഗരിതവും കാൽക്കുലസ്സുമൊക്കെ സ്കൂളിൽ പഠിക്കുമ്പോഴേ അറിയാമായിരുന്നെങ്കിലും മാർക്കു കൂട്ടിയിട്ടാൽ എപ്പോഴും എനിക്കു തെറ്റുമായിരുന്നു. n തവണ കൂട്ടിയാൽ n വ്യത്യസ്ത ഉത്തരങ്ങൾ കിട്ടുന്നതും എന്റെ സങ്കലനപ്രക്രിയയുടെ ഒരു സ്വഭാവമായിരുന്നു.
ഞാൻ നോക്കുന്ന ചോദ്യങ്ങൾ ചിലതൊക്കെ അമ്മ പിന്നെ ഒന്നു കൂടി നോക്കുമായിരുന്നു. രണ്ടു തരം കുട്ടികളുടെ പേപ്പറുകളാണു് ഇങ്ങനെ നോക്കുക. ഒന്നു്, നല്ല മാർക്കു കിട്ടുന്ന കുട്ടികളുടേതു്. എന്റെ അശ്രദ്ധ മൂലം റാങ്കു തെറ്റാൻ പാടില്ല. മാത്രമല്ല, നോക്കിയതു തെറ്റിയാൽ മിടുക്കരായ കുട്ടികൾ വിശദീകരണം ചോദിച്ചു കൊണ്ടു് സ്റ്റാഫ് റൂമിൽ വരും. രണ്ടു്, തീരെ മൊണ്ണകളുടെ പേപ്പറുകൾ. ഇവർക്കെങ്ങനെ ഇത്രയും മാർക്കു കിട്ടി എന്ന കൗതൂഹലം മൂലമാണു് അവരുടേതു നോക്കുന്നതു്.
അങ്ങനെയിരിക്കേ, അമ്മയ്ക്കു നല്ല പരിചയമുള്ള ഒരു മൊണ്ണയ്ക്കു് അമ്പതിൽ ഒമ്പതു മാർക്കു് എങ്ങനെ കിട്ടി എന്നു പിടികിട്ടാതെ ഓരോ ചോദ്യമായി നോക്കുമ്പോഴാണു് അമ്മ ഒരു കാഴ്ച കണ്ടതു്.
വിദ്യുത് + ശക്തി എന്നതു ചേർത്തെഴുതാനുള്ള ചോദ്യത്തിന്റെ ഉത്തരമായി വിദ്യുച്ശക്തി എന്നെഴുതിയതിനു ഞാൻ ഫുൾ മാർക്കു കൊടുത്തിരിക്കുന്നു!
“ഡാ,” അമ്മ വിളിച്ചു, “നിന്നെ പേപ്പർ നോക്കാൻ ഏൽപ്പിച്ചപ്പോൾ നിനക്ക് മിനിമം വിവരമുണ്ടെന്നാണു വിചാരിച്ചതു്. വിദ്യുച്ഛക്തി ആണു ശരി എന്നു മൂന്നാം ക്ലാസ്സിലെ കുട്ടിയ്ക്കു പോലും അറിയാമല്ലോടാ…”
“വിദ്യുച്ഛക്തി ശരിയാണു്” എന്നു ഞാൻ.
“പിന്നെ നീ വിദ്യുച്ശക്തിയ്ക്കു മാർക്കു കൊടുത്തതോ?”
“അതു് ഝയഃ ശഃ ഛഃ അടി അന്യതരസ്യാം എന്ന നിയമമനുസരിച്ചു് ശ ഛ ആകുന്നതു വികല്പേന ആയതു കൊണ്ടു്. ആകണമെന്നു നിർബന്ധമില്ല. അതുകൊണ്ടു വിദ്യുച്ശക്തിയും ശരിയാണു്.”
അന്യതരസ്യാം അടി കൊണ്ടതു പോലെ അമ്മ ഒരു നിമിഷം സ്തബ്ദ്ധയായി നിന്നു. “നീ എന്താടാ പിച്ചും പേയും പറയുകയാണോ?”
ഞാൻ അലമാരയിൽ നിന്നു് ഫാദർ ജോൺ കുന്നപ്പള്ളി എഴുതിയ “പ്രക്രിയാഭാഷ്യം” എന്ന പുസ്തകം എടുത്തു കൊണ്ടു വന്നു. അമ്മ സാധനം ഇതു വരെ കണ്ടിട്ടില്ല. ഞാൻ സ്കൂൾ ലൈബ്രറിയുടെ ചാർജുള്ള രാമകൃഷ്ണൻ സാറിനെ മണിയടിച്ചു് അവിടെ നിന്നു പൊക്കിയതാണു്. സംസ്കൃതവ്യാകരണത്തെപ്പറ്റി മലയാളത്തിൽ ഉണ്ടായിട്ടുള്ള രണ്ടു നല്ല പുസ്തകങ്ങളിൽ ഒന്നാണു സാധനം. (മറ്റേതു് ഐ. സി. ചാക്കോയുടെ “പാണിനീയപ്രദ്യോതം”.) “സ്തോഃ ശ്ചുനാ ശ്ചുഃ”വും “ശശ്ഛോऽടി”യും ഒക്കെ കാണിച്ചു കൊടുത്തു.
“എടാ, ഈ കൊച്ചിന്റെ മൊത്തം മാർക്കു കണ്ടോ? നീ ഇതിനു കൊടുത്ത ഒന്നും കൂട്ടി ഒമ്പതു മാർക്കു്! അക്ഷരമെല്ലാം നേരേ ചൊവ്വേ എഴുതാൻ അവൾക്കു് അറിയില്ല. അവളാ ഇനി ഈ സുനാ ഒക്കെ വെച്ചു് ഉത്തരം എഴുതുന്നതു്. ചുമ്മാ തോന്നിയതു് എഴുതിയതായിരിക്കും…”
“ഈ ഉത്തരം എഴുതിയ പിള്ളേരൊക്കെ അതു മനസ്സിലാക്കിയിട്ടാണോ എഴുതിയതു് എന്നു നോക്കിയിട്ടാണോ മാർക്കു കൊടുക്കുന്നതു്? ഉത്തരം ശരിയായാൽ മാർക്കു കൊടുക്കില്ലേ?”
“അതിനു് ഉത്തരം ശരിയല്ലല്ലോ. വിദ്യുച്ഛക്തി അല്ലേ ശരി?”
“വിദ്യുച്ശക്തിയും ശരിയാണല്ലോ. ദേ തെളിവു്…”
“എടാ, സകലമാന മലയാളപുസ്തകത്തിലും വിദ്യുച്ഛക്തി എന്നേ ഉള്ളൂ. വിദ്യുച്ശക്തി എന്നു് എവിടെയെങ്കിലും കാണിച്ചു തരാമോ? പുസ്തകത്തിലോ പത്രത്തിലോ മറ്റോ…”
“പാഠപുസ്തകങ്ങളിലും പത്രങ്ങളിലും ഇല്ലാത്തതു കൊണ്ടു് ഒന്നും തെറ്റാകുന്നില്ല. ഉള്ളതു കൊണ്ടു ശരിയാകുകയുമില്ല. യാദൃശ്ചികം എന്നു തെറ്റായല്ലേ സകലമാന പത്രങ്ങളിലും അച്ചടിച്ചു വരുന്നതു്?”
“എന്തായായാലും വിദ്യിച്ശക്തി എന്ന ഉത്തരത്തിനു് എനിക്കു മാർക്കു കൊടുക്കാൻ പറ്റില്ല,” അമ്മ ചുമന്ന മഷി നിറച്ച പേന കയ്യിലെടുത്തു.
“അതിനു മാർക്കു കൊടുത്തില്ലെങ്കിൽ ഇനി ഞാൻ ഒരു ഉത്തരക്കടലാസും നോക്കാനും പോകുന്നില്ല,” എന്നു ഞാൻ. വാശിയെങ്കിൽ വാശി.
“എടാ, ഇതിനു മാർക്കു കൊടുത്താൽ എസ്സെസ്സെൽസീ പരീക്ഷയ്ക്കും ഇവൾ ഇതെഴുതും. അതു നോക്കുന്നവരൊന്നും മാർക്കു കൊടുക്കുകില്ല.”
“ഇങ്ങനെ ഓരോ കുരുത്തക്കേടു ചെയ്യുന്നതു കൊണ്ടാ നിനക്കു പരീക്ഷയ്ക്കൊക്കെ മാർക്കു പോകുന്നതു്…”
ഞാൻ ഒന്നാം ക്ലാസ്സിൽ വെച്ചു് കൊമ്പില്ലാത്ത ഒരു മൃഗത്തിന്റെ പേരെഴുതാൻ പരീക്ഷയ്ക്കു ചോദിച്ചപ്പോൾ “പിടിയാന” എന്നെഴുതിയിട്ടു് “ഇതിനു മാർക്കു കൊടുക്കണോ വേണ്ടയോ?” എന്നു് ടീച്ചർമാരെക്കൊണ്ടു ഡിബേറ്റ് നടത്തിച്ചതും, ഹൈസ്കൂളിൽ വെച്ചു് “പതിവ്രത, പതിവൃത എന്നിവയിൽ ഏതാണു ശരി?” എന്നു ചോദിച്ചപ്പോൾ “രണ്ടും ശരിയാണു്. ആദ്യത്തേതു പാതിവ്രത്യമുള്ളവൾ, രണ്ടാമത്തേതു് പതിയാലോ പതിമാരാലോ ആവൃതയായവൾ” എന്നെഴുതി മൊട്ട വാങ്ങിയതും ഉൾപ്പെടെയുള്ള അനേകം കുരുത്തക്കേടുകളെയാണു് ആണു് അമ്മ ഭംഗ്യന്തരേണ സൂചിപ്പിച്ചതു്.
“പരീക്ഷയുടെ മാർക്കല്ല പ്രധാനം, വിജ്ഞാനസമ്പാദനമാണു് എന്നു് അമ്മ തന്നെയല്ലേ പറയാറുള്ളതു്?”
അവസാനം അമ്മ ആ ചോദ്യത്തിനു മാർക്കു കൊടുത്തു. അങ്ങനെ എന്റെ വാശി മൂലം ഒരു മാർക്കു കൂടുതൽ കിട്ടിയ ഏതോ ഒരു കുട്ടി ഇലന്തൂരിന്റെ പ്രാന്തപ്രദേശങ്ങളിൽ എവിടെയോ ഉണ്ടു്. ഗതി പിടിച്ചോ എന്തോ?
ആ കുട്ടിയോടു ഞാനും കടപ്പെട്ടിരിക്കുന്നു. പത്തുമുപ്പത്തഞ്ചു വർഷങ്ങൾക്കു ശേഷം കേരളത്തിലെ ഒരു മന്ത്രിയും പ്രതിപക്ഷനേതാവും ഒരു പ്രതിസന്ധിയിൽ പെട്ടപ്പോൾ അവരെ സഹായിക്കാൻ എനിക്കു് ഇതൊക്കെ ഇപ്പോഴും ഓർമ്മയുള്ളതു് അവൾ മൂലമാണല്ലോ!
ഇതുപോലൊരു രാത്രിയിലാണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയത്…
ഓന്തിനും ദിനോസറിനുമൊക്കെ ശേഷമാണെങ്കിലും വളരെക്കാലം മുമ്പാണ്. കാളിദാസൻ മുതൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വഴി കുമാരനാശാൻ വരെയുള്ളവർ എഴുതിയ ശ്ലോകങ്ങളിലൊക്കെ ആറാടി, ഇതാണു കവിതയുടെ പാരമ്യം എന്നു കരുതി, വേണമെങ്കിൽ ഏതു സംസ്കൃതവൃത്തത്തിൽ വേണമെങ്കിലും പത്തു ശ്ലോകം തട്ടിക്കൂട്ടാൻ കഴിയും എന്ന സ്ഥിതിയിലെത്തി, നാലഞ്ചു സമസ്യാപൂരണങ്ങൾ ഭാഷാപോഷിണിയിലും മറ്റും പ്രസിദ്ധീകരിച്ച്, അങ്ങനെ സ്വയം ഒരു ഭാവിമഹാകവിപ്പട്ടം ചാർത്തി ജീവിക്കുന്ന കാലം.
കോളേജിലെ യുവജനോത്സവത്തിലോ സാഹിത്യക്ലബ്ബിന്റെ മത്സരത്തിലോ മറ്റോ കവിതാരചനയ്ക്കു ചേർന്നു. കുറേ കവികൾ മത്സരത്തിനുണ്ടായിരുന്നു.
കവിതയുടെ വിഷയം തന്നു: രാത്രി.
“ഇതെന്തൊരു ഊ…ഷ്മളമായ വിഷയമാഡേയ്…” എന്നു ചോദിച്ചു കൊണ്ട് പല കവികളും ഇറങ്ങിപ്പോയി. ഞങ്ങൾ കുറേപ്പേർ മാത്രം ശേഷിച്ചു.
എനിക്ക് വിഷയം ക്ഷ പിടിച്ചു. രാത്രിയെ വർണ്ണിച്ച് ഒരു ഖണ്ഡകാവ്യം എഴുതിയാലോ? അല്ലെങ്കിൽ അതു വേണ്ട, ഒരു കഥ പറഞ്ഞുകളയാം. പ്രണയബദ്ധരായ യുവതീയുവാക്കൾ. യുവതി വലിയ കുടുംബത്തിലേത്. യുവാവ് പാവപ്പെട്ടവൻ. അന്നത്തെ നാട്ടുനടപ്പനുസരിച്ച് കവിയോ ചിത്രകാരനോ പാട്ടുകാരനോ ഓടക്കുഴലൂതുന്നവനോ ആട്ടിടയനോ മറ്റോ ആവാം. അവരുടെ പ്രണയം നടക്കുന്ന ഒരു രാത്രിയെ വർണ്ണിച്ചു കളയാം.
പിന്നീട് അവരുടെ പ്രണയം അവളുടെ തന്ത കണ്ടുപിടിച്ചു കഴിഞ്ഞ് അവനെ തുറുങ്കിലടയ്ക്കുന്നു. (“ഏതു കോത്താഴത്തിലാണെഡേയ് ഈ കഥ നടക്കുന്നത്?” എന്നു ചോദിക്കരുത്. അക്ബർ ചക്രവർത്തിയുടെ കാലത്താണെന്നു വിചാരിച്ചോളൂ.) പിറ്റേന്നു നേരം വെളുക്കുമ്പോൾ അവനെ കൊല്ലാൻ പോവുകയാണ്. അതിന്റെ തലേ രാത്രിയെയാണ് (കാളരാത്രി എന്നും പറയും) ഞാൻ ഇനി വർണ്ണിക്കാൻ പോകുന്നത്.
സംഭവം എറിക്കും. വായിക്കുന്ന സാർ അദ്ഭുതസ്തബ്ദ്ധനാകും. പി. ഡബ്ലിയൂ ഡീയിൽ നിന്ന് അവാർഡ് മേടിച്ചു തരും.
ആദ്യഭാഗം പുഷ്പിതാഗ്രയിൽ കാച്ചി. മണിപ്രവാളം. ദ്വിതീയാക്ഷരപ്രാസം. അനുപ്രാസം. സ്വഭാവോക്തി. വൈദർഭിരീതി. അംഗിയായ രസം ശൃംഗാരം.
മൂന്നാമത്തെ വരിയിൽ ഞാൻ പ്രമോദിനെ വിളിക്കുകയാണ് എന്നു കരുതരുത്. പ്രമോദേ = പ്രമോദത്തിൽ. അകാരാന്തം നപുംസകലിംഗം സപ്തമ്യേകവചനം. സംഭവം സംസ്കൃതമാണ്. ഞാൻ ഒരു മണിപ്രവാളകവിയായിപ്പോയതു കൊണ്ട് ഇങ്ങനെ സംസ്കൃതമൊക്കെ പ്രയോഗിക്കാം. ലീലാതിലകമാണ് നമ്മുടെ പീനൽ കോഡ്.
“പിന്നേയ്, രാത്രിയിലല്ലേ പക്ഷികൾ കളകളനാദം പൊഴിക്കുന്നത്? നിനക്കു രാത്രി എന്താണെന്നറിയുമോഡേയ്? പക്ഷി എന്താണെന്നു തെരിയുമോഡേയ്? ഒരു കപി വന്നിരിക്കുന്നു…” എന്നായിരിക്കും ഇതു വായിച്ച സാർ മനസ്സിൽ പറഞ്ഞത്. മൂങ്ങയെന്താ പക്ഷിയല്ലേ സാർ? അതെന്താ മൂങ്ങയ്ക്ക് കളകളനാദം പൊഴിച്ചു ചിലച്ചാൽ?
ഇതു പിന്നീടു വായിച്ച എന്റെ സുഹൃത്ത് വിനോദ് ശങ്കർ (ഞങ്ങൾ ചങ്കരൻ എന്നു വിളിച്ചിരുന്നു. കുറേക്കാലം “കുണ്ടൻ മാക്രി” എന്ന പേരിൽ ഫേസ്ബുക്കിൽ സജീവമായിരുന്നു. ഇപ്പോൾ ഏതോ ബ്രഹ്മാണ്ഡകമ്പനിയുടെ ജെനറൽ മാനേജരോ മറ്റോ ആണ്.) ചോദിച്ചു: “അവൾക്കെന്താടാ വല്ല കണ്ണിൽ സൂക്കേടുമായിരുന്നോ, കണ്ണിലൊക്കെ ചലം വരാൻ?”
“ചാണക്കല്ലിലൊരുത്തി ചന്ദനമരയ്ക്കുന്നൂ ചലശ്രോണിയായ്…” എന്നു വള്ളത്തോൾ പ്രയോഗിച്ചിട്ടുണ്ട്.
ഇളകുന്ന ചന്തിയുള്ളവൾ എന്ന അർത്ഥം വരാൻ ചലത് + ശ്രോണി = ചലച്ഛ്രോണി എന്നു വരണം. വിദ്യുത് + ശക്തി = വിദ്യുച്ഛക്തി ആകുന്നതു പോലെ. അത് ഇതിനെക്കാൾ വൃത്തികേടായതു കൊണ്ടാവും വള്ളത്തോൾ ചലശ്രോണി മതി എന്നു തീരുമാനിച്ചത്.
ചലിക്കുന്ന ശ്രോണിയുള്ളവൾ എന്ന അർത്ഥത്തിൽ വള്ളത്തോളിന് ചലശ്രോണി എന്നു പ്രയോഗിക്കാമെങ്കിൽ ചലിക്കുന്ന മിഴികളുള്ളവൾ എന്ന അർത്ഥത്തിൽ (ബഹുവ്രീഹിസമാസം) എനിക്കു ചലമിഴി എന്നും പ്രയോഗിക്കാം. വള്ളത്തോളിന്റെ ചലമുള്ള ചന്തിയെക്കാൾ വൃത്തികേടു കുറവാണല്ലോ എന്റെ ചലമുള്ള കണ്ണ്? നീ പോടാ മോനേ ചങ്കരാ…
ഇജ്ജാതി ഒരു ഡസൻ പുഷ്പിതാഗ്രകളിൽ പ്രണയരാത്രിയെ വർണ്ണിച്ചതിനു ശേഷം കാളരാത്രിയെ വർണ്ണിക്കാനുള്ള ശ്രമമായി. അപ്പോൾ ഒരു സംശയം: വായിക്കുന്നവന് ഇവ തമ്മിലുള്ള കണക്ഷൻ മനസ്സിലാവുമോ? ഇതിനിടയിലുള്ള കഥ ഒരു ശാർദ്ദൂലവിക്രീഡിതശ്ലോകത്തിൽ സംഗ്രഹിച്ചു. ആട്ടക്കഥകളിൽ രണ്ടു പദങ്ങൾക്കിടയിലുള്ള കഥ “ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കൽ പോലുമില്ലാതെയായ്…” എന്നിങ്ങനെ ശ്ലോകത്തിൽ കഴിക്കാറില്ലേ ഉണ്ണായി വാര്യരും മറ്റും? അതു പോലെ. “പിന്നേതോ ദുരിതം പിടിച്ച നിശയിൽ…” എന്നോ മറ്റോ ആയിരുന്നു അക്രമം. ശ്ലോകം ഓർമ്മയില്ല. ഓർമ്മയില്ലാത്തതു നന്നായി. ഉദ്ധരിച്ചാൽ പെറ്റ തള്ള കൂടി സഹിക്കില്ല.
ഇനിയാണു കാളരാത്രി. കാളരാത്രിയെ വർണ്ണിക്കാൻ പറ്റിയ രണ്ടു വൃത്തമേ ഉള്ളൂ. ശിഖരിണി എന്ന സംസ്കൃതവൃത്തവും അന്നനട എന്ന ഭാഷാവൃത്തവും. അന്നനട തന്നെ സ്വീകരിച്ചു. വൃത്തത്തിന്റെ സെലക്‌ഷനു തന്നെ ഒരു പത്തു മാർക്കു കൂടുതൽ വീഴാൻ ചാൻസുണ്ട്.
നിങ്ങളുടെയൊക്കെ മുജ്ജന്മസുകൃതം മൂലം ഇത്രയുമേ എനിക്ക് ഓർമ്മയുള്ളൂ. മൊത്തം ഓർത്തിരുന്നെങ്കിൽ കാളരാത്രിയുടെ കരാളത നിങ്ങളെ കാർന്നു തിന്നേനേ. അടുത്ത ഹാലോവിൻ ദിനത്തിൽ നാട്ടുകാരെ പേടിപ്പിക്കാൻ ഹോണ്ടഡ് ഹൗസുകളിൽ ഈ കവിത ഉറക്കെ വെച്ചേനേ.
ഇങ്ങനെ മൂന്നു വൃത്തങ്ങളിലായി ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ഖണ്ഡകാവ്യം എഴുതിത്തീർത്തിട്ട് ഞാൻ മുറി വിട്ടിറങ്ങി. വൃത്തവും അലങ്കാരവും ഒന്നും ഏഴയലത്തു കൂടി പോയിട്ടില്ലാത്ത മറ്റു കവിമ്മന്യന്മാരോടുള്ള പുച്ഛം കടിച്ചമർത്തിക്കൊണ്ട്.
റിസൽറ്റു വന്നപ്പോൾ എനിക്കു സമ്മാനമൊന്നുമില്ല. ഹെന്ത്! ഇതിലും നന്നായി കവിതയെഴുതുന്നവർ ഇവിടെയുണ്ടെന്നോ?
ഒന്നാം സ്ഥാനം നാട്ടുകാർ “കവി കുട്ടമത്ത്” എന്നു വിളിക്കുന്ന ഉപേന്ദ്രനാണ്. (രണ്ടു മൂന്നു കൊല്ലം മുമ്പ് ഇദ്ദേഹത്തിന് ഞാൻ ഒരു ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നു. ഇതു വരെ ആക്സപ്റ്റ് ചെയ്തിട്ടില്ല.) ഞാൻ ഉപേന്ദ്രന്റെ മുറിയിൽ പോയി തല ചൊറിഞ്ഞു നിന്നു.
“ങും, എന്താ?”
“കവിതാരചനയ്ക്ക് ഫസ്റ്റ് കിട്ടിയെന്നറിഞ്ഞു. അഭിനന്ദനങ്ങൾ!”
ഉപേന്ദ്രൻ തറയിൽ നിന്ന് ഏകദേശം അരയടി പൊങ്ങി വായുവിൽ തങ്ങി നിന്നു. “ഏയ്, അതൊന്നും ഇല്ല. എഴുതി വന്നപ്പോൾ ആശയങ്ങൾ ഒന്നിനു പുറകേ ഒന്നായി വന്നു…”
“ആ കവിത ഒന്നു വായിക്കാൻ തരാമോ?” വല്ല സ്രഗ്ദ്ധരയിലോ മത്തേഭത്തിലോ മറ്റോ ആയിരിക്കാം പഹയൻ എഴുതിയത്. ഷോഡശപ്രാസവും ശ്ലേഷവും ഒക്കെ ഉണ്ടായിരുന്നിരിക്കും.
ഉപേന്ദ്രൻ വിജൃംഭിച്ചു പൊട്ടിത്തെറിക്കുമെന്ന പരുവമായി. ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. സ്വപ്നമാണോ എന്നറിയാൻ കയ്യിലിരുന്ന് എരിയുന്ന സിഗരറ്റു കൊണ്ട് കയ്യിൽ കുത്തി നോക്കി.
എന്നിട്ടു മേശവലിപ്പു തുറന്ന് കവിത എടുത്ത് എനിക്കു നീട്ടി.
കവിത വാങ്ങി ഞാൻ വായിച്ചു.
ഇതു പോലെയൊരു രാത്രിയിലാണ്
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയത്…
ഇതേതു വൃത്തം?
ഓ, മനസ്സിലായി. കടമ്മനിട്ട “വേട്ടക്കാരവരുടെ കൈകൾ വെട്ടും ഞാൻ കൽമഴുവോങ്ങി…” എന്നെഴുതിയ താളം തന്നെയാണ് “ഇതു പോലെയൊരു രാത്രിയിലാണ്…” എന്ന വരിക്ക്. പക്ഷേ അടുത്ത വരി ശരിയാവുന്നില്ലല്ലോ….
ഞാൻ കവിത മുഴുവൻ വായിച്ചു. ഇതിനു വൃത്തവും താളവും അലങ്കാരവും ഒന്നുമില്ലല്ലോ…
ഇതു പോലെയൊരു രാത്രിയിലാണ്
എന്റെ പെങ്ങൾ വ്യഭിചാരിണിയായത്…
ഹോ! ഇതിനി വല്ല ലേഖനമോ ആത്മകഥയോ മറ്റോ ആണോ? ഇങ്ങനെയൊക്കെ കവിതയെഴുതുന്നവർ ഉണ്ടെന്നു കേട്ടിട്ടുണ്ട്. എന്നാലും മൂന്നു കിടിലൻ വൃത്തങ്ങളിൽ ദ്വിതീയാക്ഷരപ്രാസത്തോടെ എഴുതിയ ഒരു ഗംഭീരകവിതയെ പിന്തള്ളി ഇതിനു സമ്മാനം കിട്ടിയെന്നോ? ഹൂ ഈസ് ദ ജഡ്ജ്? ഞാൻ രോഷം കൊണ്ടു വിറച്ചു.
എന്തായാലും ആ ജഡ്ജിനോടു മലയാളഭാഷ ആജീവനാന്തം കടപ്പെട്ടിരിക്കുന്നു. ഞാൻ ഇതോടെ കവിതാരചന നിർത്തി!
ഇവിടെ ഇപ്പോൾ ഓഗസ്റ്റ് 14 രാത്രി. ഇതു പോലെയൊരു രാത്രിയിലാണ് ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയത്….
1992-ന്റെ തുടക്കത്തില്‍ ജോലി തെണ്ടി നാടു വിട്ടു ബോംബേ നഗരത്തിലെത്തി ഒരു വിധത്തില്‍ സ്ത്രീകളുടെ സൌന്ദര്യവര്‍ദ്ധകവസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി കയറിപ്പറ്റി ആശ്വസിച്ചിരിക്കുമ്പോള്‍ എന്റെ ചേച്ചി അയച്ച ആദ്യത്തെ കത്തിന്റെ കൂടെ ഒരു പാചകപുസ്തകവുമുണ്ടായിരുന്നു.
പാചകവും ഞാനും തമ്മില്‍ അന്നു വരെ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. വെട്ടുകത്തി കൊണ്ടു് തേങ്ങാ പൊതിക്കുക (ഈ കൃത്യത്തിനിടയില്‍ തേങ്ങയുടെ അല്പം ഇളകിയ പുറന്തോടില്‍ പിടിച്ചു വലിച്ചു് കൈയില്‍ ചോര വന്നിട്ടുണ്ടാവും), ചിരവയില്‍ കയറിയിരുന്നു തേങ്ങാ ചിരവുക (തേങ്ങയിലെ നാലിലൊന്നു പീര പിന്നെയും ബാക്കി ഇരിപ്പുണ്ടാവും), ആരെങ്കിലും മാവു കോരിയൊഴിച്ചു തന്നാല്‍ ദോശ തിരിച്ചിടുക (ഓരോ തിരിക്കലിനും അമീബ വംശവര്‍ദ്ധന നടത്തുന്നതു പോലെ കഷണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കും) എന്നീ ക്രിയകള്‍ ഒഴിച്ചാല്‍ അടുക്കളയുമായി ബന്ധപ്പെട്ട ഒരു പണിയും ജീവിതത്തില്‍ ചെയ്തിട്ടില്ല. അമ്മ ദോശ ചുട്ടു തീരുന്നതു വരെ അടുക്കളയുടെ തറയില്‍ കുത്തിയിരുന്നു് ചുടുന്ന ദോശ ഓരോന്നായി തിന്നു കൊണ്ടു് അമ്മയോടു വാ തോരാതെ വര്‍ത്തമാനം പറഞ്ഞു മോറല്‍ സപ്പോര്‍ട്ടു കൊടുത്തതു മാത്രമാണു് അമ്മയ്ക്ക് അടുക്കളയില്‍ ചെയ്തുകൊടുത്തിട്ടുള്ള ഒരേയൊരു സഹായം.
അങ്ങനെയുള്ള ഞാനാണു് ഇനി മുതല്‍ ബോംബെയില്‍ പാചകം ചെയ്യേണ്ടതു്. ചുമ്മാതല്ല ചേച്ചി ഈ പുസ്തകം തന്നെ അയച്ചതു്.
കോട്ടയത്തോ മറ്റോ ഉള്ള ഒരു അച്ചാമ്മച്ചേടത്തി എഴുതിയ ഒരു കുഞ്ഞുപുസ്തകമായിരുന്നു അതു്. മുട്ട ദോശ, പോര്‍ക്കു് ഉലര്‍ത്തിയ അവിയല്‍, കരിമീന്‍ സാമ്പാര്‍ തുടങ്ങിയ പല ഓതന്റിക് കേരളവിഭവങ്ങളുടെയും പാചകക്രമീകരണവിധികള്‍ അതില്‍ അടങ്ങിയിരുന്നു.
ജിമ്മി വെയില്‍സ് വിക്കിപീഡിയ കണ്ടുപിടിക്കുന്നതിനു് ഒരു ദശാബ്ദം മുമ്പു തന്നെ ക്രോസ് റെഫറന്‍സിംഗിന്റെ അനന്തസാദ്ധ്യതകള്‍ മനസ്സിലാക്കിയ ജീനിയസ്സായിരുന്നു ചേടത്തി. “പുളിശ്ശേരി” എന്ന തലക്കെട്ടില്‍ “കുറച്ചു പുളിവെള്ളം ഒരു പാത്രത്തില്‍ എടുക്കുക, ബാക്കിയെല്ലാം എരിശ്ശേരി പോലെ” എന്നു കാണാം. “എരിശ്ശേരി” നോക്കിയാൽ “ഉപ്പേരി ഉണ്ടാക്കുക. എന്നിട്ടു് അതിൽ കുറേ എരിവു് ഇടുക” എന്നു കാണാം. ഇങ്ങനെ റെഫറൻസു നോക്കിപ്പോയി മനുഷ്യനു വട്ടാകും.
ഏതായാലും മൂന്നുനാലു ദിവസങ്ങൾക്കുള്ളിൽ ഞാൻ പാചകപുസ്തകമൊക്കെ ദൂരെക്കളഞ്ഞിട്ടു് സ്വമേധയാ പാചകം തുടങ്ങി.
“സ്വമേധയാ” എന്നു വെച്ചാല്‍ സ്വന്തം ബുദ്ധി ഉപയോഗിച്ചു് എന്നര്‍ത്ഥം. യാതൊരു മുന്‍പരിചയവുമില്ലാത്തവനു സ്വന്തം ബുദ്ധി അല്ലാതെ വേറെ എന്തുണ്ടു ശരണം?
എന്തായാലും സ്വമേധ കൊണ്ടു ഭക്ഷണമുണ്ടാവില്ലെന്നു താമസിയാതെ തന്നെ മനസ്സിലായി. വിവരമില്ലെങ്കില്‍ പാചകത്തിനു് അത്യാവശ്യം വേണ്ട കോമണ്‍ സെന്‍സ് എന്ന സാധനം എനിക്കു് ഒരു കാലത്തും ഇല്ലാതിരുന്നതിനാല്‍ പാചകം ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പണിയായി എനിക്കു് അനുഭവപ്പെട്ടു.
മേല്‍നോട്ടത്തിനും ഉപദേശങ്ങള്‍ക്കുമായി മൂന്നു സഹമുറിയന്മാര്‍ ഉള്ളതായിരുന്നു എനിക്കു കൂടുതല്‍ ടെന്‍ഷന്‍. ഒറ്റയ്ക്കാണെങ്കില്‍ ഉണ്ടാക്കുന്നതു തനിയെ തിന്നിട്ടു് ആരുമറിയാതെ കിടന്നുറങ്ങിയാല്‍ മതിയല്ലോ.
ബ്രേയ്ക്ക്ഫാസ്റ്റിനു ഉപ്പുമാവാണു സ്ഥിരമായി. റവ എടുത്തു് ആദ്യം അരിപ്പ ഉപയോഗിച്ചു് അരിയ്ക്കണം. എന്നിട്ടു് അതു് കൃത്യമായി അളക്കണം. ഒരാൾക്കു് അരക്കപ്പോ മറ്റോ ആയിരുന്നു അളവു്. അതിനു ശേഷം അതു വറക്കണം. പിന്നീടുള്ള പാചകക്രമമൊക്കെ മറന്നുപോയി. പാചകത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ റവയുടെ അത്രയും അളവു തന്നെ വെള്ളമെടുക്കണം. എവിടെയോ വെച്ചു് ഉള്ളിയും കടുകും കറിവേപ്പിലയും വെള്ളവും ഒക്കെയുള്ള ഒരു പാത്രത്തിലേക്കു് റവ ഇട്ടിട്ടു് (അപ്പോൾ ചൂടുവെള്ളം ദേഹത്തു തെറിക്കാതെ ശ്രദ്ധിക്കണം.) ഉടനെ തന്നെ ഇളക്കണം. ഇളക്കാൻ വൈകിയാൽ എല്ലാം കൂടി കുഴഞ്ഞു കട്ടപിടിക്കും. ചുരുക്കം പറഞ്ഞാൽ അതിഭീകരമായ പ്രൊസീഡിയർ. പ്രീഡിഗ്രിയ്ക്കു കെമിസ്ട്രി ലാബിനു ശേഷം ഇത്ര ഭീകരമായ ഒരു സംഭവം ചെയ്തിട്ടില്ല. പ്രക്രിയ കഴിയുമ്പോഴേയ്ക്കു ഞാൻ വിയർത്തുകുളിച്ചിട്ടുണ്ടാവും.
ഉച്ചയൂണിനു ചോറും ഒരു കറിയും പപ്പടവുമാണു വിഭവങ്ങൾ. ചതുർവിഭവമായ സദ്യയാക്കാൻ ചിലപ്പോൾ ഒരു തോരനോ മെഴുക്കുപുരട്ടിയോ ഉണ്ടായേക്കാം.
കറിയായി ഞങ്ങൾ പുളിശ്ശേരി എന്നു വിളിക്കുന്ന സാധനമായിരുന്നു. ബോംബേയിൽ ഞാൻ ചോറിനോടൊപ്പം പുളിശ്ശേരി വെയ്ക്കാറുണ്ടു് എന്നു കേട്ടു് അഭിമാനാക്രാന്തയായ അമ്മ ഒരിക്കൽ എന്നോടു് ഒരു പുളിശ്ശേരി വെയ്ക്കുവാൻ ആവശ്യപ്പെടുകയുണ്ടായി. അപ്പോഴാണു് കേരളത്തിലെ 99.99% ആളുകളും ആ നാമധേയം കൊണ്ടു വിവക്ഷിക്കുന്ന വിഭവമല്ല ഞങ്ങൾ ഉണ്ടാക്കിയിരുന്നതു് എന്നു മനസ്സിലായതു്. ഞങ്ങളുടെ പാചകവിധി ഇങ്ങനെ: കുറച്ചു് എണ്ണ ഒരു പാത്രത്തിൽ ചൂടാക്കുക. അതിൽ കടുകു പൊട്ടിക്കുക. അതിൽ ഉള്ളി, മഞ്ഞൾപ്പൊടി (മുളകുപൊടി ഉണ്ടോ എന്നു് ഓർമ്മയില്ല), ഉപ്പ് എന്നിവ ചേർക്കുക. അതിലേക്കു തൈരു ചേർക്കുക. ഇളക്കുക. ഞങ്ങളുടെ പുളിശ്ശേരി റെഡി.
ഇങ്ങനെയൊരു പുളിശ്ശേരിയെപ്പറ്റി അമ്മയോ പിന്നെ ഞാൻ കണ്ടുമുട്ടിയ അസംഖ്യം പാചകക്കാരോ കേട്ടിട്ടുണ്ടായിരുന്നില്ല. ഇതിനെ എന്തു വിളിക്കും എന്നു ചോദിച്ചാൽ, മറാട്ടികൾ വീട്ടിൽ ഒരു കുന്തവുമില്ലെങ്കിൽ തട്ടിക്കൂട്ടി ഉണ്ടാക്കുന്ന “കടി” എന്ന കറിയോടാണു് ഇതിനു് ഏറെ സാദൃശ്യം എന്നു ഞാൻ പിന്നീടു കണ്ടുപിടിക്കുകയുണ്ടായി.
ഞായർ മുതൽ ശനി വരെ ഒരാഴ്ചയാണു് ഒരാളുടെ കുക്കിംഗ് ടേൺ. അതു കഴിഞ്ഞാൽ പിന്നെ മൂന്നാഴ്ച ആർമ്മാദിക്കാം. ഞായറാഴ്ച ഐശ്വര്യമായി പാചകം ആരംഭിക്കുന്നു. ഫ്രിഡ്ജും മറ്റും ഇല്ലാത്തതിനാൽ അന്നന്നത്തെ ഭക്ഷണപദാർത്ഥങ്ങൾ അന്നന്നു തന്നെ വാങ്ങി പാചകം ചെയ്തു ഭക്ഷിക്കണം. ഞായറാഴ്ച പാചകക്കാരന്റെ ഫേവറിറ്റ് സാധനം ഉണ്ടാക്കാം. വേറെ ഒന്നും ചെയ്യാനില്ലാത്തതിനാൽ കൂട്ടുകാരും സഹായിക്കും. തിങ്കൾ മുതൽ വെള്ളി വരെ ബ്രേയ്ക്ക്ഫാസ്റ്റും ലഞ്ച് പൊതിയാനുള്ള വഹയും ഉണ്ടാക്കണം. വൈകിട്ടു വന്ന് അത്താഴവും. ശനിയാഴ്ച ചിക്കൻ വെക്കും. വെച്ചിരിക്കണം. ഒരു കൂട്ടാൻ ഒരാഴ്ചയിൽ രണ്ടു തവണയിൽ കൂടുതൽ ഉണ്ടാക്കരുത് എന്നാണ് അലിഖിതനിയമം.
ഈ അലിഖിതനിയമമൊന്നും ബാധകമല്ലാത്ത, അഥവാ ബാധകമാക്കാത്ത, ഒരാൾ ഉണ്ടായിരുന്നു – ജോസ്. കാരണവരാണെങ്കിൽ ഗ്യാസ് സ്റ്റൗവിന്റെ മുകളിലിരുന്നും വിരേചനകർമ്മം നിർവ്വഹിക്കാം എന്നോ മറ്റോ അർത്ഥമുള്ള ഒരു പഴമൊഴിയുണ്ടല്ലോ. അദ്ദന്നേ. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും പാവയ്ക്കാ ഉണ്ടാവും. ബാക്കി ആർക്കും (എന്തും തിന്നാൻ വിരോധമില്ലാത്ത ഞാൻ ഒഴികെ) പാവയ്ക്കാ കണ്ണിനു കണ്ടു കൂടാ. കൂട്ടാനിലെല്ലാം മല്ലിയില വാരിയിടും. ചില സാധനങ്ങളൊന്നും കക്ഷി പാചകത്തിനുപയോഗിക്കില്ല എന്നു മാത്രമല്ല, മറ്റുള്ളവരെ സമ്മതിക്കുകയുമില്ല. ഉദാഹരണത്തിനു തക്കാളി. പണ്ടെങ്ങോ മൂത്രത്തിൽ കല്ലു വരുമെന്നു സ്വപ്നം കണ്ടെന്നോ, അതിനാൽ തക്കാളി തിന്നാൽ പാടില്ല എന്നു ഡോക്ടർ (സ്വപ്നത്തിലെ ഡോക്ടർ ആണോ എന്നു പിടിയില്ല) പറഞ്ഞെന്നോ ഒക്കെയാണു വാദങ്ങൾ. ബാക്കിയുള്ളവർക്കെല്ലാം തക്കാളി എന്നു വെച്ചാൽ കൊതി മൂത്ത് ആർത്തിയായി. പിന്നീട്് ആർത്തി മുത്ത് വട്ടായി. (വെജിറ്റേറിയൻ റെസ്റ്റോറന്റ്സിൽ പോയാൽ റ്റൊമാറ്റോ ഊത്തപ്പവും തക്കാളി സൂപ്പും വാങ്ങിക്കഴിക്കുന്ന സ്വഭാവം അന്നു തുടങ്ങിയതാണ്.) പാവയ്ക്ക എന്നതു പേടിസ്വപ്നവും.
ഇടയ്ക്കിടെ ജോസ് ലീവിൽ നാട്ടിൽ പോകും. ആ സമയത്ത് ബാക്കിയുള്ളവർ കുക്ക്കിംഗ് റ്റേണും ശത്രുതയും ഒക്കെ മറന്നു ഐകമത്യത്തോടെയാണു ജീവിതം. എന്നും ഓഫീസിൽ നിന്നു മടങ്ങി വരുമ്പോൾ ഓരോ ആളിന്റെയും കയ്യിൽ മുക്കാൽക്കിലോ തക്കാളി ഉണ്ടാവും. തക്കാളി സൂപ്പ്, തക്കാളി രസം, തക്കാളി യഥേഷ്ടം ഇട്ട മുട്ട ബുർജി, തക്കാളി ചേർത്ത ചിക്കൻ, തക്കാളി കീറിയിട്ട മീൻ കറി, തക്കാളിനീരു പിഴിഞ്ഞൊഴിച്ച ഉപ്പുമാവ് തുടങ്ങിയ വേറെങ്ങും കാണാറില്ലാത്ത എക്സോട്ടിക് വിഭവങ്ങളുടെ ഒരു പ്രവാഹമാണ്. കൂടാതെ തക്കാളിയും ഉള്ളിയും മറ്റും അരിഞ്ഞിട്ട സാലഡ് എന്നും ഉണ്ടാവും. ഇതൊന്നും പോരാഞ്ഞു് ഇടയ്ക്കിടയ്ക്കു് അടുക്കളയിൽ പോയി അവിടെ നിരത്തി വെച്ചിരിക്കുന്ന തക്കാളികൾ ചുമ്മാ പച്ചയ്ക്കു കടിച്ചു തിന്നൽ, ഒന്നു മുറിച്ചതിനു ശേഷം അതിൽ ഉപ്പോ മുളകോ പഞ്ചസാരയോ വിതറി സ്പൂൺ കൊണ്ടു കോരിക്കുടിക്കൽ എന്നിങ്ങനെയുള്ള കലാപരിപാടികളും എല്ലാവരും നിത്യേന നിർവ്വഹിച്ചു പോന്നു. ജോസ് വരുന്നതിന്റെ തലേ ദിവസം അവിടെ സഹസ്രാബ്ദങ്ങൾക്കു മുമ്പു പോലും തക്കാളി ഉണ്ടായിരുന്നു എന്നതിന്റെ ഒരു സൂചനയും കൊടുക്കാത്ത വിധത്തിൽ വീടു വൃത്തിയാക്കാനും എല്ലാവർക്കും നല്ല സഹകരണമായിരുന്നു.
ജോസ് കഴിഞ്ഞാൽ പിന്നെ സുരേഷാണ് എടുത്തു പറയേണ്ട വ്യക്തി. ഞാനും സുരേഷും കോഴിക്കോട്ട് ആർ. ഇ. സി. യിൽ സഹപാഠികളായിരുന്നു. അന്നൊരിക്കൽ ആകെ അലങ്കോലമായിക്കിടക്കുന്ന എന്റെ മുറി കണ്ട് അവൻ ഇപ്രകാരം പറഞ്ഞു, “എന്നെങ്കിലും ഇവന്റെ കൂടെ ഒന്നിച്ചു താമസിക്കണമെന്നു വന്നാൽ, അന്നു ഞാൻ തൂങ്ങിച്ചാവും!”
പറഞ്ഞത് അറം പറ്റി. തിരുവനന്തപുരത്ത് ഒന്നരക്കൊല്ലം എം. ടെക്. പഠിച്ചപ്പോൾ ഞാൻ സുരേഷിന്റെ റൂം മേറ്റും ക്ലാസ് മേറ്റും ആയിരുന്നു. അതിനു ശേഷം അവൻ ജോലി കിട്ടി ബോംബെയിൽ പോയപ്പോൾ പണിയൊന്നും കിട്ടാതെ തെണ്ടി നടന്ന ഞാൻ ബോംബെയ്ക്കു വണ്ടി കയറിയതും അവന്റെയും കൂട്ടുകാരുടെയും കൂടെ ഒന്നൊന്നരക്കൊല്ലം താമസിച്ചതും ചരിത്രം. പിന്നീട് അവൻ പെണ്ണുകെട്ടി കുടി മാറിയെങ്കിലും, മിക്കവാറും എല്ലാ വീക്കെൻഡിലും ശനിയാഴ്ച രാവിലെ തന്നെ എത്തി രണ്ടു ദിവസം കുളിച്ചുണ്ടുറങ്ങി ഞായറാഴ്ച വൈകിട്ടു മാത്രം തിരിച്ചു പോകാൻ ഞാൻ പ്രത്യേകം നിഷ്കർഷിച്ചിരുന്നു. അവൻ പിന്നീട് മദ്രാസ്സിലും ബാംഗ്ലൂരിലും ഒക്കെ പോയെങ്കിലും, ഹൈദരാബാദിൽ നിന്നും അമേരിക്കയിൽ നിന്നും ഇടയ്ക്കിടെ അവനെ വിസിറ്റു ചെയ്യുകയും അപ്പോഴൊക്കെ ഒരാഴ്ചയെങ്കിലും കൂടെ താമസിക്കുകയും ചെയ്യാൻ ഞാൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ഈ അടുത്തിടെ 2012 ജൂണിൽ നാട്ടിൽ പോയപ്പോൾ ഞങ്ങൾ കുടുംബം മുഴുവാനായി അവൻ ബാംഗ്ലൂരിൽ ആയിടെ പണിയിച്ച ഫ്ലാറ്റിൽ ഒരാഴ്ച താമസിച്ച് അത് അനോണികൾ കയറിയ ബ്ലോഗു പോലെ അലങ്കോലമാക്കിയത് ചരിത്രത്തിന്റെ ക്ലാവു പിടിച്ച ഏതോ ലിപിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
പറഞ്ഞു പറഞ്ഞ് കഥ നോൺ-ലീനിയറായിപ്പോയി. കാലചക്രത്തെ റീവൈൻഡ് ചെയ്ത് വീണ്ടും 1992-ലേക്ക്.
നാലാമത്തെ ആളാണ് ജോർജ് ജോയി എന്ന ജോയി. ജോയി ഒരു പ്രതിഭാസമായിരുന്നു. ആജീവനാന്തം പഠിച്ചു കൊണ്ടിരിക്കുന്ന ഒരു ജീവി. എല്ലാക്കൊല്ലവും സിവിൽ സർവീസ്, എഞ്ചിനീയറിംഗ് സർവീസ്, ഫോറസ്റ്റ് സർവീസ്, പി. എസ്. സി. തുടങ്ങിയ സകലമാന പരീക്ഷകളും എഴുതും. (ഇവയിൽ ഏതെങ്കിലും കിട്ടിയ ചരിത്രമില്ല.) പഠിക്കുന്നതിന്റെ ഭാഗമായി എല്ലാ ദിവസവും പുതിയ പത്ത് ഇംഗ്ലീഷ് വാക്കുകൾ പഠിക്കും. ഞങ്ങളെയും പഠിക്കാൻ പ്രേരിപ്പിക്കുമെങ്കിലും ഞങ്ങൾ അതു ശ്രദ്ധിക്കുന്ന ഭാവമേ നടിച്ചില്ല. എങ്കിലും വിശാലഹൃദയനായ ജോയി പല വാക്കുകളും ഞങ്ങൾക്കു പറഞ്ഞുതരാറുണ്ടായിരുന്നു.
അങ്ങനെയിരിക്കേ കോമൺ ഫണ്ടിൽ വാങ്ങുന്ന സാധനങ്ങളുടെ കണക്കെഴുതുന്ന നോട്ടുപുസ്തകത്തിൽ ഒരു പുതിയ വാക്കു കണ്ട് സുരേഷ് അന്തം വിട്ടു. ആ സാധനം വാങ്ങിയെന്ന് എഴുതിയ ജോയിയോടു ചോദിച്ചു: “ഡാ, ഇതെന്താ ഈ ഗ്രോസറി? അങ്ങനൊരു സാധനം ഇവിടെ കണ്ടില്ലല്ലോ…”
“ഗ്രോസറി എന്നത് ഒരു സാധനമല്ല. പലചരക്ക്, പലവ്യഞ്ജനം എന്നൊക്കെ നമ്മൾ മലയാളത്തിൽ പറയില്ലേ, അതിന്റെ ഇംഗ്ലീഷ് വാക്കാണ് ഗ്രോസറി…”
ഗ്രോസറി മാത്രമല്ല, നൊസ്റ്റാൽജിയ, സെരെനിറ്റി തുടങ്ങി ഒരു പിടി വാക്കുകൾ ഞങ്ങളുടെ വൊക്കാബുലറിയിലേക്ക് ജോയി പിടിച്ചിട്ടു. എങ്കിലും ജോയിയുടെ ഹിന്ദി വൊക്കാബുലറി കേരളത്തിലെ സ്കൂൾ സ്റ്റാന്റേർഡിൽത്തന്നെ തുടർന്നതേ ഉള്ളൂ.
ബാക്കി മൂന്നു പേരും ഫ്രണ്ട് റൂമിൽ കിടന്നുടങ്ങുമ്പോൾ ജോയി അടുക്കളയിലാണ് ഉറക്കം. “കിടപ്പെല്ലാമവനിപ്പോളടുപ്പിലെന്നതു കേട്ടു” എന്നു നമ്പ്യാർ പറഞ്ഞ സ്ഥിതിയെത്തിയില്ലെങ്കിലും അതിനോടടുത്ത സ്ഥിതി.
ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ഞങ്ങളുടെ കൊട്ടാരത്തെ ഒന്നു വർണ്ണിക്കാം. ആന്റോപ് ഹിൽ സെക്ടർ സെവനിൽ അയ്യായിരത്തിഒന്നാമത്തെ ഫ്ലാറ്റ്. നാലാം നില. ഫ്രണ്ട് റൂം, അടുക്കള, അവയ്ക്കിടയിലായി ഒരു കക്കൂസ്, ഒരു കുളിമുറി. കുളിമുറിയിൽ ദിവസം രണ്ടുനേരം ഓരോ മണിക്കൂർ വീതം പൈപ്പിലൂടെ വരുന്ന ശുദ്ധജലം പിടിച്ചു വെയ്ക്കാനായി അതിബൃഹത്തായ ഒരു തകരട്ടാങ്ക്. തീർന്നു.
കയറുകട്ടിൽ രണ്ടെണ്ണം. ഫ്രണ്ട് റൂമിലെ കട്ടിൽ ഇന്ത്യൻ റെയിൽവേയുടെ റിസർവേഷൻ ബെർത്ത് പോലെയാണ്. പകൽ സമയം അതു പൊതുസ്വത്താണ്. രാത്രി അതിൽ സുരേഷ് കിടക്കുന്നു. അടുക്കളയിലെ കട്ടിലിൽ പകലും രാവും ജോയി ജീവിക്കുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളും സോപ്പ്, ചീപ്പ് തുടങ്ങി മറ്റു ജംഗമസാധനങ്ങളും ഈ കട്ടിലിലാണ്. കക്കൂസ്, കുളിമുറി, ഓഫീസ് എന്നീ സ്ഥലങ്ങളിൽ അല്ലാതെ ജോയിയെ കാണപ്പെടുന്നത് ഈ കട്ടിലിൽ ഇരുന്നോ കിടന്നോ ആണ്. ചീട്ടുകളി, ഗോസിപ്പ്, വായിൽനോട്ടം, രാഷ്ട്രീയചർച്ച, സിനിമാ കാണൽ തുടങ്ങി ബാക്കിയുള്ളവർ ചെയ്യുന്ന ഒരു പരിപാടിക്കും ജോയിക്കു താത്പര്യമില്ല. ഞാനും ജോസും ഫ്രണ്ട് റൂമിൽ തറപ്പാർട്ടികൾ.
ഈ ചെറിയ സ്ഥലത്ത് ഞങ്ങൾ നാലുപേർ താമസിക്കുന്നതു കേട്ടിട്ട് നിങ്ങൾക്കു വിഷമം തോന്നുന്നുണ്ടെങ്കിൽ 5002-ൽ താമസിക്കുന്നവരെ പരിചയപ്പെടുക. അടുക്കളയിൽ അച്ഛനും അമ്മയും മൂന്നു പെണ്മക്കളും അടങ്ങിയ കുടുംബം താമസിക്കുന്നു. ഫ്രണ്ട് റൂമിൽ ആറു ബാച്ചിലേഴ്സും. ആറു പേർക്ക് കിടന്നുറങ്ങാൻ സ്ഥലമില്ലാത്തതു കൊണ്ട് രണ്ടു പേർ ഊഴം വെച്ച് ഇരുന്നായിരുന്നു ഉറങ്ങിയിരുന്നത്. അങ്ങനെ ഉറങ്ങിയിരുന്നവരെ ഞങ്ങൾ RAC-ക്കാൻ എന്നു വിളിച്ചിരുന്നു. (ഇത് എന്തെന്നു മനസ്സിലാവാത്തവർ ഒരിക്കലെങ്കിലും ഇന്ത്യൻ റെയിൽവേയിൽ സഞ്ചരിക്കാൻ ക്ഷണിക്കുകയാണ്.) കുടുംബത്തിനും ബാച്ചികൾക്കും വെവ്വേറെ സ്റ്റൗകളും മണ്ണെണ്ണയും കുത്താനുള്ള സൂചികളും ഉണ്ടായിരുന്നു.
“സ്റ്റൗ പൊട്ടിത്തെറിച്ച് വധു മരണമടഞ്ഞു” എന്ന വാർത്ത കേട്ടിട്ടില്ലേ? ഈ വാർത്തകളിലെ വില്ലനായിരുന്നു ഞങ്ങളുടെ പാചകോപകരണം. മണ്ണെണ്ണയാണ് ഇന്ധനം. ഇന്ധനം മാത്രം പോരാ. കത്തിക്കുന്നതിനു മുമ്പ് കുറേ നേരം എയർ പമ്പു ചെയ്യണം. (ഇതിന്റെ ടെക്നോളജി ഇതു വരെ എനിക്കു പിടി കിട്ടിയിട്ടില്ല.) പമ്പു ചെയ്യുന്നതിനു മുമ്പ് പമ്പിലെ കരടുകൾ ഒരു സൂചി കൊണ്ട് കുത്തിക്കളയണം. കുത്ത്, പമ്പ്, കത്തിക്കൽ, കുത്ത്, പമ്പ്, കത്തിക്കൽ,… എന്നിങ്ങനെ ലൂപ്പിലിട്ട് ഏതോ ഒരു സന്ദർഭത്തിൽ സ്റ്റൗ കത്തും. പിന്നെ കത്തി ഉറയിൽ നിന്ന് ഊരിയ നേപ്പാളി ഗൂർഖയ്യുടെ സ്ഥിതിയാണ്. കമ്പ്ലീറ്റ് കുക്കിംഗ് കഴിഞ്ഞിട്ടേ സ്റ്റൗ ഓഫ് ചെയ്യൂ. അതിനാൽ പാചകം ചെയ്യാനുള്ള സാധനങ്ങൾ അടുപ്പിച്ചു വെച്ചിട്ടേ കുത്തു-പമ്പ്-കത്തിക്കൽ പ്രക്രിയ തുടങ്ങൂ. ഇതൊക്കെ ഞങ്ങളുടെ ദിനചര്യയുടെ ഭാഗമായിരുന്നു.
ഈ കഥ നടക്കുന്ന കാലത്തിൽ നിന്ന് കുറേ നാളുകൾക്കു ശേഷം ഞങ്ങൾ ഒരു കുക്കിനെ വെച്ചിരുന്നു. കുക്കിംഗ് ടേണൊക്കെ പഴയ പോലെ തന്നെ. ഞങ്ങൾ പലവ്യഞ്ജനം, സോറി ഗ്രോസറി വാങ്ങിക്കൊണ്ടു വരുന്നു, കുക്ക് അതു പാചകം ചെയ്യുന്നു, ഞങ്ങൾ അത് അവരുടെ പാചകത്തെ ചീത്ത പറഞ്ഞു കൊണ്ടു തിന്നുന്നു. ഇതാണു സെറ്റപ്പ്.
കുക്ക് വന്നതോടുകൂടി ഉപ്പുമാവിനു പകരം ചപ്പാത്തിയും പുളിശ്ശേരിക്കു പകരം മറ്റു ചില കറികളും ഉണ്ടാകാൻ തുടങ്ങി.
ബംഗ്ലാദേശിൽ നിന്നു വന്ന അഭയാർത്ഥിയാണ് കുക്ക്. ബൊംഗാളിയേ അറിയൂ. ഞങ്ങൾക്ക് മലയാളമല്ലാതെ ഫ്ലുവന്റ് ആയ ഒരേയൊരു ഭാഷ ചൊറിച്ചുമല്ലലാണ്. അതിനാൽ കഥകളിയിലായിരുന്നു ആശയവിനിമയം. സ്പോക്കൻ ഹിന്ദിയിൽ മോശമല്ലാതിരുന്ന ജോസ് മാത്രമാണ് ആകെ ഒരു സമാധാനം.
അതിരാവിലെ ആറു മണിക്ക് കുക്ക് വന്നു വാതിലിൽ മുട്ടുമ്പോൾ മുമ്പിലുള്ള മുറിയിൽ കിടന്നുറങ്ങുന്ന ഞങ്ങൾ മൂന്നു പേരിൽ ഒരാൾ പകുതിയുറക്കത്തിൽ എണീറ്റു പോയി വാതിലിന്റെ കുറ്റിയെടുത്തിട്ട് തിരികെ അതുപോലെ കിടന്നുറങ്ങും. അതിനകം ഉണർന്ന് ഫ്രെഷ് ആയി പഠനം തുടങ്ങിയിരിക്കുന്ന ജോയിയുടെ ചുമതലയാണ് കുക്കിന് നിർദ്ദേശങ്ങൾ കൊടുക്കുക എന്നത്. ആരുടെ കുക്കിംഗ് ടേണാണെങ്കിലും ജോയി ആ കൃത്യം മടിയില്ലാതെ ചെയ്തുകൊള്ളും. ഞങ്ങളുടെ കൂട്ടത്തിൽ ഹിന്ദിയിൽ ഏറ്റവും പരിമിതമായ ഹിന്ദി ജ്ഞാനമുള്ള ജോയി കുക്കിനു നിർദ്ദേശങ്ങൾ കൊടുക്കുന്ന “കൗസല്യാ സുപ്രജാ രാമ” കേട്ടുകൊണ്ടാണ് ഞങ്ങൾ ഉണരുന്നത്.
ഏറ്റവും കൂടുതൽ കേൾക്കുന്നത് “ഐസാ നഹീ കർനേ കാ, ഐസാ കർനേ കാ” എന്ന വായ്ത്താരിയാണ്. പയർ അരിയുന്നത് അല്പം കൂടി ചെറുതാവണം എന്നായിരിക്കും വിവക്ഷ. അതു പറയാനുള്ള ഹിന്ദി കൈവശമില്ലാത്തതിനാൽ ജോയി പോയി അവരുടെ അരികിൽ ഇരുന്ന് കത്തിയും പയറും കൈയിൽ വാങ്ങും. എന്നിട്ട് ആദ്യം വലുതായി മുറിക്കും. അതാണ് ആദ്യത്തെ “ഐസാ”. പിന്നെ ചെറുതായി വേണ്ട വലിപ്പത്തിൽ മുറിക്കും. അതാണ് രണ്ടാമത്തെ “ഐഐഐസാ…”.
അങ്ങനെയിരിക്കേ സ്വന്തം കുക്കിംഗ് ടേണിൽ വടക്കേ ഇന്ത്യക്കാരുടെ പരിപ്പിനു പകരം തന്റെ നാട്ടിൽ വെയ്ക്കുന്ന രീതിയിൽ ചെറുപയർ ഇട്ട പരിപ്പ് വെയ്ക്കണം എന്ന് ഇൻസ്ട്രക്ട് ചെയ്തതു കേട്ട് ഗാഢനിദ്രയിലായിരുന്നവർ കൂടി ആർത്തു ചിരിച്ച് ഉണർന്നു പോയി.
“ഡാൽ മേം ഡാൽ നഹീ ഡാൽനേ കാ, ചെറുപയർ ഡാൽനേ കാ…”
ഏതോ ഒരു മലയാളി ബോംബെയിലെ ഓട്ടോ ഡ്രൈവറോടു ചോദിച്ചതായി പറയപ്പെടുന്ന “കാന്തിവിലി ജാനേ കാ കുറുക്കുവഴി മാലൂം ഹൈ?” എന്ന ഡയലോഗിനെ രണ്ടാം സ്ഥാനത്തേയ്ക്കു പിന്തള്ളി നമ്പർ 1 ഡയലോഗാവാൻ ഇതിന് അധികം സമയം ഒന്നും വേണ്ടി വന്നില്ല.
വന്നുവന്ന് നോൺലീനിയറായല്ലാതെ ഒരു വക എഴുതാൻ പറ്റില്ല എന്ന സ്ഥിതിയായി. കാലചക്രം പിന്നെയും പുറകോട്ടു പോകട്ടേ. ണിം ണിം… ണിം ണിം….
ബാക്കി മൂന്നു പേരും സെൻട്രൽ പി. ഡബ്ല്യൂ. ഡി. യിൽ എഞ്ചിനീയർമാരാണ്. (ഞാനും എഴുതിയതാണ് സി. പി. ഡബ്ല്യൂ. ഡി. ടെസ്റ്റ്. ഓ. രാജഗോപാൽ എലക്‌ഷനു നിൽക്കുന്നതു പോലെ ഞാനും മിക്കവാറും ടെസ്റ്റൊക്കെ എഴുതുമായിരുന്നു.) ആഴ്ചയിൽ അഞ്ചു ദിവസം ജോലി. ശനിയും ഞായറും അവധി. എനിക്ക് ആഴ്ചയിൽ അഞ്ചര ദിവസം ജോലി. അതായത് ശനിയാഴ്ച രണ്ടു മണി വരെ ജോലി. അതു കഴിഞ്ഞ് വെയിലു താണ് വീട്ടിലെത്തുമ്പോഴേയ്ക്കും ദിവസം കഴിഞ്ഞിട്ടുണ്ടാവും. സാധാരണയായി ചിക്കനും കൂട്ടി ആർഭാടമായി ഭക്ഷിക്കുന്ന ദിവസമാണ് ശനിയാഴ്ച. എന്റെ കുക്കിംഗ് വീക്കിൽ ഞാൻ രാവിലെ ഉണ്ടാക്കിയിട്ടു പോകുന്ന പുളിശ്ശേരിയും (മുകളിൽ സൂചിപ്പിച്ച സാധനം തന്നെ) കൂട്ടി ചോറുണ്ണണം. ചിലപ്പോൾ സഹികെട്ട് അവർ ആരെങ്കിലും വല്ല ചിക്കനും വാങ്ങി ഉണ്ടാക്കും. അതു ഞാൻ വൈകിട്ടു വന്ന് മൂക്കറ്റം തട്ടുമ്പോൾ “ഉളുപ്പില്ലാതെ ഇവൻ തട്ടുന്നതു കണ്ടില്ലേ…” എന്ന് അവർ പറയുന്നത് ഭിത്തിയിലൂടെ നടന്നുപോകുന്ന പല്ലിയെപ്പറ്റിയാണെന്ന ഭാവത്തിൽ ഞാൻ മുകളിലേയ്ക്കു നോക്കിയിരിക്കും.
ഒരു കാര്യം പറയാൻ വിട്ടുപോയി. എനിക്കു കമ്പനിയിൽ സബ്സിഡൈസ്ഡ് ഫുഡ് ഉണ്ട്. ചോറിനു മുപ്പതു പൈസ, ലസ്സിയ്ക്ക് 20 പൈസ, ചിക്കൻ കറിയ്ക്ക് 40 പൈസ എന്നിങ്ങനെ. രണ്ടു രൂപയ്ക്ക് വയറു നിറയെ ഭക്ഷണം കഴിക്കാം. ഇങ്ങനെ മൃഷ്ടാന്നം ഉള്ളതു കൊണ്ടാണ് എനിക്ക് വീട്ടിൽ നല്ല ഭക്ഷണം പാചകം ചെയ്യാൻ മടി എന്നാണു സഹമുറിയന്മാരുടെ പരാതി.
അങ്ങനെയിരിക്കേ ജോയി ഒരു ആയുർവേദമരുന്നു കഴിച്ചു തുടങ്ങി.
വലിയ പഥ്യമുള്ള മരുന്നാണ്. മത്സ്യമാംസാദികൾ പാടില്ല. എരിയും പുളിയും അധികം പാടില്ല. ഇങ്ങനെ പല നിയന്ത്രണങ്ങളുണ്ടെങ്കിലും തന്റെ കുക്കിംഗ് ടേൺ വന്നപ്പോൾ എല്ലാവർക്കും വേണ്ട ഭക്ഷണം പാകം ചെയ്യുന്നതിൽ ജോയി ഒരു അമാന്തവും കാണിച്ചില്ല. മാത്രമല്ല, ശനിയാഴ്ച ഞാൻ മടങ്ങി വന്നപ്പോൾ ദാ അത്യന്തം രുചികരമായ കോഴിക്കറി ഉണ്ടാക്കി വെച്ചിരിക്കുന്നു!
തനിക്കു കഴിക്കാൻ പറ്റാഞ്ഞിട്ടും ബാക്കിയുള്ളവർക്കു വേണ്ടി ചിക്കൻ കറി ഉണ്ടാക്കിയതോർത്തപ്പോൾ എനിക്കു സങ്കടവും ജോയിയോട് അടങ്ങാത്ത ആദരവും തോന്നി. അതോടൊപ്പം വത്സലച്ചേച്ചിയെ ഓർമ്മവന്നു.
വത്സലച്ചേച്ചി എന്റെ കസിനാണ്. പക്കാ വെജിറ്റേറിയൻ. എങ്കിലും ഞാൻ ഇതു വരെ കഴിച്ചിട്ടുള്ളതിൽ ഏറ്റവും രുചികരമായ ചിക്കൻ കറിയും മീൻ കറിയും വത്സലച്ചേച്ചി ഉണ്ടാക്കിയതാണ്. ഉപ്പു നോക്കുക പോലും വേണ്ട. എല്ലാവർക്കും ഉണ്ടാക്കിത്തരാൻ യാതൊരു മടിയുമില്ല താനും.
“എനിക്കൊരു കസിനുണ്ട്…,” ജോയിയെപ്പോലെ വിശാലഹൃദയമുള്ള വത്സലച്ചേച്ചിയെ ബാക്കിയുള്ളവർക്കു കൂടി പരിചയപ്പെടുത്തിക്കൊടുക്കാമെന്നു കരുതി ഞാൻ പറഞ്ഞു, “നന്നായി ചിക്കൻ ഉണ്ടാക്കും. പക്ഷേ കഴിക്കില്ല…”
“അവൾക്കൊരു കസിനുണ്ട്,” ഇതു കേട്ടുകൊണ്ടു വന്ന സുരേഷ് പറഞ്ഞു, “നന്നായി ചിക്കൻ കഴിക്കും. പക്ഷേ ഉണ്ടാക്കില്ല…”
എന്നോടുള്ള അരിശം മുഴുവനും ആ വാക്കുകളിൽ ഉണ്ടായിരുന്നെങ്കിലും അത് എല്ലാവരും കൂടി ആർത്തട്ടഹസിച്ചുകൊണ്ടുള്ള ഒരു ചിരിയിൽ കലാശിച്ചു.
ചെറുപ്പം മുതൽക്കേ എന്റെ ഒരു സ്വപ്നമായിരുന്നു ആരെങ്കിലും എന്റെ ഒരു പടം വരയ്ക്കുന്നതു്.
കണ്ണാടിയിലല്ലാതെ സ്വന്തം മുഖം ചെറുപ്പത്തിൽ അധികമൊന്നും കണ്ടിട്ടില്ല. ബന്ധുക്കൾക്കാർക്കും തന്നെ ക്യാമറ ഉണ്ടായിരുന്നില്ല. ഏതാനും വർഷം കൂടുമ്പോൾ വീട്ടിലെ എല്ലാവരും കൂടി ഒരു സ്റ്റുഡിയോയിൽ പോയി ഒരു പടം എടുക്കും. പിന്നെ ആകെയുള്ള ചാൻസ് വല്ല കല്യാണവും നടക്കുന്ന സ്ഥലത്തു് വധുവിന്റെയോ വരന്റെയോ അടുത്തു ചുറ്റിപ്പറ്റി നിന്നാൽ ചിലപ്പോൾ ഒന്നോ രണ്ടോ പടത്തിൽ വന്നെന്നിരിക്കും. അന്നു വീഡിയോ ഇല്ല. ഫോട്ടോ തന്നെ അങ്ങേയറ്റം പത്തോ ഇരുപതോ ഉണ്ടാവും ഒരു കല്യാണത്തിനു്.
സരസൻ, അസാധു തുടങ്ങിയ രാഷ്ട്രീയഹാസ്യമാസികകളിൽ യേശുദാസനും മന്ത്രിയും നാഥനും മറ്റും ഇ. എം. എസ്സിനെയും അച്യുതമേനോനെയും ഇന്ദിരാഗാന്ധിയെയും കരുണാകരനെയും മറ്റും വരയ്ക്കുന്നതു കണ്ടിട്ടു് ആരെങ്കിലും എന്റെ പടം ഒന്നു വരച്ചിരുന്നെങ്കിൽ എന്നു് ഒരുപാടു് ആഗ്രഹിച്ചിട്ടുണ്ടു്. ഐ. ഏ. എസ്. കിട്ടിയിരുന്നെങ്കിൽ ട്രെയിനിംഗിനു പോകുമ്പോൾ കുതിരപ്പുറത്തു കയറാമായിരുന്നു എന്നു പറഞ്ഞ ഒരു സുഹൃത്തിനെപ്പോലെ, ഒരു പ്രശസ്തവ്യക്തിയായിരുന്നെങ്കിൽ ആരെങ്കിലും ആക്ഷേപിച്ചാണെങ്കിലും എന്റെ ഒരു പടം വരച്ചേനേ എന്നു് ആഗ്രഹിച്ചിട്ടുണ്ടു്.
സ്കൂളിൽ പഠിപ്പിച്ചിരുന്ന ഡ്രോയിംഗ് സാറന്മാരോടു ചോദിക്കാൻ പേടിയായിരുന്നു. സുഹൃത്തുക്കളിൽ നന്നായി വരയ്ക്കുന്നവർ ഉണ്ടായിരുന്നില്ല താനും.
പിന്നീടു് പല സ്ഥലത്തും പണത്തിനു വേണ്ടി ആളുകളുടെ പടം വരച്ചുകൊടുക്കുന്നവരെക്കണ്ടു. അവരെക്കൊണ്ടൊന്നും ഒരു പടം വരപ്പിക്കാൻ പറ്റിയില്ല. സാധാരണ വലിയ ക്യൂ ഉണ്ടാവും. എന്റെ കൂടെയുള്ളവർക്കൊക്കെ ഈ പരിപാടി പുച്ഛമായിരുന്നു താനും. വന്ന കാര്യം ചെയ്യാതെ ഇതിനു വേണ്ടി സമയം കളയുന്നതു ബാലിശമാണെന്നാണു് മിക്കവരുടേയും അഭിപ്രായം. കൂട്ടുകാർ മാറി കുടുംബമായപ്പോഴും ഇതിനു വലിയ വ്യത്യാസമൊന്നും ഉണ്ടായില്ല.
ആദ്യമായി ഒരു കാരിക്കേച്ചർ വരപ്പിക്കുന്നതു് 1999-ലാണു്. അന്നത്തെ എന്റെ ഓഫീസിലെ ഒരു പരിപാടിക്കു വന്ന ഒരാളെക്കൊണ്ടു്. അതിപ്പോൾ കയ്യിലില്ല. ഉണ്ടെങ്കിലും വലിയ കാര്യവുമില്ല. ഞാനുമായി യാതൊരു സാദൃശ്യവും ആ പടത്തിനില്ല. എന്റെ ഒരു സുഹൃത്തു പറഞ്ഞതു് പ്രകടമായ എന്തെങ്കിലും പ്രത്യേകത മുഖത്തിനുണ്ടെങ്കിലേ കാരിക്കേച്ചർ നന്നാവൂ എന്നാണു്. എന്റേതു പോലെ വളരെ സാധാരണമായ ഒരു മുഖം വരയ്ക്കാൻ ബുദ്ധിമുട്ടാണത്രേ. ഇന്ദിരാഗാന്ധിയെ വരച്ചിരുന്ന കാർട്ടൂണിസ്റ്റുകൾ അവരുടെ മൂക്കും നരയുമാണല്ലോ പ്രധാനമായി വരച്ചിരുന്നതു്.
2001-’02 കാലഘട്ടത്തിൽ ജോലിസംബന്ധമായി ഹൈദരാബാദിൽ താമസിച്ചിരുന്നു. അവിടെ എൻ. ടി. ആർ. പാർക്കിൽ ഒരു കാരിക്കേച്ചർകാരനെ കണ്ടുമുട്ടി. എന്റെയും മകൻ വിശാഖിന്റെയും (അവനു പ്രായം ഒന്നേമുക്കാൽ വയസ്സു്) പടം വരയ്ക്കാം എന്ന കരാറിൽ കാരിക്കേച്ചർ വരപ്പിയ്ക്കാൻ സിന്ധു സമ്മതിച്ചു. ഒരാളുടെ പടം വരയ്ക്കാൻ ഇരുപതു രൂപ. രണ്ടു പേരുടേതു് ഒന്നിച്ചായാലും നാല്പതു രൂപ. അതിനെ ഞാൻ വിലപേശി വിലപേശി അവസാനം മുപ്പതു രൂപയ്ക്കു് രണ്ടു പേരുടെയും കൂടിയുള്ള പടം വരച്ചു തരാമെന്നു് അയാൾ സമ്മതിച്ചു.
അഞ്ചു കൊല്ലം ബോംബെയിൽ ജോലി ചെയ്തിട്ടുള്ളതു കൊണ്ടു് എനിക്കു ഹിന്ദിയിൽ തരക്കേടില്ലാത്ത പ്രാവീണ്യമുണ്ടായിരുന്നു എന്നായിരുന്നു എന്റെ ധാരണ. അതങ്ങനെയാ, ചിലർക്കൊക്കെ ഭാഷ പഠിക്കാൻ വലിയ കഴിവാണെന്നാണു റോബി പറയുന്നതു്. എന്നെക്കാൾ ഇക്കാര്യത്തിൽ കഴിവു് സിദ്ധാർത്ഥനു മാത്രമേ കണ്ടിട്ടുള്ളൂ.
അതൊരു ബുദ്ധിമുട്ടുള്ള പണിയായിരുന്നു. രണ്ടു വയസ്സിനു താഴെ പ്രായമുള്ള ഒരു ആൺകുട്ടിയെ മടിയിൽ അനങ്ങാതെ ഇരുത്തി പോസു ചെയ്യുന്നതു് അത്ര എളുപ്പമല്ല. അയാൾ ഓരോ അവയവമായാണു വരയ്ക്കുന്നതു്. അതനുസരിച്ചു് വായ് പകുതി തുറക്കുകയും കണ്ണു് ഒരു വശത്തേക്കാക്കുകയും തല ചരിച്ചു വെയ്ക്കുകയും ഒക്കെ വേണം. അയാൾ പറഞ്ഞതു പോലെയൊക്കെ ഞാൻ ചെയ്തു. വിശാഖിനെക്കൊണ്ടു ചെയ്യിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ ഈ അഭിനയവും അതിനു ശേഷം അയാൾ വരച്ചു കൊണ്ടിരുന്ന പടവും ഒക്കെ കണ്ടതിനു ശേഷം പലരും ചിരിച്ചു കൊണ്ടു പോകുന്നതു കണ്ടു. കാരിക്കേച്ചറല്ലേ, വളരെ രസമായിരിക്കും. കരുണാകരനെ യേശുദാസൻ വരയ്ക്കുമ്പോൾ പല്ലുകൾ മൊത്തം കാട്ടിയുള്ള ചിരി കാണിക്കുന്നതു പോലെ എന്നെ രസകരമായി ചിത്രീകരിച്ചിരിക്കുന്നതു കാണാൻ തിടുക്കപ്പെട്ടു് അക്ഷമനായി ഞാൻ അവിടെ ഇരുന്നു.
എല്ലാം കഴിഞ്ഞു് അയാൾ “ഹോ ഗയാ സാബ്” എന്നു പറഞ്ഞതു കേട്ടു് ഞാൻ എന്റെ പടം കാണാൻ ചെന്നപ്പോൾ ഇതാണു കണ്ടതു്.
വിശാഖിന്റെ പടം മാത്രം! ഞാനില്ല. അവനിരുന്ന എന്റെ മടിയുടെ പടം പോലുമില്ല!
“ഡോ, താനല്ലേ പറഞ്ഞതു് മുപ്പതു രൂപയ്ക്കു രണ്ടു പേരുടെയും പടം വരയ്ക്കാമെന്നു്?” ഞാൻ ചീറി.
അതിനു് അയാൾ പറഞ്ഞ ഉത്തരം കേട്ടു് ഞാൻ സ്തംഭിച്ചു പോയി. എന്റെ മുപ്പതു വെള്ളിക്കാശിന്റെ ഓഫറിനു് ആ യൂദാസ് അതിനു് അപ്പോൾ പറഞ്ഞതു് അത്ര പദാനുപദമല്ലാതെ, എന്നാൽ ആശയം ഒട്ടും ചോർന്നുപോകാതെ, മലയാളത്തിലാക്കിയാൽ “മുപ്പതു് ഉലുവാ നിന്റെ അമ്മേടങ്ങു കൊണ്ടുക്കൊടുക്കടാ” എന്നായിരുന്നു പോലും! മുപ്പതു്, കൊടുക്കുക എന്ന പദങ്ങൾക്കു തത്തുല്യമായ ഹിന്ദിവാക്കുകൾ കേട്ടു് അയാൾക്കു മുപ്പതു രൂപാ കൊടുത്താൽ സംഗതി ഭദ്രമാക്കാം എന്നു തെറ്റിദ്ധരിച്ചതാണു്.
കാലം പിന്നെയും മുന്നോട്ടു പോയി. കാഴ്ച കാണാൻ പോയ പല സ്ഥലങ്ങളിലും – ഡിസ്നി ലാൻഡ്, ലാസ് വേഗസ്, ഗ്രാൻഡ് കാന്യൻ തുടങ്ങിയ പലയിടങ്ങളിലും – കാരിക്കേച്ചറുകാർ ഉണ്ടായിരുന്നെങ്കിലും അവിടെ ക്യൂവിലും പിന്നെ കസേരയിലുമായി കളയാൻ സമയമില്ലായിരുന്നതിനാൽ വര നടന്നില്ല.
പിന്നീടു് അതിനു വഴിയൊരുങ്ങിയതു് 2007-ൽ എന്റെ ഓഫീസിൽ നിന്നൊരു പിക്നിക്കിനു പോയപ്പോഴാണു്.
ഫുൾ ഫിസിക്കൽ ആക്ടിവിറ്റി ഉള്ള പിക്നിക് എന്നു കേട്ടപ്പോൾ എനിക്കു വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. സിന്ധുവാണു് എന്നെ ഉന്തിത്തള്ളി വിട്ടതു്. എക്സർസൈസ് കക്ഷിയ്ക്കു പ്രാന്താണു്. എന്നാൽ ആൾ സ്വയം വലിയ എക്സർസൈസ്കാരിയാണെന്നു തെറ്റിദ്ധരിക്കരുതു്. കെമിക്കൽ എഞ്ചിനീയറിംഗ് പഠിച്ചപ്പോൾ മലയാളത്തിൽ ഉത്പ്രേരകം, രാസത്വരകം എന്നൊക്കെ പറയുന്ന കാറ്റലിസ്റ്റിനെപ്പറ്റി പറയുന്ന അദ്ധ്യായത്തിൽ സ്റ്റക്കായ ജന്മമാണു്. സ്വന്തം ശരീരത്തിനു് ഓരോ വർഷവും അഞ്ചു ശതമാനം തൂക്കം വർദ്ധിപ്പിക്കാറുണ്ടെങ്കിലും ഭർത്താവിനെക്കൊണ്ടു് എക്സർസൈസ് ചെയ്യിക്കാൻ വലിയ ശുഷ്കാന്തിയാണു്. എനിക്കാണെങ്കിൽ ചെസ്സ്, ചെക്കേഴ്സ്, അമ്പത്താറു്, ഇരുപത്തെട്ടു്, റമ്മി, ബ്രിജ്, കണക്റ്റ് ഫോർ, ഗോ, യൂനോ, ക്വാറിഡോർ തുടങ്ങി ദേഹം അനങ്ങേണ്ടാത്ത കളികളൊഴികെ യാതൊന്നും കളിക്കാൻ താത്പര്യമില്ല താനും.
കമ്പനി ബസ്സിലാണു പോക്കും വരവും. ഒരു ദിവസം മുഴുവൻ പരിപാടി. പ്രധാന പരിപാടി തീറ്റി തന്നെ. ഒരു വലിയ മൈതാനത്തു പല കൂടാരങ്ങൾ കെട്ടി പല തരത്തിലുള്ള ഭക്ഷണം. അന്നത്തേതു് മെക്സിക്കൻ ഭക്ഷണമായതിനാൽ മൈതാനത്തിന്റെ ഒരറ്റത്തു് നിരനിരയായി വൃത്തിയിൽ പത്തുപന്ത്രണ്ടു ടോയ്ലറ്റുകളും സജ്ജീകരിച്ചിട്ടുണ്ടു്. ദഹനേന്ദ്രിയവ്യൂഹത്തിനു് ആകമാനം നല്ല എക്സർസൈസ് കിട്ടാനുള്ള സംവിധാനം.
ദഹനേന്ദ്രിയവ്യൂഹത്തിനു മാത്രമല്ല ശരീരത്തിനാകമാനം എക്സർസൈസിനുള്ള സംഭവങ്ങളാണു് മൈതാനമാകെ. ഇടയ്ക്കിടയ്ക്കുള്ള കുറ്റികളിൽ പിടിച്ചും ചവിട്ടിയും ഒരു ടവറിന്റെ മുകളിൽ കയറുക, രണ്ടു കയറു കൊണ്ടു് ദേഹം വരിഞ്ഞുകെട്ടി നേരെയും തലകീഴായും പിന്നെ മറ്റു പല വിധത്തിലും ആകാശത്തു മേലോട്ടും കീഴോട്ടും ആടുക തുടങ്ങി ധാരാളം വിനോദോപാധികളും പല തരത്തിലുള്ള പന്തുകളികളും ഉറിയുടെ തിരിക, ബക്കറ്റിന്റെ മൂടു് തുടങ്ങിയവ എറിഞ്ഞു പിടിക്കുന്ന കളികളും ഒരു ചക്രമുള്ള സൈക്കിളുകളും സ്കേറ്റ്ബോർഡ്, സ്കൂട്ടർ, റോളർബ്ലേഡ് എന്നൊക്കെ വിളിക്കുന്നതും ഓൾ അമേരിക്കാ എല്ലുരോഗവിദഗ്ധർ സ്പോൺസർ ചെയ്യുന്നതുമായ വഹകളിൽ കയറി തേരാപ്പാരാ സഞ്ചരിക്കുന്നതും ഒക്കെയാണു വിനോദങ്ങൾ. രണ്ടു ചക്രമുള്ള ഒരു സൈക്കിളിൽ കയറി കുറേ ചവിട്ടി (ഏകദേശം മൊത്തം ആകെ ടോട്ടൽ ഒരു ഒന്നൊന്നര കിലോമീറ്റർ ചവിട്ടിയിട്ടുണ്ടാവും) വിയർത്തു കുളിച്ചു് കാലിനു വേദനയായി പണ്ടാറമടങ്ങി പിൻവാങ്ങി “ഇനി തിരിച്ചു പോകാൻ വൈകുന്നേരം വരെ കാക്കണമല്ലോ” എന്നു വിലപിച്ചുകൊണ്ടു് വീണ്ടും ദഹനേന്ദ്രിയവ്യൂഹത്തിനു എക്സർസൈസു കൊടുത്തുകൊണ്ടിരിക്കുമ്പോഴാണു് ആ കാഴ്ച കണ്ടതു്.
മൈതാനത്തിന്റെ ഒരു മൂലയ്ക്കു് കേരളത്തിലെ ബീവറേജസ് ഷോപ്പിന്റെ മുമ്പിൽ കാണുന്നതുപോലെ ഒരു ലൈൻ!
ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഒരു ഫുൾ ബോഡി എക്സർസൈസിനു ശേഷം ഞാൻ ആ ലൈനിന്റെ ഉദ്ഭവസ്ഥാനം അന്വേഷിച്ചു യാത്രയായി. അപ്പോളതാ തലപ്പത്തു് ഒരു പെണ്ണു് ചുണ്ടിൽ ഒരു വളിച്ച ചിരിയും ഫിറ്റു ചെയ്തു് ഒരു കസേരയിൽ ചരിഞ്ഞിരിക്കുന്നു. അവളുടെ മുമ്പിൽ മറ്റൊരു കസേരയിൽ ഒരുത്തൻ ഒരു കടലാസും പെൻസിലുമായി ഇരിപ്പുണ്ടു്. പല തരത്തിലുള്ള പെൻസിലുകൾ, പേനകൾ, റബ്ബറുകൾ (തെറ്റിദ്ധരിക്കണ്ട, പെൻസിൽ തുടയ്ക്കുന്ന ഇറേസറുകൾ), കടലാസുകൾ തുടങ്ങിയവ അടങ്ങിയ ഒരു ഭാണ്ഡവുമുണ്ടു് അടുത്തു്.
കാരിക്കേച്ചർ! എന്റെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കാൻ പോവുകയാണു്!
ലൈനിനു ഞാൻ വിചാരിച്ചതിലും കൂടുതൽ നീളമുണ്ടായിരുന്നു. ഓരോരുത്തെരെയും വരയ്ക്കാൻ ഒടുക്കത്തെ സമയവും എടുത്തിരുന്നു. നിരന്തരമായ എക്സർസൈസു മൂലം അതിയായി ഫിറ്റായിരുന്ന എന്റെ ശരീരത്തിനു് അത്രയും നേരം നിഷ്ക്രിയമായി നിൽക്കാനുള്ള കഴിവുണ്ടായിരുന്നില്ല. ലൈനിന്റെ ഏകദേശം പകുതിയിലെത്തിയപ്പോൾ ദഹനേന്ദ്രിയവ്യൂഹത്തിന്റെ എക്സർസൈസിനായി വിരമിക്കേണ്ടി വന്നു. പടം വരയ്ക്കുമ്പോൾ എക്സർസൈസു ചെയ്യുന്നതു വൃത്തികേടല്ലേ? തിരിച്ചു വന്നപ്പോഴേയ്ക്കും ലൈനിനു നീളം പിന്നെയും കൂടിയിരുന്നു.
ഏതാനും മണിക്കൂറുകൾക്കു ശേഷം ഞാൻ മുന്നിലെത്തി. എന്നെ വരയ്ക്കാൻ തുടങ്ങി. എനിക്കാകെ ടെൻഷൻ. ഇനി എന്നെയല്ല, എന്റെ പുറകിൽ കുറേ മാറി മലർന്നു കിടന്നു വെയിൽ കായുന്ന അല്പവസ്ത്രധാരിണിയെയാണോ ഇങ്ങേർ വരയ്ക്കുന്നതു്? വഴിയേ പോകുന്നവർ പടവും എന്റെ ഇരിപ്പും മാറി മാറി നോക്കി ചിരിക്കുന്നുമുണ്ടു്. എനിക്കാണെങ്കിൽ കോട്ടുവാ ഇടൽ, തല ചൊറിയൽ, മറ്റു ചില ശരീരഭാഗങ്ങൾ ചൊറിയൽ, ഞെളിപിരിക്കൊള്ളൽ, ബ്ലോഗെഴുതൽ തുടങ്ങിയ നൂറു കൂട്ടം കാര്യങ്ങൾക്കു് ഒടുക്കത്തെ ടെമ്പ്റ്റേഷൻ. ഇവനൊക്കെ നമ്മുടെ കാർട്ടൂണിസ്റ്റുകളെ കണ്ടു പിടിക്കണം. ഇങ്ങനെ ഒരു കസേരയിൽ പിടിച്ചിരുത്തിയിട്ടാണോ അവരൊക്കെ ആന്റണിയെയും അച്യുതാനന്ദനെയും ഒക്കെ വരയ്ക്കുന്നതു്?
അവസാനം വരച്ചു തീർന്നു. ആകെക്കൂടി ഒന്നുകൂടി ഒന്നു നോക്കി മിനുക്കുപണികൾ ചെയ്തു് അടിയിൽ ഒപ്പും തീയതിയും വെച്ചു് പടം എനിക്കു തന്നു. നോക്കിയപ്പോൾ ആറു മാസമായി ഭക്ഷണം കണ്ടിട്ടില്ലാത്ത ഒരു സോമാലിയക്കാരന്റെ ലുക്ക്!
കണ്ടു നിന്നവർ “ഇതു തന്റെ മുഖം പോലെ തന്നെയുണ്ടു്” എന്നു പറഞ്ഞപ്പോഴാണു് സോമാലിയക്കാരന്റെ ലുക്കു് പടത്തിനു മാത്രല്ല എന്റെ മുഖത്തിനും ഉണ്ടെന്നു ബോദ്ധ്യമായതു്. ഈ അമൂല്യനിധിയുമായി തിരിച്ചെത്തിയപ്പോൾ എന്റെ മാനേജർ ഓടിക്കിതച്ചു വരുന്നു.
“താൻ എവിടെ പോയിക്കിടക്കുകയായിരുന്നു? നമ്മുടെ ടീമും ടെസ്റ്റിംഗ് ടീമും കൂടി വടം വലി നടക്കുകയാണു്. വേഗം ചെല്ല്…”
ടെസ്റ്റിംഗ് ടീമുമായുള്ള വടം വലി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവർ ഒരു ബഗ് ഇങ്ങോട്ടയയ്ക്കും. അതു ഞാൻ നോക്കിയിട്ടു കാണുന്നില്ല എന്നു പറഞ്ഞു തിരിച്ചയയ്ക്കും. കാണാനുള്ള വഴിയുമായി അവർ തിരിച്ചയയ്ക്കും. അതു ഡിസൈൻ ചെയ്ത പോലെ തന്നെ പ്രവർത്തിക്കുന്നു എന്നു പറഞ്ഞു് പിന്നെയും തിർച്ചയയ്ക്കും. അല്ല എന്നു പറഞ്ഞു് അവർ അയയ്ക്കും. ആണു് എന്നു പറഞ്ഞു് തിരിച്ചയയ്ക്കും…
ഇതൊന്നും പോരാഞ്ഞിട്ടു് ഇവിടെ പിന്നെയും…
ഒരു കൈയിൽ എന്റെ അമൂല്യനിധിയും പിടിച്ചു കൊണ്ടു് ഞാൻ മറ്റേ കൈ വടത്തിൽ പിടിച്ചു.
“ഡോ, ഇതു് ഓഫീസല്ല. വേറേ അതുമിതും ചെയ്യാതെ വടം വലിക്കെടോ…” മാനേജർ ഉറക്കെ വിളിച്ചു പറഞ്ഞു. ങേ? ഓഫീസിലിരുന്നു ബ്ലോഗു ചെയ്യുന്ന വിവരം അങ്ങേർക്കറിയുമോ? ഹൈ ലെവൽ ആർക്കിടെക്ചർ ഡോക്യുമെന്റിനിടയ്ക്കു് പോസ്റ്റ് മംഗ്ലീഷിൽ ടൈപ്പു ചെയ്തിട്ടു് പിന്നെ വീട്ടിൽ ചെന്നിട്ടു് അതു വരമൊഴിയിലൂടെ മലയാളമാക്കിയാണല്ലോ ഞാൻ ബ്ലോഗെഴുതാറുള്ളതു്?
മനസ്സില്ലാമനസ്സോടെ എന്റെ പടം ഒരു ബഞ്ചിൽ വെച്ചിട്ടു് അതിനു മുകളിൽ ഒരു കല്ലും വെച്ചിട്ടു് ഞാൻ വടം വലിയ്ക്കു പോയി.
വടം വലിയിൽ ഞങ്ങളുടെ ടീമിനു വമ്പിച്ച പുരോഗമനമായിരുന്നു. സംഗതിയെല്ലാം കഴിഞ്ഞു ക്ഷീണിച്ചു കൈപ്പത്തിയിലും മുഖത്തും പരിക്കുകളോടെ തിരിച്ചു വന്നപ്പോൾ…
എന്റെ പടമിരുന്നിടത്തു് അതിനു മുകളിൽ വെച്ച കല്ലു മാത്രമുണ്ടു്!
കുറേ നേരത്തെ തിരച്ചിലിനു ശേഷം അല്പം ദൂരെ നിന്നു് ആരോ ഭക്ഷണം കഴിച്ചതിനു ശേഷം കൈ തുടച്ചു ചുരുട്ടിക്കൂട്ടിയ നിലയിൽ സംഭവം കിട്ടി. പിന്നെ അതു ഞാൻ കയ്യിൽ നിന്നു താഴെ വെച്ചിട്ടില്ല.
പടത്തോടുള്ള എന്റെ ഈ ആക്രാന്തം കണ്ടിട്ടായിരിക്കും ഒരു സഹപ്രവർത്തകൻ പാർക്കിന്റെ മറ്റൊരു മൂലയിൽ ഒരുത്തി പോർട്രയിറ്റ് വരയ്ക്കുന്ന കാര്യം പറഞ്ഞതു്.
അവിടെ ചെന്നപ്പോൾ കണ്ടതു് പഴയതിനേക്കാളും വലിയ ലൈൻ. ചിത്രകാരിയാണു്. നിറമുള്ള പടവുമാണു്. ചിത്രം വരപ്പിക്കുന്നതും ഭൂരിഭാഗവും പെണ്ണുങ്ങൾ. പടങ്ങളൊക്കെ അതിമനോഹരം! പെണ്ണൂങ്ങളെയൊക്കെ അതിസുന്ദരികളായി വരച്ചിരിക്കുന്നു. ചുമ്മാതല്ല അവിടെ പെണ്ണുങ്ങളുടെ ഒരു തിരക്കു്!
എന്റെ ഊഴമായപ്പോൾ ചിത്രകാരി എന്നെ അടിമുടി ഒരു നോട്ടം! “കാണാൻ വർക്കത്തുള്ളവരെ മാത്രമേ ഞാൻ വരയ്ക്കാറുള്ളൂ…” എന്ന ഭാവത്തിൽ. എന്നിട്ടു് ഒരു വശത്തേയ്ക്കു തിരിഞ്ഞിരിക്കാൻ പറഞ്ഞു. സൈഡ് വ്യൂ വരയ്ക്കാനാണു്. അങ്ങനെയാണെങ്കിൽ മറ്റേ സൈഡിലെ വൃത്തികേടു വരയ്ക്കണ്ടല്ലോ എന്നായിരിക്കും.
കഴിഞ്ഞപ്പോൾ എനിക്കു പടത്തിൽ ഒടുക്കത്തെ ഗ്ലാമർ. കവിളിലൊക്കെ അരുണിമ. കണ്ണിൽ നീലിമ. തലമുടിയിൽ കാളിമ. ആകെക്കൂടി പൂർണ്ണിമ.
കളർ സ്കാനർ തത്ക്കാലം ഇല്ലാത്തതിനാൽ പ്രസ്തുത ചിത്രത്തിന്റെ ഒരു ബ്ലായ്ക്ക് ആൻഡ് വൈറ്റ് സ്കാൻ ഇവിടെ.
ഇതിനിടയിലാണു് ബ്ലോഗിൽ ഒരു പൊണ്ണത്തടിയൻ കാർട്ടൂണിസ്റ്റ് (ബ്ലോഗന്മാരെല്ലാം അങ്ങേർ വരച്ച കാരിക്കേച്ചർ പ്രൊഫൈലിൽ ഇടുമ്പോൾ അങ്ങേർ മാത്രമെന്താ ഒരു ഫോട്ടൊ ഇട്ടിരിക്കുന്നതു്?) പുലികളുടെ പടം വരയ്ക്കുന്ന വിവരമറിഞ്ഞതു്. എന്റെയും ഒരു പടം വരയ്ക്കുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, “ഞാൻ പുലികളുടെ പടം മാത്രമേ വരയ്ക്കാറുള്ളൂ, കണ്ട അണ്ണാന്റെയും മരപ്പട്ടിയുടെയും ഒന്നും വരയ്ക്കാറില്ല…” എന്നെങ്ങാനും മറുപടി പറഞ്ഞാലോ? പരിമിതമാണെങ്കിലും ഉള്ള മാനം കൂടി പോവില്ലേ? അങ്ങേരാണെങ്കിൽ ഇതൊന്നും ഈമെയിലിൽ പ്രൈവറ്റായി എഴുതുകയുമില്ല. ബ്ലോഗിൽ പരസ്യമായാണു് ചാമ്പു്. ടെമ്പ്റ്റേഷൻ കടിച്ചുപിടിച്ചു് ഞാനിരുന്നു.
അപ്പോൾ ദാ, ഒരു ഈമെയിൽ വരുന്നു:
താങ്കളുടെ ഒരു വ്യക്തചിത്രത്തെ …. (ഈമെയിൽ അഡ്രസ്) ന്റെ അടുത്തേക്ക് പറഞ്ഞുവിടുക. http://keralahahaha.blogspot.com/-യില്‍ 31-12-2007 ന് അകം പ്രത്യക്ഷപ്പെടാന്‍ പോകുന്ന 100 മുഖങളില്‍ ഒരു മുഖം താങ്കളുടെയാവട്ടെ !
പിന്നെ എന്റെ ഒരു നല്ല പടം കണ്ടുപിടിക്കാനുള്ള തിരച്ചിലായി. “ഫ്രെയിം ചെയ്താൽ പല്ലു ചില്ലിൽ മുട്ടും” എന്നു വക്കാരി ഇവിടെ പറഞ്ഞ ഈ പടവും, കുരങ്ങന്റെ ഫെയിസ് കട്ടുണ്ടെന്നു വക്കാരി തന്നെ ഇവിടെ പറഞ്ഞ ഈ പടവും ഒന്നുമല്ലാതെ കൊള്ളാവുന്ന ഒന്നും കിട്ടുന്നില്ലല്ലോ. (അതെങ്ങനാ, മുഖം നന്നായെങ്കിലേ പടവും നന്നാകൂ?) അവസാനം ഒരു പിടി ഫോട്ടോകൾ ഒരു പിക്കാസാ വെബ് ആൽബത്തിലാക്കി അയച്ചുകൊടുത്തു. അതിലൊന്നിനെ അടിസ്ഥാനമാക്കി സജ്ജീവ് ആദ്യം വരച്ച പടം താഴെ ഇടത്തുവശത്തു്. അതു് എന്നെപ്പോലെയില്ലല്ലോ എന്നു പറഞ്ഞപ്പോൾ മാറ്റി വരച്ചതു വലത്തുവശത്തു്. ഈ കാരിക്കേച്ചറും മേൽപ്പറഞ്ഞ സംഭവവും അദ്ദേഹം ഈ പോസ്റ്റിൽ ചേർക്കുകയും ചെയ്തു.
അങ്ങനെയിരിക്കുമ്പോഴാണു് കാർട്ടൂണിസ്റ്റ് ഓർക്കുട്ടിൽ എന്റെ സുഹൃത്തായതു്. ഒരു നവംബർ 22-നു കാർട്ടൂണിസ്റ്റ് ഉറക്കമെഴുനേറ്റു് ഓർക്കുട്ടിൽ നോക്കിയപ്പോൾ ദാ കിടക്കുന്നു ഇന്നു് ഉമേഷിന്റെ ജന്മദിനമാണെന്നു്. എടുത്തൂ ബ്രഷും കടലാസും. ഞാനും കുടുംബവും ജന്മദിനത്തിനു് അമ്പലത്തിൽ പോകുന്ന ഒരു പടം രണ്ടു മിനിറ്റു കൊണ്ടു വരച്ചു് എനിക്കയച്ചു തന്നു. അതിലെ എനിക്കു് ഞാനുമായി ഒരു സാമ്യവും ഇല്ലെങ്കിലും, വിഘ്നേശിനെ വിട്ടുകളഞ്ഞെങ്കിലും, ആ പടവും ഞങ്ങൾ ഒരു അമൂല്യനിധിയായി സൂക്ഷിക്കുന്നു.
2008 ജൂലൈയിൽ എറണാകുളത്തു വെച്ചു് കാർട്ടൂണിസ്റ്റിനെ കണ്ടുമുട്ടി. ഒരു പടം വരച്ചു തരുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിക്കാൻ മടിയായി. ഇനി അദ്ദേഹത്തിന്റെ ഓർക്കുട്ട് സുഹൃത്‌ശേഖരത്തിൽ (സന്ധി ചേർത്താൽ സുഹൃച്ഛേഖരം എന്നു വേണം, വിദ്യുച്ഛക്തി പോലെ. ചേർക്കണ്ടാ, അല്ലേ?) എന്നെങ്കിലും വരും എന്ന പ്രതീക്ഷയിലാണു ഞാൻ.
ഇതു് ഗുരുകുലത്തിലെ ഇരുനൂറ്റമ്പതാം പോസ്റ്റ്. ഇരുനൂറ്റമ്പതേ ആയുള്ളോ എന്നാണു് അദ്ഭുതം. നൂറൊക്കെ വളരെ പെട്ടെന്നു കഴിഞ്ഞിരുന്നു…
ഇരുനൂറ്റമ്പതു തികഞ്ഞതിനോടനുബന്ധിച്ചു് ചില ആഘോഷങ്ങളും പരിഷ്കാരങ്ങളും:
സൈഡ്ബാർ ഒന്നു വൃത്തിയാക്കി.
സൈഡ്ബാറിൽ ഉണ്ടായിരുന്ന “25 recent posts” അഞ്ചാക്കി കുറച്ചു. പകരം ഇതു വരെയുള്ള എല്ലാ പോസ്റ്റുകളുടെയും തീയതി അനുസരിച്ചുള്ള ലിസ്റ്റ് ഈ പേജിൽ. മാസം തിരിച്ചുള്ള ആർക്കൈവ് ഇല്ലാത്ത കുറവു് ഇതു നികത്തും. ഈ പോസ്റ്റുകൾ തന്നെ കാറ്റഗറി തിരിച്ചു് ഇവിടെ പണ്ടു തന്നെ ഉണ്ടു്.
സൈഡ്ബാറിൽ ഉണ്ടായിരുന്ന കാറ്റഗറികളുടെ ലിസ്റ്റ് എടുത്തു കളഞ്ഞു. പകരം ഈ പേജിൽ എല്ലാ കാറ്റഗറികളും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഓരോ കാറ്റഗറിയിലെയും ഏറ്റവും പുതിയ പോസ്റ്റും അവിടെ ഉണ്ടു്.
സൈഡ്ബാറിൽ നേരത്തെ പേജുകളുടെ ഒരു ലിസ്റ്റുണ്ടായിരുന്നു. അതെടുത്തു കളഞ്ഞു. പകരം പേജുകളുടെ ഒരു ലിസ്റ്റ് ഈ പേജിൽ ഉണ്ടു്.
ഓരോ മാസവും പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ ഒരു സ്റ്റാറ്റിസ്റ്റിക്സ് ഇവിടെ. യൂസ്‌ലെസ്സ് ഇൻഫോർമേഷൻ. ഗൂഗിൾ ചാർട്ട് എ.പി.ഐ. ഒന്നു ശ്രമിച്ചു നോക്കിയതിന്റെ ഫലം.
മുകളിൽ കൊടുത്ത പേജുകളുടെ ലിങ്കുകൾ സൈഡ്ബാറിൽ കൊടുത്തിട്ടുണ്ടു്. കൂടാതെ അഗ്രിഗേറ്ററുകളിലേയ്ക്കും എന്റെ മറ്റു സംരംഭങ്ങളിലേയ്ക്കും (അക്ഷരശ്ലോകം, ബുദ്ധിപരീക്ഷ) ആദ്യാക്ഷരിയിലേക്കും ഉള്ള ലിങ്കുകളും.
ബ്ലോഗിനെ പിന്തുടരാനുള്ള (Following) സംവിധാനം ബ്ലോഗറിലെ ബ്ലോഗുകൾക്കു മാത്രമല്ല എന്നു് ഈയിടെ മനസ്സിലാക്കി. ഇപ്പോൾ ഈ ബ്ലോഗിനെയും പിന്തുടരാം. അതിനുള്ള സംവിധാനം ബ്ലോഗ് പേജിന്റെ അവസാനത്തിൽ.
പുതിയ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ വിവരം ഈമെയിലിൽ കിട്ടാനുള്ള ഒരു സംവിധാനം ചേർത്തു. ഇവിടെ സംഭവം ഇട്ടിട്ടുണ്ടു്. സൈഡ്‌ബാറിൽ ലിങ്കും.
മേൽപ്പറഞ്ഞ സംഭവങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ അറിയിക്കുക. എന്തെങ്കിലും ശരിക്കു നടക്കുന്നില്ലെങ്കിൽ അതും.
ചുമ്മാ ഇരിക്കുമ്പോള്‍ പണ്ടു സ്കൂളില്‍ പഠിച്ച കാര്യങ്ങളൊക്കെ ഓര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ദുശ്ശീലം എനിക്കുണ്ടു്. (ദൈവകൃപയാല്‍ സ്കൂളിനു ശേഷമുള്ളതൊന്നും ഓര്‍മ്മയില്ല.) പദ്യങ്ങളാണു പ്രധാനമായി. ഒന്നാം ക്ലാസ്സിലെ “കുഞ്ഞിത്തത്തേ പോകല്ലേ…”, രണ്ടിലെ “തൂമ തൂകുന്ന തൂമരങ്ങള്‍…”, മൂന്നിലെ “കാനനത്തിന്‍ ശരല്‍ക്കാല…”, നാലിലെ “സത്വരം ലോകമനോഹരമായുള്ള…”, അഞ്ചിലെ “ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവേ…”, ആറിലെ “എന്‍കുഞ്ഞുറങ്ങിക്കൊള്‍കെന്‍…”, ഏഴിലെ “കന്യാകുമാരിക്ഷിതിയാദ്യമായ്…”, എട്ടിലെ “തോളത്തു ഘനം തൂങ്ങും…”, ഒമ്പതിലെ “ക്ഷോണീന്ദ്രപത്നിയുടെ…” എന്നീ കവിതകള്‍ ഓര്‍ത്തെടുത്തതു് ഇങ്ങനെയാണു്. (പത്താം ക്ലാസ്സില്‍ അല്പം വിശദമായി പഠിച്ചതു കൊണ്ടു് “കണ്ണനെത്തേടി” മുതല്‍ “ശകുന്തളാപരിത്യാഗം” വരെയുള്ള മിക്കവാറും കവിതകളൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ടു്.)
രാഷ്ട്രഭാഷ അത്ര ഓര്‍മ്മയില്ല. അഞ്ചാം ക്ലാസ്സു മുതലാണു ഹിന്ദി പഠിച്ചുതുടങ്ങിയതു്. ഏതൊക്കെ ക്ലാസ്സിലാണെന്നു് ഓര്‍മ്മയില്ല- “ഊണ്ഠോം നേ ജബ് വ്യാഹ്…”, “മോട്ടേ മോട്ടേ അഞ്ചര്‍ പഞ്ചര്‍…”, “ദയാകര്‍ ദാനഭക്തീ കാ…”, “വന്‍ മേം മോര്‍ ഖുശീ സേ നാച്ചാ…”, “നയീ ദിശാ നയീ ഉഷാ…”, “ചാഹ് നഹീം മേം സുരബാലാ കേ…”, “സുഖീ സീ അധഖിലീ കലീ ഹൈ…” തുടങ്ങി ചില സംഭവങ്ങള്‍ അങ്ങുമിങ്ങും ഓര്‍മ്മകിട്ടുന്നുണ്ടു്.
കവിതാസ്വാദനത്തിനും മറ്റും ഹിന്ദി വാദ്ധ്യാന്മാര്‍ വലിയ പ്രാധാന്യമൊന്നും കല്പിച്ചിരുന്നില്ല. വ്യാകരണമായിരുന്നു അവരുടെ പ്രധാന വിഷയം. ഹിന്ദി വ്യാകരണങ്ങളുടെ പല നൂലാമാലകളും അതുകൊണ്ടു് ഇപ്പോഴും ഓര്‍മ്മയുണ്ടു്. बोल, भूल, ला എന്നിവ സകര്‍മ്മകങ്ങളാണെങ്കിലും അകര്‍മ്മകങ്ങളെപ്പോലെ ने ചേര്‍ക്കാതെ ഉപയോഗിക്കണമെന്നും (मैं ने कहा, मैं बोला), ने വന്നാല്‍ ക്രിയ കര്‍ത്താവനുസരിച്ചല്ല കര്‍മ്മമനുസരിച്ചാണു മാറുക എന്നും (मैं ने किताब पठा, मैं ने पुस्तक पठी) മറ്റും അങ്ങനെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടു്.
അങ്ങനെ പഴയ ഹിന്ദി പാഠങ്ങള്‍ ഓര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോഴാണു് ആറുതരം ഭൂതകാലങ്ങളുണ്ടെന്നു് ഓര്‍ത്തതു്.
എന്നെ ഹിന്ദി പഠിപ്പിച്ചിരുന്ന ടീച്ചര്‍ എന്നും ക്ലാസ്സില്‍ വരുമ്പോള്‍ ആദ്യം ആറുതരം ഭൂതങ്ങളെപ്പറ്റി പറയും. കുട്ടികളെക്കൊണ്ടു പറയിക്കും. ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കും. ദിവസവും ഇതു കേട്ടുകേട്ടു് കുട്ടികള്‍ അവരെ “ഭൂതം” എന്നും പിന്നീടു് “പൂര്‍ണ്ണഭൂതം” എന്നും വിളിക്കാന്‍ തുടങ്ങിയതില്‍ അദ്ഭുതമൊന്നും തോന്നുന്നില്ല.
ഭൂതങ്ങള്‍ ആറെണ്ണമുണ്ടെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. പക്ഷേ, അഞ്ചെണ്ണം മാത്രമേ ഓര്‍മ്മ കിട്ടിയുള്ളൂ – സാമാന്യഭൂതം, സന്ദിഗ്ദ്ധഭൂതം, ആസന്നഭൂതം, പൂര്‍ണ്ണഭൂതം, ഹേതുഹേതുമദ്‌ഭൂതം. ഇവയിലോരോന്നും എന്താണെന്നു് എനിക്കു വലിയ പിടിയൊന്നുമില്ല. അതിനെനിക്കു പ്രശ്നവുമില്ല. എങ്കിലും ആറാമത്തേതു കിട്ടാത്തതില്‍ അതിയായ വ്യസനം കുറേക്കാലത്തേയ്ക്കു് ഉണ്ടായിരുന്നു.
മറ്റാര്‍ക്കെങ്കിലും ഈ അസുഖം ഉണ്ടോ എന്നറിയില്ല. ചിലപ്പോള്‍ തികച്ചും അപ്രധാനമായ ഒരു കാര്യം ആലോചിച്ചിട്ടു കിട്ടാത്തതു് ദിവസങ്ങളോളം മനസ്സമാധാനം കെടുത്തുന്നതു് എന്റെ ഒരു പ്രശ്നമാണു്. ഓര്‍മ്മവന്ന ഒരു സിനിമാപ്പാട്ടു് ഏതു സിനിമയിലേതാണെന്നുള്ള ആലോചനയാണു് ഇതില്‍ മുഖ്യം. ചിലപ്പോള്‍ സിനിമയുടെ കഥ ഓര്‍മ്മ വരും, പേരു കിട്ടില്ല. ചിലപ്പോള്‍ ചില ആളുകളുടെ മുഖം ഓര്‍മ്മവരും, പേരു കിട്ടില്ല. പാട്ടിലെ ഇടയ്ക്കുള്ള വരി ഓര്‍മ്മവരും, തുടക്കം മറന്നു പോകും. അല്ലെങ്കില്‍ ഏതെങ്കിലും സിനിമയിലെ കഥാപാത്രത്തിന്റെ പേരു് മറന്നുപോകും. ഈ കിട്ടാത്ത സാധനം എത്ര അക്ഷരമാണെന്നു വരെ ഓര്‍മ്മയുണ്ടായിരിക്കും. അതു മാത്രം കിട്ടില്ല.
ഇങ്ങനെ ഒന്നു തലയില്‍ കയറിയാല്‍ പിന്നെ യാതൊരു സമാധാനവുമില്ല. രാത്രിയില്‍ ഉറക്കം ഞെട്ടി അതാലോചിക്കും. പകല്‍ പത്തിരുപതു മിനിട്ടില്‍ ഒരിക്കലെങ്കിലും ഇതാലോചിക്കും. ബാക്കിയുള്ളവ മാറ്റിവെച്ചിട്ടു് ഇതാലോചിക്കും. ഇതു കിട്ടിയിട്ടു് യാതൊരു പ്രയോജനവുമുണ്ടാവില്ല. എങ്കിലും ഇതു കിട്ടാതെ യാതൊരു സമാധാനവുമുണ്ടാവില്ല.
ഭാഗ്യവശാല്‍ നാലഞ്ചു ദിവസം കഴിയുമ്പോള്‍ അതു വിടും. എങ്കിലും ചില സംഗതികള്‍ കുറേക്കാലത്തിനു ശേഷം വീണ്ടും ചികയാന്‍ തുടങ്ങും.
ഇങ്ങനെ വീണ്ടും വീണ്ടും എന്നെ ബുദ്ധിമുട്ടിച്ച പ്രശ്നമാണു് ആറാമത്തെ ഭൂതം. പലരോടും ചോദിച്ചു. ഹിന്ദിക്കാര്‍ ഉള്‍പ്പെടെ. ഒരു രക്ഷയുമില്ല. ഇതൊന്നു കിട്ടിയിട്ടു വേണം അടുത്ത എന്തെങ്കിലും കാര്യത്തെപ്പറ്റി തല പുണ്ണാക്കാന്‍!
അങ്ങനെയിരിക്കുമ്പോള്‍ കുട്ട്യേടത്തി പാട്ടുപാടുന്ന ഒരു പോസ്റ്റില്‍ (ചമ്മല്‍ കേ സംബന്ധം) അതുല്യ എന്തോ ഹിന്ദി പറഞ്ഞു. ഇതു തന്നെ തക്കം. ഞാന്‍ ആ ചോദ്യം അവിടെ ചോദിച്ചു.
ഈ ബ്ലോഗ് എന്നു പറയുന്നതു് അനന്തവിജ്ഞാനത്തിന്റെ അക്ഷയഖനിയാണു്. ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ അപരിമേയമാണു്. ഒരു ചോദ്യം ചോദിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഉത്തരം കിട്ടും. എന്നൊക്കെ കേട്ടാണു് ഞാന്‍ ഈ കടുംകൈ ചെയ്തതു്. അതിന്റെ മറുപടിയായി കുട്ട്യേടത്തി താന്‍ ഹിന്ദി പാസ്സായതിന്റെ കദനകഥ കണ്ണുനീരോടെ പറഞ്ഞുകേള്‍പ്പിക്കുകയും ആ ചോദ്യം നാട്ടുകാരോടു് അല്പം കൂടി ഉറക്കെ ചോദിക്കുകയും ചെയ്തു. തീര്‍ന്നു. പിന്നെ ആരും അതിനെപ്പറ്റി കേട്ടിട്ടില്ല. ആളുകള്‍ ഹിന്ദിയില്‍ അബദ്ധം പറഞ്ഞ കഥകള്‍ പറയുകയും കുറുമാന്‍, വക്കാരി, കണ്ണൂസ് തുടങ്ങിയ ഭൂതങ്ങള്‍ എത്തി അതിനെ ഒരു വഴിക്കാക്കുകയും ചെയ്തു. എന്റെ ചോദ്യത്തിനു് ഉത്തരം കിട്ടിയുമില്ല.
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഒരു സുഹൃത്തിന്റെ മകളെ പരിചയപ്പെട്ടു. സീബീഎസ്സൈയിലോ മറ്റോ പഠിക്കുന്നു. വേറെയൊന്നും വായിക്കാനില്ലായിരുന്നതിനാല്‍ അവളുടെ ടെക്സ്റ്റ്‌ബുക്കുകള്‍ എടുത്തു വായിച്ചു. അപ്പോള്‍ ദാ കിടക്കുന്നു ഒരു ഹിന്ദി വ്യാകരണപുസ്തകം. അതില്‍ കാലങ്ങളെപ്പറ്റി (tenses) പറയുന്ന അദ്ധ്യായം വായിച്ചു. ഭൂതങ്ങളെ കിട്ടി. യുറേക്കാ!
ആറാമത്തെ ഭൂതത്തിന്റെ പേരു് അപൂര്‍ണ്ണഭൂതം! (അടിയെടാ സിംബല്‍!)
ആദ്യം തോന്നിയതു് ചമ്മലാണു്. പൂര്‍ണ്ണഭൂതം എന്നൊരു സാധനം ഉള്ള സ്ഥിതിക്കു് അപൂര്‍ണ്ണഭൂതവും ഉണ്ടായിരിക്കും എന്നതു് എലിമെന്ററി മിസ്റ്റര്‍ വാട്ട്സണ്‍ ആയിരുന്നു. ഇതോര്‍ത്താണല്ലോ ഇത്രയും കൊല്ലം ഞാന്‍ തല പുണ്ണാക്കിയതു്!
ഏതായാലും എനിക്കിനി സമാധാനമായി ഉറങ്ങാം.
ഈ ആറു ഭൂതകാലങ്ങള്‍ ഉദാഹരണസഹിതം ഇവിടെ വിശദീകരിക്കുന്നില്ല. ബോറടിക്കും. നിങ്ങള്‍ക്കും എനിക്കും.
ഈ പോസ്റ്റ് കവിയും കഥാകൃത്തുമായ രാജേഷ് വര്‍മ്മയ്ക്കു സമര്‍പ്പിക്കുന്നു. എന്തുകൊണ്ടെന്നറിയാന്‍ ഈ പോസ്റ്റിന്റെ അവസാനം വരെ വായിക്കുക. (ഇതു് അവസാനം വരെ വായിപ്പിക്കാന്‍ വേറേ വഴിയില്ല!)
ഇതു വായിക്കുന്നതിനു മുമ്പോ ശേഷമോ വായിക്കുന്നതിനിടയിലോ രാജേഷിന്റെ സ്വാതന്ത്ര്യദിനസ്മരണകള്‍ എന്ന പോസ്റ്റ് വായിക്കുന്നതു നന്നായിരിക്കും.
ഒരു സിനിമയില്‍ (ഏതോ ഏസ് വെഞ്ചുറ) ജിം കാരി ഒരുത്തനെ പീഡിപ്പിക്കുന്ന രംഗമുണ്ടു്. അയാളെ ഒരു കസേരയില്‍ കെട്ടിയിട്ടിട്ടു് ജിം കൂര്‍ത്ത ഒരു സ്റ്റീല്‍ കത്തിയും അതുപോലെയുള്ള വേറേ ഒരു ആയുധവും കൊണ്ടുവരുന്നു. അവ രണ്ടും കാട്ടി അയാളെ ഭയപ്പെടുത്തുന്നു. അയാള്‍ക്കു ഭയം തീരെയില്ല. അപ്പോഴാണു് ജിം അറ്റകൈ എടുക്കുന്നതു്. ആയുധങ്ങള്‍ രണ്ടും കൂടി കൂട്ടിയുരച്ചും ഒരു സ്റ്റീല്‍ പാത്രത്തില്‍ മുട്ടിച്ചും ശബ്ദമുണ്ടാക്കുന്നു. അതു സഹിക്കാന്‍ വയ്യാതെ അയാള്‍ സത്യം സമ്മതിക്കുന്നു.
ഇതു് അതിശയോക്തിയാണെന്നു പലര്‍ക്കും തോന്നുന്നുണ്ടാവും. പക്ഷേ, ലോഹമോ അതു പോലെയുള്ള എന്തെങ്കിലുമോ ഒരു പ്രതലത്തില്‍ ഉരയുന്ന ശബ്ദം തീരെ സഹിക്കാന്‍ പറ്റാത്ത പലരുമുണ്ടു്. ഞാന്‍ അത്തരത്തിലൊരാളാണു്. വെടി പൊട്ടുന്നതു പോലെയുള്ള വലിയ ശബ്ദങ്ങള്‍ ഞാന്‍ സഹിക്കും. പക്ഷേ, ഒരു സ്പൂണ്‍ ഒരു പാത്രത്തിലിട്ടുരയ്ക്കുന്ന ശബ്ദം എനിക്കു സഹിക്കാന്‍ കഴിയില്ല. എല്ലിനുള്ളിലൂടെ ഒരു ആളല്‍ ആണു്.
ഇതു് ഏതോ പോഷകാംശത്തിന്റെ കുറവാണു് എന്നു് ആരോ പറഞ്ഞിരുന്നു. നേരാണോ എന്തോ? ഡോ. സൂരജ് ഈ ബ്ലോഗ് വായിക്കുന്നുണ്ടോ ഇതിനു് ഉത്തരം തരാന്‍?
ഇതുപോലെ ഒരെണ്ണം പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഒരു കഥയിലുണ്ടു്. ഒരു തീവ്രവാദിയെ ചോദ്യം ചെയ്യുകയാണു പോലീസുകാര്‍. അവന്റെ നേതാവു് എവിടെയാണു് ഒളിച്ചിരിക്കുന്നതു് എന്നാണു് അറിയേണ്ടതു്. അടിച്ചു, ഇടിച്ചു, കുത്തി, ഉരുട്ടി, മൊട്ടുസൂചിയും ഈര്‍ക്കിലും പ്രയോഗിച്ചു, ഗരുഡന്‍ തൂക്കവും കസേരയില്ലാത്ത ഇരുത്തലും നടത്തി, മൂലക്കുരുവില്‍ മുളകുപൊടി വിതറി, കാല്‍വെള്ള അടിച്ചു പൊളിച്ചു-പക്ഷേ, പുള്ളി സത്യം പറഞ്ഞില്ല.
അപ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ അറ്റ കൈ പ്രയോഗിച്ചു. താന്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലിലെ ഒരു അദ്ധ്യായം വായിച്ചു കേള്‍പ്പിച്ചു. പീഡനം സഹിക്കവയ്യാതെ പുള്ളി സത്യം പറഞ്ഞു.
അതിശയോക്തി കലര്‍ന്നതാണെങ്കിലും ഈ ജനുസ്സില്‍ പെടുന്ന പീഡനങ്ങള്‍ പലപ്പോഴും വെള്ളെഴുത്തുംരാം മോഹനും മറ്റും പറയുന്ന പീഡനമുറകളെക്കാള്‍ ദുസ്സഹമോ ചിലപ്പോള്‍ അസഹ്യമോ ആണെന്നതാണു സത്യം.
2005-ല് അമേരിക്കയുടെ വടക്കുപടിഞ്ഞാറേ കോണിലുള്ള പോര്‍ട്ട്‌ലാന്‍ഡ് എന്ന കൊച്ചുപട്ടണത്തിലെ സാധുക്കളായ മലയാളികള്‍ക്കു് ഇതുപോലെ ഒരു പീഡനം സഹിക്കേണ്ടി വന്നു.
പോര്‍ട്ട്‌ലാന്‍ഡില്‍ വളരെക്കുറച്ചു മലയാളികളേ ഉള്ളൂ. ഉള്ളവര്‍ വളരെ യോജിപ്പിലും രമ്യതയിലുമാണു കഴിയുന്നതു്. ഒരു മലയാളി സംഘടനയേ ഉള്ളൂ-സ്വരം. (SWORAM: Southwest Washington and Oregon Association of Malayalees) കൊല്ലത്തിലൊരിക്കല്‍ രണ്ടുമൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു കലാസായാഹ്നം അതിന്റെ ആഭിമുഖ്യത്തില്‍ നടത്താറുണ്ടു്.
പ്രധാനമായും കുട്ടികളുടെ കലാപരിപാടികളാണു് അവിടെ അരങ്ങേറുന്നതു്. ഒന്നു-രണ്ടു വയസ്സുള്ള കുട്ടികളുടെ ഫാന്‍സിഡ്രെസ്, രണ്ടു-മൂന്നു വയസ്സുള്ളവരുടെ പാട്ടു്, മൂന്നു-നാലു വയസ്സുള്ളവരുടെ കുഞ്ഞുഡാന്‍സ്, അതിനു മുകളിലുള്ളവരുടെ വലിയ ഡാന്‍സ്, സ്കിറ്റ്, പ്രസംഗം, മാജിക് ഷോ തുടങ്ങിയ വിവിധപരിപാടികള്‍. പെര്‍ഫോമന്‍സ് എങ്ങനെയായാലും ഒരു കുട്ടിയെയും അവിടെ പങ്കെടുപ്പിക്കാതിരിക്കില്ല.
ബാക്കിയുള്ള സമയത്താണു് മുതിര്‍ന്നവരുടെ പരിപാടികള്‍. പാട്ടു്, പലതരം ഡാന്‍സുകള്‍, ഗ്രൂപ്പ് സോംഗ് എന്നിവയാണു് പ്രധാന ഇനങ്ങള്‍. മിക്കവാറും സ്ത്രീകള്‍ അവതരിപ്പിക്കുന്നവ. ധാരാളം നല്ല കലാകാരികള്‍ പോര്‍ട്ട്‌ലാന്‍ഡിലുണ്ടു്. ചെറുപ്പം മുതലേ നൃത്തവും സംഗീതവും അഭ്യസിച്ചവര്‍, അഭ്യസിപ്പിക്കുന്നവര്‍, കലാബോധമുള്ളവര്‍, കലാതിലകവും മറ്റും ആയിട്ടുള്ളവര്‍, കലയോടു് ഒടുങ്ങാത്ത താത്പര്യമുള്ളവര്‍ അങ്ങനെ ഒരുപാടു പേര്‍.
ഇതിനു നേരേ വിപരീതമാണു് പുരുഷന്മാര്‍. അമ്പത്താറുകളി, വെള്ളമടി, സ്റ്റോക്ക് മാര്‍ക്കറ്റ്, ഇലക്ട്രോണിക് സാധനങ്ങളുടെ ക്രയവിക്രയം തുടങ്ങിയ കലാപരിപാടികളില്‍ നിഷ്ണാതരാണെങ്കിലും പാട്ടു്, കൂത്തു്, സ്കിറ്റ് തുടങ്ങിയ സംഭവങ്ങളുടെ ഏഴയലത്തുകൂടിപ്പോലും ഈ പുരുഷകേസരികള്‍ പോകാറില്ല.
ആകെ പുരുഷന്മാര്‍ കൂടുന്ന പരിപാടി ഗ്രൂപ്പ് സോംഗ് ആണു്. പക്ഷേ, പെണ്ണുങ്ങളുടെ പിച്ച് വളരെ വലുതായതിനാല്‍ ആണുങ്ങള്‍ ചുണ്ടനക്കുന്നതല്ലാതെ ശബ്ദം പുറപ്പെടുവിക്കുന്നതു പലപ്പോഴും കേള്‍ക്കാറില്ല. ഇവരൊന്നും ഒറ്റയ്ക്കൊരു പാട്ടുപാടി ആരും കേട്ടിട്ടുമില്ല.
പോര്‍ട്ട്‌ലാന്‍ഡിലെ തരുണീമണികള്‍ വ്യസനാക്രാന്തരായി. എന്തെങ്കിലും ഒരു സ്കിറ്റോ മിമിക്രിയോ ഒപ്പനയോ വല്ലതും അവതരിപ്പിക്കണമെന്നു് അവര്‍ കേണപേക്ഷിക്കാന്‍ തുടങ്ങിയിട്ടു കൊല്ലം കുറേയായി. നോ രക്ഷ!
അങ്ങനെയിരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍, പോര്‍ട്ട്‌ലാന്‍ഡിലെ പ്രധാന കലാകാരിയും ഓര്‍ഗനൈസറുമായ മിനി, എന്തോ പരദൂഷണം പറഞ്ഞുകൊണ്ടിരുന്ന രാജേഷ് വര്‍മ്മയുടെയും എന്റെയും അടുത്തെത്തി.
“രാജേഷ് ഒരു കലാകാരനാണെന്നു കേട്ടിട്ടുണ്ടല്ലോ. എന്തെങ്കിലും ഒരു പ്രോഗ്രാം…”
ബെസ്റ്റ്! രാജേഷിനെ ആരെങ്കിലും കലാകാരന്‍ എന്നു വിളിച്ചിട്ടുണ്ടെങ്കില്‍ അതു കലത്തിന്റെ ആകാരമുള്ളവന്‍ എന്ന അര്‍ത്ഥത്തിലാണു്. വേറേ എന്തൊക്കെ വിളിച്ചാലും രാജേഷിനെ കലാകാരന്‍ എന്നു് അദ്ദേഹത്തിന്റെ ഭാര്യയായ ബിന്ദു പോലും കരുതുന്നില്ല. പണ്ടു് കൊല്ലം ടി. കെ. എം. എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ട്ട്സ് ക്ലബ് സെക്രട്ടറിയായതു നമ്മുടെ സുധാകരന്‍ ദേവസ്വം ബോര്‍ഡ് മന്ത്രിയായതുപോലെ മാത്രമേ ഉള്ളൂ.
“അയ്യോ, ഞാന്‍ എന്തു ചെയ്യാന്‍? സ്റ്റേജില്‍ കയറിയാല്‍ എനിക്കു തല കറങ്ങും…” എന്നു രാജേഷ്.
“ഒറ്റയ്ക്കു വേണ്ടാ. നിങ്ങള്‍ രണ്ടു പേരും കൂടി മതി. നിങ്ങളെന്തോ മലയാളം എഴുത്തുകാരോ മറ്റോ ആണെന്നു് ആരോ പറഞ്ഞു കേട്ടു…”
ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും അന്നേ ബ്ലോഗുണ്ടു്. എന്നാലും അതൊന്നും നാട്ടുകാര്‍ അറിഞ്ഞിട്ടില്ല. ഇതു വേറേ ഏതോ കേട്ടുകേള്‍വിയാണു്.
“ഞങ്ങള്‍ക്കു രണ്ടു പേരും കൂടിയോ? വേണമെങ്കില്‍ അക്ഷരശ്ലോകം ചൊല്ലാം,” ഞാന്‍ പറഞ്ഞു.
“വേണമെങ്കില്‍ ഞങ്ങള്‍ വെള്ളമടിച്ചു പൂസായി മുണ്ടു പറിച്ചു തലയില്‍ കെട്ടി സ്റ്റേജിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാം” എന്നു പറയുന്നതില്‍ കൂടുതല്‍ വിലയൊന്നും ഈ പ്രസ്താവനയ്ക്കു കൊടുക്കില്ല എന്നാണു ഞാന്‍ കരുതിയതു്. പക്ഷേ, പിന്നീടു് പരിപാടിയുടെ ലിസ്റ്റ് ഈ-മെയിലായി വന്നപ്പോള്‍ ഞാന്‍ ഞെട്ടി. ദാ കിടക്കുന്നു-“അക്ഷരശ്ലോകം: രാജേഷ് വര്‍മ്മ & ഉമേഷ് നായര്‍”!
രാജേഷിനെ വിളിച്ചു.
“ഡോ, ആ മിനിയെ വിളിച്ചു പറ, അക്ഷരശ്ലോകം എടുത്തു മാറ്റാന്‍…”
അക്ഷരശ്ലോകം രാജേഷിന്റെ എന്നത്തേയും ജീവിതാഭിലാഷമായിരുന്നു. പക്ഷേ ജനിച്ചതു് സുവിശേഷപ്രസംഗങ്ങളുടെയും റബ്ബര്‍ കൃഷിയുടെയും നാടായ തിരുവല്ലയില്‍ ആയിപ്പോയി. അക്ഷരശ്ലോകം പോയിട്ടു് അക്ഷരമറിയാവുന്നവരെ കണ്ടുകിട്ടാന്‍ വിഷമമുള്ള സ്ഥലം. “അപ്പയ്യാഖ്യന്‍ പടി കുവലയാനന്ദമുണ്ടാക്കിടുന്നോര്‍” എന്നൊക്കെ മഹാകവി ഉള്ളൂര്‍ പറഞ്ഞിട്ടുണ്ടെങ്കിലും, തിരുവല്ലക്കാരുടെ സാഹിത്യകൌതുകം മെഴുവേലി ബാബുവിനു് അപ്പുറത്തേയ്ക്കു പോയിരുന്നില്ല.
രാജേഷ് വിവാഹം കഴിച്ച ബിന്ദു പൂര്‍വ്വാശ്രമത്തില്‍ ഒരു അക്ഷരശ്ലോകബാലതാരമായിരുന്നു. പക്ഷേ ശ്ലോകം ചൊല്ലാനുള്ള രാജേഷിന്റെ അപേക്ഷയൊക്കെ ആ സാദ്ധ്വി നിഷ്കരുണം തള്ളിക്കളയുകയാണുണ്ടായതു്.
വളരെയധികം വിരളമായി മാത്രം കണ്ടുവരുന്ന ഒരു വിശിഷ്ടദാമ്പത്യമാണു് രാജേഷിന്റെയും ബിന്ദുവിന്റെയും. “അച്ചിയ്ക്കു് ഇഞ്ചി പക്ഷം, നായര്‍ക്കു് കൊഞ്ചു പക്ഷം” എന്നാണല്ലോ ചൊല്ലു്. (“ഇഞ്ചിപക്ഷം” എന്നു വെച്ചാല്‍ ഇഞ്ചി എന്ന ഭക്ഷണസാധനം ഇഷ്ടമാണു് എന്നാണു് അര്‍ത്ഥം, ഇഞ്ചിപ്പെണ്ണിന്റെ പക്ഷം ചേര്‍ന്നു് ബ്ലോഗ് കറുപ്പിക്കും എന്നല്ല.) എന്നാല്‍ ഇവരുടെ കാര്യത്തില്‍ “വര്‍മ്മയ്ക്കു് എരിശ്ശേരി പക്ഷം, വര്‍മ്മണിയ്ക്കും എരിശ്ശേരി പക്ഷം” എന്നാണു്. സമാനമായ ഇഷ്ടങ്ങളും അഭിരുചികളും സ്വഭാവങ്ങളും ഉള്ള ദമ്പതികളെ ഇതുപോലെ ഞാന്‍ എങ്ങും കണ്ടിട്ടില്ല. ഒരാള്‍ക്കു് താത്പര്യമുള്ളതും മറ്റേയാള്‍ക്കു് താത്പര്യമില്ലാത്തതുമായ ഒരു സാധനം പോലും സൂര്യനു താഴെയില്ല.
ഇങ്ങനെ പറഞ്ഞതുകൊണ്ടു് രണ്ടുപേരും എല്ലാ കാര്യങ്ങളും കൂട്ടായി, സഹകരിച്ചു്, ഒന്നിച്ചാണു ചെയ്യുന്നതു് എന്നു് ആരും സംശയിച്ചു പോകരുതു്. രണ്ടുപേരും ഒന്നിച്ചു് ഒരു സിനിമ പോലും കാണുന്നതോ ചായ കുടിക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല.
സിനിമയെപ്പറ്റി പറഞ്ഞാല്‍ പറയാന്‍ ഒരുപാടു കഥകളുണ്ടു്.
പണ്ടു്, രാജേഷ് ബിന്ദുവിനെ പെണ്ണുകാണാന്‍ പോയ സമയം. പതിവുള്ള ചായകുടിക്കും ബിസ്കറ്റുതീറ്റിക്കും ശേഷം രണ്ടുപേര്‍ക്കും എന്തെങ്കിലും ചോദിച്ചുപറഞ്ഞിരിക്കാന്‍ ബന്ധുക്കള്‍ അണിയറയിലേയ്ക്കു നിഷ്കാസനം ചെയ്തതിനു ശേഷമുള്ള സുരഭിലമുഹൂര്‍ത്തം. “മൈ നെയിം ഈസ് വര്‍മ്മ, രാജേഷ് വര്‍മ്മ”, “ബിന്ദുവിന്റെ പേരെന്താ?” തുടങ്ങിയ സ്ഥിരം ഡയലോഗുകള്‍ക്കു ശേഷം രാജേഷ് ചോദിച്ചു:
“ഭവതിയ്ക്കു് സിനിമാ കാണാന്‍ ഇഷ്ടമാണോ?”
“പിന്നേ, ഒരുപാടു് ഇഷ്ടമാണു്”
“ഞാന്‍ ആഴ്ചയില്‍ ഒരു സിനിമയെങ്കിലും തീയേറ്ററില്‍ പോയി കാണും. മിക്കവാറും ആഴ്ചയില്‍ രണ്ടുമൂന്നെണ്ണം. പിന്നെ വീട്ടില്‍ കാസറ്റ് എടുത്തും കാണും. ഡെയിലി.”
ബിന്ദു ആനന്ദതുന്ദിലയായി. ഇതില്‍പ്പരം സന്തോഷമുണ്ടാകാനുണ്ടോ? “വിവാഹനാളണയുവാന്‍ നേര്‍ച്ച നേര്‍ന്നു്” കാത്തിരുന്ന അവള്‍ക്കു് ഓരോ നിമിഷവും ഓരോ യുഗം പോലെ അനുഭവപ്പെട്ടു. സാധാരണ പെണ്‍കുട്ടികള്‍ക്കു വിവാഹത്തിനു ശേഷമുള്ള സ്വപ്നങ്ങളൊന്നുമായിരുന്നില്ല ബിന്ദുവിനു്. ദിവസവും സിനിമയ്ക്കു പോകുന്നതിനെപ്പറ്റിയാണു് തത്രഭവതി സ്വപ്നം കണ്ടതു്.
കല്യാണം കഴിഞ്ഞു പോര്‍ട്ട്‌ലാന്‍ഡില്‍ എത്തിയതിന്റെ പിറ്റേദിവസം രാജേഷ് പറഞ്ഞു, “വരൂ പ്രിയേ, നമുക്കൊരു സിനിമ കാണാന്‍ പോകാം. വളരെ നല്ല ഒരു സിനിമ ഉണ്ടു്.”
ആ പാവം വനിത, ആ ഗൃഹലക്ഷ്മി, ആ മഹിളാരത്നം ഉടുത്തൊരുങ്ങി കാന്തനോടൊത്തു പുറപ്പെട്ടു. (ഈ പ്രയോഗത്തിനു് രാജേഷ് വര്‍മ്മയോടു തന്നെ കടപ്പാടു്.)
ബിന്ദുവിന്റെ മാതാപിതാക്കള്‍ കണ്ടുമുട്ടുന്നതിനു് ഒന്നര ദശാബ്ദം മുമ്പു് ജാപ്പനീസ് ഭാഷയില്‍ നിര്‍മ്മിച്ച ഒരു ബ്ലായ്ക്ക് ആന്‍ഡ് വൈറ്റ് സിനിമയായിരുന്നു അന്നു് – Tôkyô monogatari (Tokyo Story). ദാമ്പത്യജീവിതം തുടങ്ങുന്നവര്‍ക്കു പറ്റിയ പടം. ഒരു വല്യപ്പനും വല്യമ്മയും കൂടി മക്കളെയും കൊച്ചുമക്കളെയും കാണാന്‍ പോകുന്നു. അവരുടെ ജീവിതം കണ്ടിട്ടു തങ്ങള്‍ കല്യാണം കഴിച്ചതെന്തിനു് എന്നു് അവര്‍ സ്വയം ചോദിക്കുന്നു. ഭാഷ അറിയാത്തതുകൊണ്ടും ഇരുപതു മിനിട്ടിനു ശേഷം ഉറങ്ങിപ്പോയതുകൊണ്ടും സിനിമയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ടു് വിവാഹജീവിതമേ ഉപേക്ഷിക്കാന്‍ ബിന്ദു തയ്യാറായില്ല എന്നതു ഭാഗ്യം!
അടുത്ത ദിവസം സിനിമയ്ക്കു പോകാന്‍ അത്ര താത്പര്യമുണ്ടായിരുന്നില്ല. എങ്കിലും ആയിടെ ഇറങ്ങിയ ഒരു കളര്‍സിനിമയാണെന്നു പറഞ്ഞതുകൊണ്ടു പോയി. കളര്‍ തന്നെ. ഇറാനിയന്‍ പടം. Ta’m e guilass (The taste of cherry). ആദി മുതല്‍ അവസാനം വരെ ബിന്ദു അതു കണ്ണു മിഴിച്ചിരുന്നു കണ്ടെങ്കിലും ഒന്നും മനസ്സിലായില്ല. ഒരുത്തന്‍ ഒരു വണ്ടിയില്‍ പോകുന്നു. ഇടയ്ക്ക് നിര്‍ത്തി ചിലരോട് എന്തോ ചോദിക്കുന്നു. ഒടുക്കം, സിനിമാ നടനും സംവിധായകനും ക്യാമറാമാനും എല്ലാം കൂടി പായ്ക്കപ്പ് ചെയ്ത് പോകുന്നു. ഇതെന്തൊരു കുന്തം?
മടങ്ങി വരുന്ന സമയത്തു രാജേഷ് സിനിമയെപ്പറ്റി വാ തോരാതെ സംസാരിച്ചു. സിനിമയിലെ നായകന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണു്. അയാളെ കുഴി വെട്ടി മൂടാന്‍ തയ്യാറുള്ള ഒരു സഹായിയെ അന്വേഷിച്ചു നടപ്പാണു്. അവസാനം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു പരിചയമുള്ള ഒരു വല്യപ്പനെ കിട്ടി. രണ്ടു പേരും കൂടി ജീവിതത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റിയും ആത്മഹത്യയുടെ സാങ്കേതികവശങ്ങളെപ്പറ്റിയും പറ്റി സിനിമ മുഴുവന്‍ വിശകലനം ചെയ്യുന്നു. ക്ലാസ് പടം!
മൂന്നാം ദിവസം ബിന്ദുവിനെ സിനിമയ്ക്കു കൊണ്ടുപോകാന്‍ രാജേഷിനു ബലം പ്രയോഗിക്കേണ്ടി വന്നു. ബെര്‍ഗ്മാന്‍ എന്ന സംവിധായകന്റെ സിനിമയാണെന്നു കേട്ടപ്പോള്‍ പാതിമനസ്സോടെ പോയതാണു്. ഇങ്ങേര്‍ അസാദ്ധ്യസംവിധായകനാണെന്നു് അച്ഛന്‍ വീട്ടില്‍ വരുത്തുന്ന “കലാകൌമുദി”യിലോ മറ്റോ ബിന്ദു കണ്ടിട്ടുണ്ടു്. പിന്നെ ഭാഷ സ്വീഡിഷും ലാറ്റിനും ആണു്. മലയാളിക്കു തമിഴും സംസ്കൃതവും മനസ്സിലാകുന്നതുപോലെ ഇംഗ്ലീഷ് അറിയാവുന്നവനു് ആ ഭാഷകളും മനസ്സിലാവും എന്നാണു രാജേഷ് പറഞ്ഞതു്.
Sjunde inseglet, Det (The seventh seal). സംഭവം വീണ്ടും ബ്ലായ്ക്ക് ആന്‍ഡ് വൈറ്റ്. മധുവിധു കഴിയുന്നതിനു മുമ്പു് താന്‍ വര്‍ണ്ണാന്ധയായിപ്പോകുമോ എന്നു ബിന്ദുവിനു ഭയമായി. സിനിമ മുഴുവന്‍ ചെസ്സുകളിയാണു്. ഒരു പഴയ മാടമ്പിയും മരണവും തമ്മിലുള്ള ചെസ്സുകളി. തീയേറ്ററിന്റെ നാലഞ്ചു മൂലകളില്‍ കഷണ്ടിക്കാരന്റെ ചെവിക്കു കീഴിലെ മുടിപോലെ ഇരുന്ന ആളുകള്‍ ഓരോ ഡയലോഗിനും കൈയടിച്ചുകൊണ്ടിരുന്നു. മലയാളിക്കു് തമിഴും സംസ്കൃതവും തീരെ മനസ്സിലാകില്ല എന്നു് അന്നു ബിന്ദുവിനു മനസ്സിലായി.
അടുത്ത ദിവസം ബിന്ദു പറഞ്ഞു, “ഇനി മുതല്‍ സിനിമയ്ക്കു് ആര്യപുത്രന്‍ ഒറ്റയ്ക്കു പോയാല്‍ മതി. ഞാന്‍ ടീവിയിലെ സോപ്പ് ഓപ്പറാ സീരിയല്‍ കില്ലറുകള്‍ കണ്ടു ശിഷ്ടകാലം തള്ളിനീക്കിക്കൊള്ളാം.”
പിന്നീടു് അവര്‍ ഒന്നിച്ചു സിനിമാ കാണാറില്ല. ഇടയ്ക്കിടെ വീഡിയോ സ്റ്റോറില്‍ നിന്നു മലയാളം ഡീവീഡികള്‍ എടുക്കും. രാജേഷ് ഓഫീസില്‍ നിന്നു വരുന്നതിനു മുമ്പു് ബിന്ദു അവ കണ്ടുതീര്‍ക്കും. ബിന്ദു ഉറങ്ങിക്കഴിഞ്ഞതിനു ശേഷം രാജേഷ് രാത്രിയിലിരുന്നു് അവ കാണും. എന്തായാലും രണ്ടുപേര്‍ക്കും സിനിമാ കാണാന്‍ വളരെ ഇഷ്ടമാണു്.
പിന്നെ അവര്‍ ഒന്നിച്ചിരുന്നു് ഒരു സിനിമാ കണ്ടതു് ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ബന്ധുക്കളൊക്കെക്കൂടി പിടിച്ചു വലിച്ചു് “ഉദയനാണു താരം” കാണാന്‍ പോയപ്പോഴാണു്. അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു സിനിമാ കാണാന്‍ പോകാം എന്ന രാജേഷിന്റെ നിര്‍ദ്ദേശം ഒന്നിനെതിരേ പതിനേഴു വോട്ടുകള്‍ക്കു തള്ളിപ്പോയി.
സിനിമ പോലെ തന്നെയാണു് ബാക്കി എല്ലാ കാര്യങ്ങളും. എക്സര്‍സൈസ്, സൈക്കിള്‍ ചവിട്ടല്‍, പരദൂഷണം പറയല്‍, മരം കയറല്‍, ചായ കുടിക്കല്‍, വില പേശല്‍, കുട്ടിയോടൊത്തു കളിക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളും രണ്ടു പേര്‍ക്കും താത്പര്യമുള്ളവ തന്നെ. എങ്കിലും ഒരേ സമയത്തു ചെയ്യില്ല. ആരെങ്കിലും ഒരു തമാശ പറഞ്ഞാല്‍ പോലും രാജേഷ് ചിരി നിര്‍ത്തിക്കഴിഞ്ഞിട്ടേ ബിന്ദു ചിരി തുടങ്ങുകയുള്ളൂ.
അക്ഷരശ്ലോകത്തിന്റെ കാര്യവും അങ്ങനെ തന്നെ. ഞാന്‍ രാജേഷിന്റെ കൂടെയും ബിന്ദുവിന്റെ കൂടെയും ശ്ലോകം ചൊല്ലിയിട്ടുണ്ടു്. ഇതു വരെ, രണ്ടു പേരോടുമൊത്തു ചൊല്ലിയിട്ടില്ല.
പീഡനത്തിന്റെ കഥ പറഞ്ഞുവന്നു് സംഗതി വ്യക്തിപീഡനമായിപ്പോയി. (കേരള്‍സ്.കോമിനെ കൈകാര്യം ചെയ്തതിന്റെ ഹാങ്ങോവറായിരിക്കാം.) എന്റെയൊരു കാര്യം! കഥയിലേക്കു തിരിച്ചുവരുന്നു.
അങ്ങനെ, സ്വരത്തിന്റെ കലാസായാഹ്നത്തില്‍ ഞാനും രാജേഷ് വര്‍മ്മയും കൂടി അക്ഷരശ്ലോകം അവതരിപ്പിക്കാന്‍ തീരുമാനമായി. (ബിന്ദുവിനെയും വിളിച്ചു. വന്നില്ല. രാജേഷ് ഇല്ലെങ്കില്‍ കൂടാം എന്നു പറഞ്ഞു.) ഇനി മനുഷ്യര്‍ അക്രമാസക്തരാകാത്ത വിധത്തില്‍ ഇതു് എങ്ങനെ അവതരിപ്പിക്കും എന്നതായി ചിന്ത. സ്റ്റേജില്‍ കയറി അപ്പോള്‍ തോന്നുന്ന ശ്ലോകങ്ങള്‍ ചൊല്ലണ്ടാ എന്നു തീരുമാനിച്ചു. പകരം, ഏതൊക്കെ ശ്ലോകങ്ങളാണു ചൊല്ലേണ്ടതു് എന്നു നേരത്തേ ഒരു ധാരണയുമായി പോകാന്‍ ധാരണയായി. ഞങ്ങള്‍ രണ്ടുപേരും കൂടി കുറേ തല്ലുകൂടി അവസാനം 11 ശ്ലോകങ്ങള്‍ തിരഞ്ഞെടുത്തു. താഴെപ്പറയുന്ന പ്രത്യേകതകള്‍ ഉള്ളവയായിരുന്നു ഈ ശ്ലോകങ്ങള്‍.
മലയാളശ്ലോകങ്ങള്‍ മാത്രം. ശുദ്ധസംസ്കൃതം കേട്ടാല്‍ ആളുകള്‍ക്കു ബോധം പോയാലോ?
തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഞാന്‍ ആയിരിക്കും. ഞാന്‍ 6 ശ്ലോകം. രാജേഷ് 5 ശ്ലോകം.
പല വൃത്തങ്ങള്‍ ഉപയോഗിക്കും. ഞാന്‍ ചൊല്ലുന്ന വൃത്തത്തില്‍ത്തന്നെ രാജേഷ് തുടരും. പ്രാസം, ഭാവം തുടങ്ങി ഞാന്‍ ചൊല്ലുന്ന ശ്ലോകങ്ങള്‍ക്കുള്ള പ്രത്യേകതകളുള്ള ശ്ലോകങ്ങളായിരിക്കും രാജേഷ് തുടര്‍ന്നു ചൊല്ലുന്നതു്.
അക്ഷരം മുട്ടിക്കുന്ന ക്രൂരവിനോദമല്ല അക്ഷരശ്ലോകം, പിന്നെയോ, ഭാവത്തിനനുസൃതമായി താദാത്മ്യം പ്രാപിക്കുന്ന അമൂര്‍ത്തവും അനവദ്യവുമായ അസാദ്ധ്യകലയാണു് എന്നു ചൂണ്ടിക്കാട്ടുകയായിരുന്നു ലക്ഷ്യം. എന്തു ചെയ്യാന്‍, ചീറ്റിപ്പോയി!
മൂന്നാമത്തെ വരി എവിടെയാണു തുടങ്ങുന്നതെന്നു കേള്‍വിക്കാര്‍ക്കു മനസ്സിലാകാന്‍ മൂന്നാം വരി തുടങ്ങുന്നതിനു തൊട്ടു മുമ്പു് ശ്ലോകം ചൊല്ലാത്ത ആള്‍ ഒരു ആംഗ്യം കാണിക്കും.
ഇതും ചീറ്റിപ്പോയി. അവിടെ ചെന്നപ്പോള്‍ അതൊക്കെ മറന്നു പോയി. ഞാന്‍ ഇടയ്ക്കിടെ ഗോഷ്ടി കാണിക്കുന്നതു് ഇതാണെന്നു മനസ്സിലാക്കുക.
ഇതൊക്കെ പാലിച്ചു് ഞങ്ങള്‍ അവതരിപ്പിച്ച അക്ഷരശ്ലോകപരിപാടി താഴെക്കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണുകയും കേള്‍ക്കുകയും ചെയ്യാം.
മുന്നറിയിപ്പു്:
ഈ വീഡിയോ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതു് നിങ്ങളുടെ സ്വന്തം റിസ്കില്‍ ആണു്. അതു വല്ലതും ചെയ്തിട്ടു് ചെവിക്കല്ലു പൊട്ടുക, ബുദ്ധിസ്ഥിരത നശിക്കുക, അക്രമാസക്തി ഉണ്ടാവുക, സീരിയല്‍ കില്ലര്‍ ആവുക, വിഷാദരോഗം വരുക, ബ്ലോഗ് കറുപ്പിക്കുക, അനോണിയാവുക, കോമ സംഭവിക്കുക തുടങ്ങി ശാരീരികമോ മാനസികമോ രണ്ടും കൂടിയതോ ആയ വൈകല്യങ്ങള്‍ സംഭവിച്ചാല്‍ ഞാനോ രാജേഷ് വര്‍മ്മയോ യൂട്യൂബോ ഗൂഗിളോ വേര്‍ഡ്പ്രെസ്സോ എന്റെ ഹോസ്റ്റിംഗ് കമ്പനിയോ അഗ്രിഗേറ്ററുകളോ ഈ പോസ്റ്റ് ഇനി അടിച്ചുമാറ്റിയേക്കാവുന്ന കോരല്‍സ് കമ്പനികളോ ഉത്തരവാദികളല്ല.
(ഇവിടെ കാണാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇവിടെ നിന്നു കാണുക.)
ഈ പ്രോഗ്രാമിനെപ്പറ്റി രാജേഷ് പറയുന്നതു കേള്‍ക്കുക. അക്ഷരശ്ലോകം ഗ്രൂപ്പിലേയ്ക്കു് അദ്ദേഹമയച്ച മെയില്‍ നിന്നു്:
The crowd here in Portland has a large number of Malayalees who were born and brought up outside Kerala. When it is a torture for even an average Malayalee to sit through 7 minutes of Slokam recitation, need we say about these wretched souls? As soon as our performance started, people started showing signs of pain. Little babies started crying and I could hear some grown-ups groaning in agony. People were not prepared for this, so they were so shocked that they could not even get up and leave the auditorium. A few people with hypertension and diabetes even fainted. Needless to say, it was a lot of fun for us, the participants. There is nothing I enjoy more than reciting Slokams, but it is all the more enjoyable when you are inflicting suffering on others. You can try this at your local gatherings also.
If any of the people in the audience were prepared with weapons, I wouldn’t be here now to tell you the story. But, luckily for us, they were not. But, that is the kind of risk you take when you want to propagate unpopular things that are dear to your heart. The following lines from a Slokam recited in our e-sadass (#546) gave me the courage to do this:
ശ്ലോകമോതി മരണം വരിക്കിലോ
നാകലോകമവനാണു നിര്‍ണ്ണയം.
ദോഷം പറരുതല്ലോ. പ്രോഗ്രാമിനു ശേഷം പ്രേക്ഷകരില്‍ നിന്നു നല്ല പ്രതികരണമാണു കിട്ടിയതു്. ചില പ്രതികരണങ്ങള്‍:
ഒറ്റയ്ക്കു ചെയ്യാന്‍ ധൈര്യമില്ലാത്തതു കൊണ്ടായിരിക്കും രണ്ടു പേര്‍ കൂടി ചെയ്തതു്, അല്ലേ?
ഈ ഗോമ്പറ്റീഷനില്‍ ആരാ ജയിച്ചതു്?
നിങ്ങളുടെ മിമിക്രി കൊള്ളാമായിരുന്നു. ശ്ലോകം ചൊല്ലുന്നവരെ ശരിക്കു കളിയാക്കി!
ഡാന്‍സുകാര്‍ക്കു തുണി മാറാന്‍ ഏഴു മിനിറ്റു സമയം വേണമെങ്കില്‍ അതു പറഞ്ഞാല്‍ പോരായിരുന്നോ? ഇങ്ങനെ ഞങ്ങളെ പീഡിപ്പിക്കണമായിരുന്നോ?
ഇതു ഞാന്‍ കൊച്ചിലേ മുതല്‍ കേള്‍ക്കുന്നതാ. എന്റെ രണ്ടമ്മാവന്മാര്‍ ഇതില്‍ എക്സ്പേര്‍ട്ട്സായിരുന്നു. ഒരാള്‍ മൃദംഗത്തിലും മറ്റേയാള്‍ വയലിനിലും.
മുഴുവന്‍ സംസ്കൃതമായതുകൊണ്ടു് എനിക്കെല്ലാം മനസ്സിലായി. ഞാന്‍ ആറു കൊല്ലം സംസ്കൃതം പഠിച്ചിട്ടുണ്ടു്.
ഈ അക്ഷരശ്ലോകം എന്നു പറയുന്നതു് കുച്ചിപ്പുഡി പോലെ എന്തോ ഒരു സാധനമാണെന്നു കരുതിയാണു് ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും ഇതിന്റെ പടമെടുത്തതു്. ഡീവീഡി ഉണ്ടാക്കിക്കഴിഞ്ഞപ്പോഴാണു് പറ്റിയ അബദ്ധം മനസ്സിലായതു്. പിന്നീടു് ഡീവീഡി പുനഃപ്രകാശനം ചെയ്തപ്പോള്‍ അതില്‍ നിന്നു് അക്ഷരശ്ലോകം വെട്ടിമാറ്റിയിരുന്നു.
ഏതായാലും അഞ്ചു കൊല്ലത്തേയ്ക്കു സ്റ്റേജില്‍ കയറിപ്പോകരുതു് എന്നു് എനിക്കും രാജേഷിനും വിലക്കു കിട്ടി. സ്റ്റേജില്‍ കയറുന്നതു് ഒരു വീക്ക്‍നെസ്സായതുകൊണ്ടു് ഞാന്‍ നാടു വിട്ടു കാലിഫോര്‍ണിയയ്ക്കു പോന്നു. വളരെയധികം അപേക്ഷകള്‍ക്കു ശേഷം (അതിനു വേണ്ടി എന്നെ തള്ളിപ്പറയുക വരെ ചെയ്തു) രാജേഷിനെ ഇപ്പോള്‍ സ്റ്റേജില്‍ കയറാന്‍ സമ്മതിച്ചു. അടുത്ത പ്രോഗ്രാമിനു കര്‍ട്ടന്‍ വലിക്കാന്‍ താന്‍ സ്റ്റേജില്‍ കയറുന്നുണ്ടെന്നു രാജേഷ് അത്യാഹ്ലാദത്തോടെ ഈയിടെ പറഞ്ഞു.
എന്തൊക്കെ പറഞ്ഞാലും പോര്‍ട്ട്‌ലാന്‍ഡിലെ അമ്മമാര്‍ ഞങ്ങളോടു് കൃതജ്ഞരാണു്. “ദാ, അക്ഷരശ്ലോകം ചൊല്ലുന്ന അങ്കിളുമാരെ വിളിക്കും” എന്നു പറഞ്ഞാണു് അവര്‍ കുട്ടികളെ അനുസരിപ്പിക്കുന്നതും ഉറക്കുന്നതും.
ഇതില്‍ ചൊല്ലിയ ശ്ലോകങ്ങള്‍ കിട്ടണമെന്നു് ആഗ്രഹമുള്ളവര്‍ക്കായി അവ താഴെച്ചേര്‍ക്കുന്നു. നേരത്തേ തയ്യാറെടുത്തിരുന്നെങ്കിലും (ഞങ്ങള്‍ ഒന്നിച്ചിരുന്നു ചൊല്ലിനോക്കിയിരുന്നില്ല, ശ്ലോകങ്ങള്‍ തീരുമാനിച്ചതേ ഉള്ളൂ.) ചൊല്ലിയപ്പോള്‍ എനിക്കു മൂന്നിടത്തു തെറ്റുപറ്റി. രാജേഷ് തെറ്റൊന്നുമില്ലാതെ ഭംഗിയാക്കി.
ചൊല്ലിയതു്: ഉമേഷ്, കവി: വി. കെ. ജി., വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം തേടിത്തേടി നടന്നു കാലടി കഴയ്ക്കട്ടേ, ഭവത്കീര്‍ത്തനം
പാടിപ്പാടി വരണ്ടൂണങ്ങുകിലുണങ്ങീടട്ടെ ജിഹ്വാഞ്ചലം
കൂടെക്കൂടെ നടത്തുമര്‍ച്ചന തളര്‍ത്തീടട്ടെ കൈ രണ്ടു, മി-
ക്കൂടാത്മാവു വെടിഞ്ഞിടും വരെ ഹരേ! നിന്നെ സ്മരിച്ചാവു ഞാന്‍!
ചൊല്ലിയതു്: രാജേഷ്, കവി: വി. കെ. ജി., വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം കാളിന്ദിപ്പുഴവക്കിലുണ്ടൊരരയാല്‍വൃക്ഷം, കണിക്കൊന്നയെ-
ക്കാളും മഞ്ജുളമായ മഞ്ഞവസനം ചാര്‍ത്തുന്നൊരാളുണ്ടതില്‍,
കാളാബ്ദാഞ്ചിതകോമളാകൃതികലാപാലംകൃതോഷ്ണീഷനാ-
ണാ, ളെന്‍ നിര്‍ഭരഭാഗ്യമേ, മദനഗോപാലന്‍ മദാലംബനം!
പോസ്റ്റിന്റെ രസത്തിനു വേണ്ടി പല പൊടിപ്പും തൊങ്ങലും ചേര്‍ത്തിട്ടുണ്ടു്. അവയില്‍ പലതും സത്യവിരുദ്ധമാണു്. എന്‍. എസ്. മാധവനു ചെയ്യാമെങ്കില്‍ എനിക്കും ആയിക്കൂടേ?
പോര്‍ട്ട്‌ലാന്‍ഡിലെ പുരുഷന്മാരും കലാകാരന്മാരാണു്. ഗ്രൂപ്പ് സോംഗ് കൂടാതെ സ്കിറ്റ്, ഒപ്പന, മൈം, സോളോ സോംഗ്, ഡ്യുവറ്റ് സോംഗ്, കഥാപ്രസംഗം, മിമിക്രി, കവിതാപാരായണം തുടങ്ങി വിവിധകലകളില്‍ പ്രാവീണ്യം പ്രദര്‍ശിപ്പിച്ചിട്ടുള്ളവരാണു്. രാജേഷും ഒരു നല്ല നടനും സംവിധായകനുമാണു്.
രാജേഷും ബിന്ദുവും കൂടി സിനിമാ കാണാന്‍ പോയ കഥ നടന്നതു തന്നെയാണു്. സിനിമകള്‍ ഇവയായിരുന്നില്ല എന്നു മാത്രം. ഈ പോസ്റ്റിനു പറ്റിയ സിനിമകളുടെ ലിസ്റ്റ് തന്നു സഹായിച്ച രാജേഷ് വര്‍മ്മ (പാവം, തനിക്കുള്ള പാരയാണെന്നു് അറിഞ്ഞില്ല!), റോബി കുര്യന്‍ എന്നിവര്‍ക്കു നന്ദി.
തിരുവല്ലയില്‍ സാഹിത്യകുതുകികള്‍ ഇല്ലെന്നു പറഞ്ഞതു ശരിയല്ല. ജി. കുമാരപിള്ള, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയ കവികളുടെയും, എം. ജി. സോമന്‍, മീരാ ജാസ്മിന്‍, നയനതാര തുടങ്ങിയ സിനിമാതാരങ്ങളുടെയും, ബ്ലെസ്സി തുടങ്ങിയ സംവിധായകരുടെയും ജന്മസ്ഥലമായ ശ്രീവല്ലഭപുരം മദ്ധ്യകേരളത്തിന്റെ സാംസ്കാരികതലസ്ഥാനമാകുന്നു. “കിളിപാടും കാവുകള്‍, അലഞൊറിയും പാടങ്ങള്‍, അവിടെയൊരു രാഗാര്‍ദ്ര സിന്ദൂരക്കുറിപോല്‍…” എന്നു് ആകാശവാണിയിലെ പരസ്യമെഴുത്തു കവി. ബ്ലോഗില്‍ത്തന്നെ രാജേഷ് വര്‍മ്മ, കൈത്തിരി, അനൂപ് തിരുവല്ല, അരവിന്ദന്‍, ബാജി ഓടംവേലി, തമനു, സാബു പ്രയാര്‍, പിന്നെ ഞാന്‍ തുടങ്ങിയവര്‍ തിരുവല്ലയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള പ്രാന്തന്മാരാകുന്നു.
വീഡിയോ എടുത്തതു് കുട്ടന്‍ എന്ന കൃഷ്ണന്‍ കൊളാടിയും സംഘവുമാണു്. എല്ലാവര്‍ക്കും നന്ദി.
ആളുകളുടെ പ്രതികരണങ്ങളായി ഉദ്ധരിച്ച ചോദ്യങ്ങളില്‍ മിക്കവയും സാങ്കല്‍പ്പികമാണു്.
നൂറായി എന്നറിയിച്ച പോസ്റ്റ് (നൂറടിക്കുമ്പോള്‍…) കൃത്യം ഒന്നര വര്‍ഷത്തിനു ശേഷം – ജൂലൈ 18-നു്.
അടുത്ത 50 പോസ്റ്റുകള്‍ക്കു വെറും നാലു മാസമേ എടുത്തുള്ളൂ – നൂറ്റമ്പതാമത്തെ പോസ്റ്റ് (ഭയം) 2006 നവംബര്‍ 28-നു്. പക്ഷേ അടുത്ത 50 പോസ്റ്റുകള്‍ എഴുതാന്‍ 16 മാസമെടുത്തു. ഇരുനൂറാമത്തെ പോസ്റ്റ് (ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍) 2008 മാര്‍ച്ച് 31-നു്.
വ്യക്തിപരമായ കാരണങ്ങളാണു് ക്രമമില്ലാത്ത ഈ അക്രമത്തിന്റെ (പണ്‍ ഇന്റന്റഡ്) കാരണം. അതിനെപ്പറ്റി വിശദമായി ഇനിയൊരിക്കലെഴുതാം.
എന്തായാലും ഈ ക്രമമില്ലായ്മയിലൂടെ കടന്നു പോകുന്നതും ഒരു സുഖമാണു്. ഇടശ്ശേരി പറഞ്ഞതു പോലെ
എനിക്കു രസമീ നിമ്നോന്നതമാം
വഴിക്കു തേരുരുള്‍ പായിക്കല്‍…
അമിതസ്ഥൂലതയാണു് എന്റെ പോസ്റ്റുകളുടെ ഒരു പ്രധാന ന്യൂനത. എന്റെ അടുത്ത സുഹൃത്തും വിമര്‍ശകനുമായ രാജേഷ് വര്‍മ്മ എന്റെ മിക്ക പോസ്റ്റുകളും വായിക്കാറില്ല. പോസ്റ്റിന്റെ വലിപ്പം കണ്ടു് പകച്ചു് റിട്ടയര്‍ ചെയ്തതിനു ശേഷം സമയം കിട്ടുമ്പോള്‍ വായിക്കാന്‍ മാറ്റിവെയ്ക്കും.
അദ്ദേഹത്തിന്റെ ശ്രീമദീയെമ്മെസ് അഷ്ടോത്തരശതസ്തോത്രത്തിന്റെ വ്യാഖ്യാനമാണു് ഞാനെഴുതിയ ഏറ്റവും വലിയ പോസ്റ്റ് എന്നതു മറ്റൊരു കാര്യം. ഇതു വരെ എഴുതിയ പോസ്റ്റുകളില്‍ ഏറ്റവും പണിപ്പെട്ടതും അതിനു വേണ്ടിയാണു്. രാജേഷിന്റെ ഇരുപതു ശ്ലോകങ്ങള്‍ക്കു വ്യാഖ്യാനം എഴുതിയതു കൂടാതെ ഒമ്പതു ശ്ലോകങ്ങള്‍ സ്വന്തമായെഴുതുകയും പല പ്രസിദ്ധവാക്യങ്ങളെയും വളച്ചൊടിച്ചു വ്യാഖ്യാനിക്കുകയും ചെയ്ത ആ പോസ്റ്റാണു് എനിക്കേറ്റം പ്രിയപ്പെട്ടതും.
ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട പോസ്റ്റും അതു തന്നെ. പഴയ ഗ്രന്ഥങ്ങളില്‍ പറയുന്ന കാര്യങ്ങളെല്ലാം ശരിയാണെന്നും തങ്ങളുടെ പ്രവാചകന്‍ മാത്രമാണു ശരി എന്നും ശഠിക്കുന്ന മതമൌലികവാദികളെ പരിഹസിക്കുന്ന ആ പോസ്റ്റ് ഒരു കമ്യൂണിസ-ഉപാലംഭമാണെന്നു് വിവരമുള്ളവര്‍ കൂടി കരുതിയപ്പോള്‍ അദ്‌ഭുതം തോന്നി. ഒരു സ്തോത്രം എഴുതാന്‍ ഏറ്റവും യോജിക്കാത്ത ആളെ അന്വേഷിച്ചു് അവസാനം ഇ. എം. എസില്‍ എത്തിയ രാജേഷും മതഗ്രന്ഥങ്ങളുടെ ദുര്‍വ്യാഖ്യാനത്തിനു് ഏറ്റവും യുക്തിരഹിതമായ കമ്യൂണിസം തിരഞ്ഞെടുത്ത എന്നെയും കമ്യൂണിസ്റ്റ് വിരുദ്ധരെന്നു മുദ്ര കുത്തിയതു് ആക്ഷേപഹാസ്യം ഒരിക്കലും അരാഷ്ട്രീയമാവില്ല എന്നതിന്റെ തെളിവാണോ എന്തോ?
ഒരു വര്‍ഷത്തിനിടയില്‍ 134 പോസ്റ്റുകളിട്ട 2006 ഫെബ്രുവരി മുതല്‍ 2007 ജനുവരി വരെയുള്ള കാലമാണു് എന്റെ ബ്ലോഗിലെ ഇതു വരെയുള്ള സുവര്‍ണ്ണകാലം. ഒരു പോസ്റ്റു പോലും എഴുതാത്ത 2005 ജൂണ്‍ മുതല്‍ ഒക്റ്റോബര്‍ വരെയുള്ള അഞ്ചു മാസമാണു് ഏറ്റവും മോശം. അതിനിടയ്ക്കു നാല്പതു വയസ്സു തികഞ്ഞപ്പോള്‍ എഴുതിയ ഈ പോസ്റ്റ് ഇല്ലായിരുന്നെങ്കില്‍ ഇതു് ഒമ്പതു മാസമായി ഉയര്‍ന്നേനേ.
ഏറ്റവും കൂടുതല്‍ പോസ്റ്റുകളിട്ട മാസം 2006 ഫെബ്രുവരിയാണു് – 21 പോസ്റ്റുകള്‍. ഒരു പോസ്റ്റു പോലും എഴുതാത്ത 11 മാസങ്ങളുണ്ടു് ഇതു വരെ.
2006 ഓഗസ്റ്റ് ഇരുപതാം തീയതി എന്റെ ബ്ലോഗിംഗ് ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അന്നാണു് മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ ബ്ലോഗിനെപ്പറ്റി വന്ന ലേഖനത്തില്‍ എന്നെയും എന്റെ ബ്ലോഗിനെപ്പറ്റിയും പരാമര്‍ശിച്ചതു്.
അതിനു മുമ്പും ബ്ലോഗിനെപ്പറ്റിയുള്ള വാര്‍ത്തകളില്‍ എന്റെ പേരു പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതു പോലെ ഒന്നു മുമ്പുണ്ടായിട്ടില്ല. എന്റെ നാട്ടിലെയും അമേരിക്കയിലും വിലാസവും ബ്ലോഗിനെപ്പറ്റിയുള്ള വിവരങ്ങളും ഒക്കെ ചേര്‍ത്തു് ഒരു പാരഗ്രാഫ്. ഈ ലേഖനം എഴുതാന്‍ വേണ്ടി ഈ സി. പി. ബിജു ഒരു ബ്ലോഗറായി കുറേ ദിവസം ബ്ലോഗുലകത്തില്‍ കറങ്ങി കുറേ പോസ്റ്റുകളും കമന്റുകളുമൊക്കെ ഇട്ടു് ഇതിന്റെ ഒരു ഫീലിംഗ് നേടിയിരുന്നെന്നാണു കേള്‍വി.
പത്രത്തില്‍ പേരൊക്കെ വന്നപ്പോള്‍ ഞാന്‍ എന്റെ ബ്ലോഗിനെപ്പറ്റിയും അതിന്റെ ഉള്ളടക്കത്തെപ്പറ്റിയും കൂടുതല്‍ ബോധവാനാകുകയും പുസ്തകം പ്രസിദ്ധീകരിച്ചതിനു ശേഷം വിശാലനു പറ്റിയതു പോലെ പിന്നീടു മസിലു പിടിച്ചു മാത്രം എഴുതാന്‍ തുടങ്ങുകയും ചെയ്തു എന്നല്ല പറയാന്‍ പോകുന്നതു്. വഴിത്തിരിവു് വേറൊരു വിധത്തിലായിരുന്നു.
അന്നു വരെ എന്റെ ബ്ലോഗിംഗ് പരമരഹസ്യമായിരുന്നു. സ്വന്തം പേരില്‍ത്തന്നെയാണു് എഴുതിയിരുന്നെങ്കിലും എന്റെ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ അതിനെപ്പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല. മലയാളത്തില്‍ ഞാന്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്നു് (അക്ഷരശ്ലോകം തുടങ്ങി) എന്റെ ഭാര്യയ്ക്കറിയാമായിരുന്നെങ്കിലും ഇത്രയും വലിയ ഒരു സെറ്റപ്പുണ്ടെന്നു് തത്രഭവതി അറിഞ്ഞിരുന്നില്ല.
മേല്‍പ്പറഞ്ഞ ലേഖനം എന്റെ അമ്മ വായിച്ചു. ഭാര്യയുടെ അമ്മ വായിച്ചു. ഭാര്യയുടെ ആങ്ങളയുടെ ഭാര്യയുടെ അമ്മ വായിച്ചു. (ഭാഗ്യത്തിനു ഭാര്യയുടെ ആങ്ങളയുടെ ഭാര്യയുടെ ആങ്ങള കല്യാണം കഴിച്ചിട്ടുണ്ടായിരുന്നില്ല.) ഞായറാഴ്ച രാവിലെ (അപ്പോള്‍ ഇന്ത്യയില്‍ ഞായറാഴ്ച വൈകുന്നേരം) പതിവു പോലെ നാട്ടിലേക്കു വിളിച്ചപ്പോള്‍ ഇവര്‍ക്കൊക്കെ പറയാന്‍ ഈ വാര്‍ത്തയേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ രാവിലെ ഉണര്‍ന്നെണീറ്റു വന്നപ്പോള്‍ ഈ ജനമൊക്കെ അവിടെയുണ്ടു്. ഇത്രയും കാലം കമ്പ്യൂട്ടറിന്റെ മുമ്പില്‍ കുത്തിയിരുന്നതു മുഴുവന്‍ ഇതിനായിരുന്നോ എന്ന മുഖഭാവവുമായി. ഭാഗ്യത്തിനു് അന്നത്തെ ലേറ്റസ്റ്റ് പോസ്റ്റ് ഗണിതവും വ്യാകരണവും ഒന്നുമായിരുന്നില്ല. മനസ്സിന്റെ താളുകള്‍ക്കിടയില്‍… എന്ന മനുഷ്യനു മനസ്സിലാകുന്ന ഒരു പോസ്റ്റായിരുന്നു.
അന്നു മുതല്‍ എന്റെ വീട്ടുകാരും കൂട്ടുകാരും എന്റെ ബ്ലോഗ് വായിച്ചു തുടങ്ങി. സിന്ധുവിനു് ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ് ഞാന്‍ വിശാഖിനെപ്പറ്റി എഴുതിയ അമ്മ ഇന്നാളു പറഞ്ഞല്ലോ ആണു്. മകനെപ്പറ്റിയുള്ള പൊങ്ങച്ചമായതിനാലാണോ തത്രഭവതിയും അതിലെ ഒരു കഥാപാത്രമായതു കൊണ്ടാണോ എന്നെ അതിലൊരു വിഡ്ഢിയായി ചിത്രീകരിച്ചതു കൊണ്ടാണോ എന്നു് എനിക്കറിയില്ല. (ബൂലോഗത്തിലെ ഹാസ്യസമ്രാട്ടു് അരവിന്ദനും ഒരിക്കല്‍ ആ പോസ്റ്റാണു തനിക്കു് ഏറ്റവും ഇഷ്ടപ്പെട്ടതു് എന്നു പറഞ്ഞിട്ടുണ്ടു്.)
200 പോസ്റ്റുകള്‍ക്കു മൊത്തം 4640 കമന്റുകള്‍ കിട്ടി. (ഡിലീറ്റു ചെയ്ത കമന്റുകള്‍ കണക്കിലെടുക്കാതെ.) ഒരു പോസ്റ്റിനു ശരാശരി 23 കമന്റുകള്‍. ഏറ്റവും കൂടുതല്‍ കമന്റുകളിട്ടതു് ആരാണെന്നു് അറിയില്ല. പല പേരുകളില്‍ കമന്റിട്ട ദേവനാവാം. അല്ലെങ്കില്‍ വക്കാരിയാവാം. ഏതായാലും എല്ലാ കമന്റുകളിലും കൂടി ഏറ്റവും കൂടുതല്‍ വാക്കുകളെഴുതിയതു് വക്കാരി തന്നെ – ഉദാഹരണമായി ഈ കമന്റ്.
ഏറ്റവും കൂടുതല്‍ കമന്റുകള്‍ കിട്ടിയതു് (528) Prayer(പ്രാര്‍ത്ഥന) എന്ന പോസ്റ്റിനാണു്. പോസ്റ്റിന്റെ ഗുണം കൊണ്ടൊന്നുമല്ല, പിന്മൊഴികളില്ലെങ്കിലും കമന്റു വീഴും എന്നു തെളിയിക്കാന്‍ ആളുകള്‍ മത്സരിച്ചു കമന്റടി ആഘോഷം നടത്തിയതിന്റെ ബഹളമാണു് അവിടെ. നൂറു പോസ്റ്റു തികച്ചപ്പോള്‍ എഴുതിയ നൂറടിക്കുമ്പോള്‍… എന്ന പോസ്റ്റിലും ഇങ്ങനെയൊരു കമന്റടി മഹാമഹം (231 കമന്റുകള്‍) നടന്നിരുന്നു. ഭാഗ്യത്തിനു് ഈ രണ്ടു പോസ്റ്റുകളിലൊഴികെ ഒന്നിലും കാര്യമാത്രപ്രസക്തമല്ലാത്ത കമന്റുകള്‍ കുറവായിരുന്നു എന്നതു് ആശ്വാസം. അനോണികള്‍ക്കും (ആന്റണി ഒഴികെ) വര്‍മ്മമാര്‍ക്കും (രാജേഷ് ഒഴികെ) എന്റെ ബ്ലോഗിലെ ഭക്ഷണം ദഹിക്കാത്തതുകൊണ്ടാവാം!
ഈ രണ്ടു പോസ്റ്റുകളെ ഒഴിച്ചു നിര്‍ത്തിയാല്‍ 198 പോസ്റ്റുകളില്‍ കിട്ടിയ കമന്റുകള്‍ 3881. അതായതു് ശരാശരി ഒരു പോസ്റ്റിനു് ഏകദേശം പത്തൊമ്പതര കമന്റുകള്‍.
ഏറ്റവും സന്തോഷം തന്ന കമന്റുകള്‍ സമസ്യാപൂരണങ്ങള്‍ക്കാണു്. നശിച്ചു പോയ ഒരു വിനോദം എന്നു കരുതിയ സമസ്യാപൂരണത്തിനു് ഇത്രയും വലിയ പ്രതികരണം കിട്ടുമെന്നു കരുതിയില്ല.
ഏറ്റവും കനത്ത കമന്റുകള്‍ കിട്ടിയ പോസ്റ്റുകള്‍ മനുസ്മൃതിയെപ്പറ്റി എഴുതിയ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി… എന്നതും അതിന്റെ തുടര്‍ച്ചയായ സമത്വവും സ്വാതന്ത്ര്യവും മനുസ്മൃതിയും മറ്റു പലതും… എന്നതുമാണു്. ഏറ്റവും നൊസ്റ്റാല്‍ജിയ നിറഞ്ഞ കമന്റുകള്‍ മനസ്സിന്റെ താളുകള്‍ക്കിടയില്‍… എന്ന പോസ്റ്റിനു കിട്ടിയ റേഡിയോപ്പരസ്യങ്ങളെപ്പറ്റിയുള്ള കമന്റുകളാണു്. ഏറ്റവും രസകരമായ കമന്റുകള്‍ ഉത്തമഭാര്യ എന്ന പോസ്റ്റിനു കിട്ടിയവയാണു്. എങ്കിലും എന്നെ ഏറ്റവും ചിരിപ്പിച്ചതു് കാര്യമായ ഫലിതമൊന്നും പ്രത്യക്ഷത്തിലില്ലാത്ത ഈ കമന്റാണു് (എഴുതിയതു് ആദിത്യന്‍).
മുപ്പത്തേഴു വിഭാഗങ്ങളിലായാണു് (categories) ഇത്രയും പോസ്റ്റുകള്‍ എഴുതിയതു്. 67 പോസ്റ്റുകളുള്ള ഭാരതീയഗണിതം ആണു് ഏറ്റവും മുന്നില്‍. (അവിടെ ഒരു പോസ്റ്റിട്ടിട്ടു് 15 മാസത്തിലധികമായി എന്നതു മറ്റൊരു കാര്യം.) 40 പോസ്റ്റുകളുള്ള സുഭാഷിതം, 35 പോസ്റ്റുകളുള്ള കവിതകള്‍ എന്നിവയാണു് അതിനു പുറകില്‍.
പല വിഭാഗങ്ങളും ഒരു ആവേശത്തിനു് തുടങ്ങിയതാണു്. ഏഴെണ്ണത്തില്‍ ഓരോ പോസ്റ്റു മാത്രമേ ഉള്ളൂ. പത്തോ അതിലധികമോ പോസ്റ്റുകള്‍ ഉള്ള വിഭാഗങ്ങള്‍ പത്തെണ്ണം മാത്രം.
സ്വന്തം ബ്ലോഗില്‍ എന്റെ ബ്ലോഗിലേയ്ക്കു് ഏറ്റവും കൂടുതല്‍ ലിങ്കുകള്‍ കൊടുത്തിട്ടുള്ളതു് ശേഷം ചിന്ത്യം എഴുതുന്ന സന്തോഷ് ആണെന്നു തോന്നുന്നു. ഞാന്‍ ഏറ്റവും ലിങ്കു ചെയ്തിട്ടുള്ള ബ്ലോഗ് എന്റേതു തന്നെ. മറ്റു ബ്ലോഗുകളില്‍ ഏതെന്നു പിടിയില്ല. രാജേഷ് വര്‍മ്മയുടെ നെല്ലിക്കയോ ജ്യോതിര്‍മയിയുടെ വാഗ്ജ്യോതിയോ ആയിരിക്കണം.
ഒരു പോസ്റ്റില്‍ നിന്നു തന്നെ എന്റെ ബ്ലോഗിലേയ്ക്കു് ഏറ്റവും കൂടുതല്‍ ലിങ്കുകള്‍ കൊടുത്ത പോസ്റ്റ് രാജേഷ് വര്‍മ്മയുടെ സ്വാതന്ത്ര്യദിനസ്മരണകള്‍ ആണു്. (ആ പോസ്റ്റിനു് ഒരു പ്രതികാരപ്പോസ്റ്റ് അന്നെഴുതിത്തുടങ്ങിയതു് ഇതു വരെ തീര്‍ന്നില്ല.)
എന്റെ ബ്ലോഗിനെയും എഴുത്തിനെയും പറ്റി ഇതു വരെ രണ്ടുപേര്‍ മാത്രമേ നിരൂപണം എഴുതിയിട്ടുള്ളൂ-ഉമേഷിനു സ്നേഹപൂര്‍വ്വം എഴുതിയ ചന്ത്രക്കാറനും, “എന്തൊരഹന്ത!” തുടങ്ങിയ പല പോസ്റ്റുകളില്‍ക്കൂടി വിമര്‍ശിച്ച ജ്യോതിര്‍മയിയും. (ജ്യോതിയുടെ വിമര്‍ശനങ്ങളില്‍ വെട്ടിച്ചുരുക്കിയ അമ്മ നല്ല അമ്മ ഒഴികെ എല്ലാം ഡിലീറ്റു ചെയ്തു കളഞ്ഞു.)
എന്നെപ്പറ്റി അഭിപ്രായം എഴുതിയില്ലെങ്കിലും വിശാലനുംസൂവും എന്നെ സ്വപ്നം കണ്ടിട്ടുണ്ടു്. അക്ഷരത്തെറ്റുകള്‍ തിരുത്തുന്നതുകൊണ്ടു് ഞാന്‍ പലരുടെയും പേടിസ്വപ്നങ്ങളില്‍ കടന്നുവന്നിരുന്നു. ഈയിടെയായി ആ പണി നിര്‍ത്തിയതുകൊണ്ടു് ബ്ലോഗേഴ്സ് സുഖമായി ഉറങ്ങുന്നുണ്ടു്.
(ഞാന്‍ ഇവരെയൊന്നും സ്വപ്നം കണ്ടിട്ടില്ല. അതിനു സമയമുണ്ടായിരുന്നെങ്കില്‍ ആ സമയത്തു് ഉണര്‍ന്നിരുന്നു രണ്ടു പോസ്റ്റെഴുതാമായിരുന്നു!)
ഞാന്‍ എഴുതിയവയെ തെറ്റായി ധരിച്ചും ധരിച്ചെന്നു നടിച്ചും പലരും പലയിടത്തും എഴുതിയിട്ടുണ്ടു്. ഞാന്‍ ഒരു വലിയ ജ്യോതിഷവിശ്വാസിയാണെന്നും കമ്യൂണിസ്റ്റ് വിരോധിയാണെന്നും അമേരിക്കന്‍ ലോബി വര്‍ക്കറാണെന്നും മറ്റുള്ളവരെ വഴി തെറ്റിക്കുന്നവനാണെന്നും മറ്റും പലയിടത്തും വായിച്ചിട്ടുണ്ടു്.
മലയാളം യൂണിക്കോഡിന്റെ ലോകത്ത് “ചില്ല് ” അഥവാ ചില്ലക്ഷരങ്ങള്‍ വലിയൊരു പ്രതീകമാണ്. അത് ഒരുപാട് ഈഗോകളേയും(ഇതിന് മലയാളം എന്താണാവോ?) അവയ്ക്ക് ബൂലോകത്തിലുള്ള (മലയാളം ബ്ലോഗുലകം)സ്വാധീനത്തേയും (തെറ്റിദ്ധരിപ്പിക്കാനുള്ള സ്വാതന്ത്ര്യം എന്നു തിരുത്ത് ) തുറന്നു കാട്ടുന്നു. അത് മലയാളം ബ്ലോഗര്‍മാരെക്കൊണ്ട് (ബ്ലോഗിനികളെക്കൊണ്ടും) ഇങ്ങനെ പ്രാര്‍ത്ഥനവരെ ഏറ്റ് ചൊല്ലിച്ചു.
“യൂണിക്കോഡില്‍ സ്ഥിതനായ ഞങ്ങളുടെ മലയാളമേ! നിന്റെ നാമം ബൂലോഗമാകേണമേ. നിന്റെ ചില്ലക്ഷരങ്ങള്‍ വരേണമേ. നിന്റെ തിരുശേഷിപ്പ് ഐയീയില്‍ പോലെ ഫയര്‍ഫോക്സിലും കാണപ്പെടേണമേ.
അന്നന്നു വേണ്ട അക്ഷരങ്ങളൊക്കെ എല്ലാ കമ്പ്യൂട്ടറിലും കാണുമാറാകേണമേ. ഞങ്ങളുടെ പോസ്റ്റുകളില്‍ കമന്റിടുന്നവരുടെ തോന്ന്യവാസം ഞങ്ങള്‍ പൊറുക്കുന്നതു പോലെ ഞങ്ങളുടെ പോസ്റ്റുകളിലെ തോന്ന്യവാസം ഞങ്ങളോടും പൊറുക്കേണമേ. ”
രചന (കോപ്പിറൈറ്റും): ഗൂഗിളില്‍ സിബുവിനോടൊപ്പം ജോലിചെയ്യുന്ന ഉമേഷിന്റെ ഗുരുകുലം ( ബ്ലോഗ് സെമിനാരി)
മലയാളം ചില്ലക്ഷരത്തിലാണ് ഉദിക്കുന്നതും അസ്തമിക്കുന്നതും എന്നും ZWJ , ZWNJ തുടങ്ങിയവ ചെകുത്താന്റെ സന്തതികളാണെന്നും ഏതുറക്കത്തില്‍ വിളിച്ച് ചോദിചാലും മലയാളം ബ്ലോഗര്‍മാര്‍ വരമൊഴി വിക്കിയയിലെ റഫറന്‍സ് url ഉള്‍പ്പെടെ പറഞ്ഞു തരുമായിരുന്നു.
[…]
എന്റെ Prayer(പ്രാര്‍ത്ഥന) എന്ന പോസ്റ്റിലെ വരികള്‍ ഇഞ്ചിപ്പെണ്ണു് തന്റെ ബ്ലോഗിന്റെ സൈഡ്‌ബാറില്‍ കുറിച്ചിട്ടിരുന്നതാണു് (ഗുരുകുലം സെമിനാരി എന്ന പ്രയോഗം അതിലുള്ളതാണു്) അനിവറിന്റെ സമനില തെറ്റിച്ചതു്. ക്രിസ്തുവിന്റെ “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന ഏകപ്രാര്‍ത്ഥനയ്ക്കു പാരഡിയായി എഴുതിയ ആ നര്‍മ്മപ്രാര്‍ത്ഥനയിലെ “നിന്റെ ചില്ലക്ഷരങ്ങള്‍ വരേണമേ” എന്ന വരിയെയാണു് യൂണിക്കോഡില്‍ സിബുവും മറ്റും വാദിക്കുന്ന അറ്റോമിക് ചില്ലുകള്‍ കൊണ്ടുവരണേ എന്നു ഞാന്‍ ബ്ലോഗെഴുത്തുകാരെക്കൊണ്ടു് ഏറ്റുചൊല്ലിച്ചതായി അനിവര്‍ വ്യാഖ്യാനിച്ചതു്. ഞാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലെ യൂണിക്കോഡില്‍ ചില്ലക്ഷരങ്ങള്‍ ശരിക്കു കാണിക്കണേ എന്നു മാത്രമേ അതിനര്‍ത്ഥമുള്ളൂ എന്നു് തലയ്ക്കു സ്ഥിരതയുള്ള ആര്‍ക്കും മനസ്സിലാകും. (അതു് അതിനു ശേഷമുള്ള “നിന്റെ തിരുശേഷിപ്പ് ഐയീയില്‍ പോലെ ഫയര്‍ഫോക്സിലും കാണപ്പെടേണമേ…” എന്നതില്‍ നിന്നു വ്യക്തമാണു്. ഇനി അതിനു കുത്തകബ്രൌസര്‍ നല്ലതും സ്വതന്ത്രബ്രൌസര്‍ ചീത്തയുമാണെന്ന അര്‍ത്ഥം എപ്പോഴാണോ ഉണ്ടാക്കിക്കൊണ്ടു വരുക!) ചില്ലക്ഷരങ്ങള്‍ ശരിക്കു കാണാത്തതു് മലയാളം യൂണിക്കോഡ് വായിക്കുന്ന പലരുടെയും പ്രശ്നമാണു്. ദാ ഇപ്പോള്‍ തന്നെ, വിന്‍ഡോസ് എക്സ്-പി-യില്‍ ഫയര്‍ഫോക്സില്‍ ഈ എഴുതുന്നതില്‍ ഒരു ചില്ലു പോലും കാണാന്‍ പറ്റുന്നില്ല.
“ഗൂഗിളില്‍ സിബുവിനോടൊപ്പം ജോലിചെയ്യുന്ന ഉമേഷിന്റെ…” എന്നെഴുതിയതു ശ്രദ്ധിക്കുക. കൂടെ ജോലി ചെയ്യുന്നവനെ സഹായിക്കുകയാണെന്നു വ്യംഗ്യം. ആ പോസ്റ്റ് എഴുതുന്ന കാലത്തു് ഞാന്‍ ഗൂഗിളില്‍ ജോലി ചെയ്യുകയല്ല. യൂണിക്കോഡിന്റെയും അറ്റോമിക് ചില്ലുകളുടെയും സാങ്കേതികതയെപ്പറ്റി കാര്യമായ വിവരവുമില്ല. (അനിവര്‍ ഇതെഴുതുമ്പോള്‍ സംഗതി മാറി.) അനിവറിനു് ആരോപണമുന്നയിക്കാന്‍ വ്യക്തമായ അടിസ്ഥാനമൊന്നും വേണ്ടല്ലോ. മഹേഷ് പൈയെ എതിര്‍ക്കാന്‍ ഇന്‍ഡിക്ക് ലിസ്റ്റില്‍ വക്കീലന്മാരെ മുഴുവന്‍ തെറി പറഞ്ഞ വീരനില്‍ നിന്നു ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ല.
മലയാളത്തിലെ ബ്ലോഗെഴുത്തുകാരെ തെറ്റിദ്ധരിപ്പിക്കുകയും അവരെക്കൊണ്ടു തെറ്റുകള്‍ ഏറ്റുപറയിക്കുകയും ചെയ്യുന്ന, ബൂലോഗത്തില്‍ ഏറെ സ്വാധീനമുള്ള ഈഗോ എന്നാണു് അനിവര്‍ എന്നെ വിശേഷിപ്പിച്ചതു്. ഇതുവരെ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല എന്നു് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അഭിപ്രായങ്ങള്‍ പറയുമ്പോഴും അവ വസ്തുനിഷ്ഠമാകാനും രണ്ടു പക്ഷങ്ങളിലെയും ന്യായാന്യായങ്ങള്‍ പരിശോധിക്കാനും എന്നും ശ്രമിക്കാറുമുണ്ടു്.
കൊച്ചുത്രേസ്യ തന്റെ വാര്‍ഷികപോസ്റ്റില്‍ താന്‍ ബ്ലോഗിംഗ് തുടങ്ങിയതു അരവിന്ദന്‍ കാരണമാണെന്നും ആ ദ്രോണാചാര്യര്‍ക്കു കീബോര്‍ഡിലെ എന്റര്‍ കീ പോലും കൊടുക്കാന്‍ തയ്യാറാണെന്നും വായിച്ചു ഞാന്‍ ഗദ്ഗദകണ്ഠനായി. ആരെങ്കിലും എന്നെപ്പറ്റി അങ്ങനെ പറയുമോ? എവിടെ? ഞാന്‍ മൂലം ബ്ലോഗിംഗും മലയാളഭാഷയും നിര്‍ത്തിയവരുണ്ടാവാം. തുടങ്ങിയവര്‍ ഉണ്ടാവുമെന്നു തോന്നുന്നില്ല.
അങ്ങനെയങ്ങു് എഴുതിത്തള്ളാന്‍ വരട്ടേ. താന്‍ ബ്ലോഗിംഗ് തുടങ്ങിയതു് എന്റെ വസന്തതിലകം എന്ന പോസ്റ്റ് വായിച്ചതിനു ശേഷമാണെന്നു് ഡാലി ഇവിടെ പറഞ്ഞിട്ടുണ്ടു്. (കൊടകരപുരാണം മൂലമാണു ബ്ലോഗിലെത്തിയതു് എന്നു പറഞ്ഞതു ഞാന്‍ വിഴുങ്ങുന്നു. ഇങ്ങനെയാണല്ലോ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതു്!) ഡാലിയെപ്പോലെ വ്യക്തിത്വമുള്ള ഒരു നല്ല എഴുത്തുകാരിക്കു് അല്പമെങ്കിലും പ്രചോദനം കൊടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ കൃതാര്‍ത്ഥന്‍!
വേറേ ആര്‍ക്കെങ്കിലും എന്റെ എഴുത്തു കൊണ്ടു ഗുണമുണ്ടായെന്നതിനു് ഇതു വരെ തെളിവൊന്നുമില്ല.
“ഗുരുകുലം” തുടങ്ങുന്നതിനു മുമ്പു് ബ്ലോഗ്സ്പോട്ടില്‍ എനിക്കു് ഒരു ഡസനോളം ബ്ലോഗുകള്‍ ഉണ്ടായിരുന്നു. അവയിലെ പോസ്റ്റുകളെല്ലാം കൂട്ടിയാണു് കൈപ്പള്ളിയുടെ സൂചിക എന്നെ ഏറ്റവും കൂടുതല്‍ പോസ്റ്റ് എഴുതിയ ബ്ലോഗറാക്കിയതു്.
പക്ഷേ, ആ വസ്തുത ശരിയല്ല. അതിലെ അഞ്ഞൂറിലധികം പോസ്റ്റുകള്‍ അക്ഷരശ്ലോകസദസ്സിലെ ശ്ശ്ലോകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന അക്ഷരശ്ലോകസദസ്സ് എന്ന ബ്ലോഗില്‍ നിന്നാണു്. അക്ഷരശ്ലോകത്തിനു വേണ്ടി ഒരു വെബ് പേജ് തുടങ്ങിയതോടെ ആ ബ്ലോഗ് നിന്നു. (ഈ പേജും ഇപ്പോള്‍ ഔട്ട്ഡേറ്റഡ് ആണു്.) അതു തുടര്‍ന്നിരുന്നെങ്കില്‍ എന്റെ പോസ്റ്റുകളുടെ എണ്ണം ഗിന്നസ് ബുക്കില്‍ കടന്നേനേ. അക്ഷരശ്ലോകസദസ്സിലെ ശ്ലോകങ്ങളുടെ എണ്ണം 5000 കവിഞ്ഞു.
ഇപ്പോള്‍ ഗുരുകുലം കൂടാതെ ബുദ്ധിപരീക്ഷ എന്ന ബ്ലോഗു കൂടി ഞാന്‍ എഴുതുന്നുണ്ടു്. പസ്സിലുകള്‍ക്കു വേണ്ടി. പസ്സിലുകളെക്കാള്‍ ബ്ലോഗുലകത്തിലുള്ള ആളുകളെപ്പറ്റി കഥകളെഴുതാനും ചൊറിയാനും (പുറം ചൊറിയാനല്ല) ആണു് ആ ബ്ലോഗ് ഉപയോഗിക്കുന്നതു്. “ബുദ്ധിപരീക്ഷ” എന്ന പേരു് “വ്യക്തിഹത്യ” എന്നു് ആക്കിക്കൂടേ അന്നു പലരും ചോദിച്ചിട്ടുണ്ടു്.
എന്നെപ്പറ്റി പലര്‍ക്കുമുള്ള ഒരു പരാതി പോസ്റ്റെഴുതാന്‍ ഞാന്‍ കാണിക്കുന്ന ശുഷ്കാന്തി കമന്റുകള്‍ക്കു മറുപടി പറയാന്‍ കാണിക്കുന്നില്ല എന്നതാണു്. അതു സമ്മതിക്കുന്നു.
വളരെക്കാലം കൊണ്ടാണു് ഒരു പോസ്റ്റെഴുതുന്നതു്. കിട്ടുന്ന സമയത്തിനു കുറച്ചുകുറച്ചെഴുതി. കമന്റ് ഒന്നിച്ചെഴുതണം എന്നതു കൊണ്ടു പലപ്പോഴും മാറ്റിവെയ്ക്കും. മറ്റാരെങ്കിലും മറുപടി പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ അതു് ആവര്‍ത്തിക്കാന്‍ മിനക്കെടാറുമില്ല.
സന്തോഷ് തോട്ടിങ്ങലിന്റെ ഈ ചോദ്യം, ജ്യോതിര്‍മയിയുടെ ഈ ചോദ്യം തുടങ്ങിയവയുടെ ഉത്തരങ്ങള്‍, വക്കാരിയുടെ ചോദ്യത്തിനുത്തരമായി എഴുതാമെന്നു് ഇവിടെ വാക്കു കൊടുത്ത പോസ്റ്റ് തുടങ്ങി ഒരുപാടു മറുപടികള്‍ പറയാന്‍ കിടക്കുന്നു. പലതിനും മറുപടിയായി പോസ്റ്റുകള്‍ എഴുതിത്തുടങ്ങിയിട്ടും ഉണ്ടു്. സമയം അനുവദിക്കുന്നതനുസരിച്ചു് മറുപടി പറയാന്‍ ശ്രമിക്കാറുണ്ടു്. അത്രയേ പറയാന്‍ പറ്റൂ. ക്ഷമിക്കുക.
ഞാന്‍ ഒരു പോസ്റ്റെഴുതാന്‍ എത്ര സമയമെടുക്കുന്നു എന്നും അതില്‍ എത്ര സമയം വീടു്, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ചു ചെലവാക്കുന്നു എന്നും അങ്കിള്‍ ഇവിടെ സംശയം ചോദിച്ചിരുന്നു. അങ്കിളിന്റെ സംശയദൂരീകരണത്തിനായി അന്ത അഹന്തയ്ക്കിന്ത പോസ്റ്റ് എന്ന പോസ്റ്റെഴുതുമ്പോള്‍ ഞാന്‍ സമയത്തിനു കണക്കു വെച്ചിരുന്നു. വിശദവിവരങ്ങള്‍ താഴെ:
എഴുതിയ വിഷയങ്ങള്‍:
എഴുതിയ സ്ഥലങ്ങള്‍:
7 ശ്ലോകങ്ങള്‍ ടൈപ്പു ചെയ്യാന്‍
:
20 മിനിറ്റ്
പോര്‍ട്ട്‌ലാന്‍ഡില്‍ വെക്കേഷനു പോയപ്പോള്‍
:
115 മിനിറ്റ്
7 ശ്ലോകങ്ങള്‍ക്കു് അര്‍ത്ഥമെഴുതാന്‍
:
45 മിനിറ്റ്
വീട്ടില്‍ വെച്ചു്
:
195 മിനിറ്റ്
7 ശ്ലോകങ്ങള്‍ റെക്കോര്‍ഡു ചെയ്യാനും MP3 ആക്കി അപ്‌ലോഡു ചെയ്യാനും
:
55 മിനിറ്റ്
ബസ് സ്റ്റോപ്പിലും ബസ്സിലും ഇരുന്നു്
:
25 മിനിറ്റ്
ബാക്കി പോസ്റ്റെഴുതാന്‍
:
255 മിനിറ്റ്
ഓഫീസ് സമയത്തു്
:
15 മിനിറ്റ്
അവസാന മിനുക്കു പണികള്‍, ലിങ്കു കൊടുക്കല്‍ etc.
:
20 മിനിറ്റ്
സുഹൃത്തുക്കളുടെ വീട്ടില്‍
:
35 മിനിറ്റ്
മൊത്തം
:
385 മിനിറ്റ്
മൊത്തം
:
385 മിനിറ്റ്
മൊത്തം ആറേകാല്‍ മണിക്കൂര്‍ എടുത്തു അതെഴുതാന്‍. എഴുതാന്‍ തുടങ്ങിയതു് ഫെബ്രുവരി 8-നാണു്. എഴുതിത്തീര്‍ത്തതു് മാര്‍ച്ച് 5-നും. അതു കൊണ്ടു് മൊത്തം 27 ദിവസം എടുത്തു എന്നും പറയാം. പ്രതിദിനം 15 മിനിട്ടില്‍ താഴെ. ഇതിനിടയില്‍ മറ്റു പല പോസ്റ്റുകളിലും സമയം ചെലവഴിച്ചിട്ടുണ്ടു്.
അങ്കിളിനു് ആവശ്യമായ വിവരങ്ങളൊക്കെ ആയോ?
ഒരു പോസ്റ്റെഴുതാന്‍ 27 ദിവസം എന്നതു് എന്റെ ശരാശരിയെക്കാള്‍ വളരെ കുറവാണു്. പല പോസ്റ്റുകളും എഴുതുന്നതു മാസങ്ങളെടുത്താണു്.
ഇതു വരെ പൂര്‍ത്തിയാക്കിയവയില്‍ ഏറ്റവും കൂടുതല്‍ കാലം എഴുതിയതു് ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍… എന്ന പോസ്റ്റാണു്. 2006 മാര്‍ച്ചില്‍ തുടങ്ങിയതു് രണ്ടു വര്‍ഷത്തിനു ശേഷമാണു പ്രസിദ്ധീകരിച്ചതു്. ഇപ്പോള്‍ ഈ ബ്ലോഗില്‍ (ഈ പോസ്റ്റു കൂട്ടാതെ) 42 ഡ്രാഫ്റ്റ് പോസ്റ്റുകള്‍ ഉണ്ടു്. 2006 ജൂണില്‍ എഴുതിത്തുടങ്ങിയ വൃത്തനിര്‍ണ്ണയം എന്ന പോസ്റ്റാണു് (വൃത്തം കണ്ടുപിടിക്കുന്നതിന്റെ വിവരങ്ങള്‍ അടങ്ങിയ പോസ്റ്റ്) പൂര്‍ത്തിയാകാതെ കിടക്കുന്ന ഏറ്റവും പഴയ പോസ്റ്റ്. “അരണ്യരുദിതം കൃതം” എന്ന ശ്ലോകം വിവരിക്കുന്ന സുഭാഷിതമാണു് ഏറ്റവും പുതിയതു്.
ഒരു ആശയം തോന്നിയാല്‍ അതു മറന്നു പോകാതിരിക്കാന്‍ തലക്കെട്ടും രണ്ടോ മൂന്നോ വാക്യങ്ങളും എഴുതി ഒരു ഡ്രാഫ്റ്റ് പോസ്റ്റ് ഉണ്ടാക്കും. പല പോസ്റ്റുകളും കുറേ എഴുതിക്കഴിയുമ്പോള്‍ അതിലുള്ള ഉത്സാഹം നഷ്ടപ്പെട്ടിട്ടു് അവിടെയിടും. പിന്നെ എന്നെങ്കിലും അതു പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുമ്പോഴേയ്ക്കു് അതു മറ്റൊരു സാധനമായിട്ടുണ്ടാവും.
ഈ ബ്ലോഗിലെ സമയം ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം അല്ല. ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ പസഫിക് സ്റ്റാന്ഡേര്‍ഡ്/ഡേലൈറ്റ് സമയവുമല്ല. Universal time എന്നു വിളിക്കുന്ന GMT ആണു്. ഇതു പ്രസിദ്ധീകരിക്കുന്നതു് ഏപ്രില്‍ 24 8:45 AM എന്നു പറഞ്ഞാല്‍ അതിനും അഞ്ചര മണിക്കൂര്‍ കഴിഞ്ഞു് 2:45 PM ആണു് ഇന്ത്യയിലെ സമയം. ഏഴു മണിക്കൂര്‍ മുമ്പു് (നവംബര്‍ മുതല്‍ മാര്‍ച്ച് വരെ എട്ടു മണിക്കൂര്‍ മുമ്പു്) 1:45 AM ആണു് എന്റെ സമയം. ഞാന്‍ ഓഫീസ് സമയത്താണു ബ്ലോഗ് ചെയ്യുന്നതു് എന്നു് അങ്കിളിനു തോന്നിയതു് ഞാന്‍ പല പോസ്റ്റുകളും വീട്ടിലിരുന്നു രാവിലെ പ്രസിദ്ധീകരിച്ചതുകൊണ്ടാവണം.
അടുത്ത കാലം വരെ ഇതില്‍ ലിങ്കുകള്‍ കാണിച്ചിരുന്നതു് അക്ഷരത്തിന്റെ നിറം നീലയാക്കി മാത്രമായിരുന്നു. അടിവരയിടാഞ്ഞതു മനഃപൂര്‍വ്വമാണു്. കാരണം, അടിവരയിട്ടാല്‍ വര പലപ്പോഴും അക്ഷരങ്ങള്‍ക്കിടയിലൂടെയാണു പോകുന്നതു്. ഉദാഹരണമായി കുട്ടപ്പന്‍ എന്നതു് അടിവരയിട്ടതു ശ്രദ്ധിക്കൂ. മലയാളത്തിനു് അടിവര അത്ര ശരിയല്ലെന്നു തോന്നി.
ലിങ്കുകള്‍ ഇങ്ങനെ കാണിക്കുന്നതു കൊണ്ടു് പലതും ആളുകള്‍ കാണാതെ പോകുന്നു എന്നു തോന്നി. പച്ചാളത്തിന്റെ ഈ കമന്റാണു് ഇതു വെളിവാക്കിയതു്. എങ്കിലും അടിവരയിട്ടു വൃത്തികേടാക്കണ്ടാ എന്നു കരുതി.
രക്ഷയ്ക്കെത്തിയതു സിബുവാണു്. സിബുവിന്റെ നിര്‍ദ്ദേശമനുസരിച്ചു് അടിവരയിടുന്നതിനു പകരം അക്ഷരത്തിനു ചുറ്റും ബോര്‍ഡര്‍ വരച്ചു. താഴെയുള്ള വര മാത്രം കട്ടിയിലും ബാക്കി വീതിയില്ലാത്ത വരകളായും വരച്ചപ്പോള്‍ സംഗതി അടിവരയായി. ഇപ്പോള്‍ കുട്ടപ്പന്‍ കുട്ടപ്പനായി.
മറ്റു പല ബ്ലോഗുകള്‍ക്കുമില്ലാത്ത ചില പ്രത്യേകതകള്‍ ഈ ബ്ലോഗിനുണ്ടു്.
ഈ ബ്ലോഗ് ബ്ലോഗറിലല്ല. വേര്‍ഡ്പ്രെസ്സ് ഒരു സര്‍വറില്‍ ഇന്‍സ്റ്റാള്‍ ചെയ്താണു് ഇതു നടത്തുന്നതു്. അതിനാല്‍ ഫോര്‍മാറ്റിംഗിലും അവതരണത്തിലും ചില സൌകര്യങ്ങളൊക്കെയുണ്ടു്. അതേ സമയം, ബായ്ക്ക് ലിങ്കുകള്‍, കൈപ്പള്ളിയുടെ സൂചികയിലും ഗൂഗിളിന്റെ ബ്ലോഗ് സേര്‍ച്ചിലും വരല്‍ തുടങ്ങിയ ചില കാര്യങ്ങള് ബ്ലോഗറിനെപ്പോലെ ഇതില്‍ കിട്ടിയെന്നു വരില്ല.
തന്നത്താനെ അപ്‌ഡേറ്റ് ആകുന്ന, വിഭാഗം തിരിച്ച ഒരു ഇന്‍ഡക്സ് ഇതിനുണ്ടു്. പഴയ പോസ്റ്റുകള്‍ കണ്ടുപിടിക്കാന്‍ ഇതാണു നല്ല വഴി. കൂടാതെ ഏറ്റവും പുതിയ 25 പോസ്റ്റുകള്‍ ഇടത്തുവശത്തുള്ള സൈഡ്‌ബാറില്‍ കാണാം.
എന്റെ വകയായി കുറച്ചു ഫോര്‍മാറ്റിംഗ് പരീക്ഷണങ്ങള്‍ ഇതില്‍ ശ്രമിച്ചിട്ടുണ്ടു്. ശ്ലോകങ്ങള്‍ക്കും മറ്റും പ്രത്യേക വലിപ്പവും നിറവും കൊടുക്കുക, ഉദ്ധരണികള്‍ക്കും അടിക്കുറിപ്പുകള്‍ക്കും പ്രത്യേക രീതികള്‍ ഉപയോഗിക്കുക, കമന്റുകള്‍ക്കു മറുപടി അതിനോടൊപ്പം തന്നെ ചേര്‍ക്കുക തുടങ്ങി പലതും.
ഗണിതസൂത്രവാക്യങ്ങളും മറ്റും കാണിക്കാന്‍ ഉപയോഗിക്കുന്നു. ഉദാഹരണമായി,
സ്പാമന്മാരെ ഓടിക്കാനുള്ള വേര്‍ഡ് വേരിഫിക്കേഷന്‍ അക്കത്തിലാണു്. അതിനാല്‍ കീമാനും മറ്റും ഉപയോഗിക്കുന്നവര്‍ കാപ്ച ടൈപ്പു ചെയ്യാന്‍ മാത്രം മോഡ് മാറ്റേണ്ട കാര്യമില്ല.
ഇടയ്ക്കൊരു കുഞ്ഞു വരയിട്ടു് തമ്മില്‍ ചേരാത്ത വിഷയങ്ങളെ വേര്‍തിരിക്കുന്ന സമ്പ്രദായവും മലയാളം ബ്ലോഗില്‍ ഞാനാണു തുടങ്ങിയതെന്നു തോന്നുന്നു.
മനഃപൂര്‍വ്വം വലിച്ചുനീട്ടിയതാണു് ഈ പോസ്റ്റ്. എന്റെ പല പോസ്റ്റുകളും ഇതുപോലെ വലിച്ചുനീട്ടിയ പോസ്റ്റുകളാണെന്നും പലതും എഡിറ്റു ചെയ്തു ചെറുതാക്കണം എന്നും (അരവിന്ദന്റെയും കുറുമാന്റെയും പോസ്റ്റുകളെപ്പറ്റിയും ഇതു തോന്നിയിട്ടുണ്ടു്) ഉള്ള തോന്നലില്‍ നിന്നാണു് ഇരുനൂറു തികച്ചതിനെപ്പറ്റിയുള്ള ഈ പോസ്റ്റ് ഇങ്ങനെ വലിച്ചുവാരി എഴുതണമെന്നു തോന്നിയതു്.
ഒരു പോസ്റ്റില്‍ നിന്നു് എന്റെ ബ്ലോഗിലേക്കു് ഏറ്റവും കൂടുതല്‍ ലിങ്കു കൊടുത്തതു രാജേഷ് വര്‍മ്മയാണെന്നു മുകളില്‍ പറഞ്ഞതു തെറ്റാണു്. ഞാന്‍ തന്നെയാണതു്. ഈ പോസ്റ്റില്‍ എന്റെ ബ്ലോഗിലെ പോസ്റ്റുകളിലേക്കും പേജുകളിലേക്കും കമന്റുകളിലേക്കുമായി 34 ലിങ്കുകളുണ്ടു്. രാജേഷിന്റെ പോസ്റ്റില്‍ വെറും 14 ലിങ്കുകളേയുള്ളൂ.
ഇങ്ങനെയൊക്കെയാണെങ്കിലും ഇതു് എനിക്കു രസം തന്നെയാണു്. കുറച്ചുകാലം എഴുതുക, പിന്നെ കുറച്ചുകാലം എഴുതാതിരിക്കുക, കുറേ കാര്യമാത്രപ്രസക്തമായ പോസ്റ്റുകള്‍ എഴുതുക, പിന്നെ കുറേ വലിച്ചുവാരി എഴുതുക, തര്‍ജ്ജമയും പാരഡിയും ശ്ലോകവും സമസ്യാപൂരണങ്ങളും ഗണിതവും കലണ്ടറും വൃത്തവും സ്മരണകളും ആലാപനവും കൂട്ടിക്കലര്‍ത്തി വായനക്കാരെ ബോറടിപ്പിക്കുക, തല്ലു കൂടുക, ഇടയ്ക്കിടെ മറ്റു ബ്ലോഗില്‍ പോയി അടിയുണ്ടാക്കുക, പിന്നെ കുറേക്കാലം മിണ്ടാതിരിക്കുക ഇങ്ങനെ, ഇങ്ങനെ…
എനിക്കു രസമീ നിമ്നോന്നതമാം
വഴിക്കു തേരുരുള്‍ പായിക്കല്‍…
2006 മാര്‍ച്ചു മുതല്‍ 2007 നവംബര്‍ വരെ തുടങ്ങിവെച്ച മുപ്പത്തിയെട്ടു പോസ്റ്റുകളാണു ഡ്രാഫ്റ്റ് രൂപത്തില്‍ ഗുരുകുലത്തില്‍ കിടക്കുന്നതു്. ആരംഭശൂരത്വം കൊണ്ടും പൂര്‍ണ്ണതാവ്യഗ്രത കൊണ്ടും തീര്‍ക്കാതെ കിടക്കുന്നവയാണു ഭൂരിപക്ഷവും. വിഷയത്തിലുള്ള താത്പര്യമോ അതിന്റെ പ്രസക്തിയോ നഷ്ടപ്പെട്ടവയുമുണ്ടു കുറെയെണ്ണം. ഇനി മുതല്‍ പുതിയ പോസ്റ്റുകള്‍ എഴുതുന്നതിനു പകരം ഡ്രാഫ്റ്റന്മാരെ മുഴുമിക്കാന്‍ ശ്രമിക്കണം എന്നു കരുതിയതിന്റെ ഫലമാണു് കഴിഞ്ഞ രണ്ടു പോസ്റ്റുകള്‍.
പ്രോത്സാഹനം എഴുതിത്തുടങ്ങിയതു 2007 ജൂലായില്‍ ആണു്. ശ്ലോകവും അര്‍ത്ഥവുമെഴുതി ഇട്ടിരുന്നു. വിശദീകരണമായി കമന്റുകള്‍ എങ്ങനെ ബ്ലോഗുകളെ നല്ല രീതിയില്‍ ബാധിക്കുന്നു, പോസ്റ്റ്/കമന്റ് അഗ്രിഗേറ്ററുകളെപ്പറ്റിയും വായനലിസ്റ്റിനെപ്പറ്റിയും എനിക്കുള്ള അഭിപ്രായങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഒരു കനത്ത ലേഖനം എഴുതിത്തുടങ്ങിയതുമാണു്. അതു് ഇപ്പോഴെങ്ങും തീരില്ല എന്നു തോന്നിയപ്പോള്‍ എടുത്തുകളഞ്ഞിട്ടു് അപ്പോള്‍ തോന്നിയതാണു് ജ്ഞാനപ്പാനയുടെ പാരഡി എഴുതാന്‍. ബുദ്ധിരാക്ഷസനായ വക്കാരി അതു് എങ്ങനെയോ മണത്തറിഞ്ഞു ഈ കമന്റിലൂടെ!
അബദ്ധധാരണകള്‍ അതിനും മുമ്പു തുടങ്ങിയതാണു്. “എന്റെ ഓര്‍മ്മയില്‍ ഞാന്‍ ആദ്യമായി വായിക്കുന്ന…” എന്ന ഖണ്ഡിക തൊട്ടായിരുന്നു ആ പോസ്റ്റ്. രാം മോഹന്റെ അന്നങ്ങള്‍ പോയ വഴി ആണു് അതു മുഴുമിക്കാന്‍ പിന്നെയും പ്രചോദനം തന്നതു്. അഞ്ചു ദിവസം മുമ്പു് അതു പ്രസിദ്ധീകരിക്കാന്‍ വേണ്ടി അതിനു മുമ്പു് ഒരു ചെറിയ ഉപക്രമം എഴുതാന്‍ ശ്രമിച്ചതാണു് അമ്മാവന്റെയും ചിറ്റപ്പന്റെയും കഥ പറഞ്ഞു വൃഥാസ്ഥൂലമായതു്. പതിവുള്ള എഡിറ്റിംഗ് ചെയ്യാന്‍ ക്ഷമയുണ്ടായില്ല.
അതിലും വലിയ പ്രശ്നം ഉണ്ടായതു് അതില്‍ എഴുതാന്‍ ഉദ്ദേശിച്ചിരുന്ന പല കാര്യങ്ങളും പോസ്റ്റു ചെയ്തപ്പോള്‍ വിട്ടുപോയി എന്നതാണു്. അവയില്‍ ചിലതൊക്കെ പെറുക്കിക്കൂട്ടി നിരത്തിയിരിക്കുകയാണു് ഈ പോസ്റ്റില്‍. പുതിയ പോസ്റ്റ് ഉടനെയെങ്ങും എഴുതില്ല എന്ന തീരുമാനത്തിന്റെ ആദ്യത്തെ ലംഘനം.
ഞാന്‍ വായിച്ചു തുടങ്ങിയ കാലത്തു് ഇന്നത്തെപ്പോലെ കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണങ്ങള്‍ കാര്യമായി ഉണ്ടായിരുന്നില്ല. ജനയുഗത്തിന്റെ ബാലപ്രസിദ്ധീകരണമായ “ബാലയുഗം” മാത്രമായിരുന്നു ശരണം. വല്ലപ്പോഴും സ്കൂളില്‍ നിന്നു “തളിരു്” എന്ന സാധനവും കിട്ടും. ബാക്കി വായനയൊക്കെ മുതിര്‍ന്നവരുടെ പുസ്തകങ്ങള്‍ തന്നെ. (ഇങ്ങനെ “മാതൃഭൂമി” ആഴ്ചപ്പതിപ്പു വായിച്ചതു കൊണ്ടുണ്ടായ ഒരു അപകടത്തെപ്പറ്റി ഇവിടെ പറയുന്നുണ്ടു്.)
ഏഴെട്ടു വയസ്സുള്ളപ്പോള്‍ ആദ്യമായി വായിക്കുന്ന പുസ്തകങ്ങളില്‍ പൊന്‍കുന്നം ദാമോദരന്റെ രാക്കിളികള്‍ (കര്‍ഷകത്തൊഴിലാളികളായ നാണുവും പവാനിയും തമ്മില്‍ കണ്ടുമുട്ടുന്നതും പവാനി ഗര്‍ഭിണിയാകുന്നതും പിന്നെ അവര്‍ കല്യാണം കഴിക്കുന്നതും അതിനു ശേഷം പവാനി വീണ്ടും വീണ്ടും ഗര്‍ഭിണിയാകുന്നതും കുഞ്ഞുങ്ങളെ നോക്കാന്‍ കഴിയാതെ അവര്‍ കഷ്ടപ്പെടുന്നതും അവസാനം പവാനി പ്രസവിച്ചു കിടക്കുന്ന ആശുപത്രിയുടെ വെളിയിലുള്ള സര്‍വ്വേക്കല്ലില്‍ നാണു തല തല്ലി ചാവുന്നതും ആണു കഥാതന്തു. കുടുംബാസൂത്രണപ്രചാരണത്തിനായി എഴുതിയ ഒരു നോവല്‍.), കാട്ടാക്കട ദിവാകരന്റെ കിളിക്കൂടു് (അമ്മാവന്റെ മകളായ ശ്രീദേവിയെ ചതിച്ചിട്ടു പട്ടണത്തില്‍ പോയി വലിയ ഡോക്ടറായ രവിയുടെ ഭാര്യയുടെ അച്ഛന്റെ രണ്ടാം ഭാര്യയായി ശ്രീദേവി എത്തുന്നതും അതിനു ശേഷമുള്ള ഉദ്വേഗജനകങ്ങളായ സംഭവവികാസങ്ങളുമാണു് ഇതിന്റെ ഇതിവൃത്തം. ചതിച്ചിട്ടു പോയ മുന്‍കാമുകന്റെ ശല്യം സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്ത സരോജിനി എന്നൊരു ചേച്ചിയും, അവളുടെ മുന്‍കാമുകനെ കുത്തിമലര്‍ത്തിയിട്ടു നാടുവിട്ടുപോയ രഘു എന്നൊരു ചേട്ടനും ശ്രീദേവിക്കുണ്ടു്. രഘു നാടു വിട്ടു പോയിട്ടു് ഏതാനും മാസങ്ങള്‍ക്കു ശേഷം കുറച്ചകലെ താമസിക്കുന്ന ആശാന്റെ മകള്‍ പങ്കലാച്ചി ശ്രീദേവിയുടെ വീട്ടിലെത്തി രഘുവിന്റെ കുഞ്ഞിനെ അവിടെ പ്രസവിക്കുകയുണ്ടായി.) തുടങ്ങിയ മഹത്തായ ആഖ്യായികകള്‍ ഉള്‍പ്പെടുന്നു. ഇവയിലെ ദ്വയാര്‍ത്ഥപ്രയോഗങ്ങളുള്‍പ്പെടെ മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ടായിരുന്നു. പലതിനും മുമ്പു പറഞ്ഞ അതീന്ദ്രിയദ്ധ്യാനം വഴി സമ്പാദിച്ച അര്‍ത്ഥങ്ങള്‍ മനസ്സിലാക്കുകയും ഭാവിയില്‍ അതൊക്കെ അബദ്ധമാണെന്നു മനസ്സിലാക്കുകയും ചെയ്തു.
ആയിടെ തന്നെ കെ. സുരേന്ദ്രന്റെ “മരണം ദുര്‍ബ്ബലം” എന്ന നോവല്‍ വായിക്കാന്‍ തുടങ്ങുകയും അതില്‍ മായമ്മ എന്നോ മറ്റോ പറയുന്ന നായികയും ഒരു കവിയും തമ്മിലുള്ള വക്കാരിയുടെ കമന്റുകള്‍ മാതിരിയുള്ള നെടുങ്കന്‍ കത്തുകള്‍ വായിച്ചു് അന്തം വിട്ടു കുന്തം വിഴുങ്ങി വായന നിര്‍ത്തുകയും ചെയ്തു. പിന്നെ കുറെക്കാലം കഴിഞ്ഞു “ജ്വാല” വായിക്കുന്നതു വരെ കെ. സുരേന്ദ്രന്‍ എന്നു കേള്‍ക്കുന്നതു തന്നെ പേടിയായിരുന്നു.
എന്റെ വായനശീലം വര്‍ദ്ധിപ്പിക്കാന്‍ ഗണ്യമായ ഒരു പങ്കു വഹിച്ചതു ലോറികളും ബസ്സുകളുമായിരുന്നു.
ലോറികളുടെ പിറകില്‍ മലയാളത്തിലും ഇംഗ്ലീഷിലും ആപ്തവാക്യങ്ങള്‍ ഉണ്ടാവും. “ദൈവമേ”, “പിന്നെക്കാണാം” തുടങ്ങിയ ഒറ്റവാക്‍സന്ദേശങ്ങള്‍ തൊട്ടു് “എനിക്കു വിശക്കുന്നു”, “നാം രണ്ടു്, നമുക്കു രണ്ടു്”, “എനിക്കു നീയും നിനക്കു ഞാനും” തുടങ്ങിയ മഹദ്വചനങ്ങള്‍ വരെ അവിടെ കാണാം. വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കയിലെ കാറുകളിലെ ആലോചനാമൃതമായ ബമ്പര്‍ സ്റ്റിക്കറുകള്‍ കാണുമ്പോള്‍ (ഉദാ: ബുഷിനെതിരായ ഒരു ബമ്പര്‍ സ്റ്റിക്കര്‍: “No one died when Clinton lied!”) ഞാന്‍ ഈ ലോറിസന്ദേശങ്ങള്‍ ഓര്‍ക്കാറുണ്ടു്.
ബസ്സിനകത്തും (പ്രൈവറ്റ് ബസ്സുകള്‍) ഇങ്ങനെ പല സന്ദേശങ്ങളുണ്ടു്. “കയ്യും തലയും പുറത്തിടരുതു്”, “പുകവലി പാടില്ല” (സാധാരണ ഇതിലെ “പുലി” ആരെങ്കിലും മായ്ച്ചു കളഞ്ഞിട്ടുണ്ടാവും.), “എന്നെ തൊടരുതു്”, “എന്നെ ചവിട്ടരുതു്” തുടങ്ങിയവ. (അവസാനത്തെ രണ്ടെണ്ണം ഡ്രൈവറുടെ ഇടത്തുവശത്തുള്ള തൊട്ടാല്‍ ചുട്ടുപൊള്ളുന്ന പെട്ടിയുടെ പുറത്തുള്ളതാണു്. അതിനു മുകളില്‍ എപ്പോഴും വിറച്ചുകൊണ്ടിരിക്കുന്ന ഒരു കോലുമുണ്ടു്. ബോറടിക്കുമ്പോള്‍ ഡ്രൈവര്‍ ഇടയ്ക്കിടെ അതു് അങ്ങോട്ടും ഇങ്ങോട്ടും തട്ടുന്നതു കാണാം. അതിന്റെയൊന്നും പേരൊന്നും ആരോടും ചോദിച്ചിട്ടില്ല. ആ പെട്ടിയുടെയും ഇടത്തു വശത്തായി ഒരു തടിപ്പെട്ടിയുണ്ടു്. അതായിരുന്നു എന്റെ ഫേവറിറ്റ് സീറ്റ്. അവിടെയിരുന്നാല്‍ ഡ്രൈവര്‍ ചെയ്യുന്നതു കമ്പ്ലീറ്റ് കാണാം. ഇടയ്ക്കിടെ എഴുനേറ്റു കൊടുക്കേണ്ടിവരും. വണ്ടിയ്ക്കാവശ്യമുള്ള സ്പാനര്‍, കൈ തുടയ്ക്കുന്ന തോര്‍ത്തു്, ചീപ്പു്, കണ്ണാടി, മുറുക്കാന്‍ ചെല്ലം തുടങ്ങിയവ അതിനകത്താണു വെച്ചിരിക്കുന്നതു്.) കൂടാതെ ബസ്സിന്റെ മുന്‍ഭാഗത്തു യേശുക്രിസ്തുവിന്റെ ഒരു പടവും (ഇതെന്താ ക്രിസ്ത്യാനികള്‍ക്കു മാത്രമേ ബസ്സുള്ളോ? അതോ ബസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ വകുപ്പു ദൈവമാണോ ക്രിസ്തു?) കൂടെ ഒരു ബൈബിള്‍ വചനവും ഉണ്ടാവും. ഇവയില്‍ ചിലവയാണു് എന്റെ വായനതൃഷ്ണയെ വിജൃംഭിച്ചതു്.
ആദ്യത്തെ വേദവാക്യം
യഹോവ എന്റെ ഇടയനാകുന്നു, എനിക്കു മുട്ടുണ്ടാവുകയില്ല
എന്നതായിരുന്നു. യഹോവ ഇടയനായാല്‍ മുട്ടിനു് എന്തു സംഭവിക്കും എന്നു് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. “ഇവിടെ കുറേ അഹങ്കാരികള്‍ ക്രിസ്ത്യാനികള്‍ ഉണ്ടു്. എല്ലാറ്റിന്റെയും മുട്ടു തല്ലിയൊടിക്കണം” എന്നു ചില ഹിന്ദുത്വതീവ്രവാദികള്‍ പറയുന്നതു കേട്ടിട്ടുണ്ടു്. യഹോവയെ പിന്തുടര്‍ന്നാല്‍ ആരെങ്കിലും മുട്ടു തല്ലിയൊടിക്കും എന്നു യഹോവയോടു പരാതി പറയുകയാണു് എന്നാണു് ആദ്യം കരുതിയതു്. മുട്ടിന്റെ ഇവിടെ ഉദ്ദേശിച്ച അര്‍ത്ഥം പിന്നീടാണു മനസ്സിലായതു്. The Lord is my shepherd. I have everything I need. (Psalms 23:1)
“മുട്ടു്” എന്ന വാക്കിന്റെ അര്‍ത്ഥം മനസ്സിലാകാത്തതു കൊണ്ടാണു് മുകളില്‍ പറഞ്ഞതു മനസ്സിലാവാത്തതെങ്കില്‍, “ദൂരാന്വയം” എന്ന കാവ്യദോഷമാണു് താഴെപ്പറയുന്ന വാക്യത്തെ ദുര്‍ഗ്രഹമാക്കിയതു്.
നിന്റെ കൃപ എനിക്കു മതി.
ഇതിലെ നാലു വാക്കുകളും നന്നായി അറിയാം. പക്ഷേ ഈ വാക്യത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ഒരുപാടു കാലമെടുത്തു.
ആദ്യം തോന്നിയ അര്‍ത്ഥം ഇതാണു്: “ദൈവമേ, കുറെക്കാലമായി നീ എനിക്കു കൃപ തരുന്നു. ഇഷ്ടം പോലെ കിട്ടി. ഇനി എനിക്കു മതി. മടുത്തു. അതിനാല്‍, പ്ലീസ്, നീ എനിക്കു കൃപ തരരുതു്.”
ഇതിനൊരു പന്തികേടു്. കൃപ തരരുതു് എന്നു് ആരെങ്കിലും പ്രാര്‍ത്ഥിക്കുമോ? അതോ ദൈവം പരമകാരുണികനാണു് എന്നു് ഊന്നിപ്പറയുകയാണോ ഇതു്?
കുറച്ചു കഴിഞ്ഞപ്പോള്‍ തോന്നിയതു് ഇതാണു്: “നിന്റെ കൃപ എനിക്കു തന്നാല്‍ മതി. ഈ നാട്ടിലുള്ള വേറേ ഒരൊറ്റ അലവലാതിയ്ക്കും കൊടുത്തു പോകരുതു്.”
സുവിശേഷകര്‍ ഫ്രീയായി തരുന്ന ചുവന്ന പുറംചട്ടയും പോക്കറ്റിലിടാന്‍ തക്കവണ്ണം ചെറുപ്പവും മിനുസമുള്ള കടലാസും ചെറിയ അക്ഷരങ്ങളും ഉള്ള ഇംഗ്ലീഷ് ബൈബിളില്‍…
ഇതിലാണു ഞാന്‍ ആദ്യമായി internationalization കാണുന്നതു്. യോഹന്നാന്റെ സുവിശേഷം മൂന്നാം അദ്ധ്യായം പതിനാറാം വാക്യം അതിന്റെ ആദിയില്‍ പല ലോകഭാഷകളിലും എഴുതിയിരുന്നു. ഇന്ത്യന്‍ ഭാഷകളില്‍ ഹിന്ദിയും (क्योंकि परमेश्वर ने …) തമിഴും (தேவன், …) മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ മലയാളം ഇല്ലാത്തതില്‍ ഞാന്‍ ആരോടൊക്കെയോ രോഷം കൊണ്ടിരുന്നു. ഇന്നും അതു തുടരുന്നു. യൂണിക്കോഡിലും ഗൂഗിളിലും മറ്റും ഇല്ലാത്തതിനാണെന്നു മാത്രം.
…ഇതിന്റെ ഇംഗ്ലീഷ് രൂപം (My grace is all you need. 2 Cor. 12:9) വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോഴാണു് ഇതിന്റെ വിവക്ഷ “എനിക്കു നിന്റെ കൃപ മതി, വേറേ ഒരു കുന്തവും വേണ്ടാ” എന്നാണെന്നു മനസ്സിലായതു്. മലയാളമറിയാത്ത പാതിരിമാര്‍ തോന്നിയതു പോലെ പരിഭാഷപ്പെടുത്തിയ ബൈബിള്‍ പില്‍ക്കാലത്തെങ്കിലും അല്പം കൂടി നല്ല ഭാഷയില്‍ കണ്ടു വരുന്നു എന്നതു് ആശ്വാസജനകമാണു്.
(ഇതെഴുതിക്കഴിഞ്ഞു റെഫറന്‍സ് തപ്പിയപ്പോഴാണു കൊറിന്ത്യരുടെ രണ്ടാം ലേഖനം ഇരുപത്താറാം അദ്ധ്യായം ഒമ്പതാം വാക്യത്തില്‍ “എന്റെ കൃപ നിനക്കു മതി” എന്നാണെന്നു കണ്ടതു്. ഏതായാലും അബദ്ധധാരണകളെപ്പറ്റിയുള്ള ലേഖനമായതു കൊണ്ടു് അതു തിരുത്തുന്നില്ല. ഒട്ടാവ/ഒഷാവ പോലെ ഞാന്‍ ഇതു പലരോടും പറഞ്ഞിട്ടുണ്ടു്. അതു കേട്ട ആരെങ്കിലും ബൈബിളില്‍ ആ വാക്യവും ചേര്‍ത്തിരിക്കാന്‍ സാദ്ധ്യതയുണ്ടു്. :))
ഇനി, “നിന്റെ കൃപ എനിക്കു മതി” എന്ന വാക്യം ബൈബിളില്‍ എവിടെയെങ്കിലും കണ്ടാല്‍ ദയവായി എന്നെ അറിയിക്കുക. പ്ലൂട്ടോയുടെ കാര്യത്തിലെന്നതു പോലെ ഇവിടെയും എനിക്കൊന്നു് ഊരിയെടുക്കാമല്ലോ :))
(ഇവരില്‍ തമനു ഒരു കുന്തവും ചെയ്തിട്ടില്ല. അവനു കൂദാശ എത്രയുണ്ടെന്നു പോലും അറിയില്ല. നാട്ടുകാരനല്ലേ, ചേതമില്ലാത്ത ഒരുപകാരമിരിക്കട്ടേ എന്നു കരുതി :))
ഞാന്‍ ആദ്യമായി ചെസ്സുകളി കണ്ടതു് തൊട്ടടുത്തുള്ള പഞ്ചായത്ത് ഗ്രൌണ്ടില്‍ വോളിബോള്‍ കളി കാണാന്‍ പോകുമ്പോഴാണു്.
മുതിര്‍ന്നവരുടെ കളിയാണു്. പന്തു വരാന്‍ സാദ്ധ്യതയുള്ള സ്ഥലത്തു നില്‍ക്കുന്നതു തന്നെ അപകടമാണു്. പിന്നല്ലേ കളിക്കുന്നതു്! എങ്കിലും റഫറിയായി നടിച്ചു് ഒരു പോസ്റ്റിന്റെ മുകളില്‍ കയറി നില്‍ക്കുക, സ്കോര്‍ കീപ്പിംഗ് നടത്തുക, വെളിയില്‍ പോകുന്ന പന്തെടുത്തു കൊടുക്കുക, “അടി…”, “ഇടി…”, കൊടു്…”, “ശ്ശേ…”, “കലക്കി…”, “അതു മതി…” തുടങ്ങിയ വ്യാക്ഷേപകങ്ങള്‍ പുറപ്പെടുവിക്കുക, ടച്ചൂണ്ടോ, ക്രോസ് ചെയ്തോ, പന്തു് ഔട്ടാണോ റൈറ്റാണോ തുടങ്ങിയ തര്‍ക്കങ്ങള്‍ വരുമ്പോള്‍ വിലയേറിയ അഭിപ്രായങ്ങള്‍ (ആരും വിലമതിക്കില്ലെങ്കിലും) പ്രകടിപ്പിക്കുക ഇത്യാദി എണ്ണമറ്റ സേവനങ്ങള്‍ ചെയ്തുപോന്നു.
ചില ദിവസം സര്‍ക്കാര്‍ ജോലിക്കാരായ രണ്ടുപേര്‍ ഒരു ചെസ്സ് സെറ്റുമായി വരും. അവിടെ പന്തുകളി നടക്കുമ്പോള്‍ ഇവിടെ ചെസ്സുകളി നടക്കും. ഇവര്‍ വരുന്ന ദിവസങ്ങളില്‍ ഞാന്‍ പന്തുകളി വിട്ടിട്ടു് ചെസ്സുകളി കാണാന്‍ പോയി ഇരിക്കും. പഴം കളി, ഇരുപത്തിനാലു നായും പുലിയും, പാറ കൊത്തു് (കൊത്തുകല്ലു്) തുടങ്ങിയ ഇന്‍ഡോര്‍ ഗെയിമുകളില്‍ നിഷ്ണാതനായിരുന്നെങ്കിലും ഈ സാധനം കാര്യമായി മനസ്സിലായിരുന്നില്ല. ഏറ്റവും ബുദ്ധിമുട്ടു് കാലാളിന്റെ നീക്കമായിരുന്നു. ചിലപ്പോള്‍ ഒരു കളം, ചിലപ്പോള്‍ രണ്ടു കളം, ചിലപ്പോള്‍ കോണോടു കോണായി… ആകെ കണ്‍ഫ്യൂഷന്‍! ചോദിക്കുന്നതെങ്ങനെ? എനിക്കീ കളി അറിയില്ല എന്നു് അവര്‍ അറിയില്ലേ? അതുകൊണ്ടു് കളിയെല്ല്ലാം മനസ്സിലായി എന്നു നടിച്ചു തലയാട്ടി ഞാന്‍ അവിടെയിരിക്കും.
കുറെക്കാലം അങ്ങനെയിരുന്നപ്പോള്‍ നീക്കങ്ങളൊക്കെ പഠിച്ചു. എപ്പോഴാണു കളി തീരുന്നതു് എന്നു മാത്രം മനസ്സിലായില്ല. എനിക്കറിയാവുന്ന മറ്റു കളികളിലൊക്കെ ഒരാളുടെ കരുക്കളെല്ലാം തീരുമ്പോഴാണു കളി തീരുന്നതു്. ഇതില്‍ ഇടയ്ക്കു് ധാരാളം കരുക്കള്‍ ബാക്കിയിരിക്കുമ്പോള്‍ത്തന്നെ “കലക്കന്‍ കളിയായിരുന്നു” എന്നും മറ്റും പറഞ്ഞു നിര്‍ത്തുന്നതു കാണാം. ചോദിക്കാന്‍ പറ്റുമോ? അതിന്റെ ജീന്‍ വേണ്ടേ?
അങ്ങനെയിരിക്കേ ഒരു ദിവസം ഒരാള്‍ വിചിത്രമായ ഒരു നീക്കം നടത്തി. രാജാവിനെയും തേരിനെയും ഒരു നീക്കത്തില്‍ത്തന്നെ അങ്ങോട്ടുമിങ്ങോട്ടും നീക്കുന്ന വിദ്യ. “അതെന്താ?” എന്ന എന്റെ ചോദ്യം ജീനില്ലാത്തതു കൊണ്ടു തൊണ്ടയില്‍ത്തന്നെ കുരുങ്ങി. അപ്പോള്‍ നീക്കം നടത്തിയ ആളിന്റെ എതിരാളി ചോദിച്ചു.
“അതെന്താ?”
സമാധാനം. ഞാന്‍ ചെവി കൂര്‍പ്പിച്ചിരുന്നു.
“ഓ അതോ, അതു ഡയസ് നോണ്‍”
അവര്‍ എന്തോ ജോലിക്കാര്യം സംസാരിച്ചു കൊണ്ടിരുന്നതിന്റെ തുടര്‍ച്ചയാണു് അതെന്നു് എനിക്കു മനസ്സിലായില്ല. ആ നീക്കത്തിന്റെ പേരാണെന്നാണു ഞാന്‍ കരുതിയതു്.
ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ “ഡയസ് നോണ്‍” എങ്ങനെ നീക്കും എന്നെനിക്കു മനസ്സിലായി. രാജാവിനെ അതേ നിറത്തിലുള്ള തൊട്ടടുത്ത കളത്തിലേക്കു നീക്കുക. അതു ചാടിക്കടന്ന കളത്തിലേക്കു തേരിനെ വെയ്ക്കുക. അവയ്ക്കിടയില്‍ കരുക്കളുണ്ടെങ്കില്‍ ചെയ്യാന്‍ പാടില്ല എന്നു തോന്നുന്നു.
കാലം കുറേക്കഴിഞ്ഞു. ഇപ്പോള്‍ അത്യാവശ്യമായി അടിയറവും മറ്റും മനസ്സിലായി. കുറേശ്ശെ കളിച്ചും തുടങ്ങി, ജയിക്കാറില്ലെങ്കിലും.
എന്റെ വീടിനടുത്തു് ആകെ ഒരു സ്ഥലത്തേ ചെസ്സ് സെറ്റൂള്ളൂ. വൈ. എം. ഏ. ലൈബ്രറിയില്‍. രണ്ടു പേര്‍ കളിക്കുന്നുണ്ടാവും. പത്തിരുപതു പേര്‍ ചുറ്റും നിന്നു് “അതു കളി”, “ഇതു കളി”, “ഇവനെന്താ ഈ ചെയ്യുന്നതു്”, “മന്ത്രിയെക്കാള്‍ സ്ട്രോംഗ് കുതിരയല്ലേ” എന്നും മറ്റും ബഹളമുണ്ടാക്കിക്കൊണ്ടിരിക്കും. ഈ ബഹളക്കൂട്ടത്തില്‍ ഞാനും ഒരു സജീവാംഗമായിരുന്നു.
ഒരിക്കല്‍ നടുക്കിരിക്കുന്ന രാജാവിനെതിരേ ആക്രമണം കൊടുമ്പിരിക്കൊള്ളുന്ന സമയത്തു് അക്രമത്തിനിരയാകുന്നവനെ സഹായിച്ചുകൊണ്ടു ഞാന്‍ ഗര്‍ജ്ജിച്ചു:
“ഡയസ് നോണ്‍ ചെയ്യു്”
ലൈബ്രറിയിലുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകള്‍ ഒരുമിച്ചു് എന്റെ മേല്‍ പതിച്ചു.
“ഡയസ് നോണ്‍” എന്നു വെച്ചാല്‍ ജോലി ചെയ്യാതെ സമരമോ മറ്റോ ചെയ്താല്‍ ശമ്പളം പിടിക്കുകയോ മറ്റോ ചെയ്യുന്ന സര്‍ക്കാര്‍ ജോലി ജാര്‍ഗണാണെന്നും ചെസ്സിലെ നീക്കത്തിന്റെ പേരു് “കാസ്ലിംഗ്” (Castling) എന്നാണെന്നും അന്നു ഞാന്‍ മനസ്സിലാക്കി.
പിന്നീടു് എത്രയോ തവണ O-O എന്നും O-O-O എന്നും സ്കോര്‍ ഷീറ്റില്‍ എഴുതി ഞാന്‍ കാസ്ലിംഗ് ചെയ്തിരിക്കുന്നു. ഓരോ തവണയും ഞാന്‍ ഡയസ് നോണിനെ ഓര്‍ക്കും.
എന്‍-പാസന്റ് എന്ന വിദ്യ അവര്‍ക്കറിയില്ലായിരുന്നു എന്നു തോന്നുന്നു. അറിയാമായിരുന്നെങ്കില്‍ ഞാന്‍ അതിനെ “കമ്യൂട്ടഡ് ലീവ്” എന്നോ മറ്റോ വിളിച്ചേനേ.
ആദ്യമായി കടലാസ്സില്‍ നോക്കി ഒരു ചെസ്സ് ഗെയിം കളിച്ചു നോക്കിയതു് 1978-ല്‍ കാര്‍പ്പോവും കൊര്‍ച്ച്നോയിയും ലോക ചാമ്പ്യന്‍ ഷിപ്പു കളിച്ചപ്പോഴാണു്. Sports in the USSR എന്ന മാസികയില്‍ കാര്‍പ്പോവ് ജയിച്ച ആറു കളികളും ഉണ്ടായിരുന്നു. അതു കളിച്ചു നോക്കിയിട്ടു് കാര്യമായി ഒന്നും മനസ്സിലായില്ല. 1. c4 e6 2. Nc3 d5 3. d4 എന്നീ നീക്കങ്ങള്‍ക്കു ശേഷം (അതില്‍ descriptive notation-ല്‍ ആയിരുന്നു. 1. P-QB4 P-K3 2. N-QB3 P-Q4 3. P-Q4) c4-ലെ കാലാളിനെ അഞ്ചാറു നീക്കങ്ങള്‍ കഴിയുന്നതു വരെ കാര്‍പ്പോവ് വെട്ടാത്തതെന്താണെന്നു തല പുകഞ്ഞാലോചിച്ചു മണിക്കൂറുകള്‍ കളഞ്ഞിട്ടുണ്ടു്. മൂര്‍ത്തി പറഞ്ഞ എതിരന്‍ പുസ്തകങ്ങള്‍ പോയിട്ടു് ടി. കെ. ജോസഫ് തറപ്പേലിന്റെ “ചെസ്സ് മാസ്റ്റര്‍” എന്ന മലയാളപുസ്തകം പോലും ഉണ്ടെന്നു് അറിയാത്ത കാലം. ആറുകളിയും തോറ്റ കോര്‍ച്ച്നോയി ഒരു മണ്ടന്‍ കളിക്കാരനായിരുന്നു എന്നായിരുന്നു എന്റെ വിചാരം.
ആദ്യത്തെ ചെസ്സ് പുസ്തകം പ്രഭാത് ബുക്ക് ഹൌസിന്റെ ചലിക്കുന്ന പുസ്തകശാലയില്‍ നിന്നു വാങ്ങിയ “Your first move” (സൊക്കോള്‍സ്കി എഴുതിയതു്) ആയിരുന്നു. അതില്‍ കോര്‍ച്ച്നോയിയെപ്പോലെ മറ്റൊരു മണ്ടനെ കണ്ടുമുട്ടി. ഇദ്ദേഹം എല്ലാ കളികളിലും തോറ്റിരുന്നു. Amateur എന്നാണു പേരു്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മോര്‍ഫിയോടു തോറ്റ അദ്ദേഹം 1930-കളില്‍ അലക്സാണ്ടര്‍ അലക്കൈനോടും വയസ്സുകാലത്തു തോറ്റിട്ടുണ്ടു്. തോറ്റെങ്കിലും ഇത്ര വയസ്സുകാലത്തും കളിക്കുന്ന അയാളോടു് എനിക്കു ബഹുമാനം തോന്നിയിരുന്നു-അതും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചുറ്റി നടന്നു കളിച്ചിരുന്ന ആ അര്‍പ്പണബോധത്തെ ഓര്‍ത്തിട്ടു്.
പിന്നീടു മറ്റൊരു പുസ്തകത്തില്‍ ഇദ്ദേഹം ബോബി ഫിഷറിനോടു് 1960-കളില്‍ തോല്‍ക്കുന്നതു കണ്ടപ്പോഴാണു് എന്തോ പാകപ്പിഴയുണ്ടെന്നു മനസ്സിലായതു്. പിന്നെ മനസ്സിലായി പേരു പ്രസക്തമല്ലാത്ത വെറും കളിക്കാരെ (വലിയ കളിക്കാര്‍ സൈമല്‍ട്ടേനിയസ്സ് എക്സിബിഷനിലും മറ്റും കളിക്കുന്നവര്‍) സൂചിപ്പിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന പേരാണു് Amateur എന്നു്.
ജോലി തെണ്ടിയും പിന്നെ കിട്ടിയും ബോംബെയില്‍ മൂന്നു സഹമുറിയന്മാരൊപ്പം താമസിക്കുന്ന സമയത്തു വീട്ടില്‍ ഇംഗ്ലീഷ് പത്രം വരുത്തുമായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ. ഇന്നത്തെയും എന്നത്തെയും പോലെ അന്നും എനിക്കു പത്രവായനയുടെ ദുശ്ശീലമില്ല. (ഈയിടെ കാലിഫോര്‍ണിയയില്‍ തീപിടുത്തമുണ്ടായതറിഞ്ഞതു രാം മോഹന്റെ പോസ്റ്റു കണ്ടപ്പോഴാണു്. മൂട്ടില്‍ ചൂടു തട്ടിയപ്പോഴല്ല, ഭാഗ്യം!) ഞായറാഴ്ച വേറേ ഒന്നും ചെയ്യാനില്ലാത്തതു കൊണ്ടു വാരഫലം, കാര്‍ട്ടൂണുകള്‍, മുകുല്‍ ശര്‍മ്മയുടെ “മൈന്‍ഡ് സ്പോര്‍ട്ട്”, ചെസ്സ്, ബ്രിഡ്ജ് തുടങ്ങിയവ വായിക്കും. അത്രമാത്രം.
താത്പര്യത്തോടു കൂടി ആകെ വായിക്കുന്നതു വേറേ ഏതോ ദിവസം പ്രസിദ്ധീകരിക്കുന്ന വിവാഹപ്പരസ്യങ്ങള്‍ മാത്രമാണു്. പരസ്യത്തിനു മറുപടി അയയ്ക്കാന്‍ ഉദ്ദേശ്യമൊന്നുമില്ല. എങ്കിലും കെട്ടുപ്രായമായ പെങ്കൊച്ചുങ്ങള്‍ക്കും അവരുടെ അപ്പനമ്മമാര്‍ക്കും വരന്‍ എങ്ങനെയുള്ളവനാകണം? എന്നതിനെപ്പറ്റിയുള്ള അഭിപ്രായം അറിയാന്‍ ഒരു കൊതി. അതുപോലെ ആകാന്‍ ശ്രമിക്കാം എന്ന ദുരുദ്ദേശ്യമൊന്നുമില്ല താനും.
അങ്ങനെ നോക്കിയിരിക്കുമ്പോഴാണു് മിക്കവാറും എല്ലാ പരസ്യത്തിലും ഉള്ള ഒരു വാക്കു കണ്ണില്‍ തറച്ചതു്. പയ്യന്‍ teetotaler ആയിരിക്കണമത്രേ!
സഹമുറിയന്‍ വാങ്ങി വെച്ച ഒരു നിഘണ്ടു അലമാരയിലുണ്ടു്. ഈ വക കാര്യങ്ങളില്‍ ഞാന്‍ അതു തൊട്ടുനോക്കാറു പോലുമില്ല. (അതിനു വേറേ ഒരു കാരണം കൂടിയുണ്ടു്. അതു് ഇംഗ്ലീഷ്-ഇംഗ്ലീഷ് നിഘണ്ടുവാണു്, ഇംഗ്ലീഷ്-മലയാളം അല്ല. അതില്‍ അറിയാത്ത ഒരു വാക്കിന്റെ അര്‍ത്ഥം നോക്കിയാല്‍ അറിയാത്ത വേറെ അഞ്ചു വാക്കു കിട്ടും. അവയുടെ അര്‍ത്ഥം നോക്കിയാല്‍ നമ്മുടെ അണ്‍നോണ്‍ വൊക്കാബുലറിയില്‍ ഇരുപത്തഞ്ചു വാക്കുകളാകും. അങ്ങനെ അര്‍ജ്ജുനന്റെ അമ്പുകള്‍ പോലെ എടുക്കുമ്പോള്‍ ഒന്നു്, തൊടുക്കുമ്പോള്‍ പത്തു് എന്നിങ്ങനെ അറിയാത്ത വാക്കുകള്‍ കൂടിക്കൊണ്ടിരിക്കും.) പകരം, സ്വന്തം അതീന്ദ്രിയദ്ധ്യാനം തന്നെ ഉപയോഗിക്കും. ആ വാക്കു കണ്ടിട്ടു നല്ല മെലിഞ്ഞു നീണ്ട ഒരുവനാണെന്നു തോന്നി. Toe വരെ total ആയി എത്തുന്ന കൈയുള്ളവന്‍ എന്നോ മറ്റോ ഒരര്‍ത്ഥവും തോന്നി. അതുകൊണ്ടു മെലിഞ്ഞുനീണ്ടവന്‍ എന്നൊരു അര്‍ത്ഥമെടുത്തു. ആജാനുബാഹു എന്നു വേണമെങ്കില്‍ ഒരു വെയിറ്റിനു പറയാം എന്നും ഓര്‍ത്തു.
എന്തിനും സംശയം ചോദിക്കുന്ന ഒരുവന്‍ മുറിയില്‍ വന്നതും അവന്‍ പത്രം വായിച്ചതും (അവന്‍ പത്രം മുഴുവന്‍ പരസ്യമുള്‍പ്പെടെ അരിച്ചുപെറുക്കി വായിക്കും) ഇതിന്റെ അര്‍ത്ഥം ചോദിച്ചതും ഞാന്‍ “ആജാനുബാഹു” എന്നു പറഞ്ഞതും എല്ലാവരും തലയറഞ്ഞു ചിരിച്ചതും പിന്നെ കുറേക്കാലം എന്നെ എല്ലാവരും “ആജാനുബാഹു” എന്നു വിളിച്ചതും ഒക്കെ ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. ഓര്‍മ്മകളേ….
(എന്നെപ്പോലെ മടിയുള്ളവര്‍ക്കു വേണ്ടി: teetotaler എന്നു വെച്ചാല്‍ ഒരു കാലത്തും മദ്യപിക്കില്ല എന്നു പ്രതിജ്ഞയെടുത്തവന്‍ എന്നാണര്‍ത്ഥം.)
ഇനിയുമുണ്ടു് ഒരുപാടു പോസ്റ്റുകളെഴുതാനുള്ള വകുപ്പു് ഈ വിഷയത്തില്‍. ഞാന്‍ ഏതായാലും തത്ക്കാലം ഇവിടെ നിര്‍ത്തുന്നു. ഇതിന്റെ മൂന്നാം ഭാഗം അരവിന്ദനും നാലാം ഭാഗം വിശാലമനസ്കനും എഴുതും എന്നറിയുന്നു. ഒരു പക്ഷേ, ഇതു ബൂലോഗത്തിലെ ആദ്യത്തെ സംയുക്തപരമ്പരയാവില്ല എന്നാരു കണ്ടു? ഇതായിരിക്കുമോ ബൂലോഗത്തില്‍ നിന്നുള്ള അടുത്ത പുസ്തകം? “ബൂലോഗരുടെ അബദ്ധധാരണകള്‍”!
അബദ്ധധാരണകളുടെ ഇനിയുള്ള ഭാഗങ്ങള്‍ എഴുതുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്കു്:
നാമെഴുതുന്നതു് ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാവുന്ന സംഗതികള്‍ മടി കൊണ്ടോ ജീന്‍ ഇല്ലാത്തതു കൊണ്ടോ ചെയ്യാതെ വളരെക്കാലം കൊണ്ടു് അബദ്ധത്തില്‍ ചാടുന്ന സംഗതികളാണു്. അല്ലാതെ അറിവില്ലായ്മ കൊണ്ടും അധികപ്രസംഗം കൊണ്ടും കാണിക്കുന്ന മണ്ടത്തരങ്ങളല്ല. അത്തരം സംഗതികള്‍ക്കായി ശ്രീജിത്ത് “മണ്ടത്തരങ്ങള്‍” എന്ന ബ്ലോഗ് തുറന്നു വെച്ചിട്ടുണ്ടു്. അതിപ്പോള്‍ ലീസിനു ലഭ്യമാണു്.
മുകളില്‍ പറഞ്ഞ കാരണം കൊണ്ടു് അനംഗാരിയും വെമ്പള്ളിയും പറഞ്ഞ മാതിരിയുള്ള ഉദാഹരണങ്ങള്‍ സ്വീകാര്യമല്ല.
ഭൂരിഭാഗം കുട്ടികള്‍ക്കുള്ള ഒരു ഗുണം എനിക്കു ചെറുപ്പത്തില്‍ ഉണ്ടായിരുന്നു. അറിയില്ല എന്നു നാലാള്‍ അറിയുന്നതിലുള്ള ചമ്മല്‍. അതുകൊണ്ടു് അറിയാത്ത എന്തെങ്കിലും കേട്ടാല്‍ അതു ചോദിച്ചു മനസ്സിലാക്കുന്ന സ്വഭാവമില്ല. വായിച്ചോ വേറെ ആരോടെങ്കിലും ചോദിച്ചോ അതീന്ദ്രിയദ്ധ്യാനം നടത്തിയോ ടി കാര്യം പിന്നീടു ഗ്രഹിച്ചുകൊള്ളാം എന്നങ്ങു തീരുമാനിക്കും. പിന്നെ ആ വഴിക്കു പോകുന്ന പ്രശ്നമില്ല. കുറേ കഴിയുമ്പോള്‍ താന്‍ തന്നെ മേല്‍പ്പറഞ്ഞ അതീന്ദ്രിയദ്ധ്യാനത്തിലൂടെ കണ്ടുപിടിച്ച സംഗതി ശരിയാണെന്നങ്ങു് ഉറപ്പിക്കും. അതു മഹാ അബദ്ധവുമായിരിക്കും.
വലുതായിട്ടും ഈ സ്വഭാവം മാറിയില്ല. അറിയാത്ത കാര്യങ്ങള്‍ ക്ലാസ്സില്‍ സാറിനോടു ചോദിക്കില്ല. ആചാര്യനല്ലാതെ വിദ്യ നേടാന്‍ നാലില്‍ മൂന്നു കാര്യങ്ങളുണ്ടല്ലോ എന്നു കരുതി അങ്ങു വിടും. അവസാനം അവയില്‍ അതെല്ലാം വിട്ടിട്ടു് കാലക്രമം കൊണ്ടു് അതു കിട്ടുമ്പോഴേയ്ക്കു പശു ചത്തു മോരിലെ പുളിയും പോയി എന്ന സ്ഥിതിയാകും.
ജോലിസ്ഥലത്താണു് ഏറ്റവും ബുദ്ധിമുട്ടിയതു്. സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ട്രാന്‍സ്പോര്‍ട്ടെഷന്‍ ആന്‍ഡ് ട്രാഫിക് എഞ്ചിനീയറിംഗില്‍ ബിരുദാനന്തരബിരുദവുമെടുത്തിട്ടു് അവയോടു പുലബന്ധം പോലുമില്ലാത്ത കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി ജോലി തുടങ്ങിയ എന്നെത്തേടിയെത്തിയ പ്രോജക്ടുകളില്‍ പലതിലും (ടെലഫോണ്‍ സ്വിച്ചിംഗ് ടെക്നോളജി, മ്യൂച്വല്‍ ഫണ്ട്സ്, ഹാര്‍ഡ്വെയര്‍ മോഡങ്ങളുടെ എംബഡഡ് സോഫ്റ്റ്വെയര്‍, ഇലക്ട്രോണിക് ഡിസൈന്‍ ഓട്ടോമേഷന്‍ തുടങ്ങി യൂണിക്കോഡ് വരെ) അറിയുന്നതില്‍ കൂടുതലും അറിയാത്തതായിരുന്നു. വായിച്ചറിയാം എന്നു കരുതി ചോദ്യങ്ങള്‍ ചോദിക്കാതിരുന്നിടത്തൊക്കെ അത്യാഹിതങ്ങള്‍ പലതും സംഭവിച്ചു. ഏതായാലും കുറെക്കാലമായി സംശയങ്ങള്‍ മടി വിട്ടു ചോദിക്കാന്‍ കഴിയുന്നുണ്ടു്. അതിനു സാദ്ധ്യമായതില്‍ പിന്നെയാണു ജോലിയില്‍ അല്പം സമാധാനമായതു്.
എന്റെ ഗ്രാമത്തില്‍ എനിക്കു മുമ്പുള്ള കുറേ തലമുറകളിലുള്ള ആളുകള്‍ക്കൊരു പ്രത്യേകതയുണ്ടായിരുന്നു. അധികം ദൂരെപ്പോയി വിവാഹം കഴിക്കാന്‍ അധികം പേര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. അതിനാല്‍ മിക്കവാറും ആളുകളും സ്വഗ്രാമമായ ഇലന്തൂര്‍, അടുത്ത ഗ്രാമമായ ഓമല്ലൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നു തന്നെ കല്യാണം കഴിച്ചു സസുഖം വാണു. പത്തു കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തു നിന്നു ഇവിടെ വന്നു കല്യാണം കഴിച്ചവരെ “വരത്തര്‍” എന്നു വിളിച്ചു. അവരുടെ നാടിനെ കടപ്പുറമെന്നോ മലമ്പ്രദേശമെന്നോ അവര്‍ വന്ന ദിശയെ എക്സ്ട്രാപൊളേറ്റ് ചെയ്തു വിവക്ഷിച്ചു.
ഇതുമൂലം വലഞ്ഞതു് സംശയപൂരണത്തില്‍ പിന്നോക്കമായിരുന്ന ഞാനാണു്. കാണുന്ന മിക്കവാറും മുഖങ്ങളൊക്കെ ബന്ധുക്കളാണു്. എന്നാല്‍ അവരുടെ പേരു്, ബന്ധം, എന്താണു് അവരെ വിളിക്കേണ്ടതു്, അവരുടെ മാതാപിതാപുത്രകളത്രങ്ങള്‍ ആരൊക്കെ എന്നിവയെപ്പറ്റി എനിക്കൊരു ഗ്രാഹ്യവുമില്ല. ജനിച്ചപ്പോള്‍ മുതല്‍ കാണുന്ന ആളുകളോടു് “നിങ്ങളാരാ?” എന്നെങ്ങനെ ചോദിക്കും? അമ്മയോടെങ്ങാനും രഹസ്യമായി ചോദിച്ചാല്‍ പിന്നെ കുശാലായി. അയാളുടെ മുന്നില്‍ വെച്ചു തന്നെ അമ്മ ഉറക്കെ തമാശ പറയും: “ദേ, കേട്ടോ, ഇവനു കൊച്ചാട്ടന്‍ ആരാണെന്നു് അറിയില്ലെന്നു്. ഇവനെപ്പോലൊരു കൊജ്ഞാണന്‍!” (കൊജ്ഞാണന്‍ എന്നതു ബുദ്ധിരാക്ഷസന്‍, സര്‍വ്വജ്ഞന്‍ തുടങ്ങിയവയുടെ വിപരീതപദമാകുന്നു.)
സായിപ്പിന്റെ നാട്ടിലാണെങ്കില്‍ അങ്കിള്‍ എന്നോ ആന്റി എന്നോ പറഞ്ഞു തടി തപ്പാവുന്ന ബന്ധങ്ങളില്‍ പലതും ഇവിടെ വളരെ സങ്കീര്‍ണ്ണമാണു്. അച്ഛന്റെ ജ്യേഷ്ഠന്റെ സ്ഥാനത്തുള്ളവരെ പേരപ്പന്‍ എന്നും അനിയന്റെ സ്ഥാനത്തുള്ളവരെ ചിറ്റപ്പന്‍ എന്നും വിളിക്കണം. (ഈ സ്ഥാനം കണ്ടുപിടിക്കാന്‍ നാലു തലമുറ പുറകോട്ടു പോയി ഒരു സാഹോദര്യം കണ്ടുപിടിച്ചിട്ടു തിരിച്ചു വരണം.) അച്ഛന്റെ സഹോദരിയുടെ സ്ഥാനത്തുള്ള സ്ത്രീ അപ്പച്ചിയാണു്. അതു തന്നെ മൂത്തതാണെങ്കില്‍ വല്യപ്പച്ചി, ഇളയതാണെങ്കില്‍ കൊച്ചപ്പച്ചി. അമ്മയുടെ സഹോദരസ്ഥാനത്തുള്ളവര്‍ അമ്മാവന്‍ (അമ്മാവന്‍, കുഞ്ഞമ്മാവന്‍, ഗോപാലകൃഷ്ണനമ്മാവന്‍ എന്നിങ്ങനെ പല രൂപവുമുണ്ടു് അതിനു്), പേരമ്മ, കൊച്ചമ്മ/കുഞ്ഞമ്മ/ചിറ്റമ്മ (ഇതിലേതു വേണമെന്നു വിളിക്കപ്പെടേണ്ടവരുടെ ഇഷ്ടമനുസരിച്ചു മാറും) എന്നിങ്ങനെ. അതിനും മുമ്പുള്ള തലമുറ അപ്പൂപ്പനും അമ്മൂമ്മയും. ഭാഗ്യത്തിനു് അച്ഛന്‍ വഴിയ്ക്കും അമ്മ വഴിയ്ക്കും വെവ്വേറേ പേരില്ല. എങ്കിലും അച്ഛന്റെയോ അമ്മയുടേയോ അമ്മാവന്റെ/അമ്മായിയുടെ സ്ഥാനത്തുള്ള ആളെ വല്യമ്മാവന്‍/വല്യമ്മായി എന്നേ വിളിക്കാവൂ. ഒരേ ഡെസിഗ്നേഷന്‍ (ഉദാ: വല്യമ്മായി) പലരുണ്ടാകാമെന്നതുകൊണ്ടു് ഒരാളെപ്പറ്റി മറ്റൊരാളോടു പറയുമ്പോള്‍ വീട്ടുപേരും ചിലപ്പോള്‍ ആളിന്റെ പേരും ചേര്‍ത്തും പറയണം. വല്യതറയിലെ പുരുഷോത്തമന്‍ ചിറ്റപ്പന്‍, ഇളംപ്ലാവിലെ ദാമോദരനമ്മാവന്‍ എന്നിങ്ങനെ.
ഏറ്റവും ബുദ്ധിമുട്ടു ജരാനരകള്‍ ബാധിച്ച ചില മനുഷ്യരുടെ കാര്യമാണു്. ഏതു കണ്ണുപൊട്ടനും അപ്പൂപ്പാ എന്നു വിളിക്കും. പക്ഷേ കണക്കെടുത്താല്‍ അയാള്‍ നമ്മുടെ ഒരു ചേട്ടനായി വരും. അതിനാല്‍ കൊച്ചാട്ടാ എന്നേ വിളിക്കാവൂ. ചേച്ചിമാരെ ഇച്ചേയീ എന്നും.
ചിലര്‍ ഒരേ സമയത്തു രണ്ടായിരിക്കും. വെള്ളമടിക്കാതെ തന്നെ. അച്ഛന്‍ വഴിക്കു ചിറ്റപ്പനും അമ്മ വഴിക്കു് അമ്മാവനും ഒരാള്‍ തന്നെയാവാം. (നാലഞ്ചു തലമുറകള്‍ കൊണ്ടുള്ള സാഹോദര്യമാണെന്നോര്‍ക്കണം. അല്ലാതെ പെരിങ്ങോടന്‍ പറയുന്ന അഗമ്യഗമനമല്ല.) ഈ സന്ദര്‍ഭത്തില്‍ എന്തു വിളിക്കണം എന്നതു വളരെ കോമ്പ്ലിക്കേറ്റഡ് ആയ ഒരു അല്‍ഗരിതം ആണു്. എനിക്കിതു വരെ മനസ്സിലായിട്ടില്ല. ഇതില്‍ ഏറ്റവും അടുത്ത ബന്ധം നോക്കുകയോ മറ്റോ ആണു്. അതൊന്നും വ്യക്തമാകാത്തതു കൊണ്ടു് “പുസ്തകത്തില്‍ ഇടത്തു വശത്തുള്ളതു് ഉപമ, വലത്തു വശത്തുള്ളതു് ഉത്പ്രേക്ഷ” എന്നു പിള്ളേര്‍ കാണാതെ പഠിക്കുന്നതു പോലെ ഗോപാലകൃഷ്ണനമ്മാവന്‍, വിശ്വനാഥന്‍ ചിറ്റപ്പന്‍ എന്നിങ്ങനെ ഉരുവിട്ടു പഠിച്ചു കഷ്ടിച്ചു രക്ഷപ്പെട്ടു പോന്നു.
ചുരുക്കം പറഞ്ഞാല്‍ ആളുകളുടെ പേരു്, ബന്ധം (through shortest-path algorithm), പ്രായം, ജോലിസ്ഥലം തുടങ്ങി ധാരാളം വിവരങ്ങള്‍ അറിയാമെങ്കിലേ നിന്നു പിഴയ്ക്കാന്‍ പറ്റൂ. എനിക്കിതു വലിയ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ “ഓമല്ലൂരെങ്ങാണ്ടുള്ള, നരച്ച താടിയുള്ള, എല്ലാ സദ്യയ്ക്കും ആദ്യത്തെ പന്തിയ്ക്കു തന്നെയിരിക്കുന്ന ഒരു അപ്പൂപ്പനോ പേരപ്പനോ ആരാണ്ടില്ലേ, അങ്ങേരു്” എന്നൊക്കെയാണു് എന്റെ വിവരണം പലപ്പോഴും.
ബന്ധുക്കള്‍ക്കു മാത്രമല്ല ഈ പ്രശ്നം. നാട്ടില്‍ നൂറു വികാരിയച്ചന്മാരുണ്ടു്. എല്ലാവര്‍ക്കും ളോഹയുണ്ടു്, ബെല്‍റ്റുണ്ടു്, താടിയുണ്ടു്, ചുണ്ടില്‍ പുഞ്ചിരിയുണ്ടു്, കക്ഷത്തില്‍ ബൈബിളുണ്ടു്. ഏതച്ചനാണെന്നു പറയാന്‍ എനിക്കു യാതൊരു നിര്‍വ്വാഹവുമില്ല. എന്നാല്‍ അച്ചനോടു ചോദിച്ചാല്‍ പോരേ പേരെന്താണെന്നോ ഏതു പള്ളിയിലെയാണെന്നോ. ങ്ങേ ഹേ! അച്ചനെന്തു വിചാരിക്കും!
അറിയാത്തതു ചോദിക്കാനുള്ള മടിയുടെ ഉത്തരവാദിത്വം ഞാന്‍ അവസാനം മാതാപിതാക്കളിലാണു ഞാന്‍ ആരോപിച്ചതു്. ആ സ്വഭാവത്തിനുള്ള ജീന്‍ അവര്‍ എനിക്കു തരാഞ്ഞതാണു് അതിനു കാരണം എന്നായിരുന്നു എന്റെ കണ്ടുപിടിത്തം. (ഏതായാലും ആ ജീനാണോ അമ്മ വഴിക്കു കിട്ടിയ ജീനാണോ എന്തോ, എന്റെ മകനു് അറിയാത്തതു ചോദിക്കാനുള്ള സ്വഭാവം കിട്ടിയിട്ടുണ്ടു്.)
സംശയം ചോദിക്കാനുള്ള ജീനിന്റെ അഭാവം മൂലം വന്നുകൂടിയ അസംഖ്യം അബദ്ധധാരണകളില്‍ നിന്നു തിരഞ്ഞെടുത്ത ഏതാനും മുത്തുമണികളാണു താഴെ.
എന്റെ ഓര്‍മ്മയില്‍ ഞാന്‍ ആദ്യമായി വായിക്കുന്ന പത്രവാര്‍ത്ത “ഇന്ത്യയുമായി യുദ്ധത്തിനു പാക്കിസ്താന്‍ ഒരുങ്ങിനില്‍ക്കുന്നു” എന്നു മാതൃഭൂമിയില്‍ വന്ന വാര്‍ത്തയാണു്. 1971-ലായിരിക്കണം. അപ്പോള്‍ എനിക്കു പ്രായം അഞ്ചോ ആറോ. അതിനു മുമ്പു തന്നെ ഇന്ത്യയുടെ ഭൂപടവും അതിന്റെ മുകളില്‍ ഇടത്തുവശത്തായി കിടക്കുന്ന പാക്കിസ്ഥാനെയും കണ്ടിട്ടുണ്ടായിരുന്നു. മുഖലക്ഷണം പറയുന്ന കാക്കാത്തിയുടെ തോളത്തിരിക്കുന്ന തത്തയെപ്പോലെ ഇന്ത്യയുടെ തോളത്തിരിക്കുന്ന ഒരു ജീവിയായാണു ഞാന്‍ അന്നു പാക്കിസ്ഥാനെ കരുതിയിരുന്നതു്. ആ ജീവിക്കു് ഇന്ത്യയോടു യുദ്ധം ചെയ്യാന്‍ എന്തൊരു ധൈര്യമാണെന്നു് അദ്ഭുതപ്പെടുകയും ചെയ്തു.
“ഒരുങ്ങിനില്‍ക്കുന്നു” എന്ന പ്രയോഗമാണു കൂടുതല്‍ കൗതുകമുണര്‍ത്തിയതു്. എവിടെയെങ്കിലും പോകുന്നതിനു തൊട്ടുമുമ്പു് എന്റെ അമ്മ (കര്‍മ്മണിപ്രയോഗത്തിന്റെ പ്രഖ്യാപിതശത്രുവായ ബെന്നി ദയവായി ഈ വാക്യത്തിന്റെ ബാക്കി ഭാഗം വിട്ടു വായിക്കുക.) ഭിത്തിയില്‍ രണ്ടാണികളില്‍ താങ്ങപ്പെട്ട കീഴ്‌ഭാഗവും വലിഞ്ഞുനില്‍ക്കുന്ന ഒരു ചരടിനാല്‍ മറ്റൊരാണിയോടു ബന്ധിതമായ മുകള്‍ഭാഗവുമുള്ള, ലംബദിശയോടു് ഏകദേശം 30 ഡിഗ്രിയില്‍ ചരിഞ്ഞുനില്‍ക്കുന്ന, കണ്ണാടിക്കു മുമ്പില്‍ നിന്നു മുഖത്തു പൗഡറിടുന്ന പ്രക്രിയയെയാണു് അന്നു വരെ ഒരുങ്ങുക എന്ന പദത്തിന്റെ അര്‍ത്ഥമായി ഞാന്‍ മനസ്സിലാക്കിയിരുന്നതു്. ഇന്ത്യയോടു യുദ്ധം ചെയ്യാന്‍ ഇന്ത്യയുടെ വലത്തു തോളിലിരുന്നു് ഇന്ത്യയുടെ ചെവിയിലോ മറ്റോ തൂക്കിയിട്ടിരിക്കുന്ന കണ്ണാടിയില്‍ നോക്കി മുഖത്തു പൗഡറിടുന്ന പാക്കിസ്ഥാനെ ഞാന്‍ മനസ്സില്‍ കണ്ടു. ഇന്ത്യാ-പാക്ക് യുദ്ധത്തെപ്പറ്റി കേള്‍ക്കുമ്പോള്‍ ഇന്നും എന്റെ മനസ്സില്‍ വരുന്ന ചിത്രം ഇതാണു്.
ആദ്യം വായിച്ച പത്രവാര്‍ത്ത ഇന്ത്യാ-പാക്ക് യുദ്ധമാണെങ്കിലും, അതിനു മുമ്പു തന്നെ പത്രം കാണുകയും വലിയവര്‍ വായിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയുള്ളവയില്‍ ഏറ്റവും ആദ്യത്തേതായി മനസ്സില്‍ തങ്ങിനില്‍ക്കുന്നതു് മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ വാര്‍ത്തയാണു്. അതിന്റെ പടങ്ങള്‍ പത്രത്തില്‍ കണ്ടതു് നല്ല ഓര്‍മ്മയുണ്ടു്. എന്റെ അമ്മയുടെ അഭിപ്രായത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ രണ്ടു വാര്‍ത്തകള്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതും മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതുമാണു്. അവ രണ്ടും പോലെ മനുഷ്യരെ ആകര്‍ഷിച്ച മറ്റൊരു വാര്‍ത്തയും ഉണ്ടായിട്ടില്ലത്രേ. മൂന്നാമത്തെ വാര്‍ത്തയായ 1957-ലെ തെരഞ്ഞെടുപ്പും കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതും ഇവയുടെ അടുത്തെത്തില്ലത്രേ.
പാക്കിസ്ഥാന്‍ ഇന്ത്യയോടു യുദ്ധത്തിനൊരുങ്ങിയ സമയത്തു തന്നെ നടന്ന സംഭവമാണു്. അന്നു് എന്റെ വീട്ടിനടുത്തുള്ള ഒരു അപ്പൂപ്പന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഞായറാഴ്ചകളില്‍ ഒരു “ഗീതാക്ലാസ്” നടത്തിയിരുന്നു. പേരു് അങ്ങനെയാണെങ്കിലും അവിടെ ഭഗവദ്ഗീതയ്ക്കു പുറമേ ഹരിനാമകീര്‍ത്തനം, എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം തുടങ്ങിയവയും പഠിപ്പിച്ചിരുന്നു. എന്റെ ചേച്ചിയും മറ്റു പല ചേച്ചിമാരും അവിടെ പഠിക്കാന്‍ പോകുമ്പോള്‍ ഞാനും കൂടെപ്പോകുമായിരുന്നു. കൊച്ചുകുട്ടിയായിരുന്നതു കൊണ്ടു് എന്നോടു പഠിക്കാന്‍ പറഞ്ഞിരുന്നില്ല. അപ്പൂപ്പന്റെ പഠനമുറിയിലുണ്ടായിരുന്ന ഭൂതക്കണ്ണാടി, ലാടകാന്തം തുടങ്ങിയവ എടുത്തു കളിക്കുകയായിരുന്നു എന്റെ വിനോദം. അതിനിടയില്‍ രാമായണവും ഹരിനാമകീര്‍ത്തനവുമൊക്കെ കുറേശ്ശെ കേള്‍ക്കും. കുറച്ചൊക്കെ മനസ്സിലാവും. മനസ്സിലാവാത്തതിനു തോന്നുന്ന അര്‍ത്ഥം മനസ്സിലാക്കും. വര്‍ഷങ്ങള്‍ക്കു ശേഷമാണു് അവയില്‍ പലതിന്റെയും അര്‍ത്ഥം മനസ്സിലാക്കിയതു്.
മനുഷ്യന്‍ ജനിക്കുന്നതിനു മുമ്പു് അമ്മയുടെ ഗര്‍ഭത്തില്‍ കുറച്ചു കാലം കിടക്കുന്നുണ്ടു് എന്നറിയാമായിരുന്നു. ഹിന്ദുമതക്ലാസ്സുകളും മതപ്രസംഗങ്ങളും മറ്റും കേള്‍ക്കുന്നതു കൊണ്ടു് മരിച്ചു കഴിഞ്ഞാല്‍ പിന്നെയും ജനിക്കുമെന്നും പിന്നെയും മരിക്കുമെന്നും അങ്ങനെ ഒരുപാടു ജനനമരണങ്ങള്‍ക്കു ശേഷം മോക്ഷം കിട്ടുമെന്നും കുറേശ്ശെ മനസ്സിലായിരുന്നു. അങ്ങനെ മോക്ഷം കിട്ടാന്‍ ദൈവഭക്തി വേണം. അതുണ്ടാവാന്‍ എന്നും ഈശ്വരന്റെ പാദങ്ങള്‍ തൊഴാം. ഇങ്ങനെ ശ്ലോകത്തിന്റെ അര്‍ത്ഥം വലിയ കുഴപ്പമില്ലാതെ മനസ്സിലാക്കി. ആകെ പ്രശ്നം വന്ന ഒരു വാക്കു് “അപ്പോള” ആണു്. (“ഉദ” എന്നതു് ബത, അപി, ച, ഹന്ത എന്നിവയെപ്പോലെ അര്‍ത്ഥം മനസ്സിലാക്കേണ്ടാത്ത ഒരു വാക്കാണെന്നു ഞാനങ്ങു തീരുമാനിച്ചു!) ഈ അപ്പോള പോലെയാണു ഗര്‍ഭത്തില്‍ കിടക്കുന്ന ശിശു മരിച്ചു സ്വര്‍ഗ്ഗത്തിലേക്കു പോകുന്നതു്.
ഈ അപ്പോള എന്താണെന്നതിനു് അത്ര വലിയ സംശയമൊന്നും തോന്നിയില്ല. സ്വര്‍ഗ്ഗത്തിലേയ്ക്കു് എളുപ്പം പോകാന്‍ സഹായിക്കുന്ന ഒരു വണ്ടിയാണു് അപ്പോള. ഈ അപ്പോളയില്‍ കയറിയാണു് അമേരിക്കക്കാര്‍ ഈയിടെ ചന്ദ്രനില്‍ പോയതു്. മരിക്കാന്‍ സമയമാവുമ്പോള്‍ ഏതോ വിമാനം വന്നു കൊണ്ടുപോകും എന്നൊക്കെയും പലയിടത്തും കേട്ടിട്ടുണ്ടു്. എല്ലാം കൂടി ചേര്‍ത്തു് ആലോചിച്ചപ്പോള്‍ സംഗതി ക്ലിയര്‍!
പിന്നീടെപ്പോഴോ കുങ്കുമം വാരികയില്‍ “ഉദകപ്പോള” എന്നൊരു നോവല്‍ (ആരെഴുതി എന്നോര്‍മ്മയില്ല, വായിച്ചിട്ടുമില്ല) കണ്ടപ്പോഴാണു് “അപ്പോള” അല്ല “ഉദകപ്പോള” ആണു വാക്കെന്നു മനസ്സിലായതു്. അമ്മയോടു ചോദിച്ചു് അര്‍ത്ഥം മനസ്സിലാക്കി. ഉദക+പോള = വെള്ളത്തിലെ കുമിള.
നീറ്റിലെപ്പോളയ്ക്കു തുല്യമാം ജീവിതം
പോറ്റുവാനെത്ര ദുഃഖിക്കുന്നു മാനുഷര്‍!
എന്ന കവിത പിന്നീടാണു കേട്ടതു്.
ഒരു യതിഭംഗം വരുത്തിയ വിന നോക്കണേ!
നാലാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ എത്തിയ അല്പസ്വല്പം പഠിക്കുന്ന സകലമാന പിള്ളേരുടെയും അന്നത്തെ ഒരു നിഷ്ഠയുണ്ടായിരുന്നു-സ്കോളര്‍ഷിപ്പു പരീക്ഷയ്ക്കു പഠിക്കല്‍. പിള്ളേരുടെ പ്രായത്തിനും അറിവിനും ഒതുങ്ങാത്ത ഒരു പറ്റം ചോദ്യങ്ങള്‍ ചോദിക്കുകയാണു് ഇതിന്റെ രീതി. മലയാളത്തില്‍ വ്യാകരണം, സാഹിത്യം, ലേഖനമെഴുതല്‍, സാഹിത്യചരിത്രം തുടങ്ങി വിവിധമേഖലകളിലെ വിജ്ഞാനം പരിശോധിക്കും. പഠിക്കുന്ന ക്ലാസ്സിനു മൂന്നു ക്ലാസ് മുകളിലുള്ള കണക്കുകളാണു് ഗണിതത്തിലെ ഉള്ളടക്കം. അതും നേരേ ചൊവ്വേ ചോദിക്കുകയില്ല. ബുദ്ധിപരീക്ഷ ബ്ലോഗിലെപ്പോലെ വളച്ചു കെട്ടിയേ ചോദിക്കൂ. ഇതിലും ഭീകരമാണു് ജെനറല്‍ നോളജ് എന്നാ സാധനം. ലോകവിജ്ഞാനം മുഴുവന്‍ അളക്കുന്ന ഈ പേപ്പറില്‍ (ഞാന്‍ എഴുതിയ വര്‍ഷം ശ്രീലങ്കയിലെ വിദേശകാര്യമന്ത്രി ആരാണെന്നു ചോദിച്ചിരുന്നു) അഞ്ചിലൊന്നില്‍ കൂടുതല്‍ ഒരു കുട്ടിയും എഴുതുക തന്നെയില്ല.
ഇനി ഇതെഴുതി കിട്ടിയാലോ, സര്‍ട്ടിഫിക്കറ്റില്ല, ട്രോഫിയില്ല, സമ്മാനമില്ല. ആകെ ഉള്ളതു് സ്കോളര്‍ഷിപ്പാണു്. ശിഷ്ടകാലത്തെ വിദ്യാഭ്യാസത്തിനുള്ള കാശു കിട്ടും എന്നു കരുതിയാല്‍ നിങ്ങള്‍ക്കു തെറ്റി. വര്‍ഷം തോറും 20 രൂപാ കിട്ടും. (കേരളത്തിലെ ആദ്യത്തെ 12-ല്‍ ഒരാളായാല്‍ നാഷണല്‍ സ്കോളര്‍ഷിപ്പു കിട്ടും. വര്‍ഷത്തില്‍ 150 രൂപാ!)
ഇങ്ങനെയൊക്കെയാണെങ്കിലും മിക്കവാറും എല്ലാ കുട്ടികളും ഇതെഴുതും. എന്തിനാണെന്നു ചോദിച്ചാല്‍, എല്ലാം വ്യര്‍ത്ഥമാണെന്നറിഞ്ഞിട്ടും ആളുകള്‍ ബുദ്ധിമുട്ടി മഴയും വെയിലുമേറ്റു ക്യൂ നിന്നു വോട്ടു ചെയ്യുന്നില്ലേ? അതുപോലെ ഒരു അഭ്യാസം.
ഇതിനു പഠിക്കാനായി അസ്സീസ്സി, വിദ്യാര്‍ത്ഥിമിത്രം, വി തുടങ്ങിയവര്‍ ഗൈഡുകള്‍ ഇറക്കിയിരുന്നു. എല്ലാ വിഷയത്തിന്റെയും ഗൈഡുകള്‍ ചേച്ചി പഠിച്ചതു് ഒരു കുഴപ്പവുമില്ലാതെ ലഭ്യമായതിനാല്‍ ഞാന്‍ മൂന്നാം ക്ലാസ്സിലേ പഠനം തുടങ്ങി. അന്നു മുതല്‍ പരീക്ഷയുടെ തലേ ആഴ്ച വരെ മലയാളം പഠിച്ചു. ഒരാഴ്ച കൊണ്ടു് കണക്കും ജെനറല്‍ നോളജും പഠിച്ചു പരീക്ഷയ്ക്കു പോയി. (ഏഴാം ക്ലാസ്സില്‍ ഇവ കൂടാതെ ഇംഗ്ലീഷ് എന്നൊരു സാധനം കൂടി ഉണ്ടെന്നറിഞ്ഞതു പരീക്ഷയുടെ ടൈം ടേബിള്‍ കിട്ടിയപ്പോഴാണു്.)
ബി. എ. നിലവാരത്തിലുള്ള മലയാളം പുസ്തകം രണ്ടു കൊല്ലം പഠിച്ചതിനാല്‍ എനിക്കു അതിഭീകരമായ ഭാഷാവിജ്ഞാനം സിദ്ധിച്ചു. ഗൈഡില്‍ കൊടുത്തിട്ടുള്ള എല്ലാ പദ്യങ്ങളും പഴഞ്ചൊല്ലുകളും കടങ്കഥകളും കാണാതെ പഠിച്ചു് ഉറക്കെ ചൊല്ലി നടന്നു ഞാന്‍ നാട്ടുകാരെ മുഴുവന്‍ ബുദ്ധിമുട്ടിച്ചു.
പദ്യങ്ങളില്‍ പലതിന്റെയും അര്‍ത്ഥം മനസ്സിലായിരുന്നില്ല. എല്ലാ കവികളുടെയും കവിതകളുണ്ടായിരുന്നു. ഒരു കവിയുടെ പേരു പറഞ്ഞു് അയാളുടെ നാലു വരി എഴുതാന്‍ പറഞ്ഞാല്‍ എഴുതണ്ടേ? അതിനാണു ഗൈഡുകാര്‍ അതെല്ലാം ഇട്ടതു്. (അതെല്ലാം ഇട്ടു ഗൈഡു വലുതായെങ്കിലല്ലേ കൂടുതല്‍ വില ഈടാക്കാന്‍ പറ്റൂ?)
അങ്ങനെ പഠിച്ച് കൂട്ടത്തില്‍ ചങ്ങമ്പുഴയുടേതായി ഈ കവിത കണ്ടു.
അങ്കുശമില്ലാത്ത ചാപല്യമേ, മന്നില്‍
അംഗനയെന്നു വിളിക്കുന്നു നിന്നെ ഞാന്‍!
അംഗന എന്നു വെച്ചാല്‍ സ്ത്രീ ആണെന്നറിയാം. മന്നു ഭൂമിയും. ചാപല്യത്തിന്റെ അര്‍ത്ഥവുമറിയാം. അങ്കുശം മാത്രം എന്താണെന്നൊരു പിടിയുമില്ല. എന്തോ ഇല്ലാത്ത ചാപല്യത്തിനെ ഭൂമിയില്‍ പെണ്ണെന്നു വിളിക്കുന്നു എന്നു മനസ്സിലായി. അമ്മ മലയാളാദ്ധ്യാപികയാണു്. ചോദിച്ചാല്‍ പറഞ്ഞു തരും. പക്ഷേ ചോദിച്ചു മനസ്സിലാക്കി അറിവു വര്‍ദ്ധിപ്പിക്കാനുള്ള ജീന്‍ പകര്‍ന്നു തരാത്ത അമ്മയോടു് എങ്ങനെ ചോദിക്കും? ങേ ഹേ!
സ്കോളര്‍ഷിപ്പുപുസ്തകത്തിന്റെ മറ്റൊരു സ്ഥലത്തു് കുത്തും കോമയും കൊടിലുമൊക്കെ പറയുന്ന സ്ഥലത്തു നിന്നു് ഉത്തരം കിട്ടി.
ചോദ്യചിഹ്നം അഥവാ കാകു
–
Question mark (?)
ആശ്ചര്യചിഹ്നം അഥവാ വിക്ഷേപിണി
–
Exclamation mark (!)
ശൃംഖല
–
Hyphen (-)
കോഷ്ഠം
–
Square brackets ([])
വലയം
–
Brackets (())
ഭിത്തിക
–
Colon (:)
അര്‍ദ്ധവിരാമം അഥവാ രോധിനി
–
Semi-colon (;)
പൂര്‍ണ്ണവിരാമം അഥവാ ബിന്ദു
–
Full stop (.)
അല്പവിരാമം അഥവാ അങ്കുശം
–
Comma (,)
“യുറീക്കാ” എന്നു ഞാന്‍ പറയാഞ്ഞതു് ആ വാക്കിനെപ്പറ്റി കേട്ടിട്ടില്ലാത്തതു കൊണ്ടു മാത്രമാണു്. (ആ പേരിലുള്ള ശാസ്ത്രമാസിക അന്നു പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടില്ല.) അങ്കുശം എന്നു വെച്ചാല്‍ കോമ. ഒരു കോമയും, അതായതു ചെറിയ ഒരു നിര്‍ത്തും, ഇല്ലാത്ത ചാപല്യമാണു് ഈ പെണ്ണെന്നു പറയുന്നതു്. ഈ ചങ്ങമ്പുഴയുടെ ഒരു വിവരമേ!
അങ്കുശം എന്നു പറയുന്നതു് ആനത്തോട്ടിയാണെന്നും ആനയ്ക്കു തോട്ടി പോലെയുള്ള യാതൊരു കണ്ട്രോളും ഇല്ലാത്ത ചാപല്യമാണു കവി അംഗനയില്‍ കെട്ടിവെച്ചതെന്നും ആനത്തോട്ടി പോലെയിരിക്കുന്നതു കൊണ്ടാണു കോമയെ അങ്കുശം എന്നു വിളിച്ചതെന്നും ചങ്ങമ്പുഴയുടെ കാലത്തിനും ശേഷമാണു് ആ പേര്‍ കോമയ്ക്കു വീണതെന്നും കാലം കുറെക്കഴിഞ്ഞിട്ടാണു് അറിഞ്ഞതു്.
എങ്കിലും ഇന്നും കോമയില്ലാത്ത ചാപല്യം എന്ന അര്‍ത്ഥം തന്നെയാണു് എനിക്കു് ആ പ്രയോഗത്തിനു കൂടുതല്‍ യോജിച്ച അര്‍ത്ഥമായി തോന്നുന്നതു്.
ഞാന്‍ ആദ്യമായി അമേരിക്കയിലെത്തിയ കാലം. ബിയറാണെന്നു കരുതി ഒരു വെന്‍ഡിംഗ് മെഷീനില്‍ നിന്നു റൂട്ട് ബിയര്‍ എടുത്തു കുടിച്ചിട്ടു “ഇതു കോള്‍ഗേറ്റ് ടൂത്ത്‌പേസ്റ്റു കലക്കിയ വെള്ളമാണല്ലോ” എന്നു പറഞ്ഞു തുപ്പിക്കളഞ്ഞ സംഭവം കഴിഞ്ഞിട്ടു് അധികം കാലമായിട്ടില്ല. അന്നു ജോലി ബോസ്റ്റണിലായിരുന്നു. ഒരു സുഹൃത്തിനോടൊപ്പം നയാഗ്ര കാണാന്‍ പോയി. കാറോടിക്കാനും മറ്റും അറിയില്ല. ഒരു ബസ്സില്‍ കയറി ബോസ്റ്റണില്‍ നിന്നു സിറക്യൂസില്‍ പോയി. അവിടെ സുഹൃത്തിന്റെ സുഹൃത്തുണ്ടു്. അവനും വേറേ ഒന്നുരണ്ടു സുഹൃത്തുക്കളും ചേര്‍ന്നു് ഒരു കാര്‍ റെന്റു ചെയ്തു് നയാഗ്രയിലേക്കു പോയി.
പോകുന്ന വഴിയ്ക്കു കാറിലെ റേഡിയോ വെച്ചപ്പോഴാണു വാര്‍ത്ത കേട്ടതു് – “ദിസ് ഈസ് റേഡിയോ ഒഷാവാ”. കര്‍ത്താവേ, ഞാന്‍ ഇത്രയും കാലം Ottawa എന്ന സ്ഥലത്തെ “ഒട്ടാവാ” എന്നാണല്ലോ വിളിച്ചിരുന്നതു്! വിവരമുള്ള ആരും അതു കേള്‍ക്കാഞ്ഞതു ഭാഗ്യം! സിറക്യൂസിനും നയാഗ്രയ്ക്കുമൊക്കെ വടക്കുഭാഗത്തു കിടക്കുന്ന ഒണ്ടേറിയോ തടാകത്തിന്റെ തൊട്ടു വടക്കു ഭാഗത്താണു കാനഡയുടെ തലസ്ഥാനമായ ഒട്ടാവ, തെറ്റി ഒഷാവ എന്ന ഭൂമിശാസ്ത്രവിജ്ഞാനം എനിക്കുണ്ടായിരുന്നു.
പൊടുന്നനേ അതീന്ദ്രിയദ്ധ്യാനത്തില്‍ നിന്നു കിട്ടിയ വിജ്ഞാനം ഞാന്‍ കാറിലുണ്ടായിരുന്നവരുമായി പങ്കു വെച്ചു. പിന്നീടു പലയിടത്തും വെച്ചു കണ്ടു മുട്ടിയ പലരോടും ആവശ്യമില്ലാതെ തന്നെ പറഞ്ഞു. അവരില്‍ പലരും ഈ വിജ്ഞാനം കുറെക്കൂടി വലിയ ഒരു ജനക്കൂട്ടത്തിനു പകര്‍ന്നു. “കൊടുക്കും തോറുമേറിടും” എന്നാണല്ലോ. അങ്ങനെ Ottawa-യുടെ ഉച്ചാരണം “ഒഷാവ” എന്നാണെന്നു ചിന്തിക്കുന്ന ഒരു വലിയ ജനതതിയെ തന്നെ എനിക്കു സൃഷ്ടിക്കുവാന്‍ കഴിഞ്ഞു.
ഇവ രണ്ടും രണ്ടു സ്ഥലങ്ങളാണെന്നു പിന്നീടു മനസ്സിലായപ്പോഴേയ്ക്കും ഒരു വലിയ ജനക്കൂട്ടം Ottava എന്നതിന്റെ യഥാര്‍ത്ഥ ഉച്ചാരണം ഒഷാവ എന്നാണെന്നു മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. അറിവുള്ളവരോടു ചോദിക്കാതെ കേള്‍ക്കുന്നതൊക്കെ വിശ്വസിക്കുന്നവരുടെ കാര്യം എന്തു പറയാന്‍?
ഇനിയുമുണ്ടു ധാരാളം. Teetotaler എന്നു വെച്ചാല്‍ ആജാനുബാഹു എന്നാണര്‍ത്ഥമെന്നും, കുങ്ഫു എന്നതിന്റെ അര്‍ത്ഥം “മാരകമായ കൈ” എന്നാണെന്നും വെസ്റ്റ് ഇന്‍ഡീസ് എന്ന സ്ഥലം ഓസ്ട്രേലിയയുടെ അടുത്താണന്നും ഇസ്രയേല്‍ ആഫ്രിക്കയിലാണെന്നും തായ്‌വാനും തായ്‌ലന്‍ഡും ഒന്നാണെന്നും ഞാന്‍ വളരെക്കാലം കരുതിയിരുന്നു. കിംവദന്തിയെപ്പറ്റി ചെറുപ്പത്തിലേ കേട്ടിരുന്നതു കൊണ്ടു് ഏതായാലും അതൊരു ജന്തുവാണെന്നുള്ള പൊതുവായ ധാരണ എനിക്കുണ്ടായിരുന്നില്ല.
ഗുണപാഠം: അജ്ഞത ഒരു കുറ്റമല്ല. അറിയില്ല എന്നു പറയുന്നതു് മോശമായ കാര്യമല്ല. അതിനാല്‍ നമുക്കു നമ്മുടെ കുട്ടികളെ ചോദിച്ചു ചോദിച്ചു പോകാന്‍ പഠിപ്പിക്കാം.