യൂണിക്കോഡിന്റെ മുന്നേറ്റം
1991 ഒക്ടോബറിലാണു് യൂണിക്കോഡിന്റെ ഒന്നാമത്തെ വേര്‍ഷന്‍ പ്രസിദ്ധീകരിച്ചതു്. പതിനാറു കൊല്ലത്തിനു ശേഷം, ഇപ്പോഴിതാ യൂണിക്കോഡ് (utf-8) ഇന്റര്‍നെറ്റിലെ ഏറ്റവും ഉപയോഗിക്കുന്ന എന്‍കോഡിംഗ് രീതിയായി മാറി.
2007 ഡിസംബറില്‍ utf-8 രണ്ടു പ്രമുഖ എന്‍കോഡിംഗുകളെ മറികടന്നു: ASCII-യെയും പിന്നീടു് Western European encoding-നെയും. കൂടുതല്‍ വിവരങ്ങള്‍ക്കു് ഗൂഗിളിന്റെ ഔദ്യോഗികബ്ലോഗിലെ ഈ പോസ്റ്റ് കാണുക.
മേല്‍പ്പറഞ്ഞ പോസ്റ്റില്‍ കൊടുത്തിട്ടുള്ള ഈ ഗ്രാഫില്‍ നിന്നു് ആസ്കിയുടെ (ചുവന്ന വര) പതനവും യൂണിക്കോഡിന്റെ (നീല വര) ഉയര്‍ച്ചയും വ്യക്തമായി കാണാന്‍ സാധിക്കും.
ഈയിടെ പുറത്തിറങ്ങിയ യൂണിക്കോഡ് 5.1 വേര്‍ഷനില്‍ മലയാളത്തിന്റെ ഒരു പിടി പുതിയ അക്ഷരങ്ങളുമുണ്ടു്. സ്വതന്ത്രമായ ചില്ലുകള്‍ (ൺ, ൻ, ർ, ൽ, ൾ, ൿ) , അവഗ്രഹം/പ്രശ്ലേഷം (ഽ), പണ്ടു ചില സംഖ്യകളെക്കുറിച്ചിരുന്ന (10, 100, 1000, അര, കാല്‍, മുക്കാല്‍) ചില ചിഹ്നങ്ങള്‍, തീയതിയെ കാണിക്കുന്ന ചിഹ്നം, ൠ, ഌ, ൡ എന്നിവയുടെ സ്വരചിഹ്നങ്ങള്‍ എന്നിവ. ഗൂഗിള്‍ സേര്‍ച്ച് ഇതിനകം തന്നെ ഈ അക്ഷരങ്ങളെ കണക്കിലെടുക്കുന്നുണ്ടു്.
ഐ. റ്റി. വേള്‍ഡിന്റെ The 10 most important technologies you never think about എന്ന ലേഖനവും വായിക്കുക.
എന്നാണോ നമ്മുടെ എല്ലാ പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും ഇതു മനസ്സിലാക്കി ആസ്കി ഫോണ്ടുകളെ വിട്ടു യൂണിക്കോഡിലേക്കു മാറുക?