കാരിക്കേച്ചർ സ്മരണകൾ
ചെറുപ്പം മുതൽക്കേ എന്റെ ഒരു സ്വപ്നമായിരുന്നു ആരെങ്കിലും എന്റെ ഒരു പടം വരയ്ക്കുന്നതു്.
കണ്ണാടിയിലല്ലാതെ സ്വന്തം മുഖം ചെറുപ്പത്തിൽ അധികമൊന്നും കണ്ടിട്ടില്ല. ബന്ധുക്കൾക്കാർക്കും തന്നെ ക്യാമറ ഉണ്ടായിരുന്നില്ല. ഏതാനും വർഷം കൂടുമ്പോൾ വീട്ടിലെ എല്ലാവരും കൂടി ഒരു സ്റ്റുഡിയോയിൽ പോയി ഒരു പടം എടുക്കും. പിന്നെ ആകെയുള്ള ചാൻസ് വല്ല കല്യാണവും നടക്കുന്ന സ്ഥലത്തു് വധുവിന്റെയോ വരന്റെയോ അടുത്തു ചുറ്റിപ്പറ്റി നിന്നാൽ ചിലപ്പോൾ ഒന്നോ രണ്ടോ പടത്തിൽ വന്നെന്നിരിക്കും. അന്നു വീഡിയോ ഇല്ല. ഫോട്ടോ തന്നെ അങ്ങേയറ്റം പത്തോ ഇരുപതോ ഉണ്ടാവും ഒരു കല്യാണത്തിനു്.
സരസൻ, അസാധു തുടങ്ങിയ രാഷ്ട്രീയഹാസ്യമാസികകളിൽ യേശുദാസനും മന്ത്രിയും നാഥനും മറ്റും ഇ. എം. എസ്സിനെയും അച്യുതമേനോനെയും ഇന്ദിരാഗാന്ധിയെയും കരുണാകരനെയും മറ്റും വരയ്ക്കുന്നതു കണ്ടിട്ടു് ആരെങ്കിലും എന്റെ പടം ഒന്നു വരച്ചിരുന്നെങ്കിൽ എന്നു് ഒരുപാടു് ആഗ്രഹിച്ചിട്ടുണ്ടു്. ഐ. ഏ. എസ്. കിട്ടിയിരുന്നെങ്കിൽ ട്രെയിനിംഗിനു പോകുമ്പോൾ കുതിരപ്പുറത്തു കയറാമായിരുന്നു എന്നു പറഞ്ഞ ഒരു സുഹൃത്തിനെപ്പോലെ, ഒരു പ്രശസ്തവ്യക്തിയായിരുന്നെങ്കിൽ ആരെങ്കിലും ആക്ഷേപിച്ചാണെങ്കിലും എന്റെ ഒരു പടം വരച്ചേനേ എന്നു് ആഗ്രഹിച്ചിട്ടുണ്ടു്.
സ്കൂളിൽ പഠിപ്പിച്ചിരുന്ന ഡ്രോയിംഗ് സാറന്മാരോടു ചോദിക്കാൻ പേടിയായിരുന്നു. സുഹൃത്തുക്കളിൽ നന്നായി വരയ്ക്കുന്നവർ ഉണ്ടായിരുന്നില്ല താനും.
പിന്നീടു് പല സ്ഥലത്തും പണത്തിനു വേണ്ടി ആളുകളുടെ പടം വരച്ചുകൊടുക്കുന്നവരെക്കണ്ടു. അവരെക്കൊണ്ടൊന്നും ഒരു പടം വരപ്പിക്കാൻ പറ്റിയില്ല. സാധാരണ വലിയ ക്യൂ ഉണ്ടാവും. എന്റെ കൂടെയുള്ളവർക്കൊക്കെ ഈ പരിപാടി പുച്ഛമായിരുന്നു താനും. വന്ന കാര്യം ചെയ്യാതെ ഇതിനു വേണ്ടി സമയം കളയുന്നതു ബാലിശമാണെന്നാണു് മിക്കവരുടേയും അഭിപ്രായം. കൂട്ടുകാർ മാറി കുടുംബമായപ്പോഴും ഇതിനു വലിയ വ്യത്യാസമൊന്നും ഉണ്ടായില്ല.
ആദ്യമായി ഒരു കാരിക്കേച്ചർ വരപ്പിക്കുന്നതു് 1999-ലാണു്. അന്നത്തെ എന്റെ ഓഫീസിലെ ഒരു പരിപാടിക്കു വന്ന ഒരാളെക്കൊണ്ടു്. അതിപ്പോൾ കയ്യിലില്ല. ഉണ്ടെങ്കിലും വലിയ കാര്യവുമില്ല. ഞാനുമായി യാതൊരു സാദൃശ്യവും ആ പടത്തിനില്ല. എന്റെ ഒരു സുഹൃത്തു പറഞ്ഞതു് പ്രകടമായ എന്തെങ്കിലും പ്രത്യേകത മുഖത്തിനുണ്ടെങ്കിലേ കാരിക്കേച്ചർ നന്നാവൂ എന്നാണു്. എന്റേതു പോലെ വളരെ സാധാരണമായ ഒരു മുഖം വരയ്ക്കാൻ ബുദ്ധിമുട്ടാണത്രേ. ഇന്ദിരാഗാന്ധിയെ വരച്ചിരുന്ന കാർട്ടൂണിസ്റ്റുകൾ അവരുടെ മൂക്കും നരയുമാണല്ലോ പ്രധാനമായി വരച്ചിരുന്നതു്.
2001-’02 കാലഘട്ടത്തിൽ ജോലിസംബന്ധമായി ഹൈദരാബാദിൽ താമസിച്ചിരുന്നു. അവിടെ എൻ. ടി. ആർ. പാർക്കിൽ ഒരു കാരിക്കേച്ചർകാരനെ കണ്ടുമുട്ടി. എന്റെയും മകൻ വിശാഖിന്റെയും (അവനു പ്രായം ഒന്നേമുക്കാൽ വയസ്സു്) പടം വരയ്ക്കാം എന്ന കരാറിൽ കാരിക്കേച്ചർ വരപ്പിയ്ക്കാൻ സിന്ധു സമ്മതിച്ചു. ഒരാളുടെ പടം വരയ്ക്കാൻ ഇരുപതു രൂപ. രണ്ടു പേരുടേതു് ഒന്നിച്ചായാലും നാല്പതു രൂപ. അതിനെ ഞാൻ വിലപേശി വിലപേശി അവസാനം മുപ്പതു രൂപയ്ക്കു് രണ്ടു പേരുടെയും കൂടിയുള്ള പടം വരച്ചു തരാമെന്നു് അയാൾ സമ്മതിച്ചു.
അതൊരു ബുദ്ധിമുട്ടുള്ള പണിയായിരുന്നു. രണ്ടു വയസ്സിനു താഴെ പ്രായമുള്ള ഒരു ആൺകുട്ടിയെ മടിയിൽ അനങ്ങാതെ ഇരുത്തി പോസു ചെയ്യുന്നതു് അത്ര എളുപ്പമല്ല. അയാൾ ഓരോ അവയവമായാണു വരയ്ക്കുന്നതു്. അതനുസരിച്ചു് വായ് പകുതി തുറക്കുകയും കണ്ണു് ഒരു വശത്തേക്കാക്കുകയും തല ചരിച്ചു വെയ്ക്കുകയും ഒക്കെ വേണം. അയാൾ പറഞ്ഞതു പോലെയൊക്കെ ഞാൻ ചെയ്തു. വിശാഖിനെക്കൊണ്ടു ചെയ്യിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ ഈ അഭിനയവും അതിനു ശേഷം അയാൾ വരച്ചു കൊണ്ടിരുന്ന പടവും ഒക്കെ കണ്ടതിനു ശേഷം പലരും ചിരിച്ചു കൊണ്ടു പോകുന്നതു കണ്ടു. കാരിക്കേച്ചറല്ലേ, വളരെ രസമായിരിക്കും. കരുണാകരനെ യേശുദാസൻ വരയ്ക്കുമ്പോൾ പല്ലുകൾ മൊത്തം കാട്ടിയുള്ള ചിരി കാണിക്കുന്നതു പോലെ എന്നെ രസകരമായി ചിത്രീകരിച്ചിരിക്കുന്നതു കാണാൻ തിടുക്കപ്പെട്ടു് അക്ഷമനായി ഞാൻ അവിടെ ഇരുന്നു.
എല്ലാം കഴിഞ്ഞു് അയാൾ “ഹോ ഗയാ സാബ്” എന്നു പറഞ്ഞതു കേട്ടു് ഞാൻ എന്റെ പടം കാണാൻ ചെന്നപ്പോൾ ഇതാണു കണ്ടതു്.
വിശാഖിന്റെ പടം മാത്രം! ഞാനില്ല. അവനിരുന്ന എന്റെ മടിയുടെ പടം പോലുമില്ല!
“ഡോ, താനല്ലേ പറഞ്ഞതു് മുപ്പതു രൂപയ്ക്കു രണ്ടു പേരുടെയും പടം വരയ്ക്കാമെന്നു്?” ഞാൻ ചീറി.
അതിനു് അയാൾ പറഞ്ഞ ഉത്തരം കേട്ടു് ഞാൻ സ്തംഭിച്ചു പോയി. എന്റെ മുപ്പതു വെള്ളിക്കാശിന്റെ ഓഫറിനു് ആ യൂദാസ് അതിനു് അപ്പോൾ പറഞ്ഞതു് അത്ര പദാനുപദമല്ലാതെ, എന്നാൽ ആശയം ഒട്ടും ചോർന്നുപോകാതെ, മലയാളത്തിലാക്കിയാൽ “മുപ്പതു് ഉലുവാ നിന്റെ അമ്മേടങ്ങു കൊണ്ടുക്കൊടുക്കടാ” എന്നായിരുന്നു പോലും! മുപ്പതു്, കൊടുക്കുക എന്ന പദങ്ങൾക്കു തത്തുല്യമായ ഹിന്ദിവാക്കുകൾ കേട്ടു് അയാൾക്കു മുപ്പതു രൂപാ കൊടുത്താൽ സംഗതി ഭദ്രമാക്കാം എന്നു തെറ്റിദ്ധരിച്ചതാണു്.
കാലം പിന്നെയും മുന്നോട്ടു പോയി. കാഴ്ച കാണാൻ പോയ പല സ്ഥലങ്ങളിലും – ഡിസ്നി ലാൻഡ്, ലാസ് വേഗസ്, ഗ്രാൻഡ് കാന്യൻ തുടങ്ങിയ പലയിടങ്ങളിലും – കാരിക്കേച്ചറുകാർ ഉണ്ടായിരുന്നെങ്കിലും അവിടെ ക്യൂവിലും പിന്നെ കസേരയിലുമായി കളയാൻ സമയമില്ലായിരുന്നതിനാൽ വര നടന്നില്ല.
പിന്നീടു് അതിനു വഴിയൊരുങ്ങിയതു് 2007-ൽ എന്റെ ഓഫീസിൽ നിന്നൊരു പിക്നിക്കിനു പോയപ്പോഴാണു്.
ഫുൾ ഫിസിക്കൽ ആക്ടിവിറ്റി ഉള്ള പിക്നിക് എന്നു കേട്ടപ്പോൾ എനിക്കു വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. സിന്ധുവാണു് എന്നെ ഉന്തിത്തള്ളി വിട്ടതു്. എക്സർസൈസ് കക്ഷിയ്ക്കു പ്രാന്താണു്. എന്നാൽ ആൾ സ്വയം വലിയ എക്സർസൈസ്കാരിയാണെന്നു തെറ്റിദ്ധരിക്കരുതു്. കെമിക്കൽ എഞ്ചിനീയറിംഗ് പഠിച്ചപ്പോൾ മലയാളത്തിൽ ഉത്പ്രേരകം, രാസത്വരകം എന്നൊക്കെ പറയുന്ന കാറ്റലിസ്റ്റിനെപ്പറ്റി പറയുന്ന അദ്ധ്യായത്തിൽ സ്റ്റക്കായ ജന്മമാണു്. സ്വന്തം ശരീരത്തിനു് ഓരോ വർഷവും അഞ്ചു ശതമാനം തൂക്കം വർദ്ധിപ്പിക്കാറുണ്ടെങ്കിലും ഭർത്താവിനെക്കൊണ്ടു് എക്സർസൈസ് ചെയ്യിക്കാൻ വലിയ ശുഷ്കാന്തിയാണു്. എനിക്കാണെങ്കിൽ ചെസ്സ്, ചെക്കേഴ്സ്, അമ്പത്താറു്, ഇരുപത്തെട്ടു്, റമ്മി, ബ്രിജ്, കണക്റ്റ് ഫോർ, ഗോ, യൂനോ, ക്വാറിഡോർ തുടങ്ങി ദേഹം അനങ്ങേണ്ടാത്ത കളികളൊഴികെ യാതൊന്നും കളിക്കാൻ താത്പര്യമില്ല താനും.
കമ്പനി ബസ്സിലാണു പോക്കും വരവും. ഒരു ദിവസം മുഴുവൻ പരിപാടി. പ്രധാന പരിപാടി തീറ്റി തന്നെ. ഒരു വലിയ മൈതാനത്തു പല കൂടാരങ്ങൾ കെട്ടി പല തരത്തിലുള്ള ഭക്ഷണം. അന്നത്തേതു് മെക്സിക്കൻ ഭക്ഷണമായതിനാൽ മൈതാനത്തിന്റെ ഒരറ്റത്തു് നിരനിരയായി വൃത്തിയിൽ പത്തുപന്ത്രണ്ടു ടോയ്ലറ്റുകളും സജ്ജീകരിച്ചിട്ടുണ്ടു്. ദഹനേന്ദ്രിയവ്യൂഹത്തിനു് ആകമാനം നല്ല എക്സർസൈസ് കിട്ടാനുള്ള സംവിധാനം.
ദഹനേന്ദ്രിയവ്യൂഹത്തിനു മാത്രമല്ല ശരീരത്തിനാകമാനം എക്സർസൈസിനുള്ള സംഭവങ്ങളാണു് മൈതാനമാകെ. ഇടയ്ക്കിടയ്ക്കുള്ള കുറ്റികളിൽ പിടിച്ചും ചവിട്ടിയും ഒരു ടവറിന്റെ മുകളിൽ കയറുക, രണ്ടു കയറു കൊണ്ടു് ദേഹം വരിഞ്ഞുകെട്ടി നേരെയും തലകീഴായും പിന്നെ മറ്റു പല വിധത്തിലും ആകാശത്തു മേലോട്ടും കീഴോട്ടും ആടുക തുടങ്ങി ധാരാളം വിനോദോപാധികളും പല തരത്തിലുള്ള പന്തുകളികളും ഉറിയുടെ തിരിക, ബക്കറ്റിന്റെ മൂടു് തുടങ്ങിയവ എറിഞ്ഞു പിടിക്കുന്ന കളികളും ഒരു ചക്രമുള്ള സൈക്കിളുകളും സ്കേറ്റ്ബോർഡ്, സ്കൂട്ടർ, റോളർബ്ലേഡ് എന്നൊക്കെ വിളിക്കുന്നതും ഓൾ അമേരിക്കാ എല്ലുരോഗവിദഗ്ധർ സ്പോൺസർ ചെയ്യുന്നതുമായ വഹകളിൽ കയറി തേരാപ്പാരാ സഞ്ചരിക്കുന്നതും ഒക്കെയാണു വിനോദങ്ങൾ. രണ്ടു ചക്രമുള്ള ഒരു സൈക്കിളിൽ കയറി കുറേ ചവിട്ടി (ഏകദേശം മൊത്തം ആകെ ടോട്ടൽ ഒരു ഒന്നൊന്നര കിലോമീറ്റർ ചവിട്ടിയിട്ടുണ്ടാവും) വിയർത്തു കുളിച്ചു് കാലിനു വേദനയായി പണ്ടാറമടങ്ങി പിൻവാങ്ങി “ഇനി തിരിച്ചു പോകാൻ വൈകുന്നേരം വരെ കാക്കണമല്ലോ” എന്നു വിലപിച്ചുകൊണ്ടു് വീണ്ടും ദഹനേന്ദ്രിയവ്യൂഹത്തിനു എക്സർസൈസു കൊടുത്തുകൊണ്ടിരിക്കുമ്പോഴാണു് ആ കാഴ്ച കണ്ടതു്.
മൈതാനത്തിന്റെ ഒരു മൂലയ്ക്കു് കേരളത്തിലെ ബീവറേജസ് ഷോപ്പിന്റെ മുമ്പിൽ കാണുന്നതുപോലെ ഒരു ലൈൻ!
ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഒരു ഫുൾ ബോഡി എക്സർസൈസിനു ശേഷം ഞാൻ ആ ലൈനിന്റെ ഉദ്ഭവസ്ഥാനം അന്വേഷിച്ചു യാത്രയായി. അപ്പോളതാ തലപ്പത്തു് ഒരു പെണ്ണു് ചുണ്ടിൽ ഒരു വളിച്ച ചിരിയും ഫിറ്റു ചെയ്തു് ഒരു കസേരയിൽ ചരിഞ്ഞിരിക്കുന്നു. അവളുടെ മുമ്പിൽ മറ്റൊരു കസേരയിൽ ഒരുത്തൻ ഒരു കടലാസും പെൻസിലുമായി ഇരിപ്പുണ്ടു്. പല തരത്തിലുള്ള പെൻസിലുകൾ, പേനകൾ, റബ്ബറുകൾ (തെറ്റിദ്ധരിക്കണ്ട, പെൻസിൽ തുടയ്ക്കുന്ന ഇറേസറുകൾ), കടലാസുകൾ തുടങ്ങിയവ അടങ്ങിയ ഒരു ഭാണ്ഡവുമുണ്ടു് അടുത്തു്.
കാരിക്കേച്ചർ! എന്റെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കാൻ പോവുകയാണു്!
ലൈനിനു ഞാൻ വിചാരിച്ചതിലും കൂടുതൽ നീളമുണ്ടായിരുന്നു. ഓരോരുത്തെരെയും വരയ്ക്കാൻ ഒടുക്കത്തെ സമയവും എടുത്തിരുന്നു. നിരന്തരമായ എക്സർസൈസു മൂലം അതിയായി ഫിറ്റായിരുന്ന എന്റെ ശരീരത്തിനു് അത്രയും നേരം നിഷ്ക്രിയമായി നിൽക്കാനുള്ള കഴിവുണ്ടായിരുന്നില്ല. ലൈനിന്റെ ഏകദേശം പകുതിയിലെത്തിയപ്പോൾ ദഹനേന്ദ്രിയവ്യൂഹത്തിന്റെ എക്സർസൈസിനായി വിരമിക്കേണ്ടി വന്നു. പടം വരയ്ക്കുമ്പോൾ എക്സർസൈസു ചെയ്യുന്നതു വൃത്തികേടല്ലേ? തിരിച്ചു വന്നപ്പോഴേയ്ക്കും ലൈനിനു നീളം പിന്നെയും കൂടിയിരുന്നു.
ഏതാനും മണിക്കൂറുകൾക്കു ശേഷം ഞാൻ മുന്നിലെത്തി. എന്നെ വരയ്ക്കാൻ തുടങ്ങി. എനിക്കാകെ ടെൻഷൻ. ഇനി എന്നെയല്ല, എന്റെ പുറകിൽ കുറേ മാറി മലർന്നു കിടന്നു വെയിൽ കായുന്ന അല്പവസ്ത്രധാരിണിയെയാണോ ഇങ്ങേർ വരയ്ക്കുന്നതു്? വഴിയേ പോകുന്നവർ പടവും എന്റെ ഇരിപ്പും മാറി മാറി നോക്കി ചിരിക്കുന്നുമുണ്ടു്. എനിക്കാണെങ്കിൽ കോട്ടുവാ ഇടൽ, തല ചൊറിയൽ, മറ്റു ചില ശരീരഭാഗങ്ങൾ ചൊറിയൽ, ഞെളിപിരിക്കൊള്ളൽ, ബ്ലോഗെഴുതൽ തുടങ്ങിയ നൂറു കൂട്ടം കാര്യങ്ങൾക്കു് ഒടുക്കത്തെ ടെമ്പ്റ്റേഷൻ. ഇവനൊക്കെ നമ്മുടെ കാർട്ടൂണിസ്റ്റുകളെ കണ്ടു പിടിക്കണം. ഇങ്ങനെ ഒരു കസേരയിൽ പിടിച്ചിരുത്തിയിട്ടാണോ അവരൊക്കെ ആന്റണിയെയും അച്യുതാനന്ദനെയും ഒക്കെ വരയ്ക്കുന്നതു്?
അവസാനം വരച്ചു തീർന്നു. ആകെക്കൂടി ഒന്നുകൂടി ഒന്നു നോക്കി മിനുക്കുപണികൾ ചെയ്തു് അടിയിൽ ഒപ്പും തീയതിയും വെച്ചു് പടം എനിക്കു തന്നു. നോക്കിയപ്പോൾ ആറു മാസമായി ഭക്ഷണം കണ്ടിട്ടില്ലാത്ത ഒരു സോമാലിയക്കാരന്റെ ലുക്ക്!
കണ്ടു നിന്നവർ “ഇതു തന്റെ മുഖം പോലെ തന്നെയുണ്ടു്” എന്നു പറഞ്ഞപ്പോഴാണു് സോമാലിയക്കാരന്റെ ലുക്കു് പടത്തിനു മാത്രല്ല എന്റെ മുഖത്തിനും ഉണ്ടെന്നു ബോദ്ധ്യമായതു്. ഈ അമൂല്യനിധിയുമായി തിരിച്ചെത്തിയപ്പോൾ എന്റെ മാനേജർ ഓടിക്കിതച്ചു വരുന്നു.
“താൻ എവിടെ പോയിക്കിടക്കുകയായിരുന്നു? നമ്മുടെ ടീമും ടെസ്റ്റിംഗ് ടീമും കൂടി വടം വലി നടക്കുകയാണു്. വേഗം ചെല്ല്…”
ടെസ്റ്റിംഗ് ടീമുമായുള്ള വടം വലി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവർ ഒരു ബഗ് ഇങ്ങോട്ടയയ്ക്കും. അതു ഞാൻ നോക്കിയിട്ടു കാണുന്നില്ല എന്നു പറഞ്ഞു തിരിച്ചയയ്ക്കും. കാണാനുള്ള വഴിയുമായി അവർ തിരിച്ചയയ്ക്കും. അതു ഡിസൈൻ ചെയ്ത പോലെ തന്നെ പ്രവർത്തിക്കുന്നു എന്നു പറഞ്ഞു് പിന്നെയും തിർച്ചയയ്ക്കും. അല്ല എന്നു പറഞ്ഞു് അവർ അയയ്ക്കും. ആണു് എന്നു പറഞ്ഞു് തിരിച്ചയയ്ക്കും…
ഇതൊന്നും പോരാഞ്ഞിട്ടു് ഇവിടെ പിന്നെയും…
ഒരു കൈയിൽ എന്റെ അമൂല്യനിധിയും പിടിച്ചു കൊണ്ടു് ഞാൻ മറ്റേ കൈ വടത്തിൽ പിടിച്ചു.
“ഡോ, ഇതു് ഓഫീസല്ല. വേറേ അതുമിതും ചെയ്യാതെ വടം വലിക്കെടോ…” മാനേജർ ഉറക്കെ വിളിച്ചു പറഞ്ഞു. ങേ? ഓഫീസിലിരുന്നു ബ്ലോഗു ചെയ്യുന്ന വിവരം അങ്ങേർക്കറിയുമോ? ഹൈ ലെവൽ ആർക്കിടെക്ചർ ഡോക്യുമെന്റിനിടയ്ക്കു് പോസ്റ്റ് മംഗ്ലീഷിൽ ടൈപ്പു ചെയ്തിട്ടു് പിന്നെ വീട്ടിൽ ചെന്നിട്ടു് അതു വരമൊഴിയിലൂടെ മലയാളമാക്കിയാണല്ലോ ഞാൻ ബ്ലോഗെഴുതാറുള്ളതു്?
മനസ്സില്ലാമനസ്സോടെ എന്റെ പടം ഒരു ബഞ്ചിൽ വെച്ചിട്ടു് അതിനു മുകളിൽ ഒരു കല്ലും വെച്ചിട്ടു് ഞാൻ വടം വലിയ്ക്കു പോയി.
വടം വലിയിൽ ഞങ്ങളുടെ ടീമിനു വമ്പിച്ച പുരോഗമനമായിരുന്നു. സംഗതിയെല്ലാം കഴിഞ്ഞു ക്ഷീണിച്ചു കൈപ്പത്തിയിലും മുഖത്തും പരിക്കുകളോടെ തിരിച്ചു വന്നപ്പോൾ…
എന്റെ പടമിരുന്നിടത്തു് അതിനു മുകളിൽ വെച്ച കല്ലു മാത്രമുണ്ടു്!
കുറേ നേരത്തെ തിരച്ചിലിനു ശേഷം അല്പം ദൂരെ നിന്നു് ആരോ ഭക്ഷണം കഴിച്ചതിനു ശേഷം കൈ തുടച്ചു ചുരുട്ടിക്കൂട്ടിയ നിലയിൽ സംഭവം കിട്ടി. പിന്നെ അതു ഞാൻ കയ്യിൽ നിന്നു താഴെ വെച്ചിട്ടില്ല.
പടത്തോടുള്ള എന്റെ ഈ ആക്രാന്തം കണ്ടിട്ടായിരിക്കും ഒരു സഹപ്രവർത്തകൻ പാർക്കിന്റെ മറ്റൊരു മൂലയിൽ ഒരുത്തി പോർട്രയിറ്റ് വരയ്ക്കുന്ന കാര്യം പറഞ്ഞതു്.
അവിടെ ചെന്നപ്പോൾ കണ്ടതു് പഴയതിനേക്കാളും വലിയ ലൈൻ. ചിത്രകാരിയാണു്. നിറമുള്ള പടവുമാണു്. ചിത്രം വരപ്പിക്കുന്നതും ഭൂരിഭാഗവും പെണ്ണുങ്ങൾ. പടങ്ങളൊക്കെ അതിമനോഹരം! പെണ്ണൂങ്ങളെയൊക്കെ അതിസുന്ദരികളായി വരച്ചിരിക്കുന്നു. ചുമ്മാതല്ല അവിടെ പെണ്ണുങ്ങളുടെ ഒരു തിരക്കു്!
എന്റെ ഊഴമായപ്പോൾ ചിത്രകാരി എന്നെ അടിമുടി ഒരു നോട്ടം! “കാണാൻ വർക്കത്തുള്ളവരെ മാത്രമേ ഞാൻ വരയ്ക്കാറുള്ളൂ…” എന്ന ഭാവത്തിൽ. എന്നിട്ടു് ഒരു വശത്തേയ്ക്കു തിരിഞ്ഞിരിക്കാൻ പറഞ്ഞു. സൈഡ് വ്യൂ വരയ്ക്കാനാണു്. അങ്ങനെയാണെങ്കിൽ മറ്റേ സൈഡിലെ വൃത്തികേടു വരയ്ക്കണ്ടല്ലോ എന്നായിരിക്കും.
കഴിഞ്ഞപ്പോൾ എനിക്കു പടത്തിൽ ഒടുക്കത്തെ ഗ്ലാമർ. കവിളിലൊക്കെ അരുണിമ. കണ്ണിൽ നീലിമ. തലമുടിയിൽ കാളിമ. ആകെക്കൂടി പൂർണ്ണിമ.
കളർ സ്കാനർ തത്ക്കാലം ഇല്ലാത്തതിനാൽ പ്രസ്തുത ചിത്രത്തിന്റെ ഒരു ബ്ലായ്ക്ക് ആൻഡ് വൈറ്റ് സ്കാൻ ഇവിടെ.
ഇതിനിടയിലാണു് ബ്ലോഗിൽ ഒരു പൊണ്ണത്തടിയൻ കാർട്ടൂണിസ്റ്റ് (ബ്ലോഗന്മാരെല്ലാം അങ്ങേർ വരച്ച കാരിക്കേച്ചർ പ്രൊഫൈലിൽ ഇടുമ്പോൾ അങ്ങേർ മാത്രമെന്താ ഒരു ഫോട്ടൊ ഇട്ടിരിക്കുന്നതു്?) പുലികളുടെ പടം വരയ്ക്കുന്ന വിവരമറിഞ്ഞതു്. എന്റെയും ഒരു പടം വരയ്ക്കുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, “ഞാൻ പുലികളുടെ പടം മാത്രമേ വരയ്ക്കാറുള്ളൂ, കണ്ട അണ്ണാന്റെയും മരപ്പട്ടിയുടെയും ഒന്നും വരയ്ക്കാറില്ല…” എന്നെങ്ങാനും മറുപടി പറഞ്ഞാലോ? പരിമിതമാണെങ്കിലും ഉള്ള മാനം കൂടി പോവില്ലേ? അങ്ങേരാണെങ്കിൽ ഇതൊന്നും ഈമെയിലിൽ പ്രൈവറ്റായി എഴുതുകയുമില്ല. ബ്ലോഗിൽ പരസ്യമായാണു് ചാമ്പു്. ടെമ്പ്റ്റേഷൻ കടിച്ചുപിടിച്ചു് ഞാനിരുന്നു.
അപ്പോൾ ദാ, ഒരു ഈമെയിൽ വരുന്നു:
താങ്കളുടെ ഒരു വ്യക്തചിത്രത്തെ …. (ഈമെയിൽ അഡ്രസ്) ന്റെ അടുത്തേക്ക് പറഞ്ഞുവിടുക. http://keralahahaha.blogspot.com/-യില്‍ 31-12-2007 ന് അകം പ്രത്യക്ഷപ്പെടാന്‍ പോകുന്ന 100 മുഖങളില്‍ ഒരു മുഖം താങ്കളുടെയാവട്ടെ !
പിന്നെ എന്റെ ഒരു നല്ല പടം കണ്ടുപിടിക്കാനുള്ള തിരച്ചിലായി. “ഫ്രെയിം ചെയ്താൽ പല്ലു ചില്ലിൽ മുട്ടും” എന്നു വക്കാരി ഇവിടെ പറഞ്ഞ ഈ പടവും, കുരങ്ങന്റെ ഫെയിസ് കട്ടുണ്ടെന്നു വക്കാരി തന്നെ ഇവിടെ പറഞ്ഞ ഈ പടവും ഒന്നുമല്ലാതെ കൊള്ളാവുന്ന ഒന്നും കിട്ടുന്നില്ലല്ലോ. (അതെങ്ങനാ, മുഖം നന്നായെങ്കിലേ പടവും നന്നാകൂ?) അവസാനം ഒരു പിടി ഫോട്ടോകൾ ഒരു പിക്കാസാ വെബ് ആൽബത്തിലാക്കി അയച്ചുകൊടുത്തു. അതിലൊന്നിനെ അടിസ്ഥാനമാക്കി സജ്ജീവ് ആദ്യം വരച്ച പടം താഴെ ഇടത്തുവശത്തു്. അതു് എന്നെപ്പോലെയില്ലല്ലോ എന്നു പറഞ്ഞപ്പോൾ മാറ്റി വരച്ചതു വലത്തുവശത്തു്. ഈ കാരിക്കേച്ചറും മേൽപ്പറഞ്ഞ സംഭവവും അദ്ദേഹം ഈ പോസ്റ്റിൽ ചേർക്കുകയും ചെയ്തു.
അങ്ങനെയിരിക്കുമ്പോഴാണു് കാർട്ടൂണിസ്റ്റ് ഓർക്കുട്ടിൽ എന്റെ സുഹൃത്തായതു്. ഒരു നവംബർ 22-നു കാർട്ടൂണിസ്റ്റ് ഉറക്കമെഴുനേറ്റു് ഓർക്കുട്ടിൽ നോക്കിയപ്പോൾ ദാ കിടക്കുന്നു ഇന്നു് ഉമേഷിന്റെ ജന്മദിനമാണെന്നു്. എടുത്തൂ ബ്രഷും കടലാസും. ഞാനും കുടുംബവും ജന്മദിനത്തിനു് അമ്പലത്തിൽ പോകുന്ന ഒരു പടം രണ്ടു മിനിറ്റു കൊണ്ടു വരച്ചു് എനിക്കയച്ചു തന്നു. അതിലെ എനിക്കു് ഞാനുമായി ഒരു സാമ്യവും ഇല്ലെങ്കിലും, വിഘ്നേശിനെ വിട്ടുകളഞ്ഞെങ്കിലും, ആ പടവും ഞങ്ങൾ ഒരു അമൂല്യനിധിയായി സൂക്ഷിക്കുന്നു.
2008 ജൂലൈയിൽ എറണാകുളത്തു വെച്ചു് കാർട്ടൂണിസ്റ്റിനെ കണ്ടുമുട്ടി. ഒരു പടം വരച്ചു തരുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിക്കാൻ മടിയായി. ഇനി അദ്ദേഹത്തിന്റെ ഓർക്കുട്ട് സുഹൃത്‌ശേഖരത്തിൽ (സന്ധി ചേർത്താൽ സുഹൃച്ഛേഖരം എന്നു വേണം, വിദ്യുച്ഛക്തി പോലെ. ചേർക്കണ്ടാ, അല്ലേ?) എന്നെങ്കിലും വരും എന്ന പ്രതീക്ഷയിലാണു ഞാൻ.
ഇതു് ഗുരുകുലത്തിലെ ഇരുനൂറ്റമ്പതാം പോസ്റ്റ്. ഇരുനൂറ്റമ്പതേ ആയുള്ളോ എന്നാണു് അദ്ഭുതം. നൂറൊക്കെ വളരെ പെട്ടെന്നു കഴിഞ്ഞിരുന്നു…
ഇരുനൂറ്റമ്പതു തികഞ്ഞതിനോടനുബന്ധിച്ചു് ചില ആഘോഷങ്ങളും പരിഷ്കാരങ്ങളും:
- സൈഡ്ബാർ ഒന്നു വൃത്തിയാക്കി.
- സൈഡ്ബാറിൽ ഉണ്ടായിരുന്ന “25 recent posts” അഞ്ചാക്കി കുറച്ചു. പകരം ഇതു വരെയുള്ള എല്ലാ പോസ്റ്റുകളുടെയും തീയതി അനുസരിച്ചുള്ള ലിസ്റ്റ് ഈ പേജിൽ. മാസം തിരിച്ചുള്ള ആർക്കൈവ് ഇല്ലാത്ത കുറവു് ഇതു നികത്തും. ഈ പോസ്റ്റുകൾ തന്നെ കാറ്റഗറി തിരിച്ചു് ഇവിടെ പണ്ടു തന്നെ ഉണ്ടു്.
- സൈഡ്ബാറിൽ ഉണ്ടായിരുന്ന കാറ്റഗറികളുടെ ലിസ്റ്റ് എടുത്തു കളഞ്ഞു. പകരം ഈ പേജിൽ എല്ലാ കാറ്റഗറികളും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഓരോ കാറ്റഗറിയിലെയും ഏറ്റവും പുതിയ പോസ്റ്റും അവിടെ ഉണ്ടു്.
- സൈഡ്ബാറിൽ നേരത്തെ പേജുകളുടെ ഒരു ലിസ്റ്റുണ്ടായിരുന്നു. അതെടുത്തു കളഞ്ഞു. പകരം പേജുകളുടെ ഒരു ലിസ്റ്റ് ഈ പേജിൽ ഉണ്ടു്.
- ഓരോ മാസവും പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ ഒരു സ്റ്റാറ്റിസ്റ്റിക്സ് ഇവിടെ. യൂസ്‌ലെസ്സ് ഇൻഫോർമേഷൻ. ഗൂഗിൾ ചാർട്ട് എ.പി.ഐ. ഒന്നു ശ്രമിച്ചു നോക്കിയതിന്റെ ഫലം.
- മുകളിൽ കൊടുത്ത പേജുകളുടെ ലിങ്കുകൾ സൈഡ്ബാറിൽ കൊടുത്തിട്ടുണ്ടു്. കൂടാതെ അഗ്രിഗേറ്ററുകളിലേയ്ക്കും എന്റെ മറ്റു സംരംഭങ്ങളിലേയ്ക്കും (അക്ഷരശ്ലോകം, ബുദ്ധിപരീക്ഷ) ആദ്യാക്ഷരിയിലേക്കും ഉള്ള ലിങ്കുകളും.
- ബ്ലോഗിനെ പിന്തുടരാനുള്ള (Following) സംവിധാനം ബ്ലോഗറിലെ ബ്ലോഗുകൾക്കു മാത്രമല്ല എന്നു് ഈയിടെ മനസ്സിലാക്കി. ഇപ്പോൾ ഈ ബ്ലോഗിനെയും പിന്തുടരാം. അതിനുള്ള സംവിധാനം ബ്ലോഗ് പേജിന്റെ അവസാനത്തിൽ.
- പുതിയ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ വിവരം ഈമെയിലിൽ കിട്ടാനുള്ള ഒരു സംവിധാനം ചേർത്തു. ഇവിടെ സംഭവം ഇട്ടിട്ടുണ്ടു്. സൈഡ്‌ബാറിൽ ലിങ്കും.
മേൽപ്പറഞ്ഞ സംഭവങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ അറിയിക്കുക. എന്തെങ്കിലും ശരിക്കു നടക്കുന്നില്ലെങ്കിൽ അതും.