ഇന്നു് തിയാനന്മെൻ കൂട്ടക്കൊലയുടെ ഇരുപതാം വാർഷികം. എത്ര പേർ മരിച്ചെന്നു് ഇപ്പോഴും അറിയില്ല. എന്താണു നടന്നതെന്നു് ഇപ്പോഴും വ്യക്തമല്ല. ഇരുപതാം വാർഷികത്തിലെ പ്രതിഷേധങ്ങളുടെ ആകെത്തുക എന്താണന്നു പുറം ലോകം അറിയാതിരിക്കുവാൻ ഇന്നും ചൈനയിലെ ഗവണ്മെന്റ് കിണഞ്ഞു ശ്രമിക്കുന്നു എന്നു മാത്രം അറിയാം.
ജെയിംസ് ഫെന്റന്റെ പല പുരസ്കാരങ്ങൾ നേടിയ പ്രശസ്ത കവിതയുടെ മലയാളപരിഭാഷ. Leon Wing-ന്റെ ഈ പോസ്റ്റിൽ മോണോസിലബിൾ വാക്കുകളുപയോഗിച്ച ഈ കവിതയുടെ ഘടനയെപ്പറ്റി വിശദമായി പറഞ്ഞിട്ടുണ്ടു്. ആ ഘടന മലയാളത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഒരു ആശയാനുവാദം മാത്രം.
You must not speak.
You must not think.
You must not dip
Your brush in ink.
You must not say
What happened then,
What happened there.
What happened there
In Tiananmen.
പടുകിഴവന്മാർ,
കുടിലർ, പൊട്ടന്മാർ,
കൊല നടത്തുവാൻ
മടി കളഞ്ഞവർ,
ഒരു നാൾ ശ്വാസത്തിൻ
കണിക കിട്ടാതെ
സഹജരെപ്പോലെ
അവരും ചത്തിടും
തിയാനന്മെന്നിൽ താൻ
ബഹുമതികളോ-
ടൊടുക്കത്തെക്കിട-
പ്പവർ കിടന്നിടും.
The cruel men
Are old and deaf
Ready to kill
But short of breath
And they will die
Like other men
And they’ll lie in state
In Tiananmen.
They lie in state.
They lie in style.
Another lie’s
Thrown on the pile,
Thrown on the pile
By the cruel men
To cleanse the blood
From Tiananmen.
രഹസ്യമാവണം
ഇവിടെ സത്യങ്ങൾ
അടക്കി വെയ്ക്കണം
മനസ്സിലും പോരാ
അതിന്നുമുള്ളിലായ്
ഇരുട്ടു ചൂഴുന്ന
കൊടിയ മാളത്തിൽ
അടക്കി വെയ്ക്കണം
തിയാനന്മെന്നിലേ-
യ്ക്കൊടുവിൽ സത്യങ്ങൾ
ഇനി വരും വരെ.
Truth is a secret.
Keep it dark.
Keep it dark.
In our heart of hearts.
Keep it dark
Till you know when
Truth may return
To Tiananmen.
തിയാനന്മെന്നിലെ
ചതുരം വിസ്തൃതം
വളരെ നിർമ്മലം!
മൃതിയടഞ്ഞവർ
ഇവിടെ എങ്ങു? ഹാ,
പറയാനാവില്ല…
ഇനിയവരെന്നു
തിരികെ വന്നിടും?
പറയാനാവില്ല…
തിയാനന്മെന്നിലേ-
യ്ക്കിനിയവർ, ദൃഢം
തിരികെ വന്നിടും…
Tiananmen
Is broad and clean
And you can’t tell
Where the dead have been
And you can’t tell
When they’ll come again.
They’ll come again
To Tiananmen.
അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പില്‍ 2005 ജനുവരി 6-നു തുടങ്ങിയ ഇ-സദസ്സ് 2008 മാര്‍ച്ച് 13-നു് അയ്യായിരം ശ്ലോകങ്ങള്‍ തികച്ചു. 1162 ദിവസം കൊണ്ടു് 5000 ശ്ലോകങ്ങള്‍. (ശരാശരി ഒരു ദിവസം 4.3 ശ്ലോകങ്ങള്‍). ലോകത്തിലെ ഏറ്റവും നീണ്ടുനിന്ന അക്ഷരശ്ലോകസദസ്സാണു് ഇതു്. ഇതില്‍ സംഭരിച്ച ശ്ലോകങ്ങള്‍ ഏറ്റവും വലിയ ശ്ലോകക്കൂട്ടവും ആവാം. (ഇതെഴുതുമ്പോള്‍ ശ്ലോകങ്ങളുടെ എണ്ണം 5200 കഴിഞ്ഞു).
(അക്ഷരശ്ലോകസദസ്സിനെപ്പറ്റി കൂടുതലായി ഇവിടെ വായിക്കാം.)
ശ്ലോകങ്ങളുടെ എണ്ണം നൂറു്, ആയിരം തുടങ്ങിയവ തികയുമ്പോള്‍ സദസ്സിലുള്ള ആരെങ്കിലും തന്നെ ഒരു ശ്ലോകമെഴുതി അതു് ആഘോഷിക്കാറുണ്ടു്. (ഇങ്ങനെ ഞാനെഴുതിയ ശ്ലോകങ്ങള്‍ അക്ഷരശ്ലോകസദസ്സിലെ നാഴികക്കല്ലുകള്‍ എന്ന പോസ്റ്റില്‍ കാണാം.) ഇത്തവണ കുറേക്കൂടി വിപുലമായ രീതിയിലാണു് ആഘോഷിച്ചതു്. താഴെപ്പറയുന്ന കാര്യങ്ങള്‍ നിഷ്കര്‍ഷിച്ചു.
ശ്ലോകങ്ങളുടെ എണ്ണം 4990 ആകുമ്പോള്‍ ശ്ലോകം ചൊല്ലല്‍ നിര്‍ത്തുക. അടുത്ത പത്തു ശ്ലോകങ്ങള്‍ സദസ്യര്‍ എഴുതുന്നതാവണം.
ആ 10 ശ്ലോകങ്ങള്‍ ഇ-സദസ്സിനെപ്പറ്റിയോ അതു് 5000 തികച്ചതിനെപ്പറ്റിയോ ആവണം.
ചെറിയതില്‍ നിന്നു വലുതിലേക്കു പോകുന്ന വൃത്തങ്ങളിലായിരിക്കണം അവ എഴുതുന്നതു്. ഓരോ ശ്ലോകവും താഴെക്കൊടുക്കുന്ന വൃത്തങ്ങളില്‍ ഒന്നിലായിരിക്കണം.
മല്ലിക / ശങ്കരചരിതം / ശാര്‍ദ്ദൂലവിക്രീഡിതം (18-19 അക്ഷരം)
സ്രഗ്ദ്ധര / കുസുമമഞ്ജരി (21 അക്ഷരം)
തീര്‍ച്ചയായും, ശ്ലോകങ്ങള്‍ അക്ഷരശ്ലോകരീതിയിലായിരിക്കണം. അതായതു്, ഒരു ശ്ലോകത്തിന്റെ മൂന്നാം വരിയിലെ ആദ്യാക്ഷരത്തില്‍ വേണം അടുത്ത ശ്ലോകം തുടങ്ങാന്‍.
കഴിയുന്നതും വികടാക്ഷരമൊന്നും കൊടുക്കാതെ നല്ല അക്ഷരങ്ങള്‍ മാത്രം കൊടുക്കുക.
ഒരു ശ്ലോകരചനാഭ്യാസമായി വിഭാവനം ചെയ്ത ഈ ആഘോഷം ഒരാഴ്ച കൊണ്ടു തീര്‍ക്കാനായിരുന്നു വിചാരിച്ചതു്. എന്നാല്‍ ഒരു ദിവസം കൊണ്ടു തന്നെ 10 ശ്ലോകങ്ങള്‍ ഉണ്ടായി. സദസ്സിലെ പ്രമുഖകവികളായ രാജേഷ് വര്‍മ്മ, മധുരാജ്, ഡോ. പണിക്കര്‍, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ അറിഞ്ഞു വന്നപ്പോഴേയ്ക്കും പത്തു ശ്ലോകങ്ങളും കഴിഞ്ഞിരുന്നു. (വിശ്വപ്രഭ അറിഞ്ഞെത്തിയെങ്കിലും ജോലിത്തിരക്കു മൂലം ശ്ലോകം എഴുതാന്‍ പറ്റിയില്ല.)
ആ പത്തു ശ്ലോകങ്ങളും താഴെച്ചേര്‍ക്കുന്നു. അതാതു കവികളെക്കൊണ്ടു തന്നെ ചൊല്ലിച്ചു് ഇവിടെ ഇടണമെന്നു കരുതിയതാണു്. അതിനു് ഇനിയും സമയമെടുക്കുന്നതിനാല്‍ ഞാന്‍ തന്നെ എല്ലാ ശ്ലോകങ്ങളും ചൊല്ലുന്നു. (ഇതു വായിക്കുന്ന കവികള്‍ അവരവരുടെ ശ്ലോകങ്ങള്‍ ചൊല്ലി MP3 എനിക്കു് ഉമേഷ്.പി.നായര്‍ അറ്റ് ജീമെയില്‍.കോം എന്ന വിലാസത്തില്‍ അയച്ചു തരുക. ഇവിടെ ചേര്‍ക്കാം.)
മറ്റു പല തിരക്കുകള്‍ മൂലം ഞാന്‍ ഇ-സദസ്സില്‍ പോയിട്ടു് ഒരുപാടു കാലമായി. 3000-ത്തിനു ശേഷം പോയിട്ടില്ല എന്നു തന്നെ പറയാം. ഇ-സദസ്സ് പൂര്‍വ്വാധികം ഭംഗിയായി പോകുന്നതു കണ്ടതിലുള്ള സന്തോഷത്തില്‍ നിന്നാണു് ഈ ശ്ലോകം. ഉള്ളൂരിന്റെ ഉമാകേരളത്തിലെ
ഈ സദസ്സിലെ ഏറ്റവും പ്രഗല്‍ഭനായ കവിയാണു് പ്രശസ്ത ബാലസാഹിത്യകാരനും കവിയും ഭാഗവതപ്രഭാഷകനുമായ കെ. കെ. ചന്ദ്രശേഖരന്‍ നായര്‍ എന്ന ബാലേന്ദു. കുഞ്ഞിക്കുട്ടന്‍ തമ്പുരാനെപ്പോലെ ശ്ലോകമെഴുത്തു് അദ്ദേഹത്തിനു് ഒരു കുട്ടിക്കളി മാത്രം.
ഇ-സദസ്സിലെ ഏറ്റവും സജീവമായ പങ്കാളിത്തം കര്‍ത്തായുടേതായിരുന്നു. രണ്ടാമത്തെ ശ്ലോകം ചൊല്ലിയ കര്‍ത്താ ഒരിക്കലും മുടക്കം വരാതെ ഇപ്പോഴും ചൊല്ലിക്കൊണ്ടിരിക്കുന്നു, മറ്റേ അറ്റത്തു് ആളുകള്‍ ഔട്ടായിക്കൊണ്ടിരിക്കുമ്പോഴും ഇങ്ങേ അറ്റത്തു നിന്നു് സ്ഥിരമായി ബാറ്റു ചെയ്യുന്ന ഓപ്പനിംഗ് ബാറ്റ്സ്മാനെപ്പോലെ. ജീവിതത്തില്‍ ഒരിക്കലും അക്ഷരശ്ലോകം ചൊല്ലിയിട്ടില്ലാത്ത, ഇപ്പോഴും കാര്യമായി ശ്ലോകങ്ങളൊന്നും കാണാതെ അറിയാത്ത കര്‍ത്താ മലയാളഭാഷയോടുള്ള അത്യധികമായ സ്നേഹം കൊണ്ടാണു് സദസ്സില്‍ പങ്കെടുക്കുന്നതു്. 5000 ശ്ലോകങ്ങളില്‍ 842 ശ്ലോകങ്ങള്‍ (ഏകദേശം 17%) ചൊല്ലിയ അദ്ദേഹം എന്നും ഏറ്റവും കൂടുതല്‍ ശ്ലോകം ചൊല്ലിയ ആളാണു്. വിനയരാജ് (705), ഉമേഷ് (469), ഋഷി കപ്ലിങ്ങാടു് (412), ബാലേന്ദു (383), ഡോ. പണിക്കര്‍ (358), ജ്യോതിര്‍മയി (287) എന്നിവരാണു് 5 ശതമാനത്തില്‍ കൂടുതല്‍ ശ്ലോകങ്ങള്‍ ചൊല്ലിയിട്ടുള്ള മറ്റുള്ളവര്‍. ആകെയുള്ള 191 അംഗങ്ങളില്‍ 40 പേര്‍ സദസ്സില്‍ പങ്കെടുത്തിട്ടുണ്ടു്.
ഈ കളരിയില്‍ കൂടി ശ്ലോകമെഴുതാനും കര്‍ത്താ പ്രാപ്തി നേടി. അയ്യായിരാമത്തെ ശ്ലോകം കൂടി റിസൈറ്റ് ചെയ്യണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹമാണു് ഈ ശ്ലോകത്തില്‍.
രാജേഷ് വര്‍മ്മ, ജ്യോതിര്‍മയി, ഋഷി, ഹരിദാസ്, സിദ്ധാര്‍ത്ഥന്‍ തുടങ്ങി പലരും ശ്ലോകമെഴുതാന്‍ പഠിച്ച കളരിയായിരുന്നു ഈ ഗ്രൂപ്പ്. വൃത്തമോ അര്‍ത്ഥമോ തെറ്റിയാലും ആരെങ്കിലും സഹായിച്ചു് ശ്ലോകങ്ങള്‍ നന്നാക്കാന്‍ ഇവിടെ കവികള്‍ക്കു കഴിഞ്ഞിരുന്നു. ഈ കാര്യമാണു് ഋഷി ഇവിടെ സൂചിപ്പിക്കുന്നതു്.
സ്തോത്രങ്ങള്‍ തൊട്ടു യുക്തിവാദം വരെയും, ദുര്‍ഗ്രഹങ്ങളായ സംസ്കൃതശ്ലോകങ്ങള്‍ തൊട്ടു പാരഡിശ്ലോകങ്ങള്‍ വരെയും നിറഞ്ഞ ഒരു രസികന്‍ സദ്യ തന്നെയായിരുന്നു ഇതു്.
മാളത്തില്‍ നിന്നു പുറമേക്കു വരുന്നു ഞാനീ
മേളത്തിലേക്കു, ചെറു പൂങ്കുഴലൂതുവാനായ്
ശ്ലോകാങ്കണത്തിലിത, വേദിയൊരുക്കി നില്‍പൂ
കേളിക്കു വന്നിടുക കാവ്യകലാംഗനേ നീ!
കുറേക്കാലമായി ഹരിദാസും ശ്ലോകസദസ്സില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. 5000 തികയ്ക്കുന്നതു കേട്ടു് ഓടി വന്നതാണു്. അതിനെയാണു “മാളത്തില്‍ നിന്നു പുറമേയ്ക്കു വരുന്നു ഞാന്‍” എന്നതു കൊണ്ടു് ഉദ്ദേശിക്കുന്നതു്.
നല്ല ശ്ലോകം. ശ്ലോകങ്ങളുടെ എണ്ണം രണ്ടായിരമായിടുമ്പോഴേയ്ക്കു് അവയുടെ സ്റ്റോക്കു തീരും എന്നാണു് ആദ്യം കരുതിയിരുന്നതു്. ഇപ്പോള്‍ ഇതാ 5000 കവിഞ്ഞിട്ടും ദിവസവും അക്ഷരശ്ലോകരീതിയില്‍ എട്ടുപത്തു ശ്ലോകങ്ങള്‍ സദസ്സിലേയ്ക്കു വരുന്നു. കൊയ്യും തോറും കൂടുതല്‍ വിള മുളയ്ക്കുന്ന പാടമായാണു് കവി ഇതിനെ ഉപമിക്കുന്നതു്. ഇവയെ ശരിക്കു ക്രോഡീകരിക്കുവാന്‍ തന്നെ നമുക്കു കഴിയുന്നില്ല. വായിക്കുന്ന കാര്യം പോകട്ടേ. ആസ്വാദനക്ഷമതയാണു് ഇവിടെ അരിവാള്‍.
“മാലിനി” സ്വന്തം മകളുടെ പേരായതു കൊണ്ടു് കര്‍ത്തായ്ക്കു മാലിനിവൃത്തത്തോടു പ്രത്യേകം മമതയുമുണ്ടു്.
ഈ ഗ്രൂപ്പു തുടങ്ങുമ്പോള്‍ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ-രാജേഷ് വര്‍മ്മയും ഞാനും. ഇപ്പോള്‍ 191 പേരുണ്ടു്. ഒരിക്കലും മുടങ്ങാതെ നടന്ന ഗ്രൂപ്പില്‍ ഇതു വരെ 10702 ഈമെയിലുകള്‍ വഴി ആളുകള്‍ ശ്ലോകങ്ങള്‍ ചൊല്ലുകയും സാഹിത്യചര്‍ച്ചകള്‍ നടത്തുകയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇ-സദസ്സ് എന്ന സംരംഭവും വളരെ വിജയമായിരുന്നു. ഇതു് ഇനിയും തുടര്‍ന്നു പോകട്ടേ എന്നാണു് ആഗ്രഹം.
“അമ്പത്തൊന്നക്ഷരാദി…” ശ്ലോകം ജ്യോതി നേരത്തേ അയച്ചിട്ടു് അതു് അയ്യായിരാമത്തെ ശ്ലോകമായി പരിഗണിക്കാമോ എന്നു് ജ്യോതി ചോദിച്ചു. “അതു പറ്റില്ല, തൊട്ടു മുമ്പുള്ള ആള്‍ തരുന്ന അക്ഷരത്തില്‍ ചൊല്ലണം” എന്നു ഞാന്‍. അപ്പോള്‍ “ഏതക്ഷരം തന്നാലും ഞാന്‍ ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ ജ്യോതിക്കു് അ കൊടുത്തോളാം” എന്നു ബാലേന്ദു പറഞ്ഞു. അങ്ങനെ എഴുതിയ ശ്ലോകമാണിതു്.
ശ്ലോകപ്പെരുമഴ ജനലിലൂടെ നോക്കി നില്‍ക്കുമ്പോള്‍ അയ്യായിരം മഴത്തുള്ളികളില്‍ അയ്യായിരം സൂര്യഗോളം പ്രതിബിംബിച്ചു കണ്ടു് ആനന്ദിച്ചും അമ്പരന്നും നില്‍ക്കുന്ന കുട്ടിയായാണു് ജ്യോതി തന്നെ കാണുന്നതു്. ഈ ശ്ലോകത്തെപ്പറ്റി ജ്യോതി ഇവിടെ എഴുതിയിട്ടുണ്ടു്.
ഇതിനു ശേഷം ഹരിദാസ് മുന്‍കൈയെടുത്തു് ലോകത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് ലൈവ് അക്ഷരശ്ലോകവും നടന്നു. സ്കൈപ്പില്‍ക്കൂടി അഞ്ചു പേര്‍-ബാംഗ്ലൂരില്‍ നിന്നു ബാലേന്ദുവും ജ്യോതിയും, ഒഹായോയില് (അമേരിക്ക) നിന്നു ഹരിദാസ്, ഓറിഗണില്‍ (അമേരിക്ക) നിന്നു രാജേഷ് വര്‍മ്മ, കാലിഫോര്‍ണിയയില്‍ (അമേരിക്ക) നിന്നു ഞാന്‍-രണ്ടു മണിക്കൂറിലധികം ശ്ലോകം ചൊല്ലി. അതും ഒരു വ്യത്യസ്ത അനുഭവമായിരുന്നു.
അന്യം നിന്നു പോയെന്നു പലരും എഴുതിത്തള്ളിയ ഈ കല ഇപ്പോഴും നിലനില്‍ക്കുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ടു്. അതു പോലെ, ഇപ്പോഴും ശ്ലോകമെഴുതാന്‍ കഴിയുന്നവര്‍ ഉണ്ടെന്നുള്ളതും.
ശ്ലോകങ്ങള്‍ ക്രോഡീകരിക്കുന്ന ജോലി നടന്നുകൊണ്ടിരിക്കുന്നു. ഇവിടെ ആദ്യത്തെ 2646 ശ്ലോകങ്ങളേ ഉള്ളൂ. താമസിയാതെ 5000 ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിക്കും.
(ഡിസ്‌ക്ലൈമര്‍: ഈ പോസ്റ്റ് ചരിത്രത്തോടു നീതി പുലര്‍ത്തുന്നതല്ല. ചരിത്രത്തിലും ഐതിഹ്യങ്ങളിലും കാണുന്ന ഉദ്ദണ്ഡന്‍, പുനം നമ്പൂതിരി, കാക്കശ്ശേരി ഭട്ടതിരി എന്നീ വ്യക്തികള്‍ക്കു ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടു്. വിശദവിവരങ്ങള്‍ അറിയാനും യഥാര്‍ത്ഥ കഥ അറിയാനും ഈ പോസ്റ്റ് വായിക്കുക.)
പണ്ടുപണ്ടു്, ക്രിസ്തുവര്‍ഷം പതിനഞ്ചാം നൂറ്റാണ്ടില്‍, കോഴിക്കോടു മാനവിക്രമന്‍ എന്ന സാമൂതിരി നാടുവാഴുന്ന കാലം. കവികള്‍ക്കും കലാകാരന്മാര്‍ക്കും യാതൊരു കുറവുമില്ല. വഞ്ചിപ്പാട്ടു്, ഓട്ടന്‍തുള്ളല്‍, കുറത്തിയാട്ടം, കൈകൊട്ടിക്കളി തുടങ്ങിയ സാഹിത്യശാഖകളില്‍ നിഷ്ണാതരായി ഇതു താന്‍ വിശ്വസാഹിത്യം എന്നു കരുതി മലയാളസാഹിത്യകാരന്മാര്‍ ആര്‍മ്മാദിച്ചു കഴിഞ്ഞു പോന്നു. ഇടയ്ക്കിടെ സീനിയര്‍, ജൂനിയര്‍, കൂട്ടായ്മ, കോപ്പിറൈറ്റ് എന്നൊക്കെ കേള്‍ക്കാമെങ്കിലും, പൊതുവേ ഈ മലയാളത്താന്മാര്‍ സൌഹാര്‍ദ്ദത്തിലാണു കഴിഞ്ഞുപോന്നതു്. എങ്കിലും സംസ്കൃതത്തില്‍ എഴുതുന്നതാണു് ഉത്തമസാഹിത്യമെന്നു ചിലരൊക്കെ ധരിച്ചു വശായിരുന്നു. സംസ്കൃതത്തിന്റെ കാലം കഴിഞ്ഞെന്നും സാഹിത്യത്തിന്റെ ഭാവി മലയാളത്തില്‍ ആയിരിക്കും എന്നും ചില ദീര്‍ഘദര്‍ശികള്‍ പറഞ്ഞുകൊണ്ടു നടന്നെങ്കിലും താന്‍ മലയാളത്തിലെഴുതിയ സൃഷ്ടികള്‍ സംസ്കൃതത്തിലാക്കാന്‍ വഴി വല്ലതുമുണ്ടോ എന്നു തക്കം പാര്‍ത്തുകൊണ്ടിരുന്നവരും ധാരാളമുണ്ടായിരുന്നു. സംസ്കൃതത്തിലുള്ള ഏതു കൃതിയേക്കാളും മികച്ചവയാണു താന്‍ എഴുതുന്നവ എന്നു് അഭിമാനിച്ചവരും കുറവല്ല.
അങ്ങനെയിരിക്കേ, സംസ്കൃതത്തില്‍ മാത്രം എഴുതിക്കൊണ്ടിരുന്ന ഒരു പരദേശി മലയാളനാട്ടിലെത്തി. ഉദ്ദണ്ഡശാസ്ത്രികള്‍ എന്നായിരുന്നു പേരു്. ശാസ്ത്രികള്‍ എന്നതു സ്വയം ചാര്‍ത്തിയ ബിരുദമായിരുന്നു. താന്‍ എഴുതുന്ന വഹയ്ക്കാണു് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളതു് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ മലയാളസാഹിത്യകാരന്മാരൊക്കെ വെറും ഭോഷന്മാരാണു് എന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം.
ദോഷം പറയരുതല്ലോ, ഈ മലയാളത്താന്മാര്‍ താന്‍ എഴുതുന്നതൊക്കെ വായിക്കണമെന്നു് ഉദ്ദണ്ഡനു് ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം എല്ലാവരുടേയും അടുത്തു ചെന്നു് താന്‍ ഇതാ വരുന്നു എന്നും നീയൊക്കെ എഴുത്തു നിര്‍ത്തി താന്‍ എഴുതുന്നതു വായിക്കാന്‍ തുടങ്ങണം എന്നും അഭ്യര്‍ത്ഥിച്ചു.
തുടര്‍ന്നു് അദ്ദേഹം ദിവസം ഓരോന്നു വെച്ചു് ശ്ലോകങ്ങള്‍ പടച്ചുവിടാന്‍ തുടങ്ങി. വായിച്ചവര്‍ക്കൊന്നും ഒരു മണ്ണാങ്കട്ടയും മനസ്സിലായില്ല. സംസ്കൃതത്തിലെ എഴുത്തിന്റെ സ്റ്റൈലായിരിക്കും എന്നു കരുതി ആരും ഒന്നും പറഞ്ഞില്ല.
ഇതാണു സ്റ്റൈല്‍. വലിയ കട്ടിയുള്ള വാക്കുകളേ ഉപയോഗിക്കൂ. “ഘടപടാ” എന്നിരിക്കും. കൂട്ടി വായിച്ചു് അര്‍ത്ഥം നോക്കിയാല്‍ കാര്യമായൊന്നും ഉണ്ടാവുകയുമില്ല. രാജാവിനെപ്പറ്റി മാത്രമല്ല, അല്പം പ്രശസ്തരെന്നു തോന്നിയ പലരുടെയും പേരുകള്‍ ചേര്‍ത്തു് ഇദ്ദേഹം കൃതികള്‍ ചമച്ചിരുന്നു. ഈ കൃതികളും ആ ആളുകളും തമ്മില്‍ എന്തു ബന്ധം എന്നു് ആലോചിച്ചു പാമരന്മാര്‍ തല പുണ്ണാക്കി.
ഇദ്ദേഹത്തിനു തര്‍ക്കവും വിമര്‍ശനവുമല്ലാതെ കാവ്യാസ്വാദനത്തിനുള്ള ശക്തി അല്പം പോലുമില്ലായിരുന്നു. അതു തുറന്നു സമ്മതിച്ചിട്ടുമുണ്ടു്.
ഒരല്പം ഓഫ്‌ടോപ്പിക്: വി. കെ. എന്‍. -ന്റെ “പയ്യന്‍ കഥക”ളിലെ ആദ്യത്തെ കഥയില്‍ രേണുവിന്റെ സാരിയ്ക്കു സ്ഥാനചലനം സംഭവിക്കുമ്പോള്‍ “ഉദ്ദണ്ഡശാസ്ത്രികള്‍ക്കു ശേഷം സംഭവിച്ച പ്രൌഢസ്ത്രീരസികനായ പയ്യന്‍” എന്ന പ്രയോഗത്തില്‍ ഉദ്ദിഷ്ടമായ ശ്ലോകം ഇതാകുന്നു.
ഇങ്ങനെയൊക്കെയായാലും പറയുന്നതു സംസ്കൃതത്തിലായതു കൊണ്ടും തര്‍ക്കം, വ്യാകരണം, വിമര്‍ശനം തുടങ്ങിയവയില്‍ പേരെടുത്ത ആളായതു കൊണ്ടും പൊതുവേ ആളുകള്‍ ഉദ്ദണ്ഡനു് കുറച്ചു് ആദരവു കൊടുത്തു പോന്നു.
ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നു് വളരെയധികം പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള ഒരു മലയാളകവിയുമുണ്ടു്. പുനം നമ്പൂതിരി എന്നാണു് ആ കവിയുടെ പേരു്.
പുനം ആള്‍ ചില്ലറക്കാരനല്ലായിരുന്നു. പുലിയായിരുന്നു.
എന്നതു പോലെ സ്റ്റൈലായി സംസ്കൃതനിബിഡമായ ശ്ലോകങ്ങള്‍ കൊണ്ടു് ഭാഷാരാമായണചമ്പു എഴുതിയവന്‍. സംസ്കൃതത്തില്‍ എഴുതിയെഴുതി മതിയായി “ഇനി ഞാന്‍ മലയാളത്തിലേ എഴുതൂ” എന്നു ശപഥം ചെയ്തവന്‍. ഇനി സംസ്കൃതത്തില്‍ എന്നെങ്കിലും എഴുതിയാലും ആദ്യം അതു മലയാളത്തില്‍ എഴുതിയതിനു ശേഷം മാത്രമേ സംസ്കൃതത്തില്‍ എഴുതൂ എന്നു പരസ്യമായി പ്രഖ്യാപിച്ചവന്‍.
ഈ പുനം നമ്പൂതിരി തന്നെയാണു ചെറുശ്ശേരിയും എന്നു് ചില പണ്ഡിതര്‍ക്കു് അഭിപ്രായമുണ്ടെന്നു മലയാളം വിക്കിപീഡിയ പറയുന്നു. ശരിയാണോ എന്തോ? എന്തായാലും കള്ളപ്പേരില്‍ എഴുതുന്നതു് അന്നേ ഉണ്ടു് എന്നതിനു രണ്ടു പക്ഷമില്ല. ഉദ്ദണ്ഡനാണെങ്കില്‍ സ്വന്തം പേരില്‍ മാത്രമേ ആളുകള്‍ എഴുതാന്‍ പാടുള്ളൂ എന്നു നിര്‍ബന്ധമുള്ള ആളായിരുന്നു. അല്ലാത്തവരെല്ലാം വെട്ടുക്കിളികളാണത്രേ!
ഈ ശ്ലോകം കേട്ടിട്ടു് ഉദ്ദണ്ഡന്‍ ചാടിയെഴുന്നേറ്റു് “ബലേ ഭേഷ്! അന്ത ഹന്തയ്ക്കിന്ത പട്ടു്” എന്നു പറഞ്ഞു് തോളത്തു കിടന്ന പട്ടു പുനത്തിനു സമ്മാനിച്ചു എന്നാണു കഥ. ഈ ശ്ലോകത്തിലെ “ഹന്ത” എന്ന പ്രയോഗത്തിനാണു് ആ പട്ടു കൊടുത്തതത്രേ!
ഉദ്ദണ്ഡന്‍ എന്തിനാണു പ്രശംസിച്ചതെന്നു അധികം ആളുകള്‍ക്കും മനസ്സിലായില്ല. ഈ ശ്ലോകത്തിന്റെ അര്‍ത്ഥഭംഗിയല്ല അദ്ദേഹത്തെ ആകര്‍ഷിച്ചതു്. അര്‍ത്ഥം മനസ്സിലായോ എന്നു തന്നെ അറിയില്ല. (പട്ടു കൊടുക്കാനും അവതാരിക എഴുതാനും അര്‍ത്ഥം അറിയേണ്ടല്ലോ!) കുറേ ശബ്ദങ്ങള്‍ പ്രാസത്തോടെ തിരിച്ചും മറിച്ചുമിട്ടു് എഴുതി മാത്രം ശീലമുള്ള ഉദ്ദണ്ഡനെ ആകര്‍ഷിച്ചതു് ഈ ശ്ലോകത്തിന്റെ പ്രാസഭംഗിയാണു്. നാലു വരിയിലുമുള്ള ദ്വിതീയാക്ഷര-തൃതീയാക്ഷരപ്രാസങ്ങള്‍ മനോഹരമാണു്. കൂടാതെ വരികളുടെ അവസാനമുള്ള അനുപ്രാസവും.
ആദ്യത്തെ വരിയില്‍: “രാമ രാമാജനാം” എന്നു മ.
രണ്ടാം വരിയില്‍: “മണ്ഡലീചണ്ഡഭാനോ” എന്നു് ണ്ഡ.
“ബലേ ഭേഷ്” എന്നു പറയാന്‍ വന്ന ഉദ്ദണ്ഡനെ മൂന്നാം വരി നിരാശനാക്കിക്കളഞ്ഞു. “എന്നുമേഷാ കുളിക്കും”. പ്രാസമില്ല!
(എന്നുമേഷാ = എന്നും + ഏഷാ, എന്നു് + ഉമേഷാ അല്ല)
“ഈ മലയാളത്താന്മാര്‍ക്കു മര്യാദയ്ക്കു് ഒരു ശ്ലോകം എഴുതാന്‍ അറിയില്ല” എന്നു മനസ്സില്‍ പറഞ്ഞു പുനത്തിന്റെ പേരു വെട്ടാന്‍ തുനിഞ്ഞപ്പോഴാണു നാലാം വരി: “ഹന്ത, കല്പാന്തതോയേ” എന്നു് ന്ത!
പ്രാസമില്ലാതിരുന്ന നാലാം വരിയില്‍ അര്‍ത്ഥമില്ലാത്ത ഹന്തയെ കടത്തി പുനം പ്രാസമുണ്ടാക്കിയിരിക്കുന്നു! കൊടുക്കു് ആ ഹന്തയ്ക്കു് ഒരു പട്ടു്!
പുനമൊഴികെ മറ്റൊരു കേരളകവിയെയും താന്‍ ബഹുമാനിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞതു ശ്രദ്ധിക്കുക. താന്‍ നേരിട്ടു പരിചയപ്പെട്ടിട്ടില്ലാത്ത കവികളെ വരെ അദ്ദേഹത്തിനു പുച്ഛമായിരുന്നു-കേരളകവിയാണു് എന്ന ഒറ്റക്കാരണം കൊണ്ടു്.
പക്ഷേ, പുനം ഒരു കവിയാണെന്നു സമ്മതിച്ചു കൊടുക്കാന്‍ ഉദ്ദണ്ഡന്‍ തയ്യാറായിരുന്നില്ല. പുനത്തിനെ പരാമര്‍ശിച്ചു് കവി എന്നെഴുതിയാല്‍ ഒരു ചോദ്യചിഹ്നം കൂടി ഇടുന്നതു് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അങ്ങനെ മലയാളികളുടെ അരചകവിയായ പുനം നമ്പൂതിരി ഉദ്ദണ്ഡന്റെ ഇടപെടല്‍ മൂലം അരക്കവിയായി മാറി.
പക്ഷേ, കാലം കുറേ കഴിഞ്ഞപ്പോള്‍ പതിനെട്ടരക്കവികളില്‍ അരക്കവിയായിരുന്ന പുനം നമ്പൂതിരിയെ മാത്രം ജനം ഓര്‍ത്തു. ബാക്കി പതിനെട്ടു സംസ്കൃതകവികള്‍ ആരൊക്കെയെന്നറിയാന്‍ ആളുകള്‍ക്കു വിക്കിപീഡിയ നോക്കേണ്ടി വന്നു.
അക്കാലത്തു്, രേവതീപട്ടത്താനം എന്നൊരു വിദ്വത്‌സദസ്സു സ്ഥിരമായി നടക്കുമായിരുന്നു. ഒരു കാലത്തു വളരെ നല്ല രീതിയില്‍ നടന്നിരുന്ന ഈ വിദ്വത്‌സദസ്സു് ഉദ്ദണ്ഡന്റെ കാലത്തു് വെറും അനാവശ്യതര്‍ക്കങ്ങളുടെ വേദിയായി. ദിവസവും ഉദ്ദണ്ഡന്‍ എന്തെങ്കിലും പറയും. എതിര്‍ക്കുന്നവരെ ഉദ്ദണ്ഡന്‍ തന്നെ തര്‍ക്കിച്ചു തോല്‍പ്പിക്കും. ആരെന്തു പറഞ്ഞാലും “നഹി, നഹി” (അല്ല, അല്ല) എന്നു പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തര്‍ക്കിക്കുന്നവരോടു് പോയി പുസ്തകങ്ങള്‍ വായിച്ചിട്ടു വരാന്‍ പറയുക, അവര്‍ക്കു് എഴുതാന്‍ അറിയില്ല എന്നു പറയുക, അവരുടെ പേരുകള്‍ കൊള്ളില്ല എന്നു പറയുക, താന്‍ സംസ്കൃതത്തില്‍ എഴുതുന്നതൊക്കെ ലോകത്തില്‍ വെച്ചു് ഏറ്റവും ഉത്‌കൃഷ്ടമാണെന്നു പറയുക തുടങ്ങിയ ചെപ്പടിവിദ്യകളും ഉത്തരം മുട്ടുമ്പോള്‍ അദ്ദേഹം ചെയ്തിരുന്നു. എന്തായാലും അവസാനത്തില്‍ താന്‍ ജയിച്ചതായി അദ്ദേഹം പ്രഖ്യാപിക്കും. സാമൂതിരി അതു് അംഗീകരിക്കുകയും ചെയ്യും.
കേരളത്തിലെ പണ്ഡിതര്‍ ഇദ്ദേഹത്തെക്കൊണ്ടു പൊറുതിമുട്ടി. അവര്‍ കൂട്ടമായി ഇദ്ദേഹത്തെ വാദത്തില്‍ തോല്പിക്കാന്‍ ശ്രമിച്ചു. ഉദ്ദണ്ഡന്‍ അവരെ വെട്ടുക്കിളികള്‍ എന്നു വിളിച്ചു. രേവതീപട്ടത്താനം ആകെ അലമ്പായി.
എങ്കിലും കേരളപണ്ഡിതന്മാര്‍ക്കാര്‍ക്കും ഉദ്ദണ്ഡനെ വാദത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ല.
ഈ ഉദ്ദണ്ഡനെയും ഒതുക്കാന്‍ ഒരാളുണ്ടായി-കാക്കശ്ശേരി ഭട്ടതിരി. ഇദ്ദേഹത്തിനു സംഭവം നടക്കുമ്പോള്‍ ഏഴെട്ടു വയസ്സേ ഉള്ളൂ. എഴുത്തും വായനയും തുടങ്ങിയിട്ടു് അധികം കാലമായിട്ടില്ല. എന്നാലെന്താ, സൂര്യനു കീഴിലുള്ള എന്തിനെപ്പറ്റിയും ആധികാരികമായ വിവരമാണു്. തര്‍ക്കിക്കാന്‍ ഉദ്ദണ്ഡനെക്കാള്‍ വളരെ മുകളില്‍. എന്തു ചോദിച്ചാലും “നഹി, നഹി” എന്നേ പറയുള്ളൂ. തര്‍ക്കുത്തരം പറയാന് ഇവനെക്കഴിഞ്ഞു് ആരുമില്ല. പണ്ടു ചില ബ്രാഹ്മണര്‍ “ആപദി കിം കരണീയം?” എന്നു ചോദിച്ചപ്പോള്‍ “സ്മരണീയം ചരണയുഗളമംബായാഃ” എന്നും പിന്നെ “തത് സ്മരണം കിം കുരുതേ?” എന്നതിനു് “ബ്രഹ്മാദീനപി ച കിങ്കരീകുരുതേ” എന്നും പദ്യത്തില്‍ത്തന്നെ തര്‍ക്കുത്തരം പറഞ്ഞ ആളാണു്. പ്രാസത്തോടു കൂടി
ഹൃദാകാശേ ചിദാദിത്യസ്സദാ ഭാതി നിരന്തരം
എന്നും മറ്റും കാച്ചാന്‍ കഴിവുള്ള ആളാണു്. ചുരുക്കം പറഞ്ഞാല്‍, പുലിയാണെന്നര്‍ത്ഥം.
അക്കാലത്തു രേവതീപട്ടത്താനത്തില്‍ 72 തര്‍ക്കങ്ങളാണു നടക്കുക. ഓരോ തര്‍ക്കത്തിനും വിജയിക്കു് ഓരോ പണക്കിഴി കിട്ടും. ഈ 72 പണക്കിഴിയും സ്ഥിരമായി ഉദ്ദണ്ഡനാണു് കൊണ്ടുപോയിരുന്നതു്. ഇത്തവണ അദ്ദേഹത്തിനു് ഒരെണ്ണം പോലും കൊടുക്കാതിരിക്കുകയായിരുന്നു കാക്കശ്ശേരിയുടെയും കൂട്ടരുടെയും ലക്ഷ്യം.
തര്‍ക്കം തുടങ്ങി. വാദങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പു് ഉദ്ദണ്ഡന്‍ കാക്കശ്ശേരിയെ ഒന്നു ചുഴിഞ്ഞു നോക്കി. ഒരു കിളുന്തുപയ്യന്‍. അധികം വിവരമൊന്നും ഉണ്ടാകാന്‍ വഴിയില്ല. സംസ്കൃതത്തില്‍ പത്രാധിപര്‍ക്കുള്ള ഒരു കത്തു പോലും എഴുതിയിരിക്കാന്‍ ഇടയില്ല. ഇവന്‍ വെറുതേ തമാശയ്ക്കു വന്നതായിരിക്കും. ഇവനെക്കാള്‍ വലിയ എത്ര പണ്ഡിതരെ താന്‍ പുഷ്പം പോലെ ഒതുക്കിയിരിക്കുന്നു!
“ആകാരോ ഹ്രസ്വഃ,” പുച്ഛത്തോടെ ഉദ്ദണ്ഡന്‍ പറഞ്ഞു. ആകാരം എന്നു വെച്ചാല്‍ ആകൃതി, ശരീരത്തിന്റെ വലിപ്പം. കുഞ്ഞുപയ്യനാണല്ലോ എന്നു്.
എല്ലാറ്റിനും “നഹി, നഹി” എന്നു മാത്രം പറഞ്ഞു പരിചയിച്ചിട്ടുള്ള കാക്കശ്ശേരി വിട്ടില്ല, “നഹി നഹി,” അദ്ദേഹം പറഞ്ഞു, “ആകാരോ ദീര്‍ഘഃ, അകാരോ ഹ്രസ്വഃ”
ആകാരം എന്നതിനു് ആ എന്ന അക്ഷരം എന്നും അര്‍ത്ഥമുണ്ടു്. (“ര” ഒഴികെയുള്ള എല്ലാ അക്ഷരത്തിന്റെയും കൂടെ “…കാരം” ചേര്‍ത്താണു പറയുക. “ര”യ്ക്കു മാത്രം “രകാരം” എന്നു പറയില്ല-“രേഫം” എന്നാണു പറയുക. എന്താണു കാരണമെന്നു് എനിക്കു് ഒരു പിടിയുമില്ല.) അതു ദീര്‍ഘമാണു്, അകാരമാണു ഹ്രസ്വം എന്നാണു കാക്കശ്ശേരി തിരിച്ചടിച്ചതു്.
ഈ ആകാരം ഉദ്ദണ്ഡനെ മാത്രമല്ല വലച്ചതു്. സിബു “ആകാരാദി” എന്നു പ്രയോഗിച്ചതും സന്തോഷ് തോട്ടിങ്ങല്‍ “അകാരാദി” എന്നു തിരുത്തിയതും ഇവിടെ.
അങ്ങനെ വാദം തുടങ്ങുന്നതിനു മുമ്പു തന്നെ ഉദ്ദണ്ഡന്‍ എട്ടുനിലയില്‍ പൊട്ടി. വാദം തുടങ്ങുകയായി.
ഉദ്ദണ്ഡനു് ഒരു തത്തയുണ്ടു്. അദ്ദേഹത്തിന്റെ ഭാഗ്യചിഹ്നമാണെന്നാണു് അദ്ദേഹം കരുതിയിരുന്നതു്. അതിനെ എടുത്തു മുന്നില്‍ വെച്ചിട്ടേ എന്തും തുടങ്ങൂ. അതിന്റെ ചേഷ്ടകളനുസരിച്ചാണു് വാദം എങ്ങനെ വേണമെന്നു് അദ്ദേഹം തീരുമാനിക്കുന്നതു്. (പില്‍ക്കാലത്തു്, കിളി ചത്തു പോയതിനു ശേഷം കിളിയുടെ ഒരു പടം വാദത്തിനു മുമ്പു വെയ്ക്കുമായിരുന്നു. അതു കിട്ടിയില്ലെങ്കില്‍ നദി, മല, വെട്ടുക്കിളികള്‍, അരി അരയ്ക്കുന്ന മെഷീന്‍ തുടങ്ങി വാദവുമായി ബന്ധവുമില്ലാത്ത എന്തെങ്കിലും വെയ്ക്കുന്നതു പതിവാക്കി. “യത്ര യത്ര വാദസ്തത്ര തത്ര ചിത്രഃ” ചിത്രമില്ലെങ്കില്‍ വാദവുമില്ല.) അന്നും അദ്ദേഹം തന്റെ കിളിയെ എടുത്തു മുന്നില്‍ വെച്ചു. കാക്കശ്ശേരി തന്റെ ഭാഗ്യചിഹ്നമാണെന്നു പറഞ്ഞു് ഒരു പൂച്ചയെ എടുത്തു മുന്നില്‍ വെച്ചു. പൂച്ചയെ കണ്ടതോടെ കിളി പേടിച്ചു് കൂട്ടില്‍ കയറി. പിന്നെ വാദത്തിന്റെ ഗതി നിയന്ത്രിക്കാന്‍ കിളിയില്ലാതെ ഉദ്ദണ്ഡന്‍ വലഞ്ഞു.
പിന്നെ കൊടുംപിരിക്കൊണ്ട വാദമായിരുന്നു. വാദത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ എഴുതുന്നില്ല. താത്പര്യമുള്ളവര്‍ക്കു് അതു് ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തില്‍ വായിക്കാം. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഇല്ലാതാകുന്നതിനു മുമ്പു് അവിടെ ഒരു കോപ്പി കണ്ടേക്കും. ഉദ്ദണ്ഡന്റെ എല്ലാ വാദത്തെയും കാക്കശ്ശേരി “നഹി നഹി” എന്നു പറഞ്ഞു ഖണ്ഡിച്ചു് കിഴിയെല്ലാം സ്വന്തമാക്കി എന്നു പറഞ്ഞാല്‍ കഴിഞ്ഞു.
വാദത്തില്‍ തോറ്റു സഹികെട്ടാല്‍ എന്തു ചെയ്യും? തന്തയ്ക്കും തള്ളയ്ക്കും പറയും, അത്ര തന്നെ. ഇവിടെയും അതു സംഭവിച്ചു. പക്ഷേ, ഒരു കുഴപ്പം. അച്ഛനെയോ അമ്മയെയോ ചീത്ത പറഞ്ഞാല്‍ മറ്റെയാള്‍ “നഹി, നഹി” എന്നു പറഞ്ഞു് അതു തെറ്റാണെന്നു സമര്‍ത്ഥിക്കും. അതുകൊണ്ടു കാര്യമില്ലല്ലോ. അതുകൊണ്ടു് ഉദ്ദണ്ഡന്‍ ഒരു ഉപായം പ്രയോഗിച്ചു. “തവ മാതാ പതിവ്രതാ” എന്നു കാക്കശ്ശേരിയോടു പറഞ്ഞു. നിന്റെ അമ്മ പതിവ്രതയാണു് എന്നു്. ഇതിനെങ്കിലും ഇവന്‍ “നഹി, നഹി” എന്നു പറയാതിരിക്കുമോ എന്നു നോക്കട്ടേ!
വാദത്തിനു വേണ്ടി അമ്മയുടെ പാതിവ്രത്യത്തെപ്പോലും തള്ളിപ്പറയാന്‍ കാക്കശ്ശേരിക്കു മടിയില്ലായിരുന്നു. “നഹി, നഹി” എന്നു തന്നെ പറഞ്ഞു. പിന്നെ, ഭര്‍ത്താവു് അനുഭവിക്കുന്നതിനു മുമ്പു് ഒരു പെണ്ണിനെ ചില ദേവന്മാര്‍ അനുഭവിക്കുന്നു എന്നര്‍ത്ഥം വരുന്ന ഒരു സ്മൃതിവാക്യം ചൊല്ലി അതു സമര്‍ത്ഥിക്കുകയും ചെയ്തു. ഉദ്ദണ്ഡന്‍ തോറ്റു മടങ്ങി.
അങ്ങനെ എഴുപത്തൊന്നു കിഴികളും കാക്കശ്ശേരി നേടി. എഴുപത്തിരണ്ടാമത്തേതു് ഏറ്റവും പ്രായം ചെന്ന പണ്ഡിതനുള്ളതാണു്. അതെങ്കിലും തനിക്കു തരണം എന്നു് ഉദ്ദണ്ഡന്‍ അപേക്ഷിച്ചു.
“ഏയ്, പറ്റില്ല,” കാക്കശ്ശേരി പ്രതിവചിച്ചു, “ഇവിടെ മലയാളകവികളുടെ കൂട്ടത്തില്‍ താങ്കളെക്കാള്‍ പ്രായം കൂടിയ ആളുകള്‍ ധാരാളമുണ്ടു്. റിട്ടയര്‍മെന്റിനു ശേഷം വേറെ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ അക്ഷരം പഠിച്ചു മലയാളത്തില്‍ കൃതികളെഴുതിത്തുടങ്ങിയവര്‍. അവര്‍ക്കു വിവരമില്ലായിരിക്കാം; പക്ഷേ, അവരെക്കാള്‍ വിവരമുണ്ടെന്നു താങ്കള്‍ക്കും തെളിയിക്കാന്‍ പറ്റിയില്ലല്ലോ…”
അങ്ങനെ എഴുപത്തിരണ്ടാമത്തെ കിഴിയും ഉദ്ദണ്ഡനു കൊടുക്കാതെ കാക്കശ്ശേരി കൈവശമാക്കി. കുപിതനായ ഉദ്ദണ്ഡന്‍ പോയി സംസ്കൃതത്തില്‍ ഇങ്ങനെ എഴുതി.
ശ്ലോകം:
ഭാഷാകവിനിവഹോऽയം
ദോഷാകരവദ്വിഭാതി ഭുവനതലേ
പ്രായേണ വൃത്തഹീനോ
സൂര്യാലോകേ നിരസ്തഗോപ്രസരഃ
കവികളെ സംബന്ധിച്ചു പറയുമ്പോള്‍ വൃത്തം പദ്യമെഴുതുന്ന തോതാണു്. “പ്രായേണ” എന്നതിനു് “സാധാരണയായി” എന്നു് അര്‍ത്ഥവും. ചന്ദ്രപക്ഷത്തില്‍ “പ്രായം ചെല്ലുമ്പോള്‍ വൃത്താകൃതി നഷ്ടപ്പെടുന്നു” എന്ന അര്‍ത്ഥവും. സൂര്യാലോകം എന്നതിനെ സൂരി + ആലോകം എന്നും സൂര്യ + ആലോകം എന്നും സന്ധി ചെയ്യാം. സൂരി = പണ്ഡിതന്‍. ഗോ എന്ന ശബ്ദത്തിനു പ്രകാശമെന്നും വാക്കെന്നും അര്‍ത്ഥമുണ്ടു്.
ഇത്തരം ഒരു ഭര്‍ത്സനം ഒരു സംസ്കൃതകൃതിയില്‍ ഉദ്ദണ്ഡന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മലയാളകവികളാകെ ക്ഷുഭിതരായി. ഇതിനു സംസ്കൃതഭാഷ മലയാളഭാഷയോടു മാപ്പു പറയണമെന്നും ഉദ്ദണ്ഡനെ സംസ്കൃതത്തിലെഴുതുന്നതില്‍ നിന്നും വിലക്കണമെന്നും പരക്കെ ആവശ്യങ്ങളുയര്‍ന്നു. ചിലര്‍ സംസ്കൃതപുസ്തകങ്ങള്‍ ചുട്ടുകരിച്ചു. സംസ്കൃതഭാഷയെ മുഴുവന്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനങ്ങളുണ്ടായി. സംസ്കൃതപക്ഷപാതികളാകട്ടേ, അതു് അനാദിയും അനന്തവും അന്യൂനവുമാണെന്നുള്ള മൂഢവിശ്വാസത്തില്‍ ഉറച്ചു നിന്നു.
കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള ഉദ്ദണ്ഡന്‍ കുലുങ്ങിയില്ല. ദിവസവുമില്ലെങ്കിലും പൊട്ടക്കവിതകള്‍ പടച്ചു വിടുന്നതു് അദ്ദേഹം നിര്‍ത്തിയില്ല. നീലനിറമുള്ള പഴങ്ങളെപ്പറ്റിയും ചിരിക്കുന്ന ചിതലിനെപ്പറ്റിയും അദ്ദേഹം പിന്നെയും എഴുതിക്കൊണ്ടിരുന്നു.
കടമ്മനിട്ട രാമകൃഷ്ണന്റെ ഏറ്റവും പ്രശസ്തവും തീക്ഷ്ണവുമായ കവിത. കവിയുടെ ചൊല്‍ക്കാഴ്ചകള്‍ കേട്ടിട്ടുള്ളവര്‍ക്കു് ഇതൊരു ചാപല്യമായി തോന്നിയേക്കാം. എങ്കിലും ആ കവിത എന്റെ രീതിയില്‍…. (15 മിനിട്ടു് – 14 MB)
1983-ല്‍ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ചുട്ടുപഴുത്ത വേനലിനെയാണു കേരളീയര്‍ കണ്ടതു്. ഒ. എന്‍. വി. അന്നെഴുതിയ കവിതയാണിതു്. ഓണത്തിനു് ആകാശവാണി നടത്തിയ കവിയരങ്ങില്‍ കവി തന്നെ ചൊല്ലിയാണു് ഈ കവിത ഞാന്‍ ആദ്യമായി കേള്‍ക്കുന്നതു്. അക്കൊല്ലത്തെ മാതൃഭൂമി ഓണപ്പതിപ്പില്‍ ഇതു പ്രസിദ്ധീകരിച്ചിരുന്നു.
കവിത എന്റെ കയ്യിലില്ല. ഓര്‍മ്മയില്‍ നിന്നു ചൊല്ലുന്നതു്. തെറ്റുകള്‍ കണ്ടേക്കാം. (ഏകദേശം 10 മിനിട്ടു്)
പഴയതുപോലെ ഇപ്പോള്‍ ശ്വാസം നിയന്ത്രിക്കാന്‍ പറ്റുന്നില്ല എന്നു മനസ്സിലാക്കി. എന്റെ മകന്‍ അതിനിടയില്‍ വന്നു “ഞാനും കൂടി കൂടട്ടേ, ഞാന്‍ മൃദംഗമടിക്കട്ടേ” എന്നൊക്കെ ചോദിച്ചതുകൊണ്ടു് അല്പം പതര്‍ച്ചയുമുണ്ടായി. എങ്കിലും, ചെയ്യാന്‍ പറ്റിയല്ലോ, ഭാഗ്യം!
2006/05/26:
മുകളിലുള്ള ആലാപനം അത്ര ശരിയായില്ല. അല്പം കൂടി ആര്‍ദ്രമാക്കാമായിരുന്നു എന്നാണു് അധികം പേരും അഭിപ്രായപ്പെട്ടതു്. ഇതാ അല്പം കൂടി ആര്‍ദ്രമായ ആലാപനം. ശബ്ദം കുറച്ചപ്പോള്‍ തൊണ്ട വല്ലാതെ ഇടറുന്നു.
ലോകത്തിലെ ഏറ്റവും നല്ല ശബ്ദത്തിന്റെ ഉടമയായ, മലയാളികളുടെ അഭിമാനമായ, ഭാരതത്തിന്റെ സമ്പത്തായ, ലോകത്തിന്റെ പുണ്യമായ, ഗാനഗന്ധര്‍വ്വന്‍ K. J. യേശുദാസിനു് ഇക്കഴിഞ്ഞ ജനുവരി 10-നു് 65 വയസ്സു തികഞ്ഞു. പക്ഷേ, ആ ശബ്ദത്തില്‍ ഇപ്പോഴും യുവത്വം തുടിച്ചുനില്‍ക്കുന്നു.
അഞ്ചു വര്‍ഷം മുമ്പു്, യേശുദാസിന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ചു് ഷിക്കാഗോയിലെ മലയാളികള്‍ അദ്ദേഹത്തിനു് ഒരു സ്വീകരണം നല്‍കുകയുണ്ടായി. അനുഗൃഹീതസംഗീതജ്ഞനും ഗായകനുമായ അജിത് ചന്ദ്രന്‍ അന്നു യേശുദാസിനെ സ്വാഗതം ചെയ്തുകൊണ്ടു് ഒരു ത്രിശ്ലോകി ചിട്ടപ്പെടുത്തി ആലപിച്ചു. അതിന്റെ വരികള്‍ എഴുതാന്‍ സാധിച്ചു എന്നതു് എന്റെ ജീവിതത്തിലെ വളരെയധികം ആനന്ദം നല്‍കിയ ഒരു സംഭവമാണു്. അതു് ഞാന്‍ ഒന്നുകൂടി ഓര്‍മ്മിക്കട്ടേ: