ദീര്‍ഘദര്‍ശനം
പണ്ടുപണ്ടു്, ദ്വാപരയുഗത്തില്‍, ദീര്‍ഘദര്‍ശിയായ ഒരു പിതാവുണ്ടായിരുന്നു. തന്റെ മകള്‍ ഒരിക്കല്‍ കടത്തുവള്ളം തുഴഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു മുനിയില്‍ നിന്നു ഗര്‍ഭിണിയായതു മുതല്‍ അയാള്‍ മകളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുവായിരുന്നു. പില്‍ക്കാലത്തു് ഒരു രാജാവു് അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അയാള്‍ അവളെ പട്ടമഹിഷിയാക്കണമെന്നും അവളുടെ മക്കള്‍ക്കു രാജ്യം കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
സത്യവതി എന്നായിരുന്നു മകളുടെ പേരു്. അവളെ മോഹിച്ച രാജാവിന്റെ പേരു് ശന്തനു എന്നും.
അരയത്തിപ്പെണ്ണിനെ പട്ടമഹിഷിയാക്കാന്‍ രാജാവു മടിച്ചു. അദ്ദേഹത്തിനു് ഉന്നതകുലജാതനും സമര്‍ത്ഥനുമായ ഒരു പുത്രനുണ്ടായിരുന്നു-ദേവവ്രതന്‍. അവനെ രാജാവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എങ്കിലും സത്യവതിയെ മറക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
അച്ഛന്റെ ദുഃഖം മനസ്സിലാക്കിയ ദേവവ്രതന്‍ രാജ്യം ഉപേക്ഷിക്കാന്‍ തയ്യാറായി. സത്യവതിയുടെ മക്കള്‍ക്കു രാജ്യത്തിന്റെ അവകാശം പൂര്‍ണ്ണമായി നല്‍കാന്‍ സ്വമേധയാ സമ്മതിച്ചു.
ദാശന്റെ ദീര്‍ഘദര്‍ശിത്വം അവിടെ അവസാനിച്ചില്ല. ദേവവ്രതന്റെ സന്തതിപരമ്പരയും സത്യവതിയുടെ സന്തതിപരമ്പരയും തമ്മില്‍ അധികാരത്തിനു വേണ്ടി വഴക്കുണ്ടാക്കിയേക്കാം എന്നു് അയാള്‍ ഭയപ്പെട്ടു. ദേവവ്രതന്‍ വിവാഹം കഴിക്കരുതു് എന്നു് അയാള്‍ ശഠിച്ചു.
അച്ഛനു വേണ്ടി ദേവവ്രതന്‍ അതിനും വഴങ്ങി. അങ്ങനെ പുരാണത്തിലെ ഏറ്റവും ഭീഷ്മമായ പ്രതിജ്ഞയ്ക്കു വഴിയൊരുങ്ങി.
എന്നിട്ടെന്തുണ്ടായി?
സത്യവതിയ്ക്കു രണ്ടു മക്കളുണ്ടായി. മൂത്തവന്‍ തന്റെ പേരു് മറ്റൊരുത്തനുണ്ടാകുന്നതു സഹിക്കാതെ വഴക്കുണ്ടാക്കി മരിച്ചു. നിത്യരോഗിയായിരുന്ന രണ്ടാമന്‍ കുട്ടികളുണ്ടാകുന്നതിനു മുമ്പു മരിച്ചു.
അവിടെ തീര്‍ന്നു ശന്തനുവിന്റെ വംശം. എങ്കിലും തന്റെ വംശം കുറ്റിയറ്റു പോകരുതു് എന്നു സത്യവതി ആഗ്രഹിച്ചു. അതിനു വേണ്ടി ലൌകികസുഖങ്ങള്‍ ഉപേക്ഷിച്ചു മുനിയായ മൂത്ത മകനെക്കൊണ്ടു് ഇളയവന്റെ ഭാര്യമാരില്‍ കുട്ടികളെ ഉണ്ടാക്കി.
എന്നിട്ടെന്തുണ്ടായി?
മക്കളില്‍ ഇളയവനു കുട്ടികളുണ്ടായില്ല. വേറെ അഞ്ചു പേരില്‍ നിന്നു് അവന്റെ ഭാര്യമാര്‍ ഗര്‍ഭം ധരിച്ചു. മൂത്തവന്റെ പുത്രന്മാരും പൌത്രന്മാരും ഇളയവന്റെ ഭാര്യമാരുടെ മക്കളോടു തല്ലി മരിച്ചു.
ചുരുക്കം പറഞ്ഞാല്‍, സത്യവതിയുടെ സന്തതിപരമ്പര നാലു തലമുറയ്ക്കപ്പുറത്തേയ്ക്കു രാജ്യം ഭരിക്കുന്നതു പോകട്ടേ, ജീവിച്ചു തന്നെയില്ല. ദീര്‍ഘദര്‍ശനം എത്രയുണ്ടായാലും ചില കാര്യങ്ങളൊക്കെ അതിനെതിരായി വരും.
അന്യഥാ ചിന്തിതം കാര്യം
ദൈവമന്യത്ര ചിന്തയേത്
എന്നു പറഞ്ഞതു വെറുതെയാണോ? (സംസ്കൃതത്തില്‍ “ദൈവം” എന്ന വാക്കിന്റെ അര്‍ത്ഥം “വിധി” എന്നാണു്-ഈശ്വരന്‍ എന്നല്ല.)
കലിയുഗത്തിലെ ആറാം സഹസ്രാബ്ദത്തില്‍ കേരളത്തിലെ ഒരു അമ്മ ഇതുപോലെ അല്പം കടന്നു ചിന്തിച്ചു.
എഞ്ചിനീയറിംഗ് പാസ്സായി സ്വന്തം ജില്ലയില്‍ ജോലി കിട്ടാഞ്ഞതിനാല്‍ ജോലിയ്ക്കു പോകാതെ നാലുകൊല്ലം ഹിന്ദി സിനിമകളും കല്യാണാലോചനകളുമായി മകള്‍ പുര നിറഞ്ഞു നിന്നപ്പോള്‍ കല്യാണത്തിനു ശേഷം മകള്‍ കഷ്ടപ്പെടരുതു് എന്നു് അമ്മയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു.
ആയിടെ നല്ല ഒരു ആലോചന വന്നു.
പയ്യന്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എഞ്ചിനീയര്‍. സുന്ദരന്‍. സത്സ്വഭാവി. ജാതകപ്പൊരുത്തമാണെങ്കില്‍ ബഹുകേമം. വളരെ നല്ല സ്വഭാവമുള്ള വീട്ടുകാര്‍. വീടു് അധികം ദൂരെയല്ല താനും. ഇനിയെന്തു വേണം?
പക്ഷേ…
ഇലക്ട്രിസിറ്റി ബോര്‍ഡില്‍ മൂന്നുകൊല്ലത്തൊലൊരിക്കല്‍ സ്ഥലംമാറ്റം ഉണ്ടാവും. ഓരോ മൂന്നു കൊല്ലത്തിലും തന്റെ മകള്‍ കുട്ടികളേയും കൊണ്ടു് സാധനങ്ങളും പെറുക്കിക്കെട്ടി വീടു മാറുന്നതോര്‍ത്തപ്പോള്‍ അമ്മയ്ക്കു സങ്കടം തോന്നി. ജോലിയ്ക്കായി പല സ്ഥലത്തു പോകേണ്ടി വന്നതു മൂലമുള്ള പ്രശ്നങ്ങള്‍ നന്നായി അറിയാവുന്നതു കൊണ്ടു് മകള്‍ സ്ഥിരമായി ഒരു സ്ഥലത്തു താമസിക്കണമെന്നും അവളുടെ മക്കള്‍ ഇടയ്ക്കിടെ സ്കൂള്‍ മാറാതെ പഠിക്കണം എന്നും ആ അമ്മ ആഗ്രഹിച്ചു.
അങ്ങനെ ആ കല്യാണം വേണ്ടെന്നു വെച്ചു. മകള്‍ തിരികെ ഹിന്ദി സിനിമകളിലേക്കു മടങ്ങി.
കുറെക്കാലത്തിനു ശേഷം മറ്റൊരു ആലോചന വന്നു. പയ്യന്‍ ബോംബെയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍. ഇപ്പോള്‍ അമേരിക്കയിലാണു്. ചിലപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കാനും മതി.
സൌന്ദര്യം, സ്വഭാവം തുടങ്ങിയവയൊന്നും വലിയ ഗുണമൊന്നുമില്ല. മകളെക്കാള്‍ പത്തിഞ്ചു പൊക്കം കൂടുതലുമുണ്ടു്. എങ്കിലും സ്ഥിരതയുണ്ടല്ലോ. അതല്ലേ പ്രധാനം?
അങ്ങനെ ആ കല്യാണം നടന്നു.
എന്നിട്ടെന്തുണ്ടായി?
അവരുടെ ദാമ്പത്യജീവിതത്തിലെ ആദ്യത്തെ പത്തുകൊല്ലത്തിന്റെ രത്നച്ചുരുക്കം താഴെച്ചേര്‍ക്കുന്നു:
- 1996 ഓഗസ്റ്റ്: വിവാഹം.
- 1996 സെപ്റ്റംബര്‍: ബോംബെയിലുള്ള ജോലിസ്ഥലത്തേയ്ക്കു്.
- 1996 നവംബര്‍: ബോബെയില്‍ത്തന്നെ മറ്റൊരിടത്തേയ്ക്കു താമസം മാറ്റം.
- 1996 ഡിസംബര്‍: ബോംബെയില്‍ മൂന്നാമതൊരിടത്തേയ്ക്കു താമസം മാറ്റം.
- 1997 ജനുവരി: ജോലിസംബന്ധമായി അമേരിക്കയില്‍ ഷിക്കാഗോയ്ക്കടുത്തു വുഡ്‌റിഡ്ജിലേക്കു്-ഓഫീസില്‍ നിന്നും ഒമ്പതു മൈല്‍ ദൂരെ.
- 1997 ജൂലൈ: ഓഫീസ് ദൂരെയാണെന്നു തോന്നുകയാല്‍ ഓഫീസില്‍ നിന്നു വെറും നാലു മൈല്‍ ദൂരെയുള്ള അപ്പാര്‍ട്ട്‌മെന്റിലേയ്ക്കു (നേപ്പര്‍വില്‍) താമസം മാറ്റം.
- 1997 ഡിസംബര്‍: പ്രോജക്റ്റ് ക്യാന്‍സല്‍ ചെയ്തതിനാല്‍ തിരിച്ചു ബോംബെയിലേക്കു്.
- 1998 ഫെബ്രുവരി: മറ്റൊരു കമ്പനി വഴി വീണ്ടും ഷിക്കാഗോയ്ക്കടുത്തു്.
(ഇതു് ഓഫീസില്‍ നിന്നും പന്ത്രണ്ടു മൈല്‍ അകലെ. ഭാഗ്യത്തിനു് ഓഫീസിനടുത്തേയ്ക്കു മാറാന്‍ തോന്നിയില്ല.)
- 1999 ജനുവരി: ജോലി മാറി 2000 മൈല്‍ ദൂരെയുള്ള പോര്‍ട്ട്‌ലാന്‍ഡിലേക്കു്. താമസം ആങ്ങളയുടെ അപ്പാര്‍ട്ട്‌മെന്റിനടുത്തു് (ബീവര്‍ട്ടണ്‍). ഓഫീസില്‍ നിന്നു് 20 മൈല്‍ ദൂരെ.
- 1999 നവംബര്‍: ഓഫീസിനടുത്തേയ്ക്കു് (വില്‍സണ്‍വില്‍-2 മൈല്‍ ദൂരം.)
- 2000 ജൂലൈ: ഗര്‍ഭിണിയായതിനാല്‍ മുകളിലത്തെ നിലയിലുള്ള രണ്ടു മുറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു് താഴത്തെ നിലയിലുള്ള മൂന്നു മുറി അപ്പാര്‍ട്ട്‌മെന്റിലേയ്ക്കു്.
- 2001 ജൂലൈ: ലീസ് തീര്‍ന്നതുകൊണ്ടും ഉടന്‍ തന്നെ നാട്ടില്‍ പോകേണ്ടതു കൊണ്ടും 20 മൈല്‍ ദൂരെയുള്ള ആങ്ങളയുടെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്കു താത്‌ക്കാലികമായ താമസം മാറ്റം.
- 2001 ഓഗസ്റ്റ്: കമ്പനിയുടെ ഹൈദരാബാദിലുള്ള ഓഫീസിലേയ്ക്കു്. തിരിച്ചു് ഇന്ത്യയില്‍. ഖൈരത്താബാദില്‍ താമസം.
(ഭാഗ്യം, ഇവിടെ താമസം മാറിയില്ല.)
- 2002 ഡിസംബര്‍: തിരിച്ചു മാതൃസ്ഥാപനത്തിലേക്കു്. താമസം ആങ്ങളയുടെ അപ്പാര്‍ട്ട്‌മെന്റിനടുത്തു് (ഹിത്സ്‌ബൊറോ). ഓഫീസില്‍ നിന്നു് 22 മൈല്‍ ദൂരെ.
- 2003 നവംബര്‍: ഓഫീസിനടുത്തേയ്ക്കു (വില്‍സണ്‍വില്‍-2 മൈല്‍) താമസം മാറ്റം. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയം ഇവിടെ താമസിച്ചു-രണ്ടു വര്‍ഷം.
- 2005 ഡിസംബര്‍: ആറു മാസം കൊണ്ടു സ്വന്തമായി പണിയിച്ച വീട്ടിലേയ്ക്കു (പോര്‍ട്ട്‌ലാന്‍ഡ്) താമസം മാറ്റം. ഓഫീസില്‍ നിന്നു് 21 മൈല്‍.
ഒമ്പതു കൊല്ലത്തിനിടയില്‍ പതിനഞ്ചു തവണ വീടു മാറിയ ഈ നെട്ടോട്ടം ഇതോടെ അവസാനിച്ചു എന്നു കരുതി മുപ്പതു കൊല്ലത്തെ ഫിക്സഡ് ലോണുമെടുത്തു താമസം. വീടുമാറ്റം ഇതോടെ അവസാനിച്ചു എന്നു കരുതി. എവിടെ?
- 2007 ഏപ്രില്‍: 600 മൈല്‍ ദൂരെ കാലിഫോര്‍ണിയയില്‍ മറ്റൊരു ജോലി കിട്ടുന്നു. വീടു വില്‍ക്കാനായി തത്‌കാലത്തേയ്ക്കു് ആങ്ങളയുടെ വീട്ടിലേയ്ക്കു താമസം മാറ്റം.
- 2007 മെയ്: വീടു വിറ്റു. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കാലിഫോര്‍ണിയയില്‍ സാന്‍ ഫ്രാന്‍സിസ്കോയ്ക്കടുത്തേയ്ക്കു്. താമസം കമ്പനി കൊടുത്ത താല്‍ക്കാലിക അപ്പാര്‍ട്ട്‌മെന്റില്‍ (സാന്റാ ക്ലാര).
- 2007 ജൂണ്‍: അടുത്ത വാടകവീട്ടിലേയ്ക്കു്-ക്യൂപ്പര്‍ട്ടീനോയില്‍.
അങ്ങനെ ഈ ജൂണ്‍ 13-നു് എന്റെ ഹതഭാഗ്യയായ ഭാര്യ സിന്ധു പതിനൊന്നു കൊല്ലത്തെ ദാമ്പത്യജീവിതത്തിലെ പതിനെട്ടാമത്തെ വീടുമാറ്റത്തിനു തയ്യാറെടുക്കുകയാണു്. പഴയ ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ കുടുംബം അങ്ങേയറ്റം മൂന്നു തവണ സ്ഥലം മാറി സുഖമായി കഴിയുന്നുണ്ടാവും!
അന്യഥാ ചിന്തിതം കാര്യം
ദൈവമന്യത്ര ചിന്തയേത്
“ആറു മാസമെടുത്തു് സ്വന്തം അഭിരുചിയ്ക്കനുസരിച്ചു പണിയിച്ച, 2700 ചതുരശ്ര അടി വലിപ്പമുള്ള മനോഹരമായ വീടു വിറ്റിട്ടു് അതിന്റെ മൂന്നിലൊന്നു മാത്രം വലിപ്പമുള്ള വാടകവീട്ടിലേയ്ക്കു മാറാന്‍ എന്തേ കാരണം?”
പലരും എന്നോടു ചോദിക്കുന്ന ചോദ്യമാണു്.
ഒന്നാമതായി, ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയില്‍ ചില പ്രശ്നങ്ങള്‍. (ബ്ലോഗിംഗു കൊണ്ടല്ല.) ആളുകളെ പറഞ്ഞുവിടുന്നു. പ്രോജക്ടുകള്‍ ക്യാന്‍സല്‍ ചെയ്യുന്നു. മറ്റെവിടെയെങ്കിലും ജോലി കണ്ടുപിടിക്കണമെന്നു കരുതിയിട്ടു കുറേ നാളായി. വീട്ടിനടുത്തു ജോലിയൊന്നും കിട്ടാഞ്ഞപ്പോഴാണു് ദൂരെ ശ്രമിച്ചതു്.
രണ്ടാമതായി, ജോലി കിട്ടിയതു് ഒരു നല്ല സ്ഥലത്തു്-ഗൂഗിളില്‍. എന്നും മഴയുള്ള ഓറിഗണില്‍ നിന്നു സൂര്യപ്രകാശമുള്ള കാലിഫോര്‍ണിയ കൂടുതല്‍ സുഖപ്രദമാവും എന്നൊരു (തെറ്റായ) വിചാരവുമുണ്ടായിരുന്നു.
മൂന്നാമതായി, ഇഷ്ടമുള്ള വിഷയത്തില്‍ ജോലി. ഭാഷാശാസ്ത്രം, കലണ്ടര്‍ തുടങ്ങി എനിയ്ക്കിഷ്ടമുള്ള പല വിഷയങ്ങളുമായി ബന്ധപ്പെട്ടതു്. ഗൂഗിളില്‍ ഇന്റര്‍നാഷണലൈസേഷന്‍ ഗ്രൂപ്പിലാണു് ആദ്യത്തെ പ്രോജക്റ്റ്.
നാലാമതായി, ബ്ലോഗും മലയാളവും വഴി പരിചയപ്പെട്ട, രണ്ടു കൊല്ലമായി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായ സിബുവിനെ നേരിട്ടു പരിചയപ്പെടാനും കൂടെ ജോലി ചെയ്യാനും ഒരു അവസരം.
അങ്ങനെ ഞങ്ങള്‍ തത്‌ക്കാലം ഇവിടെ. അടുത്ത മാറ്റം ഇനി എന്നാണാവോ?
ഈ മാറ്റത്തെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല്ല. സ്ഥിരമായി ഫോണ്‍ ചെയ്യുകയോ ഇ-മെയില്‍ അയയ്ക്കുകയോ ചെയ്തിരുന്ന പെരിങ്ങോടന്‍, ദേവന്‍, വിശ്വം, മഞ്ജിത്ത് തുടങ്ങിയവരോടു പോലും. എല്ലാവര്‍ക്കും സര്‍പ്രൈസായി ഇങ്ങനെയൊരു പോസ്റ്റിടാമെന്നു കരുതി. അതിനു വേണ്ടി എഴുതി വെച്ചിരുന്ന പോസ്റ്റ് പഴയ കമ്പനിയിലെ ലാപ്‌ടോപ്പ് തിരിച്ചു കൊടുത്തപ്പോള്‍ അതിനോടൊപ്പം പോയി. പിന്നീട്ടു് എഴുതിയതാണു് ഇതു്. പക്ഷേ വൈകിപ്പോയി. ഇതിനിടെ നമ്മുടെ തൊമ്മന്‍ ഇങ്ങനെയൊരു പോസ്റ്റിട്ടു സംഗതി പുറത്താക്കി. ഞാന്‍ തൊമ്മനോടു ക്ഷമിച്ചതുപോലെ നിങ്ങള്‍ എന്നോടും ക്ഷമിക്കുക 🙂