വിദ്യുച്ഛക്തി
പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല മന്ത്രിയായ എം. എം. മണിയ്ക്ക് “വിദ്യുച്ഛക്തി” എന്നു് എഴുതാൻ അറിയില്ല എന്നു പറഞ്ഞതാണു് മലയാളം സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ഒരു ട്രെൻഡിംഗ് വാർത്ത. അതിനോടനുബന്ധിച്ചു് ഞാൻ ഫേസ്ബുക്കിൽ രണ്ടു ചോദ്യങ്ങൾ പോസ്റ്റുകളായി ഇട്ടിരുന്നു.
- രമേശ് ചെന്നിത്തലയ്ക്ക് വിദ്യുച്ഛക്തി എന്നതു പിരിച്ചെഴുതി സന്ധിനിയമം പറയാൻ പറ്റുമോ?
- വിദ്യുച്ശക്തി എന്നെഴുതിയാൽ തെറ്റാണോ രമേശേ?
എന്നിവയായിരുന്നു ആ ചോദ്യങ്ങൾ.
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണു് ഈ പോസ്റ്റിൽ. വ്യാകരണലേഖനങ്ങൾ എഴുതിക്കൊണ്ടാണു് ഈ ബ്ലോഗ് തുടങ്ങിയതു്. ഇപ്പോൾ കുറേക്കാലമായി ഒന്നും എഴുതിയിട്ടില്ല. ഇന്നു് ഒരു വ്യാകരണലേഖനം ആയിക്കോട്ടേ.
സ്കൂളിൽ പഠിച്ചവർക്കൊക്കെ വിദ്യുത് + ശക്തി എന്നാണു് വിദ്യുച്ഛക്തിയുടെ പിരിച്ചെഴുത്തു് എന്നു് ഓർമ്മയുണ്ടാവും. പക്ഷേ എങ്ങനെയാണു ത, ശ എന്നിവ ചേർന്നാൽ ച, ഛ എന്നിവയുടെ കൂട്ടക്ഷരം ആവുന്നതു്?
ഇതു് ആദേശസന്ധിയാണെന്നു ചിലർ പറയുന്നതു കണ്ടു. വിൺ + തലം = വിണ്ടലം എന്നതിലെ ത എന്ന അക്ഷരം ട എന്നക്ഷരം ആകുന്നതു പോലെയുള്ള മാറ്റമാണു് ആദേശസന്ധി. ലോപം, ആഗമം, ആദേശം, ദ്വിത്വം എന്നിവ മലയാളസന്ധികൾക്കായി കേരളപാണിനി എന്നറിയപ്പെടുന്ന ഏ. ആർ. രാജരാജവർമ്മ ഉണ്ടാക്കിയ നാലു വിഭാഗങ്ങളാണു്. ഇതും കൊണ്ടു ചെന്നാൽ സംസ്കൃതസന്ധികൾ വിശദീകരിക്കാൻ പറ്റില്ല. സംസ്കൃതത്തിലെ പല വാക്കുകളും ഉണ്ടാകുന്നതു് പല സന്ധിനിയമങ്ങളും കടന്നിട്ടാണു്. വിദ്യുച്ഛക്തി ഒരു നല്ല ഉദാഹരണമാണു്.
സാക്ഷാൽ പാണിനി അഷ്ടാധ്യായിയിൽ കൊടുത്തിരിക്കുന്ന നിയമങ്ങളനുസരിച്ചാണു് ഇതു താഴെ വിശദീകരിക്കുന്നതു്. അതിനു മുമ്പു് പാണിനിയുടെ സൂത്രങ്ങളെപ്പറ്റി അല്പം പറയേണ്ടിയിരിക്കുന്നു.
ഏറ്റവും കുറച്ചു് അക്ഷരങ്ങൾ കൊണ്ടു് സങ്കീർണ്ണങ്ങളായ വ്യാകരണനിയമങ്ങൾ പറയുന്ന സൂത്രങ്ങളാണു് അഷ്ടാധ്യായിയിൽ ഉള്ളതു്. അവ വ്യാഖ്യാനമില്ലാതെ മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണു്. വിദ്യുച്ഛക്തിയുടെ സന്ധിനിയമം രമേശ് ചെന്നിത്തലയ്ക്കു പറഞ്ഞു കൊടുക്കാൻ മാത്രമുള്ള വിശദീകരണമേ താഴെ കൊടുക്കുന്നുള്ളൂ.
ആദ്യമായി, അക്ഷരക്കൂട്ടത്തെ സൂചിപ്പിക്കാനായി പാണിനി ഉപയോഗിച്ച ചുരുക്കരൂപം നോക്കാം. പരമശിവൻ ഉടുക്കു കൊട്ടി പാണിനിയ്ക്കു പറഞ്ഞുകൊടുത്തു എന്നു് ഐതിഹ്യങ്ങൾ പറയുന്ന മാഹേശ്വരസൂത്രങ്ങൾ:
അ ഇ ഉ | ണ് |
ഋ ഌ | ക് |
ഏ ഓ | ങ് |
ഐ ഔ | ച് |
ഹ യ വ ര | ട് |
ല | ണ് |
ഞ മ ങ ണ ന | മ് |
ഝ ഭ | ഞ് |
ഘ ഢ ധ | ഷ് |
ജ ബ ഗ ഡ ദ | ശ് |
ഖ ഫ ഛ ഠ ഥ ച ട ത | വ് |
ക പ | യ് |
ശ ഷ സ | ര് |
ഹ | ല് |
ഇവിടെ, ഇടത്തു വശത്തു കൊടുത്തിരിക്കുന്നതു് അക്ഷരങ്ങളുടെ ഗ്രൂപ്പുകളും വലത്തുവശത്തു് ആ ഗ്രൂപ്പിന്റെ അവസാനത്തെ സൂചിപ്പിക്കുന്ന അനുബന്ധവുമാണു്. ഒരു പറ്റം അക്ഷരങ്ങളെ കാണിക്കാൻ തുടങ്ങുന്ന അക്ഷരത്തെയും തീരുന്ന ഗ്രൂപ്പിന്റെ അനുബന്ധത്തെയും ചേർത്തു പറയുന്നു. ഇങ്ങനെ ചേർത്തു പറയുന്നതിനെ പ്രത്യാഹാരങ്ങൾ എന്നാണു വിളിക്കുന്നതു്.
ഉദാഹരണം:
- അച്: അ ഇ ഉ ഋ ഌ ഏ ഓ ഐ ഔ (സ്വരങ്ങൾ)
- ഹല്: ഹ യ വ ര ല ഞ മ ങ ണ ന ഝ ഭ ഘ ഢ ധ ജ ബ ഗ ഡ ദ ഖ ഫ ഛ ഠ ഥ ച ട ത ക പ ശ ഷ സ(വ്യഞ്ജനങ്ങൾ)
- ഇക്: ഇ ഉ ഋ ഌ
ഇവിടെ ഒരു ചെറിയ ചിന്താക്കുഴപ്പം ഉള്ളതു് “ണ്” രണ്ടു സ്ഥലത്തു് ഉണ്ടെന്നതാണു്. “അണ്” എന്നു വെച്ചാൽ “അ ഇ ഉ” ആകാം. അതു പോലെ “അ ഇ ഉ ഋ ഌ ഏ ഓ ഐ ഔ ഹ യ വ ര ല” എന്നതും ആകാം. ഇതു് ഒരു പ്രശ്നം തന്നെയാണു്. പാണിനി രണ്ടർത്ഥത്തിലും ഇതു് ഉപയോഗിച്ചിട്ടുമുണ്ടു്.
അതുപോലെ, ഒരു വർഗ്ഗത്തെ സൂചിപ്പിക്കാൻ “ഉ” എന്നു ചേർക്കും. ഉദാഹരണമായി, “കു” എന്നു വെച്ചാൽ കവർഗ്ഗം. അതായതു്, “ക ഖ ഗ ഘ ങ” എന്നീ അക്ഷരങ്ങൾ. “ചു” എന്നു വെച്ചാൽ “ച ഛ ജ ഝ ഞ” എന്നീ അക്ഷരങ്ങൾ.
പിന്നെ വ്യഞ്ജനങ്ങളെ നമ്മൾ അ ചേർത്തു വിളിക്കുന്നെങ്കിലും (അബുഗിഡ എന്ന വിഭാഗത്തിൽ പെടുന്ന ഭാഷയായതു കൊണ്ടാണു് ഇങ്ങനെ ചെയ്യുന്നതു്) യഥാർത്ഥത്തിൽ അവ സ്വരമില്ലാത്ത ശുദ്ധവ്യഞ്ജനങ്ങളാണു്. ഉദാഹരണമായി “ശ” എന്നു പറഞ്ഞാൽ “ശ്” എന്നാണു വിവക്ഷ. ഇതു വ്യക്തമാക്കാൻ ഇതിനെ “ശകാരം” എന്നും പറയാറുണ്ടു്. (ശകാരമില്ലാതെ എന്തു പഠിത്തം?)
ഇത്രയൊക്കെ അറിഞ്ഞാൽ നമുക്കു് പാണിനീയസൂത്രങ്ങളെ മനസ്സിലാക്കാം.
വിദ്യുത് + ശക്തി എന്നതിനെ സന്ധി ചേർക്കാൻ താഴെക്കൊടുത്തിരിക്കുന്ന സൂത്രം ഉപയോഗിക്കുന്നു.
(അഷ്ടാധ്യായി 8-4-40) സ്തോഃ ശ്ചുനാ ശ്ചുഃ
ഇതിന്റെ വാച്യാർത്ഥം “സ്തുവിനു് ശ്ചു കൊണ്ടു് ശ്ചു” എന്നു പറയാം. അതായതു്, “ശ്ചു” പുറകിൽ വന്നാൽ “സ്തു” എന്നതു് “ശ്ചു” ആകും എന്നർത്ഥം. “സ്തു” എന്നു വെച്ചാൽ “സ” യും “തു”വും. അതായതു്, “സ ത ഥ ദ ധ ന” എന്നിവ. അതു പോലെ “ശ്ചു” എന്നതു് “ശ ച ഛ ജ ഝ ഞ” എന്നിവ.
അപ്പോൾ മുകളിൽ പറഞ്ഞ സൂത്രം ഇങ്ങനെ വിശദീകരിക്കാം.
ഉദാഹരണമായി,
- ശരത് + ചന്ദ്രഃ = ശരച്ചന്ദ്രഃ. സത് + ചിത് + ആനന്ദഃ = സച്ചിദാനന്ദഃ.
- മനസ് + ശാസ്ത്രം = മനശ്ശാസ്ത്രം, തപസ് + ശക്തിഃ = തപശ്ശക്തിഃ, ശിരസ് + ഛേദം = ശിരച്ഛേദം.
- യജ് + നഃ = യജ്ഞഃ
ഇതനുസരിച്ചു്, വിദ്യുത് + ശക്തി = വിദ്യുച്‌ശക്തി ആകും.
ഇനി വിദ്യുച് + ശക്തി എന്നതു് വിദ്യുച്ഛക്തി ആകുന്നതു് താഴെക്കൊടുത്തിരിക്കുന്ന നിയമം വഴിയാണു്.
(അഷ്ടാധ്യായി 8-4-63) ശശ്ഛോऽടി
പദം ഛേദിച്ചാൽ, “ശഃ ഛഃ അടി” എന്നു വരും. ഇതെന്തു കുന്തം?
ഇവിടെയാണു പാണിനിയുടെ സൂത്രങ്ങളുടെ മറ്റൊരു കൊനഷ്ട്. ഒരു സൂത്രത്തിൽ മുഴുവൻ പറയില്ല. അതിനു മുമ്പുള്ള സൂത്രത്തിൽ പറഞ്ഞിട്ടുള്ളതു് ആവർത്തിക്കുന്ന പ്രശ്നമില്ല. വായിക്കുന്നവൻ അതു കൂടി ചേർത്തു വായിക്കണം.
ഇതിനു മുമ്പുള്ള സൂത്രം ഇതാണു്.
(അഷ്ടാധ്യായി 8-4-62) ഝയോ ഹോऽന്യതരസ്യാം
അപ്പോൾ “ഝയഃ ഹഃ അന്യതരസ്യാം, ശഃ ഛഃ അടി” എന്നു വരുന്നു. എല്ലാം കൂടി ചേർത്തു വായിച്ചാൽ താഴെപ്പറയുന്ന അർത്ഥം കിട്ടും.
- ഝയഃ ഹഃ അന്യതരസ്യാം പരസവർണ്ണം: ഝയ്-ക്കു ശേഷം വരുന്ന “ഹ”യ്ക്കു് വേണമെങ്കിൽ അതാതിന്റെ പരസവർണ്ണം (ഘോഷം) ആദേശം. (ഇതിലെ “പരസവർണ്ണം” അതിന്റെയും മുമ്പിലുള്ള “അനുസ്വാരസ്യ യയി പരസവർണ്ണഃ” എന്ന സൂത്രത്തിൽ നിന്നു് അനുവർത്തിക്കുന്നതാണു്.)
- ഝയഃ ശഃ ഛഃ അടി അന്യതരസ്യാം: ഝയ്-ക്കു ശേഷം വരുന്ന “ശ”യ്ക്കു്ം, പിന്നിൽ “അട്” വന്നാൽ വേണമെങ്കിൽ “ഛ” ആദേശം.
വിദുച്ഛക്തിയെ കീറിമുറിയ്ക്കാൻ നമുക്കു് രണ്ടാമത്തെ നിയമം മാത്രം എടുത്താൽ മതി.
ഇനി എന്താണ് ഈ ഝയ്, അട് എന്നൊക്കെ പറഞ്ഞാൽ? മുകളിൽ കൊടുത്തിരിക്കുന്ന പാണിനീസൂത്രങ്ങൾ തന്നെ സഹായം:
- ഝയ് = ഝ, ഭ, ഘ ഢ ധ, ജ, ബ, ഗ, ഡ, ദ, ഖ, ഫ, ഛ, ഠ, ഥ, ച ട ത, ക, പ (എന്നു വെച്ചാൽ എല്ലാ ഖര-അതിഖര-മൃദു-ഘോഷ-അക്ഷരങ്ങൾ)
- അട് = അ, ഇ, ഉ, ഋ, ഌ, ഏ, ഓ, ഹ, യ, വ, ര (സ്വരങ്ങളും മദ്ധ്യമങ്ങളും)
അപ്പോൾ, വിദ്യുച് + ശ് + അക്തി എന്നതു സന്ധി ചേരുമ്പോൾ “ഝയ്”-ൽ ഒന്നായ “ച്”-യ്ക്കു ശേഷം വരുന്ന “ശ്”-നു് പുറകിൽ “അട്”-ൽ ഒന്നായ “അ” വന്നതിനാൽ വേണമെങ്കിൽ “ഛ” ആദേശം ചെയ്യാം. എന്നു വെച്ചാൽ “ശ്” വേണമെങ്കിൽ “ഛ്” ആകാമെന്നു്. നിർബന്ധമില്ല.
എന്നു വെച്ചാൽ, വിദുച് + ശക്തി സന്ധി ചേരുമ്പോൾ വിദ്യുച്ശക്തിയോ വിദ്യുച്ഛക്തിയോ ആകാം എന്നർത്ഥം. ഇതു രണ്ടും ശരിയാണു്.
വിദ്യുച്ഛക്തി മാത്രമല്ല, ആപച്ഛങ്ക, മഹച്ഛക്തി എന്നിവ ആപച്ശക്തി, മഹച്ശക്തി എന്നും പറയാം. “ചാണക്കല്ലിലൊരുത്തി ചന്ദനമരയ്ക്കുന്നൂ ചലശ്രോണിയായ്” എന്നെഴുതിയ വള്ളത്തോൾ ചലത് + ശ്രോണി എന്നാണുദ്ദേശിച്ചതെങ്കിൽ (ചല + ശ്രോണി എന്നാവുമോ? ഛേ ഛേ!) അതു ചലച്ഛ്രോണിയോ ചലച്ശ്രോണിയോ ആവണം എന്നും മനസ്സിലായല്ലോ?
ഇപ്പോൾ ചെന്നിത്തലയോടു ചോദിച്ച രണ്ടു ചോദ്യത്തിനും ഉത്തരം കിട്ടിയല്ലോ?
ഇങ്ങനെയുള്ള മൊശടൻ വ്യാകരണം പറഞ്ഞിട്ടു് മുകളിൽ “സ്മരണകൾ” എന്നു കൊടുത്തതെന്തിനാ? ഛേ, പണ്ടു വിശാലൻ പറഞ്ഞതു പോലെ സൈക്കിളിൽ ഡബിളു കയറിപ്പോകുമ്പോൾ പൂടയുള്ള ഒരു മനുഷ്യൻ മൂത്രമൊഴിച്ചു കൊണ്ടിരുന്നതിന്റെ മുകളിൽ കയറിയതും അയാൾ തെറി വിളിച്ചതും പോലെയുള്ള അതിമനോഹരമായ കഥ പ്രതീക്ഷിച്ചു വന്നതെല്ലാം വെറുതെയായെന്നോ?
അയ്യോ, പോകല്ലേ, പോകല്ലേ. ദാ കഥ വരുന്നുണ്ടു്.
എന്റെ അമ്മ ഹൈസ്കൂളിൽ മലയാളാദ്ധ്യാപികയായിരുന്നു എന്നു മുമ്പു പല പോസ്റ്റുകളിലും പറഞ്ഞിട്ടുണ്ടല്ലോ. വളരെക്കാലം അമ്മയ്ക്കു വേണ്ടി എല്ലാ ക്ലാസ്സിലെയും മലയാളം ഫസ്റ്റ് പേപ്പർ ഉത്തരക്കടലാസിന്റെ സിംഹഭാഗവും നോക്കിയിരുന്നതു് ഞാനായിരുന്നു. പദ്യം ഓർമ്മയിൽ നിന്നെഴുതുക, വാക്യത്തിൽ പ്രയോഗിക്കുക, അവസാനത്തിലുള്ള എസ്സേ എന്നിവയൊഴികെയുള്ള സകലമാന ചോദ്യങ്ങളും – ഒബ്ജക്റ്റീവ് ടൈപ്പ് മാത്രമല്ല, വ്യാകരണം, വൃത്തം, അലങ്കാരം, ചേർത്തെഴുതൽ, പിരിച്ചെഴുതൽ, “അവൻ അവിടെ വെച്ച് അങ്ങനെ പറഞ്ഞു”: എവൻ, എവിടെ വെച്ചു്, എങ്ങനെ? ഇജ്ജാതി ചോദ്യങ്ങൾ മുതലായവ – ഞാൻ തന്നെയായിരുന്നു നോക്കിയിരുന്നതു്.
ഞാൻ നോക്കുന്ന ചോദ്യങ്ങൾ ചിലതൊക്കെ അമ്മ പിന്നെ ഒന്നു കൂടി നോക്കുമായിരുന്നു. രണ്ടു തരം കുട്ടികളുടെ പേപ്പറുകളാണു് ഇങ്ങനെ നോക്കുക. ഒന്നു്, നല്ല മാർക്കു കിട്ടുന്ന കുട്ടികളുടേതു്. എന്റെ അശ്രദ്ധ മൂലം റാങ്കു തെറ്റാൻ പാടില്ല. മാത്രമല്ല, നോക്കിയതു തെറ്റിയാൽ മിടുക്കരായ കുട്ടികൾ വിശദീകരണം ചോദിച്ചു കൊണ്ടു് സ്റ്റാഫ് റൂമിൽ വരും. രണ്ടു്, തീരെ മൊണ്ണകളുടെ പേപ്പറുകൾ. ഇവർക്കെങ്ങനെ ഇത്രയും മാർക്കു കിട്ടി എന്ന കൗതൂഹലം മൂലമാണു് അവരുടേതു നോക്കുന്നതു്.
അങ്ങനെയിരിക്കേ, അമ്മയ്ക്കു നല്ല പരിചയമുള്ള ഒരു മൊണ്ണയ്ക്കു് അമ്പതിൽ ഒമ്പതു മാർക്കു് എങ്ങനെ കിട്ടി എന്നു പിടികിട്ടാതെ ഓരോ ചോദ്യമായി നോക്കുമ്പോഴാണു് അമ്മ ഒരു കാഴ്ച കണ്ടതു്.
വിദ്യുത് + ശക്തി എന്നതു ചേർത്തെഴുതാനുള്ള ചോദ്യത്തിന്റെ ഉത്തരമായി വിദ്യുച്ശക്തി എന്നെഴുതിയതിനു ഞാൻ ഫുൾ മാർക്കു കൊടുത്തിരിക്കുന്നു!
“ഡാ,” അമ്മ വിളിച്ചു, “നിന്നെ പേപ്പർ നോക്കാൻ ഏൽപ്പിച്ചപ്പോൾ നിനക്ക് മിനിമം വിവരമുണ്ടെന്നാണു വിചാരിച്ചതു്. വിദ്യുച്ഛക്തി ആണു ശരി എന്നു മൂന്നാം ക്ലാസ്സിലെ കുട്ടിയ്ക്കു പോലും അറിയാമല്ലോടാ…”
“വിദ്യുച്ഛക്തി ശരിയാണു്” എന്നു ഞാൻ.
“പിന്നെ നീ വിദ്യുച്ശക്തിയ്ക്കു മാർക്കു കൊടുത്തതോ?”
“അതു് ഝയഃ ശഃ ഛഃ അടി അന്യതരസ്യാം എന്ന നിയമമനുസരിച്ചു് ശ ഛ ആകുന്നതു വികല്പേന ആയതു കൊണ്ടു്. ആകണമെന്നു നിർബന്ധമില്ല. അതുകൊണ്ടു വിദ്യുച്ശക്തിയും ശരിയാണു്.”
അന്യതരസ്യാം അടി കൊണ്ടതു പോലെ അമ്മ ഒരു നിമിഷം സ്തബ്ദ്ധയായി നിന്നു. “നീ എന്താടാ പിച്ചും പേയും പറയുകയാണോ?”
ഞാൻ അലമാരയിൽ നിന്നു് ഫാദർ ജോൺ കുന്നപ്പള്ളി എഴുതിയ “പ്രക്രിയാഭാഷ്യം” എന്ന പുസ്തകം എടുത്തു കൊണ്ടു വന്നു. അമ്മ സാധനം ഇതു വരെ കണ്ടിട്ടില്ല. ഞാൻ സ്കൂൾ ലൈബ്രറിയുടെ ചാർജുള്ള രാമകൃഷ്ണൻ സാറിനെ മണിയടിച്ചു് അവിടെ നിന്നു പൊക്കിയതാണു്. സംസ്കൃതവ്യാകരണത്തെപ്പറ്റി മലയാളത്തിൽ ഉണ്ടായിട്ടുള്ള രണ്ടു നല്ല പുസ്തകങ്ങളിൽ ഒന്നാണു സാധനം. (മറ്റേതു് ഐ. സി. ചാക്കോയുടെ “പാണിനീയപ്രദ്യോതം”.) “സ്തോഃ ശ്ചുനാ ശ്ചുഃ”വും “ശശ്ഛോऽടി”യും ഒക്കെ കാണിച്ചു കൊടുത്തു.
“എടാ, ഈ കൊച്ചിന്റെ മൊത്തം മാർക്കു കണ്ടോ? നീ ഇതിനു കൊടുത്ത ഒന്നും കൂട്ടി ഒമ്പതു മാർക്കു്! അക്ഷരമെല്ലാം നേരേ ചൊവ്വേ എഴുതാൻ അവൾക്കു് അറിയില്ല. അവളാ ഇനി ഈ സുനാ ഒക്കെ വെച്ചു് ഉത്തരം എഴുതുന്നതു്. ചുമ്മാ തോന്നിയതു് എഴുതിയതായിരിക്കും…”
“ഈ ഉത്തരം എഴുതിയ പിള്ളേരൊക്കെ അതു മനസ്സിലാക്കിയിട്ടാണോ എഴുതിയതു് എന്നു നോക്കിയിട്ടാണോ മാർക്കു കൊടുക്കുന്നതു്? ഉത്തരം ശരിയായാൽ മാർക്കു കൊടുക്കില്ലേ?”
“അതിനു് ഉത്തരം ശരിയല്ലല്ലോ. വിദ്യുച്ഛക്തി അല്ലേ ശരി?”
“വിദ്യുച്ശക്തിയും ശരിയാണല്ലോ. ദേ തെളിവു്…”
“എടാ, സകലമാന മലയാളപുസ്തകത്തിലും വിദ്യുച്ഛക്തി എന്നേ ഉള്ളൂ. വിദ്യുച്ശക്തി എന്നു് എവിടെയെങ്കിലും കാണിച്ചു തരാമോ? പുസ്തകത്തിലോ പത്രത്തിലോ മറ്റോ…”
“പാഠപുസ്തകങ്ങളിലും പത്രങ്ങളിലും ഇല്ലാത്തതു കൊണ്ടു് ഒന്നും തെറ്റാകുന്നില്ല. ഉള്ളതു കൊണ്ടു ശരിയാകുകയുമില്ല. യാദൃശ്ചികം എന്നു തെറ്റായല്ലേ സകലമാന പത്രങ്ങളിലും അച്ചടിച്ചു വരുന്നതു്?”
“എന്തായായാലും വിദ്യിച്ശക്തി എന്ന ഉത്തരത്തിനു് എനിക്കു മാർക്കു കൊടുക്കാൻ പറ്റില്ല,” അമ്മ ചുമന്ന മഷി നിറച്ച പേന കയ്യിലെടുത്തു.
“അതിനു മാർക്കു കൊടുത്തില്ലെങ്കിൽ ഇനി ഞാൻ ഒരു ഉത്തരക്കടലാസും നോക്കാനും പോകുന്നില്ല,” എന്നു ഞാൻ. വാശിയെങ്കിൽ വാശി.
“എടാ, ഇതിനു മാർക്കു കൊടുത്താൽ എസ്സെസ്സെൽസീ പരീക്ഷയ്ക്കും ഇവൾ ഇതെഴുതും. അതു നോക്കുന്നവരൊന്നും മാർക്കു കൊടുക്കുകില്ല.”
“ശരിയായ ഉത്തരത്തിനു മാർക്കു കൊടുക്കുന്നില്ലെങ്കിൽ ഈ എസ്സെസ്സെൽസീ പരീക്ഷയ്ക്കു വിശ്വാസ്യത ഇല്ലെന്നു പറയേണ്ടി വരും.”
“ഇങ്ങനെ ഓരോ കുരുത്തക്കേടു ചെയ്യുന്നതു കൊണ്ടാ നിനക്കു പരീക്ഷയ്ക്കൊക്കെ മാർക്കു പോകുന്നതു്…”
“പരീക്ഷയുടെ മാർക്കല്ല പ്രധാനം, വിജ്ഞാനസമ്പാദനമാണു് എന്നു് അമ്മ തന്നെയല്ലേ പറയാറുള്ളതു്?”
അവസാനം അമ്മ ആ ചോദ്യത്തിനു മാർക്കു കൊടുത്തു. അങ്ങനെ എന്റെ വാശി മൂലം ഒരു മാർക്കു കൂടുതൽ കിട്ടിയ ഏതോ ഒരു കുട്ടി ഇലന്തൂരിന്റെ പ്രാന്തപ്രദേശങ്ങളിൽ എവിടെയോ ഉണ്ടു്. ഗതി പിടിച്ചോ എന്തോ?
ആ കുട്ടിയോടു ഞാനും കടപ്പെട്ടിരിക്കുന്നു. പത്തുമുപ്പത്തഞ്ചു വർഷങ്ങൾക്കു ശേഷം കേരളത്തിലെ ഒരു മന്ത്രിയും പ്രതിപക്ഷനേതാവും ഒരു പ്രതിസന്ധിയിൽ പെട്ടപ്പോൾ അവരെ സഹായിക്കാൻ എനിക്കു് ഇതൊക്കെ ഇപ്പോഴും ഓർമ്മയുള്ളതു് അവൾ മൂലമാണല്ലോ!