പൈയുടെ മൂല്യം

ഭാരതീയഗണിതം (Indian Mathematics)

ഒരു വൃത്തത്തിന്റെ പരിധിയും വ്യാസവും തമ്മിലുള്ള അനുപാതമായ “പൈ”യുടെ മൂല്യം ക്രി. പി. അഞ്ചാം ശതകത്തിൽ ആര്യഭടന്‍ നാലു ദശാംശസ്ഥാനങ്ങള്‍ക്കു കൃത്യമായി കണ്ടെത്തി.

ചതുരധികം ശതമഷ്ടഗുണം ദ്വാഷഷ്ടിസ്തഥാ ചതുര്‍ത്ഥാണാം
അയുതദ്വയവിഷ്കംഭസ്യാസന്നോ വൃത്തപരിണാഹഃ

                                                     (ആര്യഭടീയം)

ഇതനുസരിച്ചു്‌, 20000 വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി 104 x 8 + 62000 = 62832 ആണു്‌. അതായതു്‌, പൈ = 3.1416. ഇതു നാലു ദശാംശസ്ഥാനങ്ങള്‍ക്കു ശരിയാണു്‌.

ലോകത്തില്‍ ആദ്യമായി പൈയുടെ മൂല്യം നാലു ദശാംശസ്ഥാനങ്ങള്‍ക്കു കൃത്യമായി കണ്ടുപിടിച്ചതു്‌ ആര്യഭടനാണു്‌ എന്നൊരു തെറ്റായ ധാരണയുണ്ടു്‌. ക്രി. മു. മൂന്നാം ശതകത്തില്‍ ആര്‍ക്കിമിഡീസ്‌ പൈയുടെ മൂല്യം 211875/67441 = 3.14163… ആണെന്നു കണ്ടുപിടിച്ചിരുന്നു. ക്രി. പി. രണ്ടാം ശതകത്തില്‍ ടോളമി 377/120 = 3.141666… എന്നും. ഇവയ്ക്കു രണ്ടിനെക്കാളും പൈയുടെ മൂല്യത്തോടു്‌ (3.1415926…) അടുത്തു നില്‍ക്കുന്നതു്‌ ആര്യഭടന്റെ മൂല്യമാണെന്നതു മറ്റൊരു കാര്യം. ആര്യഭടനു മുമ്പേ ചീനക്കാരനായ സു ചൊങ്ങ്ഴി (Zu Chongzhi) ഇതിനെക്കാള്‍ കൃത്യമായി (3.1415926-നും 3.1415927-നും ഇടയ്ക്കാണെന്നു്‌) കണ്ടുപിടിച്ചിട്ടുണ്ടെന്നും തെളിഞ്ഞിട്ടുണ്ടു്‌.


Comments imported from bhaaratheeyaganitham.wordpress.com:


5 Responses to ““പൈ”യുടെ മൂല്യം”

  1. peringodan Says:

    അറിവുള്ളവര്‍ യഥാവിധിയേ അതുപകര്‍ന്നുകൊടുക്കുന്നതാണു് ശ്രേഷ്ഠമായ കര്‍മ്മം. ഉമേഷ് അപ്രകാരം ശ്രേഷ്ഠത പ്രകടിപ്പിക്കുകയും ചെയ്യുന്നു. വ്യാകരണവും, ജ്യോതിശാസ്ത്രവും, ഗണിതവും, അല്‍‌ഗോരിതവും എല്ലാം ഒരേ കുടക്കീഴില്‍ കൊണ്ടുവന്നുകൂടെ? വേര്‍ഡ്‌പ്രസ്സിലാകുമ്പോള്‍ കാറ്റഗറൈസ് ചെയ്യുവാനും എളുപ്പമാകും. ആശംസകള്‍!!!

  2. ഭാരതീയഗണിതം Says:

    നന്ദി, പെരിങ്ങോടരേ.

  3. manjithkaini Says:

    ഉമേഷ് മാഷേ,

    കടപയാദി വിക്കിയിലെടുക്കാന്‍ പരുവത്തിലാണല്ലോ. ഇത് അതുപോലെ തന്നെ ഇട്ടാലും മതി. അതല്ലെങ്കില്‍ ഭാരതീയ ഗണിതത്തെപ്പറ്റി വിക്കിബുക്സില്‍ ഒരു പുസ്തക രചനയ്ക്കും സ്ക്കൊപ്പുണ്ട്.

    അറിയാത്ത ഒരുപാടു കാര്യങ്ങള്‍ ഇവിടെയെത്തുമ്പോള്‍ കണ്ടെത്താനാവുന്നതിലുള്ള സന്തോഷം മറച്ചു വയ്ക്കുന്നില്ല.

    മന്‍‌ജിത്

  4. ഭാരതീയഗണിതം Says:

    മഞ്ജിത്ത്‌,

    ഈ ബ്ലോഗിന്റെ അന്തിമലക്ഷ്യം വിക്കി തന്നെ. പക്ഷേ, ഒരു ബ്ലോഗിലിട്ടു്‌ വിവരമുള്ളവരുടെ അഭിപ്രായങ്ങളൊക്കെ ചേര്‍ത്തു്‌, തെറ്റുകള്‍ തിരുത്തിയതിനു ശേഷം വിക്കിയിലിടുന്നതല്ലേ ഭംഗി?

    മാത്രമല്ല, എന്റേതായ ചില അഭിപ്രായങ്ങളും, ശരിയെന്നുറപ്പില്ലാത്ത ചില കാര്യങ്ങളും ഇതിലുണ്ടാവും. അതൊക്കെ നന്നായി എഡിറ്റു ചെയ്തിട്ടേ വിക്കിയിലിടാന്‍ പറ്റൂ.

    ഇപ്പോള്‍ത്തന്നെ വിക്കിയിലെ പല ലേഖനങ്ങളും (എന്റേതുള്‍പ്പെടെ) വിജ്ഞാനകോശലേഖനങ്ങളേക്കാള്‍ അതിഭാവുകത്വത്തിലേക്കു വഴുതിവീഴുന്ന സെന്‍സിറ്റീവ്‌ സാഹിത്യമാകുന്നില്ലേ എന്നൊരു സംശയമുണ്ടു്‌. വിക്കി മത്സരം തുടങ്ങുമ്പോള്‍ നമുക്കു കാണിക്കാന്‍ കുറേ നല്ല ഉദാഹരണങ്ങള്‍ വേണ്ടേ?

    – ഉമേഷ്‌