സരസശ്ലോകങ്ങള്‍: അയല്‍‌വാസികളുടെ വഴക്കു്

സരസശ്ലോകങ്ങള്‍

വേലിയുടെ അപ്പുറത്തും ഇപ്പുറത്തും നിന്നുകൊണ്ടു് ചില പെണ്ണുങ്ങള്‍ വഴക്കുണ്ടാക്കുന്നതു കണ്ടിട്ടില്ലേ? മറ്റവളെയും അവളുടെ ഭര്‍ത്താവിനെയും കുടുംബത്തെയും അടച്ചു കുറ്റം പറയുന്ന ഈ വഴക്കു് സാധാരണ തീരുന്നതു് “ഫ..” എന്ന ആട്ടിലാണു്.

ഫോട്ടോ, ഫോണ്‍, ഫിലിം തുടങ്ങിയവയിലെ “ഫ”യല്ല. ഫലത്തിലെയും ഫലിതത്തിലെയും ഫ. പവര്‍ഗ്ഗത്തിലെ അതിഖരം. കേട്ടാല്‍ കേള്‍ക്കുന്നവന്‍ വിറയ്ക്കണം. തെറിക്കണം. അമ്മാതിരി ഫ.

എന്തു ചെയ്യാന്‍, ഇപ്പോള്‍ മലയാളി ഫലത്തിലെയും ഫലിതത്തിലെയും ഫ ഫോട്ടോയിലെയും ഫിലിമിലെയും ഫ പോലെയാണുച്ചരിക്കുന്നതു്. ഇവരൊക്കെ ആട്ടുന്നതും ഈ ഫയില്‍ത്തന്നെയാണോ എന്തോ? അതോ ആട്ടു് എന്നതു് ഒരു പഴയ ഫ്യൂഡല്‍ (ഫോട്ടോയിലെ ഫ) വ്യവസ്ഥിതിയുടെ പ്രതിഫലനം (ഫലത്തിലെ ഫ) മാത്രമായി അവശേഷിക്കുന്നുവോ?

ഒരുവളുടെ ഭര്‍ത്താവു് വൈറ്റ് കോളര്‍ ജോലിക്കാരനും സദ്‌ഗുണസമ്പന്നനും പണക്കാരനും ആവുകയും മറ്റവളുടേതു കൂലിപ്പണിക്കാരനും കള്ളുകുടിയനും ഇരപ്പാളിയും ആവുകയും ചെയ്താലോ? സ്വാഭാവികമായും ആദ്യത്തവള്‍ മറ്റവളുടെ ഭര്‍ത്താവിനെപ്പറ്റിയായിരിക്കും കുത്തുവാക്കുകള്‍ പറയുക. മിക്കവാറും നാക്കിനു കൂടുതല്‍ ശൌര്യം കൂലിപ്പണിക്കാരന്റെ ഭാര്യയ്ക്കായിരിക്കും. ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറഞ്ഞു് വല്യവീട്ടിലെ കൊച്ചമ്മയെ അവള്‍ തോല്‍പ്പിക്കുകയും ചെയ്യും.

ഇങ്ങനെയുള്ള ഒരു തരം വഴക്കു പല കവികളും വിഷയമാക്കിയിട്ടുണ്ടു്. ഇവിടെ വഴക്കുണ്ടാക്കുന്നതു മഹാലക്ഷ്മിയും പാര്‍വ്വതിയുമാണു്. ലക്ഷ്മിയുടെ ഭര്‍ത്താവു് മഹാവിഷ്ണു സുന്ദരന്‍, എല്ലാവര്‍ക്കും വേണ്ടവന്‍, പെണ്ണുങ്ങള്‍ക്കു് ഇഷ്ടപ്പെട്ടവന്‍, എല്ലാത്തിനെയും രക്ഷിക്കുന്നവന്‍, വൈറ്റ് കോളര്‍ ജോലിക്കാരന്‍. പാര്‍വ്വതിയുടെ ഭര്‍ത്താവു് ശിവനാകട്ടേ തെണ്ടി നടക്കുന്നവന്‍, ചാരം പൂശുന്നവന്‍, കാമദേവനെ കണ്ണെടുത്താല്‍ കണ്ടു കൂടാത്തവന്‍, തുണിയുടുക്കാതെ ആടുന്നവന്‍. സ്വാഭാവികമായി സംസാരം ഭര്‍ത്താവിനെപ്പറ്റിയായിരിക്കും. പക്ഷേ, പാര്‍വ്വതിയുടെ അടുത്താ കളി?


“എടിയേ, പാറോതിയേ…”

“എന്തരടീ കെടന്നു തൊള്ള തൊറക്കണതു്? ഞാനിവിടെ പന പോലെ നിക്കണതു കാണാന്‍ മേലായോ?”

“ആ തെണ്ടി എവിടെ പോയെടീ?”

ശിവന്‍ ഒരു തലയോടു പാത്രമാക്കി തെണ്ടാന്‍ പോകാറുണ്ടു്. പണ്ടു ബ്രഹ്മാവിന്റെ ഒരു തല മുറിച്ച വകയില്‍ കിട്ടിയ ശാപത്തിന്റെ ഫലമാണു്. അതാണു് ഇവിടുത്തെ വിവക്ഷ.

“ആ, എനിക്കറിയാന്മേലാ. മഹാബലിയുടെ യാഗശാലയിലാണെന്നു തോന്നുന്നു…”

മഹാബലിയുടെ യാഗശാലയില്‍ പണ്ടു മൂന്നടി മണ്ണു തെണ്ടാന്‍ പോയതു വിഷ്ണുവാണു്-വാമനനായി. തെണ്ടിയെന്നു മാത്രമല്ല, ഭിക്ഷ കൊടുത്തവനെ പാര വെച്ചു പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുക വരെ ചെയ്തു. അത്രയ്ക്കൊന്നും വൃത്തികേടു കാണിച്ചിട്ടില്ല തന്റെ ഭര്‍ത്താവു്!

“എവിടാ ഇന്നു തുണിയഴിച്ചുള്ള ആട്ടം?”

ശിവന്റെ ദിഗംബരനൃത്തം ലോകപ്രശസ്തമാണല്ലോ.

“വൃന്ദാവനത്തില്‍. ഗോപസ്ത്രീകളുടെ കൂടെ. തുണിയൊണ്ടോ ഇല്ലിയോ, ആ…”

വൃന്ദാവനത്തില്‍ രാസക്രീഡ നടത്തുന്നതു വിഷ്ണു. കൃഷ്ണനായി.

“മൃഗം എവിടെപ്പോയെടീ?”

ശിവന്‍ കയ്യിലൊരു മാനിനെ കൊണ്ടു നടക്കാറുണ്ടു്. അതിനെപ്പറ്റിയാണു ചോദിക്കുന്നതു്. മൃഗം = മാന്‍.

“പന്നിയുടെ കാര്യമല്ലേ? ആ…”

“മൃഗം” എന്നതിനു് animal എന്ന അര്‍ത്ഥമെടുത്തു്. പന്നി എന്നുദ്ദേശിച്ചതു വിഷ്ണുവിനെ. മൂപ്പരുടെ മൂന്നാമത്തെ അവതാരമാണു പന്നി. വരാഹാവതാരം.

“അതല്ലടീ, ആ കാള എവിടെപ്പോയെടീ?”

ശിവന്‍ ഒരു കാളപ്പുറത്തു കയറുന്നതിനെപ്പറ്റി ദേവലോകത്തു പലരും പറഞ്ഞു ചിരിക്കാറുണ്ടു്. ശിവനെ കല്യാണം കഴിക്കാന്‍ പോയ പാര്‍വ്വതീയോടു ശിവന്‍ തന്നെ വേഷം മാറി വന്നു ചോദിച്ചതാണു്

ഉടനൊരു മുതുകാള മേല്‍ കരേറും
ഭവതിയെ നോക്കി മഹാജനം ചിരിക്കും

എന്നു്. (കാളിദാസന്റെ കുമാരസംഭവത്തിലെ വരികള്‍, ഏ. ആര്‍. രാജരാജവര്‍മ്മയുടെ പരിഭാഷ.)

“ഓ, അതോ, അറിയാന്മേലാ. ആ കന്നാലിച്ചെക്കനോടു ചോദിക്കു്…”

വിഷ്ണു കൃഷ്ണനായപ്പോള്‍ പശുവിനെയും കാളയെയും മേയ്ക്കുന്ന കന്നാലിച്ചെക്കനായിരുന്നു.

“പോടീ…”

“പോടീ…”

ഈ ശ്ലോകമെഴുതിയ സംസ്കൃതകവി ആരെന്നറിയില്ല. അപ്പയ്യദീക്ഷിതരുടെ “കുവലയാനന്ദം” എന്ന അലങ്കാരശാസ്ത്രഗ്രന്ഥത്തില്‍ “വക്രോക്തി” എന്ന അലങ്കാരത്തിനുദാഹരണമായി ഈ ശ്ലോകം ഉദ്ധരിച്ചിട്ടുണ്ടു്.

ശ്ലോകം:

“ഭിക്ഷാര്‍ത്ഥീ സ ക്വ യാതഃ, സുതനു?” – “ബലിമഖേ”; “താണ്ഡവം ക്വാദ്യ ഭദ്രേ?” –
“മന്യേ വൃന്ദാവനാന്തേ”; “ക്വ നു സ മൃഗശിശുര്‍?” – “നൈവ ജാനേ വരാഹം”;
“ബാലേ, കച്ചിന്ന ദൃഷ്ടോ ജരഠവൃഷപതിര്‍?” – “ഗ്ഗോപ ഏവാത്ര വേത്താ”
ലീലാസല്ലാപ ഇത്ഥം ജലനിധിഹിമവത്കന്യയോസ്ത്രായതാം വഃ

അര്‍ത്ഥം:

സുതനു, സ ഭിക്ഷ-അര്‍ത്ഥീ ക്വ യാതഃ? : സുന്ദരീ, ആ തെണ്ടുന്നവന്‍ എവിടെപ്പോയി?
ബലിമഖേ : ബലിയുടെ യാഗത്തിനു്.
അദ്യ താണ്ഡവം ക്വ, ഭദ്രേ : ഇന്നു താണ്ഡവം എവിടെയാണു പെണ്ണേ?
വൃന്ദാവന-അന്തേ മന്യേ : വൃന്ദാവനത്തിലാണെന്നു തോന്നുന്നു
സ മൃഗശിശുഃ നു ക്വ : ആ കുഞ്ഞുമൃഗമോ, അതെവിടെപ്പോയി?
വരാഹം ന ഏവ ജാനേ : പന്നിയെപ്പറ്റി ഒരു പിടിയുമില്ല
ബാലേ, കത്-ചിത് ജരഠ-വൃഷ-പതിഃ ന ദൃഷ്ടഃ : കുട്ടീ, ആ മുതുകാളയെ എങ്ങും കണ്ടില്ലല്ലോ?
അത്ര ഗോപഃ ഏവ വേത്താ : അതു് ഇടയനു മാത്രമേ അറിയൂ
ഇത്ഥം ജലനിധി-ഹിമവത്-കന്യയോഃ : ഇങ്ങനെ കടലിന്റെയും ഹിമവാന്റെയും പെണ്മക്കള്‍ ചെയ്യുന്ന
ഏവം ലീലസല്ലാപഃ : കളിയായുള്ള സംവാദം
വഃ ത്രായതാം : നിങ്ങളെ രക്ഷിക്കട്ടേ!

മുകളില്‍ കൊടുത്ത ശ്ലോകത്തെ പരിഭാഷപ്പടുത്തി ഏ. ആര്‍. രാജരാജവര്‍മ്മ തന്റെ അലങ്കാരശാസ്ത്രഗ്രന്ഥമായ “ഭാഷാഭൂഷണ”ത്തില്‍ ചേര്‍ത്തിട്ടുണ്ടു്. വക്രോക്തിയുടെ ഉദാഹരണമായിത്തന്നെ.

ശ്ലോകം:

“പിച്ചക്കാരന്‍ ഗമിച്ചാനെവിടെ?” – “ബലിമഖം തന്നില്‍”; “എങ്ങിന്നു നൃത്തം?”,
“മെച്ചത്തോടാച്ചിമാര്‍ വീടതില്‍”; “എവിടെ മൃഗം?” – “പന്നി പാഞ്ഞെങ്ങു പോയോ?”;
“എന്തേ കണ്ടില്ല മൂരിക്കിഴടിനെ?” – “ഇടയന്‍ ചൊല്ലുമക്കാര്യമെല്ലാം”
സൌന്ദര്യത്തര്‍ക്കമേവം രമയുമുമയുമായുള്ളതേകട്ടെ മോദം.

അര്‍ത്ഥം:
“പിച്ചക്കാരന്‍ എവിടെ ഗമിച്ചാന്‍ (പോയി)?”
“ബലി-മഖം തന്നില്‍ (ബലിയുടെ യാഗത്തില്‍)”
“ഇന്നു് നൃത്തം എങ്ങു്?”
“മെച്ചത്തോടെ ആച്ചിമാര്‍ വീടു് അതില്‍ (ഗോപസ്ത്രീകളുടെ വീട്ടില്‍)”
“മൃഗം എവിടെ?”
“പന്നി എങ്ങു പാഞ്ഞു പോയോ?”
“എന്തേ മൂരിക്കിഴടിനെ കണ്ടില്ല?”
“ഇടയന്‍ ആ കാര്യം എല്ലാം ചൊല്ലും (പറയും)”

ഏവം (ഈ വിധത്തില്‍) രമയും (ലക്ഷ്മിയും) ഉമയും (പാര്‍വ്വതിയും) ആയി ഉള്ള സൌന്ദര്യത്തര്‍ക്കം മോദം (സന്തോഷത്തെ) തരട്ടേ!


ഇതാ പിന്നെയും:

“എടീ പാറൂ, ഒരു സംശയമുണ്ടായിരുന്നു…”

“ചോദീരെടീ…”

“അക്ഷയതൃതീയ വരുന്നു. കുറേ ആഭരണമെടുത്താലോ എന്നു വിചാരിക്കുന്നു. ഈ ദേഹത്തു ധരിക്കാന്‍ പാമ്പു നല്ലതാണോടീ?”

ശിവന്‍ ദേഹത്തു മുഴുവന്‍ പാമ്പിനെ ചൂടുന്നതിനെ കളിയാക്കുകയാണു്.

“ദേഹത്തു ധരിക്കുന്ന കാര്യം അറിയില്ല. മെത്തയാക്കി അതിന്റെ പുറത്തു കിടക്കാന്‍ ബെസ്റ്റ്!”

വിഷ്ണുവിന്റെ കിടക്ക അനന്തന്‍ എന്ന പാമ്പാണല്ലോ.

“ഒരു പുതിയ വണ്ടി വാങ്ങണം. കാള നല്ലതാണോടീ?”

Ford Taurus-ന്റെ കാര്യമല്ല. സാക്ഷാല്‍ കാള. ശിവന്റെ വാഹനം അതാണല്ലോ.

“കണ്ട ആപ്പയൂപ്പകള്‍ക്കു കാള മേയ്ച്ചു നടക്കാന്‍ നല്ലതാണെന്നു കേട്ടിട്ടുണ്ടു്. പുറത്തു കയറാന്‍ നല്ല ചങ്കുറപ്പു വേണം!”

കൃഷ്ണന്‍ കാലിച്ചെക്കനായിരുന്നല്ലോ.

“നിന്റെ നാക്കിനു ലൈസന്‍സില്ലല്ലോ. അല്ല, ഞാനൊന്നു ചോദിക്കട്ടേ, ദിവസവും ഇങ്ങനെ തെണ്ടുന്നതു നല്ലതാണോ? നിനക്കു നിന്റെ കെട്ടിയോനെ ഒന്നു് ഉപദേശിച്ചു കൂടേ?”

“ഓ, അങ്ങേരു മാനമായി തെണ്ടുന്നതല്ലേ ഉള്ളൂ. മോട്ടിക്കുന്നില്ലല്ലോ? ഇവിടെ ഓരോത്തന്മാരു പാലു മോട്ടിക്കും, വെണ്ണ മോട്ടിക്കും, കുളിക്കടവില്‍ കുളിക്കുന്ന പെണ്ണുങ്ങളുടെ തുണി മോട്ടിക്കും, കല്യാണപ്പന്തലീന്നു പെണ്ണിനെ വരെ മോട്ടിക്കും…”

കൃഷ്നന്‍ ചെറുപ്പത്തില്‍ പാലും വെണ്ണയും പിന്നെ ഗോപസ്ത്രീകളുടെ തുണിയും മോഷ്ടിച്ചിട്ടുണ്ടു്. പ്രായമായപ്പോള്‍ കല്യാണപ്പന്തലില്‍ നിന്നു രുക്മിണിയെയും.

“പോടീ…”

“പോടീ…”

ഈ ശ്ലോകം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജീവിച്ചിരുന്ന കാത്തുള്ളില്‍ അച്യുതമേനോന്റേതാണു്. “കവിപുഷ്പമാല” എന്നൊരു കവിത എഴുതിയതിനു വെണ്മണി മഹന്റെ കയ്യില്‍ നിന്നു നിറയെ ചീത്ത വാങ്ങി (“ശങ്കാഹീനം ശശാങ്കാമലതരയശസാ…”) കുപ്രസിദ്ധി നേടിയ ആളാണു് അദ്ദേഹം.

ശ്ലോകം:

“നന്നോ മെയ്യണിവാനുമേ ഫണി?” – “രമേ, മെത്തയ്ക്കു കൊള്ളാം!”; “കണ–
ക്കെന്നോ കാളയിതേറുവാനനുദിനം?” – “മേച്ചീടുവാനുത്തമം!”;
“എന്നാലെന്നുമിരന്നിടുന്നതഴകോ?”, “കക്കുന്നതില്‍ ഭേദമാ”-
ണെന്നാക്കുന്നലര്‍മങ്കമാരുടെ കളിച്ചൊല്ലിങ്ങു താങ്ങാകണം!

അര്‍ത്ഥം:

“ഉമേ (പാര്‍വ്വതീ), മെയ്യു് അണിവാന്‍ (ദേഹത്തു ചാര്‍ത്താന്‍) ഫണി (പാമ്പു്) നന്നോ (നല്ലതാണോ?)”
“രമേ (ലക്ഷ്മീ), മെത്തയ്ക്കു കൊള്ളാം”
“അനുദിനം (ദിവസം തോറും) ഏറുവാന്‍ (കേറാന്‍) കാളയിതു് (ഈ കാള) നന്നു് എന്നോ (നല്ലതാണു് എന്നാണോ)?”
“മേച്ചീടുവാന്‍ ഉത്തമം”
“എന്നാല്‍ എന്നും ഇരന്നിടുന്നതു് (തെണ്ടുന്നതു്) അഴകോ (ഭംഗിയോ)?”
“കക്കുന്നതില്‍ (മോഷ്ടിക്കുന്നതിലും) ഭേദമാണു്”
എന്നു് (ഈ വിധത്തില്‍) ആ കുന്നു്-അലര്‍-മങ്കമാരുടെ (കുന്നിന്റെയും പൂവിന്റെയും പെണ്മക്കളുടെ – പാര്‍വ്വതിയും ലക്ഷ്മിയും) കളിച്ചൊല്ലു് (കളിയായുള്ള വര്‍ത്തമാനം) ഇങ്ങു താങ്ങാകണം(രക്ഷിക്കണം)!


മറ്റുള്ളവര്‍ എഴുതിയ നല്ല ശ്ലോകങ്ങളുടെ ആശയങ്ങള്‍ ഉളുപ്പില്ലാതെ കട്ടെടുത്തു സ്വയം ശ്ലോകങ്ങളെഴുതി പ്രശസ്തരായവരായിരുന്നു വെണ്മണിക്കവികള്‍. പ്രത്യേകിച്ചു മഹന്‍. ചങ്ങനാശ്ശേരി രവിവര്‍മ്മയുടെ “ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു…” എന്ന ശ്ലോകത്തെ “കണ്ഠേ നല്ല കറുപ്പുമുണ്ടു…” എന്നു പരാവര്‍ത്തനം ചെയ്തതു് ഒരുദാഹരണം മാത്രം. താഴെക്കൊടുക്കുന്നതു മറ്റൊരുദാഹരണം. എന്തായാലും ലക്ഷ്മിയും പാര്‍വ്വതിയുമായുള്ള വഴക്കിനെ ചിത്രീകരിക്കുന്ന ശ്ലോകങ്ങളില്‍ ഇതാണു് ഏറ്റവും പ്രസിദ്ധം.

ഇവിടെ കുത്തുവാക്കൊന്നുമില്ല. ചോദ്യമെല്ലാം ഡയറക്ടാണു്.

“ഡീ, നിന്റെ കെട്ടിയോന്‍ ഫുള്‍ ടൈം കാട്ടിലല്ലേ?”

“പിന്നെ നിന്റെ കെട്ടിയോന്‍ നാട്ടിലായിരിക്കും. ഒന്നുകില്‍ വൃന്ദാവനത്തില്‍ ഇടച്ചിമാരുമൊത്തു്, അല്ലെങ്കില്‍ നടുക്കടലില്‍. പതിന്നാലു കൊല്ലമല്യോടീ പണ്ടു അങ്ങേരു കണ്ടിന്യൂവസ്സായി കാട്ടില്‍ പോയതും കണ്ട പെണ്ണുങ്ങളുടെ മൂക്കും മുലേം മുറിച്ചതും. ഒന്നു പോടീ..”

“അങ്ങേരു പാമ്പിനെയെടുത്തു ദേഹത്തിടുന്നുണ്ടല്ലോ. അറയ്ക്കത്തില്യോടീ?”

“നിന്റെ കെട്ടിയോന്‍ പാമ്പിന്റെ പുറത്തല്യോ കിടക്കുന്നതു്? നീയും അങ്ങേരുടെ കൂടെ അവിടല്യോ കിടപ്പു്? വല്യ അറപ്പും കൊണ്ടു വന്നിരിക്കുന്നു…”

“എന്നാലും ഒരു നല്ല വണ്ടി വാങ്ങിച്ചു കൂടേ? ഇപ്പോഴും കാളവണ്ടിയാണല്ലോ..”

“കാളവണ്ടി ഓടിക്കാനറിയാമല്ലോ, ഇല്ലേ? അല്ലാതെ നിന്റെ അവനെപ്പോലെ കാളയെ മേയ്ച്ചു കൊണ്ടു പുറകേ ഓടുകയല്ലല്ലോ…”

“എന്റമ്മേ! എവടെ ഒരു നാക്കു്! എനിക്കു മേലായേ എവളോടു വര്‍ത്താനം പറയാന്‍. കണ്ട്രി!”

“പോടീ…”

ശ്ലോകം:

“കാടല്ലേ നിന്റെ ഭര്‍ത്താവിനു ഭവന?” – “മതേ, നിന്റെയോ?”; “നിന്മണാളന്‍
ചൂടില്ലേ പന്നഗത്തെ?” – “ശ്ശരി, തവ കണവന്‍ പാമ്പിലല്ലേ കിടപ്പൂ?”;
“മാടല്ലേ വാഹനം നിന്‍ ദയിത” – “നതിനെയും നിന്‍ പ്രിയന്‍ മേയ്പ്പതില്ലേ?”;
“കൂടില്ലേ തര്‍ക്ക” – മെന്നങ്ങുമ രമയെ മടക്കും മൊഴിയ്ക്കായ്‌ തൊഴുന്നേന്‍!

അര്‍ത്ഥം:

“നിന്റെ ഭര്‍ത്താവിനു ഭവനം (വീടു്) കാടു് അല്ലേ?”
“അതേ. നിന്റെയോ?”
“നിന്‍ മണാളന്‍ (നിന്റെ ഭര്‍ത്താവു്) പന്നഗത്തെ (പാമ്പിനെ) ചൂടില്ലേ?”
“ശരി, തവ കണവന്‍ (ഭര്‍ത്താവു്) പാമ്പിലല്ലേ കിടപ്പൂ (കിടക്കുന്നതു്)?”
“നിന്‍ ദയിതനു് (ഭര്‍ത്താവിനു്) വാഹനം മാടു് (കന്നാലി) അല്ലേ?”
“അതിനെയും നിന്‍ (നിന്റെ) പ്രിയന്‍ മേയ്പ്പതില്ലേ (മേയിക്കില്ലേ)?”
“(ഞാനിനി) തര്‍ക്കം കൂടില്ലേ” എന്നു് ഉമ (പാര്‍വ്വതി) രമയെ (ലക്ഷ്മിയെ) മടക്കും (തോല്‍പ്പിക്കുന്ന) മൊഴിയ്ക്കായ് (വാക്കിനായി) തൊഴുന്നേന്‍ (ഞാന്‍ തൊഴുന്നു).


ഇതുപോലെ ലക്ഷ്മിയും പാര്‍വ്വതിയും തമ്മിലുള്ള സംഭാഷണമായുള്ള ശ്ലോകങ്ങള്‍ അറിയാവുന്നവര്‍ ദയവായി കമന്റായി ഇടുക. ഇതേ രീതിയില്‍ സ്ത്രീകളുടെ ഒരു തിരുവാതിരപ്പാട്ടോ മറ്റോ ഉള്ളതും കേട്ടിട്ടുണ്ടു്. ആര്‍ക്കെങ്കിലും അറിയാമോ?


[2008-09-23] ഭാര്യമാര്‍ ഇങ്ങനെ തുടങ്ങിയാല്‍ ഭര്‍ത്താക്കന്മാര്‍ വെറുതേ ഇരിക്കുമോ? രാജേഷ് വര്‍മ്മയുടെ ശ്ലോകം.

“കുന്നിന്‍നാട്ടിലെ ബാന്ധവം കഠിനമോ?” “തണ്ണീരിലും മെച്ചമാ-”
“ണുണ്ണിക്കുമ്പ നിറഞ്ഞിടാത്തൊരഴലോ?” “വന്ധ്യത്വമോര്‍ത്താല്‍ സുഖം.”
“പെണ്ണിന്‍ മാതിരി പാതിമേനിയഴകോ?” “പെണ്‍വേഷമോ?”യെന്നു ചെ-
ന്തണ്ടാര്‍ക്കണ്ണനെ വെന്ന വാണിയൊടു മുക്കണ്ണന്‍ തുണച്ചീടണം.