ശങ്കരാചാര്യരുടെ വിഖ്യാതമായ മാതൃപഞ്ചകം എന്ന കൃതിയുടെ വൃത്താനുവൃത്തപരിഭാഷ. 2021 മെയ് 12-ന് ഇത് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചിരുന്നു.
മൂലം | പരിഭാഷ |
മുക്താമണിസ്ത്വം നയനം മമേതി രാജേതി ജീവേതി ചിരം സുത ത്വം ഇത്യുക്തവത്യാസ്തവ വാചി മാതഃ ദദാമ്യഹം തണ്ഡുലമേവ ശുഷ്കം |
“നീ മുത്തെനിക്കെന്നുടെ കണ്ണു നീ താൻ രാജാവു നീ, യെന്നുമിരിയ്ക്ക പുത്ര!” ഈ വണ്ണമോതീടിന നിന്റെ വാക്കിൽ നൽകീടുവാൻ വായ്ക്കരി മാത്രമാം മേ. |
അംബേതി താതേതി ശിവേതി തസ്മിൻ പ്രസൂതികാലേ യദവോച ഉച്ചൈഃ കൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദേ- ത്യഹോ ജനന്യൈ രചിതോഽയമഞ്ജലിഃ |
“അമ്മേ, പിതാവേ, ശിവനേ” – യിതൊക്കെ- ച്ചൊന്നേ കരഞ്ഞൂ പ്രസവത്തിനന്നാൾ; “ഹേ കൃഷ്ണ, ഗോവിന്ദ, ഹരേ” ജപിച്ചു ഞാനിന്നു കൂപ്പുന്നിതു നിന്നെയമ്മേ! |
ആസ്താം താവദിയം പ്രസൂതിസമയേ ദുർവാരശൂലവ്യഥാ നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ ഏകസ്യാപി ന ഗർഭഭാരഭരണക്ലേശസ്യ യസ്യാ ക്ഷമോ- ദാതും നിഷ്കൃതിമുന്നതോഽപി തനയസ്തസ്യൈ ജനന്യൈ നമഃ |
പാരം ഭീകരപേറ്റുനോവു, രുചി പോം കാലം, ചടയ്ക്കുന്ന മെ,- യ്യോരാണ്ടിൻ മലശയ്യയെന്നിവ ഗണിച്ചീടാതിരുന്നീടിലും, ഭാരം താങ്ങിന ഗർഭകാലരുജയോർത്തീടിൽ തിരിച്ചേകിടാൻ ആരാവട്ടെ, മകന്നസാദ്ധ്യ, മതുപോലുള്ളോരു തായേ, തൊഴാം! |
ഗുരുകുലമുപസൃത്യ സ്വപ്നകാലേതു ദൃഷ്ട്വാ യതിസമുചിതവേഷം പ്രാരുദോ മാം ത്വമുച്ചൈഃ ഗുരുകുലമഥ സർവ്വം പ്രാരുദത്തേ സമക്ഷം സപദി ചരണയോസ്തേ മാതുരസ്തു പ്രണാമഃ |
കനവതിൽ മുനിയായിക്കണ്ടു നീയെന്നെ, ദുഃഖം പെരുകി ഗുരുകുലത്തിൽ ചെന്നുറക്കെക്കരഞ്ഞ് ഗുരുവരരുടെ മൊത്തം മുന്നിൽ നിന്നോരു തായേ, ഇരു ചരണവുമിപ്പോൾ താണു കൂപ്പുന്നിതാ ഞാൻ. |
ന ദത്തം മാതസ്തേ മരണസമയേ തോയമപി വാ സ്വധാ വാ നോ ദത്താ മരണദിവസേ ശ്രാദ്ധവിധിനാ ന ജപ്തോ മാതസ്തേ മരണസമയേ താരകമനുഃ അകാലേ സമ്പ്രാപ്തേ മയി കുരു ദയാം മാതുരതുലാം |
ഒരല്പം വെള്ളം നിൻ മരണസമയത്തേകിയതുമി- ല്ലൊടുക്കം ചെയ്യേണ്ടും ക്രിയകളെ നടത്തീല വഴി പോൽ; ജപിക്കാനും പറ്റീലൊടുവിലരികിൽ താരകവുമേ, ക്ഷമിക്കൂ നേരം വിട്ടണയുമിവനോടെന്റെ ജനനീ! |
Post a Comment