വെട്ടുപോത്തിനോടു വേദമോതുന്നതു്

സുഭാഷിതം

പഞ്ചതന്ത്രത്തില്‍ നിന്നു് ഒരു മുത്തു്:

അരണ്യരുദിതം കൃതം, ശവശരീരമുദ്വര്‍ത്തിതം,
സ്ഥലേऽബ്ജമവരോപിതം, സുചിരമൂഷരേ വര്‍ഷിതം,
ശ്വപുച്ഛമവനാമിതം, ബധിരകര്‍ണ്ണജാപഃ കൃതോ
ധൃതോऽന്ധമുഖദര്‍പ്പണോ യദബുധോ ജനഃ സേവിതഃ

വൃത്തം: പൃഥ്വി
 

അര്‍ത്ഥം:

ബധിര-കര്‍ണ്ണ-ജാപഃ കൃതഃ : ചെവി കേള്‍ക്കാത്തവന്റെ ചെവിയില്‍ ഒച്ചയിടുന്നവനും
അന്ധ-മുഖ-ദര്‍പ്പണഃ ധൃതഃ : കണ്ണു കാണാത്തവന്റെ മുന്നില്‍ കണ്ണാടി കാണിക്കുന്നവനും
യത് അബുധഃ ജനഃ സേവിതഃ : വിവരമില്ലാ‍ത്തവരെ സേവിക്കുന്നവരും
കൃതം : ചെയ്യുന്നതു്
അരണ്യരുദിതം : കാട്ടില്‍ കരഞ്ഞുവിളിക്കുന്നതും
ശവശരീരം ഉദ്വര്‍ത്തിതം : ശവശരീരത്തെ അണിയിച്ചൊരുക്കുന്നതും
സ്ഥലേ അബ്ജം അവരോപിതം : കരയില്‍ താമര നടുന്നതും
സുചിരം ഊഷരേ വര്‍ഷിതം : ഇടതടവില്ലാതെ മരുഭൂമിയില്‍ വെള്ളം തളിക്കുന്നതും
ശ്വ-പുച്ഛം അവനാമിതം : പട്ടിയുടെ വാല്‍ നിവര്‍ക്കുന്നതും
: (ആണു്)

“സുചിരമൂഷരേ വര്‍ഷിതം” എന്നതിനു പകരം “സുചിരമൂഷരേ കര്‍ഷിതം” (നിരന്തരമായി മരുഭൂമി ഉഴുതുമറിക്കുന്നതു്) എന്നും കണ്ടിട്ടുണ്ടു്. മരുഭൂമിയില്‍ കൃഷി ചെയ്യുന്നതു് എന്നര്‍ത്ഥം. അതുപോലെ ഉദ്വര്‍ത്തനം എന്നതിനു് അണിയിച്ചൊരുക്കുക, തലോടുക, സുഗന്ധദ്രവ്യങ്ങള്‍ പൂശുക, ഞവരക്കിഴിയിടുക തുടങ്ങിയ അര്‍ത്ഥങ്ങളുണ്ടു്. എല്ലാം ഇവിടെ യോജിക്കും.

ശാസ്ത്രം പുരോഗമിച്ചപ്പോള്‍ ഇവയില്‍ പലതും അത്ര മണ്ടത്തരങ്ങളല്ല ഇന്നു്. അന്ധനു കാഴ്ച കൊടുക്കാനും ബധിരനെ കേള്‍ക്കാന്‍ സഹായിക്കാനും വെള്ളമില്ലാതെ കൃഷി ചെയ്യാനും മരുഭൂമിയില്‍ കൃഷി ചെയ്യാനും ഇന്നു ശാസ്ത്രത്തിനു കഴിയും. ശവശരീരത്തെ മമ്മി മുതല്‍ മോര്‍ച്ചറി വരെ സൂക്ഷിക്കാറുമുണ്ടു്. എങ്കിലും രണ്ടു കാര്യങ്ങള്‍ മാത്രം കഴിയില്ല. ഒന്നു്, പട്ടിയുടെ വാല്‍ നിവര്‍ക്കാന്‍; രണ്ടു്, അജ്ഞരെ പറഞ്ഞു മനസ്സിലാക്കാന്‍.

തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണു് അജ്ഞന്‍ എന്നതു്. അജ്ഞനെ പരിഹസിക്കുന്ന അനേകം ശ്ലോകങ്ങള്‍ സംസ്കൃതത്തിലുണ്ടു്. അറിവില്ലായ്മയെയും കഴിവില്ലായ്മയെയും പരിഹസിക്കുന്നതു് ഒരു വിധത്തിലും ന്യായീകരിക്കാവുന്നതല്ല. ഒരാള്‍ക്കു കിട്ടുന്ന അറിവു് അവന്റെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. താണതെന്നു മുദ്രകുത്തിയ കുലത്തില്‍ ജനിക്കുന്നവനെ നിന്ദിക്കുന്നതു പോലെ ഹീനമാണു് അറിവു കിട്ടാന്‍ കഴിയാത്തവനെ നിന്ദിക്കുന്നതു്.

അജ്ഞന്‍ എന്നതു് കേവലം അറിവില്ലാത്തവന്‍ അല്ല. അറിയാന്‍ മനസ്സില്ലാത്തവനാണു്. അറിവിലേക്കുള്ള ചെവി കൊട്ടിയടച്ചവനാണു്. അവനോടു വീണ്ടും വീണ്ടും കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതു് വെട്ടുപോത്തിന്റെ കാതില്‍ വേദമോതുന്നതു പോലെയാണു്.


“നിദര്‍ശന” എന്ന അലങ്കാരത്തിന്റെ ഉദാഹരണമായി സംസ്കൃതകാവ്യശാസ്ത്രഗ്രന്ഥങ്ങളില്‍ കാണുന്ന ഒരു ശ്ലോകമാണു് ഇതു്. ഏ. ആര്‍. രാജരാജവര്‍മ്മ “ഭാഷാഭൂഷണ”ത്തില്‍ ഈ ശ്ലോകം പരിഭാഷപ്പെടുത്തി ഉദ്ധരിച്ചിട്ടുണ്ടു്.

കാട്ടില്‍ കൂട്ടുവിളിപ്പതാം, ശവമതിന്‍ മെയ്യില്‍ തലോടുന്നതാം,
നട്ടീടുന്നതുമാം ബിസം തറയതില്‍, പാഴൂഴി കര്‍ഷിപ്പതാം,
പൊട്ടന്‍ കാതിലുരപ്പതാം, കുരുടനെക്കണ്ണാടി കാണിപ്പതാം,
പട്ടിക്കുള്ളൊരു വാല്‍ നിവര്‍ത്തിടുവതാം – സേവിപ്പതിങ്ങജ്ഞരെ.

“സുചിരമൂഷരേ വര്‍ഷിതം” എന്നല്ല “സുചിരമൂഷരേ കര്‍ഷിതം” എന്നായിരുന്നു കേരളപാണിനി ഉപയോഗിച്ച മൂലശ്ലോകത്തില്‍ എന്നതു വ്യക്തമാണു്.