എന്താണു കവിത?
ഈ ചോദ്യത്തിനു് സാഹിത്യശാസ്ത്രത്തിലെ പല മഹാന്‍മാരും പല ഉത്തരങ്ങളും നല്‍കിയിട്ടുണ്ട്. സഹൃദയര്‍, ചമത്ക്കാരം, അലങ്കാരം, ധ്വനി, പദ്യം, സായുജ്യം തുടങ്ങി പല വാക്കുകളും ഉള്‍പ്പെടുന്ന നിര്‍വ്വചനങ്ങള്‍.
ഏതാണ്ടു പതിന്നാലു വയസ്സു പ്രായമുണ്ടായിരുന്നപ്പോള്‍ എനിക്കൊരു നിര്‍വ്വചനം തോന്നി:
എന്തെങ്കിലും വായിച്ചാല്‍ തര്‍ജ്ജമ ചെയ്യണമെന്നു തോന്നുമോ അതാണു കവിത.
തര്‍ജ്ജമ ചെയ്യല്‍ ഒരു തരം മോഷണമാണു്. മറ്റൊരാളുടേതായ സുന്ദരമായ വസ്തു ഏതെങ്കിലും വിധത്തില്‍ സ്വന്തമാക്കി ആനന്ദിക്കുന്ന ഒരു പ്രക്രിയ. മഹത്തായ ആശയങ്ങള്‍ സ്വന്തം തൂലികയിലൂടെ പുറത്തുവരുമ്പോള്‍ ഒരു സുഖം. ഒരു പക്ഷേ ഇതു് ഒരു മാനസികവൈകൃതമാവാം.
പതിമൂന്നു മുതല്‍ ഇരുപത്തിനാലു വരെ വയസ്സു പ്രായമുണ്ടായിരുന്നപ്പോള്‍ ഞാന്‍ ഒരുപാടു കവിതകള്‍ തര്‍ജ്ജമ ചെയ്തിരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, റഷ്യന്‍ എന്നീ ഭാഷകളില്‍ നിന്നു മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്കു്. ഇവയില്‍ ഏതാണ്ടു നാല്‍പ്പതോളം റഷ്യന്‍ കവിതകളുടെയും നൂറില്‍പ്പരം സംസ്കൃതശ്ലോകങ്ങളുടെയും Omar Khayyam-ന്റെ Rubaiyat-ലെ (Fitzgerald Translation) എല്ലാ ശ്ലോകങ്ങളുടെയും മലയാളപരിഭാഷകളും, ചില മലയാളകവിതാശകലങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകളും ഉള്‍പ്പെടുന്നു.
ഇവയില്‍ ഒന്നും നന്നായിട്ടില്ല. ഒന്നും എനിക്കു് ഇഷ്ടപ്പെട്ടിട്ടുമില്ല. ഇവയെ മൂലകവിതകളോടു ചേര്‍ത്തു വായിക്കുമ്പോള്‍ എല്ലാം നശിപ്പിക്കണമെന്നു തോന്നും. ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല. മിക്കതും മറ്റാരും കണ്ടിട്ടുമില്ല. ഒന്നും സൂക്ഷിച്ചുവെച്ചിട്ടുമില്ല. എങ്കിലും പലതും ഓര്‍മ്മയുണ്ടു്.
ഓര്‍മ്മയുള്ളതൊക്കെ ഈ ബ്ലോഗില്‍ Translations എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ പോവുകയാണു്. ആര്‍ക്കെങ്കിലും ഇഷ്ടപ്പെടുകയാണെങ്കില്‍ ആകട്ടെ.
പറ്റുമെങ്കില്‍ ഒറിജിനലുകളും പ്രസിദ്ധീകരിക്കും. റഷ്യന്‍ ഭാഷ unicode-ല്‍ പ്രസിദ്ധീകരിക്കാനുള്ള എന്തെങ്കിലും വിദ്യ ആര്‍ക്കെങ്കിലും അറിയാമോ?
പി പി രാമചന്ദ്രന് | 24-Feb-05 at 9:21 am | Permalink
പകരാന്മാത്രം ഉള്ളില്‍ നിറഞ്ഞുകവിയുന്നതുമാകാം കവിത.തര്‍ജ്ജമ ഒരുവിധം പകര്‍ച്ച തന്നെയല്ലേ.
Umesh P Nair | 02-Mar-05 at 3:31 am | Permalink
Dear friend,
I am on vacation in Kerala, and reading this at an internet cafe, where I cannot read Malayalam unicode. I’ll reply as soon as I am able to read unicode and your post.
Thanks,
– Umesh
നമ്പൂതിരിപ്പാട് | 30-Sep-05 at 12:44 am | Permalink
ഹഹഹ… പതിനാലു വയസ്സില്‍ അങ്ങയ്ക്കു തോന്നിയ പദ്യത്തിത്തെക്കുറിച്ചുള്ള നിര്‍വ്വചനം നിയ്ക്ക് നന്ന ഇഷ്ടായി. അത് “എരമ്പീണ്ട്“ ന്നാ നിയ്ക്കിപ്പൊ പറയാന്‍ തോന്നണത്.
സ്നേഹത്തോടെ,
മുതുര്‍ശ്ശ്യമ്പൂരി.
നമ്പൂതിരിപ്പാട് | 30-Sep-05 at 12:47 am | Permalink
ക്ഷമിക്കണം, “കവിത” ന്ന ഉദ്ദേശിച്ചെ. എഴുത്യേപ്പൊ “പദ്യം” ന്നായിപ്പോയി.
സ്നേഹത്തോടെ,
മുതുര്‍ശ്ശ്യമ്പൂരി